Sunday, September 12, 2010

ചരിത്രത്തില്‍ എവിടെയായിരിക്കും മന്‍മോഹന്റെ ഇടം

കുന്നുകൂടിക്കിടക്കുന്ന ശവശരീരങ്ങള്‍ക്കിടയില്‍ മനുഷ്യന്റെ ചുടുമാറാത്ത ചോരയില്‍ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് കാവല്‍ കിടന്ന രത്നാദേവിയുടെ ചിത്രത്തിനടുത്ത് കാലുകള്‍ നിശ്ചലമായതുപോലെ തോന്നി. അമൃതസറിലെ ജാലിയന്‍ വാലാബാഗ് സ്മാരകത്തിലെ ചരിത്രം നിറയുന്ന ചിത്രങ്ങളില്‍ ഒന്നിലാണ് അവര്‍ ഇരിക്കുന്നത്. ജാലിയന്‍ വാലാബാഗിനടുത്തായിരുന്നു അവരുടെ വീട്. 1919 ഏപ്രില്‍ 13ന് വൈകുന്നേരം വീട്ടില്‍ ഇരിക്കുമ്പോള്‍ മുഴങ്ങിക്കേട്ട വെടിവെപ്പിന്റെ ഞെട്ടിപ്പിക്കുന്ന ശബ്ദമാണ് അവരെ മൈതാനത്തേക്ക് എത്തിച്ചത്്. അവിടെ കണ്ട കാഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തത്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങള്‍. നുറുകണക്കിനാളുകള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു. ചിലര്‍ ജീവനുവേണ്ടി പിടയുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും. ഏതു ശിലാഹൃദയവും തകര്‍ന്നുപോകുന്ന കാഴ്ച. ആ ശവശരീരങ്ങള്‍ക്കിടയില്‍നിന്നും ഒടുവില്‍ രത്നാദേവി സ്വന്തം ഭര്‍ത്താവിനെ കണ്ടെത്തി. ജീവന്‍ നിലച്ചുപോയ ശരീരം. ചോരയില്‍ മുങ്ങിയ ശരീരം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി പരസഹായം തേടി അവര്‍ അലഞ്ഞു. മരണം നിറഞ്ഞുനിന്ന ആ രാത്രിയില്‍ അവര്‍ തെരുവില്‍ കണ്ടവരോടെല്ലാം സഹായം തേടി. ഭീതിനിറഞ്ഞ അന്തരീക്ഷത്തില്‍ സഹായത്തിന്റെ കരങ്ങള്‍ എങ്ങുനിന്നും ഉയര്‍ന്നില്ല. ഒടുവില്‍ ആ രാത്രിയില്‍ അവര്‍ തന്റെ ഭര്‍ത്താവിന്റെ നിശ്ചലശരീരത്തിനു കൂട്ടിരുന്നു. എത്രമാത്രം വേദനയായിരിക്കും അവര്‍ തിന്നിട്ടുണ്ടാവുക? എന്തെല്ലാം മാനസികാവസ്ഥയിലായിരിക്കും അവര്‍ ഇരുന്നിട്ടുണ്ടാവുക? അസാധാരണമായ അനുഭവത്തിന്റെ ആ നേര്‍ക്കാഴ്ചയായിരിക്കണം പിന്നീട് ജീവിച്ച നാളുകളില്‍ അവരുടെ കണ്ണുകളില്‍ ഒടുങ്ങാതെ നിന്നിട്ടുണ്ടാവുക.

ജാലിയന്‍ വാലാബാഗ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ജീവനുള്ള അധ്യായമാണ്. 1919 ഏപ്രില്‍ 13നാണ് ബ്രിട്ടീഷ് പട്ടാളമേധാവി ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ പട്ടാളം ആയിരത്തോളം പേരെ കൊന്നൊടുക്കിയത്. കൃത്യമായ കണക്കുകള്‍ എങ്ങും ലഭ്യമല്ല. നാനൂറിലധികം എന്ന് ഉറപ്പ്. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായ സത്യപാലിനെയും സൈഫ്ദീന്‍ കിച്ച്ലുനയും അറസ്റ്റു ചെയ്തതിലും പൊലീസ് വേട്ടയിലും പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ആളുകള്‍ ജാലിയന്‍ വാലാബാഗില്‍ തടിച്ചുകൂടിയത്. പ്രവേശനകവാടം അടച്ച് മുന്നേറിയ ജനറല്‍ ഡയര്‍ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വെടിവെപ്പ് തുടങ്ങിയത്. ബാക്കിയെല്ലാം ചരിത്രത്തിന്റെ ഭാഗം. വെടിയുണ്ടയില്‍നിന്നും രക്ഷപ്പെടുന്നതിനായി വഴികള്‍ തേടി പരക്കംപാഞ്ഞവര്‍ പലരും വെടിയുണ്ടക്കിരയായി. ചിലര്‍ അവിടെയുണ്ടായിരുന്ന കിണറ്റിലേക്ക് എടുത്തുചാടി. അമ്പതിനടുത്താളുകള്‍ ആ കിണറില്‍ കിടന്നു മരിച്ചു.

ഈ കൂട്ടകൊലയുടെ ദൃക്സാക്ഷിയായിരുന്നു ഉത്തംസിങ്. പുറത്തേക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ പോലുമില്ലാത്ത മൈതാനിയില്‍ മനുഷ്യരെ വെടിവെച്ചുകൂട്ടുന്ന ഭീകരതയുടെ കാഴ്ച ആ കുട്ടിയുടെ ജീവിതത്തിന്റെ വഴി തിരിച്ചുവിട്ടു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഉത്തംസിങ്ങിനെ വിപ്ളവത്തിന്റെ വഴിയിലേക്കാണ് ആ കാഴ്ച കൂട്ടിക്കൊണ്ടുപോയത്. ഇന്ത്യയില്‍നിന്നും ആദ്യം അമേരിക്കക്ക് കടന്ന സിങ് സ്വാതന്ത്യ്രത്തിനായി പൊരുതുന്നവരുടെ കൂടെ ചേര്‍ന്നു. നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ആയുധം കൈയില്‍വെച്ചതിന് ശിക്ഷിക്കപ്പെട്ട് നാലുവര്‍ഷം ജയിലില്‍ കിടന്നു. അവിടെ നിന്നും വിമോചിതനായി അധികം കഴിയുന്നതിനുമുമ്പ് ബ്രിട്ടനിലേക്ക് പോയി. രാം മുഹമ്മദ് സിങ് ആസാദ് എന്നപേരാണ് അവിടെ സ്വീകരിച്ചത്. മതനിരപേക്ഷമായ ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതീകം. ജാലിയന്‍ വാലാബാഗ് കുട്ടക്കൊലക്ക് പ്രതികാരം ചെയ്യുന്നതിനായി കാത്തിരുന്ന ഉത്തംസിങ്ങിന് അതിനുള്ള സന്ദര്‍ഭം വന്നത് 1940 മാര്‍ച്ച് 13നാണ്. കൂട്ടക്കൊലക്ക് അംഗീകാരം നല്‍കിയ പഞ്ചാബിലെ ഗവര്‍ണറായിരുന്ന മൈക്കിള്‍ ഡോവറിനെ അദ്ദേഹം വെടിവെച്ചുകൊന്നു. രക്ഷപ്പെടുന്നതിനുള്ള വഴികള്‍ ഉത്തംസിങ് തേടിയില്ല. വിചാരണപ്രഹസനത്തിനുശേഷം ജൂലൈയില്‍ അദ്ദേഹത്തെ തൂക്കിക്കൊന്നു. ശിക്ഷ വിധിക്കുന്നതിനു മുമ്പ് ജഡ്ജി നല്‍കിയ അവസാന അവസരത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് ചെയ്തത്. മരണത്തെ തനിക്ക് ഭയമില്ലെന്ന് പ്രഖ്യാപിച്ച ഉത്തംസിങ് രാജ്യത്തിന്റെ മോചനത്തിനായി ജിവന്‍ സമര്‍പ്പിക്കുന്നതില്‍ അഭിമാനിക്കുന്നെന്നും വ്യക്തമാക്കി. സാമ്രാജ്യത്വം തുലയട്ടെ എന്നും ബ്രിട്ടീഷ് നായ്ക്കള്‍ തുലയട്ടെ എന്നും മുദ്രാവാക്യം മുഴക്കിയാണ് കോടതിയില്‍നിന്നും ശിക്ഷ ഏറ്റുവാങ്ങിയത്.

സാമ്രാജ്യത്വം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ച ഉത്തംസിങ്ങിന്റെ നാട്ടില്‍നിന്നും തന്നെയാണ് മന്‍മോഹന്‍സിങ്ങും വരുന്നത്. തലപ്പാവിലും മാറ്റമില്ല. ഒരാള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചു. തന്റെ സഹോദരങ്ങളെ കൊന്നൊടുക്കിയ ഭീകരഭരണത്തിന്റെ പ്രതിനിധിയെ വെടിവെച്ചുകൊന്നതിന്റെ പ്രതികാരത്തിനായി ദാഹിച്ച ധീരരക്തസാക്ഷി. മറ്റെയാള്‍ പുതിയ സാമ്രാജ്യത്വത്തിനായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിടുന്നു. 1991ല്‍ ധനമേഖലയില്‍ ആഗോളകുത്തകകള്‍ക്ക് വഴിയൊരുക്കിയ രണ്ടാമത്തേയാള്‍ ഇപ്പോള്‍ പൂര്‍ണമായും സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കായി വഴിതുറക്കുന്നു. ഒടുവില്‍ ആണവബാധ്യതാബില്ലും ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് പാസാക്കിയെടുത്തു. അങ്ങനെ അമേരിക്കക്ക് നല്‍കിയ മറ്റൊരു വാഗ്ദാനവും വിജയകരമായി സിങ് പാലിച്ചു.

രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വളരെ പ്രസക്തമായ ഒരു കാര്യം സീതാറം യെച്ചൂരി സൂചിപ്പിക്കുകയുണ്ടായി. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അതിലൊന്നും പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രി ലോക്സഭയില്‍ ആണവബാധ്യതാബില്ലിന്റെ ചര്‍ച്ചയില്‍ ഇടപെട്ട് പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ അപൂര്‍വമായ ഇടപ്പെടല്‍ അമേരിക്കക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിനുവേണ്ടിയാണ്്. ആണവദുരന്തമുണ്ടായാല്‍ നല്‍കേണ്ട പരമാവധി നഷ്ടപരിഹാരം 1500 കോടി ഡോളറാക്കി പരിമിതപ്പെടുത്തുന്നതിനായി ഇടതുപക്ഷം ഒഴികെയുള്ള എല്ലാ കക്ഷികളും കൈകോര്‍ത്തു. അമേരിക്കയില്‍ മെക്സിക്കന്‍ മുനമ്പിലെ എണ്ണചോര്‍ച്ചക്ക് ബ്രിട്ടീഷ് പെട്രോളിയം കമ്പനി 2000 കോടി ഡോളര്‍ നല്‍കാന്‍ നിര്‍ബന്ധിതമായെന്ന സമീപകാല ചരിത്രം പോലും ഭരണക്കാരെ അലോസരപ്പെടുത്തിയില്ല.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത പങ്കാളിയാകുന്നതിനുള്ള പ്രധാനകടമ്പയും കടന്നതില്‍ മന്‍മോഹന് അഭിമാനിക്കാം. നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ബറാക് ഒബാമയുടെ മുമ്പില്‍ കുടുതല്‍ വിശ്വസ്തനായ അനുചരനായി നിന്ന് പരവതാനി വിരിക്കാം. അത് വിരിക്കുന്ന മണ്ണിന്റെ ചരിത്രം മന്‍മോഹന്‍സിങ്ങിനെ ഒരിക്കലും അലോസരപ്പെടുത്തിയിട്ടുണ്ടാവില്ല.

ജാലിയന്‍വാലാബാഗില്‍ ആരൊക്കെയാണ് കൊല്ലപ്പെട്ടിട്ടുണ്ടാവുക? ചരിത്രത്തിന്റെ ഒരു താളിലും എല്ലാ പേരുകളും കണ്ടെത്താന്‍ കഴിയില്ല. സ്മാരകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അപൂര്‍വം പേരുകള്‍ മാത്രം. പേരുപോലും ചരിത്രത്തിനുനല്‍കാതെ സ്വന്തം ജീവന്‍ തന്നെ നല്‍കിയ ആയിരക്കണക്കിന് മനുഷ്യരുടെ ത്യാഗമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ചത്. ഭഗത്സിങ്ങും ഉത്തംസിങ്ങും ഉള്‍പ്പെടെയുള്ളവരുടെ ഉജ്വലമായ രക്തസാക്ഷിത്വവും മന്‍മോഹന്‍സിങ്ങിനെ സ്പര്‍ശിച്ചിട്ടുണ്ടാവില്ല. പുതിയ സാമ്രാജ്യത്വത്തിന് വഴിയൊരുക്കുന്ന വെമ്പല്‍ ഇതെല്ലാമാണ് ഓര്‍മിപ്പിക്കുന്നത്.

ചരിത്രത്തില്‍ ഓരോരുത്തര്‍ക്കും ഓരോ ഇടമുണ്ട്. ഇടപെടലിന്റെയും കര്‍മത്തിന്റെയും സംഭാവനയിലൂടെ അവരവര്‍ തന്നെ അറിയാതെ സൃഷ്ടിക്കുന്ന ഇടം. രത്നാദേവിയുടെ ചരിത്രത്തിലെ ഇടം നമ്മുടെ ഹൃദയത്തിലേക്ക് അറിയാതെ വാതില്‍ തുറക്കുന്നതാണ്. ഉത്തംസിങ്ങിന്റെ ചിത്രവും ചരിത്രവും കാണുന്നവനെ ഇളക്കിമറിക്കുന്ന പ്രവാഹത്തിന്റെ കരുത്താണ്. ജീവിതവും മരണവും ഉജ്വലമാക്കിയ ചരിത്രത്തിന്റെ പേരായി അത് സ്വയം മാറുന്നു. എവിടെയായിരിക്കും മന്‍മോഹന്‍സിങ്ങിന്റെ ഇടം. ഉത്തരം എഴുതാതെ തന്നെ വ്യക്തം.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക 12-09-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്രാജ്യത്വം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ച ഉത്തംസിങ്ങിന്റെ നാട്ടില്‍നിന്നും തന്നെയാണ് മന്‍മോഹന്‍സിങ്ങും വരുന്നത്. തലപ്പാവിലും മാറ്റമില്ല. ഒരാള്‍ രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചു. തന്റെ സഹോദരങ്ങളെ കൊന്നൊടുക്കിയ ഭീകരഭരണത്തിന്റെ പ്രതിനിധിയെ വെടിവെച്ചുകൊന്നതിന്റെ പ്രതികാരത്തിനായി ദാഹിച്ച ധീരരക്തസാക്ഷി. മറ്റെയാള്‍ പുതിയ സാമ്രാജ്യത്വത്തിനായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിടുന്നു. 1991ല്‍ ധനമേഖലയില്‍ ആഗോളകുത്തകകള്‍ക്ക് വഴിയൊരുക്കിയ രണ്ടാമത്തേയാള്‍ ഇപ്പോള്‍ പൂര്‍ണമായും സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കായി വഴിതുറക്കുന്നു. ഒടുവില്‍ ആണവബാധ്യതാബില്ലും ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് പാസാക്കിയെടുത്തു. അങ്ങനെ അമേരിക്കക്ക് നല്‍കിയ മറ്റൊരു വാഗ്ദാനവും വിജയകരമായി സിങ് പാലിച്ചു.