"കല പ്രചരണമാധ്യമമല്ല, സംവേദനമാര്‍ഗമാണ്. പ്രചരണമാധ്യമമായോ ശൈലിയായോ രീതിയായോ ഒന്നുമല്ല യൂറോപ്യന്‍ നവോത്ഥാനകഥ പ്രത്യക്ഷപ്പെട്ടതും. നിഷ്‌കളങ്കരായ മനുഷ്യരല്ല, നവോത്ഥാനമുള്‍ക്കൊണ്ട കനത്ത മനുഷ്യരായിരുന്നു നവോത്ഥാനകലയുടെ സ്രഷ്‌ടാക്കളെന്നതായിരുന്നു വാസ്‌തവം. ‘Uomo Universal’ - പ്രകൃതിയുമായി സാമരസ്യത്തിലുള്ളവനും അതേസമയം താന്‍ ആശിക്കുന്നതു നേടാന്‍ കരുത്തുറ്റവനുമായ ‘Universal’ മനുഷ്യന്‍. തൊഴിലാളികളെന്നും കര്‍ഷകരെന്നും ശാസ്‌ത്രജ്ഞരെന്നും കലാകാരന്മാരെന്നും രാഷ്‌ട്രീയക്കാരെന്നും പോലീസുകാരെന്നും തന്നെയുള്ള കൈകളില്‍ കുടുങ്ങിക്കിടക്കാതെ മനുഷ്യര്‍ക്കു തമ്മില്‍ത്തമ്മില്‍ കാണാനും സ്‌പര്‍ശിക്കാനും സാധിക്കുക എന്നതാണ് നവോത്ഥാനത്തിന്റെ പ്രാഥമിക സ്വഭാവം. സോള്‍ഷെനിത്സിന്‍ പറഞ്ഞതുപോലെ ഒന്നും ആരുടെയും ആഭ്യന്തരകാര്യമല്ല; എല്ലാവരും എല്ലാം അവരുടെ കാര്യമാക്കണം. ശാസ്‌ത്രജ്ഞന്മാര്‍ അല്ലാത്തവര്‍ ഇടപെട്ടാലേ ശാസ്‌ത്രത്തിനു വിവേകം വയ്‌ക്കൂ. അതുപോലെ തന്നെ രാഷ്‌ട്രീയവും എഞ്ചിനീയറിങും എന്തും.'' ഇത് ആനന്ദിന്റെ വാക്കുകള്‍. 1982-ല്‍ 'ഉത്തരം' മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലെ നിരീക്ഷണങ്ങള്‍. കവി സച്ചിദാനന്ദനുമായുള്ള അഭിമുഖത്തിലേത്. നവോത്ഥാനബോധമുള്‍ക്കൊണ്ട 'കനത്ത മനുഷ്യ'രാണു നവോത്ഥാനകലയുടെ സ്രഷ്‌ടാക്കളെന്നും അതിനു കെല്‍പ്പുള്ളവരേ 'കരുത്തുറ്റ Universal മനുഷ്യരാകുന്നുള്ളൂ'വെന്നും ആനന്ദ് നിരീക്ഷിക്കുന്നു. ഇത് ആനന്ദിന്റെ ചിന്താജീവിതത്തിന്റെ - വിചാരലോകത്തിന്റെ - വെളിപ്പെടുത്തല്‍ കൂടിയാണ്.
ചരിത്രപഥങ്ങളിലെ ചിന്താജീവിതങ്ങളിലൂടെ സഞ്ചരിക്കുമ്പോഴൊക്കെയും 'വാക്കി'ന്റെ മാസ്‌മരികതയും തീക്ഷ്ണതയും പ്രഹരശേഷിയും ഊര്‍ജപ്രവാഹശേഷിയും നമ്മെ വിസ്‌മയിപ്പിക്കാറുണ്ട്. മനുഷ്യപഥങ്ങളെ നിരന്തരം പുതുക്കിപ്പണിതുകൊണ്ടിരിക്കാന്‍ വ്യഗ്രതകാട്ടിയ ചിന്തകരുടെ വിചാരജീവിതം നമുക്കു നല്‍കിയ പാഠങ്ങളിലും 'വാക്കുകളുടെ' ആശയപ്രവാഹസാധ്യതയും സന്നദ്ധതയും നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ്. അവിടെ വാക്കുകള്‍ നമ്മുടെ ചിന്തയെ തകിടംമറിക്കാറുണ്ട്. വാക്കുകള്‍ ആശയങ്ങളുടെ സുവര്‍ണ പ്രവാഹമായി മാറാറുണ്ട്. ചിലപ്പോഴെങ്കിലും അവ നമ്മുടെ ചിന്തയെ തീപ്പിടിപ്പിക്കാറുണ്ട്; ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കാറുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഭാഷയും വാക്യഘടനയും ധൈഷണിക യുക്തിവിചാരശൈലിയെ മറികടന്നു വൈകാരികസ്വഭാവം ആര്‍ജിക്കാറുള്ളതും നമ്മള്‍ കണ്ടിട്ടുണ്ട്. തീപ്പിടിപ്പിക്കുന്ന ചിന്തയെ ഏറ്റെടുത്തുകൊണ്ട് നിര്‍മിക്കപ്പെടുന്ന വാക്യഘടന ഭാവതീവ്രവും തീക്ഷ്‌ണവുമാവുക സ്വാഭാവികം. പക്ഷേ ആനന്ദിന്റെ വിചാരജീവിതത്തിന്റെ വ്യതിരിക്തത അദ്ദേഹത്തിന്റെ 'വാക്കുകളുടെ നിര്‍മിതി'യില്‍ തന്നെ ആരംഭിക്കുന്നു. നിരാര്‍ദ്രവും അനലംകൃതവുമായ ഒരു ഭാഷയും അതിനനുസൃതമായ വാക്യഘടനയും ഏറ്റവും തീക്ഷ്‌ണവും സൂക്ഷ്‌മവുമായ അനുഭവങ്ങളെ തികച്ചും നിസ്സംഗമായി പങ്കുവയ്‌ക്കാന്‍ സഹായിക്കുന്നു. മനുഷ്യരാശി അനുഭവിക്കുന്ന എല്ലാ ഗൌരവ പ്രശ്‌നങ്ങളെയും മിക്കപ്പോഴും ശരാശരി ബുദ്ധിജീവികളുടെ കണ്ണില്‍ പെടാത്ത - കണ്ണില്‍ പെടാതിരിക്കുന്ന - തീവ്രസന്ദര്‍ഭങ്ങളെയും ഏറ്റെടുക്കുമ്പോള്‍, ആനന്ദ് പുലര്‍ത്തുന്ന ഒരു സംയമനാവസ്ഥ (balanced state) അദ്ദേഹത്തിന്റെ വാക്യഘടനയില്‍ത്തന്നെ വായിച്ചെടുക്കാം. പലപ്പോഴും മലയാള വാക്യഘടനയുടെ സ്വാഭാവികരീതിയില്‍നിന്നു വ്യത്യസ്‌തമായ ഒരു പദസന്നിവേശക്രമം പാലിച്ചുകൊണ്ടാണ് അദ്ദേഹം ഈ 'ബാലന്‍സ്‌ഡായ' ചിന്താമണ്ഡലം ഭാഷയില്‍ സാധ്യമാക്കുന്നത്. മിക്കപ്പോഴും പാശ്ചാത്യചിന്തകരുടെ വിചാരജീവിതത്തില്‍ കാണുന്ന ഈ സന്തുലിതാവസ്ഥയുടെ മൌലികത ആനന്ദിന്റെ വാക്കുകളുടെ കലയെത്തന്നെ വ്യത്യസ്‌തമാക്കുന്നു. ഇ.എം.എസിന്റെയും കുറ്റിപ്പുഴയുടെയും സി.ജെ. തോമസിന്റെയും എം. ഗോവിന്ദന്റെയും എം.എന്‍.വിജയന്റെയും വിചാരജീവിതമാതൃകയും അവയിലെ വ്യത്യസ്‌തനിരീക്ഷണങ്ങളും മലയാളവായനയിലെ ചരിത്രസാന്നിധ്യങ്ങളാണ്.
ചിന്താശീലനായ മറ്റേതൊരു മനുഷ്യനെയും പോലെ ആനന്ദിന്റെയും പ്രധാന വിഷമപ്രശ്‌നം ചരിത്രവും മനുഷ്യാവസ്ഥയും തന്നെയാണ്. മനുഷ്യാവസ്ഥയുടെയും നീതിബോധത്തിന്റെയും ദാര്‍ശനികസമസ്യകളെ നിര്‍ധാരണം ചെയ്യുന്ന നൈതികജാഗ്രതയുള്ള ഒരെഴുത്തുകാരനെന്ന നിലയില്‍ 'മനുഷ്യത്വ'മെന്ന സങ്കല്‍പനം അതിന്റെ എല്ലാ അര്‍ഥസാധ്യതയോടും കൂടി പ്രത്യക്ഷപ്പെടുന്നു. ആനന്ദിന്റെ രചനാലോകത്ത് 'മനുഷ്യത്വം' ഉപരിപ്ളവമായി നിര്‍വഹിക്കപ്പെടുന്ന കാല്‍പനിക സങ്കല്‍പമല്ല. മിക്കപ്പോഴും മലയാളചിന്താലോകത്തു പ്രത്യക്ഷപ്പെടുന്ന 'കാല്‍പനിക മനുഷ്യത്വ'മെന്ന പരികല്‍പനയെ മുറിച്ചുകടക്കുകയും മനുഷ്യചിന്തയുടെ ദേശകാല സീമകളെ അതിലംഘിക്കുകയും ചെയ്‌തുകൊണ്ടാണ് ആനന്ദിന്റെ ചിന്തകളിലെ 'കനപ്പെട്ട മനുഷ്യത്വം' രൂപംകൊള്ളുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന് 'ഗോവര്‍ധന്റെ യാത്രകളും' (1995) 'വേട്ടക്കാരനും വിരുന്നുകാരനും' (2000) ഒക്കെ എഴുതാന്‍ കഴിഞ്ഞത്. ആവിഷ്‌കാരത്തിനായി കഥ, നോവല്‍, നാടകം, ലേഖനം, കവിത എന്നിങ്ങനെ വ്യത്യസ്‌ത മാധ്യമങ്ങള്‍ സ്വീകരിച്ചുകൊണ്ട്, നിതാന്ത നൈതിക ജാഗ്രത പുലര്‍ത്തിക്കൊണ്ട് നമുക്കിടയില്‍ ജീവിക്കുമ്പോഴും ആനന്ദിന് എന്തുകൊണ്ടാണ് ഒരു സാംസ്‌കാരിക നായകന്റെ സ്വീകാര്യത ലഭിക്കാത്തതെന്ന് ചിന്തിക്കേണ്ടതുണ്ട്. കേരളീയരാല്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു സാംസ്‌കാരിക വ്യക്തിത്വമല്ല ആനന്ദിന്റേതെന്നു നമുക്കറിയാം. അതിന് ഒരു കാരണം മനുഷ്യത്വം, മാനവികത എന്നീ സങ്കല്‍പനങ്ങളെ കാല്‍പനിക വിതാനത്തില്‍ നിന്നടര്‍ത്തി മാറ്റി, ഭാഷയുടെ നിരലംകൃതവും നിരാര്‍ദ്രവുമായ ഒരു മാധ്യമത (mediacy) യിലൂടെ വ്യവഹരിച്ചതാണ്. ബലാല്‍സംഗത്തിനിരയായ മുപ്പത്തിരണ്ടോളം സ്‌ത്രീകളെ ജയിലിലടച്ചിട്ടുണ്ടെന്ന പശ്ചിമബംഗാള്‍ ജയില്‍ മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'ഭദ്രതയും സ്വാതന്ത്ര്യവും' (1984 - കണ്ണാടിലോകം) എന്ന ലേഖനം 'സുരക്ഷിതത്വ തടവെ'ന്ന (protective custody) നിയമത്തിന്റെ സൂക്ഷ്‌മസ്വരൂപങ്ങളിലേക്കു സഞ്ചരിക്കുകയാണ്. വര്‍ഷങ്ങളുടെ സ്വാതന്ത്ര്യം കൊണ്ടുള്ള പരീക്ഷണം മനുഷ്യന്റെ ചിന്തയില്‍ ആത്യന്തിക പരിവര്‍ത്തനങ്ങളെന്താണു വരുത്തിയതെന്ന വിശകലനത്തിന്റെ സൂക്ഷ്‌മ സ്വഭാവമാണ് ആ ലേഖനം പ്രകടിപ്പിക്കുന്നത്. ഇത് ആനന്ദിന്റെ എഴുത്തിന്റെ മറ്റൊരു അടിസ്ഥാന സ്വഭാവമാണ്; മൌലികതയാണ്.
മനുഷ്യരാശിയുടെ നേരനുഭവങ്ങളെ, തീവ്രമുഹൂര്‍ത്തങ്ങളെ, തീക്ഷ്‌ണ സന്ദര്‍ഭങ്ങളെ വിശകലനം ചെയ്യുമ്പോള്‍, ഈ ആത്യന്തികതകളുടെ മൂലകങ്ങളെ (elements) കണ്ടെത്താനും വിലയിരുത്താനുമാണ് ആനന്ദ് ശ്രമിക്കുന്നത്. പ്രത്യക്ഷാനുഭവതലത്തില്‍ ഒരിക്കലും വെളിപ്പെടാത്ത - മൂലകങ്ങള്‍ തമ്മിലുരഞ്ഞും ഉരസിയും രൂപപ്പെടുന്ന സംഭവങ്ങള്‍ മാത്രം വെളിപ്പെടുന്ന - ഒരു ലോകത്ത് യഥാര്‍ഥ കാരണ സ്വരൂപങ്ങളിലേക്കാണ് ആനന്ദ് സഞ്ചരിക്കുന്നത്. ഈ മൌലികതയാണ് ഒരുപക്ഷേ ആനന്ദിനെ 'വ്യക്തിവാദി'യായി കാണാനുള്ള ഒരു പ്രേരണയും. കാരണം വ്യത്യസ്‌ത വിതാനങ്ങളില്‍ സംഭവങ്ങളെ ദാര്‍ശനികമായി വിശകലനം ചെയ്യുകയും നിര്‍ധാരണം ചെയ്യുകയും ചെയ്യുമ്പോള്‍, പ്രായോഗികതലത്തില്‍ ഈ കാരണഭൂത സ്വരൂപങ്ങളായ മൂലകങ്ങളെ നമുക്ക് അഭിസംബോധന ചെയ്യാന്‍ കഴിയില്ല. പൊതു പ്രശ്‌നങ്ങളെ നേരിടുന്ന പ്രായോഗിക പരിഹാരങ്ങളുടെ നൈതികസാധ്യത മിക്കപ്പോഴും കൂട്ടായും പൊതുവായും മാത്രമേ നിര്‍വഹിക്കപ്പെടുകയുള്ളൂ. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പൊതു പ്രത്യയശാസ്‌ത്രനിലപാടും കൂട്ടായ നിര്‍വഹണങ്ങളും അനിവാര്യമാവുകയും ചെയ്യും. അത്തരം സാധ്യതകളിലേക്കു പലപ്പോഴും ആനന്ദിന്റെ വിചാരജീവിതം പ്രവേശിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്പോഴും നിര്‍ണായക ചരിത്രസന്ധികളില്‍ അപൂര്‍വമായി കാണാറുള്ള ഇത്തരം ഇന്‍ഡിക്കേറ്ററുകള്‍ (സൂചകങ്ങള്‍) സാംസ്‌കാരിക ലോകത്തെ ഒരു സാധ്യത തന്നെയാണ്. അതാണവയുടെ പ്രസക്തിയും അനിവാര്യതയും.
ആഗോളീകരണത്തിന്റെ ഏകഭാഷണവും വിപണിയുടെ ശബ്‌ദകോലാഹലവും ചിന്തയുടെ സൂക്ഷ്‌മ സ്വരങ്ങളെ മുക്കിക്കൊല്ലുന്ന വര്‍ത്തമാനകാലത്ത് മനുഷ്യരുടെ നിലനില്‍പെന്ന ആത്യന്തികചോദ്യം നിരന്തരം ഉന്നയിക്കുകയും കലാകാരനും അനുവാചകനുമിടയ്‌ക്ക് സ്വാതന്ത്ര്യത്തിന്റെ മഹാസഞ്ചാരമാര്‍ഗങ്ങള്‍ ഉണ്ടാകണമെന്നു പ്രത്യാശിക്കുകയും ചെയ്യുന്ന ആനന്ദ് നിയമവും നീതിയും വൈരുധ്യാത്മകമാകുന്ന മനുഷ്യമുഹൂര്‍ത്തങ്ങളെ അനന്യസാധ്യമാംവിധം അനാവരണം ചെയ്യുന്നു. 'പൊട്ടാന്‍ അരുതാത്തവിധം നിയമം ഉറയ്‌ക്കുകയാണെങ്കില്‍ അതു നീതിയുടെ മരണമായിത്തീരു'മെന്ന ആത്യന്തിക ചിന്തയുടെ വ്യത്യസ്‌ത മാനങ്ങളാണ് (different dimensions) അദ്ദേഹത്തിന്റെ രചനാലോകം പങ്കുവയ്‌ക്കുന്നത്. ഗോവര്‍ധന്റെ യാത്രകളിലെ, സ്ഥിരമായി കൊല്ലാന്‍ മാത്രം പുറപ്പെടുന്ന കഥാപാത്രത്തിന്റെ പരിണതി ഓര്‍ക്കാം. 'വ്യാപാരമേ ഹനനം' എന്ന് ആശാന്‍ കവിത ഓര്‍മിപ്പിക്കുംവിധം കൊല്ലുക എന്ന വ്യാപാരത്തിലേര്‍പ്പെടുന്നവനും അര്‍ഥത്തില്‍ ബലിമൃഗമാകുന്നു. വേട്ടക്കാരനും വിരുന്നുകാരനും ഇരയും ബലിമൃഗവുമൊക്കെ തമ്മിലുള്ള അതിരുകള്‍ എവിടെയെന്ന സങ്കീര്‍ണമായ ചോദ്യത്തിന്റെ ഇത്രയും തീക്ഷ്‌ണമായ ചിത്രണം മലയാള സാഹിത്യത്തില്‍ത്തന്നെ അനന്യതയാണ്.
'കൃതികളുടെ അതിരുകള്‍ക്കും കൃതികള്‍ക്കിടയിലെ വിടവുകള്‍ക്കു'മപ്പുറം ചരിത്രത്തെയും മനുഷ്യാവസ്ഥയെയും അതിന്റെ സാകല്യതകളില്‍ നിര്‍ധാരണം ചെയ്യുന്ന നിതാന്ത ജാഗ്രത്തായ ഒരു ചിന്താജീവിതം 'സൃഷ്‌ടിയുടെ സ്വാതന്ത്ര്യത്തിനകത്തെ തടവറയായി' സ്വയം സ്വീകരിക്കപ്പെടുന്നു. 'ആനന്ദത്തിനകത്തെ പീഡനം' എന്ന് ആനന്ദ് തന്നെ വിശേഷിപ്പിക്കുന്ന ഈ വിചാരജീവിതം നമ്മുടെ സംവാദമണ്ഡലങ്ങളിലെ സമാനതകളില്ലാത്ത സാധ്യത തന്നെയാണ്.
*****
എ. ജി. ഒലീന, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട്, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്‌റ്റ് 2010
അധിക വായനയ്‌ക്ക് :
1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍
Monday, September 27, 2010
ദാര്‍ശനികതയുടെ മൂലകങ്ങള്‍
Labels:
ആനന്ദ്,
ഗ്രന്ഥാലോകം,
പുസ്തകം,
വായന,
സാസ്കാരികം,
സാഹിത്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment