Thursday, September 23, 2010

വത്തിക്കാനും കശ്‌മീരും കീഴടക്കിയ കുട്ടപ്പന്‍

മലയാളിയെ ഒരു കാര്യത്തിലും കുറച്ചുകാണരുത്. ആരുമായും എന്തുമായും എങ്ങനെയും ബന്ധം വച്ചുകളയും. അങ്ങനെയൊരു മലയാളിയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കഥാനായകന്‍ കുട്ടപ്പന്‍. കേരളത്തിന് പുറത്താണ് ലൊക്കേഷന്‍. ഡല്‍ഹിയോ മുംബൈയോ കൊല്‍ക്കത്തയോ ആവാം. കുട്ടപ്പനെന്ന മദ്രാസിയെ (ഇപ്പോള്‍ മല്ലുവെന്ന് വിളിക്കുന്നതാണ് ഫാഷന്‍) അല്‍പ്പം പരിഹാസത്തോടെയാണ് അവന്റെ മുതലാളി സമീപിക്കാറുള്ളതെങ്കിലും അവന്റെ കഴിവിനോട് ഗൂഢമായ ഒരു ബഹുമാനം അയാള്‍ക്കുണ്ട്. വിപുലമായ ബന്ധങ്ങളുണ്ടെങ്കിലും അതില്‍ ഒട്ടും അഹങ്കാരം കാണിക്കാത്ത സാഹസികനും കഠിനാധ്വാനിയുമായ കുട്ടപ്പനെ തൊഴിലാളിയായി കിട്ടിയതില്‍ സന്തോഷമുണ്ട് അയാള്‍ക്ക്. എങ്കിലും അയാള്‍ കുട്ടപ്പനോട് പറയും 'നീ പൊങ്ങച്ചക്കാരന്‍' ആണെന്ന്.

സഹികെട്ട് ഒരിക്കല്‍ കുട്ടപ്പന്‍ മുതലാളിയോട് പറഞ്ഞു. "ബോസ്, അങ്ങേക്കറിയാം എനിക്ക് ഒരുവിധപ്പെട്ടവരുമായെല്ലാം സൌഹൃദമുണ്ടെന്ന്. എന്നാപ്പിന്നെ അതങ്ങ് വിശ്വസിച്ചാലെന്താ? സംശയമുണ്ടെങ്കില്‍ മനസ്സില്‍ തോന്നുന്ന ഏതെങ്കിലും പ്രശസ്തന്റെ പേര് പറയൂ. എനിക്കവരുമായി ബന്ധമുണ്ടോ എന്ന് ഞാന്‍ കാണിച്ചുതരാം.''

ബോസ് കസേരയില്‍ ചാഞ്ഞിരുന്നു. എവനെയിന്ന് ശരിപ്പെടുത്തണം. ഫാനിന്റെ ഭ്രമണം നോക്കി മൌനമായിരുന്നു. മനസ്സില്‍ വന്നത് ടോം ക്രൂസിന്റെ പേര്. അഭിനയത്തിന് മൂന്ന് അക്കാദമി അവാര്‍ഡും അത്രതന്നെ ഗോള്‍ഡന്‍ ഗ്ളോബും നേടിയ ക്രൂസിനെ എങ്ങനെ ഈ സാലാ മദ്രാസി അറിയും.

"ഹോ ഇതാന്നോ ഇത്ര വലിയ കാര്യം? പുള്ളിയും ഞാനും പഴയ കൂട്ടല്ലിയോ?''-കുട്ടപ്പന്‍. "എന്നാ തെളിയിക്ക്''-മുതലാളി. "ശരി ഒരവസരം താ'-കുട്ടപ്പന്‍.

ഇരുവരും പറന്നു അമേരിക്കേലോട്ട്.

ഹോളിവുഡില്‍ ചെന്ന് ടോം ക്രൂസിന്റെ വാതിലില്‍ മുട്ടി. വാതില്‍ തുറന്നു. മുന്നില്‍ മഹാനടന്‍. കുചേലവൃത്തം കഥകളിയില്‍ സതീര്‍ഥ്യനെ വാരിപ്പുണരുന്ന ഗോപിയാശാനായി ക്രൂസ്. "കലയാമി സുമതേ, ഭൂസുര മൌലേ.....''

ആലിംഗനത്തില്‍ നിന്ന് കുചേലനെ മുക്തനാക്കി ക്രൂസ് ചോദിച്ചു: "കുട്ടപ്പാ....എത്രനാളായി കണ്ടിട്ട്. കണ്ടതില്‍ സന്തോഷം. ഊണ് കാലായി. കഴിച്ച് വിശ്രമിച്ചിട്ടേ പോകാവൂ.''

ഇത്രയും മതിയോ എന്ന മട്ടില്‍ ബോസിനെ കുട്ടപ്പന്‍ കടക്കണ്ണെറിഞ്ഞു.

ഊണും വിശ്രമവും കഴിഞ്ഞ് മടങ്ങുമ്പോള്‍ ബോസിനൊരു കുസൃതി തോന്നി. "ഇപ്പോ കുട്ടപ്പന്റെ മനസ്സിലെന്താണെന്ന് ഞാന്‍ പറയട്ടെ''

"ഉം''-കുട്ടപ്പന്‍

"ടോം ക്രൂസ് എത്ര ഭാഗ്യവാനാണെന്നല്ലേ നീയിപ്പോള്‍ മനസ്സില്‍ പറഞ്ഞത്?''

ഗൌരവം വിടാതെ കുട്ടപ്പന്‍ തലയാട്ടി. "അത് പോട്ടെ ഇനിയാരെയെങ്കിലും കാണണോ?'' കുട്ടപ്പന്റെ ചോദ്യം.

"ഒബാമ...ഒബാമ''-മുതലാളി ആര്‍ത്തിയോടെ പറഞ്ഞു.

"പിന്നെന്താ, വാഷിങ്ടണിലോട്ട് വിമാനം പിടി.''

വൈറ്റ് ഹൌസിന്റെ ഒതുക്കുകള്‍ കൂസലില്ലാതെ കുട്ടപ്പന്‍ ഓടിക്കയറി. പാറാവുകാര്‍ എന്തോ അടക്കം പറഞ്ഞ് ചിരിച്ചത് കുട്ടപ്പന്‍ മൈന്‍ഡ് ചെയ്‌തില്ല. ദൂരെനിന്ന് കുട്ടപ്പന്റെ വരവ് കണ്ട ഒബാമ ഓടിവന്ന് കെട്ടിപ്പിടിച്ചു.

"ഹായ് എന്തത്ഭുതം. കുട്ടപ്പനെ കാണണംന്ന് വിചാരിച്ചിരിക്ക്യാരുന്നു.''

മുതലാളി ഞെട്ടുന്നുണ്ടോ എന്ന് കുട്ടപ്പന്‍ ഇടംകണ്ണിട്ടുനോക്കി.
വൈറ്റ് ഹൌസിന്റെ വളപ്പിലെ പുല്‍ത്തകിടിയിലെ മഞ്ഞിന്‍ കണങ്ങള്‍ ഞെരിച്ചമര്‍ത്തി മടങ്ങുമ്പോള്‍ മുതലാളി കുട്ടപ്പനോട് ചോദിച്ചു.

"മാര്‍പാപ്പ?''

"പിന്നെന്താ''

വിമാനം വത്തിക്കാനിലേക്ക്. വിശുദ്ധദേവാലയത്തില്‍ കുര്‍ബാനസമയം. പൂഴിമണല്‍ തൂവിയാല്‍ വീഴാത്തത്ര ആള്‍ത്തിരക്ക്.

ആദ്യമായി കുട്ടപ്പന്‍ നിരാശനായി കാണപ്പെട്ടു.

"ഈ തിരക്കില്‍ പോപ്പിന്റെ കണ്ണില്‍പ്പെടുക പ്രയാസം. കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പാറാവുകാരെ പരിചയമുണ്ട്. മാളികയിലേക്കൊന്നുപോയി നോക്കട്ടെ.''- പ്രതീക്ഷയില്ലാതെ പറഞ്ഞുകൊണ്ട് കുട്ടപ്പന്‍ വിശ്വാസികളുടെ കൂട്ടത്തില്‍ അപ്രത്യക്ഷനായി. മുതലാളിയില്‍ തെളിഞ്ഞ ഗൂഢസ്മിതത്തിന് ആയുസ്സുണ്ടായിരുന്നില്ല.

വിശ്വാസികളുടെ ഇരമ്പം അയാള്‍ ശ്രദ്ധിച്ചു. അതാ മട്ടുപ്പാവില്‍ മാര്‍പാപ്പയോടൊപ്പം കുട്ടപ്പന്‍. മാര്‍പാപ്പയുടെ ചെവിയില്‍ കുട്ടപ്പന്‍ എന്തോ പറയുന്നുണ്ട്. മാര്‍പാപ്പയുടെ കൈമുത്തി കുട്ടപ്പന്‍ തിരച്ചുവന്നപ്പോള്‍ മുതലാളിയെ കാണുന്നില്ല.

വത്തിക്കാനിലെ ഡ്യൂട്ടി ഡോക്‌ടറും നേഴ്‌സുമാരും തീര്‍ത്ത വലയത്തിനുള്ളില്‍ മുതലാളി ബോധരഹിതനായി കിടക്കുന്നു. ചെറിയ ഹൃദയാഘാതമാണ്. യാത്രയും ക്രമം തെറ്റിയ ഭക്ഷണവും കൊണ്ടാവുമെന്ന് കുട്ടപ്പന്‍ ഊഹിച്ചു. മുഖത്ത് വെള്ളം തളിച്ച് തട്ടിയുയര്‍ത്തി.

"എന്തുപറ്റി?'' കുട്ടപ്പന്‍ ചോദിച്ചു.

കുട്ടപ്പന്റെ കണ്ണിലേക്ക് നോക്കി മുതലാളി പറഞ്ഞു: "മട്ടുപ്പാവില്‍ മാര്‍പാപ്പയോടൊപ്പം നിന്നെ കാണുന്നതുവരെ എനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്തുനിന്ന് ഒരാള്‍ ചോദിച്ചു, ബാല്‍ക്കണിയില്‍ കുട്ടപ്പൊനൊപ്പം നില്‍ക്കുന്ന ആ വയസ്സനാരാണെന്ന്. അപ്പോ ബോധം പോയതാ.''

കുട്ടപ്പന്റെ കഥ ഇവിടെ തീരുകയാണ്. തലക്കെട്ടില്‍ കശ്‌മീര്‍ എന്ന് ചേര്‍ത്തത് എന്തിനാണെന്ന് വായനക്കാര്‍ക്ക് സ്വാഭാവികമായി സംശയം തോന്നാം. സംശയം തീര്‍ക്കാന്‍ സെപ്‌തംബര്‍ 21ന്റെ ദീപിക പത്രത്തിന്റെ ഒന്നാം പേജില്‍ യാസിന്‍ മാലിക്കുമായി ജോസ് കെ മാണിയും പാസ്വാനും ചര്‍ച്ച നടത്തി എന്ന തലക്കെട്ടിന് കീഴെ വന്ന വാര്‍ത്ത ഇതുമായി ചേര്‍ത്തുവച്ചുവായിക്കുക.

ന്യൂഡല്‍ഹി: സര്‍വകക്ഷിസംഘത്തില്‍ അംഗമായി കാഷ്‌മീരിലെത്തിയ ജോസ് കെ. മാണി എം പി ജമ്മു കാഷ്‌മീര്‍ വിമോചന മുന്നണി (ജെകെഎല്‍എഫ്) നേതാവ് യാസിന്‍ മാലിക്കുമായി ചര്‍ച്ച നടത്തി.

മുന്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന്‍, സിപിഎം നേതാവ് ബാസുദേവ് ആചാര്യ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

*****

എന്‍ എസ്, കടപ്പാട് : ദേശാഭിമാനി

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കുട്ടപ്പന്റെ കണ്ണിലേക്ക് നോക്കി മുതലാളി പറഞ്ഞു: "മട്ടുപ്പാവില്‍ മാര്‍പാപ്പയോടൊപ്പം നിന്നെ കാണുന്നതുവരെ എനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്തുനിന്ന് ഒരാള്‍ ചോദിച്ചു, ബാല്‍ക്കണിയില്‍ കുട്ടപ്പൊനൊപ്പം നില്‍ക്കുന്ന ആ വയസ്സനാരാണെന്ന്. അപ്പോ ബോധം പോയതാ.''

*free* views said...

This was the best, the humour was most effective because the main humour came in the last paragraph ... hahahaha ROFL ... Really good .... Deepika SUCKS ...

Anonymous said...

പാസ്വാനെ അറിയാം മറ്റേ ബസുദേവ്വ്‌ ആചാര്യ ആരാ? ദീപികയുടെ വായനക്കാറ്‍ക്ക്‌ അറിയാവുന്നവരുടെ പേരു കൊടുത്തു അത്റെ ഉള്ളു അത്റ ചിരിക്കാനുണ്ടോ? എന്നാല്‍ ഉണ്ട്‌ താനും, കാഷ്മീരിലെ വിഘടനവാദികള്‍ എന്തു പറഞ്ഞു സഖാക്കളോട്‌?

V said...

"അഭിനയത്തിന് മൂന്ന് അക്കാദമി അവാര്‍ഡ് നേടിയ" ടോം ക്രൂസ് ആരാ...ഞാന്‍ അറിയില്ലല്ലോ?