ചങ്ങമ്പുഴക്കവിതയുടെ കാല്‍പനിക ധാരാളിത്തത്തെ യുക്തിപൂര്‍വം മറികടന്ന്, യാഥാര്‍ഥ്യത്തിന്റെ കന്നിവയലില്‍ വിളവൊരുക്കിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. പന്ത്രണ്ട് കാവ്യസമാഹാരങ്ങളിലായി ഇരുന്നൂറിലേറെക്കവിതകളും 'കുടിയൊഴിക്കല്‍' എന്ന നാടകീയ ഭാവകാവ്യവും മരണാനന്തരം സമാഹരിച്ച എണ്‍പതിലേറെ കവിതകളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ രചനാലോകത്തെ പ്രൊഫ. എം. എന്‍. വിജയന്‍, ഡോ. എം. ലീലാവതി, ഡോ.എസ്.രാജശേഖരന്‍ എന്നിവരൊക്കെ വ്യത്യസ്‌തതലങ്ങളില്‍ സൂക്ഷ്‌മ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. 'മലയാള കവിതയുടെ യുഗപരിവര്‍ത്തനത്തിനു ഹരിശ്രീകുറിച്ച കവിനാദങ്ങളില്‍ ശ്രീ തന്നെയെന്ന് ' എം.ലീലാവതിയും(1) 'കാച്ചിക്കുറുക്കിയ കവിതയെന്ന് ' എം.എന്‍.വിജയനും(2) 'മലയാളകവിതയ്‌ക്ക് അതിന്റെ വിഭിന്നഘട്ടങ്ങളില്‍ കരുത്തും ചൈതന്യവും ഉത്ഥാപകത്വവും പകര്‍ന്ന മൂന്നു കവികളത്രേ എഴുത്തച്‌ഛനും ആശാനും വൈലോപ്പിള്ളിയും. മലയാളത്തിലെ കവിത്രയസങ്കല്പം ഇവരെ സംബന്ധിച്ചാണ് വേണ്ടതെന്ന് എസ്.രാജശേഖരനും(3) അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിക്കവിതയുടെ ചരിത്രപരമായ പ്രസക്തിയും രചനാപരമായ സവിശേഷതയും പരിവര്‍ത്തനോന്മുഖതയും വെളിപ്പെടുത്തുന്നവയാണീ വിലയിരുത്തലുകള്‍.
ചങ്ങമ്പുഴയുടെ സമകാലികനായി 1911 -ല്‍ ജനിച്ച വൈലോപ്പിള്ളിയുടെ കാവ്യവ്യക്തിത്വം യഥാര്‍ഥത്തില്‍ രൂപപ്പെടുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ്. അപ്പോഴേക്കും ചങ്ങമ്പുഴയും ഇടപ്പള്ളിയും മലയാള കവിതാവേദിയില്‍ മറ്റാര്‍ക്കും മറികടക്കാനാവാത്തവിധം കാല്‍പനിക പൂര്‍ണത സൃഷ്‌ടിച്ചു മടങ്ങിയിരുന്നു. സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ പ്രണയ - വിരഹാവസ്ഥകളും നൈരാശ്യങ്ങളും മരണത്തോടു ചേര്‍ന്നു മാത്രം പൂര്‍ണതയും സ്ഥിരതയും നേടുന്നതിനുദാഹരണങ്ങളായിരുന്നു അവരുടെ കവിതകള്‍. അവരുടെ (ഇടപ്പള്ളിക്കവികളുടെ) ആത്മഗീതങ്ങളിലെ അതിഭാവുകത്വവും അതിരുകടന്ന സ്വപ്‌നസങ്കല്‍പങ്ങളും, പരാജയബോധവും ഭര്‍ത്സനവും ജീവിതത്തോടും മരണത്തോടും മാറിമാറിയുള്ള അനുരാഗനിവേദനങ്ങളും വള്ളത്തോള്‍ക്കവിതയുടെ സ്വാധീനത്തില്‍പ്പെട്ട ഞങ്ങളില്‍ ചിലരെ വേണ്ടത്ര ആകര്‍ഷിച്ചില്ല''(4) എന്ന് വൈലോപ്പിള്ളിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ജി.ശങ്കരക്കുറുപ്പും ഇടശ്ശേരിയും വൈലോപ്പിള്ളിയും കാല്‍പനികേതരമായൊരു സൌന്ദര്യംകൊണ്ട് തങ്ങളുടെ കവിതകളെ മുഖ്യധാരയിലെത്തിക്കുകയായിരുന്നു. അമ്പതുകളുടെ രണ്ടാം പകുതിയില്‍ മലയാളകവിത ആധുനികതയെ മനസ്സിലാക്കിത്തുടങ്ങുകയും അറുപതുകളോടെ ആധുനികതയുടെ നവഭാവുകത്വത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനിടയിലുള്ള സംക്രമണഘട്ടത്തെയാണ് യഥാര്‍ഥത്തില്‍ ജിയും വൈലോപ്പിള്ളിയും ഇടശ്ശേരിയുമൊക്കെ പ്രതിനിധാനം ചെയ്യുന്നത്. പാരമ്പര്യ കവിതയെ കാലാനുസൃതമായി ശുദ്ധീകരിക്കുകയും ബലപ്പെടുത്തുകയുമായിരുന്നു അവര്‍.
പ്രകൃതിയോടും സ്‌ത്രീയോടുമുള്ള പ്രണയത്തിന്റെ സൂക്ഷ്‌മഭാവങ്ങള്‍ കാല്‍പനികതയില്‍ നിറയുന്നു. എന്നാല്‍ ഇടശ്ശേരിയിലും വൈലോപ്പിള്ളിയിലുമാകട്ടെ ഈ പ്രണയം പ്രകൃതി / ഭൂമിയോടും സമൂഹത്തോടുമായി പരിണമിക്കുന്നു.
"എനിക്കു രസമീ നിമ്‌നോന്നതമാം
വഴിക്കു തേരുരുള്‍പായിക്കല്‍''(5)
എന്നെഴുതിയ ഇടശ്ശേരി, ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടാന്‍ സന്നദ്ധനായിരുന്നു. വൈലോപ്പിള്ളിയാകട്ടെ, കാല്‍പനികതയുടെ ലോലഭാവങ്ങളെ ബോധപൂര്‍വം നിരസിച്ചുകൊണ്ട്, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും നവകേരളത്തിന്റെയും രാഷ്‌ട്രീയ-സാംസ്‌ക്കാരികാവസ്ഥകളോട് ഇണങ്ങിച്ചേരുകയായിരുന്നു. എഴുത്തുകാരന്റെ സാമൂഹികമായ ഉത്തരവാദിത്തത്തെ ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധനാവുകയും, അതിനനുസൃതമായ പ്രമേയവും കാവ്യഭാഷയും രൂപപ്പെടുത്തുകയും ചെയ്‌തു. എങ്കിലും വൈലോപ്പിള്ളിയുടെ രചനാലോകത്തിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യമാവുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്‌തുത അദ്ദേഹം കാല്‍പനികമനസ്സുള്ള ഒരു കവിതന്നെ എന്നതാണ്. ഈ കാല്‍പനിക സവിശേഷതകളെ എന്‍.മുകുന്ദന്‍(6) വിശദമായി അപഗ്രഥിച്ചിട്ടുണ്ട്. വൈയക്തികാനുഭവങ്ങള്‍ കാവ്യവിഷയമാക്കുന്നതില്‍ കാല്‍പനികനു താല്‍പര്യമേറും. വൈലോപ്പിള്ളിയില്‍ ഈയൊരു സ്വഭാവം പ്രകടമാണ്. എന്നാല്‍ ശുദ്ധകാല്‍പനികര്‍ ചെന്നെത്തുന്ന അരാജകത്വത്തിലേക്കും ആത്മഹത്യയിലേക്കുമെത്താതെ, തന്നിലെ കാല്‍പനികനെ യുക്തിപൂര്‍വം സമകാലിക സാമൂഹ്യാവസ്ഥകളോടു പ്രതിബദ്ധതയുള്ള കലാകാരനാക്കി സ്വയം പരിണമിപ്പിച്ചു എന്നതാണ് വൈലോപ്പിള്ളിയുടെ സവിശേഷത.
വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്‍പത്തെപ്പറ്റിയുള്ള അന്വേഷണം ഈയൊരു പശ്ചാത്തലത്തെ വിശദീകരിച്ചുകൊണ്ടുമാത്രമേ സാധ്യമാവൂ. കാരണം വൈലോപ്പിള്ളിയെ ശാസ്‌ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പുരോഗമനപക്ഷത്തിന്റെയും കവിയായിട്ടാണ് നാം ഇന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. പക്വമായൊരു ജീവിതദര്‍ശനത്തിന്റെ ആവിഷ്‌ക്കാരകനെന്ന നിലയില്‍ അംഗീകരിക്കപ്പെട്ട കവിയുടെ സ്‌ത്രീകഥാപാത്രങ്ങളും സങ്കല്‍പവും അതിനു വിരുദ്ധമായ ചില നിലപാടുകള്‍ പ്രകടമാക്കുന്നുണ്ട്. അദ്ദേഹം ലോലചിത്തനായൊരു കാമുകനല്ല. എന്നാല്‍ കാമുകഭാവമുള്ള ഭര്‍ത്താവും പുരുഷനുമാണ്. ബാല്യ-കൌമാരസ്‌മൃതികളിലെ സ്‌ത്രീകഥാപാത്രങ്ങള്‍ ചില കവിതകളില്‍ കടന്നുവരുന്നുണ്ടെങ്കിലും, ദാമ്പത്യമാണിക്കവിയുടെ പ്രണയലോകം. അതു ശരീരബദ്ധമാവാതെ വയ്യല്ലോ. പക്ഷേ സ്വപത്നിയുടെ ശരീരത്തെ അന്യപുരുഷനെപ്പോലെ വീക്ഷിക്കുന്നതില്‍ ധ്വനിക്കുന്നൊരപാകതയുണ്ട്. അവിടെ കവി ഭര്‍ത്താവല്ല, കേവലം പുരുഷന്‍ മാത്രമാണ്. ദാമ്പത്യേതര ബന്ധങ്ങളിലും കവിയുടെ നിലപാടിതുതന്നെയാണ്. "സ്‌ത്രീയുടെ മാംസളമല്ലാത്ത വ്യക്തിത്വത്തോടുള്ള വിരക്തി വൈലോപ്പിള്ളിയുടെ കാവ്യലോകത്തുടനീളം സൂക്ഷ്‌മതയുള്ളൊരു വായനക്കാരന് ശ്രദ്ധിക്കാനാവും. കവിയുടെ രതിസങ്കല്‍പത്തില്‍ വിലക്ഷണമായ ഏതോ അംശമുണ്ടെന്നത് പല വിമര്‍ശകരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണെന്ന് ''(7) കെ. എം. വേണുഗോപാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദാമ്പത്യപ്രണയവും പരിഭവവും കലഹവും വിരഹവും ആവിഷ്‌കൃതമാകുന്ന നിരവധി കവിതകള്‍ വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. ഒപ്പം മാതൃത്വത്തിന്റെ സ്‌നേഹവാല്‍സല്യങ്ങളും സാഫല്യവും ഉത്ക്കണ്ഠയും വേദനയും കാര്‍ക്കശ്യവും കൂടിക്കലരുന്ന മറ്റൊരു സ്‌ത്രൈണലോകവും. അത്യാനന്ദം, കുറുമൊഴി, വാക്കൂള്‍, ഊഞ്ഞാല്‍, ഓര്‍മകള്‍, ഒരു ഗാനം, കന്യക, പുതിയ ചോറൂണ്, പട്ടുടുപ്പ്, മാമ്പഴം, എണ്ണപ്പുഴുക്കള്‍, വിദ്യാരംഭം, പൂവുംകായും, ചേറ്റുപുഴ തുടങ്ങി നിരവധി ചെറുകവിതകളില്‍ മേല്‍പ്പറഞ്ഞ പ്രമേയങ്ങള്‍ കടന്നുവരുന്നു.
"ആത്മകഥാപരമായ കവിതകള്‍ ഏറെ എഴുതിയിട്ടുണ്ട് വൈലോപ്പിള്ളി. അദ്ദേഹത്തിന്റെ മിക്ക കവിതകളും ഈ വിഭാഗത്തില്‍പ്പെടുന്നതാണ് എന്നു പറയാം. അതിലും കവിഞ്ഞ്, കവിയുടെ വ്യക്തിജീവിതത്തിലെ ചില പ്രതിസന്ധികള്‍ക്കു കാവ്യരൂപം നല്‍കിയ ചില പ്രഖ്യാത രചനകളുമുണ്ട്. സഹ്യന്റെ മകന്‍, കണ്ണീര്‍പ്പാടം, കുടിയൊഴിക്കല്‍, ഉജ്വലമുഹൂര്‍ത്തം, സാവിത്രി എന്നിവ ആ വിഭാഗത്തില്‍പ്പെടുന്നതായി''(8) എസ്.രാജശേഖരന്‍ അഭിപ്രായപ്പെടുന്നു. ഇവയില്‍തന്നെ സാവിത്രി, കണ്ണീര്‍പ്പാടം, കുടിയൊഴിക്കല്‍ തുടങ്ങിയ കവിതകള്‍ക്ക് വിശദപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സ്‌ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള മേല്‍പ്പറഞ്ഞ കവിതകളെ ആസ്‌പദമാക്കി, വൈലോപ്പിള്ളിയുടെ സ്‌ത്രീ സങ്കല്‍പത്തെപ്പറ്റിയുള്ള അന്വേഷണം ചെന്നെത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍തന്നെയാണ്. ഒരു കലാകാരന്റെ രൂപവല്‍ക്കരണത്തിന് ഭൌതികവും മാനസികവുമായ നിരവധി കാരണങ്ങളുണ്ടാകാം. അതിന്റെ സൂചനകള്‍ അവരുടെ രചനാലോകത്തുനിന്നു തന്നെ ലഭ്യമാവും എന്നതിന് ലോകവ്യാപകമായി നിരവധി ഉദാഹരണങ്ങളുണ്ട്.
വൈലോപ്പിള്ളിയുടെ ബാല്യകാലാനുഭവത്തിന്റെ കയ്‌പ് എത്ര മധുരമുണ്ടാലും മാറാത്തതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നു. എഴുപതു വയസ്സിനുശേഷം പ്രസിദ്ധീകരിച്ച 'മകരക്കൊയ്‌ത്ത് ' എന്ന അവസാന സമാഹാരത്തിലാണ് തന്റെ സ്വത്വപ്രഖ്യാപനമെന്നു പറയാവുന്ന 'സാവിത്രി' എന്ന കവിത അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് 'ആത്മകഥാപരമായ കവിത'(9) എന്ന് എം. ലീലാവതി വിശേഷിപ്പിച്ചിട്ടുണ്ട്. മാതൃത്വവുമായി ബന്ധപ്പെടുന്ന ചില പ്രധാന ജീവിതസന്ദര്‍ഭങ്ങളെ ഈ കവിതയില്‍ വൈലോപ്പിള്ളി തുറന്നു കാട്ടുന്നു. ജീവിതത്തെക്കുറിച്ചുള്ള തന്റെ വിശ്വാസം തന്നെ നഷ്‌ടപ്പെടാന്‍ കാരണമായ പ്രസ്‌തുത സന്ദര്‍ഭത്തെ കവി ഇപ്രകാരം രേഖപ്പെടുത്തുന്നു.
"ഉണ്ണിവായിനാല്‍ മുലകുടിക്കെ, യുള്‍ക്കൊണ്ടോരു
ചെന്നിനായകത്തിന്‍ കയ്‌പെന്നില്‍ കിളമ്പുന്നു''(10)
ആ ബാലമനസ്സിനെ മുറിപ്പെടുത്തിയ ജീവിതാനുഭവങ്ങളുടെ സൂചനകള്‍ പിന്നെയുമുണ്ട് ഈ കവിതയില്‍.
"ശോകമൂകനായച്‌ഛനക്കാലത്തിറങ്ങിപ്പോയ്
സ്വീകരിച്ചിതെന്നമ്മ മറ്റൊരുത്തനെ ക്രമാല്‍''(11)
ശോകമൂകനായ അച്‌ഛന്റെ ഇറങ്ങിപ്പോക്കും വഴിയില്‍ കാത്തുനിന്നുള്ള വാല്‍സല്യപ്രകടനവും അമ്മയോടുള്ള അകല്‍ച്ചയാവുന്നത് സ്വാഭാവികം. പക്ഷേ ആ അകലത്തെ ഇല്ലാതാക്കുന്നത് 'സാവിത്രി' തന്നെയാണ്.
"മാതൃവാത്സല്യത്തിന്റെ നിധി
നിന്ദീച്ചീടായ്‌ക, പൊറുത്താലുമീ ദുഃഖം''
എന്ന വാക്കുകള്‍ കവി സ്വീകരിക്കുന്നു. യൌവനകാലത്ത് ശിലപോലെ വൈരാഗ്യം തന്റെയുള്ളില്‍ കുടികൊണ്ടിരുന്നതായും വിവാഹകാര്യങ്ങള്‍ വന്നപ്പോള്‍
"ഈ വധുക്കളിലെന്റെയമ്മയെക്കാണുന്നു ഞാന്‍
ആവതില്ലെനിക്കേതു മന്യഥാചിന്തിക്കുവാന്‍''(12)
എന്നും സാവിത്രിയില്‍ കുറിച്ച കവി 'കുറ്റക്കാരന്‍' എന്ന കവിതയില്‍ ഇതിനു സമാനമായി
"അമ്പതായെനിക്കെന്നാലൊറ്റയായ് ജീവിച്ചേന്‍ഞാ-
നമ്മയെസ്‌മരിച്ചു ഞാന്‍, ഭയന്നേന്‍ പെണ്‍ജാതിയെ''(13)
എന്നുമെഴുതിയിട്ടുണ്ട്. സങ്കീര്‍ണമായൊരു മാനസികാവസ്ഥയാണിതെന്നതില്‍ സംശയമില്ല. മാതൃഭാവത്തിന്റെ സ്‌നേഹത്തിനും വാല്‍സല്യത്തിനുമപ്പുറം, കവിയുടെ യൌവനത്തെ നിയന്ത്രിക്കുന്ന പിതൃതുല്യമായൊരധികാരകേന്ദ്രമായും അമ്മ മാറുന്നു. വൈലോപ്പിള്ളിയുടെ കാവ്യലോകത്തുടനീളം ഈ അമ്മയുടെ സാന്നിധ്യവും ഇടപെടലുമുണ്ട്. തൊട്ടുതിന്നാല്‍ മുടിയുമെന്നു പറയുന്ന അമ്മാമനോടൊപ്പം "ഒട്ടുകാഞ്ഞു പഠിക്കട്ടെ''(14) എന്നു പറഞ്ഞ് കാര്‍ക്കശ്യത്തോടെ നില്‍ക്കുന്ന അമ്മയുണ്ട്. സാവിത്രിയില്‍ത്തന്നെ 'ഇവിടെച്ചിലവാകില്ലിക്കണ്ണിമാങ്ങാപ്രേമമെന്ന് ' കൊള്ളിവാക്കു പറയുന്ന അമ്മ പക്ഷേ 'മുടിനാരി' ല്‍ അല്‍പം സ്‌നേഹപരിഹാസത്തോടെ,
"കഷ്‌ടം! നൈവേദ്യപ്പടച്ചോറില്‍
ഇമ്മുടിനാരെങ്ങനെ വന്നുകൂടിയെന്‍കുട്ടാ''(15)
എന്നാണ് ചോദിക്കുന്നത്.
ഈ അമ്മ തന്നെയാണ് 'മാമ്പഴ'ത്തില്‍ പുത്ര സ്‌നേഹത്തിന്റെ കണ്ണീര്‍ക്കടലായി പെയ്‌തു നിറയുന്നത്.
"അപ്പൂ-നീ ദ്രോഹിക്കരു-തമ്മ ചൊല്ലിനാന്‍ ചിറ്റൂ-
രപ്പനാടുവാനെണ്ണകൊണ്ടുപോം പുഴുവല്ലോ.''(16)
എന്നു വിലക്കുന്ന അമ്മ.
ഇങ്ങനെ കാര്‍ക്കശ്യവും അധികാരവും സ്‌നേഹവും വാല്‍സല്യവും ഉത്തരവാദിത്തവുമൊക്കെയുള്ള ശക്തമായ സ്‌ത്രീസാന്നിധ്യമാണ് വൈലോപ്പിള്ളിയുടെ അമ്മ സങ്കല്‍പം. അതുകൊണ്ടാണ്
'തൊട്ടിലാട്ടിയ തായെ തൊഴുകൈയോടോര്‍പ്പോന്‍ ഞാന്‍'
എന്നു കവി പറയുന്നത്.
എന്നാലീ അമ്മ സങ്കല്‍പത്തെ മറികടക്കുന്നൊരു പ്രണയിയായ ഭര്‍ത്താവിനെയും ഈ കാവ്യലോകത്തു കണ്ടെത്താനാവും. ശിഥില ദാമ്പത്യത്തെപ്പറ്റി ആവര്‍ത്തിച്ചെഴുതിയ കവി തന്നെ, ദാമ്പത്യപ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളെ തികഞ്ഞ കാല്‍പനികതയോടെ നിരവധി കവിതകളില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 'വിഷുക്കണി' യുടെ ഓര്‍മയോടൊപ്പം തന്റെ ജീവിതത്തിലേക്ക് നിത്യക്കണിയുമായി കടന്നുവന്ന പ്രിയതമയെ കവി ചിത്രീകരിക്കുന്നതിങ്ങനെയാണ്.
"തേനാളും കനിയൊന്നും തിരിഞ്ഞുനോക്കിടാതെ
ഞാനാകും പുളിങ്ങയെങ്ങനെ കാമിച്ചുനീ?
പിന്നീടു ദുഃഖത്തിന്റെ വരിഷങ്ങളും, മൌഢ്യം
ചിന്നീടും പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈപിടിക്കവേ, നിന്റെ
ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍''
'യുഗപരിവര്‍ത്തന' ത്തില്‍ നായികയുടെ തറവാട്ടുമഹിമയും നിഷ്‌ക്കളങ്കതയും കവി ചൂണ്ടിക്കാട്ടുന്നു.
"വേലചെയ്‌തേക്കാളും വേലചെയ്യിക്കുന്നതേ
ശീലമാം തറവാട്ടിന്‍ സുകൃതക്കൊടിയാം നീ
വേട്ടനാളെന്നോടോതീ 'സ്‌നേഹിക്കുകെന്നെ
ദുഃഖമേറ്റീടാ,തതുസഹിച്ചീടുവാനരുതുമേ'
ശരിയാണപശബ്‌ദം കേള്‍ക്കിലും വിറയ്‌ക്കുന്ന
തരമാണുനീ, വീണക്കമ്പികള്‍ ഞരമ്പുകള്‍''.
പിന്നെയോ?
"വാനിലെങ്ങാനും കൃഷ്‌ണപ്പരുന്തിന്‍ ചിറകാട്ടം
കാണുകിലുന്നാളമാം കര കുഡ്‌മളത്തോടെ
വാഹനം, ഭഗവാന്റെ വാഹന'മെന്നോതി നീ
ഹാ! ഹസിച്ചിടുന്നെന്നെക്കൊണ്ടുമേ കൈകൂപ്പിക്കും''
എന്നും സ്‌നേഹപൂര്‍വം പറയുന്ന നായകനും,
"ഞാനൊന്നു ചോദിക്കട്ടേ നാമൊത്തു ചേര്‍ന്നിട്ടേറ്റ
മാനന്ദം ഭവാന്‍കണ്ടതേതൊരു മുഹൂര്‍ത്തത്തില്‍'' (അത്യാനന്ദം)
എന്നു ചോദിക്കുന്ന നായികയും
"കരളില്‍ കരള്‍ ചേര്‍ത്തും, കലരും ശ്വാസച്ചൂടിന്‍
കവിളില്‍ കവിള്‍ ചേര്‍ത്തും'' (കുറുമൊഴി)
രാത്രി പിന്നിട്ടവരായിരുന്നു. പക്ഷേ എത്ര പെട്ടെന്നാണ്
"ഗദ്ഗദങ്ങളും നീണ്ട കറുത്ത മൌനങ്ങളും
നിര്‍ഗളിച്ചെന്നാം പാവമാക്കിടപ്പറയ്‌ക്കുള്ളില്‍,
അധരങ്ങളില്‍ നിന്നു ദേവകള്‍ പോയ്, നിര്‍ന്നിദ്ര
ഹൃദയങ്ങളില്‍ പിറുമുറുക്കാം പിശാചുകള്‍''
എന്ന അവസ്ഥയിലവരെത്തിച്ചേര്‍ന്നത്! ഈയൊരവസ്ഥയില്‍നിന്നും 'കണ്ണീര്‍പ്പാട'ത്തിലേക്കു ദൂരമധികമില്ല.
കാവ്യജീവിതം വൈയക്തികതയുടെ സുതാര്യതമായി മാറുമ്പോള്‍, കവിമനസ്സിന്റെ സന്ദേഹങ്ങളും വ്യാകുലതകളും നെടുവീര്‍പ്പുകളും ആസ്വാദകനിലേക്കുമെത്തുന്നു. ദാമ്പത്യത്തിലെ പ്രണയനിമിഷങ്ങളെപ്പോലും കവിതയില്‍ പങ്കുവച്ച കവി, ശരീരത്തോടു ചേര്‍ന്നു നില്‍ക്കുന്ന സ്‌ത്രീ-പുരുഷ ബന്ധത്തിലാണ് വിശ്വസിച്ചത്. സ്‌ത്രീശരീരത്തിന്റെ നിമ്‌നോന്നതികളില്‍ ഭ്രമിക്കുന്നൊരു മണിപ്രവാളമനസ്സ് നിയന്ത്രണാതീതമായി കവിതയിലേക്കു കടന്നുവരുന്ന 'കണ്ണീര്‍പ്പാട'ത്തില്‍
'ഒപ്പമെത്തുവാന്‍ കേണാള്‍ നീ പൃഥ്യ നിതംബിനി'
എന്നും 'കുടിയൊഴിക്കലി'ല്‍
"വീണതന്‍ കുടംപോലാം നിതംബം
വീണുരുമ്മുന്ന വേണീകദംബം
വാരി, ഞാനെന്റെ മാറിലാ ലജ്ജാ-
കോരങ്ങളെ സ്‌പന്ദിതമാക്കി''
എന്നും എഴുതുന്ന കവിയില്‍ ഫ്രോയ്‌ഡിയന്‍ ചിന്തകള്‍ ആരോപിക്കേണ്ടി വരുന്നതില്‍ തെറ്റില്ല. ഇത്തരം കാവ്യസന്ദര്‍ഭങ്ങളിലാണ് പ്രതീകങ്ങളെയോ ഭ്രമാത്മകതയെയോ കവികള്‍ കൂട്ടുപിടിക്കുന്നത്. എന്നാലിവിടെ മണിപ്രവാളസംസ്‌ക്കാരത്തിലേക്കോ വെണ്മണിശൃംഗാരത്തിലേക്കോ വൈലോപ്പിള്ളി പിന്‍വാങ്ങുന്നു. ഇത്തരമൊരു മനോഭാവം സന്തുഷ്‌ടനായൊരു വ്യക്തിയില്‍ പ്രകടമാവില്ലെന്നും അസന്തുഷ്‌ടാവസ്ഥകള്‍, അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് പ്രകടനപരത കൈക്കൊള്ളുമെന്നുമുള്ള ഫ്രോയിഡിന്റെ(17) അഭിപ്രായം ഇവിടെ യോജിക്കുന്നു. പക്ഷേ വൈയക്തികതയുടെ ഈ ദൌര്‍ബല്യത്തെ, സാമൂഹികതയുടെ കരുത്തുകൊണ്ട് മറികടന്ന കവിയാണ് വൈലോപ്പിള്ളി.
പുരോഗമനസ്വഭാവമുള്ള സാഹിത്യപക്ഷത്ത് അണിചേരുമ്പോള്‍ വൈലോപ്പിള്ളി തന്റെ പുരുഷസഹജമായ താല്‍പര്യങ്ങളെ ബോധപൂര്‍വം അതിജീവിക്കാന്‍ ശ്രമിച്ചു. എങ്കിലും കുമ്പസാരസ്വഭാവമുള്ള 'സാവിത്രി' എന്ന കവിതയില്‍ അദ്ദേഹത്തിന്റെ സ്‌ത്രീസങ്കല്‍പം വെളിപ്പെടുന്നു. ജീവിതാനുഭവങ്ങളെ വൈരാഗ്യത്തോടെ നേരിടുന്നതിനുപകരം, സന്ധിചെയ്യാന്‍ കവിയെ പ്രേരിപ്പിച്ചത് 'സാവിത്രി'യാണ്. ഈ സാവിത്രി സങ്കല്‍പമാണ് വൈലോപ്പിള്ളിയുടെ സ്‌ത്രീ സങ്കല്‍പം. "അവളില്ലായിരുന്നെങ്കില്‍ ജീവിതത്തിന്റെ മഹത്വങ്ങളില്‍ കവിക്കു വിശ്വാസം നാമ്പെടുക്കുമായിരുന്നില്ല. എല്ലാ ജീവിതബന്ധങ്ങളിലും പഴയ ചെന്നിനായകക്കയ്‌പ് തേട്ടിത്തേട്ടി വരുമായിരുന്നു.... സത്യത്തെ നേരിടാനുള്ള കരുത്താണവള്‍ നല്‍കിയത്. ... കവി തന്റെ അസ്‌തിത്വം അവള്‍ക്കായി സമര്‍പ്പിക്കുന്നു''(18) എന്നാണ് എം. ലീലാവതി രേഖപ്പെടുത്തിയത്.
ബാല്യ-കൌമാരാനുഭവങ്ങളുടെ കാഠിന്യം കവിക്കു നിഷേധിച്ചത് യൌവനത്തിലെ കാമുകഭാവമായിരുന്നു. പക്ഷേ ദാമ്പത്യത്തിന്റെ ആദ്യനാളുകളിലെ പ്രണയാനുഭവം അതിനു പകരമാവുന്നുണ്ടെങ്കിലും നാഗരികജീവിതത്തിന്റെ ശീതസമരങ്ങള്‍ കവിയെ വിരഹിയും ഏകാകിയുമാക്കിത്തീര്‍ത്തു. യമപുരിയോളം ചെന്ന് സത്യവാനെ വീണ്ടെടുത്ത സാവിത്രിയുടെ കഥ, കവിമനസ്സില്‍ രൂഢമൂലമായിരുന്നു. വൈലോപ്പിള്ളിയിലെ സ്‌ത്രീസങ്കല്‍പത്തിന്റെ പൂര്‍ണതയാണ് സാവിത്രി. പുരോഗമനപരമായ നിലപാടുകള്‍ സൂക്ഷിക്കുകയും
"ചോരതുടിക്കും ചെറുകൈയുകളേ
പേറുക വന്നീപ്പന്തങ്ങള്‍''
എന്നാഹ്വാനം ചെയ്യുകയും ചെയ്യുമ്പോഴും സ്‌ത്രീ സങ്കല്‍പത്തില്‍ അദ്ദേഹം ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ ശരീരപക്ഷത്തു നില്‍ക്കുന്ന 'പുരുഷന്‍' തന്നെയായിരുന്നെന്ന് അദ്ദേഹത്തിന്റെ കാവ്യലോകം വ്യക്തമാക്കുന്നു.
കുറിപ്പുകള്‍
1. ലീലാവതി എം., 'മലയാള കവിതാ സാഹിത്യചരിത്രം,' പുറം 313
2. വിജയന്‍. എം.എന്‍., 'വൈലോപ്പിള്ളിക്കവിതകള്‍', പുറം 745
3. രാജശേഖരന്‍ എസ്., 'വൈലോപ്പിള്ളി: കവിതയും ദര്‍ശനവും,' പുറം 270
4. ശ്രീധരമേനോന്‍, വൈലോപ്പിള്ളി, 'വൈലോപ്പള്ളിക്കവിതകള്‍,' പുറം 730
5. ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി, 'കാവിലെപ്പാട്ട്', പുറം 7
6. മുകുന്ദന്‍ എന്‍. 'കവിത: ധ്വനിയും പ്രതിധ്വനിയും,' പുറം 76-97
7. വേണുഗോപാല്‍, കെ.എം., 'സിംബലിസം മലയാള കവിതയില്‍,' പുറം 84
8. രാജശേഖരന്‍ എസ്., 'വൈലോപ്പിള്ളി: കവിതയും ദര്‍ശനവും' പുറം 53
9. ലീലാവതി എം., 'വൈലോപ്പിള്ളിക്കവിതാസമീക്ഷ', പുറം 188
10. ശ്രീധരമേനോന്‍, വൈലോപ്പിള്ളി, വൈലോപ്പിള്ളിക്കവിതകള്‍', പുറം 609
11. അ. പു. പുറം 610
12. അ. പു. പുറം 611
13. അ. പു. പുറം 221
14. അ. പു. പുറം 460
15. അ. പു. പുറം 556
16. അ. പു. പുറം 305
17. Freud Sigmund, ` Creative writrers and day dreaming' , Page 38
18. ലീലാവതി എം., 'വൈലോപ്പിള്ളിക്കവിതാ സമീക്ഷ' പുറം 195
സഹായകഗ്രന്ഥങ്ങള്‍
1. ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി 'കാവിലെ പാട്ട്' കോഴിക്കോട് - പൂര്‍ണാ പബ്ളിക്കേഷന്‍സ്, 2007
2. മുകുന്ദന്‍ എന്‍. 'കവിത: ധ്വനിയും പ്രതിധ്വനിയും', കോട്ടയം - നാഷണല്‍ ബുക്ക് സ്റാള്‍, 1988
3. രാജശേഖരന്‍ എസ്., 'കവിതയുടെ ജാതകം', കോട്ടയം - എന്‍.ബി.എസ്. 1971
4. രാജേശേഖരന്‍ എസ്. 'വൈലോപ്പിള്ളിക്കവിതാ സമീക്ഷ, തിരുവനന്തപുരം - കേരള ഭാഷ ഇന്‍സ്റിറ്റ്യൂട്ട്, 1986
5. രാജശേഖരന്‍ എസ്., 'വൈലോപ്പിള്ളി: കവിതയും ദര്‍ശനവും', തിരുവനന്തപുരം - കേ. ഭാ. ഇ., 1994
6. ലീലാവതി എം, 'മലയാള കവിതാ സാഹിത്യ ചരിത്രം' തൃശൂര്‍ - കേരള സാഹിത്യ അക്കാദമി, 1980
7. ശ്രീധരമേനോന്‍, വൈലോപ്പിള്ളി, 'വൈലോപ്പിള്ളിക്കവിതകള്‍', കോട്ടയം - നാഷണല്‍ ബുക്ക് സ്റാള്‍, 1984
8. Freud Sigmund, ` Creative writrers and day dreaming', 20th Century Life Criticism (Ed) David Lodge, UK, Logmen Group, 1988
*****
ഡോ. ടി. അനിതകുമാരി, റീഡര്‍, മലയാള വിഭാഗം, എസ്.എന്‍.കോളേജ്, കൊല്ലം
കടപ്പാട് : ഗ്രന്ഥാലോകം, ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍'
5. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
6. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
7. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
8. പ്രകൃതിപാഠങ്ങള്‍
9. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
Subscribe to:
Post Comments (Atom)
No comments:
Post a Comment