Tuesday, September 21, 2010

കാശ്മീര്‍: അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കുക, ചര്‍ച്ച ആരംഭിക്കുക

കഴിഞ്ഞ മൂന്നുമാസക്കാലമായി കാശ്മീര്‍ താഴ്വര ആകെ പ്രക്ഷുബ്ധമാണ്. ഒരുവശത്ത് ജനങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലും മൂലവും മറുവശത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച കര്‍ഫ്യുമൂലവും താഴ്വരയാകെ അടച്ചിട്ടപോലെയായി. കടകളും ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും എല്ലാം അടഞ്ഞുകിടക്കുന്നു; ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ജൂണ്‍ 11നും ആഗസ്റ്റ് 22നും ഇടയ്ക്ക് 62 ചെറുപ്പക്കാരാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. 8നും 25നും ഇടയ്ക്ക് വയസ്സുള്ള യുവാക്കളാണ് അവര്‍. (ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 100ല്‍ അധികം ആയിരിക്കുന്നു.) കല്ലെറിയുന്ന യുവാക്കളടങ്ങിയ ജനക്കൂട്ടം സിആര്‍പിക്കാരുമായി ഏറ്റുമുട്ടുന്നു. അതിന്റെ അനിവാര്യമായ ഫലം വെടിവെപ്പാണ്. തുടര്‍ന്ന് മരണവും അംഗഭംഗവും മുറിവും സംഭവിക്കുന്നു. അങ്ങനെയുള്ള ഓരോ മരണത്തെ തുടര്‍ന്നും വീണ്ടും ബഹുജന പ്രതിഷേധങ്ങളും ഹര്‍ത്താലും നടക്കുന്നു. കാശ്മീരിലെ വിപുലമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ തികഞ്ഞ അന്യഥാബോധവും കടുത്ത രോഷവും നിറഞ്ഞിരിക്കുന്നു.

നമ്മുടെ പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ മൊഹമ്മദ് സലിമിന്റെ ഒപ്പം ആഗസ്റ്റ് 22, 23 തീയതികളില്‍ ഞാന്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുകയുണ്ടായി. ചെറുപ്പക്കാരായ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വീടുകളില്‍ചെന്ന് ഞങ്ങളുടെ അഗാധമായ ദുഃഖം അവരെ അറിയിക്കുകയും ജനങ്ങളുടെ ദുരിതങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ പ്രാഥമികമായ ഉദ്ദേശം. വിവിധ ജനവിഭാഗങ്ങളില്‍പെട്ടവരെ കാണുന്നതിനും നിലവിലുള്ള അവസ്ഥയെക്കുറിച്ചുള്ള അവരുടെ സമീപനം മനസ്സിലാക്കുന്നതിനും ഞങ്ങള്‍ ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തി. പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കമുള്ള സമൂഹത്തിലെ വിവിധ വിഭാഗക്കാരെ ഞങ്ങള്‍ കണ്ടു. സിപിഐ (എം)ന്റെ പാര്‍ടി അംഗങ്ങളെയും സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും സിപിഐയുടെ പ്രതിനിധികളെയും ഞങ്ങള്‍ കണ്ടു സംസാരിച്ചു.

പൈശാചികമായ ആക്രമണം

താഴ്വരയിലെ സ്ഥിതിയെ കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും കൈകാര്യം ചെയ്തത് ഭയാനകമായ രീതിയിലാണ്. യുവാക്കളുടെ (അവരില്‍ മിക്കവരും കൌമാര പ്രായക്കാരായിരുന്നു) പ്രതിഷേധപ്രകടനങ്ങളെ നേരിട്ട രീതിയും ഭീകരവാദികളുടെയും തീവ്രവാദികളുടെയും അക്രമ പ്രവര്‍ത്തനങ്ങളെ നേരിട്ടരീതിയും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കല്ലെറിയുന്ന ജനക്കൂട്ടത്തെ അത്തരം ഓരോരോ സന്ദര്‍ഭത്തിലും സിആര്‍പി സേന നേരിട്ടത് വെടിവെപ്പുകൊണ്ടാണ്. നിരവധി ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടു; അതിനുപുറമെ വളരെയേറെപ്പേര്‍ വെടിയുണ്ടകൊണ്ട് മുറിവുപറ്റി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇത്തരം പൈശാചികമായ രീതികള്‍ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്താണ് സ്വീകരിച്ചിരുന്നതെങ്കില്‍ അവിടങ്ങളില്‍ കലാപങ്ങള്‍തന്നെ സംഭവിച്ചിട്ടുണ്ടാകുമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഹൃദയശൂന്യമായ ഈ കഠോരതയേയും പൈശാചികതയേയും കാശ്മീരി ജനത കാണുന്നത്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായിട്ടാണ് കാശ്മീരിനെ ഇന്ത്യാ ഗവണ്‍മെന്റ് കാണുന്നത് എന്നതിന്റെ തെളിവായിട്ടാണ്.

കല്ലെറിയുന്ന ജനക്കൂട്ടത്തിന്റെ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനായി പൊലീസ് അവലംബിച്ച രീതിയെ, ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയില്ല; കുട്ടികളെ ജയിലില്‍ അടച്ചതിനെയും ന്യായീകരിക്കാന്‍ കഴിയില്ല. പൊതുസുരക്ഷാനിയമം അനുസരിച്ച് അറസ്റ്റ്ചെയ്യപ്പെട്ടവരില്‍ ചിലരെ ജമ്മുവിലേയും ഉദ്ദംപൂരിലേയും ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും സംരക്ഷിക്കാന്‍ കഴിയാത്ത, ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവണ്‍മെന്റ് തികച്ചും നിഷ്ഫലമാണെന്ന് തെളിഞ്ഞിരിക്കുന്നു. ജനങ്ങളുടെ ആകെ അവമതിക്ക് ആ സര്‍ക്കാര്‍ ഇരയായിത്തീര്‍ന്നിരിക്കുന്നു. പ്രശ്നത്തെ സര്‍ക്കാര്‍ പ്രധാനമായും ക്രമസമാധാനപ്രശ്നമായി കാണുകയും ഭരണപരമായ നടപടികളെ മാത്രം ആശ്രയിക്കുകയും ചെയ്തതുകാരണം, ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും കൂടുതല്‍ കൂടുതല്‍ സ്വാധീനിക്കാന്‍ മതമൌലികവാദികള്‍ക്കും തീവ്രവാദികള്‍ക്കും കഴിയുന്നു. വിഘടനവാദികളില്‍ത്തന്നെയുള്ള മിതവാദി വിഭാഗങ്ങള്‍ക്ക് ഒന്നിനും നേതൃത്വം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

നാലരലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത അമര്‍നാഥ് യാത്ര പ്രതിഷേധപ്രകടനങ്ങള്‍ക്കിടയിലും ഇക്കൊല്ലം, പ്രദേശവാസികളുടെ സഹകരണത്തോടെ സമാധാനപരമായി നടന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. കാശ്മീരികളില്‍ അന്തര്‍ലീനമായിട്ടുള്ള സഹിഷ്ണുതയുടെയും സന്മനോഭാവത്തിന്റെയും തെളിവാണ് അത്. അത് കാശ്മീരി സമൂഹത്തിന്റെ പ്രകടമായ സവിശേഷതയാണുതാനും.

ലഷ്കര്‍ ഇ തൊയ്ബയുടെയും മറ്റ് തീവ്രവാദി വിഭാഗങ്ങളുടെയും ഗൂഢതന്ത്രങ്ങളാണ് ഈ പ്രതിഷേധപ്രകനങ്ങള്‍ക്കുപിന്നില്‍ എന്ന് ചിത്രീകരിക്കുന്നത് തെറ്റാണ്. പ്രതിഷേധങ്ങളുടെ തീക്ഷ്ണതയും രോഷത്തിന്റെ വിസ്ഫോടനവും അവ സ്വയം പൊട്ടിപ്പുറപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. ഈ കാര്യം കാണാതെ മറ്റാരുടെയോ പ്രേരണകൊണ്ട് നടന്ന പ്രതിഷേധ സമരങ്ങളാണ് അവ എന്ന് വ്യാഖ്യാനിക്കുന്നത് കൂടുതല്‍ ഭീമമായ അബദ്ധങ്ങളിലേക്കേ വഴിവെയ്ക്കുകയുള്ളു.

ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകുന്നതിനും സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനുംവേണ്ടി, ഉടനടി കൈക്കൊള്ളേണ്ട നടപടികള്‍ താഴെകൊടുക്കുന്നു.

* പ്രതിഷേധപ്രകനങ്ങള്‍ തടയുന്നതിന് പൊലീസ് വെടിവെപ്പ് അവലംബിക്കുന്ന മാര്‍ഗ്ഗം സര്‍ക്കാര്‍ ഉടനടി നിര്‍ത്തണം. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കണം. കര്‍ഫ്യു സമയത്ത് സുരക്ഷാ സേന വീടുകളില്‍ കയറി ചെല്ലുന്നതും വീട്ടുകാരെ (പ്രത്യേകിച്ചും സ്ത്രീകളെ) പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം.

* കൊല്ലപ്പെട്ടവരും മുറിവേറ്റവരും എല്ലാം അധ്വാനിക്കുന്ന ദരിദ്രരായ ജനവിഭാഗങ്ങളില്‍പെട്ടവരാണ്. ആശുപത്രികളില്‍ മുറിവേറ്റ് കഴിയുന്ന എല്ലാവര്‍ക്കും ശരിയായ ചികിത്സ ലഭ്യമാക്കണം; നഷ്ടപരിഹാരവും നല്‍കണം. സ്ഥിരമായി അംഗവൈകല്യം സംഭവിച്ച്, ഒന്നിനും കഴിയാത്ത അവസ്ഥയിലായ നിരവധിപേര്‍ മുറിവേറ്റവരിലുണ്ട്. അവരുടെ കുടുംബങ്ങളുടെ ജീവസന്ധാരണത്തിന് ആവശ്യമായ മാര്‍ഗ്ഗങ്ങളും നഷ്ടപരിഹാരവും കണ്ടെത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്കരിക്കണം.

* ജയിലില്‍ അടയ്ക്കപ്പെട്ട എല്ലാ കുട്ടികളെയും ഉടനെ വിട്ടയക്കണം. അവരുടെമേലുള്ള മൈനര്‍ കേസുകളെല്ലാം റദ്ദാക്കണം.

* സായുധസേനാ പ്രത്യേകാധികാര നിയമം അനുസരിച്ച് സായുധ സേനയ്ക്ക് നല്‍കിയിട്ടുള്ള പൈശാചികമായ അധികാരങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണം. നിയമത്തിലെ പൈശാചികമായ വകുപ്പുകള്‍ റദ്ദാക്കണം എന്ന് ഞങ്ങളുടെ പാര്‍ടി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. ശ്രീനഗറിലും മറ്റ് പട്ടണപ്രദേശങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ള കലാപബാധിത പ്രദേശനിയമം ഉടനെ പിന്‍വലിക്കണം. അങ്ങനെചെയ്താല്‍, സായുധസേനാ പ്രത്യേകാധികാരനിയമം ഈ പ്രദേശങ്ങളില്‍ സ്വാഭാവികമായും ബാധകമല്ലാതായിത്തീരും.

* ഏറെക്കാലമായി നിലനില്‍ക്കുന്ന സാമ്പത്തിക സ്തംഭനം കാരണം പല ചെറുകിട കച്ചവടക്കാരും ചെറുകിട സ്ഥാപനങ്ങളും ആകെ തകര്‍ന്നിരിക്കുന്നു. അവരുടെ വ്യാപാര-ബിസിനസ് സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിനും അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.

* കാശ്മീരില്‍ കടുത്ത തൊഴിലില്ലായ്മയുണ്ടെന്ന് മാത്രമല്ല, കഴിഞ്ഞ മൂന്നുമാസക്കാലമായി ദിവസവരുമാനക്കാരായ തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗം അടഞ്ഞിരിക്കുകയുമാണ്. ഇങ്ങനെ ജീവിതമാര്‍ഗ്ഗം അടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പുതിയതായി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതിനും ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് സത്വരമായി കൈക്കൊള്ളണം.

പൊലീസ് അതിക്രമങ്ങളെ സംബന്ധിച്ച് വിശ്വസനീയമായ അന്വേഷണം ആവശ്യമാണ്. ഇത് കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കണം. കുറ്റക്കാരെന്നു കാണുന്നവരെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണം.

അതിക്രമങ്ങള്‍ക്കെതിരായി നടപടി കൈക്കൊള്ളുക

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും അതിക്രമങ്ങള്‍ കാണിക്കുകയും ചെയ്യുന്ന കുറ്റക്കാരുടെമേല്‍ ഇന്ത്യാ ഗവണ്‍മെന്റ് നടപടി കൈക്കൊള്ളാന്‍ തയ്യാറാവുന്നില്ല എന്നതാണ് ജനങ്ങളുടെ ഒരു വലിയ ആക്ഷേപം. ഇതിനുമുമ്പ് പത്രിബാലില്‍ ചില സൈനിക ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദം നല്‍കുകയുണ്ടായില്ല. ജിഹാദിസ്റ്റുകള്‍ അതിര്‍ത്തി മുറിച്ചു കടക്കുകയാണ് എന്ന പേരുപറഞ്ഞ്, നിരപരാധികളായ മൂന്ന് ഗ്രാമീണരെ "മച്ചില്‍ ഏറ്റുമുട്ടല്‍'' സംഭവത്തില്‍ വെടിവെച്ചു കൊല്ലുകയുണ്ടായി. അതിലെ കുറ്റവാളികളുടെ പേരിലും നടപടിയൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ഇന്നത്തെ പ്രതിഷേധ പരമ്പരകള്‍ക്കെല്ലാം കാരണമായിത്തീര്‍ന്നത് ഈ അവസാനംപറഞ്ഞ സംഭവമാണ്. മനുഷ്യാവകാശ ലംഘനം ഒരിക്കലും അനുവദിക്കുകയില്ല എന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടണം. ഏറ്റുമുട്ടല്‍ നാടകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കണം.

വാഗ്ദാനലംഘനങ്ങളുടെ ചരിത്രം

കാശ്മീരിന്റെ ചരിത്രം വാഗ്ദാന ലംഘനങ്ങളുടെയും ബാധ്യതാലംഘനങ്ങളുടെയും സുദീര്‍ഘമായ റെക്കോര്‍ഡ് കൂടിയാണ്. ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു-കാശ്മീരിന് അനുവദിച്ച പ്രത്യേക പദവി, കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ടുവന്നു. കാശ്മീരി ജനതയുടെ സ്വത്വവും പ്രത്യേക പദവിയും ഉറപ്പാക്കപ്പെടും എന്ന് അവര്‍ക്ക് നല്‍കപ്പെട്ട വാഗ്ദാനം കേന്ദ്രത്തില്‍ അധികാരത്തിലേറിയ തുടര്‍ച്ചയായ ഗവണ്‍മെന്റുകളെല്ലാം ലംഘിക്കുകയാണ് ചെയ്തത്. കാശ്മീരിന് "പരമാവധി സ്വയംഭരണാധികാരം'' നല്‍കുമെന്നും അക്കാര്യത്തില്‍ "ആകാശം മാത്രമേ അതിര്‍ത്തിയായിട്ടുള്ളു'' എന്നും പ്രധാനമന്ത്രി നരസിംഹറാവു പ്രഖ്യാപിക്കുകയുണ്ടായി. സ്വയംഭരണാധികാരത്തെ സംബന്ധിച്ചിടത്തോളം 1953നു മുമ്പുള്ള സ്ഥിതി പുന:സ്ഥാപിക്കണം എന്ന് ആവശ്യപ്പെടുന്ന ജമ്മു-കാശ്മീര്‍ അസംബ്ളി അംഗീകരിച്ച പ്രമേയം പരിഗണനയ്ക്കെടുക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര ഗവണ്‍മെന്റ് വിസമ്മതിക്കുകയാണുണ്ടായത്. സംസ്ഥാനത്തിന് കടുൂതല്‍ സ്വയംഭരണാധികാരം നല്‍കുന്ന കാര്യത്തില്‍ ബിജെപി ഗവണ്‍മെന്റിനും കോണ്‍ഗ്രസ് ഗവണ്‍മെന്റിനും താല്‍പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ചര്‍ച്ച നടത്തുന്നതിനുള്ള രാഷ്ട്രീയ മുന്‍കൈ എടുക്കുന്ന കാര്യത്തെ സംബന്ധിച്ചിടത്തോളം യുപിഎ ഗവണ്‍മെന്റിന് വളരെ മോശമായ റെക്കോര്‍ഡാണുള്ളത്. സംസ്ഥാനത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചര്‍ച്ചയാണ് ആവശ്യം. അതിനുപകരം യുപിഎ ഗവണ്‍മെന്റിന്റെ ഒന്നാമൂഴത്തില്‍ ഡല്‍ഹിയിലും ശ്രീനഗറിലും വട്ടമേശ സമ്മേളനങ്ങള്‍ നടത്തപ്പെട്ടു; നാല് സബ്കമ്മറ്റികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. ജസ്റ്റിസ് സക്കീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള വര്‍ക്കിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്, ഏറ്റവും നിരാശാജനകമാണ്.

നിരുപാധികമായ ചര്‍ച്ച

സംസ്ഥാനത്തിന് പരമാവധി സ്വയംഭരണാധികാരം അനുവദിക്കണമെന്നും ജമ്മു, കാശ്മീര്‍ താഴ്വര, ലഡാക്ക് എന്നീ മൂന്ന് മേഖലകള്‍ക്ക് സ്വയംഭരണാധികാരം നല്‍കണമെന്നുമാണ് സിപിഐ (എം) ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അത്തരം സ്വയംഭരണാധികാരം ഉറപ്പുവരുത്തുന്നതിന് ഭരണഘടനയില്‍ മാറ്റംവരുത്തുന്നതിനാവശ്യമായ രാഷ്ട്രീയ ഒത്തുതീര്‍പ്പ് ഉണ്ടാവണമെന്നും പാര്‍ടി ആവശ്യപ്പെട്ടുവന്നു. സാധാരണനിലയും ജനാധിപത്യ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാവശ്യമായ സാഹചര്യവും പുന:സ്ഥാപിക്കുക എന്നതാണ്, ഇന്നത്തെ ദശാസന്ധിയില്‍ ആവശ്യമായിത്തീര്‍ന്നിട്ടുള്ളത്. അത് ഉറപ്പാക്കിക്കഴിഞ്ഞാല്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അനുയോജ്യമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിന് ഒട്ടും വൈകിച്ചുകൂട. ആ ചര്‍ച്ചയില്‍ എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തണം. ചര്‍ച്ച ആരംഭിക്കുന്നതിന് ഏതെങ്കിലും ഭാഗത്തുനിന്ന് മുന്നുപാധികളൊന്നും വയ്ക്കുന്നില്ലെങ്കിലേ ഇത് സാധ്യമാവുകയുള്ളു.

കാശ്മീരി ജനങ്ങളുടെ അഭിലാഷങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, ആ സംസ്ഥാനത്തിലെ ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യാനുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമം ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ട് എന്ന വിശ്വാസം ജനങ്ങളില്‍ ജനിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. സിപിഐ (എം)ന്റെ അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ കാശ്മീരിനെ സംബന്ധിച്ച പ്രശ്നം ചര്‍ച്ചചെയ്യും. നമ്മുടെ പാര്‍ടിയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കും. കാശ്മീര്‍ പ്രശ്നത്തിന്റെ കാര്യത്തില്‍ ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാണിച്ചുകൊണ്ട്, സിപിഐ (എം) രാജ്യത്തിലെങ്ങും ക്യാമ്പൈന്‍ നടത്തുന്നതാണ്.

*
പ്രകാശ് കാരാട്ട് കടപ്പാട്: ചിന്ത വാരിക 27-09-2010

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ മൂന്നുമാസക്കാലമായി കാശ്മീര്‍ താഴ്വര ആകെ പ്രക്ഷുബ്ധമാണ്. ഒരുവശത്ത് ജനങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലും മൂലവും മറുവശത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ച കര്‍ഫ്യുമൂലവും താഴ്വരയാകെ അടച്ചിട്ടപോലെയായി. കടകളും ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും എല്ലാം അടഞ്ഞുകിടക്കുന്നു; ജനജീവിതം ആകെ സ്തംഭിച്ചിരിക്കുന്നു. ജൂണ്‍ 11നും ആഗസ്റ്റ് 22നും ഇടയ്ക്ക് 62 ചെറുപ്പക്കാരാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. 8നും 25നും ഇടയ്ക്ക് വയസ്സുള്ള യുവാക്കളാണ് അവര്‍. (ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 100ല്‍ അധികം ആയിരിക്കുന്നു.) കല്ലെറിയുന്ന യുവാക്കളടങ്ങിയ ജനക്കൂട്ടം സിആര്‍പിക്കാരുമായി ഏറ്റുമുട്ടുന്നു. അതിന്റെ അനിവാര്യമായ ഫലം വെടിവെപ്പാണ്. തുടര്‍ന്ന് മരണവും അംഗഭംഗവും മുറിവും സംഭവിക്കുന്നു. അങ്ങനെയുള്ള ഓരോ മരണത്തെ തുടര്‍ന്നും വീണ്ടും ബഹുജന പ്രതിഷേധങ്ങളും ഹര്‍ത്താലും നടക്കുന്നു. കാശ്മീരിലെ വിപുലമായ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യാ ഗവണ്‍മെന്റിനെതിരെ തികഞ്ഞ അന്യഥാബോധവും കടുത്ത രോഷവും നിറഞ്ഞിരിക്കുന്നു.

Unknown said...

"നാലരലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത അമര്‍നാഥ് യാത്ര പ്രതിഷേധപ്രകടനങ്ങള്‍ക്കിടയിലും ഇക്കൊല്ലം, പ്രദേശവാസികളുടെ സഹകരണത്തോടെ സമാധാനപരമായി നടന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്. കാശ്മീരികളില്‍ അന്തര്‍ലീനമായിട്ടുള്ള സഹിഷ്ണുതയുടെയും സന്മനോഭാവത്തിന്റെയും തെളിവാണ് അത്. അത് കാശ്മീരി സമൂഹത്തിന്റെ പ്രകടമായ സവിശേഷതയാണുതാനും"

TPPHHOOOOOO...
annu pakistan kodi pidichu kalapam nadatrhiyathanodo കാശ്മീരികളില്‍ അന്തര്‍ലീനമായിട്ടുള്ള സഹിഷ്ണുതയുടെയും സന്മനോഭാവത്തിന്റെയും തെളിവാണ് അത്. അത് കാശ്മീരി സമൂഹത്തിന്റെ പ്രകടമായ സവിശേഷത..Naanam illallodo...tPhoooox10000000times

മലമൂട്ടില്‍ മത്തായി said...

The troubles in Kashmir are not created by the natives alone. The Pakistani and even Chinese intentions of keeping Kashmir in boil cannot be left alone. Why did Kashmiris started throwing stones after a long time of peace? Living standards in Kashmir (at least the Indian part of it) is much higher than the rest of India itself. Even unemployment there is lower than other parts of India. The parties interested in keeping Kashmir unsettled will not come to the negotiating table at all - as seen by the attitude of the Hurriyat head Mr. Gilani.

Article 370 of the constitution must be repealed. Instead, India should actively allow outsiders to buy property in Kashmir. That will turn the tide - look at Tibet after the Chinese invasion. Now the native Tibetans are far out numbered by the Han Chinese. Well at least that is one lesson to be learnt from the Chinese.