Monday, September 6, 2010

പോസ്‌റ്റ് മാര്‍ക്‌സിസം... 3

വിപ്ളവങ്ങള്‍ക്കുപകരം തെരഞ്ഞെടുപ്പും വര്‍ഗ്ഗസമരങ്ങള്‍ക്കുപകരം പൌരസമൂഹവും ബദലായി കാണുന്ന പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ വാദങ്ങള്‍ക്ക് കരുത്തുപകരുന്ന എന്തനുഭവമാണുള്ളത്?

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ എപ്പോഴും പറയുന്നത് വിപ്ളവങ്ങളുടെ പരാജയത്തെക്കുറിച്ചാണ്. സോഷ്യലിസം അസാധ്യമാണെന്നാണ് അവരുടെ അഭിപ്രായം. വിപ്ളവകാരികളായ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ് അവര്‍ കാണുന്നത്. കിഴക്കന്‍ യൂറോപ്പിലേത് മുതലാളിത്തത്തിന്റെ വിജയമായാണ് അവര്‍ നിരീക്ഷിക്കുനത്. മാര്‍ക്‌സിസത്തിന്റെ പ്രതിസന്ധി, ബദലുകളുടെ ഇല്ലായ്‌മ, അമേരിക്കയുടെ കരുത്ത് വര്‍ധിക്കുന്നത്, സൈനിക അട്ടിമറിയും അടിച്ചമര്‍ത്തലുകളും ഇതെല്ലാം ഒത്തുചേരുന്നത് ഇടതുപക്ഷം സാധ്യമായ ഇടങ്ങളിലേക്ക് ചുരുങ്ങണമെന്ന വാദഗതിയിലാണ്. ലോകബാങ്കും അതിന്റെ ഘടനാപരമായ അജണ്ടയും സ്വതന്ത്രകമ്പോളവും വരച്ചിട്ട കളങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ പ്രേരിപ്പിക്കുന്നു. സൈനികാധികാരത്തിനുകീഴിലുള്ള തെരഞ്ഞെടുപ്പ് വ്യവസ്ഥക്കകത്ത് ഒതുങ്ങിനില്‍ക്കാന്‍ ഇടതുപക്ഷത്തെ ഇക്കൂട്ടര്‍ ഉപദേശിക്കുന്നു. പ്രായോഗികവാദം എന്നാണിതിനെ വിളിക്കേണ്ടത്.

ലാറ്റിനമേരിക്കയില്‍ കൊട്ടിഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പുപരിവര്‍ത്തനത്തിന് അരങ്ങൊരുക്കാന്‍ പോസ്റമാര്‍ക്‌സിസ്‌റ്റുകളുടെ ആശയപോരാട്ടം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യമാറ്റങ്ങള്‍ തെരഞ്ഞെടുപ്പു സംവിധാനത്തിലൂടെ കൈവരിക്കാം എന്നാണിവര്‍ വാദിച്ചത്.
വിപ്ളവങ്ങള്‍ കാലഹരണപ്പെട്ടു എന്നു തീരുമാനിച്ചതോടെ നിയോലബിറല്‍ തെരഞ്ഞെടുപ്പു ജയങ്ങളിലാണ് അവര്‍ കണ്ണുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ബഹുജനപ്രതിഷേധങ്ങളിലോ പൊതുപണിമുടക്കുകളിലോ പാര്‍ലമെന്റേതരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലോ അവര്‍ക്കു താല്പര്യമില്ല. 1980കളുടെ മധ്യത്തോടെ അതിന് പുനരുജ്ജീവനം സംഭവിച്ചത് അവര്‍ അറിഞ്ഞതേയില്ല.
തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തിനുമേല്‍ സൈന്യം ചെലുത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ച് അവര്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ സൈന്യത്തിനുമേല്‍ ചെലുത്തപ്പെടുന്ന ജനകീയസമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ മൌനികളാണ്. മെക്‌സിക്കോയിലെ സപാതിസ്‌റ്റ ഗറില്ലകള്‍, കാരക്കാസിലെ നഗരഗറില്ലകള്‍ ബൊളിവിയയിലെ പൊതുപണിമുടക്കുകള്‍ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. മേഖലാതലത്തിലോ പ്രാദേശികമായോ രൂപപ്പെടുന്ന സമരങ്ങളുടെ ചലനാത്മകത പട്ടാളമേല്‍നോട്ടത്തിലുള്ള ജനാധിപത്യമാനദണ്ഡങ്ങളെയൊക്കെ മറികടക്കുന്നതാണ്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പുവഴിയുള്ള അധികാരലബ്‌ധിക്കു കഴിയുന്നില്ല എന്ന വസ്‌തുതയാണ് ഇത് വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കുടിശ്ശികക്കായുള്ള പ്രക്ഷോഭം - അര്‍ജന്റീനയില്‍ ഇതു വ്യാപകമാണ്, കൊക്കൊകര്‍ഷകരുടെ കൃഷിനശിപ്പിക്കുന്നത് അവസാനിപ്പിക്കല്‍ - ബൊളീവിയയില്‍ ഈ പ്രശ്‌നം വളരെ പ്രാധാന്യമുള്ളതാണ്, തുടങ്ങിയവയിലെല്ലാം പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ പ്രശ്‌നത്തിന്റെ കൂടെയാണ്, എന്നാല്‍ പരിഹാരത്തിന്റെ പക്ഷത്തല്ല നിലയുറപ്പിക്കുന്നത് എന്നതിനുദാഹരണമാണ്.

ഒന്നര ദശകക്കാലമായി ലാറ്റിനമേരിക്കയില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചിട്ട്. പക്ഷേ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളെല്ലാം നിയോലിബറലിസവുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രകമ്പോള നയങ്ങള്‍ക്കൊപ്പമാണ് ഇവര്‍ ചുവടുറപ്പിച്ചിട്ടുള്ളത്. സാധ്യതാവാദികള്‍ക്ക് സ്വതന്ത്രകമ്പോളം ജനങ്ങള്‍ക്കുമേല്‍ സൃഷ്‌ടിക്കുന്ന നിഷേധാത്മകവശത്തെ ഫലപ്രദമായി ചെറുക്കാനാകുന്നില്ല. മാത്രമല്ല, നിയോലിബറലുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്ഥാനം നിലനിര്‍ത്തുന്നതിന് കൂടുതല്‍ കൂടുതല്‍ ജനവിരുദ്ധ നയങ്ങളും സ്വീകരിക്കേണ്ടിവരുന്നു. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ നിയോലിബറലിസത്തിന്റെ പ്രായോഗിക വിമര്‍ശകര്‍ എന്ന നിലവിട്ട് അതിന്റെ സത്യസന്ധതയും കാര്യക്ഷമതയുമുള്ള മാനേജര്‍മാരായി സ്വയം പ്രവര്‍ത്തിക്കുകയാണ്. മൂലധനനിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ജനങ്ങളുടെ അസ്വസ്ഥതകളെ നിര്‍വീര്യമാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.

അതേസമയം തന്നെ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ പ്രായോഗികവാദം നിയോലിബറലുകളുടെ തീവ്രവാദവുമായി ചേര്‍ന്നുപോകുന്നുണ്ട്.1990കളില്‍ നിയോലിബറല്‍ നയങ്ങള്‍ കടുത്ത രീതികളിലേക്ക് വികസിച്ചു. നിയോലിബറലിസത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ മറ്റു രാജ്യങ്ങളിലെ ബാങ്കുകളിലും ബഹുരാഷ്‌ട്രകമ്പനികളിലും നിക്ഷേപങ്ങളും ഊഹാധിഷ്‌ഠിതമായ അവസരങ്ങളും അവര്‍ കണ്ടെത്തി.

നിയോലിബറലുകള്‍ വിഭജിക്കപ്പെട്ട വര്‍ഗ്ഗഘടനയാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്‌സിസ്‌റ്റുകള്‍ മുന്നോട്ടുവെച്ച സമൂഹസങ്കല്പവുമായാണ് പോസ്റമാര്‍ക്‌സിസ്‌റ്റുകളുടെ വീക്ഷണവുമായല്ല ഇതിനടുപ്പമുള്ളത്. സമകാലീന ലാറ്റിനമേരിക്കയിലെ വര്‍ഗ്ഗഘടന കുറേക്കൂടി സങ്കുചിതവും കുറേയേറെ നിശ്ചയദാര്‍ഢ്യമുള്ളതും മുമ്പെന്നത്തെക്കാളും വര്‍ഗ്ഗരാഷ്‌ട്രീയവുമായും ഭരണകൂടവുമായും ബന്ധപ്പെട്ടതുമാണ്. ഈ പരിതഃസ്ഥിതിയില്‍ വിപ്ളവരാഷ്‌ട്രീയം പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ പ്രായോഗിക രാഷ്‌ട്രീയത്തെക്കാള്‍ ഏറെ പ്രസക്തമാണ്.

'ഐക്യദാര്‍ഢ്യ'ത്തിന് പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളും മാര്‍ക്‌സിസ്‌റ്റുകളും വ്യത്യസ്ഥമായ രണ്ട് അര്‍ത്ഥമാണ് നല്‍കുന്നത്. അവയൊന്ന് വ്യക്തമാക്കാമോ?

ഐക്യദാര്‍ഢ്യം എന്ന പദം പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം വിദേശഫണ്ടു നല്‍കുന്നവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ദരിദ്രജനവിഭാഗങ്ങള്‍ക്കുള്ള സംരക്ഷണമെന്ന പേരിലാണ് ഇത്. കേവലം ഗവേഷണമോ ദരിദ്രരായ ജനങ്ങളെ സാക്ഷരരാക്കുകയോ ഒക്കെ പ്രഫഷണലുകളുടെ ഭാഗത്തുനിന്നുള്ള ഐക്യദാര്‍ഢ്യമായി അവതരിപ്പിക്കുന്നു. സഹായവും പരിശീലനവും നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും മേല്‍-കീഴ്‌ബന്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രൈസ്‌തവ മിഷണറിമാരുടെ ഔദാര്യപ്രകടനത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ ഊന്നല്‍ നല്‍കുന്നത് 'സ്വയംസഹായ'ത്തിലാണ്. അവര്‍ എതിര്‍ക്കുന്നത് ഭരണകൂടത്തോടുള്ള ആശ്രിതത്വത്തെയും അതിന്റെ സംരക്ഷണമനോഭാവത്തെയുമാണ്. നിയോലിബറലിസത്തിന്റെ ഇരകളെ പിടിച്ചെടുക്കാനുള്ള എന്‍.ജി.ഒ.കളുടെ മത്സരത്തിനിടയില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് അവരുടെ യൂറോപ്പിലെയും അമേരിക്കയിലെയും പ്രതിപുരുഷന്മാരില്‍നിന്ന് വമ്പിച്ച സബ്‌സിഡികളാണ് ലഭിക്കുന്നത്. സ്വയം സഹായ പ്രത്യയശാസത്രം സര്‍ക്കാര്‍ ജീവനക്കാരെ സന്നദ്ധപ്രവര്‍ത്തകരാല്‍ പകരംവെക്കുന്നു. വലിയ ഉയര്‍ച്ച നേടാന്‍ സാധ്യതയുള്ള പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തിലെ താല്‍ക്കാലിക ജീവനക്കാരാക്കുന്നു. പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റ് വീക്ഷണത്തിന്റെ അടിസ്ഥാനതത്വശാസ്‌ത്രം ഐക്യദാര്‍ഢ്യത്തെ സഹകരണമായും നിയോലിബറലിസത്തിന്റെ സമ്പദ് വ്യവസ്ഥയോടുള്ള സമൂല അടിമത്തമായും മാറ്റുകയാണ്. സമ്പന്നര്‍ സര്‍ക്കാരിന്റെ സമ്പത്ത് ചോര്‍ത്തിയെടുക്കുന്നതില്‍നിന്നും ദരിദ്രരുടെ സ്വയംസഹായത്തിലേക്കു ശ്രദ്ധതിരിക്കുകയാണ് ലക്ഷ്യം.

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം ദരിദ്രര്‍ മെച്ചപ്പെട്ട നിലയിലെത്തണമെന്ന താല്പര്യമില്ല. കാരണം അത് ഭരണകൂടത്തിന്റെ ചുമതലയാണ്. മാര്‍ക്‌സിസ്‌റ്റ് സങ്കല്‍പ്പത്തിലുള്ള ഐക്യദാര്‍ഢ്യം ഇതിനു വിപരീതമാണ്. അത് വര്‍ഗ്ഗൈക്യത്തിലാണ് ഊന്നല്‍ കൊടുക്കുന്നത്. വര്‍ഗ്ഗത്തിനുള്ളില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിനാണ് പ്രാധാന്യം. വിദേശികളും രാജ്യത്തിനകത്തുളളവരുമായ മര്‍ദ്ദകര്‍ക്കെതിരെയാണ് ഈ ഐക്യദാര്‍ഢ്യം. അതിന്റെ പ്രാധാന്യലക്ഷ്യം വിദേശത്തുനിന്നുള്ള സംഭാവനകളല്ല. ഈ സംഭാവനകള്‍ വര്‍ഗ്ഗങ്ങളെ വിഭജിക്കാനും ചെറിയ കാലയളവിലേക്ക് ചെറുഗ്രൂപ്പുകളെ മരവിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. മാര്‍ക്‌സിസ്‌റ്റ് സങ്കല്‍പ്പത്തിലുള്ള ഐക്യദാര്‍ഢ്യം പൊതുവായ സാമ്പത്തിക പരിസരം പങ്കിടുന്നവരും സ്വന്തംനില മെച്ചപ്പെടുത്താന്‍ കൂട്ടായി പോരാടുന്നവരുമായ വര്‍ഗ്ഗത്തിലെ അംഗങ്ങള്‍ യോജിച്ച പ്രവര്‍ത്തനത്തില്‍ പ്രകടിപ്പിക്കുന്ന വികാരമാണ്. സാമൂഹ്യപ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളോട് ഐക്യം പ്രകടിപ്പിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ബുദ്ധിജീവികള്‍, ഒരേ രാഷ്‌ട്രീയ ലക്ഷ്യം പങ്കിടുന്നവര്‍ മുതലായവരെല്ലാം ഇതിലുള്‍പ്പെടും. ഈ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജൈവബുദ്ധിജീവികള്‍, വര്‍ഗ്ഗസമരത്തിന് വിശകലനരീതികളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വൈജ്ഞാനിക സംഭാവനകളും നല്‍കുന്നവര്‍ ഒക്കെ ഇതിലുള്‍പ്പെടും.

ഇതിനു വിരുദ്ധമാണ് മുതലാളിത്ത സ്ഥാപനങ്ങളുടെ വിപുലമായ ലോകത്തില്‍ വിശ്രമിക്കാനായക്കപ്പെടുന്ന പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ നില. അക്കാദമിക് സെമിനാറുകള്‍, വിദേശ ഫൌണ്ടേഷനുകള്‍, അന്താരാഷ്‌ട്രസമ്മേളനങ്ങള്‍, ബ്യൂറോക്രാറ്റിക് റിപ്പോര്‍ട്ടുകള്‍ എന്നിവക്കിടയിലാണ് അവര്‍ വ്യാപരിക്കുന്നത്. അവര്‍ എഴുതുന്നത് സങ്കീര്‍ണ്ണമായ ശൈലിയിലാണ്. പോസ്‌റ്റ് മോഡേണ്‍ ജടിലതകളാണ് നിറയെ. ആത്മനിഷ്‌ഠമായ അസ്‌തിത്വവാദ സ്വത്വത്തിന്റെ 'കള്‍ട്ടു'മായി ജ്ഞാനസ്‌നാനം ചെയ്യപ്പെടാത്തവര്‍ക്ക് ഈ ഭാഷ മനസ്സിലാക്കാനാവില്ല.

മാര്‍ക്‌സിസ്‌റ്റുകാരെ സംബന്ധിച്ചിടത്തോളം ഐക്യദാര്‍ഢ്യമെന്നത് പ്രസ്ഥാനത്തിന്റെ അപകടങ്ങളെ പങ്കുവെയ്‌ക്കുക എന്നതാണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യുകയും ഒന്നിനെയും പ്രതിരോധിക്കാതിരിക്കുകയും ചെയ്യുന്ന പുറമെയുള്ള അഭിപ്രായപ്രകടനക്കാരല്ല ഇതിലുള്‍പ്പെടുന്നത്. പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചാകട്ടെ മുഖ്യ ലക്ഷ്യം അവരുടെ 'പ്രോജക്ടിന്' വിദേശ ധനസഹായം കിട്ടുകയാണ്. മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം മുഖ്യപ്രശ്‌നം രാഷ്‌ട്രീയ സമരപ്രക്രിയയാണ്, സാമൂഹ്യനില മെച്ചപ്പെടുത്തലാണ്. സാമൂഹ്യമാറ്റത്തിനുള്ള അവബോധം വര്‍ധിപ്പിക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തനവും ബഹുഭൂരിപക്ഷത്തിന്റെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി രാഷ്‌ട്രീയാധികാരം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനവുമാണ് മാര്‍ക്‌സിസ്‌റ്റുകാര്‍ പ്രധാനമായി കാണുന്നത്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ ഐക്യദാര്‍ഢ്യം വിമോചനലക്ഷ്യത്തില്‍നിന്നും വേര്‍പെട്ട ഒന്നാണ്. ഒരു തൊഴിലിന്റെ പുനഃപരിശീലനത്തിനുള്ള സെമിനാറിന് ആളുകളെ സംഘടിപ്പിക്കുന്നതില്‍ കവിഞ്ഞ യാതൊന്നുമല്ല അത്. ഒരു കക്കൂസ് പണിയുന്നത്ര ലളിതമാണ് അത്. എന്നാല്‍ മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് യോജിച്ച പ്രക്ഷോഭത്തിനുള്ള ഐക്യദാര്‍ഢ്യമെന്നത് ഭാവിയിലെ പൊതുജനാധിപത്യസമൂഹത്തിന്റെ വിത്തുകള്‍ ഉള്ളടക്കം ചെയ്‌തിട്ടുള്ള പ്രവര്‍ത്തനമാണ്. വിപ്ളവങ്ങളുടെ വിശാല ഭൂമികയാണതിലൂടെ സൃഷ്‌ടിക്കപ്പെടുന്നത്.

ചൂഷകരുമായുള്ള സഹകരണമാണ് വര്‍ഗ്ഗ സമരത്തിന് ബദലായി പോസ്‌റ്റ് മാര്‍ക്‌സിസം മുന്നോട്ട് വയ്‌ക്കുന്നത്..

എല്ലാവരുമായി സഹകരണം വേണമെന്ന് വാദിക്കുന്ന പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ നിയോലിബറല്‍ ഭരണകൂടങ്ങളും വിദേശത്തുള്ള ഫണ്ടിംഗ് ഏജന്‍സികളുമായുള്ള സഹകരണത്തിന്റെ വിലയെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ഉത്കണ്ഠയുള്ളവരല്ല. വര്‍ഗ്ഗസമരമെന്നത് ഭൂതകാലത്തെ പ്രവര്‍ത്തനമായാണ് അവര്‍ വിലയിരുത്തുന്നത്. അത് നിലനില്‍ക്കുന്ന ഒരു പ്രക്രിയയല്ല. അതിനാല്‍ ദരിദ്രരോട് പുതിയ ജീവിതം രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെടുന്നു. അവര്‍ പരമ്പരാഗത രാഷ്‌ട്രീയത്തില്‍ നിരാശരാണ്. പരമ്പരാഗത പ്രത്യയശാസ്‌ത്രവും അത് പിന്തുടരുന്ന രാഷ്‌ട്രീയ നേതൃത്വവും ജനങ്ങളെ നിരാശരാക്കുന്നു എന്നാണ് വാദം. പ്രശ്‌നം മറ്റൊന്നുമല്ല. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ മധ്യവര്‍ത്തികളെന്നും ദല്ലാളന്മാര്‍ എന്നുമുള്ള നിലയ്‌ക്ക് വിദേശത്തുനിന്നു ഫണ്ട് നേടുന്ന പ്രാദേശിക സ്വീകര്‍ത്താക്കള്‍ക്കും വിദേശത്തുള്ള ദാതാക്കള്‍ക്കുമിടയില്‍ അവര്‍ക്കു സ്വീകാര്യമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്ന ജോലിയാണ് നിര്‍വ്വഹിക്കുന്നത്. ഫൌണ്ടേഷനുകളുടെ നടത്തിപ്പുകാര്‍ പുതിയൊരു രാഷ്‌ട്രീയത്തിലാണ് ഇടപെടുന്നത്. സമീപകാലം വരെയുണ്ടായിരുന്ന തൊഴില്‍ കരാറുകാരുടെ നിലവാരത്തിലുള്ളതാണ് ഈ പ്രവൃത്തി.

സ്‌ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും വന്‍കിട കയറ്റുമതിയുല്പാദകരുടെ ഉപകരാറുകാരായി മാറുന്ന ചെറുസ്ഥാപനങ്ങളുടെ അടിമകളാക്കി അവരെ മാറ്റാനും ലക്ഷ്യമിടുന്നു. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ പുതിയ രാഷ്‌ട്രീയം അനിവാര്യമായും ദല്ലാള്‍ രാഷ്‌ട്രീയമാണ്. അവര്‍ ദേശീയമായൊന്നും ഉല്പാദിപ്പിക്കുന്നില്ല. പകരം അവര്‍ വിദേശഫണ്ടു നല്‍കുന്നവരെ പ്രാദേശികതൊഴിലുമായി ബന്ധിപ്പിക്കുന്നു. സ്വയംസഹായ സൂക്ഷ്‌മസ്ഥാപനങ്ങളുടെ ഉല്പത്തി ഇങ്ങനെയാണ്. നിയോലിബറല്‍ ഭരണം തുടര്‍ന്നുപോകാനുള്ള ഉത്തേജനം നല്‍കുകയാണവര്‍ ചെയ്യുന്നത്. ഈയര്‍ത്ഥത്തില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ സന്നദ്ധസംഘടനകളുടെ മാനേജര്‍മാരായി പെരുമാറുന്നു. ഇവരുടെ പരിശീലനങ്ങളോ ശില്പശാലകളോ അടിസ്ഥാനപരമായി പ്രോജൿടുകളുടെ രാഷ്‌ട്രീയത്തിലോ ദാരിദ്ര്യം കുറയ്‌ക്കുന്നതിനുതകുന്ന സാമ്പത്തിക നടപടികളിലോ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗ്ഗസമരത്തില്‍ നിന്നും ജനങ്ങളെ വഴിതിരിച്ചുവിടുകയും ഭരണകൂടത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അപകടരഹിതവും ഫലശൂന്യവുമായ സഹകരണത്തിന്റെ രൂപങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ചൂഷകരുമായുള്ള സഹകരണമാണ് ഇതിന്റെ ഫലം.

മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടില്‍ വര്‍ഗ്ഗസമരവും ഏറ്റുമുട്ടലുകളും സമൂഹത്തിലെ യഥാര്‍ത്ഥ സാമൂഹ്യവിഭജനത്തിനു മേലാണ് നിര്‍മ്മിക്കപ്പെടുന്നത്. ലാഭം കൊയ്‌തെടുക്കുന്നവര്‍, പലിശ കൈക്കലാക്കുന്നവര്‍, വാടക പിരിക്കുന്നവര്‍, നികുതി വെട്ടിപ്പിടിക്കുന്നവര്‍ തുടങ്ങിയവര്‍ ഒരുവശത്തും കൂലി പരമാവധി വര്‍ധിപ്പിക്കണമെന്നും സാമൂഹ്യചെലവുകളും ഉല്പാദനപരമായ കാര്യങ്ങള്‍ക്കുള്ള മൂലധനനിക്ഷേപവും വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നവര്‍ മറുഭാഗത്തുമായാണ് ചേരിതിരിയുന്നത്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടുകളുടെ പ്രതികരണങ്ങള്‍ ഇപ്പോള്‍ എവിടെയും ദൃശ്യമാണ്. മുമ്പെന്നത്തേക്കാളും സ്വത്തിന്റെ കേന്ദ്രീകരണവും അസമത്വങ്ങളുടെ പെരുപ്പവും വിപുലമായിരിക്കുന്നു. ഒരു ദശകത്തിലേറെക്കാലത്തെ സഹകരണപ്രവര്‍ത്തനത്തിന്റെയും മൈക്രോ സംരംഭങ്ങളുടെയും സ്വയം സഹായത്തിന്റെയും ഫലമാണിത്. ഇപ്പോഴാകട്ടെ ഇന്റര്‍ അമേരിക്കന്‍ ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡി ബി) പോലുള്ളവ അഗ്രിബിസിനസ്സ് കയറ്റുമതിക്കു ഫണ്ടു നല്‍കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ ദശലക്ഷക്കണക്കിന് കര്‍ഷകതൊഴിലാളികളെ കൊള്ളയടിക്കാനും വിഷലിപ്‌തമാക്കാനും ശ്രമിക്കുന്നതോടൊപ്പം തന്നെ ചെറുസംരംഭങ്ങള്‍ക്കു പണം നല്‍കാനും അവ തുനിയുന്നുണ്ട്.

മൈക്രോ സംരംഭങ്ങളില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത് രാഷ്‌ട്രീയമായ എതിര്‍പ്പുകളെ നിരായുധീകരിക്കാനാണ്. മേല്‍തട്ടിലാകട്ടെ നിയോലിബറലിസം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. സഹകരണത്തിന്റെ പ്രത്യയശാസ്‌ത്രം ദരിദ്രരെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വഴി മേല്‍തട്ടിലെ നിയോലിബറലിസവുമായി ബന്ധിപ്പിക്കുന്നു. ബൌദ്ധികമായാകട്ടെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ബൌദ്ധിക പോലീസിങ്ങിലൂടെ ഗവേഷണങ്ങള്‍ എങ്ങനെയാവണമെന്നും വിഷയങ്ങള്‍ ഏതൊക്കെയാവണമെന്നും ആര്‍ക്കൊക്കെ ഫണ്ടു വിതരണം ചെയ്യണമെന്നും തീരുമാനിച്ച് ഗവേഷണവിഷയങ്ങളില്‍ വര്‍ഗ്ഗസമീപനങ്ങളും സമരോത്സുകവീക്ഷണങ്ങളും ഒഴിവാക്കുന്ന അരിപ്പപോലെ പ്രവര്‍ത്തിക്കുന്നു.

മാര്‍ക്‌സിസ്‌റ്റുകാര്‍ ഗൌരവമേറിയ സംവാദങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും പ്രത്യയശാസ്‌ത്രവാദികളെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. അതേസമയം തന്നെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ സാമൂഹ്യശാസ്‌ത്രജ്ഞര്‍ എന്ന നിലക്ക് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ബുദ്ധിജീവിപട്ടവും പ്രസിദ്ധീകരണങ്ങളും സമ്മേളനങ്ങളും ഗവേഷണത്തിനുള്ള ഫണ്ടുകളും ഒക്കെ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് അധികാരത്തിന്റെ ശക്തമായ അടിത്തറ നിര്‍മ്മിക്കുന്നു. എപ്പോഴും വിദേശത്തുനിന്നുള്ള ഫണ്ടിംഗ് മേധാവികളുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ഇവരുടെ ശ്രമം.
മാര്‍ക്‌സിസത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ബുദ്ധിജീവികള്‍ക്കുള്ള കരുത്ത്; മാറിവരുന്ന സാമൂഹ്യസാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെടുന്നതാണ് അവരുടെ ആശയങ്ങള്‍ എന്നതാണ്. വര്‍ഗ്ഗങ്ങളുടെ ധ്രുവീകരണവും അതിശക്തമായ ഏറ്റുമുട്ടലുകളും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുള്ള മാര്‍ക്‌സിസ്‌റ്റ് പ്രവചനം ശരിവെക്കപ്പെടുകയാണ്.

ശീതയുദ്ധം തീര്‍ന്നുവെന്നും സാമ്രാജ്യത്വ വിരുദ്ധതക്ക് പ്രസക്തിയില്ലെന്നും വാദിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

സമീപകാലത്തായി പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ രാഷ്‌ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് സാമ്രാജ്യത്വവിരുദ്ധത അപ്രത്യക്ഷമായിരിക്കുന്നു. മധ്യ അമേരിക്കയിലെ മുന്‍ഗറില്ലകളൊക്കെ തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. സന്നദ്ധസംഘടനകളെ നയിക്കുന്ന പ്രഫഷണലുകള്‍ സംസാരിക്കുന്നത് അന്താരാഷ്‌ട്ര സഹകരണത്തെക്കുറിച്ചും പരസ്‌പരാശ്രിതത്വത്തെക്കുറിച്ചുമാണ്. എന്നിട്ടും ലാറ്റിനമേരിക്കക്കാരന്റെ പേരില്‍ ഭീമാകാരമായ തുകയാണ് യൂറോപ്പിലെയും അമേരിക്കയിലേയും ജപ്പാനിലേയും ബാങ്കുകളിലേക്ക് ഒഴുകുന്നത്.
പൊതുസ്വത്ത്, ബാങ്കുകള്‍ എന്നിവക്കു പുറമെ പ്രകൃതി വിഭവങ്ങളും കുറഞ്ഞ വിലനല്‍കി അമേരിക്കയിലെയും യൂറോപ്പിലേയും ബഹുരാഷ്‌ട്രകുത്തകകള്‍ കൊള്ളയടിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കുകളില്‍ വന്‍നിക്ഷേപമുള്ള ശതകോടീശ്വരന്മാരായ ലാറ്റിനമേരിക്കക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം തന്നെ രാജ്യമെങ്ങും വ്യവസായശാലകളുടെ ശവപ്പറമ്പായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാമങ്ങള്‍ ജനവാസമില്ലാത്തിടങ്ങളായിരിക്കുന്നു.

അമേരിക്കക്ക് കൂടുതല്‍ സൈനികോപദേശകരുണ്ടായിരിക്കുന്നു. മയക്കുമരുന്നു വേട്ടക്കുള്ള ഉദ്യോഗസ്ഥരും വര്‍ധിച്ചിരിക്കുന്നു. ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്തവിധം ലാറ്റിനമേരിക്കന്‍ പോലീസിനെ നയിക്കാന്‍ അമേരിക്കന്‍ പോലീസ് സംവിധാനം സജ്ജമായിരിക്കുന്നു. ചില മുന്‍ സാന്‍ഡിനിസ്‌റ്റുകളും മുന്‍ ഫാറാ ബുന്‍ഡിസ്‌റ്റുകളും ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് സാമ്രാജ്യത്വവിരുദ്ധത (സാമ്രാജ്യത്വവും) ശീതയുദ്ധം അവസാനിച്ചതോടെ അപ്രസക്തമായി എന്നാണ്. പ്രശ്‌നം വിദേശമൂലധന നിക്ഷേപമോ വിദേശധനസഹായമോ അല്ല അവയുടെ അഭാവമാണെന്നും കൂടുതല്‍ സാമ്രാജ്യത്വസഹായം ആവശ്യമാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

ഈ സാമ്പത്തികവും രാഷ്‌ട്രീയവുമായ മിഥ്യാടനക്കാര്‍ക്ക് തിരിച്ചറിയാനാകാത്തത് വായ്പയുടെയും മൂലധനനിക്ഷേപത്തിന്റെയും വഴിയില്‍ സാമ്രാജ്യത്വം സഞ്ചരിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള തൊഴില്‍ തേടിയാണെന്ന വസ്‌തുതയാണ്. ലാറ്റിനമേരിക്കയെ സംബന്ധിച്ചിടത്തോളം സാമൂഹ്യമായ നിയമങ്ങളെ ഇല്ലാതാക്കുകയും വന്‍കരയാകെ വന്‍കിട പ്ളാന്റേഷനുകളും വലിയ ഖനനമേഖലയും വലിയ സ്വതന്ത്രവ്യാപാരമേഖലയും ആക്കിമാറ്റി അവകാശങ്ങളും പരമാധികാരവും സമ്പത്തും കൊള്ളയടിക്കുകയുമാണ് അവരുടെ ലക്ഷ്യം. സാമ്രാജ്യത്വ ചൂഷണം ആഴമേറിയതാകുന്നുവെന്ന മാര്‍ക്‌സിസ്‌റ്റ് നിലപാട് വ്യക്തമാക്കുംവിധം സാമൂഹ്യബന്ധങ്ങളിലും ഉല്പാദനമേഖലയിലും ഈ പ്രവണത പ്രതിഫലിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും ആശ്രിതമുതലാളിത്തത്തിന്റെയും സ്വഭാവത്തില്‍ ഇത് പ്രകടമാവുന്നുണ്ട്.

യു.എസ്.എസ്.ആറിന്റെ തകര്‍ച്ച സാമ്രാജ്യത്വ ചൂഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ (മുന്‍ മാര്‍ക്‌സിസ്‌റ്റുകള്‍) വിശ്വസിക്കുന്നതുപോലെ ഏകധ്രുവലോകം കൂടുതല്‍ സഹകരണമുള്ളതായി മാറുകയല്ല ഉണ്ടായത്. പനാമ, ഇറാഖ്, സൊമാലിയ, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സാമ്രാജ്യത്വം നടത്തിയ ഇടപെടല്‍ തന്നെ ദൃഷ്‌ടാന്തം. സാമ്രാജ്യത്വത്തിന്റെ ചലനാത്മകത സോവിയറ്റ് യൂണിയനുമായി പുറമെയുണ്ടായിരുന്ന മത്സരത്തിന്റെ ഫലമായിരുന്നില്ല മറിച്ച് ആഭ്യന്തരമൂലധനത്തിന്റെ ചലനാത്മകതയുമായുമായി ബന്ധപ്പെട്ടതായിരുന്നു. ആഭ്യന്തരകമ്പോളത്തിന്റെ നഷ്‌ടവും ലാറ്റിനമേരിക്കയെന്ന പുറം കമ്പോളത്തിലെ പ്രശ്‌നങ്ങളും പ്രാക് ദേശീയ ഘട്ടത്തിലേക്ക് പിന്മടങ്ങാന്‍ സാമ്രാജ്യത്വത്തെ നിര്‍ബന്ധിക്കുന്നു. ലാറ്റിനമേരിക്കയിലെ സമ്പദ് വ്യവസ്ഥ കൊളോണിയല്‍ ഭൂതകാലത്തെ പ്രതിബിംബിപ്പിച്ചുതുടങ്ങിയിരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ ഇപ്പോഴുള്ള പോരാട്ടം രാജ്യത്തെ ആഭ്യന്തരകമ്പോളം പുനഃസൃഷ്‌ടിക്കാനും ഉല്പാദനസമ്പദ്ക്രമം ശക്തിപ്പെടുത്താനും സാമൂഹ്യഉല്പാദനവും ഉപഭോഗവുമായി ബന്ധപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തെ ശക്തിപ്പെടുത്താനും ശ്രമിച്ചുകൊണ്ടാണ് നടത്തേണ്ടത്.

സാമൂഹികമാറ്റത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടിനെ പോസ്‌റ്റ് മാര്‍ക്‌സിസം ദുര്‍ബലപ്പെടുത്തുന്നത് എന്‍.ജി.ഒ.കളെ ഉപയോഗിച്ചാണെന്നു പറയാമോ?

സാമൂഹ്യമാറ്റത്തിനെക്കുറിച്ച് രണ്ട് സമീപനങ്ങള്‍ ഇന്നുണ്ട്. ആദ്യത്തേത് വര്‍ഗ്ഗസംഘടനകളും രണ്ടാമത്തേത് സന്നദ്ധസംഘടനകളും മുന്നോട്ടുവെക്കുന്നു. സാമ്രാജ്യത്വത്തിനും അതിന്റെ ദല്ലാള്‍മാരായ ഭരണാധികാരികള്‍ക്കുമെതിരെ ഏതുതരം സമീപനം സ്വീകരിക്കണം എന്ന കാര്യത്തില്‍ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ സാംസ്‌ക്കാരികരംഗത്തും പ്രത്യയശാസ്‌ത്രരംഗത്തും ജനകീയ പ്രസ്ഥാനങ്ങള്‍ക്കുള്ളിലും സമൂഹത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ചില നിലപാടുണ്ട്. രണ്ടു മുന്നണികളിലൂടെയാണ് നിയോലിബറലിസം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക രാഷ്‌ട്രീയതലത്തിലും, ഭരണകൂടത്തിലും ജനവിഭാഗങ്ങളിലും എന്ന നിലയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. മേല്‍തട്ടില്‍ നിയോലിബറല്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നത്; പതിവുരീതിയില്‍ ലോകബാങ്ക്, ഐ എം എഫ്, വാഷിങ്ടണ്‍ ബോണ്‍, ടോക്കിയോ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിയോലിബറല്‍ ഭരണകൂടങ്ങള്‍ ആഭ്യന്തരകയറ്റുമതിക്കാര്‍, വന്‍ബിസിനസ്സ് സാമ്രാജ്യങ്ങള്‍, ബാങ്കര്‍മാര്‍ എന്നിവരിലൂടെയാണ്. 1980കളുടെ തുടക്കത്തില്‍ നിയോലിബറല്‍ ഭരണവര്‍ഗ്ഗത്തിലെ ചില ഘടകങ്ങള്‍ തങ്ങളുടെ നയങ്ങള്‍ സമൂഹത്തില്‍ വലിയ തോതിലുളള ധ്രുവീകരണം സൃഷ്‌ടിക്കുന്നുണ്ടെന്നും വന്‍തോതില്‍ സാമൂഹ്യഅസംതൃപ്‌തിക്കു വഴിമരുന്നിടുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. നിയോലിബറല്‍ രാഷ്‌ട്രീയനേതൃത്വം വന്‍തോതില്‍ പണമൊഴുക്കി ഒരു സമാന്തര തന്ത്രത്തിനു രൂപം നല്‍കി. അടിത്തട്ടില്‍ നിന്നുളള പ്രവര്‍ത്തനമായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. അടിത്തട്ടിലുളള സംഘടനകള്‍ ഭരണകൂട വിരുദ്ധ സ്വഭാവത്തോടെയുള്ള പ്രത്യയശാസ്‌ത്രം ഉയര്‍ത്തിപ്പിടിച്ച് ശക്തമായി ഏറ്റുമുട്ടിയിരുന്ന സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. സമ്മര്‍ദ്ദങ്ങളെ തടയുന്ന ഒരുതരം സാമൂഹ്യ മെത്ത സൃഷ്‌ടിക്കുകയാണ് അവര്‍ ലക്ഷ്യമിട്ടത്. ഈ സംഘടനകളെല്ലാം സാമ്പത്തികമായി ആശ്രയിച്ചുകൊണ്ടിരുന്നത് നിയോലിബറല്‍ സ്രോതസ്സുകളെയായിരുന്നു. പ്രാദേശികനേതാക്കളെയും സജീവമായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളെയും സ്വാധീനിക്കാന്‍ സാമൂഹ്യ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി മത്സരിക്കാന്‍ ഇവ പ്രത്യക്ഷമായി രംഗത്തുണ്ടായിരുന്നു. 1990കളോടെ ഈ സംഘടനകളെല്ലാം ഗവണ്‍മെന്റിതര സംഘടനകള്‍ (നോണ്‍ ഗവണ്‍മെന്റല്‍) എന്നറിയപ്പെടാന്‍ തുടങ്ങി. ലോകത്തെങ്ങും ഇത്തരം ആയിരക്കണക്കിനു സംഘടനകള്‍ രൂപപ്പെട്ടു. 1990കളുടെ തുടക്കത്തില്‍ നാല് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇവയ്‌ക്കായി സാമ്രാജ്യത്വം ചെലവഴിച്ചത്.

90കളില്‍ ഉയര്‍ന്നുവന്ന ആഗോളവല്‍ക്കരണ വിരുദ്ധ ആഗോളസമരങ്ങള്‍ അട്ടിമറിച്ചതിന്റെ പിന്നില്‍ എന്‍.ജി.ഒ.കളല്ലെ ഉള്ളത് ?

ലാറ്റിനമേരിക്കയിലെ ഗവണ്‍മെന്റിതര സംഘടനകളുടെ (എന്‍.ജി.ഒ.) രാഷ്‌ട്രീയസ്വഭാവം സംബന്ധിച്ച ആശയക്കുഴപ്പം 1970കളില്‍ പട്ടാളഭരണകാലത്തുതന്നെ രൂപപ്പെട്ടതാണ്. അക്കാലത്ത് അവരുടെ ദൌത്യം സൈനിക ഭരണത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുകയും ദുരിതബാധിതര്‍ക്ക് മാനുഷികമായ പിന്‍തുണ ഉറപ്പാക്കുകയായിരുന്നു. നിയോലിബറല്‍ ഏകാധിപത്യഭരണകൂടങ്ങള്‍ അടിച്ചേല്‍പ്പിച്ച ആദ്യഘട്ട ഷോക് ചികിത്സക്കിരയായവര്‍ക്ക് അതിജീവനത്തിനുതകുംവിധം സൂപ്പ് നല്‍കുന്ന അടുക്കളകള്‍ സ്ഥാപിച്ചാണ് എന്‍.ജി.ഒകള്‍ മുന്നേറിയത്. ഈ ഘട്ടം ഇടതുപക്ഷക്കാര്‍ക്കിടയില്‍ പോലും ഗവണ്‍മെന്റിതരസംഘടനകളെ സംബന്ധിച്ച് അനുകൂലമായ പ്രതിച്‌ഛായ സൃഷ്‌ടിച്ചു. അവര്‍ പുരോഗമനചേരിയുടെ ഭാഗമായി കണക്കാക്കപ്പെട്ടു. അപ്പോള്‍ പോലും എന്‍.ജി.ഒകളുടെ പരിമിതി വെളിപ്പെട്ടിരുന്നു. പ്രാദേശികമായി ഏകാധിപത്യഭരണകൂടങ്ങളുടെ മനുഷ്യാവകാശലംഘനങ്ങളെ എതിര്‍ക്കുമ്പോഴും ഈ ഭരണകൂടങ്ങളെ സംരക്ഷിക്കുകയും ധനസഹായം നല്‍കുകയും ചെയ്‌ത യൂറോപ്പിലെ യജമാനന്മാരെ തള്ളിപ്പറയാന്‍ എന്‍.ജി.ഒകള്‍ക്ക് സാധിച്ചില്ല. മാത്രവുമല്ല നിയോലിബറല്‍ സാമ്പത്തിക നയങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സാമ്രാജ്യത്വത്തിന്റെ ഈ ഘട്ടവുമായി ബന്ധിപ്പിച്ച് ഒരന്വേഷണവും ഗൌരവമായി നടത്താന്‍ അവര്‍ തയ്യാറായില്ല. പുറമെ നിന്നുള്ള ഫണ്ടിംഗിന്റെ സാധ്യതകളാവും ഇത്തരമൊരു വിമര്‍ശനത്തിന്റെയും മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെയും പരിമിതിക്കിടയാക്കിയത്.

1980കളില്‍ വളര്‍ന്നുവന്ന നിയോലിബറലിസത്തോടുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ ഗവണ്‍മെന്റുകളും ലോകബാങ്കും എന്‍.ജി.ഒകള്‍ക്കുള്ള ഫണ്ടിന്റെ തോത് വര്‍ധിപ്പിച്ചു. നിയോലിബറല്‍ മാതൃകക്കെതിരെയുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കൊപ്പം തന്നെ അവയെ അട്ടിമറിക്കുന്നതിന് എന്‍.ജി.ഒകളെ ഉപയോഗിച്ച് ബദല്‍ സാമൂഹ്യപ്രവര്‍ത്തനം സംഘടിപ്പിക്കുന്ന രീതിയും വികസിച്ചു. ഗവണ്‍മെന്റിതര സംഘടനകളും ലോകബാങ്കും തമ്മിലുള്ള അടിസ്ഥാനപരമായ അഭിപ്രായൈക്യം ഭരണകൂടത്തോടുള്ള സമീപനത്തിലാണ് ദൃശ്യമായത്. രണ്ടുകൂട്ടര്‍ക്കും ഭരണകൂടത്തോട് കടുത്ത എതിര്‍പ്പുണ്ട്. ഉപരിതലത്തില്‍ ഇടതുപക്ഷനിലപാടെന്നുതോന്നും മട്ടില്‍ ഗവണ്‍മെന്റിതര സംഘടനകള്‍ പൌരസമൂഹത്തിന്റെ പക്ഷത്തുനിന്ന് ഭരണകൂടത്തെ വിമര്‍ശിച്ചു. വലതുപക്ഷം കമ്പോളത്തിന്റെ പേരുപറഞ്ഞും ഇതേവിമര്‍ശനങ്ങള്‍ ഉന്നയിച്ചു. യഥാര്‍ത്ഥത്തില്‍ ലോകബാങ്കും നിയോലിബറല്‍ ഭരണകൂടങ്ങളും പാശ്ചാത്യഫൌണ്ടേഷനുകളും ഒത്തുചേരുകയും ഗവണ്‍മെന്റിതരസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ദേശീയ ക്ഷേമരാഷ്‌ട്രമെന്നതിനെ ചുരുക്കിക്കാണാനും ബഹുരാഷ്‌ട്രകുത്തകകളുടെ ഇരകള്‍ക്ക് സാമൂഹ്യസേവനം ഉറപ്പാക്കാനും ഇതിലൂടെ കഴിഞ്ഞു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ മേല്‍തട്ടിലെ നിയോലിബറല്‍ ഭരണകൂടങ്ങള്‍ രാജ്യത്തെ ജനസമൂഹങ്ങളെ കുറഞ്ഞനിരക്കിലുള്ള ഇറക്കുമതിയിലൂടെയും ആഭ്യന്തരകടം തിരിച്ചടക്കലിലൂടെയും തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെയും തുച്‌ഛമായ കൂലിക്കു ജോലി ചെയ്യുന്നവരുടെയും തൊഴില്‍രഹിതരുടെയും കൂട്ടമാക്കി മാറ്റി. ഗവണ്‍മെന്റിതര സംഘടനകളാകട്ടെ വലിയ തോതില്‍ ഫണ്ടുകൈപ്പറ്റി സ്വയം സഹായപദ്ധതികളും ജനകീയ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നടപ്പാക്കി താല്‍ക്കാലികമായെങ്കിലും ദരിദ്രരുടെ ചെറുസംഘടനകളെയും പ്രാദേശികയ രാഷ്‌ട്രീയ നേതൃത്വത്തെയും സ്വാംശീകരിച്ചു. വ്യവസ്ഥാ വിരുദ്ധ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു. നിയോലിബറലിസത്തിന്റെ സാമൂഹ്യമുഖമായി ഗവണ്‍മെന്റിതരസംഘടനകള്‍ മാറി.

തുടക്കത്തില്‍ മേല്‍ത്തട്ടില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അപകടകരമായ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലെ പ്രോജക്ടുകളിലൂടെ അവര്‍ വ്യാപകമാക്കി. ഫലത്തില്‍ നിയോലിബറലുകള്‍ ദ്വിമുഖമായ പ്രവര്‍ത്തനശൈലി നടപ്പാക്കി. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷം നിയോലിബറലിസത്തെ മേല്‍തട്ടിലും രാജ്യങ്ങള്‍ക്ക് പുറത്തും (ഐ.എം.എഫ്, ലോകബാങ്ക്) കേന്ദ്രീകരിച്ച് ആക്രമിക്കാനാണ് ശ്രമിച്ചത്. താഴെതട്ടില്‍ നടപ്പാക്കപ്പെടുന്ന നിയോലിബറലിസത്തെ (സന്നദ്ധസംഘടനകള്‍, മൈക്രോ സംരംഭങ്ങള്‍ തുടങ്ങിയവ) അവര്‍ അവഗണിച്ചു. ഈ കാഴ്‌ചയില്ലായ്‌മയുടെ കാരണം പല മുന്‍മാര്‍ക്‌സിസ്‌റ്റുകളും എന്‍.ജി.ഒ ഫോര്‍മുലയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പരിവര്‍ത്തിക്കപ്പെട്ടതുമാകാം.

വര്‍ഗ്ഗരാഷ്‌ട്രീയത്തില്‍ നിന്നും കമ്മ്യൂണിറ്റി വികസനത്തിലേക്കുള്ള പ്രത്യയശാസ്‌ത്രപരമായ യാത്രക്കുള്ള ടിക്കറ്റ് നല്‍കുന്നത് പോസ്‌റ്റ് മാര്‍ക്‌സിസമാണ്. മാര്‍ക്‌സിസത്തില്‍ നിന്നും എന്‍.ജി.ഒ കളിലേക്കുള്ള യാത്രയാണിത്. നിയോലിബറലുകള്‍ അത്യപൂര്‍വ്വമായ സര്‍ക്കാര്‍ സ്വത്തുക്കള്‍ സ്വകാര്യമേഖലയിലെ ധനികര്‍ക്ക് കൈമാറുമ്പോള്‍ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ ഭാഗമാകാന്‍ എന്‍.ജി.ഒകള്‍ തയ്യാറല്ല. മറുവശത്താകട്ടെ ഇവര്‍ പ്രാദേശികമായി സ്വകാര്യപദ്ധതികളില്‍ സജീവവുമാണ്. സ്വകാര്യസംരംഭകത്വവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളില്‍ അവര്‍ ആഴ്ന്നിറങ്ങന്നു. സ്വയം സഹായത്തിന്റെ പേരിലാണീ പ്രവര്‍ത്തനം. മൈക്രോസംരംഭങ്ങളുടെ മേല്‍ കേന്ദ്രീകരിച്ചാണ് പ്രാദേശിക സമൂഹങ്ങളില്‍ ഈ പ്രവര്‍ത്തനം നടത്തുന്നത്.

ചെറുകിട മുതലാളിമാര്‍ക്കും സ്വകാര്യവല്‍ക്കരണത്തിലൂടെ വന്‍ലാഭം കൊയ്യുന്ന കുത്തകകള്‍ക്കുമിടയില്‍ ആശയപരമായ ഒരു പാലം പണിയുകയാണ് എന്‍.ജി.ഒകള്‍ ചെയ്യുന്നത്. ഭരണകൂടത്തോടുള്ള എതിര്‍പ്പ് മറയാക്കിയും പൌരസമൂഹംസൃഷ്‌ടിച്ചുമാണ് ഇത് നടപ്പാക്കുന്നത്. വന്‍കിടക്കാരായ സമ്പന്നര്‍ക്ക് വലിയ സാമ്പത്തികസാമ്രാജ്യങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി ലഭിക്കുമ്പോള്‍ എന്‍.ജി.ഒകളില്‍ അണിചേരുന്ന ഇടത്തരക്കാരായ പ്രൊഫഷണലുകള്‍ക്ക് ഓഫീസുകളുടെ നടത്തിപ്പിനും യാത്രാച്ചെലവിനും ചെറുകിട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെറിയ തുക ലഭിക്കും.

അരാഷ്‌ട്രീയവല്‍ക്കരണവും, മധ്യവര്‍ഗ്ഗവല്‍ക്കരണവും പോസ്‌റ്റ് മാര്‍ക്‌സിസം ഏറ്റെടുത്തതിന്റെ അനുഭവങ്ങള്‍?

എന്‍.ജി.ഒ പ്രവര്‍ത്തനത്തിലൂടെ പ്രകടമാവുന്ന രാഷ്‌ട്രീയ പ്രശ്‌നം സുപ്രധാനമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഗവണ്‍മെന്റിതരസംഘടനകള്‍ അരാഷ്‌ട്രീയവല്‍ക്കരിച്ചു എന്നതാണത്. പൊതുമേഖലയിലെ തൊഴിലിനോടുള്ള പ്രതിബദ്ധതയെ അവര്‍ കുറച്ചു. രാഷ്‌ട്രീയബോധമുള്ള നേതൃത്വത്തെ ചെറുപദ്ധതികളില്‍ അവ തളച്ചിട്ടു. പൊതുവിദ്യാഭ്യാസത്തെയും അവിടത്തെ ജീവനക്കാരെയും തകര്‍ക്കുന്നതിനെതിരെ പൊതുമേഖലയിലെ അധ്യാപകര്‍ പ്രക്ഷോഭം നടത്തുമ്പോള്‍ ഗവണ്‍മെന്റിതര സംഘടനകള്‍ അതില്‍നിന്നും വിട്ടുനില്‍ക്കും. ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിനെതിരെയും കൂലികുറയ്‌ക്കുന്നതിനെതിരെയും പ്രക്ഷോഭം ഉയര്‍ന്ന ഒരിടത്തും എന്‍.ജി.ഒകള്‍ അതിനെ പിന്താങ്ങിയ അനുഭവമില്ല. പ്രായോഗികമായി ഗവണ്‍മെന്റിതര സംഘടനകള്‍ പൊതുവായ ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള നടപടികളെ പിന്തുണയ്‌ക്കുകയും നിയോലിബറലുകളുടെ ഫണ്ടിന്റെ സിംഹഭാഗവും സ്വതന്ത്രമാക്കി വന്‍കിട കയറ്റുമതിക്കാര്‍ക്ക് സബ്‌സിഡിയായിട്ടുറപ്പാക്കുകയും ഇതിനു പ്രതിഫലമായി എന്‍.ജി.ഒകള്‍ക്ക് ചെറിയ തുക ഉറപ്പുവരുത്തുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റിതര സംഘടകനകള്‍ ഗവണ്‍മെന്റിതരമല്ല. അവര്‍ വിദേശ ഗവണ്‍മെന്റുകളില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്നവരോട് പ്രാദേശികസര്‍ക്കാരുകളുടെ സ്വകാര്യ സബ് കോണ്‍ട്രാക്‌ടര്‍ ജോലി ഏറ്റെടുക്കുന്നവരോ ആണ്.

രാജ്യത്തിനകത്തും പുറത്തും നിരന്തരമായി പരസ്യമായിത്തന്നെ ഗവണ്‍മെന്റ് ഏജന്‍സികളുമായി സഹകരിക്കുന്നവരാണ് അവര്‍. ഈ സബ് കോണ്‍ട്രാക്‌ട് പ്രൊഫഷണലുകളുമായുള്ള ഉറച്ച കോണ്‍ട്രാക്‌ടുകളെ പിന്തള്ളുന്നു. ആവശ്യാനുസരണം ഇക്കൂട്ടര്‍ പകരം വെക്കപ്പെടുന്നു. ക്ഷേമരാഷ്‌ട്രങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദീര്‍ഘകാല ക്ഷേമപരിപാടികളൊന്നും ഗവണ്‍മെന്റിതര സംഘടനകള്‍ക്കു നിര്‍വ്വഹിക്കാനാകില്ല. സമൂഹത്തിലെ ചെറുസംഘങ്ങള്‍ക്ക് പരിമിതമായ സേവനം നല്‍കാനേ അവയ്‌ക്കു സാധിക്കൂ. ഇതിനേക്കാള്‍ പ്രധാനമാണ് പ്രാദേശിക തലത്തിലെ ജനങ്ങളോടല്ല, വിദേശത്തെ ഫണ്ടിംഗ് മുതലാളിമാരോടാണ് അവര്‍ക്ക് കടപ്പാട് എന്നത്. സാമൂഹ്യപ്രവര്‍ത്തനരംഗത്തെ പ്രാദേശികതലങ്ങളിലെ ജനങ്ങളില്‍നിന്നും തട്ടിയെടുക്കുന്നതിലൂടെ ജനാധിപത്യപ്രക്രിയ തന്നെ ചെറുതാക്കുകയാണ് ഗവണ്‍മെന്‍രിതര സംഘടനകള്‍ ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കുപകരം ആരും തെരഞ്ഞെടുക്കാത്ത വിദേശത്തെ ഉദ്യോഗസ്ഥരുമായും പ്രാദേശികമായി അവര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരുമായാണ് എന്‍.ജി.ഒ കള്‍ ബന്ധപ്പെടുന്നത്. ദേശീയ ബജറ്റ് അടക്കമുള്ള ഗൌരവാവഹമായ പ്രശ്‌നങ്ങളില്‍നിന്നും എന്‍.ജി.ഒകള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും പ്രക്ഷോഭത്തിനുപകരം പ്രാദേശിക സേവനങ്ങള്‍ക്കായി സ്വയം ചൂഷണത്തിന് ജനതയെ വിധേയമാക്കുകയും ചെയ്യുന്നു. നിയോലിബറലുകള്‍ക്ക് സാമൂഹ്യബജറ്റ് വെട്ടിച്ചുരുക്കാന്‍ അവസരം കിട്ടുന്നു. രാജ്യത്തിന്റെ ധനം കടം തിരിച്ചടക്കാത്തവര്‍ക്കും സ്വകാര്യബാങ്കുകള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഒക്കെ നേട്ടമുണ്ടാക്കാന്‍ വഴിതിരിച്ചുവിടപ്പെടുകയും ചെയ്യുന്നു. സ്വയം ചൂഷണം (സ്വയംസഹായം) എന്നതിനര്‍ത്ഥം ഗവണ്‍മെന്റിനു നികുതികൊടുക്കുന്നതിനുപകരമായി യാതൊന്നും കിട്ടുന്നില്ല എന്നാണ്. തൊഴിലാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ അധികം ജോലി ചെയ്യേണ്ടിവരുന്നു. മുതലാളിമാര്‍ക്ക് ഇന്ധനവും സേവനങ്ങളുമൊക്കെ ഗവണ്‍മെന്റില്‍ നിന്ന് സൌജന്യമായി ലഭിക്കുന്നു.
അടിസ്ഥാനപരമായി എന്‍.ജി.ഒ പ്രത്യയശാസ്‌ത്രമായ സ്വകാര്യ സന്നദ്ധപ്രവര്‍ത്തനം ഗവണ്‍മെന്റിന് പൌരന്മാരെ സംരക്ഷിക്കാനും സമത്വവും ആഹ്ളാദകരമായ ജീവിതാവസ്ഥയും ഉറപ്പാക്കാനുമുള്ള ചുമതലയുണ്ടെന്ന് ധാരണയെ തിരുത്തുന്നതിനാണ് പരിശ്രമിക്കുന്നത്.

പൌരന്മാരുടെ ക്ഷേമത്തിന് ഭരണകൂടത്തിന്റെ രാഷ്‌ട്രീയമായ ഉത്തരവാദിത്വം അത്യാവശ്യമാണ്. പൊതുവായ ഈ ഉത്തരവാദിത്വത്തിന് പകരം ഗവണ്‍മെന്റിതര സംഘടനകള്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് സ്വകാര്യ ഉത്തരവാദിത്തവും അവ പരിഹരിക്കാന്‍ സ്വകാര്യവിഭവങ്ങളും എന്ന നിയോലിബറല്‍ ആശയമാണ് മുന്നോട്ടുവെക്കുന്നത്. ഫലത്തില്‍ ദരിദ്രര്‍ക്കുമേല്‍ രണ്ടുതരം ഭാരമാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്. അവര്‍ക്ക് നിയോലിബറല്‍ ഭരണകൂടങ്ങല്‍ക്ക് നികുതി നല്‍കി ധനികരെ സേവിക്കുന്നതോടൊപ്പം സ്വന്തം കാര്യങ്ങള്‍ക്ക് സ്വകാര്യ ചൂഷണത്തെ ആശ്രയിക്കേണ്ടതായും വരുന്നു.

എന്‍.ജി.ഒ.കള്‍ സാമൂഹികവിരുദ്ധ പ്രസ്ഥാനങ്ങളായി നീങ്ങുന്നതിനെക്കുറിച്ച് ?

ഗവണ്‍മെന്റിതര സംഘടനകള്‍ ഊന്നല്‍ നല്‍കുന്നത് പ്രസ്ഥാനങ്ങള്‍ക്കല്ല പ്രോജക്‌ടുകള്‍ക്കാണ്. അവര്‍ ജനങ്ങളെ സംഘടിപ്പിക്കുന്നത് പരിമിതമായ ഉല്പാദനത്തിനാണ്. അല്ലാതെ അടിസ്ഥാനപരമായ ഉല്പാദനോപാധികളെയും സമ്പത്തിനെയും നിയന്ത്രിക്കാനുള്ള പോരാട്ടത്തിനല്ല. ജനങ്ങളുടെ നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന ഘടനകളുടെ വ്യവസ്ഥയിലല്ല അവര്‍ കേന്ദ്രീകരിക്കുന്നത്. പകരം സാമ്പത്തികവും സാങ്കേതികവുമായ സഹായത്തിലൂടെ പ്രോജക്‌ടുകള്‍ മെച്ചപ്പെടുത്തുന്നതിലാണ്. ഇടതുപക്ഷത്തിന്റെ ഭാഷ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ജനകീയാധികാരം', 'ശാക്തീകരണം', 'ലിംഗപരമായ തുല്യത', 'സുസ്ഥിര വികസനം', കീഴ്‌തട്ടില്‍ നിന്നുള്ള നേതൃത്വം' തുടങ്ങിയവ ദൃഷ്‌ടാന്തം, ഇവിടുത്തെ പ്രശ്‌നം ഈ ഭാഷാപ്രയോഗങ്ങള്‍ ബന്ധപ്പെടുന്നത് ഫണ്ടുനല്‍കുന്നവരുമായും ഗവണ്‍മെന്റ് ഏജന്‍സികളുമായുള്ള സഹകരണത്തിന്റെ ചട്ടക്കൂടിലാണ് എന്നതാണ്. ഏറ്റു മുട്ടലുകളില്ലാത്ത രാഷ്‌ട്രീയ പ്രയോഗത്തിന്റെ പ്രാദേശികതലമായ ശാക്തീകരണം സാമൂഹ്യജീവിതത്തിന്റെ ചെറിയ മേഖലയെ സ്വാധീനിക്കുന്നതിനപ്പുറം മുന്നേറുന്നില്ല. നിയോലിബറല്‍ രാഷ്‌ട്രവും സ്ഥൂലസമ്പദ് വ്യവസ്ഥയും അനുവദിക്കുന്നതിനപ്പുറം ശാക്തീകരണം വളരുന്നില്ല.

എന്‍.ജി.ഒകളും അവരുടെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പ്രൊഫഷണലുകളും ദരിദ്രര്‍, സ്‌ത്രീകള്‍, വംശീയമായി അവഗണന അനുഭവിക്കുന്നവര്‍ തുടങ്ങിയവരുടെ പിന്തുണ നേടാന്‍ സാമൂഹ്യ - രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി നേരിട്ടു മത്സരിക്കുന്നു. അവരുടെ പ്രത്യശാസ്‌ത്രവും പ്രയോഗവും ദാരിദ്ര്യത്തിന്റെ സ്രോതസ്സുകളില്‍ നിന്നും പരിഹാരങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനാണ് ലക്ഷ്യംവെക്കുന്നത്. ദിരിദ്രര്‍ താഴേക്കും അകത്തേക്കും നോക്കുകയും മുകളിലോട്ടും പുറത്തോട്ടും നോക്കാതിരിക്കുകയും ചെയ്യുന്നു. വിദേശബാങ്കുകളുടെ കൊള്ളയെ സംബന്ധിച്ച് നിശബ്‌ദത പാലിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോ സംരംഭങ്ങള്‍ മതിയെന്നു തീരുമാനിക്കുകയും ചെയ്യുന്നനത് വ്യക്തികളുടെ മുന്‍കൈയാണ്, സമ്പത്തിന്റെ കൈമാറ്റത്തിലെ സുതാര്യതയില്ലായ്‌മയല്ല പ്രശ്‌നമെന്ന് ഉറപ്പിക്കുകയാണ്.

എന്‍.ജി.ഒകളുടെ സഹായം ജനസംഖ്യയിലെ തീരെ ചെറിയ വിഭാഗത്തിലെ എത്തിച്ചേരുകയുള്ളൂ. തുച്‌ഛമായ വിഭവങ്ങള്‍ക്കായി സമൂഹത്തില്‍ കിടമത്സരം വര്‍ദ്ധിപ്പിക്കാനേ ഇതു സഹായിക്കൂ. വലിയ തോതിലുള്ള അകല്‍ച്ചയുണ്ടാക്കുകയും സമൂഹത്തിനുള്ളില്‍ പരസ്‌പരവൈരം വര്‍ധിപ്പിക്കുകയും വര്‍ഗ്ഗൈക്യം തകര്‍ക്കുകയുമാണ് ഇതിന്റെ ഫലം. പ്രൊഫഷണലുകള്‍ക്കിടയിലും ഇതുതന്നെ സംഭവിക്കുന്നു. ഓരോരുത്തരം വിദേശത്തുനിന്നുള്ള സമ്പത്തില്‍ കണ്ണുനട്ട് എന്‍.ജി.ഒ കള്‍ രൂപീകരിക്കുന്നു. വിദേശത്തുനിന്നുള്ള ദാതാക്കളുടെ താല്‍പ്പര്യത്തിനൊപ്പിച്ച് ഓരോരോതരം പ്രോജക്‌ടുകള്‍ തയ്യാറാക്കുന്നു. കുറഞ്ഞനിരക്കു നിശ്ചയിക്കുമ്പോള്‍ തന്നെ കൂടുതല്‍ പിന്തുണക്കാരുണ്ടെന്നും വാദിക്കുന്നു. ഇതിന്റെ ആന്ത്യന്തികഫലം എന്‍.ജി.ഒ കളുടെ പെരുപ്പത്തോടെ ദരിദ്രസമൂഹങ്ങള്‍ കൂടുതല്‍ ശിഥിലീകരിക്കപ്പെടുകയും ശകലീകൃതസംഘങ്ങള്‍ക്ക് വിശാലമായ സാമൂഹ്യസ്ഥിതി മനസ്സിലാക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു എന്നതാണ്. ഇതോടെ വ്യവസ്ഥക്കെതിരെ യോജിച്ച സമരം അസാധ്യമാക്കുന്നു.

അതായത് എന്‍.ജി.ഒ.കള്‍ നിയോലിബറലിസത്തിന്റെ 'കപട ജനകീയ മുഖ'മാണെന്ന് പറയാം?

ഗവണ്‍മെന്റിതര സംഘടനകള്‍ പുതിയൊരുതരം സാംസ്‌ക്കാരിക - രാഷ്‌ട്രീയ കോളനിവല്‍ക്കരണവും അടിമത്വവും സൃഷ്‌ടിക്കുന്നുണ്ട്. പ്രോജക്‌ടുകള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും സാമ്രാജ്യത്വകേന്ദ്രങ്ങള്‍ നിശ്ചയിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ്. അവ മേല്‍നോട്ടത്തിനു വിധേയമാക്കപ്പെട്ടശേഷം ചെറുസമൂഹങ്ങള്‍ക്ക് വില്‍ക്കപ്പെടുന്നു. മൂല്യനിര്‍ണ്ണയം നടത്തുന്നതു സാമ്രാജ്യത്വ സ്ഥാപനങ്ങളാണ്. അവര്‍ക്കുവേണ്ടിയാണ് മൂല്യനിര്‍ണ്ണയം. ഫണ്ടിംഗ് മുന്‍ഗണനകളിലെ മാറ്റത്തിന്റെയും തെറ്റായ മൂല്യനിര്‍ണ്ണയത്തിന്റേയും ഫലം ഗ്രൂപ്പുകളുടെയും കമ്മ്യൂണിറ്റികളുടെയും കൃഷിയിടങ്ങളുടെയും സഹകരണസംഘങ്ങളുടെയും നിശബ്‌ദമാക്കലാണ്. എല്ലാ കാര്യങ്ങളും, എല്ലാ വ്യക്തികളും കൂടുതല്‍ കൂടുതല്‍ അച്ചടക്കുള്ളവരായി ധനദാതാക്കളുടെ ആവശ്യങ്ങള്‍ക്കും അവര്‍ നിശ്ചയിച്ച പ്രോജക്‌ട് മൂല്യനിര്‍ണ്ണയവിദഗ്ദ്ധരുടെ താല്‍പ്പര്യങ്ങള്‍ക്കും പിറകില്‍ ക്യൂ നില്‍ക്കുന്നു. പുതിയ വൈസ്രോയിമാര്‍ മേല്‍നോട്ടം നിര്‍വ്വഹിക്കുകയും ലക്ഷ്യങ്ങള്‍ നേടിയോ എന്നും ധനദാതാക്കളുടെ മൂല്യങ്ങളും പ്രത്യയശാസ്‌ത്രവും പാലിക്കപ്പെട്ടുവോ എന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നു. എവിടെയാണോ വിജയം ഉറപ്പാക്കപ്പെട്ടത് അവിടമാണ് പുറമെ നിന്നുള്ള സഹായത്തെ ഏറ്റവുമധികം ആശ്രയിക്കേണ്ടിവരിക. ഇങ്ങനെ ആശ്രയിക്കുന്നില്ലെങ്കില്‍ അവിടം പൂര്‍ണ്ണമായും തകരും.

ഇതില്‍നിന്ന് വ്യത്യസ്‌തമായ അനുഭവമുണ്ടോ?

ഗവണ്‍മെന്റിതര സംഘടനകള്‍ സംഘടിപ്പിച്ചിട്ടുള്ള ജനങ്ങള്‍ നിയോലിബറലിസത്തിന്റെ ഉപകരണങ്ങളായി തുടരുമ്പോള്‍ തന്നെ ചെറിയൊരു ന്യൂനപക്ഷം ഒരു ബദല്‍ തന്ത്രം വികസിപ്പിക്കുന്നതിനും വര്‍ഗ്ഗസമരത്തെയും സാമ്രാജ്യത്വവിരുദ്ധ രാഷ്‌ട്രീയത്തെയും പിന്തുണക്കാനും പരിശ്രമിക്കുന്നുണ്ട്. ഇവരിലൊരാള്‍പോലും ലോകബാങ്കില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളിലെ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നോ ഫണ്ടു സ്വീകരിക്കുന്നില്ല. അവര്‍ പ്രാദേശികാധികാരത്തെ ഭരണകൂടാധികാരത്തിനുള്ള സമരവുമായി ബന്ധപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പ്രാദേശിക പ്രോജക് ‌ടുകളെ ദേശീയമായ സാമൂഹ്യ- രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്നു. വന്‍കിട എസ്റേറ്റുകള്‍ പിടിച്ചെടുക്കുന്നതിനും പൊതുസ്വത്ത് സംരക്ഷിക്കുന്നതിനും ബഹുരാഷ്‌ട്ര കുത്തകകള്‍ക്കെതിരെ ദേശീയ ഉടമസ്ഥതക്കുവേണ്ടിയും പോരാടുന്നു. അവര്‍ ലാറ്റിനമേരിക്കയില്‍ ഉള്‍പ്പെടെ ഭൂമി പിടിച്ചെടുക്കാന്‍ പൊരുതുന്ന സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് രാഷ്‌ട്രീയമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവര്‍ വര്‍ഗ്ഗപരമായ കാഴ്‌ചപ്പാടോടെയുള്ള സ്‌ത്രീ സമരങ്ങളെ പിന്തുണക്കുന്നു. അവര്‍ രാഷ്‌ട്രീയത്തെ നേതൃസ്ഥാനത്തു നിലനിര്‍ത്തുകയും പ്രാദേശികവും അടിയന്തിരവുമായ പോരാട്ടങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നു. പ്രാദേശിക പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ സമരസജ്ജരാകണമെന്നും ദേശീയ നേതാക്കള്‍ പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരോട് ഉത്തരവാദിത്തമുള്ളവരാകണമെന്നും അവര്‍ കരുതുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇവരാരും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളല്ല.

(അവസാനിച്ചു)

*****

മുഖാമുഖം : ഡോ. ജെയിംസ് പെട്രാസ്

കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

അധിക വായനയ്‌ക്ക് :
1:
പോസ്‌റ്റ് മാര്‍ക്‌സിസം... 1
2:പോസ്‌റ്റ് മാര്‍ക്‌സിസം...2

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഗവണ്‍മെന്റിതര സംഘടനകള്‍ ഊന്നല്‍ നല്‍കുന്നത് പ്രസ്ഥാനങ്ങള്‍ക്കല്ല പ്രോജക്‌ടുകള്‍ക്കാണ്. അവര്‍ ജനങ്ങളെ സംഘടിപ്പിക്കുന്നത് പരിമിതമായ ഉല്പാദനത്തിനാണ്. അല്ലാതെ അടിസ്ഥാനപരമായ ഉല്പാദനോപാധികളെയും സമ്പത്തിനെയും നിയന്ത്രിക്കാനുള്ള പോരാട്ടത്തിനല്ല. ജനങ്ങളുടെ നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന ഘടനകളുടെ വ്യവസ്ഥയിലല്ല അവര്‍ കേന്ദ്രീകരിക്കുന്നത്. പകരം സാമ്പത്തികവും സാങ്കേതികവുമായ സഹായത്തിലൂടെ പ്രോജക്‌ടുകള്‍ മെച്ചപ്പെടുത്തുന്നതിലാണ്. ഇടതുപക്ഷത്തിന്റെ ഭാഷ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ജനകീയാധികാരം', 'ശാക്തീകരണം', 'ലിംഗപരമായ തുല്യത', 'സുസ്ഥിര വികസനം', കീഴ്‌തട്ടില്‍ നിന്നുള്ള നേതൃത്വം' തുടങ്ങിയവ ദൃഷ്‌ടാന്തം, ഇവിടുത്തെ പ്രശ്‌നം ഈ ഭാഷാപ്രയോഗങ്ങള്‍ ബന്ധപ്പെടുന്നത് ഫണ്ടുനല്‍കുന്നവരുമായും ഗവണ്‍മെന്റ് ഏജന്‍സികളുമായുള്ള സഹകരണത്തിന്റെ ചട്ടക്കൂടിലാണ് എന്നതാണ്. ഏറ്റു മുട്ടലുകളില്ലാത്ത രാഷ്‌ട്രീയ പ്രയോഗത്തിന്റെ പ്രാദേശികതലമായ ശാക്തീകരണം സാമൂഹ്യജീവിതത്തിന്റെ ചെറിയ മേഖലയെ സ്വാധീനിക്കുന്നതിനപ്പുറം മുന്നേറുന്നില്ല. നിയോലിബറല്‍ രാഷ്‌ട്രവും സ്ഥൂലസമ്പദ് വ്യവസ്ഥയും അനുവദിക്കുന്നതിനപ്പുറം ശാക്തീകരണം വളരുന്നില്ല.