ഇപ്പോള്‍ എഴുത്തുകാര്‍ ഫെയിസ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റുമാണ് ആശയവിനിമയം ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ കാലത്തിന്റെ സൃഷ്‌ടികളായ യുവ എഴുത്തുകാര്‍ മാത്രമല്ല അങ്ങനെ ചെയ്യുന്നത്. നമ്മുടെ പ്രിയ കവി കെ സച്ചിദാനന്ദന്‍ ഫെയിസ് ബുക്കില്‍ സ്ഥിരമായി വരുന്ന ആളാണ്. അങ്ങനെ പലരുമുണ്ട്. ശശി തരൂരിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരൊക്കെ തങ്ങള്‍ എന്തു ചെയ്യുന്നുവെന്നും എവിടെ പോകുന്നുവെന്നുമെല്ലാം വായനക്കാര്‍ക്കുവേണ്ടി ഫെയിസ് ബുക്കിലും ട്വിറ്ററിലും അടയാളപ്പെടുത്തിവയ്‌ക്കുന്നു. സമകാലീന പ്രശ്‌നങ്ങളോടു പ്രതികരിക്കുവാനും അവര്‍ സൈബര്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്നു.
ഫെയിസ് ബുക്കിലെ സൌഹൃദക്കൂട്ടായ്‌മയില്‍ അംഗമാണെങ്കിലും ഈ സൈറ്റ് അപൂര്‍വമായേ ഞാന്‍ സന്ദര്‍ശിക്കാറുള്ളൂ. വായനക്കാരോടോ, സമൂഹത്തോട് മൊത്തത്തിലോ, എന്തെങ്കിലും പറയുവാനുണ്ടെങ്കില്‍ ഞാന്‍ സൈബര്‍ ലോകത്തിലേക്ക് കടക്കാതെ പേനക്കണ്ണ് എന്ന ഈ പംക്തിയില്‍ എഴുതുന്നു.
ഫെയിസ് ബുക്കില്‍ ഞാനെന്തെങ്കിലും പോസ്റ്റ് ചെയ്‌താല്‍ ദശലക്ഷം ആളുകള്‍ ഉടനെ അതു കണ്ടെന്നു വരാം. പക്ഷേ ഇവിടെ ഒരു ചോദ്യം: എഴുത്തുകാരന് ഇത്രയും വലിയ ഒരാള്‍ക്കൂട്ടത്തെ ആവശ്യമുണ്ടോ? മുഖമില്ലാത്ത ദശലക്ഷം ആളുകളേക്കാള്‍ മുഖമുള്ള പത്തോ പതിനഞ്ചോ ആയിരം വായനക്കാരല്ലേ നല്ലത് ?
ഇപ്പോള്‍ ഈ കുറിപ്പ് എഴുതുന്നത് ഈയിടെ ഒരു പ്രശസ്‌ത സാഹിത്യവിമര്‍ശകന്‍ പറഞ്ഞ ഒരു കാര്യത്തില്‍ പ്രതികരിക്കുവാന്‍ വേണ്ടിയാണ്. എന്റെ അടുത്ത സുഹൃത്ത് കൂടിയായ അദ്ദേഹം ഈയിടെ ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞതായി കണ്ടു:
"കാലികമായ കാര്യങ്ങള്‍ നിരന്തരം എഴുതുമ്പോള്‍ മൌലികമായ രചനകള്‍ നടത്താനോ അതിനുമുകളില്‍ അടയിരിക്കുവാനോ അവര്‍ക്ക് (എഴുത്തുകാര്‍ക്ക്) കഴിയാതെ വരുന്നു.''
"മുകുന്ദന്റെ കാര്യത്തില്‍ അങ്ങനെ ഒരപകടം സംഭവിച്ചതായി തോന്നുന്നില്ല.'' എന്നുകൂടി അദ്ദേഹം പറയുന്നുണ്ട്.
അതെനിക്ക് ആശ്വാസം പകര്‍ന്നുതരേണ്ടതാണ്. എല്ലാവരും അവനവന്റെ കാര്യങ്ങള്‍ നോക്കി മിണ്ടാതെ നടക്കുന്ന ഈ കാലത്ത് ഞാന്‍ പ്രതികരിക്കാന്‍ പോകാതെ മൌനം പാലിച്ചിരുന്നാല്‍ മതിയായിരുന്നു.
വളരെ പ്രധാനപ്പെട്ട ഒരു പ്രസ്‌താവനയാണ് വിമര്‍ശക സുഹൃത്തിന്റേത്. അതിനെക്കുറിച്ച് ഗൌരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. എഴുത്തുകാരന് സ്വകാര്യത ആവശ്യമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നൂറുശതമാനം അവനവന്റേതായ ഒരു ഇടത്തില്‍ ഇരുന്നുകൊണ്ട് മാത്രമേ സാഹിത്യകാരന്മാര്‍ക്ക് ഫലവത്തായി എന്തെങ്കിലും എഴുതിയുണ്ടാക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. ഇത് സ്വന്തം അനുഭവങ്ങളിലൂടെ പറയുന്നതാണ്.
എഴുത്തുകാരന്‍ ഏകാകിയായി എഴുതുന്നത് ആള്‍ക്കൂട്ടത്തിനുവേണ്ടിയാണ്. സമൂഹത്തില്‍നിന്ന് എഴുത്തുകാരന്‍ പലായനംചെയ്‌ത് ആരുടെയും കണ്ണെത്താത്ത സ്ഥലത്തിരുന്ന് എഴുതുന്നത് സമൂഹത്തിനുവേണ്ടിത്തന്നെയാണ്. സാമൂഹ്യനന്മയ്‌ക്കുവേണ്ടിത്തന്നെയാണ്. അതുകൊണ്ട് ഏകാന്തത തേടിപ്പോകുന്ന എഴുത്തുകാരനെ അതിന്റെ പേരില്‍ പരിക്കേല്‍പ്പിക്കേണ്ടതില്ല.
എഴുത്തുകാര്‍ പത്രവാരികകളില്‍ കോളം എഴുതുന്നത് അവരുടെ സര്‍ഗാത്മകതയെ ശോഷിപ്പിക്കുമെന്ന വാദത്തെ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നത് നന്ന്. പംക്തി എഴുതുക എന്നുപറഞ്ഞാല്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുക എന്നാണ് അര്‍ഥം. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഗുണപരമായി ഇടപെടുന്നതുകൊണ്ട് ആരുടെയെങ്കിലും സര്‍ഗാത്മകതക്ക് പരിക്ക് പറ്റിയതായി കേട്ടിട്ടില്ല.
ഖസാക്കിന്റെ ഇതിഹാസം എഴുതുമ്പോള്‍തന്നെ ഒ വി വിജയന്‍ ഇംഗ്ളീഷിലും മലയാളത്തിലും സമകാലീന രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തെക്കുറിച്ച് നിരന്തരം എഴുതുകയും കാര്‍ട്ടൂണ്‍ വരയ്‌ക്കുകയും ചെയ്‌തുകൊണ്ടിരുന്നു എന്ന വസ്‌തുത ഓര്‍ക്കേണ്ടതാണ്. പില്‍ക്കാലം അദ്ദേഹത്തിന്റെ സര്‍ഗാത്മകതക്ക് മങ്ങലേറ്റിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ടോ ലേഖനങ്ങള്‍ എഴുതിയതുകൊണ്ടോ അല്ല. തന്റെ പ്രതിഭയെ ആത്മീയതയിലേക്ക് ചുരുക്കിയെടുത്തതുകൊണ്ടാണ് എന്ന് വിശ്വസിക്കുവാനാണ് ഞാനിഷ്‌ടപ്പെടുന്നത്. സര്‍ഗാത്മകതയിലെ പ്രതിബദ്ധത ചോര്‍ന്നുപോകുമ്പോള്‍ അവിടെ ആത്മീയത കയറിവരുന്നുത് സ്വാഭാവികമാണ്. ഇങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞാലും വിജയന്‍ അപൂര്‍വ പ്രതിഭയുടെ , അതിരില്ലാത്ത സര്‍ഗാത്മകതയുടെ ഉടമയാണ്.
നമ്മുടെ നാട്ടില്‍ മാത്രമല്ല എഴുത്തുകാര്‍ പത്രമാസികകളില്‍ കോളം എഴുതുന്നത്. ഉംബര്‍ട്ടോ എക്കോ പതിവായി പത്രമാസികകളില്‍ സാംസ്‌കാരിക സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന എഴുത്തുകാരനാണ്. അദ്ദേഹം എഴുതുന്ന ആഗോളവല്‍ക്കരണം, ദൃശ്യമാധ്യമങ്ങള്‍, ഉപഭോഗസംസ്‌കാരം തുടങ്ങിയ ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള കൊച്ചു കുറിപ്പുകള്‍ ഞാന്‍ ആവര്‍ത്തിച്ചു വായിക്കാറുണ്ട്.
ഈ കാലഘട്ടത്തിലെ വലിയ എഴുത്തുകാരില്‍ ഒരാളാണ് ആമോസ് ഓസ്. അദ്ദേഹം പത്രപ്രവര്‍ത്തകൻ കൂടിയാണ്. ഈ നോവലിസ്റ്റ് പലസ്‌തീനിയന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുവാനായി നിരന്തരം ഇടപെടുന്നു.
വെയിറ്റിങ് ഫോര്‍ ബാര്‍ബേറിയന്‍സ്, ഡിസ്‌ഗ്രെയിസ് തുടങ്ങിയ നോവലുകളിലൂടെ നമ്മുടെ കരള്‍ പിളര്‍ന്ന ജെ എം കൂറ്റ്സീ നോവലിസ്റ്റു മാത്രമല്ല സാഹിത്യ വിമര്‍ശകന്‍ കൂടിയാണ്.
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എഴുത്തുകാരനാണ് "ഫ്രീഡം'' എന്ന നോവല്‍ രചിച്ച ജോനാഥന്‍ ഫ്രാന്‍സന്‍. അദ്ദേഹം പതിവായി ന്യൂയോര്‍ക്കര്‍ മാസികയില്‍ എഴുതുന്ന കോളമിസ്റ്റാണ്.
ഇങ്ങനെ സ്വന്തം സര്‍ഗാത്മക എഴുത്തിന്റെ അതിരുകളില്‍ ഇരുന്ന് കോളങ്ങളും സാഹിത്യ വിമര്‍ശനങ്ങളും രചിക്കുകയും പത്രപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന എത്രയോ എഴുത്തുകാര്‍ എന്നും ലോകത്തിലുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. പംക്തി എഴുതുന്നതുകൊണ്ട് ആരും പംക്തികന്ധരന്‍ ആകണമെന്നില്ല.
അതുകൊണ്ട് ഈയുള്ളവനും വല്ലപ്പോഴും പേനക്കണ്ണുപോലുള്ള പംക്തികള്‍ എഴുതി ശിഷ്‌ടജീവിതം ജീവിച്ചുതീര്‍ത്തുകൊള്ളട്ടെ. അതുകാരണം ഉള്ളില്‍ അവശേഷിച്ചിരിക്കുന്ന സര്‍ഗാത്മകത വറ്റിപ്പോകുമെന്ന് ഞാന്‍ കരുതുന്നില്ല. അഥവാ ഇനി വറ്റിപ്പോയാല്‍ തന്നെ എന്ത് ? ജീവിതംപോലെ തന്നെ സര്‍ഗാത്മകതയും ഒരു ദിവസം കത്തിത്തീരാനുള്ളതാണ്.
*****
എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
2 comments:
ഖസാക്കിന്റെ ഇതിഹാസം എഴുതുമ്പോള്‍തന്നെ ഒ വി വിജയന്‍ ഇംഗ്ളീഷിലും മലയാളത്തിലും സമകാലീന രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തെക്കുറിച്ച് നിരന്തരം എഴുതുകയും കാര്‍ട്ടൂണ്‍ വരയ്‌ക്കുകയും ചെയ്‌തുകൊണ്ടിരുന്നു എന്ന വസ്‌തുത ഓര്‍ക്കേണ്ടതാണ്. പില്‍ക്കാലം അദ്ദേഹത്തിന്റെ സര്‍ഗാത്മകതക്ക് മങ്ങലേറ്റിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചതുകൊണ്ടോ ലേഖനങ്ങള്‍ എഴുതിയതുകൊണ്ടോ അല്ല. തന്റെ പ്രതിഭയെ ആത്മീയതയിലേക്ക് ചുരുക്കിയെടുത്തതുകൊണ്ടാണ് എന്ന് വിശ്വസിക്കുവാനാണ് ഞാനിഷ്‌ടപ്പെടുന്നത്. സര്‍ഗാത്മകതയിലെ പ്രതിബദ്ധത ചോര്‍ന്നുപോകുമ്പോള്‍ അവിടെ ആത്മീയത കയറിവരുന്നുത് സ്വാഭാവികമാണ്. ഇങ്ങനെയൊക്കെ എന്തൊക്കെ പറഞ്ഞാലും വിജയന്‍ അപൂര്‍വ പ്രതിഭയുടെ , അതിരില്ലാത്ത സര്‍ഗാത്മകതയുടെ ഉടമയാണ്.
എം.മുകുന്ദന്‍ അറിഞ്ഞൊ അറിയാതെയോ അദ്ദേഹത്തിന്റെ ചിന്തകള്‍ ഈ പോസ്റ്റിലൂടെ ബ്ലോഗര്‍മാരെ തേടിയെത്തിയിരിക്കുന്നു.. !!!
ഹഹഹഹ.....
നെറ്റില്‍ നിന്നും ആരൊഴിഞ്ഞു നിന്നാലും അവരെല്ലാം നെറ്റില്‍ കുടുങ്ങി വായനക്കാരുടെ മുന്നിലെത്തുകതന്നെ ചെയ്യും :) ബ്ലോഗനാര്‍ കാവിലമ്മയാണേ സത്യം !
പല ജാട സാഹിത്യ ജീവികളും തങ്ങളുടെ പൊയ്‌മുഖം നെറ്റില്‍ ഇളകിവീഴുമല്ലോ എന്ന് ഭയന്നുതന്നെയാണ് ബ്ലോഗില്‍ എഴുതാന്‍ ഭയക്കുന്നത്.... എന്തുചെയ്യാം
അവരെയെല്ലാം ചെമ്മിരിയാടുകളെപ്പോലെ ബ്ലോഗിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവരാന്‍ അവരുടെ സമ്മതം പോലും ആരും ചോദിക്കില്ലെന്ന് പാവങ്ങള്‍ക്കറിയില്ലല്ലോ !!!!!!!
മര്യാദക്കു വരുന്നോ... അതോ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ ചില കുട്ടികളെ കൊണ്ടുവരുന്നതുപോലെ വലിച്ചിഴച്ച് കൊണ്ടുവരണോ എന്ന രണ്ടു ഓപ്ഷനുകള്‍ മാത്രമേ സര്‍വ്വ എഴുത്തുകാര്‍ക്കുമുള്ളു.
അതെത്ര പ്രസിദ്ധരായാലും... അപ്രശസ്തരായാലും.:)
Post a Comment