മൊറാഴ, മട്ടന്നൂര്‍, കൂത്തുപറമ്പ് മറോളിഘട്ട്, തലശേരി ജവഹര്‍ഘട്ട്, വടകര കോട്ടപ്പറമ്പ്...
ഇന്ന് നഗരമായി രൂപമാറ്റം സംഭവിച്ച വടക്കന്‍ കേരളത്തിലെ ചില സ്ഥലനാമങ്ങള്‍ മാത്രമല്ല ഇവ. സാമ്രാജ്യത്വവിരുദ്ധ സമരകാലത്തിന്റെ വിളംബരം കേട്ടിറങ്ങിയ ഒരു തലമുറയുടെ സമരോല്‍സുകതയെ ചരിത്രം അടയാളപ്പെടുത്തിയവ കൂടിയായിരുന്നു ആ സ്ഥലപ്പേരുകള്‍. സെപ്റ്റംബര്‍ 15 ന്റെ ചെറുത്തു നില്‍പ്പെന്ന് ചരിത്രം അതിനു തലക്കെട്ടു നല്‍കി. 2010 സെപ്റ്റംബര്‍ 15ന് ആ സമരസ്മരണകള്‍ക്ക് 70 വര്‍ഷം പൂര്‍ത്തിയാകുന്നു.
1939 സെപ്റ്റംബറില്‍ രണ്ടാം ലോകയുദ്ധമാരംഭിച്ചു. യുദ്ധത്തില്‍ ഇന്ത്യ കക്ഷിയായിരുന്നില്ല. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധിയായി ഇന്ത്യയിലുണ്ടായിരുന്ന വൈസ്രോയി ഇന്ത്യയും യുദ്ധത്തില്‍ പങ്കു ചേരുന്നതായി പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇന്ത്യയും ഇരയായി. അതുവരെയുണ്ടായിരുന്ന പരിമിതമായ പൗരസ്വാതന്ത്ര്യങ്ങള്‍ ഹനിക്കപ്പെട്ടു. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് കൊണ്ടുവരികയും ചില ഇടതുപക്ഷ ചായ്‌വുള്ള പത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. ക്ഷാമവും വിലക്കയറ്റവും രൂക്ഷമായി.
കോണ്‍ഗ്രസിനെ വിപുലമായ ജനകീയാടിത്തറയുള്ള സംഘടനയാക്കി മാറ്റുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടന്നുവരുന്ന കാലമായിരുന്നു അത്. കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ വിവിധ ബഹുജന സംഘടനകള്‍ രൂപംകൊണ്ടു. അതേകാലയളവില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകവും നിലവില്‍വന്നു. യുദ്ധത്തിന്റെ കെടുതികള്‍ ബഹുജന സമരങ്ങള്‍ വഴി ചെറുക്കണമെന്ന അഭിപ്രായക്കാരായിരുന്നു കേരളത്തിലെ കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും.
കെ പി സി സി നേതൃത്വം സാമ്രാജ്യത്വ വിരുദ്ധ പ്രതിഷേധ ദിനമാചരിക്കാന്‍ തീരുമാനിച്ചു. ചിറക്കല്‍ താലൂക്ക് കര്‍ഷക സംഘവും കോട്ടയം താലൂക്ക് കര്‍ഷക സംഘവും പ്രത്യേക സമ്മേളനം നടത്തുന്നതിന് തീരുമാനിച്ച 1940 സെപ്റ്റംബര്‍ 15നു തന്നെയായിരുന്നു കെ പി സി സി പ്രതിഷേധ ദിനമാചരിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകസംഘം സമ്മേളന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പ്രതിഷേധ ദിനാചരണത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കേ എ ഐ സി സി ഇടപെട്ട് കെ പി സി സിയുടെ പ്രതിഷേധ ദിനം പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമരം ആഹ്വാനം ചെയ്ത കെ പി സി സി സെക്രട്ടറി കെ ദാമോദരന്‍ അതിനു വഴങ്ങിയില്ല. കര്‍ഷക സംഘം സമ്മേളനങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് കെ പി സി സി നേതാക്കള്‍ കൂടിയായിരുന്ന പി കൃഷ്ണപിള്ള, കെ എ കേരളീയന്‍, വിഷ്ണുഭാരതീയന്‍, കെ പി ആര്‍ ഗോപാലന്‍ തുടങ്ങിയവരായിരുന്നു കര്‍ഷകസംഘത്തെ നയിച്ചിരുന്നത്. കോണ്‍ഗ്രസുകാരല്ലാത്തവരും കോണ്‍ഗ്രസില്‍ തന്നെ പ്രവര്‍ത്തിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരും എല്ലാമുള്‍പ്പെട്ട കര്‍ഷക സംഘത്തിന്റെ തീരുമാനത്തിന് എ ഐ സി സി തീരുമാനം വിലക്കായിരുന്നില്ല. അതുകൊണ്ട് തന്നെ സെപ്തംബര്‍ 15 ന്റെ പ്രതിഷേധദിനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ചിറക്കല്‍ താലൂക്ക് കര്‍ഷകസംഘം അതിന്റെ പ്രത്യേക സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത് കീച്ചേരിയിലായിരുന്നു. താലൂക്കിന്റെ എല്ലാ ഭാഗത്തുനിന്നും ചെറുജാഥകള്‍ രാവിലെ തന്നെ കീച്ചേരിയിലേയ്ക്ക് പുറപ്പെടുകയും വൈകുന്നേരം നാലു മണിയോടെ എത്തിച്ചേരുകയും ചെയ്തു. ജാഥകള്‍ കേന്ദ്രീകരിച്ച് പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ വളപട്ടണം എസ് ഐ കുട്ടികൃഷ്ണമേനോന്റെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തി. കണ്ണൂര്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവനുസരിച്ച് കര്‍ഷക സമ്മേളനത്തിന് നിരോധനമുള്ളതായി അറിയിച്ചു. നേതാക്കള്‍ കൂടിയാലോചിച്ച് സമ്മേളനം, നിരോധനം ബാധമല്ലാത്ത ഒരു കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള മൊറാഴയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിക്കുകയും പ്രകടനം അങ്ങോട്ടേയ്ക്ക് പുറപ്പെടുകയും ചെയ്തു. ജാഥ മൊറാഴയിലേക്കെത്തുമ്പോഴേയ്ക്കും വളപട്ടണം എസ് ഐ കുട്ടികൃഷ്ണമേനോനും സംഘവും തളിപ്പറമ്പ് എസ് ഐ മൊയ്തീനെയും കൂട്ടി അവിടെയുമെത്തി. ജാഥയ്ക്കു നിരോധനമേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചു. പ്രകടനമായെത്തിയ കൃഷിക്കാരെയും നാട്ടുകാരെയും ലാത്തിച്ചാര്‍ജ്ജിലൂടെ പൊലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചു. വളണ്ടിയര്‍മാരില്‍ പലര്‍ക്കും പരിക്കു പറ്റിയെങ്കിലും ആരും പിരിഞ്ഞുപോയില്ല. രോഷാകുലരായ പ്രവര്‍ത്തകര്‍ കയ്യില്‍ കിട്ടിയ സാധനങ്ങളുമായി പൊലീസിനെ നേരിട്ടു. കല്ലുകളും വടികളും പൊലീസിനുനേരെ പാഞ്ഞു. പൊലീസ് വെടിവെച്ചു. രണ്ട് കര്‍ഷകര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ രോഷാകുലരായ പ്രവര്‍ത്തകര്‍ കല്ലുമായി പൊലീസിനെ നേരിട്ടു. ഇതിനിടയില്‍ എസ് ഐ കുട്ടികൃഷ്ണന്‍ പരിക്കേറ്റ് നിലത്തു വീഴുകയും മരണമടയുകയും ചെയ്തു.
പിന്നീട് ഭീകരമായ പൊലീസ് രാജാണ് നാട്ടിലെമ്പാടും അരങ്ങേറിയത്. മൊറാഴ, ബക്കളം, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ പ്രത്യേകം പൊലീസ് ക്യാമ്പുകള്‍ ആരംഭിച്ചു. കെ പി ആര്‍ ഗോപാലന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്തു. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവില്‍ കെ പി ആര്‍ ഗോപാലനെ വധശിക്ഷയ്ക്കും അറാക്കല്‍ കുഞ്ഞിരാമന്‍, വി പി നാരായണന്‍, പി ഗോവിന്ദന്‍ നായര്‍, എം ഇബ്രാഹിം, പി വി അച്യുതന്‍ നമ്പ്യാര്‍ എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. സംസ്ഥാനത്താകെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിന്ന് വധശിക്ഷ ഇളവ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നു. വൈസ്രോയിയോടും ബ്രിട്ടീഷ് ഭരണാധികാരികളോടും മഹാത്മാഗാന്ധിയും ഈ ആവശ്യമുന്നയിച്ചു. തുടര്‍ന്ന് കെ പി ആര്‍ ഗോപാലന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കി കുറയ്ക്കുകയുണ്ടായി.
തലശ്ശേരി ജവഹര്‍ഘട്ടില്‍ വൈകുന്നേരം 5 മണിക്ക് പൊതുയോഗം നടത്താനാണ് നിശ്ചയിച്ചിരുന്നത്. നാലു മണിയോടെ ജനങ്ങള്‍ എത്തിച്ചേര്‍ന്നു. ഈ സമയം തലശ്ശേരി ജോയിന്റ് മജിസ്‌ട്രേറ്റും തഹസില്‍ദാരും ബന്ധപ്പെട്ട പൊലീസുദ്യോഗസ്ഥരും കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിലെത്തി. നിരോധനമുള്ളതു കൊണ്ട് യോഗം നടത്താതെ പിരിയണമെന്ന് ആവശ്യപ്പെട്ടു. നേതാക്കള്‍ അനുസരിച്ചില്ല. തുടര്‍ന്ന് ഓഫീസിലുള്ളവരെ അറസ്റ്റ് ചെയ്ത് കൂത്തുപറമ്പില്‍ കൊണ്ടുപോയി റിമാന്റ് ചെയ്തു. ഓഫീസ് പൂട്ടി കാവലേര്‍പ്പെടുത്തുകയുമുണ്ടായി.
അറസ്റ്റിനിടയില്‍ ഓഫീസ് സെക്രട്ടറി പി കെ മാധവനും പി കൃഷ്ണനും പിന്‍വശത്തുകൂടി രക്ഷപ്പെട്ട് ജവഹര്‍ഘട്ടിലെത്തി. വളണ്ടിയര്‍ ക്യാപ്റ്റനായ ഒ ഗോപാലന്‍ നായരുടെ സ്വാഗത പ്രസംഗത്തിനു ശേഷം പി കെ മാധവന്‍ പ്രസംഗമാരംഭിച്ചു. ഉടനെ പൊലീസ് രംഗത്തെത്തി. പിന്നീടാകെ ബഹളമായിരുന്നു. പൊലീസും വളണ്ടിയര്‍മാരും ഏറ്റുമുട്ടി. കര്‍ഷക വളണ്ടിയര്‍മാരില്‍ പലരും അടിയേറ്റു വീണു. ജനങ്ങളുടെ കല്ലേറില്‍ ചില പൊലീസുകാര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് വെടിവെയ്പ്പ് ആരംഭിച്ചു. പതിനെട്ടു റൗണ്ട് നിറയൊഴിക്കുകയുണ്ടായി. വെടിയേറ്റ് അബു മാസ്റ്ററും മൂളിയില്‍ ചാത്തുക്കുട്ടിയും രക്തസാക്ഷികളായി.
പാവപ്പെട്ട ഒരു മുസ്‌ലിം കുടുംബത്തിലംഗമായ അബു എട്ടാംതരം പാസ്സായി അധ്യാപക ജീവിതമാരംഭിച്ചതാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ആഹ്വാനം കേട്ട് രംഗത്തിറങ്ങിയ അബുമാസ്റ്റര്‍ ഇരുപത്തെട്ടാമത്തെ വയസ്സിലാണ് ജീവന്‍ ബലിയര്‍പ്പിച്ചത്. ബീഡിത്തൊഴിലാളിയായ ചാത്തുക്കുട്ടി രക്തസാക്ഷിത്വം വരിക്കുമ്പോള്‍ ഇരുപത്തിരണ്ടു വയസ്സായിരുന്നൂ പ്രായം.
തലശ്ശേരി വെടിവെയ്പ്പിനെ തുടര്‍ന്ന് പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ടി യു രാമുണ്ണി, സി എന്‍ ബാലന്‍, കുനിയില്‍ കൃഷ്ണന്‍, എ വി പദ്മനാഭന്‍, ടി സി ഉമ്മര്‍, സി വി കരുണാകരന്‍ നായര്‍ തുടങ്ങി ഇരുപതോളം പ്രതികളെ ആറുമാസം മുതല്‍ മൂന്ന് കൊല്ലംവരെ ശിക്ഷിച്ചു.
ജവഹര്‍ഘട്ടില്‍ നടന്ന വെടിവെയ്പ്പില്‍ ചീറിപ്പാഞ്ഞ വെയിയുണ്ടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാളായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും കര്‍ഷക സംഘത്തിന്റെയും നേതാവായിരുന്ന ടി വി അച്യുതന്‍ നായര്‍. എന്‍ ഇ ബാലറാം, പാണ്ട്യാല ഗോപാലന്‍, മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍ തുടങ്ങിയ ഒട്ടനവധി പേര്‍ സെപ്റ്റംബര്‍ 15 ന്റെ സമരത്തില്‍ തലശ്ശേരിയില്‍ നേതൃത്വ നിരയിലുണ്ടായിരുന്നു.
മട്ടന്നൂര്‍ മൈതാനിയില്‍ പഴശ്ശി, മുഴക്കുന്ന്, ശിവപുരം, തില്ലങ്കേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെത്തിയിരുന്നു. കെ സി കുഞ്ഞാപ്പുമാസ്റ്റര്‍, സി ഗോപാലന്‍ മാസ്റ്റര്‍, സി അനന്തന്‍, വി അനന്തന്‍ എന്നിവരാണ് ജാഥകള്‍ നയിച്ചത്. പി ശങ്കരന്‍ നമ്പ്യാര്‍ നിരോധനം ലംഘിച്ച് പ്രസംഗം ആരംഭിച്ചപ്പോഴേയ്ക്കും പൊലീസ് ലാത്തിചാര്‍ജ്ജ് തുടങ്ങി. ജനങ്ങള്‍ പിന്തിരിഞ്ഞോടാതെ ഉറച്ചു നിന്നു. ഉടനെ വെടിവെയ്പ്പുണ്ടായി. ജനം കൈയില്‍ കിട്ടിയ കല്ലും മറ്റുമായി പൊലീസിനെ എതിരിട്ടു. അറുപതു പേരെ പ്രതിചേര്‍ത്താണ് മട്ടന്നൂര്‍ കേസ് ചാര്‍ജ്ജ് ചെയ്തത്.
മട്ടന്നൂര്‍ കേസില്‍ മൂലപ്പൊക്കന്‍ തുടങ്ങി ഏഴ് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇരിട്ടി, മട്ടന്നൂര്‍ ഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷക സംഘവും കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച കല്ലോറത്ത് മാധവന്‍ പിന്നീട് മദിരാശി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കല്ലോറത്ത് മാധവന്റെ സഹോദരന്‍മാരായ കല്ലോറത്ത് നാരായണന്‍ നമ്പ്യാര്‍, ഗോപാലന്‍ നമ്പ്യാര്‍ എന്നിവരും എന്‍ വി കുങ്കന്‍ നായര്‍ (ചാവശ്ശേരി), കെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കെ വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ (പഴശ്ശി), കെ ടി മാധവന്‍ നമ്പ്യാര്‍ എന്നിവരും മട്ടന്നൂര്‍ കേസിലെ പ്രതികളായിരുന്നു.
കൂത്തുപറമ്പില്‍ മാറോളിഘട്ടിലായിരുന്നു പൊതുയോഗം. തലശ്ശേരിയില്‍ രണ്ടുപേരെ വെടിവെച്ചുകൊന്ന വാര്‍ത്ത പ്രക്ഷുബ്ധമാക്കിയ അന്തരീക്ഷത്തിലാണ് യോഗം ചേര്‍ന്നത്. പത്തലായി കുഞ്ഞിക്കണ്ണന്‍, കോഴിക്കോട് ഗോപാലന്‍ നായര്‍, കെ ടി മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും യോഗം തടഞ്ഞില്ല. യോഗാനന്തരം കണ്ട്യന്‍ ചാത്തുക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു ജാഥ ആരംഭിച്ചു. അത് അവസാനിച്ച ഉടനെയാണ് ലാത്തിചാര്‍ജ്ജുണ്ടായത്. ക്രൂര മര്‍ദ്ദനത്തിനു ശേഷം കുറേപേരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. ഏഴുപേര്‍ക്കെതിരെ നിയമലംഘനത്തിന് കേസെടുത്തു. ടി കെ രാജു പിടികൊടുക്കാതെ ഒളിവില്‍ പോയി. മറ്റുള്ളവരെ ഒമ്പതുമാസം വീതം തടവുശിക്ഷയ്ക്കാണ് വിധിച്ചത്.
വടകരയില്‍ കോട്ടപ്പറമ്പില്‍ നിശ്ചയിച്ച പൊതുയോഗം പൊലീസ് നിരോധിച്ചിരുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രകടനം നടന്നു. കോട്ടപ്പറമ്പ് പൊലീസ് വളഞ്ഞു. അതിനിടയില്‍ കണ്ണന്‍ നമ്പ്യാര്‍ സ്വാഗത പ്രസംഗം തുടങ്ങിയപ്പോള്‍ പൊലീസ് അദ്ദേഹത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പി ആര്‍ നമ്പ്യാര്‍ മേശപ്പുറത്തുകയറി പ്രസംഗം ആരംഭിച്ചു. ചുറ്റും വളഞ്ഞുനിന്ന പൊലീസുകാരില്‍ നിന്നും പി ആറിനെ പൊക്കിയെടുത്തു പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
1940 സെപ്റ്റംബര്‍ 15 ന്റെ സമരം കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവിന് കാരണമായി. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി കെ പി സി സിയെ പിരിച്ചുവിട്ടു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള പ്രവര്‍ത്തനം ഒളിവിലായിരുന്നുവെങ്കിലും സെപ്റ്റംബര്‍ 15 ന്റെ സംഭവങ്ങള്‍ സ്വാതന്ത്ര്യസമരത്തിലും സാമ്രാജ്യ വിരുദ്ധ മുന്നേറ്റത്തിലും സുവ്യക്തവും സുശക്തവുമായ നിലപാടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ അംഗീകരിക്കപ്പെടുന്നതിനും വ്യാപകമാവുന്നതിനും ഇടയാക്കി.
*
അബ്ദുള്‍ ഗഫൂര്‍ ജനയുഗം 15-09-2010
Subscribe to:
Post Comments (Atom)
1 comment:
മൊറാഴ, മട്ടന്നൂര്‍, കൂത്തുപറമ്പ് മറോളിഘട്ട്, തലശേരി ജവഹര്‍ഘട്ട്, വടകര കോട്ടപ്പറമ്പ്...
ഇന്ന് നഗരമായി രൂപമാറ്റം സംഭവിച്ച വടക്കന്‍ കേരളത്തിലെ ചില സ്ഥലനാമങ്ങള്‍ മാത്രമല്ല ഇവ. സാമ്രാജ്യത്വവിരുദ്ധ സമരകാലത്തിന്റെ വിളംബരം കേട്ടിറങ്ങിയ ഒരു തലമുറയുടെ സമരോല്‍സുകതയെ ചരിത്രം അടയാളപ്പെടുത്തിയവ കൂടിയായിരുന്നു ആ സ്ഥലപ്പേരുകള്‍. സെപ്റ്റംബര്‍ 15 ന്റെ ചെറുത്തു നില്‍പ്പെന്ന് ചരിത്രം അതിനു തലക്കെട്ടു നല്‍കി. 2010 സെപ്റ്റംബര്‍ 15ന് ആ സമരസ്മരണകള്‍ക്ക് 70 വര്‍ഷം പൂര്‍ത്തിയാകുന്നു.
Post a Comment