അങ്ങേയറ്റം ലളിതമായ ഒരു സാമാന്യാര്‍ഥം പേറുന്നതുകൊണ്ടാണ് സാഹിത്യം എന്ന സംജ്ഞ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി മാറുന്നതെന്ന് റെയ്‌മണ്ട് വില്യംസ് 'കീവേര്‍ഡ്‌സി'ല്‍ സൂചിപ്പിക്കുന്നുണ്ട് (1983). സാഹിത്യത്തെക്കുറിച്ച് മലയാളി നിലനിറുത്തിപ്പോന്ന അതിലളിതമായ പൊതുബോധങ്ങളെയും സൌന്ദര്യാത്മകം മാത്രമായ സാഹിതീയാര്‍ഥങ്ങളെയും സങ്കല്‍പനങ്ങളെയും ബുദ്ധിപരമായി റദ്ദുചെയ്‌തതാണ് ആനന്ദിന്റെ രചനകളും വിശകലനക്ഷമമല്ല എന്ന തോന്നല്‍ പരക്കെയുണ്ടാകാന്‍ കാരണം. മാനവികതയിലടിയുറച്ച സാമൂഹികജാഗ്രതയും നീതിവിചാരത്തിലടിയുറച്ച ചരിത്രബോധവും ഉയര്‍ത്തിപ്പിടിക്കാത്ത ഒരൊറ്റ രചനപോലും ഈ എഴുത്തുകാരന്റേതായില്ല. 'പൂജ്യം' എന്ന ആദ്യകഥ മുതല്‍ ഈ വര്‍ഷം ജൂലൈയില്‍ പുറത്തുവന്ന 'ഉള്ളനിയമങ്ങള്‍, ഇല്ലാത്ത നിയമങ്ങള്‍' എന്ന ലേഖനം വരെ. ജൈവമനുഷ്യനെയും പൌരസമൂഹത്തെയും യുക്തിയിലധിഷ്‌ഠിതമായ രാഷ്‌ട്രീയബോധത്തെയും മുന്‍നിറുത്തി ആധുനികതയുടെ സ്ഥാപനങ്ങളോരോന്നും ചരിത്രവല്‍ക്കരിച്ചും പ്രശ്‌നവല്‍ക്കരിച്ചുമാണ് ഇക്കഴിഞ്ഞ അരനൂറ്റാണ്ടുകാലവും തന്റെ സാംസ്‌കാരിക ഇടപെടലുകള്‍ ആനന്ദ് നിര്‍വഹിച്ചത്.
എഴുത്തിന്റെ സാഹിതീയത, സാഹിത്യത്തിന്റെ ആഖ്യാനപരത, ആഖ്യാനത്തിന്റെ സാമൂഹികത, സാമൂഹികതയുടെ ചരിത്രപരത, ചരിത്രത്തിന്റെ രാഷ്‌ട്രീയം, രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രപരത, പ്രത്യയശാസ്‌ത്രത്തിന്റെ മാനവികത എന്നിങ്ങനെ സാംസ്‌കാരിക വിചാരത്തിന്റെ മൂല്യമണ്ഡലങ്ങളിലേക്കു പടര്‍ന്നുപിരിഞ്ഞുപോകുന്ന സങ്കീര്‍ണമായ ഒരു വിനിമയസംവിധാനമാണ് ആനന്ദിന്റെ കൃതികള്‍. അറിവ്, വിശകലനം, പഠനം, സംവാദം, എഴുത്ത്, വായന തുടങ്ങിയ ആര്‍ജിത സംസ്‌കാരങ്ങളിലുള്ള മാനുഷിക ഇടപെടലുകളോരോന്നും ചേര്‍ന്നതാണ് സാഹിത്യം എന്ന കാഴ്‌ചപ്പാട് പടിഞ്ഞാറന്‍ ചിന്തയില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍പോലുമുണ്ടായിരുന്നു. സാഹിത്യം എന്ന നിര്‍വചനത്തിനു കീഴില്‍ ഉള്‍പ്പെടാത്ത മാനവികമണ്ഡലങ്ങളില്ല എന്ന് ഇന്ത്യന്‍ ഇതിഹാസപുരാണങ്ങളുടെ വിശകലനത്തിലൂടെ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രബന്ധം ആനന്ദിന്റേതായുണ്ട് (സാഹിത്യത്തില്‍ സാഹിതമായിട്ടുള്ളതും മറ്റും - ചരിത്രപാഠങ്ങള്‍ / കണ്ണാടിലോകം). സാഹിത്യത്തെ എല്ലായ്പ്പോഴും ഒരു സമസ്‌തപദമായി കാണാനുള്ള ഈ താല്‍പര്യമാണ് ആനന്ദിന്റെ ആഖ്യാനലോകത്തെ മലയാളത്തില്‍ മൌലികമാക്കുന്ന ഘടകങ്ങളിലൊന്ന്.
'പൂജ്യ'ത്തില്‍ നിന്നാണ് തുടക്കം. 1960-ല്‍ എഴുതിയ ആനന്ദിന്റെ ആദ്യകഥ. ആധുനികതാവാദത്തിന്റെ സൌന്ദര്യശാസ്‌ത്രങ്ങളിലൊന്നായ മരണാഭിമുഖ്യത്തിന്റെ എക്കാലത്തെയും മികച്ച ഗണിതരൂപകം. 2010-ല്‍ പുറത്തുവന്ന 'ദ്വീപുകളും തീരങ്ങളും', 'മണ്ണുംപൊടിയും' തുടങ്ങിയ രചനകള്‍ വരെ നീളുന്ന അരനൂറ്റാണ്ടുടനീളം ആനന്ദ് ആവിഷ്‌കരിച്ച ആഖ്യാനരാഷ്‌ട്രീയങ്ങള്‍ ആധുനികതയില്‍നിന്ന് ആധുനികാനന്തരതയിലേക്കു സഞ്ചരിച്ച മലയാളിയുടെ സൌന്ദര്യാത്മക ഭാവനയുടെ മാത്രമല്ല, ധൈഷണിക ജീവിതത്തിന്റെ തന്നെയും ചരിത്രപാഠങ്ങളാണ്. കഥ, നോവല്‍, നാടകം, കവിത, ചരിത്രം, കല, തത്വചിന്ത, മതം, രാഷ്‌ട്രതന്ത്രം, സാമൂഹ്യശാസ്‌ത്രം, ഭൂമിശാസ്‌ത്രം, നരവംശശാസ്‌ത്രം, പരിസ്ഥിതി, മാര്‍ക്‌സിസം തുടങ്ങിയ വിഷയങ്ങളിലെഴുതിയ പഠനലേഖനങ്ങള്‍, ശില്‍പം എന്നിങ്ങനെ മാധ്യമ, ഗണ, രൂപവിതാനങ്ങളില്‍ അസാധാരണമായ വൈവിധ്യവും പരീക്ഷണാത്മകതയും ആര്‍ജിച്ച ഒന്നാണ് ആനന്ദിന്റെ സര്‍ഗജീവിതം. ചരിത്രത്തിന്റെ ഭാഷയും ലിപിയുമായി വിന്യസിക്കപ്പെടുന്ന നീതിയുടെ മൂല്യവിചാരങ്ങള്‍, സംസ്‌കാരത്തിന്റെ കാവ്യശാസ്‌ത്രമായി സങ്കല്‍പിക്കപ്പെടുന്ന മാനവികതയുടെ രാഷ്‌ട്രീയമാനങ്ങള്‍, ആഖ്യാനത്തിന്റെ ചരിത്രവല്‍ക്കരണമായി വിശദീകരിക്കാവുന്ന എഴുത്തിന്റെ പാഠരൂപങ്ങള്‍ എന്നീ മൂന്നുതലങ്ങള്‍ മുന്‍നിറുത്തി ആനന്ദിന്റെ രചനാലോകത്തിന്റെ ഒരു പൊതുവിശകലനം സാധ്യമാണ്.
ഒന്ന് : ചരിത്രത്തിന്റെ നീതിസാരം
മനുഷ്യാനുഭവങ്ങളെ ചരിത്രവല്‍ക്കരിക്കുകയും ചരിത്രത്തെ അനുഭവവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഒന്നാന്തരം മാതൃകകളിലൊന്നില്‍ ('ഗോവര്‍ധന്റെ യാത്രകള്‍') ‘നീതിയുടെ ബോധം ഒരു തീ പോലെ ആവേശിക്കാത്ത സമൂഹത്തിന് കാലം തീര്‍ച്ചയായും നഷ്‌ടപ്പെടും’ എന്ന് ആനന്ദ് എഴുതുന്നുണ്ട്. ‘നീതിശാസ്‌ത്രവും രാഷ്‌ട്രതന്ത്രവും’ എന്ന പ്രസിദ്ധമായ പഠനലേഖനത്തില്‍ ('ജൈവമനുഷന്‍') ചരിത്രബദ്ധമായി അവതരിപ്പിക്കുകയും 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' തൊട്ടുള്ള സാഹിത്യരചനകളില്‍ തുടര്‍ച്ചയായിത്തന്നെ ചര്‍ച്ചചെയ്യുകയും ചെയ്യുന്ന പ്രമേയമാണ് ആനന്ദിന് നീതി. നാളിതുവരെയുള്ള മനുഷ്യചരിത്രത്തെ നീതിക്കുവേണ്ടി നടന്ന സമരങ്ങളുടെ കഥയായാണ് ആനന്ദ് കാണുന്നത്. മനുഷ്യന്റെ ഏറ്റവും മൂര്‍ത്തവും മാനവികവുമായ അനുഭവമെന്ന നിലയില്‍ നീതിയെ കണ്ടുകൊണ്ട് ചരിത്രത്തിലെങ്ങും നിറഞ്ഞുനില്‍ക്കുന്ന അനീതിയെക്കുറിച്ചെഴുതുമ്പോള്‍ ആനന്ദിനുമുന്നില്‍ കുന്ദനും ഗോവര്‍ധനും ആനന്ദനും അമനുമൊന്നും വെറും കഥാപാത്രങ്ങളല്ല, അധികാരത്തിനെതിരെ പൊരുതുന്ന വ്യക്തികളാണ് ; നീതിക്കുവേണ്ടി സഹിക്കുന്ന മനുഷ്യരാണ്. ആധുനികതയുടെയും ദേശീയതയുടെയും ജനാധിപത്യത്തിന്റെയും ആള്‍ക്കൂട്ടയുക്തിക്കെതിരെ വ്യക്തിയെ മുന്‍നിറുത്തി സ്വാതന്ത്ര്യത്തെക്കുറിച്ചു നടത്തുന്ന ചരിത്രവിചാരണകളായിരുന്നു 'ആള്‍ക്കൂട്ട'വും 'അഭയാര്‍ഥികളും'. സമുദായം മാര്‍ഗമാണെന്നും പരമമായ ലക്ഷ്യം വ്യക്തിയാണെന്നും സുനില്‍ (ആള്‍ക്കൂട്ടം) പറയുന്നത് യഥാര്‍ഥത്തില്‍ തന്റെ മുഴുവന്‍ കൃതികള്‍ക്കുമായി ആനന്ദ് കുറിച്ചിട്ട നാന്ദിയാണ്. നീതിക്കുവേണ്ടി നടന്ന സഹനങ്ങളുടെയും സമരങ്ങളുടെയും ആകെത്തുകയായി ചരിത്രത്തെ നിര്‍വചിക്കുക, നീതിശാസ്‌ത്രങ്ങളും രാഷ്‌ട്രതന്ത്രങ്ങളും ന്യായാധിപ- ഭരണകൂട സ്ഥാപനങ്ങളും ചേര്‍ന്ന് കാലാകാലങ്ങളില്‍ നടപ്പാക്കുന്ന അനീതിയെ വിചാരണചെയ്യുക, സാഹിത്യം, ചരിത്രം, തത്വചിന്ത, കല, ഗണിതം, സംഗീതം, മതം, ശാസ്‌ത്രം എന്നിങ്ങനെയുള്ള സംസ്‌കാരമണ്ഡലങ്ങളോരോന്നും അടിസ്ഥാനപരമായി ഉന്നയിക്കുന്ന മാനുഷികപ്രശ്‌നം നീതിയാണെന്നും നീതിയുടെ ഭാഷയിലും ലിപിയിലുമാണ് സംസ്‌കാരത്തിന്റെ ചരിത്രം എഴുതപ്പെട്ടിരിക്കുന്നത് എന്നും ചൂണ്ടിക്കാണിക്കുക, സാഹിത്യമുള്‍പ്പെടെയുള്ള ആഖ്യാന ജ്ഞാനമാതൃകകള്‍ കാലങ്ങളായി തുടര്‍ന്നുപോരുന്ന രീതിശാസ്‌ത്രപദ്ധതികള്‍ പൊളിച്ചെഴുതുക, ആധുനികതായുക്തികളില്‍ പ്രധാനമായിരുന്ന യുക്തിബോധമുള്‍പ്പെടെയുള്ളവ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യം ചര്‍ച്ചചെയ്യുക, അധിനിവേശത്തിന്റെയും അധികാരത്തിന്റെയും വ്യവഹാരമണ്ഡലങ്ങളോരോന്നും നിസ്സഹായരായ മനുഷ്യര്‍ക്കുമേല്‍ ഏല്‍പ്പിക്കുന്ന പീഡനങ്ങളെ സ്ഥല, കാലാതീതമായി വിശകലനം ചെയ്യുക, നീതിബോധത്താല്‍ നയിക്കപ്പെടാത്ത ഒരു പ്രത്യയശാസ്‌ത്രവും വിപ്ളവവും മാനവികമല്ല എന്നു വിധിയെഴുതുക- ആനന്ദിന്റെ നീതിവിചാരങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ ഇങ്ങനെ പലതുമാണ്. ആദ്യരണ്ടു നോവലുകളെക്കുറിച്ച് സൂചിപ്പിച്ചു. അടിയന്തിരാവസ്ഥയ്‌ക്കെതിരെ എഴുതപ്പെട്ട 'ഒടിയുന്ന കുരിശിലെ' കഥകള്‍ ഏറ്റെടുക്കുന്നതും മറ്റൊരു നിലപാടല്ല. പില്‍ക്കാല നോവലുകളിലേക്കുവരുമ്പോള്‍ ഈ വിഷയം കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
നീതിയുടെ അയുക്തികമായ വിതരണം എത്രമേല്‍ ഭയാനകവും മനുഷ്യവിരുദ്ധവുമാകാമെന്നതിന്റെ ഓര്‍വെല്ലിയന്‍ മാതൃകയിലുള്ള ഒരു അന്യാപദേശമാണ് 'മരുഭൂമികളെ'ങ്കില്‍ കൊളോണിയല്‍ നീതിശാസ്‌ത്രം മാത്രമല്ല രാജനീതിയും ദൈവനീതിയും പോലും വെറും പ്രഹസനങ്ങളായി മാറിയ ആവര്‍ത്തനങ്ങളായിരുന്നുവെന്നു തെളിയിക്കുന്ന നോവലാണ് 'ഗോവര്‍ധന്റെ യാത്രകള്‍'. ചരിത്രമെന്നത് വര്‍ഗസമരത്തിന്റെ ഭൌതിക, ദ്വന്ദ്വമാന, സാമ്പത്തിക വിപ്ളവത്തിന്റെ മാത്രം വഴിയിലല്ല രൂപപ്പെട്ടതെന്നും ആശയങ്ങളുടെ പേരില്‍ സമരം ചെയ്യുന്നവരും മൂല്യങ്ങള്‍ക്കുവേണ്ടി സഹിക്കുന്നവരും നീതിക്കുവേണ്ടി പൊരുതുന്നവരും ചേര്‍ന്നാണ് അതു സൃഷ്‌ടിക്കുന്നതെന്നും ഈ കൃതി പ്രഖ്യാപിക്കുന്നു. നീതിയുടെ തീ കെട്ടുപോകുന്ന സമൂഹങ്ങള്‍ക്ക് കാലം നഷ്‌ടമാകുന്നതെങ്ങനെ എന്ന വിശദീകരണവുമായി ആനന്ദ് ഭാരതേന്ദുവിന്റെ പ്രഹസനത്തെ കറുത്ത ദുഃഖമാക്കി മാറ്റുന്നു. മനുഷ്യസംസ്‌കാരത്തിന്റെ തീയും ചൂടും മാത്രല്ല, ഭാഷയും ലിപിയും നീതിയാണ് എന്ന് ഗോവര്‍ധന്റെ യാത്രകള്‍ തെളിയിക്കുന്നു.
'വേട്ടക്കാരനും ഇരയും' എന്ന ആനന്ദിന്റെ പ്രസിദ്ധമായ കല്‍പന ഏറ്റെടുക്കുന്ന മത, രാഷ്‌ട്രീയ വ്യാഖ്യാനങ്ങളോരോന്നും ചരിത്രത്തെക്കുറിച്ചുള്ള നൈതികസംവാദമായാണ് നിലനില്‍ക്കുന്നത്. ഈ മുഴുവന്‍ സംവാദങ്ങള്‍ക്കും പിന്നില്‍, ഗോവര്‍ധന്‍ ഉമ്റാവ് ജാനോടു പറയുന്നതുപോലെ ഒരൊറ്റ ചോദ്യമേയുള്ളൂ- അനീതിയെപ്പറ്റിയുള്ള ചോദ്യം.
ജേതാക്കളുടെ കഥയാണ് ചരിത്രമെന്ന’ ആധുനികതയുടെ പൊതുബോധത്തിന്റെ മറുപുറത്താണ് ആനന്ദിന്റെ ചരിത്രനിര്‍വചനം. സംസ്‌കാരത്തിന്റെ പുറമ്പോക്കുകളില്‍നിന്നാണ് പരാജിതരുടെ സ്വരം ആനന്ദ് പിടിച്ചെടുക്കുന്നത്. പുതിയ പ്രോജക്‌ടുകളുടെ അങ്കണങ്ങളില്‍, റിക്രൂട്ടിങ് സെന്ററുകളില്‍, റെയില്‍വേ സ്‌റ്റേഷനുകളില്‍, ആശുപത്രി മുറ്റത്ത്, കച്ചേരിപ്പടിക്കല്‍, പീടികത്തിണ്ണയില്‍, മരച്ചുവട്ടില്‍ - എവിടെയും അവര്‍ താവളമടിച്ചിരിക്കുന്നു. കീറിപ്പറിഞ്ഞ തുണികളില്‍ പൊതിഞ്ഞ് വിഴുപ്പും ഭാണ്ഡവും ചുരുള്‍പ്പായയും പേറി, തുപ്പലിന്റെയും മൂത്രത്തിന്റെയും തീട്ടത്തിന്റെയും നടുവില്‍ തിന്നും ഉറങ്ങിയും വഴക്കടിച്ചും ഇണചേര്‍ന്നും കുട്ടികളെ പ്രസവിച്ചും അവരുടെ യാത്ര തുടര്‍ന്നു. ഒരു താവളം വിട്ട് വേറൊരു താവളത്തിലേക്ക്. ഈ കാലം വിട്ട് വരും കാലത്തിലേക്ക്. നിത്യമായി അഭയം അന്വേഷിച്ച് നില്‍ക്കുന്നിടത്തോ ഇരിക്കുന്നിടത്തോ നിലനില്‍ക്കുന്ന കാലത്തിലോ വേരിറക്കാനാകാത്ത പുറമ്പോക്കു മനുഷ്യര്‍. എന്നിട്ടും അവരുടെ ചുമലില്‍ കയറിയിരുന്നാകുന്നു ചരിത്രം മുന്നോട്ടുനീങ്ങുന്നത്’’('അഭയാര്‍ഥികള്‍') സാമ്പ്രദായിക ചരിത്രം വിജയികളുടേതാണെന്നും, ചരിത്രം പശ്ചാത്തലമാകുന്ന നോവലുകള്‍ പോലും അധീശവര്‍ഗത്തിന്റെ പാരമ്പര്യമനുസരിക്കുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ താഴെനിന്നുള്ള വീക്ഷണങ്ങളാണ് നോവലിലും ചരിത്രത്തിലുമൊക്ക എഴുതപ്പെടേണ്ടതെന്നും റെയ്‌മണ്ട് വില്യംസ് സൂചിപ്പിക്കുന്നുണ്ട്. ചരിത്രകാരും എഴുത്തുകാരും നില്‍ക്കേണ്ടത് വിജയികള്‍ക്കൊപ്പമല്ല, പരാജിതര്‍ക്കൊപ്പമാണ് എന്ന് ആനന്ദും പറയുന്നു.
'വ്യാസനും വിഘ്നേശ്വരനും' പരാജിതരുടെ ദുരന്തേതിഹാസമാണ്. ഇതിഹാസത്തിലും പുരാണത്തിലും ചരിത്രത്തിലും ഭാവനയിലും സ്വന്തം അറിവിന്റെ പെരുവിരല്‍ മുറിച്ചുകൊടുത്ത് സ്വാതന്ത്ര്യം വിലയ്‌ക്കു വാങ്ങേണ്ടിവരുന്നവരുടെ കഥ. അനിതീയുടെ വിഷാദ പുരാണം. മലയാളത്തില്‍ മറ്റൊരെഴുത്തുകാരനും സാധിക്കാത്തവിധം ബുദ്ധ, ഗുപ്‌ത, കൌടില്യ കാലത്തെയും മധ്യകാലത്തെയും കൊളോണിയല്‍ കാലത്തെയും ആധുനിക ഇന്ത്യയിലെയും നിയമവ്യവസ്ഥയെയും നീതിന്യായസ്ഥാപനങ്ങളെയും ചരിത്രപരമായ തുടര്‍ച്ചയിലും ഇടര്‍ച്ചയിലും വിലയിരുത്താന്‍ ആനന്ദിനു കഴിയുന്നുണ്ട്. 'മരുഭൂമികളി'ല്‍ കൌടില്യ രാഷ്‌ട്രതന്ത്രത്തിന് ബൌദ്ധനീതിശാസ്‌ത്രം സൃഷ്‌ടിച്ച സന്തുലനം പോലൊന്ന് ഇല്ലാതെ പോയതാണ് ആധുനിക ഇന്ത്യന്‍ രാഷ്‌ട്രതന്ത്രത്തിന്റെ പ്രശ്‌നം എന്ന് സ്ഥാപിക്കുന്നതിനു പിന്നിലുള്ളതും ഇതേ ചരിത്രബോധം തന്നെയാണ്.
ഈ ചരിത്രമാകട്ടെ വര്‍ഗസമരങ്ങളുടെയോ സാമ്പത്തികാധിനിവേശങ്ങളുടെയോ മണ്ഡലങ്ങളിലല്ല, അധികാരത്തിന്റെ ഉടമകളായ വേട്ടക്കാരുടെയും അതിന്റെ അടിമകളായ ഇരകളുടെയും മണ്ഡലത്തില്‍ വേണം തിരിച്ചറിയാന്‍. 'വിഭജനങ്ങള്‍' ലോകമെങ്ങും നിന്ന് (കോംഗോ മുതല്‍ ചൈന വരെ) നമുക്കു മുന്നിലെത്തിക്കുന്ന ചരിത്രത്തിന്റെ രീതിശാസ്‌ത്രവും നീതിയെക്കുറിച്ചുള്ള ഈ ജാഗ്രതകള്‍ തന്നെയാണ്.
1998-ല്‍ ആനന്ദ് അവതരിപ്പിച്ച കുറ്റവാളിഗോത്രങ്ങളെക്കുറിച്ചുള്ള പഠനം ('കുറ്റവും ശിക്ഷയും') തന്റെ സാഹിത്യരചനകളിലും സാമൂഹ്യാന്വേഷണങ്ങളിലും ഈ എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന നീതിക്കുവേണ്ടിയുള്ള നിരന്തരാന്വേഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1871 ലെ കുറ്റവാളി ഗോത്രനിയമം തൊട്ടുള്ള നിയനിര്‍മാണങ്ങളും നീതിന്യായവ്യവസ്ഥയും പിന്നീടങ്ങോട്ടു നിര്‍ബാധം തുടര്‍ന്നുപോന്ന നരനായാട്ടുകളും വിശദീകരിച്ചുകൊണ്ട് ഒരുപറ്റം ഗോത്രസമൂഹങ്ങളെ എങ്ങനെ ഒരു ആധുനികസമൂഹം വേട്ടയാടി എന്ന് ആനന്ദ് വിശദീകരിക്കുന്നു. ഒപ്പം പുരാണേതിഹാസങ്ങളുടെ കാലം തൊട്ട് ഉത്തരേന്ത്യയില്‍ നിരന്തരം നിലനിന്നുപോരുന്ന നാടോടിവല്‍ക്കരണത്തിന്റെ ചരിത്രവും. തുടര്‍ന്ന് ആനന്ദ് എഴുതിയ പല കഥകളിലും 'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' പോലുള്ള നോവലുകളിലും ഈ സാമൂഹ്യാന്വേഷണത്തിന്റെ അടിയൊഴുക്കുണ്ട്.
ചുരുക്കമിതാണ് - മാര്‍ക്‌സിയന്‍ സാമൂഹ്യശാസ്‌ത്രവും ചരിത്രവിജ്ഞാനീയവും സാമാന്യമായി പിന്തുടരുമ്പോള്‍ത്തന്നെ ആനന്ദിന്റെ ചരിത്രാന്വേഷണങ്ങള്‍ നീതിയെ ചരിത്രത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്‌ഠിക്കുന്നു. നഗര സംസ്‌കാരങ്ങളെ മുന്‍നിറുത്തി കൊസാംബി അവതരിപ്പിച്ച ഇന്ത്യാചരിത്രം ആധാരമാക്കുമ്പോള്‍ത്തന്നെ വര്‍ഗ, വംശ, ലിംഗ, ഗോത്ര, ജാതി, മത സ്വത്വങ്ങളിലെല്ലാം മനുഷ്യര്‍ നീതിക്കുവേണ്ടി അനുഭവിച്ച സഹനങ്ങളുടെ കഥയായി ചരിത്രത്തെ രേഖപ്പെടുത്തുന്നു. ചരിത്രത്തിന്റെ നീതിസാരമായാണ് സാഹിത്യമുള്‍പ്പെടെയുള്ള ഒരോ ആഖ്യാനവും - അത് കഥയോ ശാസ്‌ത്രമോ തത്വചിന്തയോ എന്തുമാകട്ടെ - നിര്‍മിക്കപ്പെടേണ്ടതെന്ന് നിശിതമായ നിലപാടെടുക്കുന്നു. എഴുത്തിന്റെയും എഴുത്തുകാരുടെയും സാമൂഹികതയും ചരിത്രബോധവും നീതിയെച്ചൊല്ലിയുള്ള ജാഗ്രതയല്ലാതെ മറ്റൊന്നുമല്ല എന്ന തീര്‍പ്പുകല്‍പിക്കുന്നു.
രണ്ട്: മാനവികതയുടെ രാഷ്‌ട്രീയം
എം.ഗോവിന്ദനിലൂടെ മലയാളികളിലേക്കെത്തിയ എം.എന്‍. റോയിയുടെ ചിന്താധാരകളില്‍ നിന്നാണ് റാഡിക്കല്‍ ഹ്യൂമനിസവും ന്യൂ ഹ്യൂമനിസവുമൊക്കെ മറ്റു പലര്‍ക്കുമെന്ന പോലെ ആനന്ദിനും അടിസ്ഥാനരാഷ്‌ട്രീയദര്‍ശനമായി മാറുന്നത്. മുഖ്യധാരാ ഇന്ത്യന്‍ ഇടതുപക്ഷത്തോട് നിശിതമായ വിമര്‍ശനവും വിയോജിപ്പും ഉള്‍ക്കൊണ്ടിരുന്നപ്പോള്‍ത്തന്നെ ജനാധിപത്യത്തിന്റെയും മാനവികതയുടെയും രാഷ്‌ട്രീയപ്രസക്തി ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞതായിരുന്നു റോയിയിസത്തിന്റെ പ്രസക്തി. താര്‍ക്കുണ്ഡെയുടെ റാഡിക്കല്‍ ഹ്യൂമനിസ്‌റ്റ് എന്ന ജേണല്‍, റോയിയുടെ പുസ്‌തകങ്ങള്‍, ഗോവിന്ദനുമായുള്ള കത്തിടപാടുകള്‍ - ആനന്ദിന്റെ രാഷ്‌ട്രീയ ചിന്തകള്‍ രുപപ്പെടുത്തിയത് ഇവയായിരുന്നു. യുക്തിയാണ് (Reason) രാഷ്‌ട്രീയസദാചരത്തിന്റെയും സാമൂഹികനീതിയുടെയും അടിത്തറയാകേണ്ടതെന്ന റോയിയുടെ കാഴ്‌ചപ്പാടാണ് ആനന്ദിനെ ഏറ്റവുമധികം സ്വാധീനിച്ചത്. മാര്‍ക്‌സിനെയും ഗാന്ധിയെയും വിമര്‍ശനാത്മകമായി സംയോജിപ്പിച്ചും മാര്‍ക്‌സിസത്തെയും മാനവികതയെയും സമന്വയിപ്പിച്ചും റോയി രൂപീകരിച്ച രാഷ്‌ട്രീയനിലപാടുകള്‍ പോലെ മലയാളസാഹിത്യത്തിലെ ആധുനികതാവാദികളെ സ്വാധീനിച്ച മറ്റൊരു ആശയധാരയില്ല. നാടകം, കവിത, കഥാസാഹിത്യം, നിരൂപണം എന്നീ നാലുമണ്ഡലങ്ങളിലും രംഗത്തുവന്ന ആധുനികതാവാദികളായ എഴുത്തുകാര്‍ (സി.ജെ, പണിക്കര്‍, വിജയന്‍, അപ്പന്‍... ) ഉദാഹരണമാണ്. ആനന്ദാണ് ഒരുപക്ഷേ ഈ സ്വാധീനത്തെ ഏറ്റവും ആര്‍ജവത്തോടെ പില്‍ക്കാലത്തുടനീളം നിലനിറുത്തിയും പരിഷ്‌കരിച്ചും പോന്നത്. 'ഗാന്ധിയുടെയും റോയിയുടെയും പ്രസക്തി' എന്ന ലേഖനത്തില്‍ ആനന്ദ് എഴുതി, “.....മനുഷ്യാസ്‌തിത്വത്തിലെ അടിസ്ഥാന യാഥാര്‍ഥ്യങ്ങളായ സുഖവും ദുഃഖവും സമൂഹത്തിന്റെയല്ല, വ്യക്തികളുടെ അനുഭവമണ്ഡലത്തിലാണ് ഉണ്ടാകുന്നതെന്നതുകൊണ്ട് സമൂഹസംബന്ധമായ ഏതു തത്വശാസ്‌ത്രത്തിന്റെയും പ്രായോഗികത അളക്കേണ്ടത് അത് മനുഷ്യന്റെ തലത്തിലേക്കു തര്‍ജമ ചെയ്യപ്പെടുമ്പോള്‍ ഏതുവിധത്തില്‍ പെരുമാറുന്നു എന്നു നോക്കിയാണ്... വ്യക്തിയുടെ പ്രാധാന്യവും ആധികാരികതയും ഈ വിധത്തിലിരിക്കെത്തന്നെ വ്യക്തിക്ക് സമൂഹത്തില്‍നിന്നു വേറിട്ടൊരു നിലനില്‍പ്പില്ല. അഥവാ അവന്റെ നിലനില്‍പിന് സമൂഹം ആവശ്യമാണ്..... സമൂഹം നിലനില്‍ക്കണമെങ്കിലാകട്ടെ, സദാചാരം അഥവാ morality എന്നു വിളിക്കാവുന്ന ഒരു നീതി ഒഴിച്ചു കൂടാത്തതാണ്. തിരിച്ചു പറഞ്ഞാല്‍ സദാചാരം ഇല്ലെങ്കില്‍ സമൂഹം തകരും. സമൂഹം തകര്‍ന്നാല്‍ വ്യക്തികള്‍ക്ക് ആധാരമില്ലാതാകും..... എല്ലാ സമൂഹ്യശാസ്‌ത്രങ്ങളുടെയും അടിക്കല്ല്, അതുകൊണ്ട് സദാചാരമാകുന്നു. രാഷ്‌ട്രതന്ത്രത്തെ, അതിന്റെ അടിവേരുകളെ തിരിച്ചറിയാന്‍ പ്രേരിപ്പിച്ചുവെന്നതാണ് ഒരുപക്ഷേ റോയിയുടെ പ്രയത്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. വേറൊരു രീതിയില്‍ ഗാന്ധി ചെയ്‌തതും ഇതുതന്നെ. ഇതിനുവേണ്ടി അവര്‍ അവലംബിച്ചത്, റോയിയുടെ കാര്യത്തില്‍ യുക്തിയും ഗാന്ധിയുടേതില്‍ intuition ഉം ആയിരുന്നുവെന്ന് വ്യത്യാസം....’’
'ആള്‍ക്കൂട്ട'ത്തില്‍, ബംഗാളില്‍നിന്നെത്തിയ സുനില്‍ ഉന്നയിക്കുന്ന രാഷ്‌ട്രീയ വിമര്‍ശനത്തിനു മാത്രമല്ല, ജോസഫ് ഉള്‍പ്പെടെയുള്ള മുഴുവന്‍ കഥാപത്രങ്ങളുടെയും ആശയസംവാദങ്ങള്‍ക്കും അടിത്തറയാകുന്നത് മാനവികതയുടെ മേല്‍പറഞ്ഞ യുക്തിബദ്ധതയാണ്. ചരിത്രത്തിന്റെ നീതി പദ്ധതി പോലെയാണ് മാനവികതയുടെ യുക്തിബദ്ധതയും. ഒന്നില്‍നിന്ന് മറ്റൊന്നെടുത്തു മാറ്റുക സാധ്യമല്ല. നീതിവിചാരത്തിലും രാഷ്‌ട്രീയസദാചാരത്തിലും ഊന്നിനിന്ന് 'ആള്‍ക്കൂട്ടം' മുതലുള്ള ഓരോ കൃതിയിലും ആനന്ദ് മാനവികതയെ നാനാതലങ്ങളില്‍ രാഷ്‌ട്രീയവല്‍ക്കരിക്കുന്നു. മറ്റെല്ലാ പ്രത്യയശാസ്‌ത്രങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങളും പരാജയപ്പെടുന്നിടത്തും മാനവികത തീ പോലെ നിലനില്‍ക്കേണ്ടതിനെക്കുറിച്ചാണ് ആനന്ദിന്റെ ഓരോ കൃതിയും പറയുന്നത്. 'ആള്‍ക്കൂട്ട'ത്തില്‍ അത് ദേശീയതയെ, നഗരത്തെ, ആള്‍ക്കൂട്ടത്തെ, ഭരണകൂടത്തെ ഒക്കെ വിമര്‍ശിച്ചുകൊണ്ട് വ്യക്തിയുടെ യുക്തിയിലടിയുറച്ച സാമൂഹ്യാന്വേഷണത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. 'അഭയാര്‍ഥികളി'ല്‍ ചരിത്രനിര്‍മാണത്തില്‍ പോലും നിലനില്‍ക്കുന്ന വരേണ്യ, അധീശ യുക്തികളെ നിരാകരിച്ചുകൊണ്ട് അഭയാര്‍ഥിത്വത്തിന്റെ ചിരന്തനസ്വഭാവത്തെ വിശകലനം ചെയ്യുന്നു. 'മരണസര്‍ട്ടിഫിക്കറ്റി'ല്‍ യാന്ത്രികവും ഭീതിദവുമാകുന്ന ഭരണകൂടത്തിന്റെ വിമര്‍ശനം നടത്തുന്നു. 'മരുഭൂമികള്‍ ഉണ്ടാകുന്നതി'ല്‍ നിസ്സഹായനാകുന്ന വ്യക്തിക്ക് അധികാരത്തോടു നടത്തേണ്ടിവരുന്ന അന്തമില്ലാത്ത സമരങ്ങളുടെ അനിവാര്യമായ പരാജയങ്ങള്‍ ചിത്രീകരിക്കുന്നു. 'ഗോവര്‍ധന്റെ യാത്രകളി'ല്‍ ചരിത്രത്തിലെങ്ങും സംസ്‌കാരത്തിനു നഷ്‌ടമാകുന്ന നീതിയുടെ ഭാഷയും ലിപിയും തിരഞ്ഞുപോകുന്ന ഒരു കഥാപാത്രത്തിലൂടെ മാനവികതയുടെ എക്കാലത്തെയും പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നു. സാമാനമാണ് പിന്നീടുള്ള രചനകളുടെയും സ്വഭാവം.
മുഖ്യമായും യുദ്ധം, ഏകാധിപത്യം, മതമൌലികവാദം, മുതലാളിത്തം എന്നീ നാലു ചരിത്ര സന്ദര്‍ഭങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ആനന്ദിന്റെ കൃതികള്‍ മാനവികതയെ തുടര്‍ച്ചയായി ചര്‍ച്ചയ്‌ക്കെടുക്കുന്നത് എന്നു കാണാം.
കേരളത്തിലെ ഒന്നാം കമ്യൂണിസ്‌റ്റ് മന്ത്രിസഭ മുതലുള്ള രാഷ്‌ട്രീയചരിത്രം പശ്ചാത്തലമാക്കുമ്പോള്‍ തന്നെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ സന്ദര്‍ഭത്തിലാണ് 'ആള്‍ക്കൂട്ടത്തി'ന്റെ ആഖ്യാനം നിര്‍വഹിക്കപ്പെടുന്നത്. ബഷീറും സി. ജെയും ഉറൂബും കോവിലനും വിജയനും വി. കെ. എന്നുമുള്‍പ്പെടുന്ന മലയാളത്തിലെ നിരവധി എഴുത്തുകാര്‍ യുദ്ധത്തിനെതിരെ സ്വീകരിച്ച നിലപാടുകളില്‍നിന്ന് ഭിന്നമാണ് ആനന്ദിന്റെ കാഴ്‌ചകള്‍. മനുഷ്യചരിത്രത്തിലെങ്ങും യുദ്ധം വേട്ടക്കാരുടെയും ഇരകളുടെയും ഒരു സമാന്തരലോകത്തെയാണ് സൃഷ്‌ടിച്ചിട്ടുള്ളത്. “ഏത് മഹത്തായ ആശയവും പടയായി അവസാനിക്കുകയെന്നത് ചരിത്രത്തിലെ ഒരു വിഡ്ഢിത്തമാണ്. സ്നേഹിക്കാന്‍ ഉപദേശിച്ച് സ്വയം കുരിശിലേറിയ ഒരു മനുഷ്യനെത്തുടര്‍ന്നുണ്ടായ മതം ഏത്രപേരുടെ ചോരയൊഴുക്കി! ജനാധിപത്യത്തിന്റെ പേരില്‍ ഈ നൂറ്റാണ്ടില്‍ത്തന്നെ രണ്ടു യുദ്ധങ്ങളുണ്ടായി. ചരിത്രം മനുഷ്യരുടെ കുറ്റങ്ങളുടെയും വിഡ്ഢിത്തങ്ങളുടെയും ഭാഗ്യക്കേടുകളുടെയും കണക്കല്ലാതെ എന്താണ് ? - ഗിബ്ബണ്‍ ചോദിച്ചു, മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ മാനദണ്ഡം ആയുധ നിര്‍മാണത്തിലെ പുരോഗതിയാണോ?... യുദ്ധങ്ങള്‍ രാജ്യങ്ങളും രാജ്യങ്ങളും തമ്മിലോ ആശയങ്ങളും ആശയങ്ങളും തമ്മിലോ ആണ് നടക്കുന്നതെന്നു കരുതുന്നത് മിഥ്യാബോധമാണ്. എല്ലാ യുദ്ധങ്ങളും പൊരുതപ്പെടുന്നത് മനുഷ്യരും അവന്റെ സൃഷ്‌ടിയായ ആയുധങ്ങളും തമ്മിലാണ്. എല്ലാത്തിലും തോല്‍ക്കുന്നത് ഒരേ കക്ഷിയും , മനുഷ്യന്‍. ഇന്ത്യ - ചൈന, ഇന്ത്യ - പാക് യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ 1971-ല്‍ ആനന്ദ് എഴുതി. 'അഭയാര്‍ഥികള്‍' യുദ്ധത്തെക്കുറിച്ചെഴുതപ്പെട്ട മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതിയായി മാറുന്നതും ഇതേ ചരിത്ര, ദര്‍ശന പശ്ചാത്തലത്തിലാണ്.
യുദ്ധവും വിപ്ളവവും തമ്മിലുള്ള ബന്ധവും വ്യത്യാസങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്ന നിരവധി ലേഖനങ്ങളും കഥകളും നോവലുകളും ആനന്ദിന്റേതായുണ്ട്. ഓരോന്നിലും മനുഷ്യനെ മുന്‍നിറുത്തി ആനന്ദ് ചരിത്രത്തിന് വിലയിടുന്നു. യുദ്ധം വിപ്ളവം പോലെ പ്രാകൃതികമായും സ്വാഭാവികമായും പരിണമിക്കുകയോ പൊട്ടിവിടരുകയോ ചെയ്യുന്ന ഒന്നല്ല. മറിച്ച് കാലേകൂട്ടി ഡിസൈന്‍ ചെയ്‌ത്, പ്ളാന്‍ ചെയ്‌ത്, അഭ്യസിച്ച് അരങ്ങേറേണ്ട ഒരു നാടകമാണ്. വിപ്ളവം അതിനാവശ്യമായ ഊര്‍ജം സ്വയം ഉറപ്പിക്കുന്നു. യുദ്ധത്തിനാകട്ടെ അതു പുറത്തുനിന്നുകൊണ്ടുവരണം. ('അഭയാര്‍ഥികള്‍') യുദ്ധങ്ങള്‍ക്ക് ഒരിക്കലും മാനവികമാകാന്‍ കഴിയില്ലെങ്കിലും വിപ്ളവങ്ങള്‍ക്കു പലപ്പോഴും അതിനു കഴിയും. അതേസമയം വിപ്ളവവും യുദ്ധത്തെപ്പോലെതന്നെ മനുഷ്യത്വത്തിനെതിരെയുളള കടന്നാക്രമണമായി മാറുന്ന സന്ദര്‍ഭങ്ങളുണ്ടെന്ന് പെറുവിലെ ഷൈനിങ്പാത്തിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആനന്ദ് ഒരിടത്തു വ്യക്തമാക്കുകയും ചെയ്യുന്നു.
ഏകാധിപത്യങ്ങളും സര്‍വാധിപത്യങ്ങളും മനുഷ്യര്‍ക്കെതിരെ ഹിംസയുടെ ചരിത്രങ്ങളെഴുതുന്നതിനെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തുന്നവയാണ് ആനന്ദിന്റെ പല കൃതികളും. മുഗള്‍, കൊളോണിയല്‍ ഭരണക്രമങ്ങളെക്കുറിച്ച് അഭയാര്‍ഥികള്‍, മരുഭൂമികള്‍, ഗോവര്‍ധന്‍, വ്യാസനും വിഘ്നേശ്വരനും തുടങ്ങിയ നോവലുകളിലും 'അശാന്ത'ത്തിലെ കഥകളിലും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ ഹിംസയുടെ ചരിത്രപേടകങ്ങളായി മാറുന്ന ആധിപത്യങ്ങളെയാണ് നേരിട്ടു സ്‌പര്‍ശിക്കുന്നത്. കോട്ടകളും തടവറകളും അധികാരത്തിന്റെ ശിലാരൂപങ്ങളായി ഇവയില്‍ കടന്നുവരുന്നു. ചക്രവര്‍ത്തിമാരും ആരാച്ചാരന്മാരും വെറും മനുഷ്യര്‍ക്കെതിരെ കൈകോര്‍ക്കുന്നു. കാലാന്തരത്തില്‍ ആധുനിക ജനാധിപത്യ ഭരണക്രമങ്ങളിലെത്തുമ്പോഴും കൌടില്യതന്ത്രങ്ങള്‍ക്കു മാറ്റമില്ല. വേട്ടക്കാരുടെ മുഖവും ഇരകളുടെ വിധിയും മാറുന്നില്ല.
ഇതേ ജാഗ്രതയോടെതന്നെയാണ് മതമൌലികവാദത്തെക്കുറിച്ചുള്ള സാമൂഹ്യാന്വേഷണങ്ങള്‍ 'വേട്ടക്കാരനും വിരുന്നുകാരനും', 'നഷ്‌ടപ്രദേശങ്ങള്‍' എന്നീ കൃതികളില്‍ ആനന്ദ് അവതരിപ്പിക്കുന്നത്. വിരുന്നുകാരനായിരിക്കേണ്ട ദൈവം വേട്ടക്കാരനായി മാറുന്ന പുരോഹിതമതങ്ങളുടെ വര്‍ത്തമാനകാല ലോകക്രമം ചൂണ്ടിക്കാണിച്ചുകൊണ്ട് ആത്മീയതാ വ്യാപാരങ്ങളുടെയും ആള്‍ദൈവ മൂലധനത്തിന്റെയും വിപണിസമവാക്യങ്ങളിന്മേല്‍ മതമൌലികതയുടെ ആഗോള രാഷ്‌ട്രീയങ്ങള്‍ രൂപം കൊള്ളുന്നതിനെക്കുറിച്ച് ആനന്ദ് എഴുതുന്നു. “ സംസ്‌കാരത്തിന്റെ മൂലം മനുഷ്യനാണെന്നും മതത്തിന്റേത് സിദ്ധാന്തങ്ങളാണെന്നും സൂചിപ്പിച്ചുകൊണ്ട് അതേപേരിലുള്ള ലേഖനത്തില്‍ ആനന്ദ് എഴുതി: “മതം, സംസ്‌കാരം, പാരമ്പര്യം, ഭാഷ, ജാതി, വംശീയത, സാമ്പത്തിക വര്‍ഗം, ലിംഗഭേദം, സമൂഹം, പ്രത്യയശാസ്‌ത്രം ഇങ്ങനെ എണ്ണമറ്റ സങ്കല്‍പങ്ങള്‍ക്കിടയില്‍ തീയിനെയും ബോംബിനെയും കഠാരയെയും അഭിമുഖീകരിച്ചുകൊണ്ടുനില്‍ക്കുകയാണ് ഇന്ത്യന്‍ ജനത. സ്വത്വങ്ങളുടെ കള്ളികള്‍ പെരുകുന്തോറും കലുഷമായ കാലത്തില്‍ ഒരുവന്‍ വ്യക്തിയെന്ന കള്ളിയില്‍ത്തന്നെ സ്വയം അഭിമുഖീകരിക്കേണ്ടതും നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടതുമായ സന്ദര്‍ഭങ്ങള്‍ വര്‍ധിക്കുന്നു. 'നഷ്‌ടപ്രദേശങ്ങള്‍', ആഗോള മതമൌലികവാദത്തിന്റെയും മതഭീകരതയുടെയും, ഭാവിയില്ലാത്ത വര്‍ത്തമാനത്തിന്റെയും അലിഗറികളായി 'ഹിംസയുടെ പുസ്‌തക'ത്തിലെ തുന്നല്‍ക്കാരന്‍, ഹോട്ടല്‍ക്കാരന്‍, തോട്ടക്കാരന്‍ എന്നീ കഥകളെഴുതുമ്പോള്‍ ആനന്ദ് ആവിഷ്‌കരി ക്കുന്നതും ചരിത്രത്തിന്റെ ഈ പ്രതിസന്ധിതന്നെയാണ്.
പരിസ്ഥിതി, സ്‌ത്രീ, വിപണി തുടങ്ങിയ മേഖലകളെക്കുറിച്ചുള്ള പഠനങ്ങളില്‍ മാനവികതയ്‌ക്കെതിരെ രൂപംകൊണ്ട പ്രത്യയശാസ്‌ത്രമായി മുതലാളിത്തത്തെ വിശകലനം ചെയ്യാന്‍ ആനന്ദ് തയ്യാറാകുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് പ്രസിദ്ധീകരിച്ച 'മണ്ണും പൊടിയും' എന്ന ലേഖനം മാത്രം മതി ഇപ്പോഴും ഈ രംഗത്ത് ആനന്ദ് തുടരുന്ന പഠനാന്വേഷണങ്ങളുടെ ചരിത്രബദ്ധതയും മാനവികതാനിലപാടും വര്‍ത്തമാനകാല സാമൂഹ്യപ്രസക്തിയും തിരിച്ചറിയാന്‍.
മൂന്ന്: എഴുത്തിന്റെ പാഠരൂപങ്ങള്‍
എഴുത്തിന്റെ പാഠരൂപങ്ങളിലൊന്നായ 'പുസ്‌തകത്തെ'പ്പോലെ ആനന്ദിന്റെ രചനകളില്‍ തുടര്‍ച്ചയായി കടന്നുവരുന്ന മറ്റൊരു ആഖ്യാനസൂചകമില്ല. 1960 ലെഴുതിയ 'വാടകവീട്' എന്ന കഥ ഒരു നോവലിസ്‌റ്റനുഭവിക്കുന്ന എഴുത്തിന്റെ സംഘര്‍ഷങ്ങളെക്കുറിച്ചാണെങ്കില്‍ പിറ്റേവര്‍ഷം എഴതിയ 'വിഗ്രഹം' സാഹിത്യത്തില്‍നിന്ന് തത്വചിന്തയിലേക്ക് വായനയെ വഴിതിരിച്ചുവിടുന്ന ശ്യാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതേ ദശകത്തില്‍ രചന നടന്ന 'ആള്‍ക്കൂട്ട'മാകട്ടെ ഒന്നിലേറെ പുസ്‌തകങ്ങളുടെ പ്രത്യക്ഷ സാന്നിധ്യം കൊണ്ടു മാത്രമല്ല, അവയില്‍ നിന്നുള്ള ത്വാത്വികമായ സ്വാധീനങ്ങള്‍കൊണ്ടും സമ്പന്നമാണ്. ചരിത്രത്തിന്റെയും ജ്ഞാനശാസ്‌ത്രങ്ങളുടെയും ഭാവനയുടെയും മാത്രമല്ല സംസ്‌കാരത്തിന്റെ തന്നെയും രൂപകമാകുന്നു, ആനന്ദിന്റെ കൃതികളില്‍ പുസ്‌തകം. സംവാദങ്ങള്‍ മാത്രമല്ല ആനന്ദിന്റെ കൃതികളുടെ ആശയാടിത്തറയും രൂപഘടനയും നിര്‍മിച്ചെടുക്കുന്നത്, കഥാപാത്രങ്ങളെഴുന്ന ഡയറികളും കത്തുകളും വായിക്കുന്ന പുസ്‌തകങ്ങളുമൊക്കെച്ചേര്‍ന്നാണ്. 'ബൈബിളും', 'കാപ്പിറ്റ'ലും തന്നില്‍ സൃഷ്‌ടിച്ച ആശയസംഘര്‍ഷങ്ങളെക്കുറിച്ച് ജോസഫ് സുനിലിനോട് പറയുന്നുണ്ട്. എം.എന്‍. റോയിയുടെ കൃതികള്‍ ജോസഫിന്റെ മാത്രമല്ല, ആള്‍ക്കൂട്ടത്തിലെ ഓരോ കഥാപാത്രത്തിന്റെയും സ്വത്വം നിര്‍ണയിക്കുകയും 'ഇന്ദുലേഖ'യിലേതുപോലെ കൌതുകകരമായ ഒരു പതിനെട്ടാമധ്യായത്തിനുതന്നെ രൂപം കൊടുക്കുകയും ചെയ്‌തു.
'അഭയാര്‍ഥികള്‍' ഇന്ത്യാചരിത്രത്തെക്കുറിച്ചു ഭാവന ചെയ്യപ്പെട്ട ഒരു പ്രബന്ധം മാത്രമല്ല, ചരിത്രത്തെയും രാഷ്‌ട്രീയത്തെയും കുറിച്ചെഴുതപ്പെട്ട നിരവധി പ്രബന്ധങ്ങളുടെ സമാഹാരവുമാണ്. ബുദ്ധന്റെയും മാര്‍ക്‌സിന്റെയും ഗാന്ധിയുടെയും രചനകളിലാണ് അഭയാര്‍ഥികള്‍ നിലകൊള്ളുന്നതുതന്നെ. കൊസാംബിയുടെ ചരിത്രപഠനങ്ങളും റോയിയുടെ രാഷ്‌ട്രീയ രചനകളും ചിന്തകളും നിരന്തരം കടന്നുവരികയും ചെയ്യുന്നു. ഗാന്ധിസം ഇത്രമേല്‍ വിശകലനാത്മകമായി സന്നിഹിതമാകുന്ന മറ്റൊരു സാഹിത്യകൃതിയില്ല. ആഖ്യാതാവിന്റെ കര്‍തൃത്വമേറ്റെടുക്കുന്ന ഗൌതമന്റെയും ഒപ്പം മഹേശിന്റെയും അതിദീര്‍ഘമായ കത്തുകളും നോട്ടുപുസ്‌തകക്കുറിപ്പുകളുമാണ് അഭയാര്‍ഥികളിലെ ചരിത്ര, രാഷ്‌ട്രീയ നിലപാടുകളെ പൂരിപ്പിക്കുന്ന ഘടകം. നാടകം പോലെ കല്‍പന ചെയ്യപ്പെടുന്ന രണ്ടു പാഠങ്ങള്‍തന്നെ ഈ നോവലിലുണ്ട്. ധാരാളം കവിതകളും. മുന്‍പുതന്നെ ചെറുകഥകളായെഴുതപ്പെട്ട 'ഒടിയുന്ന കുരിശിലെ' അരഡസനോളം രചനകളും പലരൂപത്തില്‍ അഭയാര്‍ഥികളിലുണ്ട്. ചരിത്രത്തെയും ഇതര ജ്ഞാനമണ്ഡലങ്ങളെയും രേഖകളാക്കുന്ന ആധുനികതയുടെ ആഖ്യാനരൂപമെന്ന നിലയില്‍ മേല്‍പറഞ്ഞ സാഹിത്യ, സാഹിത്യേതര പാഠങ്ങളോരോന്നും ചേര്‍ന്നാണ് നോവലിന്റെ ആശയലോകത്തെ നിര്‍മിച്ചെടുക്കുന്നത്.
'മരണസര്‍ട്ടിഫിക്കറ്റി'ല്‍ പുസ്‌തകങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കല്ല, ഒരു ലൈബ്രറിയായിത്തന്നെ സന്നിഹിതമാകുന്നു. ഭരണകൂടാധികാരത്തിന്റെ ചിഹ്നമായി മരണസര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ ഊരാക്കുടുക്കിനെ പ്രതിനിധാനം ചെയ്യുന്നത് പുസ്‌തകങ്ങളാണ്. ഇടനാഴിയും ഷെല്‍ഫുകളും പുസ്‌തകങ്ങളും നിറഞ്ഞ ലൈബ്രറിയാകട്ടെ, ബോര്‍ഹെസിയന്‍ ഭാവനയിലെന്നപോലെ ആധുനികലോകത്തിന്റെ തന്നെ സൂചകമാകുന്നു.
'മരുഭൂമി'കളില്‍ ജയില്‍ റിക്കാര്‍ഡുകളും പ്രിസണര്‍ സര്‍ട്ടിഫിക്കറ്റുകളുമാണ് പ്രാഥമിക സൂചകങ്ങള്‍. പത്രവാര്‍ത്തകളുടെ വലിയൊരു ലോകം ആള്‍ക്കൂട്ടത്തിലെന്നപോലെ വര്‍ത്തമാനകാല ലോകത്തിന്റെ പ്രതിനിധാനങ്ങളായി നിലനില്‍ക്കുന്നു. 'സ്റേറ്റ്സ്‌മാന്‍' പത്രം പുറത്തുകൊണ്ടുവന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഈ നോവലിന്റെ പശ്ചാത്തലവുമാണ്. അതേസമയം രണ്ടുപുസ്‌തകങ്ങള്‍ (കൌടില്യന്റെ 'അര്‍ഥശാസ്‌ത്രം', ഏലിയാസ് കാനെറ്റിയുടെ ‘Crowd and Power’) മരുഭൂമികളുടെ ആശയാടിത്തറയും സംവാദഭൂമികയും ഒരുക്കുന്നു.
'ഗോവര്‍ധന്റെ യാത്രകള്‍' ഒരു പുസ്‌തകത്തില്‍ നിന്നാരംഭിച്ച് ഒരുപാടു പുസ്‌തകങ്ങളിലൂടെ മുന്നേറുന്ന രചനയാണ്. എന്നുമാത്രമല്ല, ചരിത്രത്തില്‍നിന്ന് എഴുത്തുകാരും പുസ്‌തകങ്ങളില്‍നിന്ന് കഥാപാത്രങ്ങളും ഇറങ്ങിവന്ന് ഗോവര്‍ധന്റെ യാത്രകളില്‍ പങ്കുചേരുകയും ചെയ്യുന്നു. ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ 'അംധേര്‍നഗരി ചൌപട് രാജ' എന്ന നാടകത്തില്‍ നിന്നാണ് ഗോവര്‍ധനെങ്കില്‍ ചിത്രഗുപ്‌തന്‍ മുതല്‍ സത്യകാമന്‍ വരെയും നചികേതസ് മുതല്‍ ഉമ്റാവ് ജാന്‍ വരെയുമുള്ളവര്‍ മറ്റു കൃതികളില്‍ നിന്നാണെന്നുമാത്രം. ഭാരതേന്ദു ആഖ്യാനത്തിന്റെ നിമിത്തമാകുന്നുവെങ്കില്‍ കാളിദാസനും ശങ്കരാചാര്യരും മിര്‍സാ ഗാലിബും മിര്‍സാ മുഹമ്മദ് റുസ്വയും അമീര്‍ ഖുസ്രുവും സര്‍മദുമുള്‍പ്പെടെയുള്ള എഴുത്തുകാര്‍ അവരുടെ കൃതികളുമായി വന്ന് ആഖ്യാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നു. എഴുത്തിന്റെ ആദിരൂപം മുതല്‍ ആധുനികാനന്തര പ്രതിനിധികള്‍ വരെ കൃതികളില്‍നിന്നു കാലത്തിലേക്കും തിരിച്ചും നടത്തുന്ന യാത്രകളിലൂടെയാണ് ഗോവര്‍ധന്‍ ചരിത്രത്തില്‍ ഇടപെടുന്നത്. എല്ലാ അര്‍ഥത്തിലും പുസ്‌തകങ്ങളുടെ അപനിര്‍മാണമാണ്. ഏറ്റവും മൂര്‍ത്തമായി സംഭവിക്കുന്ന 'ഗോവര്‍ധന്റെ യാത്രകളില്‍' നീതിക്കുവേണ്ടി ശബ്ദിക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ചെയ്‌ത പുസ്‌തകങ്ങളെ ചരിത്രത്തിന്റെ പാഠരൂപങ്ങളായിത്തന്നെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്.
എഴുത്തിന്റെയും വായനയുടെയും കൃതിയുടെയും കര്‍ത്താവിന്റെയും ധര്‍മസംഘര്‍ഷങ്ങളിലൂടെ ചരിത്രത്തിന്റെ സന്ദിഗ്ധതകള്‍ നേരിട്ടേറ്റെടുക്കുകയാണ് 'വ്യാസനും വിഘ്നേശ്വരനും'. ചരിത്രത്തില്‍നിന്ന് സാഹിത്യത്തിലേക്കും യാഥാര്‍ഥ്യത്തില്‍നിന്ന് ഭാവനയിലേക്കുമുള്ള സ്ഥലകാലങ്ങളുടെ ദൂരം മറികടക്കുന്ന വിസ്‌മയകരമായ ഒരു കൃതിയായി ഈ രചനയെ കാണാം. കൃതിയെ കാലത്തിന്റെ പാഠരൂപമാക്കുന്ന അപൂര്‍വഭാവന.
'അപഹരിക്കപ്പെട്ട ദൈവങ്ങള്‍' മുഖ്യമായും അമന്റെ കവിതകള്‍ കൊണ്ടാണ് ആഖ്യാനം ചെയ്യപ്പെടുന്നതെങ്കിലും ഗണേശനെയും നസീമയെയും വേട്ടയാടുന്ന ഒരുനിര പുസ്‌തകങ്ങള്‍ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. 'സംഹാരത്തിന്റെ പുസ്‌തക'മാകട്ടെ സംഹാരത്തെ ഒരു ശാസ്‌ത്രവും ജ്ഞാനവും തത്വചിന്തയും ആചാരവും മതവുമാക്കിമാറ്റുന്ന പുസ്‌തകങ്ങളുടെ പുസ്‌തകം തന്നെയാണ്.
നാളിതുവരെ ഓരോ കൃതിയിലും ആനന്ദ് അടിസ്ഥാനമാക്കുന്നത് മൂന്നോ നാലോ പുസ്‌തകങ്ങളുടെ ആശയസ്വാധീനവും വിശകലനങ്ങളുമാണെങ്കില്‍ 'വിഭജനങ്ങ'ളിലേക്കെത്തുമ്പോള്‍ സ്ഥിതി മാറുന്നു. പുസ്‌തകങ്ങളെക്കുറിച്ചുള്ള പുസ്‌തകം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിധം ഓര്‍മയെ ചരിത്രവല്‍ക്കരിക്കുന്ന മുപ്പതോളം പുസ്‌തകങ്ങളിലൂടെയാണ് 'വിഭജനങ്ങ'ളുടെ ആഖ്യാനം പൂര്‍ത്തിയാകുന്നത്. ലൈബ്രറിയിലും ക്ളാസിക്കല്‍ കൃതികളിലും നിന്ന് പുസ്‌തകശാലയിലേക്കും പ്രസാധനചരിത്രത്തിലേക്കും വഴിമാറുന്നു, വിഭജനങ്ങളിലെ അക്ഷരലോകം. ശാസ്‌ത്രവും തത്വചിന്തയും ചരിത്രവും ഭൂമിശാസ്‌ത്രവും നോവലും രാഷ്‌ട്രീയവും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍പെട്ട കൃതികളുടെ ആശയമണ്ഡലങ്ങള്‍ വിഭജനങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നു. പാരിസ്ഥിതിക രാഷ്‌ട്രീയത്തിന്റെ മേഖലയില്‍ എഴുതപ്പെട്ടവയാണ് 'പരിണാമത്തിന്റെ ഭൂതങ്ങ'ളില്‍ പരാമര്‍ശിക്കപ്പെടുന്ന പുസ്‌തകങ്ങളില്‍ പലതും. സംസ്‌കാരത്തിന്റെ രീതിശാസ്‌ത്രവും നീതിസാരവുമായി ഈ പുസ്‌തകങ്ങളിലെ വാക്കുകള്‍ രൂപം മാറുന്നു. ഉദയപൂരില്‍നിന്നും മടങ്ങുമ്പോള്‍ റയില്‍വേ സ്‌റ്റേഷനില്‍നിന്നും വാങ്ങി തീവണ്ടിയിലിരുന്നു ശ്യാം വായിക്കുന്ന പുസ്‌തകത്തില്‍ തുടങ്ങി 'മണ്ണും പൊടിയും' എന്ന പ്രബന്ധത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന അമേരിക്കന്‍ പാരിസ്ഥിതിക ചരിത്രങ്ങള്‍വരെ, ആനന്ദിന്റെ ആഖ്യാനങ്ങളില്‍ ആധുനികതയുടെ ലോകബോധങ്ങളെ നിര്‍മിക്കുകയും അപനിര്‍മിക്കുകയും ചെയ്യുന്ന പുസ്‌തകങ്ങളുടെ ഒരു വലിയ ലോകം തന്നെയുണ്ട്. ഓരോ കൃതിയിലും ആനന്ദ് അവതരിപ്പിക്കുന്ന ചരിത്രബോധം, മനുഷ്യവീക്ഷണം, സാമൂഹികദര്‍ശനം എന്നിവയൊക്കെ നിര്‍ണയിക്കുന്നതില്‍ പുസ്‌തകങ്ങളായി സഞ്ചയിക്കപ്പെടുന്ന ജ്ഞാനശാസ്‌ത്രങ്ങള്‍ക്കുള്ള സ്വാധീനം മാത്രമല്ല ഇതു വെളിപ്പെടുത്തുന്നത്. എഴുത്തിന്റെയും വായനയുടെയും പുസ്‌തകത്തിന്റെയും സംസ്‌കാരത്തിലൂടെ മുന്നോട്ടു സഞ്ചരിച്ച ആധുനികതയുടെ ഭാവുകത്വവിചാരങ്ങളുടെ നിരന്തരമായ പ്രശ്‌നവല്‍ക്കരണം കൂടിയാണ്.
ഒരെഴുത്തുകാരന്റെ രചനാജീവിതത്തില്‍ ഇടമുറിഞ്ഞും വഴിപിരിഞ്ഞും രൂപപ്പെടുന്ന ഭാവുകത്വങ്ങള്‍ ചിലപ്പോഴെങ്കിലും ആ ഭാഷയിലെ സാഹിത്യത്തിന്റേതെന്നതിനെക്കാള്‍ അയാള്‍ നിലനില്‍ക്കുന്ന സമൂഹത്തിന്റെ രാഷ്‌ട്രീയജീവിതചരിത്രമായി മാറാറുണ്ട്. സമീപകാല മലയാളപശ്ചാത്തലത്തില്‍ ഇത്തരമൊരു സ്ഥാനം അടയാളപ്പെടുത്തിയ എഴുത്തുകാരില്‍ പ്രമുഖനാണ് ആനന്ദ്. ഭാവനാത്മക ജീവിതത്തെക്കാള്‍ പ്രതിബദ്ധതയും പ്രാധാന്യവും സാമൂഹികജീവിതത്തിനു കല്‍പിക്കുന്ന എത്ര മലയാളി എഴുത്തുകാരുണ്ട് എന്നാലോചിക്കുന്നത് ആധുനികതയുടെ ഒരു പൊളിച്ചെഴുത്തിനു നമ്മെ സഹായിക്കാതിരിക്കില്ല. അറുപതുകളിലെ ചരിത്രനിഷ്‌ഠമായ സ്വത്വാന്വേഷണവും എഴുപതുകളിലെ മാനവികതയിലൂന്നിയ രാഷ്‌ട്രീയ തീക്ഷ്‌ണതയും എണ്‍പതുകളിലെ ആധുനികതയെ പുനര്‍വായിച്ച ചരിത്രബോധവും തൊണ്ണൂറുകളിലെ നീതിക്കുവേണ്ടിയുള്ള സമരബോധവും കൊണ്ട് ആനന്ദിന്റെ കൃതികള്‍ മലയാളത്തില്‍ അടയാളപ്പെടുത്തുന്നത് സമാനതകളില്ലാത്ത സാമൂഹ്യബോധത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത മനുഷ്യവിശ്വാസത്തിന്റെയും പ്രഖ്യാപനങ്ങളാണ്. ചരിത്രയാഥാര്‍ഥ്യങ്ങളില്‍ നിലയുറപ്പിക്കുന്നതും സാഹിത്യം എന്ന നിലയിലോ ഭാഷാപ്രയോഗം എന്ന നിലയിലോ ആഖ്യാനം എന്ന നിലയിലോ യഥേഷ്‌ടം പരിഗണിക്കാവുന്നതുമായ ഒന്നായി ആനന്ദിന്റെ കൃതികള്‍ മാറുന്നു. ഭിന്നങ്ങളായ പ്രത്യയശാസ്‌ത്രങ്ങള്‍ (മുതലാളിത്തം, സാമ്രാജ്യത്വം, മാനവികത എന്നിങ്ങനെ) വിശകലനവിധേയമാക്കിയും വിവിധ രീതിശാസ്‌ത്രങ്ങള്‍ (മാര്‍ക്‌സിസ്‌റ്റ്, ഫെമിനിസ്‌റ്റ്, പോസ്‌റ്റ്- കൊളോണിയല്‍ എന്നിങ്ങനെ) സമന്വയിപ്പിച്ചും ഇവയുടെ ആഖ്യാനം മുന്നോട്ടുപോകുന്നു. ആധുനികത ചിട്ടപ്പെടുത്തിയ ഗണ, രൂപ വിഭജനങ്ങളെയും വിവേചനങ്ങളെയും മറികടന്നുകൊണ്ട് സംസ്‌കാരത്തിന്റെ മുഴുവന്‍ വൈരുധ്യങ്ങളെയും അവ സ്വായത്തമാക്കുന്നു. ചരിത്രം, പ്രതിനിധാനം, കര്‍തൃത്വം, പ്രത്യയശാസ്‌ത്രം തുടങ്ങിയ സങ്കല്‍പനങ്ങളെ അവ നിരന്തരം പ്രശ്‌നവല്‍ക്കരിക്കുന്നു. വ്യത്യസ്‌തങ്ങളും (എകതാനതയ്‌ക്കെതിരെ) പ്രാദേശികങ്ങളും (ദേശീയതയ്‌ക്കെതിരെ) കീഴാളങ്ങളും (വരേണ്യതയ്‌ക്കെതിരെ) സവിശേഷങ്ങളും (സാര്‍വലൌകികതയ്‌ക്കെതിരെ) ആയ പലതിനെയും അവ പുനഃസൃഷ്‌ടിക്കുന്നു. എഴുത്തും ചരിത്രവും സംസ്‌കാരവും പ്രതിനിധാനം ചെയ്യുന്ന മനുഷ്യാവസ്ഥകള്‍ക്കും മൂല്യങ്ങള്‍ക്കും അവ യുക്തിയുടെയും നൈതികതയുടെയും ഊടുംപാവും നെയ്‌തു നല്‍കുന്നു.
*****
ഷാജി ജേക്കബ്, ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി, കാലടി, എറണാകുളം
കടപ്പാട് : ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010
അധിക വായനയ്‌ക്ക് :
1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍
Sunday, September 26, 2010
എഴുത്ത്, ചരിത്രം, സംസ്‌കാരം
Labels:
ആനന്ദ്,
ഗ്രന്ഥാലോകം,
പുസ്‌തകം,
വായന,
സാസ്കാരികം,
സാഹിത്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment