സൌമ്യദാസന് ഉണര്‍ന്നില്ല. കാരണമയാള്‍ ഉറങ്ങിയിരുന്നില്ല. മുന്‍പെങ്ങോ പാതിയെഴുതി നിര്‍ത്തിയ തിരക്കഥ പൂരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു രാത്രിമുഴുവന്‍. പുലര്‍ച്ചക്കോഴിയുടെ കൂവലിന് അല്പം മുമ്പാണ് ഉറങ്ങാന്‍ കിടന്നത്. ശരീരം ഗാഢനിദ്രയ്ക്ക് തയാറാണെങ്കിലും മനസ്സ് അതിനു സന്നദ്ധമല്ല. ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത സങ്കീര്‍ണമായ ഒരു സ്വപ്നത്തിന്റെ തടവറയിലായിരുന്നു മനസ്സ്.
സൂര്യന്‍ കിഴക്കുദിച്ചു. ഇളം ചൂടുള്ള മഞ്ഞരശ്മികള്‍ സൌമ്യദാസന്റെ വാടകവീട്ടിനുള്ളിലേക്ക് കിനിഞ്ഞിറങ്ങി. പ്രഭാതത്തിന്റെ വിളി സൌമ്യദാസനുണ്ടായി. 'എഴുന്നേല്‍ക്ക്' മനസ്സ് മന്ത്രിച്ചു. ശരീരം ആത്മാവിന്റെ നിര്‍ദേശത്തെ സ്വീകരിക്കാതെ അജ്ഞാതനായ പ്രതിയോഗിയോട് യുദ്ധംചെയ്തു. ഒടുവില്‍ മെല്ലെ എഴുന്നേറ്റു. നല്ല ഉറക്കച്ചടവ്. കണ്ണുകള്‍ വീങ്ങി. നല്ല തലവേദന. സമയം എട്ടുമണി.
പത്രപാരായണത്തോടുകൂടിയാണ് സൌമ്യദാസന്റെ പകല്‍ ആരംഭിക്കുന്നത്. ജീര്‍ണിച്ചുതുടങ്ങിയ പുരയുടെ വാതില്‍ മെല്ലെ തുറന്നു. വാതിലിന്റെ ദയനീയ വിലാപം. നീളന്‍ വരാന്തയുടെ പല ഭാഗത്തായി പുഴക്കരയില്‍ കിട്ടാന്‍ സാധ്യതയുള്ള പത്രങ്ങള്‍ ചിതറിക്കിടക്കുന്നു. കൂടെ ചില പുസ്തക പ്രസിദ്ധീകരണങ്ങള്‍. ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ തലക്കെട്ട് കണ്ട് സൌമ്യദാസന്‍ ഞെട്ടി.
'നിഷേധത്തിന്റെ കനല്‍ എരിഞ്ഞടങ്ങി.'
പത്രത്തിന്റെ അരപ്പേജ് കവര്‍ന്നെടുത്ത് തന്റെ ഒരുഗ്രന്‍ ഫോട്ടോ, എഴുത്തുകാരന്റെ സ്ഥാന ചിഹ്നങ്ങളോടെ, മദ്യലഹരിയില്‍ പുഴക്കരയുടെ അഗാധതയിലേക്ക് നോക്കിനില്‍ക്കുന്ന ചിത്രം. സൌമ്യദാസന്‍ വാര്‍ത്തയിലേക്ക് കണ്ണോടിച്ചു.
'നിഷേധത്തിന്റെ കനല്‍വഴികളിലൂടെ ഏകനായി സഞ്ചരിച്ച മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സൌമ്യദാസന്‍ ഓര്‍മയായി. പേരും പ്രവൃത്തിയും തമ്മിലുള്ള അന്തരം തന്റെ കൃതികളിലും ജീവിതത്തിലും ആവിഷ്ക്കരിച്ച സൌമ്യദാസന്‍ സ്വവര്‍ഗരതിക്കാരുടെയും വ്യഭിചാരികളുടെയും അപ്പോസ്ത്തലനായി വാഴ്ത്തപ്പെടുന്നു.....'
തുടര്‍ന്നുള്ള ഭാഗം വായിക്കാന്‍ സൌമ്യദാസന് സാധിച്ചില്ല. രക്തയോട്ടം നിലച്ചതുപോലെ ഭീകരമായ ഭയം സൃഷ്ടിച്ച ശാന്തത.
വായനക്കാരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്തുള്ള പത്രം കരങ്ങളിലെടുത്തു. തെരുവില്‍നിന്നു പ്രസംഗിക്കുന്ന ചിത്രം മുന്‍പേജില്‍ കളറില്‍ അച്ചടിച്ചിട്ടുണ്ട്. പശ്ചാത്തലത്തില്‍ സ്വവര്‍ഗരതിക്കാരും ലൈംഗികതൊഴിലാളികളും.
'എഴുത്തു വഴികളിലെ ധിക്കാരി ചരിത്രമായി.'
വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കാനാകാതെ സൌമ്യദാസന്‍ വരാന്തയില്‍ തളര്‍ന്നിരുന്നു. അല്പസമയത്തെ സംഭ്രമത്തിനുശേഷം ചിതറിക്കിടക്കുന്ന മുദ്രണങ്ങളെ ചവുട്ടിമെതിച്ച് ചില പത്രങ്ങളുമായി അകത്തേക്ക് പോയി. പഴകിയ അലമാരയിലെ നിറംമങ്ങിയ കണ്ണാടിയില്‍ നോക്കി, തന്റെതന്നെ ചിത്രമാണ് പത്രത്തില്‍ അച്ചടിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തി.
സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ സൌമ്യദാസന്‍ പത്രമോഫീസുകളിലേക്ക് ഫോണ്‍ ചെയ്തു. എല്ലാ കോളുകളും ബിസി. അല്ലെങ്കില്‍ പരിധിക്കുപുറത്ത്. ഉന്മാദത്തിന്റെ അവസ്ഥയില്‍ അയാള്‍ മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞു. പിന്നീട് ചിതറിത്തെറിച്ച ഫോണിനെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു. ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചപ്പോള്‍ പ്രതീക്ഷയോടെ ഓടിച്ചെന്നു. അങ്ങേത്തലയ്ക്കലെ ശബ്ദത്തോട് അട്ടഹസിച്ചു.
"ഇതു ഞാനാണ് സൌമ്യദാസന്‍.....''
"അറിയില്ല്യേ... എഴുത്തുകാരന്‍ സൌമ്യദാസന്‍....''
"അല്ല.... ഞാന്‍ ദാസനല്ല.. സൌമ്യദാസനാണ്... എഴുത്തുകാരന്‍...... എനിക്കു താങ്കളെ കബളിപ്പിക്കേണ്ട കാര്യമൊന്നുമില്ലല്ലോ......''
"ഞാന്‍..... മരിച്ചിട്ടില്ല.... അതെല്ലാം കള്ളത്തരങ്ങളാണ്.....''
".....വട്ട് നിന്റപ്പനാ.....''
"നാശം.....നീയൊന്നും കൊണം പിടിക്കത്തില്ല......''
അജ്ഞാത ശബ്ദത്തെ ശപിച്ചുകൊണ്ട് ഫോണ്‍ വച്ചു.
സൌമ്യദാസന്‍ പുഴക്കരക്കവലയിലേക്കിറങ്ങാന്‍ തിടുക്കപ്പെട്ടു.
അതിനുമുമ്പ് തനിക്ക് രൂപഭേദമൊന്നും വന്നിട്ടില്ലെന്ന് കണ്ണാടിയിലും, വീട്ടിലുള്ള ഫോട്ടോകളിലും നോക്കി ഉറപ്പുവരുത്തി. സ്ഥൂല ശരീരം, നീളന്‍ മുടി, നരച്ചുതുടങ്ങിയ ദീക്ഷ, അലസമായ ജൂബ്ബ, നിറംമങ്ങിയ പാന്‍സ്, തേഞ്ഞ വള്ളിച്ചെരുപ്പ്.... കരിവാളിച്ച മുഖത്തെ രണ്ടു പല്ലുകള്‍ ഒടിഞ്ഞതാണ്. വടുക്കള്‍നിറഞ്ഞ മുഖം കാഴ്ചയില്‍ അറപ്പുളവാക്കും. സൌമ്യദാസന്‍ കണ്ണാടിയെ നോക്കി ചിരിച്ചു. ആ ചിരി കണ്ട് അയാള്‍ക്ക് ഉള്‍ക്കിടിലമുണ്ടായി.
പുഴക്കരയിലെ വരത്തനാണ് സൌമ്യദാസന്‍. ഏകാഗ്രതയ്ക്കുവേണ്ടി പുഴക്കരയുടെ തിരക്കൊഴിഞ്ഞ മൂലയിലാണ് താമസം. എങ്കിലും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ സഹവാസംകൊണ്ട് ഇവിടെ ഒരു പരിചിതത്വം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പക്ഷേ ഇന്ന് എല്ലാം തനിക്ക് അപരിചിതമായതുപോലെ.പത്രക്കാരന്‍ പയ്യന്‍ ശരവണന്‍ സൌമ്യദാസന് അഭിമുഖമായി സൈക്കിളില്‍ വന്നു. സൌമ്യദാസന്‍ ശരവണന് വഴിവിലക്കി ദേഷ്യത്തോടെ അലറി.
"......ടാ....ശരവണാ.......''
ഉറഞ്ഞുതുള്ളിനില്‍ക്കുന്ന കഥാകാരനെക്കണ്ട ശരവണന്റെ മുഖം ചോദ്യചിഹ്നംപോലെയായി. അടുത്ത നിമിഷമത് വലിഞ്ഞുമുറുകി. പിന്നീട് പൊട്ടിത്തെറിച്ചു. "ഹെന്റെമ്മോ''.... ശരവണന്‍ സൈക്കിളുപേക്ഷിച്ച് തിരിഞ്ഞോടി. വിതരണത്തിന് ശേഷിച്ച പത്രങ്ങളിലും സൌമ്യദാസന്‍ തന്റെ മരണവാര്‍ത്ത ദര്‍ശിച്ചു.
വന്‍ ചതിയുടെ പിന്നിലെ വക്രബുദ്ധിയെക്കുറിച്ചാലോചിച്ചപ്പോള്‍ ശ്രീവത്സനിലാണ് സൌമ്യദാസന്‍ എത്തിച്ചേര്‍ന്നത്. പുഴക്കരയുടെ സ്വയം പ്രഖ്യാപിത കഥാകൃത്ത് ശ്രീവത്സന്‍, തന്റെ ആഗോള പ്രശസ്തിയില്‍ അസൂയപ്പെട്ട് തന്നെ താറടിക്കാന്‍ നടത്തുന്ന നീക്കങ്ങളാണോ ഇതൊക്കെ. ഇത്ര നാളും പരദൂഷണം പറഞ്ഞുനടക്കുന്ന ശല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒറ്റയടിപ്പാതയിലൂടെ പുഴക്കരചന്തയിലേക്ക് ധൃതിയില്‍ സൌമ്യദാസന്‍ നടന്നു. പുഴക്കര അമ്മിണിയുടെ വരവ് ദൂരെ നിന്നുകണ്ടപ്പോള്‍ അയാള്‍ക്കൊരു ആശ്വാസം തോന്നി. 'സെക്സ് വര്‍ക്കേഴ്സ് യൂണിയന്‍' പുഴക്കര യൂണിറ്റ് സെക്രട്ടറികൂടിയാണ് മധ്യവയസ്കയും തടിച്ചിയുമായ അമ്മിണി. കുറെ ആടുകളെയും നയിച്ചുകൊണ്ടാണ് അമ്മിണി വരുന്നത്.
"അമ്മിണിക്കുട്ടീ......''
സൌമ്യദാസന്‍ സ്നേഹത്തോടെ ഈണത്തില്‍ നീട്ടി വിളിച്ചു. സൌമ്യദാസനെ കണ്ട അമ്മിണി നടുങ്ങി. അടുത്ത നിമിഷം കൈയിലിരുന്ന അരിവാള്‍ വായുവില്‍ ചുഴറ്റി ഭീഷണിയുടെ സ്വരത്തില്‍ സൌമ്യദാസനു നേര്‍ക്ക് പാഞ്ഞടുത്തു.
"പോ....പിശാചേ.... പോ... ഇരുമ്പാ കൈയിലിരിക്കുന്നേ....''
തനിക്കേറെ അടുപ്പമുള്ള, തന്റേടിയായ അമ്മിണിയുടെ നിറം മാറ്റം അയാളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജീവരക്ഷയ്ക്കായി മറ്റൊരു നടവഴിയിലൂടെ ഓടി. ഓട്ടത്തിനിടയില്‍ തളര്‍ന്നു നിന്നതൊരു കുടിലിനു മുമ്പില്‍. റേഡിയോ ഉറക്കെ ശബ്ദിക്കുന്നത് കേട്ട സൌമ്യദാസന്‍ കാതോര്‍ത്തു.
".....ആകാശവാണി തീരുവനന്തപുരം -കോഴിക്കോട്, വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍. മലയാള സാഹിത്യത്തിലെ എക്കാലത്തെയും വിവാദനായകന്‍ പത്മശ്രീ സൌമ്യദാസന്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ ഇന്നലെ രാത്രി രണ്ടുമണിക്ക് തൈക്കാട് ശ്മശാനത്തില്‍ സംസ്കരിച്ചു. തന്റെ ആഗ്രഹംപോലെ രാത്രിയിലാണ് മൃതദേഹം അടക്കം ചെയ്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമുള്‍പ്പെടെ, കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹിത്യ മേഖലയില്‍നിന്നുള്ളവരും, നൂറുകണക്കിന് ആരാധകരുമടങ്ങുന്ന......''
ആകാശവാണിയോട് വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട്, കാലുകള്‍ അമര്‍ത്തിച്ചവുട്ടി, മണ്ണ് തെറിപ്പിച്ചുകൊണ്ട്സൌമ്യദാസന്‍ മുമ്പോട്ട് നീങ്ങി. അയാളുടെ ചിന്തകള്‍ മുറിഞ്ഞു. ദരിദ്രനും ഏകാകിയുമായ ശ്രീവത്സന് തന്റെ മരണം രേഖപ്പെടുത്തിയ പത്രങ്ങള്‍ (പുഴക്കരയില്‍ വിതരണം ചെയ്യാനുള്ളതത്രയും) അച്ചടിക്കാനുള്ള സാമ്പത്തികമില്ല. വീട്ടുകാരും നാട്ടുകാരും തള്ളിക്കളഞ്ഞ ശ്രീവത്സന് ആരുടേയും സഹായം ലഭിക്കാനുള്ള സാധ്യതയില്ല. തന്നെ പരിഹസിച്ചു നടക്കുന്ന ശ്രീവത്സന്റെ അസ്ഥിത്വം താനാണ്... കുതന്ത്രങ്ങളുടെ പിന്നില്‍ ശ്രീവത്സനാകാന്‍ തരമില്ല. പിന്നെയാര്? ആശയക്കുഴപ്പം മൂര്‍ച്ഛിച്ചു.
ഒറ്റയടിപ്പാത കഴിയാറായി. റോഡിലേക്കിറങ്ങിയാല്‍ ധാരാളം ആളുകളെ അഭിമുഖീകരിക്കണം. അവരുടെ പ്രതികരണം പ്രവചിക്കാനാകാതെ സൌമ്യദാസന്‍ കുഴങ്ങി. സത്യവും മിഥ്യയും വേര്‍തിരിക്കാനാവാത്ത അവസ്ഥ.
തനിക്കു മുന്‍പേ ഇടവഴിയിലൂടെ പോകുന്ന ഒരാളെ സൌമ്യദാസന്‍ കണ്ടു. തണുപ്പിനെ പ്രതിരോധിക്കാനുള്ള കുപ്പായങ്ങളും, സെറ്റ്വറും ധരിച്ചിട്ടുണ്ട്. കഴുത്തില്‍ മഫ്ളര്‍ ചുറ്റിയിരിക്കുന്നു. കൈയിലൊരു തുണിസഞ്ചി. പ്രഭാതനടത്തക്കാരനല്ല. ദൂരയാത്ര കഴിഞ്ഞുവരുന്ന വ്യക്തിയാണെന്ന് എഴുത്തുകാരന്റെ നിരീക്ഷണബുദ്ധി കണ്ടുപിടിച്ചു.
സ്വരം മാറ്റി സൌമ്യദാസന്‍ വിളിച്ചുചോദിച്ചു.
"സാര്‍.... അങ്ങെവിടെപ്പോയതാ.....''
ഗൌരവഭാവം വിടാതെ എന്നാല്‍ സംഭാഷണത്തില്‍ ദുഃഖഭാവം കലര്‍ത്തി വഴിയാത്രക്കാരന്‍ പറഞ്ഞു.
"......താങ്കളറിഞ്ഞില്ലേ?... നമ്മടെ സൌമ്യദാസന്‍ ഓര്‍മയായി. പുഴക്കരയുടെ അനുശോചനമറിയിക്കാന്‍ തിരുവനന്തപുരത്തുപോയിട്ടു വരുന്ന വഴിയാ....''
സൌമ്യദാസനിത് പുതിയൊരു വാര്‍ത്തയായിരുന്നു. ഫലത്തില്‍ ആകാശവാണി വാര്‍ത്തയുടെ സ്ഥിരീകരണം. പുഴക്കരയുടെ അപ്പുറം തന്റെ വിയോഗ വാര്‍ത്ത പടര്‍ന്നിരിക്കുന്നു. മാത്രമല്ല തന്റെ മൃതദേഹവും അടക്കം ചെയ്തിരിക്കുന്നത്രേ...
സൌമ്യദാസന് താന്‍ അന്ധനാകുന്നതായി അനുഭവപ്പെട്ടു. ശരീരഭാരം ലഘൂകരിക്കപ്പെടുന്നതുപോലെ... പിന്നില്‍നിന്ന് പ്രതികരണം ഒന്നും ഇല്ലാതിരുന്നതുകൊണ്ട് വഴിയാത്രക്കാരന്‍ തിരിഞ്ഞുനോക്കി. അവ്യക്തമായ കാഴ്ചശക്തിയില്‍ സൌമ്യദാസന്‍ ശ്രീവത്സനെ കണ്ടു. പകച്ചുനിന്ന ശ്രീവത്സന്‍ അല്പം കഴിഞ്ഞ് തടി വെട്ടിയിട്ട മാതിരി പിറകോട്ട് മറിഞ്ഞു. ആരും ഈ സംഭവം കണ്ടില്ലെന്ന് ഉറപ്പുവരുത്തിയ സൌമ്യദാസന്‍ ശ്രീവത്സനെ വലിച്ചിഴച്ച് പൊന്തക്കാട്ടില്‍ കൊണ്ടിട്ടു. ശ്രീവത്സന്റെ കുപ്പായങ്ങള്‍ കവര്‍ന്നെടുത്തു.
പ്രധാനവഴിയിലൂടെ നടക്കുന്ന സൌമ്യദാസനെ ഇപ്പോഴാരും തിരിച്ചറിയില്ല. കാരണം മുഖം മുഴുവന്‍ മൂടിക്കെട്ടിയ അവസ്ഥയിലാണ്. വഴിയാത്രക്കാരില്‍ പലരും തന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതു കേട്ടപ്പോള്‍ കഥാകാരന് ആധി പെരുകി. നിരത്തിലെവിടെ നോക്കിയാലും തനിക്ക്ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും ചുമരെഴുത്തുകളും. അപ്പന്റെ ചായക്കടയിലെത്തിയാല്‍ പുഴക്കരയുടെ മൊത്തം വാര്‍ത്തകളറിയാം. പ്രത്യേകിച്ച് ഗോസിപ്പുകള്‍, മാത്രമല്ല എരിവും പുളിയുമുള്ള പുഴക്കരവാര്‍ത്തകളുടെ ഉറവിടം അപ്പന്റെ ചായക്കടയാണ്.
പുഴക്കരക്കിന്ന് പൊതുഅവധി പ്രഖ്യാപിച്ച പ്രതീതി. പതിവിലധികം ആളുകള്‍ ചായക്കടയുടെ മുമ്പിലുണ്ട്. പലകയും ഓലയും ടാര്‍പോളിനുമൊക്കെ ഉപയോഗിച്ചു നിര്‍മിച്ച വലിയൊരു മാടക്കടയുടെ രൂപഭാവമാണ് ചായക്കടയ്ക്ക്. സ്ഥിരം കുറ്റികളില്‍ പലരും കടയുടെ അകത്തും പുറത്തുമായി സ്ഥാനംപിടിച്ച് പലതും പറഞ്ഞു രസിക്കുന്നു. സൌമ്യദാസന്‍ അവരിലൊരാളായി. റോഡരികില്‍ കിടന്ന ഒടിഞ്ഞ ബഞ്ചില്‍ ഇരുന്നു. ചായക്ക് ഓര്‍ഡര്‍ കൊടുത്തു. അര്‍ധനഗ്നനായ അപ്പന്‍ ചായ വായുവിലൂടെ ചുഴറ്റിക്കൊണ്ടിരുന്നു. കടയ്ക്കുള്ളിലിരിക്കുന്ന ടി വിയില്‍ ഈ സമയം ചൂടേറിയ ചര്‍ച്ച നടക്കുകയാണ്.
"......അടുത്ത ചോദ്യം കുന്തല യോഹന്നാനോടാണ്.... സൌമ്യദാസന്റെ വിയോഗം കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് എന്ത് ചലനമുണ്ടാക്കും....''
കുന്തല യോഹന്നാന്‍ വെറുപ്പോടുകൂടി.
".....എന്തുണ്ടാകാന്‍... ഒരു ചുക്കുമുണ്ടാക്കില്ല.....''
ടി വിയിലെ പെണ്‍കുട്ടി ചൂടേറിയ സംവാദത്തിന് ആവശ്യമായ രീതിയില്‍ ശബ്ദത്തിന് ഏറ്റക്കുറച്ചില്‍ വരുത്തിക്കൊണ്ടിരുന്നു.
"...ഹലോ... ഹലോ... സാര്‍ ഞാന്‍ പറേണത് കേക്കാമോ?....''
"ആ....ആാം.....കേക്കാം പറഞ്ഞോളൂ....''
"സൌമ്യദാസന്റെ പിന്‍ഗാമി എന്നവകാശപ്പെട്ടുകൊണ്ട് രംഗപ്രവേശം ചെയ്തവരില്‍ പ്രധാനിയായ ശ്രീവത്സന്‍ ഇപ്പോള്‍ ലൈനിലുണ്ട്.... ശ്രീവത്സന്‍.... സൌമ്യദാസന്റെ മരണം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നാണല്ലോ കുന്തല യോഹന്നാന്‍ അഭിപ്രായപ്പെടുന്നത്... ഇതിനെക്കുറിച്ചെന്താണ് അഭിപ്രായം....''
"അവന്റപ്പന്റെ മരണമാണ് കേരളത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കാത്തത്....''
ശ്രീവത്സന്‍ പൊട്ടിത്തെറിച്ചു.
"കുന്തലയെപ്പോലെ... സദാചാരത്തിന്റെ വൃത്തികെട്ട മുഖമുള്ളവര്‍ മാത്രം സാഹിത്യത്തിന്റെ മുഖ്യധാരയില്‍ കടന്നുവന്നാ മതിയോ? ഇന്നാട്ടിലെ വേശ്യകള്‍ക്കും, സ്വവര്‍ഗരതിക്കാര്‍ക്കും, പീഡിപ്പിക്കപ്പെട്ടവര്‍ക്കും... കഥയുണ്ട്. ആ കഥകളുടെ തമ്പുരാനാണ് അവരിലൊരാളായ സൌമ്യദാസന്‍.....''
സൌമ്യദാസന് ടി വി ചര്‍ച്ചകള്‍ അസഹനീയമായി തോന്നി. ഇതികര്‍ത്തവ്യതാമൂഢനായി അപ്പന്‍ നല്‍കിയ ചായ വിറച്ചുകൊണ്ട് കുടിച്ചു. സൌമ്യദാസന്റെ ശ്രദ്ധ പുറത്തിരുന്ന ആളുകളിലായി. എല്ലാവരും ആവേശത്തോടെ പുഴക്കരയുടെ സ്വന്തം കഥാകൃത്തിനെക്കുറിച്ചു ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ആ ചര്‍ച്ചയില്‍ പങ്കെടുക്കാനായി പുഴക്കരയുടെ പല ഭാഗത്തുനിന്നും ആളുകള്‍ ചായക്കടയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. തനിക്കില്ലാത്ത ഗുണങ്ങളും, നേട്ടങ്ങളും കഴിവുകളും ഒരിക്കല്‍പ്പോലും സങ്കല്പിച്ചിട്ടില്ലാത്ത രീതിയില്‍ പലരും പറയുന്നത് കേട്ട് കഥാകൃത്ത് പുളകിതനായി. പക്ഷേ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ മനസ്സിനെ ഗ്രസിച്ച ഭയം ഇരട്ടിച്ചു.
പ്രിയ കാഥികന്റെ മൃതദേഹം പുഴക്കരയില്‍ മറവ് ചെയ്യാത്തതില്‍, കുറഞ്ഞപക്ഷം പൊതുദര്‍ശനത്തിനെങ്കിലും വയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പുഴക്കരയില്‍ ഹര്‍ത്താന്‍ നടത്താനുള്ള തീരുമാനത്തില്‍ അനൌദ്യോഗികമായി ദേശവാസികള്‍ എത്തിച്ചേര്‍ന്നു.
സൌമ്യദാസന്‍ അദൃശ്യമായ ഏതോ ഒരു ശക്തി നല്‍കിയ ഊര്‍ജത്തില്‍ ചാടി എഴുന്നേറ്റു. തന്റെ മുഖം മൂടി വലിച്ചെറിഞ്ഞു. കര നടുങ്ങുമാറുച്ചത്തില്‍ പറഞ്ഞു.
"പ്രിയപ്പെട്ടവരെ... ഞാന്‍ സാമ്യദാസന്‍, ഇതാ നിങ്ങളുടെ സൌമ്യദാസന്‍ മരിച്ചിട്ടില്ല... ജീവനോടെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നു....''
പുഴക്കരദേശം മുഴുവന്‍ നിശബ്ദമായി.
ചായക്കടയിലെ ആളുകള്‍ ശിലപോലെ.
"എന്താ... ആരുമൊന്നും മിണ്ടാത്തേ....''
നീണ്ടുനിന്ന മൌനത്തെ ഭേദിച്ചു സൌമ്യദാസന്‍ ചോദിച്ചു.
"പ്രേതം....പ്രേതം....പ്രേതം....''
ചിലര്‍ ചായക്കടയുടെ പരിസരത്തുനിന്നും അലറിവിളിച്ചുകൊണ്ട് ഓടി.
"അരുതേ... അരുതേ... ആരുമോടരുത്....''
സൌമ്യദാസന്‍ അവര്‍ക്കു മുമ്പില്‍ അദൃശ്യമായൊരു വലവിരിച്ചു.
".....നോക്കൂ... ഭൂതത്തിന് എനിക്കുള്ളതുപോലെ ശരീരമില്ലല്ലോ....''
വേണമെങ്കില്‍ എന്നെയൊന്നു തൊട്ടുനോക്ക്.... പ്രേതം ചായ കുടിക്കാറില്ലല്ലോ.... ഇതുപോലെ വര്‍ത്തമാനം പറേവോ.....''
ബുദ്ധിമാനായ അപ്പന്‍ ഒരു പാത്രം തിളച്ചവെള്ളം സൌമ്യദാസന്റെ ദേഹത്തൊഴിച്ചു. വേദനകൊണ്ടു പുളഞ്ഞ ശരീരം പൊള്ളിലക്ഷണം നോക്കി അപ്പന്‍ പറഞ്ഞു.
"സൌമ്യദാസന്‍ പറേന്നതിലെന്തോ കാര്യമുണ്ട്....''
അപ്പന്റെ അഭിപ്രായത്തെ ചിലര്‍ പിന്താങ്ങി. സന്ദര്‍ഭത്തിന്റെ പിരിമുറക്കം അയഞ്ഞു. ആശ്വാസംകൊണ്ട് സൌമ്യദാസന്‍ ആവേശത്തോടെ പറഞ്ഞു.
"നോക്കൂ കൂട്ടരേ... യഥാര്‍ഥ സത്യം ഈ ഞാനാണ്... മാധ്യമങ്ങള്‍ കള്ളം പറയുന്നു....''
പുഴക്കര ലൈബ്രറിയുടെ പ്രസിഡന്റ് ഇതിനെ എതിര്‍ത്തു.
"എഴുത്തുകാരാ കള്ളം പറയുന്നത് നീയാണ്... നീ മരിച്ചവനാണ്, കാരണം ഞങ്ങളുടെ മാധ്യമങ്ങള്‍ കള്ളംപറയില്ല.....''
"നൊണ....നൊണ..... ഭൂമിയിലാരോ നൊണ ബോംബ് വര്‍ഷിച്ചിരിക്കുന്നു....''
സൌമ്യദാസന്‍ ഉറഞ്ഞുതുള്ളി.
"പ്രിയ എഴുത്തുകാരാ... ജീവിച്ചിരിക്കുന്ന സൌമ്യദാസന്‍ ഞങ്ങള്‍ക്ക് വെറുക്കപ്പെട്ടവനാണ്. മരിച്ച സൌമ്യദാസന്‍ ഞങ്ങളുടെ പുണ്യവാളനാണ്....''
"നിന്റെ മരണത്തെ ഞങ്ങളാഘോഷിച്ചില്ലേ.....''
"അങ്ങയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാം....''
"സ്മാരകങ്ങള്‍ പണിയാം, പുരസ്കാരങ്ങള്‍ നല്കാം....''
"സമ്പൂര്‍ണ കൃതികള്‍ പുറത്തിറക്കാം.....''
മറുപടികള്‍ നഷ്ടപ്പെട്ട സൌമ്യദാസനുപോലും സംശയം തോന്നി. 'താന്‍ മരിച്ചവനാണോ? ജീവന്റെ ലക്ഷണങ്ങള്‍ തനിക്കില്ലേയെന്ന് സ്വയം പരിശോധിച്ചു. സത്യത്തിന്റെ മറുപുറം മറ്റൊരു സത്യമല്ലേ, ഒരുവേള അയാള്‍ ശങ്കിച്ചു.
ഒരു കല്ല് എങ്ങുനിന്നോ ചീറിപ്പാഞ്ഞു വന്ന് സൌമ്യദാസന്റെ നെറ്റിയില്‍ പതിച്ചു. ചുവന്ന രക്തം മുറിവില്‍നിന്ന് ചീറ്റി. ജീവന്റെ തുടിപ്പുകള്‍ കണ്ട സൌമ്യദാസന്‍ സന്തോഷിച്ചു.
"ഇതാ ചുമന്ന രക്തം.... ഞാന്‍ മരിച്ചിട്ടില്ല....''
അയാളുടെ അവകാശവാദങ്ങള്‍ അവിടെ വിലപ്പോയില്ല. ചായക്കടയില്‍ ഉണ്ടായിരുന്നുവര്‍ സൌമ്യദാസനെ എറിയാന്‍ കല്ലുകളെടുത്തു. ഈ സമയം പുഴക്കരയുടെ പല ഭാഗത്തു നിന്നും അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങള്‍ അപ്പന്റെ ചായക്കട ലക്ഷ്യമാക്കി പാഞ്ഞടുത്തു.
"അവന്‍ മരിച്ചവനാണ്... കൊല്ലവനെ.....''
ജനക്കൂട്ടം ആര്‍ത്തു. അവര്‍ സൌമ്യദാസനെ കല്ലെറിഞ്ഞു. പ്രാണരക്ഷാര്‍ഥം സൌമ്യദാസന്‍ ഓടി. ജനം പിറകെ, മാരകമായി മുറിവേറ്റ കഥാകാരന്‍ കിതച്ചും, കുതിച്ചും പാഞ്ഞു. മരണപ്പാച്ചിലിനിടയില്‍ പലേടത്തും തട്ടി വീണു. എന്നിട്ടും ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ സൌമ്യദാസന്‍ ജീവരക്ഷയ്ക്കായി യാചിച്ചുകൊണ്ട് ഓടി. ജനക്കൂട്ടം പിറകെ തന്നെയുണ്ട്.
*
ബിനു സചിവോത്തമപുരം കടപ്പാട്: ദേശാഭിമാനി വാരിക 04-09-2010
Subscribe to:
Post Comments (Atom)
2 comments:
പത്രപാരായണത്തോടുകൂടിയാണ് സൌമ്യദാസന്റെ പകല്‍ ആരംഭിക്കുന്നത്. ജീര്‍ണിച്ചുതുടങ്ങിയ പുരയുടെ വാതില്‍ മെല്ലെ തുറന്നു. വാതിലിന്റെ ദയനീയ വിലാപം. നീളന്‍ വരാന്തയുടെ പല ഭാഗത്തായി പുഴക്കരയില്‍ കിട്ടാന്‍ സാധ്യതയുള്ള പത്രങ്ങള്‍ ചിതറിക്കിടക്കുന്നു. കൂടെ ചില പുസ്തക പ്രസിദ്ധീകരണങ്ങള്‍. ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ തലക്കെട്ട് കണ്ട് സൌമ്യദാസന്‍ ഞെട്ടി.
'നിഷേധത്തിന്റെ കനല്‍ എരിഞ്ഞടങ്ങി.'
പത്രത്തിന്റെ അരപ്പേജ് കവര്‍ന്നെടുത്ത് തന്റെ ഒരുഗ്രന്‍ ഫോട്ടോ, എഴുത്തുകാരന്റെ സ്ഥാന ചിഹ്നങ്ങളോടെ, മദ്യലഹരിയില്‍ പുഴക്കരയുടെ അഗാധതയിലേക്ക് നോക്കിനില്‍ക്കുന്ന ചിത്രം. സൌമ്യദാസന്‍ വാര്‍ത്തയിലേക്ക് കണ്ണോടിച്ചു.
'നിഷേധത്തിന്റെ കനല്‍വഴികളിലൂടെ ഏകനായി സഞ്ചരിച്ച മലയാളത്തിന്റെ പ്രിയ കഥാകാരന്‍ സൌമ്യദാസന്‍ ഓര്‍മയായി. പേരും പ്രവൃത്തിയും തമ്മിലുള്ള അന്തരം തന്റെ കൃതികളിലും ജീവിതത്തിലും ആവിഷ്ക്കരിച്ച സൌമ്യദാസന്‍ സ്വവര്‍ഗരതിക്കാരുടെയും വ്യഭിചാരികളുടെയും അപ്പോസ്ത്തലനായി വാഴ്ത്തപ്പെടുന്നു.....'
തുടര്‍ന്നുള്ള ഭാഗം വായിക്കാന്‍ സൌമ്യദാസന് സാധിച്ചില്ല. രക്തയോട്ടം നിലച്ചതുപോലെ ഭീകരമായ ഭയം സൃഷ്ടിച്ച ശാന്തത.
ബിനു സചിവോത്തമപുരത്തിന്റെ രചന.
"എഴുത്തുകാരാ കള്ളം പറയുന്നത് നീയാണ്... നീ മരിച്ചവനാണ്, കാരണം ഞങ്ങളുടെ മാധ്യമങ്ങള്‍ കള്ളംപറയില്ല.....''
Post a Comment