Saturday, September 18, 2010

ആരുടെ കോമണ്‍വെല്‍ത്ത്...?

ഒരുകാലത്ത് റോമാ സാമ്രാജ്യത്തെപ്പോലെ ശക്തിയാര്‍ജിച്ച മറ്റു രാഷ്ട്രങ്ങള്‍ ഇല്ലായിരുന്നു. എങ്കിലും അത് തകര്‍ന്നു. എഡ്വേഡ് ഗിബണ്‍ എഴുതിയ 'The Decline and Fall of the Roman Empire' എന്ന മഹാഗ്രന്ഥത്തില്‍ ആ തകര്‍ച്ചയ്ക്കുള്ള നാലു കാരണങ്ങളില്‍ ആദ്യ രണ്ടെണ്ണം ഇവയാണ്. കായികവിനോദങ്ങളിലുള്ള അമിതമായ പ്രതിപത്തി; സ്റ്റേറ്റിന്റെ പണം അതിനുവേണ്ടി ധൂര്‍ത്തടിക്കല്‍. വര്‍ഷംതോറുമുള്ള നികുതി വര്‍ധിപ്പിക്കല്‍.

പഴയ റോമാ സാമ്രാജ്യത്തില്‍ മാത്രമല്ല ഇന്ന് ഇന്ത്യയിലും ഇതൊക്കെ നടക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറിക്കഴിയുമ്പോള്‍ നികുതിവര്‍ധനകൊണ്ട് ഡല്‍ഹി നിവാസികളുടെ നടുവൊടിയുമെന്നുറപ്പാണ്. മാത്രമല്ല, ഓരോ ഭാരതീയനും പ്രത്യക്ഷമായും പരോക്ഷമായും ഈ കോമണ്‍ ധൂര്‍ത്തിന്റെ സാമ്പത്തിക ആഘാതങ്ങള്‍ ഏറെക്കാലത്തേക്ക് താങ്ങേണ്ടിവരും. 2004ല്‍ ഏഥന്‍സില്‍ ഒളിമ്പിക്സ് കഴിഞ്ഞതോടെ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അഗാധമായ സാമ്പത്തികക്കുഴപ്പം നാടിനെയാകെ ഗ്രസിക്കാന്‍പോന്നതാണെന്ന് ഗ്രീക്കുകാര്‍ അനുഭവിച്ചറിയുന്നു.

ഗിബണ്‍ പറഞ്ഞത് സമകാലിക സാഹചര്യത്തിലും എത്രയോ ശരിയാണെന്നതിന്റെ നേര്‍ച്ചിത്രമാണല്ലോ കായികമേലാളന്മാരുടെ ലാഭക്കൊതിയുടെ ബലിയാടായി കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യതലസ്ഥാനം കാഴ്ചവയ്ക്കുന്നത്. ഒക്ടോബര്‍ മൂന്നുമുതല്‍ 14വരെ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരില്‍ പൌരാവകാശങ്ങളും തൊഴിലവ സരങ്ങളും ജീവാവകാശങ്ങളും നിഷേധിച്ച് ജനതയെ കെട്ടുകാഴ്ചകളില്‍ മയക്കിക്കിടത്താനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. 11,494 കോടി രൂപയുടെ ബജറ്റുള്ളതാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. ഭൂരിഭാഗം തുകയും തട്ടിയെടുത്ത ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടും അഴിമതിയിടപാടുകളും ഇന്ത്യന്‍ നികുതിദായകരുടെ പതിനായിരക്കണക്കിനു കോടികളാണ് നഷ്ടമാക്കിയിരിക്കുന്നത്. വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ കോഴയ്ക്കുള്ള സാധൂകരണമായി ഉയര്‍ത്തിക്കാട്ടുകയും അനായാസമായി മന്ത്രിമാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുംചെയ്യുമ്പോള്‍ വലിയ കായികമേളകള്‍ ഏറ്റെടുത്തു നടത്താനുള്ള ഇന്ത്യയുടെ വിശ്വാസ്യതയാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

2003ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിക്കായി ഇന്ത്യ ഒരുക്കം തുടങ്ങിയപ്പോള്‍ കണക്കാക്കിയതിനേക്കാള്‍ പതിനേഴര മടങ്ങ് അധികച്ചെലവാണ് ഇതിനകം സംഭവിച്ചത്. അന്ന് 655 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോഴത് 11,494 കോടിയായി. അതേസമയം, ഗെയിംസില്‍നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം 1708 കോടി രൂപമാത്രം. ചെലവിനത്തില്‍ 6399 കോടി രൂപമാത്രമാണ് സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചത്. സ്റ്റേഡിയങ്ങള്‍ക്ക് 2576 കോടി, നഗരം മോടിപിടിപ്പിക്കാന്‍ 2223 കോടി, മത്സര നടത്തിപ്പിനായി 1620 കോടി എന്നിങ്ങനെയാണ് ചെലവ്. ഇത് ഔദ്യോഗികഭാഷ്യം. എന്നാല്‍, ഗെയിംസ് സംഘാടനത്തിന്റെ ഓരോ ദിവസവും പുറത്തുവരുന്ന അഴിമതിക്കഥകളില്‍നിന്നു വെളിപ്പെടുന്നത് രഹസ്യക്കരാറുകളുടെ ഞെട്ടിക്കുന്ന കഥകളാണ്. ടാക്സിബില്‍ പെരുപ്പിച്ചുകാട്ടുന്നതിനായി സംഘാടകസമിതിയിലെ ഒരു ഉന്നതന്‍ അയച്ച വ്യാജ ഇ-മെയില്‍, സ്റ്റീല്‍ എത്തിക്കുന്നതിനായി അധികൃതര്‍ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റില്‍നിന്ന് കൈകൊണ്ടു ചുരണ്ടിയപ്പോള്‍തന്നെ രാസവസ്തുക്കള്‍ അടര്‍ന്നുമാറിയത്, പരിശോധനപോലും നടത്താതെ ഇലക്ട്രിക്കല്‍ വസ്തുക്കള്‍ക്ക് അനുമതി നല്‍കിയത് ഇങ്ങനെ നീളുന്നു ക്രമക്കേടുകളുടെയും കൂത്തരങ്ങിന്റെയും ഗെയിംസ് കഥകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ സംഘാടകസമിതി അവതരിപ്പിച്ച കണക്കു പ്രകാരം ഗെയിംസ് നടത്തിപ്പിന്റെ ചെലവ് പതിനായിരം കോടിയാണ്. കേന്ദ്ര കായികമന്ത്രാലയം പറയുന്നത്. 11,494 കോടിയാകുമെന്ന്. ഡല്‍ഹി സര്‍ക്കാരിന്റെ 2010ലെ ബജറ്റില്‍ ഗെയിംസിന്റെ അടിസ്ഥാനസൌകര്യ വികസന പദ്ധതികള്‍ക്കുമാത്രം പ്രഖ്യാപിച്ചത് 15,000 കോടിയും. ഇതൊക്കെ ഔദ്യോഗികഭാഷ്യം. എന്നാല്‍, ഗെയിംസ് ചെലവുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വിലയിരുത്തിയ വിവിധ സന്നദ്ധസംഘനകള്‍ നല്‍കുന്ന കണക്കുപ്രകാരം ചെലവ് 30,000 കോടി രൂപയിലേറെ.

സാമ്പത്തികഅച്ചടക്കം കാറ്റില്‍പ്പറത്തി പൊതുപണം വാരിക്കോരി ചെലവിട്ടതിന്റെ ഉത്തരവാദി ആരാണ്. അവര്‍ക്കെതിരെ എന്തു നടപടിയാണ് എടുത്തിരിക്കുന്നത്. ഗെയിംസ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി ഉത്തരവിടുകയും ഗെയിംസ് സംഘാടകസമിതിയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും മന്ത്രിസഭാസമിതി നിലവില്‍വരികയുംചെയ്തെങ്കിലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നെടുനായകനും സംഘാടകസമിതി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ സുരേഷ് കല്‍മാഡിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. എങ്ങനെയെങ്കിലും കായികമേള വിജയിപ്പിച്ചില്ലെങ്കില്‍ ഇന്ത്യന്‍ കായികവേദിക്കുമാത്രമല്ല, രാജ്യത്തിനുതന്നെ വന്‍ തിരിച്ചടിയാകുമെന്നതിനാലാണ് സര്‍ക്കാരിന്റെ ഈ മൃദുസമീപനം. 1982ലെ ഏഷ്യന്‍ ഗെയിംസിനുശേഷം രാജ്യം ആതിഥ്യംവഹിക്കുന്ന ഏറ്റവും വലിയ കായികമാമാങ്കം എന്നു കൊട്ടിഘോഷിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി ദിവസങ്ങള്‍മാത്രമാണ് ബാക്കി. എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കി അവസാന മിനുക്കുപണികള്‍ നടത്തേണ്ട ഈ സമയത്ത് തലസ്ഥാനനഗരിയില്‍ ആകെ കോലാഹലമാണ്. കല്‍മാഡി നേതൃത്വംനല്‍കുന്ന വിവാദ കോലാഹലം ഒരുവശത്തു കൊഴുക്കുമ്പോള്‍ മറുവശത്ത് ഗെയിംസ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം എങ്ങുമെത്താതെകിടക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായവയുടെ അവസ്ഥ പരമ ദയനീയവും.

പതിനായിരം കായികതാരങ്ങള്‍ മാറ്റുരയ്ക്കാനെത്തുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ചൈന രണ്ടുവര്‍ഷംമുമ്പ് ഗംഭീരമാക്കിയ ഒളിമ്പിക്സിനെ കടത്തിവെട്ടുമെന്നായിരുന്നു നമ്മുടെ അവകാശവാദം. മേളയ്ക്കായി ഒരുക്കുന്ന സൌകര്യങ്ങളെല്ലാം ഡല്‍ഹി നഗരത്തിന് എന്നേക്കുമുള്ള സംഭാവനയായിരിക്കുമെന്നും അതിനായി പണം ചെലവഴിക്കുന്നതില്‍ അസ്വസ്ഥതപ്പെടാനില്ലെന്നും ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. അനേകം ഫ്ളൈഓവറുകള്‍, റോഡുകള്‍, മെട്രോ റെയില്‍ പരിഷ്കരണം, പുതിയ ലോകോത്തര വിമാന ടെര്‍മിനല്‍, ആയിരക്കണക്കിന് ലോഫ്ളോര്‍ ബസുകള്‍ ഇവയെല്ലാം ഇന്ദ്രപ്രസ്ഥത്തിന്റെ ഉപരിവര്‍ഗ സ്വപ്നങ്ങള്‍ക്ക് നിറംപകരുന്നു. ഇതിനിടയില്‍ പണിതീരാത്ത റോഡുകളും ഗതാഗതക്കുരുക്കുകളും അഴുക്കുനിറഞ്ഞ ഓടകളും മാലിന്യക്കൂമ്പാരങ്ങളും അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ഏതു വലിയ കാര്യത്തിനും ചില കുറവുകളൊക്കെ കാണുമല്ലോ എന്ന ന്യായവാദമുണ്ടാകാം. എന്നാല്‍, ഒന്നറിയുക. വര്‍ഷങ്ങളായി രാഷ്ട്രീയക്കാരും ഭരണക്കാരും ശ്രമിച്ചിട്ടും നടക്കാതെപോയ ഒരു മഹാകാര്യം ഗെയിംസ് നടത്തിപ്പിലൂടെ സാധ്യമാകുന്നുവത്രേ. ഡല്‍ഹിയിലെ ലക്ഷത്തിലേറെവരുന്ന ചേരി കുടുംബങ്ങളെ നേരിയ ഒരു ഞരക്കംപോലും പുറത്തുകേള്‍പ്പിക്കാതെ നഗരാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ആട്ടിപ്പായിക്കാന്‍ കഴിഞ്ഞിരിക്കുന്നു. 1,60,000ത്തോളം ചേരികുടുംബങ്ങളില്‍ 1,00,000ത്തോളം ജനങ്ങളെ നിര്‍ദാക്ഷിണ്യം അവരുടെ ആവാസകേന്ദ്രങ്ങളില്‍നിന്ന് കുടിയൊഴിപ്പിച്ചു. ബാക്കിയുള്ളവര്‍കൂടി ഉടനടി തൊഴിച്ചിറക്കപ്പെടും. 1484 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ദേശീയതലസ്ഥാനത്ത് ഒന്നരക്കോടി ആളുകള്‍ പാര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. പൊതുസൌകര്യങ്ങളുടെ കാര്യത്തില്‍ ഇവിടം വളരെ മുന്നിലാണ്. അനേകം വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും മറ്റും ഡല്‍ഹിയിലുണ്ട്. രാജ്യത്തെ ഏറ്റവും മുന്തിയ നഗരമെന്ന ഖ്യാതിയുണ്ടെങ്കിലും പാര്‍പ്പിടസൌകര്യമില്ലാത്തവരുടെ കണക്ക് ഞെട്ടിക്കുന്നതാണ്. അതാകട്ടെ ഗെയിംസിനുശേഷം 30 ലക്ഷമാകുമെന്ന് അനൌദ്യോഗിക കണക്കുകള്‍ പറയുന്നു. ഗെയിംസിന്റെ പേരില്‍ തൊഴിലന്വേഷിച്ച് കുടിയേറിയവര്‍ 10 ലക്ഷത്തിലേറെ വരും. 30 ലക്ഷത്തില്‍ എട്ടുലക്ഷത്തോളം ചേരിനിവാസികളും ഒരുലക്ഷത്തോളംവീതം ഭിക്ഷക്കാരും വഴിവഴക്കില്‍ പാര്‍ക്കുന്നവരും ആണ്. ഡല്‍ഹി സര്‍ക്കാരിന്റെ വകയായ 33 രാത്രിപാര്‍പ്പിടങ്ങളില്‍ ഇപ്പോള്‍ത്തന്നെ തെരുവില്‍ക്കഴിയുന്ന മഹാഭൂരിപക്ഷത്തിനും ഇടമില്ല. ഇതിനൊക്കെ പുറമെ കായികമേളയുടെ സൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഇവിടെ ഹോസ്റ്റലുകളില്‍നിന്ന് കുട്ടികളെ കൂട്ടത്തോടെ കുടിയിറക്കുന്നുമുണ്ട്.

ഡല്‍ഹിയില്‍ ഗെയിംസിന്റെ നിര്‍മാണജോലികളിലും മറ്റുമായി 4,15,000 കരാര്‍തൊഴിലാളികളാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും യുപി, ബംഗാള്‍, ബിഹാര്‍, ഒറീസ എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ്. എന്നാല്‍, ഗെയിംസ് അനുബന്ധ പദ്ധതികളില്‍ പണിയെടുക്കുന്ന ഈ തൊഴിലാളികള്‍ക്ക് തൊഴില്‍നിയമങ്ങളുടെ സുരക്ഷയോ കുറഞ്ഞ വേതന പരിരക്ഷയോ കിട്ടുന്നില്ല. പത്തുംപന്ത്രണ്ടും മണിക്കൂര്‍ കഠിനസാഹചര്യങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ നിഷേധിക്കപ്പെട്ട് പണിയെടുക്കുന്ന ഇവര്‍ക്ക് പലപ്പോഴും കൃത്യസമയത്ത് വേതനം ലഭിക്കാറില്ല. ശരിയായ താമസസൌകര്യമോ കുടിവെള്ളമോ ടോയ്ലറ്റ് സൌകര്യങ്ങളോ നിഷേധിക്കപ്പെടാറുമുണ്ട്. ഇവരില്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് 85 മുതല്‍ 100 രൂപവരെയാണ് ദിവസക്കൂലി. ഡല്‍ഹി സംസ്ഥാനത്തെ തൊഴില്‍നിയമപ്രകാരം എട്ടുമണിക്കൂര്‍ ജോലിക്ക് 152 രൂപയാണ് കുറഞ്ഞയ കൂലി. 12 മണിക്കൂര്‍ ജോലിചെയ്യുന്നതിന് (നാലുമണിക്കൂര്‍ ഓവര്‍ടൈം അടക്കം) ഈ തൊഴിലാളികള്‍ക്ക് കുറഞ്ഞത് 284 രൂപയെങ്കിലും വേതനം നല്‍കണം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 73 നിര്‍മാണത്തൊഴിലാളികള്‍ മരിച്ചിട്ടും നാടിന്റെ പരിസ്ഥിതിസമ്പത്തിനെ അപകടകരമാംവിധം ദുര്‍വിനിയോഗംചെയ്തിട്ടും അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കിടയാക്കിയിട്ടും ഡല്‍ഹിക്കാരന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന വെള്ളാനയെ ചുമക്കുന്നത് ഏതായാലും രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനല്ല. ഗെയിംസിനെ എതിര്‍ക്കുന്നവര്‍ രാജ്യസ്നേഹികളല്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പറയുന്നത്. സാമ്പത്തികമായ കെടുകാര്യസ്ഥത, ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റിയുടെയും സ്വകാര്യ റിയല്‍എസ്റ്റേറ്റ് കമ്പനിക്കാരുടെയും കൊള്ളലാഭമുണ്ടാക്കല്‍, ജോലിസ്ഥലത്തും താമസസ്ഥലത്തും തൊഴിലാളികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ തൊഴില്‍വ്യവസ്ഥകള്‍ എന്നിങ്ങനെ പലേ പ്രശ്നങ്ങളും വിവാദമായിട്ടും കേന്ദ്ര ഭരണകൂടത്തിനോ ഡല്‍ഹി സംസ്ഥാനസര്‍ക്കാരിനോ കൂസലില്ല. ഗെയിംസ് കഴിയട്ടെ, നടപടികളെല്ലാം അതുകഴിഞ്ഞാകാമെന്ന നിലപാടുമായി ഒരുക്കങ്ങളുമായി മുന്നോട്ടുപോകുകയാണ്.

പണ്ട് തുര്‍ക്ക്മാന്‍ഗേറ്റ് ഇടിച്ചുനിരത്തിയും നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയും സഞ്ജയ്ഗാന്ധി നടത്തിയ അധികാരത്തിന്റെ നഗ്നമായ തേര്‍വാഴ്ചകളില്‍ ഒപ്പമുണ്ടായിരുന്ന ആളാണ് അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവുകൂടിയായിരുന്ന സുരേഷ് കല്‍മാഡി. ഇന്ന് 66 വയസ്സുണ്ട്. ഏഴുകൊല്ലംമുമ്പ് കനഡയെ 22നെതിരെ 46 വോട്ടിനു മുട്ടുകുത്തിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി നേടിയ കല്‍മാഡിയുടെ സംഘടനാമികവിനെ പത്രങ്ങള്‍ വാനോളം പുകഴ്ത്തി. ഒളിമ്പിക്സിലേക്ക് ഒരുപടികൂടി എന്നു വ്യാമോഹിച്ചു. പക്ഷേ, കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്നൊരുക്കങ്ങളുടെ ഏഴുവര്‍ഷങ്ങളില്‍ പൊതുഖജനാവില്‍നിന്നു പാഴാക്കിയത് എണ്ണമറ്റ കോടികള്‍. പുണെയില്‍ പെട്രോള്‍പമ്പും കോഫിഹൌസുമായി തുടങ്ങിയ സ്വന്തം ബിസിനസ് കോടികളുടെ ആസ്തിയുള്ള വന്‍ പ്രസ്ഥാനമാക്കിയ കല്‍മാഡിയുടെ സ്വന്തംപോക്കറ്റിലേക്ക് ഈ ഗെയിംസിന്റെ പേരില്‍ എത്ര കോടികള്‍ എന്നതിന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. പുണെയില്‍നിന്നുള്ള എംപിയാണ് 14 കൊല്ലമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ്. 21 കൊല്ലമായി അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം, മാരുതി ഉദ്യോഗ് ലിമിറ്റഡ്, ബജാജ് ഓട്ടോ എന്നിവയുടെ ഡീലര്‍ഷിപ്പ്. ഇതൊക്കെ സാമാന്യം ഭേദപ്പെട്ട നിലയില്‍ കൈയാളുന്ന കല്‍മാഡി സ്പോര്‍ട്സിനെ എവിടെക്കൊണ്ടെത്തിച്ചുവെന്നുമാത്രം ചോദിക്കരുത്. പക്ഷേ, കല്‍മാഡിക്ക് പരാതിപ്പെടാനാവുമോ. രാജ്യത്ത് സ്പോര്‍ട്സിന്റെ നടത്തിപ്പിനായി നൂറും ആയിരവുമല്ലല്ലോ. 35,000 കോടിയല്ലേ കൈയില്‍ കിട്ടിയിരിക്കുന്നത്.

ഇന്ത്യയിലെ കായിക അസോസിയേഷനുകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ആ സ്ഥാനത്ത് തുടരുന്നതിന് കാലപരിധി ഏര്‍പ്പെടുത്താന്‍ കായികമന്ത്രി എം എസ് ഗില്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ ആദ്യ പ്രതിഷേധം ഉയര്‍ത്തിയത് കല്‍മാഡിയാണ്. ആയുസ്സ് തീരുംവരെ ആ സ്ഥാനത്ത് തുടരാമെന്ന മോഹത്തിന്മേല്‍ ഗില്‍ കത്തിവച്ചപ്പോള്‍ കിട്ടാവുന്ന സ്ഥാനമോഹികളെയെല്ലാം കൂടെക്കൂട്ടി കല്‍മാഡി പ്രധാനമന്ത്രിയെക്കണ്ട് സങ്കടവും ആവലാതികളും ബോധിപ്പിക്കുകയുംചെയ്തു. ഒടുവില്‍ ഇപ്പോള്‍ സ്ഥാനംവഹിക്കുന്നവര്‍ക്ക് കാലാവധി പൂര്‍ത്തിയാകുംവരെ തുടരാം എന്ന് ഒത്തുതീര്‍പ്പാവുകയുംചെയ്തു. 1982ല്‍ ഇന്ദിരഗാന്ധി ഏഷ്യന്‍ ഗെയിംസ് നടത്തി വിജയിപ്പിച്ചതുപോലെ മന്‍മോഹന്‍സിങ്ങിനോ സോണിയഗാന്ധിക്കോ കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയിപ്പിക്കാനാവുമോ എന്ന സംശയം തുടക്കത്തിലേ നിഴലിച്ചിരുന്നു. ഗെയിംസ് സംഘടിപ്പിക്കുന്ന അസോസിയേഷനു മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല എന്നതായിരുന്നു അതിനു ചൂണ്ടിക്കാണിക്കപ്പെട്ട കാരണം. അതു ശരിയാണെന്ന് ഇപ്പോള്‍ തെളിയുകയുംചെയ്തിരിക്കുന്നു. അതിവേഗം വളര്‍ന്നുവരുന്ന വിപണിയായ ഇന്ത്യയില്‍ ഇത്തരത്തിലൊരു കായികമേളയ്ക്ക് കളമൊരുങ്ങിയിട്ടും കോര്‍പറേറ്റ് ലോകത്തെ വേണ്ടവിധം സഹകരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ റെയില്‍വേയും എന്‍പിടിസിയും ബിസിസിഐയുമൊക്കെ സ്പോണ്‍സര്‍ചെയ്യാമെന്ന് ഏറ്റിരുന്നതാണെങ്കിലും അഴിമതിയുടെ കളി കുപ്രസിദ്ധി നേടിയതോടെ അവരെല്ലാം മൌനത്തിലാണ്. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ ഇവിടെ കായികമേളകള്‍ മികച്ച രീതിയില്‍ നടത്താനാകും എന്നതിന് 2003ല്‍ ഹൈദരാബാദില്‍ നടന്ന ആഫ്രോ ഏഷ്യന്‍ ഗെയിംസ് മികച്ച ഉദാഹരണമാണ്. അന്ന് ചന്ദ്രബാബുനായിഡുവിന്റെ സര്‍ക്കാര്‍ പൂര്‍ണമായി ഇടപെട്ടതുകൊണ്ടാണ് ആ മേള വിജയിച്ചത്. മറിച്ച് വികസ്വരരാജ്യങ്ങളില്‍ നടക്കുന്ന കായികമേളകള്‍ വിജയകരമായിക്കൊള്ളണമെന്നില്ല. മെക്സിക്കോയില്‍ 1968ല്‍ നടത്തിയ ഒളിമ്പിക്സിന്റെ കടം ആ രാജ്യം വീട്ടിത്തീര്‍ത്തത് 25 വര്‍ഷംകൊണ്ടാണ്. എന്തിന്, സാമ്പത്തികശക്തിയായിട്ടും 1976ല്‍ മോണ്‍ട്രിയോളില്‍ നടന്ന ഒളിമ്പിക്സിന്റെ നികുതിഭാരം കനേഡിയന്‍ പൌരന്മാര്‍ വര്‍ഷങ്ങളോളം ചുമക്കേണ്ടിവന്നു.

ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കോളനികള്‍ സ്വതന്ത്രമായപ്പോള്‍ ആ രാജ്യങ്ങളെല്ലാം ചേര്‍ന്നുണ്ടാക്കിയ സഖ്യമാണ് കോമണ്‍വെല്‍ത്ത്. ബ്രിട്ടന് പഴയ പ്രതാപം അവരുടെ പുതിയ തലമുറയെ പഠിപ്പിക്കാനും അറിയിക്കാനും ഇത് ഉതകും. പഴയ പ്രജകള്‍ക്ക് അല്ലറചില്ലറ സഹായങ്ങളും ചെയ്തുകൊടുക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവസാന തിരുശേഷിപ്പായ കോമണ്‍വെല്‍ത്ത് ഗെയിംസാകട്ടെ കഴിഞ്ഞകാല അടിമത്തത്തെ ആഘോഷമാക്കുന്നതാണ്. ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ് എന്നീ അന്താരാഷ്ട്ര കായികമത്സരങ്ങള്‍ ഉള്ളപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അംഗരാജ്യങ്ങള്‍ തിരസ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഈ പ്രതീകം അന്താരാഷ്ട്ര കായികരംഗത്ത് വലിയ വിലയൊന്നും അര്‍ഹിക്കുന്നില്ല. കോടികളുടെ ഈ കായികധൂര്‍ത്തുകൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് എന്തു നേട്ടമുണ്ടാകും. പ്രത്യേകിച്ചൊരു കായികസംസ്കാരം അവകാശപ്പെടാനില്ലാത്ത നാം എന്തിന് ഈ മേള ഏറ്റെടുത്തു നടത്തുന്നുവെന്നു ചോദിച്ചാല്‍ അതിനുത്തരം ഭരണവര്‍ഗത്തിന്റെ പൊങ്ങച്ചവും ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യ വലിയ ഔന്നത്യത്തിലാണെന്നു ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയുമാണെന്നു പറയേണ്ടിവരും.

കായികരംഗത്ത് ഇന്ത്യ ദരിദ്രമാണെങ്കിലും സ്പോര്‍ട്സില്‍ വലിയൊരു കമ്പോളമാണ് ഈ മഹാരാജ്യം. കോമണ്‍വെല്‍ത്തില്‍ 54 രാജ്യങ്ങളാണെങ്കിലും 71 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസില്‍ ഇന്ത്യക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് ആരും കരുതുന്നില്ല. ഓസ്ട്രേലിയ, ഇംഗ്ളണ്ട്, ഓട്ടക്കാരുടെ പറുദീസയായ ജമൈക്ക, പിന്നെ ഇന്ത്യ. ഇവ ഒഴിച്ചുനിര്‍ത്തിയാല്‍ കോമണ്‍വെല്‍ത്തിന്റെ കായികമഹിമയെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. ഭൂമുഖത്തെ ഏറ്റവും വേഗമുള്ള ഓട്ടക്കാരനായ യുസൈന്‍ ബോള്‍ട്ട് ഉള്‍പ്പെടെയുള്ള മിന്നല്‍പ്പിണരുകള്‍ ഡല്‍ഹിയിലെ ട്രാക്കിനെ ത്രസിപ്പിക്കാനുണ്ടാവില്ല. ഒപ്പം ഓസ്ട്രേലിയയുടെയും ഇംഗ്ളണ്ടിന്റെയും മറ്റും പ്രമുഖതാരങ്ങളും വിലകുറഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിനെ ഉപേക്ഷിച്ച് 2012ല്‍ ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്സിനായുള്ള ഒരുക്കത്തിലാണ്. ഷൂട്ടിങ്ങിലും ടെന്നീസിലും ബോക്സിങ്ങിലുമൊക്കെ ഇന്ത്യക്കാര്‍ക്ക് മെഡലുകള്‍ നേടാമെങ്കിലും ഗെയിംസിന്റെ ജീവനായ അത്ലറ്റിക്സില്‍ വമ്പന്മാരുടെ അസാന്നിധ്യത്തിലും ആതിഥേയര്‍ക്ക് വലിയ പ്രതീക്ഷ വേണ്ട. മാത്രമല്ല, ഇപ്പോള്‍ ഒരുക്കിയിട്ടുള്ള നിലവാരരാഹിത്യമുള്ള കളിമേടുകളില്‍ താരങ്ങള്‍ക്ക് അവരുടെ സ്വാഭാവിക മികവ് പുറത്തെടുക്കാനാവുമോ എന്ന ആശങ്കയും ഉയരുന്നു. ഓസ്ട്രേലിയന്‍ നെറ്റ്ബോള്‍ ടീമിന്റെ മാനേജര്‍ കളിക്കളം പരിശോധിച്ചിട്ടു പറഞ്ഞത്, ഈ കളത്തിലാണെങ്കില്‍ ടീമിനെ ഇറക്കുകയില്ലെന്നാണ്.

ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് പരാജയപ്പെട്ടാല്‍ താന്‍ സന്തോഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ തുറന്നടിച്ചു. അയ്യരുടെ ഈ ആഗ്രഹവുമായി യോജിക്കുന്നവര്‍ ആരുമുണ്ടാവില്ല. എന്നാല്‍, ഗെയിംസിനോടുള്ള എതിര്‍പ്പിന് അയ്യര്‍ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങള്‍ വെറുതെ തള്ളിക്കളയാവുന്നതല്ല. ശരിയായ അടിസ്ഥാനസൌകര്യങ്ങള്‍ ഇല്ലാതെയാണ് ഗെയിംസ് നടത്തുന്നതെങ്കില്‍ അത് മോശം പ്രതിഛായയാകും രാജ്യത്തിനു നല്‍കുക. ചെലവ് 35,000 കോടി കടക്കുമ്പോള്‍ നികുതിദായകരാണ് ഈ ഭീമമായ തുക നല്‍കേണ്ടത്. എന്തു നേട്ടത്തിനുവേണ്ടി. അതുപോലെ ഏഷ്യന്‍ ഗെയിംസ് നടത്തിയപ്പോള്‍ നിരവധി സ്റ്റേഡിയങ്ങളും മറ്റ് അനുബന്ധസൌകര്യങ്ങളും നിര്‍മിച്ചിരുന്നു. എന്നാല്‍, ഈ സ്റ്റേഡിയങ്ങളൊക്കെ നമ്മുടെ കായികരംഗത്തെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തിയത് അപൂര്‍വമായിട്ടാണ്. ഇപ്പോള്‍ ഗെയിംസിനായി പണിയുന്ന സ്റ്റേഡിയങ്ങളുടെ ഗതിയും ഇതായിരിക്കും. വന്‍ കായികമേളകളുടെ നടത്തിപ്പിലൂടെ ഉണ്ടാകുന്ന വികസനം വിവിധ നഗരങ്ങള്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ വേദികള്‍ കണ്ടെത്തുന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ദക്ഷിണകൊറിയയെ ഇക്കാര്യത്തില്‍ മാതൃകയാക്കാം. എന്നാല്‍, മുംബൈയും ഹൈദരാബാദും ബംഗളൂരുവും കൊല്‍ക്കത്തയും പോലെ വന്‍നഗരങ്ങളുണ്ടായിട്ടും എന്തേ ഇന്ത്യ ആതിഥ്യമരുളുന്ന രണ്ടാമത്തെ വലിയ കായികമേളയും ഡല്‍ഹിയില്‍ത്തന്നെ തമ്പടിക്കുന്നു. ചരിത്രസ്മാരകങ്ങള്‍ക്കു പ്രസിദ്ധമാണ് ഇന്ദ്രപ്രസ്ഥം. അത്തരം സ്മാരകങ്ങള്‍ക്കിടയില്‍ ഈ സ്പോര്‍ട്സ് മാമാങ്കവും പാവനസ്മരണയായി കുടിയിരുത്തപ്പെടട്ടെ. അല്ലാതെ കോമണ്‍വെല്‍ത്ത് ഗെയിംസ്കൊണ്ട് ഇന്ത്യന്‍ കായികരംഗത്തിന് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ചുപറയാം. എഡ്വേഡ് ഗിബണ്‍ റോമാ സാമ്രാജ്യത്തെക്കുറിച്ചു പറഞ്ഞത് ഇവിടെ നാം ചേര്‍ത്തുവായിക്കണം.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക 19092010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരുകാലത്ത് റോമാ സാമ്രാജ്യത്തെപ്പോലെ ശക്തിയാര്‍ജിച്ച മറ്റു രാഷ്ട്രങ്ങള്‍ ഇല്ലായിരുന്നു. എങ്കിലും അത് തകര്‍ന്നു. എഡ്വേഡ് ഗിബണ്‍ എഴുതിയ 'The Decline and Fall of the Roman Empire' എന്ന മഹാഗ്രന്ഥത്തില്‍ ആ തകര്‍ച്ചയ്ക്കുള്ള നാലു കാരണങ്ങളില്‍ ആദ്യ രണ്ടെണ്ണം ഇവയാണ്. കായികവിനോദങ്ങളിലുള്ള അമിതമായ പ്രതിപത്തി; സ്റ്റേറ്റിന്റെ പണം അതിനുവേണ്ടി ധൂര്‍ത്തടിക്കല്‍. വര്‍ഷംതോറുമുള്ള നികുതി വര്‍ധിപ്പിക്കല്‍.

പഴയ റോമാ സാമ്രാജ്യത്തില്‍ മാത്രമല്ല ഇന്ന് ഇന്ത്യയിലും ഇതൊക്കെ നടക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറിക്കഴിയുമ്പോള്‍ നികുതിവര്‍ധനകൊണ്ട് ഡല്‍ഹി നിവാസികളുടെ നടുവൊടിയുമെന്നുറപ്പാണ്. മാത്രമല്ല, ഓരോ ഭാരതീയനും പ്രത്യക്ഷമായും പരോക്ഷമായും ഈ കോമണ്‍ ധൂര്‍ത്തിന്റെ സാമ്പത്തിക ആഘാതങ്ങള്‍ ഏറെക്കാലത്തേക്ക് താങ്ങേണ്ടിവരും. 2004ല്‍ ഏഥന്‍സില്‍ ഒളിമ്പിക്സ് കഴിഞ്ഞതോടെ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അഗാധമായ സാമ്പത്തികക്കുഴപ്പം നാടിനെയാകെ ഗ്രസിക്കാന്‍പോന്നതാണെന്ന് ഗ്രീക്കുകാര്‍ അനുഭവിച്ചറിയുന്നു.