നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ജനിച്ച രാജേഷ് എന്ന ബാലന്‍ കലാക്ഷേത്രം ലക്ഷ്യ എന്ന പ്രസിദ്ധ നര്‍ത്തകിയായി രൂപാന്തരം പ്രാപിച്ച അവിശ്വസനീയ കഥയാണ് ആലുവ സ്വദേശി ലക്ഷ്യയുടേത്. അതിനുവേണ്ടി അവര്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ യാതനയും ദു:ഖവും അര്‍പ്പിച്ച സമര്‍പ്പണബോധവും സമാനതകളില്ലാത്തതാണ്.
ആഗ്രഹിച്ചതുപോലെ ലക്ഷ്യ മടങ്ങിയെത്തി. കലാലോകം ആദരിക്കുന്ന നര്‍ത്തകിയായി, താന്‍ ഹൃദയത്തില്‍വരിച്ച വ്യക്തിത്വവും വേഷവുമണിഞ്ഞ് ജന്മനാട്ടിലേക്ക്. ആലുവ സ്വദേശിയായ ലക്ഷ്യയുടെ ആദ്യ പേര് രാജേഷ് എന്നാണ്. പേരിലെ ആണത്തം ജീവിതത്തില്‍ പേറാനാവാതെ രാജേഷ് ലക്ഷ്യയായി. ചെറുപ്പത്തില്‍ തുടങ്ങിയ നൃത്താഭിനിവേശം ചെന്നൈ കലാക്ഷേത്രവരെ എത്തിച്ചു. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നര്‍ത്തകിയായി വളര്‍ന്നപ്പോഴും സ്വന്തം നാട്ടില്‍ വേരുപടര്‍ത്താനായിരുന്നു മോഹം. വ്യത്യസ്‌ത കലാവിരുന്നുകള്‍ക്ക് വേദിയൊരുക്കാറുള്ള ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ബീമിന്റെ അരങ്ങിലൂടെ ലക്ഷ്യ ആ ലക്ഷ്യത്തിലെത്തി. സെപ്‌തംബര്‍ 17ന് വൈകിട്ട് 6.30ന് ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ ഭരതനാട്യം അവതരിപ്പിച്ചാണ് ലക്ഷ്യ കൊച്ചിയുടെ ഹൃദയത്തിലേക്കു ചുവടുവച്ചത്.
ശങ്കരാഭരണം സിനിമയിലെ മഞ്ജു ഭാര്‍ഗവിയുടെ പ്രകടനമാണ് രാജേഷിനെ നൃത്തത്തിലേക്ക് ആകര്‍ഷിച്ചത്. സ്‌കൂള്‍ പഠനകാലത്ത് കലാമണ്ഡലം സുമതിയുടെ കീഴില്‍ അഞ്ചുവര്‍ഷം നൃത്തം അഭ്യസിച്ചു. ഇതിനിടെ രാജേഷില്‍നിന്ന് വേറിട്ട് ലക്ഷ്യയിലേക്ക് യാത്ര തുടങ്ങി. 1992ല്‍ ചെന്നൈ കലാക്ഷേത്രയില്‍ ഭരതനാട്യപഠനത്തിന് പ്രവേശനം കിട്ടി. ഏഴുവര്‍ഷത്തെ ഭരതനാട്യം പോസ്റ്റ്ഗ്രാജ്വേറ്റ് പഠനം പൂര്‍ത്തിയാക്കി. നാലുവര്‍ഷം കലാക്ഷേത്രയില്‍ നൃത്താധ്യാപികയായി. ഇതിനിടെ രാജേഷില്‍നിന്നുള്ള മാറ്റം അനിവാര്യമായി. വീട്ടുകാരറിയാതെ 2005ല്‍ ലിംഗമാറ്റശസ്‌ത്രക്രിയയും നടത്തി. ഉടുപ്പിലും നടപ്പിലും ലക്ഷ്യയായി.
ചെന്നൈയില്‍ ലക്ഷ്യ പെര്‍ഫോമിങ് ആര്‍ട്സ് അക്കാദമി എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്യ ദൂരദര്‍ശന്റെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റാണ്. മദ്രാസ് മ്യൂസിക് അക്കാദമിയുടെ യുവപ്രതിഭയ്‌ക്കുള്ള ടി എസ് പാര്‍ഥസാരഥി അവാര്‍ഡ്, ചെന്നൈ മന്നാര്‍കുടി സഭയുടെ ഭാവലയാമൃതരത്ന അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി. ആലുവ കടുങ്ങല്ലൂരില്‍ പരേതനായ പി കെ രാജപ്പന്റെയും കമലത്തിന്റെയും അഞ്ചു മക്കളില്‍ ഇളയതാണ് ലക്ഷ്യ.
ഈ കലാകാരി കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് വര്‍ക്കേഴ്‌സ് ഫോറം ആശംസിക്കുന്നു. ഒപ്പം ബീമിന് അഭിനന്ദനങ്ങള്‍ നേരുന്നു.
Sunday, September 19, 2010
ആഗ്രഹിച്ചതുപോലെ 'ലക്ഷ്യ' ലക്ഷ്യത്തിലേക്ക്
Subscribe to:
Post Comments (Atom)
1 comment:
നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി ജനിച്ച രാജേഷ് എന്ന ബാലന്‍ കലാക്ഷേത്രം ലക്ഷ്യ എന്ന പ്രസിദ്ധ നര്‍ത്തകിയായി രൂപാന്തരം പ്രാപിച്ച അവിശ്വസനീയ കഥയാണ് ആലുവ സ്വദേശി ലക്ഷ്യയുടേത്. അതിനുവേണ്ടി അവര്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ യാതനയും ദു:ഖവും സമര്‍പ്പിച്ച സമര്‍പ്പണബോധവും സമാനതകളില്ലാത്തതാണ്.
Post a Comment