Thursday, September 16, 2010

പൊതുജനാരോഗ്യവും ഗ്രാമീണ ഇന്ത്യയും

'ലോകത്തെ അമ്മമാരുടെ അവസ്ഥ' എന്ന പേരില്‍ 2010 മെയ് മാസം പ്രസിദ്ധീകൃതമായ ഗ്ളോബല്‍ റിപ്പോര്‍ട്ട് വിവിധ രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യനിലയെക്കുറിച്ച്, പ്രത്യേകിച്ച് അമ്മമാരുടെ ആരോഗ്യത്തെക്കുറിച്ച് ഒരു സാമാന്യചിത്രം നമുക്കുനല്‍കുന്നുണ്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള എഴുപത്തേഴ് രാജ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏതാണ്ട് തീരെത്താഴെ, എഴുപത്തിമൂന്നായിട്ടാണ് കാണുന്നത്. ഏറ്റവും നല്ല ആരോഗ്യസംവിധാനങ്ങളുള്ള രാജ്യമായി ക്യൂബ മുന്നില്‍ നില്‍ക്കുന്നു. നമ്മുടെ അയല്‍രാജ്യങ്ങളായ ചൈന 18-ാം സ്ഥാനത്തും ശ്രീലങ്ക 40-ാം സ്ഥാനത്തും നമ്മേക്കാളൊക്കെ മുന്നിലും. നേരത്തേയുള്ള സൂചികയില്‍ വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം തീരെ മോശപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു; ലോകത്തേറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള ജനങ്ങള്‍ വസിക്കുന്ന നാടെന്ന നിലയില്‍. രാജ്യത്ത് സമഗ്രമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന അവകാശവാദത്തെ ഈ സ്ഥിതി വിവരക്കണക്കുകള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയുകയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് രാജ്യത്തെ ആരോഗ്യച്ചെലവുകള്‍ 1990ല്‍ പുത്തന്‍ സാമ്പത്തികനയം തുടങ്ങുന്ന കാലത്തേക്കാള്‍ കുറവായിട്ടാണ് കാണുന്നത്. അതായത് ജിഡിപിയുടെ ഒരു ശതമാനത്തേക്കാളും താഴെ!

ഔഷധങ്ങളും ഡോക്ടര്‍മാരും രോഗങ്ങളും മാത്രമല്ല ആരോഗ്യമെന്നതില്‍ വരുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കല്‍, ശുചിത്വസംവിധാനങ്ങളൊരുക്കല്‍, മാലിന്യമുക്തമായ അന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയവയ്ക്കും തുല്യ പ്രാധാന്യമുണ്ട്. പോഷകക്കുറവും വിശപ്പും വ്യാപകമായി അലട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ എങ്ങനെയാണ് ആരോഗ്യമുള്ള ഒരു ജനതയുണ്ടാകുന്നത്? സര്‍ക്കാരിന്റെ ഗോഡൌണുകളില്‍ 40 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പുഴുത്തുനശിക്കുന്ന ഭാരതത്തില്‍ ലോകത്തേറ്റവും കൂടുതല്‍ വിശന്നുവലയുന്നവരും പോഷകാഹാരം കിട്ടാത്തവരും ഉണ്ടെന്നുള്ളത് ലജ്ജാകരമായ വസ്തുതയത്രേ. വ്യാപകമായ ഒരു പൊതുവിതരണ സമ്പ്രദായത്തിലൂടെ സബ്സിഡി കൊടുത്തുകൊണ്ട് കിലോഗ്രാമിന് രണ്ടു രൂപാ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന ഒരേര്‍പ്പാടുണ്ടാക്കാന്‍ കേന്ദ്രം ഇനിയും മടിച്ചുനില്‍ക്കുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരില്‍ തൊണ്ണൂറുശതമാനവും സ്ഥിരവരുമാനമില്ലാത്ത അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. ഈ ഒറ്റക്കാരണത്താല്‍ത്തന്നെ ഗവണ്‍മെന്റ് ജീവസന്ധാരണത്തിനത്യന്താപേക്ഷിതമായ അളവിലെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ഒരാള്‍ക്ക് നല്ല രീതിയില്‍ ഭക്ഷണം ലഭിച്ചാല്‍ അയാള്‍ സാധാരണഗതിയില്‍ രോഗബാധയ്ക്കടിപ്പെട്ട് കിടക്കേണ്ടുന്ന അവസ്ഥ ഉണ്ടാകില്ലല്ലോ. അതുപോലെതന്നെ ശുദ്ധമായ കുടിവെള്ളമില്ലായ്മയും ശുചിത്വസൌകര്യങ്ങളുടെ അഭാവവും പലതരം അസുഖങ്ങള്‍ക്കും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പഞ്ചായത്തുകള്‍ക്ക് വിഭവങ്ങള്‍ കുറവാണെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കു മുന്‍ഗണനനല്‍കി പണംചെലവാക്കിയാല്‍ ആരോഗ്യരംഗത്ത് നിര്‍ണായകമായ പുരോഗതി കൈവരുത്തുവാന്‍ സാധിക്കും. തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വനിതാ പ്രതിനിധികള്‍ക്ക് വനിതകളെയും കുട്ടികളെയും സാരമായി ബാധിക്കുന്ന ഇത്തരം വികസനപരമായ കാര്യങ്ങളില്‍ വളരെയേറെ ചെയ്യാന്‍ കഴിയും. സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്ന പല പഞ്ചായത്തുകള്‍ക്കും ശുദ്ധ ജലമെത്തിക്കുന്നതിനും ശുചിത്വസംവിധാനങ്ങള്‍മെച്ചപ്പെടുത്തുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അവാര്‍ഡുകള്‍ നേടാനായിട്ടുണ്ട്. ഞാന്‍ അടുത്തകാലത്ത് വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി സങ്കേതങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെയെല്ലാം ശുദ്ധജലത്തിന്റെ അപര്യാപ്തതമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെള്ളം കൊണ്ടുവരുന്നതിനായി സ്ത്രീകള്‍ക്ക് വളരെ ദൂരം നടന്നുപോകേണ്ട അവസ്ഥയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുപ്പിക്കുന്നതിന് പഞ്ചായത്തിനെ പ്രേരിപ്പിക്കാന്‍ സ്ത്രീകള്‍ക്കുകഴിയുന്നില്ല എന്നതാണ് ദു:ഖകരമായ വസ്തുത. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ കടുത്ത വിവേചനം ഇന്നും രാജ്യത്തിന്റെ പല ഭാഗത്തുമുള്ള ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്നു. പുരോഗമനപ്രസ്ഥാനങ്ങള്‍ ഇടപെട്ട് ഇത്തരം സാമൂഹികവിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്.

ഇന്ന് കുടുംബങ്ങള്‍ കടത്തിലേക്കുനീങ്ങുന്നതിന് ഏറ്റവും പ്രധാനമായ കാരണം കുടുംബാംഗങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍തന്നെയാണ്. ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നതുകൊണ്ടാണ് പലകുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്കുതാഴെയാകുന്നതെന്ന് ചില ഔദ്യോഗികരേഖകള്‍തന്നെ ചൂണ്ടിക്കാണിക്കുന്നു. ലോകരാജ്യങ്ങളില്‍ കൂടുതല്‍ സ്വകാര്യ മേഖലയ്ക്കടിപ്പെടുകയും കൂടുതല്‍ പണച്ചെലവുവേണ്ടിവരികയും ചെയ്യുന്ന ആരോഗ്യ മേഖല നിലവിലുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. പുത്തന്‍ സാമ്പത്തികനയത്തിന്റെതായ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ അനിയന്ത്രിതമായ നിലയില്‍ സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാര്‍ നടത്തുന്ന ക്ളിനിക്കുകളും വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണ കാര്യത്തില്‍ സ്വകാര്യമേഖലയ്ക്ക് യാതൊരു നിയന്ത്രണവുമില്ലതാനും. അതേ സമയം ജിഡിപിയുടെ 2-3 ശതമാനം ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെയ്ക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇന്നും ജിഡിപിയുടെ ഒരു ശതമാനത്തിനു താഴെമാത്രമാണ് ചെലവിടുന്നതെന്നുള്ളതാണ് വസ്തുത. അതായത് 1990ല്‍ ജിഡിപിയുടെ അടിസ്ഥാനത്തില്‍ ചെലവിടുന്നതിനേക്കാള്‍ കുറച്ചുമാത്രം!

'ദേശീയ ആരോഗ്യമിഷന്‍' ഗ്രാമീണ ആരോഗ്യപ്രശ്നങ്ങളില്‍ ചിലവയെങ്കിലും പരിഹരിക്കുന്നതിനുതകുന്ന ഒരു സംവിധാനമാണെങ്കിലും കേന്ദ്രഗവണ്‍മെന്റിനുകൂടുതല്‍ താല്‍പര്യം ആരോഗ്യരംഗത്ത് പൊതുമേഖലാ- സ്വകാര്യമേഖലാ സഹകരണം എന്ന പേരില്‍ സ്വകാര്യമേഖലയെ വളര്‍ത്തിക്കൊണ്ടുവരുന്നതിലാണെന്നുകാണാം. സ്വകാര്യമേഖലയ്ക്ക് ഈ പേരില്‍ സര്‍ക്കാര്‍ സഹായം നല്‍കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഉദാഹരണമായി പല നഗരങ്ങളിലും 'പഞ്ചനക്ഷത്ര ആശുപത്രികള്‍' സ്വകാര്യ മേഖലയില്‍ നിര്‍മിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ ഭൂമികൊടുത്തിട്ടുള്ളത് ചൂണ്ടിക്കാണിക്കാനാവും. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ള കുറേപ്പേരെ സൌജന്യമായി ചികിത്സിച്ചുകൊള്ളാമെന്ന ചില വാഗ്ദാനങ്ങളൊക്കെ സ്വകാര്യസംരംഭകര്‍ പ്രാവര്‍ത്തികമാക്കാറില്ല എന്നതാണ് അനുഭവം.

ആവശ്യവും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തപ്പെടാതെവരുന്നതാണ് ദേശീയാരോഗ്യമിഷന്റെ പ്രധാന ദൌര്‍ബല്യം; പ്രത്യേകിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍. ഇപ്പോഴത്തെ വ്യവസ്ഥപ്രകാരം അയ്യായിരം ജനങ്ങള്‍ക്ക് ഒരു കുടുംബക്ഷേമഉപകേന്ദ്രം എന്ന നിലയ്ക്ക് രാജ്യത്ത് രണ്ടുലക്ഷം സബ്സെന്ററുകളാണാവശ്യം. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ളതാകട്ടെ 1.45 ലക്ഷം മാത്രവും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളാകട്ടെ ആവശ്യത്തിനു ജീവനക്കാരില്ലാതെ വെറും കെട്ടിടസൌകര്യത്തിലൊതുങ്ങുന്നു. 23 ശതമാനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മാത്രമേ സ്ത്രീകളുടെ പ്രസവകാര്യത്തിന് മുഴുവന്‍ സമയസൌകര്യം ലഭ്യമായിട്ടുള്ളൂ. അമ്പതുശതമാനം പിഎച്ച്സികളിലും ലേബര്‍റൂം തന്നെയില്ല. സാമൂഹിക ആരോഗ്യസേവനത്തിന് ഇടംനല്‍കുന്നു എന്നതാണ് ദേശീയ ആരോഗ്യമിഷന്റെ പ്രവര്‍ത്തനത്തിലെ ഒരു പ്രധാന പ്രത്യേകതയായി കണക്കാക്കുന്നത്. പക്ഷേ പ്രയോഗത്തില്‍ അതിന്റെ ലക്ഷ്യത്തിനനുസൃതമായി പ്രവര്‍ത്തനം നടക്കുന്നില്ല എന്നതാണ് വാസ്തവം. ജോലി ഭാരം മുഴുവന്‍ 'ആശാ' (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്റ്റിവിസ്റ്)മാരുടെ തലയില്‍കെട്ടിവെയ്ക്കുന്ന രീതിയാണുള്ളത്. ഗ്രാമവാസികളെയും ആരോഗ്യവകുപ്പിനേയും ബന്ധിപ്പിക്കുന്ന കണ്ണികളായി പ്രവര്‍ത്തിക്കുന്നതിനാണ് 'ആശാ' മാരെക്കൊണ്ട് ഉദ്ദേശിക്കുന്നത്. വീടുകള്‍ കയറിയിറങ്ങി അവര്‍ക്കുചെയ്യാനുള്ള പ്രവര്‍ത്തനങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. ഫലത്തില്‍ 'ആശാ' പ്രവര്‍ത്തക പലപ്പോഴും സൌജന്യമായിത്തന്നെ പലസേവനങ്ങളും ചെയ്യേണ്ടിവരുന്നു. ഇപ്രകാരം കേന്ദ്രഗവണ്‍മെന്റ് ഏഴുലക്ഷം 'ആശാ' പ്രവര്‍ത്തകരുടെ സൌജന്യ സേവനം ഉപയോഗപ്പെടുത്തി രാജ്യത്തെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണുദ്ദേശിക്കുന്നത്. ഗ്രാമീണ മേഖലയില്‍ സ്ത്രീകള്‍ക്കു ലഭിക്കേണ്ട തൊഴിലവസരങ്ങളാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ നഷ്ടമാക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാം കാണാതിരുന്നുകൂട. 'ജനനീ സുരക്ഷായോജന' തുടങ്ങിയവയ്ക്കു ലഭിക്കുന്ന തുച്ഛമായ ഇന്‍സെന്റീവിനു പുറമേ 'ആശാ' പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത പ്രതിഫലം കിട്ടുക എന്നത് ഒരു പ്രധാന ആവശ്യമാണ്. താരതമ്യേന, ഈ ശോച്യാവസ്ഥയില്‍പ്പോലും കേരളം ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായിട്ടാണ് നില്‍ക്കുന്നത്. മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, ജനനനിരക്ക്, മരണനിരക്ക് തുടങ്ങിയ ആരോഗ്യസൂചകങ്ങളില്‍ കേരളത്തിലെ സ്ഥിതിവിവരക്കണക്കുകള്‍ ലോകത്തെ മികച്ച വികസിത രാജ്യങ്ങളോടു കിടപിടിക്കത്തക്ക നിലയിലുള്ളതാണ്. തീര്‍ച്ചയായും കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളില്‍ നമുക്കഭിമാനിക്കാം. അതോടൊപ്പം ഈ രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കഴിയുന്നത്ര ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

കേരള മോഡലില്‍ നിന്നുള്ള പ്രധാന പാഠങ്ങളില്‍ ഒന്ന് അധികാരവികേന്ദ്രീകരണവും പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രധാനസ്ഥാനവുമാണ്. ആരോഗ്യരംഗത്തെ വിവിധവശങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഭൌതികസാഹചര്യങ്ങളെ മാത്രമല്ല കുടിവെള്ളലഭ്യത, ശുചീകരണ സൌകര്യങ്ങള്‍ തുടങ്ങിയ ജീവിതസാഹചര്യങ്ങളെത്തന്നെ മെച്ചപ്പെടുത്തുന്ന കാര്യത്തിലും പഞ്ചായത്തുകള്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. 'കുടുംബശ്രീ' പ്രസ്ഥാനവും മാതൃകാപരമായ മറ്റു അയല്‍പക്ക കൂട്ടായ്മകളും ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടെത്തുന്നതിനും അവ അനുയോജ്യമായ രീതിയില്‍ പരിഹരിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. വേണ്ട തരത്തിലുള്ള വിവരശേഖരണത്തിലൂടെ ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഈ ഹൃദയസ്പൃക്കായ സമീപനം ഗ്രാമത്തിലെ ഏറ്റവും ദരിദ്രവിഭാഗങ്ങള്‍ക്ക് പ്രത്യേകപ്രയോജനം ചെയ്യുന്ന സാമൂഹ്യസുരക്ഷാസംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.

മറ്റു പല സംസ്ഥാനങ്ങളിലും വിവിധ മാര്‍ഗങ്ങളിലൂടെ സ്വകാര്യമേഖലയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സംവിധാനത്തിന് പ്രാമുഖ്യം നല്‍കി പരിപോഷിപ്പിക്കുന്നു എന്നത് കേരളം നല്‍കുന്ന മറ്റൊരു പാഠമാണ്.

ആരോഗ്യസംബന്ധവും പൌരബോധസംബന്ധവുമായ അറിവ് ജനങ്ങളിലേക്ക് പകര്‍ന്നുകൊണ്ട് കഴിയുന്നത്ര ജനങ്ങളെയും ജനവിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന ആരോഗ്യസംവിധാനങ്ങളാണ് ലോകത്ത് വിജയം നേടിയിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ കേരളത്തിന് മറ്റൊരു കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടാനാവും. ഇന്നു ജനങ്ങളുടെ ഒരു പ്രധാനപ്രശ്നം രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടാണ്. നിര്‍ഭാഗ്യവശാല്‍ വലിയ മരുന്നുകമ്പനികളും ഒരുപറ്റം രാഷ്ട്രീയ നേതാക്കന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഡോക്ടര്‍മാരും ചേര്‍ന്നുള്ള ഒരവിശുദ്ധകൂട്ടുകെട്ടാണ് സാധാരണക്കാരന് വാങ്ങാന്‍ കഴിയാത്ത വിലക്കൂടുതലുള്ള മരുന്നുകളുടെ പ്രചാരകരായിട്ടുള്ളത്. എന്നാല്‍ ഇതിനുപകരം ഉപയോഗിക്കാന്‍ കഴിയുന്ന വിലകുറഞ്ഞ മരുന്നുകളും നമ്മുടെ രാജ്യത്ത് ലഭ്യമാണ്. അങ്ങനെ വിലകൂടിയ മരുന്നിന്റെ അതേഗുണമുള്ള വിലകുറഞ്ഞ മരുന്നുകള്‍ (generic drugs) നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങണമെന്നത് ഒരു നയമായി കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്. എല്ലാ മരുന്നുകളുടെയും വില കുറയ്ക്കണം എന്ന ആവശ്യം ഉന്നയിക്കുന്നതോടൊപ്പം സാധാരണ ജനങ്ങള്‍ക്കുവാങ്ങാന്‍ കഴിയുന്ന മേല്‍സൂചിപ്പിച്ചതരം മരുന്നുകളെ (generic drugs) പ്രോത്സാഹിപ്പിക്കുന്ന ഒരു മാതൃകകാട്ടാന്‍ കേരളത്തിനുകഴിയണം.

*
വൃന്ദാ കാരാട്ട് (പരിഭാഷ: മുഹമ്മ രവീന്ദ്രനാഥ്) കടപ്പാട്: ചിന്ത വാരിക 17-09-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'ലോകത്തെ അമ്മമാരുടെ അവസ്ഥ' എന്ന പേരില്‍ 2010 മെയ് മാസം പ്രസിദ്ധീകൃതമായ ഗ്ളോബല്‍ റിപ്പോര്‍ട്ട് വിവിധ രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യനിലയെക്കുറിച്ച്, പ്രത്യേകിച്ച് അമ്മമാരുടെ ആരോഗ്യത്തെക്കുറിച്ച് ഒരു സാമാന്യചിത്രം നമുക്കുനല്‍കുന്നുണ്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള എഴുപത്തേഴ് രാജ്യങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏതാണ്ട് തീരെത്താഴെ, എഴുപത്തിമൂന്നായിട്ടാണ് കാണുന്നത്. ഏറ്റവും നല്ല ആരോഗ്യസംവിധാനങ്ങളുള്ള രാജ്യമായി ക്യൂബ മുന്നില്‍ നില്‍ക്കുന്നു. നമ്മുടെ അയല്‍രാജ്യങ്ങളായ ചൈന 18-ാം സ്ഥാനത്തും ശ്രീലങ്ക 40-ാം സ്ഥാനത്തും നമ്മേക്കാളൊക്കെ മുന്നിലും. നേരത്തേയുള്ള സൂചികയില്‍ വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം തീരെ മോശപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു; ലോകത്തേറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള ജനങ്ങള്‍ വസിക്കുന്ന നാടെന്ന നിലയില്‍. രാജ്യത്ത് സമഗ്രമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന അവകാശവാദത്തെ ഈ സ്ഥിതി വിവരക്കണക്കുകള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയുകയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് രാജ്യത്തെ ആരോഗ്യച്ചെലവുകള്‍ 1990ല്‍ പുത്തന്‍ സാമ്പത്തികനയം തുടങ്ങുന്ന കാലത്തേക്കാള്‍ കുറവായിട്ടാണ് കാണുന്നത്. അതായത് ജിഡിപിയുടെ ഒരു ശതമാനത്തേക്കാളും താഴെ!