Friday, September 24, 2010

പടിഞ്ഞാറിന്റെ കാപട്യം

യൂറോപ്പിലെ നിരവധി രാജ്യങ്ങളിലുള്ള ജനവിഭാഗമാണ് ജിപ്‌സികള്‍. നൂറ്റാണ്ടുകളായി അവര്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെയും ദുരിതങ്ങളെയും കുറിച്ചു നിരവധി ലേഖനങ്ങള്‍ സമീപകാലത്ത് പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായതാണ് മെക്‌സിക്കന്‍ പത്രമായ ലാജുര്‍നാദ സെപ്‌റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ലേഖനം. ''ജിപ്‌സി കൂട്ടക്കൊല ഇന്നലെയും ഇന്നും'' എന്ന തലക്കെട്ടിലുള്ള ലേഖനം ശരിക്കും നാടകീയമായ അവരുടെ ചരിത്രം ഓര്‍മപ്പെടുത്തുന്നു. ലേഖനത്തില്‍ ചൂണ്ടിക്കാണിച്ച വിവരങ്ങളില്‍ ഒരു വാക്കുപോലും മാറ്റുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാതെ, മനസിനെ മഥിക്കുന്ന ചില സംഭവങ്ങളെ പരാമര്‍ശിക്കുന്ന താഴെചേര്‍ക്കുന്ന ചില വാചകങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളും അവയുടെ ഭീമാകാരമായ മാധ്യമ സംവിധാനവും ഇവയെക്കുറിച്ചു ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.

''1496: മാനവിക ചിന്തയില്‍ ഒരു കുതിച്ചുചാട്ടം. ജര്‍മ്മനിയില്‍ നിന്നുള്ള റോമാ ജനങ്ങളെ (ജിപ്‌സികള്‍) ക്രിസ്‌ത്യന്‍ രാഷ്‌ട്രങ്ങളുടെ വഞ്ചകരായും തുര്‍ക്കിയുടെ പണം പറ്റുന്ന ചാരന്‍മാരായും പ്ലേഗ് പരത്തുന്നവരായും കൊള്ളക്കാരായും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരായും പ്രഖ്യാപിച്ചു.''

''1710: നവോത്ഥാനത്തിന്റെയും യുക്തി ചിന്തയുടെയും നൂറ്റാണ്ട്: പ്രാഗില്‍ നിന്നുള്ള പ്രായപൂര്‍ത്തിയായ ജിപ്‌സികളെ വിചാരണകൂടാതെ തൂക്കികൊല്ലാന്‍ രാജശാസന പുറപ്പെടുവിച്ചു. ചെറുപ്പക്കാരായ സ്‌ത്രീകളെയും പുരുഷന്‍മാരെയും അംഗഭംഗം വരുത്തണം. ബൊഹേമിയയില്‍ അവരുടെ ഇടതു ചെവി മുറിക്കണം. മൊറാവിയയില്‍ വലതു ചെവി അരിഞ്ഞെടുക്കണം.''

''1899: ആധുനികതയുടെയും പുരോഗതിയുടെയും കാലം. ബവേറിയന്‍ പൊലീസ് ജിപ്‌സി കാര്യങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പ് സ്ഥാപിച്ചു. 1929 ല്‍ ഈ വകുപ്പ് ദേശീയ സെന്‍ട്രല്‍ വകുപ്പാക്കുകയും ആസ്ഥാനം മ്യൂണിക്കിലേക്ക് മാറ്റുകയും ചെയ്‌തു. 1937 ല്‍ ഇത് ബര്‍ലിനിലേക്ക് മാറ്റി. നാലു വര്‍ഷത്തിനുശേഷം മധ്യ യൂറോപ്പിലെയും കിഴക്കന്‍ യൂറോപ്പിലെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അഞ്ചു ലക്ഷം ജിപ്‌സികള്‍ കൊലചെയ്യപ്പെട്ടു.''

''ജര്‍മ്മന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വംശീയ ഗവേഷണ വിഭാഗത്തിലെ ഡോ. റോബര്‍ട്ട് റിറ്ററുടെ അസിസ്‌റ്റന്റായ ഈവാ ജസ്‌റ്റിന്‍ അവരുടെ പി എച്ച് ഡി തീസിസില്‍ ജിപ്‌സികളുടെ രക്തം ജര്‍മ്മന്‍ വംശത്തിന്റെ സംശുദ്ധിക്ക് അങ്ങേയറ്റം ഹാനികരമാണെന്ന് പറഞ്ഞു. ജര്‍മ്മന്‍ കര്‍ഷകരുടെ ശുദ്ധരക്തം അപകടത്തിലാക്കുന്നതുകൊണ്ട് ജിപ്‌സികളെ നിര്‍ബന്ധിത തൊഴിലിനും കൂട്ടായ വന്ധ്യംകരണത്തിനും വിധേയമാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ഡോ. പോര്‍ട്ച്ചി എന്നൊരാള്‍ ഹിറ്റ്‌ലര്‍ക്ക് ഒരു നിവേദനം നല്‍കി.''

''ജന്‍മനാ ക്രിമിനലുകളായി മുദ്രകുത്തപ്പെട്ട ജിപ്‌സികളെ കൂട്ടത്തോടെ അറസ്‌റ്റു ചെയ്യാന്‍ തുടങ്ങി. 1938 മുതല്‍ അവരെ ബുക്കന്‍വാള്‍ഡിലെയും മൗതേസിനിലെയും ഗുസെനിലെയും ഭൗത്‌മെര്‍ഗനിലെയും നാറ്റ്‌സ്‌വിലറിലെയും ഫ്‌ളോര്‍സന്‍ ബര്‍ഗിലെയും ക്യാമ്പുകളിലെ പ്രത്യേക ബ്ലോക്കുകളില്‍ തടങ്കലിലിട്ടു.''

''ഗസ്‌റ്റപോയുടെ മേധാവിയായിരുന്ന ഹെൻ‌റിച്ച് ഹിമ്മ്‌ലര്‍ തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന റാവന്‍സ് ബര്‍ഗിലെ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്കു വിധേയരാകുന്ന ജിപ്‌സി സ്‌ത്രീകളെ ബലികഴിക്കുന്നതിന് പ്രത്യേക സ്ഥലം സൃഷ്‌ടിച്ചു. 120 സിംഗാരി പെണ്‍കുട്ടികളെ വന്ധീകരിച്ചു. ജിപ്‌സികളല്ലാത്തവരെ വിവാഹം ചെയ്‌ത ജിപ്‌സി സ്‌ത്രീകളെ ഡസല്‍ഡോര്‍ഫ്-ലി റന്‍ഫീല്‍ഡ് ആശുപത്രിയില്‍വെച്ച് വന്ധീകരിച്ചു''.

''ബല്‍ജിയത്തില്‍ നിന്നും നെതര്‍ലന്റില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ആയിരക്കണക്കിനു ജിപ്‌സികളെ ഔസ്‌ച്‌വിറ്റ്‌സിലെ പോളിഷ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൊണ്ടുവന്നു. ഇങ്ങനെ കൊണ്ടുവന്ന ജിപ്‌സികളില്‍ നൂറുവയസുവരെ പ്രായമുള്ളവരും ഗര്‍ഭിണികളും ധാരാളം കുട്ടികളുമുണ്ടായിരുന്നുവെന്ന് ഈ ക്യാമ്പിന്റെ കമാന്ററായിരുന്ന റുഡോള്‍ഫ്‌ഹോയിസ് തന്റെ ഓര്‍മ്മകുറിപ്പില്‍ എഴുതി''.

''ലോഡിലെ (പോളണ്ട്) ക്യാമ്പിലുണ്ടായിരുന്ന അയ്യായിരം ജിപ്‌സികളില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ല''.

''യൂഗോസ്ലാവ്യയില്‍ ജിപ്‌സികളും ജൂതന്‍മാരും ഒരുപോലെ ജാങ്‌നിസിലെ കാടുകളില്‍ കൊലചെയ്യപ്പെട്ടു''.

''ഉന്‍മൂലനാശം വരുത്തുന്ന ക്യാമ്പുകളില്‍ ജിപ്‌സികളുടെ സംഗീതത്തോടുള്ള ഇഷ്‌ടം മാത്രമായിരുന്നു ചിലപ്പോഴെങ്കിലും അവര്‍ക്ക് ആശ്വാസം പകര്‍ന്നത്. ഔസ്ച്ച് വിറ്റ്‌സില്‍ പട്ടിണിക്കോലങ്ങളായ ജിപ്‌സികള്‍ ഒത്തുകൂടി പാട്ടുപാടുകയും നൃത്തം ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. അതേസമയം നൗസ്‌വിസ് മേഖലയില്‍ പോളിഷ് ചെറുത്തുനില്‍പിന്റെ ഭാഗമായി പൊരുതിയ ജിപ്‌സി ഗറില്ലകളുടെ ധീരത ഐതിഹാസികമാണ് ''.

ക്രിസ്‌ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കും മുസ്‌ലീങ്ങള്‍ക്കും മതത്തെപോലെ, ജിപ്‌സികളെ ഒന്നിച്ചു നിര്‍ത്തിയതും നിലനിര്‍ത്തിയതുമായ ഒരു ഘടകം സംഗീതമാണ്.

യൂറോപ്പില്‍ ജിപ്‌സികള്‍ക്കു സംഭവിച്ചത് ഏറക്കുറെ വിസ്‌മരിക്കപ്പെട്ടിരിക്കുകയായിരുന്നു. അത് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ലാര്‍ജുര്‍നാദയുടെ ലേഖനം സഹായിച്ചു.

1943 നു മുമ്പ് ജിപ്‌സികളെ ഉന്‍മൂലനാശം വരുത്തുന്നത് രാഷ്‌ട്രത്തിന്റെ നിയമാധിഷ്‌ഠിത നയത്തിന്റെ ഫലമായിരുന്നുവെന്നാണ് കോണ്‍റാഡ് അഡ്‌നറുടെ നേതൃത്വത്തിലുണ്ടായിരുന്ന ജര്‍മ്മന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. 120 ലക്ഷത്തിനും 140 ലക്ഷത്തിനും ഇടയില്‍ ജിപ്‌സികളുണ്ടെന്നാണ് കണക്കാക്കുന്നത്. അതില്‍ 75 ശതമാനത്തിലധികവും മധ്യ യൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലുമാണ്. ടിറ്റോയുടെ സോഷ്യലിസ്‌റ്റ് യൂഗോസ്ലാവ്യയില്‍ മാത്രമായിരുന്നു ക്രൊയേഷ്യന്‍, അല്‍ബേനിയന്‍, മെസിഡോനിയന്‍ ന്യൂനപക്ഷങ്ങളെ പോലെ തുല്യ അവകാശങ്ങളുള്ളവരായി ജിപ്‌സികള്‍ അംഗീകരിക്കപ്പെട്ടിരുന്നുള്ളൂ.

ഫ്രാന്‍സിലെ സര്‍കോസി സര്‍ക്കാര്‍ ജിപ്‌സികളെ റുമാനിയയിലേയ്‌ക്കും ബള്‍ഗേറിയയിലേയ്‌ക്കും കൂട്ടത്തോടെ നാടുകടത്താന്‍ ഉത്തരവിട്ടത് അങ്ങേയറ്റം നിന്ദ്യമാണെന്ന് മെക്‌സിക്കന്‍ പത്രം ചൂണ്ടിക്കാട്ടി. സര്‍കോസി ഹങ്കേറിയന്‍ പാരമ്പര്യമുള്ള ഒരു ജൂതനാണെന്ന് പത്രം എടുത്തുപറയുന്നുണ്ട്. റുമാനിയയില്‍ 20 ലക്ഷത്തോളം ജിപ്‌സികളുണ്ട്. റുമാനിയ അമേരിക്കയുടെ ഒരു സഖ്യശക്തിയും നാറ്റോയിലെ സജീവ അംഗവുമാണ്. റുമാനിയയുടെ പ്രസിഡന്റായ ട്രയാന്‍ ബസെസ്‌ക്യു ഒരു വനിതാ പത്രപ്രവര്‍ത്തകയെ ''വൃത്തികെട്ട ജിപ്‌സി'' എന്നാണ് വിശേഷിപ്പിച്ചത്.

ഫ്രാന്‍സില്‍ നിന്നും ജിപ്‌സികളെ നാടുകടത്തുകയും വംശീയ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നതിനെതിരെ ഫ്രാന്‍സിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഫ്രഞ്ച് എംബസികള്‍ക്കു മുമ്പിലും നൂറിലധികം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മനുഷ്യാവകാശ സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും പരിസ്ഥിതി പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഈ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരായ ജാനെബിര്‍കിന്‍, ചലച്ചിത്ര നിര്‍മ്മാതാവായ അഗ്‌നസ് ജവോയ് തുടങ്ങിയവര്‍ പ്രതിഷേധങ്ങളില്‍ സജീവ പങ്കുവഹിച്ചു.

ഫ്രാന്‍സില്‍ നാസി അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ് പ്രസ്ഥാനത്തിലെ സജീവ അംഗമായിരുന്ന സ്‌റ്റെഫയിന്‍ ഹെസ്സലിനോടൊപ്പം അഗനസ് ഫ്രഞ്ച് കുടിയേറ്റ വകുപ്പുമന്ത്രി എറിക് ബിസോണിന്റെ ഉപദേശകരെ ചെന്നുകണ്ടിരുന്നു.
യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍, ഫ്രാന്‍സിന്റെയും സര്‍കോസിയുടെയും നടപടികള്‍ രൂക്ഷമായ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്.

''വംശീയവാദത്തിന്റെയും അസഹിഷ്‌ണുതയുടെയും ഭീകരമായ ഭൂതകാലത്തിനുശേഷം 2010 ല്‍ യൂറോപ്പില്‍ ഒരു വംശീയ ജനവിഭാഗത്തെ മൊത്തത്തില്‍ കുറ്റവാളികളാക്കുകയും അവരെ ഒരു സാമൂഹ്യ പ്രശ്‌നമായി മുദ്രകുത്തുകയും ചെയ്യുന്നത് സങ്കല്‍പിക്കാന്‍ പോലും പ്രയാസമാണ് '' എന്ന് പറഞ്ഞുകൊണ്ടാണ് മെക്‌സിക്കന്‍ പത്രം ലേഖനം അവസാനിപ്പിക്കുന്നത്.
ഈ പ്രതികരണം എഴുതുമ്പോള്‍, ഒരു വസ്‌തുത എന്റെ മനസില്‍ കടന്നുവരുന്നു. ഭൂമുഖത്തെ മൂന്നാമത്തെ വലിയ ആണവ ശക്തിയാണ് ഫ്രാന്‍സ്. മുന്നൂറിലധികം ബോംബുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള താക്കോലുകളടങ്ങിയ ബ്രീഫ്‌കേസ് സര്‍കോസിയുടെ പക്കലാണുള്ളത്. ഇതേതരത്തിലുള്ള ആയുധം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാരോപിച്ച് ഇറാനെ അധിക്ഷേപിക്കുകയും ഇറാന് എതിരെ ആക്രമണത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നതിന് ധാര്‍മ്മികമായ എന്തെങ്കിലും ന്യായീകരണമുണ്ടോ? ഈ നയത്തിന്റെ യുക്തി എന്താണ് !

ജിപ്‌സികളുടെ കാര്യത്തിലെന്നപോലെ ഇറാന്റെ കാര്യത്തിലും സര്‍കോസിക്ക് ലക്കുതെറ്റിയെന്ന് കരുതുക. യു എന്‍ രക്ഷാ സമിതി സര്‍കോസിയെ എങ്ങനെ കൈകാര്യം ചെയ്യും?

യൂറോപ്യന്‍ സമൂഹത്തിനകത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിരുദ്ധമായ വംശീയവാദത്തിലധിഷ്‌ഠിതമായ നയം സ്വീകരിക്കാന്‍ ഫ്രാന്‍സിലെ തീവ്ര വലതുപക്ഷം സര്‍കോസിയെ നിര്‍ബന്ധിച്ചാല്‍ എന്തുസംഭവിക്കും? സത്യത്തിന്റെ അഭാവവും വഞ്ചനയുമാണ് ആപല്‍ക്കരമായ ആണവ യുഗത്തിലെ ഏറ്റവും വലിയ ദുരന്തം.


*****

ഫിഡല്‍കാസ്‌ട്രോ, കടപ്പാട് : ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

''വംശീയവാദത്തിന്റെയും അസഹിഷ്‌ണുതയുടെയും ഭീകരമായ ഭൂതകാലത്തിനുശേഷം 2010 ല്‍ യൂറോപ്പില്‍ ഒരു വംശീയ ജനവിഭാഗത്തെ മൊത്തത്തില്‍ കുറ്റവാളികളാക്കുകയും അവരെ ഒരു സാമൂഹ്യ പ്രശ്‌നമായി മുദ്രകുത്തുകയും ചെയ്യുന്നത് സങ്കല്‍പിക്കാന്‍ പോലും പ്രയാസമാണ് '' എന്ന് പറഞ്ഞുകൊണ്ടാണ് മെക്‌സിക്കന്‍ പത്രം ലേഖനം അവസാനിപ്പിക്കുന്നത്.
ഈ പ്രതികരണം എഴുതുമ്പോള്‍, ഒരു വസ്‌തുത എന്റെ മനസില്‍ കടന്നുവരുന്നു. ഭൂമുഖത്തെ മൂന്നാമത്തെ വലിയ ആണവ ശക്തിയാണ് ഫ്രാന്‍സ്. മുന്നൂറിലധികം ബോംബുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള താക്കോലുകളടങ്ങിയ ബ്രീഫ്‌കേസ് സര്‍കോസിയുടെ പക്കലാണുള്ളത്. ഇതേതരത്തിലുള്ള ആയുധം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാരോപിച്ച് ഇറാനെ അധിക്ഷേപിക്കുകയും ഇറാന് എതിരെ ആക്രമണത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നതിന് ധാര്‍മ്മികമായ എന്തെങ്കിലും ന്യായീകരണമുണ്ടോ? ഈ നയത്തിന്റെ യുക്തി എന്താണ് !

chithrakaran:ചിത്രകാരന്‍ said...

പടിഞ്ഞാറിന്റെ കാപട്യത്തിലേക്ക് അറിവു നല്‍കിയ ഈ പോസ്റ്റിന് വര്‍ക്കേഴ്സ് ഫോറത്തോടും, ജനയുഗത്തൊടും,ഫിഡല്‍ കാസ്റ്റ്രോയോടും നന്ദി പറയുന്നു.
ഇനി ഇന്ത്യക്കാരന്റേയും, കേരളീയന്റേയും കാപട്യത്തെക്കുറിച്ചുള്ള പോസ്റ്റുകൂടി പ്രസിദ്ധീകരിക്കുമെന്ന്
പ്രതീക്ഷിക്കട്ടെ. കാസ്റ്റ്രോ എഴുതിയത് വേണമെന്നില്ല.
സവര്‍ണ്ണനല്ലാത്ത വല്ല അവര്‍ണ്ണനോ,ദളിതനോ ആദിവാസിയോ എഴുതിയത് അഭികാമ്യം !