ദീര്‍ഘവും സമൃദ്ധവുമായ സര്‍ഗജീവിതത്തിനിടയില്‍ പരിണാമങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും, ആന്തരികമായ നൈരന്തര്യം പുലര്‍ത്തുന്ന ചില അടിസ്ഥാന ധാരകള്‍ സച്ചിദാനന്ദന്റെ രചനാസ്വത്വത്തിലുണ്ട്. ആ കാവ്യലോകത്തെ ബലിഷ്‌ഠവും സന്തുലിതവുമാക്കുന്ന ഒരു മുഖ്യഘടകമാണത്. അതിലേറ്റവും പ്രധാനം ആ കവിതകളില്‍ പുലരുന്ന സൂക്ഷ്‌മമായ രാഷ്‌ട്രീയാന്തര്‍ധാരകളാണ്. അതിന്റെയെല്ലാം ഘനകേന്ദ്രമാകട്ടെ, സ്വാതന്ത്ര്യം എന്ന മൂല്യവും. എല്ലാ ആധിപത്യപ്രവണതകളോടും അധീശത്വശക്തികളോടും പൊരുതുന്ന കലാപചേതനയില്‍ നിന്നാണ് അത് രൂപം കൊള്ളുന്നത്. പ്രമേയതലത്തിലും ആവിഷ്‌കാരതലത്തിലും അഭിന്നമായി തുടരുന്ന ഈ സ്വാതന്ത്ര്യാഭിമുഖ്യം സച്ചിദാനന്ദന്‍ എന്ന കവിയുടെ സ്വത്വമുദ്രയാകുന്നു.
സൂക്ഷ്‌മതലത്തിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം, ഒരു സാംസ്‌കാരികോല്‍പന്നവും രാഷ്‌ട്രീയനിര്‍മുക്തമല്ല എന്നതാണ്. സാഹിത്യം പോലെ ആശയങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു സര്‍ഗമണ്ഡലത്തിലാകുമ്പോള്‍ അത് കൂടുതല്‍ മൂര്‍ത്തവും പ്രസക്തവുമാകുന്നു. ആദികാവ്യം മുതലുള്ള ഏതു കൃതി നോക്കിയാലും അതിലൊക്കെ രാഷ്‌ട്രീയാന്തര്‍ഗതങ്ങളുള്ളതായി കാണാം. കാലാകാലങ്ങളില്‍ അത് തിരിച്ചറിയപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. ചിലപ്പോഴെങ്കിലും അത് ചരിത്ര ചലനങ്ങളെ നിര്‍ണയിച്ചിട്ടുമുണ്ട്. അങ്ങേയറ്റം വൈയക്തികവും സ്വകാര്യവും എന്നു കരുതപ്പെടുന്ന രചനകള്‍ക്കുപോലും രാഷ്‌ട്രീയമായ അബോധഘടനയുണ്ടാകും. സച്ചിദാനന്ദന്റെ കവിതകളിലാകട്ടെ, വൈയക്തികമെന്നതുപോലെ ലോകാനുഭവങ്ങളോട് പ്രതികരിക്കുന്ന തലങ്ങളും ഏറെയുണ്ട്. അവയുടെ പ്രമേയങ്ങള്‍ പലപ്പോഴും ബഹുസ്വരവും ബഹുമുഖവുമാണ്. അതിനാല്‍ അവയിലെ രാഷ്‌ട്രീയധാരകള്‍ മിക്കപ്പോഴും പ്രകടവും ശക്തവുമായിരുന്നു.
സച്ചിദാനന്ദന്‍ കാവ്യജീവിതം ആരംഭിച്ച 1960കളുടെ രണ്ടാംപകുതി മലയാള കവിതയില്‍ ആധുനികതാപ്രസ്ഥാനത്തിന്റെ ഉച്ചാവസ്ഥ (High Modernism) ആയിരുന്നു. തന്റേതായ നിലയില്‍ ആ ഭാവുകത്വത്തെ സ്വാംശീകരിച്ചും വികസിപ്പിച്ചും കൊണ്ടാണ് സച്ചിദാനന്ദന്‍ കാവ്യരചനയില്‍ മുന്നേറിയത്. ജീവിതത്തെ പ്രഹേളികയായി കാണുകയും അസ്‌തിത്വം വേദനയായി അനുഭവിക്കുകയും മരണത്തെ അന്തിമമായ ജീവിതസത്യമായി അറിയുകയും ചെയ്‌ത ആശയധാര ആധുനികതാ പ്രസ്ഥാനത്തില്‍പ്പെട്ട പല കൃതികളിലും പ്രാമുഖ്യം നേടി. ഈ പ്രമേയങ്ങളോടുള്ള ആഭിമുഖ്യം സച്ചിദാനന്ദന്റെ ചില ആദ്യകാലകൃതികളില്‍ കാണാനാകും. അപ്പോഴും വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും സര്‍ഗാത്മകതയെയും ഞെരുക്കുന്ന സാമൂഹികാവസ്ഥയോടുള്ള വിമര്‍ശനപരതയുടെ ഒരു തലം ആ രചനകളില്‍ പലതിലും ഉണ്ടായിരുന്നു. എഴുത്തിനെ സംബന്ധിച്ചും സര്‍ഗാത്മകതയുടെ പ്രകാശനത്തെ സംബന്ധിച്ചുമുള്ള ഉല്‍ക്കണ്ഠകള്‍ അതിനോട് ഇടകലര്‍ന്നു. അത് ഒരു വിലോമ രാഷ്‌ട്രീയാവസ്ഥയുടെ ഫലം കൂടിയാണ്. അതുളവാക്കിയ ആന്തരികസംഘര്‍ഷത്തെ ഭേദിച്ച് സച്ചിദാനന്ദനിലെ കവി ഊര്‍ജസ്വലമായി രംഗത്തു വരുന്നത് ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടാണ്.
ആ കാലത്താണ് സച്ചിദാനന്ദന്റെ കവിത പ്രകടമായ രാഷ്‌ട്രീയ പ്രമേയങ്ങളെ ആവിഷ്‌കരിച്ചു തുടങ്ങിയത്. ഇന്ത്യയിലെ രാഷ്‌ട്രീയാന്തരീക്ഷം പരോക്ഷമായ ജനാധിപത്യധ്വംസനം കൊണ്ടും ഭരണകൂടഭീകരതകൊണ്ടും ജനവിരുദ്ധത ശക്തിയായി പ്രകടിപ്പിച്ചുകൊണ്ടിരുന്ന കാലമാണത്. അതിന്റെ മൂര്‍ധന്യമാണ് 1975-77 കാലത്തെ അടിയന്തരാവസ്ഥയായിത്തീര്‍ന്നത്. സ്വാതന്ത്ര്യാനന്തര ഘട്ടത്തിലെ പ്രതീക്ഷകളെല്ലാം അസ്‌തമിക്കുകയും ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യവും വിവേചനവും വര്‍ധിച്ചുവരികയും ഭരണകൂടത്തിന്റെ ആധിപത്യസ്വഭാവം ശക്തമാകുകയും ചെയ്‌ത കാലമായിരുന്നു അത്. കേരളത്തിലാകട്ടെ, അമ്പതുകളില്‍ ഏറെ പ്രതീക്ഷ നല്‍കിയ ഇടതുപക്ഷ രാഷ്‌ട്രീയം പില്‍ക്കാലത്ത് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയപ്പോഴുണ്ടായ ഗ്ളാനിയെ പിളര്‍ന്നുകൊണ്ട് ഒരു തീവ്ര ഇടതുപക്ഷം രൂപപ്പെട്ട കാലമാണത്. അത് മലയാളസാഹിത്യത്തിലും ചില ചനങ്ങളുണ്ടാക്കി. ആ രാഷ്‌ട്രീയധാരയോടുള്ള ആഭിമുഖ്യം എഴുപതുകളിലെ സച്ചിദാനന്ദന്റെ പല കവിതകളിലും പ്രബലമാണ്. ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും തിരിച്ചറിവുകളും പ്രതികരണങ്ങളും കൊണ്ട് തീക്ഷ്‌ണമായിരുന്നു സച്ചിദാനന്ദന്റെ ആ ഗണത്തില്‍പ്പെട്ട കവിതകള്‍. 'വിശപ്പ്', 'സത്യവാങ്മൂലം' തുടങ്ങിയ കവിതകള്‍ അതിന്റെ മൂര്‍ത്താവിഷ്‌കാരങ്ങളാണ്. പ്രമേയംകൊണ്ടു മാത്രമല്ല, ആവിഷ്‌കാരത്തിലെ നിശിതത്വം കൊണ്ടും ആ കവിതകള്‍ വ്യതിരിക്തമായി.
ഈ രാഷ്‌ട്രീയസമീപനം കവിതയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റേതായ ഒരു പ്രതിപ്രവര്‍ത്തനവും ഉണ്ടാകുന്നുണ്ട്. വിശാലാര്‍ഥത്തില്‍ മാര്‍ക്‌സിസത്തിന്റെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രത്തോട് ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ത്തന്നെ അതിന്റെ കെട്ടുപാടുകള്‍ക്ക് പുറത്തേക്കു കടക്കാനും സച്ചിദാനന്ദന്റെ കവിതയ്‌ക്ക് കഴിയുന്നുണ്ട്. അടിയന്തരാവസ്ഥയ്‌ക്കുശേഷം ഊര്‍ജസ്വലമായിത്തീര്‍ന്ന കേരളത്തിലെ ഇടതുപക്ഷ സാംസ്‌കാരികരംഗത്ത് ശക്തമായി ഇടപെടുമ്പോള്‍ത്തന്നെ അതിന്റെ പിന്നിലെ പ്രത്യയശാസ്‌ത്രപരിബദ്ധതയുടെ കടുംപിടുത്തങ്ങളോടും യാന്ത്രികതയോടും പോരടിക്കുന്ന രചനകളും സച്ചിദാനന്ദനില്‍ നിന്നുണ്ടായി. 'ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു', 'താക്കീതുകള്‍' തുടങ്ങിയ കവിതകളുടെ പശ്ചാത്തലം അതാണ്.
കവിയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗാഢാവബോധം കാരണമാണ് ഇത് സംഭവിക്കുന്നത്. കവിത എല്ലാ പ്രത്യയശാസ്‌ത്രങ്ങള്‍ക്കും അപ്പുറത്തുള്ള ഒരു സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലാണ് ചിറകുനിവര്‍ക്കുന്നത് എന്ന അവബോധമാണത്. സ്വാതന്ത്ര്യം എന്ന മൂല്യം, അത് സാക്ഷാല്‍ക്കരിക്കാനുള്ള പ്രതിരോധവും കലാപവും, അതിനുവേണ്ടിയുള്ള ഇച്‌ഛയും വിമോചനപ്രതീക്ഷയും - ഇവയോടെല്ലാം പുലര്‍ത്തുന്ന ശക്തമായ ആഭിമുഖ്യമാണ് ആ രീതിയിലുള്ള കവിതകളുടെ പ്രമേയതലത്തിലുള്ളത്. വാക്കുകളെ നിര്‍ണയിക്കുന്ന സര്‍ഗാത്മകതയുടെ തലത്തിലാണ് അവയിലെ സൂക്ഷ്‌മമായ രാഷ്‌ട്രീയചേതന പ്രവര്‍ത്തിക്കുന്നത്. വാക്കുകളിലൂടെ സൃഷ്‌ടിക്കുന്ന ബാഹ്യാര്‍ഥമല്ല, വാക്കുകള്‍ തന്നെ കലാപമായി മാറുന്ന സന്ദര്‍ഭങ്ങളാണ് ആ കവിതകളില്‍ പലതിലുമുള്ളത്. സൂചകങ്ങളും ബിംബങ്ങളും ചേര്‍ന്നു നിര്‍മിക്കപ്പെടുന്ന ഒരു സവിശേഷ വാങ്മയ മണ്ഡലത്തില്‍നിന്ന് രാഷ്‌ട്രീയധ്വനികളുയരുകയാണവിടെ.
അത്തരം രചനകളില്‍ വാച്യമായിത്തന്നെ കവി തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. പ്രത്യയശാസ്‌ത്രങ്ങള്‍ക്കും അവയുടെ അടിസ്ഥാനത്തില്‍ ഉയര്‍ത്തപ്പെട്ട ഭരണകൂടത്തിന്റെ അധികാരവ്യവസ്ഥയ്‌ക്കും മുകളിലാണ് ജനത എന്ന വിശ്വാസം അങ്ങനെ അഭിവ്യക്തമാക്കപ്പെടുന്നതാണ്. കവിതയില്‍ പുലരുന്ന രാഷ്‌ട്രീയദര്‍ശനത്തിന്റെ കാതലായ ജനാധിപത്യബോധവും സ്വാതന്ത്ര്യാഭിലാഷവുമാണ് അവിടെ തെളിയുന്നത്. 'താക്കീതുകള്‍' എന്ന കവിതയുടെ അന്ത്യഖണ്ഡത്തില്‍,
"ജനങ്ങളും ഭരണകൂടവും തമ്മിലാണ് തെരഞ്ഞെടുപ്പെങ്കില്‍ ഞാന്‍ ജനങ്ങളുടെ കൂടെയാണ്.''
എന്നു പറയുന്നത് ഈ സമീപനത്തിന്റെ പ്രഖ്യാപനമായാണ്. ഈ നിലപാടിന്റെ വളര്‍ച്ചയും വികാസവുമാണ് സച്ചിദാനന്ദന്റെ കവിതകളിലെ രാഷ്‌ട്രീയം സ്ഥൂലതലത്തില്‍നിന്ന് സൂക്ഷ്‌മതലത്തിലേക്ക് മാറിയതിലൂടെ പ്രയുക്തമായത്.
അതിന്റെ ഫലമായി, 1970 കളുടെ അന്ത്യത്തോടെ സച്ചിദാനന്ദന്റെ കവിതയുടെ പ്രമേയരാശിയിലേക്ക് പ്രകൃതി, പെണ്‍മ, പ്രാന്തീകൃതര്‍ തുടങ്ങിയവ പ്രാമുഖ്യത്തോടെ കടന്നുവന്നു. വിശാലാര്‍ഥത്തില്‍, അത് പാരിസ്ഥിതികരാഷ്‌ട്രീയം, സ്‌ത്രീവാദരാഷ്‌ട്രീയം, കീഴാളരാഷ്‌ട്രീയം തുടങ്ങിയ സൂക്ഷ്‌മരാഷ്‌ട്രീയ മേഖലകളെ അഭിസംബോധന ചെയ്‌തു തുടങ്ങുകയായിരുന്നു. പ്രകൃതിയുടെയും മനുഷ്യരുടെയും, സ്വാതന്ത്ര്യത്തിന്റെയും സ്വാഛന്ദ്യത്തിന്റെയും സാധ്യതകളെ തകര്‍ക്കുന്ന ആധിപത്യപ്രവണതകളെയും സ്വാര്‍ഥലക്ഷ്യങ്ങളെയും പ്രതിരോധിക്കുന്ന കലാപമുഖമാണ് അവയില്‍ പ്രകടമായത്. ചിലപ്പോള്‍ ആ ഗണത്തില്‍പ്പെട്ട കവിതകള്‍ തീക്ഷ്‌ണക്ഷോഭത്തിന്റെ അമ്ളം ചുരത്തും; മറ്റു ചിലപ്പോള്‍ ഐറണിയുടെ കയ്പു കലര്‍ത്തും; ചിലപ്പോഴത് വിമോചനാഹ്ളാദത്തിന്റെ ഉല്‍സവ നടനം നടത്തും. മിക്കപ്പോഴും തീവ്രമായ വേദനകൊണ്ട് ഞെരിയുകയും പിടയുകയും ചെയ്യും.
II
മാറിവന്ന ഈ പ്രമേയസ്വഭാവവും ഭാവഛായകളും പ്രകടമാക്കുന്ന ഒരു രചനയാണ് 'ബോധവതി' (1979). പരിസ്ഥിതിബോധത്തിന്റെയും സ്‌ത്രീവാദചിന്തയുടെയും കീഴാള വിമോചനത്തിന്റെയും മറ്റും സംസ്‌കാരത്തിലാണ് ആ കവിത രൂപപ്പെടുന്നത്. ബോധവതി എഴുതപ്പെടുന്ന കാലത്ത് ഈ ആശയധാരകളൊന്നും മലയാളകവിതയില്‍ സജീവമായിരുന്നില്ല. 1980 കളുടെ ആദ്യവര്‍ഷങ്ങളില്‍ സൈലന്റ്വാലി സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി മലയാളത്തില്‍ ധാരാളമായുണ്ടായ പരിസ്ഥിതിക്കവിതകളുടെ കാലമാകുന്നതേയുള്ളൂ. 1990കളിലാണ് സ്‌ത്രീവാദചിന്തകള്‍, കീഴാളരും പ്രാന്തീകൃതരുമായവരുടെ സ്വത്വബോധത്തിന് ഊന്നല്‍ കൊടുക്കുന്ന ചിന്തകള്‍ എന്നിവയൊക്കെ രൂപപ്പെടുന്നത്. മലയാളത്തില്‍ ഇത്തരം ആശയാവലികളെ വിശദീകരിക്കുകയും സാംസ്‌കാരിക-സാഹിത്യവിചാരങ്ങളില്‍ അതിന് ഇടം കൊടുത്തുകൊണ്ടുള്ള അന്വേഷണങ്ങള്‍ വികസിപ്പിക്കുകയും ചെയ്‌തതില്‍ വിമര്‍ശകനായ സച്ചിദാനന്ദന് പഥദര്‍ശകമായ നിര്‍ണായകസ്ഥാനമുണ്ട് എന്നും ഓര്‍ക്കുക.
ബുദ്ധകഥാവലികളായ പ്രസിദ്ധമായ ഒരു ഉപാഖ്യാനമാണ് ഭിക്ഷുവായ ആനന്ദന് കുടിനീര്‍ നല്‍കിയ ചണ്ഡാലകന്യക പ്രബുദ്ധതനേടുന്നത്. ബുദ്ധശിഷ്യനായ ആനന്ദന്‍ അവളോട് കുടിവെള്ളം ചോദിച്ചതും ജാതിയുടെ പേരിലുള്ള അവളുടെ അപകര്‍ഷം കണക്കിലെടുക്കാതെ അയാള്‍ വെള്ളം വാങ്ങിക്കുടിച്ചതും, അവളില്‍ ആത്മപ്രകര്‍ഷവും ആത്മബോധവും ഉളവാക്കി. ഈ ഉപാഖ്യാനത്തെ മുന്‍നിറുത്തി പല പ്രശസ്‌തരചനകളും ഉണ്ടായിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ 'ചണ്ഡാലികാ' എന്ന നാടകവും കുമാരാനാശന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന ഖണ്ഡകാവ്യവും അതില്‍പ്പെടും. സച്ചിദാനന്ദന്‍ ആ ഇതിവൃത്തത്തെ മുന്‍നിറുത്തി ചണ്ഡാലകന്യകയുടെ സ്വഗതോക്തി രൂപത്തിലെഴുതിയ കവിതയാണ് 'ബോധവതി'. അവള്‍ക്കുണ്ടാകുന്ന പ്രബുദ്ധതയുടെ അനുഭവമാണ് കവി പ്രമേയമാക്കുന്നതെങ്കിലും കവിതയുടെ സമഗ്രതയില്‍ പ്രകൃതി, പെണ്‍മ, കീഴാളത തുടങ്ങിയ ഘടകങ്ങളുടെ വിമോചനാത്മകമായ ആവിഷ്‌കാരത്തിനാണ് പ്രാമുഖ്യം ലഭിക്കുന്നത്. ഇതൊരുപക്ഷേ രചനയ്‌ക്കിടയില്‍ നടന്ന അബോധപ്രക്രിയയാവാം. അങ്ങനെ 'ബോധവതി' എന്ന കവിത പ്രകൃതിയിലെ തുച്‌ഛവസ്‌തുക്കള്‍ക്കുപോലുമുള്ള പ്രാധാന്യത്തെ ഉദ്ഘോഷിക്കുന്നു. ഒപ്പം കീഴാളതയുടെയും പെണ്‍മയുടെയും അപകര്‍ഷങ്ങളെ അതിവര്‍ത്തിക്കുന്ന കന്യകയുടെ ആത്മോല്‍സവത്തെ അവതരിപ്പിക്കുന്നു.
ക്രിസ്‌തുവും ബുദ്ധനും പലപ്പോഴും സച്ചിദാനന്ദന്റെ കവിതകളില്‍ വിമോചനബിംബങ്ങളായി കടന്നുവരുന്നു. മതത്തിന്റെ സംഘടിത വ്യവസ്ഥയ്‌ക്കു പുറത്തു നില്‍ക്കുന്ന സാന്നിധ്യമായാണ് ആ ചരിത്രപുരുഷന്‍മാരെ/ഐതിഹാസിക വ്യക്തികളെ കവി കാണുന്നത്. ബുദ്ധദര്‍ശനത്തിന്റെ കരുണ എന്ന സങ്കല്‍പം, വിവേചനങ്ങളില്ലാത്ത അതിന്റെ മാനവികതാബോധം എന്നിവയൊക്കെ എന്നും സച്ചിദാനന്ദനെ പ്രചോദിപ്പിച്ചുപോന്നിട്ടുണ്ട്. ഇന്ത്യന്‍ ജീവിതത്തിലെ വ്യവസ്ഥാനുകൂലതയെ നിരാകരിക്കുന്ന ശ്രമണപാരമ്പര്യത്തെ പലവിതാനങ്ങളില്‍ സച്ചിദാനന്ദന്‍ പഠനവിഷയമാക്കിയിട്ടുണ്ട്. കവിതയില്‍ അതൊരു ശക്തമായ അടിയൊഴുക്കായി ഒട്ടേറെ രചനകളില്‍ കടന്നുവരുന്നു. ചിരധാരണകളില്‍നിന്നു ഭിന്നമായി 'ബോധവതി'യില്‍ പ്രബുദ്ധതയുടെ വെളിച്ചം പകരുന്ന യുക്തിദിവാകരനായി ബുദ്ധനെ സങ്കല്‍പിച്ചിരിക്കുന്നു. നമ്മുടെ ചില പരമ്പരാഗത കവിതകളിലെന്നവണ്ണം കാവ്യത്തിന്റെ ആദ്യഭാഗത്തും അന്ത്യഭാഗത്തും ബുദ്ധന്റെ പല പേരുകള്‍ സ്വാഭിപ്രായകമാംവിധം രൂപപ്പെടുത്തി സംബോധനകളായി, സ്‌തുതിയെന്നോ കീര്‍ത്തനമെന്നോ വേണമെങ്കില്‍ പറയാവുന്നവിധത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. പക്ഷേ ഉള്ളടക്കത്തില്‍ പാരമ്പര്യ രീതിയിലുള്ള സ്‌തുതിസങ്കല്‍പത്തെ ധ്വംസിക്കുന്നവയാണ് ആ ഭാഗങ്ങള്‍.
"ബുദ്ധ, വിശുദ്ധ, ഗംഭീര, പ്രശാന്ത!
ബുദ്ധ, പവിത്ര ചരിത്ര!
ഭക്തിവിനാശന, നിര്‍ഭയ, കേവല,
യുക്തി ദിവാകര, ശക്ത!''
എന്ന് തുടക്കത്തിലും, അന്ത്യത്തില്‍ രണ്ടു ഖണ്ഡങ്ങളിലായി,
"ബുദ്ധ, വിശുദ്ധ, അനിരുദ്ധാത്മന്‍
ബുദ്ധ, ത്യാഗി, നിയുക്ത!
ഉദ്ധതശീര്‍ഷ, നിത്യാന്വേഷക,
ബുദ്ധ, ജ്ഞാനി, വിമുക്ത'' എന്നും
"ബുദ്ധ, സുശക്ത, ചണ്ഡമരുത്താ-
യെത്തും പ്രണയക്ഷുബ്ധ!
ബുദ്ധ, സുയോധന, ബുദ്ധ വിമോചക,
മര്‍ത്ത്യചരിത്രോദ്ബുദ്ധ''
എന്നും ആ സംബോധന ബുദ്ധനെ വിമോചകനായി അവതരിപ്പിക്കുന്നു. ഇങ്ങനെ സൃഷ്‌ടിക്കുന്ന അന്തരീക്ഷം കവിതയുടെ മൊത്തം ഘടനയ്‌ക്കുതന്നെ, സവിശേഷത നല്‍കുന്നു. ആ പശ്ചാത്തലത്തിലാണ് ചണ്ഡാലകന്യക തന്നിലെ പെണ്മയുടെയും കീഴാളത്വത്തിന്റെയും കെട്ടുപാടുകളെ പൊട്ടിക്കുകയും പ്രകൃതിയുടെ സ്വഛന്ദതയെ സ്വാംശീകരിക്കുകയും ചെയ്‌തുകൊണ്ട് ആത്മവിമോചനത്തിന്റെ ഹര്‍ഷത്തിലേക്ക് ഉയരുകയും ചെയ്യുന്നത്. അത്തരം ഘടകങ്ങളുടെ സ്വാംശീകരണത്തിലൂടെയാണ് കവിത ജൈവസമഗ്രതയാര്‍ജിക്കുന്നത്.
കവിതയില്‍ ഇത് എങ്ങനെ സാക്ഷാല്‍കൃതമാകുന്നു എന്നു നോക്കുക. കിണറ്റിന്‍ കരയില്‍ പശുക്കിടാവിന് വെള്ളം കൊടുത്തുകൊണ്ടിരുന്ന അവളുടെ മുന്‍പില്‍ ദാഹനീര്‍ തേടിയെത്തിയ ഭിക്ഷുവിനോട് അവള്‍,
"ചണ്ഡാലിനി ഞാന്‍, കറുത്തവള്‍, ഇക്കിണര്‍വെള്ളം എന്നെപ്പോലെയശുദ്ധം''
എന്ന് ഇടറിപ്പറഞ്ഞപ്പോള്‍ ഭിക്ഷുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
"ഓ, കറുപ്പല്ലോ കുയില്‍, മുകില്‍ ഉര്‍വര-
ഭൂമിയും പൂവിടും കാടും
സൃഷ്‌ടിതന്‍ വര്‍ണം കറുപ്പ്, നാം തുല്യരാം
മര്‍ത്ത്യര്‍, ഒരേ തീ വഹിപ്പോര്‍.''
ഈ വാക്കുകളിലൂടെ അവളെ പ്രകൃതിയുമായും അവളുടെ കീഴാളത എന്നു തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയെ പ്രകൃതിയുടെ സ്വാഭാവികതയുമായും സമീകരിക്കുന്നു. ആ വാക്കുകള്‍ ഉള്‍ക്കാതിനാല്‍കേട്ട് ഉള്ളുകുളിര്‍ത്ത് കുടിനീര്‍ അവന്റെ കൈകളിലേക്ക് ഒഴിച്ചുകൊടുക്കുന്നതിലൂടെ അവളിലെ അപകര്‍ഷത്തിന്റെ ആവരണങ്ങളെല്ലാം ഊര്‍ന്നുപോയി. അവള്‍ ആ ഭിക്ഷുവിന് ഒഴിച്ചുകൊടുത്ത ആ ദാഹനീര്‍, അവളെ ആകെത്തന്നെ മാറ്റിത്തീര്‍ത്ത ഒരു മഹാസാഗരമായിരുന്നു. അത് അവളില്‍ സൃഷ്‌ടിച്ച സമുദ്രപരിണാമത്തെ ഇങ്ങനെ വരച്ചിടുന്നു.
"ഇത്തിരിവെള്ള, മെന്നാലെന്തതിന്നാഴ-
മെത്രയെന്നാരുപറയും?
ഏഴുകടലുമതിലേക്കൊഴുകിയെന്‍
ജാതിയതിലാണ്ടുപോയി.''
ഈ ആന്തരിക പരിവര്‍ത്തനം അവള്‍ക്കൊരു പുനര്‍ജന്മം നല്‍കി. അത് അവളുടെ അടിമത്തത്തിന്റെ കെട്ടുപാടുകളെയാകെ ഇല്ലാതാക്കി. ആത്മഹര്‍ഷത്തിന്റെ ഉല്‍സവം അവളുടെയുള്ളില്‍ തിമിര്‍ത്തു. കാലിലെ ചങ്ങല പാടുന്ന ചിലങ്കയായി മാറി. പ്രകൃതിയുടെ സ്വാഭാവികത അവളില്‍ നിറഞ്ഞു. തന്റെ പ്രാധാന്യം അവള്‍ തിരിച്ചറിഞ്ഞു. തന്നെത്തന്നെ തിരിച്ചറിയുകയായിരുന്നു അവള്‍. അതിങ്ങനെ:
"... പാടുന്നൂ പാഴ്‌മലര്‍, പ്രകൃതിയില്‍
ഞാനൊരു മഞ്ഞിന്‍തുള്ളി
പക്ഷേ, ഞാനില്ലെന്നാകില്‍
സൃഷ്‌ടിയപൂര്‍ണം, വികൃതം.''
ഈ തിരിച്ചറിവാണ് അവളുടെ ജീവിതത്തിന് അര്‍ഥം പകരുന്നത്. കീഴാളതയുടെ കേവലത്വത്തില്‍ നിന്ന് ഐതിഹാസികവും ഐശ്വരവുമായ ഒരു വിതാനത്തിലേക്ക് അവള്‍ ഉയരുകയാണ്. ആ അനുഭവത്തെ അവള്‍ ഇങ്ങനെ സ്വയം ബോധ്യപ്പെടുത്തുന്നു.
"ചണ്ഡാലികയല്ലടിമയുമല്ല, ഞാ-
നിന്നലെയുച്ച മുതല്‍ക്കേ.''
മറ്റൊരു വിതാനത്തില്‍ അധികാരത്തിന്റെ എല്ലാ ആധിപത്യശക്തികളെയും നേരിടാനുള്ള ശക്തി അത് അവള്‍ക്കു നല്‍കി. കീഴാളതയുടെ പരിമിതികളെ ഭേദിച്ചുകൊണ്ട്, അധികാരത്തിന്റെ എല്ലാ മര്‍ദനയന്ത്രങ്ങളെയും നേരിടാനുള്ള ആത്മശക്തി അത് അവള്‍ക്ക് പകരുന്നു. അതുളവാക്കുന്ന പ്രബുദ്ധത ഒരു ആദര്‍ശ മാനവികതയിലേക്ക് ഉയര്‍ത്തുന്ന പ്രതിരോധശക്തി അവളില്‍ നിറയ്‌ക്കുന്നു.
"പാടുന്നു, പാഴ്‌മലര്‍, ബോധ-
ക്കനലായെന്‍മെയ് തുടുത്തൂ...
പരിണാമത്തിന്റെ മഹേച്‌ഛയി-
ലതുണര്‍ത്തും തീപ്രളയം,
അതിലടിയും മകുടം ചൂടിയ
മുതലകള്‍, സര്‍ണപ്പുലികള്‍
അതിലുദ്ധത മസ്‌തകമാര്‍ന്നവര്‍
മലകള്‍ കുലുങ്ങിച്ചെരിയും.''
ഈ വരികളില്‍ അവളുടെ നേരെ പീഡാകരമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ചവരുടെ പതനം മാത്രമല്ല തെളിയുന്നത്. പ്രബുദ്ധത നേടിക്കഴിയുന്ന ജനതയുടെമേല്‍ അധികാരത്തിന്റെ മര്‍ദനയന്ത്രങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന സത്യം കൂടി അഭിവ്യഞ്ജിക്കുന്നുണ്ട്. ഒരിക്കല്‍ നായാട്ടിനെത്തിയ രാജകുമാരന്‍ അവളുടെ ശരീരത്തില്‍ മുഗ്ധനായി കണ്‍മുനകൊണ്ട് ക്ഷണിച്ചതിന്റെ പീഡിപ്പിക്കുന്ന ഓര്‍മകളുടെ പശ്ചാത്തലത്തിലാണ്, അധികാരത്തിന്റെയും ആണ്‍മയുടെയും കോയ്‌മകള്‍ക്കുനേരെയുള്ള പ്രബുദ്ധതയാര്‍ജിച്ച അവളുടെ പെണ്‍മ കരുത്ത് വ്യക്തമാകുന്നത്.
മതം, പൌരോഹിത്യം, ഭരണകൂടം, നീതി വ്യവസ്ഥ തുടങ്ങിയവയിലെല്ലാം പരമ്പരാഗതമായി പുലര്‍ന്നുപോരുന്ന ധാര്‍ഷ്‌ട്യത്തിന്റെയും തിന്മയുടെയും ജനവിരുദ്ധതയുടെയും വ്യവസ്ഥാനുകൂല ഘടകങ്ങളെ ഈ കവിതയില്‍ ധീരമായിത്തന്നെ വിചാരണ ചെയ്യുന്നു. എഴുപതുകളിലെ പ്രകടമായ രാഷ്‌ട്രീയ നിലപാടുകളുള്ള കവിതകളില്‍ കണ്ടിരുന്ന തീക്ഷ്‌ണതയും ശക്തിയും കൂടുതല്‍ മൂര്‍ച്ചയോടെ ഈ ഭാഗത്ത് തെളിയുന്നുണ്ട്. വിധ്വംസകമായ ഒരു പ്രതിരോധശക്തി ആ വരികളില്‍ മുനയുന്നു.
"ഛായ്, മതം മര്‍ത്ത്യനെക്കീടമായ് മാറ്റുന്ന
നീതിശാസ്‌ത്രങ്ങള്‍, വര്‍ണങ്ങള്‍!
പൂണുനൂലിന്മേല്‍ കുരുങ്ങിയ നീതിതന്‍
തേങ്ങല്‍ കേള്‍ക്കാത്ത ധര്‍മങ്ങള്‍!
പൂജിച്ചു നാമിത്രനാളും ചവിട്ടുന്ന
കാലിനെ, വെട്ടണമക്കാല്‍.
തുപ്പുന്നു ഞാന്‍ മന്ത്ര തന്ത്രവിധികളില്‍,
യജ്ഞനിലത്തില്‍, ഹവിസ്സില്‍,
തുപ്പുന്നു ഞാന്‍ ശിവലിംഗത്തില്‍, വിഷ്‌ണുവിന്‍
വെപ്പാട്ടിമാരുടെ നെഞ്ചില്‍,
തുപ്പുന്നു നിന്ദിത ഗോത്രച്ചുടുചോര
ചോപ്പിച്ച ദുര്‍ഗതന്‍ വാളില്‍,
കുട്ടിയെ രണ്ടായ് പകുക്കുന്ന നീതിയില്‍
യുദ്ധക്കൊതിയുടെ വേരില്‍!
ആത്മാവു പോവുകില്‍ കേവലം പീഡന
യന്ത്രങ്ങള്‍ തത്വശാസ്‌ത്രങ്ങള്‍.''
അമ്ളരൂക്ഷമായ ഈ വരികള്‍ കീഴാളന്റെ മുന്നേറ്റത്തിന്റെയും വ്യവസ്ഥാപിത സാംസ്‌കാരിതയുടെ മുദ്രകളെ അടിച്ചുടയ്‌ക്കുന്നതിന്റെയും വാങ്മയമാണ്. അതിന്റെ കാതലാകട്ടെ, അവസാനത്തെ ഈരടിയുമാണ്. ആത്മാവുനഷ്‌ടപ്പെട്ട തത്വശാസ്‌ത്രങ്ങള്‍ വെറും പീഡനയന്ത്രങ്ങള്‍ മാത്രമാണെന്ന തിരിച്ചറിവ് സച്ചിദാനന്ദന്റെ കവിതയിലെ രാഷ്‌ട്രീയദര്‍ശനത്തിന്റെ പ്രാണസാരം ആകുന്നു.
അവനവനെത്തന്നെ തിരിച്ചറിയുന്ന ആ പ്രബുദ്ധത അവളില്‍ പുതിയ കരുത്തുണര്‍ത്തുന്നു. അതിന്റെ ശക്തിയില്‍ പുതിയൊരു ലോകം രൂപപ്പെടും.
"കെട്ടുപൊട്ടിച്ചു ഞാ,നിന്നു കരുത്തിന്റെ
കോട്ടയാണെന്മുക്ത ചിത്തം
എത്തുകയായീ അടിമകള്‍തന്‍ കാലം
ഇത്രനാള്‍ തോറ്റോര്‍ ജയിക്കും
ഇത്രനാള്‍ താഴ്ന്ന ശിരസ്സുകള്‍ വിന്ധ്യനി-
ലര്‍ക്കനെപ്പോലെയുയര്‍ന്നെത്തും
മുഷ്‌ടികള്‍ ബോധിവൃക്ഷങ്ങളായ് മര്‍ത്ത്യരെ
മുക്തിപഥത്തില്‍ നയിക്കും
കാരിരുമ്പുണ്ടകള്‍ തൂവലായ് മാറുന്ന
സ്‌നേഹം കിഴക്കുയിര്‍ കൊള്ളും.
ഊമകള്‍ പാടും, ബധിരര്‍ കേള്‍ക്കും ത്യാഗ-
ഭൂമിതന്‍ രൌദ്രസംഗീതം.''
ഇങ്ങനെ ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് പ്രാന്തീകരിക്കപ്പെട്ടവരുടെ, ഊമകളുടെയും ബധിരരുടെയും അവരെപ്പോലെ ആത്മപ്രകാശം നിരോധിക്കപ്പെട്ട ജനവര്‍ഗങ്ങളുടെയും ആകെ വിമോചനത്തിന്റെ സൂര്യന്‍ കിഴക്കുയര്‍കൊള്ളുമെന്ന് അവള്‍ തിരിച്ചറിയുന്നു.
അതിനപ്പുറം സ്‌ത്രീയെന്ന നിലയില്‍ അവള്‍ അവനില്‍ നിന്നാര്‍ജിക്കുന്നത് തന്റെ തന്നെ സ്‌ത്രൈണതയുടെ ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനവും ആഘോഷവുമാണ്. ആ അനുഭവമാണ് അവള്‍ക്ക് പ്രബുദ്ധത നല്‍കുന്നത്. അത് പ്രണയം നല്‍കുന്ന പ്രബുദ്ധതയായി മാറുന്നു.
"എന്‍ ഹൃദയത്തിന്നുറവകള്‍ മൂടിയ
കല്ലുപിഴുതവന്‍ മാറ്റീ
ആനന്ദമപ്പോള്‍ നുരഞ്ഞൊഴുകീ, ഉണര്‍-
ന്നാടീ ഞാന്‍, പാടി, കരഞ്ഞു.
കാളകെട്ടി ഞാന്‍ കതിരിനാല്‍, പൂക്കുല
ത്താലമായ് വേര്‍പ്പണിക്കൈകള്‍.
മര്‍ത്ത്യവംശത്തിന്റെ മുക്തിനക്ഷത്രമെന്‍
ചിത്തത്തിലപ്പോഴുദിച്ചു.''
ഇങ്ങനെ സ്വാതന്ത്ര്യത്തിന്റെ സ്വാഛന്ദ്യത്തിലേക്കും ആഹ്ളാദത്തിലേക്കും ആത്മഹര്‍ഷത്തിലേക്കും അവള്‍ വിമോചിക്കപ്പെടുന്നു.
ഈ വിതാനത്തില്‍ 'ബോധവതി' എന്ന കവിത പ്രകൃതിക്കും പെണ്‍മയ്‌ക്കും കീഴാളതയ്‌ക്കും മേല്‍ കടന്നുകയറുന്ന അധീശത്വങ്ങളെയും ആധിപത്യങ്ങളെയും പ്രതിരോധിക്കുന്ന സ്വാതന്ത്ര്യഗാഥയായി മാറുന്നു. സ്വാതന്ത്ര്യം എന്ന മൂല്യത്തിന്റെ സാക്ഷാല്‍ക്കാരത്തെക്കുറിച്ചുള്ള മുക്തിഗാഥയാകുന്നു അത്. ഏതു പാഴ്‌മലരും പ്രകൃതിയുടെ അനിവാര്യഭാഗമാണെന്നും അതിന്റെ വിളുമ്പിലെ ഒരു ചെറുമഞ്ഞുകണത്തിന്റെ സാന്നിധ്യം പോലും പ്രകൃതിയുടെ പൂര്‍ണതയ്‌ക്ക് അനിവാര്യമാണെന്നും ഈ കവിത വ്യക്തമാക്കുന്നു. ആ ബിന്ദുവില്‍ സച്ചിദാനന്ദന്റെ കവിതയില്‍ സൂക്ഷ്‌മതലത്തില്‍ പടര്‍ന്നുകിടക്കുന്ന രാഷ്‌ട്രീയവും നൈതികവുമായ വീക്ഷണസാകല്യം മൂര്‍ത്തമാകുന്നു.
*
ഡോ. കെ. എസ്. രവികുമാര്‍
എഫ് - 5, ഇലങ്കം ഗാര്‍ഡന്‍സ്
വെള്ളയമ്പലം
തിരുവനന്തപുരം - 695 010
Subscribe to:
Post Comments (Atom)
1 comment:
ദീര്‍ഘവും സമൃദ്ധവുമായ സര്‍ഗജീവിതത്തിനിടയില്‍ പരിണാമങ്ങള്‍ പലതുണ്ടായിട്ടുണ്ടെങ്കിലും, ആന്തരികമായ നൈരന്തര്യം പുലര്‍ത്തുന്ന ചില അടിസ്ഥാന ധാരകള്‍ സച്ചിദാനന്ദന്റെ രചനാസ്വത്വത്തിലുണ്ട്. ആ കാവ്യലോകത്തെ ബലിഷ്‌ഠവും സന്തുലിതവുമാക്കുന്ന ഒരു മുഖ്യഘടകമാണത്. അതിലേറ്റവും പ്രധാനം ആ കവിതകളില്‍ പുലരുന്ന സൂക്ഷ്‌മമായ രാഷ്‌ട്രീയാന്തര്‍ധാരകളാണ്. അതിന്റെയെല്ലാം ഘനകേന്ദ്രമാകട്ടെ, സ്വാതന്ത്ര്യം എന്ന മൂല്യവും. എല്ലാ ആധിപത്യപ്രവണതകളോടും അധീശത്വശക്തികളോടും പൊരുതുന്ന കലാപചേതനയില്‍ നിന്നാണ് അത് രൂപം കൊള്ളുന്നത്. പ്രമേയതലത്തിലും ആവിഷ്‌കാരതലത്തിലും അഭിന്നമായി തുടരുന്ന ഈ സ്വാതന്ത്ര്യാഭിമുഖ്യം സച്ചിദാനന്ദന്‍ എന്ന കവിയുടെ സ്വത്വമുദ്രയാകുന്നു.
Post a Comment