ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ചലനങ്ങള്‍ ഒരു യന്തപ്പാവയെയാണ് പലപ്പോഴും അനുസ്‌മരിപ്പിക്കുക. മന്‍മോഹന്‍സിങ്ങും യന്ത്രപ്പാവയും തമ്മിലുള്ള ഈ സാമ്യം കണ്ടെത്തിയത് കേരളത്തിലെ മിമിക്രി കലാകാരന്മാരാണ്. അവരുടെ അനുകരണ പരിപാടികള്‍ കണ്ടതിനുശേഷം എപ്പോള്‍ മന്‍മോഹന്‍സിങ്ങിനെ കണ്ടാലും പാവകളിയിലെ കഥാപാത്രങ്ങളെയാണ് ഓര്‍മ്മവരിക. മന്‍മോഹന്‍സിങ്ങിന്റെ ചലനങ്ങളും പാവക്കൂത്തും തമ്മിലുള്ള ഈ ബന്ധം കേവലം തോന്നല്‍ മാത്രമല്ല മറിച്ച് യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണ് എന്നു മനസ്സിലായിത്തുടങ്ങിയത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷമുള്ള അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ പാവക്കൂത്തുമായുള്ള താരതമ്യം കേവലം നര്‍മ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും അതിരുകള്‍വിട്ടു ദേശാഭിമാനികളുടെ മനസ്സില്‍ ആശങ്കകളുടെയും ഭയപ്പാടിന്റെയും വികാരങ്ങളാണ് സൃഷ്‌ടിക്കുന്നത്.
പാവനാടകങ്ങളിലെ കഥാപാത്രങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത് തിരശ്ശീലയ്‌ക്ക് പുറകില്‍നിന്ന് ചരടുവലിക്കുന്നവരാണ്. അമേരിക്കന്‍ പ്രസിഡന്റിനേക്കാള്‍ വലിയ അമേരിക്കന്‍ ഭക്തി മന്‍മോഹന്‍സിങ്ങില്‍ കാണുമ്പോള്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഈ നിയന്ത്രണത്തെക്കുറിച്ച് ഭയാശങ്കകളുണ്ടാവുക സ്വാഭാവികം. ഇന്ത്യയില്‍ എത്ര വലിയ രാഷ്‌ട്രീയ അനിശ്ചിതത്വം ഉണ്ടായാലും വേണ്ടില്ല ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ ഒപ്പിട്ടേ മതിയാവൂ എന്ന ശാഠ്യം; ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളായ പതിനായിരങ്ങള്‍ക്ക് കാല്‍കാശിന്റെ നഷ്‌ടപരിഹാരം നല്‍കാതെ വിദേശകുത്തകകള്‍ ഇന്ത്യക്കാരെ കബളിപ്പിച്ചു കടന്നുകളഞ്ഞു എന്ന വാര്‍ത്തയുടെ ചൂടാറുന്നതിനുമുമ്പ് കൊണ്ടുവന്ന ആണവ ബാധ്യതാനിയമം; അതിലെ കീഴടങ്ങല്‍ വ്യവസ്ഥകള്‍; നഷ്‌ടപരിഹാരം ഉയര്‍ത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമങ്ങളോടു കാണിച്ച അസഹിഷ്‌ണുത; ബില്ലിലെ കുത്തും കോമയും കൌശലപൂര്‍വ്വം മാറ്റി വിദേശകമ്പനികളെ രക്ഷിക്കാന്‍ നടത്തിയ ശ്രമം; പാര്‍ലമെന്റില്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടിവന്നപ്പോള്‍ ഇന്ത്യന്‍ നിയമത്തെ അപ്രസക്തമാക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടിയില്‍ ചേരാന്‍ നടത്തുന്ന ശ്രമം തുടങ്ങി യുപിഎ സര്‍ക്കാരിന്റെ ചലനങ്ങള്‍ പുറത്തുനിന്നു നിയന്ത്രിക്കപ്പെടുന്നു എന്ന് സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
മന്‍മോഹന്‍സിങ്ങിന്റെ ചലനങ്ങള്‍ മാത്രമല്ല ചിന്തയും സാമ്രാജ്യത്വകേന്ദ്രങ്ങളില്‍നിന്നാണ് നിയന്ത്രിക്കപ്പെടുന്നത് എന്ന സംശയം കൂടുതല്‍ ബലപ്പെടുക ഇന്ത്യയുടെ സാമ്പത്തിക-ധനകാര്യ നയങ്ങള്‍ കാണുമ്പോഴാണ്. അമേരിക്കയും, സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളും (ലോകബാങ്ക്, നാണയനിധി തുടങ്ങിയവ) മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ മാനത്തുകണ്ട് വള്ളി, പുള്ളി, വിസര്‍ഗ്ഗ വ്യത്യാസമില്ലാതെ നടപ്പിലാക്കുന്നു എന്നതാണ് മന്‍മോഹന്‍സിങ്ങിനെ പാശ്ചാത്യലോകത്തിന് ഇത്രമേല്‍ സ്വീകാര്യനാക്കുന്നത്. ചില കാര്യങ്ങളില്‍ ലോകബാങ്കും, നാണയനിധിയും മറ്റും നല്‍കിയ കുറിപ്പടികള്‍ അതുപോലെ നടപ്പിലാക്കാന്‍ ഇന്ത്യയുടെ ചില സവിശേഷ സാഹചര്യങ്ങള്‍ നിസ്സാരമല്ലാത്ത തടസ്സങ്ങള്‍ സൃഷ്‌ടിച്ചിരുന്നു എന്ന വസ്‌തുത ഇവിടെ വിസ്‌മരിക്കുന്നില്ല. ഇന്ത്യയുടെ ധനകാര്യ സ്ഥാപനങ്ങളേയും ധനകാര്യ വ്യവസ്ഥയെയും നവ ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അദ്ദേഹത്തിന് പൂര്‍ണ്ണമായും വിജയിക്കാനായില്ല. അദ്ദേഹത്തിന്റെ ആ പരാജയമാണ് (ഇടതുപക്ഷത്തിന്റെ വിജയവും!) യഥാര്‍ത്ഥത്തില്‍ ആഗോള ധനകാര്യ തകര്‍ച്ചയുടെ വര്‍ത്തമാനകാല ദുരിതത്തില്‍നിന്നും ഇന്ത്യയെ ഒരു വലിയ അളവുവരെ രക്ഷപെടുത്തി നിര്‍ത്തിയത് എന്നതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ധനകാര്യ വ്യവസ്ഥയില്‍ സ്വാതന്ത്ര്യാനന്തരകാലത്ത് ഏര്‍പ്പെടുത്തപ്പെട്ട പാശ്ചാത്യന്‍ 'യാഥാസ്ഥിതികം' എന്നു വിശേഷിപ്പിക്കുന്ന നിയന്ത്രണ വ്യവസ്ഥയാണ് നമ്മുടെ രാജ്യത്തെ ആഗോള ധനകാര്യത്തകര്‍ച്ചയില്‍നിന്നും രക്ഷിച്ചത് എന്ന കാര്യം ഇപ്പോള്‍ വിശ്വപ്രസിദ്ധമാണ്. ഇന്ത്യയുടെ ധനകാര്യവ്യവസ്ഥയില്‍ സാമ്രാജ്യത്വം ഉന്നംവെച്ച പരിപാടി നടപ്പിലാക്കിയെടുക്കാന്‍ കഴിയാതെ പോയതിന്റെ നിരാശയിലാണ് മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ വിശ്വസ്‌ത അനുയായികളും. സാമ്പത്തിക പ്രതിസന്ധി ഉദാരവത്കരണ പരിഷ്‌കാരങ്ങളുടെ വേഗത കുറയ്‌ക്കുന്നു എന്ന ആവലാതി ഇക്കൂട്ടര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല.
'യാഥാസ്ഥിതിക' നിയന്ത്രണ സംവിധാനങ്ങള്‍ ഇപ്പോഴും ശക്തമായതിനാല്‍ ആഗോള മാന്ദ്യം (ഇന്ത്യന്‍ ധനകാര്യരംഗത്തെ) വലിയ അളവില്‍ ബാധിക്കില്ല എന്നു പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല എന്നതാണ് വാസ്‌തവം. എന്നാല്‍ ആഗോള ധനകാര്യ പ്രതിസന്ധി വൈകാതെ പൊതു സാമ്പത്തിക പ്രതിസന്ധിയായും വ്യാപാരത്തകര്‍ച്ചയായും മാറുമെന്നും അത് ഇന്ത്യന്‍ സമ്പദ്ഘടനയെയും ബാധിക്കും എന്നും പൊതുവെ നിരീക്ഷിക്കപ്പെട്ടിരുന്നു. ഉദാരവത്കരണ-ആഗോളവത്കരണ നയങ്ങളുടെ ഫലമായി ഇന്ത്യന്‍ സമ്പദ്ഘടന ആഗോളവ്യവസ്ഥകളുമായി വളരെയേറെ ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് അപകടം അകലെയല്ല എന്നു കാണാന്‍ കാരണം. അതെന്തായാലും ധനകാര്യ രംഗത്തുനിന്ന് തുടങ്ങിയ കുഴപ്പങ്ങള്‍ ആഗോളരംഗത്ത് മഹാ സാമ്പത്തികമാന്ദ്യമായും മഹാവ്യാപാരത്തകര്‍ച്ചയായും മാറിക്കഴിഞ്ഞിരിക്കുന്നു. എന്നു മാത്രമല്ല അത് ഇന്ത്യയുടെ വിദേശ വ്യാപാരത്തെയും ദേശീയോല്‍പാദനത്തെയും ആഴത്തില്‍ ബാധിക്കുകയും തൊഴിലില്ലായ്‌മയുടെയും, പട്ടിണിയുടെയും, രോഗങ്ങളുടെയും രൂപത്തില്‍ പെയ്‌തിറങ്ങുകയും ചെയ്‌തിരിക്കുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യയിലെ പാവക്കുത്തുസംഘം അറിഞ്ഞിട്ടില്ല. വേദിയേത്, കഥയേത്, കാഴ്‌ചക്കാരാര് എന്നതൊന്നും തിരിച്ചറിയാത്ത പാവകള്‍ കളി തുടരുകയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ സൃഷ്‌ടിച്ച നാശനഷ്‌ടങ്ങളുടെ നടുവില്‍നിന്നുകൊണ്ട് സാമ്രാജ്യത്വനയങ്ങള്‍ക്കു സ്‌തുതിപാടുകയും ആ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പിലാക്കും എന്ന് വ്യക്തമാക്കുകയുമാണ് അവ ചെയ്യുന്നത്.
ലോക വ്യാപാരത്തിലെ മഹാതകര്‍ച്ച
മുതലാളിത്തത്തിന്റെയും, സാമ്രാജ്യത്വത്തിന്റെയും നിതാന്ത ശത്രുക്കളായ കമ്യുണിസ്‌റ്റുകാരും ഇതര ഇടതുപക്ഷ രാഷ്‌ട്രീയക്കാരുമായിരുന്നു സമീപകാലംവരെ മുതലാളിത്തത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാനും, ചര്‍ച്ചയാക്കാനും മുന്നിട്ടിറങ്ങിയിരുന്നത്. മുതലാളിത്തത്തിന് അപ്പുറം ചരിത്രമില്ല എന്ന് പ്രചരിപ്പിക്കുന്ന സാമ്രാജ്യത്വപക്ഷക്കാരാവട്ടെ സാമ്പത്തികത്തകര്‍ച്ചയെ മൂടിവെയ്‌ക്കാനും വളര്‍ച്ചയുടെ അയഥാര്‍ത്ഥമായ ചിത്രങ്ങള്‍ അവതരിപ്പിക്കാനുമാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിയിരിക്കുന്നു. ലോകബാങ്കും, നാണയനിധിയും ഒ.ഇസിഡിയും മറ്റും സാമ്പത്തികത്തകര്‍ച്ചയുടെ ഭീകരാവസ്ഥ തുറന്നു സമ്മതിക്കാന്‍ തയ്യാറായിരിക്കുന്നു. ഇതുതന്നെയാണ് ലോക വ്യാപാരത്തിലുണ്ടായ മഹാതകര്‍ച്ചയുടെ കാര്യത്തിലും അവര്‍ കൈക്കൊള്ളുന്ന സമീപനം. അറിയപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും കുത്തനെയുള്ള തകര്‍ച്ചയാണ് 2008ന്റെ മധ്യം മുതല്‍ 2009 മധ്യംവരെ ലോക വ്യാപാരത്തിലുണ്ടായത് എന്ന് എല്ലാ ഏജന്‍സികളും സമ്മതിക്കുന്നുണ്ട്. 1930കളിലെ മഹാമാന്ദ്യത്തിന്റെ കാലത്തുണ്ടായതിനേക്കാള്‍ കുത്തനെയുള്ള വ്യാപാരത്തകര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായതത്രെ.
കുത്തനെയുള്ള ഈ ഇടിവ് എത്ര ആഴത്തിലേക്കുള്ള പതനത്തിനാണ് വഴിവെച്ചത് എന്ന ചോദ്യം ഇവിടെ സംഗതമാണ്. എത്രവേഗം എന്നതുപോലെ എത്ര ആഴത്തില്‍ എന്നതും വ്യപാരത്തകര്‍ച്ചയെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. ആഴമളന്നാല്‍ ഇപ്പോഴത്തെ വ്യാപാരത്തകര്‍ച്ച രണ്ടാംലാക മഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് എന്നു കാണാം. രണ്ടാം ലോക യുദ്ധത്തിനുശേഷം 1974-75ലും, 1982-83ലും, 2001-02ലുമാണ് ലോക വ്യാപാരത്തില്‍ വന്‍ ഇടിവുകള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ അവ മൂന്നും 2008-09ലെ തകര്‍ച്ചയുമായി താരതമ്യംചെയ്യുമ്പോള്‍ നിസ്സാരമായിരുന്നു എന്നു പറയാം. 1982-83ലും, 2001-02ലും ലോക വ്യാപാരം ഏതാണ്ട് 5 ശതമാനം കണ്ടാണ് ഇടിഞ്ഞത്. 1974-75ല്‍ 11 ശതമാനത്തിന്റെ ഇടിവ് അഥവാ ന്യൂനവളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ 2008-09ല്‍ 30 ശതമാനത്തിനടുത്ത വ്യാപാര ഇടിവാണ് രേഖപ്പെടുത്തിയത്. 1930കളിലെ മാന്ദ്യത്തിന്റെ കാലത്ത് ഇത്രയും ഇടിവുണ്ടാവാന്‍ 24 മാസങ്ങള്‍ എടുത്തെങ്കില്‍ 2008-09ല്‍ കേവലം ഒന്‍പതു മാസങ്ങള്‍ക്കിടയിലാണ് ആഗോള കയറ്റുമതിയും ഇറക്കുമതിയും മേല്‍പറഞ്ഞമട്ടില്‍ കുത്തനെ ഇടിഞ്ഞത്. 2009 മദ്ധ്യത്തോടെ ലോകവ്യാപാരത്തില്‍ നേരിയ തോതിലുള്ള വീണ്ടെടുപ്പ് ദൃശ്യമായെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല. ഏത് നിമിഷവും തകര്‍ച്ചയിലേക്കു വീണ്ടും വീഴാന്‍ പാകത്തില്‍ ദുര്‍ബലമാണ് വീണ്ടെടുപ്പിന്റെ ശക്തിയും അതിന്റെ അടിത്തറയും.
ലോകവ്യാപാരത്തകര്‍ച്ചയുടെ (ദി ഗ്രേറ്റ് ട്രേഡ് കൊലാപ്‌സ്)നിശിതമായ മാനങ്ങളാണ് ബൂര്‍ഷ്വാ സാമ്പത്തിക ശാസ്‌ത്രജ്ഞരെപ്പോലും ഇതിനെ മഹാവ്യാപാരത്തകര്‍ച്ചയായി വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഇതുസംബന്ധിച്ച സ്ഥിതിവിവരങ്ങള്‍ സാമ്പത്തികശാസ്‌ത്രജ്ഞന്മാരെപ്പോലും ഞെട്ടിപ്പിക്കുന്നതാണ്. ലോകവ്യാപാരസംഘടനയുടെ പക്കല്‍ കണക്കുകള്‍ ലഭ്യമായിട്ടുള്ള 104 രാജ്യങ്ങളില്‍ ഒന്നൊഴിയാതെ എല്ലാറ്റിലും കയറ്റുമതിയും, ഇറക്കുമതിയും കുത്തനെ ഇടിഞ്ഞു. ആഗോളത്തകര്‍ച്ചയില്‍ ഏതാണ്ട് മുഴുവന്‍ രാജ്യങ്ങളും കുടുങ്ങി എന്നതുപോലെ ഉല്‍പന്നങ്ങളായ ഉല്‍പന്നങ്ങളെയെല്ലാം ഈ തകര്‍ച്ച ബാധിക്കുകയുമുണ്ടായി. മഹാവ്യാപാരത്തകര്‍ച്ചയുടെ കൂരമ്പേല്‍ക്കാത്ത രാജ്യങ്ങളും ഉല്‍പന്നങ്ങളുമില്ല എന്നതാണ് നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.
വ്യാപാരത്തകര്‍ച്ചയുടെ കാരണങ്ങള്‍
'ദി ഗ്രേറ്റ് ട്രേഡ് കൊലാപ്സിന്റെ' കാരണങ്ങള്‍ തേടുന്നതില്‍ ദത്തശ്രദ്ധരാണ് ഇപ്പോള്‍ സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളും അവരുടെ വിദഗ്ധന്മാരും. എന്തുകൊണ്ട് ഇത്ര ആഴത്തിലുള്ള ഒരു വ്യാപാരത്തകര്‍ച്ച ഇപ്പോള്‍ ഉണ്ടായി? എന്തുകൊണ്ട് അത് ഇത്ര കൃത്യതയോടെയും ഒരുമിച്ചും ഏതാണ്ട് എല്ലാ ലോകരാജ്യങ്ങളെയും, ഏതാണ്ടെല്ലാ ഉല്‍പന്നങ്ങളെയും ബാധിച്ചു? നീണ്ടുനില്‍ക്കും എന്നുറപ്പുള്ള ഒരു വീണ്ടെടുപ്പ് എപ്പോള്‍ എങ്ങനെ ഉണ്ടാവും തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ലോകത്തെ എല്ലാ തുറമുഖങ്ങളെയും കപ്പലുകളെയും കണ്ടൈനര്‍ ടെര്‍മിനലുകളെയും എന്തിനേറെപറയുന്നു ചരക്കുനീക്കം മൊത്തത്തില്‍ സ്‌തംഭിപ്പിച്ച അവസ്ഥയാണ് ഉണ്ടായത്. ലോകവ്യാപാരത്തകര്‍ച്ചയുടെ കാരണം, ലോക സാമ്പത്തികത്തകര്‍ച്ചയാണെന്നും, അതിന്റെ കാരണമാവട്ടെ സബ്പ്രൈംക്രൈസിസില്‍ തുടങ്ങിയ ധനകാര്യ വ്യവസ്ഥയിലെ തകര്‍ച്ചയാണെന്നും, അതിന്റെ നിമിത്തം നിയന്ത്രണവ്യവസ്ഥ താറുമാറായതാണെന്നും ഇപ്പോള്‍ വിദഗ്ധന്മാര്‍ ഏതാണ്ട് ഏകസ്വരത്തില്‍ പറയുന്നുണ്ട്. അത്രത്തോളം ആശ്വാസം. കടക്കുഴപ്പവും, ധനകാര്യത്തകര്‍ച്ചയും കേവലം പ്രത്യക്ഷ പ്രകോപനങ്ങള്‍ മാത്രമാണെന്നും യഥാര്‍ത്ഥകാരണം മുതലാളിത്തം തന്നെയാണെന്നുമുള്ള മാർക്‌സിസ്‌റ്റ് വിശകലനം അവര്‍ അത്ര പെട്ടെന്നു സമ്മതിച്ചുതരുമെന്ന് കരുതാനാവില്ലല്ലോ. അതുകൊണ്ടാണ് തകര്‍ച്ച ഉണ്ടെന്നും, അതിന് കാരണം നിയന്ത്രണങ്ങള്‍ ഉദാരവത്കരിച്ചതാണെന്നും സമ്മതിച്ചതുതന്നെ വലിയ കാര്യമാണെന്നു പറഞ്ഞത്. സാവധാനത്തിലാണെങ്കിലും സത്യത്തിന്റ ഒരംശമെങ്കിലും അംഗീകരിക്കാന്‍ ബൂര്‍ഷ്വാ പണ്ഡിതന്മാര്‍ നിര്‍ബന്ധിതരാവുന്നുണ്ട്. സമകാലിക സാമ്പത്തികത്തകര്‍ച്ചയുടെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഡിമാന്റിന്റെ അഥവാ ചോദനത്തിന്റെ കുറവാണെന്നും അതിനു കാരണം ജനങ്ങളുടെ വാങ്ങല്‍ കഴിവിലുണ്ടായ ഇടിവാണെന്നും അത് മുതലാളിത്തത്തില്‍ ഉച്ചനീചത്വം വളരുന്നതിന്റെ ഫലമാണെന്നും പലരും തുറന്നു സമ്മതിക്കാന്‍ ഇപ്പോള്‍ തയ്യാറാവുന്നുണ്ട്. ആഗോളവത്കരണത്തിന്റെ വിപരീത പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പുതിയ തിരിച്ചറിവുകളും ഇവിടെ കൂട്ടി വായിക്കാവുന്നതാണ്.
വ്യാപാരത്തകര്‍ച്ച ഉണ്ടായപ്പോള്‍ അത് എല്ലാ രാജ്യങ്ങളേയും എല്ലാ ഉത്പന്നങ്ങളേയും ഒരുപോലെ ബാധിച്ചതിനു കാരണം ആഗോളവല്‍ക്കരണമാണെന്ന് ഇപ്പോള്‍ കൂടുതല്‍പേര്‍ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്ന് ദശാബ്‌ദക്കാലത്തിനിടയ്‌ക്ക് ഓരോ രാജ്യത്തിന്റെയും ലോക വിപണിയുടെമേലുള്ള ആശ്രിതത്വം അത്രമേല്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും സാങ്കേതികവിദ്യയുടെയും മൂലധനത്തിന്റെയും രാജ്യാന്തര ഒഴുക്കിനുമേല്‍ ഓരോ രാജ്യവും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഉദാരവത്കരിക്കപ്പെട്ടതിന്റെ ഫലമായാണ് ഓരോ രാജ്യവും, ഓരോ ഉല്‍പാദനമേഖലയും ഇത്രമേല്‍ ആഗോളവല്‍ക്കരിക്കപ്പെട്ടത്. പരസ്‌പരാശ്രിതത്വത്തിന്റെ തീവ്രത വളരെ ഉയര്‍ന്നതുകൊണ്ടാണ് സാമ്പത്തികക്കുഴപ്പത്തിന്‍െതീപ്പൊരി കാട്ടുതീപോലെ ലോകമാകെ പടര്‍ന്നു പിടിക്കുന്നത്. ലോക വിപണിയുടെമേല്‍ ഓരോ രാജ്യത്തിനുമുള്ള ആശ്രിതത്വത്തിന്റെ അഥവാ ആഗോളീകരണത്തിന്റെ ഒരു അളവുകോല്‍ രാജ്യത്തിന്റെ വിദേശ വ്യാപാരവും ദേശീയോല്‍പാദനവും തമ്മിലുള്ള അനുപാതമാണ്. ഈ അനുപാതത്തെ വ്യാപാരതീവ്രതാമാനം അഥവാ ട്രേഡ് ഇന്റന്‍സിറ്റി ഇന്‍ഡക്‌സ് എന്നു വിളിക്കാം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്ത് ഏതാണ്ട് എല്ലാ രാജ്യങ്ങളുടെയും വ്യാപാരതീവ്രതാമാനം വളരെ വര്‍ദ്ധിക്കുകയുണ്ടായി. സാമ്പത്തികത്തകര്‍ച്ചയും ഉയര്‍ച്ചയും എല്ലാ ദിക്കിലേക്കും പ്രവേശിക്കാനുള്ള കാരണം ഏറെക്കുറെ വ്യക്തമാണല്ലോ.
കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ആഗോളവ്യാപാരം ആഗോള ഉല്‍പാദനത്തേക്കാള്‍ വേഗത്തില്‍ വളരുകയായിരുന്നു. ഇതിന്റെ പ്രത്യാഘാതം തകര്‍ച്ചയുടെ കണക്കുകളിലും കാണാം. ആഗോള ഉല്‍പാദനത്തില്‍ കുറവുണ്ടായതിന്റെ ഒന്നു രണ്ട് ഇരട്ടി വേഗത്തിലാണ് ആഗോള വ്യാപാരത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. ഇതിന്റെ കാരണം വ്യാപാരത്തില്‍ ഉള്‍പ്പെടുന്ന ഉല്‍പന്നങ്ങളില്‍ ഏറെയും ഉപഭോഗം മാറ്റിവെയ്‌ക്കാവുന്ന തരത്തിലുള്ളവയായതാണ് എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഉപഭോഗം മാറ്റിവെയ്‌ക്കാന്‍ കഴിയാത്ത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും, വ്യാപാരവും പെട്ടെന്ന് പരിധിവിട്ടു കുറയ്‌ക്കാനാവില്ല. അതല്ലല്ലോ വാങ്ങലും ഉപഭോഗവും മാറ്റിവെയ്‌ക്കാവുന്ന ഉല്‍പന്നങ്ങളുടെ സ്ഥിതി.
ആഗോള വ്യാപാരത്തകര്‍ച്ച ഇത്ര കുത്തനെയുള്ളതാവാനുള്ള മറ്റൊരു കാരണം ഉത്പാദനപ്രക്രിയയുടെ ആഗോളീകരണമാണ് എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. സമീപകാല ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത ഉത്പാദനപ്രക്രിയയുടെ ആഗോളീകരണമാണ്. മുമ്പൊക്കെ ഒരു ഉല്‍പന്നം മുഴുവനായും ഒരു രാജ്യത്തുതന്നെ ഉല്‍പാദിപ്പിക്കുകയും ആഗോളവിപണിയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുക എന്നതായിരുന്നു രീതി. സമീപകാലത്തായി സംഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു. ഒരു ഉല്‍പന്നത്തിന്റെ ഉല്‍പാദനപ്രക്രിയതന്നെ വിഭജിച്ച് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ വീതംവെച്ച് ഉല്‍പാദനം സംഘടിപ്പിക്കുന്ന സമ്പ്രദായം നിലവില്‍ വന്നിരിക്കുന്നു. ഒരു രാജ്യവും ഒരു ഉല്‍പന്നവും പൂര്‍ണ്ണമായി ഉല്‍പാദിപ്പിക്കുന്നില്ല എന്ന നിലയിലേക്കാണ് പല ആധുനികരംഗങ്ങളുടെയും പോക്ക്. ഉല്‍പാദനപ്രക്രിയയെ തുണ്ടുതുണ്ടാക്കി വിഭജിച്ച് രാജ്യങ്ങള്‍ക്കിടയില്‍ വീതംവെച്ച് അവയെ മൂല്യച്ചങ്ങലകള്‍വഴി ബന്ധിപ്പിച്ച് നിയന്ത്രിക്കുന്ന പുതിയ സാമ്രാജ്യത്വ സമ്പ്രദായമാണ് സാമ്പത്തികത്തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ ഇത്ര പെട്ടെന്ന് പടരാനും തകര്‍ച്ച ഇത്ര വേഗത്തിലാകാനും കാരണം. ഒരു ഉല്‍പന്നത്തിന്റെ വിപണി തകര്‍ന്നാല്‍ അതിന്റെ ഉല്‍പാദനപ്രക്രിയയില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ രാജ്യങ്ങളിലും പ്രത്യാഘാതങ്ങള്‍ വളരെ പെട്ടെന്ന് അനുഭവപ്പെടുക സ്വാഭാവികമാണല്ലോ?
വ്യാപാരത്തകര്‍ച്ച ഇന്ത്യയില്‍
ഇന്ത്യ ആഗോളീകരണത്തിന്റെ കൂട്ടഓട്ടത്തില്‍ താരതമ്യേന വൈകി പ്രവേശിച്ച രാജ്യമാണ്. എന്നാല്‍ വൈകിയുള്ള തുടക്കത്തിന്റെ ക്ഷീണം മാറ്റാന്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ആഗോളവല്‍ക്കരണ പരിഷ്‌കാരങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള സാധനങ്ങളുടെയും, സേവനങ്ങളുടെയും സാങ്കേതികവിദ്യയുടെയും, മൂലധനത്തിന്റെയും ഒഴുക്കിനെ നിയന്ത്രിക്കുന്ന നടപടികള്‍ ഉദാരീകരിക്കുന്ന പ്രക്രിയക്ക് വേഗം വര്‍ധിപ്പിച്ചത് തൊണ്ണൂറുകളുടെ ആരംഭം മുതലാണ്. അക്കാലംമുതല്‍ ഇന്ത്യയുടെ വ്യാപാരതീവ്രതയും ലോകവിപണിയുടെമേലുള്ള ആശ്രിതത്വവും ഏറെ വര്‍ധിക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ ലോകവ്യാപാരത്തിലുണ്ടായ മഹാതകര്‍ച്ചയ്‌ക്ക് ഇന്ത്യയുടെമേലുള്ള ആഘാതം ഒട്ടും മയമുള്ളതായിരുന്നില്ല.
ആഗോളതലത്തില്‍ എന്തു സംഭവിച്ചാലും തരക്കേടില്ല ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ (fundamentals) ശക്തമായതുകൊണ്ട് നമുക്ക് ഒന്നും സംഭവിക്കില്ല തുടങ്ങിയ അവകാശവാദങ്ങള്‍ക്ക് ഇനിമേല്‍ ഒരു പ്രസക്തിയുമില്ല എന്ന് തെളിയിക്കുന്ന തകര്‍ച്ചയാണ് ഇന്ത്യയുടെ വ്യാപാരത്തില്‍ ഉണ്ടായിരിക്കുന്നത്. ആഗോളരംഗത്തെ മഹാതകര്‍ച്ചയുടെ ചുവടുപിടിച്ച് സമാനമായ ആഴത്തിലും വേഗത്തിലുമുള്ള ഇടിവാണ് ഇന്ത്യയുടെ കയറ്റുമതിയിലും, ഇറക്കുമതിയിലും ഉണ്ടായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഈ വ്യാപാരത്തകര്‍ച്ച മഹാതകര്‍ച്ചതന്നെയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇന്ത്യയുടെ കയറ്റുമതിയില്‍ മഹാഭൂരിപക്ഷം ഉല്‍പന്നഗ്രൂപ്പുകളിലും ഇരുപതു ശതമാനത്തിലധികം ഇടിവുണ്ടായി. 2008 ജൂലൈ മുതല്‍ 2009 മെയ് വരെയായിരുന്നു കയറ്റുമതി തകര്‍ച്ച അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയത്. പിന്നീടുണ്ടായ ദുര്‍ബലമായ വീണ്ടെടുപ്പ് ആശങ്കകള്‍ നിലനിര്‍ത്തി ഇപ്പോഴും ദുര്‍ബലമായി തുടരുന്നു. ഇന്ത്യയുടെ കയറ്റുമതിത്തകര്‍ച്ച ഏതാണ്ട് എല്ലാ ഉല്‍പന്നങ്ങളെയും ഏറിയും കുറഞ്ഞും ബാധിച്ചു എന്നതും ശ്രദ്ധേയമാണ്. സേവനങ്ങളുടെ കയറ്റുമതിയിലും ഇടിവുണ്ടായെങ്കിലും അവയാണ് താരതമ്യേനെ പിടിച്ചുനിന്നത്.
വ്യാപാരത്തകര്‍ച്ച കേവലം സ്ഥിതിവിവര കണക്കുകളുടെയും, ഗ്രാഫുകളുടെയും പ്രശ്‌നമല്ല എന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതില്ല. കയറ്റുമതിയിലെ കുത്തനെയുള്ള ഇടിവ് വ്യാപാരക്കമ്മിക്കും അത് അടവുശിഷ്‌ടക്കമ്മിക്കും ഇടയാക്കും. അങ്ങനെതന്നെയാണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇറക്കുമതി കയറ്റുമതിയേക്കാന്‍ വേഗത്തില്‍ വളരുന്നതുകൊണ്ട് ഇന്ത്യക്ക് വ്യാപാരമിച്ചം ഇല്ലാതായിട്ട് കാലമേറെയായി. ഉദാരവത്കരണകാലത്ത് വ്യാപാരക്കമ്മി ക്രമമായി ഉയരുകയും ചെയ്‌തു. വ്യാപാരക്കമ്മിയെ അതിജീവിക്കാനും വിദേശനാണയശേഖരം ജാസ്‌തിയാക്കാനും സഹായിച്ചിരുന്നത് മൂലധനകണക്കിലേയും സേവനവ്യാപാരത്തിലേയും മിച്ചമാണ്.
മൂലധനകണക്കിലും കമ്മി പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയുടെ അടവുശിഷ്‌ടം ഇപ്പോള്‍ വീണ്ടും സമ്മര്‍ദ്ദത്തില്‍പെട്ടിരിക്കുകയാണ്. ഈ നിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നാല്‍ രാജ്യം അടവുശിഷ്‌ട പ്രതിസന്ധിയിലേക്കും, നാണയ അവമൂലനത്തിലേക്കും നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കയറ്റുമതിയിലെ ഇടിവ് ഉല്‍പാദനനഷ്‌ടത്തിലും, തൊഴില്‍ നഷ്‌ടത്തിലും വരുമാനനഷ്‌ടത്തിലും, ജനങ്ങളുടെ ദുരിതത്തിലും കലാശിക്കും എന്ന കാര്യം അച്ചട്ടാണ്. ഇന്ത്യയുടെ കയറ്റുമതി ഉല്‍പന്നങ്ങളില്‍ ഏറിയകൂറും തൊഴില്‍ പ്രധാന ഉല്‍പന്നങ്ങളാണ്. തുണിത്തരങ്ങള്‍, റെഡിമെയ്‌ഡ് ഉടുപ്പുകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയിലെ കയറ്റുമതിത്തകര്‍ച്ച ലക്ഷക്കണക്കായ തൊഴിലാളികളേയും ആശ്രിതജനവിഭാഗങ്ങളേയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ "ആഗോളവല്‍ക്കരണ വിജയം തോല്‍പാവക്കൂത്ത് '' അഭംഗുരം തുടരുന്നു എന്നതാണ് ഈ രാജ്യം നേരിടുന്ന വിധിവൈപരീത്യം.
തോല്‍പാവക്കൂത്തു മുറുകുമ്പോള്‍
ആഗോളരംഗത്തെ മഹാമാന്ദ്യത്തിന്റെ കാരണം ഡിമാന്റിലെ അഥവാ ചോദനത്തിലെ കമ്മിയാണ് എന്ന മാർക്‌സിസ്‌റ്റ് വിശകലനം വൈകിയാണെങ്കിലും, ഭാഗികമായാണെങ്കിലും ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. മൂലധനം കുന്നുകൂടുന്നതിനനുസരിച്ചും, ഉല്‍പാദനം കൂടുന്നതിനനുസരിച്ചും, ഉപഭോഗവും ഡിമാന്റും വളരുന്നില്ല എന്നതാണ് കാതലായ പ്രശ്‌നം. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളെല്ലാം അവരവരുടെ ആഭ്യന്തര കമ്പോളത്തെ പരമാവധി സംരക്ഷിക്കാനും പുറംലോകത്തെ വിപണികള്‍ പിടിച്ചെടുക്കാനും ഇപ്പോള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. അമേരിക്കതന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. പുറംജോലി കരാറുകളെ നിരുത്സാഹപ്പെടുത്താനും നിരോധിക്കാനും അവിടുത്തെ പ്രാദേശിക സര്‍ക്കാരുകള്‍ നടത്തിയ ശ്രമം അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായല്ലോ. പ്രസിഡന്റ് ഒബാമയെയും ഈ കാമ്പയിന്റെ മുന്‍നിരയില്‍ കാണാം. ആരോഗ്യരക്ഷയുടെയും ശുചിത്വത്തിന്റെയും വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളുടെ വ്യാപാരത്തെ തടസ്സപ്പെടുത്തുന്ന രീതിയും അമേരിക്ക വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിനിടയിലും ഇന്ത്യയിലെ തോല്‍പാവക്കൂട്ടം അമേരിക്കക്ക് ഇന്ത്യന്‍ കമ്പോളത്തെ സ്വര്‍ണ്ണത്തളികയില്‍ വെച്ചു നീട്ടുകയാണ്. ആണവക്കരാറിന്റെ ഭാഗമായി മന്‍മോഹന്‍സിങ് അമേരിക്കയ്‌ക്ക് ഉറപ്പാക്കിയിരിക്കുന്നത് ലക്ഷം കോടി ഡോളറിന്റെ ബിസിനസാണ്. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യയുടെ പടക്കോപ്പുകമ്പോളം അമേരിക്കന്‍ വ്യവസായികള്‍ക്ക് തുറന്നിട്ടുകൊടുക്കാനാണ് പോകുന്നത്. പകരം ഇന്ത്യക്ക് കിട്ടുന്നതോ പുറം കരാര്‍ ജോലിയുടെ നിരോധനവും!
ഇന്ത്യന്‍ കമ്പോളം ഇറക്കുമതിക്ക് തുറന്നിടുന്നതിനും അവശേഷിക്കുന്ന നിയന്ത്രണങ്ങള്‍കൂടി നീക്കംചെയ്യുന്നതിനും ഭരണാധികാരികള്‍ കാണിക്കുന്ന ജുഗുപ്‌സാവഹമായ വെപ്രാളത്തെക്കൂടി പരാമര്‍ശിച്ചാലേ കഥ പൂര്‍ണ്ണമാകൂ. ലോക വ്യാപാരസംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദോഹാവട്ട വ്യാപാരചര്‍ച്ചകള്‍ അടുത്തകാലത്തൊന്നും തീരാന്‍പോകുന്നില്ല എന്ന് സാമ്രാജ്യത്വരാഷ്‌ട്രങ്ങള്‍പോലും സമ്മതിക്കും. എന്നാല്‍ ദോഹാറൌണ്ട് പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു രാജ്യം ഇന്ത്യയാണ്. ഇതേ ഉത്സാഹംതന്നെയാണ് വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഒപ്പിടാന്‍ ഇന്ത്യ കാണിക്കുന്നതും. വലിയ വിട്ടുവീഴ്‌ചകള്‍ക്ക് തയ്യാറായിക്കൊണ്ടാണ് ഇന്ത്യ ആസിയാന്‍ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പിട്ടത്. പ്രസ്‌തുത കരാറിന്റെ ഫലമായി ഇന്ത്യയുടെ വ്യാപാരക്കമ്മി കൂട്ടുകയല്ലാതെ കുറയുന്നില്ല.
ആസിയാന്‍ കരാറിനുശേഷം ഇന്ത്യ ന്യൂസിലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്‌ട്രേലിയ, യൂറോപ്യന്‍ സാമ്പത്തികസമൂഹം, യൂറോപ്യന്‍ സ്വതന്ത്രവ്യാപാരമേഖല, ഇസ്രായേല്‍ ചിലി, ജപ്പാന്‍, മൌറീഷ്യസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാറുകള്‍ ഒപ്പിടാന്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ കമ്പോളത്തിനുമേല്‍ ഈ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ചെലുത്തിയേക്കാവുന്ന ആഘാതം ചെറുതായിരിക്കില്ല. ഇന്ത്യയിലെ ഉല്‍പാദകര്‍ കടുത്ത മത്സരത്തെ ഇന്ത്യന്‍ വിപണിയില്‍തന്നെ നേരിടും. ലോകമാകെ കമ്പോളങ്ങള്‍ ചുരുങ്ങുകയും വില്‍പന അസാധ്യമാവുകയും ചെയ്യുന്ന ഇന്നത്തെ പ്രതിസന്ധിയുടെ ഘട്ടത്തിലും പരാജയപ്പെട്ട ഉദാരവത്കരണ സിദ്ധാന്തമാണ് സര്‍ക്കാരിനെ നയിക്കുന്നത്. സ്വതന്ത്ര വ്യാപാരത്തിന്റെ നേട്ടങ്ങള്‍ വാരിക്കൂട്ടുന്നത് അതിനുവേണ്ടി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറെടുക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളാണ്. ഇംഗ്ളണ്ടും, അമേരിക്കയും, ദക്ഷിണകൊറിയയും സിംഗപ്പൂരുമെല്ലാം ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇത്തരം ആസൂത്രിത ഇടപെടല്‍ നടത്തിയിട്ടുണ്ട്. ചൈനയുടെ വര്‍ത്തമാനകാല വ്യാപാരവിജയത്തിന്റെ രഹസ്യവും മറ്റൊന്നല്ല. ഇന്ത്യയുടെ ഈ രംഗത്തെ ആസൂത്രണമാകട്ടെ സാമ്രാജ്യത്വകേന്ദ്രങ്ങള്‍ ചരടുവലിക്കുന്നതിനനുസരിച്ച് ആഭ്യന്തരകമ്പോളം തുറന്നിടുന്നതില്‍ ഒതുങ്ങുന്നു. പക്ഷേ, ഈ പാവക്കൂത്ത് ഇനി അധികനാള്‍ തുടരാനാവില്ല. കരണം അതിന്റെ വിപരീത പ്രത്യാഘാതങ്ങള്‍ മഹത്തായ ഈ രാജ്യത്തിന് താങ്ങാവുന്നതിലും അധികമാണ്.
*****
ഡോ. കെ എൻ ഹരിലാൽ
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ചലനങ്ങള്‍ ഒരു യന്തപ്പാവയെയാണ് പലപ്പോഴും അനുസ്‌മരിപ്പിക്കുക. മന്‍മോഹന്‍സിങ്ങും യന്ത്രപ്പാവയും തമ്മിലുള്ള ഈ സാമ്യം കണ്ടെത്തിയത് കേരളത്തിലെ മിമിക്രി കലാകാരന്മാരാണ്. അവരുടെ അനുകരണ പരിപാടികള്‍ കണ്ടതിനുശേഷം എപ്പോള്‍ മന്‍മോഹന്‍സിങ്ങിനെ കണ്ടാലും പാവകളിയിലെ കഥാപാത്രങ്ങളെയാണ് ഓര്‍മ്മവരിക. മന്‍മോഹന്‍സിങ്ങിന്റെ ചലനങ്ങളും പാവക്കൂത്തും തമ്മിലുള്ള ഈ ബന്ധം കേവലം തോന്നല്‍ മാത്രമല്ല മറിച്ച് യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്തുനില്‍ക്കുന്ന ഒന്നാണ് എന്നു മനസ്സിലായിത്തുടങ്ങിയത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളിലാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷമുള്ള അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ പാവക്കൂത്തുമായുള്ള താരതമ്യം കേവലം നര്‍മ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും അതിരുകള്‍വിട്ടു ദേശാഭിമാനികളുടെ മനസ്സില്‍ ആശങ്കകളുടെയും ഭയപ്പാടിന്റെയും വികാരങ്ങളാണ് സൃഷ്‌ടിക്കുന്നത്.
പാവനാടകങ്ങളിലെ കഥാപാത്രങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത് തിരശ്ശീലയ്‌ക്ക് പുറകില്‍നിന്ന് ചരടുവലിക്കുന്നവരാണ്. അമേരിക്കന്‍ പ്രസിഡന്റിനേക്കാള്‍ വലിയ അമേരിക്കന്‍ ഭക്തി മന്‍മോഹന്‍സിങ്ങില്‍ കാണുമ്പോള്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഈ നിയന്ത്രണത്തെക്കുറിച്ച് ഭയാശങ്കകളുണ്ടാവുക സ്വാഭാവികം. ഇന്ത്യയില്‍ എത്ര വലിയ രാഷ്‌ട്രീയ അനിശ്ചിതത്വം ഉണ്ടായാലും വേണ്ടില്ല ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ ഒപ്പിട്ടേ മതിയാവൂ എന്ന ശാഠ്യം; ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളായ പതിനായിരങ്ങള്‍ക്ക് കാല്‍കാശിന്റെ നഷ്‌ടപരിഹാരം നല്‍കാതെ വിദേശകുത്തകകള്‍ ഇന്ത്യക്കാരെ കബളിപ്പിച്ചു കടന്നുകളഞ്ഞു എന്ന വാര്‍ത്തയുടെ ചൂടാറുന്നതിനുമുമ്പ് കൊണ്ടുവന്ന ആണവ ബാധ്യതാനിയമം; അതിലെ കീഴടങ്ങല്‍ വ്യവസ്ഥകള്‍; നഷ്‌ടപരിഹാരം ഉയര്‍ത്താന്‍ പ്രതിപക്ഷം നടത്തിയ ശ്രമങ്ങളോടു കാണിച്ച അസഹിഷ്‌ണുത; ബില്ലിലെ കുത്തും കോമയും കൌശലപൂര്‍വ്വം മാറ്റി വിദേശകമ്പനികളെ രക്ഷിക്കാന്‍ നടത്തിയ ശ്രമം; പാര്‍ലമെന്റില്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടിവന്നപ്പോള്‍ ഇന്ത്യന്‍ നിയമത്തെ അപ്രസക്തമാക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടിയില്‍ ചേരാന്‍ നടത്തുന്ന ശ്രമം തുടങ്ങി യുപിഎ സര്‍ക്കാരിന്റെ ചലനങ്ങള്‍ പുറത്തുനിന്നു നിയന്ത്രിക്കപ്പെടുന്നു എന്ന് സംശയിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
Post a Comment