രണ്ടാം തലമുറ സ്‌പെക്‌ട്രം അഴിമതിയില്‍ വൈകിയാണെങ്കിലും വാര്‍ത്താവിനിമയ മന്ത്രി എ രാജയ്‌ക്ക് ആ സ്ഥാനം ഒഴിയേണ്ടി വന്നിരിക്കുന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ടനുസരിച്ച് കേന്ദ്ര ഖജനാവിന് 1,76,379 കോടി രൂപ നഷ്‌ടമുണ്ടാക്കിയ ഇടപാടാണ് നടത്തിയത്. എന്നിട്ടും ഈ മന്ത്രിയെ പുറത്താക്കാന്‍ രണ്ടു വര്‍ഷം വൈകിയെന്നത് യുപിഎ സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്‌ചതന്നെയാണ്.
മന്ത്രിയെ പുറത്താക്കുക വഴി പൊതുജീവിതത്തിലെ ശുദ്ധി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അഴിമതിയുമായി നാഭീനാളബന്ധമുള്ള പാര്‍ടിയാണ് കോൺഗ്രസ്. ഇന്ത്യയെ പിടിച്ചുലച്ച ബൊഫോഴ്‌സ് തോക്കിടപാടിന്റെ സൂത്രധാരന്‍ കോൺഗ്രസ് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയായിരുന്നു. 1984 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിക്ക് അധികാരം നഷ്‌ടപ്പെട്ടത് ഈ അഴിമതിക്കേസില്‍ പെട്ടതിനെത്തുടര്‍ന്നായിരുന്നു. എന്നാല്‍, ആ തിരിച്ചടിയില്‍നിന്ന് ഒരു പാഠവും കോൺഗ്രസ് പഠിച്ചില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചത്.
നരസിംഹറാവു സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചതുപോലും വന്‍ അഴിമതിയിലൂടെയാണ്. ജെഎംഎം കോഴക്കേസ് കോൺഗ്രസിന്റെ പ്രതിച്‌ഛായ തകര്‍ത്തു. ഷിബു സൊറന്‍ ഇപ്പോഴും കോടതികയറിയിറങ്ങുകയാണ്. നരസിംഹറാവുവിന്റെ ഭരണകാലത്താണ് ആദ്യത്തെ ടെലികോം അഴിമതി നടന്നത്. റാവു മന്ത്രിസഭയിലെ വാര്‍ത്താവിനിമയ മന്ത്രി സുഖ്റാമായിരുന്നു ആ അഴിമതിയുടെ സൂത്രധാരന്‍. ടെലിഫോൺ കേബിള്‍സ് വാങ്ങുന്നതിലാണ് അന്ന് അഴിമതി നടന്നത്. ടെലികോം ഡിപ്പാര്‍ട്മെന്റാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. 18 കമ്പനികളെയാണ് ഷോര്‍ട്ട് ലിസ്‌റ്റ് ചെയ്‌തത്. ടെന്‍ഡറില്‍ ദേവേന്ദ്ര സിങ് ചൌധരിയുടെ ഉടമസ്ഥതയിലുള്ള ഹരിയാന ടെലികോം ലിമിറ്റഡും പങ്കെടുത്തു. ആ കമ്പനിക്ക് കേബിളുകള്‍ നല്‍കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ടെലികോം ഡിപ്പാര്‍ട്മെന്റ് (ഡിഒടി) തന്നെ രേഖാമൂലം അഭിപ്രായപ്പെട്ടു. എന്നിട്ടും മുപ്പതു കോടിയുടെ കേബിളുകള്‍ വാങ്ങാന്‍ സുഖ്റാം ഈ കമ്പനിക്ക് ഉത്തരവ് നല്‍കി. അതുവഴി 1.6 കോടി രൂപ സുഖ്റാം കീശയിലാക്കിയെന്നാണ് ആരോപണമുയര്‍ന്നത്. സിബിഐ സുഖ്റാമിന്റെ ഹിമാചല്‍പ്രദേശിലെ മാണ്ഡിയിലുള്ള വീട് പരിശോധിച്ചപ്പോള്‍ 1.1 കോടി രൂപ കണ്ടെടുക്കുകയുമുണ്ടായി.
രണ്ടാം യുപിഎ സര്‍ക്കാരിലെ അഴിമതിയുടെ പേരിലുള്ള ആദ്യരാജി ഐപിഎല്‍ വിവാദത്തില്‍പ്പെട്ട ശശി തരൂരിന്റേതായിരുന്നു. ഇപ്പോള്‍ ഇതേ മന്ത്രാലയത്തിലെ അഴിമതി കാരണം മറ്റൊരു മന്ത്രിക്കും അധികാരം നഷ്‌ടപ്പെട്ടിരിക്കുന്നു. കോൺഗ്രസ് മന്ത്രിയല്ല എന്ന വ്യത്യാസംമാത്രം. എന്നാല്‍, കോൺഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരില്‍ ഏഴു വര്‍ഷമായി സഖ്യകക്ഷിയായ ഡിഎംകെ മന്ത്രിയാണ് പുറത്തായ രാജ. രാജയെ പുറത്താക്കിയതോടെ 'എല്ലാം ശുദ്ധ' മായെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. എന്നാല്‍, കോൺഗ്രസും പ്രധാനമന്ത്രിയും വിചാരിച്ചിരുന്നുവെങ്കില്‍ 1.76 ലക്ഷം കോടി സര്‍ക്കാരിന് നഷ്‌ടപ്പെടില്ലായിരുന്നു. പക്ഷേ, ഓരോ ഘട്ടത്തിലും മന്ത്രിയെ ന്യായീകരിക്കാനും അഴിമതിക്ക് ചൂട്ടുപിടിക്കാനുമാണ് കോൺഗ്രസ് തയ്യാറായത്.
ഡിഎംകെ മേധാവി കരുണാനിധിയുമായി സ്വരച്ചേര്‍ച്ച നഷ്‌ടപ്പെട്ടപ്പോഴാണ് ടെലികോം മന്ത്രിപദവിയില്‍നിന്ന് ദയാനിധിമാരന്‍ ഒഴിവാക്കപ്പെട്ടതും പകരം എ രാജ മന്ത്രിയായതും. 2007 മെയ്‌മാസത്തിലാണ് രാജ ഈ വകുപ്പ് ഏറ്റെടുത്തത്. അന്നത്തെ ടെലികോം സെക്രട്ടറി ഡി എസ് മാഥൂറിന്റെ വെളിപ്പെടുത്തലനുസരിച്ച് രാജയുടെ ആദ്യത്തെ ഉദ്യമംതന്നെ സ്‌പെക്‌ട്രം ലൈസന്‍സ് നല്‍കലായിരുന്നു. അതിന് വിസമ്മതിച്ച മാഥൂറിനെ പോലുള്ള ഉദ്യോഗസ്ഥരെ മറികടന്നാണ് രാജ ലൈസന്‍സ് നല്‍കിയത്. ലൈസന്‍സ് നല്‍കുന്ന ഓരോ ഘട്ടത്തെക്കുറിച്ചും കേന്ദ്രമന്ത്രിസഭയ്‌ക്ക് അറിവുണ്ടായിരുന്നു. ലേലംചെയ്യാതെ ലൈസന്‍സ് നല്‍കുന്നതിനെ ധനമന്ത്രാലയവും നിയമമന്ത്രാലയവും എതിര്‍ത്തിരുന്നു. താനറിയാതെ ഒന്നും ചെയ്യരുതെന്ന് പ്രധാനമന്ത്രിതന്നെ രാജയോട് രേഖാമൂലം അറിയിച്ചിരുന്നു. ഈ ഉത്തരവ് അക്ഷരം പ്രതി അനുസരിച്ചുവെന്നാണ് രാജയും വെളിപ്പെടുത്തിയിട്ടുള്ളത്. ഇതൊക്കെ വ്യക്തമാക്കുന്നത് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും പൂര്‍ണമായ അറിവോടെയാണ് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതെന്നാണ്.
മാത്രമല്ല, രണ്ടാം തലമുറ സ്‌പെക്‌ട്രം അനുവദിച്ചതില്‍ അഴിമതി നടക്കുന്നെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി 2008 ഫെബ്രുവരിയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. അന്ന് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ അഴിമതി നടക്കുന്നുവെന്ന് ആരും ആരോപിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രിക്കോ യുപിഎ സര്‍ക്കാരിനോ പറയാന്‍ കഴിയില്ല. തുടര്‍ന്ന് നവംബറിലും 2010 മേയിലും സിപിഐ എം പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നു മാത്രമല്ല മന്ത്രിയെ സഹായിക്കാന്‍ തയ്യാറാവുകയുംചെയ്‌തു. കഴിഞ്ഞ വര്‍ഷം കേന്ദ്ര വിജിലന്‍സ് കമീഷനും ആദായനികുതി വിഭാഗവും പ്രഥമദൃഷ്‌ട്യാ കേസുണ്ടെന്ന് കണ്ടെത്തി ടെലികോം മന്ത്രിയുടെ ഓഫീസും പരിസരവും പരിശോധിക്കുകയുണ്ടായി. ടെലികോം മന്ത്രാലയത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന സഞ്ചാര്‍ഭവന്‍ വളഞ്ഞുവച്ചായിരുന്നു ഈ പരിശോധന. സ്വന്തം മന്ത്രിയുടെ ഓഫീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന ഘട്ടംവരെയെത്തിയിട്ടും മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
തുടര്‍ന്നാണ് രാജയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെതന്നെ മുന്‍ ടെലികോം സെക്രട്ടറിയും പാമൊലിന്‍ കേസില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന പിജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി(സിവിസി) യുപിഎ സര്‍ക്കാര്‍ നിയമിച്ചത്. ടെലികോം സെക്രട്ടറിയായിരിക്കെ സിവിസിയുടെയും സിഎജിയുടെയും അന്വേഷണത്തെ നഖശിഖാന്തം എതിര്‍ത്ത ടെലികോം സെക്രട്ടറിയായിരുന്നു പി ജെ തോമസ്. പ്രതിപക്ഷ നേതാവ് എതിര്‍ത്തിട്ടുപോലും തോമസിനെതന്നെ സിവിസിയായി നിയമിക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. അവസാനം മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ തന്നെ ഈ നിയമനത്തെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിലുമെത്തി. ലിങ്ദോയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി കോൺഗ്രസിനെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് ലിങ്ദോ നേതൃത്വം നല്‍കുന്ന ഫെയിം(ഫൌണ്ടേഷന്‍ ഓഫ് അഡ്വാന്‍സ് മാനേജ്‌മെന്റ് ഓഫ് ഇലക്ഷന്‍) എന്ന സ്ഥാപനമാണ്.
ലൈസന്‍സ് അനധികൃതമായി നല്‍കിയതില്‍ മന്ത്രി രാജയുടെ നേരിട്ടുള്ള ബന്ധം സിഎജി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്ന ഘട്ടത്തിലും രാജയെ പ്രതിരോധിക്കാനായിരുന്നു കോൺഗ്രസ് തയ്യാറായത്. മന്ത്രിമാര്‍ ഉള്‍പ്പെടെ സിഎജിയെ തള്ളിപ്പറയാന്‍ തയ്യാറായി. സിഎജി റിപ്പോര്‍ട്ടില്‍ പേര് വന്നതുകൊണ്ട് ഒരു മന്ത്രിയും രാജിവക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യസ്ഥാപനങ്ങളുടെ വിലയിടിക്കുകയാണെന്ന് പ്രണബ് മുഖര്‍ജിയും മറ്റും വിലപിക്കുമ്പോഴാണ് സിഎജിക്കെതിരെ സഹപ്രവര്‍ത്തകരുടെ ഈ കൂട്ടായ ആക്രമണം നടന്നത്.
അവസാനമായി രാജയെ സംരക്ഷിക്കാന്‍ സുപ്രീം കോടതിയില്‍ അദ്ദേഹത്തെ ന്യായീകരിച്ച് സത്യവാങ്മൂലവും നല്‍കി. രണ്ടാം തലമുറ സ്‌പെക്‌ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയില്ലെന്നും സര്‍ക്കാരിന് വരുമാനനഷ്‌ടം വന്നിട്ടില്ലെന്നുമാണ് സത്യവാങ്മൂലം പറയുന്നത്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സിഎജിക്ക് അധികാരമില്ലെന്ന് ഓര്‍മിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി.
മാത്രമല്ല സുബ്രഹ്മണ്യം സ്വാമി സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ അഴിമതിവീരനായ മന്ത്രിയെ പരസ്യമായി സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനും യുപിഎ സര്‍ക്കാര്‍ തയ്യാറായി. അതിന്റെ ഭാഗമായാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ രാജയുടെ വക്കീലിന് വിവരങ്ങള്‍ വിശദീകരിക്കാനായി സോളിസിറ്റര്‍ ജനറല്‍ വിളിച്ചു വരുത്തിയത്. എന്നാല്‍, ഈ ഓഫീസര്‍ അതിന് തയ്യാറായില്ലെന്നു മാത്രം. അഴിമതിക്കാര്‍ക്ക് എല്ലാ സൌകര്യവും ചെയ്‌തുകൊടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആദര്‍ശ് ഫ്ളാറ്റ് അഴിമതിയും കോമൺവെല്‍ത്ത് ഗെയിംസ് അഴിമതിയും നടന്നത്. മന്‍മോഹന്‍സിങ്ങും കോൺഗ്രസും തുടരുന്ന നവലിബറല്‍ നയംതന്നെയാണ് അഴിമതിയും പെരുകാന്‍ കാരണമാകുന്നത്.
സ്‌പെക്‌ട്രം: വെളിപ്പെടുന്നത് കോര്‍പ്പറേറ്റ് സ്വാധീനം
രണ്ടാം തലമുറ സ്‌പെക്‌ട്രം ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള സിഎജി റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുന്നത് കോര്‍പ്പറേറ്റ് അഴിമതിയുടെ വളര്‍ച്ച. ടെലികോം മന്ത്രാലയം കേന്ദ്രീകരിച്ച് നടന്ന അഴിമതിക്ക് പ്രധാനമന്ത്രി കാര്യാലയവും ധന-നിയമ മന്ത്രാലയവുമെല്ലാം കൂട്ടുനിന്നുവെന്ന് സിഎജിയുടെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് സ്വാധീനമാണ് ഇതിനുപിന്നില്‍.
കാര്‍ഗില്‍ ഫ്ളാറ്റ്, കോമൺവെല്‍ത്ത്, സ്‌പെക്‌ട്രം ഇടപാട് തുടങ്ങിയ അഴിമതികളെല്ലാം ഭരണതലത്തില്‍ കോര്‍പ്പറേറ്റ് ലോബി കൈവരിച്ച സ്വാധീനത്തിന് തെളിവായി മാറുകയാണ്. അഴിമതിയുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്നത് സ്‌പെക്‌ട്രം അഴിമതിയില്‍ മാത്രമാണ്. സ്‌പെക്‌ട്രം ഇടപാടിന് പിന്നില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് ഇടപെടലുകള്‍ നടത്തിയ പ്രധാന കോര്‍പ്പറേറ്റ് സ്ഥാപനം. ചില പ്രധാന റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പുകളും ഇടപാടുകള്‍ക്ക് പിന്നിലുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ടെലികോം രംഗത്തേക്ക് നേരത്തെ തന്നെ പ്രവേശിച്ചിരുന്ന റിലയന്‍സ് ഗ്രൂപ്പ് ബിനാമി കമ്പനി രൂപീകരിച്ച് രംഗത്തുവരികയായിരുന്നു. സ്‌പെക്‌ട്രം ലേലത്തില്‍ പങ്കെടുത്ത സ്വാന്‍ എന്ന കമ്പനിയില്‍ പത്തുശതമാനത്തിലേറെ ഓഹരിയാണ് റിലയന്‍സിനുണ്ടായിരുന്നത്. ചട്ടപ്രകാരം നിലവില്‍ ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്ക് മറ്റ് ടെലികോം കമ്പനികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരി പാടില്ലെന്നുണ്ട്. റിലയന്‍സിന്റെ ഓഹരി പങ്കാളിത്തം മറച്ചുവെച്ചാണ് സ്വാന്‍ സ്‌പെക്‌ട്രത്തിനായി അപേക്ഷ നല്‍കിയത്. സ്വാന്‍ കമ്പനിയില്‍ റിലയന്‍സിന് ആയിരം കോടിയുടെ ഓഹരിയും കമ്പനി പ്രൊമോട്ടര്‍മാരായ ടൈഗര്‍ ട്രേഡേഴ്‌സിന് നൂറുകോടിയുടെയും ഓഹരിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കടലാസില്‍ 90 ശതമാനത്തിന് അടുത്ത് ഓഹരിയും ടൈഗര്‍ ട്രേഡേഴ്‌സിന്റേതായാണ് കാണിച്ചത്. പരിശോധനയില്‍ വ്യക്തമാകുന്ന ഈ തട്ടിപ്പ് ടെലികോം വകുപ്പ് കണ്ടില്ലെന്ന് നടിച്ചു.
സ്‌പെക്‌ട്രം സ്വന്തമാക്കിയ സ്വാന്‍ കമ്പനി പിന്നീട് വന്‍ലാഭത്തില്‍ ഇത് എറ്റിസലാത്ത് ഡിബി കമ്പനിക്ക് മറിച്ചുനല്‍കുകയായിരുന്നു. വെറും കടലാസുപണികളിലൂടെ മാത്രം കോടികളുടെ ലാഭം റിലയന്‍സ് സ്വന്തമാക്കി. റിലയന്‍സിന് പുറമെ യൂണിടെക്ക് (നിലവില്‍ യൂണിനോര്‍), ലൂപ്പ്, ഡാറ്റാകോം, അലയന്‍സ് ഇന്‍ഫ്ര, എസ് ടെല്‍ തുടങ്ങി 13 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ അപേക്ഷകളിലും ക്രമക്കേടുകള്‍ വ്യക്തമായിരുന്നു. 122 ലൈസന്‍സുകളില്‍ 85 ലൈസന്‍സുകളും ഈ സ്ഥാപനങ്ങള്‍ സ്വന്തമാക്കി.
കോഴ നല്‍കിയ സ്ഥാപനങ്ങള്‍ക്ക്തന്നെ സ്‌പെക്‌ട്രം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഭരണതലത്തില്‍ ആസൂത്രണം നടന്നു. പ്രവേശനഫീസും മറ്റും സമര്‍പ്പിക്കുന്നതിന് ഹൃസ്വമായ സമയപരിധി മാത്രം നല്‍കിയാണ് പല സ്ഥാപനങ്ങളെയും ടെലികോം മന്ത്രാലയം വെട്ടിയത്. അഴിമതി വ്യക്തമായിട്ടും പ്രധാനമന്ത്രി കാര്യാലയവും ധന- നിയമ മന്ത്രാലയങ്ങളും എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യം സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രസക്തമാവുകയാണ്. കുറഞ്ഞ നിരക്കില്‍ സ്‌പെക്‌ട്രം നല്‍കുന്നത് ശരിയാണോയെന്ന് സംശയം ആരാഞ്ഞ് ഒരുവട്ടം മാത്രം കത്തയച്ചതല്ലാതെ യാതൊരു ഇടപെടലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായില്ല. കോര്‍പ്പറേറ്റ് അഴിമതിയുടെ സ്വാധീനത്തിന് ടെലികോം മന്ത്രാലയത്തിന് പുറമെ മറ്റുപല മന്ത്രാലയങ്ങളും വഴങ്ങുകയായിരുന്നു.
*****
വി ബി പരമേശ്വരന്‍, കടപ്പാട് : ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
രണ്ടാം തലമുറ സ്‌പെക്‌ട്രം അഴിമതിയില്‍ വൈകിയാണെങ്കിലും വാര്‍ത്താവിനിമയ മന്ത്രി എ രാജയ്‌ക്ക് ആ സ്ഥാനം ഒഴിയേണ്ടി വന്നിരിക്കുന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സിഎജി) റിപ്പോര്‍ട്ടനുസരിച്ച് കേന്ദ്ര ഖജനാവിന് 1,76,379 കോടി രൂപ നഷ്‌ടമുണ്ടാക്കിയ ഇടപാടാണ് നടത്തിയത്. എന്നിട്ടും ഈ മന്ത്രിയെ പുറത്താക്കാന്‍ രണ്ടു വര്‍ഷം വൈകിയെന്നത് യുപിഎ സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്‌ചതന്നെയാണ്.
മന്ത്രിയെ പുറത്താക്കുക വഴി പൊതുജീവിതത്തിലെ ശുദ്ധി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അഴിമതിയുമായി നാഭീനാളബന്ധമുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. ഇന്ത്യയെ പിടിച്ചുലച്ച ബൊഫോഴ്‌സ് തോക്കിടപാടിന്റെ സൂത്രധാരന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയായിരുന്നു. 1984 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന രാജീവ് ഗാന്ധിക്ക് അധികാരം നഷ്‌ടപ്പെട്ടത് ഈ അഴിമതിക്കേസില്‍ പെട്ടതിനെത്തുടര്‍ന്നായിരുന്നു. എന്നാല്‍, ആ തിരിച്ചടിയില്‍നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് പഠിച്ചില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചത്.
Post a Comment