Tuesday, November 30, 2010

രാജ്യത്തെ വില്‍ക്കുകയും മൂലധനം കടത്തുകയും ചെയ്യുന്നവര്‍

കേന്ദ്രഭരണം കൈയാളുന്നവര്‍ വന്‍തോതിലുള്ള അഴിമതികളില്‍ മുങ്ങിയിരിക്കുകയാണ്. മാധ്യമങ്ങളില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ലക്ഷക്കണക്കിന് കോടികളുടെ അഴിമതിക്കഥകളാണ്. ഈ അഴിമതികളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിന്‍മേല്‍ പതിനാല് ദിവസങ്ങളായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണ് ഇത്രയും ഭീമമായതോതിലുള്ള അഴിമതികള്‍. ഈ അഴിമതികളില്‍ പൊതു ഖജനാവിന് ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കംട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും പറയുന്നു. സര്‍ക്കാരിനുണ്ടായ ഭീമമായ നഷ്ടം നികത്താന്‍ എന്ത് ചെയ്യണമെന്നോ കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നോ സര്‍ക്കാരോ യു പി എയുടെ രാഷ്ട്രീയ നേതൃത്വമോ ആലോചിക്കുകപോലും ചെയ്യുന്നില്ല. അതുപോലെ കോടികളുടെ അഴിമതിയാണ് കര്‍ണാടകത്തിലെ യദ്യൂരപ്പ സര്‍ക്കാരിനെതിരെയും ആരോപിക്കപ്പെടുന്നത്. ചുരുക്കത്തില്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികള്‍ രാജ്യത്തെ വില്‍ക്കുന്ന, അഴിമതിയുടെ ചെളിക്കുണ്ടിലേയ്ക്ക് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു.

ഒരു രാജ്യത്തിന്റെ വികസനത്തില്‍, കാര്‍ഷികമേഖലയിലായാലും വ്യാവസായികമേഖലയിലായാലും അവശ്യം വേണ്ടുന്ന ഒന്നാണ് മൂലധനം. നമ്മുടെ രാഷ്ട്രപതി ഇപ്പോള്‍ ഇന്ത്യയില്‍ വിദേശ മൂലധനനിക്ഷേപത്തിനായി അറബിനാടുകളിലെ രാഷ്ട്രതലവന്മാരോട് അഭ്യര്‍ഥിക്കുന്നു.

വിദേശാധിപത്യത്തില്‍ ഇന്ത്യയുടെ സമ്പത്ത് വിദേശശക്തികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുപോയി. അതിന് അസമമായ വ്യാപാരതന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് അസംസ്‌കൃത സാധനങ്ങള്‍ ശേഖരിച്ച് പുതിയ ഉല്‍പ്പന്നങ്ങളാക്കി വന്‍ വിലയ്ക്ക് ഇന്ത്യയില്‍ തന്നെ വിറ്റഴിക്കുക. ഈ അസമത്വ വ്യാപാരത്തിലൂടെയാണ് വിദേശശക്തികള്‍ വന്‍തോതില്‍ രാജ്യത്തിന്റെ മൂലധനം കടത്തിക്കൊണ്ട് പോയത്.

ലോകത്ത് മൂലധനം കൃത്രിമമായി കള്ളക്കടത്ത് നടത്തുന്നത് സംബന്ധിച്ച് വിശദമായൊരു പഠനം നടന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസിയുടെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി ആണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. അവരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കൃത്രിമമായി കള്ളക്കടത്തിലൂടെ എത്രമാത്രം മൂലധനം കടത്തിക്കൊണ്ടുപോയെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടിന് രാജ്യത്തെ മാധ്യമങ്ങള്‍ വേണ്ട പ്രചാരം നല്‍കിയില്ല. മിക്ക ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇത് അവഗണിച്ചു. ജനയുഗത്തിലും ദേശാഭിമാനിയിലുമാണ് ഇത് സംബന്ധിച്ച് ചെറിയ റിപ്പോര്‍ട്ടുകള്‍ കണ്ടത്.

മൂലധന കള്ളക്കടത്തിന്റെ ഉറവിടമായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അഴിമതി, കൈക്കൂലി, പണം മറിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ക്രിമിനല്‍ നടപടികളിലേക്കാണ്. ഇത് നടത്തുന്നവര്‍ കുത്തകകള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍ദേശീയ നാണയനിധി (ഐ എം എഫ്) യുടെ മുന്‍ മേധാവിയും സാമ്പത്തിക വിദഗ്ധനും ഇപ്പോള്‍ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ ഖര്‍ ആണ് ഈ പഠനത്തിന് മേല്‍നോട്ടം വഹിച്ചത്.

2008 അവസാനംവരെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി ഡി പി) ത്തിന്റെ 16.6 ശതമാനം ഇത്തരത്തില്‍ പുറത്തേയ്ക്ക് ഒഴുകിയെന്നാണ് ജി എഫ് ഐ കണക്കാക്കിയിരിക്കുന്നത്. 1948 മുതല്‍ 2008 വരെ ഇങ്ങനെയുള്ള ആകെ വെട്ടിച്ചത് 213 ബില്യണ്‍ ഡോളറാണ്. ഈ തുകയില്‍ നിന്നുള്ള വരുമാനം കൂടി കണക്കാക്കി ജി എഫ് ഐ കണ്ടെത്തിയത് മൊത്തം തുക 662 ബില്യണ്‍ ഡോളറാണ്. ഇന്ത്യയുടെ ആകെ കടമായ 230.6 ബില്യണ്‍ ഡോളര്‍ കൊടുത്തുതീര്‍ത്താലും 432 ബില്യണ്‍ ഡോളര്‍ ബാക്കി ഉണ്ടാവും. രാജ്യത്തിന്റെ വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ഈ തുക ഉപയോഗിക്കാമായിരുന്നു. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ജി എഫ് ഐ യുടെ ഡയറക്ടര്‍ റെയ്മണ്ട് ആര്‍ ബെക്കര്‍ പറയുന്നത.് 662 ബില്യണ്‍ ഡോളര്‍ യാഥാസ്ഥിതിക കണക്കാണ്. യഥാര്‍ഥത്തില്‍ ഈ തുക ഇതില്‍ എത്രയോ കൂടുതല്‍ വരുമെന്നാണ്.

പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതോടെയാണ് മൂലധന കള്ളക്കടത്ത് ഏറ്റവും വര്‍ധിച്ചിരിക്കുന്നത്. ജി എഫ് ഐ റിപ്പോര്‍ട്ട് അനുസരിച്ച് 1948 മുതല്‍ 2008 വരെ ഇത്തരത്തില്‍ കടത്തിയ 213 ബില്യണ്‍ ഡോളറില്‍ 125 ബില്യണ്‍ ഡോളര്‍ കടത്തിയത് 2000 - 08 കാലത്താണ്. രാജ്യത്തെ വന്‍കിട സമ്പന്നരും വന്‍കിട കുത്തകകളും സ്വകാര്യ കമ്പനികളുമാണ് ഇത്തരത്തില്‍ വന്‍തോതില്‍ മൂലധനക്കടത്ത് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരു കാര്യം ഉദാരവല്‍ക്കരണത്തിന്റെ കാലംതൊട്ട് സാമ്പത്തിക ഉച്ചനീചത്വം വളരെ വര്‍ധിച്ചുവെന്നതാണ് ഇതിന്റെ ഫലമായി രാജ്യത്ത് ദരിദ്രരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു.

രാജ്യത്തിന്റെ വികസനത്തിന് അവശ്യം വേണ്ടതാണ് മൂലധനനിക്ഷേപം. മൂലധനവര്‍ധനകൊണ്ട് കാര്‍ഷിക-വ്യവസായിക ഉല്‍പ്പാദനം വളരെവേഗത്തില്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ അലട്ടുന്ന ദാരിദ്ര്യം ഇല്ലാതാക്കാനും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും സാധിക്കും. ചുരുക്കത്തില്‍ ഈ മൂലധനം രാജ്യത്ത് നിന്നും കള്ളക്കടത്ത് നടത്തുന്നവര്‍ രാജ്യദ്രോഹികളാണ്. കേന്ദ്ര ഭരണത്തിന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഒത്താശയോടെയാണ് ഈ രാജ്യദ്രോഹികള്‍ക്ക് വന്‍തോതില്‍ മൂലധന കള്ളക്കടത്ത് നടത്താനായത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു വലിയ കാലം കോണ്‍ഗ്രസും ചെറിയൊരു ഇടവേള ബി ജെ പിയുമാണ് ഭരണം നടത്തിയത്. ഈ രാജ്യദ്രോഹികള്‍ക്ക് ഈ കക്ഷികള്‍ ഒത്താശ ചെയ്തുവെന്നത് ഒരു വസ്തുതയാണ്.

രാജ്യത്തെ മൂലധനത്തിന്റെ വന്‍തോതിലുള്ള കള്ളക്കടത്ത് നിരോധിക്കാന്‍ ഉതകുന്ന ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രത്തില്‍ ഭരണത്തില്‍ വരേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 30-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...