ജീവിതവും സമാധാനവും സ്വസ്ഥതയും നിരന്തരം ബലികഴിച്ച് ജനാധിപത്യത്തിലേക്ക് ബര്‍മയെ (അങ്ങനെയാണ് സൂകി മ്യാന്‍മറിനെ വിളിക്കുന്നത്) മടക്കിക്കൊണ്ടുവരാനുള്ള ജനകീയശ്രമത്തിന്റെ അംഗീകാരമാണ് ആങ് സാങ് സൂ കിയുടെ മോചനം. ബഹുപാര്‍ടി ജനാധിപത്യപ്രക്രിയ രാഷ്ട്രീയലക്ഷ്യമാക്കി 1998 ആഗസ്ത് 15ല്‍ നടത്തിയ ആഹ്വാനത്തോടെയാണ് സൂ കി പൊതുരാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇതേ ആഗസ്തില്‍തന്നെ സൈന്യം നടത്തിയ അക്രമത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ അവകാശങ്ങള്‍ക്കുള്ള രാജ്യവ്യാപകമായ ഐക്യം സൂ കിയുടെ പാര്‍ടിയെ വിജയിപ്പിച്ചെങ്കിലും വിലക്കും ഗാര്‍ഹികതടവും ജയിലുമായി രണ്ട് പതിറ്റാണ്ട് അവര്‍ക്ക് കഴിയേണ്ടിവന്നു. സൂ കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വ്യാപകമായ അടിച്ചമര്‍ത്തലിനിരയായി.
സ്വതന്ത്രവും തുല്യരുമായി അര്‍ഥവത്തായി ജീവിക്കാനുള്ള ഒരു ജനതയുടെ, ബുദ്ധമാര്‍ഗ ആത്മീയതയില്‍ ഊന്നിയ സമരമായാണ് ജനാധിപത്യ പോരാട്ടത്തെ സൂ കി കണ്ടത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ നേടാന്‍ സഹായിക്കുകവഴി 'തികഞ്ഞ ജീവിതത്തിന് ഉടമയാവുക' എന്നതായിരുന്നു സൂ കിയുടെ മൌലിക ആത്മീയതത്വം. സത്യത്തെ വ്യക്തിനിഷ്ഠമായ ആന്തരികാന്വേഷണത്തിലൂടെ തിരിച്ചറിയാനും മറ്റുള്ളവരെ അത് തിരിച്ചറിയിക്കാന്‍ സഹായിക്കണമെന്നുള്ള ആത്മീയ വിപ്ളവ അടിത്തറയായിരുന്നു അവരുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് അടിത്തറ.
പാശ്ചാത്യേതര രാഷ്ട്രസമൂഹങ്ങളിലും രാഷ്ട്രീയ സമരരംഗങ്ങളിലും ജനാധിപത്യ അവകാശങ്ങള്‍ക്കുള്ള പോരാട്ടത്തെ സൈനികഭരണം മനുഷ്യക്കുരുതിയിലൂടെ തുടച്ചുമാറ്റുന്ന കാലത്താണ് സൂ കിയുടെ മോചനം എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഭീകരതയെ ഒരു ഉപായമെന്നതില്‍ ഉപരി രാഷ്ട്രീയപരിപാടിയുടെ കാതലായി സ്വീകരിച്ച അനവധി 'വികസ്വര' രാഷ്ട്രസമൂഹങ്ങള്‍ ഇന്നുണ്ട്. പൊതുരാഷ്ട്രീയ മനുഷ്യാവകാശ മുന്നേറ്റങ്ങളെ ദേശീയതക്കെതിരായ നീതി-ന്യായവ്യവസ്ഥ തകര്‍ക്കാനുള്ള അക്രമങ്ങളായി വ്യാഖ്യാനിച്ച് സൈനികമായി ഇല്ലാതാക്കുന്ന നയമാണ് പാശ്ചാത്യേതര രാഷ്ട്രസമൂഹങ്ങളിലെ സായുധ അടക്കിവാഴല്‍ വ്യക്തമാക്കുന്നത്. ബര്‍മയുടെ കാര്യത്തില്‍ ജനകീയ പ്രതിഷേധത്തെ തകര്‍ക്കാന്‍ സ്ഥാപിച്ച ദേശീയ നിയമ-അച്ചടക്ക സമിതി (സ്റ്റേറ്റ് ലോ ആന്‍ഡ് ഓര്‍ഡര്‍ റീസ്റ്റോറേഷന്‍ കൌണ്‍സില്‍) എന്ന പരമാധികാര സൈനിക സംഘടനയുടെ പേരുതന്നെ സാമൂഹ്യനീതിക്കായുള്ള ബഹുജന മുന്നേറ്റത്തെ തകര്‍ക്കാനുള്ള വ്യാഖ്യാനം സൈനിക ഭരണകൂടം പടച്ചുവിടുന്നതിന്റെ തെളിവാണ്. 1988 ആഗസ്ത് എട്ടിലെ കൂട്ടക്കൊലയ്ക്കുശേഷം നിലവില്‍ വന്ന ഈ സമിതി 1995ല്‍ ദേശീയ സമാധാന വികസന കൌണ്‍സില്‍ (സ്റ്റേറ്റ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കൌബ്ബ്സില്‍) എന്നു വേഷം മാറുന്നതോടെ 'സമാധാനം', 'വികസനം' എന്ന അര്‍ഥങ്ങളെ ഭരണകൂട ഭീകരത തട്ടിയെടുക്കുന്നതാണ് വെളിപ്പെടുന്നത്.
സൂ കിയുടെ ആദ്യകാലവിദ്യാഭ്യാസം ദില്ലിയില്‍ ആയിരുന്നു. എഴുത്തുകാരി, ഗവേഷക എന്നീ നിലയില്‍ സിംലയിലും അവര്‍ പിന്നീട് സമയം ചെലവഴിച്ചു. ഇന്ത്യന്‍ യുവത്വത്തിന് സൂ കി സൈനിക അടക്കിവാഴ്ചക്കെതിരായ സ്ത്രീശബ്ദമായിരുന്നു. ഇന്ത്യയില്‍ പലയിടത്തും 2006-08 കാലത്ത് ബര്‍മാ സോളിഡാരിറ്റി എന്ന സംഘടനയ്ക്ക് വന്നുചേര്‍ന്ന യുവനേതൃത്വം ഇതിന് തെളിവാണ്. ബര്‍മ സോളിഡാരിറ്റിയിലെ സജീവപ്രവര്‍ത്തകയും ഇന്ത്യയിലെ ബര്‍മ-രാഷ്ട്രീയ അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അചാന്‍ മെനോങ് പറയുന്നതുപോലെ "സൂ കിയുടെ മോചനം ജനാധിപത്യ പുനഃസ്ഥാപനത്തിന് എത്രമാത്രം ഉതകുമെന്ന് ബര്‍മയിലെ രാഷ്ട്രീയ-മനുഷ്യാവകാശ, പ്രസ്ഥാനങ്ങളെ സൈനിക ഭരണകൂടം എങ്ങനെ അംഗീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും''. ബുദ്ധമാര്‍ഗത്തിന്റെ കരുത്തും സ്ത്രീശക്തിയുടെ അനന്തസാധ്യതകളും ഒരുമിക്കുന്ന സൂ കിയുടെ വ്യക്തിത്വം, അവരുടെ എല്ലാ സംഭാഷണത്തിലും ഉയര്‍ന്നുനിന്നു.
ബെയ്‌ജിങ് സമ്മേളനം 1995ല്‍ പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളെക്കുറിച്ചും സ്ത്രീകളുടെമേലുള്ള ലിംഗപരമായ വിവേചനങ്ങളെ ഇല്ലാതാക്കാനുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവര്‍ എടുത്തുകാട്ടി. ജനാധിപത്യവും മനുഷ്യാവകാശവും 'നിര്‍മിക്കാന്‍' സൈനികശേഷി ഉപയോഗിക്കാമെന്ന ബഹുരാഷ്ട്രസമൂഹത്തിന്റെ തീവ്രവാദവിരുദ്ധ രാഷ്ട്രീയപരിപാടി പരക്കെ അംഗീകാരം നേടിവരുന്ന ലോകരാഷ്ട്രീയ പരിതഃസ്ഥിതിയിലാണ് സൂ കിയുടെ തടവറജീവിതം അവസാനിക്കുന്നത്. സൈനികശക്തി അഥവാ സായുധശേഷി ഭരണകൂടങ്ങള്‍ ജനകീയ അവകാശ പോരാട്ടങ്ങള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ രാഷ്ട്രീയസമൂഹങ്ങള്‍ ആ ബലപ്രയോഗത്തിന്റെ സാധുതയെച്ചൊല്ലി പിളരുന്ന കാഴ്ച പാശ്ചാത്യേതര ലോകത്ത് പ്രത്യേകിച്ച്, സര്‍വസാധാരണമായ ഇക്കാലത്ത് സൂ കിയുടെ മോചനം രാഷ്ട്രസമൂഹത്തില്‍ സൈന്യത്തിന്റെ സ്ഥാനം എവിടെയാണ് എന്ന് ജനാധിപത്യപരമായ അന്വേഷണത്തിന് തുടക്കം കുറിക്കുമോ?
*
എം വി ബിജുലാല്‍ (എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
കടപ്പാട്: ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
ജീവിതവും സമാധാനവും സ്വസ്ഥതയും നിരന്തരം ബലികഴിച്ച് ജനാധിപത്യത്തിലേക്ക് ബര്‍മയെ (അങ്ങനെയാണ് സൂകി മ്യാന്‍മറിനെ വിളിക്കുന്നത്) മടക്കിക്കൊണ്ടുവരാനുള്ള ജനകീയശ്രമത്തിന്റെ അംഗീകാരമാണ് ആങ് സാങ് സൂ കിയുടെ മോചനം. ബഹുപാര്‍ടി ജനാധിപത്യപ്രക്രിയ രാഷ്ട്രീയലക്ഷ്യമാക്കി 1998 ആഗസ്ത് 15ല്‍ നടത്തിയ ആഹ്വാനത്തോടെയാണ് സൂ കി പൊതുരാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഇതേ ആഗസ്തില്‍തന്നെ സൈന്യം നടത്തിയ അക്രമത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ അവകാശങ്ങള്‍ക്കുള്ള രാജ്യവ്യാപകമായ ഐക്യം സൂ കിയുടെ പാര്‍ടിയെ വിജയിപ്പിച്ചെങ്കിലും വിലക്കും ഗാര്‍ഹികതടവും ജയിലുമായി രണ്ട് പതിറ്റാണ്ട് അവര്‍ക്ക് കഴിയേണ്ടിവന്നു. സൂ കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വ്യാപകമായ അടിച്ചമര്‍ത്തലിനിരയായി.
Post a Comment