Thursday, November 11, 2010

പൊലീസും ജനങ്ങളും

കേരളം കഴിഞ്ഞ രണ്ടുവര്‍ഷമായി നടപ്പാക്കുന്ന കമ്യൂണിറ്റി പൊലിസിങ് പദ്ധതിയുടെ വിജയം ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനും വിവിധ രാജ്യങ്ങളിലെ സമാനപരീക്ഷണങ്ങളുടെ സദ്ഫലങ്ങള്‍ മനസ്സിലാക്കുന്നതിനുമുള്ള അവസരമായും ഗ്ളോബല്‍ കമ്യൂണിറ്റി കോൺക്ളേവ് മാറി. കേരള പൊലീസിന്റെ ആതിഥേയത്വത്തില്‍ നവംബര്‍ മൂന്നിനും നാലിനുമാണ് കൊച്ചിയില്‍ കോൺക്ളേവ് നടന്നത്. 42 രാജ്യത്തുനിന്നുള്ള നൂറോളം വിദേശ പ്രതിനിധികളടക്കം ഏകദേശം 130 പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഡിജിപിമാരും പ്രശസ്‌തരായ റിട്ടയേര്‍ഡ് ഡിജിപിമാരും സിബിഐ ഡയറക്‌ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സാന്നിധ്യവും ക്രിയാത്മകമായ ആശയങ്ങളുംകൊണ്ട് സമ്മേളനത്തെ സമ്പുഷ്‌ടമാക്കി.

നൂറ്റമ്പതിലധികം വര്‍ഷത്തെ കമ്യൂണിറ്റി പൊലീസിങ് ചരിത്രമുള്ള ഇംഗ്ളണ്ടുമുതല്‍ കമ്യൂണിറ്റി പൊലീസിങ്ങിനു വേരോട്ടമുള്ള അമേരിക്കയും ജപ്പാനും പോലെയുള്ള രാജ്യങ്ങളില്‍നിന്നും അടുത്ത കാലത്തുമാത്രം ഇത്തരം പദ്ധതി നടപ്പാക്കിയ ഇന്തോനേഷ്യയും ലബനനും പോലുള്ള രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. നാല്‍പ്പതോളം പ്രബന്ധം അവതരിപ്പിക്കപ്പെട്ടു.

ഏതാണ്ട് ഇരുനൂറിലധികം തരത്തിലുള്ള കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായങ്ങള്‍ അമേരിക്കയില്‍മാത്രം നിലവിലുണ്ടെന്നാണ് ന്യൂ ഹാവന്‍ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പ്രൊഫസര്‍ റിച്ചാര്‍ഡ് വാര്‍ഡ് തന്റെ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍,ഈ സമ്പ്രദായങ്ങളുടെയെല്ലാം കാതല്‍ പൊതുജനസഹകരണം ഉറപ്പാക്കി പൊലീസിങ് ജോലി ചെയ്യാന്‍ പൊലീസുദ്യോഗസ്ഥരെ പ്രാപ്‌തരാക്കുക എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സീനിയര്‍ പൊലീസ് ഉപദേശകനായ ഡേവിഡ് പര്‍ഡിയുടെ അഭിപ്രായം ഏറ്റവും ജൈവികമായി, മാറിവരുന്ന ഓരോ മാറ്റത്തോടും പ്രതികരിക്കാന്‍ കഴിയുന്നതിലാണ് ഏതൊരു കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായത്തിന്റെയും വിജയം എന്നതാണ്.
ഇംഗ്ളണ്ടിലെ ഏറ്റവും വലിയ പൊലീസ് സേനയായ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് സേനയിലെ കമാന്‍ഡറായ ജിം വെബ്‌സ്‌റ്റര്‍ 1829ല്‍ റോബര്‍ട്ട് പീല്‍ തുടങ്ങിവച്ച കമ്യൂണിറ്റി പൊലീസിങ് ചരിത്രത്തിന്റെ പിന്മുറക്കാരായ ഇന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ലണ്ടനില്‍ നേരിടുന്ന വെല്ലുവിളികളെ ചരിത്ര പശ്ചാത്തലത്തില്‍ വിശകലനംചെയ്‌തു. പൊലീസ് ജനങ്ങളാണ്, ജനങ്ങള്‍ പൊലീസും എന്ന റോബര്‍ട്ട് പീലിന്റെ കാഴ്ചപ്പാട് പ്രസക്തമാണ്. കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇക്കാര്യത്തില്‍ സാമ്പത്തികസഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളണ്ടില്‍നിന്നുള്ള ഡോ. ആബില്‍ ഏമില്‍ ഡബ്ള്യൂ പ്ളൈവാസ്വസ്‌കി ഉള്‍പ്പെടെയുള്ള മറ്റു പല ഗവേഷകരും പൊലീസ് ഉദ്യോഗസ്ഥരും ഇതേ ആശങ്കയാണ് പങ്കുവച്ചത്. ജിം വെബ്‌സ്‌റ്ററിന്റെ നിരീക്ഷണത്തില്‍നിന്നു വളരെ വ്യത്യസ്‌തമായി കേരളത്തിലെ ജനമൈത്രി സുരക്ഷാ പദ്ധതി ഒരു സര്‍ക്കാര്‍ നയവും തീരുമാനവും ആണെന്നത് നമ്മുടെ എടുത്തു പറയത്തക്ക നേട്ടംതന്നെയാണ്. ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കാന്‍ പ്ളാന്‍ ഫണ്ട് ഉപയോഗിക്കുന്നു എന്നതും കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കുന്നു എന്നതും ഈ രംഗത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള മുന്നൊരുക്കത്തിന്റെ ഫലമാണ്.

അമേരിക്കയില്‍നിന്നുള്ള കോപ്പിന്‍ സ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. മൈക്കല്‍ ബെര്‍ലിന്‍ തന്റെ പ്രബന്ധത്തില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യ കണക്കുകളും കമ്യൂണിറ്റി പൊലീസിങ്ങും ചേര്‍ന്നുള്ള ഒരു പൊലീസിങ് സമ്പ്രദായമാണ് അഭികാമ്യമെന്ന് സമര്‍ഥിച്ചു. നമ്മുടെ ജനമൈത്രി പൊലീസിങ് പദ്ധതിയുടെ കാര്യത്തിലും കൃത്യമായ വിവരശേഖരണവും സൂക്ഷിപ്പും പിന്തുടരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
വിയറ്റ്നാമിലെ പീപ്പിള്‍സ് പൊലീസ് അക്കാദമിയില്‍നിന്നു വന്ന ജനറല്‍ സുവാന്‍ ട്രുഗാന്‍, ന്യൂവാന്‍ വാന്‍ കാര്‍ഹ് എന്നിവര്‍ വിയറ്റ്നാം പൊലീസിന്റെ ഓരോ പ്രവര്‍ത്തനവും കമ്യൂണിറ്റി പൊലീസിങ് സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നതെന്ന് പറയുകയുണ്ടായി. ഇത് സര്‍ക്കാരിന്റെ രാഷ്‌ട്രീയനയംതന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ കമ്യൂണിറ്റി പൊലീസിങ്ങിന്റെ ആഭിമുഖ്യത്തിലുള്ള സന്നദ്ധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ നടപ്പാക്കിയ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പരിപാടിയുടെ വിജയം ഇത്തരുണത്തില്‍ സ്‌മരണീയമാണ്.
അനേകവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം പരാജയമടഞ്ഞ മോഡലുകളെക്കുറിച്ചാണ് റോട്ടര്‍ ഡാമിലെ ഇറാസ്‌മസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എത്തിയ ഏരീ വാന്‍ സ്ളൂയിസ് പ്രതിപാദിച്ചത്. പൊലീസ് ഓഫീസര്‍മാര്‍ക്കും ജനങ്ങള്‍ക്കും കമ്യൂണിറ്റി പൊലീസിങ്ങിനെ സംബന്ധിച്ച ട്രെയിനിങ് ഇടയ്ക്കിടെ നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഈ അഭിപ്രായം കേരളത്തിലെ പദ്ധതിയുടെ കാര്യത്തില്‍ വളരെ പ്രസക്തമാണെന്നാണ് എന്റെ വിശ്വാസം. ഈ നിലയ്ക്കുള്ള ചുവടുവയ്പ് എന്ന നിലയില്‍ കമ്യൂണിറ്റി പൊലീസിങ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കും.

കേരളത്തിലും മറ്റു വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള അക്കാദമിക് ലോകം കേരളത്തിന്റെ ജനമൈത്രി സുരക്ഷാപദ്ധതിയെ വളരെ താല്‍പ്പര്യത്തോടെ നോക്കിക്കാണാനിടയായി എന്നതും സമ്മേളനത്തിലൂടെ നമ്മുടെ സംസ്ഥാനത്തിനുണ്ടായ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നു. ഇതിന്റെ തുടര്‍ച്ചയായി വിവിധ ഗവേഷണസ്ഥാപനങ്ങള്‍ നമ്മുടെ പദ്ധതി പഠിക്കുകയും അതില്‍നിന്ന് നമുക്ക് ഒട്ടേറെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യുമെന്നാണ് പ്രത്യാശ.

അസമില്‍ നടപ്പാക്കി വിജയിച്ച 'ആശ്വാസ്' പദ്ധതിയെക്കുറിച്ചാണ് അസം ഡിജിപി ശങ്കര്‍ ബറൂവ സംസാരിച്ചതെങ്കില്‍, തീവ്രവാദഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെപ്പറ്റിയാണ്, മുന്‍ എന്‍ഐഎ ഡയറക്‌ടറായ രാധാ വിനോദ് രാജു ജമ്മു കശ്മീരിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചത്. മതസ്‌പര്‍ധ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെക്കുറിച്ച് നാഷണല്‍ പൊലീസ് അക്കാദമി ഡയറക്‌ടര്‍ വിനോദ് കുമാര്‍ പ്രബന്ധമവതരിപ്പിച്ചു. തീവ്രവാദഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലെ കമ്യൂണിറ്റി പൊലീസിങ്ങിനെ സംബന്ധിച്ചാണ് പശ്ചിമ ബംഗാളിലെ കമ്യൂണിറ്റി പൊലീസിങ് നോഡല്‍ ഓഫീസര്‍ ഹര്‍മന്‍ പ്രീത് സിങ് സംസാരിച്ചത്. 30 ശതമാനം സ്‌ത്രീകള്‍ക്കു സംവരണമുള്ള മഹാരാഷ്‌ട്രാ പൊലീസിലെ സ്‌ത്രീ സൌഹൃദപദ്ധതികളെക്കുറിച്ച് പുണെ പൊലീസ് കമീഷണര്‍ മീരാ ബോര്‍വാര്‍കര്‍ പ്രബന്ധമവതരിപ്പിച്ചു. തമിഴ്‌നാട്ടിലെ ഫ്രണ്ട്സ് ഓഫ് പൊലീസ് പദ്ധതിയെക്കുറിച്ച് പ്രദീപ് ഫിലിപ്പ് സംസാരിച്ചു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായങ്ങളും സമ്മേളനത്തില്‍ വിശകലനം ചെയ്യപ്പെട്ടു.

നമ്മുടെ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ള പൊതുജനങ്ങളും പൊലീസുദ്യോഗസ്ഥരുമടക്കം 85 പേര്‍ പങ്കെടുത്ത പ്രത്യേക സമ്മേളനം ഏറെ ആവേശത്തോടെയും അത്ഭുതത്തോടെയുമാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ വീക്ഷിച്ചത്. കേരളത്തിലെ പദ്ധതി വിശകലനംചെയ്‌ത മൂന്നു ഗവേഷകരും ഗവേഷണഫലങ്ങള്‍ വിവരിക്കാനായി സമ്മേളനത്തില്‍ പങ്കെടുത്തു. (ഡോ. സെലിന്‍, രാജഗിരി കോളേജ്, കൊച്ചി, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ഫാറുഖ് കോളേജ്, കോഴിക്കോട്, ഡോ. അലക്സാണ്ടര്‍, സെന്റ് ജോസ് കോളേജ്, അഞ്ചല്‍). പ്രാദേശികതലത്തില്‍ ജനങ്ങള്‍ മുന്‍കൈയെടുത്ത് പദ്ധതികള്‍ തീരുമാനിക്കുന്ന നമ്മുടെ സമ്പ്രദായം തെല്ലൊന്നുമല്ല 150 വര്‍ഷത്തെ കമ്യൂണിറ്റി പൊലീസിങ് ചരിത്രമുള്ള രാജ്യങ്ങളില്‍നിന്നുമെത്തിയ പ്രതിനിധികളെപ്പോലും അത്ഭുതപ്പെടുത്തിയത്. ഇതു നമ്മുടെ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ ഊര്‍ജം പകര്‍ന്നു. ജനങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയത്തിനതീതമായി നിലകൊണ്ട് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രീയകക്ഷിഭേദമെന്യേ ജനപ്രതിനിധികള്‍ മത്സരിക്കുന്ന കേരളത്തിലെ കാഴ്ച കണ്ട് മറ്റു രാജ്യങ്ങളിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ അത്ഭുതപ്പെടുകയും ഇത് തങ്ങളുടെ സ്ഥലത്തും സാധ്യമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നെന്നു പറയുകയുംചെയ്‌തു. ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്യാടന്‍, കാഞ്ഞങ്ങാട് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഖാലിദ്, പയ്യന്നൂര്‍ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജി ഡി നായര്‍ തുടങ്ങിയവര്‍ വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകള്‍ ഉള്ളവരാണെങ്കിലും പദ്ധതിയുടെ വിജയത്തിനുവേണ്ടി ഒട്ടേറെ കാര്യംചെയ്യുകയും സമ്മേളനത്തില്‍ പങ്കെടുക്കുകയുംചെയ്‌തത് തികഞ്ഞ അത്ഭുതത്തോടെയാണ് പ്രതിനിധികള്‍ വീക്ഷിച്ചത്.

ദേശീയ നിയമ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എന്‍ കെ ജയകുമാര്‍ അധ്യക്ഷത വഹിച്ച സെഷനില്‍ ഒട്ടേറെ സ്‌ത്രീ പ്രതിനിധികള്‍ പങ്കെടുത്തതും ബീറ്റ് ഓഫീസര്‍മാരുടെ, പ്രത്യേകിച്ച് വനിതാ പൊലീസുകാരുടെ ആത്മവിശ്വാസവും എടുത്തു പറയേണ്ട സവിശേഷതകളായി വിദേശ പ്രതിനിധികളും അരുണാചല്‍പ്രദേശ് ഡിജിപി കമല്‍ജിത് ഡിയോളും മറ്റും വിലയിരുത്തി. നമ്മുടെ ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കി പൊലീസ്-പൊതുജനബന്ധം ദൃഢമാക്കാനും കൂടുതല്‍ സുരക്ഷിതമായ കേരളം സൃഷ്‌ടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കാനും കേരളത്തിനു കഴിയും. ക്രമസമാധാനത്തിലും സുരക്ഷയിലും ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമെന്ന ഖ്യാതി തുടരാനും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകാനും കേരളത്തിന് ഇതുവഴി സാധിക്കും.

*****

കോടിയേരി ബാലകൃഷ്ണന്‍, കടപ്പാട് : ദേശാഭിമാനി, 11-11-2010

No comments: