Wednesday, November 3, 2010

പ്രതിസന്ധി: 1930 കളിലും ഇന്നും

1930കളും ഇപ്പോഴും തമ്മിലുള്ള സമാനതകള്‍ കാണാതിരിക്കുന്നത് തെറ്റു തന്നെയായിരിക്കും. ഒന്നാംലോക മഹായുദ്ധത്തിന് കാരണമായിത്തീര്‍ന്നതും തുടര്‍ന്ന് ജര്‍മനിയുടെ മേല്‍ അസഹ്യമായ യുദ്ധനഷ്‌ടപരിഹാരം കെട്ടിയേല്‍പ്പിച്ചതുമായ, ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലത്തെ സാമ്രാജ്യത്വങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള കടുത്ത ശത്രുത ഇപ്പോഴില്ലെന്നത് ശരി തന്നെ. എന്നാല്‍ അന്നത്തെപ്പോലെയുള്ള മുതലാളിത്ത പ്രതിസന്ധി ഇന്നുണ്ട് - മുപ്പതുകളിലേതുപോലെ അഗാധവും നീണ്ടുനില്‍ക്കുന്നതുമായ ഒരു പ്രതിസന്ധിയായി അത് വളരാനുള്ള എല്ലാ സാധ്യതയും ഇന്നുണ്ട് - അങ്ങനെ സംഭവിക്കുകയില്ല എന്നുള്ള പ്രഖ്യാപനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും. മാത്രമല്ല, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തൊഴിലില്ലായ്‌മയുടെ രൂക്ഷമായ പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഫാസിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നത് അതാണല്ലോ.

തൊഴിലില്ലായ്‌മ കണക്കാക്കാന്‍ മുപ്പതുകളില്‍ ഉപയോഗിച്ച അതേ മാനദണ്ഡം ഉപയോഗിച്ച് ഇപ്പോഴത്തെ തൊഴിലില്ലായ്‌മ നിരക്ക് അളക്കുകയാണെങ്കില്‍, മുപ്പതുകളിലേതിനേക്കാള്‍ ഏറെയൊന്നും കുറവായിരിക്കുകയില്ല ഇപ്പോഴത്തെ തൊഴിലില്ലായ്‌മ എന്നാണ് ഒരു കണക്ക്. ആസന്നഭാവിയില്‍ അത് കുറയാനുള്ള സാധ്യതയും കാണുന്നില്ല. അതുകൊണ്ട് മുപ്പതുകളില്‍ ലോകം സാക്ഷ്യംവഹിച്ച ചില പ്രവണതകള്‍, കുറച്ചൊക്കെ വളച്ചൊടിയ്‌ക്കപ്പെട്ട രീതിയിലാണെങ്കിലും, വീണ്ടും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ലോക മുതലാളിത്തം ഇന്ന് ഒരു ഊരാക്കുടുക്കിലാണെന്ന് പറയുന്നത്, യഥാര്‍ത്ഥത്തില്‍ വലിയ അതിശയോക്തിയൊന്നുമായിരിക്കുകയില്ല. ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ ഉയര്‍ച്ചയോടെ, ലോകത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട പുത്തന്‍ ഉദാരവല്‍ക്കരണവാഴ്‌ച, മൌലികമായ നാല് പ്രവണതകള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. അവ നാലും ചേര്‍ന്നാണ് ഈ ഊരാക്കുടുക്ക് ഉണ്ടാക്കിത്തീര്‍ത്തിരിക്കുന്നത്.

ചരക്കുകളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെ തന്നെയും സ്വതന്ത്രമായ നീക്കം (എന്നാല്‍ തൊഴിലിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല) മൂലം പരമ്പരാഗതമായി മുതലാളിത്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പിന്നോക്ക സമ്പദ്‌വ്യവസ്ഥകളിലെയും വികസിത സമ്പദ്‌വ്യവസ്ഥകളിലെയും കൂലിയിലുള്ള വ്യത്യാസം തുടര്‍ന്നു നിലനിര്‍ത്താന്‍ വിഷമമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ സമ്പദ്‌വ്യവസ്ഥകളിലും ഒരേവിധത്തിലുള്ള സാങ്കേതികവിദ്യ ലഭ്യമായതുകൊണ്ട്, (മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കുകാരണം അത് ഉറപ്പുവരുത്താന്‍ കഴിയുന്നു) മൂന്നാംലോക സമ്പദ്‌വ്യവസ്ഥകളില്‍ നിലനില്‍ക്കുന്ന കുറഞ്ഞ കൂലി കൊണ്ട് ഉല്‍പാദിപ്പിക്കപ്പെട്ട ചരക്കുകള്‍ക്ക് വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ചരക്കുകളെ കടത്തിവെട്ടാന്‍ കഴിയുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ നീക്കം കാരണം ഉണ്ടാകുന്ന മല്‍സരത്തിലൂടെ, മൂന്നാംലോക രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കൂലി നിലവാരങ്ങളിലേക്ക്, സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെ കൂലി നിലവാരങ്ങള്‍ ഇടിച്ചു താഴ്ത്തപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നു. മൂന്നാംലോക രാജ്യങ്ങളിലെ കൂലി നിലവാരങ്ങളാകട്ടെ, ഒട്ടും ഉയര്‍ന്നതല്ല താനും. ആവശ്യത്തില്‍ കവിഞ്ഞ്, വലിയ അളവിലുള്ള കരുതല്‍ തൊഴില്‍സേന ആ രാജ്യങ്ങളില്‍ നിലവിലുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മൂന്നാംലോക രാജ്യങ്ങളിലെ കരുതല്‍ തൊഴില്‍സേനയുടെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ഇനിയൊരിക്കലും രക്ഷപ്പെടാനാവില്ല. (മൂന്നാംലോക രാജ്യങ്ങളിലെ വ്യവസായങ്ങള്‍ തകര്‍ക്കുന്നതിനും അവിടെ 'മിച്ചമുള്ള' സമ്പത്ത് കയറ്റിക്കൊണ്ടുപോകുന്നതിനും കാരണമായിത്തീര്‍ന്ന കൊളോണിയല്‍ - അര്‍ധ കൊളോണിയല്‍ ചൂഷണത്തിന്റെ ഫലമായിട്ടാണ് ആ രാജ്യങ്ങളില്‍ കരുതല്‍ തൊഴില്‍സേന ഉണ്ടായത്). സമ്പന്ന മുതലാളിത്ത രാജ്യങ്ങളില്‍ നിലവിലുള്ള കൂലി പ്രാന്തമേഖലകളില്‍ നിലവിലുള്ള നിലവാരത്തിലേക്ക് വലിച്ചു താഴ്ത്തപ്പെടുന്നു; അതോടൊപ്പം പ്രാന്തമേഖലകളിലെ തൊഴിലാളികളുടെ ഉല്‍പാദനക്ഷമത, സമ്പന്ന രാജ്യങ്ങളില്‍ നിലവിലുള്ള നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാരണം ഇപ്പോഴും നിലവിലുള്ള കൂലി വ്യത്യാസം, സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെയും പ്രാന്തമേഖലകളിലെയും പ്രവര്‍ത്തനങ്ങളെ പരസ്‌പരം വ്യാപിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഇങ്ങനെയുള്ള ഇരട്ടവ്യാപനത്തിന്റെ അര്‍ഥം, മൊത്തം ആഗോള ഉല്‍പാദനത്തിലെ കൂലിയുടെ വിഹിതം കുറയുന്നുവെന്നാണ്.

ആഗോള ഉല്‍പാദനത്തിലെ കൂലിയുടെ വിഹിതം ഇങ്ങനെ കുറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ലോക സമ്പദ്‌വ്യവസ്ഥയിലെ സാങ്കേതിക പുരോഗതി കാരണം തൊഴിലാളികളുടെ ഉല്‍പാദനക്ഷമതാ നിലവാരം ഉയരുന്നുണ്ടെങ്കിലും അതേ അവസരത്തില്‍ അതിന് ആനുപാതികമായി തൊഴിലാളികളുടെ കൂലി വര്‍ധിക്കുന്നില്ല. ലോക സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന വലിയ അളവിലുള്ള കരുതല്‍ തൊഴില്‍സേനയുമായി ബന്ധിതമായിട്ടാണ് ഈ കൂലി വ്യവസ്ഥ നില്‍ക്കുന്നത് എന്നതാണതിനു കാരണം. അതിന്റെ ഫലമായി, ലോക സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിലെടുത്താല്‍, വരുമാന അസമത്വങ്ങളില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. അതിന്റെ അനന്തരഫലമായി, വേണ്ടത്ര ഉപഭോഗം ചെയ്യാന്‍ കഴിയാത്ത ഒരു പ്രവണതയും ഉണ്ടായിത്തീരുന്നുണ്ട്. അതുകാരണം മിച്ചമൂല്യം സ്വായത്തമാക്കിത്തീര്‍ക്കുന്നത് വളരെയേറെ വിഷമകരമായിത്തീരുന്നു. കടംവാങ്ങി ചെലവാക്കലും ഊഹാത്മകമായ ആസ്‌തികളുടെ "കുമിളകളാ''ല്‍ ഊര്‍ജ്ജിതമാക്കപ്പെട്ട ചെലവുകളും, ആഗോളതലത്തില്‍ത്തന്നെയുള്ള വേണ്ടത്ര ഉപഭോഗം ചെയ്യാന്‍ കഴിയാത്ത ഈ പ്രവണതയ്‌ക്ക് താല്‍ക്കാലികമായ പ്രതിവിധിയേ പ്രദാനം ചെയ്യുന്നുള്ളൂ. എന്നാല്‍ അത്തരം "കുമിളകള്‍'' പൊട്ടിപ്പോകുന്നതോടെ, കടം ലഭിക്കാനുള്ള സാധ്യത അനിവാര്യമായും അവസാനിക്കുന്നതോടെ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായിക്കിടക്കുന്ന പ്രതിസന്ധി, അതിന്റെ എല്ലാ രൂക്ഷതകളോടും കൂടി വീണ്ടും പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

പുത്തന്‍ ഉദാരവല്‍ക്കരണ വാഴ്‌ചയ്‌ക്കുകീഴില്‍ സ്വയം പ്രകടമായിത്തീരുന്ന രണ്ടാമത്തെ അടിസ്ഥാനപരമായ പ്രവണത, ഇതില്‍നിന്നാണ് രൂപംകൊള്ളുന്നത്. മൊത്തത്തിലുള്ള ചോദനത്തില്‍ എന്തെങ്കിലും കുറവു സംഭവിക്കുകയും അതിന്റെ ഫലമായി തൊഴിലില്ലായ്‌മയും മാന്ദ്യവും സംഭവിക്കുകയുമാണെങ്കില്‍, അത് സ്വാഭാവികമായും ഇന്ത്യ, ചൈന തുടങ്ങിയ കുറഞ്ഞ കൂലി നിലവാരമുള്ള രാജ്യങ്ങളെയെന്നതിനേക്കാള്‍ കൂടുതല്‍ നിശിതമായി സമ്പന്ന മുതലാളിത്ത രാജ്യങ്ങളിലെ ഉയര്‍ന്ന കൂലി നിലവാരത്തേയും അതുവഴി ഉയര്‍ന്ന ചെലവില്‍ ചരക്കുകള്‍ ഉല്‍പാദിപ്പിക്കുന്നവരേയും ആണ് പ്രതികൂലമായി ബാധിക്കുക. അതുകൊണ്ട്, ആഗോളതലത്തില്‍ത്തന്നെയുള്ള വേണ്ടത്ര അളവില്‍ ഉപഭോഗം ചെയ്യാന്‍ കഴിവില്ലാത്ത ഈ പ്രവണതയുടെ ഫലമായി അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്‌മ അനുഭവപ്പെടുന്നു; മാത്രമല്ല ആ രാജ്യങ്ങളുടെ വ്യാപാരശിഷ്‌ടത്തിന്റെ കാര്യത്തില്‍ നിരന്തരവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമായ കറന്റ് അക്കൌണ്ട് കമ്മിയും അനുഭവപ്പെടുന്നു. ചുരുക്കത്തില്‍ ആഗോളവല്‍കൃതമായ ധനമൂലധനം ലോകത്തിനുമേല്‍ കെട്ടിയേല്‍പ്പിച്ച പുത്തന്‍ ഉദാരവല്‍ക്കരണ വാഴ്‌ചയുടെ സര്‍വവ്യാപിത്വം കാരണം (ഇതുവരെ ഉയര്‍ന്ന കൂലി ലഭിച്ചിരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ പ്രത്യേകിച്ചും) രൂക്ഷമായ തൊഴിലില്ലായ്‌മയും "ആഗോള അസന്തുലിതാവസ്ഥ'' എന്നു പറയപ്പെടുന്ന പ്രശ്‌നവും ഉണ്ടാകുന്നു. (ചൈനയെ പോലെയുള്ള രാജ്യങ്ങള്‍ക്ക് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൌണ്ട് മിച്ചം ഉണ്ടാകുന്നതും അതേ അവസരത്തില്‍ത്തന്നെ അമേരിക്കയ്‌ക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൌണ്ട് കമ്മി ഉണ്ടാകുന്നതും അതുകാരണം അമേരിക്കയുടെ കടബാധ്യത കൂടുതല്‍ കൂടുതല്‍ വര്‍ധിക്കുന്നതും ഈ ആഗോള അസന്തുലിതാവസ്ഥ കൊണ്ടാണ്). തങ്ങളുടെ ആഗോള മേധാവിത്വ ലക്ഷ്യം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി പുത്തന്‍ ഉദാരവല്‍ക്കരണ വാഴ്‌ച എല്ലായിടത്തും കൊണ്ടുവരണം എന്ന് അമേരിക്കന്‍ ബഹുരാഷ്‌ട്ര കുത്തകകളും അമേരിക്കന്‍ ധനകാര്യ താല്‍പര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍, ഈ ആവശ്യത്തിന്റെ അനന്തരഫലം, അമേരിക്കന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ കുറയുകയും കൂലി കുറയുകയും ചെയ്യുന്നുവെന്നതാണ്.

ആഗോളതലത്തിലുള്ള വേണ്ടത്ര ഉപഭോഗം ഇല്ലാത്ത സ്ഥിതിയും അതുമായി ബന്ധപ്പെട്ട "ആഗോള അസന്തുലിതാവസ്ഥ''യും ഉളവാക്കുന്ന പ്രവണതയെ തരണം ചെയ്യുന്നതിന് ചോദന മാനേജ്‌മെന്റിലെ ഗവണ്‍മെന്റ് ഇടപെടല്‍ കൊണ്ട് കഴിയാത്തതെന്ത് എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരാവുന്നതാണ്. പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന്റെ മൂന്നാമത്തെ പ്രവണതയെ നാം അഭിമുഖീകരിക്കുന്നത് ഇവിടെയാണ് - അതായത് സര്‍ക്കാരിന്റെ എല്ലാവിധ ഇടപെടലുകളും സര്‍ക്കാരിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് മാത്രമേ കൈക്കൊള്ളാവൂ എന്ന് പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തം, അതായത് ധനമൂലധനം നിര്‍ബന്ധം പിടിക്കുന്നുവെന്നതാണത്. ഇടപെടലില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നുവെന്നല്ല ഉദ്ദേശിക്കുന്നത്. ("സര്‍ക്കാറും വിപണി''യും തമ്മിലുള്ള തര്‍ക്കത്തില്‍ പുത്തന്‍ ഉദാരവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പലപ്പോഴും അങ്ങനെ തോന്നി പോകാറുണ്ടെങ്കിലും) സമൂഹത്തിന് ഉപരിയായി നില്‍ക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലും വ്യത്യസ്‌തവും വ്യതിരിക്തവുമായ വര്‍ഗതാല്‍പര്യങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന പ്രത്യക്ഷത്തില്‍ നിഷ്‌പക്ഷമായ ഒരു സ്ഥാപനം എന്ന നിലയിലും അല്ല സര്‍ക്കാര്‍ ഇടപെടുന്നത്; മറിച്ച് "ധനമൂലധനത്തിന് ഗുണകരമായിട്ടുള്ളത് സമൂഹത്തിനാകെ ഗുണകരമാണ്'' എന്ന അവകാശവാദത്തോടുകൂടി ധനമൂലധനത്തിന്റെ താല്‍പര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന ഒരു സംരക്ഷകന്‍ എന്ന നിലയിലും പ്രൊമോട്ടര്‍ എന്ന നിലയിലും ആണ് സര്‍ക്കാര്‍ ഇടപെടുന്നതെങ്കില്‍, സര്‍ക്കാരിന്റെ ഇടപെടലിന്റെ സ്വഭാവം തന്നെ മാറുന്നു. അതുകാരണം കെയിന്‍സിന്റെ ഡിമാന്റ് മാനേജ്‌മെന്റ് തത്വം നിരാകരിക്കപ്പെടുന്നു; മിക്ക രാഷ്‌ട്രങ്ങളും "ഭദ്രമായ സമ്പദ്‌വ്യവസ്ഥ'' എന്ന തത്വം ആവര്‍ത്തിച്ചുകൊണ്ട്, സമ്പന്നരുടെ മേലുള്ള നികുതികള്‍ വെട്ടിക്കുറയ്‌ക്കുന്ന അവസരത്തില്‍ത്തന്നെ, റവന്യൂ കമ്മിക്ക് നിയമപരമായിത്തന്നെ പരിധി നിശ്ചയിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രമുഖമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്തിലെ, അതായത് യുഎസ്എയുടെ നാണയം "സ്വര്‍ണത്തിന് സമമായിട്ടാണ് '' കണക്കാക്കപ്പെടുന്നത്. അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ ചാഞ്ചാട്ടത്തിന്റെ പ്രത്യാഘാതത്തില്‍നിന്ന് ഒരു പരിധിവരെ രക്ഷപ്പെട്ടു നില്‍ക്കുന്ന നാണയമാണ് അമേരിക്കയുടേത്. അതുകൊണ്ട്, ആ രാജ്യത്തുനിന്ന് പുറത്തേയ്‌ക്കുള്ള മൂലധന ഒഴുക്ക് പൊതുവില്‍ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതുകൊണ്ട്, വലിയ പരിക്കില്ലാതെ ഡിമാന്റ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യാന്‍ ആ രാജ്യത്തിന് കഴിയും. എന്നാല്‍ ഏറ്റവും പ്രമുഖമായ നാണയമുള്ള രാജ്യം തന്നെ, ക്രമേണ ക്രമേണ കടക്കാരനായിത്തീരുമ്പോള്‍, ഡിമാന്റ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യാനുള്ള അതിന്റെ കഴിവിനെയും അത് ബാധിക്കുന്നു. അതുകൊണ്ട് പുത്തന്‍ ഉദാരവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍, ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഉപഭോഗക്കുറവിന്റെ പ്രവണതയെ തടഞ്ഞുനിര്‍ത്തുന്നതിന് കഴിവുള്ള, ഫലപ്രദമായ നേതൃമുതലാളിത്ത രാഷ്‌ട്രങ്ങളൊന്നും തന്നെയില്ല.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, പുത്തന്‍ ഉദാരവല്‍ക്കരണം, ഒരേസമയം പ്രവര്‍ത്തിക്കുന്ന നിരവധി കാരണങ്ങളാല്‍ മുതലാളിത്തത്തെ, സുദീര്‍ഘമായ ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വരുമാനവിതരണത്തില്‍ അസമത്വങ്ങള്‍ ഉണ്ടാക്കിക്കൊണ്ട്, ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അത് ഉപഭോഗക്കുറവിന്റേതായ ഒരു പ്രവണത സൃഷ്‌ടിക്കുന്നു; ഡിമാന്റ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യാന്‍ കഴിയാത്തവിധം അത് മുതലാളിത്ത ദേശരാഷ്‌ട്രങ്ങളെ ദുര്‍ബലമാക്കിത്തീര്‍ക്കുന്നു; മാത്രമല്ല, നേതൃസ്ഥാനത്തുനില്‍ക്കുന്ന രാഷ്‌ട്രത്തിന് അത്തരമൊരു പങ്ക് നിര്‍വഹിക്കാനുള്ള കഴിവിനെ തുരങ്കംവയ്‌ക്കുകയും ചെയ്യുന്നു. അത് മറ്റൊരു കാരണം കൊണ്ടാണെന്ന് മാത്രം - അതായത് നിരന്തരവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമായ കറന്റ് എക്കൌണ്ട് കമ്മിയിലൂടെ ഭാരം വര്‍ധിപ്പിച്ചുകൊണ്ടാണെങ്കിലും.

മുതലാളിത്ത രാജ്യങ്ങള്‍ക്കിടയില്‍ ഫലപ്രദമായ ഒരു നേതാവില്ലാത്തതുകൊണ്ട്, മുതലാളിത്തം അഗാധമായ സാമ്പത്തിക പ്രതിസന്ധിയുടേതായ ഘട്ടത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുകയാണെന്ന് ചാള്‍സ് കിന്‍ഡില്‍ ബര്‍ഗറെ പോലെയുള്ള സാമ്പത്തികശാസ്‌ത്രജ്ഞന്മാര്‍ വാദിക്കുന്നു. രണ്ട് യുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ബ്രിട്ടന് കഴിവില്ലാതായിത്തീര്‍ന്നതും അതേ അവസരത്തില്‍ ആ പങ്ക് വഹിക്കാന്‍ അമേരിക്ക (യുഎസ്എ) അപ്പോഴും തയ്യാറായിക്കഴിഞ്ഞിരുന്നില്ല എന്നതും ആണ് 1930കളിലെ പ്രതിസന്ധിയ്‌ക്ക് കാരണം എന്നാണ് അവരുടെ അഭിപ്രായം. ഇപ്പോഴത്തെ ഘട്ടത്തില്‍ ആ പങ്ക് വഹിക്കാനുള്ള അമേരിക്കയുടെ കഴിവ് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; ഒരു ബദല്‍ നേതൃത്വത്തെ കാണാനുമില്ല. അഗാധവും ഗുരുതരവുമായ ലോക മുതലാളിത്ത പ്രതിസന്ധിയുടെ സൂചനകള്‍ ദൃശ്യമാകുന്നത് അതുകൊണ്ടാണ്.

നാം പരാമര്‍ശിക്കുന്ന പ്രതിസന്ധി വികസിത മുതലാളിത്ത രാഷ്‌ട്രങ്ങളെയാണ് പ്രാഥമികമായും ബാധിച്ചിരിക്കുന്നത്, അത് ഏറെ കാലംനിലനില്‍ക്കാനുള്ള സാധ്യതയാണുള്ളത്, സന്ദര്‍ഭവശാല്‍ ഒരു പുതിയ "കുമിള'' വന്ന് അതിനെ പ്രതിസന്ധിയില്‍നിന്ന് താല്‍ക്കാലികമായി ഉയര്‍ത്തുകയാണെങ്കില്‍ത്തന്നെ ആ കുമിള അനിവാര്യമായും തകരും എന്നതിനാല്‍ വീണ്ടും മുതലാളിത്ത ലോകത്തെ പ്രതിസന്ധിയിലേക്കു തന്നെ തള്ളിവിടും, മൂന്നാം ലോകം (പ്രത്യേകിച്ചും ഇന്ത്യയെപോലെയുള്ള രാജ്യങ്ങള്‍) അതിന്നിരയായിത്തീരാന്‍ സാധ്യതയില്ല - ഇങ്ങനെയൊക്കെയാണ് കരുതപ്പെട്ടിരുന്നത്. ഇവിടെയാണ് പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന്റെ നാലാമത്തെ പ്രവണത പ്രസക്തമായിത്തീരുന്നത്. ചെറുകിട ഉല്‍പാദകരുടെയും കൃഷിക്കാരുടെയും സമ്പദ്‌വ്യവസ്ഥയെ സഹായിക്കുകയും സംരക്ഷിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക എന്ന കടമയില്‍നിന്ന് (കോളണി ഭരണത്തില്‍നിന്ന് മോചനം നേടുന്നതിനുള്ള സമരത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമെന്ന നിലയില്‍ ഈ കടമ സര്‍ക്കാര്‍ മുമ്പ് ഏറ്റെടുത്തിരുന്നതാണ് ) പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന്‍കീഴില്‍ സര്‍ക്കാര്‍ പിന്‍വലിയുന്നതുകൊണ്ട് ചെറുകിട ഉല്‍പാദനത്തിന്റെ നാശവും മൂലധനത്തിന്റെ പ്രാകൃത സഞ്ചയ പ്രക്രിയയും (കൂടുതല്‍ ലളിതമായി പറഞ്ഞാല്‍ അതിക്രമിച്ചുകടന്ന് മൂലധനം സ്വരൂപിക്കല്‍) ശീഘ്രഗതിയില്‍ സംഭവിക്കുന്നത്, ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ചെറുകിട കച്ചവടക്കാരെ രംഗത്തുനിന്ന് മാറ്റി നിര്‍ത്തി വാള്‍മാര്‍ട്ടിനെപ്പോലെയുള്ള ബഹുരാഷ്‌ട്ര കുത്തക ചില്ലറ വില്‍പന ശൃംഖലകള്‍ വില്‍പനരംഗം കയ്യടക്കുന്നു; കര്‍ഷക ജനസാമാന്യത്തെ ഞെക്കിപ്പിഴിയുന്നതിനായി അഗ്രി ബിസിനസ്സുകാര്‍ രംഗത്തുവരുന്നു; കൃഷിക്കാരെ അവരുടെ ഭൂമിയില്‍നിന്ന് ഓടിച്ചുവിട്ട്, ഭൂമി കയ്യടക്കുന്ന ഹുണ്ടികക്കാര്‍ രംഗത്തുവരുന്നു; എല്ലായിടത്തുമുള്ള ചെറുകിട ഉല്‍പാദകര്‍, ഉല്‍പാദനത്തിനാവശ്യമായ സാധനസാമഗ്രികളുടെ വില വര്‍ദ്ധിക്കുകയും തങ്ങളുടെ ഉല്‍പന്നങ്ങളുടെ വില കുറയുകയും ചെയ്യുന്നതിനാല്‍ കെണിയില്‍ അകപ്പെട്ടപോലെയാകുന്നു. ഇതോടൊപ്പം അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാകെ ബാധിക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിരവധി അവശ്യസേവനങ്ങളുടെ സ്വകാര്യവല്‍ക്കരണം കാരണം ജീവിതച്ചെലവ് കുത്തനെ കൂടുകയും ചെയ്യുമ്പോള്‍, ഇപ്പോള്‍ തുറന്നുവിടപ്പെട്ടിട്ടുള്ള പ്രാകൃതമായ മൂലധന സഞ്ചയനത്തിന്റെ കാഠിന്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

അതിനാല്‍ ഇന്നത്തെ ഘട്ടത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങള്‍ മാത്രമല്ല പ്രതിസന്ധികൊണ്ടും തൊഴിലില്ലായ്‌മകൊണ്ടും ഞെരിഞ്ഞമരുന്നുള്ളൂവെന്നും ഇന്ത്യയെപ്പോലെയുള്ള പ്രത്യക്ഷത്തില്‍ "വിജയകരമായ''തും "ഉയര്‍ന്ന വളര്‍ച്ച'' കൈവരിച്ചതുമായ രാജ്യങ്ങളെപ്പോലും അത് ബാധിച്ചിട്ടുണ്ട് എന്നും കാണാം. ഇതില്‍ ആദ്യത്തെ വിഭാഗത്തില്‍പെട്ട രാജ്യങ്ങള്‍ വേണ്ടത്ര ചോദനം ഇല്ലാത്ത പ്രശ്‌നം കാരണം വിഷമിക്കുന്നു; രണ്ടാമത്തെ വിഭാഗത്തില്‍പെട്ടവയാകട്ടെ, ഒന്നാമത് ആദ്യത്തെ വിഭാഗത്തില്‍പെട്ട രാജ്യങ്ങളുടെ പ്രതിസന്ധിയുടെ അനന്തര ഫലമായും രണ്ടാമത്, തങ്ങളുടെ രാജ്യങ്ങളിലെ ചെറുകിട ഉല്‍പാദകരുടെ തകര്‍ച്ചകൊണ്ടും അവരുടെ ഉല്‍പാദനോപകരണങ്ങള്‍ അവരില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുന്നതുകൊണ്ടും അതില്‍നിന്ന് രൂപം കൊള്ളുന്ന തൊഴിലില്ലായ്‌മ കൊണ്ടും വിഷമിക്കുന്നു. അതുകൊണ്ട്, ലോകസമ്പദ്‌വ്യവസ്ഥയിലെ ഈ രണ്ട് വിഭാഗങ്ങളിലും, ഫാസിസത്തിലേക്കുള്ള നീക്കത്തിന്റേതായ ഒരു പ്രവണത ദൃശ്യമാകുന്നു.

തീവ്ര വലതുപക്ഷ വംശീയ രാഷ്‌ട്രീയ പാര്‍ടികള്‍ തലപൊക്കുന്നതിലൂടെ, യൂറോപ്പില്‍ അങ്ങിങ്ങായി പ്രകടമായ ഈ പ്രവണത, ഇപ്പോള്‍ അമേരിക്കയിലും ഭീഷണമായ വിധത്തില്‍ പെട്ടെന്ന് പ്രകടമായിത്തീര്‍ന്നിരിക്കുന്നു. പ്രസിഡന്റ് ഒബാമയുടെ ആരോഗ്യ പരിരക്ഷാ നിയമംപോലും, ടൌണ്‍ ഹാള്‍ യോഗങ്ങളില്‍ ഡെമോക്രാറ്റിക് നിയമസാമാജികര്‍ക്ക് ശാരീരികമായ ആക്രമണത്തിന് വിധേയരായിത്തീരേണ്ടുന്നതിന് കാരണമായ വിഷയമായിത്തീര്‍ന്നു; മുതലാളിമാരുടെ കയ്യില്‍നിന്ന് പണം പറ്റുന്ന തെരുവുഗുണ്ടകളുടെ വധഭീഷണികളെപ്പറ്റി പിന്നെ പറയേണ്ടതില്ലല്ലോ. ഇത്രയൊക്കെ ചെയ്യാന്‍ അവര്‍ക്ക് ധൈര്യം ലഭിച്ചിരിക്കുന്നുവെന്നത് കാണിക്കുന്നത്, രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്‌ട്രീയ മാനസികാവസ്ഥയെയാണ്. "മുഖ്യധാരാ അമേരിക്കക്കാര്‍'' എന്ന് വിളിയ്‌ക്കപ്പെടുന്നവരില്‍ 63 ശതമാനം പേരും പുതിയതായി രൂപീകൃതമായ തീവ്ര വലതുപക്ഷകക്ഷിയായ "ടീ പാര്‍ടി'' തങ്ങളുടെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതായി കണക്കാക്കുന്നു! തൊഴിലില്ലായ്‌മ കൊണ്ടും സാമ്പത്തിക മാന്ദ്യം കൊണ്ടും സാമ്പത്തിക അരക്ഷിതാവസ്ഥ കൊണ്ടും തകര്‍ന്നുപോയ ജനങ്ങളെ സംബന്ധിച്ചിടത്തോളം, ലിബറല്‍ ഡെമോക്രാറ്റിക് രാഷ്‌ട്രീയ സംഘടനകളെക്കുറിച്ചുണ്ടായിരുന്ന വ്യാമോഹം പൂര്‍ണമായും ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. തൊഴിലില്ലായ്‌മ കുറച്ചു കൊണ്ടുവരുന്നതിന് ഗവണ്‍മെന്റിന് ഒട്ടും കഴിവില്ലെന്ന് വളരെ വ്യക്തമായ അവസരത്തില്‍, അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയില്‍നിന്ന് തല്‍ക്കാലം രക്ഷിക്കുന്നതിനായി 13 ലക്ഷം കോടി ഡോളറാണ് സര്‍ക്കാര്‍ ജാമ്യ സംഖ്യയായി ചെലവഴിച്ചത്. ഈ വസ്‌തുത, ഫാസിസത്തിന്റെ ന്യായവാദങ്ങള്‍ക്ക് ശക്തി പകരുന്നു. വാൾസ്‌ട്രീറ്റിനും ധനമൂലധനത്തിനും എതിരായാണ് ഫാസിസത്തിന്റെ ഈ അഭ്യര്‍ത്ഥന കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നു തോന്നും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 1930കളിലെ ജര്‍മനിയിലേതെന്നപോലെത്തന്നെ, ഇപ്പോഴത്തെ ധനമൂലധനത്തിനും ഈ എതിര്‍പ്പിനെത്തന്നെ വിലയ്‌ക്കുവാങ്ങാന്‍ പൂര്‍ണമായും കഴിയും. "മതനിരപേക്ഷ ലോകത്തില്‍'' നിന്നുള്ള വ്യാമോഹ മുക്തിക്കുള്ള കാരണമായിരിക്കെത്തന്നെ അത് ഒരേസമയം, ഈ വ്യാമോഹമുക്തി കൈകാര്യം ചെയ്യുന്ന ശക്തിയുമായിത്തീരുന്നു; ഭാവനയിലുള്ളതോ പുറത്തുള്ളതോ ആയ "മറ്റൊന്നി''ന്റെ നേര്‍ക്കാണ് അത് തിരിച്ചുവെച്ചിരിക്കുന്നത്. അതുകാരണം അത്, "യുക്തിരാഹിത്യ''ത്തിന്റെ വൈതാളികനുമായിത്തീരുന്നു.

അത്തരം ഫാസിസ്‌റ്റ് പ്രവണതകളുടെ വളര്‍ച്ചയ്‌ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത രാജ്യങ്ങളല്ല ഇന്ത്യയെപ്പോലുള്ളവ. ഇന്ത്യയുടെ രാഷ്‌ട്ര ശരീരത്തില്‍ വര്‍ഗീയ ഫാസിസം ഇപ്പോള്‍ത്തന്നെ ഒരു പ്രമുഖ സ്ഥാനം കയ്യടക്കിയിരിക്കുന്നു. എന്നാല്‍ "മുംബൈ മഹാരാഷ്‌ട്രക്കാര്‍ക്ക് '' എന്ന രാജ് താക്കറെയുടെ ആഹ്വാനത്തിന്റെ അടിയില്‍ കാണപ്പെടുന്ന വിധത്തിലുള്ള നിരവധി കൈവഴികള്‍ അതിനുണ്ട്. ചുരുക്കത്തില്‍ ധനമൂലധനത്തിന്റെ ഉയര്‍ച്ചയുടെ കാലഘട്ടത്തില്‍ (അന്തര്‍ദേശീയ ധനമൂലധനത്തിന്റെ വേഷത്തിലുള്ള അതിന്റെ പുതിയ രൂപത്തിലും) ഫാസിസം വീണ്ടും മുഖ്യ അജണ്ടയിലെത്തിയിരിക്കുന്നു.

ഹിറ്റ്ലറും മുസ്സോളിനിയും ഉയര്‍ന്നുവന്ന കാലത്ത് ദൃശ്യമായതുമായി താരതമ്യപ്പെടുത്താവുന്ന യാതൊന്നും തന്നെ ഇപ്പോള്‍ ദൃശ്യമല്ലെന്നും അതുകൊണ്ട് ഫാസിസത്തെക്കുറിച്ചുള്ള ഈ സംസാരം യാതൊരു അടിസ്ഥാനവുമില്ലാതെ സംഭ്രമം ജനിപ്പിക്കുകയാണെന്നും പലരും വാദിച്ചേക്കാം. ഇന്ന് നാം പറയുന്ന ഫാസിസ്‌റ്റ് ഭീഷണിയുടെ രൂക്ഷത (ഫാസിസം എന്ന നിലയിലും ഭീഷണി എന്ന നിലയിലും ഉള്ള രൂക്ഷത) 1930കളില്‍ പ്രകടമായിരുന്നതിനോട് താരതമ്യം ചെയ്യത്തക്ക തൊന്നുമല്ല എന്ന അര്‍ഥത്തില്‍ ഇത് ശരിയായിരിക്കാം. എന്നാല്‍ ഇതില്‍നിന്ന് ഒരാള്‍ എത്തിച്ചേരുന്ന സമാശ്വാസത്തെ, മറ്റൊരു അടിസ്ഥാന വസ്‌തുതയുമായി തുലനം ചെയ്യേണ്ടതുണ്ട്. ഈ ഫാസിസ്‌റ്റ് ഭീഷണിക്കെതിരായി 1930കളില്‍ വളരെ ശക്തമായ ഒരു ഇടതുപക്ഷസാന്നിദ്ധ്യം നിലവിലുണ്ടായിരുന്നു; സോവിയറ്റ് യൂണിയന്നായിരുന്നു അതിന്റെ നേതൃത്വം. അന്നത്തെ ഫാസിസത്തിന്റെ പരാജയത്തിനുകാരണമായിത്തീര്‍ന്നത് ഈ ഇടതുപക്ഷസാന്നിദ്ധ്യമാണ്; എന്നാല്‍ അതുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒന്നും തന്നെ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് ഉയര്‍ന്നുവരുന്ന ഫാസിസത്തെക്കുറിച്ച് നാം കൂടുതല്‍ ജാഗരൂകത പാലിക്കണം. കാരണം അതിനെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഒരു ചെറിയ അശ്രദ്ധയുണ്ടായാല്‍, 1930കളിലും 1940കളിലും കൊടുക്കേണ്ടിവന്നതിനേക്കാള്‍ കനത്തവില നാം ഇപ്പോള്‍ കൊടുക്കേണ്ടിവരും.


*****

പ്രൊഫ. പ്രഭാത് പട്നായിക്, കടപ്പാട് : ചിന്ത

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1930കളും ഇപ്പോഴും തമ്മിലുള്ള സമാനതകള്‍ കാണാതിരിക്കുന്നത് തെറ്റു തന്നെയായിരിക്കും. ഒന്നാംലോക മഹായുദ്ധത്തിന് കാരണമായിത്തീര്‍ന്നതും തുടര്‍ന്ന് ജര്‍മനിയുടെ മേല്‍ അസഹ്യമായ യുദ്ധനഷ്‌ടപരിഹാരം കെട്ടിയേല്‍പ്പിച്ചതുമായ, ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലത്തെ സാമ്രാജ്യത്വങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള കടുത്ത ശത്രുത ഇപ്പോഴില്ലെന്നത് ശരി തന്നെ. എന്നാല്‍ അന്നത്തെപ്പോലെയുള്ള മുതലാളിത്ത പ്രതിസന്ധി ഇന്നുണ്ട് - മുപ്പതുകളിലേതുപോലെ അഗാധവും നീണ്ടുനില്‍ക്കുന്നതുമായ ഒരു പ്രതിസന്ധിയായി അത് വളരാനുള്ള എല്ലാ സാധ്യതയും ഇന്നുണ്ട് - അങ്ങനെ സംഭവിക്കുകയില്ല എന്നുള്ള പ്രഖ്യാപനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും. മാത്രമല്ല, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തൊഴിലില്ലായ്‌മയുടെ രൂക്ഷമായ പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഫാസിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നത് അതാണല്ലോ.

പ്രൊഫസര്‍ പ്രഭാത് പട്‌നായിക്കിന്റെ പഠനാര്‍ഹമായ ലേഖനം