സാമൂഹ്യ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന മുഖ്യ ഘടകമായ ഉല്‍പാദനരംഗത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്. തൊഴില്‍ രീതികള്‍ ഓരോ കാലഘട്ടത്തിലും മാറിവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ തൊഴില്‍ രംഗത്ത് എല്ലാ കാലഘട്ടങ്ങളിലും ഏതെങ്കിലും രീതിയില്‍ ചൂഷണമനുഭവിക്കുന്നവരാണ്. കുറഞ്ഞ കൂലി, തുല്യവേതനത്തിന്റെയും മിനിമം വേജസിന്റെയും അഭാവം, സ്ഥിരമായി തൊഴിലില്ലാതിരിക്കുക എന്നിങ്ങനെ പല പ്രശ്നങ്ങളും സ്ത്രീകളെ ബാധിക്കാറുണ്ട്. വളരെ പ്രകടമായി കാണാന്‍ കഴിയുന്നില്ലെങ്കിലും, ആഗോളവല്‍ക്കരണത്തിന്റെ ആരംഭകാലത്തുണ്ടായിരുന്നതില്‍നിന്നും മോശമായ രീതിയിലേക്കാണ് തൊഴില്‍ രംഗവും തൊഴില്‍ രംഗത്തുള്ള സ്ത്രീകളുടെ പ്രശ്നവും മാറിക്കൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ അധ്വാനത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെതന്നെ പഴക്കമുണ്ട്. ലിംഗപരമായ തൊഴില്‍ വിഭജനത്തെക്കുറിച്ചും സ്ത്രീകളുടെ ഇരട്ട അധ്വാനത്തെക്കുറിച്ചും സ്ത്രീകള്‍ തൊഴിലാളികളായി മാറേണ്ട ആവശ്യകതയെക്കുറിച്ചും ഏംഗല്‍സിന്റെ കാലത്തുതന്നെ വിശദാംശങ്ങളും പരിഹാരങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. വൈദഗ്ധ്യം കൂടുതലുള്ള തൊഴിലുകള്‍ എന്നും പുരുഷത്തൊഴിലാളികളുടെ കുത്തകതന്നെയായിരുന്നു. വൈദഗ്ധ്യം കുറഞ്ഞ തൊഴില്‍ സ്ത്രീകളുടെ കൂലി കുറയ്ക്കാനുള്ള ഉപാധിയായി മാറുകയും ചെയ്തു. അതുപോലെതന്നെ കുടുംബം പോറ്റുന്നവരായി (breadwinner) പുരുഷന്മാരെ കണ്ടിരുന്നതും, സ്ത്രീയുടെ അധ്വാനത്തെ രണ്ടാംകിടയായി കാണാനും, അവളുടെ വരുമാനത്തെ അധിക വരുമാനമായി (subsidiary income) കാണാനും പ്രേരിപ്പിച്ചിരുന്നു. സ്ത്രീകളുടെ തൊഴില്‍രംഗം ആത്യന്തികമായി കാര്‍ഷികരംഗംതന്നെയായിരുന്നു. 1987-88ലെ കണക്കുകളില്‍പോലും ഇന്ത്യയില്‍ 73.4% പുരുഷന്മാരും 78.2% സ്ത്രീകളും കാര്‍ഷികരംഗം, മത്സ്യബന്ധനം എന്നിവയില്‍ തൊഴിലെടുത്തിരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍വേക്ഷണ (Sep.1990. Result of the fourth quintessential suvrey on employment and unemployment) കേരളത്തിലിത് ദേശീയ ശരാശരിയെക്കാള്‍ കുറവാണ്. കേരളത്തില്‍ 50.8% പുരുഷന്മാരും 50.7% സ്ത്രീകളുമാണ് കാര്‍ഷികരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിലും കുറവുവരുന്നതായി കാണാം. കാര്‍ഷികവൃത്തിയിലുണ്ടായിരുന്ന പലരും, മറ്റു പണികള്‍ അന്വേഷിച്ചുപോയതാണ് കാരണം. സ്ഥിരമായ തൊഴില്‍ ലഭ്യതയുടെ പ്രശ്നവും, തൊഴില്‍ ദിനങ്ങളുടെ കുറവും, കാരണം സ്ത്രീകള്‍ നിര്‍മ്മാണത്തൊഴിലിലേക്കും, സ്വയം തൊഴിലിനുമൊക്കെയായി മാറിയിരിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജന്മി വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് മുതലാളിത്തം വളര്‍ന്നപ്പോള്‍ കുറെയധികം പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് അത് വികസിച്ചത്. ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന പ്രഖ്യാപനത്തില്‍ത്തന്നെ തൊഴിലിന്റെ തോതും തൊഴില്‍ദിനങ്ങളുടെ വര്‍ദ്ധനവുമാണ് എടുത്തുപറഞ്ഞിരുന്നത്. മുതലാളിത്തത്തിന്റെ ആദ്യഘട്ടങ്ങളില്‍ നാമതു കാണുകയും ചെയ്തു. ഫാക്ടറികള്‍ ആരംഭിച്ചു. അവിദഗ്ധരായ തൊഴിലാളികള്‍ക്ക് ധാരാളം സാധ്യതകളൊരുക്കി. പരമ്പരാഗത വ്യവസായത്തിലെ വൈദഗ്ധ്യം മാത്രം കൈമുതലായിരുന്ന സ്ത്രീകള്‍ക്ക് ഫാക്ടറികളിലെ യന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. യന്ത്രങ്ങളില്‍ പണിയെടുക്കുന്ന സാങ്കേതികവിദ്യ കൈവന്ന സ്ത്രീകളായി പലരും മാറി. തീര്‍ച്ചയായും അത് അവരുടെ കുടുംബത്തിനകത്തും സമൂഹത്തിലുമുള്ള പദവിയില്‍ പ്രതിഫലിച്ചു.
ഈ പദവി മാറ്റം ലിംഗപരമായ തൊഴില്‍ വിഭജനത്തില്‍ മാറ്റങ്ങളുണ്ടാക്കിയില്ല. മാത്രമല്ല, മുതലാളിത്തത്തിന്റെ പുതിയ തൊഴില്‍ നയത്തിലേക്ക് സ്ത്രീകള്‍ മാറ്റപ്പെട്ടു. ജന്മി-നാടുവാഴി കാലഘട്ടത്തിലെ കീഴ് വഴക്കത്തിന്റെ പേരില്‍ സമയവും സ്ഥലവുമൊന്നും കണക്കാക്കാതെ, പ്രകൃതിയുടെ സമയത്തിനു പാകപ്പെടുത്തിയ അധ്വാനസമയം, ഫാക്ടറി സൈറണിലേക്കും, രജിസ്റ്ററിലെ ഒപ്പിടലിലേക്കും ശമ്പളം പറ്റലിലേക്കുമായി മാറി. മുതലാളി ഒരുക്കിവെച്ച കെണിയില്‍ സ്ത്രീകളെ അകപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്. ഫാക്ടറി പണിയിലേക്കു വന്നപ്പോഴും സ്ത്രീകളുടെ ഗാര്‍ഹികാധ്വാനത്തിനു കുറവുണ്ടായില്ല. ശിശുപരിപാലനത്തിനും, പാചകത്തിനും മറ്റ് ഗാര്‍ഹിക അധ്വാനത്തിനും കൂലി കണക്കാക്കണമെന്ന വാദത്തെ, തന്ത്രപരമായി മുതലാളി ഒഴിവാക്കുകയും, ഇവ ഭരണകൂടത്തിന്റെ ചുമതലയാണ് എന്നത് പാടേ വിസ്മരിക്കുകയും ഇവ 'സ്ത്രീകളുടെ പണിയാണ്' എന്ന് അടിവരയിട്ടു പറയുകയും ചെയ്യുന്ന പുത്തന്‍ മൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ മുതലാളിത്തം മറന്നില്ല. അടുത്ത ഘട്ടത്തില്‍ സംഭവിച്ചതുമതുതന്നെയായിരുന്നു. ഗാര്‍ഹികജോലികഴിഞ്ഞുള്ള ഒഴിവുസമയങ്ങള്‍ക്ക് പറ്റുന്ന തൊഴിലിലേക്ക് സ്ത്രീകളെ തന്ത്രപൂര്‍വ്വം മാറ്റുകയായിരുന്നു. ചില പ്രത്യേക തൊഴിലുകളില്‍ സ്ത്രീകളെ നിയമിക്കാത്തതിനു കാരണമായിപ്പറഞ്ഞത് പ്രസവം, ശിശുപരിപാലനം എന്നിവയായിരുന്നു. സ്ത്രീകളുടേത് ഒഴിവുസമയപ്രവര്‍ത്തനമായതിനാല്‍ മുതലാളിത്തം മൂന്ന് രീതിയില്‍ നേട്ടമുണ്ടാക്കി.
1. കുറഞ്ഞ കൂലി കൊടുത്താല്‍ മതി
2. ആവശ്യമുള്ളപ്പോള്‍ മാത്രം വിളിച്ച് തൊഴില്‍ കൊടുക്കുക. ആവശ്യം കഴിഞ്ഞാല്‍ പിരിച്ചുവിടുക. (Reserve Army)
3. സ്ത്രീകളുടെ വീട്ടുജോലിക്കു ഹാനിവരാതെ, വീട്ടിലിരുന്നു ചെയ്യുന്ന തൊഴിലായതിനാല്‍ കരാറടിസ്ഥാനത്തില്‍ പീസ്റേറ്റില്‍ തൊഴില്‍ നല്‍കുക. (Contract labour and piece rate) ഇതുകൊണ്ടുള്ള ലാഭം തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്തതിനാല്‍ സ്ത്രീകള്‍സംഘടിക്കില്ല. ശക്തരാകില്ല, അവകാശങ്ങള്‍ ഉന്നയിക്കില്ല. മറ്റൊന്ന് സ്വന്തം വീട്ടിലിരുന്ന് ചെയ്യുന്ന പ്രവൃത്തി ആയതിനാല്‍ മുതലാളിക്ക് കെട്ടിടവാടകയോ, ഇലക്ട്രിസിറ്റിചാര്‍ജോ, കുടിവെള്ളം, ബാത്ത് റൂം എന്നീ ആത്യാവശ്യ ഘടകങ്ങളോ ബാധ്യതയായി ഏറ്റെടുക്കേണ്ടതില്ല.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പണിയുള്ള സമയത്തുമാത്രം തൊഴില്‍ ലഭിക്കുന്നതിനാല്‍ രണ്ടും മൂന്നും തരത്തിലുള്ള പണികളില്‍ വ്യാപൃതരാവുകയും, ഓടിനടന്ന് രണ്ടറ്റവും മുട്ടിക്കാനുള്ള തത്രപ്പാടിലകപ്പെടുകയും ചെയ്തു. മുതലാളിത്തം വളര്‍ന്നു വികസിച്ചതോടെ, മുതലാളിത്ത ആശയങ്ങളും മൂര്‍ത്തരൂപം കൈക്കൊണ്ടതായി എഴുപതുകളുടെ അവസാനത്തോടെ നമുക്ക് കാണാന്‍ കഴിഞ്ഞു. സ്ത്രീകളുടെ ഗാര്‍ഹിക ജോലി ലഘൂകരിക്കുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളിലൂടെ ഉപഭോഗം വളര്‍ത്തിക്കൊണ്ടായിരുന്നു മുതലാളിത്തത്തിന്റെ വളര്‍ച്ച. അരവുയന്ത്രങ്ങള്‍ അലക്കു യന്ത്രങ്ങള്‍, പകുതി വേവിച്ച് പാചകം എളുപ്പമാക്കിയ ടിന്‍ഫുഡുകള്‍, ഇന്‍സ്റ്റന്റ് ഫുഡുകള്‍ എന്നിവ സ്ത്രീകളുടെ ഗാര്‍ഹികജോലിയുടെ ഭാരം കുറയ്ക്കുന്നതാണെന്ന് അവകാശപ്പെട്ടുവെങ്കിലും, ഇതുകൊണ്ട് വളര്‍ന്നത് ഏതാനും കുത്തകകമ്പനികളായിരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഉപഭോഗസംസ്കാരം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുതലാളിത്തം വിജയിക്കുകയും ചെയ്തു.
രണ്ടാമത്തെ ഘട്ടത്തിലെ തൊഴില്‍ വളര്‍ച്ച സേവന മേഖലയുടെ വികാസമായിരുന്നു. വിദ്യാഭ്യാസം വളര്‍ന്നു വികസിച്ചിരുന്ന ഇന്ത്യയില്‍ സേവനമേഖല കേന്ദ്രീകരിച്ച് വളര്‍ച്ച എളുപ്പമായിരുന്നു. സ്ത്രീകളുടെ തൊഴില്‍ സേന രണ്ടാമത്തെ ഘട്ടത്തിലും വളര്‍ന്നു. ഇവിടെയും ലിംഗപരമായ തൊഴില്‍ വിഭജനം നിലനിര്‍ത്തിയിരുന്നു. റിസപ്ഷനിസ്റ്റ്, ടൈപ്പിസ്റ്റ്, എയര്‍ഹോസ്റ്റസ്, നഴ്സ്, അധ്യാപിക, ശിശുകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വീട്ടുജോലിക്കാര്‍, ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ള സേവനത്തിന്റേ (Service) തു മാത്രമല്ലാതെ care industry എന്ന രീതിയില്‍ത്തന്നെ സ്ത്രീകളെ നിയമിക്കാനുള്ള തന്ത്രവും മെനഞ്ഞെടുത്തു. ഈ തൊഴില്‍ രംഗങ്ങളുടെ പ്രത്യേകത, വൈദഗ്ധ്യം ആവശ്യമില്ലാത്ത, മടുപ്പിക്കുന്ന, ഒട്ടും ഉല്‍പാദനപരമല്ലാത്ത തൊഴിലുകളായിരുന്നു എന്നതാണ്. ആഗോളവല്‍കരണത്തിന്റെ തുടക്കത്തോടെ, സൌന്ദര്യം, ആകാരം എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മോഡലിംഗ്, ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സെയില്‍സ്ഗേള്‍സ്, എന്നിങ്ങനെ തികച്ചും കച്ചവട സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മേഖലകള്‍ വളര്‍ന്നുവന്നു. തൊഴിലും ശമ്പളവും സൃഷ്ടിക്കപ്പെട്ടു എന്നതില്‍ക്കവിഞ്ഞ് സ്ത്രീകളുടെ സാമൂഹ്യാവസ്ഥയെ മാറ്റിയെടുക്കാനോ, "മാനിക്കപ്പെടുന്ന സ്ത്രീത്വ''ത്തെ വളര്‍ത്തിയെടുക്കാനോ, മുതലാളിത്തം ശ്രമിച്ചിട്ടില്ല എന്നു മാത്രമല്ല, ഇത്തരം കാര്യങ്ങള്‍, അവരുടെ പരിഗണനയ്ക്കുപോലും പാത്രമായില്ല എന്നതാണ് സത്യം.
വിവിര സാങ്കേതികവിദ്യയുടെ വികാസത്തോടെ, സ്ഥിതിഗതികള്‍ മാറുമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്. വിവിര സാങ്കേതികവിദ്യയുടെ വളര്‍ച്ച വളരെയധികം സ്വാഗതാര്‍ഹമാണ്. അത് മുന്നോട്ടുവെച്ചിട്ടുള്ള സാധ്യതകള്‍ അനവധിയാണ് എന്നതില്‍ സംശയമില്ല. ശാസ്ത്ര പുരോഗതിയുടെ അങ്ങേഅറ്റത്തെത്തുവാന്‍ സഹായിച്ചു എന്നതും വളരെ ശ്ളാഘനീയമാണ്.
1. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
2. വിദ്യാഭ്യാസവും തൊഴിലും പുതിയ മേഖലകള്‍ കണ്ടെത്തി.
3. നവീന തൊഴില്‍ രൂപങ്ങള്‍ സാധ്യമായി.
4. ആഗോളതലത്തില്‍ തൊഴില്‍ നേടാനും തൊഴില്‍ പഠിക്കാനുമുള്ള സാധ്യതകള്‍ വര്‍ധിച്ചു.
5. തൊഴിലന്വേഷിച്ചുകൊണ്ടുള്ള പലായനം സര്‍വ്വസാധാരണമായി.
6. പുതിയ തൊഴില്‍ സമയങ്ങളും സംസ്കാരവും നിലവില്‍വന്നു.
7. തൊഴില്‍ സാഹചര്യങ്ങള്‍ മാറി എന്നിങ്ങനെ പല മാറ്റങ്ങളും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഇവിടെയും ലിംഗപരമായ തൊഴില്‍ വിഭജനത്തില്‍നിന്ന് വിവരസാങ്കേതികവിദ്യയും വിമുക്തമായില്ല.
ആദ്യഘട്ടത്തില്‍ ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഐ ടി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ഇലക്ട്രോണിക് അസംബ്ളിംഗ് പണി നടത്തിയിരുന്നു. (സ്വസ്ഥിമിട്ടര്‍ Science, Technology and Development). കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതികവിദ്യ പുരോഗതി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് വിവരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിവരങ്ങള്‍ വിശ്ളേഷണം ചെയ്യുന്നതിലും കൂടുതല്‍ സാങ്കേതികവിദ്യ ആവശ്യമായി വന്നു. ഇത് രണ്ടാം ഘട്ടത്തിലെ വളര്‍ച്ചയായിരുന്നു. വ്യാപകമായി ഐടിയുടെ പ്രയോഗങ്ങള്‍ നടപ്പില്‍ വരികയും സര്‍വ്വസാധാരണമായി ഐ ടി, എല്ലാ തൊഴിലിടങ്ങളിലും ഉപയോഗിച്ചുതുടങ്ങുകയും ചെയ്തതോടെ, വൈദഗ്ധ്യമാവശ്യമുള്ള, അസംബ്ളിംഗ്, സിസ്റ്റം അനാലിസിസ്, ഹാര്‍ഡ്‌വെയര്‍ മാനേജ്മെന്റ്പോലുള്ള മേഖലകളില്‍ സ്ത്രീകളുടെ എണ്ണം കുറയുകയും ചെയ്തതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനര്‍ത്ഥം ഐടി മേഖലകളില്‍ സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്നില്ല എന്നല്ല. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് ഇവയൊക്കെ സാങ്കേതിക ജ്ഞാനമാവശ്യമായ രംഗങ്ങളാണ്. ഇവിടെ ഭൂരിഭാഗവും വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ കയറ്റുന്ന (Data entry) തൊഴില്‍ മാത്രമാണ് സ്ത്രീകള്‍ ചെയ്യുന്നത്. വെസ്റ്റ്ഇന്‍ഡീസും, ഫിലിപ്പൈന്‍സുമാണ് തുടക്കത്തില്‍ ഈ രംഗത്തിന് നേതൃത്വം കൊടുത്തിരുന്നതെങ്കിലും, പിന്നീട്, ചൈന, ഇന്ത്യ, സിംഗപ്പൂര്‍, വിയറ്റ്നാം എന്നിങ്ങനെ വികസിച്ച് ഉഗാണ്ട, ഘാനവരെ ഇപ്പോള്‍ ഇത്തരം തൊഴിലുകളില്‍ സ്ത്രീകള്‍ വ്യാപകമായി വ്യാപരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ്, ബാങ്കിംഗ്, ഫിനാന്‍സ് എന്നീ സേവനമേഖലകളില്‍ ഏറ്റവും കുറഞ്ഞ തസ്തികകളിലും വൈദഗ്ധ്യം തീരെ ആവശ്യമില്ലാത്ത മേഖലകളിലുമാണ് സ്ത്രീകള്‍ നിയമിക്കപ്പെടുന്നത്. ബാങ്കില്‍ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 74% ക്ളാര്‍ക്കുമാരാണ്, അവരില്‍ 12% പേര്‍ മാത്രമേ data processing ല്‍ പണിയെടുക്കുന്നുള്ളു. മറ്റുള്ളവര്‍ data entry മാത്രമാണ് ചെയ്യുന്നത്. (ബാങ്കിംഗില്‍ 10% മാത്രമേ സ്ത്രീകള്‍ ആഫീസര്‍മാരായുള്ളു)
വ്യവസായ വിപ്ളവകാലത്തുണ്ടായിരുന്ന nimble finger (മെലിഞ്ഞ ലോലമായ വിരലുകളുള്ളവള്‍) എന്ന് സ്ത്രീകളെക്കുറിച്ചുണ്ടായിരുന്ന ആശയം ഒട്ടും മാറാതെ വിവര സാങ്കേതികവിദ്യയുടെ കാലത്തും തുടരുന്നു. മാത്രമല്ല, 'ടൈപ്പിംഗ്' അറിയാമെന്നതുകൊണ്ടുതന്നെ data entry യില്‍ സ്ത്രീകളെ വ്യാപകമായി നിയമിക്കുന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥിതി, കമ്പോളവും വിപണിയും മാത്രമല്ല, ആഗോളതലത്തിലെത്തിക്കുന്നത്; തൊഴിലും കൂടിയാണ്. പലപ്പോഴുമായി വികസിത രാജ്യങ്ങളില്‍നിന്ന് വികസ്വര രാജ്യങ്ങളിലേക്കും മൂന്നാംലോക രാഷ്ട്രങ്ങളിലേക്കും ഈ തൊഴില്‍രംഗം പറിച്ചുനടപ്പെടുന്നു. കാരണം, വികസിത രാജ്യങ്ങളില്‍ കൊടുക്കുന്ന കൂലിയുടെ 1/6 അല്ലെങ്കില്‍ 1/12 ഭാഗംവരെ കൊടുത്താല്‍ മതിയാകും. ഈ വ്യത്യാസം അറിയാന്‍ മറ്റൊരു കണക്ക് സഹായകമാകും. ഡാറ്റാഎന്‍ട്രിക്ക് മണിക്കൂറില്‍ 4-6വരെ ഡോളറുകള്‍ ഫിലിപ്പൈന്‍സില്‍ കൊടുക്കേണ്ടിവരുമ്പോള്‍ ജമൈക്കയില്‍ മണിക്കൂറിന് ഒരു ഡോളര്‍ കൊടുത്താല്‍ മതിയാവും. മറ്റൊരുദാഹരണം, ഇന്ത്യയില്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ 3000 ഡോളര്‍വരെ കൊടുത്താല്‍ മതി; എന്നാല്‍ അമേരിക്കയില്‍ ഇതേ പണി ചെയ്യുന്നവര്‍ക്ക് 45,000 ഡോളര്‍ കൊടുക്കേണ്ടി വരുമെന്നതുകൊണ്ടുതന്നെ ആ ജോലി പൂര്‍ണ്ണമായും ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് മാറ്റുന്നു. ഇന്ത്യയില്‍ പ്രൊഫഷണല്‍ രംഗത്തുള്ള സ്ത്രീകളില്‍ 20% പേര്‍ മാത്രമാണ് സോഫ്റ്റ്വെയറില്‍ തൊഴിലെടുക്കുന്നത്. ടെലി-വര്‍ക്കിംഗും ടെലി-കമ്പ്യൂട്ടിംഗും പൂര്‍ണ്ണമായും ഔട്ട്സോഴ്സ് ചെയ്യപ്പെടുകയാണ്.
ഈയിടെ ഒബാമ മുന്നോട്ടുവെച്ചിരിക്കുന്ന ഒരു പ്രഖ്യാപനം ഔട്ട്സോഴ്സിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നാണ്. ഒഹിയോ സ്റ്റേറ്റില്‍ ഔട്ട്സോഴ്സിംഗ് പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടുകഴിഞ്ഞു. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ തൊഴിലില്ലായ്മയുടെ പ്രത്യേകത, കേരളത്തില്‍ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മയാണെന്നതാണ്. ഏകദേശം 62% പെണ്‍കുട്ടികള്‍ ബിരുദാനന്തരബിരുദം നേടുന്ന കേരളത്തില്‍, പുതിയ വിഷയങ്ങളായ മറൈന്‍ ബയോളജി, അസ്ട്രോ-ഫിസിക്സ്, ജിയോ-ഫിസിക്സ് എന്നിങ്ങനെയുള്ള പുതിയ മേഖലകളിലും പെണ്‍കുട്ടികളാണ് മികച്ചുനില്‍ക്കുന്നത്. അതേസമയം തൊഴില്‍പരമായി അവര്‍ പിന്നിലാണ്. കേരളത്തില്‍ വീട്ടമ്മമാര്‍ വര്‍ധിച്ചുവരുന്നു. കുറഞ്ഞകൂലിയും വൈദഗ്ധ്യം തീരെ ആവശ്യമില്ലാത്തതുമായ തൊഴില്‍ രംഗങ്ങളിലാണവര്‍ അടിഞ്ഞുകൂടുന്നത്. (കേരളം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു? കെഎസ്എസ്പി പഠനം).
തൊഴിലന്വേഷിച്ചുള്ള പലായനത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തിന്റേതായ പുതിയ മേഖലകള്‍ തേടിക്കൊണ്ട്, കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ധനലക്ഷ്മി സീതാറാംഗ്രൂപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോയമ്പത്തൂര്‍ ശാഖയില്‍ മാത്രം 75% കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു എന്ന വസ്തുത കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. ഇതുമാതിരി എത്രയോ സ്ഥാപനങ്ങള്‍ കേരളത്തിനുപുറത്ത് കേരളത്തിലെ വിദ്യാര്‍ത്ഥികളെ മാത്രം ആശ്രയിച്ച് വളരുന്നുണ്ട്.
അതേസമയം, ലോകത്തില്‍ത്തന്നെ മറ്റൊരിടത്തും സംഭവിക്കാത്തതും, സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുഖമുദ്രയുമായിരുന്ന വിദ്യാഭ്യാസ പ്രചാരണത്തിനുവേണ്ടിയുള്ള യാചനായാത്ര നടന്നത് കേരളത്തിലാണ് അതിനെ പുറംകൈകൊണ്ട് തൂത്തുമാറ്റിക്കൊണ്ട്, നവോത്ഥാന കാലഘട്ടത്തിലുയര്‍ന്ന മൂല്യങ്ങള്‍ക്ക് യാതൊരുവിലയും കല്‍പിക്കാതെ, "അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമില്ലാ'ത്തതും 'പത്താംതരം വരെ പഠിച്ചിരുന്നാല്‍ മതി' മറ്റ് യോഗ്യതകളൊന്നുംതന്നെ ഗണിക്കുന്നതല്ല-ശമ്പളം 5000-10,000 വരെ താമസസൌകര്യം, ഭക്ഷണം സൌജന്യം' എന്നിങ്ങനെയുള്ള പുതിയ പരസ്യങ്ങള്‍ തീര്‍ച്ചയായും വളര്‍ച്ചയുടെ ലക്ഷണമല്ല. പ്രത്യേകിച്ച് കേരളംപോലെ വിദ്യാസമ്പന്നരുള്ള ഒരു സംസ്ഥാനത്തില്‍. സ്വാശ്രയ സ്ഥാപനങ്ങള്‍ കൂണ്‍പോലെ വരുകയും അവയിലെല്ലാംതന്നെ വരേണ്യവര്‍ഗം ഇടംപിടിക്കുകയും ചെയ്തിരിക്കുന്ന സമയത്ത്, ഇത്തരം പരസ്യങ്ങള്‍ വിളംബരംചെയ്യുന്ന 'വാക് ഇന്‍' ഇന്റര്‍വ്യു പോകുന്ന പെണ്‍കുട്ടികള്‍ ദരിദ്ര കുടുംബത്തിലുള്ള വരായിരിക്കുമെന്നതില്‍ സംശയമില്ല. കോള്‍സെന്റുകളിലെ ജോലി ഒരു വരുമാനമാര്‍ഗ്ഗമെന്നതില്‍ കവിഞ്ഞ് തൊഴിലായി അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയമാണ്. പെണ്‍കുട്ടികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഉല്‍പന്നം, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഉപഭോക്താവിനെക്കൊണ്ട്, സംസാരിച്ച് പ്രേരിപ്പിച്ച് വാങ്ങിപ്പിക്കുക എന്ന ദൌത്യം വളരെ യാന്ത്രികമായി നടക്കുകയാണ്. സംസാരശേഷികൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കേള്‍ക്കേണ്ടിവരുന്നത് അര്‍ത്ഥംപോലുമറിയാത്ത പുളിച്ച തെറിയാണ്. പാശ്ചാത്യരാജ്യങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന 'നാലക്ഷര' വാക്കുകള്‍ നിര്‍ലോഭം കേള്‍ക്കേണ്ടിവരുന്ന ഈ കുട്ടികള്‍ പറയുന്നത്-
"ആദ്യമൊക്കെ ചീത്തവിളി കേള്‍ക്കുമ്പോള്‍ കരച്ചില്‍ വരുമായിരുന്നു. തേവിടിശ്ശി എന്നുവരെയുള്ള വിളികള്‍ രാവിലെതന്നെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ശീലമായിപ്പോയി. മറ്റു ചിലരുണ്ട്. "നിന്റെ ശബ്ദം മധുരമായിരിക്കുന്നു. നീയും സുന്ദരിയാണോ? നിന്റെ ശരീരവടിവും അളവുകളും ഒന്നു പറഞ്ഞുതരുമോ എന്ന് ശൃംഗരിക്കുന്നവര്‍. പക്ഷേ അവരോടും ചിരിക്കുകയല്ലാതെ, ദേഷ്യപ്പെടുകയോ, മറുത്ത് സംസാരിക്കുകയോ ചെയ്യരുതെന്നാണ് 'ബോസ്' പറഞ്ഞിരിക്കുന്നത്. പിന്നെയെന്താ കൈനിറച്ചും ശമ്പളം കിട്ടുന്നുണ്ട്. അതുകൊണ്ട് ഇതൊക്കെ കേള്‍ക്കാന്‍ തയ്യാറാവുന്നു'' കോള്‍സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ബിരുദാനന്തര ബിരുദധാരിയായ ഒരു പെണ്‍കുട്ടി പറഞ്ഞതാണ്.
ആത്മാഭിമാനവും, അധ്വാനവും, അറിവും വിദ്യാഭ്യാസവും മുഴുവന്‍ അടിയറവെയ്ക്കേണ്ടിവരുന്നത് ഈ "കൈനിറയെ' കിട്ടുന്ന ശമ്പളത്തിനുവേണ്ടി മാത്രമെന്നു പറയുമ്പോള്‍ പണം എന്നത് എത്രമാത്രം 'Fetish' ആയിരിക്കുന്നു എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയുന്നു. എന്നു മാത്രമല്ല, മാര്‍ക്സ് പറഞ്ഞ വാക്കുകള്‍ എത്ര അര്‍ത്ഥവത്താകുന്നു എന്നും നാം ഏത് രീതിയില്‍ ഈ പ്രശ്നത്തില്‍ ഇടപെടണമെന്നും ചര്‍ച്ചചെയ്യേണ്ടതുമാണ്. ആഗോളവല്‍ക്കരണത്തിന്റെ തുല്യത സൃഷ്ടിക്കുന്ന രഹസ്യം വ്യക്തമായി മനസ്സിലാക്കാന്‍ മാറിവരുന്ന തൊഴില്‍ രംഗം മാത്രം നിരീക്ഷിച്ചാല്‍ മതിയാകും. ഉപഭോഗസംസ്കാരം വളര്‍ത്തിയെടുക്കുന്ന കൂറ്റന്‍ ഷോപ്പിംഗ് സെന്ററുകള്‍ ധാരാളം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ 'മാളുകളില്‍' തൊഴിലെടുക്കുന്ന സെയില്‍സ് ഗേള്‍സ്, പെട്രോള്‍ ബങ്കില്‍ പണിയെടുക്കുന്ന സ്ത്രീകള്‍, പീസ് റേറ്റില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന തുന്നല്‍ തൊഴിലാളികള്‍, പത്തും പതിനഞ്ചും നിലയുള്ള മാള്യകള്‍ വൃത്തിയാക്കുന്ന സ്വീപ്പര്‍ തസ്തികയിലുള്ള സ്ത്രീകള്‍, കുടുംബഘടനയില്‍ മാറ്റംവന്നതിന്റെ ഭാഗമായി, പ്രായമായവരേയും രോഗികളെയും ശുശ്രൂഷിക്കുന്ന 'ഹോംനഴ്സുമാര്‍' എന്നിങ്ങനെ പുതിയ രീതിയിലുള്ള അസംഘടിതമേഖല വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ക്രഷേയും, മുലപ്പാല്‍കൊടുക്കാനുള്ള ഫീഡിംഗ് സെന്ററുകളും, വിശ്രമമുറിയും ആവശ്യപ്പെട്ട് സമരംനടത്തിയിരുന്ന തൊഴിലാളി സ്ത്രീകളില്‍നിന്ന് വ്യത്യസ്തമായി, നേരെചൊവ്വേ ഇരുന്നാഹാരംകഴിക്കാനുള്ള സംവിധാനമോ, ബാത്ത്റൂം സംവിധാനമോ ഇവര്‍ക്ക് ഇല്ല. കൂറ്റന്‍ ഷോപ്പിംഗ് കോംപ്ളക്സില്‍ തൊഴിലെടുക്കുന്നവരില്‍ 70% ലധികം പെണ്‍കുട്ടികളാണെങ്കിലും, ബാത്ത്റൂമുകള്‍ ഇല്ല, തുണിമാറ്റാനോ, വിശ്രമിക്കാനോ ഉള്ള മുറികള്‍ ഇല്ല. (ആ മുറി വാടകയ്ക്ക് കൊടുത്താല്‍ ലാഭമാണെന്നതിനാല്‍ ഒരു ഫ്ളോറില്‍ ഒരു ബാത്ത്റൂം എന്ന സംവിധാനംപോലുമില്ല. അധ്വാനത്തിന്റെ തോതും സമയവും നോക്കുമ്പോള്‍ കുറഞ്ഞ കൂലിക്ക് അധ്വാനം വില്‍ക്കുന്നവരാണ് പകുതിയിലധികം പെണ്‍കുട്ടികളും. കരാറടിസ്ഥാനത്തില്‍ സുരക്ഷിതത്വമില്ലാത്ത തൊഴില്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പലരും കുടുംബംപോറ്റുന്നവരാണ്, മുഖ്യ വരുമാനക്കാരിയാണ്.
പരമ്പരാഗത തൊഴിലിലും കുടില്‍ വ്യവസായത്തിലുമേര്‍പ്പെട്ടിരുന്ന/ട്ടിട്ടുള്ള അസംഘടിത മേഖലയല്ല, ഈ പുതിയ അസംഘടിത മേഖല. വിദ്യാഭ്യാസം ലഭിച്ച 'പെണ്‍കുട്ടികളാണ് ഇന്നത്തെ അസംഘടിത മേഖലയില്‍. സൌന്ദര്യവും സംസാരശേഷിയും മാത്രമാണ് തൊഴിലിന് ആവശ്യമായ ഉപാധികള്‍. അറിവിന്റെ ലോകം തമസ്കരിക്കപ്പെടുന്നു എന്നു മാത്രമല്ല, സംഘടിക്കാനുള്ള കഴിവോ, മാനസികാവസ്ഥയോ സൃഷ്ടിക്കപ്പെടുന്നില്ല, അതിനുള്ള രാഷ്ട്രീയബോധമോ, എന്തിനധികം, സാമൂഹ്യബോധംപോലുമില്ലാതെ "കൈനിറയെ ലഭിക്കുന്ന കാശുമായി' ദിവസങ്ങള്‍ തള്ളിനീക്കുന്ന ശബ്ദമില്ലാത്ത, കലഹിക്കാത്ത, സമരങ്ങളില്ലാതെ, സമരസപ്പെട്ടുപോകുന്ന തൊഴിലാളികളായി ഇവരെ മാറ്റിയെടുക്കുന്നതില്‍ മുതലാളിത്തം വിജയിച്ചിരിക്കുന്നു എന്നു മാത്രമല്ല, പുതിയ ഒരു തൊഴില്‍ സംസ്കാരം സൃഷ്ടിക്കാനും ശ്രമിച്ച് വിജയിച്ചിരിക്കുകയാണ്. ഈ പുതിയ തൊഴില്‍ സംസ്കാരത്തില്‍ കായികാധ്വാനവും, വിയര്‍പ്പും, ഉല്‍പാദനവും സൃഷ്ടിപരതയും എല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആഗോളതലത്തില്‍ നടക്കുന്ന മറ്റൊരു പ്രക്രിയ കായികാധ്വാനം മാത്രം മുതല്‍ കൂട്ടായിട്ടുള്ള സ്ത്രീകളുടെ (പുരുഷന്മാരുടെയും) തൊഴിലന്വേഷിച്ചുകൊണ്ടുള്ള പലായനമാണ്. കുട്ടികളെ നാട്ടില്‍, ബന്ധുക്കളുടെ രക്ഷാകര്‍തൃത്വത്തില്‍ വിട്ട്, ഭാഷയും ഊരും പേരുമറിയാത്ത നാടുകളില്‍ ചേക്കേറി, തൊഴില്‍ സമ്പാദിക്കുന്ന 'അന്യസംസ്ഥാന തൊഴിലാളികള്‍' കേരളം നിറഞ്ഞുകവിയുകയാണ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെന്നല്ല, ആഗോളതലത്തില്‍ തന്നെ അന്യരാജ്യ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു. സ്ത്രീകള്‍ വീടുമാറി പാര്‍ക്കുന്നത് കുടിയേറുന്നത് മുന്‍പ് വിവാഹശേഷം മാത്രമായിരുന്നു. പക്ഷേ, കഴിഞ്ഞ 10-20 വര്‍ഷങ്ങളായി സ്ത്രീകളുടെ തൊഴില്‍ കുടിയേറ്റങ്ങളും വര്‍ധിച്ചുവരുന്നു (Labour migration) കിട്ടുന്ന എന്ത് ചില്ലിക്കാശിനും, എന്തധ്വാനവും ചെയ്യുവാന്‍ തയ്യാറായി, 'പരക്കംപാഞ്ഞു 'നടക്കുന്ന' ദരിദ്രരെ സൃഷ്ടിക്കുവാന്‍ മാത്രമേ ആഗോളവല്‍ക്കരണത്തിന് കഴിഞ്ഞുള്ളു എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരുവശത്ത് ഉപഭോഗസംസ്കാരം വളര്‍ത്തി, മധ്യവര്‍ഗ്ഗത്തെ ഉപരിവര്‍ഗ്ഗത്തിന്റെ ജീവിതശൈലിയിലേക്ക് കാപട്യത്തോടെ, പൊള്ളയായി ഉയര്‍ത്തുവാനുള്ള ശ്രമം. അതേസമയം, പാടത്തും, വരമ്പിലും ഗോതമ്പ് വയലുകളിലും പണിയെടുത്ത് കുടുംബസമേതം ദരിദ്രരായി കഴിഞ്ഞിരുന്നവര്‍ കുടുംബവും നാടും വീടും, ഉറ്റവരെയും ഉടയവരെയും വിട്ട്, തൊഴിലന്വേഷിച്ച് ഇരുപത് നില കെട്ടിടത്തിന്റെ വാര്‍പ്പുപണിയും കല്ലെടുക്കുന്ന പണിയും ചെയ്യാന്‍ തയ്യാറായിവരുന്നു. കാര്‍ഷികരംഗത്ത് സൃഷ്ടിച്ച മുരടിപ്പ്, അന്യസംസ്ഥാന/അന്യരാജ്യത്തൊഴിലാളികളെ ആഗോളതലത്തില്‍ നെട്ടോട്ടം ഓടക്കാന്‍ മാത്രമാണ് സഹായിച്ചിട്ടുള്ളത്. ആഗോളവല്‍ക്കരണം സൃഷ്ടിച്ച തൊഴില്‍രംഗത്തെ മാറ്റങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: കാര്‍ഷികവൃത്തി നഷ്ടപ്പെട്ട, അക്ഷരാഭ്യാസം കുറഞ്ഞ, പലായനംചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍-ഒരുവശത്ത്. മറ്റൊരുവശത്ത്, അഭ്യസ്തവിദ്യരായിട്ടും, ആര്‍ക്കോവേണ്ടി, എന്തിനോവേണ്ടി പണിയെടുക്കുന്ന സ്ത്രീകള്‍-ഇവരുടെ കൂടെത്തന്നെ, വൈദഗ്ധ്യം ആവശ്യമില്ലാത്ത, മടുപ്പിക്കുന്ന, കരാറടിസ്ഥാനത്തില്‍ കുറഞ്ഞ കൂലിക്കു തൊഴിലെടുക്കുന്ന അക്ഷരാഭ്യാസമുള്ള തൊഴിലാളിസ്ത്രീകള്‍. വിദ്യാഭ്യാസവും ശമ്പളവും ഒക്കെയുണ്ടായിട്ടും, തൊഴില്‍ സൃഷ്ടിക്കുന്ന ആത്മവിശ്വാസമോ, ശാക്തീകരണമോ, അംഗീകാരമോ ലഭിക്കാതെ, താഴ്ന്ന തസ്തികയില്‍ത്തന്നെ പണിയെടുക്കുന്ന സേവന മേഖലയിലെ തൊഴിലാളി സ്ത്രീകള്‍.
അസംഘടിതവും സംഘടിതവുമായി തൊഴില്‍രംഗം വളരെ സജീവമാക്കാന്‍ ആഗോളവല്‍ക്കരണത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. എങ്കിലും, തൊഴില്‍ നേടിത്തരുന്ന അംഗീകാരവും ശാക്തീകരണവും എത്രമാത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്?
കേരളത്തില്‍ത്തന്നെ ശാക്തീകരണത്തിന്റെയും ആത്മവിശ്വാസം വളര്‍ത്തിയെടുത്തതിന്റെയും ഉദാഹരണങ്ങളും മാതൃകകളുമുണ്ട്. സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവും ഉല്‍പാദനരംഗത്തെ ഇടപെടലും ശക്തമായി നടപ്പാക്കാന്‍ രാഷ്ട്രീയ ഇഛാശക്തി കഴിഞ്ഞ നാലു വര്‍ഷങ്ങളായി നാം കാണുന്നുണ്ട്. വെറും പണമിടപാട് മാത്രം നടത്തിയിരുന്ന (അതും ഭര്‍ത്താവിന്റെ പോക്കറ്റില്‍നിന്ന് പൈസയെടുത്ത്) കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പാദകരും വിതരണക്കാരുമായി മാറുകയും പുതിയ മേഖലകള്‍ തേടിപ്പിടിക്കുകയും പുരുഷന്മാരുടെ കുത്തകയായിരുന്ന തൊഴില്‍ മേഖലകളിലേക്ക് ചേക്കേറുകയും ചെയ്ത് വിജയഗാഥ രചിക്കകുകയാണ്.
കൃഷി ലാഭകരമല്ലാതിരുന്ന കേരളത്തില്‍ ലാഭകരമായി കൃഷിചെയ്ത് മാതൃകകാണിച്ചിരിക്കുകയാണ് കുടുംബശ്രീ.
നൂറോ, ഇരുന്നൂറോ ഹെക്ടറിലല്ല, 27,270 ഹെക്ടറിലായി കൃഷിനടത്തുകയാണിവര്‍. 'സമഗ്ര' എന്ന പദ്ധതിയിലൂടെ മാത്രം, 57,275 സ്ത്രീകള്‍ പണിയെടുക്കുന്നു.
നേന്ത്രവാഴ (തിരുവനന്തപുരം) 12,000
നിവേദ്യം (തൃശൂര്‍) 15,000
ക്ഷീരസാഗരം -ഇടുക്കി) 245
നെടുമ്പനി അപ്പാരല്‍ (കൊല്ലം) 50
മധുരം (പത്തനംതിട്ട) 10,000
അലങ്കാരമത്സ്യം 1,000
തിരുമധുരം (എറണാകുളം) 12,500
കൊണ്ടാട്ടം 480
ആടുഗ്രാമം (കണ്ണൂര്‍) 5,000
ചെരുപ്പ് നിര്‍മ്മാണം (കോഴിക്കോട്) 1,000
(കുടുംബശ്രീ വെബ്സൈറ്റില്‍നിന്നെടുത്തത്.)
'സമഗ്ര' പദ്ധതി വിളിച്ചുപറയുന്നത്, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് കൃഷി, കൃഷിയുമായി ബന്ധപ്പെട്ടയ്ക്കാണ് കൂടുതലായി സ്ത്രീകള്‍ എത്തുന്നത് എന്നതാണ്. മണ്ണും മഹിളയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നു എന്നു മാത്രമല്ല, തൊഴില്‍ സംസ്കാരം നിലനിര്‍ത്താനും ഇവര്‍ സഹായിക്കുന്നു.
കുടുംബശ്രീയുടെ വളര്‍ച്ചയുടെ ഒരുദാഹരണം മാത്രമാണിത്. മന്ത്രിമാരും നേതാക്കന്മാരും വരുമ്പോള്‍ താലമെടുത്തിരുന്ന സ്ത്രീകള്‍, തെങ്ങില്‍കയറി തേങ്ങയിടാന്‍ മാത്രം 'വളര്‍ച്ച' പ്രാപിച്ചിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമാണ്.
ഇതുകൂടാതെ, ആശ്രയ, ഐ ടി എന്നിങ്ങനെ പുതിയ മേഖലകള്‍ കയ്യടക്കുകയാണ് കുടുംബശ്രീ. ആദിവാസി മേഖലകളില്‍വരെ, 24,741 പുതിയ അയല്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ആദിവാസി മേഖലയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് തുടക്കംകുറിക്കുകയാണ് കുടുംബശ്രീ. തീര്‍ച്ചയായും, അടുത്ത കാനേഷുമാരി കണക്കുകളില്‍ കുടുംബശ്രീയുടെ അധ്വാനം അടയാളപ്പെടുത്തുവാന്‍ മാത്രമല്ല, സ്ത്രീ തൊഴില്‍ പങ്കാളിത്തത്തില്‍ വമ്പിച്ച മാറ്റം സൃഷ്ടിക്കുവാനും ഇതുകൊണ്ട് കഴിയുന്നതാണ്.
അതുപോലെതന്നെ കേന്ദ്രഗവണ്‍മെന്റിന്റെ പ്രോജക്ടാണെങ്കിലും, ഒരു പദ്ധതി എത്ര ശുഷ്കാന്തിയോടും താല്‍പര്യത്തോടുംകൂടി നടത്തുന്നു എന്നതനുസരിച്ചാണ് പദ്ധതിയുടെ വിജയം മനസ്സിലാക്കേണ്ടത്. അത് എവിടെ, എങ്ങനെ നടത്തുന്നു എന്നതിന് ഏറെ പ്രസക്തിയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രോജക്ടായതുകൊണ്ട് കാര്യമില്ല. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് തൊഴിലുറപ്പ് പദ്ധതി വിജയകരമായി മുന്നേറുന്നത്. മിനിമംകൂലിക്കുവേണ്ടിയുള്ള സമരങ്ങള്‍ നടന്ന മണ്ണില്‍, മിനിമം കൂലികൊടുത്തുകൊണ്ട്, നൂറുദിവസം തികച്ചുകൊണ്ട് തൊഴിലുറപ്പു പദ്ധതി മുന്നേറുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ മിനിമം കൂലി 160 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യവും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റിന്റെ പിന്‍ബലമില്ലാതെ, പഞ്ചായത്തുകളുടെ സഹകരണമില്ലാതെ ഈ പദ്ധതി വിജയിക്കുകയില്ല, എന്നത് മറ്റു സംസ്ഥാനങ്ങളില്‍ എത്രമാത്രം പരാജയമാണ് തൊഴിലുറപ്പ് പദ്ധതി എന്നത് വ്യക്തമാക്കുന്നു. ഇതിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍തന്നെ അതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു.
1. വീട്ടുജോലിക്ക്/കൃഷിപ്പണിക്ക് സ്ത്രീകളെ ലഭിക്കുന്നില്ല.
2. സ്ത്രീകള്‍ 'ചുമ്മാ വാചകമടിച്ചു' വൈകിട്ടാവുമ്പോള്‍ 125 രൂപയും വാങ്ങിപ്പോകുന്നു.
9,55,976 ലക്ഷം കുടുംബങ്ങള്‍ക്ക് 100 ദിവസം പണികൊടുക്കാന്‍ കേരളത്തില്‍ കഴിഞ്ഞിട്ടുണ്ട്. അവരുടെ ആവശ്യങ്ങളും അവകാശങ്ങളുമുന്നയിക്കാന്‍ സംഘടിത രൂപം കൈക്കൊള്ളുവാനുള്ള (സിഐടിയുവിന്റെ നേതൃത്വത്തില്‍) ശ്രമവും നടന്നിട്ടുണ്ട്.
ഗ്രീവന്‍സ് കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍-ആഡിറ്റ് കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍, M & E കോ-ഓര്‍ഡിനേറ്റര്‍, രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ഫിനാന്‍സ് മാനേജര്‍ എന്നിങ്ങനെ എല്ലാ തസ്തികകളിലും നിയമനം നടത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ് എന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ വെബ്സൈറ്റുതന്നെ പറയുന്നു.
ആക്ടില്‍ സൂചിപ്പിച്ചതില്‍നിന്ന് ഒരുപടി ഉയര്‍ന്ന് നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ഇവര്‍ തയ്യാറാവുന്നുണ്ട്. ഇതിന്റെ വിജയസാധ്യത മനസ്സിലാക്കി, നഗരപ്രദേശങ്ങളിലും ഈ പദ്ധതി വ്യാപിപ്പിക്കാനായി, ധനമന്തി, ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ ഫണ്ട് മാറ്റിവെച്ചിട്ടുണ്ട്. ഇവയൊക്കെ കാണിക്കുന്നത്, പദ്ധതി ആരുടേതെന്നല്ല, പകരം എത്ര വിജയകരമായി നടപ്പാക്കുന്നു എന്നതാണ് പ്രധാനം.
സ്ത്രീകള്‍ 'ചുമ്മാ വാചകമടിച്ചു' പൈസയുണ്ടാക്കുന്നതിലൂടെ മറ്റൊരു പ്രക്രിയ നടക്കുന്നത് വിമര്‍ശകര്‍ കാണുന്നില്ല. സ്ത്രീകളുടെ കൂട്ടായ്മ സൃഷ്ടിക്കപ്പെടുകയാണ്. 10-12 അംഗങ്ങള്‍ വരെയുള്ള സ്ത്രീകള്‍ പ്രായഭേദമെന്യെ പണിയെടുക്കാന്‍ വരുമ്പോള്‍ അന്യോന്യം സഹായിച്ചുകൊണ്ട്, ഒരു കൂട്ടായ്മ സൃഷ്ടിക്കപ്പെടുകയും, അധ്വാനം ആനന്ദമാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയ നടക്കുന്നുണ്ട്. അത് കാണാതിരുന്നുകൂട.
പദ്ധതിയുടെ ചട്ടക്കൂട്ടില്‍, നിയമാവലിയില്‍ പല അപാകതകളുമുണ്ട്.
1. മിനിമം വേജ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
2. നിര്‍വചിക്കപ്പെട്ടിട്ടുള്ള തൊഴിലുകളില്‍ മാറ്റംവരേണ്ടതുണ്ട്.
3. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ സ്ത്രീകള്‍ക്ക് ട്രെയിനിംഗ് നല്‍കേണ്ടതുണ്ട്.
4. ചെയ്യുന്ന പണി ഉല്‍പാദനപരവും ക്രിയാത്മകവുമാകേണ്ടതുണ്ട്.
അതുപോലെതന്നെ നടത്തിപ്പില്‍, ആക്ടില്‍ പറയുന്ന രീതിയില്‍, കുട്ടികളെ നോക്കാനും, മുലയൂട്ടാനുമുള്ള സംവിധാനങ്ങളുണ്ടാവണം, ബാത്ത്റൂം, വിശ്രമമുറി എന്നിവയ്ക്കുള്ള സൌകര്യങ്ങളുണ്ടാവണം.
ഇത്തരം പോരായ്മകള്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെടുമ്പോഴും ഇത് വിജയകരമായി മുന്നേറുന്നതുകൊണ്ടാണ് അങ്ങനെ ആവശ്യപ്പെടാന്‍ കഴിയുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ വന്ന സ്ത്രീകളും കാനേഷുമാരി കണക്കില്‍ ഉള്‍പ്പെടുമെന്നതില്‍ സംശയമില്ല. ഈ തൊഴിലും വരുമാനവും നല്‍കുന്ന അംഗീകാരം, ആത്മവിശ്വാസമായി അവളില്‍ വളര്‍ന്നുവരുന്നുണ്ട്. കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവരിലും, തൊഴിലുറപ്പില്‍ പ്രവര്‍ത്തിക്കുന്നവരിലും ഒരുതരം തൊഴിലാളിബോധം (Labour Consciousness) സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 'കൈനിറയെ സമ്പാദിക്കുന്ന' പുത്തന്‍ അസംഘടിതമേഖലകളില്‍ ഇതു കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ ബോധം, തീര്‍ച്ചയായും ചോദ്യങ്ങള്‍ ചോദിക്കാനും, അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള പെണ്‍കരുത്ത് സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
മൂന്നാംലോക രാഷ്ട്രങ്ങളിലെ പാവപ്പെട്ട തൊഴിലാളികളെയും സ്ത്രീകളെയും ചൂഷണംചെയ്ത് വികസിക്കുന്ന നവലിബറലിസം അവകാശപ്പെടുന്നത്, "തുല്യത സൃഷ്ടിക്കാന്‍ ഞങ്ങള്‍ സഹായിക്കുന്നു. തുല്യത എന്നത് വിജയിക്കാനുള്ള/ഉയര്‍ന്നുവരാനുള്ള തുല്യസാധ്യതയായിരിക്കണം'' എന്നാണെങ്കിലും, ഈ വ്യാഖ്യാനം തുല്യതയെ അംഗീകരിക്കുമ്പോള്‍തന്നെ വ്യക്തികളെ തുല്യരല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. മറിച്ച് കേരളം മുന്നോട്ടുവെയ്ക്കുന്ന മാതൃകകള്‍ വ്യക്തികളെ തുല്യരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നതാണ് അതിന്റെ സവിശേഷത.
*
ഡോ. ടി കെ ആനന്ദി കടപ്പാട്: ചിന്ത വാരിക
Saturday, November 20, 2010
മാറുന്ന തൊഴില്‍ രംഗങ്ങളും സ്ത്രീകളും
Subscribe to:
Post Comments (Atom)
1 comment:
സാമൂഹ്യ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന മുഖ്യ ഘടകമായ ഉല്‍പാദനരംഗത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുതുടങ്ങിയിട്ടുണ്ട്. തൊഴില്‍ രീതികള്‍ ഓരോ കാലഘട്ടത്തിലും മാറിവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ തൊഴില്‍ രംഗത്ത് എല്ലാ കാലഘട്ടങ്ങളിലും ഏതെങ്കിലും രീതിയില്‍ ചൂഷണമനുഭവിക്കുന്നവരാണ്. കുറഞ്ഞ കൂലി, തുല്യവേതനത്തിന്റെയും മിനിമം വേജസിന്റെയും അഭാവം, സ്ഥിരമായി തൊഴിലില്ലാതിരിക്കുക എന്നിങ്ങനെ പല പ്രശ്നങ്ങളും സ്ത്രീകളെ ബാധിക്കാറുണ്ട്. വളരെ പ്രകടമായി കാണാന്‍ കഴിയുന്നില്ലെങ്കിലും, ആഗോളവല്‍ക്കരണത്തിന്റെ ആരംഭകാലത്തുണ്ടായിരുന്നതില്‍നിന്നും മോശമായ രീതിയിലേക്കാണ് തൊഴില്‍ രംഗവും തൊഴില്‍ രംഗത്തുള്ള സ്ത്രീകളുടെ പ്രശ്നവും മാറിക്കൊണ്ടിരിക്കുന്നത്.
Post a Comment