2006 ജൂലൈയില്‍ ഫിദല്‍ കാസ്ട്രോ രോഗബാധിതനായി അധികാരത്തില്‍നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്ന്, സാമ്രാജ്യത്വ കേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും ക്യൂബയിലെ അടുത്ത ഭരണാധികാരികള്‍ ആരെല്ലാമായിരിക്കും എന്ന കണക്കുകൂട്ടല്‍ തുടങ്ങി. റൌള്‍ കാസ്ട്രോയ്ക്കും വാര്‍ദ്ധക്യം ആയി കഴിഞ്ഞു എന്നും അദ്ദേഹത്തിനും ഇനി അധികനാള്‍ ഉണ്ടാവില്ല എന്നും അവര്‍ വിധിയെഴുതി. കാര്‍ലോസ് ലാഗെയോ ഫെലിപ് പെരെസ് റോക്കെയോ ആയിരിക്കും ക്യൂബയിലെ അടുത്ത നേതാവ് എന്ന പ്രവചനവും പാശ്ചാത്യമാധ്യമങ്ങള്‍ നടത്തിയിരുന്നു.
കാര്‍ലോസ് ലാഗെ ക്യൂബന്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാളും മന്ത്രിസഭയുടെ എക്സിക്യുട്ടീവ് സെക്രട്ടറിയുമായിരുന്നു. പെരെസ് റോക്കെ വിദേശകാര്യമന്ത്രിയും. റോക്കെ മന്ത്രിസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്നു മാത്രമല്ല, വിദേശകാര്യമന്ത്രി പദവിയില്‍ ഇതേവരെ എത്തിയവരില്‍വച്ച് ഏറ്റവും പ്രായംകുറഞ്ഞ ആളുമായിരുന്നു. പാശ്ചാത്യമാധ്യമങ്ങള്‍ ഇവരെ കേന്ദ്രീകരിച്ച്, ഇവര്‍ക്കനുകൂലമായി കഥകള്‍ മെനഞ്ഞുവരുന്നതിനിടെയാണ് 2009 മാര്‍ച്ച് 2ന് ഇവര്‍ രണ്ടുപേരെയും കമ്യൂണിസ്റ്റുപാര്‍ടിയിലും സര്‍ക്കാരിലും അവര്‍ വഹിച്ചിരുന്ന സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. ക്യൂബയില്‍ അധികാര വടംവലി തുടങ്ങിക്കഴിഞ്ഞതായും തകര്‍ച്ചയ്ക്ക് ഇനി അധികനാളില്ല എന്നുമായി പിന്നത്തെ പാശ്ചാത്യ പ്രചരണം.
ക്യൂബയെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള അമേരിക്കന്‍ നീക്കങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്പെയിന്‍. സ്പെയിനിന്റെ കോളനി ആയിരുന്നല്ലോ ക്യൂബ. ക്യൂബന്‍ ജനസംഖ്യയില്‍ ഗണ്യമായ വിഭാഗവും സ്പാനിഷ് വംശജരുമാണ്. ക്യൂബയില്‍ "ജനാധിപത്യം'' സ്ഥാപിക്കുന്നതിനായുള്ള പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ ഒരാള്‍ സ്പെയിനിലെ മുന്‍ പ്രധാനമന്ത്രി ലോപ്പസ് അസ്നറാണ്.
സ്പെയിനില്‍ സോഷ്യലിസ്റ്റ് പാര്‍ടി അധികാരത്തിലെത്തിയിട്ടും ക്യൂബയോടുള്ള സമീപനത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സ്പെയിനിന്റെ ചാരസംഘടനയും സിഐഎയും ക്യൂബയുടെ കാര്യത്തില്‍ ഇരട്ട സഹോദരങ്ങളെപ്പോലെയാണ് നീങ്ങുന്നത്.
2008 ഡിസംബര്‍ ഒടുവില്‍ "ചരിത്ര സ്മരണയ്ക്കായുള്ള നിയമം'' എന്ന പേരില്‍ സ്പെയിനില്‍ പുതിയ ഒരു നിയമം നിലവില്‍വന്നു. ഈ നിയമപ്രകാരം ലോകത്തിന്റെ ഏതുഭാഗത്ത് താമസിക്കുന്നവര്‍ക്കും, തങ്ങളുടെ മുത്തച്ഛനോ മുത്തശ്ശിയോ സ്പെയിനില്‍നിന്നുള്ളവരാണെന്ന് അവകാശപ്പെടാന്‍ കഴിയുമെങ്കില്‍, സ്പാനിഷ് പൌരത്വം ലഭിക്കും. ക്യൂബ, അര്‍ജന്റീന, ഉറുഗ്വേ എന്നീ രാജ്യങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്- അതില്‍തന്നെ ക്യൂബയാണ് മുന്നില്‍. കാരണം, 1898നും 1930നും ഇടയ്ക്ക് ഏകദേശം 10 ലക്ഷം സ്പെയിന്‍കാരാണ് ക്യൂബയിലേക്ക് കുടിയേറിയിട്ടുള്ളത്. സ്പെയിനില്‍ നിലവില്‍വന്ന പുതിയ നിയമം ക്യൂബക്കാര്‍ക്ക് സ്പാനിഷ് പൌരത്വം നേടുന്നതിനും ക്യൂബയില്‍നിന്ന് നാടുവിടുന്നതിനും സൌകര്യം നല്‍കുന്നു. ക്യൂബയില്‍നിന്ന് സൌജന്യമായി വിദ്യാഭ്യാസവും തുടര്‍ പരിശീലനവും നേടിയ ഡോക്ടര്‍മാരും മറ്റു വിദഗ്ധരും സാമ്പത്തിക നേട്ടത്തിനായി ഈ സൌകര്യം മുതലെടുത്ത് സ്പെയിനിലേക്കും പലരും അവിടെനിന്ന് അമേരിക്കയിലേക്കും പോകുന്നുണ്ട്. ഈ നിയമത്തിന്റെ കാലാവധി 2010 ഡിസംബറോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയിരിക്കുകയുമാണ്.
സ്പെയിനിന്റെ ചാര സംഘടനയായ സിഎന്‍ഐയുടെ ഉപമേധാവി എസ്പെരാന്‍സ കാസ്റ്റെലെയ്റൊയ്ക്കാണ് ക്യൂബയ്ക്കെതിരായ ചാര പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ 2008 നവംബറില്‍ ക്യൂബ സന്ദര്‍ശിച്ചിരുന്നു. മിയാമിയില്‍ പോയി അവിടെ പ്രവര്‍ത്തിക്കുന്ന ക്യൂബന്‍ പ്രതിവിപ്ളവ സംഘങ്ങളെ കണ്ട ശേഷമാണ് എസ്പെരാന്‍സ ക്യൂബയില്‍ എത്തിയത്. ഇവരുടെ ചാരശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ക്യൂബന്‍ വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കാര്‍ലോസ് ലാഗെയുടെ ഉറ്റ സുഹൃത്തായ കോണ്‍റാഡൊ ഹെര്‍ണാണ്ടസ്. ഇയാളുടെ പൂര്‍വ്വികന്മാര്‍ സ്പെയിനില്‍ നിന്നുള്ളവരാണെന്നപേരില്‍ ഇയാള്‍ക്ക് സ്പാനിഷ് പൌരത്വവും ലഭിച്ചിരുന്നു. ക്യൂബയില്‍ ബിസിനസ് ബന്ധമുള്ള പല സ്പാനിഷ് കമ്പനികളുടെയും ഇടനിലക്കാരനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ക്യൂബയിലെ മതന്‍സാസ് പ്രവിശ്യയിലുള്ള ഹെര്‍ണാണ്ടസിന്റെ കൃഷിക്കളത്തില്‍ ലാഗെയും വിദേശകാര്യമന്ത്രി പെരെസ് റോക്കെയും മറ്റു ചിലരും ഒത്തുചേരാറുണ്ടായിരുന്നു. കസ്റ്റെലെയ്റൊ എത്തിച്ചുകൊടുത്ത ഉപകരണങ്ങളുടെ സഹായത്തോടെ ഈ കൂടിക്കാഴ്ചയും സംഭാഷണങ്ങളും പരമരഹസ്യമായി ഹെര്‍ണാണ്ടസ് റിക്കാര്‍ഡ് ചെയ്തിരുന്നു.
സ്പെയ്നിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഹെര്‍ണാണ്ടസ് 2009 ഫെബ്രുവരി 14ന് ഹവാന വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്ചെയ്യപ്പെട്ടു. ലാഗെയും പെരസ്റോക്കെയും പങ്കെടുത്ത സ്വകാര്യ ഒത്തുചേരല്‍ രേഖപ്പെടുത്തിയ ടേപ്പുകള്‍ ഇയാളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. എസ്പെരാന്‍സ കാസ്റ്റെലെയ്റൊ ഉള്‍പ്പെടെ ചില സ്പാനിഷ് ഏജന്റുമാരോടൊപ്പം ഹെര്‍ണാണ്ടസ് ഒരു റസ്റ്റോറന്റില്‍ സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ക്യൂബന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. അതാണ് ഇയാളെ പിന്തുടരാന്‍ കാരണമായത്. ക്യൂബന്‍ നേതൃത്വത്തെ സംബന്ധിച്ച വിവരങ്ങള്‍, ഫിദല്‍ കാസ്ട്രോയുടെ ആരോഗ്യനില, ചൈന, ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങളുമായുള്ള ക്യൂബയുടെ ബന്ധം എന്നിവയെക്കുറിച്ചെല്ലാം വിവരങ്ങള്‍ ശേഖരിച്ച് സി എന്‍ ഐക്ക് കൈമാറുകയാണ് ഇയാളെ ഏല്‍പിച്ചിരുന്ന ദൌത്യം. ഇതില്‍ പല വിവരങ്ങളും ലാഗെയും പെരെസ് റോക്കെയും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഏതായാലും ഹെര്‍ണാണ്ടസും അയാള്‍ ചോര്‍ത്തിയ വിവരങ്ങളും ഇപ്പോള്‍ ക്യൂബന്‍ അധികൃതരുടെ കസ്റ്റഡിയിലാണ്.
ക്യൂബന്‍ ഭരണസംവിധാനത്തിന്റെ പരമോന്നതവേദിയായ നാഷണല്‍ അസംബ്ളി ഓഫ് പീപ്പിള്‍സ് പവറിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ 2009 ഫെബ്രുവരി 23ന് യോഗം ചേര്‍ന്നു. പുതിയ പ്രസിഡന്റിനെയും മന്ത്രിസഭയെയും തൊട്ടടുത്ത ദിവസം (ഫെബ്രുവരി 24) തെരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. റൌള്‍ കാസ്ട്രോ ആയിരിക്കും പ്രസിഡന്റ് എന്നത് ഉറപ്പായിരുന്നു. ഒന്നാം വൈസ്പ്രസിഡന്റും മറ്റു സ്ഥാനങ്ങളും ആര്‍ക്കൊക്കെ ആയിരിക്കും എന്നതിനെക്കുറിച്ച് ആശങ്ക നിലനിന്നിരുന്നു. 23-ാം തീയതിയിലെ രഹസ്യയോഗത്തില്‍ ഒന്നാം വൈസ് പ്രസിഡന്റായി ക്യൂബന്‍ വിപ്ളവത്തിന്റെ ആദ്യ തലമുറയില്‍പ്പെട്ട, ഗ്രാന്‍മ പോരാളികളിലൊരാളായ റാമോന്‍ മച്ചാഡൊ വെഞ്ചുറയെ തെരഞ്ഞെടുക്കണമെന്ന തീരുമാനത്തിലെത്തി. 24-ാം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ തീരുമാനങ്ങള്‍ രഹസ്യമായി വെയ്ക്കാന്‍ ആ യോഗത്തില്‍ പങ്കെടുത്തവരെല്ലാം ബാധ്യസ്ഥരാണ്. എന്നാല്‍ ഒന്നാം വൈസ്പ്രസിഡന്റാകും എന്ന് പ്രതീക്ഷിച്ചിരുന്ന, അത് നടക്കാത്തതില്‍ നിരാശനായ കാര്‍ലോസ് ലാഗെ അന്നുരാത്രിതന്നെ ആ വിവരം തന്റെ അളിയന്‍ റൌള്‍ കാസ്റ്റെലാനോസ് ലാഗെ, പെരെസ് റോക്കെ, ഫിദലിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ട കാര്‍ലോസ് വലെന്‍ഷ്യാഗോ, കോണ്‍റാഡോ ഹെര്‍ണാണ്ടസ് എന്നിവരെ അറിയിച്ചു. ഹെര്‍ണാണ്ടസ് ഉടന്‍തന്നെ ആ വിവരം സ്പാനിഷ് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. സ്വാഭാവികമായും അവിടെനിന്ന് സിഐഎയ്ക്കും വിവരം കൈമാറുന്നതാണ്. ഒരു കമ്യൂണിസ്റ്റുകാരന്‍ പുലര്‍ത്തേണ്ട അച്ചടക്കമാണ് ലാഗെ ലംഘിച്ചത്. അമേരിക്കന്‍ സര്‍ക്കാര്‍ കാസ്ട്രോയ്ക്കുശേഷം ഒരു കമ്യൂണിസ്റ്റുകാരനെയും അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നും തീരുമാനമെടുത്തിരുന്ന വിവരം പരക്കെ അറിയാമെന്നിരിക്കെയാണ്, ആളുകളെ കൊല്ലാന്‍പോലും സിഐഎ മടിക്കില്ലെന്നിരിക്കെയാണ് ഇങ്ങനെ വിവരം ചോര്‍ത്തപ്പെട്ടത്.
കോണ്‍റാഡൊ ഹെര്‍ണാണ്ടസ് പൊലീസ് പിടിയിലായതോടെയാണ്, അയാളില്‍നിന്ന് പിടിച്ചെടുത്ത വീഡിയോ ടേപ്പില്‍നിന്നും അയാളെ ചോദ്യംചെയ്തതില്‍നിന്നുമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കമ്യൂണിസ്റ്റുപാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ യോഗം ഈ രേഖകളും വീഡിയോ ടേപ്പുകളും പരിശോധിച്ച്, ലാഗെയ്ക്കും പെരെസ്റോക്കെയ്ക്കും ആരോപണങ്ങള്‍ നിഷേധിക്കാന്‍പോലും പറ്റാത്തവിധം സംശയാതീതമായി അവരില്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ രണ്ടുപേരെയും അധികാര സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ശിശുരോഗ വിദഗ്ധനായ ലാഗെയെ ഒരു ആരോഗ്യ കേന്ദ്രത്തിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറായ പെരെസ് റോക്കെയെ ഒരു ഫാക്ടറിയിലും നിയമിക്കുകയും ചെയ്തു. പൊളിറ്റ്ബ്യൂറോ യോഗ നടപടിക്രമങ്ങളും ഇവരുടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന വീഡിയോ ടേപ്പുകളും രാജ്യത്താകെ ജനങ്ങളുടെ അറിവിലേക്കായി സംപ്രേഷണം ചെയ്യുകയുമുണ്ടായി.
*
ജി വിജയകുമാര്‍ കടപ്പാട് ചിന്ത വാരിക
(തുടരും)
Friday, November 26, 2010
അട്ടിമറിക്ക് കൂട്ടായി അധികാര മോഹികളായ കോടാലിക്കൈകള്‍
Subscribe to:
Post Comments (Atom)
1 comment:
2006 ജൂലൈയില്‍ ഫിദല്‍ കാസ്ട്രോ രോഗബാധിതനായി അധികാരത്തില്‍നിന്ന് ഒഴിഞ്ഞതിനെ തുടര്‍ന്ന്, സാമ്രാജ്യത്വ കേന്ദ്രങ്ങളും അവരുടെ മാധ്യമങ്ങളും ക്യൂബയിലെ അടുത്ത ഭരണാധികാരികള്‍ ആരെല്ലാമായിരിക്കും എന്ന കണക്കുകൂട്ടല്‍ തുടങ്ങി. റൌള്‍ കാസ്ട്രോയ്ക്കും വാര്‍ദ്ധക്യം ആയി കഴിഞ്ഞു എന്നും അദ്ദേഹത്തിനും ഇനി അധികനാള്‍ ഉണ്ടാവില്ല എന്നും അവര്‍ വിധിയെഴുതി. കാര്‍ലോസ് ലാഗെയോ ഫെലിപ് പെരെസ് റോക്കെയോ ആയിരിക്കും ക്യൂബയിലെ അടുത്ത നേതാവ് എന്ന പ്രവചനവും പാശ്ചാത്യമാധ്യമങ്ങള്‍ നടത്തിയിരുന്നു.
Post a Comment