Tuesday, November 23, 2010

സാന്ത്വനം ഭീകരതയാവുമ്പോള്‍

വോട്ടിനേക്കാള്‍ വലുതാണ് നാടെന്ന ചിന്ത അനിവാര്യമായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ദേശീയവാദികളെന്നവകാശപ്പെടുന്നവര്‍പോലും കടുത്ത മതവര്‍ഗ്ഗീയശക്തികളുമായി തെരഞ്ഞെടുപ്പ്സഖ്യങ്ങള്‍ ഉണ്ടാക്കുകയും അധികാരം പങ്കിടുകയും ചെയ്യുന്നുണ്ട്. സിപിഐ എം വിപ്ളവതീവ്രത കുറഞ്ഞ പാര്‍ട്ടിയായതിനാല്‍ അതില്‍ നിന്ന് പുറത്തുപോയി വിപ്ളവം എന്ന് ലേബലൊട്ടിച്ച ആളുകള്‍ വരെ യാതൊരു ലജ്ജയുമില്ലാതെ വര്‍ഗ്ഗീയശക്തികളുമായി ഐക്യമുണ്ടാക്കുന്നു. ഒഞ്ചിയത്തു പോലും രക്തസാക്ഷികളെ അപമാനിക്കുന്ന ഒരുതരം ദുഷിച്ച രാഷ്ട്രീയകൂട്ടായ്മ വിപ്ളവവാദികളുമായും വലതുപക്ഷവുമായും വര്‍ഗ്ഗീയവാദികളുമായും ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്രീയസഖ്യം അസാധാരണമായി ഉരുത്തിരിഞ്ഞുവന്നതൊന്നുമല്ല. ബൂര്‍ഷ്വാസി അധികാരം നിലനിര്‍ത്താന്‍ ഏതു മാര്‍ഗ്ഗവുമവലംബിക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ വേണ്ടിയാവുമ്പോള്‍ സ്വന്തം നികുംഭിലയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കും. മാധ്യമങ്ങളെ നിരങ്കുശം ഉപയോഗിക്കും. വില്ക്കപ്പെടാന്‍ തയ്യാറുള്ളവരാരെന്ന് അവര്‍ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇന്തോനേഷ്യയിലും മറ്റും നേരിട്ടുചെയ്ത കാര്യങ്ങള്‍ വിവിധ പക്ഷങ്ങളിലുള്ള മതതീവ്രവാദികളെ ഉപയോഗിച്ച് അവര്‍ ചെയ്തുതീര്‍ക്കും. ഫാസിസവും വര്‍ഗ്ഗീയതയുമെല്ലാം അവര്‍ക്ക് കേവലമായ ആയുധങ്ങളാണ്. ജനാധിപത്യവും ബൂര്‍ഷ്വാസിക്ക് കേവലമായ ഒരായുധമാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിലുള്ള പരമാധികാരം, ജനാധിപത്യം, സെക്യുലറിസം, സോഷ്യലിസം എന്നിവയെല്ലാം ബൂര്‍ഷ്വാസിക്ക് അധികാരം നിലനിര്‍ത്തുന്നതിനുള്ള ഉപാധികളാണ്; അധികാരം നിലനിര്‍ത്തുന്നത് ചൂഷണം തുടരാനും ബൂര്‍ഷ്വാ-സാമ്രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടിയാണ്.

ഈ അവസ്ഥയില്‍ എന്താണ് വര്‍ഗ്ഗീയതയെന്നും അതെങ്ങനെ മതഭീകരതയായി പരിണമിക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്.

I

ബൂര്‍ഷ്വാ പണ്ഡിതന്മാര്‍ വര്‍ഗ്ഗീയതയെ നിര്‍വ്വചിക്കുന്നത് തികഞ്ഞ ലാഘവബുദ്ധിയോടെയാണ്. വ്യത്യസ്തമായ സ്വതന്ത്രകമ്യൂണുകളായി സമൂഹം വിഭജിക്കപ്പെടുകയും ഭരണകൂടം ഈ കമ്യൂണുകളുടെ കോണ്‍ഫെഡറേഷനായിരിക്കുകയും ചെയ്യുന്ന അവസ്ഥയെന്നാണ് ഒരു ബൂര്‍ഷ്വാപണ്ഡിതന്‍ കമ്യൂണലിസത്തെ നിര്‍വ്വചിക്കുന്നത്! ഫെഡറല്‍ രാഷ്ട്രത്തിനുള്ളില്‍ അനേകം മത- വംശീയ വിഭാഗങ്ങള്‍ക്ക് സ്വയംഭരണമുണ്ടാവുന്ന അവസ്ഥയാണ് വര്‍ഗ്ഗീയതയെന്ന് വേറൊരാള്‍ നിര്‍വ്വചിക്കുന്നുണ്ട്! സത്യത്തില്‍ വര്‍ഗ്ഗീയതയെന്ന പദം കൊണ്ട് നമ്മുടെ സമൂഹം അനുഭവിക്കുന്ന ശപ്താനുഭവങ്ങളൊന്നും ഇത്തരം നിര്‍വ്വചനങ്ങളുടെ പരിധിയില്‍ വരുന്നില്ല. ഫാസിസം പഠിക്കുമ്പോള്‍ അതിനെ നിസ്സംഗമായി നന്മതിന്മകളുള്ള ഒരു വ്യവസ്ഥയായി വിശകലനം ചെയ്യുന്ന പതിവ് നിര്‍വ്വചനരീതി തന്നെയാണ് ഇവിടെയും കാണുന്നത്. സ്വതന്ത്രകമ്യൂണുകളെന്ന നിര്‍വ്വചനം പൂര്‍ണ്ണമായി തള്ളിക്കളയുമ്പോള്‍ പോലും, വര്‍ഗ്ഗീയതയെ കേവലം നിര്‍ഗ്ഗുണമോ അതല്ലെങ്കില്‍ സ്വീകാര്യമോ ആയ ഒരു സംഗതിയായിട്ടാണ് മേല്‍ നിര്‍വ്വചനങ്ങള്‍ വിവക്ഷിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഈ നിര്‍വ്വചനം അല്പം പോലും അനുയോജ്യമാവുകയില്ല. വ്യത്യസ്തസമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയും ഹിംസാത്മകമായ ആക്രമണപരമ്പരകളും സൃഷ്ടിക്കുന്ന, തികച്ചും പ്രാകൃതമായ ഒരു വാസനയാണ് ദക്ഷിണേഷ്യയിലെ വര്‍ഗ്ഗീയത. അതുണ്ടാവുന്നത് സമുദായങ്ങളില്‍ നിന്നല്ലെങ്കിലും സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിന്നാണ്. സാമുദായികമായ സംഘാടനം സ്വാഭാവികമായി വര്‍ഗ്ഗീയതയുടെ നിലനില്പിന് അനിവാര്യമായൊരു കാരണമായിത്തീരുന്നു. സാമുദായികമായ സംഘാടനം എന്ന പദം ഉറപ്പിച്ചു പറയണം. കാരണം ജീവിതാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സംഘാടനം വര്‍ഗ്ഗബോധത്തിലധിഷ്ഠിതമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്നു. പരലോകജീവിതത്തിന് വേണ്ടിയും മനുഷ്യര്‍ സംഘടിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല.

ഹിന്ദുമതം, ഇസ്ളാം, സിക്ക് മതം, ക്രൈസ്തവമതം എന്നിവ തമ്മിലാണ് ദക്ഷിണേഷ്യന്‍ വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. മതവിശ്വാസമോ , സാമുദായികമായ അസ്തിത്വമോ ആണോ വര്‍ഗ്ഗീയത ഉണ്ടാക്കുന്നത്? അങ്ങിനെ പറയാനാവില്ല. ഒരുകാര്യം തീര്‍ച്ചയായി പറയാനാവും. വര്‍ഗ്ഗീയത മതപ്രശ്നമെന്നതിനേക്കാള്‍ രാഷ്ട്രീയപ്രശ്നമാണ്. മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തിനും ആധിപത്യത്തിനും വേണ്ടി ഉപകരണമാക്കുമ്പോഴാണ് വര്‍ഗ്ഗീയത ഉണ്ടാവുന്നത്. പക്ഷേ, വലിയൊരു കുഴപ്പമുള്ളത് വര്‍ഗ്ഗീയതയും മതവും തമ്മില്‍ വേര്‍തിരിച്ചുകാണാന്‍ എളുപ്പമല്ലെന്നതാണ്. വിശ്വാസികളില്‍ ആരൊക്കെയാണ് സെക്യുലര്‍, ആരൊക്കെയാണ് കമ്യൂണല്‍ എന്ന് വേര്‍തിരിച്ചറിയുക ദുഷ്കരമാണ്. ഇതാണ് വര്‍ഗ്ഗീയരാഷ്ട്രീയത്തിന്റെ കാതല്‍.

നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത ഒരു പ്രതിഭാസമാണ് വര്‍ഗ്ഗീയത. നിര്‍വ്വചനപഠനങ്ങള്‍ ബൂര്‍ഷ്വാ പാണ്ഡിത്യത്തിന്റെ വൃഥായത്നവും ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു മാര്‍ഗ്ഗവുമാണ്.

II

മതം വലിയൊരു സാന്ത്വനമായി വളരെയേറെ മനുഷ്യര്‍ക്കനുഭവപ്പെടുന്നുണ്ട്. ഈ ഭൂമിയിലെ ദുരിതങ്ങള്‍ അസഹ്യമാണ്. അവയുടെ സഹനം പരലോകത്തില്‍ സമ്മോഹനമായ ഒരു ജീവിതത്തിന് സഹായിക്കും. അതിന് ഇന്നിന്ന മതങ്ങളുടെ ഇന്നിന്ന അനുഷ്ഠാനങ്ങള്‍ പാലിക്കണം. അത്രയേവേണ്ടൂ. ലോകത്തിലെ മിക്കമതങ്ങളും പരലോകജീവിതമെന്ന അടിത്തറയിലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. മതത്തിന്റെ നിയോജകമണ്ഡലം പരലോകജീവിതമാണെന്ന് വ്യക്തം. കൂടുതല്‍ നല്ല വേറൊരു ജീവിതം ഈ ഭൂമിയിലില്ലെങ്കിലും പരലോകത്തെങ്കിലും ലഭിക്കുമെന്നതിനാല്‍ മതം ഒരു ലഹരിയുമായിത്തീരുന്നു. ഭാവിയില്‍ ലഭിക്കാനിരിക്കുന്ന അത്യാകര്‍ഷകമായസ്വര്‍ല്ലോകജീവിതത്തിന്റെ മാദകഭംഗികള്‍ മനുഷ്യനെ മത്ത് പിടിപ്പിക്കുന്നു. ഈ ലഹരി ഒരു പ്രവര്‍ത്തനാവേശമാണ്. അത് തെറ്റോ ശരിയോ എന്ന് പരിശോധിക്കേണ്ടത് ദാര്‍ശനികരാണ് - വിശേഷിച്ചും വൈരുദ്ധ്യാത്മകഭൌതികദാര്‍ശനികര്‍. കാരണം അവര്‍ ഈ ലോകത്തെ മാറ്റിത്തീര്‍ക്കുന്നവരാണ്.

മതം ഒരു സാന്ത്വനമാണെന്നതിനോടൊപ്പം മതത്തെ വലിയൊരു രാഷ്ട്രീയോപാധിയായി കാണുന്ന നിരവധിപേരുണ്ട്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വളരെ പ്രാചീനമായ കാലം മുതല്‍ വിശ്വാസത്തെ രാഷ്ട്രീയാവശ്യത്തിനുവേണ്ടി ചൂഷണം ചെയ്തുവരുന്നുണ്ട്. മനുസ്മൃതി അതാണ് ചെയ്യുന്നത്. തിയഡേഷ്യസ് ചക്രവര്‍ത്തി ക്രൈസ്തവമതത്തെ ഔദ്യോഗികമതമായി പ്രഖ്യാപ്ിച്ചതും ഇതരമതങ്ങള്‍ നിരോധിച്ചതും ഇതിനുവേണ്ടിയാണ്. ഇതരമാര്‍ഗ്ഗങ്ങളേക്കാള്‍ എളുപ്പമാണ് മതം വഴിയുള്ള ചൂഷണം. അതുകൊണ്ടാണ് "നിനക്ക് നിന്റെ മതം, എനിക്ക് എന്റെ മതം'' എന്ന ഖുര്‍ആനിക ചിന്തയ്ക്ക് പകരം "നിനക്കും എനിക്കും എന്റെ മതം മാത്രം'' എന്ന വിചാരം വളര്‍ന്നുവന്നത്. ജന്മസിദ്ധമോ ആര്‍ജിതമോ ആയ എല്ലാ അസമത്വങ്ങളേയും മതം അനുവദിക്കുന്നുണ്ട്. കാരണം ഏറിയോ കുറഞ്ഞോ എല്ലാ മതങ്ങളും വിധിവാദത്തിലധിഷ്ഠിതമാണ്.

അതായത് മതം സ്വന്തം നിയോജകമണ്ഡലം വിട്ട് രാഷ്ട്ര്രീയത്തിന്റെ നിയോജകമണ്ഡലത്തില്‍ മത്സരിക്കുമ്പോഴാണ് വര്‍ഗ്ഗീയത ആവിര്‍ഭവിക്കുന്നത്. രാഷ്ട്രീയം ഇഹലോകജീവിതമാണ് അതിന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തിട്ടുള്ളത്. കാരണം മനുഷ്യനെന്നത് മാനവലോകമാണ്, അതില്‍ ഭരണകൂടവും സമൂഹവുമെല്ലാമുണ്ട്. ഈ ഭരണകൂടവും സമൂഹവുമാണ് മതത്തെ സൃഷ്ടിക്കുന്നത്. മതം ലോകത്തെ പറ്റിയുള്ള തലതിരിഞ്ഞൊരു ബോധമാണ്. മാനവസത്തയുടെ വിഭ്രാമകമായ സാക്ഷാത്കാരമാണ് മതം എന്ന് മാര്‍ക്സ് പറയുന്നത് അതുകൊണ്ടാണ്. മാര്‍ക്സ് മതത്തെ നിഷേധിക്കുകയല്ല ചെയ്യുന്നത്. മതം നിലവിലുണ്ട്. എങ്കിലും രാഷ്ട്രീയത്തിന് മതത്തെ മുന്‍ നിര്‍ത്തിപ്രവര്‍ത്തിക്കാനാവില്ല, മതത്തിന്റെ ഭ്രമകല്പനകളല്ല, മറിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനമേഖല. അതുകൊണ്ടാണ് ജീവിതമാണ്, ഇഹലോകജീവിതമാണ് രാഷ്ട്രീയത്തിന്റെ നിയോജകമണ്ഡലമെന്ന് പറയുന്നത്.

അങ്ങിനെ ചെയ്യുമ്പോള്‍ മതവിശ്വാസികളെ അവഗണിക്കുകയോ മതവിശ്വാസത്തെ പോലും നിഷേധിക്കുകയോ അല്ല രാഷ്ട്രീയം ചെയ്യുന്നത്. മറിച്ച് ക്രൈസ്തവമതത്തിന്റെ ആവശ്യകത തന്നെ താന്‍ ഇല്ലായ്മ ചെയ്തിരിക്കുന്നുവെന്ന് വീരവാദം നടത്തിയ ഫൊയര്‍ബാഹിനെ മാര്‍ക്സ്, യാന്ത്രികഭൌതികവാദികളുടെ കൂട്ടത്തില്‍ പെടുത്തുകയും കഠിനമായി വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തിന്റെ മുഖത്തുനോക്കി വിധിപോലെ വരട്ടെയെന്ന് പറയാന്‍ ഭൌതികവാദിക്കാവില്ല - അയാള്‍ ശരിയായ ഭൌതികവാദിയാണെങ്കില്‍. അതായത് മതം നിലവിലുണ്ട്, പക്ഷേ, മതത്തിന്റെ മേഖല കേവലമായ സാന്ത്വനത്തിന്റെ ഭ്രമാത്മകമേഖലയാണ്.

III

ഇന്ത്യയില്‍ 1947ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ വര്‍ഗ്ഗീയതയും സുസ്ഥാപിതമായെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ അര്‍ത്ഥം അതായിരുന്നു. രണ്ടു വര്‍ഗ്ഗീയപാളയങ്ങള്‍ സുശക്തമായിത്തീര്‍ന്നു - ഹിന്ദുക്യാമ്പും മുസ്ളിം ക്യാമ്പും. രണ്ടു വിഭാഗത്തിനും രണ്ട് ദേശീയ പാളയങ്ങളുണ്ടായി. 1947 വരെ രണ്ടു വിഭാഗങ്ങളുടെ വക്താക്കള്‍തമ്മിലൊരുവിവാദം മാത്രമാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ 1947ല്‍ വിവാദത്തിനപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ അവതാരമായി രണ്ടു ദേശീയപാളയങ്ങള്‍ നിലവില്‍വന്നു. വാക്കുകള്‍ക്ക് വിവരിക്കാനാവാത്തവിധം ദുസ്സഹമായിരുന്നു ഈ അവതാരം. അറബികള്‍ സിന്ധ്പ്രദേശം ആക്രമിച്ചത് മുതല്‍ ഇന്ത്യന്‍ മുസ്ളിംകളുടെ ലക്ഷ്യം പാക്കിസ്താന്‍ രൂപീകരണമായിരുന്നുവെന്ന മട്ടിലാണ് മുസ്ളിം പാളയത്തിന്റെ വാദമുഖങ്ങളെന്ന് ഇര്‍ഫാന്‍ ഹബീബ് സമര്‍ത്ഥിക്കുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് അനേകായിരം വര്‍ഷക്കാലത്തെ ഇന്ത്യന്‍ പാരമ്പര്യമുണ്ടായിരുന്നുവെങ്കില്‍ ഇന്ത്യന്‍ മുസ്ളിംകള്‍ക്ക് ചുരുങ്ങിയത് ഒരായിരം വര്‍ഷത്തെയെങ്കിലും ഇന്ത്യന്‍ പാരമ്പര്യവുമുണ്ടെന്ന മൌലനാ ആസാദിന്റെ നിലപാടുകള്‍ അംഗീകരിക്കപ്പെട്ടില്ല.

ഹിന്ദുത്വചരിത്രവിചാരം ഏറ്റവും ഭംഗിയായവതരിപ്പിച്ചത് ആര്‍. സി. മജുംദാറും സദൃശചരിത്രപണ്ഡിതരുമായിരുന്നു . അടിമവംശം മുതലുള്ള ഇന്ത്യാ ചരിത്രം വിദേശിഭരണത്തിന്റെ ചരിത്രമാണെന്ന് അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മുസ്ളിംകള്‍ ഇന്ത്യയ്ക്ക് വിദേശികളാണ്,മ്ളേഛരാണ്. പിന്നീട് വന്ന ബ്രിട്ടീഷുകാര്‍ താരതമ്യേന പരിഷ്കൃതരും മേന്മയുള്ളവരുമായിരുന്നു. 1857ലെ സ്വാതന്ത്യ്രസമരത്തില്‍ പ്രധാനപങ്ക് ഹിന്ദുക്കള്‍ക്കായിരുന്നുവെന്ന് മജുംദാര്‍സംഘം വാദിച്ചു. വിഭജനത്തിനു കാരണം ഗാന്ധിജി മുസ്ളിംകളോട് കാണിച്ച പ്രീണനമാണെന്ന് അവര്‍ വാദിച്ചു. ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ ഈ വീക്ഷണം പ്രകടമാണ്.

സ്വാതന്ത്ര്യലബ്ധിയോടെ വളരെ അപക്വമായ ഒരു ചരിത്രവീക്ഷണം കൂടി ഇന്ത്യയ്ക്ക് ലഭിച്ചുവെന്നാണിതിന്റെയര്‍ത്ഥം. അതില്‍ ഹൈന്ദവപക്ഷവും മുസ്ളിം പക്ഷവുമുണ്ടെന്നത് നേര്. പക്ഷേ, രണ്ടു പക്ഷവും ഒരേ വീക്ഷണമാണവതരിപ്പിച്ചതെന്ന് സ്പഷ്ടം. അവര്‍ക്ക് പൊതുവായ ചിലമേഖലകളുണ്ടായിരുന്നു. രണ്ടു മതങ്ങളും വ്യത്യസ്തമെങ്കിലും സ്ഥിരമായ രാഷ്ട്രീയരൂപങ്ങളാണെന്ന് രണ്ടു കൂട്ടരും വാദിച്ചു. ദ്വിരാഷ്ട്രവാദം രണ്ടു വിഭാഗങ്ങളുടേയും സമീപനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യ വെട്ടിമുറിക്കേണ്ടിവരുമെന്ന വാദവും അവര്‍ പങ്ക് വെച്ചു.

ഇന്ത്യയെന്ന ഏകീകൃതരാജ്യത്തെ കുറിച്ചുള്ള സങ്കല്പനം ഉയര്‍ന്നുവന്നത് ഒന്നര നൂറ്റാണ്ടു കാലം നീണ്ടുനിന്ന സാമ്രാജ്യവിരുദ്ധസമരങ്ങളിലൂടെയാണ്. അരുന്ധതീദേവി പറയുന്നത് കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്നാണ്. അമേരിക്കയില്‍ ചെന്ന് ലൂയിസിയാനാ പ്രദേശം യു. എസ്. എ. യുടേതല്ലെന്ന് പറയുന്നതുപോലെയാണിത്. ആധുനികദേശരാഷ്ട്രസങ്കല്പങ്ങളെല്ലാം ചില സംഭവങ്ങളിലൂടെയും പ്രതിഭാസങ്ങളിലൂടെയുമാണുരുത്തിരിഞ്ഞുവന്നത്. ഭാഷയാവാം, മതമാവാം, പാരമ്പര്യമാകാം, ലൂയിസിയാനാപ്രദേശത്തിന്റെ കാര്യത്തിലെന്നപോലെ വിലയ്ക്ക് വാങ്ങല്‍ പോലുമാകാം. സാമ്രാജ്യവിരുദ്ധസമരത്തിലാണ് മിക്കവാറും ശക്തമായ ദേശീയബോധമുരുവപ്പെടുന്നത്. ഏകാധിപത്യവാഴ്ചയ്ക്കെതിരായ സമരം ജനാധിപത്യത്തിനുവേണ്ടിയുള്ളതും സാമ്രാജ്യത്വവിരുദ്ധസമരം ദേശീയതയ്ക്ക് വേണ്ടിയുള്ളതുമാണ്. ഈ ദേശീയസമരത്തിലൂടെയാണ് ദേശരാഷ്ട്രങ്ങളുണ്ടാവുന്നത്. പൊതുവായൊരു സാമ്രാജ്യവിരുദ്ധസമരം നടത്തുന്നതിനിടയില്‍ ദ്വിരാഷ്ട്രവാദമുയര്‍ത്തുകയെന്നതാണ് വര്‍ഗ്ഗീയത ഇന്ത്യയില്‍ ചെയ്ത ഏറ്റവും വലിയ പാതകം. മാത്രമല്ല, ഈ ഉപഭൂഖണ്ഡത്തിലെ മനുഷ്യര്‍ അനാവശ്യമായ അനേകം യുദ്ധങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്നു.

IV

ഇതിനൊരു മറുവശമുണ്ട്. രണ്ടുമതങ്ങളിലുമുള്ള ശരിയായ ദേശീയവാദികള്‍ ഒറ്റപ്പെട്ടു. ചരിത്രദര്‍ശനത്തിന്റെ കാര്യത്തിലും ഇത് സംഭവിച്ചു. മുഖ്യധാരാചരിത്രത്തിന്റെ കാതലായ മതനിരപേക്ഷ ചരിത്രവിചാരം വലിയതോതില്‍ തമസ്കരിക്കപ്പെട്ടു. ഗാന്ധിജിയും ജവഹര്‍ലാലും മൌലാനാ ആസാദും റാഫി അഹമ്മദ് കിദ്വായിയും സൈഫുദ്ദീന്‍ കിച്ചലുവും ആരാധിക്കപ്പെട്ടു. പലപ്പോഴും വാഴ്ത്തപ്പെട്ടു. കമ്യൂണിസ്റ് നേതാക്കളുടെ കാര്യത്തിലും ഇത് സംഭവിച്ചു. പക്ഷേ, നിര്‍ഭാഗ്യമുള്ള ഇന്ത്യന്‍ ജനതയുടെ മനസ്സിലേക്ക് സ്വാതന്ത്യ്രലബ്ധിയുടെ മുമ്പും പിമ്പുമുള്ള നാളുകളില്‍ വിഷം പ്രക്ഷേപിക്കപ്പെട്ടിരുന്നു. ക്രമേണ അവരുടെ മതനിരപേക്ഷദേശീയവിചാരങ്ങള്‍ വിസ്മൃതമായി.

ചെറുചെറു കലാപങ്ങളിലൂടെ വര്‍ഗ്ഗീയത ഇന്ത്യന്‍ മണ്ണില്‍ പുഷ്കലമായി വളര്‍ന്നു. ഇതിനുതകുന്ന മുദ്രാവാക്യങ്ങള്‍ ഉണ്ടായിവന്നു. അവയില്‍ ഏറ്റവും പ്രധാനമാണ് രാമജന്മഭൂമി- ബാബറിമസ്ജിദ് തര്‍ക്കം. സത്യത്തില്‍ പ്രഥമശ്രവണത്തില്‍തന്നെ അര്‍ത്ഥശൂന്യമായ ഒരു വാദമെന്ന് വിവേകശാലികള്‍ കരുതുന്ന ഈ പ്രശ്നം ഇന്ത്യന്‍സ്ഥിതിഗതികളെ മാറ്റിമറിച്ചു. 1528ല്‍ സ്ഥാപിതമായ ബാബറി മസ്ജിദിനടിയിലാണ് ശ്രീരാമനെ കൌസല്യാ ദേവി പ്രസവിച്ച ഗര്‍ഭഗൃഹമെന്ന് സംശയലേശമില്ലാതെ ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നു. രാഷ്ട്രീയത്തിനു പകരം മതത്തെ പ്രതിഷ്ഠിച്ചവരുടെ കുഴിഞ്ഞ ഷൈലോക്കിയന്‍ കണ്ണുകള്‍ വീണ്ടും പ്രകാശിക്കാന്‍ തുടങ്ങിയിരിക്കുന്നു. 1992 ഡിസംബര്‍ ആറ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമായി മാറുന്നത് ഇതുകൊണ്ടാണ്. ആ ദിവസത്തിനുശേഷം ഇന്ത്യയിലുടനീളം രണ്ടു വര്‍ഗ്ഗീയവിഭാഗങ്ങളും ഉണ്ടാക്കിയ കലാപങ്ങളും നരഹത്യയും ചരിത്രത്തിനും മാനവരാശിക്കും അപമാനകരമാണ്. സ്വാതന്ത്യ്രലബ്ധിയുടെ ദിനങ്ങളിലുണ്ടായ സമാനതകളില്ലാത്ത നരമേധത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു അത്. മതഭീകരത ഇന്ത്യയിലുടനീളം താണ്ഡവമാടിക്കൊണ്ടിരിക്കുകയാണ്.

ദേശീവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെല്ലാം ഇന്ന് ബി. ജെ. പി. യാണ് പ്രധാനകക്ഷി. സ്വന്തം മൃദുഹിന്ദുത്വസമീപനം വഴി കോണ്‍ഗ്രസ്സ് ഈ സംസ്ഥാനങ്ങളെ ഒരു താലത്തില്‍ വെച്ച് ബി. ജെ. പി. ക്ക് കാഴ്ചവെയ്ക്കുകയായിരുന്നു. ഇതിന്റെ ആപത്തിനെ കുറിച്ച് അവര്‍ക്ക് യാതൊരു ബോധ്യവുമുണ്ടാവുന്നില്ല. ദേശീയഭരണനേതൃത്വത്തിന് അംബാനിമാരേയും വലിയ ധനസ്രോതസ്സുകളേയും സംരക്ഷിക്കുകയെന്നതില്‍ കവിഞ്ഞ് ആദര്‍ശമോ ദേശീയവികാരമോ ഇല്ല. എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും ഇത് സംഭവിക്കുന്നില്ല. വര്‍ഗ്ഗീയതയുടെ കൊടും പക നിറഞ്ഞ സംഭവങ്ങള്‍ക്ക് കേരളവും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അത് യു. ഡി. എഫ്. ഭരണകാലത്തായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ന് വര്‍ഗ്ഗീയത വളരെ ക്രൂരമായ മാനങ്ങള്‍ കൈവരിച്ചിരിക്കുന്നു. മതഭീകരത എന്ന പദമാണ് ഇന്നതിനു ചേരുക. സാമ്രാജ്യത്വപ്രചാരവേലയുടെ പക്ഷപാതിത്വം പാടെ തള്ളിക്കളയാനൊന്നുമാവില്ല. അപ്പോഴും പല തരത്തിലുള്ള ധനസ്രോതസ്സുകള്‍ വഴി മതഭീകരത ശക്തിപ്രാപിക്കുന്നുണ്ട്. അമേരിക്കയുടെ ഏകപക്ഷീയവും നിരുത്തരവാദപരവുമായ സമീപനം മുസ്ളിം മതഭീകരതയ്ക്ക് ഒരു കാരണം മാത്രമേ ആവുന്നുള്ളൂ. രാജ്യത്തിനുള്ളില്‍ തന്നെ അനേകം കാരണങ്ങളുണ്ട്. മീഡിയയുടെ ഉത്തരവാദിത്വമില്ലായ്മയുണ്ട്. രാഷ്ട്രീയപാര്‍ട്ടികളുടെ അവസരവാദപരമായ കൂട്ടുകെട്ടുകളുണ്ട്. ബി. ജെ. പി.യും എസ്. ഡി.പി. ഐ,.യുമായി ചേര്‍ന്ന് ഭരിക്കാന്‍ ഒരു മടിയുമില്ലാത്ത യു. ഡി. എഫ്. പാര്‍ട്ടികള്‍ പൊതുവിലും കോണ്‍ഗ്രസ്സ് വിശേഷിച്ചും ഇതിനുത്തരവാദികളാണ്. ഹിന്ദുമതഭീകരതയുടെ ഉദാഹരണങ്ങളും ദിവസേന വര്‍ദ്ധിച്ചുവരികയാണ്. സാര്‍വ്വദേശീയവും ദേശീയവുമായ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ മതഭീകരസംഘങ്ങള്‍ രാജ്യത്തിനും ലോകത്തിനും ആപത്താണെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

*
സി പി അബൂബക്കര്‍ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വോട്ടിനേക്കാള്‍ വലുതാണ് നാടെന്ന ചിന്ത അനിവാര്യമായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ദേശീയവാദികളെന്നവകാശപ്പെടുന്നവര്‍പോലും കടുത്ത മതവര്‍ഗ്ഗീയശക്തികളുമായി തെരഞ്ഞെടുപ്പ്സഖ്യങ്ങള്‍ ഉണ്ടാക്കുകയും അധികാരം പങ്കിടുകയും ചെയ്യുന്നുണ്ട്. സിപിഐ എം വിപ്ളവതീവ്രത കുറഞ്ഞ പാര്‍ട്ടിയായതിനാല്‍ അതില്‍ നിന്ന് പുറത്തുപോയി വിപ്ളവം എന്ന് ലേബലൊട്ടിച്ച ആളുകള്‍ വരെ യാതൊരു ലജ്ജയുമില്ലാതെ വര്‍ഗ്ഗീയശക്തികളുമായി ഐക്യമുണ്ടാക്കുന്നു. ഒഞ്ചിയത്തു പോലും രക്തസാക്ഷികളെ അപമാനിക്കുന്ന ഒരുതരം ദുഷിച്ച രാഷ്ട്രീയകൂട്ടായ്മ വിപ്ളവവാദികളുമായും വലതുപക്ഷവുമായും വര്‍ഗ്ഗീയവാദികളുമായും ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്രീയസഖ്യം അസാധാരണമായി ഉരുത്തിരിഞ്ഞുവന്നതൊന്നുമല്ല. ബൂര്‍ഷ്വാസി അധികാരം നിലനിര്‍ത്താന്‍ ഏതു മാര്‍ഗ്ഗവുമവലംബിക്കും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ വേണ്ടിയാവുമ്പോള്‍ സ്വന്തം നികുംഭിലയിലെ എല്ലാ ആയുധങ്ങളും പ്രയോഗിക്കും. മാധ്യമങ്ങളെ നിരങ്കുശം ഉപയോഗിക്കും. വില്ക്കപ്പെടാന്‍ തയ്യാറുള്ളവരാരെന്ന് അവര്‍ ഓരോ നിമിഷവും നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇന്തോനേഷ്യയിലും മറ്റും നേരിട്ടുചെയ്ത കാര്യങ്ങള്‍ വിവിധ പക്ഷങ്ങളിലുള്ള മതതീവ്രവാദികളെ ഉപയോഗിച്ച് അവര്‍ ചെയ്തുതീര്‍ക്കും. ഫാസിസവും വര്‍ഗ്ഗീയതയുമെല്ലാം അവര്‍ക്ക് കേവലമായ ആയുധങ്ങളാണ്. ജനാധിപത്യവും ബൂര്‍ഷ്വാസിക്ക് കേവലമായ ഒരായുധമാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിലുള്ള പരമാധികാരം, ജനാധിപത്യം, സെക്യുലറിസം, സോഷ്യലിസം എന്നിവയെല്ലാം ബൂര്‍ഷ്വാസിക്ക് അധികാരം നിലനിര്‍ത്തുന്നതിനുള്ള ഉപാധികളാണ്; അധികാരം നിലനിര്‍ത്തുന്നത് ചൂഷണം തുടരാനും ബൂര്‍ഷ്വാ-സാമ്രാജ്യതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടിയാണ്.