Thursday, November 18, 2010

വേരുകളുടെ വ്യാഖ്യാനങ്ങള്‍

"എനിക്കുമുണ്ട് എന്റെ എളിയ അടയാളം - ആലിലയും നെല്‍ക്കതിരും''എന്നു തന്റെ എഴുത്തിന്റെ സ്വത്വത്തെ സച്ചിദാനന്ദന്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശവും ഭൂമിയും അതിരിടുന്ന എഴുത്തിന്റെ ഈ ഭൂമികയില്‍ കവികള്‍ തങ്ങളെ പരിമിതപ്പെടുത്തുന്ന അതിരുകള്‍ ലംഘിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കും. രാഷ്‌ട്രീയ ചായ്‌വുകള്‍, മതപരമായ വീക്ഷണങ്ങള്‍, തൊഴില്‍, ഭാഷ, ദേശം, സംസ്‌കാരം ഇങ്ങനെ പല ഘടകങ്ങളും കവിയുടെ എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്. ഇവയുടെ സ്വാധീനങ്ങള്‍ കവിസത്തയെ വിപുലീകരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യും. അതുകൊണ്ട് എഴുതുന്ന കാലത്തിന്റെ സ്വഭാവങ്ങളുമായി പ്രതിപ്രവര്‍ത്തനങ്ങളും പ്രതിരോധങ്ങളും നടത്തേണ്ടിവരുന്നു. ഇത്തരം സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കവി സ്വന്തം സത്തയെ തിരിച്ചറിയുന്നത്. ആ തിരിച്ചറിവ് കവിയെ ചില പിന്‍മടക്കങ്ങളിലേക്ക് പ്രേരിപ്പിക്കുന്നതും അസ്വാഭാവികമല്ല. വേരുകളിലേക്കുള്ള ഈ പിന്‍മടക്കങ്ങളെ കേവലം ഗൃഹാതുരതയുടെ നിലപാടുതറകളില്‍ വച്ചല്ല അപഗ്രഥിക്കേണ്ടത്. തീര്‍ത്തും വൈയക്തികമായ സൂചകങ്ങളെയും കാല്‍പനികമായ ബിംബങ്ങളെയും ഉപയോഗിക്കുമ്പോഴും അവയ്‌ക്കു ഋജുവായ ഒരര്‍ഥകല്‍പനയ്‌ക്കപ്പുറം പൈതൃകത്തെയും സ്വത്വത്തെയും അന്വേഷിക്കുന്ന ബഹുമുഖസ്വഭാവമാണുള്ളത്. മാത്രമല്ല, ഇങ്ങനെയുള്ള ഈ സ്വത്വബോധം നിയതമോ നിശ്ചിതമോ നിശ്ചലമോ അല്ല. ജീവിതാവസ്ഥകള്‍ സ്വത്വബോധത്തെ സങ്കരമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. വീട്ടിലേക്കും നാട്ടിലേക്കും തിരിച്ചുവന്നുകൊണ്ടാണ് കവി സങ്കരസ്വത്വത്തെ കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നത്. സച്ചിദാനന്ദന്റെ കവിതകളില്‍ നിറയുന്ന മാമ്പൂമണവും പൂവാകകളും തുമ്പയും അങ്ങനെ ചെറുത്തുനില്‍പ്പിന്റെ അടയാളങ്ങളാകുന്നു.

"തുടുവെള്ളാമ്പല്‍ പൊയ്‌കയല്ല ജീവിതത്തിന്റെ കടലേ കവിതയ്‌ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം'' എന്ന് കാല്‍പനികതയ്‌ക്ക് പുറംതിരിഞ്ഞുനിന്ന വൈലോപ്പിള്ളിയെ തന്റെ വാക്കുകള്‍ ഒറ്റിക്കൊടുത്തു. "ആ മഞ്ഞണിഞ്ഞ ആതിരരാവിന്റെ കുളിര്‍മയും സ്വപ്‌നദര്‍ശനകൌതുകവും സ്വാത്മാവില്‍നിന്ന് പൂര്‍ണമായും മായ്ച്ചുകളയാന്‍ തയ്യാറായില്ല'' എന്നു വൈലോപ്പിള്ളിക്കവിതയിലെ കാല്‍പനികഭാവങ്ങളെ ഡോ. എം. ലീലാവതി സാക്ഷ്യപ്പെടുത്തുന്നുണ്ട്. വൈലോപ്പിള്ളി തന്റെ കാല്‍പനിക സ്വപ്‌നങ്ങളെ സോഷ്യല്‍ റിയലിസം എന്ന ആദര്‍ശത്തോട് അനുരഞ്ജനപ്പെടുത്തുകയായിരുന്നു.

'മാതുലാ പൊറുക്കുക തീര്‍ന്നു മാമ്പഴക്കാല'മെന്നു വൈലോപ്പിള്ളിക്കാലത്തില്‍നിന്നും ചോര്‍ന്നുപോയ ഒരു കാവ്യപാരമ്പര്യത്തെ ഏറ്റുപറയുന്ന സച്ചിദാനന്ദന്റെ തലമുറ സ്വത്വവിചാരം ഒരു നിയോഗംപോലെ ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ആശയപ്രക്ഷുബ്‌ധതയുടെ കാലഘട്ടങ്ങളെ അഭിമുഖീകരിച്ച സച്ചിദാനന്ദന്റെ കവിതകള്‍ക്ക് അതുകൊണ്ടുതന്നെ ലളിതമായ ഒരു ആശയതലത്തില്‍ ഒതുങ്ങാനാകില്ല. പ്രത്യക്ഷവായനയില്‍ വീടും നാടും വീടുമാറ്റവും വീടൊരുക്കവുമുള്ള വീട് കവിതകളും ആ ചട്ടക്കൂടിനകത്തെ അച്ഛനും അമ്മയും ഓപ്പോളുമൊക്കെയായുള്ള താമരനൂല്‍ബന്ധങ്ങളും പ്രതിരോധങ്ങളുടെയും പ്രതിസംസ്‌കൃതിയുടെയും ചിഹ്നങ്ങളാകുന്നു.

സച്ചിദാനന്ദന്റെ ഇത്തരം അകക്കവിതകളുടെ ആമുഖമാണ് ഹോം പേജ്. അമ്മ കാത്തിരിക്കുന്ന സച്ചിദാനന്ദന്റെ ഹോം പേജില്‍ പുളിമരത്തിലെ ഊഞ്ഞാലും, ടെക്‌നിക്കളറില്‍ കുട്ടിക്കാലവുമാണുള്ളത്. ഇവിടെ നിന്നു ക്ളിക്ക് ചെയ്‌താല്‍ എവിടേക്കും പോകാമെന്ന്, കവി ഈ ഹോം പേജിനെ തന്റെ ആരൂഢമാക്കുന്നുണ്ട്. ഈ ആരൂഢമാണ് കവിയുടെ ആശയാദര്‍ശങ്ങളുടെ പടര്‍പ്പുകളെ സാധ്യമാക്കുന്നതും നിലനിറുത്തുന്നതും. അതുകൊണ്ട് പടര്‍പ്പുകള്‍ക്ക് സംഭവിക്കുന്ന കാലുഷ്യങ്ങളില്‍ ഊര്‍ജസ്രോതസ്സായി ഇതിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു.

ഈ കവിതകളിലെ 'വീട്' കേവലം മണ്ണിലും കല്ലിലും പടുത്തെടുത്ത വിശ്രമസൌകര്യങ്ങളൊരുക്കുന്ന ഇടമല്ല. കൂടുമാറ്റങ്ങളില്‍ പിന്‍വിളിയായും പുതിയ ഇടങ്ങളിലെ കൂടൊരുക്കങ്ങളായും വീട് എന്ന നിര്‍മിതി പ്രത്യക്ഷപ്പെടുന്നു. മാമ്പൂമണം കൊണ്ട് പിറകോട്ട് വിളിക്കുന്ന പഴയ വീടും വീട്ടിലെ പഴയ ശബ്‌ദങ്ങളും കഴിഞ്ഞകാലത്തെ ഓര്‍മിപ്പിക്കുന്നു. ഇതില്‍ വീട് പ്രക്ഷുബ്‌ധമായ ഒരു കാലത്തിന്റെ പ്രതീകമാണ്. പഴയ ആ വീട്ടില്‍ നിന്നും കാലത്തില്‍നിന്നും വഴിമാറിപ്പോയ കവി ഓര്‍മത്തെറ്റുപോലെ വീടിനു മുന്നിലെത്തുമ്പോള്‍ അകത്തു ബാക്കിയാകുന്നത് മരിച്ച ഭാഷകളും വൃക്ഷങ്ങളും നാടുമാണ്.

"ഒരു മല നെഞ്ഞില്‍ വന്നിരിക്കുംപോലെ
അകലെയായ് സ്വപ്‌നമെന്നു പങ്കിട്ടവര്‍''

എന്നു കൂട്ടം പിരിഞ്ഞുപോയ, കണ്ട സ്വപ്‌നങ്ങളെല്ലാം കെട്ടുപോയ ഒരു തലമുറയുടെ പ്രതീകമായി കവി "മറക്ക സ്വപ്‌നമേ നിന്റെ പാതാളത്തില്‍'' എന്നു തങ്ങള്‍ക്കു നഷ്‌ടമായ സോഷ്യലിസ്‌റ്റ് ആദര്‍ശങ്ങളെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നു. ആ സ്വപ്‌നങ്ങളെല്ലാം അപ്രസക്തമായ ഒരു കാലത്തില്‍നിന്നും തിരിഞ്ഞുനോക്കി തുമ്പ പൂക്കുന്ന നാള്‍ വീണ്ടും വരികെന്നു പ്രതീക്ഷാനിര്‍ഭരമായി ക്ഷണിക്കുന്നു. ഇവിടെ വീട് കവിക്ക് ഒരാദര്‍ശമാണ്. സമൂഹത്തെക്കുറിച്ച് ജാഗരൂകരാകുന്ന ഏതൊരാളുടെയും എന്നത്തേയും സ്വപ്‌നമാണ് സമത്വം എന്ന ആദര്‍ശം. ഈ ആദര്‍ശം ഓരോ കാലത്തിലും പ്രതിപ്രവര്‍ത്തനങ്ങളില്‍ നഷ്‌ടപ്പെട്ടുപോകുമ്പോഴും പിന്നെയും സ്വപ്‌നമായി മനുഷ്യരില്‍ ഉണര്‍ന്നുകൊണ്ടേയിരിക്കും. വര്‍ത്തമാനയാഥാര്‍ഥ്യങ്ങളില്‍ മുറിവേല്‍ക്കുമ്പോഴെല്ലാം ഇങ്ങനെയൊരു സ്വപ്‌നാദര്‍ശത്തിലേക്കുള്ള തിരിച്ചുവരവ് കവിക്ക് അനിവാര്യമാകുന്നു.

'വീടൊരുക്ക'ത്തില്‍ നഗരത്തിലെ പുതിയ വീട്ടില്‍ വീടൊരുക്കുമ്പോഴും പഴയ ഓര്‍മകളും സ്വപ്‌നങ്ങളുമാണ് നിറയുന്നത്. പഴയതൊന്നും ലഭ്യമല്ലെങ്കിലും കമ്പ്യൂട്ടറിനു മുകളില്‍ ഒരു കതിരും എഴുത്താണിയും പൂതപ്പാട്ടും വയ്‌ക്കണമെന്നു കവി ആഗ്രഹിക്കുന്നു. പഴയ വീടിന്റെ സമ്പന്നമായ ഓര്‍മകളെ ചേര്‍ത്തുവയ്‌ക്കുമ്പോള്‍ അവ ഗതകാലസംസ്‌കൃതിയുടെ ആകെത്തുകയാകുകയാണ്. നഗരത്തിലേക്ക് വേരുപറിച്ചു നട്ടവന്റെ വ്യഥകളും അവയുമായി പൊരുത്തപ്പെടുമ്പോളുണ്ടാകുന്ന ശൂന്യതയും നഷ്‌ടമായവയെ കൂടുതല്‍ തീവ്രമായി മനസ്സിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. രണ്ട് കാലങ്ങളെ, രണ്ട് സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കമ്പ്യൂട്ടറും എഴുത്താണിയും ചേര്‍ത്തുവച്ചുകൊണ്ട് സംസ്‌കൃതി നഷ്‌ടത്തിനെതിരായ ഒരു പ്രതിരോധശ്രമമാണ് കവി നടത്തുന്നത്.

പൈതൃകത്തിന് സച്ചിദാനന്ദന്‍ നല്‍കുന്ന അര്‍ഥങ്ങളെ വസ്‌തുനിഷ്ഠമായി അപഗ്രഥിക്കേണ്ടതുണ്ട്. വീടിന്റെ, നാടിന്റെ പൈതൃകമെന്ന ഗൃഹാതുരതയില്‍ മയങ്ങുന്നവനല്ല കവി. പിതൃസ്വമായി കിട്ടിയതില്‍ വരേണ്യതയുടെ ധാര്‍ഷ്‌ട്യങ്ങളെ തിരിച്ചറിയുകയും താനാഗ്രഹിക്കുന്നത് കീഴാളന്റെ തന്റേടമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ 'വീടുമാറ്റം' എന്ന കവിത കൂറുമാറ്റത്തിന്റെ, തന്റെ പക്ഷങ്ങളുടെ വെളിപ്പെടുത്തലുകളുടെ കൂടി കവിതയാകുന്നു. 'വീടും തടവും' ഇതൊന്നുകൂടി വ്യക്തമാക്കുന്നു. വെളുത്ത വീട്ടിലെ കറുത്ത കുട്ടികളുടെ നിലവിളി സഹിക്കാതെ നെന്മണി തേടി സൂര്യനിലേക്ക് പറക്കുകയാണ്. മറ്റ് കവിതകളില്‍ സംസ്‌കൃതിയുടെയും ആദര്‍ശത്തിന്റെയും പ്രതീകമായിനിന്ന വീട് ഇവിടെ കവിയുടെ ജീവിതകാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിസ്വരും നിസാരരുമായ ഒരു കൂട്ടത്തിന്റെ കൂടി സ്വതന്ത്രമായ നിലനില്‍പ് സാധ്യമാക്കേണ്ട ഇടമായി വീടിന്റെ ചട്ടക്കൂടുകള്‍ ഇതില്‍ വികസ്വരമാകുന്നു. ചരിത്രത്തില്‍ പതുങ്ങിനിന്നു കറുത്തുപോയവരുടെ കൂടെ അവകാശങ്ങളാണ് വീടിന്റെ അതിരുകളെ നിര്‍ണയിക്കേണ്ടതെന്ന ബോധ്യം കവിയുടെ വീടുകളെ വിശ്വമായും കവിയെ വിശ്വമാനവനായും ഉയര്‍ത്തുന്നു.

വീടിനകത്തു വേരോട്ടമുള്ള ബന്ധങ്ങളുണ്ടാകുമ്പോഴാണ് വീട് കുടുംബമാകുന്നത്. വീട്ടതിരുകള്‍ ലോകാതിരുകളായി പരിണമിക്കുമ്പോള്‍ വീട്ടിനകത്തെ രക്തബന്ധങ്ങള്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്‌പര്യത്തിന്റെ തുടര്‍ക്കണ്ണികളാകുന്നു. ഒട്ടേറെ കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന അമ്മ കവിയുടെ വ്യഥിതബാല്യത്തിന്റെ ഓര്‍മകളുടെ തിരുശേഷിപ്പാണ്. ഭൂമിയിലെ ദാരിദ്ര്യത്തോട് മല്ലടിച്ച് മിണ്ടാപ്രാണികളോട് സംസാരിച്ച്, ഒറ്റയ്‌ക്കുനടക്കുമ്പോള്‍ ആലില പോലെ പിറുപിറുത്ത് പ്രതിസന്ധികളില്‍ ചായ്‌പിലെ ദൈവങ്ങളോട് വഴക്കുകൂടി കാലംകഴിച്ച അമ്മ ആകാശത്ത് നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കി, കറുമ്പിപ്പൈക്കളെ മേച്ച് ഓടി നടക്കുന്നു. സ്വന്തം വ്യക്ത്യനുഭവങ്ങളിലേക്ക് അമ്മയെ ചേര്‍ത്തുവയ്‌ക്കുമ്പോഴും അമ്മയുടെ ചിത്രം വീടെന്ന അനുഭവത്തെ ഭേദിച്ചുനില്‍ക്കുന്നു. കാവ്യാവസാനത്തില്‍ ഇളം വെയിലും മഴയുമായി ഭൂമിയെ സ്‌പര്‍ശിക്കുന്ന, ഇടിമുഴക്കത്തിലൂടെ നാളെയെക്കുറിച്ച് വെളിച്ചപ്പെടുന്ന അമ്മ പ്രകൃതി തന്നെയായി മാറുന്നു.

'വീട്ടിലേയ്‌ക്ക്' എന്ന കവിതയിലെത്തുമ്പോള്‍ വസന്തകാലത്തും കാരമുള്ളില്‍ കിടന്ന്, തൊട്ടാവാടിക്കാടിന്‍ മുനയേറി നടന്ന്, മരണത്തിലേക്കു നടന്നുപോയ അമ്മയോട് ഒരു താരാട്ടുപാട്ടായി തിരിച്ചുവരണമെന്നാണ് കവി പറയുന്നത്. കാരണം ആ പാട്ടു നല്‍കുന്ന ഊര്‍ജത്തില്‍ മാത്രമേ തനിക്ക് ചാവേറായി നഷ്‌ടസ്വത്വങ്ങളെ വീണ്ടെടുക്കാനുള്ള സമരത്തിലേര്‍പ്പെടാനാകൂ.
അങ്ങനെ അമ്മ കവിക്ക് തന്റെ സ്വത്വാന്വേഷണത്തിനുള്ള അവലംബമാകുകയാണ്.

അമ്മയുടെ അസ്ഥികളെ കടലില്‍ നിവേദിക്കുമ്പോഴും ആ അസ്ഥികളില്‍നിന്ന് കുനിയാത്ത ശിരസ്സുള്ള പുതിയൊരു സ്‌ത്രീത്വത്തെ സൃഷ്‌ടിക്കാനാണ് ആഗ്രഹിക്കുന്നത്. വരികളില്‍ സ്‌നേഹമായി തുളുമ്പുന്ന ഓപ്പോളും മകളുമെല്ലാം രക്തബന്ധങ്ങളുടെ അതിരുകളെ മറികടക്കുന്നുണ്ട്. "പാതിമയങ്ങിയ കണ്ണിന്‍ തുമ്പിലെ മിഴിനീരെന്നും, വേദനയെന്നും'' പരിചയപ്പെടുത്തുന്ന ഓപ്പോളിന്റെ ചിത്രത്തിന് സ്വകാര്യതകള്‍ വ്യക്തതയേകുന്നുണ്ടെങ്കിലും

"മരവുരി ചാര്‍ത്തിയുറങ്ങും ഗ്രാമം
ചൊരിയും മഞ്ഞിന്‍കണമായ്''

ഓപ്പോള്‍ കുഞ്ഞോമനകളുടെ മുത്തങ്ങള്‍ ലഭിക്കാതെപോയ വ്യഥിത പെണ്‍മയുടെ ഒന്നാകെയുള്ള പ്രതീകമാകുന്നു. പെണ്‍മയോടുള്ള സൌമ്യപക്ഷങ്ങളുമായി എല്ലാ സഹോദരിമാര്‍ക്കുംവേണ്ടി സമര്‍പ്പിച്ച 'ഇനിയൊന്നു വിശ്രമിക്കട്ടെ' എന്ന ആമുഖ കവിതയുടെ സവിശേഷ വ്യാഖ്യാനങ്ങളാണ് ഈ അമ്മയും പെങ്ങളുമെല്ലാം. വളയാത്ത നട്ടെല്ലുള്ള സ്‌ത്രീയില്‍നിന്നേ ഭൂമിയുടെ വാല്‍സല്യത്തിനര്‍ഹതയുള്ള പുതിയ വംശവും പുരുഷനും സ്‌ത്രീയും ജനിക്കൂ എന്ന് വിശ്വസിക്കുന്ന കവിയുടെ സ്‌ത്രീപക്ഷതയുടെ പ്രതിഫലനങ്ങളാണ് കവിതയില്‍ ഭൂമിയായും പ്രകൃതിയായും രൂപാന്തരം പ്രാപിക്കുന്ന അമ്മയും പെങ്ങളും.

ആഴിയുടെ കനലില്‍ പൊള്ളലേല്‍ക്കാതെ ഉറഞ്ഞുതുള്ളന്നവനാണ് അച്ഛന്‍. ഇന്നും മകന്‍ അച്ഛന്റെ താരാട്ടിന് കാതോര്‍ക്കുന്നു. ഇന്നത്തെ തണുത്തുപോയ തലമുറയെ മുഴുവന്‍ ചൂടുനല്‍കി ഉണര്‍ത്താനാകുന്ന കുനിഞ്ഞ ശിരസ്സുകളെ മുഴുവന്‍ ഉയര്‍ത്തുന്ന മഹാപ്രകാശമാണ് അച്ഛന്റെ താരാട്ടിലുള്ളത്. ഭക്തിയുടെ പാരമ്യത്തില്‍ കവിളില്‍ വേല്‍ തുളച്ചുകയറ്റി, കനലിനുമീതെ നൃത്തം ചെയ്യുന്ന അച്ഛന്റെ ചിത്രങ്ങളിലൂടെ ഉരുത്തിരിയുന്ന ആത്മീയത ഒരുതരം പ്രതിരോധ ആത്മീയതയാണ്. ആത്മപീഡനത്തിലൂടെ ചുറ്റുമുള്ള ഇരുട്ടിലേക്ക് വെളിച്ചമെത്തിക്കുന്നു. സച്ചിദാനന്ദന്‍ കവിതകളെ ഏറെ സ്വാധീനിച്ചിട്ടുള്ള ബുദ്ധദര്‍ശനങ്ങളുടേയും അടിസ്ഥാനം ഇതുതന്നെയാണ്.

ഇങ്ങനെ സ്‌ത്രീപക്ഷതയുടെ, പ്രകൃത്യാവബോധത്തിന്റെ, പ്രതിരോധ ആത്മീയതയുടെ സങ്കലനമാണ് സച്ചിദാനന്ദന്റെ വീട്ടകങ്ങളുമായി ബന്ധപ്പെട്ട കവിതകളില്‍ ദൃശ്യമാകുന്നത്.

*
ഡോ. ഹേമമാലിനി എം.
ലക്ചറര്‍
സെന്റ് മേരീസ് കോളേജ്
തൃശൂര്‍

കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"എനിക്കുമുണ്ട് എന്റെ എളിയ അടയാളം - ആലിലയും നെല്‍ക്കതിരും''എന്നു തന്റെ എഴുത്തിന്റെ സ്വത്വത്തെ സച്ചിദാനന്ദന്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകാശവും ഭൂമിയും അതിരിടുന്ന എഴുത്തിന്റെ ഈ ഭൂമികയില്‍ കവികള്‍ തങ്ങളെ പരിമിതപ്പെടുത്തുന്ന അതിരുകള്‍ ലംഘിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കും. രാഷ്‌ട്രീയ ചായ്‌വുകള്‍, മതപരമായ വീക്ഷണങ്ങള്‍, തൊഴില്‍, ഭാഷ, ദേശം, സംസ്‌കാരം ഇങ്ങനെ പല ഘടകങ്ങളും കവിയുടെ എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്. ഇവയുടെ സ്വാധീനങ്ങള്‍ കവിസത്തയെ വിപുലീകരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യും. അതുകൊണ്ട് എഴുതുന്ന കാലത്തിന്റെ സ്വഭാവങ്ങളുമായി പ്രതിപ്രവര്‍ത്തനങ്ങളും പ്രതിരോധങ്ങളും നടത്തേണ്ടിവരുന്നു. ഇത്തരം സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കവി സ്വന്തം സത്തയെ തിരിച്ചറിയുന്നത്. ആ തിരിച്ചറിവ് കവിയെ ചില പിന്‍മടക്കങ്ങളിലേക്ക് പ്രേരിപ്പിക്കുന്നതും അസ്വാഭാവികമല്ല. വേരുകളിലേക്കുള്ള ഈ പിന്‍മടക്കങ്ങളെ കേവലം ഗൃഹാതുരതയുടെ നിലപാടുതറകളില്‍ വച്ചല്ല അപഗ്രഥിക്കേണ്ടത്. തീര്‍ത്തും വൈയക്തികമായ സൂചകങ്ങളെയും കാല്‍പനികമായ ബിംബങ്ങളെയും ഉപയോഗിക്കുമ്പോഴും അവയ്‌ക്കു ഋജുവായ ഒരര്‍ഥകല്‍പനയ്‌ക്കപ്പുറം പൈതൃകത്തെയും സ്വത്വത്തെയും അന്വേഷിക്കുന്ന ബഹുമുഖസ്വഭാവമാണുള്ളത്. മാത്രമല്ല, ഇങ്ങനെയുള്ള ഈ സ്വത്വബോധം നിയതമോ നിശ്ചിതമോ നിശ്ചലമോ അല്ല. ജീവിതാവസ്ഥകള്‍ സ്വത്വബോധത്തെ സങ്കരമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. വീട്ടിലേക്കും നാട്ടിലേക്കും തിരിച്ചുവന്നുകൊണ്ടാണ് കവി സങ്കരസ്വത്വത്തെ കുടഞ്ഞെറിയാന്‍ ശ്രമിക്കുന്നത്. സച്ചിദാനന്ദന്റെ കവിതകളില്‍ നിറയുന്ന മാമ്പൂമണവും പൂവാകകളും തുമ്പയും അങ്ങനെ ചെറുത്തുനില്‍പ്പിന്റെ അടയാളങ്ങളാകുന്നു.