Wednesday, November 24, 2010

ഒബാമ: വാഴ്ത്തുപാട്ടുകൾക്കും അസംബന്ധങ്ങൾക്കും ശേഷം

കൌതുകകരമായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒബാമയ്ക്ക് പിറകേ തുപ്പലൊലിപ്പിച്ചുകൊണ്ടുള്ള മാധ്യമങ്ങളുടെ പാച്ചിലിനു അറുതിവന്നിരിക്കുന്നു; ഇനി നമ്മുടെ മാധ്യമങ്ങളെ മതിമയക്കിയ ആ സന്ദർശനത്തിന്റെ അനന്തരഫലങ്ങളിൽ ചിലത് പരിശോധിക്കാം.

“അൻപതിനായിരം തൊഴിലുകൾ സൃഷ്ടിക്കാൻ പോന്ന ആയിരം കോടി ഡോളറുകളുടെ 20 കച്ചവട ഇടപാടുകൾ” - അതായിരുന്നു പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാസന്ദർശനത്തിന്റെ ആദ്യനാൾ മുതൽ ആവേശത്തോടെ ആവർത്തിക്കപ്പെട്ടിരുന്ന തലക്കെട്ട്. ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അമേരിക്കയിലാണ്, ഇന്ത്യൻ സമ്പത്തുപയോഗിച്ച്. പക്ഷേ നമ്മൾ വളരെ ആവേശഭരിതരായിരുന്നു. ഒരു ചീഫ് എക്സിക്യൂട്ടിവ് വന്നു, തന്റെ ജോലി വൃത്തിയായി ചെയ്തിരിക്കുന്നു; അയാളെ അഭിനന്ദിക്കണമല്ലോ.

ഒരല്പം പശ്ചാത്തലക്കാഴ്ച ഇവിടെ നമ്മെ സഹായിച്ചേക്കും : അൻപതിനായിരം തൊഴിലുകൾ എന്നുപറഞ്ഞാൽ അത് ഡിസംബർ 2007 മുതൽ അമേരിക്കയ്ക്ക് ഓരോ ആഴ്ചയും നഷ്ടപ്പെടുന്ന തൊഴിലുകളുടെ എണ്ണമാണ്. നിരന്തരമായ 140 ആഴ്ചകളിൽ ! ഈ സംഖ്യതന്നെ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലെ അമേരിക്കൻ തൊഴിൽ സ്ഥിതിവിവര ബ്യൂറോയുടെ ഔദ്യോഗിക വെളിപ്പെടുത്തൽ പ്രകാരമുള്ള ഏറ്റവും ചുരുങ്ങിയ കണക്കാണ്. അതേയടിസ്ഥാനത്തിൽ അസോഷ്യേറ്റഡ് പ്രസ് (ഏ.പി) റിപ്പോട്ടുചെയ്യുന്നത് 2007 ഡിസംബർ മുതൽക്കുള്ള 35 മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് 75 ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടുവെന്നാണ്. എന്നുവച്ചാൽ, ദിനേന ഏകദേശം 7000 തൊഴിലുകൾ. സ്വകാര്യമേഖലാ തൊഴിലവസരങ്ങളിൽ ഏതാനും മാസങ്ങളിലുണ്ടായ ദുർബലമായ മുന്നേറ്റം ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ആ തൊഴിലുകളിലെ മുഖ്യപങ്കും 2008 സെപ്തംബറിനിപ്പുറം നഷ്ടപ്പെടുകയാണുണ്ടായത്, ദിവസം 7000 തൊഴിലുകൾ എന്നതിനേക്കാൾ വളരെ വലിയ തോതിലും.

ഈ കണക്കുകൾ തന്നെ തെറ്റാണെന്നും, ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട 9.6% എന്ന നിരക്കിനേക്കാൾ വളരെക്കൂടുതലാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എന്നും ചില സാമ്പത്തികവിദഗ്ധർ പറയുന്നു. അസോഷ്യേറ്റഡ് പ്രസിന്റെ റിപ്പോട്ടിൽ ഇങ്ങനെ പരാമർശിക്കുന്നു:

“ഈ ഒക്ടോബറിൽ 1.48 കോടി ആളുകൾ തൊഴിലില്ലാത്തവരായി ഉണ്ടായിരുന്നു. നിലവിൽ പാർട്ട്-ടൈം ജോലികൾ എടുക്കുന്നതും എന്നാൽ മുഴുവൻ സമയ തൊഴിലുകൾ വേണ്ടവരുമായ ആളുകളെയും, തൊഴിൽ തേടുന്നതുതന്നെ ഉപേക്ഷിച്ചവരെയും ചേർക്കുകയാണെങ്കിൽ 2.7 കോടി ആളുകൾ വേണ്ട തൊഴിലില്ലാത്തവരാണെന്ന് (under employed) വരും. ഇത് മൊത്തം തൊഴിൽ‌ശക്തിയുടെ 17% ആണ്.”

തൊഴിൽ സ്ഥിതിവിവര ബ്യൂറോയുടെ ഔദ്യോഗിക സ്ഥിരീകരണമുള്ള 1.48 കോടി ആളുകളിൽത്തന്നെ 46% ഏതാണ്ട് 27 ആഴ്ചകളോ അതില്‍ക്കൂടുതലോ ആയി ജോലി ഇല്ലാതിരുന്നവരാണ്, 31% പേർ 52 ആഴ്ചകളോ അതിൽക്കൂടുതലോ നാൾ തൊഴിൽ‌രഹിതരായിരുന്നു. ഈ കുഴപ്പത്തിൽ നിന്ന് കരകേറണമെങ്കിൽ അമേരിക്കയ്ക്ക് ഒരു മാസം 3 ലക്ഷം ജോലികൾ എന്ന തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടിവരും. ഇല്ല, 50,000 തൊഴിലുകൾ കൊണ്ട് - അത് സാധ്യമായാൽ തന്നെ - വലിയ മാറ്റങ്ങളൊന്നുമുണ്ടാവില്ല. പക്ഷേ ഒരു തെരഞ്ഞെടുപ്പ് തകർച്ചയ്ക്ക് ശേഷമുള്ള സമയത്ത് ഇതൊരു ശുഭദ്യോതക തലക്കെട്ട് തന്നെയാണ്. പക്ഷേ,,എന്തുകൊണ്ടാണ് ഇത് നമുക്ക് ഇവിടെ ഇതിത്ര പ്രാധാന്യമുള്ളതാകുന്നത് എന്നതാണ് വലിയ ചോദ്യം.

ആയിരം കോടി ഡോളറിന്റെ ഇന്ത്യൻ ധനം ഇന്ത്യയിൽ സൃഷ്ടിക്കാൻ പോകുന്ന തൊഴിലുകളെ മാറ്റിനിർത്താം. ആ 50,000 തൊഴിലുകളിൽ എത്രയെണ്ണം അമേരിക്കയിൽ തന്നെ ഉയർന്നുവരുമെന്നതു പോലും വ്യക്തമല്ല. ശരിക്കും 50,000 തന്നെയുണ്ടാകുമോ എന്നുപോലുമജ്ഞാതം. നിങ്ങളുടെ ചെലവിൽ നടക്കുന്ന ആ നിർമാണത്തിന്റെ നല്ലൊരുപങ്ക് ഇന്ത്യയോ അമേരിക്കയോ അല്ലാതെ മറ്റെവിടെയെങ്കിലുമാവാം ചിലപ്പോൾ സംഭവിക്കുക. നവംബർ 2 ന്റെ മധ്യകാല തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് 24 മണിക്കൂർ തികയും ‌മുൻപേ യു.എസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനം വന്നിരുന്നു, 6,00,000 കോടി ഡോളറിന്റെ അമേരിക്കൻ കടബാധ്യത സർക്കാരേറ്റെടുക്കുന്നുവെന്ന് -- കോർപ്പറേറ്റ് അമേരിക്കയ്ക്കുള്ള സമ്മാനം. ആ പണം കൊണ്ട് ഒരു തൊഴിലവസരവും സൃഷ്ടിക്കേണ്ട യാതൊരു ബാധ്യതയും കമ്പനികൾക്കുമേലില്ല. നമ്മുടെ ആയിരം കോടി ഡോളറിൽ (അതെത്ര തുച്ഛമാണെങ്കിൽ പോലും) എത്ര വിഹിതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുപയോഗിക്കപ്പെടുമെന്നോ എത്രവിഹിതം കോർപ്പറേറ്റ് ലാഭമായി പോകുമെന്നോ ഒന്നും ഒരു വ്യവസ്ഥയുമില്ലതാനും.

മുപ്പതുകളിലെ മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക ദുരന്തം ആരംഭിച്ച വർഷത്തിൽ അമേരിക്കൻ സി.ഇ.ഓമാർ വസൂലാക്കിയത് 1800 കോടി ഡോളറിന്റെ ബോണസുകളാണ്. സാമ്പത്തികത്തകർച്ച തുടങ്ങിയ ശേഷമിന്നോളം 100,000 കോടി ഡോളറിനുമേൽ തുക കോര്‍പ്പറേറ്റുകളുടെ വായകളിലേയ്ക്ക് ഒഴുക്കിയിട്ടുണ്ട്, കാര്യമായ തൊഴിലവസരങ്ങൾ ഒന്നും സൃഷ്ടിക്കപ്പെടാതെ. പിന്നെ എന്ത് തൊഴിലാണ് 1000 കോടി ഡോളർ കൊണ്ടുണ്ടാക്കാൻ പോകുന്നത് ? പക്ഷേ അതിനു ചക്രവ്യൂഹത്തിൽ പെട്ടുഴലുന്ന ഒബാമയുടെ നാട്ടിൽ ഒരു തലക്കെട്ടുണ്ടാക്കാൻ കഴിഞ്ഞിരിക്കണം. അൻപതിനായിരം തൊഴിലുകൾ ! ഒരാഴ്ചയ്ക്കുള്ളതായി ! എല്ലാം നല്ല ഒന്നാന്തരം വിടുവായത്തം. കൌതുകമുണർത്തുന്നത് നമ്മുടെ മാധ്യമങ്ങളുടെ അതിനെപ്രതിയുള്ള ആവേശമാണ്.

ഇതിനേക്കാളൊക്കെ പ്രധാനമായിരുന്നു, ഒബാമയെ അനുഗമിച്ച 200ല്പരം കോർപ്പറേറ്റ് തലവന്മാരുടെ വരവ്. പ്രസിഡന്റ് ഒബാമ, അദ്ദേഹത്തിന്റെ തന്നെ കാഴ്ചപ്പാടിൽ പറഞ്ഞാൽ, കോർപ്പറേറ്റ് അമേരിക്കയുമായുള്ള ബന്ധങ്ങളുടെ പുനർനിർമാണത്തിൽ ഒരു സുപ്രധാന ഘട്ടത്തിലാണത്രെ. സംഘം ചേർന്നുള്ള ഈ പര്യടനത്തിന്റെ ഊഷ്മളതയൊക്കെ അതിന്റെ ഭാഗമാണ് എന്നതാണു വാസ്തവം. നവംബർ 3ലെ ഒബാമയുടെ പേക്കിനാവിനും മുൻപേ തന്നെ ഈ ചിത്രം സുവ്യക്തമായിരുന്നു. ഒബാമ കോർപ്പറേറ്റ് ലോകത്തെയും വാൾ സ്ട്രീറ്റിനെയും ശത്രുക്കളാക്കിക്കഴിഞ്ഞെന്നും അമേരിക്കയെ ഒരാൾക്ക് അങ്ങനെ ഭരിക്കാൻ ആവില്ലെന്നും മുഖ്യധാരാ യു.എസ് മാധ്യമങ്ങൾ വാദിക്കുന്നു. യഥാര്‍ത്ഥത്തിൽ, സെപ്തംബർ 2008ന്റെ സാമ്പത്തികത്തകർച്ചയുടെയും അതിൽ വാൾ സ്ട്രീറ്റിനും ബാങ്കുകൾക്കും ഉണ്ടായിരുന്നപങ്കിന്റെയും പശ്ചാത്തലത്തിൽ, ആളുന്ന ബഹുജനരോഷത്തിനിടെയാണ് മി. ഒബാമ അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് (എതിരാളി മക്കെയിന് റോയ്ട്ടേഴ്സ് - സൊഗ്ബി പോൾ പ്രകാരം ഓഗസ്റ്റ് അന്ത്യത്തിൽ 5 പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നു). എന്നിട്ടും അദ്ദേഹം വാൾ സ്ട്രീറ്റിലെയും ബാങ്കുകളിലെയും കുറ്റക്കാരെ പോറലേൽക്കാതെ രക്ഷപ്പെടാൻ അനുവദിച്ചുവെന്നു മാത്രമല്ല, സാമ്പത്തികമാന്ദ്യത്തിൽ നിന്നുള്ള “കരകയറ്റ”ത്തിന്റെ തിരക്കഥയെഴുതാനും അവരെത്തന്നെ ഏൽ‌പ്പിച്ചു. സാമ്പത്തികരക്ഷാ നടപടികളുടെ പേരിൽ ഒഴുക്കിയ ദശലക്ഷക്കണക്കിനു ഡോളർ പണം ബോണസുകളിലും അതിസമ്പന്നരുടെ റിസോർട്ടുകളിലെ എക്സിക്യൂട്ടിവ് മീറ്റിംഗുകളിലുമായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നപ്പോഴാണ് ഇത്.

കൌണ്ടർപഞ്ച് ഡോട്ട് ഓർഗിലെ അലക്സാൻഡർ കോക്ബേൺ പറയുന്നതനുസരിച്ച് അതിവേഗത്തിലുള്ള കോർപ്പറേറ്റനുകൂല നടപടികളും മെഡിക്കെയർ, സാമൂഹികസുരക്ഷ സംവിധാനം തുടങ്ങിയവയെ അപകടത്തിലാക്കാനുള്ള ശ്രമങ്ങളും ഒബാമയുടെ തന്നെ അടിസ്ഥാന പിന്തുണക്കാരായ സംഘടിത തൊഴിലാളികളെയും കറുത്തവർഗ്ഗക്കാരെയും അകറ്റാനേ ഉപകരിക്കൂ. എന്നിട്ടും ഒബാമയുടെ വലതുപക്ഷാഭിമുഖ്യം ഇടതടവില്ലാതെ തുടരുന്നു. അദ്ദേഹത്തിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവായ ലാറി സമ്മഴ്സിന്റെ വിടവാങ്ങൽ കൂടുതൽ കോർപ്പറേറ്റനുകൂല പകരക്കാരെ തേടുന്നതിലേക്കാണ് നയിച്ചത്. “കോർപ്പറേറ്റ് അമേരിക്കയുമായുള്ള പ്രസിഡന്റിന്റെ തകർന്ന ബന്ധം പുനരുദ്ധരിക്കാൻ കെല്പുള്ള ആരെയെങ്കിലും നിയമിക്കാനാണ് വൈറ്റ് ഹൌസ് കിണഞ്ഞുശ്രമിക്കുന്നത്” എന്നാണ് നവംബർ 17നു ദ് വാഷിംഗ്ടൻ പോസ്റ്റ് റിപ്പോട്ട് ചെയ്തത്.

ഇരുനൂറില്പരം കോർപ്പറേറ്റ് തലവന്മാരുടെ പട സ്വാഭാവികമായും ഈ “പുനരുദ്ധാരണ” പ്രക്രിയയുടെ ഭാഗമാണ്. അതായിരുന്നു സന്ദർശനത്തിന്റെ പ്രാധാനോദ്ദേശ്യം. നാട്ടിൽ “അദ്ദേഹം ഗൌനിക്കുന്നുണ്ട് ” എന്നൊരു നല്ല വാർത്താശീർഷകം; അമേരിക്കക്കാരന്റെ പൊതുകരം കെട്ടിയ കാശുകൊണ്ട് കോർപ്പറേറ്റ് അമേരിക്കയുടെ പേരിലൊരു രാജകീയ ബിസിനസ് യാത്രയും. തിർച്ചയായും കോർപ്പറേറ്റ് തലവന്മാർ അവരുടെ കാശിനാണ് യാത്രചെയ്തുവന്നത്. പക്ഷേ, അമേരിക്കൻ പ്രസിഡന്റ് പെരുമ്പറമുഴക്കാനില്ലായിരുന്നെങ്കിൽ അവർക്ക് ഒറ്റയ്ക്ക് ഇത്രയേറെ സ്വാധീനമുണ്ടാക്കാനാവുമായിരുന്നില്ല. ഭൌതികമായ ഫലങ്ങൾ ചുരുളഴിഞ്ഞുവരാൻ സമയമെടുക്കുമെങ്കിലും.

തലക്കെട്ടുകളെയും ചാനൽ സംപ്രേഷണസമയത്തെയും അപഹരിച്ച മറ്റൊരു വാർത്ത ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നേടിത്തരുന്നതിൽ ഒബാമയുടെ “പിന്തുണ”യെപ്പറ്റിയുള്ളതാണ്. അമേരിക്കയുടെ സർട്ടിഫിക്കറ്റ് കിട്ടാനുള്ള ഇന്ത്യൻ ഉപരിവർഗ്ഗത്തിന്റെ വ്യഗ്രതയെ വച്ചു കളിക്കുമ്പോൾ തീർച്ചയായും അത് ഫലപ്രദമാണല്ലോ. ഒബാമയുടെ “പിന്തുണ” കിട്ടി എന്ന് പറയപ്പെടുന്ന ആ പ്രസംഗത്തിൽ ആകെ രണ്ടേ രണ്ട് വരിയാണ് സുരക്ഷാസമിതിയിലെ ഇന്ത്യയെപ്പറ്റിയുള്ളത്. അതിലൊന്നിൽ സ്ഥിരാംഗത്വത്തിന്റെ കാര്യവും പരാമർശിക്കപ്പെട്ടു.

ഇതിൽ അദ്ദേഹത്തിന്റെ ആദ്യവാചകം: “യു.എൻ സുരക്ഷാസമിതിയിൽ സ്ഥാനമുറപ്പിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയെ നാം സ്വാഗതം ചെയ്യുന്നു”. യു.എൻ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ഥിരമല്ലാത്ത അംഗം എന്ന നിലയ്ക്ക് ഇന്ത്യ ജനുവരി 15 മുതൽക്കേ തന്നെ ചെയ്യുന്നകാര്യമാണിത്. രണ്ടാമത്തെ വാചകം : “അതുകൊണ്ടുതന്നെ എനിക്കിപ്പോൾ പറയാം, വരും വർഷങ്ങളിൽ ഒരു സ്ഥിരാംഗമായി ഇന്ത്യയും കൂടി ഉൾപ്പെടുന്ന ഒരു നവീകരിക്കപ്പെട്ട യു.എസ് സുരക്ഷാ സമിതിയെ ഞാൻ പ്രതീക്ഷിക്കുന്നുവെന്ന്”. ഈ വാചകം വരുന്നത് “കാര്യശേഷിയുള്ളതും ഫലപ്രദമായതും വിശ്വാസ്യതയുള്ളതും നിയമസാധുത്വമുള്ളതും” ആണെന്ന് അമേരിക്ക അംഗീകരിച്ച ഒരു ഐക്യരാഷ്ട്ര സഭ ഉണ്ടാവണമെന്ന വാചകത്തിനു ശേഷമാണ്. എന്നുവച്ചാൽ, യുഗങ്ങൾക്കപ്പുറത്തുള്ള ഈ പരിഷ്കാരങ്ങൾക്ക് ശേഷം ഒബാമയ്ക്ക് ഇൻഡ്യയെ ഒരു സ്ഥിരാംഗമായി സുരക്ഷിതമായി കാണാമെന്ന് (സുപ്രധാന ഐക്യരാഷ്ട്രസഭാ പരിഷ്കാരങ്ങൾ എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സ്ഥിരാംഗത്വം എന്ന പരിപാടി തന്നെ നിര്‍ത്തലാക്കലോ സുരക്ഷാ സമിതിയംഗങ്ങൾക്കുള്ള വീറ്റോ ചെയ്യാനുള്ള അധികാരം ഇല്ലാതാക്കലോ ആണെന്നാണ് ചിലർ പറയുന്നത്, അതു വേറേ കഥ).

തൊഴിലവസര സൃഷ്ടി അതിപ്രധാനമാണെന്ന ധാരണ മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നതിന്റെ ക്രെഡിറ്റ് തീർച്ചയായും ഒബാമയ്ക്ക് കൊടുക്കാം. എന്നാൽ അമേരിക്കയിലേതിനേക്കാൾ കൂടുതൽ കാലമായി അതിലും വഷളായ തൊഴിൽ പരിതസ്ഥിതി നിലനിൽക്കുന്ന ഇന്ത്യയിലെ മാധ്യമങ്ങൾ പക്ഷേ ഒരിക്കൽ പോലും തൊഴിലിന്റെ കാര്യം മിണ്ടിയില്ല. അമേരിക്കയിലെ അൻപതിനായിരം തൊഴിലവസരങ്ങളെപ്പറ്റി ഉരുക്കഴിച്ചുകൊണ്ടിരുന്ന മാധ്യമ അവതാരകർക്ക് സ്വന്തം നാട്ടിലെ തൊഴിൽ പരിതോവസ്ഥയെപ്പറ്റി ഒരു ചുക്കും അറിയുമായിരുന്നില്ല. എത്ര ദശലക്ഷം ആളുകൾക്ക് കഴിഞ്ഞ പതിറ്റാണ്ടിനിടെ തൊഴിലും ജീവസന്ധാരണോപാധികളും നഷ്ടപ്പെട്ടെന്നോ, മർമ്മപ്രധാനമായ മേഖലകളിൽ എത്ര ശുഷ്കമായ തൊഴിലവസരസൃഷ്ടിയാണു നടക്കുന്നതെന്നോ, മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തു മാത്രം സാമ്പത്തികമാന്ദ്യത്തിനും 36 മാസം മുൻപേ തന്നെ 20 ലക്ഷം ആളുകൾക്ക് തൊഴിലില്ലാതായി എന്നോ, പതിനായിരക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരുന്നപ്പോഴും “സാമ്പത്തികോത്തേജന” പാക്കേജിന്റെ രൂപത്തിൽ ലക്ഷക്കണക്കിനു കോടി രൂപ വസൂലാക്കാൻ “മാന്ദ്യ”ത്തെ ഉപയോഗിച്ചിരുന്നുവെന്നോ അവര്‍ക്കറിയുമായിരുന്നില്ല. അതിനിടെ മിഷേൽ ഒബാമയുടെ “നൃത്തം” എല്ലാവരെയും അത്ഭുതപ്പെടുത്തി. നിരീക്ഷകരിലൊരാൾ പറയുന്നുണ്ടായിരുന്നു, അതാണ് “സന്ദർശനത്തിന്റെ യഥാർത്ഥ വിജയഗാഥ”യെന്ന് (ആയിരിക്കണം, അതിന്റെ ബാക്കി വച്ചുനോക്കുമ്പോൾ).

ആണവക്കരാർ ചർച്ചയുടെ വിശദാംശങ്ങളും, മുമ്പൈ ഭീകരാക്രമണത്തിന്റെ നല്ലൊരു പ്രതീകം പോലുമല്ലാത്ത ആഢംബര ഹോട്ടലായ താജിനു മുന്നിലെ ഫോട്ടോയെടുപ്പുചടങ്ങും മാറ്റിവച്ചാൽ ഒബാമാ സന്ദർശനമെന്നത് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലെ “തൊഴിലവസര” വാർത്തകളും പുതിയ ചന്തയ്ക്കായുള്ള കോർപ്പറേറ്റ് അന്വേഷണവും മാത്രം ഉദ്ദേശിച്ചായിരുന്നു. അതാകട്ടെ ഒബാമയുടെ കാഴ്ചപ്പാടും താല്പര്യവും വച്ചുനോക്കുമ്പോൾ തികച്ചും യുക്തിസഹവും. ആ സന്ദർശനം റിപ്പോട്ട് ചെയ്ത നമുക്ക് എന്തു യുക്തിയുണ്ടായിരുന്നു അതിൽ ? ഈ കളിയിൽ ഭാഗമാകാൻ വെമ്പിയ, റിപ്പോട്ടു ചെയ്യുക എന്നതിനപ്പുറം അതിനെ വാഴ്ത്താനും പുകഴ്ത്താനും പോയ, മാധ്യമങ്ങൾക്ക് എന്തു യുക്തിയുണ്ടായിരുന്നു? നമുക്ക് കരാറുകളിൽ എന്തു നേട്ടമുണ്ടായിരുന്നു എന്ന് പരിശോധിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് എന്തു യുക്തിയുണ്ട് ? അതോ, ലോകരാഷ്ട്രങ്ങളുടെ അധികാരശ്രേണികളിലിടം തേടാൻ ഉന്തിത്തള്ളുന്ന ഇന്ത്യൻ വരേണ്യവർഗ്ഗത്തിന്റെ ചോദനകൾ തന്നെയാണോ മുഖ്യധാരാമാധ്യമങ്ങളും പങ്കുവയ്ക്കുന്നത് ?

*
പി. സായ്നാഥ് എഴുതിയ 'Obama: after the gush and the drool' എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
പരിഭാഷ നിര്‍വഹിച്ചത് സൂരജ് രാജന്‍

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കൌതുകകരമായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഒബാമയ്ക്ക് പിറകേ തുപ്പലൊലിപ്പിച്ചുകൊണ്ടുള്ള മാധ്യമങ്ങളുടെ പാച്ചിലിനു അറുതിവന്നിരിക്കുന്നു; ഇനി നമ്മുടെ മാധ്യമങ്ങളെ മതിമയക്കിയ ആ സന്ദർശനത്തിന്റെ അനന്തരഫലങ്ങളിൽ ചിലത് പരിശോധിക്കാം.

“അൻപതിനായിരം തൊഴിലുകൾ സൃഷ്ടിക്കാൻ പോന്ന ആയിരം കോടി ഡോളറുകളുടെ 20 കച്ചവട ഇടപാടുകൾ” - അതായിരുന്നു പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഇന്ത്യാസന്ദർശനത്തിന്റെ ആദ്യനാൾ മുതൽ ആവേശത്തോടെ ആവർത്തിക്കപ്പെട്ടിരുന്ന തലക്കെട്ട്. ഈ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് അമേരിക്കയിലാണ്, ഇന്ത്യൻ സമ്പത്തുപയോഗിച്ച്. പക്ഷേ നമ്മൾ വളരെ ആവേശഭരിതരായിരുന്നു. ഒരു ചീഫ് എക്സിക്യൂട്ടിവ് വന്നു, തന്റെ ജോലി വൃത്തിയായി ചെയ്തിരിക്കുന്നു; അയാളെ അഭിനന്ദിക്കണമല്ലോ

Rajeeve Chelanat said...

നന്ദി സൂരജ്‌.

പതിവുപോലെ, ഇതിലെ യുക്തിയെക്കുറിച്ചോക്കെ സായിനാഥിനേപ്പോലെയുള്ളവര്‍ക്ക് മാത്രമേ ആശങ്കയുണ്ടാകാന്‍ വഴി കാണുന്നുള്ളു. ബാക്കിവരുന്ന ബഹുഭൂരിപക്ഷം മാധ്യമ കേസരികള്‍ക്കും ഇതൊക്കെ, ജീവിതകാലത്തൊരിക്കല്‍ മാത്രം വീണു കിട്ടുന്ന അസുലഭ ബീറ്റുകളല്ലേ? കുട്ടികളുടെ ചോദ്യങ്ങള്‍ക്ക്‌ ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന ഒരു മുന്തിയ ആഫ്രോ അമേരിക്കന്‍ രാഹുല്‍ ഗാന്ധിയെയും പോങ്ങച്ച സഞ്ചിയുമായി അങ്ങാടി ചുറ്റുകയും, കുട്ടികള്‍ക്കൊത്ത് നൃത്തച്ചുവട് വെക്കുകയും ചെയ്യുന്ന 'കറുത്ത' മദാമ്മയെയും, ജെയിംസ് ബോണ്ട്‌ സിനിമകളെ വെല്ലുന്ന അത്യന്താധുനിക സുരക്ഷാകവചവാഹനങ്ങളെയും ഒക്കെ കണ്ട് അവര്‍ കോള്‍'മയിര്‍' കൊള്ളും. അത്ര തന്നെ. അവര്‍ക്കെന്തു യുക്തി? എന്ത് തൊഴിലവസരം? എന്തിന്ത്യ?

അഭിവാദ്യങ്ങളോടെ

ഷൈജൻ കാക്കര said...

ബരാക്ക്‌ ഒബാമ വരുന്നു... ഇന്ത്യയിലേക്ക്‌... വരട്ടെ... ശീത യുദ്ധം അവസാനിച്ചതിന്‌ ശേഷം... ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരുമ്പോൾ? അമേരിക്കൻ പ്രസിഡണ്ടുമാർ ഇന്ത്യയിലേക്ക്‌ വരുന്നത് വലിയ കാര്യമല്ലാതായി... ക്ലിന്റൻ... ബുഷ്‌... ഇപ്പോളിതാ ഒബാമയും... കാരണം വളരെ ലളിതം... അമേരിക്കക്ക്‌ ഇന്ത്യയെ വേണം, ഇന്ത്യക്ക്‌ അമേരിക്കയെ വേണം...

എവിടെയൊക്കെയാണ്‌ പരസ്‌പരം വേണ്ടലുകൾ... അങ്ങനെയൊന്ന്‌ നാം അറിയുന്നുണ്ടോ? കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടോ? ജനപ്രതിനിധികൾക്ക്‌ വല്ലതും അറിയുമോ? ഒബാമ ഇന്ത്യയിൽ വരുമ്പോൾ എവിടെ താമസിക്കുന്നു... എവിടെ ഭക്ഷണം കഴിക്കുന്നു... കൂടെ ആരൊക്കെ വരുന്നു... ഇത്തരം കാര്യങ്ങൾ നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ മറന്നു പോകുന്ന ഒരു കാര്യം ഒപ്പിടുന്ന കരാറുകൾ ഏതൊക്കെ... ആ കരാറുകളുടെ ഗുണങ്ങൾ എന്തൊക്കെ... ഗുണഭോക്താക്കൾ ഇന്ത്യയോ അമേരിക്കയോ? ഇതൊന്നും ചർച്ച ചെയ്യാത്ത മാധ്യമങ്ങൾ മഞ്ഞപത്ര നിലവാരത്തിൽ കാര്യങ്ങളെ കാണുന്നു... പൂർണ്ണമായും മാധ്യമങ്ങൾ അവഗണിച്ചു എന്ന്‌ പറയുന്നില്ല പക്ഷെ പ്രാധാന്യമില്ല... എല്ലാം A.I.C.C യോഗം പോലെ...