കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1957 ഏപ്രില്‍ അഞ്ചിന് കേരളത്തില്‍ അധികാരത്തില്‍വന്നത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ പലരിലും ഞെട്ടലുളവാക്കുന്നതുമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നാല്‍ ജീവിക്കില്ല എന്നു പ്രഖ്യാപിച്ചവര്‍വരെ കേരളത്തിലുണ്ടായി. ആ പ്രവചനങ്ങള്‍ പാഴ്വാക്കുകളായിരുന്നുവെന്ന് കാലം തെളിയിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ സ്ഥാപിതതാല്‍പ്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നടപ്പിലാകില്ലെന്നു കണ്ടവരുടെ പ്രഖ്യാപനംകൂടിയായിരുന്നുവല്ലൊ അത്. അതുകൊണ്ടുതന്നെ ആദ്യ സര്‍ക്കാര്‍ അവര്‍ക്ക് കരടായി.
വിപ്ളവപാര്‍ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നു എന്നതായിരുന്നു ചിലരെയെങ്കിലും ആശ്ചര്യപ്പെടുത്തിയത്. ലോകത്തിലെ ആദ്യ സംഭവമായി പ്രചരിപ്പിച്ചവരും ഉണ്ടായി. അതിന് ഇ എം എസ് വിശദീകരണം നല്‍കി:
"കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വരുംമുമ്പ് 1953ല്‍ ദക്ഷിണ അമേരിക്കയില്‍ വടക്ക് അത്ലാന്റിക് തീരത്തെ ഗയാനയില്‍ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍വംശജനായ ഛെഡി ജഗന്‍ എന്ന കമ്യൂണിസ്റ്റ് പ്രധാനമന്ത്രി അധികാരത്തില്‍വന്നിരുന്നു. ഇന്ത്യയില്‍ ആദ്യം കമ്യൂണിസ്റ്റ് പാര്‍ടി അധികാരം കൈയാളിയ സംസ്ഥാനം കേരളമാണെന്നും ആ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഞാനാണെന്നും പറയാം''.
ഇറ്റലിയിലെ സാന്‍ മാരിനൊ എന്ന കൊച്ചു രാജ്യത്ത് 1945ല്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നുവെങ്കിലും സോഷ്യലിസ്റ്റ് സമ്മാരിനിസ് എന്ന പാര്‍ടിയുമായി യോജിച്ചായിരുന്നുവെന്നതും ഇ എം എസ് ചൂണ്ടിക്കാണിച്ചു.
അങ്ങനെ തുടക്കത്തിലേ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു 1957ലെ ഇ എം എസ് സര്‍ക്കാര്‍. പട്ടിണിപ്പാവങ്ങള്‍ക്കും അധ്വാനിക്കുന്നവര്‍ക്കും സ്വപ്നഭൂമിയായി മാറുകയായിരുന്നു കേരളം. ഉറക്കമുണരുമ്പോള്‍ കിടപ്പാടമില്ലാത്ത സ്ഥിതി. ജന്മിതാല്‍പ്പര്യത്തിനൊത്ത് ഗുണ്ടകളുടെയും പൊലീസിന്റെയും തേര്‍വാഴ്ച തൊഴിലും കൂലിയും സംബന്ധിച്ച് ഉറപ്പില്ലാത്ത അവസ്ഥ. ശമ്പളത്തിന്റെ പകുതിപോലും അന്ന് അധ്യാപകര്‍ക്കും മറ്റും ലഭിച്ചിരുന്നില്ല.
നിരവധി അനീതികളാല്‍ ജനങ്ങള്‍ ക്ളേശിച്ച അവസരത്തിലാണ് കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരുന്നത്. സ്വാഭാവികമായും സര്‍ക്കാരിന്റെ ആദ്യ ശ്രദ്ധ കുടികിടപ്പുകാരുടെ കാര്യത്തിലായിരുന്നു. അധികാരമേറ്റ് അഞ്ചാം ദിവസം കുടിയൊഴിക്കല്‍ നിരോധന ഓര്‍ഡിനന്‍സ്. എല്ലാ ഒഴിപ്പിക്കലും നിരോധിച്ച് ഏപ്രില്‍ 11ന് ഉത്തരവുമിറക്കി.
ഇരുപത്തെട്ടു മാസമാണ് ആ സര്‍ക്കാര്‍ ഭരിച്ചത്. ചുരുങ്ങിയ കാലയളവില്‍ ജനങ്ങള്‍ക്കുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. അതുകൊണ്ടുതന്നെ സ്ഥാപിത താല്‍പ്പര്യക്കാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും എതിര്‍പ്പുകള്‍ വന്നു. 126 അംഗ സഭയില്‍ ഒരാളുടെ മാത്രം ഭൂരിപക്ഷത്തില്‍ നിലനിന്ന സര്‍ക്കാരിനെ മറിച്ചിടാന്‍ പല ശ്രമങ്ങള്‍. ഒരു എംഎല്‍എയെ ചാക്കിലാക്കാന്‍ ലക്ഷംരൂപവരെ വാഗ്ദാനംചെയ്തു. അതൊന്നും ഫലിച്ചില്ല. ഒടുവില്‍ "വിമോചന സമര'മെന്ന അട്ടിമറിയുടെ മറപറ്റി കേന്ദ്രം പിരിച്ചുവിടുകയായിരുന്നു.
'കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തുടക്കംമുതല്‍ ഒടുക്കം'വരെയുള്ള അനുഭവങ്ങള്‍ അസൂയാവഹമായ കൃത്യതയോടെ വിവരിക്കുന്ന കൃതിയാണ് "1957-'59 വാര്‍ത്തകള്‍ക്കപ്പുറം''. സര്‍ക്കാരിന്റെ പ്രവര്‍ത്തനവും പ്രതിലോമകാരികളുടെ വെല്ലുവിളിയും ക്രമാനുഗതമായി വിവരിക്കുന്നുണ്ട്. ഒപ്പം വിശകലനങ്ങളും.
കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലവും ഇന്നും തമ്മില്‍ അരനൂറ്റാണ്ടിന്റെ അകലമാണ്. അക്കാലത്തുണ്ടായ പല സംഭവങ്ങളെക്കുറിച്ചും സത്യസന്ധമായ രീതിയില്‍ വിവരശേഖരണം നടത്തി തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഇത് വായിക്കുന്ന ഒരാള്‍ക്ക് അന്നു നടന്ന ചില കാര്യങ്ങള്‍ക്കും ഇന്നത്തേതുമായുള്ള സാമ്യം കണ്ടെത്താനാവും. അതില്‍ ശ്രദ്ധേയം പത്ര-മാധ്യമ രംഗവുമായി ബന്ധപ്പെട്ടതാണ്.
സര്‍ക്കാരിനെതിരായ സമരാഭാസങ്ങള്‍ക്കു ശക്തി പകരാന്‍ കള്ളപ്രചാരണവുമായി പത്രങ്ങളുടെ ശൃംഖല അന്നുണ്ടായി. മലയാള മനോരമ, ദീപിക, മലയാള രാജ്യം, മലയാളി തുടങ്ങിയവയാണ് തുടക്കമിട്ടതെങ്കിലും പിന്നാലെ മാതൃഭൂമിയും കേരള കൌമുദിയും മറ്റും എത്തി. നിറംപിടിപ്പിച്ച നുണകളുമായി അവ വായനക്കാരെ അമ്മാനമാടി. കള്ളവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരുന്നു മത്സരം. അതെല്ലാം വായിക്കുമ്പോള്‍ ഇന്നത്തെ പത്ര-മാധ്യമ രംഗത്തെ സ്ഥിതിയെക്കുറിച്ചും ആലോചിച്ചുപോകും. ഒരു ആഖ്യായികപോലെ ഉള്ളില്‍ തട്ടി വായിക്കാവുന്ന വിജ്ഞാനപ്രദമായ ഗ്രന്ഥമാണ് ശ്രീകലയുടേത്.
അവതാരികയില്‍ പിണറായി വിജയന്‍ പറയുംപോലെ "ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെക്കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, പ്രക്ഷുബ്ധമായ കാലഘട്ടത്തിന്റെ മാധ്യമപ്രവര്‍ത്തനത്തെ അറിയാനാഗ്രഹിക്കുന്നവര്‍ക്കും ഗ്രന്ഥം പ്രയോജനപ്പെടും."
*
എം എം ലാസര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 14-11-2010
Subscribe to:
Post Comments (Atom)
1 comment:
കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 1957 ഏപ്രില്‍ അഞ്ചിന് കേരളത്തില്‍ അധികാരത്തില്‍വന്നത് ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകെ പലരിലും ഞെട്ടലുളവാക്കുന്നതുമായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നാല്‍ ജീവിക്കില്ല എന്നു പ്രഖ്യാപിച്ചവര്‍വരെ കേരളത്തിലുണ്ടായി. ആ പ്രവചനങ്ങള്‍ പാഴ്വാക്കുകളായിരുന്നുവെന്ന് കാലം തെളിയിച്ചു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ സ്ഥാപിതതാല്‍പ്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നടപ്പിലാകില്ലെന്നു കണ്ടവരുടെ പ്രഖ്യാപനംകൂടിയായിരുന്നുവല്ലൊ അത്. അതുകൊണ്ടുതന്നെ ആദ്യ സര്‍ക്കാര്‍ അവര്‍ക്ക് കരടായി.
Post a Comment