കവിത്വത്തിന്റെ പരമകാഷ്‌ഠയിലാണ് നാടക രചന നിര്‍വഹിക്കപ്പെടുന്നതെന്ന പണ്ഡിതമതം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മലയാളത്തിലെ പ്രശസ്‌ത കവിയായ സച്ചിദാനന്ദന്‍ കാവ്യസപര്യയുടെ ഒരു ഘട്ടത്തില്‍ തന്റെ ദര്‍ശനങ്ങള്‍ ജനകീയമാക്കാന്‍ കവിതയേക്കാള്‍ നാടകത്തിനു സാധ്യത കൂടുതലുണ്ടെന്നു ബോധ്യപ്പെട്ടപ്പോള്‍ ഒന്നു രണ്ടു നാടകങ്ങള്‍ രചിക്കുകയുണ്ടായി. സ്വന്തം കവിതകളില്‍ വര്‍ധിച്ചുവന്ന നാടകീയതയുടെ വിപുലീകരണമായിട്ടാണ് അദ്ദേഹം തന്റെ നാടകങ്ങളെ കാണുന്നത്. ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചപ്പോഴാണ്, ജനകീയ സംവേദനത്തിനും തന്റെ നാടകദര്‍ശനങ്ങളുടെ സമഗ്രവും വസ്‌തുനിഷ്‌ഠവുമായ ആവിഷ്‌കാരത്തിനും സാധ്യതയുള്ള നാടകമെഴുതാന്‍ അദ്ദേഹത്തിനും പ്രേരണയുണ്ടായത്. 'ശക്തന്‍ തമ്പുരാന്‍', 'ഗാന്ധി' എന്നീ രണ്ടു നാടകങ്ങളാണ് അദ്ദേഹം രചിച്ചത്. ഇവ ഒരു കവിയുടെ നാടകമാണെന്നും രചന സാന്ദര്‍ഭികമാണെന്നും ശക്തന്‍ തമ്പുരാന്റെ ആമുഖക്കുറിപ്പില്‍ സച്ചിദാനന്ദന്‍ രേഖപ്പെടുത്തുന്നുണ്ട്.
ശക്തന്‍ തമ്പുരാന്‍, തീരം, ബലി എന്നീ മൂന്ന് ഏകാങ്കങ്ങളുടെ സമാഹാരമാണ് 'ശക്തന്‍ തമ്പുരാന്‍'. പാശ്ചാത്യ നാടകങ്ങളുടെ സ്വതന്ത്രമായ അനുവര്‍ത്തനങ്ങളാണ് ഇവ. ആദ്യത്തേത് ബ്രഹ്ത്തിന്റെ 'ല്യൂക്കസിന്റെ വിചാരണ'യുടെ മാതൃകയില്‍ രചിക്കപ്പെട്ടതാണ്. കൊച്ചി രാജവംശത്തിലെ ഏറ്റവും ശക്തനായ രാജാവായിരുന്ന ശക്തന്‍ തമ്പുരാനെക്കുറിച്ചുള്ളതാണ് ഒന്നാമത്തെ നാടകം. "കൊച്ചിരാജ്യത്തിന് അടിത്തറപാകി, നാടിന്റെ നന്മയ്‌ക്കായി പല പരിഷ്‌കാരങ്ങളും വരുത്തി, പ്രസിദ്ധമായ കൊച്ചിക്കോട്ടയും ദേവതാമാളികയും പണികഴിപ്പിച്ചു, കള്ളന്മാര്‍ക്കും അഹംഭാവികള്‍ക്കും കടുത്ത ശിക്ഷ നല്‍കി...'' തുടങ്ങിയ നേട്ടങ്ങളെല്ലാം തലമുറ തലമുറയായി ചൊല്ലി പഠിച്ചുപോന്ന ചരിത്രപാഠം. ഭരണനിര്‍വഹണത്തിന്റെ അഥവാ നീതിനിര്‍വഹണത്തിന്റെ ഭാഗമായി എഴുതപ്പെട്ട ഈ ചരിത്രപാഠത്തിന്റെ പിന്നാമ്പുറങ്ങളില്‍ എഴുതപ്പെടാത്തതും അറിയപ്പെടാത്തതുമായ മറ്റൊരു ചരിത്രം കൂടിയുണ്ടെന്നും നമ്മളറിയാത്ത ഒരു ശക്തനുണ്ടെന്നും ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നാടകത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ശക്തന്റെ മരണശേഷം രാജാവും അദ്ദേഹത്തിന്റെ ശിക്ഷാവിധികള്‍ക്കു വിധേയരായി കൊല്ലപ്പെട്ട ഒരു കൂട്ടം സാധാരണക്കാരായ പ്രജകളും തമ്മിലുള്ള സമാഗമമായാണ് ഇതിന്റെ രംഗപാഠം തയ്യാറാക്കിയിട്ടുള്ളത്.
തീപ്പെട്ട മഹാരാജാവ് ശക്തന്‍ തമ്പുരാന്‍ നന്ദനോദ്യാനത്തിനുമുന്നില്‍വച്ച് വിചാരണ ചെയ്യപ്പെടുകയാണ്. സിംഹാസനത്തിലിരുന്നപ്പോള്‍ താന്‍ വിചാരണചെയ്‌തു കൊന്നവരുടെ വരവും പ്രതീക്ഷിച്ച് അകമ്പടിയേതുമില്ലാതെ, സ്വീകരിക്കാന്‍ കോല്‍ക്കാരനോ സേവകനോ ഇല്ലാതെ, വിശന്നു തളര്‍ന്ന് ഏകനായി വിധിയും കാത്തിരിക്കയാണ് ശക്തന്‍. കാരണം 'മരണത്തിന്റെ സാമ്രാജ്യത്തിലേക്ക് ഓരോരുത്തരും ഒറ്റയ്‌ക്കാണ് വരുന്നത്'. ഇവിടെ ആര്‍ക്കും അകമ്പടിക്കാരോ സേവകരോ ഇല്ല.ജീവിതകാലം മുഴുവന്‍ വല്ലവരുടേയും ഭൂമിയില്‍ ഞാറുകള്‍ നടേണ്ടിവന്ന കൃഷിക്കാരന്‍, വലിയവരുടെ വീടുകളില്‍ പണിയെടുത്തു മുതുകും ജീവിതവും കൂനിപ്പോയ ഒരു തൂപ്പുകാരി, ഭൂമിയില്‍ ഒരു കുടിപ്പള്ളിക്കൂടം നടത്തി കഷ്‌ടപ്പെട്ട അധ്യാപകന്‍, മീന്‍ വിറ്റ് കഷ്‌ടപ്പെട്ടു ജീവിച്ചിരുന്ന മീന്‍കാരി, പട്ടുതുണി നെയ്‌തിട്ടും ചാക്കുടുത്ത് കഴിയേണ്ടിവന്ന ചാലിയാന്‍ (നെയ്‌ത്തുകാരന്‍) - ഇവരാണ് ശക്തന്റെ വിധികര്‍ത്താക്കളായി എത്തുന്നത്.
ശക്തന്റെയും പടത്തലവന്റെയും ക്രൂരതയ്‌ക്കിരയായ സാധാരണക്കാരുടെ മൊഴിയെടുക്കുകയാണിവര്‍. ന്യായാധിപന്റെ ഇരുപുറവുമായി ഇരിക്കുന്ന ഇവരാണ് ശക്തന്‍ നന്ദനോദ്യാനത്തിലേയ്‌ക്കു പോകണമോ എന്നു വിധിക്കേണ്ടത്. ശക്തനുവേണ്ടി വാദിക്കാനും സാക്ഷി പറയാനും ആരെങ്കിലുമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ആരുമുണ്ടായിരുന്നില്ല. 'വിധിക്കാനവകാശം യജമാനന്മാര്‍ക്കല്ല ഇരകള്‍ക്കാണ് '. അതുകൊണ്ട് ക്രൂരതയ്‌ക്കിരയായവരുണ്ടോ എന്ന ചോദ്യത്തിന് വലിയൊരു പുരുഷാരം തന്നെ "ഉണ്ട്-ഉണ്ട് '' എന്നു പറഞ്ഞു മുന്നോട്ടു വന്നു. അവരുടെ പരാതികള്‍ കേട്ട് വിധി കല്‍പിക്കുകയെന്നതാണീ വിധികര്‍ത്താക്കളുടെ ലക്ഷ്യം.
'പ്രണയമനുഭവിക്കാത്ത പെണ്ണിന്റെയും വാല്‍സല്യം നുകരാത്ത കുഞ്ഞിന്റെയും ദുഃഖം പേറുന്ന' പാറുക്കുട്ടിയുടെ ഊഴമാണ് ആദ്യം. കൌമാരപ്രായത്തില്‍ പ്രേമം നടിച്ച് പ്രലോഭിപ്പിച്ച് ആവശ്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിയപ്പെട്ട പാറുക്കുട്ടി, തന്റെ ജീവിതം നശിപ്പിച്ച രാജാവിന് തക്ക ശിക്ഷ നല്‍കണമെന്ന് ന്യായാധിപനോട് ആവശ്യപ്പെട്ടു. ഒരു നായര്‍ പെണ്‍കുട്ടിയെ പ്രേമിച്ചതിന്റെ പേരില്‍ വെട്ടിനുറുക്കപ്പെട്ട തണ്ടാനാണ് അടുത്തയാള്‍. മറ്റൊരാള്‍, കുതിരാന്‍ മലയിലെ മല വിചാരിപ്പുകാരനായിരുന്ന മലയന്‍ കേലന്‍. വസൂരി കലശലായി മരണത്തെ മുഖാമുഖം കണ്ടുകിടന്ന അമ്മയെയും ഭാര്യയെയും കാണാന്‍ പോയി എന്ന കുറ്റത്തിന് ശക്തന്റെ ആള്‍ക്കാര്‍ ചമ്മട്ടികൊണ്ടടിച്ചുകൊന്ന കേലനും രാജാവിന്റെ ക്രൂരത വെളിപ്പെടുത്തി. ശക്തനാല്‍ ചതിച്ചുകൊല്ലപ്പെട്ട സാമന്തനും പടയാളികളാല്‍ പീഡിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ റാണിയും പടയോട്ടത്തില്‍ തങ്ങളുടെ നാട്ടുകാര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടതിന്റെയും ശക്തന്റെ പടയാളികളില്‍നിന്ന് കന്യകമാര്‍ക്ക് കന്യകാത്വം നഷ്‌ടപ്പെട്ടതിന്റെയും കര്‍ഷകര്‍ക്ക് വയല്‍ നഷ്‌ടപ്പെട്ടതിന്റെയും കണക്കുകള്‍ ബോധിപ്പിച്ചുകൊണ്ട് ന്യായാധിപന്റെ മുന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഇതെല്ലാം തന്റെ ആളുകള്‍ നിയമം നടപ്പാക്കാന്‍ വേണ്ടി ചെയ്‌തതായിരുന്നുവെന്നായിരുന്നു രാജാവിന്റെ വാദം. അങ്ങനെയെങ്കില്‍ തെറ്റ് അവരുടേതല്ല, രാജാവിന്റേതാണെന്നു ന്യായാധിപന്‍. കാരണം നിയമപാലകര്‍ ഭീരുക്കളാണ്; നിയമം നടപ്പാക്കുന്നുവെന്നേയുള്ളൂ. നിയമം നിര്‍മിക്കുന്നവരാണ് ശിക്ഷ അനുഭവിക്കേണ്ടത്.
താനാണ് കൊച്ചിയിലേയ്‌ക്ക് പൊന്നു കൊണ്ടുവന്നതും സ്വര്‍ണദേവതമാരെ ഉണ്ടാക്കിയതുമെന്ന് രാജാവ് അഭിമാനത്തോടെ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ ഈ നാട്ടില്‍ താമസിക്കണ ഞാന്‍ പൊന്നൊന്നും കണ്ടിട്ടില്ലെന്ന് മീന്‍കാരി വാദിച്ചു. മീഞ്ചന്തേലും കടലോരത്തും പാര്‍ക്കുന്നവനോ നെയ്‌ത്തുകാരനോ കര്‍ഷകനോ അതുകൊണ്ടെന്തുകാര്യം? യുദ്ധത്തില്‍ തന്റെ മക്കളെ പിടിച്ചുകൊണ്ടുപോയി കൊന്നതിന് എന്തു പരിഹാരമെന്ന അവളുടെ ചോദ്യത്തിന് യുദ്ധത്തെക്കുറിച്ച് ഒരു ചുക്കുമറിയാത്ത മീന്‍കാരിയോട് ഉത്തരം പറയാന്‍ താനാളല്ലെന്നു ശക്തന്‍ മറുപടി പറഞ്ഞു. നൊന്തു പ്രസവിച്ച ഏക മകന്‍ നഷ്‌ടപ്പെട്ട് അഗതിയും അശരണയുമായിത്തീര്‍ന്ന തനിക്കല്ലാതെ യുദ്ധത്തിന്റെ കെടുതികളെപ്പറ്റിപ്പറയാന്‍ ആര്‍ക്കാണ് അവകാശമെന്ന് അവള്‍ തിരിച്ചടിച്ചു. മീന്‍കാരിയുടെ ഈ തെളിവ് ന്യായാധിപന്‍ അംഗീകരിച്ചു. ഒടുവില്‍ തങ്ങളെയും കുടുംബത്തെയും നശിപ്പിച്ച രാജാവിന് പരാതിക്കാര്‍ ഒന്നടങ്കം നരകം വിധിക്കുന്നു. അവര്‍ രാജാവിനെ കോമാളിത്തൊപ്പിയണിയിച്ചു മുദ്രാവാക്യം വിളിച്ചുകൊണ്ട് "എല്ലാ ശക്തന്മാരും മറവിയുടെ നരകത്തില്‍ ആണ്ടു പോകട്ടെ, എന്നും പണിയെടുക്കാത്ത കയ്യുയര്‍ത്തി മനുഷ്യരെ ചോരക്കളത്തിലേയ്‌ക്കു വലിച്ചെറിയുന്ന യജമാനവര്‍ഗം തുലയട്ടെ, സാമ്രാജ്യത്വവും അവ സൃഷ്‌ടിക്കുന്ന യുദ്ധങ്ങളും തുലയട്ടെ'' എന്നും ഒറ്റക്കെട്ടായി ആഹ്വാനം ചെയ്യുന്നിടത്ത് രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ കയ്യുയര്‍ത്തി ശക്തന്‍ കീഴടങ്ങുന്നു. അതോടെ നാടകം അവസാനിക്കുന്നു.
ഇവിടെ ശക്തന്‍ പലതിന്റേയും പ്രതീകമാണ്. പാവങ്ങളെ ചൂഷണം ചെയ്‌തു കൊഴുക്കുന്ന അധികാരിവര്‍ഗത്തിന്റെ, ഭരണകൂട ഭീകരതയുടെ, ധര്‍മം, നീതി ഇവയുടെ പേരില്‍ പട്ടിണിപ്പാവങ്ങളെ നരകത്തീയിലാക്കുന്ന കൊടുംക്രൂരതയുടെ ഒക്കെ പ്രതീകം. ശക്തന്‍ തമ്പുരാന്റെ ചരിത്രം അതിനൊരു ആധാരം മാത്രം. നാടകത്തിലൂടെ ചൂഷിതവര്‍ഗത്തിന്റെ ഭിന്നമുഖങ്ങള്‍ ദൃശ്യമാക്കുന്നു. ചരിത്രമുഹൂര്‍ത്തങ്ങളെ പാടെ തിരസ്‌കരിക്കാതെ ചരിത്രഘട്ടങ്ങളെ പുനര്‍നിര്‍മിക്കും വിധം പുതിയ ചിന്തകളും വികാരങ്ങളും ജനങ്ങളില്‍ വളര്‍ത്താന്‍ കഴിയുന്ന 'വൈരുധ്യാത്മക നാടകവേദി' എന്ന ബ്രഹ്തിയന്‍ സങ്കല്‍പം ഈ നാടകത്തിലൂടെ അന്വര്‍ഥമാകുന്നു. അതായത് വൈരുധ്യങ്ങളെ മൂടിവയ്‌ക്കാതെ തുറന്നുക്കാട്ടുന്ന ശൈലി. നാം സ്വാഭാവികമെന്നോ പൂര്‍ണമെന്നോ കരുതിപ്പോരുന്ന പലതിനേയും ചോദ്യം ചെയ്യുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. ഇവിടെ താദാത്മീകരണത്തിന് സാധ്യതയില്ല. മറിച്ച് പ്രബോധനപരതയാണ് ലക്ഷ്യം. വികാരങ്ങളെ തിരസ്‌കരിക്കുകയല്ല, അവയെ വര്‍ഗാധിഷ്‌ഠിതമാക്കുകയാണ്; ആത്മനിഷ്‌ഠതയ്‌ക്കുപകരം വര്‍ഗപരമായ ചിന്തയ്‌ക്ക് ഇടം നല്‍കുകയാണ് ഈ രീതിയുടെ സവിശേഷത.
ഈ നാടകത്തില്‍ സാധാരണക്കാരെ/ചൂഷിതരെ മുന്‍നിറുത്തിയുള്ള ഒരു വിരുദ്ധചിന്തയ്‌ക്കാണ് ഇടം നല്‍കിയിട്ടുള്ളത്. ശക്തന്‍തമ്പുരാന്‍ ഉല്‍ക്കൃഷ്‌ടനായ ഒരു ഭരണാധികാരിയാണെന്നുള്ള സത്യത്തെ പൂര്‍ണമായും തിരസ്‌കരിക്കാതെ, ചരിത്രപാഠങ്ങളില്‍ ഉറച്ചുപോയ ശക്തന്‍ അതുമാത്രമായിരുന്നോ എന്ന ചോദ്യത്തിന് അതുമാത്രമായിരുന്നില്ലെന്ന വിശ്വസനീയമായ ചില ഉത്തരംകൂടി കണ്ടെത്താന്‍ ഈ നാടകം പ്രേരിപ്പിക്കുന്നു. അഥവാ, ചിന്തിക്കാനും നിരീക്ഷിക്കാനും വ്യാഖ്യാനിക്കാനും പ്രേരിപ്പിക്കുന്ന ഒട്ടനവധി വ്യത്യസ്‌തതയാര്‍ന്ന വസ്‌തുതകളും സത്യങ്ങളും വെളിപ്പെടുത്തുന്നതിലൂടെ ആരും ഒന്നുമാത്രമല്ല-പലതാണ്; മഹത്വങ്ങളോടൊപ്പം അതല്ലാത്ത മറ്റു പലതുമുണ്ടെന്നുകൂടി ഓര്‍മിപ്പിക്കുകയാണ് ഈ നാടകം ചെയ്യുന്നത്.
മറ്റൊരു വസ്‌തുത എടുത്തു പറയേണ്ടത് ശക്തനും പാറുക്കുട്ടിയുമായുള്ള സംഭാഷണത്തില്‍ 'അന്യവല്‍ക്കരണം' ഭംഗിയായി പ്രയോഗിച്ചിരിക്കുന്നു എന്നതാണ്. പാറുക്കുട്ടിയും ശക്തനും നടനും നടിയുമായി മാറുന്ന സന്ദര്‍ഭം:
ശക്തന്‍: രാജാവായി അഭിനയിച്ചഭിനയിച്ച് ഞാന്‍ മടുത്തിരിക്കുന്നു. വല്യ വല്യ വാചകങ്ങള്‍ പറഞ്ഞും കല്‍പനകള്‍ കൊടുത്തും നാവൊക്കെ കുഴഞ്ഞു. ഈ കിരീടം ഒന്നങ്ങട് ഊരിവച്ചാലോ?
പാറുക്കുട്ടി: അതുവേണ്ട. നാടകം മുഴ്വേന്‍ കഴിയുമ്പോ അത് മറ്റുള്ളോര് ചെയ്‌തോളും.
ഈ സംഭാഷണങ്ങള്‍ നാടകീയ സന്ദര്‍ഭത്തിനും ദൂരവല്‍ക്കരണത്തിനും ഒരുപോലെ ഇണങ്ങുന്നതായിട്ടുണ്ട്.
ഈ സമാഹാരത്തിലെ രണ്ടാമത്തെ നാടകമായ 'തീരം' ഐറിഷ് നാടകകര്‍ത്രിയായ ലേഡി ഗ്രിഗറിയുടെ 'ചന്ദ്രോദയം' എന്ന നാടകത്തെ ആസ്‌പദമാക്കിയുള്ള ഒരു സ്വതന്ത്രാവിഷ്‌കാരമാണ്. ജയില്‍ചാടിയ തടവുപുള്ളിയെ പിടിക്കാന്‍ ഒരു ഹെഡ് കോണ്‍സ്റബിളും രണ്ടു പോലീസുകാരും ഒരു നദീതീരത്തെത്തുന്നു. അവിടെ കിടന്ന രണ്ടു വീപ്പമേല്‍ അവര്‍ പുള്ളിയുടെ ചിത്രം ഒട്ടിക്കുന്നു. പുള്ളിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണം കിട്ടിയാല്‍ എന്തു ചെയ്യുമെന്ന് ചര്‍ച്ച ചെയ്‌തുകൊണ്ട് പോലീസുകാര്‍ ഹെഡിനെവിട്ട് പോയപ്പോള്‍ ഒരു പഴഞ്ചന്‍ സഞ്ചിയും തൂക്കി നീണ്ട താടിക്കാരന്‍ അവിടെ എത്തുന്നു.
രാമചന്ദ്രന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അയാള്‍ താനൊരു പാവം പാട്ടുകാരനാണെന്നും പാട്ടുപുസ്‌തകം വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ഉപജീവനം നടത്തുന്നതെന്നും പറഞ്ഞ് പോകാനൊരുങ്ങി. അപ്പോഴാണ് വീപ്പമേല്‍ ഒട്ടിച്ചിരിക്കുന്ന തന്റെ പടം അയാളുടെ ശ്രദ്ധയില്‍പെട്ടത്. ചിത്രത്തിലുള്ളയാളെ തനിക്കറിയാമെന്നും നല്ല മെയ്‌ക്കരുത്തും ആയുധ പ്രയോഗശേഷിയും ഉള്ള ഇയാള്‍ എന്തിനും മടിക്കാത്തവനാണെന്നും നാട്ടിലൊരു പാവം ഇന്‍സ്‌പെക്‌ടറെ പാറക്കല്ലുകൊണ്ട് ഒറ്റ ഇടിക്ക് കൊന്നവനാണെന്നും ഹെഡിനെ വിവരിച്ചു കേള്‍പ്പിച്ചു. ഇതുകേട്ട് ഹെഡ് ഒന്നു പരിഭ്രമിച്ചു എന്ന് താടിക്കാരന്‍ മനസ്സിലാക്കി. 'അയാളെ കാത്തുനില്‍ക്കുമ്പോഴായിരിക്കും അയാള്‍ വന്നു ചാടുക. വന്നു കഴിഞ്ഞാലും വന്നുവെന്ന് മുമ്പിലുള്ളവര്‍ക്ക് തോന്നുക പോലുമില്ല' എന്ന് ധ്വന്യാത്മകമായി പാട്ടുകാരന്‍ പറയുന്നു. ഇത്ര വമ്പനായൊരാളെ പിടിക്കാന്‍ ഞാനും രണ്ടു പോലീസുകാരും മാത്രം. ഒരു ബറ്റാലിയന്‍ പട്ടാളത്തെയെങ്കിലും സര്‍ക്കാര് നിറുത്തേണ്ടതായിരുന്നുവെന്ന് ഹെഡ് പറഞ്ഞപ്പോള്‍, തന്നെ പിടിക്കാന്‍ മൂന്നു പോലീസുകാര്‍ക്ക് അനായാസം കഴിയുമെന്നു തിരിച്ചറിഞ്ഞ പാട്ടുകാരന്‍ 'എങ്കില്‍ എനിക്ക് ഉടനെ പോകണമല്ലോ' എന്നു പറഞ്ഞുപോയി. പക്ഷേ ഹെഡിന് കാര്യം പിടികിട്ടിയില്ലെന്നു മാത്രമല്ല, 'നീയും അവന്റെ ആളാണോ? പോലീസിനെ ഭയക്കുന്നുണ്ടല്ലോ' എന്നു ചോദിച്ചു നിസാരമായിത്തള്ളി.
ഒടുവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഇനാമില്‍നിന്ന് പങ്കുപറ്റാതെ പുള്ളിയെ പിടിക്കുന്നതില്‍ സഹായിക്കാമെന്ന ധാരണയില്‍ ഇരുവരും പുറത്തോടുപുറം തിരിഞ്ഞ് പുള്ളി ആ വഴി വന്നാല്‍ കാണാന്‍ സൌകര്യമെന്നു പറഞ്ഞ് വീപ്പയുടെ പുറത്തു കയറി ഇരിപ്പായി. ഉറക്കമൊഴിഞ്ഞിരിക്കണമല്ലോ എന്നുപറഞ്ഞ് ഒരു രസത്തിനായി പാട്ടുകാരന്‍ ഒരു പാട്ടുപാടി. ഹെഡ് തന്റെ അധികാര ചിഹ്നമായ തൊപ്പിയൂരി ഒരു ബീഡിയും കത്തിച്ചിരുന്നപ്പോള്‍ ഒരു നിമിഷം പഴയ മനുഷ്യനായി മാറി. പാട്ടുകാരന്‍ ഒരു പഴയ വിപ്ളവഗാനത്തിന്റെ ശകലം പാടി - ഇത്തരം പാട്ടുകള്‍ ഇക്കാലത്ത് പാടാന്‍ പാടില്ലെന്നും നിര്‍ബന്ധമാണേല്‍ മറ്റേ പോലീസുകാര്‍ വരുംവരെ പാടിക്കൊള്ളാന്‍ അനുമതിയും നല്‍കി. ഒരു ധൈര്യത്തിനെന്നു പറഞ്ഞ് വീണ്ടും ഒരു പാട്ടുകൂടി അയാള്‍ പാടിയപ്പോള്‍ അതില്‍ ലയിച്ചിരുന്ന ഹെഡ് എന്തിനാണ് അതിലെ രണ്ടു വരി വിട്ടുകളഞ്ഞതെന്ന് ചോദിച്ചുകൊണ്ട് ആ വരി കൂട്ടിച്ചേര്‍ത്തുപാടിയത് പാട്ടുകാരനെ അല്‍ഭുതപ്പെടുത്തി. ഹെഡ് തന്റെ ഭൂതകാലത്തിലേയ്‌ക്കുപോയി. സ്‌കൂള്‍ പഠനകാലത്ത് താനും വിപ്ളവാവേശംകൊണ്ട് ഈ പാട്ടുപാടി നടന്നതും കയ്യൂരിലേയും പുന്നപ്രയിലേയും രക്തം പുരണ്ട മണ്ണുവാരി ശപഥം ചെയ്‌തതുമൊക്കെ ഓര്‍മിച്ചു. അതെല്ലാം മറന്ന് ഈ വേഷം കെട്ടിയത് അമ്മ, ഭാര്യ, കുട്ടികള്‍, കുടുംബം ഇതൊക്കെ നിലനിറുത്താനായിരുന്നുവെന്നു സമ്മതിച്ചു. എന്നാല്‍ തന്നെ പഴയ കാലത്തേയ്‌ക്കു കൂട്ടിക്കൊണ്ടുപോയ ഇയാള്‍ ആരാണെന്ന് ഹെഡിനു സംശയം തോന്നി ചോദ്യം ചെയ്‌തപ്പോള്‍ ഒരുപക്ഷേ നിങ്ങള്‍ വലയിലാക്കാന്‍ കാത്തിരിക്കുന്നവനും ചിലപ്പോള്‍ അന്ന് നിങ്ങളോടൊപ്പം പാടിയവനായിരിക്കുമെന്നും അന്ന് നിങ്ങള്‍ ജനങ്ങളെ ചൂഷകരില്‍നിന്നു രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്നു നിങ്ങള്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരന്റെ സ്ഥാനത്ത് ചിലപ്പോള്‍ നിങ്ങളായേനെ എന്നുമുള്ള പാട്ടുകാരന്റെ അഭിപ്രായത്തെ ഹെഡ് അംഗീകരിച്ചു എന്നുമാത്രമല്ല, പാട്ടുകാരന്‍ പറഞ്ഞപോലെ ഒരു പാറക്കല്ലുകൊണ്ട് എതിരാളിയെ ഒറ്റ നിമിഷത്തില്‍ താന്‍ വകവരുത്തുമായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു. വിപ്ളവത്തിനു തിരിച്ചടിയുണ്ടാകാം. പക്ഷേ, അന്തിമവിജയം ജനത്തിന്റേതുതന്നെ. ശരീരം നശിച്ചാലും ആശയങ്ങള്‍ നശിക്കുന്നില്ലെന്നും അത് മരിക്കുന്ന ഓരോ ഗോതമ്പുമണികള്‍ക്കും പകരം ലക്ഷക്കണക്കിനു ചെടികളായി മുളയ്‌ക്കുമെന്നുമൊക്കെ പാട്ടുകാരന്‍ പറഞ്ഞപ്പോള്‍ "എത്ര അടിച്ചമര്‍ത്തിയാലും ആശയങ്ങള്‍ പ്രചരിക്കുകയാണെന്നും മനസ്സുകളെ നശിപ്പിക്കാന്‍ തക്ക ആയുധം കണ്ടെത്താന്‍ ഞങ്ങള്‍ക്ക്-
അധികാരി വര്‍ഗത്തിന് - കഴിഞ്ഞിട്ടില്ലെന്നും'' ഹെഡ് സമ്മതിച്ചു.
"ചിലപ്പോഴെങ്കിലും നിങ്ങള്‍ക്കു തോന്നിയിട്ടില്ലേ ജനങ്ങളുടെ കൂടെ നില്‍ക്കുകയായിരുന്നു നല്ലതെന്ന് ? ഒടുവില്‍ അവരായിരിക്കും ജയിക്കുകയെന്ന്?'' എന്നുകൂടി പാട്ടുകാരന്‍ ചോദിച്ചപ്പോള്‍ ഹെഡിന് നേരത്തേ തോന്നിയ സംശയം ബലപ്പെട്ടു. ഒപ്പം പാട്ടുകാരന്റെ ഈരടിയും പടവിനരുകില്‍നിന്ന് അടയാളഗാനവും കേട്ടതോടെ തനിക്ക് അമളി പറ്റിയെന്നു ബോധ്യപ്പെട്ട ഹെഡ് പാട്ടുകാരനെ ചോദ്യം ചെയ്‌തു. പാട്ടുകാരന്‍ കൃത്രിമതാടി ഊരി ഹെഡിന്റെ കൈയില്‍ക്കൊടുത്ത് എന്റെ തലയ്‌ക്കാണ് ഒരു ലക്ഷം രൂപ വിലകെട്ടിയിരിക്കുന്നത്. താഴെ വന്ന് അടയാളംതന്ന സഖാവ് തന്നെ സുരക്ഷിതമായി കൊണ്ടുപോകാന്‍ വന്നതാണ് എന്ന സത്യം ബോധിപ്പിച്ചു.ഹെഡ് ഒരു പോലീസുകാരന്റെ കടമ നിര്‍വഹിക്കാനൊരുങ്ങി. 'ഞാന്‍ നയത്തില്‍ കാര്യം സാധിക്കാമെന്നു കരുതി, ഞാന്‍ ജനങ്ങളുടെ സുഹൃത്താണ്, നിങ്ങളുമതെ' എന്ന് സത്യത്തിന്റെ ഭാഷയില്‍ കാര്യം ബോധിപ്പിച്ചപ്പോള്‍ അയാള്‍ പിന്മാറി. ആ സമയം അവിടേയ്‌ക്കെത്തിയ മറ്റേ രണ്ടു പോലീസുകാരെ തന്ത്രപൂര്‍വ്വം മറ്റൊരിടത്തേയ്‌ക്ക് പറഞ്ഞയച്ചു. പാട്ടുകാരന്റെ കൃത്രിമത്താടി തിരികെ നല്‍കി, തന്റെ വിധേയത്വം വ്യക്തമാക്കി. നന്ദിപറഞ്ഞ പാട്ടുകാരന്‍ ഉള്ളവരുടെ കാലം അവസാനിക്കുകയും ഇല്ലാത്തവരുടെ കാലം വരികയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കു നിങ്ങളെ രക്ഷിക്കാന്‍ കഴിയട്ടെയെന്ന ആശംസയോടെ അഭിവാദ്യമര്‍പ്പിച്ചു പോകുമ്പോള്‍ നിവൃത്തിയില്ലാതെ ഹെഡ് പ്രത്യഭിവാദ്യം ചെയ്‌തുപോകുന്നു.
ഹെഡിന് തിളക്കമാര്‍ന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. മറക്കാനാവാത്ത ആ ഭൂതകാലമാണ് പ്രതിയുടെ ന്യായങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. 'ഓര്‍മകളുണ്ടായിരിക്കണം കൂട്ടരേ' എന്ന് ആഹ്വാനം ചെയ്യുമ്പോള്‍ത്തന്നെ ഇത്തരം ഗതകാലസ്‌മരണകളാണ് നമ്മിലെ നമ്മെ തിരിച്ചറിയാന്‍ പലപ്പോഴും സഹായിക്കുന്നതെന്ന സന്ദേശവും ഈ നാടകം തരുന്നു.
ഈ നാടകത്തിന്റെ സവിശേഷത അതിലെ സ്ഥലകാലക്രിയകളുടെ ഐക്യമാണ്. ക്രിയാംശത്തിന്റെ ക്രമാനുഗതമായ വികാസം കാണികള്‍ക്ക് അസംഭവ്യമെന്ന് തോന്നാത്തവിധം സംഘടിപ്പിച്ചിരിക്കുന്നു. പാത്രനിര്‍മിതിയിലെ മിതത്വവും ശ്രദ്ധയും സംഭാഷണത്തിലെ ദ്വന്ദ്വാത്മകതയും സൂക്ഷ്‌മതയും ഈ നാടകത്തെ രമണീയമാക്കുന്നു. പ്രത്യേകിച്ചു മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നാടകം തുടങ്ങുന്നു. സ്വീകരിക്കുന്ന വിഷയം, ലാളിത്യം, വൈകാരികത, വിമര്‍ശനാത്മകത, നര്‍മം എന്നിവ ചേര്‍ത്ത് യഥോചിതം അപ്പോള്‍ സ്‌റ്റേജില്‍ സംഭവിച്ചതാണെന്ന് കാണികള്‍ക്കു തോന്നുംവിധം കൂട്ടിച്ചേര്‍ത്തവതരിപ്പിച്ചു. അതാണ് നാടകകൃത്ത് ചെയ്‌തിരിക്കുന്നത്.
ഡബ്ള്യൂ.ബി. യേറ്റ്സിന്റെ 'കാതലീന്‍-നി-ഹൂലിഹാന്‍' എന്ന നാടകത്തിലെ ഒരു സന്ദര്‍ഭത്തെ - ഒരു മണവാളച്ചെറുക്കനെ അയര്‍ലന്റിന്റെ പ്രതീകമായ ഒരു കിഴവി വന്ന് സ്വാതന്ത്ര്യപ്പോരാട്ടത്തിലേയ്‌ക്ക് പ്രലോഭിപ്പിക്കുന്ന സന്ദര്‍ഭത്തെ - ആധാരമാക്കി സച്ചിദാനന്ദന്റെ ഭാവനയില്‍ വിരിഞ്ഞ ഒരു ലഘുനാടകമാണ് 'ബലി'. ഇതിലെ പ്രമേയവും ക്രിസ്‌ത്യന്‍ പ്രതീകാത്മകതയും കവിയുടെ ഭാവനാസൃഷ്‌ടിയാണെന്ന് അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്.
പാശ്ചാത്യമായ കഥാസന്ദര്‍ഭത്തെ തികച്ചും കേരളീയമായ പശ്ചാത്തലത്തിലേയ്‌ക്കാവാഹിക്കാന്‍ കവി ശ്രമിച്ചിട്ടുണ്ട്. ഏക മകന്റെ വിവാഹത്തലേന്നാള്‍ അവനുള്ള പുതിയ കോട്ടുമായെത്തുന്ന അമ്മ സാറാമ്മ, കല്യാണം ഗംഭീരമാക്കാന്‍ പെണ്‍പണവുമായി വരുന്ന പിതാവ് എബ്രഹാം. വികാരനിര്‍ഭരമാകേണ്ട ആ നിമിഷത്തില്‍ അപശകുനംപോല്‍ കറുത്ത ഉടുപ്പിട്ട ഒരു കിഴവി പ്രത്യക്ഷപ്പെടുന്നു. അവര്‍ ആരുമാകാം. നാടിന്റെ മോചനത്തിനായി പൊരുതി മരിച്ച വീരാത്മാക്കളുടെയെല്ലാം അമ്മ, അഥവാ ഭാരതാംബയോടുള്ള സ്‌നേഹാതിരേകത്താല്‍ കഴുമരത്തിലേറിയ ഭഗത്സിംഗ്- ആസാദുമാരുടെ മാതാവ്, മക്കളുടെ ബലികൊണ്ടും മോചനമില്ലാതെ തടവില്‍ പിടയുന്ന അമ്മ-അമ്മയ്‌ക്കുവേണ്ടിയാണ് കാലാകാലങ്ങളായി തെലുങ്കാന, കരിവെള്ളൂര്‍, കയ്യൂര്‍, ഒഞ്ചിയം, വയലാര്‍ പോലുള്ള സമരപരമ്പരകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വീരന്മാരുടെ വംശം ഇനിയും കുറ്റിയറ്റിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ നാടകത്തിലൂടെ കറുത്ത മക്കളുടെ വീരഗാഥകള്‍-അവര്‍ എക്കാലവും പോരാടിക്കൊണ്ടേയിരിക്കുന്നു-ജന്മിത്തത്തിനെതിരെ, മുതലാളിത്തത്തിനെതിരെ, തെക്കും വടക്കും ആന്ധ്രയിലെ വിളനിലങ്ങളിലും വയലേലകളിലും മില്ലുകളിലും തുറമുഖങ്ങളിലും കഥയിലും പാട്ടിലും എങ്ങും പോരടിച്ചുകൊണ്ടേയിരിക്കുന്നു. ഇത് ഒടുങ്ങാത്ത സമരമാണ്. ഒന്ന് ഒതുങ്ങുമ്പോള്‍ മറ്റൊന്ന് തലപൊക്കും. അതുകൊണ്ട് യുവാക്കളേ! നിങ്ങള്‍ നിങ്ങളുടെ ശക്തി തിരിച്ചറിയുക. ഒറ്റക്കെട്ടായി നിന്ന് പൊരുതി നഷ്‌ടപ്പെട്ട വയലും മലഞ്ചരിവും തിരിച്ചുപിടിക്കുക. 'ഇന്ന് എന്റെ മക്കള്‍ക്ക് വിദ്യാഭ്യാസമുണ്ട്. തോല്‍വിയില്‍ നിന്നു പഠിച്ച പാഠങ്ങളുണ്ട്, വീര്യമുണ്ട്' എന്ന കിഴവിയുടെ ആഹ്വാനം കേട്ട് മണവാളന്‍ ഐസക് എന്തിനും ഏതിനും തയ്യാറായി ഇറങ്ങി പുറപ്പെടുന്നു. അവനെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ഭാവിവധുവായ റബേക്ക പലവിധം ശ്രമിച്ചെങ്കിലും ഐസക് സ്വാതന്ത്ര്യം തേടി തെരുവിലേക്ക് ഇറങ്ങി, "വരൂ, വരൂ പാഴാക്കാന്‍ ഒരു നിമിഷം പോലുമില്ല'' എന്നു പറഞ്ഞ് തന്നെത്തേടിയെത്തിയ അയല്‍ക്കാരോടൊപ്പം മണവാളന്‍ പോകുമ്പോള്‍, അച്‌ഛനമ്മമാര്‍ അവനുവേണ്ടി പ്രാര്‍ഥിക്കുന്നു. കറുത്ത ഉടുപ്പണിഞ്ഞുവന്ന യുവതി ഘോഷയാത്രയില്‍ ചുവപ്പു കൊടിയേന്തിയ പോരാളിയായി മാറി. അവര്‍ ഒന്നിച്ചു നടന്നുനീങ്ങുന്നു.
സത്യത്തിനും നീതിക്കുംവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതാന്‍ യുവാക്കളെ ആഹ്വാനം ചെയ്യുന്ന ഈ നാടകത്തിലെ പ്രമേയത്തിന് കാലിക പ്രസക്തിയുണ്ട്. നമ്മുടെ രാജ്യത്ത് മതതീവ്രവാദം വളര്‍ത്തുന്നതില്‍ യുവാക്കളാണ് മുന്നില്‍. താലിബാനിസത്തെ കേരളത്തിന്റെ വളക്കൂറുള്ള മണ്ണിലേയ്‌ക്ക് പറിച്ചുനടാന്‍ മുന്നില്‍നില്‍ക്കുന്നതും യുവാക്കളാണ്. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യശക്തിക്ക് ഇന്ത്യയെ തീറെഴുതിക്കൊടുക്കുന്ന ഭരണകൂടത്തിനെതിരെ ചെറുവിരലനക്കാനോ, രാജ്യത്തിനു ഭീഷണിയാകുന്ന തരത്തിലുള്ള നിയമങ്ങള്‍ പാസാക്കാന്‍ കുതികൊള്ളുന്ന ഭരണാധിപന്മാര്‍ക്കെതിരെ പടപൊരുതാനോ അവര്‍ മുന്നോട്ടു വരുന്നില്ല. ബ്രിട്ടീഷുകാരില്‍നിന്നു പൊരുതിനേടിയ സ്വാതന്ത്ര്യം സാമ്രാജ്യശക്തികള്‍ക്ക് അടിയറവയ്‌ക്കുകയാണ്. ഇന്ത്യയുടെ ഭാവിയെപ്പറ്റി ചിന്തിക്കാനും പഠിക്കാനും തയ്യാറാകാത്ത പുതുതലമുറയ്‌ക്ക് ഭാരതാംബയുടെ ഒരാഹ്വാനമായി ഈ നാടകത്തെ കാണാം. രാജ്യത്തിന്റെ നിലനില്‍പിനായി, പുരോഗതിക്കായി, സ്വന്തം ജീവിത സുഖങ്ങള്‍-വിവാഹവും കുടുംബ ജീവിതവുമെല്ലാം-ബലിയര്‍പ്പിക്കുന്ന ഐസക്കിനെ യുവാക്കള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയാണ് നാടകകൃത്ത്.
ഒരു ലഘുവായ സന്ദര്‍ഭത്തിലൂടെ വലിയൊരു ആശയതലത്തിലേയ്‌ക്ക് നാടകം വളരുന്ന കാഴ്ചയാണ് ഈ മൂന്നു നാടകങ്ങളിലൂടെയും കാണാന്‍ കഴിയുന്നത്. നാടകത്തിലെ ആശയത്തിന്റെ പ്രബോധനപരത, ചിന്താപരത വിമര്‍ശനാത്മകത ഇവയ്‌ക്കാണ് നാടകകൃത്ത് ഊന്നല്‍ നല്‍കുന്നത്.
മഹാത്മാഗാന്ധിയുടെ ജീവിതത്തെ ആധാരമാക്കി പതിനായിരക്കണക്കിനു കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്; അഭ്രപാളിയിലും പകര്‍ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ജീവിത മുഹൂര്‍ത്തങ്ങള്‍ ഏതു രൂപത്തിലും അവതരിപ്പിക്കാനാകുമെന്നതു തന്നെയാണതിനുകാരണം. 'സംഘട്ടനമാണ് നാടകത്തിന്റെ ജീവന്‍' എന്നതുകൊണ്ടും നാടകീയ മുഹൂര്‍ത്തങ്ങള്‍ വേണ്ടുവോളമുള്ളതുകൊണ്ടും നാടകരൂപത്തിനു സാധ്യതയേറും. ഗാന്ധിജിയുടെ ജീവിതത്തിന്റെ അന്ത്യനാളുകളിലെ സംഘര്‍ഷഭരിതവും സംഭവബഹുലവുമായ സന്ദര്‍ഭങ്ങളാണ് സച്ചിദാനന്ദന്‍ 'ഗാന്ധി' എന്ന നാടകത്തിനു പ്രമേയമാക്കിയത്. 'നവഖലിയിലേയ്‌ക്കുള്ള ശാന്തിയാത്ര മുതല്‍ ജനുവരി 30ലെ രക്തസാക്ഷിത്വം വരെയുള്ള ആ കൊടുങ്കാറ്റിന്റെ ദിനങ്ങളിലെ അസ്വസ്ഥനും ഏകാകിയും തിരസ്‌കൃതനുമായ ഗാന്ധിജിയുടെ ജീവിതത്തിലേയ്‌ക്ക് 'ചരിത്രപരവും കാവ്യാത്മകവുമായ' ഒരന്വേഷണം നടത്തുകയാണ് നാടകകൃത്ത് ഈ നാടകത്തിലൂടെ.
മുപ്പതു രംഗങ്ങളുള്ള സുദീര്‍ഘമായ ഈ നാടകത്തിലെ 'പൊയ്‌മുഖങ്ങള്‍' എന്ന പൂര്‍വരംഗത്തില്‍ത്തന്നെ മതേതരത്വത്തിനൊപ്പം ഇന്ത്യയുടെ ആത്മീയ പൈതൃകം ഉയര്‍ത്തിപ്പിടിക്കുകയും അതിനായി രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌ത ഗാന്ധി വര്‍ത്തമാനകാലത്തില്‍ എങ്ങനെ അപഹാസ്യനാകുന്നുവെന്ന് ചില പ്രതീകങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഗാന്ധിതൊപ്പി, ഗാന്ധിപ്രതിമ, പൊയ്‌മുഖം എന്നീ ബിംബങ്ങളാണ് അതിനുവേണ്ടി സ്വീകരിച്ചിട്ടുള്ളത്.
പൊയ്‌മുഖങ്ങള്‍ക്കിടയില്‍ സ്വത്വം തിരിച്ചറിയാനാകാതെ വിഷണ്ണനായി കുനിഞ്ഞിരിക്കുന്ന ഗാന്ധിയിലൂടെ അതിന്റെ കാര്യകാരണങ്ങളിലേയ്‌ക്കു കടക്കുന്നു. "ഞാന്‍ നയിച്ച സമരങ്ങള്‍ അവയുടെ അന്ത്യഘട്ടത്തിലെ ഈ ഏകാന്തത, ഇരുട്ട്, തളര്‍ച്ച എന്നെ കാത്തിരിക്കുന്നു. സത്യങ്ങള്‍ തേടി ഞാനലഞ്ഞു.... എന്റെ ശിഷ്യന്മാര്‍ ഓരോരുത്തരായി എന്നെ കൈവെടിഞ്ഞു. എല്ലായിടത്തും നിലവിളികള്‍.... പക്ഷേ, ഹിന്ദുക്കളും മുസ്ളീങ്ങളും നിലവിളിക്കുന്നത് ഒരുപോലെയാണെന്ന് ജനം മറന്നു..... തന്റെ അവസാനത്തെ പരിശ്രമത്തിനായി ഞാന്‍ ചെന്നു...... പക്ഷേ.......'' ഗാന്ധിജിയുടെ ഈ വിലാപത്തില്‍ തുടര്‍ന്നു നടക്കാന്‍പോകുന്ന സംഭവങ്ങളുടെ സൂചനയുണ്ട്. അവസാനനാളുകളിലെ വിജയത്തിന്റെയും പരാജയത്തിന്റെയും അവസ്ഥകള്‍, പരിസമാപ്തി എല്ലാം അതിലുണ്ട്.
പിന്‍തിരശീലയില്‍ പ്രൊജക്‌ടര്‍ വഴി സ്വാതന്ത്ര്യസമര ചരിത്രഘട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. ജാലിയന്‍വാലാബാഗ്, ക്വിറ്റിന്ത്യാ സമരം, ഗാന്ധിജിയുടെ ജയില്‍ ജീവിതം, ജിന്നയുടെ പ്രസംഗം തുടങ്ങിയവയുടെ പോസ്‌റ്ററുകള്‍, "ജിന്നയ്‌ക്ക് പാകിസ്ഥാന്‍ വേണം-ഗാന്ധിജി എതിര്‍ക്കുന്നു'', "കാശ്‌മീര്‍ പാകിസ്ഥാനു കൊടുക്കില്ലെന്നു നെഹ്റു''.... തുടങ്ങിയ ശീര്‍ഷകങ്ങളും ഗാന്ധി, നെഹ്റു, ജിന്ന, ചര്‍ച്ചില്‍ തുടങ്ങിയവരുടെ ചിത്രങ്ങളും തെളിയുന്നു. തുടര്‍ന്ന് വര്‍ഗീയ കലാപങ്ങള്‍, ആളിപ്പടരുന്ന തീ എന്നിവ ദൃശ്യമാക്കുന്നതോടെ പ്രൊജക്ഷന്‍ തീരുന്നു. സംഘര്‍ഷപൂര്‍ണമായ ഇന്ത്യന്‍ അവസ്ഥയുടെ ചിത്രീകരണത്തോടെയാണ് നാടകം തുടങ്ങുന്നതെന്നു സാരം.
തുടര്‍ന്ന് ഇന്ത്യാവിഭജനത്തിന്റെ നാളുകളാണ്. താന്‍ ജീവിച്ചിരിക്കെ അതു സാധ്യമല്ലെന്ന ഗാന്ധിജിയുടെ ഉറച്ച നിലപാട്. അതിനെതിരായും അനുകൂലമായും മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍, രക്തച്ചൊരിച്ചില്‍ ഇല്ലാതെ അതു നടത്തിക്കൂടേ എന്ന മൌണ്ട്ബാറ്റന്റെ അഭിപ്രായം, രക്ഷയില്ലാതെ വേദനയോടെ, ലജ്ജയോടെ അത് അംഗീകരിക്കുന്ന നെഹ്റു. അദ്ദേഹത്തെ അനുകൂലിക്കുന്ന പട്ടേല്‍ - കൃപലാനിമാര്‍, തല്‍ഫലമായി ഗാന്ധിജിയുടെ ഒറ്റപ്പെടല്‍. വിഭജന വാര്‍ത്തയറിഞ്ഞ ഹിന്ദുമുസ്ളീം സഹോദരങ്ങളുടെ വിഭിന്ന ചിന്താഗതികള്‍, നാടുവിടേണ്ടിവരുന്നവരുടെ വിലാപങ്ങള്‍, അതെച്ചൊല്ലിയുള്ള നാട്ടിലെ കലാപങ്ങള്‍, സ്വാതന്ത്ര്യപ്രഖ്യാപനവേളയിലെ ലാഹോര്‍ കൂട്ടക്കൊല, തീ
വയ്‌പ്, ഹിന്ദുരാഷ്‌ട്രത്തിനുവേണ്ടിയുള്ള മുറവിളികള്‍........ അങ്ങനെ നാടകീയ മുഹൂര്‍ത്തങ്ങളേക്കാള്‍ സംഭവപരമ്പരകളുടെ വിവരണംകൊണ്ട് നിറഞ്ഞ സന്ദര്‍ഭങ്ങളാണ് ഓരോ രംഗങ്ങളിലൂടെയും കടന്നുപോകുന്നത്.
ഹിന്ദുമുസ്ളീം ലഹള കണ്ട് സഹികെട്ട 78 വയസ്സായ ഗാന്ധിജി തന്റെ അവസാനത്തെ ആയുധമായ ഉപവാസം പ്രയോഗിക്കുന്നു. സെപ്‌തംബര്‍ ഒന്നുമുതല്‍ മരണംവരെ..... അഥവാ കല്‍ക്കത്തയിലെ ഹിന്ദുമുസ്ളീം മൈത്രി ഉറപ്പു തരുംവരെ ഉപവാസം പ്രഖ്യാപിക്കുന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും ഗാന്ധിജി മരിച്ചാല്‍ കൂടുതല്‍ കലാപമുണ്ടാകുമെന്നു ഭയപ്പെട്ട് അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ലഹള അവസാനിപ്പിച്ചതായി അറിയിക്കുന്നു.
ഇന്ത്യയിലേയ്‌ക്കും പാകിസ്ഥാനിലേയ്‌ക്കും പോകുന്ന അഭയാര്‍ഥികളുടെ ജീവന്‍മരണ പ്രശ്‌നങ്ങള്‍, പട്ടിണി, രോഗം, ആക്രമണം എന്നിങ്ങനെ വിവരണാതീതവും വേദനാജനകവും ഭീതിപ്രദവുമായ സംഭവങ്ങളാണ് പിന്നീടുണ്ടാകുന്നത്. പരസ്‌പരം പകപോക്കുന്ന ഹിന്ദുക്കളും മുസ്ളീങ്ങളും-ഗാന്ധിജയന്തി ദിനത്തില്‍ പരസ്‌പരവൈരം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്‌ത ബാപ്പുവിനോട് "എന്റെ അച്ഛനെ അവര്‍ കൊന്നു. ഞാന്‍ പകരം വീട്ടും, ഗാന്ധി പാകിസ്ഥാന്‍ ചാരന്‍, ഗാന്ധി മൂര്‍ദാബാദ്'' എന്ന് പ്രാര്‍ഥനായോഗത്തില്‍ ഉറക്കെ വിളിച്ചു പറയുന്നതുകേട്ട ഗാന്ധിജി ദുഃഖിതനായി. "ആദ്യമായി എന്റെ പ്രാര്‍ഥനായോഗം മുടങ്ങി. ബ്രിട്ടീഷുകാരും ദക്ഷിണാഫ്രിക്കക്കാരും എന്നോടു ചെയ്യാത്തത് എന്റെ നാട്ടുകാര്‍ എന്നോടു ചെയ്‌തു. 125 വയസ്സുവരെ ജീവിച്ച് എല്ലാവരേയും അഹിംസ പഠിപ്പിക്കണമെന്നാശിച്ച എനിക്ക് തോല്‍വിയുടെ പിറന്നാളാണ്. എനിക്കിനി പിറന്നാളില്ല. അനുശോചനം മതി'' എന്നു പറഞ്ഞു ബ്രിട്ടീഷുകാര്‍ പോയാല്‍ പ്രശ്‌നമെല്ലാം തീരുമെന്നു കരുതിയ താന്‍ കഴുതയാണെന്ന് അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. ഗാന്ധിജിയാണെല്ലാറ്റിനും കാരണമെന്നു നെഹ്റു പറഞ്ഞു. നെഹ്റുവിനോടുള്ള സംഭാഷണത്തില്‍ ഇരുവരുടെയും ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണം വ്യക്തമാക്കുന്നു. അധികാരം കിട്ടിയപ്പോള്‍ തന്റെ കൂടെ നിന്നവര്‍ക്ക് എല്ലാം മറന്നുവെന്ന് ഗാന്ധിക്കു ബോധ്യമായി.
കല്‍ക്കത്ത കലാപം ഒടുങ്ങിയപ്പോള്‍ ഡല്‍ഹിയില്‍ തുടങ്ങി. ഹിന്ദുരാഷ്‌ട്രത്തിനായി അവര്‍ ഇരുകൂട്ടരും മുറവിളികൂട്ടുന്നു. മുസ്ളീങ്ങള്‍ ഹിന്ദുസ്‌ത്രീകളെ മാനംകെടുത്തുമ്പോള്‍ ഗാന്ധിജിയുടെ അഹിംസയും പറഞ്ഞിരിക്കാനാവില്ലെന്ന് അവര്‍ തീരുമാനിച്ചു. അതിന് ഗാന്ധിജിയുടെ സ്വാധീനം തകര്‍ക്കണം, മുസ്ളീം പ്രീണനവും മിശ്രഭോജനവും അവസാനിപ്പിക്കണം എന്ന് ഹിന്ദുത്വവാദികള്‍ തീരുമാനിച്ചു.
ഗതികെട്ട് ഗാന്ധിജി വീണ്ടും നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അഭയാര്‍ഥികള്‍ പിടിച്ചെടുത്ത മുസ്ളീം പള്ളികളും മുസ്ളീം വീടുകളും അവര്‍ക്കു തിരിച്ചുകൊടുക്കുക, പാകിസ്ഥാനു കൊടുക്കാനുള്ള 55 കോടി ഉടനെ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിരാഹാരം. കല്‍ക്കത്തയിലെ നിരാഹാരം ഫലിച്ചപോലെ ഡല്‍ഹിയില്‍ ഫലിച്ചില്ല. ഇത് മുസ്ളീങ്ങളെ സഹായിക്കാനുള്ള തട്ടിപ്പാണെന്നും ഗാന്ധിജി മരിക്കട്ടെയെന്നും ജനം വിളിച്ചു പറഞ്ഞു. കല്‍ക്കത്തയില്‍ ജീവനുവേണ്ടി പ്രാര്‍ഥിച്ചവര്‍ തന്നെ അദ്ദേഹത്തിന്റെ മരണത്തിനായി പ്രാര്‍ഥിക്കുന്നു.
'നാലു സര്‍പ്പങ്ങള്‍' എന്ന രംഗം മദന്‍ലാല്‍, നാരായണ്‍ ആപ്‌തേ, നാഥുറാം ഗോഡ്‌സേ, കാര്‍ക്കറേ എന്നിവര്‍ നടത്തുന്ന ഗൂഢാലോചനയുടെ ചിത്രമാണ് കാഴ്‌ച വയ്‌ക്കുന്നത്. ഗാന്ധിജിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നു. ആദ്യം ഗാന്ധി, പിന്നെ നെഹ്റു-സുഹ്രവര്‍ദ്ദി-ഒരു ഭാഗത്ത് ഗൂഢാലോചന മുറുകുമ്പോള്‍ മറുവശത്ത് ഗാന്ധിയുടെ ആവശ്യങ്ങള്‍ നെഹ്റുവും കൂട്ടരും അംഗീകരിക്കുന്നു-ഗാന്ധി നിരാഹാരം നിറുത്തുന്നു-ഡല്‍ഹിയില്‍ നേടിയ സമാധാനം എല്ലായിടത്തും ഉണ്ടാവാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഗാന്ധിജിക്ക് വാക്കുകൊടുത്തു.
ഗാന്ധിജി ഫെബ്രുവരി 4ന് പാകിസ്ഥാനിലേയ്‌ക്കു പോകാന്‍ തീരുമാനിക്കുന്നു. അവിടെനിന്ന് ഓടിപ്പോന്ന ഹിന്ദുക്കളെയും സിക്കുകാരെയും കൊണ്ട് പഞ്ചാബിലൂടെ നടന്ന് പാകിസ്ഥാനിലെത്തും-ഇന്ത്യയില്‍നിന്ന് അങ്ങോട്ടോടിയ മുസ്ളീങ്ങളെയും കൊണ്ട് തിരിച്ചുവരും-ഇതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. ഇതു സാക്ഷാല്‍ക്കരിക്കും മുമ്പേ ഗാന്ധിജിയുടെ ആദ്യ വധശ്രമം നടന്നു. അതു പാളിപ്പോയതിനാല്‍ ഗോഡ്‌സേ ഒറ്റയ്‌ക്കു പ്ളാന്‍ തയ്യാറാക്കി.
ജനുവരി 30. ഗാന്ധിജി ക്ഷീണിതനെങ്കിലും നെഹ്റു ഏല്‍പിച്ച ജോലി-കോണ്‍ഗ്രസ്സിന്റെ ഭരണഘടനയുണ്ടാക്കുന്ന ജോലിയില്‍ മുഴുകി. സ്വാതന്ത്ര്യസമരം കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണമെന്നും അത് സേവാദള്‍ ആയി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ നെഹ്റു സമ്മതിച്ചില്ല. തുടര്‍ച്ചയായ ജോലി അദ്ദേഹത്തെ കൂടുതല്‍ ക്ഷീണിതനാക്കി. കഠിനമായ ചുമയ്‌ക്ക് മരുന്നു നല്‍കാന്‍ വന്ന മനുവിനോട് "ഞാന്‍ രോഗം പിടിപെട്ടാണ് മരിക്കുന്നതെങ്കില്‍ ലോകത്തോടു മുഴുവന്‍ നീ വിളിച്ചു പറയണം ഞാനൊരു കപട മഹാത്മാവായിരുന്നു എന്ന്. എങ്കിലേ എനിക്ക് ആത്മശാന്തി ലഭിക്കൂ. ഞാന്‍ വെടിയേറ്റ് ദൈവനാമം ജപിച്ച് വീണു മരിക്കുന്നുവെങ്കില്‍ മാത്രം നീ എന്നെ ഒരു യഥാര്‍ഥ മഹാത്മാവ് എന്നു വിളിക്കുക'' എന്ന് ഓര്‍മപ്പെടുത്തി.
തന്റെ മരണം അടുത്തുവെന്നും ദൈവം തന്നെ വിളിക്കുന്നു എന്നും സൂചിപ്പിക്കുന്ന തുക്കാറാമിന്റെ വരികള്‍ ഓര്‍മിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ഗാന്ധിജിയെ "നമസ്‌തെ ഗാന്ധിജി'' എന്ന് അഭിസംബോധന ചെയ്‌തു കുനിഞ്ഞ് ഗോഡ്‌സേ ഇടതുകൈക്കൊണ്ട് മനുവിനെ തള്ളിമാറ്റി വലതുകൈയിലെ തോക്കുകൊണ്ട് മൂന്നു വെടിയുതിര്‍ത്തു. 'ഹേ, റാം!' എന്ന് ഉച്ചരിച്ചുകൊണ്ട് ഗാന്ധിജി മുന്നോട്ടു വീണു-അദ്ദേഹം ആശിച്ചപോലെ വെടിയുണ്ടയേറ്റ് ദൈവനാമം വിളിച്ചു മരിച്ചു. അങ്ങനെ അദ്ദേഹം ആഗ്രഹിച്ചതുപോലെ നടന്നു. ഗാന്ധിജി നമ്മുടെ മഹാത്മാജി, അനശ്വരനായി.
ഈ നാടകത്തിലെ പൂര്‍വരംഗത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഉയിര്‍ത്തെഴുന്നേല്‍പ് എന്ന അന്ത്യരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഭൂപ്രഭുക്കള്‍ക്കും വ്യവസായികള്‍ക്കും വൈദ്യുതി നല്‍കാന്‍ അണക്കെട്ടുണ്ടാക്കിയപ്പോള്‍ താഴ്വരയിലെ കൃഷിയും കിടപ്പാടവും നഷ്‌ടപ്പെട്ട കര്‍ഷകനും ഫാക്‌ടറി സ്ഥാപിക്കാനായി ഉണ്ടായിരുന്ന ഭൂമി നഷ്‌ടപ്പെട്ടവനും ക്രൂരന്മാര്‍ മാനഭംഗപ്പെടുത്തിയ പെണ്‍മക്കളുടെ മാതാവും, കുലത്തൊഴില്‍ നഷ്‌ടപ്പെട്ട കൈത്തൊഴിലുകാരനും കാലങ്ങളായി പീഡനമനുഭവിക്കുന്ന ദളിതനും ഈ 'സ്വരാജ് ' കാണാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കരുതേ എന്ന് മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ചിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അവസ്ഥയെയും ഗാന്ധിജിയുടെ സ്വപ്‌നങ്ങളുടെ പരിണതിയെയും കുറിക്കുന്നു. എന്നാല്‍ പോയ തലമുറയിലെ സ്വാതന്ത്ര്യസമരപ്പോരാളികളുടെ അനാഥരായ പിഞ്ചുമക്കള്‍ വിശ്വസ്‌തനായൊരു വഴികാട്ടിയെ ഞങ്ങള്‍ക്ക് വേണമെന്നും ഗാന്ധിജി ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും പ്രാര്‍ഥിക്കുന്നു. എന്നുമാത്രമല്ല, ഈ പുതിയ തലമുറ "രോഷ ത്തിന്റെ വൈദ്യുതിയുമായി അഭയാര്‍ഥികളുടെയും അനാഥരുടെയും ഇരുണ്ട രാത്രികള്‍ അവസാനിപ്പിച്ച് ഭൂമിയുടെ യഥാര്‍ഥ അവകാശികളായി മുന്നേറു''മെന്ന് പറഞ്ഞ് ഗാന്ധിയോടൊപ്പം നടന്നകലുന്ന കാഴ്‌ചയാണ് നാടകാന്ത്യത്തില്‍.
ഗാന്ധിയുടെ ജീവിതം നാടകമാക്കാനുള്ള ശ്രമത്തില്‍ നാടകകൃത്ത് ശക്തന്‍ തമ്പുരാന്‍ നാടകങ്ങളെപ്പോലെ വിജയിച്ചുവോ എന്നു സംശയമാണ്. സംഭവങ്ങളുടെ ബാഹുല്യം, അഭിനേതാവിന് അഭിനയിച്ചു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ദീര്‍ഘവും പ്രൌഢവുമായ സംഭാഷണങ്ങള്‍ എന്നിവ നാടകത്തിന്റെ രംഗാവിഷ്‌കരണത്തിനു ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്. എന്നാല്‍ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഉല്‍കൃഷ്‌ടമായ ഭാഷണങ്ങളാണ് അവ. കാവ്യാത്മകമാണ്. ഗാന്ധിജിയുടെ ജീവിതഘട്ടത്തിലെ സുപ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയിട്ടുള്ളതിനാല്‍ അതിനു സമഗ്രതയുമുണ്ട്. സംഭവങ്ങളും ധാരാളമായതുകൊണ്ടുതന്നെ രംഗങ്ങളുടെ എണ്ണവും കൂടുതലാണ്. എങ്കിലും കവിയുടെ ദര്‍ശനങ്ങള്‍ ഫലപ്രാപ്‌തിയിലെത്തിക്കാന്‍ ഈ നാടകങ്ങള്‍ക്കു കഴിയുന്നുണ്ടെന്ന് നാടകത്തിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും ബോധ്യമാകും.
*
ആര്‍. ബി. രാജലക്ഷ്മി
സുരഭി, എന്‍.പി. 6/389
നീറമണ്‍കര, കൈമനം പി.ഒ
തിരുവനന്തപുരം - 695 040
കടപ്പാട്: ഗ്രന്ഥാലോകം
Subscribe to:
Post Comments (Atom)
1 comment:
കവിത്വത്തിന്റെ പരമകാഷ്‌ഠയിലാണ് നാടക രചന നിര്‍വഹിക്കപ്പെടുന്നതെന്ന പണ്ഡിതമതം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. മലയാളത്തിലെ പ്രശസ്‌ത കവിയായ സച്ചിദാനന്ദന്‍ കാവ്യസപര്യയുടെ ഒരു ഘട്ടത്തില്‍ തന്റെ ദര്‍ശനങ്ങള്‍ ജനകീയമാക്കാന്‍ കവിതയേക്കാള്‍ നാടകത്തിനു സാധ്യത കൂടുതലുണ്ടെന്നു ബോധ്യപ്പെട്ടപ്പോള്‍ ഒന്നു രണ്ടു നാടകങ്ങള്‍ രചിക്കുകയുണ്ടായി. സ്വന്തം കവിതകളില്‍ വര്‍ധിച്ചുവന്ന നാടകീയതയുടെ വിപുലീകരണമായിട്ടാണ് അദ്ദേഹം തന്റെ നാടകങ്ങളെ കാണുന്നത്. ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചപ്പോഴാണ്, ജനകീയ സംവേദനത്തിനും തന്റെ നാടകദര്‍ശനങ്ങളുടെ സമഗ്രവും വസ്‌തുനിഷ്‌ഠവുമായ ആവിഷ്‌കാരത്തിനും സാധ്യതയുള്ള നാടകമെഴുതാന്‍ അദ്ദേഹത്തിനും പ്രേരണയുണ്ടായത്. 'ശക്തന്‍ തമ്പുരാന്‍', 'ഗാന്ധി' എന്നീ രണ്ടു നാടകങ്ങളാണ് അദ്ദേഹം രചിച്ചത്. ഇവ ഒരു കവിയുടെ നാടകമാണെന്നും രചന സാന്ദര്‍ഭികമാണെന്നും ശക്തന്‍ തമ്പുരാന്റെ ആമുഖക്കുറിപ്പില്‍ സച്ചിദാനന്ദന്‍ രേഖപ്പെടുത്തുന്നുണ്ട്.
Post a Comment