മഹാരാജാസ് കോളെജ് എന്റെ ജീവിതത്തില്‍ എന്തായിരുന്നുവെന്ന് പറഞ്ഞറിയിക്കുക പ്രയാസം. എന്റെ ബാല്യം എന്റെ നാട്ടിന്‍പുറത്തെ പ്രകൃതിയും മനുഷ്യരും പാഠശാലകളും വായനശാലകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ എന്റെ കൌമാരത്തിന്റെ ഉണര്‍ച്ചകളെല്ലാം മഹാരാജാസുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. 1968 ലെ വെയില്‍ നിറഞ്ഞ ഒരു ദിവസം പഴയ ശൈലിയിലുള്ള വെള്ള പൂശിയ മഹാരാജാസിന്റെ പ്രധാന കെട്ടിടത്തിലേക്ക് ഇന്റര്‍വ്യൂവിനു കടന്നു ചെല്ലുമ്പോള്‍ തന്നെ പാരമ്പര്യവും പ്രതാപവുമുള്ള ഒരു കലാലയത്തിലാണ് ഞാന്‍ എന്നെനിക്കു തോന്നി. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളെജില്‍ നാലുവര്‍ഷം പഠിച്ച് ജീവശാസ്‌ത്രത്തില്‍ ബിരുദം നേടിയ, മദിരാശിക്കപ്പുറം സഞ്ചരിച്ചിട്ടില്ലാത്ത, ഹോസ്‌റ്റലിലൊന്നും കഴിഞ്ഞിട്ടില്ലാത്ത, ആധുനിക കലാ- സാഹിത്യങ്ങളെക്കുറിച്ച് ഏറെയൊന്നും അറിയാത്ത ഒരു പത്തൊമ്പതുകാരനായിരുന്നു ഞാനപ്പോള്‍. എറണാകുളത്തു തന്നെയുള്ള മറൈന്‍ ബയോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എം. എസ്.സിക്കും ഞാന്‍ അപേക്ഷ കൊടുത്തിരുന്നു. ഭാഗ്യവശാല്‍ ആദ്യം ഇന്റര്‍വ്യൂകാര്‍ഡ് ലഭിച്ചത് മഹാരാജാസിലെ ഇംഗ്ളീഷ് സാഹിത്യം എം.എയ്‌ക്കു ചേരാനുള്ളതായിരുന്നു.
എം.എയ്‌ക്കു ചേര്‍ന്ന് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ എം.എസ്. സിക്കു ചേരാനുള്ള അറിയിപ്പുവന്നു. പക്ഷേ, അപ്പോഴേക്കും ഞാന്‍ മഹാരാജാസില്‍ തുടരാന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. ചിലപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, അന്ന് മറൈന്‍ ബയോളജിക്കാണ് ചേര്‍ന്നിരുന്നതെങ്കില്‍ എന്റെ ജീവിതം എങ്ങനെ ആകുമായിരുന്നുവെന്ന്. ചെറിയ ചെറിയ യാദൃച്‌ചികതകള്‍ നമ്മുടെ ജീവിതത്തെ മുഴുവന്‍ എപ്രകാരം നിര്‍ണയിക്കുന്നുവെന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. കവിതയെഴുതാന്‍ വാസനയുണ്ടായിരുന്നതിനാല്‍ ഞാന്‍ ആ സാഹചര്യത്തിലും എന്തെങ്കിലുമൊക്കെ എഴുതുമായിരുന്നു. എന്നാല്‍ എന്റെ പ്രധാന ജീവിതമായി കവിതയും സാഹിത്യവും ഒരിക്കലും മാറുമായിരുന്നില്ല. ഇന്ത്യയിലെയും ലോകത്തെയും വലിയ എഴുത്തുകാരുമായി ഞാന്‍ ബന്ധപ്പെടുമായിരുന്നില്ല. ലോക സാഹിത്യവുമായി അടുത്ത പരിചയം നേടുമായിരുന്നില്ല. അന്ന് ആ എം.എസ്.സി കോഴ്‌സിനു ചേര്‍ന്ന ഒരു സഹപാഠിയുടെ പില്‍ക്കാല ജീവിതം മാതൃകയാണെങ്കില്‍ ഒരു ജോലി പോലും ലഭിക്കാതെ എനിക്ക് ഏറെക്കാലം ഗവേഷണാദികളും മറ്റുമായി കഴിയേണ്ടിവരുമായിരുന്നു.
അതേ, മഹാരാജാസ് എന്റെ പില്‍ക്കാല ജീവിതത്തെ മുഴുവന്‍ നിര്‍ണയിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു. എന്നെ ഞാനാക്കിയതില്‍ ഏതെങ്കിലും സ്ഥാപനത്തിനു പങ്കവകാശപ്പെടാമെങ്കില്‍ അതില്‍ ആദ്യ സ്ഥാനം മഹാരാജാസിനായിരിക്കും. പിന്നെ ജനകീയ സാംസ്‌കാരികവേദി എന്ന സംഘടനയ്‌ക്ക്, പിന്നെ ഇപ്പോള്‍ ഞാന്‍ തലവനായിരിക്കുന്ന സാഹിത്യ അക്കാദമിക്കും. അതിനുമുമ്പ് എന്നെ വലിയ എഴുത്തുകാരുമായി പരിചയപ്പെടുത്തിയ ഭോപ്പാലിലെ 'ഭാരത് ഭവന്‍' എന്ന കലാസ്ഥാപനത്തിനും. 1965 ജൂണ്‍ മുതല്‍ 67 ഏപ്രില്‍വരെയുള്ള രണ്ടു വര്‍ഷം മാത്രമാണ് ഞാന്‍ മഹാരാജാസിലുണ്ടായിരുന്നതെങ്കിലും അക്കാലത്തെ സൌഹൃദങ്ങളും പുസ്‌തകങ്ങളും പ്രവര്‍ത്തനങ്ങളുമാണ് എന്നെ സാഹിത്യം ഗൌരവമായെടുക്കാന്‍ ആദ്യമായി പ്രേരിപ്പിച്ചത്.
മഹാരാജാസ് ഏറ്റവും സജീവമായിരുന്ന കാലമായിരുന്നു അത്. എം. കെ. സാനു, എം. ലീലാവതി, എം. അച്യുതന്‍, സി.എല്‍. ആന്റണി, ടി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ മലയാളം വകുപ്പിനെ പ്രശസ്‌തമാക്കിയിരുന്ന കാലം. ഇംഗ്ളീഷ് വകുപ്പില്‍ വലിയ പ്രതിഭാശാലികളില്ലായിരുന്നെങ്കിലും ടി.ആര്‍.കെ. മാരാര്‍, ബാലകൃഷ്‌ണന്‍ നായര്‍, ശാന്താറാം, രാധാമണി, അന്നാ കുര്യന്‍, മേരി സാമുവേല്‍ തുടങ്ങിയവര്‍ക്ക് അവര്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ അറിയാമായിരുന്നു. അന്നത്തെ പൊതുനിലവാരം വച്ചുനോക്കുമ്പോള്‍ ലൈബ്രറി ഈടുറ്റതായിരുന്നു. ധൈഷണികാന്തരീക്ഷം സജീവമായിരുന്നു.
ഇടതുപക്ഷത്തോട് അവ്യക്തമായ ചായ്‌വ് എനിക്ക് ചെറുപ്പത്തിലേ ഉണ്ടായിരുന്നെങ്കിലും അതു കുറച്ചുകൂടി ദൃഢവും തീവ്രവുമാക്കിയത് മഹാരാജാസിലെ ജീവിതമായിരുന്നു. വൈകുന്നേരങ്ങളില്‍ പ്രഭാത് ബുക്ക് ഹൌസില്‍ പോകുമായിരുന്നു. അവിടെ വച്ചാണ് പൊളിറ്റിക്‌സ് വകുപ്പിലെ ഭരതന്‍ മാസ്‌റ്ററെ പരിചയമാവുന്നത്. മാർക്‌സിസം മനസ്സിലാക്കാന്‍ ആദ്യം വായിക്കേണ്ട പുസ്‌തകങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചുതന്നു. മോസ്‌കോവിലെ മാർക്‌സിസം- ലെനിനിസം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ 'ഫണ്ടമെന്റല്‍സ് ഓഫ് മാർക്‌സിസം- ലെനിനിസം', എ. അപ്പനാസ്യേവിന്റെ 'മാർക്‌സിസം ഫിലോസഫി', കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോ തുടങ്ങിയവ (മുതിര്‍ന്നപ്പോള്‍ ഈ പുസ്‌തകങ്ങളെല്ലാം എത്ര യാന്ത്രികമായാണ് മാർക്‌സിസത്തെ വ്യാഖ്യാനിച്ചിരുന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടുവെന്നത് മറ്റൊരു കാര്യമാണ്. തല്‍ക്കാലം ഇവ എനിക്കു പാഠപുസ്‌തകങ്ങളായിരുന്നു.) തുടര്‍ന്ന് മാർക്‌സിന്റെയും ഏംഗല്‍സിന്റെയും ലെനിന്റെയും തെരഞ്ഞെടുത്ത കൃതികള്‍, 'മൂലധനം' (അന്ന് 'ഗ്രൂണ്‍ഡ്രിസ് ' എന്ന നോട്ടുബുക്ക് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല), ഒറ്റക്കൃതികള്‍- ഇവയൊക്കെ വാങ്ങി പലതും ശ്രദ്ധയോടെ വായിച്ചു.
അന്ന് മഹാരാജാസില്‍ ഡെമോക്രാറ്റിക്ക് ഫ്രണ്ട്, കേരളാ സ്‌റ്റുഡന്റ്സ് യൂണിയന്‍, സ്‌റ്റുഡന്റ്സ് ഫെഡറേഷന്‍ എന്നീ മൂന്ന് വിദ്യാര്‍ഥി സംഘടനകളായിരുന്നു ഏറ്റവും ശക്തി. എങ്കിലും 'ബുദ്ധിജീവി ഇമേജ് ', ഫെഡറേഷനു തന്നെയായിരുന്നു. 'രണഭേരി'കളും 'പടക്കുതിര'കളും നിറഞ്ഞ അതിന്റെ നോട്ടീസുകള്‍, വോട്ട് ഏറെ നേടിയില്ലെങ്കിലും, സാഹിത്യവാസനയുള്ളവരെ ആകര്‍ഷിച്ചു. അവയ്‌ക്കു പിറകിലുണ്ടായിരുന്നത് ചെറിയൊരു കവിയും നല്ല വായനക്കാരനുമായ ടി.കെ രാമചന്ദ്രനായിരുന്നു. പിന്നീട് 'ടി.കെ' എന്ന പേരില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രസിദ്ധനായ, 'സമസ്യ'യുടെയും 'വിചിന്തന'ത്തിന്റെയും മറ്റും പത്രാധിപരായിരുന്ന, ടി.കെ തന്നെ. എന്‍.എസ് മാധവനും അന്ന് മഹാരാജാസിലുണ്ടായിരുന്നു. രണ്ടുപേരും ബിരുദവിദ്യാര്‍ഥികളായിരുന്നു. മാധവനും ഫെഡറേഷന്‍ അനുഭാവിയായിരുന്നു. രണ്ടാംവര്‍ഷം എം.എ. ആയപ്പോള്‍ മാരാര്‍ മാസ്‌റ്ററുടെ താക്കീതു വകവയ്‌ക്കാതെ ഞാന്‍ ഫെഡറേഷന്റെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചു. മറ്റുള്ള സ്ഥാനാര്‍ഥികളെക്കാള്‍ അല്‍പം കൂടി വോട്ടു കിട്ടിയെല്ലങ്കിലും ഞാനും തോറ്റ 'പടക്കുതിര' കളിലൊന്നായി ആവേശപൂര്‍വം പരാജയമേറ്റുവാങ്ങി കൊടി പിന്‍മുറയ്‌ക്കു കൈമാറി- പിറ്റേവര്‍ഷം തോല്‍ക്കാനിരിക്കുന്ന പടക്കുതിരകള്‍ക്ക് എന്നര്‍ഥം.
ഞാന്‍ 'സ്വതന്ത്ര' സ്ഥാനാര്‍ഥിയായത് അരാഷ്‌ട്രീയ സുഹൃത്തുക്കളുടെ വോട്ട് നേടാനാണെന്നാണ് ഫെഡറേഷന്‍ ഭാരവാഹികളോട് പറഞ്ഞതെങ്കിലും യഥാര്‍ഥകാരണം എന്റെ അന്തഃസംഘര്‍ഷങ്ങളായിരുന്നു. കാരണം ഇതിനകം തന്നെ ഇംഗ്ളീഷില്‍ ലഭ്യമായിരുന്ന സാര്‍ത്രിന്റെ എല്ലാ കൃതികളും 'ബീയിങ് ആന്‍ഡ് നഥിങ്നെസ്സ്', 'ക്രിട്ടിക്ക് ഓഫ് ഡയലെക്റ്റിക്കല്‍ റീസണ്‍' എന്നിവ ഉള്‍പ്പെടെ- വായിച്ചുകഴിഞ്ഞിരുന്നു. വ്യക്തിയുടെ പ്രശ്‌നവും സത്തയുടെ പ്രശ്‌നവും മാർക്‌സിസം ശരിക്കും കൈകാര്യം ചെയ്യുന്നില്ലെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ഇതോടൊപ്പം എം. എന്‍. റോയിയുടെ കൃതികളും - 'ബിയോണ്ട് കമ്യൂണിസ'വും 'ന്യൂ ഹ്യൂമനിസ' വും 'റീസണ്‍- റൊമാന്റിസിസം - റെവല്യൂഷനും' ഉള്‍പ്പെടെ- ഞാന്‍ വായിച്ചിരുന്നു. എക്സിസ്‌റ്റന്‍ഷ്യലിസത്തെക്കുറിച്ചൊരു ലേഖനം ഞാന്‍ മഹാരാജാസ് മാസികയില്‍ എഴുതിയിരുന്നു; ന്യൂ ഹ്യൂമനിസത്തെക്കുറിച്ച് സി.ടി. സുകുമാരനാണ് എഴുതിയത്. ഞങ്ങള്‍ ഒരേ ഹോസ്‌റ്റല്‍മുറിയിലായിരുന്നു - ആദ്യ വര്‍ഷം പഴയ ഹോസ്‌റ്റലിലും, പിറ്റേ വര്‍ഷം പുതിയ ഹോസ്‌റ്റലിലും. ഞങ്ങള്‍ സാര്‍ത്രിന്റെയും റോയിയുടെയും ആശയങ്ങള്‍ പങ്കുവയ്‌ക്കുകയും ഒറ്റ രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് ലേഖനങ്ങള്‍ എഴുതിത്തീര്‍ക്കുകയുമാണ് ചെയ്‌തത്. വേറൊരു ലക്കം മാസികയില്‍ ഞാന്‍ അയ്ന്റാന്‍ഡിന്റെ ആശയങ്ങളുടെ ബൂര്‍ഷ്വാസ്വഭാവത്തെ ആക്രമിക്കുന്ന ലേഖനമാണ് എഴുതിയിരുന്നത്. പത്രാധിപരായിരുന്ന മാരാര്‍ മാസ്‌റ്റര്‍ക്ക് ഇംഗ്ളീഷ് ശരിയായാല്‍ മതിയായിരുന്നു. ആശയം പ്രശ്‌നമായിരുന്നില്ല. മലയാളവിഭാഗത്തില്‍ ഞാന്‍ കവിതകളും എഴുതുക പതിവായിരുന്നു. അവയിലൊന്ന് മേഘസന്ദേശത്തിന്റെ പ്രചോദനത്തിലായിരുന്നവെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു 'വിരഹം' എന്നായിരുന്നു ശീര്‍ഷകം.
മുഖ്യധാരാ മാർക്‌സിസ്‌റ്റാശയങ്ങളുമായി സാഹിത്യതലത്തിലും എനിക്കൊരു കലഹമുണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട കവി. ടി. എസ്. എലിയറ്റും നോവലിസ്‌റ്റുകള്‍ കാഫ്‌ക, കമ്യൂ, സാര്‍ത്ര് എന്നിവരുമായിരുന്നു. പൊതുവേ നവഭാവുകത്വത്തോടായിരുന്നു എനിക്ക് ചായ്‌വ്. പുരോഗമനസാഹിത്യകാരന്മാരുടെ 'സോഷ്യലിസ്‌റ്റ് റിയലിസ'ത്തോട് പൊരുത്തപ്പെടുക പ്രയാസമായിരുന്നു. ഗോര്‍ക്കിയുടെയും മറ്റും കൃതികള്‍ ഞാന്‍ വായിക്കാതിരുന്നില്ല, എന്നാല്‍ കാഫ്‌കയുടെയും മറ്റും തിക്തകശക്തി അവയ്‌ക്കില്ലെന്നു തോന്നി. ആധുനികരുടെ ഇരുണ്ട ദേവതയായിരുന്നു എന്റെ ഉപാസനാമൂര്‍ത്തി. കസന്‍ദ്സകീസിന്റെ കൃതികളും ക്രൈസ്‌റ്റ് കോളെജില്‍വച്ച് ഞാന്‍ വായിച്ചിരുന്നു. മലയാളത്തില്‍ ആധുനികതയുടെ ഉദയകാലമായിരുന്നു അത്. അയ്യപ്പപ്പണിക്കര്‍ എറണാകുളത്ത് ഒരു ചര്‍ച്ചായോഗത്തിനു വന്നപ്പോള്‍ അദ്ദേഹവുമായി ഞാന്‍ പരിയചപ്പെട്ടിരുന്നു. ആ യോഗം ഓര്‍ക്കാന്‍ ഒരു പ്രത്യേക കാരണവുമുണ്ട്. അവിടെ അദ്ദേഹം 'മൃത്യുപൂജ' എന്ന കവിത വായിച്ചു. 'ഹേ മന്ദഗാമിനി' എന്നു തുടങ്ങുന്ന, മൃത്യുവിനെ സ്വാഗതം ചെയ്യുന്ന, ആദ്യ വരികളില്‍ തന്നെയാണ് കവിത അന്ന് അവസാനിച്ചിരുന്നത്. ഈ ദര്‍ശനം തീര്‍ത്തും പ്രത്യാശാരഹിതമാണല്ലോ എന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. പിന്നീട് 'മാതൃഭൂമി'യില്‍ കവിത പ്രകാശിപ്പിച്ചു വന്നപ്പോള്‍ ഇപ്പോഴത്തെ അവസാന വരികള്‍ ഉണ്ടായിരുന്നു. ഭൂമിയുടെ ഉദരവീര്യം പകര്‍ന്ന് വൈദേഹിയെ തിരിച്ചു തരാനഭ്യര്‍ഥിക്കുന്ന വരികള്‍. എന്റെ വിമര്‍ശനമാണ് മാറ്റത്തിനു ഹേതുവെന്ന് എനിക്കു പറയാനാവില്ല. പക്ഷേ, എനിക്കങ്ങനെ തോന്നാതിരുന്നില്ല.
അതിരിക്കട്ടെ. സാനുമാസ്‌റ്ററുടെ വീട്ടില്‍ ആഴ്‌ചയിലൊരിക്കലെങ്കിലും സി. ടി. സുകുമാരനോടൊത്തു പോയി സാഹിത്യചര്‍ച്ചകള്‍ നടത്തിയിരുന്നതും പുതിയ ഭാവുകത്വത്തോട് സഹാനുഭൂതിയുണ്ടാകാന്‍ പ്രേരകമായി. എം. ഗോവിന്ദനുമായും അന്നു ഞാന്‍ കത്തിടപാട് ആരംഭിച്ചിരുന്നു. 'സമീക്ഷ' അദ്ദേഹം പതിവായി അയച്ചുതന്നിരുന്നു. എന്റെ ഒരു കവിതയും അതില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് 'വിയത്‌നാം' എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനവും 'സമീക്ഷ'യുടെ ഇംഗ്ളീഷിലുള്ള 'റിനയ്‌സന്‍സ്' വിശേഷാല്‍പതിപ്പില്‍ വന്നിരുന്നു. 'വിയത്‌നാം' എന്ന കവിതയും അക്കാലത്താണെഴുതുന്നത്. ടി.വി. കുഞ്ഞിക്കൃഷ്‌ണന്റെ പത്രാധിപത്യത്തില്‍ മദിരാശിയില്‍ നിന്നിറങ്ങിയിരുന്ന 'അന്വേഷണം' വാരികയിലാണത് പ്രസിദ്ധീകരിച്ചത്. 'അന്വേഷണ'ത്തില്‍ അന്നു ഞാന്‍ പതിവായി എഴുതാനാരംഭിച്ചിരുന്നു. 'മാനിഫെസ്‌റ്റോ', 'ക്രിസ്‌തു - ഒന്ന്, രണ്ട്, നൂറ്' തുടങ്ങിയ കവിതകളും നിരൂപണപരമായ ലേഖനങ്ങളും അതില്‍ അക്കാലത്തു പ്രസിദ്ധീകരിച്ചു.
'ജനയുഗ'ത്തില്‍ വന്ന 'ശക്തിഗീത'മായിരുന്നു മറ്റൊരു കവിത. ഈ കവിതയെ എന്റെ തെരഞ്ഞെടുപ്പുകാലത്ത് ഫെഡറേഷന്‍ നേതാവായിരുന്ന എസ്.ആര്‍. ശക്തിധരന്‍ പ്രചാരണത്തിനായുപയോഗിച്ചിരുന്നത് ഞാനോര്‍ക്കുന്നു. ഹോസ്‌റ്റല്‍മേറ്റുകളായിരുന്ന പി.വി. കൃഷ്‌ണന്‍നായര്‍ (കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഹിന്ദി പ്രൊഫസറായി റിട്ടയര്‍ ചെയ്‌തു), എ.വി. ശങ്കരനാരായണന്‍ (ഇപ്പോള്‍ ബാംഗ്ളൂരില്‍ 'ഡെക്കാന്‍ ഹെറാല്‍ഡി'ല്‍ ഒരു പത്രാധിപര്‍) എന്നിവരുമായുള്ള സാഹിത്യചര്‍ച്ചകളും ഹരമുള്ളവയായിരുന്നു. 'കൃഷ്‌ണേട്ടന്‍' എന്ന പേരില്‍ വിളിക്കപ്പെട്ടിരുന്ന കൃഷ്‌ണന്‍ നായര്‍, വെറ്റിനറി സയന്‍സ് പഠനമുപേക്ഷിച്ച് ഹിന്ദി പഠിക്കാന്‍ വന്നതായിരുന്നു മഹാരാജാസില്‍. 'നമ്പു' എന്നു വിളിക്കപ്പെട്ട ശങ്കരനാരായണന്‍ (നമ്പൂതിരി) പ്രീഡിഗ്രി ക്ളാസിലായിരുന്നെങ്കിലും കൂര്‍മബുദ്ധികൊണ്ട് ഞങ്ങളുടെയൊക്കെ സുഹൃത്തായി മാറിയിരുന്നു. 'വിയത്‌നാം' എന്ന കവിത പ്രസിദ്ധീകരിച്ച ശേഷമാണെന്നാമോര്‍മ, കെ. വേണുവുമായും ഒരു കത്തിടപാടാരംഭിച്ചിരുന്നു. കവിതയ്‌ക്കു പുതുമയുണ്ടെങ്കിലും രാഷ്‌ട്രീയം വ്യക്തമല്ലെന്നായിരുന്നു വേണുവിന്റെ ആക്ഷേപം. തുടര്‍ന്ന് ഒരു ആക്‌ടിവിസ്‌റ്റിന്റെ ആവേശത്തോടെ ഞാന്‍ മറുപടി അയച്ചതും നാട്ടില്‍ മടങ്ങിയെത്തിയാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനാഗ്രഹമുണ്ടെന്ന് അറിയിച്ചതും ഓര്‍ക്കുന്നു. വ്യക്തമായും അന്ന് എന്റെ മനസ്സ് വിഭക്തമായിരുന്നു. ഒരു വശത്ത് മാർക്‌സിസ്‌റ്റ് സിദ്ധാന്തപഠനവും ഫെഡറേഷന്‍ സുഹൃത്തുക്കളും ആക്‌ടിവിസ്‌റ്റാകാനുള്ള ആവേശവും; മറുവശത്ത് അസ്‌തിത്വവാദവും ആധുനികഭാവുകത്വവും കവിയുടെ അന്തര്‍മുഖത്വവും. എനിക്കു തോന്നുന്നത് പില്‍ക്കാല ജീവിതത്തിലുടനീളം എന്റെ ഈ രണ്ടു വശങ്ങള്‍ ഇണങ്ങിയും പിണങ്ങിയും നിലനിന്നുപോന്നിട്ടുണ്ടെന്നാണ്.
സംഘടനകള്‍ നിര്‍മിക്കുകയും പൊതുപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്‌തുകൊണ്ട്, ഒപ്പം സത്യദര്‍ശനകുതുകിയായ ഒരു കവി ദൈനംദിന ജീവിതത്തിനപ്പുറത്തേക്ക്, പ്രകൃതിയിലേക്കും മനുഷ്യനിലേക്കും പ്രപഞ്ചരഹസ്യങ്ങളിലേക്കും എത്തിനോക്കാന്‍ എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നിട്ടുമുണ്ട്. ഇവ തീര്‍ത്തും വിപരീതങ്ങളാണെന്നും ഞാന്‍ പറയുകയില്ല. പലപ്പോഴും ആക്‌ടിവിസം കവിതയിലും കവിത ആക്‌ടിവിസത്തിലും കടന്നുവന്നിട്ടുണ്ട് - രാഷ്‌ട്രീയ പ്രധാനമായ കവിതയ്‌ക്കും കവിതാപ്രധാനമായ രാഷ്‌ട്രീയത്തിനും പിറവി നല്‍കിക്കൊണ്ട്.
ഹോസ്‌റ്റല്‍ ജീവിതം എന്നിലെ അന്തര്‍മുഖനും സംഭാഷണവിമുഖനുമായ വ്യക്തിയെ അതിജീവിക്കുന്ന ഒരു കൂട്ടായ്‌മയിലേക്കെന്നെ നയിക്കാന്‍ കാരണമായി. മുന്‍പറഞ്ഞ സുഹൃത്തുക്കള്‍ കൂടാതെ റൂംമേറ്റുകളായിരുന്ന ചന്ദ്രന്‍
(പയ്യന്നൂരാണെന്നു തോന്നുന്നു, കെമിസ്‌ട്രി പ്രൊഫസറായി ഇപ്പോള്‍), രാധാകൃഷ്‌ണന്‍ (പിന്നീട് ക്രൈസ്‌റ്റ് കോളെജില്‍ എന്റെ സഹപ്രവര്‍ത്തകനായി, ഇപ്പോഴും അവിടെ കെമിസ്‌ട്രി പഠിപ്പിക്കുന്നു), എന്‍.വി. മാധവന്‍ (ഐ. എ. എസില്‍ ചേര്‍ന്ന്, ഇപ്പോള്‍ കേരളത്തില്‍) എന്നിവരുടെ ഊഷ്‌മളസൌഹൃദം എനിക്കു മറക്കാനാവില്ല. മാധവന്‍ സമ്പദ്ശാസ്‌ത്ര വിദ്യാര്‍ഥിയായിരുന്നു. സാമ്പത്തികശാസ്‌ത്രത്തിന്റെ ആദ്യപാഠങ്ങള്‍, ആദംസ്‌മിത്ത്, റിക്കാർഡോ തുടങ്ങിയവരുടെ കൃതികളിലൂടെ ഞാന്‍ പരിചയപ്പെടുന്നത് മാധവന്റെ സഹായത്തോടെയാണ്. ഏറെ അടുപ്പമുള്ള മറ്റൊരു സുഹൃത്തായിരുന്നു സി. ടി. സുകുമാരന്‍. സുകുമാരന്‍ പിന്നീട് ഐ. എ.എസില്‍ ചേര്‍ന്ന്, തൃശൂര്‍ കളക്‌ടറുടേതുള്‍പ്പെടെ പല ഉദ്യോഗവും വഹിച്ചു, ഒരു കര്‍ണാടക നര്‍ത്തകിയെ ഇഷ്‌ടപ്പെട്ടു വിവാഹം ചെയ്‌തു, പിന്നീട് ദുരൂഹസാഹചര്യങ്ങളില്‍ - ഒരു മാഫിയയുടെ കൈകളിലാണെന്നു കേള്‍ക്കുന്നു - കൊല്ലപ്പെട്ടു. സുകുമാരന്‍ തികച്ചും അച്ചടക്കമുള്ള സത്യസന്ധനായ ഒരാത്മാര്‍ഥ സുഹൃത്തായിരുന്നു - രണ്ടുവര്‍ഷവും എന്റെ റൂംമേറ്റും. ഒട്ടേറെ സംശയങ്ങളും ആശയങ്ങളും അനുഭവങ്ങളും ഞങ്ങള്‍ പങ്കിട്ടിരുന്നു. കവിയായ മേലത്തു ചന്ദ്രശേഖരന്‍ അന്ന് ഹോസ്‌റ്റലിലുണ്ടായിരുന്നു; വേലായുധന്‍, കല്‍പ്പറ്റ നാരായണന്‍ (എഴുത്തുകാരനല്ല, പാട്ടുകാരനായിരുന്നു), രവി കുറ്റിക്കാട് തുടങ്ങി വേറെയും സുഹൃത്തുക്കളെ ഓര്‍ക്കുന്നു. പലരുടെയും മുഖം ഓര്‍മയുണ്ടെങ്കിലും പേരോര്‍ക്കുന്നില്ല. സീത, മേരി, സുരേഷ് മാഞ്ഞൂരാന്‍, സി. ടി. സുകുമാരന്‍, റാവു എന്നിവരായിരുന്നു ക്ളാസിലുണ്ടായിരുന്നവര്‍. സുകുമാരനെപ്പോലെ റാവുവും ഐ. എ. എസില്‍ ചേര്‍ന്നു, മറ്റുള്ളവര്‍ അധ്യാപകരായി. അന്നുതന്നെ 'കുട്ടന്‍മാസ്‌റ്റര്‍' എന്നറിയപ്പെട്ടിരുന്ന കെ. എന്‍. കുട്ടനും ക്ളാസിലുണ്ടായിരുന്നു. സ്‌കൂളധ്യാപനം കഴിഞ്ഞ് പഠിക്കാനെത്തിയ കുട്ടന്‍മാസ്‌റ്ററും സാഹിത്യതല്‍പരനായിരുന്നു.
പ്രേമമായിരുന്നുവോ എന്ന് ഇന്നും എനിക്ക് ഉറപ്പിച്ചുപറയാനാകാത്ത ചില പരിചയങ്ങളും സ്വാഭാവികമായും അക്കാലത്തുണ്ടായി; അവയൊന്നും ശരിക്കും പ്രേമമായി വളര്‍ന്നില്ലെന്നു മാത്രം. വിവാഹത്തെക്കുറിച്ചാലോചിച്ചപ്പോള്‍ അവരില്‍ ഒരാള്‍ക്ക് ഞാന്‍ സമ്മതം ചോദിച്ചെഴുതുകയുണ്ടായി. പക്ഷേ, അവളുടെ വിവാഹം അപ്പോഴേക്കും തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. എനിക്കു ലഭിച്ചത് ആദരം നിറഞ്ഞ ആശംസകള്‍ മാത്രമായിരുന്നു. ആ കുട്ടി മാത്രം എന്റെ കവിതയില്‍ പലകുറി സൂചിപ്പിക്കപ്പെടുന്നുണ്ട്. 'ഭീതി' എന്ന കവിത സമര്‍പ്പിച്ചിരിക്കുന്ന 'കെ.സി.എസ്.' അവളാണ്. പിന്നീട് കോളെജ് അധ്യാപികയായി, വിവാഹിതയായി, അമ്മയായി, കാന്‍സര്‍ ബാധിച്ച് മരിച്ച അവളെക്കുറിച്ചു തന്നെയാണ് 'സുലേഖ' എന്ന കവിതയും.
സുലേഖയുടെ അയല്‍ക്കാരനായിരുന്ന കൃഷ്‌ണകുമാര്‍ അന്ന് ലോ കോളെജ് ഹോസ്‌റ്റലിലുണ്ടായിരുന്നു. സാഹിത്യാഭിരുചിയുള്ള കൃഷ്‌ണകുമാറും എന്റെ അടുത്തു സുഹൃത്തായി. കൃഷ്‌ണകുമാറിനെ ഞാന്‍ പരിചയപ്പെടുന്നത് തൃശൂരില്‍വച്ചാണെന്നാണോര്‍മ. അവിടെ പി. കെ. എ റഹീമുമായി ഞാന്‍ ചില കത്തിടപാടുകള്‍ നടത്തിയിരുന്നു - എം. എന്‍. റോയിയിലുള്ള താല്‍പര്യമാണ് അതിന്റെ തുടക്കം. ആ ബുദ്ധിജീവിവൃത്തത്തില്‍ എന്‍. ദാമോദരന്‍, എം. തോമസ് മാത്യു, എം. വി. ദേവന്‍, സി.പി. ഗംഗാധരന്‍ തുടങ്ങി എം. ഗോവിന്ദനുമായി അടുപ്പമുള്ള ഏറെപ്പേരുണ്ടായിരുന്നു. അവരുടെ പല ചര്‍ച്ചകളിലും ഞാനും പങ്കെടുക്കുമായിരുന്നു. 'ജ്വാല' എന്ന പേരില്‍ ഒരു മാസികയും റഹീം നടത്തിയിരുന്നു. അതിന്റെ എം. എന്‍. റോയ് സ്‌പെഷ്യല്‍ പതിപ്പില്‍ അയച്ച പ്രതികരണത്തിലൂടെയാണ് ഈ വൃത്തവുമായി ഞാന്‍ പരിചയം നേടുന്നത്. കൃഷ്‌ണകുമാറും അവരില്‍ ഒരാളായിരുന്നു; കല്‍ക്കത്തയില്‍ കുറച്ചുകാലം ജോലി ചെയ്‌തു തിരിച്ച് നിയമപഠനത്തിനെത്തിയതായിരുന്നു കൃഷ്‌ണകുമാര്‍. പിന്നീട് ഈ വൃത്തം വികസിച്ചു; ഗോവിന്ദന്റെ സുഹൃത്തുക്കളെല്ലാം എന്റെയും സുഹൃത്തുക്കളായി. റഹീമിന്റെ 'ബെസ്‌റ്റ് പ്രിന്റേഴ്‌സ്' ഒരു സ്ഥിരം താവളമായി. 'ജ്വാല' പബ്ളിക്കേഷന്‍സ് ആരംഭിച്ചു. എന്റെ ആദ്യ പുസ്‌തകമായ 'കുരുക്ഷേത്രം' 'ജ്വാല'യാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഞാന്‍ പത്രാധിപരായി ഒരു മിനി - മാസികാ രൂപത്തില്‍ 'ജ്വാല' പുനഃപ്രസിദ്ധീകരിക്കുകയും ചെയ്‌തു.
മഹാരാജാസില്‍ ഒരു റെബലിന്റെയും അരാജകവാദിയുടെയും ജീവിതമാണ് ഏറെക്കുറെ ഞാന്‍ നയിച്ചിരുന്നതെന്നു പറയാം. ഹോസ്‌റ്റല്‍ വാര്‍ഡന്‍ ശിവരാമകൃഷ്‌ണയ്യര്‍, മുന്‍പില്‍വച്ച് സിഗരറ്റുവലിച്ചതിന് ഹോസ്‌റ്റലില്‍ നിന്നെന്നെ പുറത്താക്കാന്‍ ഉത്തരവിട്ട് വിശദീകരണം തേടിയതും, സാര്‍ത്രിന്റെ പ്രചോദനത്തില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ദീര്‍ഘപ്രബന്ധം ഞാന്‍ മറുപടിയായി എഴുതിയതും അതു ഫയലില്‍വയ്‌ക്കാനാകാതെ പുറത്താക്കല്‍ നടപടി അദ്ദേഹം ഉപേക്ഷിച്ചതും എനിക്കോര്‍മയുണ്ട്. ഹോസ്‌റ്റലിലെ വാര്‍ഷികവിരുന്നിന്‍ ദിവസം മുണ്ടുമടക്കിക്കുത്തി, അശ്രദ്ധനായി, വൈകി കടന്നുചെന്ന ഞാന്‍ ആരാണെന്ന് മുഖ്യാതിഥിയും പ്രിന്‍സിപ്പലുമായിരുന്ന പി. എസ്. വേലായുധന്‍ അന്വേഷിച്ചതും, മാരാര്‍ മാസ്‌റ്ററില്‍നിന്നു നല്ല റിപ്പോര്‍ട്ട് കിട്ടിയതിനെത്തുടര്‍ന്ന് അച്ചടക്കനടപടി വേണ്ടെന്നുവച്ചതുമാണ് മറ്റൊരോര്‍മ. തുടര്‍ച്ചയായ സിഗരറ്റുവലി, വല്ലപ്പോഴുമൊരിക്കല്‍ മദ്യപാനം ഇവയും സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ തന്നെ ചില അപക്വരൂപങ്ങളായിരുന്നു.
ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, വായനയുടെയും സൌഹൃദങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയുമായ ആ രണ്ടുവര്‍ഷങ്ങള്‍ എന്റെ ജീവിതത്തെ സംബന്ധിച്ച് നിര്‍ണായകം തന്നെയായിരുന്നുവെന്നു ബോധ്യമാകുന്നു. എന്നെ സങ്കുചിതത്വങ്ങളില്‍നിന്നു മോചിപ്പിക്കുകയും എന്നെ കവിയാക്കിയ സംഘര്‍ഷങ്ങള്‍ക്ക് ആഴം നല്‍കുകയും കൂട്ടായ്‌മകളുടെ ഊഷ്‌മളതയാല്‍ എന്നെ താലോലിക്കുകയും പ്രണയത്തിനും വിപ്ളവപ്രവര്‍ത്തനത്തിനും എന്നെ സന്നദ്ധനാക്കുകയും ചെയ്‌തു മഹാരാജാസിലെ രണ്ടുവര്‍ഷങ്ങള്‍.
*
സച്ചിദാനന്ദന്‍
(രവി കുറ്റിക്കാട് രചിച്ച 'മഹാരാജാസിന് പ്രണയപൂര്‍വം' എന്ന പുസ്‌തകത്തില്‍ നിന്ന്, 2000 ഡിസംബര്‍)
കടപ്പാട്: ഗ്രന്ഥാലോകം
Subscribe to:
Post Comments (Atom)
3 comments:
മഹാരാജാസ് കോളെജ് എന്റെ ജീവിതത്തില്‍ എന്തായിരുന്നുവെന്ന് പറഞ്ഞറിയിക്കുക പ്രയാസം. എന്റെ ബാല്യം എന്റെ നാട്ടിന്‍പുറത്തെ പ്രകൃതിയും മനുഷ്യരും പാഠശാലകളും വായനശാലകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ എന്റെ കൌമാരത്തിന്റെ ഉണര്‍ച്ചകളെല്ലാം മഹാരാജാസുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. 1968 ലെ വെയില്‍ നിറഞ്ഞ ഒരു ദിവസം പഴയ ശൈലിയിലുള്ള വെള്ള പൂശിയ മഹാരാജാസിന്റെ പ്രധാന കെട്ടിടത്തിലേക്ക് ഇന്റര്‍വ്യൂവിനു കടന്നു ചെല്ലുമ്പോള്‍ തന്നെ പാരമ്പര്യവും പ്രതാപവുമുള്ള ഒരു കലാലയത്തിലാണ് ഞാന്‍ എന്നെനിക്കു തോന്നി. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളെജില്‍ നാലുവര്‍ഷം പഠിച്ച് ജീവശാസ്‌ത്രത്തില്‍ ബിരുദം നേടിയ, മദിരാശിക്കപ്പുറം സഞ്ചരിച്ചിട്ടില്ലാത്ത, ഹോസ്‌റ്റലിലൊന്നും കഴിഞ്ഞിട്ടില്ലാത്ത, ആധുനിക കലാ- സാഹിത്യങ്ങളെക്കുറിച്ച് ഏറെയൊന്നും അറിയാത്ത ഒരു പത്തൊമ്പതുകാരനായിരുന്നു ഞാനപ്പോള്‍. എറണാകുളത്തു തന്നെയുള്ള മറൈന്‍ ബയോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ എം. എസ്.സിക്കും ഞാന്‍ അപേക്ഷ കൊടുത്തിരുന്നു. ഭാഗ്യവശാല്‍ ആദ്യം ഇന്റര്‍വ്യൂകാര്‍ഡ് ലഭിച്ചത് മഹാരാജാസിലെ ഇംഗ്ളീഷ് സാഹിത്യം എം.എയ്‌ക്കു ചേരാനുള്ളതായിരുന്നു.
നല്ല ഓര്‍മ്മകള്‍... നല്ലൊരു പോസ്റ്റ്!
സുലേഖ എന്ന കവിത 80-കളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട( R.E.C - പന്നിയങ്കര ) സുലേഖ എന്ന പെണ്‍കുട്ടിയെകുറിച്ചല്ലേ ( സൂര്യകാന്തികള്‍ക്ക് പോലും നഖങ്ങളും ദംഷ്ട്രകളും ....)
Post a Comment