ആഗോള സാമ്പത്തിക പ്രതിസന്ധി ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ധനസ്ഥാപനങ്ങളിലെ തൊഴിലാളികളെക്കുറിച്ച് ഉചിതമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരാറില്ല. ലാഭം വര്‍ധിപ്പിക്കാന്‍ തൊഴിലാളികളെ പരമാവധി ചൂഷണംചെയ്യുകയും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ തൊഴിലാളികളെ ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നതാണല്ലോ പതിവ്. മുതലാളിത്തം തൊഴിലാളികളെ 'ഉപയോഗിക്കൂ,വലിച്ചെറിയൂ' എന്ന അവസ്ഥയില്‍ എത്തിച്ചുകഴിഞ്ഞു.
മെക്സിക്കോയില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക പ്രതിസന്ധി, ബാങ്കിങ് മേഖല, ബാങ്കുജീവനക്കാര്‍ എല്ലാം പരസ്പരം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പരിശോധിക്കാം. മുതലാളിത്തപാത പിന്തുടരുന്ന മുതലാളിത്ത ബാങ്കിങ് സംവിധാനം നിലനില്‍ക്കുമ്പോള്‍ ബാങ്കുകള്‍ വന്‍ലാഭം നേടുകയും തൊഴിലാളികള്‍ കൂടുതല്‍ കൂടുതല്‍ ചൂഷണത്തിനിരയാകുകയുംചെയ്തു. ഇത് പരിശോധിക്കുമ്പോള്‍ തൊഴിലാളികളും ധനമൂലധനവും തമ്മിലുള്ള ബന്ധം, ബാങ്ക് ജീവനക്കാരും ബാങ്കുടമകളും തമ്മിലുള്ള ബന്ധം ഇവ ഗൌരവമായ പഠനത്തിന് വിധേയമാക്കണം.
1982നുശേഷം മെക്സിക്കോയില്‍ ബാങ്കുകളുടെ ഉടമസ്ഥതയില്‍ മൂന്നുപ്രാവശ്യം മാറ്റം വന്നു. ആദ്യത്തെ കൈമാറ്റം 1982ല്‍ അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ്. സാമ്പത്തിക രംഗം സുസ്ഥിരമാക്കാന്‍ പ്രസിഡന്റ് ലോപ്പസ് പോര്‍ട്ടിലോ (1976-1982) എല്ലാ ബാങ്കുകളും ദേശസാല്‍ക്കരിച്ചു. അതിനുശേഷം 1982 മുതല്‍ 1988 വരെ അധികാരത്തിലിരുന്ന പ്രസിഡന്റ് ഡെലാ മാഡ്രിഡ് ബാങ്കുകളെ തന്നിഷ്ടംപോലെ ഉപയോഗിച്ചു. അതോടുകൂടി ഉടമസ്ഥതയില്‍ വീണ്ടും ചലനത്തിന് സാധ്യതകള്‍ ഏറി. 1988 മുതല്‍ 1994 വരെ അധികാരത്തിലിരുന്ന പ്രസിഡന്റ് സാലിനാസ് ബാങ്കുകള്‍ ഒരു തത്വദീക്ഷയുമില്ലാതെ സ്വകാര്യ മേഖലയ്ക്ക് കൈമാറി. 1991, 1992 വര്‍ഷങ്ങളിലാണ് ഈ സ്വകാര്യവല്‍ക്കരണം നടന്നത്.
1994ല്‍ മെക്സിക്കോ കറന്‍സി പെസോ നേരിട്ട പ്രതിസന്ധിയും 1995ല്‍ അനുഭവപ്പെട്ട ബാങ്കിങ് പ്രതിസന്ധിയും നിയന്ത്രണമില്ലാത്ത വിദേശനിക്ഷേപത്തിന് പരവതാനി വിരിച്ചു. ഇന്ന് മെക്സിക്കോയിലെ ബാങ്കുകളില്‍ 80 ശതമാനം നിയന്ത്രിക്കുന്നത് വിദേശികളാണ്. മെക്സിക്കോയിലെ സാമ്പത്തിക രംഗത്ത് 60 ശതമാനം ധനകാര്യ ആസ്തികളും ബാങ്കിങ് സ്ഥാപനങ്ങളിലാണ്. കൂടാതെ ഇതിന്റെ മുക്കാല്‍ഭാഗവും മെക്സിക്കോയിലെ അഞ്ച് വന്‍കിട ബാങ്കുകളിലാണ്. സ്പാനിഷ് ബിബിവിഎ- ബാന്‍കോമര്‍, യുഎസ് സിറ്റി ബാങ്ക്- ബനാമെക്സ്, സ്പാനിഷ് സാന്‍ടാന്റര്‍- സെര്‍ഫിന്‍, മെക്സിക്കന്‍ ബാനോര്‍ട്ടെ, യുകെ എച്ച്എസ്ബിസി എന്നിവയാണ് ആ അഞ്ചു ബാങ്കുകള്‍.
2007-09 കാലഘട്ടത്തിലെ ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ മെക്സിക്കോയിലെ ബാങ്കുകളും ആടിയുലഞ്ഞു. 2008 സെപ്തംബറില്‍ ലീമാന്‍ ബ്രദേഴ്സ് അടക്കം വമ്പന്‍ സ്രാവുകള്‍ തകര്‍ന്നപ്പോള്‍ എല്ലാവരും യഥാര്‍ഥത്തില്‍ അന്തംവിട്ടുപോയി. ധനമൂലധനത്തിന്റെ സ്വതന്ത്രമായ സഞ്ചാരത്തിന് വിഘാതം നേരിട്ടു. മെക്സിക്കോയുടെ നില പരുങ്ങലിലായി. മെക്സിക്കോയുടെ കയറ്റുമതിയില്‍ 80-85 ശതമാനവും അമേരിക്കയിലേക്കായിരുന്നു. അമേരിക്കന്‍ പ്രതിസന്ധി മെക്സിക്കോയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. ജനജീവിതം ദുസ്സഹമായി. ഐഎംഎഫിന്റെ നിഗമനത്തില്‍ മെക്സിക്കോയുടെ ജിഡിപി 2008ല്‍ 1.3 ശതമാനം വളര്‍ന്നു. എന്നാല്‍, 2009ല്‍ ജിഡിപി നിലംപതിക്കുകയും -6.8 ശതമാനം തളര്‍ച്ച നേരിടുകയുംചെയ്തു. പ്രതിസന്ധിയുടെ മധ്യത്തില്‍ മെക്സിക്കോയുടെ കേന്ദ്രബാങ്ക് ബാന്‍കോ ഡി മെക്സിക്കോ 72 മണിക്കൂറിനുള്ളില്‍ ബാങ്കുകളുടെ കൈയില്‍ ഉണ്ടായിരുന്ന റിസര്‍വില്‍ 11 ശതമാനം (ഏകദേശം ആറുബില്യന്‍ അമേരിക്കന്‍ ഡോളര്‍) വില്‍പ്പന നടത്തി. കൂടാതെ കറന്‍സിയായ പെസോയുടെ മൂല്യം നിലനിര്‍ത്താന്‍ വായ്പാ പലിശനിരക്ക് വര്‍ധിപ്പിച്ചു. ഇത്രയൊക്കെയായിട്ടും അമേരിക്കയിലും ബ്രിട്ടണിലും ബാങ്കുകള്‍ നേരിട്ട ആഴമേറിയ മുറിവുകള്‍ മെക്സിക്കോയിലെ ബാങ്കുകള്‍ക്ക് ഏറ്റില്ല. ലാഭം കുറഞ്ഞു എന്നുമാത്രം.
എന്തുകൊണ്ടാണ് മെക്സിക്കോയിലെ ബാങ്കുകളെ പ്രതിസന്ധി കൂടുതലായി ബാധിക്കാതിരുന്നത്. 1995ലെ പ്രതിസന്ധിക്കുശേഷം ബാങ്കുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരുന്നു. ഇത് ഒരുവശം മാത്രം. നവലിബറല്‍ കാലഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ പേരിനുമാത്രം. ഈ പശ്ചാത്തലത്തിലാണ് തൊഴിലാളികളും ധനമൂലധനവും തമ്മിലുള്ള ബന്ധം കൂടുതലായി നാം അറിയുന്നത.് തൊഴിലാളികളെ ചൂഷണംചെയ്തും അധ്വാനഭാരം വര്‍ധിപ്പിച്ചും വേതന വര്‍ധന നിഷേധിച്ചും ബാങ്കുകള്‍ ലാഭം പെരുപ്പിച്ചു.
1994-2000 കാലഘട്ടത്തില്‍ മെക്സിക്കോയില്‍ അധികാരത്തിലിരുന്ന ഏണസ്റ്റോ സെഡില്ലോ സര്‍ക്കാര്‍ ബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുക്കുകയും രക്ഷാപദ്ധതികള്‍ നടപ്പാക്കുകയുംചെയ്തു. മെക്സിക്കോയില്‍ ബാങ്കുകളെ സഹായിക്കാന്‍ കേന്ദ്രബാങ്കുമായി സഹകരിച്ച് ഫോബാപ്രോയ എന്ന പേരില്‍ ഒരു ഇന്‍ഷുറന്‍സ് ഫണ്ടിന് രൂപം നല്‍കി. ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാനും കിട്ടാക്കടം ഇല്ലാതാക്കാനും നടപടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി. 2002നുശേഷം ബാങ്കിങ് മേഖല പൂര്‍ണമായും വിദേശമൂലധനത്തിന്റെ പിടിയിലായി. ശാഖകള്‍ വ്യാപകമായി തുറന്നു. 2009 അവസാനിക്കുമ്പോള്‍ 4000ലധികം ബാങ്കുശാഖകള്‍ തുറന്നു. ബാങ്കുജീവനക്കാരുടെ എണ്ണത്തില്‍ തീരെ വര്‍ധനയുണ്ടായില്ല. 1999നുശേഷം ബാങ്കിങ് മേഖലയില്‍ പുതിയ നിയമനങ്ങള്‍ നടന്നില്ല എന്നറിയുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി എത്ര ആഴത്തിലാണ് ബാങ്ക് ജീവനക്കാരെ ആക്രമിക്കുന്നതെന്ന് നാം തിരിച്ചറിയുന്നത്.
1982ല്‍ മെക്സിക്കോയിലെ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചതോടുകൂടി ബാങ്കുജീവനക്കാര്‍ ബാങ്കുകളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പരമാവധി സഹായിച്ചു. പത്തുവര്‍ഷത്തേക്ക് വേതനവര്‍ധന ആവശ്യപ്പെടാതെ ധീരമായ നിലപാട്- സ്വന്തം വ്യവസായത്തെ സംരക്ഷിക്കാന്‍- ബാങ്കുജീവനക്കാര്‍ എടുത്തു. എന്നാല്‍, കാലം മാറിയപ്പോള്‍ 1991-92-ല്‍ 18 ദേശസാല്‍കൃത ബാങ്കുകളും 18 സ്വകാര്യബാങ്കുകളായി മാറിയപ്പോള്‍ തൊഴിലാളികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി. ആയിരക്കണക്കിന് പുതിയ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും പുതിയ നിയമനങ്ങള്‍ നടത്താന്‍ സ്വകാര്യബാങ്കുടമകള്‍ തയ്യാറായില്ല. അധ്വാനഭാരം എത്രയോ ഇരട്ടിയായി. 1991ല്‍നിന്ന് 1995ല്‍ എത്തുമ്പോള്‍ ബാങ്ക് ശാഖകളുടെ എണ്ണം 35 ശതമാനം വര്‍ധിക്കുകയും ബാങ്ക് ജീവനക്കാരുടെ എണ്ണം 13 ശതമാനം കുറയുകയുംചെയ്തു. 1996നും 2000നും ഇടയില്‍ മെക്സിക്കോയില്‍ ബാങ്ക് ശാഖകളുടെ എണ്ണം 12 ശതമാനം വര്‍ധിച്ചപ്പോള്‍ ബാങ്കുജീവനക്കാരുടെ എണ്ണം16 ശതമാനം (ഏകദേശം 20,000) കുറഞ്ഞു. പിന്നീട് വിദേശമൂലധനം രംഗം കീഴടക്കിയപ്പോള്‍ ബാങ്കുശാഖകളില്‍ ജീവനക്കാരുടെ എണ്ണം ആവശ്യമുള്ളതിന്റെ പകുതിയിലും കുറഞ്ഞു. തൊഴിലാളികളുടെ വേതനചെലവ് ബാങ്കുകളുടെ ആകെ ചെലവിന്റെ 5.25 ശതമാനം ആയിരുന്നു 1991ല്‍. അത് 2000ല്‍ എത്തുമ്പോള്‍ 2.4 ശതമാനമായി കുറഞ്ഞു. നവലിബറലിസവും വിദേശമൂലധനവും തൊഴിലാളികളുടെ കഴുത്ത് ഞെരിക്കുകയാണ്. ബാങ്കുടമകള്‍ ഏതു വിധേനയും ലാഭം വര്‍ധിപ്പിക്കാന്‍മാത്രം ശ്രമിക്കുമ്പോള്‍ ജീവനക്കാരെ നിയമിക്കാനും ജീവനക്കാരുടെ അവകാശങ്ങള്‍ നേടാനും സംഘടിത പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. നവലിബറല്‍ നയങ്ങള്‍ തൊഴിലാളികളുടെ ജീവിതംകൊണ്ട് പന്താടുകയാണ്.
*
കെ ജി സുധാകരന്‍ (നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്ക് എംപ്ളോയീസ് അസോസിയേഷന്‍ (ബെഫി) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
കടപ്പാട്: ദേശാഭിമാനി
Subscribe to:
Post Comments (Atom)
1 comment:
ആഗോള സാമ്പത്തിക പ്രതിസന്ധി ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ധനസ്ഥാപനങ്ങളിലെ തൊഴിലാളികളെക്കുറിച്ച് ഉചിതമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരാറില്ല. ലാഭം വര്‍ധിപ്പിക്കാന്‍ തൊഴിലാളികളെ പരമാവധി ചൂഷണംചെയ്യുകയും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ തൊഴിലാളികളെ ആട്ടിപ്പുറത്താക്കുകയും ചെയ്യുന്നതാണല്ലോ പതിവ്. മുതലാളിത്തം തൊഴിലാളികളെ 'ഉപയോഗിക്കൂ,വലിച്ചെറിയൂ' എന്ന അവസ്ഥയില്‍ എത്തിച്ചുകഴിഞ്ഞു.
Post a Comment