യുദ്ധമാകട്ടെ, ഭീകരാക്രമണങ്ങളാകട്ടെ, ഭീകരവിരുദ്ധ യുദ്ധങ്ങളായ ഭരണകൂട/സാമ്രാജ്യത്വ ഭീകരതകളാകട്ടെ, വര്‍ഗീയ വംശഹത്യകളാകട്ടെ എപ്പോഴും സ്‌ത്രീകളെ കടന്നാക്രമിക്കുക എന്നത് അക്രമാധീശത്വത്തിന്റെ പ്രയോഗാനന്ദങ്ങളില്‍ മുഖ്യമാണ്. പൈശാചികതയുമായി വിലപേശല്‍ നടത്താന്‍ സ്‌ത്രീകള്‍ നിയോഗിക്കപ്പെടുന്നതെന്തുകൊണ്ട് ? ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ ഒടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്യുന്നതോടെ സമൂഹം പൂര്‍വ്വസ്ഥിതിയിലായി എന്ന് നാം സമാശ്വസിക്കുന്നു. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ പ്രയോജനപ്പെടുത്തുന്നത് കേവലം പുരുഷന്റെ ലൈംഗികാനന്ദം എന്ന ഘടകത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാവില്ല. അധികാരപ്രയോഗത്തിന്റെയും അക്രമമാര്‍ഗ്ഗത്തിന്റെയും സ്ഥിരീകരിക്കപ്പെട്ട മാര്‍ഗ്ഗമായി ലൈംഗികാക്രമണങ്ങള്‍ ചരിത്രത്തില്‍ വിലയിക്കപ്പെട്ടുകഴിഞ്ഞു. ലൈംഗികാനന്ദമല്ല, ഇരയുടെ വേദനയിലൂടെയും തോല്‍വിയിലൂടെയും സാക്ഷാത്കൃതമാകുന്ന വേട്ടക്കാരന്റെ ആഹ്ളാദനിറവാണ് ഇത്തരം അക്രമത്തിന്റെ മനശ്ശാസ്‌ത്രം. ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണങ്ങളിലൊന്ന്, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ-വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്‌ത്രീകളുടെ മുന്‍കാല സ്വഭാവം വേണ്ടത്ര സദാചാരനിഷ്‌ഠമായിരുന്നില്ല എന്നതിനാല്‍ പ്രതിയെ കുറ്റക്കാരനായി കരുതാനാകില്ല എന്ന് നിരീക്ഷിക്കുന്ന ജഡ്‌ജിമാര്‍ ആരിലും അത്ഭുതവും ഞടുക്കവും സൃഷ്‌ടിക്കാത്ത നാടും കാലവുമാണല്ലോ നമ്മുടേത്! സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് വംശഹത്യക്കിരയായ സമുദായത്തില്‍ പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉൻമൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം.
ലോകവ്യാപകമായി, കലാപഭൂമികളിലും തുടര്‍ന്നുള്ള 'സമാധാന'കാലങ്ങളിലും സ്‌ത്രീത്വം നേരിടുന്ന ഈ ദുരന്തത്തെ അസാമാന്യമായ വിധത്തില്‍ തീക്ഷ്‌ണതയോടെ ചലച്ചിത്രവത്ക്കരിച്ചിരിക്കുകയാണ് പെറുവില്‍ നിന്നുള്ള ചലച്ചിത്രകാരി ക്ളോദിയ ലോസ തന്റെ പുതിയ ചിത്രമായ മില്‍ക്ക് ഓഫ് സോറോ(സ്‌പാനിഷ്-2009-പെറു, സ്‌പെയിന്‍)വിലൂടെ. വിശ്വപ്രസിദ്ധ പെറുവിയന്‍ എഴുത്തുകാരനായ മറിയോ വര്‍ഗോസ് ലോസയുടെ മരുമകള്‍ കൂടിയായ ക്ളോദിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് മില്‍ക്ക് ഓഫ് സോറോ(നൈരാശ്യത്തിന്റെ മുലപ്പാല്‍). ആദ്യ ചിത്രമായ മദ്യെനൂസക്കു തന്നെ ക്ളോദിയ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി. 2003ലെ ഹവാന ഫിലിം ഫെസ്‌റ്റിവലില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത തിരക്കഥക്കുള്ള പുരസ്‌കാരത്തോടെയായിരുന്നു തുടക്കം. സണ്‍ഡന്‍സ്, റോട്ടെര്‍ദാം, മാര്‍ദെല്‍ പ്ളാറ്റ, മലാഗ, സിയാറ, ലിമ, കാറ്റഗെന എന്നീ മേളകളിലൊക്കെയും ഈ ചിത്രത്തിന് വിവിധ അവാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ കാര്യങ്ങള്‍ പ്രവചനാതീതമാം വണ്ണം ഇളക്കിമറിച്ചത് ല തേത്ത അസൂസ്‌താദ(മില്‍ക്ക് ഓഫ് സോറോവിന്റെ സ്‌പാനിഷ് ടൈറ്റില്‍) പുറത്തു വന്നതോടെയാണ്. 2010ലെ ഓസ്‌ക്കാര്‍ അവാര്‍ഡ്(മികച്ച വിദേശ ചിത്രം), ഗോയ അവാര്‍ഡ്, ഏരിയല്‍ അവാര്‍ഡ് എന്നിവക്ക് നോമിനേഷന്‍ ലഭിച്ച (അവാര്‍ഡ് ലഭിച്ചില്ലെങ്കിലും ഇവയുടെ നോമിനേഷനുകള്‍ സുപ്രധാനമാണ്) മില്‍ക്ക് ഓഫ് സോറോ പ്രസിദ്ധമായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. 2009ലെ ബെര്‍ലിന്‍ അന്താരാഷ്‌ട്ര മേളയിലെ ഗോള്‍ഡന്‍ ബിയര്‍, ഫിപ്രസി പുരസ്‌കാരങ്ങള്‍; ഗൌതലജാറയില്‍ മികച്ച ചിത്രം; മോണ്‍ട്രിയലില്‍ ബെസ്‌റ്റ് ക്രിട്ടിക്ക് അവാര്‍ഡ്; ലിമ മേളയില്‍ മികച്ച പെറുവിയന്‍ സിനിമ, കോണാസിനി അവാര്‍ഡ്; ബൊഗോട്ട മേളയില്‍ മികച്ച ചിത്രം; ഹവാന മേളയില്‍ മികച്ച സിനിമ(ഗ്രാന്റ് കോറല്‍) എന്നിങ്ങനെ അവാര്‍ഡുകളുടെ പെരുമയിലൂടെയും മില്‍ക്ക് ഓഫ് സോറോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.
അവിശ്വസനീയമായ ഒരു ഇതിവൃത്തവും അസാമാന്യമായ ഒരു ആഖ്യാനവുമാണ്, കണ്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞാലും നീറ്റല്‍ വിട്ടു പോകാത്ത തരത്തിലുള്ള ഒരു വേദനയായി മില്‍ക്ക് ഓഫ് സോറോ കാണിയിലേക്ക് സംക്രമിക്കുന്നതിനു കാരണമാകുന്നത്. 1980നും 1992നും ഇടയിലുള്ള കാലഘട്ടത്തില്‍ പെറു കടന്നു പോന്ന ഭീഷണമായ അവസ്ഥയാണ് ചിത്രപശ്ചാത്തലം. രാജ്യത്ത് മുഴുവനായും ആന്ദിയന്‍ മേഖലയില്‍ വിശേഷിച്ചും ആ കാലത്ത് ആളിപ്പടര്‍ന്ന ഷൈനിംഗ് പാത്ത് എന്ന മാവോയിസ്‌റ്റ് സംഘടനയുടെ അക്രമവാഴ്‌ചയും അതിനെ തുരത്താനെന്ന പേരില്‍ സൈന്യത്തിന്റെയും പോലീസിന്റെയും അര്‍ദ്ധസൈനികവിഭാഗങ്ങളുടെയും പ്രത്യാക്രമണങ്ങളും ചേര്‍ന്ന് ജനജീവിതം താറുമാറാക്കി. 1990 ഓടെ പെറുവിന്റെ തലസ്ഥാനമായ ലിമയിലേക്കും അക്രമം വ്യാപിച്ചു. ഈ കാലഘട്ടത്തെ ഉപജീവിച്ചു കൊണ്ട് നാട്ടിന്‍ പ്രദേശങ്ങളില്‍ രൂപപ്പെട്ട ഒരു നാടോടിക്കഥയാണ് ക്ളോദിയ അവലംബിക്കുന്നത്. മാവോയിസ്‌റ്റ് ഭീകരര്‍ ഒരു ഭാഗത്തു നിന്നും, ഭീകരരെയും അക്രമികളെയും തുരത്താനെന്ന പേരില്‍ പ്രത്യേക സൈനികാധികാരത്തോടെ നാടു പിടിച്ചടക്കുന്ന പട്ടാളക്കാരും മറ്റ് കാക്കി വസ്‌ത്രധാരികളും മറു ഭാഗത്തു നിന്നും വ്യാപകമായി സ്‌ത്രീകളെ കടന്നാക്രമിക്കുന്നു. കൂട്ട ബലാത്സംഗങ്ങളും വ്യാപകമായ മാനഹാനിയും കൊണ്ട് ലൈംഗികത, മാതൃത്വം എന്നീ നൈസര്‍ഗിക വികാരങ്ങളോട് സ്‌ത്രീകളാകെ പുറന്തിരിയുന്നു. സ്വന്തം ശരീരം എന്നത് ഏറ്റവും മലിനീകരിക്കപ്പെട്ട ഒരു ഭൂപ്രദേശവും ജീര്‍ണിക്കപ്പെട്ട ഒരു ആത്മാവുമായി അവര്‍ ആന്തരീകരിക്കുന്നു. ഈ ജീര്‍ണതയും മലിനീകരണവും ദൈന്യതയും നൈരാശ്യവും, ബലാത്സംഗത്തിലൂടെ പിറവി കൊള്ളുന്ന പെണ്‍മക്കളിലേക്ക് മുലപ്പാലിലൂടെ പകരുന്നു എന്ന് അമ്മമാര്‍ കരുതുന്നതായാണ് നാടോടിക്കഥയിലെ വിശ്വാസം. അതായത്, അക്രമത്തിന്റെയും കീഴ്പ്പെടുത്തലിന്റെയും സ്ഥലകാലം അത് നേരിട്ട് അനുഭവിച്ചവര്‍ മാത്രമല്ല, അവരുടെ അടുത്ത തലമുറകളിലേക്കും അവരുടെ ഹൃദയങ്ങളിലേക്കും മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും ആത്മാവുകളിലേക്കും, മുലപ്പാലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു എന്നര്‍ത്ഥം. ആ കൈമാറ്റങ്ങളിലൂടെ അടുത്ത തലമുറകള്‍ കൂടി ഭീതിയുടെയും സര്‍വ്വനാശത്തിന്റെയും മരവിപ്പിന്റെയും മൂടുപടങ്ങളുടെ തടവില്‍ പെടുന്നു.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറും ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെര്‍ലി തിയോഡോണ്‍ രചിച്ച എന്‍ത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് ക്ളോദിയ തന്റെ സിനിമക്ക് ആധാരമാക്കുന്നത്. യുദ്ധ തന്ത്രമായി സൈന്യം പ്രയോഗിച്ച കൂട്ട ബലാത്സംഗങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന സംവിധായിക, ഈ ആഖ്യാനത്തെ ഏറ്റവും സ്‌ത്രൈണാത്മകമായ ഒരു തലത്തിലേക്ക് വളര്‍ത്തിയെടുക്കുന്നു. സാമൂഹികവും മനശ്ശാസ്‌ത്രപരവുമായ പരികല്‍പനകള്‍ ഒരേ സമയം അവര്‍ പുലര്‍ത്തുന്നുണ്ട്. തിയോഡോണിന്റെ പുസ്‌തകത്തില്‍ ഒരേ സമയം മുപ്പതാളുകളുടെ വരെ ലൈംഗികാക്രമണത്തിന് വിധേയയായ സ്‌ത്രീകളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബലാത്സംഗത്തിലൂടെ പലരും ഗര്‍ഭിണിയായിത്തീരുകയും ചെയ്‌തു. ഇത്തരം കടുത്ത ലൈംഗികാക്രമണങ്ങള്‍ക്കു ശേഷവും ജീവിച്ചിരിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍, കേള്‍വിക്കാരില്‍ നിന്ന് ഒരു ഉത്തരവാദിത്തം ഇരകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ കേട്ടതിനോടൊക്കെ പ്രതികരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട് എന്നതാണ് ആ പ്രതീക്ഷ എന്നാണ് തിയോഡോണ്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്തരത്തിലുള്ള ശക്തമായ ഒരു പ്രതികരണമാണ് ക്ളോദിയയുടെ സിനിമ. തിയോഡോണിന്റെ പുസ്‌തകത്തിന്റെ ഇംഗ്ളീഷ് പരിഭാഷ അടുത്തു തന്നെ സ്‌റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പുറത്തിറക്കുന്നുണ്ട്. സമീപസ്ഥ ശത്രുക്കള്‍- അക്രമവും അനുരഞ്ജനവും പെറുവില്‍ (Intimate Enemies: Violence and Reconciliation in Peru) എന്നാണ് പുസ്‌തകത്തിന്റെ ശീര്‍ഷകം.
തന്റെ അമ്മയായ പെര്‍പെച്ച്വയില്‍ നിന്ന് കൈമാറിക്കിട്ടിയ ദുരന്തത്തിന്റെ അനന്തമായ പീഡാവസ്ഥയും പേറിയാണ് ഫോസ്‌ത, അന്യഥാ പുഷ്‌ക്കലമായിരിക്കേണ്ട കൌമാരത്തെ ഭീതിയില്‍ ഒളിപ്പിച്ച് അതിജീവിക്കാന്‍ ശ്രമിക്കുന്നത്. നിരത്തിലൂടെ നടക്കുമ്പോള്‍ അവള്‍ മതിലുകളോട് ചേര്‍ന്നാണ് നടക്കുന്നത്. മതിലുകള്‍ തനിക്ക് സുരക്ഷാകവചം തീര്‍ക്കുമെന്ന് അവള്‍ വിശ്വസിക്കുന്നു. കുറച്ച് ദൂരം പോകേണ്ടതുണ്ടെങ്കില്‍ കൂടെ ഒരംഗ രക്ഷകന്‍ ഉണ്ടാകണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. പെറുവിന്റെ തലസ്ഥാനനഗരമായ ലിമയിലെ ചേരിപ്രദേശത്തിലാണവള്‍ ജീവിക്കുന്നത്. ഇരുപത് വയസ്സാണവള്‍ക്ക് പ്രായം എന്നു പറയുന്നതിന്റെ പൊരുള്‍ അത്രയും വര്‍ഷം മുമ്പ് പെറുവിലെ ഗ്രാമങ്ങളെ പിടിച്ചു കുലുക്കിയ ആഭ്യന്തരയുദ്ധകാലത്തെ ബലാത്സംഗങ്ങളിലാണവള്‍ പിറവിയെടുത്തത് എന്നാണ്. യുദ്ധം നിര്‍മ്മാണാത്മകമായ ഒരു പ്രവൃത്തിയല്ലെന്നാരാണ് പറഞ്ഞത്?
ഫോസ്‌തയുടെ അമ്മ മരണപ്പെടുന്നു. പാടിക്കൊണ്ടാണ് ആ അമ്മ മരണമടയുന്നത്. ആ പാട്ട് ഇപ്രകാരമാണ് തുടങ്ങിയത്. ഒരു പക്ഷെ, ഏതെങ്കിലും ഒരു ദിവസം നിങ്ങള്‍ക്ക് ബോധ്യപ്പെടും, ഞാനെത്രമാത്രം കരഞ്ഞിരുന്നുവെന്ന്, മുട്ടു കുത്തി ഞാന്‍ കേണു, ആ നശിച്ച തന്തയില്ലാത്തവന്മാരോട്, ആ രാത്രി ഞാന്‍ തൊണ്ട പൊട്ടി നിലവിളിച്ചു, മലകളില്‍ പ്രതിധ്വനിച്ചു, ആളുകള്‍ കേട്ട് ചിരിച്ചു, ഞാനെന്റെ വേദനയോട് പോരാടിക്കൊണ്ട് പറഞ്ഞു. ഒരു ദുര്‍മന്ത്രവാദിനിയാണ് നിന്നെ പെറ്റത്. അതുകൊണ്ടാണ് നീ അവളുടെ അമ്മിഞ്ഞ തിന്നു തീര്‍ത്തത്.
അമ്മയുടെ മൃതശരീരം വേണ്ട വിധത്തില്‍ നാട്ടില്‍ കൊണ്ടു പോയി സംസ്‌ക്കരിക്കാനാവശ്യമായ പണം അവളുടെ പക്കലില്ല. അത് സ്വരൂപിക്കുന്നതിനു വേണ്ടി അവള്‍ പണക്കാരിയായ സംഗീതജ്ഞ ദോണ ഐഡയുടെ വീട്ടു വേലക്കാരിയായി ജോലി ചെയ്യുകയാണ്. ദു:ഖവും ദുരന്തവും മുലപ്പാലിലൂടെ കൈമാറിക്കിട്ടിയ അവളുടെ വിചിത്രമായ പെരുമാറ്റങ്ങള്‍ വീട്ടുടമസ്ഥ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. അതിനിടയിലാണ് ഫോസ്‌ത നനുത്ത ശബ്‌ദത്തില്‍ ചില പാട്ടുകള്‍ പാടുന്നുണ്ടെന്ന കാര്യം അവര്‍ ശ്രദ്ധിക്കുന്നത്. ഏതാണാ പാട്ടുകള്‍? ധ്യാനനിമഗ്നയായ ഫോസ്‌ത തന്റെ പീഡനത്തെ നേരിടുന്നതിനു വേണ്ടി കെട്ടിയുണ്ടാക്കുന്നതാണോ അതോ അമ്മയില്‍ നിന്ന് ദുരന്താത്മകതയോടൊപ്പം പകര്‍ന്നു കിട്ടിയതാണോ ആ പാട്ടുകളെന്നറിയില്ല. അതേതായാലും വേണ്ടില്ല, ഈ പാട്ടുകള്‍ക്കും കച്ചവടമൂല്യമുണ്ടെന്ന് പ്രൊഫഷണലായ ദോണ മനസ്സിലാക്കുന്നു. ആ പാട്ടുകളോരോന്നായി അവര്‍ അവളില്‍ നിന്ന് വിലക്കെടുക്കുന്നു. ഒരു പാട്ടിന് ഒരു മുത്ത് വീതം എന്നതാണ് കരാര്‍. മുത്ത് മുഴുവനാകുമ്പോള്‍ തനിക്ക് ഒരു മാല കോര്‍ക്കാം എന്നതാണ് ഫോസ്‌തയുടെ പ്രതീക്ഷ. സ്വയം രക്ഷയുടെയും അതിജീവനത്തിന്റെയും ആ പാട്ടുകള്‍ തന്റെ കച്ചേരിക്കു വേണ്ടി ഉപയോഗപ്പെടുത്തിയതിനു ശേഷം ഫോസ്‌തയെ(അവളുടെ പേര് പോലും എപ്പോഴും തെറ്റി ഉച്ചരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവളാണ് ആ ഉടമസ്ഥ) തെരുവില്‍ ഉപേക്ഷിച്ച് മതിമറക്കുന്ന ആ ധനികസ്‌ത്രീയുടെ പെരുമാറ്റം കാണിയില്‍ അങ്ങേയറ്റത്തെ ജുഗുപ്‌സ സൃഷ്‌ടിക്കുന്നുണ്ട്. യുദ്ധത്തിന്റെ ആനന്ദത്തിനിടയില്‍ ആര്‍ക്കും ആവശ്യമില്ലാതെ പിറവിയെടുത്ത ഫോസ്‌തയുടെ(ഫോസ്‌തമാരുടെ) കൌമാരവും ധനികാനന്ദത്തിന്റെ ഇരയായി തീരാന്‍ ഇപ്രകാരം ഇടയാകുന്നു.
പുരുഷന്മാരില്‍ നിന്ന് രക്ഷ നേടാനായി തന്റെ ലൈംഗികാവയവത്തിനുള്ളില്‍ ഒരു ഉരുളക്കിഴങ്ങ് കടത്തിവെച്ചിരിക്കുകയാണവള്‍. യുദ്ധത്തോടുള്ള പ്രതിരോധതന്ത്രം എന്നും വിശേഷിപ്പിക്കാമിതിനെ. (പെറുവാണത്രെ ഉരുളക്കിഴങ്ങിന്റെ ജന്മദേശം). ഇതിനെ തുടര്‍ന്ന് അവളുടെ ശരീരത്തിനകത്ത് അണുബാധ ഉണ്ടാകുന്നു. ഡോക്ടര്‍ ഈ ഉരുളക്കിഴങ്ങ് എടുത്തുകളയണമെന്ന് പറയുന്നുണ്ടെങ്കിലും അവള്‍ കൂട്ടാക്കുന്നില്ല. ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ ഉരുളക്കിഴങ്ങിന് മുള പൊട്ടുന്നു. തന്റെ കാല്‍ അകത്തി വെച്ച് പാവാടക്കുള്ളിലൂടെ കത്രിക കൊണ്ട് അവള്‍ ആ മുള മുറിച്ച് നിലത്തിടുന്നത്, സിനിമാ ചരിത്രത്തിലെ അപൂര്‍വ്വവും അങ്ങേയറ്റം സ്‌ത്രൈണാത്മകവുമായ ഒരു ദൃശ്യവത്ക്കരണമായി അനുഭവപ്പെട്ടു. മാഗലി സോളിയര്‍ ആണ് ഫോസ്‌തയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വൈദ്യശാസ്‌ത്രത്തിന്റെ പാഠപുസ്‌തകങ്ങളില്‍ തിരഞ്ഞാലും കിട്ടാത്ത ഈ രോഗം, നാടോടിക്കഥകളിലൂടെയാണ് പരക്കുന്നത്. വെര്‍ണര്‍ ഹെര്‍സോഗിന്റെ ദ എനിഗ്‌മ ഓഫ് കാസ്‌പര്‍ ഹോസറില്‍ മനുഷ്യരെ കാണാതെ അനേക വര്‍ഷം ജീവിച്ച് മനുഷ്യരൂപവും സ്വഭാവവും ഇല്ലാതെ പോയ നായകനാണുള്ളത്. അതു പോലെ, മനുഷ്യരൂപികള്‍ക്കിടയില്‍ തന്നെയാണ് ജീവിക്കുന്നതെങ്കിലും അവരില്‍ മനുഷ്യരെ കണ്ടെത്താനാകാതെ പോകുന്നവളാണ് ഫോസ്‌ത. ദുരന്തം പകര്‍ന്നു തന്ന അമ്മയോടൊപ്പമിരിക്കുമ്പോള്‍ മാത്രമായിരുന്നു അവളല്‍പം സന്തോഷം അനുഭവിച്ചിരുന്നത്. അതിനാലാണ്, മരിച്ച അമ്മയെ പോലും വിട്ടു പിരിയാതെ തന്റെ കട്ടിലില്‍ തന്നെ അവള്‍ സൂക്ഷിച്ചുവെച്ചത്. നിശ്ശബ്‌ദതക്കും സംഗീതത്തിനും ഇടയിലുള്ള കൃത്യമായ നൂല്‍പ്പാലത്തിലൂടെയാണ് മില്‍ക്ക് ഓഫ് സോറോവിന്റെ ആഖ്യാനം സഞ്ചരിക്കുന്നത്. ആസക്തിയുടെയും വികാരരാഹിത്യത്തിന്റെയും ഇടവേളകളിലാണിത്തരം രാഷ്‌ട്രീയ അപരത്വങ്ങള്‍ പിറവിയെടുക്കുന്നതും ദുരന്തം പേറി നീറി നീറി എരിയുന്നതും.
*****
ജി. പി. രാമചന്ദ്രന്‍, കടപ്പാട് : സ്‌ത്രീശബ്‌ദം
Subscribe to:
Post Comments (Atom)
1 comment:
യുദ്ധമാകട്ടെ, ഭീകരാക്രമണങ്ങളാകട്ടെ, ഭീകരവിരുദ്ധ യുദ്ധങ്ങളായ ഭരണകൂട/സാമ്രാജ്യത്വ ഭീകരതകളാകട്ടെ, വര്‍ഗീയ വംശഹത്യകളാകട്ടെ എപ്പോഴും സ്‌ത്രീകളെ കടന്നാക്രമിക്കുക എന്നത് അക്രമാധീശത്വത്തിന്റെ പ്രയോഗാനന്ദങ്ങളില്‍ മുഖ്യമാണ്. പൈശാചികതയുമായി വിലപേശല്‍ നടത്താന്‍ സ്‌ത്രീകള്‍ നിയോഗിക്കപ്പെടുന്നതെന്തുകൊണ്ട് ? ഇരകള്‍ എവിടെയൊക്കെയോ എങ്ങിനെയൊക്കെയോ വിസ്‌മൃതികളില്‍ ഒടുങ്ങിപ്പോകുകയും വേട്ടക്കാര്‍ അവരുടെ ഗൂഢമായ ആഹ്ളാദങ്ങളും പേറി മുകള്‍ത്തട്ടുകളിലേക്ക് പൊന്തിപ്പറക്കുകയും ചെയ്യുന്നതോടെ സമൂഹം പൂര്‍വ്വസ്ഥിതിയിലായി എന്ന് നാം സമാശ്വസിക്കുന്നു. ശിക്ഷയുടെ പശ്ചാത്തലപ്രദേശമായി സ്‌ത്രീ ശരീരങ്ങളെ പ്രയോജനപ്പെടുത്തുന്നത് കേവലം പുരുഷന്റെ ലൈംഗികാനന്ദം എന്ന ഘടകത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാനാവില്ല. അധികാരപ്രയോഗത്തിന്റെയും അക്രമമാര്‍ഗ്ഗത്തിന്റെയും സ്ഥിരീകരിക്കപ്പെട്ട മാര്‍ഗ്ഗമായി ലൈംഗികാക്രമണങ്ങള്‍ ചരിത്രത്തില്‍ വിലയിക്കപ്പെട്ടുകഴിഞ്ഞു. ലൈംഗികാനന്ദമല്ല, ഇരയുടെ വേദനയിലൂടെയും തോല്‍വിയിലൂടെയും സാക്ഷാത്കൃതമാകുന്ന വേട്ടക്കാരന്റെ ആഹ്ളാദനിറവാണ് ഇത്തരം അക്രമത്തിന്റെ മനശ്ശാസ്‌ത്രം. ലൈംഗികാക്രമണങ്ങള്‍ പുറത്തു വരാത്തതിന്റെ പുറകിലുള്ള പ്രധാന കാരണങ്ങളിലൊന്ന്, ഇരകളാക്കപ്പെട്ടവര്‍ പുലര്‍ത്തുന്ന മൌനവും ഉള്‍വലിയലും തന്നെയാണ്. രേഖപ്പെടുത്തല്‍, റിപ്പോര്‍ടിംഗ്, അന്വേഷണം, കുറ്റപത്രം രൂപപ്പെടുത്തല്‍, ശിക്ഷ എന്നീ ഘട്ടങ്ങളെയൊക്കെയും ഈ മൌനം സ്വാധീനിക്കുന്നുണ്ട്. ഇനി ഇരകള്‍ തുറന്നു പറഞ്ഞാല്‍ തന്നെ ഇത്തരം കേസുകളില്‍ തുടര്‍ച്ചയായി സ്‌ഥൈര്യം നിലനിര്‍ത്തി പൊരുതാന്‍ കെല്‍പ്പില്ലാത്തതിനാല്‍ അവര്‍ നിശ്ശബ്‌ദരാക്കപ്പെടുകയും തോല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയും സാധാരണമാണ്. പൊതു സമൂഹം സാധാരണ ഗതിയില്‍ തന്നെ (സമാധാന കാലത്തും) സ്‌ത്രീ വിരുദ്ധമായതിനാല്‍, സ്‌ത്രീകളുടെ ആവലാതികള്‍ പരിഹരിക്കപ്പെടാതിരിക്കുകയോ വേണ്ട രീതിയില്‍ ഉന്നയിക്കപ്പെടുന്നതില്‍ നിന്നു തന്നെ തടയപ്പെടുകയോ ചെയ്യുന്നു. ഇതും അവര്‍ക്കെതിരായ ആക്രമണങ്ങളുടെ ഊക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് തുടങ്ങിയ പഴഞ്ചൊല്ലുകളില്‍ അധിഷ്‌ഠിതമായ പരമ്പരാഗത പുരുഷാധിപത്യ ബോധമാണ് അതി നിഷ്‌ഠൂരമായ വര്‍ഗീയ-വംശഹത്യകളിലെ കേസുകളില്‍ പോലും അഭിപ്രായം രൂപപ്പെടുത്തുന്നതിനെ സ്വാധീനിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്‌ത്രീകളുടെ മുന്‍കാല സ്വഭാവം വേണ്ടത്ര സദാചാരനിഷ്‌ഠമായിരുന്നില്ല എന്നതിനാല്‍ പ്രതിയെ കുറ്റക്കാരനായി കരുതാനാകില്ല എന്ന് നിരീക്ഷിക്കുന്ന ജഡ്‌ജിമാര്‍ ആരിലും അത്ഭുതവും ഞടുക്കവും സൃഷ്‌ടിക്കാത്ത നാടും കാലവുമാണല്ലോ നമ്മുടേത്! സ്‌ത്രീകള്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥ നിലനില്‍ക്കുന്നതു കൊണ്ട് വംശഹത്യക്കിരയായ സമുദായത്തില്‍ പ്പെട്ടവര്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്യുന്നു. നിശ്ശബ്‌ദമായ ദൈനം ദിന അക്രമത്തിലൂടെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന അവസ്ഥയാണിതു മൂലമുണ്ടാകുന്നത്. തുല്യത, വിവേചനരാഹിത്യം, അഭിമാനത്തോടെയുള്ള ജീവിതം എന്നീ അന്താരാഷ്‌ട്ര മൂല്യങ്ങളാണ് ഇത്തരം അവസരങ്ങളില്‍ വ്യാപകമായി ഉന്‍മൂലനം ചെയ്യപ്പെടുന്നത് എന്നതാണ് വാസ്‌തവം.
Post a Comment