Showing posts with label ആദരാഞ്ജലി. Show all posts
Showing posts with label ആദരാഞ്ജലി. Show all posts

Thursday, May 22, 2014

കേരളത്തില്‍ ജനിച്ച് തമിഴക നേതാവായി

അത്യുത്തരകേരളത്തില്‍ പിറന്ന്, മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച് തമിഴകത്തിന്റെ പ്രിയങ്കരനും രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ ഉന്നത നേതാവുമായി വളര്‍ന്ന പോരാളിയാണ് ആര്‍ ഉമാനാഥ്. അദ്ദേഹം വിടപറയുമ്പോള്‍ കോഴിക്കോടിനും മലയാളനാടിനും ഓര്‍ത്തെടുക്കാനുള്ളത് വേരറുക്കാനാവാത്ത ഹൃദയബന്ധം. അയല്‍സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും ജന്മനാടിനെ, പ്രസ്ഥാനത്തെ, നാട്ടുകാരെ സ്വതസിദ്ധമായ ശൈലിയില്‍ സൗമ്യാഭിവാദ്യം ചെയ്തു. മനസില്‍ മായാത്ത ബാല്യ- കൗമാരസ്മരണകളും വിപ്ലവചിന്തകളും മുളപ്പിച്ച നാട് എന്നും സഖാവിന് പ്രിയങ്കരമായിരുന്നു. ഉമാനാഥിന്റെ സ്മരണകളുമായി, ആത്മബന്ധാനുഭവങ്ങളുമായി ജ്യേഷ്ഠന്‍ പരേതനായ കേശവറാവുവിന്റെ കുടുംബം കോഴിക്കോടുണ്ട്.

രോഗക്കിടക്കയില്‍ ചെന്നെയില്‍ ചെറിയച്ഛനെ കണ്ട് കഴിഞ്ഞ ദിവസമാണ് കേശവറാവുവിന്റെ മകന്‍ അനില്‍ദത്ത് തിരിച്ചെത്തിയത്. നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞ സങ്കടഭരിതമായ വാര്‍ത്തയില്‍ ദു:ഖിച്ചിരിക്കയാണ് ചേവായൂരിലെ വീട്ടില്‍ അനിലും ഭാര്യ അനിതയും. 2012-ല്‍ കോഴിക്കോട് പാര്‍ടികോണ്‍ഗ്രസ് വേളയില്‍ ചെറിയച്ഛനെ കണ്ട് സംസാരിച്ചതായി അനില്‍ പറഞ്ഞു. കോഴിക്കോട് വരുമ്പോഴെല്ലാം തൊണ്ടയാട്ട് അച്ഛന്‍ താമസിച്ച വീട്ടില്‍ വരുമായിരുന്നു. കോഴിക്കോട് കമ്മത്ത്ലൈയിനിലായിരുന്നു അച്ഛനും ചെറിയച്ഛനും താമസിച്ചതും പഠിച്ചതുമെന്നും അദ്ദേഹം ഓര്‍മിക്കുന്നു. അവസാന കോഴിക്കോടന്‍ സന്ദര്‍ശനം വികാരഭരിതമായ ഓര്‍മയും അനുഭവവുമാണ് ഉമാനാഥിന് സമ്മാനിച്ചത്.രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി എത്തിയത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍. അദ്ദേഹമാണ് പാര്‍ടികോണ്‍ഗ്രസിന് തുടക്കം കുറിച്ച് ടാഗോര്‍ഹാളില്‍ ചെങ്കൊടി ഉയര്‍ത്തിയത്. കളിച്ചും പഠിച്ചും വളര്‍ന്ന നാടിനെക്കുറിച്ച്, ചാലപ്പുറത്തെ സ്കൂള്‍, ക്രിസത്യന്‍കോളേജ് പഠനകാലമെല്ലാം അന്ന് ഗൃഹാതുരമായി ഓര്‍മിച്ചിരുന്നു. പ്രായത്തിന്റെ അവശതകളിലായിരുന്നു അന്ന് സഖാവ്. ജീവിതത്തിന്റെ അവസാനകാലയളവില്‍ ജന്മനാട്ടിലെത്താനായതിലും പ്രസ്ഥാനത്തിന്റെ രക്തപതാക ഉയര്‍ത്തനായതിലും ഏറെ ആവേശഭരിതനായിരുന്നു.

കോഴിക്കോട് മേയറും കമ്യുണിസ്റ്റുകാരനുമായിരുന്ന മഞ്ജുനാഥറാവുവിന്റെ ബന്ധുവായിരുന്നു ഉമാനാഥ്. ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച ഉമാറാവുവാണ് പിന്നീട് ഉമാനാഥ് ആയത്. കര്‍ണാടകത്തോട് ചേര്‍ന്ന കാസര്‍കോട് അതിര്‍ത്തിയിലായിരുന്നു ജനം. ദരിദ്രമായിരുന്നു കുടുംബ പശ്ചാത്തലം. മക്കളെ പോറ്റാന്‍ അമ്മ ഭജനപാട്ടുകാരിയായി ചുറ്റുവട്ടങ്ങളില്‍ പോയി. അതിനൊരു സഹായം എന്ന നിലയില്‍ ഉമാറാവു ഹാര്‍മോണിയം പഠിച്ചു. കാഞ്ഞങ്ങാടും തലശേരിയിലും താമസിച്ച ജീവിതാനുഭാവങ്ങള്‍ തൊഴിലാളികളോട് ആഭിമുഖ്യംസൃഷ്ടിച്ചു. എല്‍ഐസി ഏജന്റായ ജ്യേഷ്ഠന്‍കേശവറാവു കോഴിക്കോടെത്തിയപ്പോഴാണ് ഉമാനാഥും മലബാറിന്റെ ആസ്ഥാനഗരത്തിലെത്തുന്നത്. ചാലപ്പുറം ഗവ. ഗണപത് ഹൈസ്കൂളില്‍ പഠിക്കവെ സഹപാഠിയായ ഇ കെ ഇമ്പിച്ചിബാവയുമായുള്ള ചങ്ങാത്തമാണ് പാര്‍ടിയിലേക്ക് ആകര്‍ഷിച്ചത്. തേര്‍ഡ് ഫോറം പൂര്‍ത്തിയാക്കി ക്രിസ്ത്യന്‍കോളേജില്‍ ഇന്ററര്‍മിഡിയറ്റിന് പഠിക്കുമ്പോഴും പ്രതിബദ്ധത കാത്തുസൂക്ഷിച്ചു. അകാലത്ത് കോഴിക്കോട് കടപ്പുറത്തിരുന്ന് ഇമ്പിച്ചിബാവയോടൊപ്പം നടത്തിയ ചര്‍ച്ചയും ചങ്ങാത്തവും അടിയുറച്ച കമ്യുണിസ്റ്റാക്കിയതായി ഉമാനാഥ് പറഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് അഖില കേരള വിദ്യാര്‍ഥി സമ്മേളനം കോഴിക്കോട് സംഘടിപ്പിക്കുന്നതിന് ശ്രമങ്ങളാരംഭിച്ചത്. കോണ്‍ഗ്രസെന്നോ കോണ്‍ഗ്രസിതരരെന്നോ ഉള്ള വ്യത്യാസം കൂടാതെ സ്വാഗതസംഘം രൂപീകൃതമായി. അതിനിടെ ഇമ്പിച്ചിബാവയെക്കുറിച്ചറിഞ്ഞ പി കൃഷ്ണപിള്ള അദ്ദേഹവുമായി ബന്ധപ്പെടുകയും സമ്മേളന പ്രവര്‍ത്തനങ്ങളിലേക്കിറക്കുകയും ചെയ്തു.

സാമൂതിരി കോളേജില്‍ നടന്ന സമ്മേളനം അഖില കേരള വിദ്യാര്‍ഥി ഫെഡറേഷന്‍ രൂപീകരിച്ചു. കല്ലാട്ട് കൃഷ്ണന്‍, ഇ കെ നായനാര്‍, ആര്‍ ഉമാനാഥ് എന്നിവരോടൊപ്പം ഇമ്പിച്ചിബാവ അതിന്റെ നേതാവായി. ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയശേഷം ഉന്നത പഠനത്തിന് ് അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ബിഎ ഓണേഴ്സിന് ചേര്‍ന്നു. ക്യാമ്പസിലെ സൗഹൃദങ്ങള്‍ ഉമാനാഥിലെ കമ്യൂണിസ്റ്റുകാരനെ വീണ്ടുമുണര്‍ത്തി. പാര്‍ടി നിരോധിച്ച കാലം. പി രാമമൂര്‍ത്തിയും മോഹന്‍ കുമരമംഗലവും ഉള്‍പ്പെടെ ഒളിവില്‍. ഈ ഗ്രൂപ്പിലേക്ക് ഉമാനാഥിനെയും നിയോഗിച്ചു. മുംബെയില്‍നിന്നും മറ്റും അതീവ രഹസ്യമായി എത്തിക്കുന്ന പാര്‍ടി പ്രസിദ്ധീകരണങ്ങളും ലഘുലേഖകളും ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കുന്ന ജോലി ഉള്‍പ്പെടെയാണ് ഏറ്റെടുത്തത്. സിപിഐ എം നേതാവ്, കുടംബബന്ധങ്ങള്‍ എന്നിവക്കൊപ്പം തൊളിലാളിയൂണിയന്‍ നേതാവ് എന്ന നിലയിലും കോഴിക്കോട് ഉമാാനാഥിന് മറക്കാനാവാത്ത നാടാണ്. എല്‍ഐസി ജീവനക്കാരുടെ സംഘടനാനേതാവായി നരവധി തവണ കോഴിക്കോടെത്തിയിട്ടുണ്ട്. ദീര്‍ഘകാലം സൗത്ത് സോണ്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍ സോണല്‍ വൈസ്പ്രസിഡന്റായിരുന്നു . ഉത്തരവാദിത്തം വര്‍ധിച്ചപ്പോള്‍ സംഘടനാഭാരവാഹിത്വം ഒഴിഞ്ഞത് 1988ലെ കോഴിക്കോട് സമ്മേളനത്തില്‍.

പി വി ജീജോ

ഒളിവിലെ ദേവരാജന്‍

രണ്ടാം പാര്‍ടി കോണ്‍ഗ്രസിെന്‍റ തീരുമാനപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി തമിഴ്നാട്ടിലാകെ സംഘടിപ്പിച്ചു. ഒട്ടേറെ ഉശിരന്‍ സമരങ്ങള്‍ നടന്നു. നൂറു കണക്കിനു സഖാക്കളുടെ പേരില്‍ കേസായി. അനേകം ഗൂഢാലോചക്കേസുകളും ചാര്‍ജ് ചെയ്യപ്പെട്ടു. തിരുച്ചി ഗൂഢാലോചന കേസിലെ 150ല്‍ പരം പ്രതികളില്‍ രാമമൂര്‍ത്തി, അനന്തന്‍ നമ്പ്യാര്‍, കല്യാണസുന്ദരം എന്നിവര്‍ക്കൊപ്പം ഉമാനാഥും ഉണ്ടായി. ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചാണ് അദ്ദേഹം പോരട്ടങ്ങള്‍ക്കിറങ്ങിയത്. പല ആത്മകഥകളിലും ഒട്ടേറെ നേതാക്കളുടെ ഓര്‍മക്കുറിപ്പുകളിലും ആ ഏടുകള്‍ ഒളിമങ്ങാതെയുണ്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന പി രാമചന്ദ്രന്‍ എഴുതി:

എന്നെ പറങ്കിമല സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചെകിട്ടത്ത് ആഞ്ഞടിച്ച്എന്താടാ രാജേന്ദ്രാ....ഇതാണോ നിന്റെ ഒളിവിലെ പേര്...എന്ന് പരിഹസിച്ചു. (രാജേന്ദ്രന്‍ എന്ന പേരിലാണ് ഞാന്‍ പാര്‍ടി യോഗത്തിലേക്ക് റിപ്പോര്‍ട്ടുകള്‍ അയച്ചിരുന്നത്. അവ പൊലീസിനു കിട്ടിയിട്ടുണ്ട് എന്നു മനസ്സിലാക്കി. ശേഷം ഒരു കെട്ട് ഫോട്ടോകള്‍ എടുത്തിട്ടു. ഓരോന്നായി എന്നെ കാണിച്ച് അറിയാമോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. ഉമാനാഥിന്റെ ഫോട്ടോ കാണിച്ച് അറിയുമോ എന്നു ചോദിച്ചു. അറിയാം എന്നു പറഞ്ഞു. പേരെന്താണ് എന്നു ചോദിച്ചപ്പോള്‍ പെട്ടെന്ന് ഉമാനാഥ് എന്നു പറഞ്ഞു. ദേവരാജനാണെന്ന് അറിയില്ലേ?. കള്ളച്ചിരിയോടെ ചോദിച്ചു. അദ്ദേഹം ഉമാനാഥാണ് എന്നു ഞാന്‍ തറപ്പിച്ചപ്പോള്‍ ചിരിച്ചു. ഉമാനാഥിന്റെ ഒളിവിലെ പേര് ദേവരാജന്‍ എന്നാണ്. അത് അറിയാമായിരുന്നെങ്കിലും ആ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെക്കൊണ്ട് ദേവരാജ് ആണെന്ന് പറയിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചോദിച്ചത്. യുവതിയുടെയും വയസായ സ്ത്രീയുടെയുംഫോട്ടോയായിരുന്നു പിന്നെ. ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് എനിക്കറിയില്ല എന്നു പറഞ്ഞു. ജയിലില്‍ ചെന്നപ്പോഴാണ് ആ ഫോട്ടോയില്‍ പാപ്പാ ഉമാനാഥും അവരുടെ അമ്മ ലക്ഷമിയും ആയിരുന്നുവെന്ന് അറിഞ്ഞത്.

1940ന്റെ രണ്ടാം പകുതിയില്‍ ഒളിപ്രവര്‍ത്തന കേന്ദ്രം കണ്ടുപിടിക്കപെട്ടു. എല്ലാ സഖാക്കളും അറസ്റ്റിലായി. മദിരാശി കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസ് കെട്ടിച്ചമച്ചു. പി ആറിനു പുറമെ മോഹന്‍ കുമാരമംഗലം, സി എസ് സുബ്രഹ്മണ്യം, ആര്‍ ഉമാനാഥ്, കെ എ കേരളീയന്‍, ഹനുമന്തറാവു, സുബ്രഹ്മണ്യ ശര്‍മ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. ബലപ്രയോഗത്തിലൂടെ ബ്രിട്ടീഷ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രധാന ചാര്‍ജ്. കൊലക്കുറ്റത്തിനുള്ള ശിക്ഷപോലും നല്‍കാന്‍ കഴിയത്തക്കവിധത്തിലുള്ള ഗുരുതരമായ കുറ്റങ്ങളും ആരോപിച്ചു. ഒന്നര വര്‍ഷം നീണ്ട കേസ് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പാര്‍ടി പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന് 1939-40ല്‍ എ കെ ഗോപാലെന്‍റ നേതൃത്തില്‍ കേരളത്തില്‍നിന്ന് ഉന്നത സംഘാടകരുടെ സംഘം എത്തി. ഭാഷയുടെ പ്രയാസമുണ്ടായിരുന്നിട്ടും ഒളിവില്‍ പ്രവര്‍ത്തിച്ച് പല ജില്ലകളിലും അവര്‍ ഘടകങ്ങള്‍ രൂപീകരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലെ സ്റ്റെയിന്‍സ്മില്‍ വര്‍കേഴ്സ് പണിമുടക്കിനോടനുബന്ധിച്ച് പൊലീസ് വെടിവെപ്പ്. ഉമാനാഥിനെ പൊലീസ് കൊലക്കേസില്‍പ്പെടുത്തി. റിമാന്‍ഡില്‍ കഴിയവെ 1946ല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 1950 വരെ ഒളിവില്‍ പ്രവര്‍ത്തിച്ചു.

*
deshabhimani

ഉമാനാഥ്: ത്യാഗത്തിന്റെ ഇതിഹാസം

സിപിഐ എമ്മിന്റെയും രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാക്കളില്‍ ഒരാളായിരുന്നു ഉമാനാഥ്. അണ്ണാമലൈ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ 1939ലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും കെട്ടിപ്പടുക്കാന്‍ തികഞ്ഞ പ്രതിബദ്ധതയോടെ ഏഴ് പതിറ്റാണ്ടോളം പ്രവര്‍ത്തിച്ചു. 1991 മുതല്‍ 2008 വരെ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. ഡല്‍ഹിയിലെ പാര്‍ടികേന്ദ്രത്തില്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഉമാനാഥ്. സിഐടിയുവിന്റെ ദേശീയ വൈസ്പ്രസിഡന്റുമായിരുന്നു. മാര്‍ക്സിസത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്ന അദ്ദേഹം പാര്‍ടികേന്ദ്രത്തിനും പാര്‍ടിക്ക് മൊത്തത്തിലും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ഉമാനാഥ്. തമിഴ്നാട്ടില്‍നിന്ന് രണ്ടുതവണ ലോക്സഭയില്‍ എത്തിയ അദ്ദേഹം രണ്ടുതവണ അവിടെ എംഎല്‍എയുമായി. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളില്‍ വിവിധ വിഷയങ്ങളിലെ കമ്യൂണിസ്റ്റ് കാഴ്ചപ്പാട് ഫലപ്രദമായി അവതരിപ്പിച്ചു. ഉമാനാഥിന്റെ ഭാര്യ പാപ്പയും അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റായിരുന്നു. ഇരുവരും നയിച്ച തികച്ചും ലളിതമായ ജീവിതം പാര്‍ടിയിലെ യുവതലമുറയ്ക്ക് പ്രചോദനമാണ്. ത്യാഗത്തിന്റെ ഇതിഹാസമാണ് ഉമാനാഥിന്റെ ജീവിതം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തരകാലത്തുമായി ഒന്‍പതരവര്‍ഷം ജയില്‍വാസം അനുഷ്ഠിച്ചു. ഏഴുവര്‍ഷം ഒളിവില്‍ കഴിഞ്ഞു. വളരെക്കാലത്തെ പ്രവര്‍ത്തനാനുഭവവും രാഷ്ട്രീയ ധിഷണയുമുള്ള ഉമാനാഥിന്റെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഞാന്‍ തേടിയിരുന്നു.

92-ാം വയസ്സിലാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. വിപ്ലവകരമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിച്ച സുദീര്‍ഘ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

പ്രകാശ് കാരാട്ട്

സൗമ്യന്‍ ; ധീരന്‍

ഏഴു പതിറ്റാണ്ടുകാലത്തെ വിശ്രമരഹിതമായ ജനസേവനത്തിനുശേഷമാണ് സഖാവ് ആര്‍ ഉമാനാഥ് അന്ത്യയാത്രയായത്. സൗമ്യനും ധീരനുമായ നേതാവായിരുന്നു അദ്ദേഹം. സമര്‍ഥനായ ബഹുജനസമരനേതാവ്, തൊഴിലാളി-കര്‍ഷകാദി-ബഹുജനസംഘടനകളുടെയും കമ്യൂണിസ്റ്റ്പാര്‍ടിയുടെയും ഊര്‍ജസ്വലനായ നേതാവ്, പാര്‍ടിയുടെ മൗലികനിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റു ജനാധിപത്യസമൂഹത്തെ പ്രസ്ഥാനത്തോട് യോജിപ്പിക്കാന്‍ മാതൃക കാട്ടിയ പാര്‍ലമെന്റേറിയന്‍- ഈ നിലകളിലെല്ലാം ഉമാനാഥ് എന്നും ഓര്‍മിക്കപ്പെടും.

പാര്‍ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ജനകീയപ്രശ്നങ്ങളില്‍ ഇടപെടാനും രോഗാവസ്ഥ തടസ്സമായി കരുതിയിരുന്നില്ല. അതാണ് കോഴിക്കോട്ട് നടന്ന പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസില്‍ കണ്ടത്. ആരോഗ്യപ്രശ്നങ്ങള്‍ അവഗണിച്ചാണ് സഖാവ് കോഴിക്കോട്ട് എത്തിയത്. സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയത് അദ്ദേഹമായിരുന്നു. മലബാറില്‍ ജനിച്ച്, കോഴിക്കോട്ട് സ്കൂള്‍ വിദ്യാഭ്യാസം നടത്തി, ഉപരിപഠനത്തിന് മദിരാശിയിലെത്തിയ ഉമാനാഥ് തമിഴകത്തെ ആദരിക്കപ്പെടുന്ന നേതാവായി വളര്‍ന്നു. അത് ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ചൂഷിതരുടെ ഭരണം അവസാനിപ്പിക്കാനുള്ള അടങ്ങാത്ത അഭിലാഷത്തിനുടമയായി രാഷ്ട്രീയപ്രക്ഷോഭകാരിയായതുകൊണ്ടു നേടിയതാണ്. തികച്ചും അസംഘടിതരായ തൊഴിലാളികളെ പ്രാഥമികമായി സംഘടിപ്പിക്കുന്നതിന് ട്രേഡ്യൂണിയന്‍ കെട്ടിപ്പടുക്കുകയും അതിനോടൊപ്പം അവരുടെയിടയില്‍ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും ആശയം വളര്‍ത്താനും യത്നിച്ചു. റെയില്‍വേ തൊഴിലാളികളുടെയും തുണിമില്‍ത്തൊഴിലാളികളുടെയുമെല്ലാം സമുന്നതനേതാവായി വളര്‍ന്ന ഉമാനാഥിനെ ലോക്സഭയിലും നിയമസഭയിലും പലതവണ ജനങ്ങള്‍ വിജയിപ്പിച്ചു. തൊഴിലാളിപ്രവര്‍ത്തനത്തിനുവേണ്ടി അന്യസാധാരണമായ ത്യാഗോജ്വലജീവിതമാണ് അദ്ദേഹം നയിച്ചത്. തടവറയും ഒളിവുജീവിതവുമൊന്നും ആ വിപ്ലവകാരിയെ ക്ഷീണിപ്പിച്ചില്ല. ഒളിവുജീവിതത്തിനിടയില്‍ പരിചയപ്പെട്ട വിപ്ലവകാരിയായ പാപ്പയെ ജീവിതസഖിയാക്കിയ ഉമാനാഥിന്റേത് ഒരു കമ്യൂണിസ്റ്റ്കുടുംബമായിരുന്നു.

ഉള്‍പ്പാര്‍ടിസമരങ്ങളിലും സംഘടനാവിഷയങ്ങളിലും ഫലപ്രദമായ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചു. അത് അദ്ദേഹവുമായി പൊളിറ്റ്ബ്യൂറോയിലടക്കം സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ കൂടുതല്‍ ബോധ്യമായി. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം ഇവിടത്തെ രാഷ്ട്രീയസംഭവവികാസങ്ങളിലും സംഘടനാകാര്യങ്ങളിലും അതീവശ്രദ്ധാലുവായിരുന്നു. വ്യക്തിപരമായി സഖാവിനുണ്ടായിരുന്ന ഗുണങ്ങളും പാര്‍ടിക്കും പ്രസ്ഥാനത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളും സിപിഐ എം കേരള സംസ്ഥാനകമ്മിറ്റി കൃതജ്ഞതാപൂര്‍വം സ്മരിക്കുന്നു. സഖാവിന്റെ സ്മരണയ്ക്കുമുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

പിണറായി വിജയന്‍

ഉത്തമനായ കമ്യൂണിസ്റ്റ്

അങ്ങേയറ്റം പ്രതിബദ്ധതയോടെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഉത്തമനായ കമ്യൂണിസ്റ്റാണ് ആര്‍ ഉമാനാഥ്. ദീര്‍ഘകാലം അദ്ദേഹത്തോടൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി. ഒരുഘട്ടത്തിലും താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനും അതിനുസരിച്ച ജീവിതമൂല്യങ്ങള്‍ക്കും മങ്ങലേല്‍ക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തോട് ആത്മാര്‍ഥമായ പ്രതിബദ്ധത പുലര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷമായ ഗുണം. എല്ലാ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക പ്രശ്നങ്ങളെയും തൊഴിലാളിവര്‍ഗ രാഷ്ട്രീയ സമീപനത്തോടെ നോക്കിക്കാണാനും നിലപാടെടുക്കാനും പ്രത്യേകമായ കഴിവുണ്ടായിരുന്നു. മാര്‍ക്സിസം- ലെനിനിസത്തിന്റെ നയസമീപനങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.

നിയമസഭയിലും പാര്‍ലമെന്റിലും പലവട്ടം പ്രവര്‍ത്തിച്ചെങ്കിലും ബൂര്‍ഷ്വാ പാര്‍ലമെന്ററിസത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഒട്ടും ബാധിച്ചില്ല. ബൂര്‍ഷ്വാ പാര്‍ലമെന്റ് സമ്പ്രദായത്തിന്റെ ദോഷങ്ങള്‍ക്കെതിരെ നിരന്തരം പോരാടുകയുംചെയ്തു. സംഘടനാപരമായ അച്ചടക്കം പാലിക്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തിയ നേതാവായിരുന്നു. സംഘടനാപരമായ വ്യതിചലനങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടി. മുഖംനോക്കാതെ വ്യക്തികളെ വിമര്‍ശിക്കുന്നതിനുള്ള കമ്യൂണിസ്റ്റ് ഗുണം അദ്ദേഹത്തില്‍ എക്കാലത്തും ഉണ്ടായിരുന്നു. അങ്ങേയറ്റം ലളിതമായ ജീവിതമാണ് നയിച്ചത്. വാക്കും പ്രവൃത്തിയും ഒരുപോലെയാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന അദ്ദേഹം അക്കാര്യത്തില്‍ മാതൃകയാണ്.

കമ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച് രാഷ്ട്രീയജീവിതം നയിച്ച ഉത്തമമായ മാതൃക; സമര്‍ഥനായ സംഘാടകനും. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ പ്രക്ഷോഭങ്ങളും പ്രവര്‍ത്തനങ്ങളും നയിക്കുന്നതിലും മികവ് തെളിയിച്ച ഉമാനാഥ് തമിഴ്നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും നിരവധി പ്രതിബന്ധങ്ങളെ നേരിട്ട് അതിനെ വളര്‍ത്തിയെടുക്കുന്നതിലും വലിയ പങ്കുവഹിച്ചു. വലിയ മനുഷ്യസ്നേഹിയായിരുന്നു. ഡല്‍ഹിയില്‍ ഏറെക്കാലം അദ്ദേഹവുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. എല്ലാക്കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതം. വക്രതയില്ലാത്ത ഈ രീതി അദ്ദേഹത്തിന്റെ നിലപാടുകളിലും സംസാരത്തിലും പ്രകടമായിരുന്നു. പാര്‍ടിപ്രവര്‍ത്തകരോടെല്ലാം വ്യക്തിപരമായ അടുപ്പവും സ്നേഹവും കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു കമ്യൂണിസ്റ്റ് എങ്ങനെയാകണം എന്നതിനുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം. അനുപമമായ സവിശേഷതകളുള്ള തൊഴിലാളിനേതാവായിരുന്നു. ഇന്ത്യയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ തടസ്സങ്ങള്‍ നേരിട്ട് മുന്നോട്ടുനയിക്കുന്നതില്‍ ഉമാനാഥിന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും നമുക്ക് എക്കാലവും പ്രചോദനമാകും.

എസ് രാമചന്ദ്രന്‍പിള്ള

ആദരണീയനായ കമ്യൂണിസ്റ്റ്: കോടിയേരി

തിരു: മികച്ച പൊതുപ്രവര്‍ത്തകനും ആദരണീയനായ കമ്യൂണിസ്റ്റുനേതാവുമായിരുന്നു ആര്‍ ഉമാനാഥെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മലബാറില്‍ ജനിച്ച അദ്ദേഹം, തമിഴകത്തെത്തി ജനങ്ങളുടെ നേതാവാകുകയും അറിയപ്പെടുന്ന വിപ്ലവകാരിയായി മാറുകയും ചെയ്തു. വിദ്യാര്‍ഥിനേതാവ്, ട്രേഡ്യൂണിയന്‍നേതാവ്, കമ്യൂണിസ്റ്റ്പാര്‍ടി നേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്് അപരിചിതമായ പ്രദേശങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയന്‍ പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ മാതൃകാപരമായ നേതൃശേഷിയാണ് ഉമാനാഥ് പ്രകടിപ്പിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പ്രതിബന്ധങ്ങളെ അതീജിവിക്കുന്നതിനും സംഘടനാപരമായ ശ്രദ്ധയും മാര്‍ഗനിര്‍ദേശവും എന്നും അദ്ദേഹത്തില്‍നിന്ന് ലഭിച്ചു. തികഞ്ഞ ലെനിനിസ്റ്റ് സംഘടനാരീതി മുറുകെപ്പിടിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് പുരോഗമനപ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കോടിയേരി പറഞ്ഞു.

സമരതീക്ഷ്ണമായ ജീവിതം: വി എസ്

തിരു: കമ്യൂണിസ്റ്റ് പാര്‍ടിക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനുംവേണ്ടി ഒരു പുരുഷായുസ്സു മുഴുവന്‍ സമര്‍പ്പിച്ച നേതാവായിരുന്നു അന്തരിച്ച ആര്‍ ഉമാനാഥ് എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നന്നെ ചെറുപ്പത്തില്‍ത്തന്നെ കേരളത്തില്‍നിന്ന് തമിഴ്നാട്ടിലെത്തി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മാറിയ അദ്ദേഹത്തിന് വൈവിധ്യമാര്‍ന്ന ജീവിതമണ്ഡലങ്ങളില്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. മികച്ച സംഘാടകന്‍, വാഗ്മി, ട്രേഡ് യൂണിയന്‍ നേതാവ്, പാര്‍ലമെന്റേറിയന്‍, കറകളഞ്ഞ രാജ്യസ്നേഹി എന്നീ നിലകളിലെല്ലാം ഉമാനാഥ് നല്‍കിയ സംഭാവനകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഈടുവയ്പാണ്. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്റെ സമരതീക്ഷ്ണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

തിരു: ഉമാനാഥിന്റെ വിയോഗം രാജ്യത്തെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട്ട് ജനിച്ച് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ഉമാനാഥ് തമിഴ്നാട്ടിലെ തൊഴിലാളി സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിലും കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിക്കുന്നതിലും കാര്യമായ പങ്ക് വഹിച്ചു. നിരവധി തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്ക് ഉമാനാഥ് നേതൃത്വം നല്‍കി. പാര്‍ലമെന്ററി വേദികളും തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടവേദിയായി മാറ്റിയ നേതാവായിരുന്നു ഉമാനാഥെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം അനുശോചനസമ്മേളനത്തില്‍ പറഞ്ഞു.

*
deshabhimani

സമരോജ്വല ജീവിതം

ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും അതിന്റെ മൂല്യങ്ങളെയും പുതിയ കാലവും അതിന്റെ പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കിയിരുന്ന അതിശക്തമായ ഒരു കണ്ണിയാണ് ആര്‍ ഉമാനാഥിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കേരളത്തില്‍ ജനിച്ച് തമിഴ്നാട്ടില്‍ തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുത്ത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുയര്‍ന്ന ഉമാനാഥിന്റെ ജീവിതം ത്യാഗപൂര്‍ണമായ യാതനാനുഭവങ്ങളുടെയും അത്യുജ്വലമായ സമരപരമ്പരകളുടെയും സമുന്നതമായ സിദ്ധാന്തപഠനങ്ങളുടെയും സമ്പൂര്‍ണമായ അര്‍പ്പണബോധത്തോടെയുള്ള പ്രായോഗിക വിപ്ലവപ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ്.

പ്രതികൂല സാഹചര്യങ്ങളെയൊക്കെ കഠിനപരിശ്രമങ്ങളിലൂടെ അനുകൂലമാക്കി മാറ്റിയെടുത്തുകൊണ്ട് മുന്നേറുന്നതായിരുന്നു ആ ജീവിതം. ജനിച്ച നാട്ടില്‍നിന്ന് അകന്ന് മറ്റൊരു നാട്ടില്‍പോയി പ്രവര്‍ത്തിക്കുക, അറിയാത്ത ആ ഭാഷ വഴക്കിയെടുത്ത് ആ നാട്ടുകാരെ സംഘടിപ്പിക്കുക, ആ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ വിശ്വാസം ആര്‍ജിക്കുക, ആറേഴുവര്‍ഷം ഒളിവില്‍ കഴിഞ്ഞ് പ്രസ്ഥാനം കെട്ടിപ്പടുക്കുക, ആ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു പതിറ്റാണ്ട് ജയിലില്‍ കഴിയുക... പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന പാതകളിലൂടെയാണ് ഉമാനാഥ് കടന്നുവന്നത്.

വിദ്യാര്‍ഥിജീവിതകാലത്തുതന്നെ വ്യക്തിതാല്‍പ്പര്യങ്ങളെയാകെ പൊതുവായ സാമൂഹിക താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്ന പ്രവര്‍ത്തനശൈലിയായിരുന്നു ഉമാനാഥ് സ്വീകരിച്ചത്. കാസര്‍കോട്ടുകാരനായ ആര്‍ ഉമാനാഥ റാവു ഇന്റര്‍മീഡിയറ്റ് പരീക്ഷ പ്രശസ്തമായ നിലയില്‍ പാസായശേഷം ഉപരിപഠനത്തിനായാണ് അണ്ണാമലൈ സര്‍വകലാശാലയിലേക്ക് പോയത്. അവിടത്തെ ചടുലമായ സാംസ്കാരികാന്തരീക്ഷം, ദേശീയ സ്വാതന്ത്ര്യസമര സന്ദേശത്തിന്റെ അലയൊലികള്‍, ജനങ്ങളുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങള്‍, സ്വാതന്ത്ര്യമോ ജനാധിപത്യാവകാശങ്ങളോ ഇല്ലാതെ കഴിയേണ്ടിവരുന്ന ജനതയുടെ വൈഷമ്യങ്ങള്‍ ഒക്കെ അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കി.

കെ മുത്തയ്യയെപ്പോലുള്ള നേതാക്കളുമായുള്ള നിരന്തര സമ്പര്‍ക്കങ്ങള്‍ മനുഷ്യോചിതമായ ഒരു സാമൂഹ്യാവസ്ഥ സാധ്യമാക്കാവുന്നതാണെന്ന സ്വപ്നത്തിന്റെ വിത്തുകള്‍ ആ മനസ്സില്‍ മുളപ്പിച്ചു. ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഉന്നത വിദ്യാഭ്യാസവും അതിലൂടെ അക്കാലത്ത് കൈവരാവുന്ന സ്ഥാനമാനങ്ങളും അതുള്‍ക്കൊള്ളുന്ന സ്വകാര്യ ജീവിതസൗകര്യങ്ങളും ഒക്കെ ഉപേക്ഷിച്ച് ക്യാമ്പസ് ജീവിതഘട്ടത്തില്‍ത്തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് പടിപടിയായി നീങ്ങി അദ്ദേഹം. കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച മദിരാശി ഗൂഢാലോചനക്കേസില്‍, അക്കാലത്ത് ഒളിവില്‍ നടന്ന് പാര്‍ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉമാനാഥും പ്രതിയായി. പി രാമമൂര്‍ത്തിയടക്കമുള്ള സമുന്നത നേതാക്കള്‍ക്കൊപ്പം അറസ്റ്റിലായി; രണ്ടരവര്‍ഷത്തേക്ക് ജയിലിലുമായി. ജയിലില്‍നിന്ന് പുറത്തുവന്നത് കൂടുതല്‍ ദൃഢമായ പ്രത്യയശാസ്ത്രബോധ്യവും ഉരുക്കിന്റെ ഉറപ്പുള്ള സംഘടനാബോധവുമായാണ്.

കോയമ്പത്തൂരടക്കമുള്ള മേഖലകളില്‍ ആഹാരമോ കഴിയാന്‍ ഇടമോ ഇല്ലാതെ കഷ്ടതയനുഭവിച്ച് തൊഴിലാളികളെ സംഘടിപ്പിച്ചു. ട്രേഡ് യൂണിയന്‍ ശക്തിപ്പെടുത്തിയും നീങ്ങി ഉമാനാഥ്. പിന്നീടങ്ങോട്ട് അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്നാടിന്റെ പല ഭാഗങ്ങളിലായി വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. റെയില്‍വേ തൊഴിലാളികളെയും സിമന്റ്, ടെക്സ്റ്റൈല്‍, ബീഡി തൊഴിലാളികളെയും ഒക്കെ അവകാശബോധമുള്ളവരാക്കി സംഘടിപ്പിച്ചു; അവരുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കമ്യൂണിസ്റ്റ് പാര്‍ടിയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവില്‍ കഴിഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുന്നതിനിടയില്‍ കണ്ടുമുട്ടിയ പാപ്പയെയാണ് ഉമാനാഥ് ജീവിതസഖിയായി തെരഞ്ഞെടുത്തത്. പാപ്പയടക്കം ആ കുടുബമാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും പ്രചാരകരുമായി. പാപ്പ ദേശീയതലത്തില്‍തന്നെ ഉയര്‍ന്നുവന്ന നേതാവായെങ്കില്‍ യു വാസുകി അടക്കമുള്ള മക്കള്‍ അച്ഛനമ്മമാരുടെ പാത തന്നെ പിന്തുടരുന്നതാണ് ജനങ്ങള്‍ കണ്ടത്. വാസുകി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമായി. ഉമാനാഥിന്റെ കുടുംബം കൃത്യമായും ഒരു പാര്‍ടി കുടുംബമായി.

സിഐടിയുവിന്റെ സ്ഥാപക നേതാക്കളിലൊരാളായ ഉമാനാഥ് പില്‍ക്കാലത്ത് അതിന്റെ ദേശീയ നേതൃനിരയിലേക്കുയര്‍ന്നു. സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗത്വത്തിലേക്കു വളര്‍ന്നു. കഴിഞ്ഞ കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസില്‍വച്ച് അനാരോഗ്യം കാരണം പിബിയില്‍നിന്ന് ഒഴിഞ്ഞുവെങ്കിലും കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു. 1962ലും 67ലുമായി രണ്ടുവട്ടം തമിഴ്നാട്ടിലെ പുതുക്കോട്ടെ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ ഉമാനാഥ് ദേശീയ സാര്‍വദേശീയ പ്രശ്നങ്ങളും തൊഴിലാളിവര്‍ഗത്തെ ബാധിക്കുന്ന സവിശേഷ വിഷയങ്ങളും അപഗ്രഥിച്ചു നടത്തിയ പ്രസംഗങ്ങള്‍ അവതരണംകൊണ്ടും ഉള്ളടക്കംകൊണ്ടും ശ്രദ്ധേയമായിരുന്നു. ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരുടെ നിരയില്‍ ഉമാനാഥ് അങ്ങനെ സ്ഥാനമുറപ്പിച്ചു. നാഗപട്ടണം മണ്ഡലത്തില്‍നിന്ന് രണ്ടുവട്ടം തമിഴ്നാട് നിയമസഭയിലേക്കും വിജയിച്ചെത്തി ഉമാനാഥ്.

ഏഴു പതിറ്റാണ്ടു നീണ്ട പാര്‍ടിജീവിതത്തിനുടമയാണ് ഉമാനാഥ്. ഏതാണ്ടു തുടക്കംതൊട്ടുതന്നെ പാര്‍ടി അംഗം. ഓരോ ഘട്ടത്തിലും പാര്‍ടി നേരിട്ട വെല്ലുവിളികളെ ദൃഢമായ പ്രത്യയശാസ്ത്ര അടിത്തറയിലുറച്ചു നിന്നുകൊണ്ട് സൈദ്ധാന്തികതലത്തിലും സമരോന്മുഖമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രായോഗികതലത്തിലും നേരിട്ടു ഉമാനാഥ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള ബ്രിട്ടീഷ് ഭരണത്തിന്റെ തടവറയിലും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള അടിയന്തരാവസ്ഥ ഘട്ടത്തിലെ കോണ്‍ഗ്രസ് ഭരണത്തിന്റെ തടവറയിലും അദ്ദേഹം കഴിഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പും സ്വാതന്ത്ര്യലബ്ധിക്കുശേഷവും ചില ഘട്ടങ്ങളിലും ഒളിവില്‍ കഴിഞ്ഞ് അദ്ദേഹം പ്രവര്‍ത്തിച്ചു. മനുഷ്യര്‍ക്കാകെ മനുഷ്യോചിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുള്ള അചഞ്ചലമായ പോരാട്ടങ്ങള്‍ക്കായി അര്‍പ്പിക്കപ്പെട്ട സമരധീരമായ ജീവിതമാണ് ഉമാനാഥിന്റേത്. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ വേണ്ട മാര്‍ഗനിര്‍ദേശക ശക്തിയായി അദ്ദേഹത്തിന്റെ ഉജ്വലമായ സ്മരണ നിലനില്‍ക്കും; തീര്‍ച്ച!
*
deshabhimani editorial

Saturday, April 19, 2014

സര്‍ഗാത്മകതയുടെ വിസ്മയം

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ അനുഭവിക്കേണ്ടിവരുംവിധം ലോകസാഹിത്യം ദരിദ്രമാവുകയാണ് വിശ്വസാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ വിയോഗത്തിലൂടെ. പല നൂറ്റാണ്ടുകള്‍ക്ക് ഒന്ന് എന്ന അനുപാതത്തില്‍മാത്രം ഉണ്ടാകുന്ന സര്‍ഗാത്മകതയുടെ മഹാവിസ്മയമാണ് ഈ ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ അസ്തമിച്ചത്. സെര്‍വാന്റിസിന്റെ "ഡോണ്‍ ക്വിക്സോട്ട്" ഉണ്ടായത് പതിനേഴാം നൂറ്റാണ്ടിലാണ്. ആ കൃതി സ്പാനിഷ് ഭാഷയില്‍നിന്നുള്ള വിശ്വസാഹിത്യകൃതിയായി മാറി. അതിനുശേഷം രണ്ടു നൂറ്റാണ്ട് ലോകം കാത്തിരിക്കേണ്ടിവന്നു സെര്‍വാന്റിസിനു സമശീര്‍ഷനായി സ്പാനിഷ് ഭാഷയില്‍നിന്ന് ഒരു മാര്‍ക്വേസും "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍" എന്ന ഇതിഹാസമാനമുള്ള വിശ്വസാഹിത്യകൃതിയും ഉയര്‍ന്നുവരാന്‍. ഇരുപതാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്ക ലോകത്തിന് നല്‍കിയത് രണ്ടു മഹാപ്രതിഭകളെയാണ്; കവിതയില്‍ പാബ്ലോ നെരൂദയെ; നോവലില്‍ മാര്‍ക്വേസിനെ. മാര്‍ക്വേസിനു സമനായി ഒരു സാഹിത്യകാരന്‍ വിശ്വസാഹിത്യരംഗത്തേക്ക് ഉയര്‍ന്നുവരാന്‍ കാലം ഇനി എത്ര കാത്തിരിക്കണം? ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്വേസിന്റെയും അദ്ദേഹത്തിന്റെ കൃതികളുടെയും അവ ഉണര്‍ത്തിവിട്ട ഭാവുകത്വമാറ്റത്തിന്റെയും പ്രസക്തി മനസിലാവുക.

സെര്‍വാന്റിസിന്റെ ദീപ്തമായ ഘട്ടത്തിനുശേഷം അന്ധകാരനിബിഡമായ ഒരു നീണ്ട കാലയളവ്. അതിന് അറുതി കുറിച്ചാണ് മാര്‍ക്വേസ് എത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തോടെ വീണ്ടും ശൂന്യതയുടെ ഒരു കാലമാരംഭിക്കുന്നു. കാരണം മാര്‍ക്വേസിനു സമനായി ജീവിച്ചിരിക്കെ ഇതിഹാസമായ മറ്റൊരു സാഹിത്യവ്യക്തിത്വം ഇല്ല. "മാജിക്കല്‍ റിയലിസം" എന്ന സങ്കേതത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞിട്ടുണ്ട് മാര്‍ക്വേസ്. എന്നാല്‍, പലരും കരുതുംപോലെ, മാജിക്കല്‍ റിയലിസം ആരംഭിക്കുന്നത് മാര്‍ക്വേസില്‍ നിന്നല്ല. ജോര്‍ജ് ലൂയി ബോര്‍ഹസും അലേജോ കാര്‍പെന്റിയറും ഒക്കെ മാര്‍ക്വേസിനു മുമ്പേതന്നെ ആ രംഗത്ത് വ്യാപരിച്ചിട്ടുണ്ട്. എന്നാല്‍, അത് മാര്‍ക്വേസിന്റെ മഹത്വം കുറയ്ക്കുന്നില്ല. മാജിക്കല്‍ റിയലിസത്തെ മാര്‍ക്വേസിന്റെയത്ര അനുഭൂതിജനകവും അനുഭവവേദ്യവുമാക്കാന്‍ മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ഭാഷയുടെ അതിര്‍വരമ്പുകളെ അതിലംഘിച്ച് ലോക സാഹിത്യവേദിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കി അതിനെ ഉയര്‍ത്താനും മറ്റൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെയോ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെയോ നിരാകരണമായിരുന്നില്ല മാജിക്കല്‍ റിയലിസത്തിലൂടെ മാര്‍ക്വേസ് നിര്‍വഹിച്ചത്. കറുപ്പും വെളുപ്പുമായ ജീവിത സാമൂഹിക യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ തീവ്രതരമായി മനസ്സുകളിലേക്ക് സംക്രമിപ്പിക്കാനുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് അത്.

ലാറ്റിനമേരിക്കന്‍ ജീവിതത്തിന്റെ പൊള്ളിക്കുന്ന സത്യങ്ങളെയും അവിടത്തെ ജനമനസ്സിന്റെ സ്വപ്നസന്നിഭമായ ഫാന്റസികളെയും പുരാവൃത്ത ധാരകളിലെ ഗോത്രസ്മൃതികളെയും ഒക്കെ കൂട്ടിക്കലര്‍ത്തി സൈക്കഡലിക് അനുഭൂതിയുടെ അതുവരെ അറിയാത്ത വിഭ്രാമകതകൊണ്ട് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുകയായിരുന്നു മാര്‍ക്വേസ് തന്റെ മാജിക്കല്‍ റിയലിസത്തിലൂടെ. ആ രീതി ലോകത്തെങ്ങുമുള്ള അനുവാചക സമൂഹത്തിന് പുതിയ ഒരു അനുഭവമായി. മാര്‍ക്വേസ് ഭാഷയെയും ഭാവുകത്വത്തെയും നവീകരിച്ചതിന്റെ പ്രധാന വഴി അതുതന്നെയാണ്. കരീബിയന്‍ തീരങ്ങളില്‍നിന്ന് ലോക ചക്രവാളങ്ങളിലേക്ക് ആഞ്ഞുവീശിയ ഭാവുകത്വമാറ്റത്തിന്റെ പ്രചണ്ഡമെങ്കിലും സര്‍ഗാത്മകംതന്നെയായ ഒരു കൊടുങ്കാറ്റായി അതു മാറി. അങ്ങനെ സ്വന്തം ഭാഷയെയും സാഹിത്യത്തെയും മാത്രമല്ല, ലോകസാഹിത്യത്തെയും അനുവാചകബോധത്തെയും കൂടി മാര്‍ക്വേസ് നവീകരിച്ചു. ആ പ്രക്രിയയിലാണ് ഓരോ മലയാളിയുടെയും മനസില്‍ മാര്‍ക്വേസ് സ്ഥാനമുറപ്പിച്ചത്. മലയാളിക്ക് വൈക്കം മുഹമ്മദ് ബഷീറും തകഴിയും എന്നപോലെ തന്നെയാണ് മാര്‍ക്വേസും. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്, ഓട്ടം ഓഫ് ദ പേട്രിയാര്‍ക്, ലൗ ഇന്‍ ദ ടൈം ഓഫ് കോളറ, ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത് തുടങ്ങിയ വിശിഷ്ട കൃതികളിലൊക്കെ മാര്‍ക്വേസ് സമൂഹത്തെത്തന്നെ നിര്‍ധാരണംചെയ്തു. ആ പ്രക്രിയയില്‍ അദ്ദേഹം രൂപപരമായി മാത്രമല്ല, ഭാവപരമായി കൂടി പുതിയ കാലത്തിന്റെ സാഹിത്യാവബോധത്തെ പുതുക്കിപ്പണിതു. "ഏകാന്തതയുടെ നൂറു വര്‍ഷങ്ങളി"ലൂടെയാണ് ഓരോ ലാറ്റിനമേരിക്കക്കാരനും സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവാകട്ടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിനുള്ള ഊര്‍ജമാണ് പകര്‍ന്നുകൊടുത്തത്.

"ദ ജനറല്‍ ഇന്‍ ഹിസ് ലാബറിന്‍ത്" ആകട്ടെ, വിമോചനപ്പോരാളിയായ സൈമണ്‍ ബൊളിവറുടെ ജീവിതമാണ് പകര്‍ത്തിവച്ചത്. "ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍റ്റോള്‍ഡ്" എന്ന കൃതിയാകട്ടെ, ചിലിയിലെ സാമ്രാജ്യത്വ- പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിലുണ്ടായതാണ്. "നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍" എന്ന കൃതി വെനസ്വേലയിലെ ഏകാധിപത്യവാഴ്ച തകര്‍ത്തതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളതാണ്. മാര്‍ക്വേസ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നില്ല. എന്നാല്‍, പാര്‍ടി അംഗത്തിന്റെ പ്രതിബദ്ധതയോടെ എന്നും പ്രവര്‍ത്തിച്ചു. അമ്പതുകളില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടിക്ക് പരസ്യമായി സംഭാവനകള്‍ പ്രഖ്യാപിച്ചു. അമേരിക്ക തുടര്‍ച്ചയായി വിസ നിഷേധിച്ചുകൊണ്ടിരുന്നപ്പോഴും പ്രീതിപ്പെടുത്താന്‍ നില്‍ക്കാതെ പത്രപംക്തികളില്‍ അതിശക്തമായ സാമ്രാജ്യത്വ വിമര്‍ശനം നടത്തി. ഫിദെല്‍ കാസ്ട്രോ മുതല്‍ ഹ്യൂഗോ ഷാവേസ് വരെയുള്ളവരുമായി ഗാഢമായ സൗഹൃദം പുലര്‍ത്തി. ചിലിയിലെ അധികാരത്തില്‍നിന്നു ജനറല്‍ പിനോച്ചെ പുറത്താകുംവരെ സാഹിത്യം എഴുതുകില്ല എന്നു പ്രഖ്യാപിച്ച് പ്രതിഷേധമൗനം തുടര്‍ന്നു. നൊബേല്‍ സമ്മാന സ്വീകരണ പ്രസംഗത്തില്‍ തെക്കനമേരിക്കന്‍ മേഖലയിലെ സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. നൊബേല്‍ സമ്മാനത്തുക സാമ്രാജ്യത്വവിരുദ്ധ പത്രം നടത്താന്‍ ചെലവാക്കുമെന്നു പ്രഖ്യാപിച്ചു. പത്രപ്രവര്‍ത്തനത്തിലൂടെ കടന്നുവന്ന മാര്‍ക്വേസ് സ്വന്തമായി പത്രം നടത്തി; പത്രപ്രവര്‍ത്തന ഫൗണ്ടേഷന്‍ സ്ഥാപിച്ചു, പത്രപംക്തികള്‍ നിരന്തരം കൈകാര്യംചെയ്തു. പത്രപ്രവര്‍ത്തനത്തിലൂടെ കൈവന്ന സാമൂഹ്യ യാഥാര്‍ഥ്യ ബോധമില്ലായിരുന്നെങ്കില്‍ താന്‍ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരനാവുമായിരുന്നില്ല എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഹ്യൂഗോ ഷാവേസുമായി അവസാനകാലത്ത് നടത്തിയ അഭിമുഖം ലോകശ്രദ്ധയാകര്‍ഷിച്ചു. രാഷ്ട്രീയ വിഷയങ്ങള്‍ പച്ചയായി എഴുതുന്ന രീതി മാര്‍ക്വേസ് നോവലുകളില്‍ അവലംബിച്ചില്ല. രാഷ്ട്രീയത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി വ്യക്തിഗത മനോവ്യാപാരങ്ങളിലൂടെ നീങ്ങുന്ന രീതിയാണ് അദ്ദേഹം അനുവര്‍ത്തിച്ചത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആറു തലമുറകളിലൂടെ ഒരു കുടുംബത്തിന്റെ കഥ പറയുന്നു. നഗരത്തിന്റെയും കൊളംബിയയുടെയും ചരിത്രം പറയുമ്പോള്‍ത്തന്നെ അത് ഏതു ലാറ്റിനമേരിക്കക്കാരനും സ്വന്തം കുടുംബകഥ കേള്‍ക്കുന്ന അനുഭവം പകര്‍ന്നു നല്‍കുകയുംചെയ്യുന്നു. സര്‍റിയല്‍ ബിംബങ്ങളുടെയും ഫാന്റസിയുടെയും ഭ്രമജനകമായ ചിത്രങ്ങള്‍ അത് നിവര്‍ത്തിത്തരുന്നു. അത് ഉളവാക്കിയ വിസ്മയത്തിന്റെ ദൃഷ്ടാന്തമാണ് ഇവയുടെ കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിയുന്നു എന്നത്. സാഹിത്യകാരന് രാഷ്ട്രീയമുണ്ടായാല്‍ ഹൃദയച്ചുരുക്കം വന്നുപോകുമെന്ന വാദത്തിനുള്ള സര്‍ഗാത്മകമായ മറുപടിയാണ് മാര്‍ക്വേസ്. ജനജീവിതത്തോട് ചേര്‍ന്നു നിന്നുകൊണ്ടുതന്നെ സാഹിത്യത്തെ പുതുചക്രവാളങ്ങളിലേക്കുയര്‍ത്തുകയും ആ ഉല്‍കൃഷ്ടതലങ്ങളിലേക്ക് അനുവാചകസമൂഹത്തെ എത്തിക്കുകയും ചെയ്ത സര്‍ഗാത്മകതയുടെ ഈ മഹാവിസ്മയത്തിന് "ദേശാഭിമാനി"യുടെ ആദരാഞ്ജലികള്‍!
*
deshabhimani editorial

Friday, March 28, 2014

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

പി രാമദാസ് വിടവാങ്ങി

കോട്ടയം: മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റ് സിനിമ "ന്യൂസ് പേപ്പര്‍ ബോയി"യുടെ സംവിധായകന്‍ പി രാമദാസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. തെരുവിലെ സാധാരണമനുഷ്യന്റെ ജീവിതകഥ പറഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയ രാമദാസ് സിനിമയുള്ള കാലത്തോളം ജനമനസ്സില്‍ തിളക്കമുള്ള ഓര്‍മയാകും.

ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് കോട്ടയത്ത് മകന്‍ പ്രശാന്തിന്റെ വീട്ടില്‍ മൂന്നുവര്‍ഷമായി കിടപ്പിലായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് തൃശൂര്‍ പല്ലിശേരിയിലെ വീട്ടിലും 12ന് സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം പകല്‍ നാലിന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ട്് ശ്മശാനത്തില്‍. പരേതയായ വടക്കൂട്ട് രുക്മിണിയമ്മയാണ് ഭാര്യ. മക്കള്‍: പ്രശാന്ത് (മലയാളമനോരമ, കോട്ടയം), പ്രസാദ് (മലയാളമനോരമ, ആലപ്പുഴ). മരുമക്കള്‍: മായ, സീമ.

രാമദാസിന്റെ 22-ാംവയസ്സില്‍ 1954ലാണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. ഒരുകൂട്ടം കോളേജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ മലയാളത്തിലെ ആദ്യ കൊമേഴ്സ്യല്‍ ചിത്രവുമാണിത്. 1955 മെയ് എട്ടിന് തൃശൂര്‍ ജോസ് തിയറ്ററിലായിരുന്നു ആദ്യപ്രദര്‍ശനം. 1,75,000 രൂപയായിരുന്നു നിര്‍മാണച്ചെലവ്. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായും രാമദാസ് അറിയപ്പെട്ടു. നിറമാല, വാടകവീട്ടിലെ അതിഥി എന്നീ സിനിമകളും സംവിധാനംചെയ്തു. 2007ല്‍ ജെ സി ദാനിയേല്‍ പുരസ്കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു.

തൃശൂര്‍ കുറുപ്പം റോഡില്‍ പൂതാംപിള്ളി മാധവിയമ്മയുടെയും തെക്കെകുറുപ്പത്ത് കൃഷ്ണന്‍കുട്ടിമേനോന്റെയും മകനായി 1931ലാണ് രാമദാസ് ജനിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി ബിരുദപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നു. ഇക്കാലത്താണ് "ന്യൂസ് പേപ്പര്‍ ബോയ്" നിര്‍മിച്ചത്. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 1960കളില്‍ തൃശൂര്‍ ബാറില്‍ അഭിഭാഷകനായി. മൂന്നുപതിറ്റാണ്ടിലേറെ അഭിഭാഷകനായി തുടര്‍ന്നു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം താമസിച്ച സ്ഥലങ്ങളിലെല്ലാം ക്ലിനിക്കും നടത്തിയിരുന്നു. "ഒസ്യത്ത്" എന്ന നോവലും നിരവധി കഥകളും എഴുതിയിട്ടുണ്ട്. വിജ്ഞാനഭാരതി, സംഹിത എന്നീ മാസികകളും രാമദാസ് നടത്തിയിരുന്നു.

നിയോറിയലിസത്തിന്റെ ഉപജ്ഞാതാവ്

ഇന്ത്യന്‍ സിനിമയില്‍ നിയോറിയലിസം കൊണ്ടു വന്നത് തൃശൂര്‍ക്കാരനായ പി രാമദാസാണ്. സത്യജിത്റായിക്കു മുമ്പേ സിനിമാസംരംഭം തുടങ്ങിയ പി രാമദാസിന്റെ സംഭാവന പക്ഷേ, സിനിമാചരിത്രത്തില്‍ ആ അര്‍ഥത്തില്‍ രേഖപ്പെടുത്തിയില്ല. നിയോറിയലിസം മറ്റു പലരുടേയും പേരിലാണ് ഇടം നേടിയത്. എന്നാല്‍, "ന്യൂസ്പേപ്പര്‍ ബോയ്" എന്ന ഒറ്റ ചിത്രം മതി ലോകസിനിമയില്‍ പി രാമദാസ് ആരെന്നു വ്യക്തമാവാന്‍. വര്‍ത്തമാനകാലത്തെ സിനിമകള്‍ ശ്രദ്ധിക്കുമ്പോഴാണ് രാമദാസിന്റെ പ്രതിബദ്ധതയുടെ ആഴം മനസ്സിലാവുന്നത്. എത്രയോ അപകടകരവും പ്രതിലോമകരവും അരാഷ്ട്രീയവാദപരവുമായ സിനിമകളാണ് പുതിയ തലമുറക്കാര്‍ അവതരിപ്പിക്കുന്നത്.

വാണിജ്യതാല്‍പ്പര്യത്തിന് അപ്പുറം സമൂഹത്തോടുള്ള ഇവരുടെ എന്തു പ്രതിബദ്ധതയാണ് ഇത്തരം സിനിമകളില്‍ കാണാനാകുക? എന്നാല്‍, എത്രയോ വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ചാണ് ന്യൂസ്പേപ്പര്‍ ബോയിലൂടെ പി രാമദാസ് ലോകത്തെ വിസ്മയിപ്പിച്ചത്. സമൂഹവും രാഷ്ട്രീയവും ദാരിദ്ര്യവും മാനവികതയുമെല്ലാം അതിലുണ്ടായിരുന്നു. ഇന്നത്തെ സൗകര്യങ്ങളും പണവും ഒന്നുമില്ലാതെയാണ് ക്യാമ്പസ് കലാകാരനായ രാമദാസ് എതാനും വിദ്യാര്‍ഥികളുമൊത്ത് ചലച്ചിത്രസംരംഭം പൂര്‍ത്തിയാക്കിയതെന്നത് അത്ഭുതാദരങ്ങളോടെയല്ലാതെ കാണാനാവില്ല.

ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യുവാവിന്റെ ആവേശവും അതിലുപരി പ്രതിബദ്ധതയുമായിരുന്നു രാമദാസിനെ നയിച്ചത്. ആ ചലച്ചിത്രകാവ്യത്തിന്റെ മഹത്വം നമ്മളറിയുന്നത് കാലങ്ങള്‍ക്കുശേഷമാണ്. അത് ജെ സി ദാനിയേല്‍ അവാര്‍ഡിന്റെ മഹത്വംകൊണ്ടു മാത്രമല്ല, രാമദാസിന്റെ കലാജീവിതം പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍കൂടിയാണ്. സിനിമയിലെ പില്‍ക്കാല തലമുറയില്‍പ്പെട്ട എന്നെപ്പോലുള്ളവരെ അതിശയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത മനുഷ്യന്‍കൂടിയാണ് അദ്ദേഹം. "ന്യൂസ്പേപ്പര്‍ ബോയ്" സിനിമക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായപ്പോള്‍ സിനിമ പ്രദര്‍ശിപ്പിച്ച വകയില്‍ ലഭിച്ചത് 30,000 രൂപ മാത്രമാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ സനിമയുടെ കലാമൂല്യവും സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് ഒരിക്കലും നഷ്ടത്തിന്റെ കണക്കിലെഴുതാന്‍ തയ്യാറായില്ല. അഭിഭാഷകനും ഭിഷഗ്വരനും എഴുത്തുകാരനുമൊക്കെയായ താന്‍ ആ സിനിമയുടെ പേരില്‍ അറിയപ്പെട്ടതില്‍ അദ്ദേഹം ആനന്ദം അനുഭവിക്കുന്നുണ്ടായിരുന്നു. അത് സമൂഹത്തോടു പ്രതിബദ്ധതയുള്ള കലാകാരന്റെ മനസ്സിന്റെ ആനന്ദംകൂടിയാണ്.

പ്രിയനന്ദനന്‍

ദൈവത്തിനു പകരം മനുഷ്യനെ പ്രതിഷ്ഠിച്ച സിനിമ

നമ്മുടെ സിനിമയ്ക്ക് പാരമ്പര്യത്തില്‍ ഊന്നിയ കാഴ്ചപ്പാടില്ലെന്ന് വേദനിച്ച ഒരാളാണ് കടന്നുപോയത്. സംവിധാനം തിരക്കഥയുടെ ദൃശ്യവിവര്‍ത്തനം മാത്രമാണെന്നു കരുതുന്നവരാണ് മലയാളത്തിലെന്ന് വേദനയോടെ പറഞ്ഞ ഒരാള്‍. പി രാമദാസിലൂടെ കടന്നുപോയത് ചരിത്രമാണ്. വ്യവസ്ഥാപിത കാഴ്ചകളെ നിരാകരിച്ച് എടുത്തുചാടി മലയാളത്തിലെ വെള്ളിത്തിരയ്ക്ക് പുതിയ ആകാശവെളിച്ചം നല്‍കിയ ഒരു പിടിപേരുടെ ചരിത്രം. പതിവുകളുടെ കനമേറിയ കള്ളികളെ മറികടന്ന ചങ്കൂറ്റമാണ് മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയ്.

തമിഴ്- ഹിന്ദി സിനിമയുടെ ചുവടുപിടിച്ച് അതിഭാവുകത്വത്തിന്റെയും അതിവൈകാരികതയുടേയും വട്ടത്തില്‍ കിടന്ന് സിനിമ തിരിഞ്ഞ കാലത്ത് 22 വയസ്സുള്ള ഒരു ചെറുപ്പക്കാരനും കൂട്ടര്‍ക്കും റിയലിസത്തിന്റെ ഉള്‍വിളിയുണ്ടാവുന്നേടത്തു നിന്നാണ് ന്യൂസ് പേപ്പര്‍ ബോയ് ഉടലെടുക്കുന്നത്. വി ശാന്താറാമിന്റേയും അമിയ ചക്രവര്‍ത്തിയുടേയും സ്വാധീനത്തില്‍ നിന്നാണ് ഇതുണ്ടായത്. മുഖ്യധാരാ സിനിമയുടെ ആകര്‍ഷണത്തേയും ഫോര്‍മുലയേയും മറികടന്ന് ജീവിതത്തിന്റെ യഥാതഥ രൂപങ്ങളെ, ഒരു വേള ജീവിതത്തെ തന്നെ പകര്‍ത്തിവയ്ക്കല്‍.

ജീവിതത്തിന്റെ സത്യവും യാഥാര്‍ഥ്യവും രാമദാസ് അനുഭവത്തിലൂടെ ആര്‍ജിച്ചതാണ്. പഴവങ്ങാടിയിലേയും പാളയത്തേയും ഭിക്ഷക്കാര്‍ക്കിടയിലൂടെ അലഞ്ഞും തിരുവനന്തപുരത്തെ തെരുവുകളിലൂടെ കാഴ്ചകണ്ടും ഒരു യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയുടെ മനസ്സില്‍ കത്തിക്കയറിയ ജീവിത യാഥാര്‍ഥ്യം. സിനിമ രാമദാസിന് കേവല ഹരമായിരുന്നില്ല. ഇറ്റാലിയന്‍ നിയോ റിയലിസം അക്കാലത്ത് സാഹിത്യചുറ്റുവട്ടങ്ങളില്‍ ചര്‍ച്ചയായിരുന്നു. ലോകസിനിമയുടെ ചലനങ്ങളെ വായിച്ചും അന്വേഷിച്ചുമറിഞ്ഞാണ് രാമദാസും സുഹൃത്ത് പരമേശ്വരനും സിനിമയിലേക്കെത്തുന്നത്. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച വിദ്യാര്‍ഥികളുടെ "മഹാത്മ" മാഗസിനില്‍ പ്രസിദ്ധീകരിച്ച രാമദാസിന്റെ "കമ്പോസിറ്റര്‍" എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയുടെ ആദ്യരൂപം തയ്യാറാക്കിയത്. തിരക്കഥയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള വിവരം തേടി ബ്രിട്ടീഷ് ലൈബ്രറിയിലും അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ലൈബ്രറിയിലും സമയം ചെലവഴിച്ചു. കഥയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് ന്യൂസ്പേപ്പര്‍ ബോയിയുടെ തിരക്കഥ തയ്യാറാക്കിയത്. പന്ത്രണ്ട് വയസ്സുകാരന്‍ അപ്പുവിന്റെ കാഴ്ചയിലേക്ക് കഥയെ മാറ്റിയതു തന്നെയാണ് പ്രധാനം. കഥയില്‍ ഏറെപ്രാധാന്യമില്ലാത്ത കഥാപാത്രമാണിത്. നാഗവള്ളി ആര്‍ എസ് കുറുപ്പാണ് സംഭാഷണം തയ്യാറാക്കിയതെങ്കിലും തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഥയില്‍ തിരുവിതാംകൂര്‍ ഭാഷണം ചേരാത്തതിനാല്‍ എല്ലാ സംഭാഷണങ്ങളും തൃശൂര്‍ ശൈലിയിലേക്ക് മാറ്റിയെഴുതി.

ലോകമെമ്പാടും ഉണര്‍ന്നുവന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് രാമദാസും സുഹൃത്തുക്കളും മഹാത്മാ മെമ്മോറിയല്‍ അസോസിയേഷന്‍ രുപീകരിച്ചത്. മഹാത്മയില്‍ രാമദാസിന്റെ നാടകങ്ങളില്‍ സഹകരിച്ചിരുന്നവരെത്തന്നെ സിനിമയിലെ പ്രധാന സകാര്യങ്ങള്‍ ഏല്‍പ്പിച്ചത്. നടന്‍മാരെ കണ്ടെത്താന്‍ ദീര്‍ഘനാളത്തെ അന്വേഷണവും നടത്തി. ഒടുവില്‍ 1955 മെയ് അഞ്ചിന് സിനിമ റിലീസായി. അന്നും ഇന്നും ജീവിതം അതിന്റെ തെളിമയോടെ കാണാന്‍ ആഗ്രഹിക്കാത്ത മലയാളി ന്യൂസ് പേപ്പര്‍ ബോയ് തള്ളി. എപ്പോഴും രക്ഷകരായി എത്തുന്ന ദൈവങ്ങളേയോ നായകരേയോ ന്യൂസ് പേപ്പര്‍ ബോയ് അവതരിപ്പിച്ചില്ല എന്നതു തന്നെയാണ് കാരണം. ദൈവത്തിനു പകരം മനുഷ്യനെ അവന്റെ ജീവിതത്തെ പ്രതിഷ്ഠിച്ചതാണ് ന്യൂസ് പേപ്പര്‍ ബോയ് മലയാളിയോടുചെയ്ത "അപരാധം".

കെ ഗിരീഷ്

മലയാളത്തിന്റെ ബൈസിക്കിള്‍ തീവ്സ്

കൊച്ചിയിലേക്കുള്ള തീവണ്ടിയാത്രയില്‍ കണ്ട പത്രം വില്‍ക്കുന്ന ബാലന്റെ ദൈന്യമുഖമാണ് പി രാംദാസിന് "ന്യൂസ്പേപ്പര്‍ ബോയ്" നിര്‍മിക്കാന്‍ പ്രേരകമായത്. സഹപാഠി പരമേശ്വരനൊത്തുള്ള ആ സാഹസം, മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി. വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ എടുത്തു എന്നതു മാത്രമല്ല, ജീവിത യാഥാര്‍ഥ്യങ്ങളുടെ നേരുകള്‍ പകര്‍ത്തിയ നിയോ റിയലിസ്റ്റ് സിനിമ എന്ന നിലയിലും ന്യൂസ്പേപ്പര്‍ ബോയ് സ്ഥാനം നേടി. അപ്പുവിന്റെയും കുടുംബത്തിന്റെയും ജീവിതദുരിതം ഹൃദയസ്പൃക്കായി ആവിഷകരിച്ച ആ ചിത്രം, ലോകപ്രശസ്ത ഇറ്റാലിയന്‍ സിനിമ ബൈസിക്കിള്‍ തീവ്സിന്റെ ഹൃദയഹാരിത പകര്‍ന്നു നല്‍കുന്നതായിരുന്നു.

കേരളീയ ഫ്യൂഡലിസം മുതലാളിത്തക്രമത്തിലേക്കു പരിവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പരിഛേദം എന്ന നിലയിലും 1955ല്‍ പുറത്തിറങ്ങിയ ന്യൂസ്പേപ്പര്‍ ബോയിക്ക് ചരിത്രത്തില്‍ ഇടമുണ്ട്. കമുകറ പുരുഷോത്തമനും ശാന്താ പി നായരും ശബ്ദം നല്‍കിയ ഗാനശീലുകള്‍ കൊണ്ടും അത് മലയാളത്തിന്റെ നിത്യസ്മരണയാണ്. ലോകത്തിലാദ്യമായി വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ നിര്‍മിച്ച ചിത്രം എന്ന പ്രസിദ്ധി ന്യൂസ്പേപ്പര്‍ ബോയിക്കുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ രാംദാസിന്റെയും സഹ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ആദര്‍ശ് കലാമന്ദിര്‍ ആണ് സിനിമ നിര്‍മിച്ചത്. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ ചെലവായ നൂറ്റിമുപ്പത് മിനിറ്റുള്ള ചിത്രം ബോക്സോഫീസില്‍ തകര്‍ന്നെങ്കിലും ദേശീയ ശ്രദ്ധ പിടിച്ചു പറ്റി. പ്രാദേശികവും ദേശീയവുമായ നിരൂപണങ്ങള്‍ക്ക് പാത്രമായി. രാജ്കപൂറിനെക്കുറിച്ച് ഫിലിം ഫെയര്‍ മാഗസിനില്‍ വന്ന നിരൂപണങ്ങളും ശാന്തറാമിന്റെയും അമിയ ചക്രവര്‍ത്തിയുടെയും സിനിമകളുമാണ് തന്നില്‍ സിനിമാവേശം പടര്‍ത്തിയതെന്ന് ന്യൂസ്പേപ്പര്‍ ബോയിയുടെ അമ്പതാം വാര്‍ഷിക വേളയില്‍ രാംദാസ് ഓര്‍ക്കുകയുണ്ടായി.

ജാപ്പനീസ് ചലച്ചിത്രകാരന്‍ കുറസോവയുടെ റാഷമോണ്‍ എന്ന സിനിമയുടെ ട്രെയിന്‍ യാത്രാഖണ്ഡങ്ങളാണ് സിനിമയുടെ മറ്റൊരു പ്രചോദനം. തന്റെ തന്നെ, കമ്പോസിറ്റര്‍ എന്ന ചെറുകഥയ്ക്ക് മാറ്റം വരുത്തി തിരക്കഥ രചിച്ച്, നാഗവള്ളി ആര്‍ എസ് കുറുപ്പിനെക്കൊണ്ട് സംഭാഷണമെഴുതിപ്പിച്ചായിരുന്നു,തൃശൂരിലും മദ്രാസിലും തിരുവനന്തപുരം മെറിലാന്‍ഡ് സ്റ്റുഡിയോയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുറുപ്പ് ഒഴിച്ച് മിക്കവാറും പുതുമുഖങ്ങള്‍. പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളമാണ് അപ്പുവിന്റെ അമ്മയുടെ വേഷമിട്ടത്. അപ്പുവായി മാസ്റ്റര്‍ മോനിയും.

ഇറ്റാലിയന്‍ നിയോ റിയല്‍ സിനിമയുടെ, യാഥാര്‍ഥ്യത്തിന്റെ യഥാര്‍ഥ ചിത്രീകരണം എന്ന ശൈലിയായിരുന്നു രാംദാസ് പിന്തുടര്‍ന്നത്. തെരുവിലെ മനുഷ്യരുടെ കഥ പറഞ്ഞ ഈ ചിത്രത്തിന്റെ മുന്നൊരുക്കമെന്നോണം രണ്ടു ഹ്രസ്വചിത്രങ്ങളും രാംദാസ് നിര്‍മിച്ചു. വാടക വീട്ടിലെ അതിഥി, നിറമാല എന്നീ സിനിമകളും സംവിധാനം ചെയ്തു. യാഥാര്‍ഥ്യങ്ങളില്‍നിന്ന് സ്വപ്നലോകത്തേക്ക് ഒളിച്ചോടാന്‍ സിനിമയെ ഉപാധിയായി കണ്ട പ്രേക്ഷകര്‍ സ്വന്തം ദുരിതങ്ങള്‍ സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നു രാംദാസിന് അറിയാമായിരുന്നു. അതിനാല്‍ ജനപ്രിയം എന്ന നിലയില്‍ സിനിമ സ്വീകരിക്കപ്പെടാതെ പോയതില്‍ അദ്ദേഹത്തിന് വ്യസനമില്ലായിരുന്നു. വരാനിരിക്കുന്ന വ്യവസായ സിനിമയ്ക്കുപോലും ഇതു മാതൃകയാണെന്ന് പി എന്‍ മേനോന്‍ പ്രഖ്യാപിച്ചു. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡുകള്‍ ന്യൂസ്പേപ്പര്‍ ബോയിയെ തേടിയെത്തി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ക്ഷണമനുസരിച്ച് ദില്ലിയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.

പി പി ഷാനവാസ്

*
ദേശാഭിമാനി

Monday, February 17, 2014

എരുമേലി

എരുമേലി പരമേശ്വരന്‍പിള്ള ജീവിതത്തിന്റെ തൂലിക അടച്ചുവച്ചു; എന്നെന്നേക്കുമായി. ഇനി നിത്യവിശ്രമം. ആയുസ്സും ആരോഗ്യവും ബാക്കിയുണ്ടായിരുന്നെങ്കില്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആ പതാകവാഹകന്‍ ഒരുപിടി പുസ്തകങ്ങള്‍കൂടി മലയാളത്തിന് സംഭാവനചെയ്യുമായിരുന്നു. എഴുപതുകളുടെ തുടക്കംമുതല്‍ കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ പ്രതിജ്ഞാബന്ധതയുടെ നേര്‍വഴികള്‍ തെളിച്ച പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം തീര്‍ച്ചയായും അവയിലുള്‍പ്പെട്ടേനെ. തായാട്ട് ശങ്കരന്റെ "ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ" എന്ന പ്രൗഢഗ്രന്ഥത്തിനുശേഷം കനപ്പെട്ട ഒരു വിദ്യാഭ്യാസ ചരിത്രപുസ്തകവും നമുക്ക് ലഭിച്ചേനെ. ഇതിനായി ഏതാനും കുറിപ്പുകള്‍ എരുമേലി തയ്യാറാക്കുകയുംചെയ്തു. രോഗം ഭേദമായാലുടന്‍ ആത്മകഥ എഴുതിത്തുടങ്ങണമെന്നും അദ്ദേഹം തീരുമാനിച്ചിരുന്നു. രോഗപീഡകളുടെ പാരമ്യത്തിലും ചെയ്തുതീര്‍ക്കാനുള്ള ജോലികളെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ വാക്കിനു വഴങ്ങാന്‍ മടിക്കുന്ന നാവിന്റെ ശാഠ്യത്തെ മെരുക്കുന്ന ആ നിശ്ചയദാര്‍ഢ്യം കേട്ടിരിക്കുന്നവരെയും ദൃഢചിത്തരാക്കും.

തന്നെ സന്ദര്‍ശിക്കനെത്തുന്നവര്‍ രോഗത്തെപ്പറ്റി ഉല്‍ക്കണ്ഠാകുലരാകുമ്പോള്‍ "ഇപ്പോള്‍ അസുഖം എത്ര ഭേദമുണ്ട്. ഇനിവേഗം സുഖപ്പെടും" എന്ന പ്രത്യാശകൊണ്ട് എരുമേലി തനിക്കു ചുറ്റുമുള്ളവരില്‍ ഊര്‍ജം നിറച്ചു. തികഞ്ഞ ആത്മവിശ്വാസമാണ് ആ വാക്കുകളിലുണ്ടായിരുന്നത്. ശരീരത്തിന്റെ ചലനശേഷി ഒരു പരിധിവരെ നഷ്ടമായെങ്കിലും ഓര്‍മയ്ക്ക് ക്ഷതമേറ്റിരുന്നില്ല. എന്നുമാത്രമല്ല, അതിശയിപ്പിക്കുന്ന ഓര്‍മശക്തി അദ്ദേഹം പ്രകടിപ്പിക്കയുംചെയ്തു. സാഹിത്യസംഘത്തിലെ സഹപ്രവര്‍ത്തകരുടെയെല്ലാം ഫോണ്‍നമ്പര്‍ ഹൃദിസ്ഥം. വൈജ്ഞാനികസാഹിത്യത്തിലും ക്രിയാത്മക സാഹിത്യത്തിലും ഒരുപോലെ ശക്തമായ സാന്നിധ്യമാവുക എളുപ്പമല്ല. പ്രതിഭയ്ക്കൊപ്പം കഠിനാധ്വാനവും ഉണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. ഉള്ളൂര്‍ മുതല്‍ എം പി പോള്‍വരെ സമ്പന്നമാക്കിയ സാഹിത്യചരിത്രശാഖയ്ക്ക് മുതല്‍ക്കൂട്ടായ "മലയാളസാഹിത്യചരിത്രം കാലഘട്ടങ്ങളിലൂടെ" എഴുതിയ എരുമേലി പരമേശ്വരന്‍പിള്ളതന്നെയാണ് ഒരു പ്രേമത്തിന്റെ കഥ എന്ന നോവലുമെഴുതിയത്. പെണ്ണ്, നിഴലുകള്‍, ലേഡി റ്റീച്ചര്‍, മലയിലെ മങ്ക എന്നിവയാണ് എരുമേലിയുടെ ഇതരനോവലുകള്‍. തെളിയാത്ത കാല്‍പ്പാടുകള്‍പോലെ ഏതാനും കഥാസമാഹാരങ്ങള്‍ വേറെ.

ബാലസാഹിത്യത്തിലുമുണ്ട് എരുമേലിയുടെ വിരല്‍പ്പാടുകള്‍. അദൃശ്യമനുഷ്യനും കൊച്ചുകൊമ്പനുമൊക്കെ കുട്ടികളെ ആകര്‍ഷിച്ച രചനകളാണ്. പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കംമുതല്‍ എരുമേലി നേതൃസ്ഥാനത്തുണ്ട്. ആദ്യം ദേശാഭിമാനി സ്റ്റഡി സര്‍ക്കിളില്‍. പിന്നീട് പുരോഗമനകലാസാഹിത്യസംഘത്തില്‍. ദേശാഭിമാനി വാരികാ പത്രാധിപര്‍ എം എന്‍ കുറുപ്പാണ് അക്കാലത്ത് സാംസ്കാരികരംഗത്തെ ഉന്നതശീര്‍ഷനായ സംഘാടകന്‍. എരുമേലിയുടെ ഉറ്റസുഹൃത്ത്. കോഴിക്കോട്ടെ എം എന്‍ കുറുപ്പിന്റെ മുറിയിലാണ് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ രൂപീകരണം സംബന്ധിച്ച തീരുമാനമുണ്ടാകുന്നത്. കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകനായ എരുമേലി, ഇ എം എസ് ഉള്‍പ്പടെ ഉണ്ടായിരുന്ന ആ യോഗത്തില്‍ സജീവമായി പങ്കെടുക്കുകയും ചര്‍ച്ചകളില്‍ ഇടപെടുകയുംചെയ്തു. ശേഷം എരുമേലിയുടെ ജീവിതചരിത്രം ഏവര്‍ക്കും അറിയാവുന്നതായതിനാല്‍ വിവരിക്കേണ്ടതില്ല. മലബാര്‍മേഖലയില്‍ പുരോഗമനകലാസാഹിത്യപ്രസ്ഥാനം ശക്തിപ്രാപിക്കാന്‍ എരുമേലി പരമേശ്വരന്‍പിള്ളയുടെ കോളേജധ്യാപക ജോലി വളരെ സഹായകമായെന്ന് പുരോഗമനകലാസാഹിത്യസംഘത്തിന്റെ നേതാവും വാഗ്മിയുമായ പ്രൊഫ. പ്രയാര്‍ പ്രഭാകരന്‍ അനുസ്മരിക്കുന്നു.

""ആ ഭാഗത്ത് എരുമേലിയുടെ ശിഷ്യരല്ലാത്ത സ്കൂള്‍ അധ്യാപകരേയില്ല. ഈ അധ്യാപക ശിഷ്യന്മാരിലൂടെ എരുമേലി സംഘടനയ്ക്ക് വേരോട്ടമുണ്ടാക്കി"". തന്റെ ദൗര്‍ബല്യങ്ങളെ മറച്ചുവയ്ക്കാത്തവിധം സത്യസന്ധനായിരുന്നു എരുമേലി. അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അദ്ദേഹം തന്നെ രഹസ്യപൊലീസ് ചോദ്യംചെയ്ത കഥ പറഞ്ഞു. ക്ലാസില്‍ അടിയന്തരാവസ്ഥയ്ക്കെതിരായി സംസാരിച്ച വിവരം പൊലീസിന്റെ ചെവിയിലെത്തി. രഹസ്യപൊലീസുകാരന്‍ വന്ന് പരമേശ്വരന്‍പിള്ളയെ കൂട്ടിക്കൊണ്ടുപോകണമെന്നാവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ അനുവദിച്ചില്ല. ചോദ്യംചെയ്യല്‍ ഇവിടെവച്ചാകാമെന്നായി. സ്റ്റാഫ് റൂമിനടുത്ത് മറ്റൊരുമുറിയില്‍ ചോദ്യംചെയ്യല്‍ തുടങ്ങി. താന്‍ ഭയന്നു എന്നാണ് എരുമേലി ഇതേപ്പറ്റി പറഞ്ഞത്. പൊലീസുകാരനു മുന്നില്‍ താന്‍ കരഞ്ഞുപോയി എന്നും അദ്ദേഹം വെളിപ്പെടുത്തി.

വേണമെങ്കില്‍ "ധീരതയോടെ ഞാന്‍ അയാളെ വെല്ലുവിളിച്ചെന്നോ", "ഞാനൊട്ടും പതറിയില്ല" എന്നോ മറ്റോ പറയാമായിരുന്നു. ഒടുവില്‍, വിദ്യാര്‍ഥി ഫെഡറേഷന്റെ പഴയ പ്രവര്‍ത്തകനായ പൊലീസുകാരന് എരുമേലിയെ സമാധാനിപ്പിക്കേണ്ടിവന്നു. എന്‍എസ്എസ് കോളേജില്‍ ജോലി നിഷേധിക്കപ്പെട്ട ഒരു സംഭവവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1962ലാണ്. ഇന്റര്‍വ്യൂ നടത്തുന്നത് സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍. എഴുത്തുകാരനാണ് എന്ന് ആരോ പരിചയപ്പെടുത്തി. "ആധാരം എഴുത്താണോ" എന്ന് മന്നത്തിന്റെ പരിഹാസചോദ്യം. കേരള കൗമുദിയുടെ എഡിറ്റ് പേജില്‍ എഴുതിയ ഒരു ലേഖനമാണ് മന്നത്തിനെ ചൊടിപ്പിച്ചതത്രേ!

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസബില്ലിനെക്കുറിച്ചായിരുന്നു ലേഖനം. എന്‍എസ്എസും മന്നവും ആദ്യം ബില്ലിനനുകൂലമായിരുന്നു. പിന്നീട് എതിര്‍പ്പായി. "വേഷം മാറ്റം ഭൂഷണമല്ല" എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എരുമേലി മന്നത്തിന്റെ നിലപാടുമാറ്റത്തെ വിമര്‍ശിച്ചു. "നിന്നെപോലൊരു കമ്യൂണിസ്റ്റിന് ഇവിടെ ജോലിതരില്ല" എന്ന് മന്നം പറഞ്ഞു. സാംസ്കാരികപ്രവര്‍ത്തകരുമായി അവരുടെ രാഷ്ട്രീയനിലപാടുകള്‍ പരിഗണിക്കാതെയുള്ള ആത്മബന്ധം പുലര്‍ത്താന്‍ എരുമേലിക്ക് കഴിഞ്ഞു. നിരൂപകന്‍ സി പി ശ്രീധരനുമായുള്ള സൗഹൃദം ഇതിനുദാഹരണമാണ്. സാഹിത്യത്തിലും രാഷ്ട്രീയത്തിലും തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും എതിര്‍പക്ഷത്തെ കേള്‍ക്കാനുള്ള ജനാധിപത്യബോധമുണ്ടായിരുന്നതിനാലാണ് ഇത് സാധ്യമായത്. ആധുനികരുടെ നിഷേധാത്മകതയെ എതിര്‍ക്കുമ്പോഴും തന്റെ ചരിത്രഗ്രന്ഥത്തില്‍ ആ പ്രസ്ഥാനത്തിന് വേണ്ടത്ര ഇടം നല്‍കി വ്യത്യസ്തമായ സൗന്ദര്യബോധത്തെ തിരിച്ചറിയാന്‍ എരുമേലിക്ക് സാധിച്ചു.

*
ബി അബുരാജ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

Sunday, February 16, 2014

സിനിമ പങ്കിട്ട ചങ്ങാതി

ബാലു എന്റെ കൂട്ടുകാരനായിരുന്നു. അതിലുമുപരി എന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് ഗൂണപരമായ ഊര്‍ജ്ജം പകരുന്ന ചലച്ചിത്രകാരന്‍. സിനിമയെ കുറിച്ചുള്ള എന്റെ ലാവണ്യബോധം പങ്കിടാന്‍ കഴിയുന്ന ചങ്ങാതി. പിറവിയില്‍ അഭിനയിക്കാന്‍ അര്‍ച്ചനയെ പറഞ്ഞുവിട്ടത് ബാലുവാണ്. എന്റെ കൈയ്യില്‍ നിന്ന് ഒരു സംഖ്യപോലും വാങ്ങാതെ അഭിനയിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയായിരുന്നു ശിഷ്യയെ അയച്ചത്. സ്വമ്മിലേക്ക് നായിക അശ്വനിയെ നിര്‍ദേശിച്ചതും ബാലുവായിരുന്നു. പൂണൈ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ക്കിടയില്‍ ഇത്തരത്തില്‍ വലിയ പരസ്പര സഹകരണം നിലനിന്നിരുന്നു.

എന്നേക്കാള്‍ അഞ്ചുവര്‍ഷം മുമ്പേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും എന്നോട് പ്രത്യേക കരുതല്‍ ബാലുവിനുണ്ടായിരുന്നു. സിനിമാട്ടോഗ്രാഫി പഠിച്ചിറങ്ങി സംവിധായകരായവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കിടയില്‍ വലിയ സമാനതകളുണ്ട്. ഫോട്ടോഗ്രാഫിയിലും പ്രമേയത്തിലും വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായ ചലച്ചിതകാരനാണ് ബാലു. ശിവാജി ഗണേശന്റേയും എംജിആറിന്റെയും ആധിപത്യ കാലമായിരുന്നു അത്. അവര്‍ക്ക് അവരുടേതായ ആളുകളുണ്ടായിരുന്നു. അന്നത്തെ സൃഷ്ടിപരമായ ധാരണകളെ പൊളിച്ച് ക്യാമറയെ സ്റ്റുഡിയോകളില്‍ നിന്ന് പ്രകൃതിയിലേക്ക് കൊണ്ടുപോകാനും അതിന്റെ സൗന്ദര്യം ബോധ്യപ്പെടുത്താനും ബാലുവിന് കഴിഞ്ഞു. ആ പ്രയത്നത്തില്‍ തമിഴ്നാട്ടില്‍ വ്യത്യസ്തമായ സൗന്ദര്യാനുഭൂതി സൃഷ്ടിക്കാനായി. ബാലുവിനോപ്പം ചേര്‍ന്ന് ഇളയരാജയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അക്കാലയളവില്‍ പഠിച്ചിറങ്ങിയ നിരവധി പേരും മാറ്റത്തില്‍ പങ്കാളികളായി. അന്നത്തെ താരാധിപത്യം പൊളിക്കാനും തമിഴ് സിനിമയെ ദേശീയതലത്തില്‍ അംഗീകരിപ്പിക്കാനും ബാലുവിന് സാധിച്ചു. ബാലു സ്വയം ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായി മാറി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബാല, ശശികുമാര്‍ തുടങ്ങിയ ശിഷ്യന്മാരെല്ലാം ദേശീയശ്രദ്ധ നേടി. ഇങ്ങനെ തമിഴില്‍ വ്യത്യസ്തമായ ഒരു പാരമ്പര്യം സൃഷ്ടിക്കാന്‍ ബാലുവിനായി.

ഗുരുകുല സമ്പ്രദായത്തില്‍ സിനിമാസ്കൂളും നടത്തി. പരീക്ഷയില്ലാതെ മൂന്ന് വര്‍ഷം കൊണ്ട് സിനിമ പഠിപ്പിക്കുന്ന സമ്പ്രദായം. ഒപ്പമുള്ളവരെല്ലാം മുന്നേറണമെന്ന സ്വാര്‍ഥതക്ക് അപ്പുറത്തുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ച്ചന മാത്രം സിനിമ ചെയ്തില്ല എന്ന പരാതി ഇടക്കിടക്ക് പറയും. തെന്നിന്ത്യയിലെ എല്ലാ ഭാഷയിലും സിനിമ എന്ന മാസ്മീഡിയയിലൂടെ ബാലുവിനെ പോലെ വ്യത്യസ്ത ലാവണ്യാനുഭൂതി സൃഷ്ടിക്കാനായ മറ്റ് സംവിധായകര്‍ ഇല്ല. സിലോണില്‍ ജനിച്ചുവളര്‍ന്നയാളാണ് ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തിയത്. തരളമായ പ്രണയം ബാലുവിന്റെ ജീവിതത്തേയുംസൃഷ്ടികളേയും പിന്തുടര്‍ന്നു. ദൂരദര്‍ശന്‍ ആവിര്‍ഭവിക്കുന്ന കാലത്ത് ഏറ്റവും വ്യത്യസ്തമായ സീരിയലുകള്‍ ചെയ്തു. പിറവിക്ക് ദേശീയപുരസ്കാരം കിട്ടുമ്പോള്‍ ബാലു ജൂറിയിലുണ്ടായിരുന്നു.

മികച്ച സിനിമക്കും മികച്ച സംവിധായകനുമുള്ള പുരസ്കാരം വിഭജിച്ച് നല്‍കാറുണ്ട്. എന്നാല്‍ പിറവിക്ക് ഇതുരണ്ടും ഒരുമിച്ചു ലഭിച്ചു. എനിക്ക് അര്‍ഹമായ അംഗീകാരം നേടിത്തരാന്‍ ജൂറിയില്‍ ശക്തമായി വാദിച്ചെന്ന് പിന്നീട് ആവേശത്തോടെ ബാലു പറഞ്ഞിട്ടുണ്ട്. എന്റെ സിനിമകള്‍ തിയേറ്ററിലെത്തിക്കും മുമ്പ് സ്വയം വിലയിരുത്തലിനായി ഞാന്‍ ആദ്യം കാണിക്കുന്ന സുഹൃത്തുക്കളുടെ വളരെ ചെറിയ പട്ടികയില്‍ ബാലുവുമുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സ്വപാനം മാത്രമേ ബാലു കാണാതുള്ളു. സിനിമ പൂര്‍ത്തിയായപ്പോള്‍ ചെന്നൈയില്‍ പ്രസാദ് ലാബില്‍ വച്ച് വിളിച്ചപ്പോള്‍ തിരക്കിലായിരുന്നു. സിനിമ കണാനൊത്തില്ലേലും കേരള മീന്‍കറി വാങ്ങിത്തരാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള്‍ താമസിച്ച ചെന്നൈയിലെ ഗസ്റ്റ്ഹൗസില്‍ ഒരു പ്രമുഖ പാചകക്കാരനെ വിളിച്ചുവരുത്തി മീന്‍ വാങ്ങി കറിവച്ചു. ഞങ്ങള്‍ ഒരുമിച്ച് മീന്‍ കറിയും കൂട്ടി ഭക്ഷണം കഴിച്ചതാണ് ബാലുവിനെ കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ.

*
ഷാജി എന്‍ കരുണ്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

Monday, January 20, 2014

ചരിത്രത്തിന്റെ ആള്‍രൂപം

ജീവിക്കുന്ന റഫറന്‍സ്

1977ല്‍ സിഡിഎസില്‍ പഠിക്കാന്‍ പോയനാള്‍ മുതലാണ് ആണ്ടലാട്ടിനെ പരിചയം. ഏതാണ്ട് അക്കാലത്താണ് അദ്ദേഹം ചിന്താ പബ്ലിഷേഴ്സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ വന്നത്. അന്നും പിന്നീടും ആ പ്രകൃതത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. വാരികകളുടെയും പത്രങ്ങളുടെയും കൂമ്പാരങ്ങള്‍ക്കിടയിലല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇന്നും എ കെ ജി സെന്റര്‍ ലൈബ്രറിയില്‍ ആണ്ടലാട്ട് സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതിയ ലേഖനങ്ങളുടെ വാല്യങ്ങളുണ്ട്. ചിലതെല്ലാം പ്രസിദ്ധീകരിക്കപ്പെടാത്തതാണ്. ഇന്ന് ഇപ്രകാരം കൈപ്പടയില്‍ എഴുതേണ്ടതില്ല. സ്കാനിങ്ങിന്റെയും ഫോട്ടോകോപ്പിയുടെയും സൗകര്യമുണ്ട്. അക്കാലത്ത് പകര്‍ത്തിയെഴുതലല്ലാതെ മാര്‍ഗമില്ല. നീലമഷി വടിവൊത്ത അക്ഷരത്തില്‍ ഒന്നുംവിട്ടുപോകാതെ അക്ഷരത്തെറ്റില്ലാതെ തപസ്പോലെ ആയിരക്കണക്കിന് പേജുകള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.

സിപിഐ ലൈബ്രറി, ദേശാഭിമാനി ഓഫീസ്, ഗ്രാമീണ ഗ്രന്ഥശാലകള്‍, പലരുടെയും വീടുകള്‍- എന്നിവിടങ്ങളിലെല്ലാം അദ്ദേഹം അലഞ്ഞു. സമാഹരിച്ച ലേഖനങ്ങള്‍ കാലക്രമത്തില്‍ നേതാക്കളോട് ബന്ധപ്പെടുത്തി ക്രമീകരിച്ചു. അങ്ങനെയാണ് സഖാക്കളെ മുന്നോട്ട് എന്ന കൃഷ്ണപിള്ളയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളും വേഗം പോരാ എന്ന സിഎച്ചിന്റെ സമാഹാരവും മറ്റും ഇറങ്ങിയത്. അടിക്കുറിപ്പുകളിലൂടെയും വിശദീകരണങ്ങളിലൂടെയും കൂടുതല്‍ വ്യക്തത നല്‍കാന്‍ ശ്രമിച്ചിരുന്നു. ഈ കുറിപ്പുകള്‍ ആണ്ടലാട്ടിന്റെ തനത് സംഭാവനകളാണ്. ഇവ ക്രോഡീകരിച്ചാണ് രേഖയില്ലാത്തചരിത്രം, പി കൃഷ്ണപിള്ള, സഖാവ്, രണഭൂമികളില്‍നിന്ന്, സഖാവിന്റെ കത്തുകള്‍, എം എസ് ദേവദാസിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, നവയുഗപ്പിറവി തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ നമുക്ക് ലഭ്യമായി. വാമൊഴിയെ ഇത്രമാത്രം ആശ്രയിച്ച ചരിത്രകാരന്മാര്‍ കുറവാണ്. സുവനീറുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍, പ്രാദേശിക ചരിത്രപ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വിലകൊടുത്ത് വാങ്ങാന്‍ പറ്റാത്ത, അതുകൊണ്ടുതന്നെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടില്ലാത്ത അമൂല്യ രേഖാസഞ്ചയം ആണ്ടലാട്ട് സമാഹരിച്ചു. ആണ്ടലാട്ടിന്റെ വിശകലന രീതി പല പ്രത്യേകതകളും നിറഞ്ഞതാണ്. ഏതെങ്കിലൂം ഒരു സംഭവമോ തീയതിയോ സംബന്ധിച്ച ജീവിത സ്ത്രോസുകളില്‍നിന്നുള്ള പ്രസ്താവനകള്‍ ഒരുമിച്ച് അണിനിരത്തി വ്യത്യസ്തതകളും സാമ്യങ്ങളും വൈരുധ്യങ്ങളും അനാവരണം ചെയ്യും. അങ്ങനെ യുക്തിപൂര്‍വമായി തനതായ നിഗമനത്തിലെത്തുന്നു.

ഇത്ര തലനാരിഴ കീറി പരിശോധിക്കേണ്ടതുണ്ടോ എന്ന് വായനക്കാര്‍ സംശയിച്ചേക്കാം. കൃത്യതകളില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലായിരുന്നു. പുരോഗമന സാഹിത്യചരിത്രത്തിലും ആണ്ടലാട്ടിന് അവഗാഹമുണ്ടായിരുന്നു. കെ പി ജി ജീവിതവും പ്രവര്‍ത്തനവും, കാവ്യവും ദര്‍ശനവും, ജീവിതദര്‍ശനം സൗന്ദര്യബോധം, പുരോഗമന സാഹിത്യവും കമ്യൂണിസ്റ്റുകാരും തുടങ്ങി പല ലഘുഗ്രന്ഥങ്ങളും എഴുതി. 1957 ഏപ്രില്‍ അഞ്ചിന്റെ പൊരുള്‍ സ്വന്തം അനുഭവത്തിന്റെകൂടി അടിസ്ഥാനത്തില്‍ എഴുതിയതാണ്. എന്റെ "വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍" കമ്യൂണിസ്റ്റുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വേണ്ടത്ര തുറന്നുകാട്ടിയില്ല എന്ന വിമര്‍ശം അദ്ദേഹത്തിനുണ്ടായി. ഇത് മനസില്‍ വച്ചായിരുന്നു അത് സംബന്ധിച്ച ഗ്രന്ഥം അദ്ദേഹം തയ്യാറാക്കിയത്. അക്കാദമിക ചരിത്രകാരന്മാര്‍ ആണ്ടലാട്ടിന്റെ സംഭാവനകളെ വേണ്ടവിധത്തില്‍ മാനിച്ചിട്ടില്ല. പക്ഷേ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെക്കുറിച്ചുള്ള അക്കാദമിക് പഠനങ്ങളില്‍ ആണ്ടലാട്ടിന്റെ ഗ്രന്ഥങ്ങള്‍ അനിവാര്യമായ റഫറന്‍സ് സാമഗ്രിയാണ്.

*
ഡോ. തോമസ് ഐസക്


ചരിത്രത്തിന്റെ ആള്‍രൂപം

ചരിത്രം എഴുതാന്‍ ഉപയോഗിച്ച മഷി ദ്രവരൂപത്തിലുള്ള മുന്‍വിധികളാണെന്ന് പറഞ്ഞത് മാര്‍ക് ട്വയിന്‍. ഫലിത പ്രിയനായ ആ അമേരിക്കന്‍ എഴുത്തുകാരന്‍ സാമുവല്‍ ലാന്‍ഘോര്‍നെ ക്ലെമെന്‍സ് എന്ന പേരില്‍നിന്നാണ് മാര്‍ക് ട്വയിന്‍ എന്ന തൂലികാനാമത്തിലെത്തിയത്. ഫലിതം നിറഞ്ഞ നീണ്ടകഥകളിലൂടെ പേരെടുത്ത അദ്ദേഹം യാത്രാവിവിവരണങ്ങളിലൂടെയും ശ്രദ്ധേയനായി. 1876ല്‍ പ്രാദേശിക പത്രത്തിന്റെ ധനസഹായ പിന്തുണയില്‍ നടത്തിയ മെഡിറ്ററേനിയന്‍ സഞ്ചാരങ്ങളാണ് പിന്നീട് "ദി ഇന്നസെന്റ്സ് അബ്രോഡ്" എന്ന ശീര്‍ഷകത്തില്‍ സമാഹരിക്കപ്പെട്ടത്. സുദീര്‍ഘങ്ങളായ യാത്രകളും വിവിധ ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളും അപരിചിത ഭൂഖണ്ഡങ്ങളിലൂടെയുള്ള പര്യവേക്ഷണങ്ങളും ചേര്‍ന്നുള്ള പാഠങ്ങളാണ് മാര്‍ക് ട്വയിനിന്റെ ചരിത്രസമീപനം രൂപപ്പെടുത്തിയത്. ദ്രവരൂപത്തിലുള്ള മുന്‍വിധികള്‍ എന്ന രൂപകം എഴുതപ്പെട്ട ചരിത്രത്തിലെ വിഭാഗീയതയെയാണ് കടന്നാക്രമിച്ചതും. വേട്ടപ്പട്ടികള്‍ ചരിത്രമെഴുതുംവരെ ചരിത്രം വേട്ടക്കാരുടേത് മാത്രമായിരിക്കുമെന്ന നിക്കരാഗ്വന്‍ ചൊല്ലും ഏകപക്ഷീയതകളെ യാണ് അടിവരയിട്ടത്.

കേരള ചരിത്രത്തിലെ അക്കാദമിക് കപടനാട്യത്തിനും വരേണ്യവാദ സമീപനങ്ങള്‍ക്കും ബദല്‍ നിരത്തിയാണ് ആണ്ടലാട്ട് വ്യത്യസ്തനായതെന്ന് പറയാം. ഔദ്യോഗിക സ്ഥാപനങ്ങള്‍ അന്ധത നടിച്ച മേഖലകളില്‍ നഗ്നപാദനായും സാഹസികമായും നടന്ന് പുതിയ ഉപദാനം കണ്ടെടുക്കുകയായിരുന്നു അദ്ദേഹം. തിരസ്കൃതമായ ചരിത്രത്തിന് അതിലൂടെ മുഖവുരയെഴുതി ആണ്ടലാട്ട്. ചീകിയൊതുക്കാത്ത മുടിയും അലസമായിട്ട മീശയും നനച്ചുവെളുപ്പിക്കാത്ത വസ്ത്രവും നീളന്‍ തുണി സഞ്ചിയുമെടുത്ത് നാടന്‍ കുണ്ടിടവഴികളിലും തിരക്കൊഴിയാത്ത ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും നിശ്ശബ്ദനായിനിന്നും നടന്നുമായിരുന്നു ആ യാത്രകള്‍. രാഷ്ട്രീയം ഞായറാഴ്ച വിനോദമായി സുഖിച്ച ധനിക നേതൃത്വത്തിന്റെ ചൂതുകളിയല്ല ചരിത്രമെന്ന് പണ്ഡിതന്മാര്‍ പലവട്ടം ഓര്‍മപ്പെടുത്തിയത് ആണ്ടലാട്ട് പ്രയോഗത്തിലൂടെ തെളിയിക്കുകയായിരുന്നു. തിരുവനന്തപുരത്തെ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തെ ജനകീയ റഫറന്‍സ് വിഭാഗമായി വിപുലമാക്കുന്നതില്‍ ക്ഷമാപൂര്‍ണമായ ആ സന്നദ്ധത വഹിച്ച പങ്ക് വലുതാണ്. ഇഴയറ്റുനിന്ന ചരിത്ര സന്ദര്‍ഭങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ദ്രവിച്ചുതീര്‍ന്ന താളിയോലകളിലും പൊടിഞ്ഞുതീര്‍ന്ന കടലാസുകളിലും കെട്ടുപൊട്ടിയ സുവനീറുകളിലും ആണ്ടലാട്ട് പരിഭവങ്ങളേതുമില്ലാതെയാണ് മണിക്കൂറുകള്‍ ചെലവഴിച്ചത്. വലിയ നാട്യത്തോടെയായിരുന്നില്ല അതെല്ലാം എന്നതും എടുത്തു പറയേണ്ടതാണ്.

ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി, ചിന്തവാരിക തുടങ്ങിയ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണ വിഭാഗങ്ങള്‍ക്കെല്ലാം അദ്ദേഹം നല്‍കിയ സംഭാവനകളും മറക്കാവുന്നതല്ല. ദേശാഭിമാനിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും രൂപപരിണാമങ്ങള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍ക്കുപിന്നിലെ ആദ്യ പ്രേരകശക്തിയും അദ്ദേഹമായിരുന്നു. അപ്രശസ്തങ്ങളായ നാടന്‍ ഗ്രന്ഥശാലകളില്‍നിന്നും വ്യക്തികളുടെ പുസ്തക ശേഖരങ്ങളില്‍നിന്നും തെരുവോരങ്ങളിലെ പഴയ പുസ്തകച്ചന്തകളില്‍നിന്നും അലഞ്ഞു കണ്ടെത്തിയവയെല്ലാം സ്വന്തമാക്കാതെ പൊതുസ്വത്താക്കി നിലനിര്‍ത്തുന്നതിലും ആ ശ്രദ്ധയുണ്ടായി. പുതിയ തലമുറയുടെ മിനുങ്ങിയ ചിന്തകളില്‍ ആഴമേറിയ വഴിതുറന്നവയായിരുന്നു ആണ്ടലാട്ടിന്റെ പല രചനകളും. അക്കാദമിക ലോകവും സാമൂഹ്യ ചിന്തകരും രാഷ്ട്രീയ വിദ്യാര്‍ഥികളും ഡോക്യുമെന്റേഷന്‍ വിദഗ്ധരുമെല്ലാം അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ അവര്‍ക്കെല്ലാം മുന്നില്‍ എത്രനേരം ഇരിക്കാനും അദ്ദേഹത്തിന് മടിയുണ്ടാകാറില്ല.
നവോത്ഥാനത്തിന്റെ പടര്‍ന്നു വളര്‍ന്ന ചില്ലകള്‍. ആദ്യകാല തൊഴിലാളി - കര്‍ഷക മുന്നേറ്റത്തിന്റെ കൈവഴികള്‍. അധ്യാപക - സാഹിത്യ സംഘാടനത്തിന്റെ ഉണര്‍വുകള്‍. അവയിലെയെല്ലാം ചെറുവ്യക്തിത്വങ്ങളും നിസ്സാര സന്ദര്‍ഭങ്ങളുംവരെ അദ്ദേഹം മുങ്ങിയെടുത്തു. കമ്യൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകന്‍ പി കൃഷ്ണപ്പിള്ളയുടെ ജീവിതവും സമരചിന്തകളുമായി ബന്ധപ്പെട്ട പല രേഖകളും വെളിച്ചം കണ്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു. കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ പിറവി പോലുള്ള ലഘുകൃതികള്‍ അതിന്റെ അനുബന്ധവും. രേഖയില്ലാത്ത ചരിത്രം എന്ന ശീര്‍ഷകം ആണ്ടലാട്ടിന്റെ ചരിത്രാന്വേഷണ സമീപനത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ്. സ്വന്തം പേര് അച്ചടിച്ചുവരാനുള്ള സൂത്രപ്പണിയായല്ല അദ്ദേഹം എഴുത്തിനെ കണ്ടിരുന്നത്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിതാക്രമണ വേളകളിലെല്ലാം വസ്തുതകളും സത്യങ്ങളും നിരത്തി പ്രതിരോധത്തിന്റെ വഴി തുറക്കാന്‍ മുന്നിട്ടിറങ്ങുകയുമുണ്ടായി. താത്ത്വികാപഗ്രഥനങ്ങള്‍ക്ക് പിന്‍ബലവും ഉള്ളടക്കവും മൂര്‍ച്ചയും നല്‍കാനുള്ള കൂട്ടിച്ചേര്‍ക്കലുകളായിരുന്നു അവയില്‍ പലതും. ഇന്നത്തെ കേരളത്തിന്റെ സര്‍വതോന്മുഖങ്ങളായ പുരോഗതിക്കും കുതിപ്പിനും തെളിഞ്ഞ മുഖത്തിനും പിന്നില്‍ അസംഖ്യം പോരാട്ടങ്ങളുടെയും മനുഷ്യരുടെയും ചോരയോട്ടമുണ്ടായിരുന്നെന്ന് ആണ്ടലാട്ട് പറയാറുള്ളത് വികാരത്തിന്റെ ഭാഷയിലായിരുന്നില്ല. മറിച്ച് വസ്തുതകളുടെ പിന്‍ബലത്തിലായിരുന്നു. ജാതിചിന്തകളും അയിത്തവും ചൂഷണവും ഏതെല്ലാം രൂപങ്ങളില്‍ നിലനിന്നിരുന്നുവെന്നതിന്റെ എത്രയോ ജീവിത സത്യങ്ങള്‍ നിരത്താനും അദ്ദേഹത്തിനായി.

*
അനില്‍കുമാര്‍ എ വി

Monday, January 6, 2014

ഹൃദയത്തില്‍ പൂത്ത ബന്ധം

കോഴിക്കോട് ആകാശവാണിയുടെ തട്ടകത്തില്‍നിന്ന് വളര്‍ന്നു വന്ന ഗായകനും സംഗീത സംവിധായകനുമായിരുന്നു കെ പി ഉദയഭാനു. പാലക്കാട്ടുകാരനായ ഉദയഭാനുവിന്റെ കോഴിക്കോട്ടേക്കുള്ള താമസമാറ്റമായിരുന്നു ആകാശവാണിയില്‍ എത്തിച്ചതും അറിയുന്ന പാട്ടുകാരനാക്കിയതും. 1956 ലായിരുന്നു അത്.

/പതിനേഴാം വയസില്‍ സ്റ്റാഫ് ആര്‍ടിസ്റ്റായിട്ടായിരുന്നു നിയമനം. കോഴിക്കോട്ടെ സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം അന്ന് ആകാശവാണിയില്‍ ഉണ്ടായിരുന്നു. അക്കിത്തം, കെ രാഘവന്‍, പി ഭാസ്കരന്‍, എന്‍ എന്‍ കക്കാട്, ഉറൂബ്, ശാന്ത പി നായര്‍, തിക്കോടിയന്‍, കെ എ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍. ഇവരോടെല്ലാം ബന്ധമുണ്ടാക്കാന്‍ ഉദയഭാനുവിന് കഴിഞ്ഞു. ആകാശവാണിയിലെ 19 വര്‍ഷത്തെ സൗഹൃദാന്തരീക്ഷമാണ് ഉദയഭാനുവിനെ സൃഷ്ടിച്ചതെന്ന് മഹാകവി അക്കിത്തം പറയുകയുണ്ടായി. ഉദയഭാനു അനൗണ്‍സറായാണ് ജോലിയില്‍ പ്രവേശിച്ചത്. മികച്ച ഗായകനായതിനാല്‍ പാടുകയും ചെയ്തിരുന്നു. നല്ല നടനായിരുന്നതിനാല്‍ തിക്കോടിയന്റെ ആവശ്യപ്രകാരം അഭിനയിക്കുകയുമുണ്ടായി. ഉറൂബിന്റെ സ്പോക്കണ്‍ വേഡ് വിഭാഗത്തിലും പരിപാടി അവതരിപ്പിച്ചു.

ആകാശവാണിയിലെ ജീവിതത്തിനിടയിലാണ് അദ്ദേഹം ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്. കേരളത്തിലെ നിലയങ്ങളിലെല്ലാം പ്രവര്‍ത്തിക്കുമ്പോഴും ഗായകന്‍ എന്ന നിലയ്ക്ക് ഉദയഭാനു എല്ലാ പാട്ടുകളിലെല്ലാം കഴിവിന്റെ പരമാവധി പുറത്തെടുത്തു. ഒരിക്കല്‍ ഉദയഭാനു റെക്കോഡിങ്ങ് മെഷീന്‍ തൂക്കി ബസ്സില്‍ തൃശൂരില്‍ പോയി. പ്രധാനമന്ത്രിയുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്ത് പാതിരായ്ക്ക് തീവണ്ടിയില്‍ക്കയറി പ്രഭാതത്തില്‍ കോഴിക്കോടെത്തിയ ഉടനെ ഓഫീസില്‍ പോയി റിക്കോര്‍ഡ് ഏല്‍പ്പിച്ചേ വിശ്രമിച്ചുള്ളൂ. തിരുവനന്തപുരം നിലയത്തിലും ഉദയഭാനു ജോലി ചെയ്തു. പി പത്മരാജന്‍, എം ജി രാധാകൃഷ്ണന്‍, വീരരാഘവന്‍ എന്നിവര്‍ക്കൊപ്പം ഉദയഭാനു എന്ന ഗായകനെയും വ്യക്തിയെയും ഒരിക്കലും മറക്കാനാവില്ല.

എന്റെ സംഗീതജീവിതത്തിലെ പല നിര്‍ണായക ഘട്ടങ്ങള്‍ക്കും സാക്ഷിയായി അദ്ദേഹവുമുണ്ടായിരുന്നു. പ്രഥമ ചിത്രമായ കാല്‍പാടുകളുടെ റിക്കോര്‍ഡിങ് വേളയിലാണ് ആദ്യമായി കാണുന്നത്. മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ പാട്ടുകാരില്‍ ഒരാളായിരുന്നു. അതിന്റെ തലക്കനമൊന്നും സംസാരത്തിലുണ്ടായിരുന്നില്ല. എന്റെ ജീവിതത്തില്‍ വഴിത്തിരിവായ റോസിയിലെ "അല്ലിയാമ്പല്‍ കടവില്‍" ഉദയഭാനുവിന് പാടാന്‍വച്ചതായിരുന്നു. അദ്ദേഹത്തിന് അസുഖം മൂലം കഴിയാതെ വന്നപ്പോഴാണ് എന്നെ സമീപിക്കുന്നത്. വൈമനസ്യത്തോടെ ക്ഷണം സ്വീകരിച്ചു. ഉദയഭാനു സ്നേഹപൂര്‍വം നിര്‍ബന്ധിച്ചപ്പോള്‍ പാടാതിരിക്കാനായില്ല.

പുതിയ മനുഷ്യൻ

2012ലെ തിരുവനന്തപുരം ചലച്ചിത്രോത്സവ സമയത്താണ് ഉദയഭാനുയേട്ടനെ ഒടുവില്‍ കണ്ടത്. ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍. രമേശ് ഗോപാലകൃഷ്ണന്റെ കര്‍ണാടക സംഗീതകാരന്മാര്‍, ജനപ്രിയ സംഗീതം എന്നീ പുസ്തകങ്ങളും അജിത് നമ്പൂതിരിയുടെ മേളരാഗാമൃതവും. രമേശിന്റെ പുസ്തകം പ്രകാശിപ്പിച്ചത് ഉദയഭാനു. രണ്ടും ഏറ്റുവാങ്ങിയത് ഞാന്‍. വേദിയിലേക്ക് വീല്‍ചെയറില്‍ കയറ്റുകയായിരുന്നു ഭാനുയേട്ടനെ. അതില്‍ ഇരുന്നുതന്നെയായിരുന്നു പ്രകാശനം. എന്തോ പറഞ്ഞു. ഒന്നും വ്യക്തമായില്ല. ഇത്ര അവശതയില്‍ കൊണ്ടുവന്നതെന്തിനെന്ന് രമേശിനോട് ചോദിച്ചു. അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഫോണിലൂടെ ആ ആഗ്രഹം പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നു. വന്നപ്പോഴാണ് രമേശും സ്ഥിതി അറിയുന്നത്.

ഇത്രയും മോശമായ ഒരവസ്ഥയില്‍ പോലും പൊതുപരിപാടികളില്‍ വരാനുള്ള ഉദയഭാനുവിന്റെ താല്‍പര്യമാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. വല്ലാത്ത അവശതയിലും യുവാക്കളെപ്പോലെ പുതിയ രീതിയിലുള്ള വസ്ത്രങ്ങളാണ് ഇട്ടിരുന്നത്. നമ്മുടെ ചലച്ചിത്ര സംഗീതത്തിന്റെ തുടക്കത്തിലെ ഈ ഗായകന്‍ എപ്പോഴും പുതിയ കാലത്താണ് ജീവിച്ചത്. അദ്ദേഹത്തിന്റെ മനസ്സില്‍ ആ നാളുകള്‍ പച്ചപിടിച്ചുനിന്നിരുന്നു. അപ്പോഴും പുതിയ മനുഷ്യനായിത്തന്നെ പെരുമാറി. കോഴിക്കോട് നഗരത്തിലൂടെ ഹാഫ്ട്രൗസറുമിട്ട് അദ്ദേഹം നടന്നുപോയത് ഓര്‍മയിലുണ്ട്. കൂടെ ഞാനും. എന്നെക്കാളും എത്രയോ മുതിര്‍ന്ന മനുഷ്യന്‍. എന്റെ വേഷം കണ്ടാല്‍ പഴയ ആളാണെന്നേ പറയൂ. ഏകലവ്യന്‍ സിനിമ കാണാന്‍ പോയതാണ്. വേഷത്തിലും പെരുമാറ്റത്തിലും ഏറ്റവും ആധുനികന്‍. ഇതദ്ദേഹത്തിന്റെ സവിശേഷത. രമേശ് ഫോണില്‍ വിളിച്ചപ്പോള്‍ ഒഴിവാകാതിരുന്നതിന് മറ്റൊരു കാരണവുമുണ്ട്: ആരോടും വയ്യ എന്ന് പറയാന്‍ കഴിയില്ല അദ്ദേഹത്തിന്.

മാസങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ സംഗീത ജീവിതം നിരീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയ്ക്കായിരിക്കണം സംവിധായകന്‍ കമല്‍ എന്നെ വിളിച്ചിട്ടുണ്ടാവുക. ഞാന്‍ പാടുകയും പറയുകയും ചെയ്തു. ആ പരിപാടിയില്‍ വന്നവരെല്ലാം അദ്ദേഹത്തിന്റെ സുഹൃദ്വലയത്തിലുള്ള പ്രായം കുറഞ്ഞവരായിരുന്നു. എല്ലാ തലമുറയുമായും അടുത്ത ബന്ധം. അധികമൊന്നും സംസാരിക്കാതെ അദ്ദേഹത്തിന് അതിന്റെ ആഴം സൂക്ഷിക്കാനുമായി. കോഴിക്കോട് വി ആര്‍ സുധീഷും മറ്റും സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ പഴയ ഓര്‍മ പങ്കുവെച്ചു. എന്റെ ഹൈസ്കൂള്‍ പഠന കാലത്ത് കത്തയച്ച കഥ. മടക്കം തപാല്‍ കവര്‍ വച്ചായിരുന്നു അത്. ചെറിയ ആവശ്യം. അദ്ദേഹത്തിന്റെ കൈപ്പടയില്‍ അനുരാഗ നാടകത്തില്‍ എന്ന ഗാനം എഴുതി അയച്ചുതരണം. പാട്ടിന്റെ വരികള്‍ കിട്ടാഞ്ഞിട്ടല്ല. ആ കൈപ്പടയില്‍ വേണമെന്നതാണ് ആവശ്യം. സ്റ്റാമ്പും കവറും പോയതല്ലാതെ ഒന്നും സംഭവിച്ചില്ല. ഒരു കുട്ടിയോടു നിഷ്കരുണം പെരുമാറിയ അദ്ദേഹത്തോട് കുറേക്കാലം വെറുപ്പായിരുന്നു. പിന്നീട് അതെല്ലാം ഇല്ലാതായി. "അനുരാഗനാടകത്തില്‍" കേള്‍ക്കുമ്പോള്‍ കൂടുതല്‍ സ്നേഹവും തോന്നി. ഓരോ തവണയും അത് കൂടിവന്നു.

ഗാനമേളകള്‍ക്ക് പോയാല്‍ കൂടുതല്‍ പാടാന്‍ മടിയാണ് അദ്ദേഹത്തിന്. കമുകറയാണെങ്കില്‍ തിരിച്ചും. കൂടുതല്‍ പാട്ടുകള്‍ പാടിയാല്‍ പോരാ. കൈയടി കിട്ടണം. ഉദയഭാനു ഇതൊന്നും ശ്രദ്ധിക്കില്ല. വികാരഭരിതമായി വൃത്തിയായി പാടുന്നു. കൈയടിക്കാം, കൂവാം അത് നിങ്ങളുടെ ജോലി. ചില വേദിയില്‍ അവശനായിരിക്കുമ്പോള്‍ അനുരാഗ നാടകത്തിലും വെള്ളിനക്ഷത്രമേയും കാനനഛായയിലുമൊക്കെ പാടുമ്പോള്‍ ഞാന്‍ കൈകൂപ്പിയിട്ടുണ്ട്. എന്തൊരു നിറവ്! ആദ്യകാലത്ത് പാടിയതിനെക്കാള്‍ നന്നായിരിക്കുന്നു. മറ്റുള്ളവരുടെ പാട്ടുകള്‍ പാടാന്‍ അദ്ദേഹത്തിന് വിരോധമുണ്ടായില്ല. കോഴിക്കോട്ട് അബ്ദുള്‍ഖാദറിന്റെ എങ്ങനെ നീ മറക്കും കുയിലേയും മെഹ്ബൂബിന്റെ മാനെന്നും വിളിക്കില്ലയും ഓട്ടക്കണ്ണിട്ടുനോക്കും കാക്കെയുമൊക്കെ അദ്ദേഹം പാടും.

ഞാന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിന്റെ ശീര്‍ഷകം. പക്വമായ പാട്ട് എന്നാണ്. ആ ആവിഷ്കരണ രീതിയെ അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നുന്നത്. മറ്റു പലരും പാടിയത് കേള്‍ക്കുമ്പോള്‍ എന്റെ ഗായകമനസ്സില്‍ ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. ആ ഗാനത്തെ പൂര്‍ണമായി ആവിഷ്കരിച്ചോ എന്നൊരു സംശയം. ഉദയഭാനുവിന്റെ പാട്ടില്‍ സംഗീതം പൂര്‍ണത കൈവരിക്കുന്നു.

*
വി ടി മുരളി

ഗാനശാഖയിലെ ശോകരാഗം

പുരുഷശാരീരത്തിന്റെ പരിപൂര്‍ണതയും ഹൃദയദ്രവീകരണശക്തിയുള്ള ഭാവപൂര്‍ണിമയും ചേര്‍ന്ന ഗായകന്‍. മലയാളം എക്കാലവും ഓര്‍ക്കുന്ന ശോകഗാനങ്ങള്‍ പാടിയതാരെന്ന് ചോദിച്ചാല്‍ നമുക്ക് അതിനുത്തരം പറയാം- കെ പി ഉദയഭാനു. ചുടുകണ്ണീരാലെന്‍ ജീവിതകഥ ഞാന്‍, അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു, വെള്ളിനക്ഷത്രമേ നിന്നെ നോക്കി എന്നീ മൂന്ന് ശോകഗാനങ്ങള്‍ മതി ഉദയഭാനുവിനെ എക്കാലവും ഓര്‍ക്കാന്‍. പാടുമ്പോള്‍ തികച്ചും മറ്റൊരാളായി മാറുന്ന ആത്മസംക്രമണമാണ് അദ്ദേഹത്തിന്റെ സംഗീതത്തെ വ്യത്യസ്തമാക്കുന്നത്. മജ് നുവായും രമണനായും സ്വയം രൂപാന്തരം പ്രാപിക്കാന്‍ കഴിയുന്ന ആ മാസ്മരികതയെ സംഗീതത്തിന്റെ അളവുകോല്‍ കൊണ്ടു മാത്രം അളക്കാന്‍ പ്രയാസമാണ്.

ആയിരക്കണക്കിന് പാട്ടുകള്‍ പാടിയ ഗായകര്‍ നമുക്കുണ്ട്. ഉദയഭാനുവിന്റേതായി നമ്മുടെ സിനിമയില്‍ 200 പാട്ടുകളിലധികവം വരില്ല. അവയെല്ലാം മലയാളികള്‍ ഇന്നും മൂളുന്നവയാണ്. എം ഡി രാമനാഥന്‍പോലുള്ള മഹാ പ്രതിഭകളുടെ കീഴില്‍ ശാസ്ത്രീയമായി പഠിച്ചശേഷം ലളിതസംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ഉദയഭാനു മലയാളത്തിലെ ലളിതസംഗീതശാഖക്കും കോറസ് സംഗീതത്തിനും വലിയ സംഭാവന നല്‍കി. അസാമാന്യ പ്രതിഭയുണ്ടായിരുന്നെങ്കിലും നിഷ്കളങ്കനായ സാധാരണമനുഷ്യനായിരുന്നു ഉദയഭാനു. പരാതിയില്ലാതെ, അവഗണനയും ഒറ്റപ്പെടലും സഹിച്ച് സംഗീതസേവനം നടത്തി. വളരെ നല്ല ഗായകനായി നില്‍ക്കുമ്പോള്‍ മലയാള ചലച്ചിത്രസംഗീതത്തില്‍ നിന്ന് അകറ്റപ്പെട്ടു. കമുകറ പുരുഷോത്തമനും ഉദയഭാനുവും മലയാളസിനിമയില്‍ കേട്ട ഏറ്റവും മികച്ച പുരുഷശാരീരത്തിന്റെ ഉടമകളായിരുന്നു. ഗായകരെന്ന നിലയില്‍ ഏറ്റവും നല്ല പ്രായത്തില്‍ ഇരുവരും ഒഴിവാക്കപ്പെട്ടത് വലിയ നഷ്ടമായി.

നഷ്ടപ്പെട്ട അവസരങ്ങളെയോര്‍ത്ത് വിഷാദിക്കാതെയാണ് ഉദയഭാനു സംഗീതജീവിതം പൂര്‍ത്തിയാക്കിയത്. ഒരു ഗായകനെ സംബന്ധിച്ച് പാടാന്‍ അവസരം കിട്ടാത്തതാണ് വലിയ ദുഃഖം. അത് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. കാല്‍പ്പാടുകള്‍ സിനിമയില്‍ പാടുന്ന സമയത്താണ് യേശുദാസിനെ കെ എസ് ആന്റണി കൊണ്ടുവന്നത്. പുതിയവര്‍ക്ക് അവസരം നല്‍കുന്നതിന് സന്തോഷത്തോടെ ഉദയഭാനു വഴിയൊരുക്കി. ആ ഉദാരത അദ്ദേഹത്തിനുനേരെയുണ്ടായില്ല. ഉദയഭാനുവിനെ സിനിമാ പിന്നണിഗായകനായി കൊണ്ടുവന്നതും പല ഗാനങ്ങളും പാടിച്ചതും ശരിയായ തീരുമാനമായിരുന്നുവെന്ന് ആ ഗാനങ്ങള്‍ തെളിയിക്കുന്നുണ്ട്.

1958ല്‍ "നായരു പിടിച്ച പുലിവാല്" എന്ന സിനിമയില്‍ "എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍" പാടി പിന്നണിഗായകനായ അദ്ദേഹം എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ പാടി. പക്ഷേ 1968ല്‍ ലവ് ഇന്‍ കേരളയില്‍ "അമ്മേ മഹാകാളിയമ്മേ" പാടിയശേഷം വിളിക്കുന്നത് 2000-ാമാണ്ടിലാണ്-കണ്ണാടിക്കടവത്ത് സിനിമയില്‍. പത്തു വര്‍ഷത്തിനുശേഷം താന്തോന്നി എന്ന ചിത്രത്തില്‍ "കാറ്റുപറഞ്ഞതും" പാടാന്‍. 1968ല്‍ മലയാളസിനിമ ഉദയഭാനുവിനെ ഉപേക്ഷിക്കുമ്പോള്‍ പ്രായം 32. ഗായകന്റെ കഴിവുകള്‍ വികസിക്കുന്ന കാലം. എന്തിനായിരുന്നു പ്രതിഭാശാലിയായ ഗായകനെ യുവത്വത്തില്‍ തന്നെ വേണ്ടെന്നുവെച്ചത്? മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ശില്‍പ്പികള്‍ ഈ തെറ്റിന് ഉത്തരവാദികളാണ്. പറയാതെവയ്യ. പിന്നണിഗായകരുടെ മറ്റു സംഭാവനകള്‍ മറക്കുന്നതാണ് സമൂഹത്തിന്റെ ശീലം. 38 വര്‍ഷത്തെ ആകാശവാണിയിലെ സേവനത്തിനിടെ നിരവധി പാട്ടുകള്‍ക്ക് ഈണം നല്‍കിയും പരിപാടികള്‍ സംവിധാനം ചെയ്തും അദ്ദേഹം സജീവമായി.

1947ന്റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ സ്വാതന്ത്ര്യസമര കവിതകള്‍ക്കും മലയാളത്തിലെ പ്രശസ്തമായ 32 കവിതകള്‍ക്കും ഈണം നല്‍കി അവതരിപ്പിച്ച പരിപാടികളുടെ മുഖ്യശില്‍പ്പിയായിരുന്നു. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയ വാദ്യവൃന്ദം ഉദയഭാനുവിലെ സംഗീതകാരനെ ഉയര്‍ത്തിക്കാട്ടി. ആകാശവാണിയിലെ നിരവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 1984ല്‍ മലയാള സിനിമയുടെ സുവര്‍ണകാലത്തെ മികച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി "ഓള്‍ഡ് ഈസ് ഗോള്‍ഡ്" സംഗീതപരിപാടിക്കും തുടക്കം കുറിച്ചു. സമസ്യയിലെ "കിളി ചിലച്ചു" മതി അദ്ദേഹത്തിലെ സംഗീത സംവിധായകനെ മനസ്സിലാക്കാന്‍.

*
വി ജയിൻ

Sunday, December 29, 2013

റോസമ്മ പുന്നൂസ്: പിന്നിട്ട രാഷ്ട്രീയ വഴികള്‍

1938ലാണ് അക്കാക്കയെന്ന അക്കമ്മ ചെറിയാന്റെ കൈപിടിച്ച് റോസമ്മ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. അന്നു നെഞ്ചേറ്റിയ രാഷ്ട്രീയത്തെ റോസമ്മ പിന്നീട് ഒരിക്കലും ഉപേക്ഷിച്ചില്ല.— അക്കാമ്മ കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ യുവത്വത്തിന്റെ ആവേശവുമായി റോസമ്മ 48ല്‍ സി പി ഐയിലെത്തി. രാഷ്ട്രീയത്തില്‍ രണ്ടുപേരും വിരുദ്ധ ചേരികളിലായെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തെ അത് ഒരിക്കലും ബാധിച്ചില്ല. കുടുംബത്തിലുള്ളവര്‍ എല്ലാവരും തികഞ്ഞ കോണ്‍ഗ്രസുകാരായിട്ടും റോസമ്മ ഇടതുപക്ഷത്തിന്റെ പാത പിന്തുടര്‍ന്നത് യാദൃച്ഛികം മാത്രം.
റോസമ്മയെ ചരിത്രവനിതയാക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോടെം സ്പീക്കര്‍, കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞടുപ്പിലെ വിജയി എന്നിങ്ങനെ കേരള നിയമസഭാ ചരിത്രത്തിലെ പല റെക്കോഡുകളും റോസമ്മയ്ക്ക് സ്വന്തം. ഒപ്പം കേരളത്തില്‍നിന്ന് ആദ്യമായി ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ചുകയറിയ ദമ്പതികളെന്ന ബഹുമതിയും റോസമ്മയ്ക്കും പുന്നൂസിനും. 1957ല്‍ ദേവികുളത്തു നിന്നു റോസമ്മ നിയമസഭയിലെത്തിയപ്പോള്‍ പി ടി പുന്നൂസ് ആലപ്പുഴയില്‍ നിന്നാണ് ലോക്‌സ‘യിലെത്തിയത്.

രാഷ്ട്രീയകാര്യത്തില്‍ മാത്രമായിരുന്നില്ല പുന്നൂസും റോസമ്മയും വിപ്ലവം തീര്‍ത്തത്. അത് സ്വന്തം ജീവിതത്തിലേക്കും പകര്‍ത്തി. അക്കാലത്ത് കത്തോലിക്ക വനിതയും മാര്‍ത്തോമാ യുവാവും തമ്മില്‍ വിവാഹിതരാവുന്ന കാര്യം സഭകള്‍ക്ക് അംഗീകരിക്കാനേ ആവില്ല. ഒന്നിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ മനസും പങ്കുവച്ച ഇവര്‍ തങ്ങള്‍ ഒന്നിച്ചേ ജീവിക്കൂ എന്ന ദൃഢ പ്രതിജ്ഞയിലും. ഒടുവില്‍ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സഭയും മുട്ടുമടക്കി. രാഷ്ട്രീയ പാരമ്പര്യമുള്ള കരിപ്പാപ്പറമ്പിലെ കൊച്ചിന്റെ കല്യാണത്തിന് പോപ്പിന്റെ പ്രത്യേകാനുവാദം കിട്ടി. അതിനിടയില്‍ കല്യാണത്തിന് മറ്റൊരു തടസ്സം കൂടി. ആ സമയത്ത് പി ടി പൂന്നൂസ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒളിവിലാണ്. പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കും. ഒടുവില്‍ കല്യാണം നടന്നത് കൊച്ചിയിലുള്ള  പള്ളിയില്‍ വച്ച്. രാഷ്ട്രീയ രംഗത്തെ എല്ലാവരും പങ്കെടുത്ത വിവാഹത്തില്‍ വധൂവരന്മാരെ ആശിര്‍വദിക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവികള്‍ ഉള്ളൂരും കുമാരനാശാനും എത്തിയിരുന്നു. പിന്നീട് ഒളിവിലിരുന്നു തന്നെയാണ് 48ലെ തെരഞ്ഞെടുപ്പില്‍ പി ടി പുന്നൂസ് മത്സരിച്ചതും. അന്ന് അച്ഛന് വേണ്ടി വോട്ടുതേടിയത് നാലുവയസുകാരന്‍ തോമസ് പുന്നൂസായിരുന്നു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ‘യിലെ അംഗമായതിന് ശേഷം കോടതിവിധിയിലൂടെ സ്ഥാനം നഷ്ടപ്പെട്ട റോസമ്മ 1958ല്‍ ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയായി. എന്നാല്‍ മന്ത്രിസ‘യിലെ ഒരുമന്ത്രിമാരും വോട്ടുതേടി മണ്ഡലത്തിലേക്ക് പോവേണ്ടതില്ലെന്നായിരുന്നു ഇച്ഛാശക്തി ഏറെയുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി കെ നായര്‍ക്കു വേണ്ടി കാമരാജും ഇന്ദിരാഗാന്ധിയും വരെ രംഗത്തെത്തി. എന്നിട്ടും പാര്‍ട്ടി തീരുമാനത്തിന് ഇളക്കം തട്ടിയില്ല.  ഈ സമയത്താണ് എം ജി ആര്‍ ഷൂട്ടിങ്ങിനു മൂന്നാറിലെത്തുന്നത്. അക്കാലത്തു തന്നെ കോണ്‍ഗ്രസിനോട് താല്‍പര്യമില്ലാതിരുന്ന എം ജി ആര്‍ റോസമ്മയ്ക്കു വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ഏതാനും വാചകങ്ങളില്‍ പ്രസംഗം. ഒപ്പം ഇളയരാജ എന്ന ഇന്നത്തെ സംഗീതചക്രവര്‍ത്തിയുടെ ഗാനവും. ആ തെരഞ്ഞടുപ്പിലും വലിയ ഭൂരിപക്ഷത്തോടെ റോസമ്മ വീണ്ടും നിയമസഭ‘യിലേക്കെത്തി.  ആ ഉപതെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ ആയിരുന്നു റോസമ്മയുടെ തെരഞ്ഞെടുപ്പു സെക്രട്ടറി.— ഇന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഈ ഉന്നത നേതാവ്, റോസമ്മയ്ക്ക് കുഞ്ഞനിയനെപ്പോലെയാണ്.  തെരഞ്ഞെടുപ്പു ഫണ്ടിനത്തില്‍ കിട്ടിയിരുന്ന ഓരോ ചെറിയ തുകയും കണക്കുകൂട്ടിവച്ച് മിച്ചം കിട്ടിയ തുകയ്ക്ക് എ ഐ ടി യു സിക്ക് വേണ്ടി ജീപ്പുവാങ്ങിയ കഥയും ഓര്‍മകളിലെവിടെയോ മിന്നിമറഞ്ഞു.

പിന്നീട് 82ല്‍ ആലപ്പുഴയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 1987-ല്‍ വീണ്ടും ആലപ്പുഴയില്‍ നിന്നു വിജയിച്ചു. ഇതിനിടെ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കി. സ്ത്രീത്തൊഴിലാളികളുടെ പ്രസവാനുകൂല്യങ്ങള്‍ നേടിക്കൊടുത്തു. പീരുമേട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അവര്‍ തന്റെ വക്കീലെന്ന പ്രാഗത്ഭ്യം വിനിയോഗിച്ചത് കൂടുതലും തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു.
ഒരു പതിറ്റാണ്ടിലേറെക്കാലം കേരള മഹിളാ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ച അവര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ (1964-69), സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് (1975-78) എന്നിവയുടെ അധ്യക്ഷയായി. പത്തുവര്‍ഷത്തോളം റബര്‍ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998-ല്‍ വനിതാ കമ്മിഷനില്‍ നിന്നു വിരമിച്ചതോടെയാണു സജീവ  പൊതുപ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങുന്നത്.

*
സരിത കൃഷ്ണന്‍

റോസമ്മ പുന്നൂസ് തോട്ടംതൊഴിലാളികളുടെ പ്രിയപ്പെട്ട അമ്മ   

മലയോരമേഖലയിലെ തോട്ടംതൊഴിലാളികളുടെ മനസില്‍ സഖാവ് റോസമ്മ പുന്നൂസ് അവരുടെ പ്രിയപ്പെട്ട അമ്മയാണ്. ഈ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളെല്ലാംതന്നെ തങ്ങള്‍ക്ക് നേടിത്തന്നത് ഈ അമ്മയാണെന്നാണ് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. ഇത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ട വസ്തുതയാണ്. പീരുമേട് അസംബ്ലി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി എ കുര്യനും എതിര്‍സ്ഥാനാര്‍ഥിയായി  ജോസഫ് മൈക്കിള്‍ മണര്‍കാടും ഏറ്റുമുട്ടുമ്പോള്‍ അവിടുത്തെ പാര്‍ട്ടി ചുമതലക്കാരനെന്ന നിലയില്‍ റോസമ്മ പുന്നൂസിനൊപ്പം എസ്‌റ്റേറ്റുകളില്‍ പര്യടനം നടത്തിയപ്പോള്‍ തൊഴിലാളികള്‍  പ്രകടിപ്പിച്ച സ്‌നേഹം എനിക്കും തിരിച്ചറിയാനായി. തികഞ്ഞ ആദരവോടെയാണ് റോസമ്മയുടെ വാക്കുകള്‍ അവര്‍ ശ്രവിച്ചത്.

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന് ധീരമായി നേതൃത്വംനല്‍കിയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. റോസമ്മ പുന്നൂസിന്റെ സമഗ്രസംഭാവനകള്‍ എല്ലാകാലവും തൊഴിലാളിപ്രസ്ഥാനം ആദരവോടെ സ്മരിക്കും. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരു സമ്പന്നകുടുംബത്തിന്റെ പശ്ചാത്തലത്തില്‍നിന്നും തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന അപൂര്‍വ വ്യക്തിത്വമാണ് റോസമ്മ പുന്നൂസിന്റേത്.

സ്വാതന്ത്ര്യസമരത്തില്‍ യുവതലമുറയുടെ ആകര്‍ഷണകേന്ദ്രമായിരുന്ന അക്കാമ്മ ചെറിയാന്റെ സഹോദരിയാണ്  റോസമ്മ പുന്നൂസ്. കോട്ടയം ജില്ലയുടെ മലയോരമേഖലയിലെ തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അശ്രാന്തപരിശ്രമമാണ് സഖാവ്  നടത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ ഒരു ദ്വയാംഗമണ്ഡലമായിരുന്നു ദേവികുളം. ഇന്നത്തെ ഇടുക്കി ജില്ലയുടെ മുക്കാല്‍ഭാഗവും ഈ നിയോജകമണ്ഡലത്തിലായിരുന്നു. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വിസ്തൃതമായ മേഖല. കേരളത്തിന്റെ തോട്ടം വ്യവസായത്തിന്റെ ഹൃദയഭാഗമാണ്. തൊഴിലാളികളില്‍ ഭൂരിപക്ഷവും തമിഴ്‌വംശജരാണ്. കണ്ണന്‍ദേവന്‍ കമ്പനിപോലെ വിദേശകമ്പനികളാണ് തോട്ടം വ്യവസായത്തെ നിയന്ത്രിച്ചിരുന്നത്. സാമൂഹ്യസുരക്ഷ നിയമത്തിലുണ്ടെങ്കിലും തോട്ടംമേഖലയില്‍ പ്രായോഗികമായി അതൊന്നും നടപ്പാക്കിയിരുന്നില്ല. തമിഴ്‌നാട്ടില്‍നിന്നും പറിച്ചുനടപ്പെട്ട ഈ ജനസമൂഹത്തിന് നമ്മുടെ പൊതുസമൂഹവുമായി ഇഴുകിച്ചേരുന്നതിനും കഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് ഒരു വര്‍ഗം എന്ന നിലയില്‍ അവരെ സംഘടിപ്പിച്ച് മലയോരമേഖലയുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി മാറ്റാന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി പരിശ്രമിച്ചത്. പുതിയ കേഡര്‍മാരെ കണ്ടെത്തി ഈ മേഖലയില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കാനുള്ള സംഘടിതമായ ശ്രമം നടന്നു.
1957-ലെ പൊതുതെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്നും റോസമ്മ പുന്നൂസ് ജയിച്ചതോടെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂടി. പീരുമേട്ടിലും ദേവികുളത്തും എഐടിയുസി നേതൃത്വത്തില്‍ തോട്ടംതൊഴിലാളി യൂണിയന്‍ റോസമ്മ പുന്നൂസിന്റെ ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പീരുമേട്ടില്‍ ശങ്കരന്‍കുട്ടിയും ദേവികുളത്ത് സ്റ്റാന്‍ലിയുമാണ് ഈ പ്രവര്‍ത്തനങ്ങളില്‍ റോസമ്മയെ സഹായിച്ചിരുന്നത്. ദേവികുളത്തെ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിനുശേഷം ആ മേഖലയിലെ എസ്‌റ്റേറ്റ് ഡിവിഷനുകളില്‍ ക്രമേണ യൂണിയന്റെ ശക്തി വര്‍ധിച്ചുകൊണ്ടിരുന്നു. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിഞ്ഞു.

തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് നിയമങ്ങളുണ്ടായിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കിയിരുന്നില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രസവാനുകൂല്യത്തിന് 1952-ലെ നിയമമുണ്ടായിരുന്നെങ്കിലും എസ്‌റ്റേറ്റ് ഉടമകള്‍ അതൊന്നും അംഗീകരിക്കുകയോ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിരുന്നില്ല. തേയിലത്തോട്ടങ്ങളില്‍ കൊളുന്ത് എടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവരുടെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം ഇതെല്ലാം തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളില്‍പെടുന്നുവെന്ന് അവരെ പഠിപ്പിച്ചതും അതിനുവേണ്ടി ശബ്ദമുയര്‍ത്തിയും റോസമ്മ പുന്നൂസായിരുന്നു. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം, അവര്‍ക്ക് ആവശ്യമായ ശുദ്ധജലം, വാസസ്ഥലം ഇതെല്ലാം അവകാശപ്പെട്ടതാണെന്നും  റോസമ്മ അവരെ ബോധ്യപ്പെടുത്തി. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് വ്യവസായത്തിനും തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കാനുള്ളതാണ്. അത് ലംഘിക്കാന്‍ ഉടമയ്ക്ക് അവകാശമില്ലെന്ന് റോസമ്മ പുന്നൂസിന്റെ ധീരമായ ഇടപെടലിലൂടെ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. റോസമ്മ പുന്നൂസിന്റെ സമഗ്രസംഭാവനകള്‍ ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാനാവില്ല. മലയോരമേഖലയിലെ തോട്ടംതൊഴിലാളികള്‍ക്ക് ആവേശംപകര്‍ന്ന നേതാവിനെ തികഞ്ഞ ആദരവോടെയാണ് അവര്‍ കണ്ടിരുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും മാതൃസ്‌നേഹത്തോടെ സഖാവ് അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഒരു നിയമസഭാ സാമാജികയെന്ന നിലയിലും ഭരണാധികാരിയായും റോസമ്മ തന്റെ കഴിവുകള്‍ തെളിയിച്ചിരുന്നു. തന്റെ മനസില്‍ അരക്കിട്ടുറപ്പിച്ചിരുന്ന ആശയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനമാണെന്ന ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവര്‍ കാത്തുസൂക്ഷിച്ചിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധവും മൂല്യാധിഷ്ഠിതവുമായിരിക്കണമെന്ന് സഖാവിന് നിര്‍ബന്ധമുണ്ടായിരുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ ഉന്നതശീര്‍ഷനായിരുന്ന പി ടി പുന്നൂസിന്റെ സഹധര്‍മിണിയെന്ന നിലയില്‍ തന്റെ സംഘടനാപ്രവര്‍ത്തനവും കുടുംബജീവിതവും തുല്യപ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ റോസമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സഖാവിന് നൂറ് വയസ്സ് തികയുന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം  ജനങ്ങളെല്ലാം തിരുവല്ലയില്‍ ഒത്തുകൂടിയതാണ്. ആ കൂട്ടായ്മയ്ക്കുശേഷം വീണ്ടും സലാലയില്‍ ജോലിയെടുക്കുന്ന മകന്‍ ഡോ. തോമസ് പുന്നൂസിനൊപ്പം റോസമ്മ മടങ്ങുകയായിരുന്നു. മകള്‍ ഗീതയും വിദേശത്താണ് ജോലിചെയ്യുന്നത്. അവരുടെയെല്ലാം സാമീപ്യം ആവശ്യമുള്ളതിനാല്‍ വീണ്ടും സലാലയിലേക്ക് മടങ്ങുമെന്ന് സഖാവ് പറഞ്ഞിരുന്നു. ആ ഒത്തുചേരല്‍ അവസാനത്തേതാകുമെന്ന് കരുതിയിരുന്നില്ല.
റോസമ്മ പുന്നൂസ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഓര്‍മകള്‍ക്ക് മരണമില്ല.

*
കാനം രാജേന്ദ്രന്‍

കടപ്പാട്: ജനയുഗം

Sunday, December 15, 2013

സി എന്‍ വലിയ ക്യാന്‍വാസ്

ബിനാലെയോളം വളര്‍ന്ന കേരളത്തിലെ ചിത്ര-ശില്‍പ്പകല സി എന്‍ കരുണാകരന്‍ എന്ന വലിയ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ശീതീകരിച്ച അത്യാധുനിക ഗ്യാലറികളും ആര്‍ട്ട് കഫേകളും നിരന്ന് പൊന്തിയിട്ടില്ലാത്ത കൊച്ചിയിലാണ് അരനൂറ്റാണ്ട് മുമ്പ് സി എന്‍ ചിത്രമെഴുത്തു തുടങ്ങിയത്. ആനുകാലികങ്ങളിലെ വരകളും പോസ്റ്ററെഴുത്തും മാത്രമായിരുന്നു അനുവദിച്ചു കിട്ടിയിരുന്ന മേച്ചില്‍പ്പുറങ്ങള്‍. അതൊന്നും കുടുംബ പ്രാരബ്ധങ്ങള്‍ നേരിടാനുളള വകയായില്ല. എന്നിട്ടും താന്‍ ഉപാസിച്ച വര്‍ണങ്ങള്‍ക്കും ഭാവനയ്ക്കുമൊപ്പം ചിത്രകാരനായി മാത്രം ജീവിച്ചു. ആ യാത്രയില്‍ ഇല്ലായ്മയും വല്ലായ്മയും സി എന്‍ ആവോളം അറിഞ്ഞു.

ചിത്രകലാപഠനം പൂര്‍ത്തിയാക്കി മദ്രാസില്‍ കഴിയുന്ന കാലത്ത് മറീന ബീച്ചില്‍ കക്കയില്‍ പെയിന്റടിച്ച് വില്‍പ്പനയും പോസ്റ്റര്‍ എഴുത്തുമെല്ലാമായിരുന്നു ഉപജീവനമാര്‍ഗം. കൊച്ചിയില്‍ അച്ചടിശാല നടത്തിപ്പുകാരനായും മറ്റും വേഷം പകര്‍ന്നപ്പോഴും ചിത്രകലയെ കൈവിട്ടില്ല. മദ്രാസില്‍ സഹപാഠികളായിരുന്ന പാരിസ് വിശ്വനാഥന്‍, അക്കിത്തം നാരായണന്‍ ഒക്കെ പഠന ശേഷം മറ്റിടങ്ങളിലേക്ക് പോയപ്പോള്‍ നാട്ടില്‍ വേരുറപ്പിക്കാനായിരുന്നു സി എന്ന് താല്‍പ്പര്യം. ഫാക്ടിന്റെ തലവനായിരുന്ന എം കെ കെ നായരെപോലുള്ള ചിലരായിരുന്നു അത്താണി. കലാപീഠവുമായി ബന്ധപ്പെട്ട് ഫാക്ട് ഗസ്റ്റ് ഹൗസിലും മറ്റും ചിത്രങ്ങള്‍ വരച്ചു. 72ല്‍ കലാപീഠം വിട്ടശേഷം ഉപജീവനത്തിനായി ഡിസൈന്‍ ജോലികള്‍ സ്വീകരിച്ചു. ദേശാഭിമാനിയിലും മറ്റ് ആനുകാലികങ്ങളിലുമൊക്കെ ഇല്ലസ്ട്രേഷന്‍ ചെയ്തു. സര്‍ഗാത്മക രചനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേറിട്ട അന്വേഷണമാണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട്ട് ഗ്യാലറിയായ ചിത്രകൂടത്തിന് വഴിതുറന്നത്.

1973 ല്‍ എംജി റോഡില്‍ ചിത്രകൂടം സ്ഥാപിച്ചു. കെ സി എസ് പണിക്കര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ഒന്നാംനിരക്കാരുടെ പ്രദര്‍ശനങ്ങള്‍ ഇവിടെ നടന്നു. സാമ്പത്തിക പരാധീനതമൂലം നാലാംവര്‍ഷം ഗ്യാലറി പൂട്ടി. ഇന്നിപ്പോള്‍ ചിത്രം മാറി. ചിത്രകലയ്ക്കും ചിത്രകാരന്മാര്‍ക്കും മാന്യമായ സ്ഥാനം, ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒന്നാംതരം ഗ്യാലറികള്‍, കാണാനും ആസ്വദിക്കാനും ഒട്ടേറെപ്പേര്‍, നല്ലവിലയ്ക്ക് ചിത്രങ്ങള്‍ വില്‍ക്കാന്‍ കമ്പോളം. കൊച്ചിയുടെ ഈ വളര്‍ച്ചയെ അടുത്തുനിന്ന് കണ്ടും കൊണ്ടുമറിയാന്‍ കഴിഞ്ഞതാണ് സിഎന്റെ ചിത്രകലയും ജീവിതവും.

ചിത്രകലയില്‍ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിലായിരുന്നു ജനനം. പഠനത്തില്‍ ഭേദമല്ലാതിരുന്നതിനാല്‍ മിടുക്കരായ സമപ്രായക്കാരുടെ മുന്നില്‍ ആളാകാന്‍ ചിത്രകലയിലെ പ്രാഗത്ഭ്യം സ്വയം വളര്‍ത്തി. സമീപത്തെ കര്‍ഷക വായനശാലയില്‍ വരുത്തിയിരുന്ന പത്രങ്ങളിലും മാസികകളിലും കാണുന്ന ചിത്രങ്ങള്‍ പകര്‍ത്തിയാണ് തുടക്കം. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയില്‍ അശോകചക്രവും മൂവര്‍ണ പതാകയും കടലാസില്‍ വരച്ചു. ഇതിനിടെ വര പഠിപ്പിക്കാന്‍ അച്ഛന്‍ അധ്യാപകനെ നിയോഗിച്ചു. സാമ്പ്രദായികമായ ആ ചിത്രരചനാ പഠനത്തില്‍നിന്ന് സി എന്‍ പലപ്പോഴും ഒഴിഞ്ഞുനിന്നു. ഹൈസ്കൂള്‍ കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ ജനാര്‍ദനന്റെ പ്രോത്സാഹനത്തോടെ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേരാന്‍ തീരുമാനിച്ചു. സമീപത്തെ വായനശാലയില്‍ വന്ന ആനുകാലികത്തില്‍ കെ സി എസ് പണിക്കരെഴുതിയ ലേഖനം വായിച്ചാണ് സ്കൂളിനെക്കുറിച്ച് അറിഞ്ഞത്. പന്ത്രണ്ടാം വയസ്സില്‍ മദ്രാസിന് വണ്ടികയറുമ്പോള്‍ കുറച്ച് പണവും നിറഞ്ഞ മനസ്സുമായി ജ്യേഷ്ഠന്‍ യാത്രയാക്കി.

പെയിന്റിങ്ങിലായിരുന്നു താല്‍പ്പര്യമെങ്കിലും പത്താംക്ലാസ് എഴുതാത്തതിനാല്‍ ഡിസൈനിലേക്ക് തിരിഞ്ഞു. ഒന്നാംറാങ്കോടെ പ്രവേശന പരീക്ഷയും സ്വര്‍ണ മെഡലോടെ മൂന്നുവര്‍ഷത്തെ ഡിസൈന്‍ കോഴ്സും പാസായി. രചനയിലെ മികവ് കണ്ട് പിന്നീട് പെയിന്‍റിങ്ങില്‍ പ്രവേശനം ലഭിച്ചപ്പോള്‍ പണമില്ലാത്തതിനാല്‍ ചേരാനായില്ല. സിനിമാ പോസ്റ്റര്‍ ഡിസൈനിങ്ങും അച്ചടിശാലയിലെ ഗ്ലാസ് പെയ്ന്റിങ്ങും ചെയ്ത് പണമുണ്ടാക്കി അടുത്തവര്‍ഷം ചേര്‍ന്നു. ഒന്നാംറാങ്കോടെ പാസായി. കാനായി കുഞ്ഞിരാമന്‍, ടി കെ പത്മിനി, അക്കിത്തം നാരായണന്‍, മുത്തുക്കോയ, പാരിസ് വിശ്വനാഥന്‍, എ എസ്, നമ്പൂതിരി തുടങ്ങിയവരൊക്കെ ഇക്കാലത്ത് മദ്രാസ് കോളേജിലുണ്ട്.

എം എസ് അശോകന്‍

ആ സ്വപ്നം ബാക്കി

വര്‍ണക്കൂട്ടുകളെ അത്രമേല്‍ പ്രണയിച്ച സി എന്‍ കരുണാകരന്റെ വലിയ സ്വപ്നങ്ങളിലൊന്ന് ലളിതകലാ അക്കാദമിയുടെ മിനിറ്റ്സ്ബുക്കില്‍ പേനത്തുമ്പിലെ ഏകവര്‍ണമായി വിശ്രമിക്കുന്നുണ്ടാകും. അക്കാദമി ചെയര്‍മാനായിരിക്കെ യുവകലാകാരന്‍മാര്‍ക്കായി ഭാരതയാത്ര സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഭാരതീയ ചിത്ര, ശില്‍പ്പ കലാപാരമ്പര്യം യുവാക്കള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അക്കാദമിയുടെ ചെലവില്‍ ആസൂത്രണംചെയ്ത പദ്ധതി അദ്ദേഹം കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുകയുംചെയ്തു. മന്ത്രി എം എ ബേബി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ടായിരുന്ന പദ്ധതി നടപ്പാക്കുംമുമ്പേ ആ പദവിയില്‍നിന്ന് അദ്ദേഹം പടിയിറങ്ങി.

മദ്രാസിലെ പഠനശേഷം കലാരംഗത്ത് നടത്തിയ ഭാരതയാത്ര സി എന്‍ കരുണാകരന്‍ എന്ന ചിത്രകാരന്റെ രചനകളെ ഏറെ സ്വാധീനിച്ചിരുന്നു. ആ അനുഭവസമ്പത്ത് പുതുതലമുറയ്ക്കും ലഭിക്കണമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. നവീന ആശയങ്ങളെ സ്വീകരിച്ച് സ്ഥിരതയാര്‍ന്ന വളര്‍ച്ച തന്റെ ശൈലിയില്‍ കൊണ്ടുവരുന്നതില്‍ സി എന്‍ എക്കാലവും ശ്രദ്ധിച്ചിരുന്നതായി പ്രശസ്ത നിരൂപകന്‍ സി എസ് ജയറാം ഓര്‍ത്തെടുക്കുന്നു. ഗോപിക സീരീസ് പോലുള്ളവയില്‍ തുടങ്ങിയ ആ വളര്‍ച്ച പില്‍ക്കാലരചനകളില്‍ ശക്തിപ്പെട്ടു. രചനകളില്‍ ഇത്രയേറെ അലങ്കാരങ്ങള്‍ എന്തിനെന്ന് ചോദിച്ചവര്‍ക്ക് സി എന്‍ കൃത്യമായ മറുപടി നല്‍കി. ജീവിതത്തില്‍ അനേകം പ്രതിസന്ധികളും പ്രാരാബ്ധവും അനുഭവിക്കുന്ന നാം ചിത്രങ്ങളിലെങ്കിലും നിറംചേര്‍ക്കണ്ടേയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്ത്രീശരീരത്തിന്റെ ലാവണ്യം രചനകളില്‍ കണ്ടെത്തിയ ഇന്ത്യന്‍ ചിത്രകാരന്‍മാരില്‍ സി എന്‍ മുന്‍പന്തിയിലുണ്ട്.

ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന അമ്മദൈവ സങ്കല്‍പങ്ങളില്‍നിന്ന് സി എന്‍ സ്വയം ആര്‍ജിച്ചവയായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ സ്ത്രീശരീരലാവണ്യമെന്നും പ്രമുഖര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. മികച്ച വായനക്കാരന്‍കൂടിയായ സി എന്‍ അക്കാര്യത്തിലും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചു. അക്കാദമി ചെയര്‍മാനായിരിക്കെ മന്ത്രി എം എ ബേബിയുടെ പിന്തുണയോടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ലൈബ്രറി തുടങ്ങിയതും പുതുതലമുറയെ ലക്ഷ്യമിട്ടുതന്നെ. സിനിമ, സംഗീതം, ചിത്രകല, നാടകം തുടങ്ങി വിവിധ കലാരൂപങ്ങളിലെ ആധികാരികഗ്രന്ഥങ്ങള്‍ പലതും ലൈബ്രറിയില്‍ എത്തിക്കുന്നതില്‍ അദ്ദേഹവും അക്കാദമി കൗണ്‍സിലും പ്രത്യേകശ്രദ്ധ ചെലുത്തി. ചിത്രകലയെ ജനകീയമാക്കിയ സി എന്നിന്റെ കലാസപര്യയെ കരുണാകരന്‍ ദി ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ ഡോക്യുമെന്ററിയായി ആവിഷ്കരിക്കാന്‍ ടി വി ചന്ദ്രന്‍ സ്വയംമുന്നോട്ടുവരിയായിരുന്നു.

ആനന്ദ് ശിവന്‍

ചിന്തയുടെ കൈയൊപ്പ്


ലോകത്തെവിടെയും എന്നും ചിത്രകാരന്മാരുടെ അവസ്ഥ ഒന്നാണ്. ചിത്രം വരച്ച് ജീവിക്കുകയെന്നത് അസാധാരണ ഉള്‍ക്കരുത്തുകൊണ്ടേ സാധ്യമാവൂ. മറ്റു കലകളില്‍നിന്ന് ചിത്രകല വിഭിന്നമാകുന്ന ഒരു അവസ്ഥ ഇതുതന്നെ. കേരളത്തിലെ ആധുനിക കാലത്തെ ആദ്യ പ്രൊഫഷണല്‍ ചിത്രകാരനായ സി എന്‍ മൂന്നുപതിറ്റാണ്ടിലേറെ നാടിന്റെ മുഴുവന്‍ ചിത്രകാരന്മാരുടെയും മാര്‍ഗദര്‍ശിയും ഗുരുനാഥനുമാണ്. ദേശാഭിമാനി, ചിന്ത, ജനയുഗം വാരിക എന്നിവക്ക് തുടര്‍ച്ചയായി വരച്ച സി എന്‍ തുടങ്ങിവച്ച ശൈലിയാണ് ഏറെ പ്രശസ്തനാക്കിയത്. ചിന്തയുടെ മുഖചിത്രങ്ങളും അക്ഷരങ്ങളും മാസ്റ്റര്‍ കലാകാരന്റെ കൈയൊപ്പായി. ചിന്തയുമായി ദീര്‍ഘം പുലര്‍ത്തിയ ബന്ധം ഗൃഹാതുരമായി അദ്ദേഹം ഓര്‍ക്കാറുണ്ട്. വരച്ചില്ലെങ്കിലും ഒന്നാംതിയതി ചിന്തയില്‍നിന്ന് പ്രതിഫലം എത്തിയിരുന്നതായും പറയുമായിരുന്നു. സി എന്‍ ചിത്രങ്ങള്‍ പുസ്തക കവറുകള്‍ക്ക് അവിഭാജ്യഘടകമായിരുന്നു. അസാധാരണമായ ആ കരവിരുതിനുമുന്നില്‍ എല്ലാ മാധ്യമങ്ങളും ഒരു പോലെ വഴങ്ങി. കൃത്യതയാര്‍ന്ന രേഖകളും വര്‍ണപ്രയോഗത്തില്‍ പ്രകടിപ്പിച്ച ഔചിത്യവുമാണ് പ്രത്യേകത. ഇനാമല്‍, ജലച്ചായം, എണ്ണച്ചായം, അക്രിലിക് എന്തിലേറെ സിമന്റിലും അനായാസമായി ചിത്രമെഴുതി. കൊച്ചി പ്രസ് ക്ലബ്ബിന്റെ പ്രവേശന കവാട ഭിത്തി, ഗോശ്രീ പാലത്തിലെ തൂണുകള്‍ തുടങ്ങി കേരളത്തിലുടനീളം ഇദ്ദേഹത്തിന്റെ സിമന്റ് മ്യൂറലുകളുണ്ട്. നേര്‍ത്ത വര്‍ണങ്ങള്‍ കൊണ്ട് സ്വപ്നാത്മകമായ പ്രതീതി ജനിപ്പിക്കുന്ന സൂക്ഷ്മ രചനകളായിരുന്നു ചിത്രങ്ങള്‍. സ്ത്രീ പുരുഷ രൂപങ്ങള്‍ അസാധാരണമായ രചനാ സാമര്‍ഥ്യം പ്രകടിപ്പിക്കുന്നവയും അയഥാര്‍ഥ്യവുമാണ്. അതേസമയം അത്യന്തം ആഹ്ലാദം നിറഞ്ഞവയുമാര്‍ന്നതിനാല്‍ സി എന്‍ ചിത്രങ്ങള്‍ ഓരോ പ്രദര്‍ശനത്തിലും എളുപ്പത്തില്‍ പ്രേക്ഷകരിലേക്കെത്തി.

മുരളി നാഗപ്പുഴ

താളാത്മകതയുടെ രൂപഭേദങ്ങള്‍

കലാജീവിതത്തില്‍ തികച്ചും വേറിട്ട രീതി അവംലഭിച്ച പ്രതിഭയാണ് സി എന്‍ കരുണാകരന്‍. മറ്റാരുടെയും ശീലം പിന്തുടരാതിരിക്കാന്‍ ഉപദേശിച്ച കെ സി എസ് പണിക്കരുടെ സ്വാധീനം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സി എന് കഴിഞ്ഞു. നിരന്തര പരിശീലനത്തിലൂടെ രൂപപ്പെടുത്തിയ താളാത്മകതയുടെ പുതിയ രൂപഭേദങ്ങള്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ല. ഇത് മറ്റൊരു രീതിയില്‍ പ്രയോഗിച്ച് വിജയകരമാക്കിയത് സി രാമചന്ദ്രനാണെന്നു പറയാം. അദ്ദേഹത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന ഒട്ടേറെ പൊതുസ്വഭാവങ്ങള്‍ സി എന്‍ ചിത്രങ്ങള്‍ക്ക് ഉണ്ടായി. രാമചന്ദ്രന്‍ ജൈവ സാന്നിധ്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. സി എന്‍ ആകട്ടെ മനുഷ്യരൂപങ്ങള്‍ക്കും. പൗരാണിക കഥാപാത്രങ്ങളും പതിവ് രീതി ഉപയോഗപ്പെടുത്തിയാണ് വരച്ചത്. കലാമേഖലയില്‍ പേര് സമ്പാദിക്കുന്നതുവരെ വരയുകയും പിന്നെ അതിന്റെ പിന്‍ബലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന രീതിക്ക് അപവാദമായിരുന്ന സി എന്‍. ആശുപത്രിയിലാകുംവരെയും ക്യാന്‍വാസിനും നിറങ്ങള്‍ക്കും ഇടയിലായിരുന്നു. മനുഷ്യരൂപം വരക്കുമ്പോള്‍ സമീപദൃശ്യങ്ങളായി ചേര്‍ത്തുനിര്‍ത്തിയത് ഏറെയും വൃക്ഷരൂപങ്ങള്‍. മനുഷ്യരചനയില്‍ പ്രയോഗിച്ച താളാത്മകത അതേ രീതിയില്‍ പ്രകടിപ്പിക്കാന്‍ വൃക്ഷലതാദികള്‍പോലെ മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞു. ആധുനികതയുടെ ചിത്രവായന വേണ്ടത്ര ശീലമില്ലാതിരുന്ന കലാസമൂഹത്തിന്റെ ആസ്വാദനത്തിലേക്ക് എളുപ്പം കടന്നുചെല്ലാനാവുന്ന രീതിയാണ് പ്രവര്‍ത്തികമാക്കിയത്. നിറങ്ങളില്‍നിന്ന് നിറങ്ങളിലേക്കുള്ള മൃദുച്ചേര്‍ച്ചയുടെയും ഡിസൈന്റെയും രീതി. സമീപകാലത്ത് ഇതില്‍ ഭേദഗതി പ്രയോഗിക്കാന്‍ തയ്യാറായി. കലാകാരന്മാരെ വളര്‍ത്തുന്നതില്‍ സി എന്‍ എന്നും മുന്നില്‍നിന്നു.

പൊന്ന്യം ചന്ദ്രന്‍

സി എന്‍: ഇടതുപക്ഷ മാനവികതയുടെ പ്രചാരകന്‍ - പിണറായി

ഇടതുപക്ഷ മാനവികതയുടെ പ്രചാരകനും പ്രയോക്താവുമായിരുന്നു സി എന്‍ കരുണാകരനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ആധുനിക ചിത്രകലയ്ക്ക് തന്റെ ചിത്രകലാ വൈഭവത്തിലൂടെ നിസ്തുലമായ സംഭാവന അദ്ദേഹം നല്‍കി. ലളിതകലാ അക്കാദമി ചെയര്‍മാനെന്ന നിലയില്‍ ചിത്രകലയുടെയും ചിത്രകാരന്മാരുടെയും വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. സാമൂഹ്യമാറ്റത്തിനുള്ള സമരായുധമായും ചിത്രരചനയെ ഉപയോഗിച്ചു. രേഖാചിത്രരചനയില്‍ അവിസ്മരണീയമായ പന്ഥാവ് തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ചിത്രകലയെ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും സമര്‍ഥമായി ഉപയോഗിച്ചു. പുസ്തകങ്ങളുടെ പുറംചട്ടയ്ക്ക് രൂപംനല്‍കുന്നതിലും കഴിവ് തെളിയിച്ചു. അദ്ദേഹവുമായി പലഘട്ടത്തിലും അടുത്തിടപഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സി എന്‍ കരുണാകരന്റെ വേര്‍പാട് ചിത്രകലയ്ക്കും പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണെന്നും പിണറായി പറഞ്ഞു.

വി എസ് അനുശോചിച്ചു

വിഖ്യാത ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുശോചിച്ചു. ചിത്രകലയില്‍ സ്വന്തംവഴി വെട്ടിത്തെളിക്കുകയും അത് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. ചിത്രകലയുടെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും വി എസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും അനുശോചിച്ചു.

ദീര്‍ഘവീക്ഷണമുള്ള അതുല്യവ്യക്തിത്വത്തിനുടമ

സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ അനുശോചനപ്രവാഹം. കല, സംസ്കാരം എന്നിവയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അതുല്യവ്യക്തിത്വത്തിനുടമയായിരുന്നു സി എന്‍ കരുണാകരന്‍ എന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ അനുസ്മരിച്ചു. ബിനാലെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അകമഴിഞ്ഞ പിന്തുണ നല്‍കി. രാജ്യത്തെ കലാ-സാംസ്കാരിക രംഗത്തിന് ബിനാലെ കുതിപ്പു നല്‍കുമെന്ന് അദ്ദേഹം വിശ്വസിച്ചുവെന്നുംഫൗണ്ടേഷന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡിഎഡബ്ല്യുഎഫ്) സംസ്ഥാന രക്ഷാധികാരിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ എം വി ഗോവിന്ദനും ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ മോഹനനും അനുശോചിച്ചു. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന വൈകല്യങ്ങളുള്ളവരുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയ പൊതുവേദി സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ അധ്യക്ഷനായതാണ് അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളീയ ചിത്രകലയ്ക്ക് ജനകീയമുഖം സമ്മാനിച്ച അതുല്യചിത്രകാരനായിരുന്നു സി എന്‍ എന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ഡിഫറന്‍ഷ്യലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡഷേന്‍ (ഡിഎഡബ്ല്യുഎഫ്) ജില്ലാ കമ്മിറ്റിയും അനുശോചിച്ചു. പ്രശസ്ത ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ കളമെഴുത്തിലും ഗോത്രകലയിലും നവചൈതന്യം ഉണ്ടാക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസും സെക്രട്ടറി ശ്രീമൂലനഗരം മോഹനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

*
Courtesy: Deshabhimani

Saturday, December 7, 2013

വിവാ..വിവാ.. മണ്ടേല

വിട

ജൊഹന്നസ്ബര്‍ഗ്: വര്‍ണവിവേചനത്തില്‍ നിന്ന് വിമോചനത്തിലേക്കുള്ള ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ദീര്‍ഘയാത്രയെ മുന്നില്‍ നിന്ന് നയിച്ച് ഇതിഹാസമായി മാറിയ നെല്‍സണ്‍ മണ്ടേല വിടവാങ്ങി. വെള്ളക്കാരന്റെ വര്‍ണവെറിക്കെതിരെ പൊരുതുകയും ലോകമാകെയുള്ള വിമോചന പ്രസ്ഥാനങ്ങള്‍ക്ക് വഴിവിളക്കാവുകയും ചെയ്ത നെല്‍സണ്‍ റോലിഹ്ലാല മണ്ടേലയുടെ അന്ത്യം പ്രാദേശികസമയം വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു (ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര).

തൊണ്ണൂറ്റഞ്ചുകാരായ അദ്ദേഹം ശ്വാസകോശരോഗത്തെ തുടര്‍ന്നുള്ള ആശുപത്രിവാസത്തിനുശേഷം ഹാട്ടണിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. ഭൂഖണ്ഡങ്ങളുടെ അതിരുകള്‍ ഭേദിച്ച് ലോകമെങ്ങുമുള്ള തലമുറകളെ സമരോത്സുകമാക്കി വീരേതിഹാസം രചിച്ച "മാഡിബ" ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റുമായിരുന്നു. 1993ലെ സമാധാന നൊബേല്‍ ജേതാവ് കൂടിയായ മണ്ടേലയുടെ വേര്‍പാടില്‍ ലോകരാജ്യങ്ങളില്‍ിന്ന് അനുശോചനം പ്രവഹിക്കുകയാണ്. ജന്മദേശമായ ക്യുനുവില്‍ ഡിസംബര്‍ 15നാണ് സംസ്കാരം. മൃതദേഹം സൈനിക ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ജൊഹാനസ്ബര്‍ഗില്‍ അനുശോചനയോഗം ചേരും. ബുധാഴ്ച മുതല്‍ മൂന്നുദിവസം പ്രിട്ടോറിയയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയാണ് മണ്ടേലയുടെ വിയോഗവാര്‍ത്ത ലോകത്തെ അറിയിച്ചത്. "നമ്മുടെ ജാനാധിപത്യ രാഷ്ട്രത്തിന്റെ സ്ഥാപക പ്രസിഡന്റ് പ്രിയപ്പെട്ട മണ്ടേല നമ്മെ വിട്ടുപോയിരിക്കുന്നു. രാജ്യത്തിന് ഏറ്റവും മഹാനായ പുത്രനെ നഷ്ടമായി. ജനതയ്ക്ക് പിതാവിനെ നഷ്ടമായി"- ടെലിവിഷനിലൂടെ സുമ രാജ്യത്തോട് പറഞ്ഞു. രാജ്യത്ത് പത്തുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാത്രി മരണവാര്‍ത്ത പുറത്തുവന്നയുടന്‍ മണ്ടേലയുടെ ചിത്രങ്ങളും എഎന്‍സി പതാകകളുമേന്തി ജനം തെരുവിലിറങ്ങി. പലരും പൊട്ടിക്കരഞ്ഞു. മറ്റു ചിലര്‍ മുദ്രാവാക്യം വിളിച്ചു. വിമോചന ഗാനങ്ങള്‍ പാടിയും പരമ്പരാഗതനൃത്തം ചവിട്ടിയും ജനങ്ങള്‍ പുലരും വരെ തങ്ങളുടെ "മഡിബ"യ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ പതാക പകുതി താഴ്ത്തിക്കെട്ടി ധീരനായകനോടുള്ള ആദരവ് പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഭൂരിപക്ഷമായ കറുത്ത വംശജരെ അടിമകളാക്കിയ വെള്ളക്കാരുടെ ഭരണത്തിനെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ കുന്തമുയായിരുന്നു മണ്ടേല. 1948ല്‍ ദക്ഷിണാഫ്രിക്കന്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയായി. 1952ല്‍ എഎന്‍സിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് പദവിയിലെത്തി. വെള്ളക്കാരന്റെ പ്രതികാരം മണ്ടേലയെ ലോകത്തില്‍ ഏറ്റവും അധികം ജയില്‍ശിക്ഷ അനുഭവിച്ച രാഷ്ട്രീയ തടവുകാരനാക്കി. 1962ല്‍ ജയിലിലായ അദ്ദേഹം 1982വരെ റോബന്‍ ദ്വീപിലെ ജയിലറയിലായിരുന്നു. പിന്നീട് കേപ് ടൗണിലെ വെളിച്ചം കടക്കാത്ത കാരാഗൃഹത്തില്‍. 27 വര്‍ഷവും ആറുമാസവും നീണ്ട ജയില്‍വാസം പൂര്‍ത്തിയാക്കി 1990 ഫെബ്രുവരി 11ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക്. 1991ല്‍ എഎന്‍സി അധ്യക്ഷായി. 1994 മെയ് ഒമ്പതിന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി അധികാരമേറ്റു. അഞ്ച് വര്‍ഷത്തിനുശേഷം 1999ല്‍ 81-ാം ജന്മദിനത്തിന് തൊട്ടുമുമ്പ് സ്ഥാനമൊഴിഞ്ഞു.

2004ല്‍ പൊതുജീവിതം മതിയാക്കിയ മണ്ടേല വിരളമായേ പുറത്ത് പ്രത്യക്ഷപ്പെട്ടുള്ളൂ. രോഗങ്ങളെ തുടര്‍ന്ന് രണ്ടുവര്‍ഷമായി അടിക്കടി ആശുപത്രിവാസം. തുടര്‍ച്ചയായ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മൂന്നുമാസത്തോളം ചികിത്സയിലായിരുന്ന മണ്ടേല സെപ്തംബറിലാണ് പ്രിട്ടോറിയയിലെ ആശുപത്രി വിട്ടത്.

രണ്ട് പതിറ്റാണ്ട് നീണ്ട മനുഷ്യാവകാശസമരം അവസാനിപ്പിച്ച് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിനാലുവര്‍ഷത്തി്ശേഷം 1918ല്‍ ഈസ്റ്റേണ്‍ കേപ്പിലെ ക്യുനു ഗ്രാമത്തിലാണ് മണ്ടേല പിറന്നത്. വെള്ളക്കാരന്റെ അടിച്ചമര്‍ത്തലിതെിരായ പോരാട്ടത്തി് മണ്ടേലയ്ക്ക് പ്രചോദമായത് ഗാന്ധിജി. "ദക്ഷിണാഫ്രിക്കന്‍ ഗാന്ധി"യെന്ന വിളിപ്പേരും അദ്ദേഹത്തി് സ്വന്തമായി. ഇന്ത്യയോട് പ്രത്യേക സ്നേഹം പുലര്‍ത്തിയിരുന്നു മണ്ടേല. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കി 1990ല്‍ ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. ഭാരതരത്നം നേടിയ രണ്ടാമത്തെ വിദേശിയാണ് അദ്ദേഹം. ആദ്യ ഭാര്യ ഇവലിന്‍ മേസ്. ഈ ബന്ധത്തില്‍ നാല് മക്കളുണ്ട്. 1958ല്‍ സഹപ്രവര്‍ത്തകയായ വിന്നിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കള്‍. 1992ല്‍ വിവാഹമോചനം നേടിയ അദ്ദേഹം മൊസാംബിക് പ്രസിഡന്റായിരുന്ന സമോറ മകേലിന്റെ വിധവ ഗ്രാസയെ വിവാഹംചെയ്തു.


സിംഹഭൂമിയിലെ കറുത്തമുത്ത്

പൊന്നുവിളയുന്ന കരിമണ്ണാണ് ആഫ്രിക്ക. ആ മണ്ണില്‍ വെള്ളക്കാരുടെ കണ്ണെത്തിയത് പതിനേഴാം നൂറ്റാണ്ടില്‍. പായ്ക്കപ്പലില്‍ പുതിയ ദേശങ്ങള്‍ കണ്ടുപിടിക്കാനിറങ്ങിയ ഡച്ചുകാര്‍ എത്തിപ്പെട്ടത് ദക്ഷിണാഫ്രിക്കയുടെ തെക്കെ മുനമ്പില്‍. അവര്‍ അതിനൊരു പേരുമിട്ടു; "ശുഭപ്രതീക്ഷാ മുനമ്പ്". ദക്ഷിണാഫ്രിക്കയുടെ ആധുനിക ചരിത്രം അവിടെ തുടങ്ങുന്നു. കണ്ടെത്തിയ സ്ഥലങ്ങളിലൊക്കെ ചെയ്തപോലെ ദക്ഷിണാഫ്രിക്കയിലും അവര്‍ കോളനി സ്ഥാപിച്ചു.

അളവറ്റ പ്രകൃതിവിഭവങ്ങളും സ്വര്‍ണഖനികളുമാണ് യൂറോപ്യന്മാരെ എതിരേറ്റത്. പതുക്കെ അവര്‍ തദ്ദേശീയരായ ബാന്ദു ഭാഷ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തി ആഫ്രിക്കന്‍ മണ്ണും സ്വത്തും പടിപടിയായി പിടിച്ചെടുത്തു. 1770ല്‍ ഡച്ച് മേല്‍ക്കോയ്മയ്ക്കെതിരെ ആദ്യമായി കറുത്തവന്‍ ആയുധമെടുത്തു. എന്നാല്‍, ആധുനിക ആയുധങ്ങളും സൈനികതന്ത്രങ്ങളുമായി എത്തിയ ഡച്ചുകാരെ തോല്‍പ്പിക്കാനുള്ള കരുത്ത് അവര്‍ക്കില്ലായിരുന്നു. ഡച്ചുകാര്‍ക്കു പിന്നാലെ ഇംഗ്ലീഷുകാരെത്തി. പിന്നീട് അവര്‍ തമ്മിലായി യുദ്ധം. അളവറ്റ സ്വത്ത് കൈയടക്കാനായുള്ള പോരാട്ടത്തില്‍ ജയിച്ചത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടന്‍. തദ്ദേശീയര്‍ അസ്പൃശ്യരായി, അധമരായി. അവര്‍ക്ക് വെള്ളക്കാരുടെ മേല്‍ക്കോയ്മയുള്ള പ്രദേശങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. അവന്‍ ഭരിക്കപ്പെടേണ്ടവനാണ്, അടിമയാണ്- വെള്ളക്കാരുടെ തീട്ടൂരം.

കറുത്തവരുമായി ഇടപഴകുന്നതില്‍നിന്ന് വെള്ളക്കാരെ വിലക്കി. നഗരങ്ങളില്‍ കൂടുതല്‍ ദിവസങ്ങള്‍ താമസിക്കാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിച്ചവരെ ജയിലിലടച്ചു. പതുക്കെ കറുത്തവന്റെ ആത്മാഭിമാനം ഉണര്‍ന്നു. 1912ല്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്ന പാര്‍ടികളെല്ലാം ചേര്‍ന്ന് ആഫ്രിക്കന്‍ നനാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചു. ആദ്യകാലത്ത് സഹനസമരമായിരുന്നു മാര്‍ഗം. എന്നാല്‍, അടിച്ചമര്‍ത്തലിന്റെ ശക്തി വര്‍ധിച്ചപ്പോള്‍ അത് സായുധകലാപത്തിലേക്ക് തിരിഞ്ഞു. 1960 മാര്‍ച്ച് 21ന് വര്‍ണവിവേചന പോരാട്ടത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു. പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കു നേരെ ഷാര്‍പെവില്ലയില്‍ വെള്ളക്കാരുടെ പട്ടാളം നിറയൊഴിച്ചു. 67 പേര്‍ മരിച്ചു വീണു. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. ഇതിനുശേഷമാണ് വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായി നെത്സണ്‍ റോലിഹ് ലാല മണ്ടേല ഉദിച്ചുയരുന്നത്.

നാഷണല്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം മണ്ടേലയുടെ നേതൃത്വത്തില്‍ "രാഷ്ട്രശക്തി" പ്രസ്ഥാനം രൂപീകരിച്ചു. എഎന്‍സിക്കുള്ളില്‍നിന്നുതന്നെ രാഷ്ട്രശക്തിയും പോരാടി. പ്രിട്ടോറിയയിലെ വെളുത്തവന്റെ കോട്ടകൊത്തളങ്ങളില്‍ പ്രകമ്പനമുണ്ടാക്കി സ്വാതന്ത്ര്യദാഹവുമായി ഒരുജനത തെരുവിലേക്കിറങ്ങി. 1962ല്‍ രാഷ്ട്രശക്തിയുടെ ആസ്ഥാനം പട്ടാളം വളഞ്ഞു. മണ്ടേലയടക്കം 90 ശതമാനം നേതാക്കളും അറസ്റ്റിലായി. വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനാളുകള്‍ തെരുവില്‍ മരിച്ചുവീണു. എന്നാല്‍, പോരാട്ടത്തിന്റെ വീര്യം ചോര്‍ത്താനുള്ള ശക്തി വെള്ളക്കാരന്റെ തോക്കിനും ഇരുമ്പഴികള്‍ക്കുമില്ലായിരുന്നു. 1983ല്‍ പ്രസിഡന്റായി ചുമതലയേറ്റ പീറ്റര്‍ വില്യം ബോത മുന്‍ഗാമികളുടെ അതേ പാതയിലൂടെയാണ് സഞ്ചരിച്ചത്. കറുത്തവന്റെ സ്വാതന്ത്ര്യസ്വപ്നങ്ങളെ തച്ചുടയ്ക്കുന്നതിനായി പല കരിനിയമങ്ങളും ബോത പാസാക്കി. കറുത്തവരെ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരല്ലാതാക്കിയത് ബോതയാണ്.

ഇതോടെ ലോകസമൂഹം ഉണര്‍ന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മണ്ടേലയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ കറുത്തവര്‍ഗക്കാര്‍ "വലിയ ചീങ്കണ്ണി" എന്ന് രോഷത്തോടെ വിളിച്ച ബോത പടിയിറങ്ങി. പിന്നീട് ഭരണത്തിലേറിയ ഫ്രെഡറിക് വില്യം ക്ലാര്‍ക്ക് തുടക്കത്തില്‍ അപ്പാര്‍ത്തീഡ് സമീപനംതന്നെ തുടര്‍ന്നെങ്കിലും പിന്നീട് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു. അങ്ങനെ നൂറ്റാണ്ടുകളുടെ അടിമത്തം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക സ്വതന്ത്രയായി. ദക്ഷിണാഫ്രിക്കയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിംബാബ്വെ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളും വെള്ളക്കാരനെ തുരത്തിയോടിച്ചു. അപ്പോഴേക്കും മണ്ടേല ഒരു ബിംബമായി മാറിയിരുന്നു- അടങ്ങാത്ത സ്വാതന്ത്ര്യ വാഞ്ഛയുടെയും സമരതീക്ഷ്ണതയുടെയും പോരാട്ടവീര്യത്തിന്റെയും ജ്വലിക്കുന്ന ബിംബം.

വിവാ..വിവാ.. മണ്ടേല 

""ഞാന്‍ നെല്‍സണ്‍ റോലി ഹ്ലാ ഹ്ലാ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി........."" കാലമെത്ര കഴിഞ്ഞാലും ദക്ഷിണാഫ്രിക്കയിലെ കറുത്തവരുടെ കാതില്‍ ആ ശബ്ദം കാപ്പിരി സംഗീതമായി പെയ്തിറങ്ങും. വര്‍ണവിവേചനത്തിന് അവസാനമിട്ട വര്‍ണശബളമായ ആ കാഴ്ച കണ്‍മുന്നിലെത്തും. മഴവില്ല് പോലെ. മണ്ടേലയുടെ സത്യപ്രതിജ്ഞാ വാക്കുകള്‍ ഉച്ചഭാഷിണിയിലൂടെ ഒഴുകവെ യൂണിയന്‍ ബില്‍ഡിങ്ങിന് പുറത്ത് കറുത്തവന്റെ ചെറുത്തുനില്‍പ്പിന്റെ ഗാനം ഉയര്‍ന്നത് ഇന്നും അവരുടെ കാതിലുണ്ട്. ""ദൈവം ആഫ്രിക്കയെ രക്ഷിക്കട്ടെ"" ഗാനം ഈണത്തില്‍ പാടി കാപ്പിരിമക്കള്‍ നൃത്തംചെയ്ത ഒരു രാപ്പകല്‍. പരസ്പരം കെട്ടിപ്പിടിച്ചും സന്തോഷം അടക്കാനാകാതെ കണ്ണീര്‍ പൊഴിച്ചും ജനിച്ച മണ്ണിന്റെ അവകാശികളായ നിമിഷം ആഘോഷിച്ച ദിവസം ചരിത്രത്തില്‍ അധികമൊന്നും അകലെയല്ല. വെറും 16 വര്‍ഷങ്ങളുടെ ദൂരം.

എന്നാല്‍, നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതിന് മൂന്ന് നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. വേദനാനിര്‍ഭരമായ കഥയും. കയ്പുറ്റ ജീവിതത്തില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തുന്നതിന് തുടക്കമിട്ട സത്യവാചകം ഒരിക്കലും ദക്ഷിണാഫ്രിക്ക മറക്കില്ല. 1994 ഏപ്രില്‍ 26 മുതല്‍ 29 വരെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ തെരഞ്ഞെടുപ്പ്. ആദ്യത്തെ വര്‍ണരഹിത തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ട് നേടി ആധികാരികമായാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 400 അംഗ പാര്‍ലമെന്റിലും നിര്‍ണായകമായ ഭൂരിപക്ഷം എഎന്‍സി നേടി. പുതിയ പാര്‍ലമെന്റ് യോഗം ചേര്‍ന്നാണ് മണ്ടേലയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വര്‍ണവൈരത്തില്‍ കത്തിനിന്ന ദക്ഷിണാഫ്രിക്കന്‍ തെരുവുകളില്‍ ആനന്ദസങ്കീര്‍ത്തനമായി കാപ്പിരികളുടെ ആഹ്ലാദ ആരവങ്ങള്‍ ഉയര്‍ന്നു. രാത്രി പുലരുംവരെ എണ്‍പത് ശതമാനം വരുന്ന കറുത്ത ജനത നൃത്തമാടി.

ദേശീയ ഐക്യ സര്‍ക്കാരിന്റെ പുതിയ കൊടി ഉയര്‍ത്തിയായിരുന്നു ചടങ്ങിന്റെ തുടക്കം. മൂന്നാമതായി മണ്ടേലയുടെ ഊഴം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൈക്കല്‍ കോര്‍ബറ്റ് ചൊല്ലിക്കൊടുത്ത സത്യവാചകം മണ്ടേല ഏറ്റുചൊല്ലുമ്പോള്‍ ഒരു നിമിഷം ദക്ഷിണാഫ്രിക്കയ്ക്ക് ചലനമറ്റു. പിന്നെ ആനന്ദനൃത്തത്തില്‍, കാപ്പിരി സംഗീതത്തില്‍ അമര്‍ന്നു. ഫിദല്‍ കാസ്ട്രോയും യാസര്‍ അറഫാത്തും ഉള്‍പ്പെടെയുള്ള പോരാട്ടനായകരെ സാക്ഷി നിര്‍ത്തിയായിരുന്നു മണ്ടേലയുടെ സ്ഥാനാരോഹണം.

നൂറ്റാണ്ടിന്റെ സമരയൗവ്വനം


സ്വാതന്ത്ര്യത്തിലേക്ക് കുറുക്കുവഴിയില്ലെന്ന് ലോകത്തെ പലവട്ടം ഓര്‍മിപ്പിച്ച കറുത്തസൂര്യന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. വര്‍ണവിവേചനത്തിന്റെ പ്രാകൃതമായ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക പീഡനങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരങ്ങള്‍ നയിച്ച നെല്‍സണ്‍ മണ്ടേലയുടെ വിയോഗത്തോടെ ഒരു യുഗമാണ് അവസാനിക്കുന്നത്. അപ്പാര്‍ത്തീഡിന് അന്ത്യംകുറിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ സഹനസമരങ്ങളും ആയുധമേന്തിയ ചെറുത്തുനില്‍പ്പുകളും നടത്തുകമാത്രമല്ല, ആ വ്യവസ്ഥയ്ക്കെതിരെ ലോകമനസ്സാക്ഷി ഉണര്‍ത്തുകയും ചെയ്തു.

മനുഷ്യാവകാശം, സാമൂഹ്യനീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്‍ക്കായി പൊരുതിയ അദ്ദേഹം സ്വാധീനം ചെലുത്താത്ത ആഫ്രിക്കന്‍ മേഖലകളില്ല. പൊതുജീവിതത്തിന്റെ സമസ്ത മേഖലകളിലും ശ്രദ്ധേയരായ ലോകപ്രതിഭകളും ആരാധനയോടെയാണ് മണ്ടേലയെ കണ്ടിരുന്നത്. രാഷ്ട്രീയനേതൃത്വത്തിനുപുറമേ പെലെയും മൈക്കിള്‍ ജാക്സനും മറ്റും ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.

മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു എന്ന ഗോര്‍ഡന്‍ ചൈല്‍ഡിന്റെ അഭിപ്രായം സാധൂകരിക്കുംവിധമായിരുന്നു മണ്ടേലയുടെ ആദ്യകാലം. അദ്ദേഹത്തിനുമുമ്പ് കുടുംബത്തില്‍ ഒരാള്‍പോലും സാക്ഷരത നേടിയിരുന്നില്ല. ആചാരങ്ങളും ചടങ്ങുകളും ഊരുവിലക്കും നിറഞ്ഞ അവന്‍ നന്നേ ചെറുപ്പത്തില്‍ കാലിമേയ്ക്കാന്‍ പോയി. അച്ഛന്റെ മരണശേഷം സമ്പന്നനായ ഒരാള്‍ ദത്തെടുത്തതോടെയാണ് ആ നിലയില്‍ മാറ്റമുണ്ടായത്. അക്ഷരങ്ങളുടെ ജാലകങ്ങള്‍ തുറന്നുകിട്ടി. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്‍ക്കെതിരെ ആ വിദ്യാര്‍ഥി ചിന്തിച്ചുതുടങ്ങി. കോളേജ് വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ഥി കൗണ്‍സില്‍ അംഗമായിക്കൊണ്ടാണ് പൊതുജീവിതപ്രവേശനം. നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്കരിച്ചതിന് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ബിരുദം നേടാനാകാതെയാണ് പിരിഞ്ഞത്. മറ്റൊരിടത്തുനിന്ന് നിയമത്തില്‍ ഡിഗ്രിയെടുത്ത് അഭിഭാഷകനായി.

ഭൂഖണ്ഡമാകെ വിവിധതരത്തിലുള്ള കൊളോണിയല്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ അലയടിച്ച കാലം. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് സമാധാനപരമായ സമരങ്ങള്‍ക്ക് മണ്ടേല നേതൃത്വം നല്‍കി. വെള്ളയജമാന ഭരണത്തെ ഉല്‍ബോധിപ്പിച്ച് അപ്പാര്‍ത്തീഡിന് അന്ത്യംകുറിക്കാമെന്ന വ്യാമോഹം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഫലം. ഗാന്ധിജിയുടെ അഹിംസാസമരത്തിലുള്ള വിശ്വാസം കുറഞ്ഞുവരാന്‍ തുടങ്ങി. ഇന്ത്യന്‍ വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകാരെയും അണിനിരത്തി ശക്തിമത്തായ ചെറുത്തുനില്‍പ്പുകള്‍ വളര്‍ത്തി. മാര്‍ക്സും എംഗല്‍സും മാവോയും ലെനിനും സ്റ്റാലിനുമെല്ലാം ചിന്തകള്‍ക്ക് തീപിടിപ്പിച്ചു. സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുമായ മോസെസ് കൊതാനെയുടെ കാഴ്ചപ്പാടുകളും ദേശീയ വിമോചന പ്രക്ഷോഭങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണയും ദിശാമാറ്റത്തെ ത്വരിതമാക്കി. 1961ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ചേര്‍ന്ന് രൂപീകരിച്ച എംകെ എന്ന പൊരുതുന്ന സംഘടന യുവാക്കളെ ഏറെ ആവേശഭരിതമാക്കിയിരുന്നു. കമ്യൂണിസത്തോടുള്ള നേരിയ അകല്‍ച്ച ഇല്ലാതാക്കിയത് അനുഭവങ്ങളാണെന്നര്‍ഥം. പിന്നെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രയോഗക്ഷമതയും തിരിച്ചറിഞ്ഞു.
1962 ജൂലൈ 30ന് മണ്ടേലയെ അറസ്റ്റു ചെയ്തത് കമ്യൂണിസ്റ്റ് വിരുദ്ധ അടിച്ചമര്‍ത്തല്‍നിയമത്തിന്റെ മറവിലായിരുന്നു. ഒപ്പം യൂസഫ് ദാദുവിനെപ്പോലുള്ള സഖാക്കളും. ലോകചരിത്രത്തില്‍ ഇത്രയും ദീര്‍ഘകാലം കാരാഗൃഹത്തിനുള്ളില്‍ കഴിഞ്ഞ മറ്റ് നേതാക്കളുണ്ടോ എന്ന് സംശയം. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി 1962ല്‍ ജയിലിലിട്ട അദ്ദേഹത്തെ 27 വര്‍ഷമാണ് നരകിപ്പിച്ചത്. മോചിതനായിട്ടും പ്രക്ഷോഭങ്ങള്‍ തുടര്‍ന്നു. സന്ധിസംഭാഷണങ്ങള്‍ക്കൊടുവില്‍ നടന്ന 1994ലെ തെരഞ്ഞെടുപ്പ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. അതാണ് എല്ലാ വംശങ്ങളെയും പങ്കെടുപ്പിച്ച് നടന്ന ആദ്യജനാധിപത്യ ഹിതപരിശോധന. മണ്ടേല പ്രസിഡന്റായി അഞ്ചുവര്‍ഷം തുടര്‍ന്നു.

പുതിയ ഭരണഘടന സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുപോലെയായി. മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കാനും ഭൂപരിഷ്കരണത്തിന് തുടക്കമിടാനുമായിരുന്നു ആദ്യതീരുമാനം. ദാരിദ്ര്യനിര്‍മാര്‍ജനവും ആരോഗ്യസംവിധാന വിപുലീകരണവും മറ്റു നടപടികള്‍. കൊളോണിയല്‍വിരുദ്ധ സമരങ്ങളുടെ മുന്നണിയില്‍ എക്കാലവും നിന്ന മണ്ടേല പല അന്താരാഷ്ട്രതര്‍ക്കങ്ങളിലും മാധ്യസ്ഥം വഹിച്ചു. ബ്രിട്ടനും ലിബിയയും തമ്മിലുള്ള ഉരസല്‍ രമ്യമായി പരിഹരിക്കപ്പെട്ടത് അതിലൊന്നുമാത്രം. ചേരിചേരാപ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച 1996-99 കാലത്തും ഇത്തരം ഉദാഹരണങ്ങളുണ്ടായി. രണ്ടാംവട്ടവും രാജ്യത്തിന്റെ പ്രസിഡന്റുസ്ഥാനം വഹിക്കണമെന്ന മറ്റ് എഎന്‍സി നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങാതെ, മണ്ടേല ജീവകാരുണ്യമേഖലയിലേക്ക് തിരിയുകയായിരുന്നു. നെല്‍സണ്‍ മണ്ടേല ചാരിറ്റി ഫൗണ്ടേഷന് രൂപംനല്‍കിയായിരുന്നു ഇത്. അതിലളിതമായ ജീവിതം നയിച്ച് ബാക്കിവയ്ക്കുന്ന കാശ് ഫൗണ്ടേഷന് നല്‍കുകയായിരുന്നു. വരുമാനത്തിന്റെ മൂന്നിലൊന്ന് ഇങ്ങനെ മാറ്റിവച്ചു.

വിവിധ തുറകളിലെ ഇടപെടലും സാന്നിധ്യവും ബഹുമാനിച്ച് ഇരുനൂറ്റമ്പതിലധികം അന്താരാഷ്ട്ര പുരസ്കാരങ്ങളും മണ്ടേലയെ തേടിയെത്തി. 1993ലെ സമാധാന നൊബേലും ഓര്‍ഡര്‍ ഓഫ് ലെനിന്‍ പുരസ്കാരവും ഉള്‍പ്പെടെ. "മഡിബ" എന്ന ഓമനപ്പേരില്‍ കറുത്തമനുഷ്യരാകെ ആരാധിക്കുന്ന ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്, ഒരുനൂറ്റാണ്ടിനടുത്ത് വിസ്തൃതിയുള്ള ജീവിതവും പോരാട്ടവുംകൊണ്ട് ലോകം പുതുക്കിപ്പണിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന നാളത്തെ പുലരി പ്രതീക്ഷിക്കുന്ന ജനകോടികളുടെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

സംയമന രാഷ്ട്രീയം

വെളുത്ത വര്‍ഗക്കാരിലെയും കറുത്തവര്‍ക്കിടയിലെയും തീവ്രവാദികളോട് ഒന്നുപോലെ ഏറ്റുമുട്ടിയാണ് മണ്ടേല രാജ്യത്തെ നയിച്ചത്. സുളു വര്‍ഗക്കാരുടെ ഇന്‍കതാ ഫ്രീഡം പാര്‍ടിയും വര്‍ണ വിവേചന അനുകൂലികളും അദ്ദേഹത്തിന്റെ സംയമന രാഷ്ട്രീയത്തെ എതിര്‍ത്തു. തടസ്സങ്ങളുടെ അതിശക്തമായ ഒഴുക്കിനെ മറികടന്നാണ് മണ്ടേല ദക്ഷിണാഫ്രിക്ക എന്ന ജനാധിപത്യ ശിശുവിനെ തീരത്തടുപ്പിച്ചത്. വര്‍ണവിവേചനമെന്ന കാടന്‍ വ്യവസ്ഥയാല്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചു നിന്ന രാജ്യത്തിന്റെ തല നിവര്‍ത്തിയതും ഉജ്വലമായ ആ ഭരണനേതൃത്വം. രാജ്യം നാനാ വര്‍ണങ്ങള്‍ നിറഞ്ഞ മഴവില്‍ രാഷ്ട്രമായി മാറ്റിയപ്പോള്‍ കറുത്തവനായതു കൊണ്ടുമാത്രം പിഡിപ്പിക്കപ്പെട്ട ജനതയുടെ അമരക്കാരന്‍ അഭിമാനത്താല്‍ ആകാശത്തോളം തലയുയര്‍ത്തി.

ദക്ഷിണാഫ്രിക്കയ്ക്കകത്ത് ചെറുരാജ്യമായി തുടരാന്‍ അനുവദിക്കണമെന്ന വെള്ളക്കാരില്‍ ചിലരുടെ ശ്രമങ്ങളെ അനുനയിപ്പിച്ച് ശിഥിലമാക്കി. സംയമനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അവസാന വാക്കായ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തെ ഭിന്നതയും മഞ്ഞുപോലെ ഉരുക്കി. കോളനിരാജ്യത്തെ ആശ്രയിക്കാത്ത സ്വന്തമായ ഭരണഘടനയും ഉണ്ടാക്കാനായി. കറുപ്പിന്റെയും വെളുപ്പിന്റെയും തീവ്രവാദത്തെ ദുര്‍ബലമാക്കാനായി കമീഷനുണ്ടാക്കി. വര്‍ണവിവേചനത്തിന്റെ വലക്കണ്ണികള്‍ തകര്‍ക്കാന്‍ വെള്ളക്കാരുടെ നാഷണല്‍ പാര്‍ടി നേതാവ് എഫ് ഡബ്ലു ഡി ക്ലാര്‍ക്ക് പോലും മണ്ടേലയ്ക്ക് പിന്നില്‍ നിലകൊണ്ടു എന്നതില്‍ത്തന്നെ മണ്ടേല എന്ന ഭരണാധികാരിയിലെ നയതന്ത്രചാതുര്യം തെളിയുന്നു.

ഓരോ ഓര്‍മയിലും ചവര്‍ക്കുന്ന വര്‍ണ വിവേചന സ്മൃതി നുരഞ്ഞിട്ടും പ്രതികാരത്തിന്റെ വഴിയിലേക്ക് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിച്ചില്ല. വര്‍ണവിവേചനം തുടച്ചു നീക്കാന്‍ 12,500 പേര്‍ കൊല്ലപ്പെട്ട രാജ്യത്താണ് കറുത്തവരുടെ ഈ മഹാമനസ്കത. അതിന് പ്രേരകമായത് മണ്ടേല എന്ന ഇതിഹാസപുരുഷനും.
അധികകാലം അധികാരത്തില്‍ ഇരിക്കാത്തതുകൊണ്ട് ഭരണാധികാരി എന്ന നിലയില്‍ മണ്ടേലയെ വിലയിരുത്തുന്നതില്‍ പരിമിതികളുണ്ട്. ബദല്‍ സാമ്പത്തികനയം ലോകത്തിന് കാട്ടിക്കൊടുക്കാത്തത് വലിയൊരു ദൗര്‍ബല്യമാണ്. അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കിയ സാമ്പത്തികനയം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കീഴടങ്ങിക്കൊണ്ടുള്ളതുമായി. സോഷ്യലിസ്റ്റ് ചിന്താഗതികളുടെ അടിസ്ഥാനമുള്ള ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വലത്തോട്ട് അടുപ്പിച്ചുവെന്നതാണ് ഒരാക്ഷേപം. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും കാലം അതിനനുകൂലമായ തരത്തില്‍ രാജ്യത്തിന്റെ ഗതി തിരിച്ചുവിട്ടെന്ന് ഇടതുപക്ഷ പാര്‍ടികളും മണ്ടേലയെ കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ മുഖമേകാന്‍ സാമ്പത്തിക നയം ഉപയോഗപ്പെടുത്തിയെന്നാണ് നല്‍കിയ ഉത്തരം.

എയ്ഡ്സിനെതിരെ മണ്ടേല സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊണ്ടില്ലെന്ന് എഡ്വിന്‍ കാമറൂണിനെപ്പോലെയുള്ളവര്‍ കുറ്റപ്പെടുത്തി. അധികാരത്തില്‍ നിന്നൊഴിഞ്ഞ ശേഷം മണ്ടേലയും ഇതില്‍ കുറ്റസമ്മതം നടത്തി. ഈ മാരക വിപത്തിനെതിരെ കര്‍ശന നടപടി എടുക്കാത്തത് തെറ്റാണെന്ന് ഏറ്റുപറഞ്ഞു.
അധികാരത്തില്‍ തൂങ്ങിനില്‍ക്കുന്നവര്‍ക്ക് മണ്ടേല ഒരു ഉത്തരമായിരുന്നു. അധികാരത്തിന്റെ ഏറ്റവും വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മനുഷ്യന്‍ സ്വന്തം ജീവിതം അതേ അധികാരത്തില്‍ അഴുകാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതല്‍. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കൃത്യമായ ദിശ ചൂണ്ടിയാണ് മണ്ടേല പോയതെങ്കിലും പിന്‍ഗാമികള്‍ ആ വഴിയിലായിരുന്നില്ല.

മണ്ടേല

1918 ജൂലൈ 18 ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്കെയിലെ ഖുനുവില്‍ ജനനം

1938 ഫോര്‍ട്ട്ഫെയര്‍ സര്‍വകലാശാലയില്‍ പഠനം. വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്തതിന് കോളേജില്‍നിന്ന് പുറത്തായി.

1944 ഒളിവര്‍ ടോംബോയോടും വാള്‍ട്ടര്‍ സിസിലുവിനോടുമൊപ്പം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് യൂത്ത്ലീഗിന് രൂപം നല്‍കി.

1950 യൂത്ത് ലീഗിന്റെ ദേശീയ അധ്യക്ഷനായി.

1952 ജൂണ്‍ 26 മണ്ടേലയും 31 പേരും വര്‍ണവിവേചന നിയമം ലംഘിച്ചു.

1956 ഡിസംബര്‍ 6 മണ്ടേലയും 156 പേരും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി.

 1960 മാര്‍ച്ച് 21 ഷാര്‍പ്പ്വില്ലി കൂട്ടക്കൊലയില്‍ 69 കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടു. ആഭ്യന്തര അടിയന്തരാവസ്ഥ. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് നിരോധനം.

1962 ജനുവരി 11 ദക്ഷിണാഫ്രിക്കയില്‍നിന്ന് ഒളിച്ചുകടന്ന മണ്ടേല എത്യോപ്യയില്‍ നടന്ന പാന്‍ ആഫ്രിക്കന്‍ സ്വാതന്ത്ര്യ സമ്മേളനത്തില്‍ പങ്കെടുത്തു. അള്‍ജീരിയയില്‍ ഗറില്ലാ പരിശീലനത്തില്‍. ലണ്ടനില്‍ ഇടതു നേതാക്കളുമായി ചര്‍ച്ച.

1962 ആഗസ്ത് 5 ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയ മണ്ടേലയെ ഒളിച്ച് രാജ്യംവിട്ടതിന് അറസ്റ്റ് ചെയ്തു.

1962 നവംബര്‍ അഞ്ച് കൊല്ലം തടവുശിക്ഷ.

1963 ഒക്ടോബര്‍ 20 ഗറില്ലാ സമരമുറയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മണ്ടേലയ്ക്കും എട്ട് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ വിചാരണ.

1964 ഏപ്രില്‍ 20 എഎന്‍സി അഹിംസാനയം ഉപേക്ഷിക്കുകയാണെന്ന് വിചാരണയ്ക്കിടയില്‍ മണ്ടേലയുടെ പ്രഖ്യാപനം.

1964 ജൂണ്‍ 12 മണ്ടേല ഉള്‍പ്പെടെ എട്ടു പേര്‍ക്കും ജീവപര്യന്തം തടവ്. മണ്ടേലയെ റുബന്‍ ദ്വീപിലെ ജയിലിലേക്കു കൊണ്ടുപോയി.

1985 ജനുവരി 31 മണ്ടേല ശസ്ത്രക്രിയക്ക് വിധേയനായി. മണ്ടേലയെ വിട്ടയക്കുമെന്ന് ശ്രുതി.

1988 ജൂലൈ 18 മണ്ടേലയുടെ ജന്മദിനം വര്‍ണവിവേചന വിരുദ്ധദിനമായി ലോകമാകെ ആചരിച്ചു.

1990 ഫെബ്രുവരി 11 മണ്ടേലയുടെ മോചനം.

1994 മെയ് 10 ജനാധിപത്യ ദക്ഷിണാഫ്രിക്കയിലെ ആദ്യ പ്രസിഡന്റായി.

1999 ജൂണ്‍ പൊതുജീവിതത്തില്‍നിന്ന് വിരമിച്ച് വിശ്രമ ജീവിതത്തിന് ജന്മഗ്രാമമായ ഖുനുവിലേക്കു മടങ്ങി.