മഞ്ചേരിയിലെ കല്‍ക്കോണി മൈതാനത്ത് 1920 ഏപ്രില്‍ 28നും 29നും നടന്ന അഞ്ചാം മലബാര്‍ ജില്ലാ രാഷ്ട്രീയസമ്മേളനം കേരള ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. ഈ സമ്മേളനത്തിന് 90 വയസ്സാകുമ്പോള്‍ നവകേരളത്തിന് ശക്തിപകര്‍ന്ന ഒരു വലിയ ചരിത്രമുഹൂര്‍ത്തമാണ് കടന്നുപോകുന്നത്. മലബാറില്‍ മാത്രമല്ല കൊച്ചിയിലും തിരുവിതാംകൂറിലും പൊതുമണ്ഡലത്തിന്റെ നേതൃത്വം ജന്മിമാരും രാജപാരമ്പര്യം അവകാശപ്പെട്ടിരുന്നവരും കൈകാര്യംചെയ്തിരുന്ന ഘട്ടത്തിലായിരുന്നു ഈ സമ്മേളനം. ഇത്തരക്കാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ വേദികള്‍ മധ്യവര്‍ഗക്കാര്‍ക്കായി തുറന്നുകൊടുക്കപ്പെട്ടതും സാധാരണക്കാരന് രാഷ്ട്രീയ പ്രവര്‍ത്തനം പ്രാപ്യമാക്കിയതും മഞ്ചേരിയില്‍ നടന്ന സമ്മേളനമാണ്. മുന്‍ ധാരണപ്രകാരം പല ദിക്കുകളില്‍നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജന്മിമാര്‍ പരാജയം രുചിച്ചതോടെ സമ്മേളനപ്പന്തലില്‍നിന്ന് ഇറങ്ങിപ്പോയത് കേരളചരിത്രത്തിലെ നിര്‍ണായക സംഭവം. ഈ സമ്മേളനം പകര്‍ന്നുനല്‍കിയ ആവേശംകൂടി ഉള്‍ക്കൊണ്ടാണ് അടുത്തവര്‍ഷം 1921ല്‍ മലബാറിലെ മാപ്പിള കര്‍ഷകര്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കലാപക്കൊടി ഉയര്‍ത്തിയത്.
സ്വാതന്ത്ര്യസമര പ്രസ്ഥാനം കേരളത്തില്‍ ശക്തിയാര്‍ജിക്കുന്നതിനുമുമ്പാണ് ബ്രിട്ടീഷ് മലബാറില്‍ 1916 മുതല്‍ ജില്ലാ രാഷ്ട്രീയ സമ്മേളനങ്ങള്‍ ചേര്‍ന്നുതുടങ്ങിയത്. ജന്മിമാരുടെ നിയന്ത്രണത്തില്‍ പാലക്കാട് (1916), കോഴിക്കോട് (1917), തലശേരി (1918), വടകര (1919) എന്നിവിടങ്ങളില്‍ ജില്ലാ സമ്മേളനങ്ങള്‍ നടന്നു. ജന്മിത്വത്തിലധിഷ്ഠിതമായ കോണ്‍ഗ്രസ് പ്രചാരണം ഈ സമ്മേളനങ്ങളുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതുകൊണ്ടുതന്നെ കര്‍ഷകരുടെയും കുടിയാന്മാരുടെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 1919 വരെയും ജില്ലാസമ്മേളനങ്ങള്‍ തയ്യാറായില്ല. എന്നാല്‍, 1920ല്‍ മഞ്ചേരിയില്‍ നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി പുതിയ പ്രതിനിധികളെ ചേര്‍ക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എം പി നാരായണമേനോന്‍, കെ പി കേശവമേനോന്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി എന്നിവര്‍ കര്‍ഷകരെയും കുടിയാന്മാരെയും സാധാരണക്കാരെയും അംഗങ്ങളാക്കി. ഈ നവാഗത രാഷ്ട്രീയ പ്രവര്‍ത്തകരാണ് മഞ്ചേരി സമ്മേളനത്തിന്റെയും അതുവഴി കേരളചരിത്രത്തിന്റെയും ഗതിമാറ്റിയത്.
1917ല്‍ റഷ്യയില്‍ നടന്ന ബോള്‍ഷെവിക് വിപ്ളവം തൊഴിലാളികളുടെയും കര്‍ഷകരുടെയും രാഷ്ട്രീയശക്തി വെളിപ്പെടുത്തുന്നതായിരുന്നു. ഈ വിപ്ളവത്തിന്റെ പ്രതിധ്വനി ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ ജന്മിമാരെ ഭയപ്പെടുത്തി. സമൂഹത്തിലെ 'സ്വാഭാവിക നേതാക്കന്മാരായ' ജന്മിമാര്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവ് ബ്രിട്ടീഷ് സര്‍ക്കാരിനുണ്ടായി. തൊഴിലാളികളെയും കര്‍ഷകരെയും നിരീക്ഷിക്കുന്നതിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് 1920ല്‍ കൊച്ചിന്‍ സര്‍ക്കാരിനയച്ച 'ബോള്‍ഷേവിക് ഭീഷണി' എന്ന കത്ത് ഇതാണ് വ്യക്തമാക്കുന്നത്. 1914-18 കാലത്ത് നടന്ന ഒന്നാം ലോകമഹായുദ്ധം കേരളത്തെ ഏറെ താറുമാറാക്കി. യുദ്ധക്കെടുതികളെതുടര്‍ന്ന് ദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായി. ജനങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട അസ്വസ്ഥത അധികാരികളെ അലസോരപ്പെടുത്തിയിരുന്നതിന് തെളിവാണ് 'ബോള്‍ഷേവിക് ഭീഷണി' എന്ന പ്രയോഗം. കയര്‍, തോട്ടം, സുഗന്ധദ്രവ്യമേഖല എന്നിവിടങ്ങളിലെ തൊഴിലാളികള്‍ കനത്ത പട്ടിണിയിലായി. ഇതേസമയം, തോട്ടം മുതലാളിമാരും ജന്മിമാരും അവരുടെ ജനവിരുദ്ധ നിലപാട് ഊര്‍ജിതമാക്കി സ്വയം രക്ഷാകവചം തീര്‍ക്കുന്നതും കാണാന്‍ സാധ്യമായി. കുടിയൊഴിപ്പിക്കലുകളും പിരിച്ചുവിടലും തൊഴില്‍ശാലകള്‍ അടച്ചുപൂട്ടലും നിത്യസംഭവങ്ങളായി.
ഇന്ത്യയില്‍ യുദ്ധവിപത്തിന്റെ പ്രതിഫലനം ഏറെ കണ്ടത് കേരളത്തിലായിരുന്നു. കയറ്റുമതി ചരക്കുകള്‍ കെട്ടിക്കിടന്നത് കയര്‍, തേയില, കൊപ്ര, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷകരെയും തൊഴിലാളികളെയും വറുതിയിലേക്ക് തള്ളിവിട്ടു. വാണിജ്യവിളകള്‍ കെട്ടിക്കിടന്നതിനോടൊപ്പം ഭക്ഷണദൌര്‍ലഭ്യം അനുഭവപ്പെട്ടത് പട്ടിണിവിപത്തുകള്‍ക്ക് കാരണമായി. ഈ അവസ്ഥയില്‍ ജനജീവിതത്തിലും അവരുടെ അഭിപ്രായ രൂപീകരണത്തിലും ഇടപെടുന്നതിനായി നിരവധി സംഘങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ സജീവമായി. അവര്‍ പത്രങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പ്രസംഗങ്ങളിലൂടെയും ജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഈ ഇടപെടലുകള്‍ മഞ്ചേരി സമ്മേളനത്തിനെ സ്വാധീനിച്ചിരുന്നതായി കാണാം. മുസ്ളിംസമുദായത്തെ വലിയതോതില്‍ സ്വാധീനിച്ചുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനവും ഗാന്ധിയന്‍ ആശയങ്ങള്‍ അടിസ്ഥാനമാക്കി നിസ്സഹകരണവാദക്കാരും നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായി. മലബാറില്‍ ഈ അവസ്ഥയില്‍ ജന്മിമാരില്‍നിന്നു വേറിട്ടുനിന്നുകൊണ്ട് മധ്യവര്‍ഗശക്തികള്‍ 'കുടിയാന്‍ സംഘങ്ങള്‍' ഏര്‍പ്പെടുത്തിക്കൊണ്ട് ജന്മിമാര്‍ക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങി. മധ്യവര്‍ഗ തൊഴിലാളി ഐക്യം സാധ്യമായ ഈ സന്ദര്‍ഭത്തിലാണ് 1920 ഏപ്രില്‍ 28ന് മഞ്ചേരി സമ്മേളനം ആരംഭിച്ചത്. 1887ല്‍ മലബാര്‍ സന്ദര്‍ശിച്ച മദ്രാസ് ഗവര്‍ണര്‍ കണ്ണിമേരാ പ്രഭുവിന് കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൂട്ടപ്പരാതികള്‍ സമര്‍പ്പിച്ചു. ഈ അവസരത്തില്‍ 'മലബാര്‍ മദ്രാസ് പ്രസിഡന്‍സിയുടെ അയര്‍ലന്‍ഡാ'ണെന്നാണ് ഈ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്. അയര്‍ലന്‍ഡില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്. ഈ അസ്വസ്ഥത ഏറെയുണ്ടായിരുന്ന പ്രദേശമാണ് സമ്മേളം നടന്ന മഞ്ചേരി.
1919ല്‍ വടകരയില്‍നടന്ന മലബാര്‍ ജില്ലാസമ്മേളനം അടുത്ത സമ്മേളനസ്ഥലമായി മഞ്ചേരിയെ തെരഞ്ഞെടുത്തിരുന്നു. മലബാറിലെ പട്ടാള ഉദ്യോഗസ്ഥര്‍ക്ക് തലവേദന ഉണ്ടാക്കിയിരുന്ന മഞ്ചേരി 'ഫനാറ്റിക് സോണ്‍' അഥവ 'മതഭ്രാന്തിന്റെ കേന്ദ്ര'മായിരുന്നു. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും അത്രത്തോളം വെല്ലുവിളിയായിരുന്നു മഞ്ചേരിയിലെ ജനങ്ങളും സാധാരണക്കാരും. കെ മാധവന്‍നായരുടെ വിവരണമനുസരിച്ച് സമ്മേളനം നടന്നത് മഞ്ചേരി പാളയം മൈതാനത്താണ്. എന്നാല്‍, കെ എന്‍ പെരുന്ന, ജി ആര്‍ എഫ് ടോട്ടന്‍ഹാം എന്നിവരുടെ കുറിപ്പനുസരിച്ച് സമ്മേളനം നടന്നത് 'കല്‍ക്കോണി മൈതാനം' എന്ന സ്ഥലത്താണ്. രണ്ടും ഒന്നാകാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഏതായാലും മഞ്ചേരി ബോര്‍ഡ് ഹൈസ്കൂള്‍ പരിസരമായിരുന്നിരിക്കണം സമ്മേളന നഗരിയായത്. സമ്മേളനത്തിന്റെ പ്രതിനിധികളെ ചേര്‍ക്കുന്നതിന് ഇരുവിഭാഗവും നടത്തിയ വാശിയേറിയ പ്രവര്‍ത്തനഫമായാണ് മലബാറിലെങ്ങും 'കുടിയാന്‍ സംഘങ്ങള്‍' രൂപീകൃതമായത്.
വസ്ത്രനിര്‍മാണത്തില്‍പ്പോലും മാപ്പിള കര്‍ഷകരെ അനുകൂലിച്ചെന്ന മഹാപാതകംചെയ്ത എം പി നാരായണമേനോന്‍ ഇത്തരം കുടിയാന്‍ സംഘങ്ങള്‍ രൂപീകരിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി മഞ്ചേരിയിലും പരിസരത്തും പള്ളികളും മറ്റും കേന്ദ്രീകരിച്ച് വിവിധ യോഗങ്ങള്‍ നടന്നു. സമ്മേളനത്തെ അനുകൂലമാക്കുന്നതിന് ഏപ്രില്‍ 27ന് മഞ്ചേരിയില്‍ ഭൂപ്രഭുക്കന്മാരും യോഗംചേര്‍ന്നിരുന്നു. സമ്മേളനവേദിയില്‍ വിതരണംചെയ്യുന്നതിന് തയ്യാറാക്കിയ 'തുര്‍ക്ക്-ഇ-മുവാലത്ത്' എന്ന പത്രിക ബ്രിട്ടീഷ് വിരുദ്ധ പ്രചാരണത്തെ ശക്തിപ്പെടുത്തുന്ന രേഖയായിരുന്നു. ഒന്നാംലോക മഹായുദ്ധത്തെത്തുടര്‍ന്ന് തുര്‍ക്കി ഖലീഫയ്ക്കും ആ നാടിനും ഏല്‍ക്കേണ്ടിവന്ന അപമാനമാണ് ഈ പ്രതികയിലെ പ്രമേയം. ഇതിന്റെ പ്രതികള്‍ സമ്മേളനപ്പന്തലില്‍ ഏറെ കോലാഹലം സൃഷ്ടിച്ചെന്ന് ചില ഓര്‍മക്കുറുപ്പുകളില്‍നിന്ന് മനസ്സിലാക്കാം. ഏപ്രില്‍ 28ന്, അതായത് സമ്മേളനത്തിന്റെ ഒന്നാംദിവസം വിഷയനിര്‍ണയകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം നടന്നു.
അവതരിപ്പിക്കപ്പെടേണ്ട പ്രമേയങ്ങള്‍ ഏതെല്ലാമെന്ന് തീരുമാനിക്കുന്നത് ഈ വിഷയനിര്‍ണയകമ്മിറ്റിയാണ്. ജന്മി അനുകൂലികള്‍ക്ക് മുന്‍തൂക്കമുള്ള പത്തംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ കമ്മിറ്റി വൈകുന്നേരത്ത് യോഗം ചേര്‍ന്നു. ന്യൂനപക്ഷമായിരുന്ന കര്‍ഷക അനുകൂലികള്‍ ശക്തമായ എതിര്‍പ്പ് തുടങ്ങിയതോടെ വിഷയനിര്‍ണയകമ്മിറ്റി യോഗം ഏറെ നീണ്ടുപോയി. കെ പി കേശവമേനോന്‍, എം പി നാരായണമേനോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ എതിര്‍പ്പ്. അതിന്റെ ഫലമായി ഈ യോഗം തീര്‍ന്നത് 29ന് രാവിലെയായിരുന്നു. 'ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി', 'ഖിലാഫത്ത് പ്രശ്നം', 'ഭരണപരിഷ്കാരങ്ങള്‍' തുടങ്ങിയവയാണ് ചര്‍ച്ചയ്ക്കും വോട്ടിങ്ങിനുമായി തെരഞ്ഞെടുക്കപ്പെട്ട പ്രമേയങ്ങള്‍. 1920 ഏപ്രില്‍ 29ന് പ്രധാന സമ്മേളനം നടക്കുമ്പോള്‍ സമ്മേളന അധ്യക്ഷന്‍ ഹിന്ദു പത്രാധിപര്‍ കസ്തൂരിരംഗ അയ്യങ്കാര്‍ ആയിരുന്നു. ഇത്തരത്തിലുള്ള അയ്യങ്കാര്‍- ബ്രാഹ്മണ- ജന്മി മേല്‍കൈ മുന്‍കാല സമ്മേളനങ്ങളുടെ പ്രത്യേകതയായിരുന്നു. അതുതന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചത്.
സമ്മേളനപ്പന്തലില്‍ പുതുതായി പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരും സാധാരണക്കാരും കച്ചവടക്കാരും അണിനിരന്നു. മലബാറിന്റെ രാഷ്ട്രീയരംഗം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കപ്പെട്ട പ്രതീതിയാണ് സമ്മേളനസ്ഥലത്തുണ്ടായത്. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വ്യത്യസ്തത പുലര്‍ത്തിയ ഇവരെ ജന്മിമാരിലൊരാള്‍ 'The assembled moplah peasants and coolies' എന്നാണ് വിശേഷിപ്പിച്ചത്. മറ്റൊരു വിശേഷണം 'Some delegates just came from the ploughs' (കൃഷിയിടങ്ങളില്‍നിന്ന് നേരിട്ടുവന്ന ചില പ്രതിനിധികള്‍) എന്നായിരുന്നു. ഇതെല്ലാം സമ്മേളനത്തിന്റെ സ്വഭാവമാറ്റം വ്യക്തമാക്കുന്ന സൂചനകളാണ്. ഈ മാറ്റം ജന്മിത്വവിരുദ്ധവുമായിരുന്നു. 1300 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ മുന്‍ സൂചിപ്പിച്ച പ്രമേയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തു. പുതിയ പ്രതിനിധികളുടെ വക്താക്കളായ കച്ചവടക്കാരും വക്കീലന്മാരും കുടിയാന്‍ സംഘനേതാക്കളും അഭിപ്രായപ്രകടനത്തില്‍ ആധിപത്യം ഉറപ്പിച്ചു. പ്രഭുക്കന്മാര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രമേയങ്ങള്‍ വോട്ടെടുപ്പില്‍ അല്ലെങ്കില്‍ ചര്‍ച്ചയില്‍ പൂര്‍ണമായി പരാജയപ്പെട്ടു. ബ്രിട്ടീഷ് ഭരണപരിഷ്കാരങ്ങള്‍ അസ്വീകാര്യമെന്ന കുടിയാന്‍ സംഘക്കാരുടെ നിലപാട് വിജയംകണ്ടു. ഇതില്‍ പ്രതിഷേധിച്ച് സമ്മേളനത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ആനിബസന്റും ജന്മിമാരും സമ്മേളനപ്പന്തലില്‍നിന്ന് ഇറങ്ങിപ്പോയി. അവര്‍ നടന്നകന്നുപോയത് മഞ്ചേരി സമ്മേളനത്തില്‍നിന്നു മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുകൂടിയായിരുന്നു. മഞ്ചേരി സമ്മേളനം അന്നത്തെ നിര്‍ണായക സംഭവമായി.
മഞ്ചേരി സമ്മേളനം തുറന്നവാതില്‍ കേരളത്തിലെ നവോത്ഥാനപഥത്തിലേക്കുള്ളതായിരുന്നു. മഞ്ചേരി അങ്ങനെ നവകേരളത്തിന്റെ വഴികാട്ടിയായി. സാധാരണക്കാരുടെ വിജയവാര്‍ത്ത മലബാറിലെങ്ങും പ്രചരിച്ചു. 'കുടിയാന്‍ സംഘങ്ങള്‍' നിരവധിയായി രൂപംകൊണ്ടു, ഒപ്പം ഖിലാഫത്ത് കമ്മിറ്റികളും. മഞ്ചേരി സമ്മേളനം പകര്‍ന്ന ആവേശമാണ് 1921ല്‍ മലബാറില്‍ കര്‍ഷക മുന്നേറ്റവും സാമ്രാജ്യത്വവിരുദ്ധ പോരാട്ടവും സൃഷ്ടിച്ചത്. അധിനിവേശകര്‍ക്ക് അടിച്ചമര്‍ത്താനായെങ്കിലും മലബാറിലെ കര്‍ഷകസമരം കേരളത്തിലെ സ്വാതന്ത്ര്യസമരത്തെ ജനകീയ സമരമാക്കി എന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
*
ഡോ. പി ശിവദാസന്‍ കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം
Subscribe to:
Post Comments (Atom)
2 comments:
മഞ്ചേരിയിലെ കല്‍ക്കോണി മൈതാനത്ത് 1920 ഏപ്രില്‍ 28നും 29നും നടന്ന അഞ്ചാം മലബാര്‍ ജില്ലാ രാഷ്ട്രീയസമ്മേളനം കേരള ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. ഈ സമ്മേളനത്തിന് 90 വയസ്സാകുമ്പോള്‍ നവകേരളത്തിന് ശക്തിപകര്‍ന്ന ഒരു വലിയ ചരിത്രമുഹൂര്‍ത്തമാണ് കടന്നുപോകുന്നത്. മലബാറില്‍ മാത്രമല്ല കൊച്ചിയിലും തിരുവിതാംകൂറിലും പൊതുമണ്ഡലത്തിന്റെ നേതൃത്വം ജന്മിമാരും രാജപാരമ്പര്യം അവകാശപ്പെട്ടിരുന്നവരും കൈകാര്യംചെയ്തിരുന്ന ഘട്ടത്തിലായിരുന്നു ഈ സമ്മേളനം. ഇത്തരക്കാര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന രാഷ്ട്രീയ വേദികള്‍ മധ്യവര്‍ഗക്കാര്‍ക്കായി തുറന്നുകൊടുക്കപ്പെട്ടതും സാധാരണക്കാരന് രാഷ്ട്രീയ പ്രവര്‍ത്തനം പ്രാപ്യമാക്കിയതും മഞ്ചേരിയില്‍ നടന്ന സമ്മേളനമാണ്. മുന്‍ ധാരണപ്രകാരം പല ദിക്കുകളില്‍നിന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ജന്മിമാര്‍ പരാജയം രുചിച്ചതോടെ സമ്മേളനപ്പന്തലില്‍നിന്ന് ഇറങ്ങിപ്പോയത് കേരളചരിത്രത്തിലെ നിര്‍ണായക സംഭവം. ഈ സമ്മേളനം പകര്‍ന്നുനല്‍കിയ ആവേശംകൂടി ഉള്‍ക്കൊണ്ടാണ് അടുത്തവര്‍ഷം 1921ല്‍ മലബാറിലെ മാപ്പിള കര്‍ഷകര്‍ ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കലാപക്കൊടി ഉയര്‍ത്തിയത്.
വളരെ നല്ല ഒരു ചരിത്ര വായന-
Post a Comment