എം മുകുന്ദന്റെ മയ്യഴിക്ക് ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ വിസ്താരമേയൂള്ളു. എങ്കിലും പോണ്ടിച്ചേരി സര്‍ക്കാറിലെ ഒരു മന്ത്രിയും ഒരു ഡെപ്യൂട്ടി സ്പീക്കറും ഈ ദേശത്തന്നുനിന്നാണ്. പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ വത്സരാജും ഡെപ്യൂട്ടി സ്പീക്കര്‍ എ വി ശ്രീധരനുമാണ് വര്‍ഷങ്ങളായി ഈ സ്ഥാനത്തുള്ളത്. ഇരുവരും കോണ്‍ഗ്രസുകാര്‍.
മയ്യഴി, പള്ളൂര്‍ നിയോജകമണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന ഈ പ്രദേശം ഒരു കേന്ദ്ര ഭരണ പ്രദേശംകൂടിയാണ്. സത്യത്തില്‍ കേരളത്തിലെ ഒരു പഞ്ചായത്തോളം വലിപ്പം മാത്രമേ ഈ രണ്ടു മണ്ഡലങ്ങള്‍ക്കും കാണൂ. വടക്കെ മലബാറില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലക്കിടയില്‍ മദ്യത്തിന്റെ മണമുള്ള മയ്യഴി നീണ്ട ഇരുന്നൂറ്റിമുപ്പത്തിമൂന്നു വര്‍ഷം ഫ്രഞ്ച് അധിനിവേശത്തില്‍ കഴിയുകയായിരുന്നു. കറുത്ത മുത്തുതേടി വന്ന ഫ്രഞ്ചുകാര്‍ അറബിക്കടലോരത്തെ ഈ കൊച്ചു ഗ്രാമത്തെ എളുപ്പത്തില്‍ സ്വന്തമാക്കി, അവര്‍ ക്രമേണ നാടിന്റെ ഭരണാധികാരികളായി. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തില്‍നിന്നും 1954 ജൂലൈ 16-നാണ് ഫ്രഞ്ച് സാമ്രാജ്യത്വം എന്നന്നേക്കുമായി മാഹിയില്‍നിന്നും കെട്ടുകെട്ടിയത്. അതുവരെ സ്വതന്ത്ര ഇന്ത്യക്കകത്ത് ഇത് ഫ്രഞ്ചധീന പ്രദേശമായിത്തന്നെ നിലനിന്നു. ഉജ്വലമായ ജനകീയ മുന്നേറ്റത്തിലൂടെയാണ് മാഹിയുടെ വിമോചന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമായത്. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് നിര്‍ണായകവും അതേസമയം ത്യാഗഭരിതവുമാണ്.
ബ്രിട്ടീഷധിനിവേശത്തില്‍നിന്ന് ഇന്ത്യ മോചിതമായിട്ടും ഇന്ത്യക്കകത്ത് ഫ്രഞ്ച്, പോര്‍ച്ചുഗീസ് നാട്ടുരാജ്യാധിപത്യങ്ങള്‍ സ്വതന്ത്രമായിത്തന്നെ നിലകൊള്ളുന്നത് ദേശാഭിമാനികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയായിതന്നെ കണ്ടു. 1950 ജനുവരി 26-ഓടെ ഇന്ത്യ പൂര്‍ണ സ്വാതന്ത്ര്യത്തിന്റെ പദവിയിലേക്ക് ഉയരുകയും ചെയ്തു. മാത്രമല്ല 1952 ജനുവരിയില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലാകമാനം ആദ്യ തെരഞ്ഞെടുപ്പും നടന്നു. എന്നിട്ടും ഫ്രഞ്ച് അടിമത്തത്തില്‍ പോണ്ടിച്ചേരി, യാനം, കാരയ്ക്കല്‍, മാഹി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതുച്ചേരി അസ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും നുകവും പേറി നിലനിന്നു. വിമോചന സ്വപ്നങ്ങള്‍ തദ്ദേശിയരില്‍ ഉടലെടുക്കാന്‍ ഇത് കാരണമായി. സ്വാതന്ത്ര്യത്തിന്റെയും പരമാധികാരത്തിന്റെയും ഒടുങ്ങാത്ത ദാഹമായി അത് മാറാന്‍ പിന്നെ അധികകാലം വേണ്ടിവന്നില്ല. ഫ്രഞ്ചധീന പ്രദേശങ്ങളില്‍ മാത്രമല്ല സ്വതന്ത്ര ഇന്ത്യന്‍ ജനതയിലും ഈ മോഹം ശക്തമായി. കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകാരും യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുവാന്‍ മുമ്പോട്ടുവന്നു. ഇങ്ങനെ രൂപംകൊണ്ട 'ജനസഭ' മാഹി വിമോചനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചു.
ഇതേ സമയം തന്നെയാണ് ഫ്രഞ്ച് ഇന്ത്യയുടെ പരിപൂര്‍ണ സ്വാതന്ത്ര്യം അടിയന്തരാവശ്യമാണെന്ന് ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടി പ്രഖ്യാപിച്ചത്. മഹാജനസഭയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് അത് ഒരു പുതിയ ദിശാബോധം നല്‍കി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന 1947 ആഗസ്ത് 15ന് തന്നെ ഫ്രഞ്ചുകാരും ഇന്ത്യ വിടണം-ഇതായിരുന്നു ഫ്രഞ്ച് കമ്യൂണിസ്റ്റു പാര്‍ടിയുടെ ഉറച്ച നിലപാട്. ഫ്രഞ്ച് ഇന്ത്യന്‍ അസംബ്ളിയില്‍ കമ്യൂണിസ്റ്റംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കി. എന്നാല്‍ മഹാജന സഭാംഗങ്ങള്‍ അസംബ്ളിയില്‍ ഇത്തരം ചര്‍ച്ചകള്‍ വരുമ്പോള്‍ ബോധപൂര്‍വം വിട്ടുനിന്നു. 1948 ഒക്ടോബര്‍ 21-ന് മഹാജനസഭക്കാര്‍ നടത്തിയ അതിക്രമങ്ങള്‍ ഇതിന് നല്ല തെളിവാണ്. അവര്‍ മാഹിയിലെയും പള്ളൂരിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ കൈയേറി രേഖകള്‍തീയിട്ടു. പൊലീസുകാരെ ബന്ദികളാക്കി. പിന്നീട് മഹാജന സഭക്കാര്‍ മാഹിയിലെയും നാലുതറയിലെയും കമ്യൂണിസ്റ്റു പാര്‍ടിക്കുനേരെ തിരിഞ്ഞു. പാര്‍ടിക്കാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി സമീപത്തുള്ള ഇന്ത്യന്‍ യൂണിയന്‍ പ്രദേശത്ത് തടവിലാക്കി. ശരിക്കും കമ്യൂണിസ്റ്റ് വേട്ടതന്നെ . തുടര്‍ന്ന് മഹാജന സഭക്കാര്‍ മാഹി ഭരണാധികാരം പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു.
രാഷ്ട്രീയവും ജനാധിപത്യപരവുമായ എല്ലാ മൂല്യങ്ങളും കാറ്റില്‍പ്പറത്തി സംഘടിപ്പിച്ച ഈ സമരംജനങ്ങള്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും എതിര്‍പ്പിന് ഇടയാക്കി. മഹാജന സഭക്കാര്‍ ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. അതുകൊണ്ടുതന്നെ അവര്‍ ഉണ്ടാക്കിയ താല്‍ക്കാലിക മന്ത്രിസഭക്ക് കേവലം നാല് ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. മാഹിയുടെ അധികാരം പിടിച്ചെടുത്തെന്ന വാര്‍ത്തയെ തുടര്‍ന്ന് പോണ്ടിച്ചേരി സര്‍ക്കാര്‍ ഒരു പടക്കപ്പല്‍ മാഹി തീരത്തേക്കയച്ചു. അതില്‍നിന്നും ഒരു ബോട്ടില്‍ പന്ത്രണ്ടോളം സായുധ പട്ടാളക്കാര്‍ മാഹിയിലേക്ക് മാര്‍ച്ച് ചെയ്തു. മഹാജന സഭക്കാര്‍ ഉയര്‍ത്തിയ ദേശീയ പതാക പട്ടാളക്കാര്‍ വലിച്ചു താഴ്ത്തി. പകരം ഫ്രഞ്ചു പതാക ഉയര്‍ത്തി. ഈ സമയം മഹാജന സഭക്കാര്‍ യാതൊരു ചെറുത്തുനില്പിന് തയ്യാറായില്ല എന്നു മാത്രമല്ല പട്ടാളക്കാരുടെ തൊപ്പി കണ്ടതോടെ മഹാജന സഭക്കാരുടെ മാഹി സര്‍ക്കാര്‍ ചിതറി. നേതാക്കള്‍ പലരും ഫ്രഞ്ചതിര്‍ത്തിയും കടന്ന് ഇന്ത്യയില്‍ അഭയം തേടി.
1954 ആയതോടെ മാഹിയില്‍ പുതിയൊരു രാഷ്ട്രീയ കാലാവസ്ഥ സംജാതമായി. മയ്യഴിയുടെ വിമോചനം നീട്ടിവെക്കാന്‍ വയ്യാത്തവിധം അത് സജീവ വിഷയമായി മാറി. ശരിയായ നിലപാടുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റു പാര്‍ടി കൂടുതല്‍ കരുത്തു നേടി. ദേശാഭിമാനികളെയും വിമോചന ശക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പുത്തന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് രൂപം കൊടുക്കാന്‍ പാര്‍ടി മുമ്പോട്ടു വന്നു. ഇതിന്റെ ഭാഗമായി കമ്യൂണിസ്റ്റു പാര്‍ടിയും മഹാജനസഭയുമായി യോജിച്ച് സ്വാതന്ത്ര്യ സമര മുന്നണിക്ക് തുടക്കമിട്ടു. സി എച്ച് കണാരന്‍, എം കെ കേളു, വാഴയില്‍ ഗോപി, പി വി കുഞ്ഞിരാമന്‍, പി വി കുട്ടി, കോട്ടായി കണാരന്‍മേസ്ത്രി, കെ മാധവന്‍, കുനിയില്‍ കൃഷ്ണന്‍ തുടങ്ങിയ കമ്യൂണിസ്റ്റു നേതാക്കള്‍ മയ്യഴിയിലും പരിസരങ്ങളിലും ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഫ്രഞ്ച് അധീനത്തിലുള്ള മാഹിയുടെ ഭാഗമായ ചെറുകല്ലായിയെ വിമോചനത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രമായി ഇവര്‍ കണ്ടു. മാഹി പുഴയും കടന്ന് കണ്ണൂരിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു ചെറുകുന്നിന്‍പ്രദേശമാണ് ചെറുകല്ലായി. പടുമരങ്ങളും കശുമാവും നിറഞ്ഞ ഈ കുന്നിന്‍പുറത്തുനിന്ന് നോക്കിയാല്‍ മയ്യഴിയുടെസൂക്ഷ്മ ചലനങ്ങള്‍ കാണാം. കുന്നിറങ്ങിയാല്‍ മൂന്നു ഭാഗവും കേരളം. എല്ലാംകൊണ്ടും സുരക്ഷിതം. അതുകൊണ്ടുതനെ ചെറുകല്ലായി മോചിപ്പിക്കുക ആദ്യ ലക്ഷ്യമായി വിമോചന പോരാളികള്‍ അടയാളപ്പെടുത്തി. മോചന പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ ചെറുകല്ലായിക്ക് സമീപത്തുള്ള കേരളത്തിലെ മൂഴിക്കരയില്‍ സമ്മേളനം വിളിച്ചുചേര്‍ത്തു. എകെജിയുള്‍പ്പെടെയുള്ള സമുന്നത നേതാക്കള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആവേശം കത്തിനില്‍ക്കുന്ന ആ സമ്മേളനം- മയ്യഴിയുടെ വിമോചനം കമ്യൂണിസ്റ്റുപാര്‍ടിയുടെ അടിയന്തര ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. മാഹിക്കും നാലുതറക്കുമിടയിലുള്ള ചെറുകല്ലായിയുടെ വിമോചനപ്പോരാട്ടങ്ങള്‍ ഇതോടെ പാര്‍ടി ഏറ്റെടുത്തു.
ഇതേസമയം മഹാജനസഭയുടെ നിലപാടുകള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ തീരുമാനത്തിന് സഹായകമായിരുന്നില്ല. അവരുടെ ഉദ്ദേശശുദ്ധിയിലും ആത്മാര്‍ഥതയിലും പാര്‍ടിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ടി തനിച്ചുതന്നെ സമരഭൂമിയില്‍ അടിപതറാതെ ചെറുകല്ലായിയുടെ മക്കളുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ സന്നദ്ധമായി. അവര്‍ ചെങ്കൊടി കൈയിലേന്തി. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ പോണ്ടിച്ചേരിയില്‍നിന്നും തമിഴ് പൊലീസുകാരെ വന്‍തോതില്‍ ചെറുകല്ലായിയില്‍ കൊണ്ടുവന്നിറക്കി. സായുധരായ തമിഴ് ശിപ്പായിമാരുടെ ഉരുക്കുമുഷ്ടിയില്‍ ഈ പ്രദേശം ഞെരിഞ്ഞമര്‍ന്നു. ഇതുകൊണ്ടൊന്നും പോരാളികള്‍ മുട്ടുമടക്കിയില്ല. മയ്യഴിയുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് കേരളാതിര്‍ത്തിയിലുള്ള വ്യാപാര സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറ് പതിവ്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തി. ഫലത്തില്‍ ഇന്ത്യയും ഫ്രഞ്ച് അധീന പ്രദേശമായ മാഹിയും തമ്മിലുള്ള ബന്ധം മുറിഞ്ഞു.
സമരം ശക്തിപ്പെട്ടു. 1954 ഏപ്രില്‍ 26-ാം തിയ്യതി അര്‍ധരാത്രി മയ്യഴിയുടെ പടിഞ്ഞാറന്‍ ചെരിവിലൂടെ ചെങ്കൊടിയേന്തിയ മുപ്പതോളം പോരാളികള്‍ ചെറുകല്ലായിലേക്ക് നീങ്ങി. ശിപ്പായി ക്യാമ്പ് പിടിച്ചടക്കുകയായിരുന്നു ലക്ഷ്യം. തലശേരിയിലെ വയലളം, കോടിയേരി, ഗോപാലപ്പേട്ട തുടങ്ങിയ പ്രദേശങ്ങളിലെ ചെറുപ്പക്കാരാണ് സ്വന്തം ജീവന്‍ ബലികഴിച്ചും ആയുധപ്പുര പിടിച്ചടക്കാന്‍ തയ്യാറായി മുന്നോട്ടു നീങ്ങിയത്. കൊടും രാത്രിയില്‍ കുറ്റിക്കാടും കുന്നും അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ വഴികളിലൂടെ അവര്‍ ക്യാമ്പ് വളഞ്ഞു. ഈ സമയം സമര സഖാവും മുന്‍ പട്ടാള ഉദ്യോഗസ്ഥനുമായ കെ കെ ജി അടിയോടി സായുധ പൊലീസിന്റെ കൈയില്‍നിന്നും തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അതോടെ അവിടം യുദ്ധക്കളമായി മാറി. ചുകപ്പന്‍ ചെറുപ്പക്കാര്‍ക്ക് നേരെ പൊലീസുകാര്‍ വെടിയുതിര്‍ത്തു. അടിയോടിയെ തോക്കിന്റെ ചട്ടകൊണ്ട് ക്രൂരമായി തല്ലി. ബോധമറ്റുവീണ അടിയോടിയെ സമരഭടന്മാര്‍ താങ്ങിയെടുത്തു തലശേരി ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ കാരണം അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വെടിയൊച്ചയും കൂട്ട നിലവിളിയും ബഹളവും കൂരിരുട്ടില്‍ ചെറുകല്ലായി കുന്നിന്‍പുറത്ത് വലിയ പ്രതിധ്വനിയായി പരന്നു. ഉശിരനായ പോരാളി പി പി അനന്തന് വെടിയേറ്റു. അനന്തനെയുംകൊണ്ട് സമര ഭടന്മാര്‍ അതിസാഹസികമായി തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നിട്ടും ആത്മവീര്യം ചോരാതെ പോരാളികള്‍ കൂടുതല്‍ സമരോത്സുകരായി. എന്നാല്‍ സായുധ ശിപ്പായിമാരാകട്ടെ, ഭയവിഹ്വലരായി ആത്മരക്ഷാര്‍ഥം ക്യാമ്പ് ഉപേക്ഷിച്ചു തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. പോകുംവഴിയില്‍ ശിപ്പായിമാര്‍ സമര സഖാക്കളിലൊരാളായ എം അച്യുതനെ നിറയൊഴിച്ചുകൊന്നു. ശരീരം അവര്‍ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും വിമോചനപ്പോരാളികള്‍ സമരപഥങ്ങളില്‍ അടിപതറാതെ മുന്നേറി. അങ്ങനെ പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും ഉജ്വല ചരിതം രചിച്ചുകൊണ്ട് 1954 ഏപ്രില്‍ 27-ാം തിയ്യതി വൈകുന്നേരം നാലു മണിയോടെ ചെറുകല്ലായിയുടെ നെഞ്ചില്‍ വിമോചനപതാക പാറിക്കളിച്ചു. ചെറുകല്ലായിയെ മോചിപ്പിച്ചു. വിലപ്പെട്ട രണ്ടു ജീവന്‍ കൊടുത്തിട്ടാണ് ചെറുകല്ലായിയുടെ മോചനം യാഥാര്‍ഥ്യമായത്. സഖാക്കള്‍ അനന്തനും അച്യുതനും ചെറുകല്ലായ് രക്തസാക്ഷികളെന്ന പേരില്‍ വിപ്ളവകാരികളുടെ സിരകളില്‍ സമരവീര്യം പ്രവഹിപ്പിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റു പാര്‍ടി തലശേരി ഫര്‍ക്കാ കമ്മിറ്റി അംഗവും ബീഡിത്തൊഴിലാളി യൂണിയന്‍ നേതാവുമായ പി പി അനന്തന്‍ ഇങ്ങയില്‍പീടിക സ്വദേശിയായിരുന്നു. 1949-ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രക്തസാക്ഷിയാവുമ്പോള്‍ സഖാവിന്റെ പ്രായം 34 വയസ്. രക്തസാക്ഷി അച്യുതനാകട്ടെ പാര്‍ടിയുടെ നിശബ്ദ പോരാളിയായിരുന്നു. ഗോപാലന്റെയും യശോദയുടെയും മൂത്ത മകനായ അച്ചുതന്‍ ഗോപാലപ്പേട്ടയിലെ ബീഡിത്തൊഴിലാളിയായിരുന്നു. 38-ാമത്തെ വയസിലാണ് സഖാവിന്റെ രക്തസാക്ഷിത്വം.
അങ്ങനെ ചെറുകല്ലായിയുടെ മോചനം സാക്ഷാല്‍ക്കരിച്ചതോടെ മാഹിയുടെ സ്വാതന്ത്ര്യ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ വെച്ചു. മാഹി വിമോചനമെന്ന ലക്ഷ്യത്തോടെ കൂട്ടായ സമരം ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റുപാര്‍ടി തീരുമാനിച്ചു. മഹാജന സഭയുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ടിതന്നെ മുന്‍കൈ എടുത്തു. ഇതിന് തടസമായി വന്നത് സഭയുടെ നേതാവായ ഐ കെ കുമാരന്‍മാസ്റ്ററായിരുന്നു.ചെറുകല്ലായി വിമോചനത്തിനു ശേഷം പാര്‍ടിയും മഹാജന സഭയും സംയുക്തമായി ഒരു ഓഫീസ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഫ്രഞ്ച് ചാരന്മാരെന്ന് മുദ്രകുത്തി നിരവധി നിരപരാധികളെ മഹാജന സഭക്കാര്‍ പിടിച്ചുകൊണ്ടുവന്നു മര്‍ദിച്ച് അവശരാക്കിയ ശേഷം ഇവരെ ഈ ഓഫീസിലേക്ക് തള്ളുന്ന രീതിയെ പാര്‍ടി അംഗീകരിച്ചില്ല. മാഹിയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിന് നിലകൊള്ളുക എന്ന മുഖ്യധാരയില്‍നിന്ന് പലപ്പോഴും വ്യതിചലിക്കുന്ന പ്രവണത കുമാരന്‍മാസ്റ്റരും അവരുടെ സഭയും കാണിക്കുന്നതായും പാര്‍ടിക്ക് ബോധ്യപ്പെട്ടു. ഇതോടെ കമ്യൂണിസ്റ്റു പാര്‍ടി സ്വന്തം കൊടിക്കു കീഴില്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തി കരുത്തുറ്റ സ്വാതന്ത്യ പ്രസ്ഥാനമായി മുമ്പോട്ട് പോവാന്‍ തീരുമാനമെടുത്തു. ചെറുകല്ലായി ഓഫീസില്‍ അകാരണമായി തടങ്കലില്‍ വെച്ച മുഴുവനാളുകളെയും കമ്യൂണിസ്റ്റു പാര്‍ടി മോചിപ്പിച്ചു. തുടര്‍ന്ന് 'നാലുതറ'യില്‍ ക്യാമ്പ് ചെയ്ത പട്ടാളക്കാരെയും പൊലീസുകാരെയും മാഹിയിലേക്ക് തുരത്തിയോടിച്ചു. അടുത്ത ഘട്ടമായി മാഹി വിമോചനത്തിനുള്ള അന്തിമ പോരാട്ടത്തിന് പാര്‍ടി സജ്ജമായി. മാഹിയുടെ ചുറ്റുമുള്ള കേരളാതിര്‍ത്തികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച്, പോരാട്ടങ്ങള്‍ക്ക് ചൂട് പകരാന്‍ ആവേശകരമായ ആഹ്വാനങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. ഇതുകണ്ട് മഹാജന സഭക്കാര്‍ക്ക് വെപ്രാളമായി. അവര്‍ മുഖം രക്ഷിക്കാന്‍ കമ്യൂണിസ്റ്റുകാരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു വിമോചന ജാഥ തട്ടിക്കൂട്ടാന്‍ ശ്രമിച്ചു.
ഈ സമര പ്രഹസനത്തെ ജനങ്ങള്‍ സ്വീകരിച്ചില്ല. മറിച്ച് ജനം മുഴുവന്‍ പാര്‍ടിയോടൊപ്പമാണെന്ന് തെളിയുന്ന സ്ഥിതിയാണ് വന്നുചേര്‍ന്നത്. പോരാട്ടത്തിന് ജനങ്ങള്‍ പാര്‍ടിയോടൊപ്പം ഒഴുകി. 1954 ജൂലൈ 14-ാം തിയ്യതി മാഹി വിമോചനത്തിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് ജനങ്ങളെ സജ്ജമാക്കി. മാഹിയുടെ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നും നിരവധി സഖാക്കള്‍ ചെറുജാഥയായി നീങ്ങി ഇവരോടൊപ്പം കണ്ണിചേര്‍ന്നു. സമരോത്സുകരായ ഇവര്‍ മാഹിയിലേക്ക് ഇരച്ചുകയറി. ഫ്രഞ്ച് ഭരണകൂടം ഈ ജനമുന്നേറ്റത്തില്‍ പകച്ചുനിന്നു. പ്രതിരോധിക്കാന്‍ കഴിയാത്തവണ്ണം അവര്‍ കരുത്തരായിരുന്നു. സ്വന്തം മണ്ണു തിരിച്ചേല്‍പ്പിക്കാന്‍ സമരസന്നദ്ധരായി വന്നവരുടെ നിശ്ചയദാര്‍ഢ്യം കണ്ട് ഫ്രഞ്ച് ഭരണാധികാരികള്‍ അധികാരം വിട്ടിറങ്ങാന്‍ തയ്യാറായി. അങ്ങനെ 1954 ജൂലൈ 16-ന് മാഹിയുടെ ഭരണം മാഹിക്കാര്‍ക്കുതന്നെ തിരിച്ചുകിട്ടി. അഥവാ മാഹി സ്വതന്ത്രമായി. ഇന്ത്യയുടെ ദേശീയ പതാക മയ്യഴിയുടെ ഭരണ സിരാകേന്ദ്രത്തിനു മുകളില്‍ പാറിപ്പറന്നു.
മാഹി വിമോചന സമരഭൂമികയില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മുദ്ര പതിപ്പിച്ചവര്‍ നിരവധിയാണ്. അവര്‍ക്കിടയില്‍ ഉസ്മാന്‍മാസ്റ്ററുടെയും എന്‍ സി കണ്ണന്റെയും പേര് വേറിട്ടുനില്‍ക്കുന്നു. ഫ്രഞ്ചുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ദേശീയ പതാകയും പിടിച്ച് മുന്നേറിയ ഉസ്മാന്‍ മാസ്റ്ററെയും കണ്ണനെയും പൊലീസും വാടകഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന്റെ ആഘാതത്തില്‍ നട്ടെല്ലിന് പരിക്കേറ്റ ഉസ്മാന്‍മാസ്റ്റര്‍ ഏതാനും ദിവസത്തിനു ശേഷം അന്ത്യശ്വാസം വലിച്ചു.
മാഹി വിമോചനത്തെ എളുപ്പമാക്കിയ ഒരാഗോള സാഹചര്യവും ശ്രദ്ധേയമാണ്. മാഹിയിലേക്ക് പടക്കപ്പലയക്കാന്‍ ഐക്യരാഷ്ട്ര സഭയില്‍ ഫ്രഞ്ച് ഭരണകൂടം അക്കാലത്ത് ഒരു പ്രമേയം കൊണ്ടുവന്നു. എന്നാല്‍ സോവിയറ്റ്യൂണിയന്‍ വീറ്റോ ഉപയോഗിച്ച് ആ പ്രമേയ അവതരണ ശ്രമം പരാജയപ്പെടുത്തി. ഫ്രഞ്ച് സാമ്രാജ്യത്വത്തിന്റെ ആത്മവീര്യത്തെ തകര്‍ത്ത് വിയത്നാമിലെ ഫ്രഞ്ച്കോളണിയായ 'ദിന്‍ബിന്‍' മോചിപ്പിക്കപ്പെട്ടതും മാഹി വിമോചനപ്പോരാട്ടത്തിന് സഹായകമായി.
1954 ജൂലൈ 16 മാഹിയെ സംബന്ധിച്ച്, സ്വന്തം നാടിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ അവകാശം ലഭിച്ച നിര്‍ണായക ദിവസമാണ്. ഇതിനു വേണ്ടിയുള്ള ത്യാഗനിര്‍ഭരമായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് ദേശീയവും സാര്‍വദേശീയവുമായ ഒരു തലത്തില്‍നിന്ന് നോക്കുമ്പോള്‍, ഉജ്വലവും ആദര്‍ശാത്മകവുമാണെന്ന് കാണാം. ഇക്കാരണങ്ങളാല്‍ മാഹി വിമോചനവും കമ്യൂണിസ്റ്റു പാര്‍ടിയും തമ്മിലുള്ള നാഭീനാള ബന്ധം ആര്‍ക്കും മുറിച്ചുമാറ്റാന്‍ കഴിയില്ല.
*
മുകുന്ദന്‍ മഠത്തില്‍ കടപ്പാട്: ദേശാഭിമാനി വാരിക
Sunday, May 2, 2010
ചെങ്കൊടി പാറും ചെറുകല്ലായി, മാഹി വിമോചന സമരങ്ങള്‍
Subscribe to:
Post Comments (Atom)
4 comments:
1954 ജൂലൈ 16 മാഹിയെ സംബന്ധിച്ച്, സ്വന്തം നാടിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കാന്‍ അവകാശം ലഭിച്ച നിര്‍ണായക ദിവസമാണ്. ഇതിനു വേണ്ടിയുള്ള ത്യാഗനിര്‍ഭരമായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ പങ്ക് ദേശീയവും സാര്‍വദേശീയവുമായ ഒരു തലത്തില്‍നിന്ന് നോക്കുമ്പോള്‍, ഉജ്വലവും ആദര്‍ശാത്മകവുമാണെന്ന് കാണാം. ഇക്കാരണങ്ങളാല്‍ മാഹി വിമോചനവും കമ്യൂണിസ്റ്റു പാര്‍ടിയും തമ്മിലുള്ള നാഭീനാള ബന്ധം ആര്‍ക്കും മുറിച്ചുമാറ്റാന്‍ കഴിയില്ല.
കൊള്ളാം, അങ്ങനെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി മാഹിയും മോചിപ്പിച്ചു. ഇതിനു തടസ്സം നിന്നതോ, ഐ. കെ കുമാരന്‍ മാസ്റ്ററും. നന്നായിരിക്കുന്നു, പാടിനീട്ടിലഘുക്കളെ ഗുരുവാക്കുന്ന ഈ പ്രക്രിയ, ആശംസകള്‍!!
http://mahe.nic.in - -ൽ നിന്നും
" Kumaran I.K:
Born on September 17,1903 in Mahe; Son of Iraye Kuinger, a wealthy toddy shop licensee and Cunnathedathil Korumbi, studied up to Intermediate at Tallicherry; was primary school teacher for a few years; possessed some family lands; sympathised with the 1930-32 Civil Disobedience Movement; arranged Mahatma Gandhi's visit to Mahe in 1934, along with Dr. M.K. Menon; founded the Mahe Youth League subsequently; resigning his job as primary school teacher, he became president of Mahe Mahajana Sabha party in 1937; was Mahe correspondent of Mathrubhumi, for which he was given a meagre allowance; participated in the 'Quit India' movement and was imprisoned; was instrumental in organising the Khadi centre, Adult Education centre, Free Gruel Centre for poor, Hindi class, the Union of Weavers, the Union of Fishermen and the Union of Public Works department's workers; prime mover of the independence struggle in Mahe after August 15, 1947; key figure in Mahe revolt and Head of the Free Mahe Government formed after the collapse of French rule in Mahe in 1948; strategist of the final struggle for freedom of Mahe in 1954; was elected municipal councilor of Mahe after independence in 1954; became member of the Pondicherry Legislative Assembly; quit politics later on and became active in the Bhoodan and Sarvodhaya Movements; was imprisoned, fined and even attacked physically by his opponents many times; staunch prohibitionist, stubborn ascetic and a man of few needs; died on July 26, 1999; buried in his residence in Mahe; hailed as ' father of independent Mahe' and even as 'Mahe Gandhi'."
ഇതു ഡിലീറ്റു ചെയ്തോളൂ, നടക്കട്ടേ കാര്യങ്ങൾ
എന്തിനാണ് ഡിലീറ്റ് ചെയ്യണത് അനോണി മലയാളീ?
ഇത് നോക്കിക്കോളൂ
http://pib.nic.in/feature/feyr98/fe0898/f1808986.html
സര്‍ക്കാര്‍ ഭാഷ്യം
Post a Comment