മാധ്യമ വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും അകമ്പടിയായോ ഉള്‍പ്പിരിവുകളായോ നിരവധി വിശദാംശങ്ങള്‍ നാം വായിക്കാറും കാണാറുമുണ്ട്. ഭൂതകാലത്തെക്കുറിച്ചുള്ള ചരിത്രപരമായ തിരിച്ചറിവും ഭാവിയെക്കുറിച്ചുള്ള വൈജ്ഞാനികമായ നിരീക്ഷണങ്ങളും മിക്കപ്പോഴും വായനക്കാരന് / കാണിയെ സംബന്ധിച്ചിടത്തോളം ഗുണകരമാണു താനും. എന്നാല്‍, ചില ഘട്ടങ്ങളില്‍ എവിടെ നിന്നു ലഭിച്ചു എന്നു വ്യക്തമാക്കാതെ ചില വിവരങ്ങള്‍ ലേഖകരോ ഏജന്‍സികളോ ഉദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയോ അഥവാ അതിനു വേണ്ടി തന്നെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതോ ആണെന്നും കാണാം. ഈയാഴ്ചയില്‍ നിറഞ്ഞു നിന്ന രണ്ടു വാര്‍ത്തകൾ / വിശകലനങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം ദുരുപദിഷ്ട വിശദാംശങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും.
പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥ മാധുരി ഗുപ്‌തയെ ചാരപ്രവൃത്തി നടത്തിയതിന് അറസ്‌റ്റ് ചെയ്യുകയുണ്ടായി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ബന്ധരാഹിത്യങ്ങളും എന്നത് കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു വ്യവസ്ഥയോ പല വ്യവസ്ഥകളോ ആണ്. യുദ്ധങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാവില്ലെന്നും സമാധാനമാണ് ഏക പോംവഴി എന്നതും ചരിത്രം സ്ഥിരമായി തെളിയിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഡിപ്ളോമസിയും ചാരപ്രവൃത്തിയുമൊക്കെ കാലങ്ങളായി തുടര്‍ന്നു വരുന്നുമുണ്ട്. അതില്‍ പലരും അറസ്റു ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ഒക്കെ ചെയ്യുന്നുമുണ്ട്. പക്ഷെ, പിടിച്ചതിലും വലുതാണ് മടയില്‍ എന്നു പറയാറുള്ളതു പോലെ കണ്ടെത്തിയ സത്യമൊന്നുമല്ല ആത്യന്തികം എന്നെല്ലാവര്‍ക്കുമറിയാം. അതെന്തുമാവട്ടെ, മാധുരി ഗുപ്‌ത ചാരപ്പണി ചെയ്തു എന്നാണ് ഔദ്യോഗികഭാഷ്യമെങ്കില്‍ അത് വിശ്വസിക്കുന്നതിന് നാം മടി കാണിക്കേണ്ടതില്ല. അവരെ രാജ്യത്തിനകത്തും പുറത്തും നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് ശിക്ഷിക്കാവുന്നതുമാണ് / ശിക്ഷിക്കേണ്ടതുമാണ്.
ഇതു സംബന്ധമായി പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ (പി ടി ഐ) എന്ന ഇന്ത്യയിലെ സുപ്രധാന പൊതു മേഖലാ വാര്‍ത്താ ഏജന്‍സി വിതരണം ചെയ്‌ത ഒരു വാര്‍ത്ത അനുസരിച്ച് മാധുരി ഗുപ്‌ത ആറു വര്‍ഷം മുമ്പ് ഇസ്ളാം മതം സ്വീകരിച്ചതായി പറയുന്നുണ്ട്. ഒരു മാധ്യമ വാര്‍ത്തയില്‍ ഇപ്രകാരം കാണുന്നു എന്നാണ് പി ടി ഐ ന്യൂസില്‍ (ഏപ്രില്‍ 29, ഇസ്ളാമാബാദ്) കാണുന്നത്. അവര്‍ ഇസ്ളാമിലെ തന്നെ ഷിയാ സെക്റ്റില്‍ ചേര്‍ന്നതായാണ് വാര്‍ത്ത എന്നാണ് പി ടി ഐ തുടര്‍ന്നു വിവരിക്കുന്നത്. ഇസ്ളാമിന്റെ ദര്‍ശനങ്ങളില്‍ അവര്‍ ആകൃഷ്ടയായതായി കാണുന്നു; പക്ഷെ അവരുടെ വിശ്വാസമാറ്റം തുറന്നു പ്രസ്താവിക്കാന്‍ അവര്‍ ഭയക്കുന്നതായും കരുതപ്പെടുന്നു എന്നൊക്കെയാണ് നേരിട്ടുള്ള വിവരം എന്ന നിലക്ക് വാര്‍ത്തയില്‍ പ്രചരിക്കപ്പെട്ടിരിക്കുന്നത്. റമദാന്‍ മാസത്തില്‍, ഷിയാ സെക്റ്റിലുള്ളവര്‍ അണിയാറുള്ള തരം കമ്മലുകളും വളകളും അവര്‍ അണിഞ്ഞതായും ഒരു ജേര്‍ണലിസ്‌റ്റ് കണ്ടതായി റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നു. ഞാന്‍ നോമ്പെടുക്കുന്നുണ്ടെന്നും ഇസ്ളാമിനോട് എനിക്ക് കടുത്ത ആരാധനയുണ്ടെന്നും അവര്‍ അയാളോട് പറഞ്ഞുവെന്നും കൂടി വാര്‍ത്തയിലുണ്ട്.
ഈ വാര്‍ത്ത സത്യമോ അര്‍ദ്ധ സത്യമോ അതോ അസത്യം തന്നെയോ എന്തുമാകട്ടെ. പക്ഷെ, പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥ ഇസ്ളാം മതം സ്വീകരിച്ചിരുന്നു എന്ന വാര്‍ത്ത പുറത്തു വിടുന്നതിന്റെ പുറകിലുള്ള താല്‍പര്യം എന്താണ്? ഇന്ത്യയിലുള്ള ഇസ്ളാം മതവിശ്വാസികള്‍ - അവരില്‍ പരമ്പരാഗതമായി ഇസ്ളാമായി നിലനിന്നു പോന്നവരും അടുത്ത കാലത്ത് മതം മാറി വന്നവരും ഉണ്ടാവാം - പൊതുവെ പാക്കിസ്ഥാനെ അനുകൂലിക്കുന്നവരാണെന്ന ആവശ്യമില്ലാത്തതും ദുരുപദിഷ്ടവുമായ ഒരു ധ്വനി ഈ വാര്‍ത്തയിലുണ്ട്. കാരണം, മാധുരി ഗുപ്‌ത ഇസ്ളാം മതം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ ചാരപ്രവൃത്തി നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. ഇസ്ളാമായിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശിക്ഷയൊന്നുമില്ലല്ലോ! അപ്പോള്‍, മതം മാറിയവരും അല്ലാത്തവരുമായ മുഴുവന്‍ ഇന്ത്യന്‍ മുസ്ളിമിങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്ന ദുരുദ്ദേശ്യമാണ് ഈ വാര്‍ത്തക്കു പുറകിലെന്ന് ആരെങ്കിലും സംശയിച്ചാലും അവരെ കുറ്റപ്പെടുത്താനാവില്ല.
മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി ഇസ്ളാം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി ഇസ്ളാം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്. മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു. ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്.
കേരളത്തെ പിടിച്ചുകുലുക്കിയ കേരളാ കോണ്‍ഗ്രസ് ലയനത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളും വിശകലനങ്ങളും പ്രസ്താവനകളും പോര്‍വിളികളും നാം മാധ്യമങ്ങളിലൂടെ കണ്ടും വായിച്ചും അനുഭവിക്കുകയുണ്ടായി. ഇക്കൂട്ടത്തില്‍, ഒരു പ്രധാന പത്രത്തില്‍ വന്ന ഒരു വാര്‍ത്ത/വിശകലനം ഒരേ സമയം കൌതുകകരവും അതേ സമയം അങ്ങേയറ്റം അപകടകരവുമാണ്. കോണ്‍ഗ്രസ് - മാണി വടം വലി ആരാദ്യം കീഴടങ്ങും എന്ന തലക്കെട്ടിലുള്ള വാര്‍ത്താവതരണത്തില്‍, ജോസഫിനെ വിഴുങ്ങിയ മാണിയെ യു ഡി എഫ് തടഞ്ഞു വെക്കുന്നു എന്ന വാര്‍ത്തയാണ് വിശകലനം ചെയ്യുന്നത്. യു ഡി എഫിനെക്കൊണ്ട് തന്റെ തന്ത്രം അനുസരിപ്പിക്കാന്‍ അവസാനം മാണിയുടെ മുമ്പിലുള്ള പോംവഴി എന്തായിരിക്കുമെന്ന കാര്യത്തിലാണ് ലേഖകന്റെ മനോവിലാസം വിടര്‍ന്നു പടരുന്നത്. വേണ്ടി വന്നാല്‍ സഭാ നേതൃത്വത്തെ ഉപയോഗിച്ച് വത്തിക്കാന്‍ വഴി സോണിയാ ഗാന്ധിയെ സ്വാധീനിക്കാമെന്ന നിലപാടാണ് മാണിയുടെ ശക്തമായ അഭിപ്രായങ്ങള്‍ക്ക് പിന്നിലെന്നും സൂചനയുണ്ട് എന്നാണ് ലേഖകന്‍ അടിച്ചു വിടുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് ഇന്ത്യയില്‍ ജീവിക്കുകയും ഉന്നത രാഷ്ട്രീയ നേതൃത്വത്തിലെത്തുകയും ചെയ്‌ത സോണിയാഗാന്ധി ഇപ്പോഴും വത്തിക്കാന്റെയും പോപ്പിന്റെയും ലോക ക്രൈസ്തവ/കത്തോലിക്കാ സഭയുടെയും നിയന്ത്രണത്തിലും അനുസരണയിലുമാണെന്ന സംഘപരിവാര്‍ ഭാഷ്യമാണ് ഈ ലേഖകന്‍ പിന്തുടരുന്നത് എന്നതാണ് ഏറ്റവും അപകടകരമായ വസ്തുത.
സോണിയാഗാന്ധിയെ ഗംഭീരമായി വിജയിപ്പിച്ച ഒരു ജനതക്ക് ഒരു സമൂഹത്തിന്റെയോ വ്യക്തിയുടെയോ ദേശക്കൂറ് തെളിയിക്കാന്‍ സംഘ്പരിവാറിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നിവര്‍ന്ന് നിന്ന് പറയാന്‍ കഴിയാതെ പോയി. ഇന്ത്യന്‍ ജനത സംഘപരിവാറിനെ തോല്‍പ്പിച്ചപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തെ ഒരിക്കല്‍ കൂടി സംഘപരിവാര്‍ ശക്തികള്‍ക്ക് തോല്‍പിക്കാന്‍ കഴിഞ്ഞത് ദേശീയത സംബന്ധിച്ച അവരുടെ സങ്കുചിത സമീപനങ്ങള്‍ക്ക് ജനമനസ്സില്‍ അത്രമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. സോണിയാഗാന്ധി പ്രധാനമന്ത്രിയാവാനുള്ള സാധ്യത നിറഞ്ഞ് നിന്നപ്പോള്‍ 'ഓള് പ്രധാനമന്ത്രിയാവുമോ' എന്ന് ആശങ്ക പുലര്‍ത്തിയവര്‍, ദേശരക്ഷയെക്കുറിച്ച് വ്യാകുലരായ സ്വരാജ്യസ്നേഹികളായിരുന്നില്ല, മറിച്ച് സംഘപരിവാര്‍ പതിറ്റാണ്ടുകളായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന അത്യന്തം ജനാധിപത്യ വിരുദ്ധമായ 'സാംസ്കാരിക ദേശീയത'യുടെ അഴുക്ക് ചാലില്‍ നീന്തിത്തുടിച്ചവരായിരുന്നു. ഇന്ത്യന്‍ ജനത ആവേശപൂര്‍വ്വം വിജയിപ്പിച്ച ഒരു ദേശീയപാര്‍ട്ടിയുടെ സമുന്നത നേതാവിനെതിരെ 'വിദേശി' എന്നാക്രോശിച്ചും, അവളെ ക്രൂശിക്കുക എന്നലറിയും, ബഹിഷ്ക്കരണ ഭീഷണി മുഴക്കിയും, നവോത്ഥാന പൂര്‍വ്വകാലത്തെ സതി സമ്പ്രദായത്തെ പ്രതീകാത്മകമായി പുനരുജ്ജീവിപ്പിക്കുമെന്ന് അപഹാസ്യമാം വിധം പ്രഖ്യാപിച്ചും സംഘപരിവാര്‍ നേതൃത്വത്തില്‍ അരങ്ങേറിയ രാഷ്ട്രീയ പ്രഹസനത്തില്‍ പതിയിരുന്നത് ദേശീയതയോടും, മതേതരത്വത്തോടും, ആധുനിക ജീവിത സമീപനങ്ങളോടുമുള്ള അവരുടെ പുഛവും പരിഹാസവുമാണ്. അധികാരത്തിലിരുന്നപ്പോള്‍ രാഷ്ട്രത്തിന്റെ അകത്തളങ്ങള്‍ വരെ ഇന്ത്യന്‍ ജനതയുടെ അസ്തിത്വത്തിനു തന്നെ മുറിവേല്‍പ്പിക്കും വിധം വിദേശമൂലധന ശക്തികള്‍ക്ക് നൃത്തം വെക്കാന്‍ അവസരമൊരുക്കിയവരാണ്, അധികാരം നഷ്ടപ്പെട്ടപ്പോള്‍ ഒരു ആധുനിക പൌരത്വ സങ്കല്‍പത്തിനെതിരെ പടപ്പുറപ്പാടിനൊരുങ്ങിയത് ( കെ ഇ എ ന്നിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പേജ് 440,441)
മതം മാറ്റം, ദേശീയത, പൌരത്വം എന്നിവയെ സംബന്ധിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ നിഗമനങ്ങളും തീര്‍പ്പുകളും പൊതുബോധത്തെയും ചുറ്റിവരിഞ്ഞിരിക്കുന്നുവെന്നും, വാര്‍ത്തകളും വിശകലനങ്ങളും വിശദാംശങ്ങളുമായി പത്രമാധ്യമങ്ങളില്‍ നിറയുന്നത് ഇത്തരത്തിലുള്ള അംഗീകൃത നിഗമനങ്ങളാണെന്നതും തിരിച്ചറിയാതിരിക്കുന്നത് ആത്മഹത്യാപരമായിരിക്കും.
*****
ജി പി രാമചന്ദ്രന്‍, കടപ്പാട് : സിറാജ്
Saturday, May 8, 2010
വിശദാംശം എന്ന സ്‌ഫോടകവസ്‌തു
Subscribe to:
Post Comments (Atom)
1 comment:
ഇന്ത്യന്‍ ജനത ആവേശപൂര്‍വ്വം വിജയിപ്പിച്ച ഒരു ദേശീയപാര്‍ട്ടിയുടെ സമുന്നത നേതാവിനെതിരെ 'വിദേശി' എന്നാക്രോശിച്ചും, അവളെ ക്രൂശിക്കുക എന്നലറിയും, ബഹിഷ്ക്കരണ ഭീഷണി മുഴക്കിയും, നവോത്ഥാന പൂര്‍വ്വകാലത്തെ സതി സമ്പ്രദായത്തെ പ്രതീകാത്മകമായി പുനരുജ്ജീവിപ്പിക്കുമെന്ന് അപഹാസ്യമാം വിധം പ്രഖ്യാപിച്ചും സംഘപരിവാര്‍ നേതൃത്വത്തില്‍ അരങ്ങേറിയ രാഷ്ട്രീയ പ്രഹസനത്തില്‍ പതിയിരുന്നത് ദേശീയതയോടും, മതേതരത്വത്തോടും, ആധുനിക ജീവിത സമീപനങ്ങളോടുമുള്ള അവരുടെ പുഛവും പരിഹാസവുമാണ്. അധികാരത്തിലിരുന്നപ്പോള്‍ രാഷ്ട്രത്തിന്റെ അകത്തളങ്ങള്‍ വരെ ഇന്ത്യന്‍ ജനതയുടെ അസ്തിത്വത്തിനു തന്നെ മുറിവേല്‍പ്പിക്കും വിധം വിദേശമൂലധന ശക്തികള്‍ക്ക് നൃത്തം വെക്കാന്‍ അവസരമൊരുക്കിയവരാണ്, അധികാരം നഷ്ടപ്പെട്ടപ്പോള്‍ ഒരു ആധുനിക പൌരത്വ സങ്കല്‍പത്തിനെതിരെ പടപ്പുറപ്പാടിനൊരുങ്ങിയത്
Post a Comment