മാധ്യമപ്രവര്‍ത്തനത്തിന്‍റെ അപക്വ ജനറേഷന്‍ അതിരുവിടുന്നതിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തത്തിനു കേരളം സാക്ഷ്യം വഹിച്ചതു കഴിഞ്ഞദിവസമാണ്. സിപിഎം സെക്രട്ടറി പിണറായി വിജയന്‍ എന്തു പറഞ്ഞോ അത് അതേപടി കാണിക്കാതിരിക്കുകയും, അതേസമയം ഇന്നാട്ടിലെ ജനങ്ങളെയല്ലാം വെറും മണ്ടന്മാരാക്കി അതിനു സ്വന്തം വ്യാഖ്യാനം നല്‍കി ഫ്ളാഷ് ന്യൂസ് പടച്ചുവിടുകയും ചെയ്തപ്പോള്‍ നാണിച്ചത് ഒരുപക്ഷേ കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പത്രപ്രവര്‍ത്തന അധ്യാപകരുമായിരിക്കും. ഇങ്ങനെയുമുണ്ടോ പത്രപ്രവര്‍ത്തനം, അല്ല, ചാനല്‍ പ്രവര്‍ത്തനം എന്നവര്‍ അമ്പരന്നിട്ടുണ്ടാകും. ഇതൊക്കെയാണോ ഈ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ പഠിപ്പിച്ചുവിട്ടതെന്നു മൂക്കത്തു വിരല്‍വച്ചിട്ടുണ്ടാകും.
നായനാര്‍ കൊള്ളാമെന്നു പിണറായി പറഞ്ഞാലുടന്‍ ഫ്ളാഷ് ന്യൂസ്- അച്യുതാനന്ദന്‍ കൊള്ളില്ലെന്നു പിണറായി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ആരെങ്കിലും പുകഴ്ത്തിയാലുടന്‍ കേരളത്തിലെ ബാക്കി പത്രപ്രവര്‍ത്തകരെല്ലാം പരമവിഡ്ഢികളാണെന്നു വ്യാഖ്യനിക്കുന്നതുപോലെ. അതുമല്ലെങ്കില്‍, ഇഎംഎസ് മികച്ച മുഖ്യമന്ത്രിയാണെന്നു പറഞ്ഞാല്‍ ബാക്കി ഇന്നോളം കേരളം കണ്ട മുഖ്യമന്ത്രിമാരെല്ലാം വെറും പാഴായിരുന്നു എന്നു വ്യാഖ്യാനിച്ചാലെങ്ങനെയുണ്ടാകും?
എവിടെയാണു കുഴപ്പം പറ്റിയത് എന്നന്വേഷിക്കുകയാണ് എല്ലാവരും. വൈകിട്ട് ചാനലുകളില്‍ ടോക് ഷോകള്‍ കൊഴുപ്പിക്കാന്‍, വിവാദത്തിലാറാടാന്‍, കോലാഹലത്തില്‍ അഭിരമിക്കാന്‍, എസ്എംഎസ് വോട്ടെടുപ്പില്‍ കൂടുതല്‍പ്പേരെ അണിനിരത്താന്‍ ചാനല്‍ മാര്‍ക്കറ്റിങ്ങുകാര്‍ വിഷയമന്വേഷിക്കുമ്പോള്‍ വീണുകിട്ടുന്നതിനെ പൊലിപ്പിക്കാതെ, ഒച്ചയെടുക്കാതെ, തര്‍ക്കിക്കാതെ മറ്റു വഴിയില്ല.
അപ്പോള്‍, പിണറായി പ്രസംഗിച്ചത് നായനാരെപ്പറ്റിയാണെങ്കില്‍പ്പോലും വാര്‍ത്തവരുന്നത് അച്യുതാനന്ദനെപ്പറ്റിയാകണം. എങ്കിലേ കളം കൊഴുക്കൂ. " സഖാവ് വിഎസ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു" എന്നൊക്കെ മറ്റൊരു സന്ദര്‍ഭത്തില്‍ പരസ്യമായി പറഞ്ഞയാളാണു സിപിഎം സെക്രട്ടറി പിണറായി വിജയന്‍. അതിനദ്ദേഹത്തിനു മടിയില്ലെന്നര്‍ഥം. അപ്പോള്‍ ഒളിയമ്പിനു പ്രസക്തിയില്ല. ഇവിടെ ചാനലുകാര്‍ പടച്ചുവിടുന്നു- വിഎസിനെതിരേ പിണറായിയുടെ ഒളിയമ്പ്. അതിനോ വിഎസിന്‍റെ ഉടനടി മറുപടിയും.
ഇപ്പോള്‍ ഇക്കാണുന്നതിനെയൊക്കെ മാധ്യമപ്രവര്‍ത്തനം എന്നൊക്കെ പറയാനാവുമോ എന്നേയുള്ളൂ സംശയം. കേരളത്തില്‍ മഹാരഥന്മാരായ ഒട്ടേറെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ജീവിച്ചിരുപ്പുണ്ട്. അവരാരും ടിവി ചാനലില്‍ മുഖം കാണിച്ചു പേരെടുത്തവരല്ല. എങ്കിലും പേരു പറഞ്ഞാല്‍ വായനക്കാരറിയും. കാരണം, അവരെ വായിച്ചാണു കേരളമറിഞ്ഞത്. അവരുടെ വാക്കുകളുടെ കരുത്തും അതിന്‍റെ പൊരുളും ആഘാത-പ്രത്യാഘാതങ്ങളും കേരളം തൊട്ടറിഞ്ഞതാണ്.
ചാനലിന്‍റെ റേറ്റിങ് കൂട്ടാനും പരസ്യവരുമാനം വര്‍ധിപ്പിക്കാനും ഇല്ലാത്തതിനെ ഉണ്ടെന്നു പറയുന്ന പത്രപ്രവര്‍ത്തനമായിരുന്നില്ല അവരുടെ കൈമുതല്‍. അവര്‍ക്കു വാര്‍ത്തകള്‍ ഫ്ളാഷ് ആയിരുന്നില്ല. തെറ്റിയാലുടന്‍ ആരുമറിയാതെ തിരുത്താനാവുന്നതായിരുന്നില്ല അവരുടെ പത്രപ്രവര്‍ത്തനം. അച്ചടിച്ചുവരുന്നവയൊക്കെ കാലാന്തര ത്തോളം ചരിത്രരേഖകള്‍. അപ്പോള്‍ സൂക്ഷിച്ചേ ഓരോ വാക്കും പ്രയോഗിക്കാനാവൂ. അക്കാര്യത്തില്‍ അവര്‍ക്കു നല്ല ബോധ്യമുണ്ടായിരുന്നു. എന്തെങ്കിലും എവിടെയെങ്കിലും കേട്ടാലുടന്‍ ചാനലില്‍ എഴുതിക്കാണിക്കാനുള്ളതല്ല വാര്‍ത്ത എന്നും, കേള്‍ക്കുന്നത് അടുത്തയാളോടു ചോദിച്ചു കൂട്ടിപ്പിടിപ്പിച്ചു തമ്മില്‍ത്തല്ലിക്കുന്നതല്ല മികച്ച മാധ്യമപ്രവര്‍ത്തനമെന്നും പക്വമതികളായ ആ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ചോദിക്കാന്‍ അവര്‍ക്കു കാമ്പുള്ള ചോദ്യങ്ങളുണ്ടായിരുന്നു. കൊലകൊമ്പന്മാരായ രാഷ്ട്രീയക്കാര്‍പോലും അവര്‍രുടെ മുന്നില്‍ വിയര്‍ക്കുമായിരുന്നു.
എന്നാല്‍ ഇന്നു മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ചാനലുകളുടെ അപക്വമായ ഫ്ളാഷ് ന്യൂസുകള്‍ക്കു പിന്നാലെയാണ്. നായനാര്‍ നല്ല മാതൃകയാണെന്നു പിണറായി വിജയന്‍ പ്രസംഗിച്ചെന്നു കേട്ടയുടന്‍ അച്യുതാനന്ദനോടു പോയി നായനാരാണല്ലോ മിടുക്കന്‍ എന്നു ചോദിക്കുന്നയത്ര അധഃപതിച്ചു, ഇന്നത്തെ ചാനല്‍ പ്രവര്‍ത്തനം. ചോദിക്കുന്നതാണോ, ചോദിപ്പിക്കുന്നതാണോ എന്നറിയില്ല. മികച്ച ടീം ലീഡറായിരുന്നു നായനാര്‍ എന്നു പ്രസംഗിച്ചാലുടന്‍ താങ്കള്‍ നല്ല ടീം ലീഡര്‍ അല്ല എന്നു പിണറായി പറഞ്ഞല്ലോ എന്ന ചോദ്യം ചോദിക്കുന്നവരെ എന്തുവിളിക്കുമെന്നറിയില്ല.
അതിനേക്കാളേറെ, അതു കേട്ടപാടെ അതിനു മറുപടി പറയാന്‍ തയാറായ അച്യുതാനന്ദന്‍ എന്ന മുതിര്‍ന്ന നേതാവിനെപ്പറ്റിയും സഹതപിക്കുകയേ വഴിയുള്ളൂ. താന്‍ കേള്‍ക്കാത്ത ഒരു കാര്യത്തില്‍, വായിച്ചറിവില്ലാത്ത കാര്യത്തില്‍, വിശ്വസ്തരാരെങ്കിലും വിശദീകരിച്ചു നല്‍കാത്ത വിഷയത്തില്‍, തനിക്ക് ഉത്തമ ബോധ്യമില്ലാത്ത ഒരു കാര്യത്തില്‍, കേട്ടപാടെ പ്രതികരിച്ച അച്യുതാനന്ദന്‍ സത്യത്തില്‍ ഈ മാധ്യമപ്രവര്‍ത്തകരേക്കാളൊക്കെ എത്രയോ താഴെയാണെന്നു തോന്നിപ്പോകും. " ഞാനറിഞ്ഞില്ല, കേട്ടില്ല. വിശദമായി പരിശോധിച്ചശേഷം പ്രതികരിക്കാം" എന്നുതന്നെയായിരിക്കും പക്വതയുള്ള ഒരു രാഷ്ട്രീയനേതാവില്‍ നിന്നു പ്രതീക്ഷിക്കുന്ന മറുപടി. എന്നുതന്നെയായിരിക്കണം.
എന്നാല്‍ പിണറായി വിജയന്‍ നടത്തിയ നായനാര്‍ അനുസ്മരണ പ്രഭാഷണവും അതെത്തുടര്‍ന്നുണ്ടായ കോലാഹല വും തൊട്ടുപിന്നാലെ അച്യുതാന്ദന്‍റെ മറുപടിയും ടിവി ചാനലുകളിലെ ഫ്ളാഷ് ന്യൂസുകളും വൈകിട്ടു പിണറായിയുടെ രോഷപ്രകടനവുമൊക്കെ ഒരുപക്ഷേ കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്‍റെ നാഴികക്കല്ലുകളിലൊന്നായിരിക്കും. മറ്റു പാര്‍ട്ടികളിലെ നേതാക്കളും ശ്രദ്ധിക്കുക- ഇതൊക്കെ നിങ്ങള്‍ക്കും ബാധകമാകും.
ഏതുസമയത്തും ചാനലുകാര്‍ വിളിച്ചാലുടന്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന രാഷ്ട്രീയക്കാര്‍ സ്വന്തം തല കെണിയില്‍ കൊണ്ടുപോയി വച്ചുകൊടുക്കുകയാണെന്നോര്‍ക്കുക. ചാനലിലെ നിലവാരം കുറഞ്ഞ ചര്‍ച്ചകളില്‍ വിയര്‍ത്തുകാത്തിരുന്നും, അവതാരകയുടെയും അവതാരകന്‍റെയും വായിലുള്ളതൊക്കെ കേട്ടും, വിവാദങ്ങളും ഒച്ചപ്പാടുകളുമൊക്കെയുണ്ടാക്കിയും വളരാമെന്നും നേതാവാകാമെന്നുമൊക്കെ ധരിക്കുന്ന രാഷ്ട്രീയനേതാക്കള്‍ക്കൊക്കെ പിണറായിയുടെ പ്രസംഗവും അതിന്‍റെ തുടര്‍വിവാദവും നല്ല പാഠമാകണം.
നായനാര്‍ ഒരിക്കലും മാധ്യമങ്ങളുടെ കെണിയില്‍ വീണിരുന്നില്ല. അവര്‍ക്കു രസിക്കുന്നതൊക്കെ പറഞ്ഞ് നല്ലപിള്ളയാകാന്‍ ശ്രമിച്ചിരുന്നില്ല. വിമര്‍ശനം വേണ്ടിടത്ത് അതൊഴിവാക്കി ആരെയും സുഖിപ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല. മറുപടി കൊടുക്കേണ്ടതു കൃത്യമായി അദ്ദേഹം കൊടുത്തിരുന്നു. പരിഹസിക്കേണ്ടതിനെ അങ്ങനെതന്നെ കണ്ടു. പോയി നിന്‍റെ പത്രാധിപരോടു ചോദിക്കെടോ എന്നും നായനാര്‍ മറുപടി പറഞ്ഞിട്ടുണ്ട്. പത്രങ്ങളെ " കടലാസ് 'എന്നു വിളിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടായപ്പോള്‍ അങ്ങനെ വിളിക്കുകയും ചെയ്തു, അദ്ദേഹം.
*****
വി. റെജികുമാര്‍, കടപ്പാട് : മെട്രോ വാർത്ത
Subscribe to:
Post Comments (Atom)
2 comments:
മാധ്യമപ്രവര്‍ത്തനത്തിന്‍റെ അപക്വ ജനറേഷന്‍ അതിരുവിടുന്നതിന്‍റെ ഏറ്റവും വലിയ ദൃഷ്ടാന്തത്തിനു കേരളം സാക്ഷ്യം വഹിച്ചതു കഴിഞ്ഞദിവസമാണ്. സിപിഎം സെക്രട്ടറി പിണറായി വിജയന്‍ എന്തു പറഞ്ഞോ അത് അതേപടി കാണിക്കാതിരിക്കുകയും, അതേസമയം ഇന്നാട്ടിലെ ജനങ്ങളെയല്ലാം വെറും മണ്ടന്മാരാക്കി അതിനു സ്വന്തം വ്യാഖ്യാനം നല്‍കി ഫ്ളാഷ് ന്യൂസ് പടച്ചുവിടുകയും ചെയ്തപ്പോള്‍ നാണിച്ചത് ഒരുപക്ഷേ കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പത്രപ്രവര്‍ത്തന അധ്യാപകരുമായിരിക്കും. ഇങ്ങനെയുമുണ്ടോ പത്രപ്രവര്‍ത്തനം, അല്ല, ചാനല്‍ പ്രവര്‍ത്തനം എന്നവര്‍ അമ്പരന്നിട്ടുണ്ടാകും. ഇതൊക്കെയാണോ ഈ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ പഠിപ്പിച്ചുവിട്ടതെന്നു മൂക്കത്തു വിരല്‍വച്ചിട്ടുണ്ടാകും.
ഉണ്ണിത്താനും ഇതൊക്കെ ബാധകം ആണേ?
Post a Comment