ആദ്യ ഭാഗം ഇ എം എസും മാധ്യമങ്ങളും ഇവിടെ
വിമോചന സമരത്തോടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രം കമ്യൂണിസ്റ്റ് വിരോധമായിത്തീര്‍ന്നു. ഇതോടൊപ്പം എഴുപതുകളോടെ മറ്റൊരു മാറ്റവും കൂടി വന്നുചേര്‍ന്നു. അതാണ് മാധ്യമങ്ങളുടെ വാണിജ്യവത്കരണം. പത്രത്തിന്റെ മുഖ്യ ലക്ഷ്യം ഉടമസ്ഥന്റെ ലാഭമായിത്തീര്‍ന്നു. ലാഭമാകട്ടെ, പരസ്യത്തെയും പ്രചാരത്തെയും ആശ്രയിച്ചു നില്‍ക്കുന്ന ഒന്നായതോടെ പ്രചാരം വര്‍ദ്ധിപ്പിക്കാനുളള കടുത്ത വാണിജ്യമത്സരങ്ങളുടെ കാലം തുറന്നു.
കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ പത്രങ്ങളുടെ മൊത്തം സര്‍ക്കുലേഷന്‍ 2.5 ലക്ഷം ആയിരുന്നു. അതാണിപ്പോള്‍ ഏതാണ്ട് 40 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. രണ്ടരലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലേക്കുളള ഏതാണ്ട് അരനൂറ്റാണ്ടുകൊണ്ടുളള വളര്‍ച്ച അനുക്രമമായി ഉണ്ടായതല്ല. രാഷ്ട്രീയ കോളിളക്കങ്ങള്‍ ഉണ്ടായ വര്‍ഷങ്ങളിലാണ് പത്രസര്‍ക്കുലേഷന്‍ കുത്തനെ ഉയര്‍ന്നത്. പിന്നീട് വളര്‍ച്ച മന്ദഗതിയിലായി. 1950കളുടെ അവസാനം, 60കളുടെ അവസാനം, അടിയന്തരാവസ്ഥയെ തുടര്‍ന്നുളള കാലം എന്നിവ ഇപ്രകാരം പത്രപ്രചാരണത്തില്‍ കുത്തനെ വളര്‍ച്ചയുണ്ടായ വര്‍ഷങ്ങളാണ്. ഈ ഗതിസ്വഭാവത്തിന് 1990കളില്‍ ഒരടിസ്ഥാനമാറ്റം വന്നു. രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്നും അതുളവാക്കുന്ന വാര്‍ത്താതാല്‍പര്യഗതിയില്‍ നിന്നും സ്വതന്ത്രമായി പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഉയരാന്‍ തുടങ്ങി. ഏതാണ്ട് പത്തുലക്ഷത്തിലധികം കോപ്പികളാണ് ഈ ദശാബ്ദത്തില്‍ വര്‍ധനവുണ്ടായത്. ഏതാണ്ട് അനുക്രമമായ വളര്‍ച്ചയാണുണ്ടായത്. ഇതിന്റെ പിന്നില്‍ പത്രങ്ങള്‍ സ്വയം മുന്‍കൈ എടുത്ത് നടപ്പാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ്. പത്രത്തിന്റെ വരിക്കാരാവുന്നതിന് ഉപഭോക്താക്കള്‍ക്ക് നാനാവിധ ആനുകൂല്യങ്ങള്‍ നല്‍കുകയും പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വായനക്കാരുടെ താല്‍പര്യം പിടിച്ചു നിര്‍ത്തുന്നതിനാവശ്യമായ നാടകീയ പൈങ്കിളിശൈലി പത്രങ്ങള്‍ ആവിഷ്കരിച്ചു. ഒരു അര്‍ദ്ധ ടാബ്ളോയിഡ് നിലവാരത്തിലേയ്ക്ക് മാതൃഭൂമിയും മനോരമയും പലപ്പോഴും താഴ്ന്നു.
കടുത്ത കമ്പോളമത്സരം പത്രപ്രവര്‍ത്തനശൈലിയെ ഗാഢമായി സ്വാധീനിച്ചു. വായനക്കാരില്‍ കേവലകൌതുകം ജനിപ്പിക്കുന്നതിന് സംഭവങ്ങളെ സംഭ്രമജനകങ്ങളായോ പൈങ്കിളിവത്കരിച്ചോ അവതരിപ്പിക്കുന്ന രചനാശൈലിയിലേക്ക് പത്രങ്ങള്‍ ഒന്നടങ്കം പതിച്ചു. വാര്‍ത്തകള്‍ അനുനിമിഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഇരുപത്തിനാല് മണിക്കൂര്‍ ന്യൂസ് ചാനലുകളുടെ രംഗപ്രവേശത്തോടെ ടെലിവിഷന്‍ സ്ക്രീനിനെ കവച്ചുവെയ്ക്കുന്ന വര്‍ണപ്പൊലിമ സ്വായത്തമാക്കേണ്ടത് പത്രത്താളുകളുടെ അനിവാര്യതയായി മാറി. അതിനുവേണ്ടിയുളള നെട്ടോട്ടത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ വിസ്മരിക്കപ്പെട്ടു. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും നിലനിര്‍ത്താനും വേണ്ടി സംഭവങ്ങളെ ടെലിവിഷനുകള്‍ പരമാവധി വക്രീകരിച്ചപ്പോള്‍, അവതരണത്തിനും വിശകലനത്തിനും അതിനപ്പുറമുളള വക്രീകരണസാധ്യതകള്‍ പത്രങ്ങള്‍ തേടി. സംഭവങ്ങളെയും വസ്തുതളെയും അപഗ്രഥിക്കാനുളള മത്സരമല്ല, മറിച്ച് പരമാവധി വക്രീകരിച്ച് സംഭ്രമവും വിഭ്രമവും സൃഷ്ടിക്കുന്നതിനുളള മത്സരമാണ് പത്രങ്ങളും ടെലിവിഷനും തമ്മില്‍ നടന്നത്. അങ്ങനെ വാര്‍ത്തകള്‍ക്ക് പകരം വാര്‍ത്താലേഖകരുടെയും വാര്‍ത്താനിയന്ത്രകരുടെയും വീക്ഷണങ്ങളും മുന്‍വിധികളും അനിഷ്ടങ്ങളും പക്ഷപാതങ്ങളും ജനമസ്തിഷ്കത്തിലേക്കൊഴുകി.
ടെലിവിഷന്‍ ചാനലുകള്‍ ശക്തമായതോടെയാണ് മാധ്യമ മൂലധനത്തിന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ തീവ്രമായത്. ബഹുകോടികളുടെ മൂലധനമുടക്കും കടുത്ത മത്സരവുമുള്ള ടെലിവിഷന്‍ മേഖലയില്‍ ഉളളടക്കത്തിന്റെ കച്ചവടവത്കരണവും കുത്തകകളുടെ കടന്നുവരവവും അനായാസം സംഭവിക്കുന്നു.
അമേരിക്കയുടെ അക്രമാസക്തമായ വിദേശനയത്തിന്റെ ഏറ്റവും വലിയ പതാകാവാഹകനായ മര്‍ഡോക്കിന്റെ വ്യാപാരക്കണ്ണുകള്‍ കേരളത്തിലേക്കും നീണ്ടതെന്തിന് എന്ന ചോദ്യത്തില്‍ മാധ്യമരംഗത്തെ മൂലധന അധിനിവേശത്തിന്റെ ഉത്തരമുണ്ട്. മാതൃഭൂമിയെ ബെനറ്റ് കോള്‍മാന്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ സാംസ്കാരിക കോളിളക്കം മര്‍ഡോക്ക് ഏഷ്യാനെറ്റ് കയ്യടക്കുമ്പോള്‍ ഉണ്ടായില്ല. ആ സാംസ്ക്കാരിക നിര്‍വീര്യകരണമാണ് ആഗോളവത്കരണവും മൂലധനശക്തികളും ലക്ഷ്യമിടുന്നത്. പണമുളളവര്‍ തമ്മിലുളള കച്ചവടത്തില്‍ നമുക്കെന്ത് കാര്യം എന്ന സമ്പൂര്‍ണ നിസ്സംഗതയിലേക്ക് കേരളത്തിലേതുപോലെ രാഷ്ട്രീയ പ്രബുദ്ധമായ ഒരു ജനതയെ മയക്കിവീഴ്ത്താന്‍ പോന്നവിധം വീര്യമേറിയതാണ് ആഗോളവ്തകരണത്തിന്റെ ലഹരി. നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ - സാംസ്ക്കാരികപഥങ്ങളില്‍, നോംചോംസ്കി പ്രതിപാദിച്ചതു പോലെ, "നിര്‍മ്മിക്കപ്പെടുന്ന സമ്മതി'' ഉണ്ടായിക്കാണാനുളള പശ്ചാത്യരാജ്യങ്ങളുടെ മോഹം ഒരിക്കലും രഹസ്യമായിരുന്നില്ല.
ബദല്‍ മാധ്യമത്തിനു വേണ്ടി
ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തെ ചെറുത്തുകൊണ്ടും തൊഴിലാളിവര്‍ഗനിലപാട് ജനങ്ങളിലെത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടും മാത്രമേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ടു പോകാന്‍ കഴിയൂ. ആശയപ്രചരണത്തിന്റെ പ്രാധാന്യത്തില്‍ ഇഎംഎസ് എക്കാലത്തും ഊന്നിയിരുന്നു. ദേശാഭിമാനിയുടെയും ചിന്തയുടെയും പ്രചരണത്തില്‍ ഇത്രയേറെ പ്രാധാന്യം നല്‍കി വന്ന മറ്റൊരു നേതാവിനെ കാണാനാവില്ല. ദേശാഭിമാനിയുടെ പുതിയ പ്രസ്സുകളുടെയും എഡിഷനുകളുടെയും ഉദ്ഘാടനം തുടങ്ങിയ വേളകളില്‍ താന്‍ ചടങ്ങിന്റെ ആതിഥേയനാണ് എന്ന പരാമര്‍ശം സാധാരണമാണ്. പാര്‍ട്ടി മാധ്യമങ്ങളോട് അത്രയേറെ ഒരു വൈകാരിക ബന്ധം സ്ഥാപക പത്രാധിപര്‍ക്ക് എക്കാലവും ഉണ്ടായിരുന്നു.
"ലക്ഷക്കണക്കിന് കോപ്പി പ്രചാരമുളള ബൂര്‍ഷ്വാ കുത്തകപത്രങ്ങള്‍ക്കിടയ്ക്കാണ് ദേശാഭിമാനിയെന്ന ഇടതുപക്ഷ ദിനപത്രത്തിന് അതിന്റെ ജോലി ചെയ്യാനുളളത്. പൂര്‍ണമായില്ലെങ്കില്‍ ഭാഗികമായെങ്കിലും ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുന്ന ചില മാധ്യമങ്ങളുണ്ടെങ്കിലും, കുത്തകപ്പത്രങ്ങളുടെ രാഷ്ട്രീയാക്രമണം മുഖ്യമായും നേരിടേണ്ടത് ദേശാഭിമാനിയാണ്.
ഇവിടെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ വെച്ച് ഏറ്റവുമധികം ജനപിന്തുണയുളള പാര്‍ട്ടിയുടെ മുഖപത്രമാണ് ദേശാഭിമാനി. ആ നിലയ്ക്ക് പ്രചാരത്തിന്റെ കാര്യത്തില്‍ ആ പത്രം മുന്‍നില്‍ക്കേണ്ടതായിരുന്നു. കുത്തകപത്രങ്ങള്‍ക്കുളള പണക്കൊഴുപ്പും അധികാരശക്തിയുമില്ലാത്തതിനാലാണ് ദേശാഭിമാനിയുടെ പ്രചാരം താരതമ്യേന പുറകില്‍ നില്‍ക്കുന്നത്'(ഇടതുപക്ഷ മാധ്യമങ്ങളുടെ ഇന്നത്തെ പ്രസക്തി, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89, പേജ് 314)
ഇതിനുളള പ്രതിവിധി ദേശാഭിമാനിയുടെ പ്രചരണത്തിനായുളള കാമ്പയിനുകളായിരുന്നു. പത്രപ്രചാരണം മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് മുഖ്യകടമകളിലൊന്നാണെന്ന് ഇഎംഎസ് കണ്ടു. 'മാസികയായാലും വാരികയായാലും ദിനപത്രമായാലും ഒരു മുഖപത്രമില്ലാതെ പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ല. മാര്‍ക്സിസം - ലെനിനിസത്തിന്റെ സംഘടനാ തത്ത്വങ്ങളില്‍ അതിപ്രധാനമായ ഒന്നാണിത്'. ദേശാഭിമാനിയുടെ പ്രചരണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ അഭേദ്യഭാഗമാണെന്ന ബോധ്യം പാര്‍ട്ടി മെമ്പര്‍മാര്‍ക്കും അനുഭാവികള്‍ക്കും ഉണ്ടാക്കിക്കൊടുക്കണം.
"പക്ഷേ, ഈ കടമ നിറവേറ്റാന്‍ തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരെക്കൊണ്ടുമാത്രം കഴിയുകയില്ല, പത്രവായനക്കാരുടെ ബോധമണ്ഡലവും ഇതിന് സഹായകരമായിരിക്കണം. ഭരണവര്‍ഗങ്ങളുടെ ജിഹ്വയായി പ്രവര്‍ത്തിക്കുന്ന പത്രങ്ങളും തൊഴിലാളി വര്‍ഗത്തിന്റെ മുഖപത്രവും തമ്മിലുളള വ്യത്യാസവും വായനക്കാരായ ബഹുജനങ്ങളാകെ മനസ്സിലാക്കണം. ബൂര്‍ഷ്വാ മാധ്യമങ്ങള്‍, വാര്‍ത്താ ഏജന്‍സികള്‍ എന്നിവ പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ തുറന്നുകാട്ടി സത്യം പുറത്തുകൊണ്ടുവരാന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രചരണമാധ്യമങ്ങള്‍ക്കുളള കടമ ജനങ്ങളാകെ മനസ്സിലാക്കണം. ഇല്ലെങ്കില്‍ തൊഴിലാളിവര്‍ഗ താല്‍പര്യം സംരക്ഷിക്കുകയെന്ന സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരും പത്രവായനക്കാരായ ബഹുജനങ്ങളും തമ്മില്‍ നികത്താന്‍ വയ്യാത്ത വിടവുണ്ടാകും'' (ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89 - പാര്‍ട്ടിയുടെ ദിനപത്രം നാല്‍പത് വര്‍ഷത്തിന് മുമ്പും ഇന്നും, - പേജ് 312)
വര്‍ഗസംഘടനകളും വര്‍ഗസമരവും സൃഷ്ടിക്കുന്ന ജനകീയ കൂട്ടായ്മയ്ക്ക് മാധ്യമ പ്രചാരവേലയെ വലിയൊരളവില്‍ പ്രതിരോധിക്കാനാവും എന്നതാണ് ആദ്യത്തേത്. ജെയിംസ് പെട്രാസിനെപ്പോലുളള പണ്ഡിതര്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും മാധ്യമ പ്രചാരവേലയെ ഇപ്രകാരം ഫലപ്രദമായി ചെറുത്തതിന്റെ അനുഭവങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അലെന്‍ഡയുടെ ചിലിയിലും മറ്റും പിന്തിരിപ്പന്മാര്‍ക്ക് പട്ടാള അട്ടിമറികള്‍ സ്വീകരിക്കേണ്ടി വന്നത്. രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കല്‍, മാധ്യമ മേഖലയിലെ ജനാധിപത്യപരമായ ഇടവും അതു വിപുലീകരിക്കുന്നതിനു വേണ്ടിയുളള സമരവുമാണ്. ഇതിനെക്കുറിച്ചാണ്, ഉപസംഹാരമായി വിശദീകരിക്കാനുദ്ദേശിക്കുന്നത്.
പാര്‍ട്ടി പത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും വ്യക്തമായ ധാരണ ഇഎംഎസിന് ഉണ്ടായിരുന്നു. പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ബന്ധുക്കള്‍ക്കും നേരിടേണ്ടി വരുന്ന താത്ത്വികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ നിരന്തരം കൈകാര്യം ചെയ്തുകൊണ്ടല്ലാതെ പാര്‍ട്ടി മുഖപത്രത്തിന് അതിന്റെ കടമ നിറവേറ്റാന്‍ കഴിയില്ല. എന്നാല്‍ 'ദിനപത്രത്തിന്റെ മൌലികമായ ജോലി ഇതല്ല. അതിന്റെ വായനക്കാര്‍ പാര്‍ട്ടിയുടെയും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെയും വൃത്തത്തെക്കാള്‍ എത്രയോ വിശാലമായ ബഹുജനങ്ങളാണ്. സാധാരണ ദിനപത്രങ്ങളിലെന്ന പോലെ പാര്‍ട്ടി പത്രത്തിലും വായനക്കാര്‍ പ്രതീക്ഷിക്കുന്നത് വാര്‍ത്തകളാണ്. മറ്റൊരു പത്രവും വായിക്കാതെ പാര്‍ട്ടിയുടെ ദിനപത്രം മാത്രം വായിക്കുന്ന ഒരു സാധാരണ വായനക്കാരന് ദൈനംദിനം നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച് പൊതുവെ വിവരം കിട്ടാന്‍ വേണ്ട എല്ലാത്തരം വാര്‍ത്തകളും പാര്‍ട്ടിയുടെ ദിനപത്രം കൊടുക്കണം. പാര്‍ട്ടിയുടെ ആശയപരവും രാഷ്ട്രീയവുമായ നിലപാടുകള്‍ വിശദീകരിക്കുന്നതിന് തന്നെ ഇതാവശ്യമാണ്.
"കൂടാതെ മറ്റുപത്രങ്ങളിലുളളതു പോലെ ഫീച്ചര്‍ എന്നപേരില്‍ അറിയപ്പെടുന്നതും വിവിധ ജനവിഭാഗങ്ങള്‍ക്ക് താല്‍പര്യമുളളതുമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പംക്തികള്‍ പാര്‍ട്ടിയുടെ ദിനപത്രത്തിലും ഉണ്ടാകണം. കളികളും കായികമത്സരങ്ങളും സിനിമ, കമ്പോള നിരക്കുകള്‍, പുസ്തകാഭിപ്രായങ്ങള്‍, ശാസ്ത്രരംഗം മുതലായ ഇനങ്ങള്‍ ഏത് ദിനപത്രത്തിനും ഒഴിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ പാര്‍ട്ടിയുടെ വര്‍ഗശത്രുക്കള്‍ നടത്തുന്ന ഏത് ദിനപത്രവും പോലെ പാര്‍ട്ടിയുടേതും ഭിന്നരുചിക്കാരായ വായനക്കാര്‍ക്ക് ഇഷ്ടപ്പെടുകയും പ്രയോജനകരമാവുകയും വേണം. എന്നാല്‍ മറ്റുദിനപത്രങ്ങളെ അനുകരിക്കുക മാത്രം ചെയ്യുന്ന ഒരു ദിനപത്രത്തിന് പാര്‍ട്ടിയുടെ ജിഹ്വയാകാന്‍ വയ്യ'''(പാര്‍ട്ടിയുടെ ദിനപത്രം - നാല്‍പതു വര്‍ഷത്തിന് മുമ്പും ഇന്നും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 89, പേജ് 309-310).
മേല്‍പറഞ്ഞ വീക്ഷണം പ്രാവര്‍ത്തികമായപ്പോള്‍ ചില താത്ത്വികവും പ്രായോഗികവുമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അതിലൊന്നാമത്തേത്, ബഹുജനപത്രമെന്ന നിലയില്‍ വിരുദ്ധാഭിപ്രായങ്ങള്‍ കൂടി പത്രത്തില്‍ പ്രസിദ്ധീകരിക്കണം, അല്ലാത്ത പക്ഷം അത് മാര്‍ക്സിസ്റ്റുകാരുടെ അസഹിഷ്ണുതയായി കരുതും എന്ന വാദം. ഡോ. രാജിന്റെയും പവനന്റെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ചായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്. അതിന് ഇഎംഎസ് നല്‍കിയ മറുപടി ഇതാണ്:
"പവനന്റെയും രാജിന്റെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഗവണ്മെന്റിന്റെ വിലക്കുണ്ടായാല്‍ - ഭാഗ്യവശാല്‍ ഇന്നില്ല - അതിനെ എതിര്‍ക്കുന്നതില്‍ പാര്‍ട്ടി പത്രങ്ങളുണ്ടാകും. എന്നാല്‍ മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെ അവരിറക്കുന്ന വിരുദ്ധാഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ ഉപയോഗപ്പെടുത്തും. അവയ്ക്ക് മറുപടി പറയാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും അവര്‍ക്ക് സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെയോ മറ്റു വഴിക്കോ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവ പാര്‍ട്ടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെടാന്‍ ഒരാള്‍ക്കും അവകാശമില്ല''. (പത്രധര്‍മ്മവും വാക്കിലെ ലേഖനവും - ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 53, പേജ് 288, 289)
മതവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുളള സപ്ളിമെന്റുകള്‍ ദേശാഭിമാനി ഇറക്കുന്നതിനെതിരെയും ഇഎംഎസിനോട് ചോദ്യം ഉയര്‍ന്നു. ഇതിനോടുളള ഇഎംഎസിന്റെ പ്രതികരണം ഇതായിരുന്നു: " ദേശാഭിമാനിയെപ്പോലുളള കമ്യൂണിസ്റ്റ് പത്രങ്ങള്‍ മതവിശ്വാസികളുടെ വീക്ഷണം മനസ്സിലാക്കിക്കൊണ്ട് ദൈനംദിന വര്‍ഗസമരത്തില്‍ അവരെ അണിനിരത്താന്‍ ശ്രമിക്കുകയാണ്. അതിന് ജനങ്ങളില്‍ ഭൂരിപക്ഷത്തിന് ഇന്നുളള മതവിശ്വാസം യാഥാര്‍ത്ഥ്യമായി അംഗീകരിക്കണം. അതനുസരിച്ചുളള ആചാരാനുഷ്ഠാനങ്ങള്‍ വര്‍ഗസമരത്തില്‍ പങ്കാളികളാവുന്ന തൊഴിലാളിവര്‍ഗത്തിന്റെ ദൈനംദിന ജീവിതത്തിന്റെ അഭേദ്യഭാഗങ്ങളാണെന്ന് കാണണം. സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ നടക്കുന്ന വര്‍ഗസമരവും മതവിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുളള ബന്ധത്തെത്തന്നെ വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ അടിസ്ഥാനത്തില്‍ വേണം കാണാന്‍. മതവിശ്വാസികളും മാര്‍ക്സിസ്റുകാരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വര്‍ഗസമരങ്ങളിലൂടെയാണ് മതവിശ്വാസികളുടെ പ്രപഞ്ചവീക്ഷണത്തില്‍ മാറ്റം വരുത്തേണ്ടത്.... വെറും ഭൌതികവാദ പ്രചാരണത്തിലൂടെയല്ല, ദൈനംദിന വര്‍ഗസമരത്തില്‍ മാര്‍ക്സിസ്റുകാരും മതവിശ്വാസികളും തമ്മിലുണ്ടാക്കുന്ന കൂട്ടുകെട്ടിലൂടെയാണ് ബഹുഭൂരിപക്ഷം ജനങ്ങളിലുളള മതവിശ്വാസത്തിനെതിരായി സമരം നടത്തേണ്ടത്'' (ആശയസമരത്തില്‍ ദേശാഭിമാനിയുടെ പങ്ക്, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 3, പേജ് 276).
ഇതുപോലെ ദേശാഭിമാനി നടത്തിപ്പ് സംബന്ധിച്ച് ഉയര്‍ന്നുവന്ന മറ്റൊരു വിമര്‍ശനമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ഭരണനേട്ടങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന കാര്യം. ഇതിനുളള ഇഎംഎസിന്റെ മറുപടി ഇപ്രകാരമായിരുന്നു:
"പരസ്യങ്ങളില്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളെ ഖണ്ഡിക്കാന്‍ ദേശാഭിമാനിക്കുള്ള അധികാരം നിലനിര്‍ത്തിക്കൊണ്ടാണ്, ആ അധികാരം സദാ ഉപയോഗിച്ചുകൊണ്ടാണ് ഗവണ്മെന്റ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അതിന് പരസ്യക്കൂലി വാങ്ങുന്നതും. ചോദ്യകര്‍ത്താവ് നിര്‍ദ്ദേശിക്കുന്നതു പോലെ പാര്‍ട്ടിയുടെ നയത്തിനെതിരായി വരുന്ന ഒരുകാര്യവും പരസ്യമായി കൊടുക്കരുതെന്നും അതിനു കിട്ടുന്ന കൂലി വാങ്ങരുതെന്നും തീരുമാനിക്കുകയാണെങ്കില്‍, ഒന്നുകില്‍ പത്രം നിര്‍ത്തേണ്ടി വരും, അല്ലെങ്കില്‍ പത്രം നടത്തിപ്പിലുണ്ടാകുന്ന നഷ്ടം നികത്താന്‍ ജനങ്ങളില്‍ നിന്ന് സംഭാവന വാങ്ങേണ്ടി വരും. പാര്‍ട്ടി നയത്തിനെതിരായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച് പരസ്യക്കൂലി വാങ്ങിയിട്ടായാലും പത്രം നിലനിര്‍ത്തണം. പരസ്യമൊഴിച്ചുളള മറ്റ് പത്രസ്ഥലം മുഴുവന്‍ പാര്‍ട്ടിയുടെ സ്വതന്ത്രപ്രചാരവേലയ്ക്ക് ഉപയോഗിക്കണമെന്ന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുളളത്'(സര്‍ക്കാര്‍ പരസ്യവും ദേശാഭിമാനിയും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ വാല്യം 59, പേജ് 269). സര്‍ക്കാര്‍ നിലപാടുകള്‍ ഖണ്ഡിക്കാനുളള അവകാശം ദേശാഭിമാനിക്കില്ലാതിരുന്ന കാലത്ത് സര്‍ക്കാര്‍ പരസ്യങ്ങള്‍ വേണ്ടെന്നു വെച്ച കാര്യവും ഇഎംഎസ് അനുസ്മരിക്കുന്നുണ്ട്.
"ഇങ്ങനെ അധികമധികം ആളുകളുടെ അടുത്തേയ്ക്ക് പാര്‍ട്ടിയുടെ സന്ദേശമെത്തിക്കുകയും മറ്റു രംഗങ്ങളിലെന്നപോലെ വാര്‍ത്താവിനിമയരംഗത്തും, ഭരണവര്‍ഗങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു പത്രമാണ് ദേശാഭിമാനി എങ്കില്‍ - അങ്ങനെയാകാനാണ് പാര്‍ട്ടി ശ്രമിച്ചു കൊണ്ടിരിക്കുന്നത് - ഗവണ്മെന്റിന്റെയും കുത്തകമുതലാളിമാരുടെയും അടക്കം പരസ്യം സ്വീകരിക്കാന്‍ പത്രം തയ്യാറാവണം. പരസ്യത്തില്‍ കൊടുക്കുന്ന അഭിപ്രായം പാര്‍ട്ടിയുടെയോ പാര്‍ട്ടി മുഖപത്രത്തിന്റെയോ അല്ല, അത് പരസ്യമാണ് എന്ന് പാര്‍ട്ടി മെമ്പര്‍മാരടക്കമുളള വായനക്കാര്‍ മനസ്സിലാക്കണം. അത് മനസ്സിലാക്കിക്കുന്നതിനുളള പ്രവര്‍ത്തനത്തിലാണ് ചോദ്യകര്‍ത്താവിനെപ്പോലുളളവര്‍ ഏര്‍പ്പെടേണ്ടത്. (പരസ്യങ്ങളിലെ ആശയാഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെയോ പത്രത്തിന്റേതോ അല്ല. സര്‍ക്കാര്‍ പരസ്യവും ദേശാഭിമാനിയും, ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 57, പേജ് നമ്പര്‍ 262, 263)
മുഖ്യധാരാ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തല്‍
കേരളത്തിലും കോര്‍പറേറ്റ് മാധ്യമങ്ങളുടെ മേല്ക്കോയ്മയെ വെല്ലുവിളിക്കുന്ന ബദല്‍ മാധ്യമങ്ങളുടെ ഒരു ചേരിയുണ്ട്. ദേശാഭിമാനി, ജനയുഗം പത്രങ്ങളും കൈരളി, പീപ്പിള്‍ ചാനലുകളും അവയുടെ മുന്‍നിരയിലുണ്ട്. ഇതിനു പുറമേ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ബ്ളോഗുകളും ബദല്‍ മാധ്യമ ദൌത്യം നിറവേറ്റുന്നുണ്ട്. പൊതുമണ്ഡലം ക്ഷീണിക്കുന്നു എന്ന നിരീക്ഷണം കേരളത്തിലും പ്രസക്തമാണെങ്കിലും പുരോഗമനചേരിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ പരമ്പരകള്‍ ബദല്‍ പ്രചരണത്തിന്റെ ദൌത്യം കൈയാളുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ നയിക്കുന്ന വലതുപക്ഷ ആശയ വിതരണം കേരളത്തില്‍ വിതയ്ക്കുന്ന കമ്യൂണിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ മുഴുവന്‍ മുളച്ച് പടര്‍ന്നു പന്തലിച്ചു കായ്ക്കാത്തത് ബദല്‍ മാധ്യമങ്ങളുടെ ഈ പ്രതിപക്ഷ സാന്നിധ്യം കൊണ്ടു കൂടിയാണ്.
എന്നാല്‍, അവയുടെ പരിമിതികള്‍ കാണാതിരുന്നുകൂടാ. ഇടതുപക്ഷ വിശ്വാസികളിലേക്കേ ബദല്‍ മാധ്യമങ്ങള്‍ എത്തുന്നുള്ളൂ. ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെടേണ്ട വലിയൊരു ജനവിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ പിടിയിലാണ്. ബദല്‍ മാധ്യമങ്ങളുടെ പ്രചാരം എതിര്‍പക്ഷത്തെ മുഖ്യധാരാമാധ്യമങ്ങളുടെ കരുത്തുമായി തുലനം ചെയ്യുമ്പോള്‍ നിസ്സാരവുമാണ്. പ്രതിബോധത്തിന് എത്ര കുറഞ്ഞ പ്രചരണമാണ് കിട്ടുന്നത്! പൊതുമാധ്യമങ്ങളിലെ ജനാധിപത്യപരമായ ഇടം വിപുലമാക്കേണ്ടതിന്റെയും പുരോഗമന പക്ഷം അത് ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയിലേയ്ക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്.
മാധ്യമ രംഗത്തിന് പരിമിതമായ താരതമ്യ സ്വാതന്ത്ര്യം ഉണ്ടെന്നതില്‍ തര്‍ക്കമില്ല. ഉടമസ്ഥതയും സാമ്പത്തിക താല്പര്യങ്ങളും എന്തുതന്നെയായാലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിമിതമെങ്കിലും സ്വന്തമായ ഇടം ഉണ്ടായിരിക്കും. നിശ്ചിതമായ ഒരു സ്വയം നിര്‍ണയാവകാശവും അവര്‍ക്കുണ്ടാകും. ഒപ്പം, മാധ്യമങ്ങള്‍ക്കു മേല്‍ സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനമുണ്ടാകും. ബദല്‍ മാധ്യമങ്ങളില്‍ നിന്നുളള സമ്മര്‍ദ്ദം ഇതിന് ആക്കം കൂട്ടും. അതുവഴി, താല്പര്യങ്ങള്‍ ഏറ്റുമുട്ടുന്ന വേദികള്‍ കൂടിയാകും മാധ്യമങ്ങള്‍. അതുകൊണ്ട്, ബദല്‍ മാധ്യമങ്ങളിലൂടെയും ബഹുജന സംഘടനകളുടെ വിവരവിനിമയ സങ്കേതങ്ങളിലൂടെയും മാധ്യമങ്ങളുടെ പ്രചാരവേലയെ നേരിടാനാവും. അന്തോണിയോ ഗ്രാംഷി നിരീക്ഷിച്ചതു പോലെ മാധ്യമങ്ങള്‍ സമര വേദികള്‍ കൂടിയാണ്.
മറ്റു മാധ്യമങ്ങളില്‍ ഇഎംഎസ് എഴുതുന്നതിനെതിരായ വാദത്തെ അദ്ദേഹം തളളിക്കളഞ്ഞിരുന്നു. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് കിട്ടാവുന്ന ഇടങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി. ദൈനംദിന രാഷ്ട്രീയസംഭവവികാസങ്ങളെക്കുറിച്ചുളള ഇഎംഎസിന്റെ ഇടപെടലുകള്‍ മുഖ്യധാരാ മാധ്യമങ്ങളെക്കൂടി ഉന്നംവെച്ചുകൊണ്ടുളളവയായിരുന്നു. നാല്‍പതുകളില്‍ മാതൃഭൂമിയിലും മറ്റും പത്രാധിപര്‍ക്കുളള കത്തുകളിലൂടെയും അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
ഇത്തരത്തിലുളള ജനാധിപത്യ ഇടപെടല്‍ സാധ്യതകളോട് ബന്ധപ്പെടുത്തിയാണ് മാധ്യമമേഖലയിലെ കുത്തകയുടെ പ്രശ്നം ഇഎംഎസ് കൈകാര്യം ചെയ്തത്. "മാതൃഭൂമി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ സമീപനം'' എന്ന തലക്കെട്ടില്‍ ഒരു ചോദ്യത്തിന്റെ ഉത്തരമായി ഇഎംഎസ് ഇപ്രകാരം വിശദീകരിച്ചു, "'ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലവില്‍വന്ന, ആ പ്രസ്ഥാനത്തില്‍ സജീവമായി പങ്കുവഹിച്ച ഒരു പത്രം ദേശീയ സമരകാലത്ത് മുഴുവന്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്ന ഒരു കുത്തകപത്രത്തിന്റെ ഉപഗ്രഹമായി മാറുന്നുവെന്നതു കൂടിയാണ് പ്രശ്നം''. ഇതാണ് ബഹുജനവികാരം ഇളക്കിവിടാന്‍ സഹായിച്ച വസ്തുത.
"മാതൃഭൂമിയുടെ ആദ്യകാലത്തുണ്ടായിരുന്ന ദേശീയതാ പാരമ്പര്യം അവര്‍തന്നെ കളഞ്ഞുകുളിച്ചിരിക്കുന്നു. ദേശീയപാരമ്പര്യത്തെ തികച്ചും നിഷേധിക്കുന്ന ആര്‍എസ്എസിന്റെ പ്രചരണത്തിന് അങ്ങേയറ്റം സഹായം ചെയ്യുന്ന ഒരു പത്രമായി മാതൃഭൂമി അധഃപതിച്ചു. അതുകൊണ്ട് മറ്റ് പലനേതാക്കളും ചെയ്യുന്നതുപോലെ, മാതൃഭൂമിയുടെ രാഷ്ട്രീയപാരമ്പര്യത്തിന് കളങ്കം വരുത്തുന്നുവല്ലോ എന്ന നിലയ്ക്ക് ഈ പ്രശ്നം കാണാന്‍ പാര്‍ട്ടിക്കോ എനിക്കോ സാധ്യമല്ല...ഒരു കുത്തകപത്രം അതിനെക്കാളെത്രയോ ചെറിയ ഒരു പത്രത്തെ വിഴുങ്ങുന്നുവെന്നത് നമ്മെയെല്ലാം അസ്വസ്ഥരാക്കേണ്ട ഒരു സംഭവമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഏത് മേഖലയിലായാലും കുത്തകകള്‍ ചെറുകിട സ്ഥാപനങ്ങളെ വിഴുങ്ങുന്നതിനോട് ഉദാസീനഭാവം വെച്ചുപുലര്‍ത്താന്‍ പാര്‍ട്ടിക്ക് സാധ്യമല്ല''. (മാതൃഭൂമി പ്രശ്നത്തില്‍ പാര്‍ട്ടിയുടെ സമീപനം - (ഇ എം എസ് സമ്പൂര്‍ണ കൃതികള്‍, വാല്യം 53, പേജ് 340)
മാധ്യമരംഗം ഇഎംഎസിന് ശേഷം
ഇഎംഎസിന്റെ നിര്യാണത്തിന് ശേഷമാണ് ജനകീയാസൂത്രണ വിവാദം പൊട്ടിപ്പുറപ്പെട്ടത്. അധികാരവികേന്ദ്രീകരണമെന്നത് 1957ലെ സര്‍ക്കാരിന്റെ ഒരു പ്രധാന അജണ്ടയായിരുന്നു. ഇഎംഎസ് അധ്യക്ഷനായുളള ഭരണപരിഷ്കാര കമ്മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ശിപാര്‍ശയായിരുന്നു അത്. എന്നാല്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ പരിഷ്കാരം നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നത് ഇതിന് മുന്നിലെ കനത്ത പ്രതിബന്ധങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനെ മറികടക്കാന്‍ ഭൂപരിഷ്കരണത്തിന്റെ കാര്യത്തിലെന്നതുപോലെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ബഹുജനങ്ങളെ അണിനിരത്തുന്നതിനുളള പരീക്ഷണമായിരുന്നു ജനകീയാസൂത്രണം. ഭൂപരിഷ്കരണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമായിരുന്നു ജനകീയാസൂത്രണം എന്നായിരുന്നു ഇഎംഎസ് അഭിപ്രായപ്പെട്ടത്. ജനകീയാസൂത്രണത്തിനെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ചത് ഇഎംഎസ് തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ജനകീയാസൂത്രണത്തെ മുന്‍നിര്‍ത്തിയായി പാര്‍ട്ടിക്കെതിരായ മാധ്യമ കടന്നാക്രമണങ്ങള്‍.
ഇടതുപക്ഷ നിലപാടുകളില്‍ നിന്നുളള കമ്യൂണിസ്റ്റ് വിരോധമാണ് പുതിയകാലഘട്ടത്തിന്റെ പ്രത്യേകത. 2000-2010 കാലഘട്ടത്തില്‍ മലയാള മാധ്യമങ്ങള്‍ ഒരിക്കല്‍കൂടി പ്രചണ്ഡമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിലേയ്ക്ക് കടന്നു. വിമോചനസമരകാലത്തെ മാധ്യമ പ്രചാരവേല വലതുപക്ഷ നിലപാടില്‍ നിന്നുളള മാധ്യമ കടന്നാക്രമണമായിരുന്നു എങ്കില്‍ ഇപ്പോഴവര്‍ കപട ഇടതുപക്ഷനിലപാടുകളില്‍ നിന്നുകൊണ്ടാണ് ആക്രമണം അഴിച്ചുവിടുന്നത്. അന്നത്തെ പ്രചാരവേല ഇടതുപക്ഷത്തിന്റെ അടിത്തറയെ സ്വാധീനിച്ചില്ല. ഇന്നത്തെ പ്രചരണം ഇടതുപക്ഷഅടിത്തറയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇതിന്റെ വലിയ 'സാധ്യത'കളെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞത് ജനകീയാസൂത്രണ വിവാദത്തിലാണ്.
ഇഎംഎസിന്റെ നിര്യാണത്തിനു ശേഷമുളള ഒരു വ്യാഴവട്ടക്കാലം മലയാള മാധ്യമരംഗത്ത് ഒരു വിസ്ഫോടനം തന്നെ നടന്നിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂര്‍ ന്യൂസ് ചാനലുകളുടെ ആവിര്‍ഭാവം, കമ്പ്യൂട്ടര്‍ അധിഷ്ഠിത മാധ്യമങ്ങളുടെ കടന്നുവരവ്, എഫ്എം റേഡിയോ തരംഗം തുടങ്ങിയവയെല്ലാം മലയാളിയില്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ വ്യാജസമ്മതി സൃഷ്ടിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ചരിത്രഘട്ടത്തിലാണ് ഇഎംഎസിന്റെ മാധ്യമ കാഴ്ചപ്പാടുകളുടെ പ്രസക്തി നാം തിരിച്ചറിയുന്നത്.
*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത വാരിക
Monday, May 10, 2010
മാധ്യമരംഗം ഇ എം എസിന് ശേഷം
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലും കോര്‍പറേറ്റ് മാധ്യമങ്ങളുടെ മേല്ക്കോയ്മയെ വെല്ലുവിളിക്കുന്ന ബദല്‍ മാധ്യമങ്ങളുടെ ഒരു ചേരിയുണ്ട്. ദേശാഭിമാനി, ജനയുഗം പത്രങ്ങളും കൈരളി, പീപ്പിള്‍ ചാനലുകളും അവയുടെ മുന്‍നിരയിലുണ്ട്. ഇതിനു പുറമേ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ബ്ളോഗുകളും ബദല്‍ മാധ്യമ ദൌത്യം നിറവേറ്റുന്നുണ്ട്. പൊതുമണ്ഡലം ക്ഷീണിക്കുന്നു എന്ന നിരീക്ഷണം കേരളത്തിലും പ്രസക്തമാണെങ്കിലും പുരോഗമനചേരിയുടെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ പരമ്പരകള്‍ ബദല്‍ പ്രചരണത്തിന്റെ ദൌത്യം കൈയാളുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ നയിക്കുന്ന വലതുപക്ഷ ആശയ വിതരണം കേരളത്തില്‍ വിതയ്ക്കുന്ന കമ്യൂണിസ്റ്റ് വിരോധത്തിന്റെ വിഷവിത്തുകള്‍ മുഴുവന്‍ മുളച്ച് പടര്‍ന്നു പന്തലിച്ചു കായ്ക്കാത്തത് ബദല്‍ മാധ്യമങ്ങളുടെ ഈ പ്രതിപക്ഷ സാന്നിധ്യം കൊണ്ടു കൂടിയാണ്.
Post a Comment