'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം' എന്ന തന്റെ നോവലിന്റെ മുഖവുരയില്‍ "ഞാന്‍ ജനിച്ചുവളര്‍ന്ന പാലേരിയില്‍ മാണിക്യം എന്നൊരു സ്ത്രീ കൊല്ലപ്പെട്ടു എന്നതൊഴിച്ചാല്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റു കാര്യങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ല'' എന്ന് ടി പി രാജീവന്‍ ഏറ്റു പറയുന്നുണ്ട്. അപ്പോള്‍ "ഇത് കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ ഒരു ചരിത്ര രേഖ''യാണെന്ന പുസ്തകത്തിന്റെ പുറംചട്ടയിലെ പ്രസാധകക്കുറിപ്പ് പൊളി പറയുകയാണ്. യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കെട്ടുകഥയെ 'ചരിത്രരേഖ' എന്ന് വിളിക്കുന്നത് കടന്നകൈയല്ലേ?
രതിയും കൊലയും ലൈംഗികതയും അക്രമവും ഒക്കെയാണ് പുസ്തകത്തിന്റെ പ്രമേയമെന്ന് സൂചിപ്പിക്കുന്ന 'പാലേരി മാണിക്യ'വും 'പാതിരാക്കൊല'യും ചേരുന്ന ശീര്‍ഷകത്തില്‍ സാധനം വിറ്റുപോകുമെന്നുറപ്പാക്കുന്ന വിപണിതന്ത്രമുണ്ട്. പുസ്തകം മുഴുവന്‍ വായിച്ചുതീരുമ്പോഴാകട്ടെ, നോവലെഴുത്തിനേക്കാള്‍ പരസ്യകലയും പ്രചാരവേലയുമാണ് തനിക്ക് വഴങ്ങുന്നതെന്ന് രാജീവന്‍ തെളിയിച്ചിരിക്കുന്നു.
"പ്രത്യേക ആശയം പ്രചരിപ്പിക്കലോ ഏതെങ്കിലും പാര്‍ടിയെയോ വ്യക്തിയെയോ അധിക്ഷേപിക്കലോ അല്ല സര്‍ഗാത്മക രചനകളുടെ പിന്നിലെ പ്രചോദന''മെന്ന് രാജീവന്‍ നോവലിനെതിരെ വന്ന പരാമര്‍ശത്തിനുള്ള മറുപടിയില്‍ എഴുതിയത് വായിച്ചു. അത് ശരിയാണെങ്കില്‍ 'പാലേരി മാണിക്യം...' തീര്‍ച്ചയായും ഒരു സര്‍ഗാത്മക രചനയല്ല. ഈ പുസ്തകത്തിന്റെ ലക്ഷ്യം 'പ്രത്യേക ആശയം പ്രചരിപ്പിക്ക'ലാണെന്നും, ഒരു പാര്‍ടിയെ - കമ്യൂണിസ്റ്റു പാര്‍ടിയെ- ആക്ഷേപിക്കലാണെന്നും അറിയാന്‍ അതൊരാവൃത്തി വായിക്കാന്‍ ക്ഷമയുള്ള ഏതൊരാള്‍ക്കും കഴിയും. "മുരിക്കംകുന്നത്ത് അഹമ്മദ്ഹാജിയുടെ ഔദാര്യത്തിലാണ് പാലേരിയില്‍ കമ്യൂണിസ്റ്റു പാര്‍ടി പ്രവര്‍ത്തിക്കുന്നത് എന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞുപരത്തുന്നുണ്ടെന്നും, ഹാജിയെ മാണിക്യം കൊലക്കേസില്‍ ജനങ്ങള്‍'' സംശയിക്കുന്നുണ്ടെന്നും "കമ്യൂണിസ്റ്റു പാര്‍ടി അയാളെ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു''ണ്ടെന്നും അതുകൊണ്ട് മൌനം വെടിഞ്ഞ് കേസില്‍ ഇടപെടണമെന്നും നോവലില്‍ ഒരിടത്ത് സഖാവ് കേശവന്‍ പാര്‍ടി യോഗത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അക്കാലത്ത് പാലേരിയിലും പരിസരങ്ങളിലും കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടന്ന ഒരാരോപണം അതേപടി ഏറ്റെടുത്ത് പൊലിപ്പിക്കാന്‍ ഒരു മുഴുനീള കഥാപുസ്തകം കെട്ടിയുണ്ടാക്കുകയാണ് രാജീവന്‍ ചെയ്തിരിക്കുന്നത്- ഒപ്പം കഥയ്ക്ക് "യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ലെ''ന്ന് 'സത്യവാങ്മൂലം' നല്‍കി, ആ പെരുംനുണയുടെ പിതൃത്വത്തില്‍ നിന്ന് ഒരു തികഞ്ഞ ഭീരുവിനെപ്പോലെ തടിയൂരുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ തന്റെ കൃതി അതിന്റെ പ്രസാധകര്‍ അവകാശപ്പെട്ടപോലെ 'ചരിത്രരേഖ' യല്ലെന്നും വെറുമൊരു കെട്ടുകഥയാണെന്നും നോവലിസ്റ്റ് സമ്മതിക്കുന്നുണ്ടെങ്കിലും അതിന് ഈ രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവുമായി ഒരു ബന്ധവുമില്ലെന്ന് ധരിക്കരുത്. 'സാമൂഹ്യ- രാഷ്ട്രീയ മാറ്റ'ങ്ങുടെ ചരിത്രവുമായല്ല, എല്ലാ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങളെയും പ്രതിരോധിച്ച് നില്‍ക്കുന്ന അത്യന്തം പ്രതിലോമ സ്വഭാവമുള്ള വലതുപക്ഷ രാഷ്ട്രീയ ചരിത്രവുമായാണ് അത് കണ്ണിചേരുന്നത്. കമ്യൂണിസം കേരളത്തില്‍ രൂപംകൊണ്ട നാള്‍മുതല്‍ ചിലപ്പോള്‍ മുന്നേറിയും മറ്റു ചിലപ്പോള്‍ പിന്‍വാങ്ങിയും ഇവിടെ പുലരുന്ന പാര്‍ടിവിരുദ്ധ പ്രചാരവേലയുടെ വ്യവഹാര (Discourses) ത്തിനകത്താണ് ഈ നോവല്‍ സ്വയം ഇടംപിടിക്കുന്നത്. രാജീവന്‍ പറയുന്നപോലെ സാഹിത്യം നിഷ്കളങ്കമോ നിഷ്പക്ഷമോ അല്ല. വ്യവസ്ഥാനുകൂലമോ വിരുദ്ധമോ ആയ മനോവൃത്തികളെ നിര്‍മിച്ചെടുക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെ ഭൌതിക പ്രത്യക്ഷമാണ് സാഹിത്യകൃതി. മാര്‍ക്സും അല്‍ത്തൂസറും മാത്രമല്ല ഫൂക്കോയും സ്വയംഭരണമുള്ള സ്വതന്ത്രമായ ഒരസ്തിത്വം കര്‍തൃത്വത്തിനോ വ്യക്തിത്വത്തിനോ ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്. എഡ്വേഡ് സെയ്ദ് മുന്നോട്ടുവെക്കുന്ന 'ഓറിയന്റലിസം' (orientalism) എന്ന സങ്കല്പനവും ഇവിടെ ഓര്‍ക്കാവുന്നതാണ്. 'കിഴക്കി'നെപ്പറ്റി കൊളോണിയല്‍ അധികാരത്തിന്റെ പ്രത്യയശാസ്ത്ര അനുബന്ധമെന്ന നിലയ്ക്ക് യൂറോപ്പില്‍ നിര്‍മിച്ച് വിതരണം ചെയ്ത തെറ്റിദ്ധാരണകള്‍ ആണ് 'പൌരസ്ത്യവാദം'. പൌരസ്ത്യ ജീവിതത്തെയും ചരിത്രത്തെയും സംസ്കാരത്തെയുംകുറിച്ചുള്ള പാശ്ചാത്യവും കൊളോണിയലുമായ ആഖ്യാനവും വ്യാഖ്യാനവും ആണത്. അതിലെല്ലാം അധീനരായ പൌരസ്ത്യര്‍ പ്രാകൃതരും യുക്തിബോധമില്ലാത്തവരും മടിയന്മാരും കുത്തഴിഞ്ഞ ലൈംഗികബന്ധം പുലര്‍ത്തുന്നവരും ആകുമ്പോള്‍ അധീശരായ പാശ്ചാത്യര്‍ പരിഷ്കൃതചിത്തരും യുക്തിബോധമുള്ളവരും അധ്വാനശീലരും ലൈംഗിക നിയന്ത്രണം പുലര്‍ത്തുന്നവരും ആകുന്നു. 'കിഴക്കി'നെ അപകര്‍ഷപ്പെടുത്തുന്ന പൌരസ്ത്യവാദംപോലെ, തൊള്ളായിരത്തി മുപ്പതുകളുടെ അവസാനം മുതല്‍ക്കാരംഭിച്ച വിവിധങ്ങളായ കമ്യൂണിസ്റ്റു വിരുദ്ധ വ്യവഹാരങ്ങള്‍ പാര്‍ടി സഖാക്കളെ കറുത്ത ചായം പൂശിയാണ് വരച്ചുപോന്നത്. ദേശദ്രോഹികള്‍, റഷ്യന്‍ ചാരന്മാര്‍, എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍, അക്രമികള്‍, സ്ത്രീകളെ പൊതുസ്വത്താക്കുന്ന ലൈംഗിക അരാജകവാദികള്‍, അഴിമതിക്കാര്‍- ഇങ്ങനെയെല്ലാമാണ് പത്രങ്ങളിലും കാര്‍ടൂണുകളിലും പ്രസംഗങ്ങളിലും പ്രചാരവേലകളിലും കമ്യൂണിസ്റ്റുകാര്‍ അക്കാലത്ത് അവതരിപ്പിക്കപ്പെട്ടത്. ഈ വിരുദ്ധപ്രചാരവേല സകല സീമകളും ലംഘിച്ച് അഴിഞ്ഞാടിയ സന്ദര്‍ഭമായിരുന്നു വിമോചനസമരകാലം. അന്ന് പേരാമ്പ്ര എം എല്‍ എ ആയിരുന്ന എം കുമാരനും, കൃഷ്ണപ്പിള്ളയ്ക്കുശേഷം കേരളം കണ്ട ഏറ്റവും മികച്ച കമ്യൂണിസ്റ്റു സംഘാടകന്‍ സി എച്ച് കണാരനും, പാര്‍ടിയെ പ്രണയിച്ച് പരിണയിച്ച് പാര്‍ടിക്കുവേണ്ടി ജീവിച്ച കേളുവേട്ടനും ചേര്‍ന്ന് പാലേരി മാണിക്യം കൊലക്കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് കൊണ്ടാടിയ ദുഷ്പ്രചാരവേലയെ പ്രമേയമാക്കിയാണ് രാജീവന്‍ നാല്‍പ്പതധ്യായങ്ങളുള്ള ഈ നോവല്‍ ചെയ്തിരിക്കുന്നത്.
നോവലും കഥയും കവിതയും നാടകവുമെല്ലാം കമ്യൂണിസത്തോട് അനുരാഗികളായി ചോന്നുപോയ പുരോഗമന സാഹിത്യത്തിന്റെ ഒരു പൂക്കാലമുണ്ടായിരുന്നു. തല, ഒരു തൊപ്പിയിലും ഒതുങ്ങാത്ത ചങ്ങമ്പുഴപോലും "അടിയട്ടെ ചെങ്കോലടിയട്ടെ, വേഗം അരിവാളിന്‍ കാലമണയട്ടെ'' എന്ന് എഴുതിപ്പോവുകയുണ്ടായി. പ്രസ്ഥാനം ജനപിന്തുണ നേടുന്നതിന് വളരെ മുമ്പുതന്നെ ഇ എം എസും കെ ദാമോദരനും നേതൃത്വം നല്‍കിയ, ഉണ്ണിരാജയും എം എസ് ദേവദാസും ചെറുകാടും പി ഭാസ്കാരനും പൊന്‍കുന്നം ദാമോദരനും പ്രേംജിയും ഡിഎം പൊറ്റക്കാടും കെ പി ജിയും സജീവ പങ്കാളികളായിരുന്ന ജീവല്‍സാഹിത്യസംഘടനയുടെ കാലംതൊട്ട് എഴുത്തുകാര്‍ക്കിടയില്‍ യോജിച്ചും വിയോജിച്ചും പിന്നെയും യോജിച്ചും തുടര്‍ച്ചയായി നിലനിന്ന പുരോഗമനസാഹിത്യ രചനയുടെയും സംവാദങ്ങളുടെയും ഒരു ചരിത്രം കേരളത്തിനുണ്ട്. കമ്യൂണിസം കേരളത്തിലെത്തിയത് താരതമ്യേന വളരെ വൈകിയാണ്. എന്നാല്‍ '37 ല്‍ വെറും നാലുപേര്‍ ചേര്‍ന്ന് രൂപംകൊടുത്ത ഒരു പാര്‍ടി രണ്ട് ദശകം പിന്നിട്ടപ്പോഴേക്കും ഈ സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ നേടി ഒറ്റയ്ക്ക് ഭരണകക്ഷിയായി മാറിയത് ഏത് നിലയ്ക്ക് നോക്കിയാലും അസാധാരണവും അപ്രതീക്ഷിതവുമാണ്. ഏവരെയും അമ്പരപ്പിച്ച ആ വളര്‍ച്ചയുടെ പിന്നില്‍ നേരത്തെ പറഞ്ഞ ഇടതുപക്ഷ പുരോഗമന സാംസ്കാരിക രാഷ്ട്രീയത്തിന്റെ അദൃശ്യവും ശക്തവുമായ പിന്തുണയുണ്ടായിരുന്നു. ഇംഗ്ളണ്ടിലെ മധ്യവര്‍ഗത്തെക്കുറിച്ചെഴുതുമ്പോള്‍ മാര്‍ക്സ് പറഞ്ഞപോലെ " രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ ഭംഗിയായും സ്പഷ്ടമായും രാഷ്ട്രീയ സാമൂഹ്യസത്യങ്ങള്‍'' എഴുത്തുകാര്‍ ഇവിടെ പ്രചരിപ്പിക്കുകയുണ്ടായി. ഇടതുപക്ഷ സാംസ്കാരിക രാഷ്ട്രീയത്തെ യാഥാസ്ഥിതികപക്ഷത്തുനിന്ന് സഞ്ജയനും കുട്ടികൃഷ്ണമാരാരുമൊക്കെ പരിഹസിക്കുകയും പഴിക്കുകയും ചെയ്തിരുന്നു. അതിനൊന്നും മലയാളത്തിലെ സര്‍ഗാത്മകരചനകളുടെ ഇടതുപക്ഷവീക്ഷണത്തെയോ പുരോഗമനോന്മുഖമായ സാമൂഹ്യരാഷ്ട്രീയബോധത്തെയോ സ്വാധീനിക്കാന്‍ ആയില്ല.
എന്നാല്‍ '57 ന്റെ ഇടിമുഴക്കം കേട്ട് ഏറെക്കുറെ അര്‍ധ മയക്കത്തിലായിരുന്ന കേരളത്തിലെ സാംസ്കാരിക വലതുപക്ഷം ഞെട്ടിയുണരുന്നുണ്ട്. ആസൂത്രിതവും സംഘടിതവുമായ കമ്യൂണിസ്റ്റ് വിരുദ്ധപ്രചാരവേലയ്ക്ക് എം ഗോവിന്ദനും സി ജെ തോമസും നേതൃത്വം നല്‍കിയ 'സ്വതന്ത്രകലാകാര'ന്മാരുടെ സംഘം തുനിഞ്ഞിറങ്ങുകയായി. സംഗീതനാടക അക്കാദമിയില്‍ അംഗത്വം ലഭിക്കായ്കയാല്‍ മോഹഭംഗം വന്ന 'എസ് കെ പള്ളിപ്പുറം ' എന്ന നാടകകൃത്തിനെ സൃഷ്ടിച്ചുകൊണ്ട്, വിമോചനകാലം മുതല്‍ വളര്‍ന്നുവന്ന സാംസ്കാരിക വലതുപക്ഷവുമായി, കമ്യൂണിസ്റ്റു വിരുദ്ധ സാഹിത്യവ്യവഹാരങ്ങളുമായി, തന്റെ നോവലിനെ ടി പി രാജീവന്‍ കണ്ണിചേര്‍ക്കുന്നുണ്ട്. "അരിവാള്‍, ചുറ്റിക, ലാത്തി'' എന്ന പേരില്‍ എസ് കെ പള്ളിപ്പുറമെഴുതിയ വിമോചന സമര നാടകത്തില്‍ പാലേരി മാണിക്യത്തിന്റെ കൊലപാതകം വിഷയമാകുന്നുണ്ട്. മാണിക്യം കൊലക്കേസില്‍ പ്രതികളായവരെ "എന്റെ വാശിക്ക്, ആരുമല്ലാതിരുന്ന, വെറും ക്രിമിനലുകളായിരുന്ന ആ മൂന്നുപേരെ ഞാന്‍ മൂന്ന് കമ്യൂണിസ്റ്റുകളാക്കി'' എന്ന് നാടകകൃത്ത് പറയുന്നു. നോവലിസ്റ്റിനെ കഥാപാത്രം ആവേശിച്ചതുകൊണ്ടോ എന്തോ, എസ് കെ പള്ളിപ്പുറം നാടകമെഴുതുമ്പോള്‍ ക്രിമിനലുകളെ കമ്യൂണിസ്റ്റുകളാക്കിയെങ്കില്‍, ടി പി രാജീവന്‍ നോവലെഴുതുമ്പോള്‍ കമ്യൂണിസ്റ്റുകാരെ ക്രിമിനലുകളാക്കിയിരിക്കുന്നു.
ലാത്തിച്ചാര്‍ജും കല്ലേറും നടക്കുമ്പോള്‍ "ദൃഢനിശ്ചയത്തിന്റെ കുലപര്‍വതംപോലെ എ കെ ജി നിന്നു'' എന്നും "അടുത്തറിയാന്‍ കഴിഞ്ഞാല്‍ വിട്ടുപോരാന്‍ കഴിയാത്തത്ര ധിഷണയുടെ കാന്തിവലയമുള്ള'' നേതാവായിരുന്നു ഇ എം എസ് എന്നും താന്‍ എഴുതിയില്ലേ എന്ന രാജീവന്റെ മറ്റു ചോദ്യങ്ങള്‍ക്കും മറുപടിയുണ്ട്. ഏതായാലും എ കെ ജിയെയും ഇ എം എസിനെയും പറ്റി രാജീവന്‍ എഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി പറയണം. അവരിരുവരും ടി പി രാജീവന്റെ 'സ്വഭാവസര്‍ടിഫിക്കറ്റ്' ഇല്ലായിരുന്നുവെങ്കില്‍ ചരിത്രത്തില്‍നിന്നും ജനമനസ്സില്‍നിന്നും ഒലിച്ചുപോകുമായിരുന്നു! ഇ എം എസിനും എ കെ ജിക്കും ഈ നോവലിന്റെ 'കാലിക്കുളമ്പുചാലി'നപ്പുറം കടലുപോലെ ഇരമ്പുന്ന ജീവചരിത്രങ്ങളുണ്ട്. എന്നാല്‍ കഥയുടെ ചെറുവൃത്തത്തിനകത്തു മാത്രം ജീവിതമുള്ള കഥാപാത്രങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് കഥാകൃത്ത് ഉത്തരം പറയേണ്ടിവരും.
'1951'ലാണ് പാലേരിയില്‍ കമ്യൂണിസ്റ്റു പാര്‍ടി കെട്ടിപ്പടുക്കാന്‍ സ. കെ പി ഹംസ നിയുക്തനാവുന്നത്. അവിടെ മുരിക്കന്‍കുന്നത്ത് അഹമ്മദ്ഹാജിയെ ചെന്നു കാണാനാണ് പാര്‍ടി നിര്‍ദേശം. അഹമ്മദ്ഹാജി കമ്യൂണിസ്റ്റ ല്ലെങ്കിലും പുരോഗമനപക്ഷത്ത് നില്‍ക്കുന്ന ആളാണ്. "കാട്ടിപ്പരുത്തി ഗുരുക്കളില്‍നിന്ന് താന്‍ പഠിച്ച അഭ്യാസമുറകള്‍ വീട്ടിലെ മൃഗങ്ങളിലും പണിക്കാരിലും പരീക്ഷിച്ചുനോക്കുക കുട്ടിക്കാലം മുതല്‍ അഹമ്മദ്ഹാജിയുടെ ശീലമാണ്. ചെവിയിലും നെഞ്ചത്തും പുറത്തും ഓര്‍ക്കാപ്പുറത്ത് ചവിട്ടും അടിയുംകൊണ്ട് പലരും പിടഞ്ഞുവീണിട്ടുണ്ട്.'' "പ്രയോഗം സ്വന്തം മൃഗങ്ങളില്‍നിന്നും പണിക്കാരില്‍നിന്നും നാട്ടുകാരിലേക്ക് മാറി. ഹാജിയെ കണ്ടാല്‍ ആളുകള്‍ വഴിമാറി നടക്കുവാന്‍ തുടങ്ങി.'' ഇങ്ങനെ കണ്ടാല്‍ ആളുകള്‍ വഴിമാറിപ്പോവുന്ന അഹമ്മദ്ഹാജിയെപ്പോലുള്ളവരെ ആശ്രയിച്ചാണ് നാട്ടിപുറങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ 'അടിത്തറപാകി'യതെന്ന് എഴുതുന്നയാള്‍ക്ക് തലയ്ക്ക് നല്ല സുഖമില്ലേ? ഹാജിയുടെ വിക്രിയകള്‍ തീരുന്നില്ല. തന്റെ പറമ്പില്‍നിന്ന് തേങ്ങ മോഷ്ടിച്ചവനെ പിടികൂടി കഴുത്തില്‍ നുകംവെച്ച് പൂട്ടിക്കുന്ന, തനിക്ക് കണ്ണില്‍ പിടിച്ച പെണ്ണും മണ്ണും കൈയൂക്കുകൊണ്ട് സ്വന്തമാക്കുന്ന, ഏത് അത്യാചാരവും പഥ്യമായ ഈ 'ദുഷ്പ്രഭുപ്പുലയാടി'യുടെ ചെലവില്‍, അയാള്‍ പകര്‍ന്നു നല്‍കിയ "നാട്ടുവെളിച്ച''ത്തില്‍ ആണ്, കെ പി ഹംസ പാലേരിയില്‍ പാര്‍ടി കെട്ടിപ്പടുത്തത്! പേരാത്തതിന് ആ കമ്യൂണിസ്റ്റ് യൂണിറ്റിന്റെ കേന്ദ്രത്തില്‍ "എലുമ്പുലാശ്ശേരി കുട്ടിശ്ശങ്കരമേനാന്‍ എന്ന ജന്മിയെ പ്രതിഷ്ഠിക്കുക'' കൂടി ചെയ്തതോടെ ആനന്ദലബ്ധിക്ക് ഇനിയൊന്നും വേറെ വേണമെന്നില്ലെന്നായി!
ജന്മിമാരുടെയും പ്രമാണിമാരുടെയും സഹായം തേടിയും, അവരെ സഹായിച്ചും ആണ് ഇവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്നത് എന്നാണ് ഈ നോവലെഴുത്തുകാരന്‍ വിവക്ഷിക്കുന്നത്. എന്നാല്‍ ജ്ഞാതരും അജ്ഞാതരുമായ കമ്യൂണിസ്റ്റുകാരുടെ ജീവരക്തംകൊണ്ടാണ് കേരളം ജന്മിത്വത്തിന് ചരമക്കുറിപ്പെഴുതിയത്്. കമ്യൂണിസത്തോട് അനുഭാവം ഒട്ടുമില്ലാത്ത അക്കിത്തംപോലും ഇ എം എസ് അധികാരത്തില്‍ വന്നതുകൊണ്ടാണ് 'മലനാട്ടില്‍ കരിയുന്തിയ തഴമ്പ് നവയുഗക്കതിരിന്‍ മണിക്കനമറിഞ്ഞ'തെന്ന് എഴുതുകയുണ്ടായി. ജന്മിമാര്‍ക്ക് നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളെ എന്തുംചെയ്യാന്‍ പോരിമ നല്‍കിയത് 'ഒഴിപ്പിക്കാ'നുള്ള അധികാരമായിരുന്നു. നിലവിലുള്ള നിയമം അഹമ്മദ് ഹാജിയെപ്പോലുള്ള ഭൂപ്രഭുക്കള്‍ക്ക് ആ ദണ്ഡനാധികാരം നല്‍കിയതുകൊണ്ട് മാത്രമാണ് രാജീവന്റെ നോവലിലെ ചീരുവിന് തന്റെ ഭര്‍ത്താവിനെ ചവിട്ടിക്കൊന്ന ഹാജിയുടെ വെപ്പാട്ടിയാവേണ്ടി വന്നത്. തന്റെ മകന്റെ ഭാര്യയെ കെണിവെച്ച് പിടിക്കാന്‍ അയാള്‍ക്ക് അരുനില്‍ക്കേണ്ടിവന്നത്. "അല്ല, ചീരുവേടത്തി, ഹാജ്യാരെ പിണക്കുന്നത് മ്മക്കാര്‍ക്കും നല്ലതല്ല. ങ്ങളെ ഈ വീട് തന്നെ നോക്ക്. ഇതാരുടേതാ? ഹാജ്യാരുടെതന്നെയല്ലേ'' എന്ന് ഹാജിക്ക് ചീരുവിനെ വശപ്പെടുത്താന്‍ വേലായുധന്‍ പുറത്തെടുക്കുന്ന ബ്രഹ്മാസ്ത്രവും അതുതന്നെയാണ്. ഇങ്ങനെ ജന്മിമാര്‍ കൈയിലെടുത്ത് കളിച്ചിരുന്ന ഒഴിപ്പിക്കാനുള്ള അധികാരം സുപ്രസിദ്ധമായ ഒരു 'ഓര്‍ഡിനന്‍സി'ലൂടെ എന്നെന്നേക്കുമായി 'റദ്ദു'ചെയ്യുകയാണ് ഇ എം എസ് സര്‍ക്കാര്‍ ചെയ്തത്. അതോടെ ജന്മിത്വത്തിന്റെ നട്ടെല്ല് പൊട്ടിപ്പോയി. കര്‍ഷകന്റെ വളഞ്ഞുപോയ നട്ടെല്ലാകട്ടെ നിവരുകയും ചെയ്തു. പാവങ്ങള്‍ക്കനുകൂലമായി കേരളചരിത്രത്തിലുണ്ടായ ഗംഭീരമായ ഈ ഗതിമാറ്റം കണ്ടില്ലെന്ന് നടിച്ച് ടി പി രാജീവന്‍, '57 ലെ കമ്യൂണിസ്റ്റു മന്ത്രിസഭ പണിയാളര്‍ക്ക് പരിരക്ഷ നല്‍കുകയല്ല, പ്രമാണിമാരുടെ കാമകേളികള്‍ക്കും കൊലപാതകങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്ന് ആളുകള്‍ക്ക് വായിക്കാന്‍ അച്ചടിച്ചിറക്കിയ ഒരു പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്നു! അപ്പോഴിത് പാതിരാക്കൊലപാതകമല്ല, നല്ല പകല്‍വെളിച്ചത്തില്‍ ഒരു പരമസത്യത്തിന്റെ കഴുത്തുഞെരിച്ച് കൊന്നിരിക്കയാണ്.
ഒരെഴുത്തുകാരന്‍ എന്ന നിലയ്ക്ക് രാജീവന്‍ ചെയ്തുകൂട്ടിയ പാപകര്‍മങ്ങളില്‍ സത്യഹിംസ മാത്രമല്ല, യുക്തിഹത്യയും പെടുന്നു. സത്യം, വിശിഷ്യ ചരിത്രത്തിന്റെ സത്യം, വാഴുന്നത് നോവലിന് പുറത്താണ്. അതിനോട് ഒരു സാഹിത്യകൃതി പൊരുത്തപ്പെട്ട് പോകണമെന്ന് നിര്‍ബന്ധിക്കാനാകില്ല. എന്നാല്‍ കൃതിയുടെ അകത്തുമാത്രം ജീവിക്കുന്നതും ജീവിക്കേണ്ടതുമായ യുക്തിയുടെ കാര്യം അങ്ങനെയല്ല. ഒരു കുറ്റാന്വേഷണകഥയുടെ സവിശേഷ ഘടനയില്‍ പാത്രങ്ങള്‍ക്ക,് അവരുടെ രഹസ്യവിചാരങ്ങള്‍ക്ക്, പരസ്യപ്രവൃത്തികള്‍ക്ക്, ഒക്കെത്തമ്മില്‍, അവരുടെ പകല്‍ച്ചൊല്ലുകള്‍ക്കും രാച്ചെയ്തികള്‍ക്കും തമ്മില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ ബന്ധം കൂടിയേ തീരൂ. ആദ്യവസാനം സകല സംഭവങ്ങളെയും കഥയുടേതായ ഒരു യുക്തികൊണ്ട് കൂട്ടിക്കെട്ടേണ്ടതുണ്ട.്് ടി പി രാജീവന്റെ ഈ കൊലപാതക കഥയില്‍ 'ഒരു നിശ്ചമയമില്ലയൊന്നിനും വരുമോരോ ദശവന്നപോലെ പോം' എന്ന മട്ടാണ്. നോവലിലെ പ്രതിനായകനും 'പ്രതാപലങ്കേശ്വര'നുമായ അഹമ്മദ് ഹാജിയെ സംബന്ധിച്ച കാര്യങ്ങള്‍ തന്നെ വിചിത്രമാണ്. അയാളുടെ വിചാരങ്ങളും വൃത്തികളുമെല്ലാം പരസ്പരം പൊരുത്തമില്ലാത്തവയാണ്. കമ്യൂണിസ്റ്റു പാര്‍ടിക്കും അഹമ്മദ് ഹാജിക്കും തമ്മിലെന്ത് എന്ന പ്രശ്നം തന്നെ പരിശോധിക്കാം. എ കെ ജിയും സി എച്ചും നയിച്ച ഒരു പാര്‍ടി, കൊല്ലും കൊലയും തൊഴിലാക്കിയ, ഏവരേയും അടക്കിവാഴുന്ന ഹാജിയെപ്പോലെ ലക്ഷണമൊത്ത ഒരു 'ജനശത്രു' വിന്റെ പിന്തുണ തേടിയതെന്തിനാണ്? '51 ലാണ് കെ പി ഹംസ 'പാലേരിയില്‍ പാര്‍ടി കെട്ടിപ്പടുക്കാന്‍' അഹമ്മദ്ഹാജിയെ തേടിയെത്തുന്നത്. കമ്യൂണിസ്റ്റ് പ്രവര്‍ത്തനം നിരോധിക്കപ്പെട്ട കാലമാണത്. മിക്ക സഖാക്കളും ഒന്നുകില്‍ ഒളിവിലോ അല്ലെങ്കില്‍ ജയിലിലോ ആയിരുന്നു. പലരുടെയും തലയ്ക്ക് വില പറഞ്ഞ് പൊലീസ് വലവിരിച്ച് കാത്തിരിക്കുന്ന കാലം. അന്ന് പ്രമാണിയായ അഹമ്മദ്ഹാജിക്ക് ഒരു കമ്യൂണിസ്റ്റുകാരനെ 'ചെല്ലുംചെലവും' കൊടുത്തു പോറ്റാന്‍ തോന്നിയതിന് ഒരു കാരണം വേണ്ടേ? '57ല്‍ പാലേരി മാണിക്യം കൊല്ലപ്പെടുമെന്നും, താന്‍ കേസില്‍ കുടുങ്ങുമെന്നും, അന്ന് തന്നെ രക്ഷിക്കാന്‍ അധികാരത്തില്‍ വരാന്‍ പോകുന്നത് കമ്യൂണിസ്റ്റ് പാര്‍ടി ആയിരിക്കുമെന്നും '51 ല്‍ തന്നെ അറിയാന്‍ ഹാജിക്കെന്താ 'ദിവ്യദൃഷ്ടി'യുണ്ടോ?
"മാണിക്യത്തിന്റെ ജഡത്തില്‍ പടുത്തുയര്‍ത്തിയ സ്കൂളിന്റെ'' കാര്യമാണ് ഇനിയുള്ളത്. ഹാജിയെ കേസില്‍നിന്ന് രക്ഷിക്കാന്‍, "ഒരു പ്രതിഫലമായല്ല, ഒരു നല്ല കാര്യത്തിന് പാര്‍ടി ഹാജിയുടെ സഹായം ആവശ്യപ്പെടുന്നു. കുട്ടിശ്ശങ്കരമേനോന്റെ സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്താനുള്ള ഭൂമി ഹാജി വിട്ടുതരുന്നു. പിന്നെ കേസിന്റെ കാര്യം പാര്‍ടി നോക്കിക്കൊള്ളും'' എന്ന് കെ പി ഹംസ. "കുട്ടിശ്ശങ്കരമോനോന്റെ സ്കൂള്‍ ഹൈസ്കൂള്‍ ആക്കിയാല്‍ പാര്‍ടിക്കെന്താണ് നേട്ടം'' എന്ന 'എം എല്‍ എ'യുടെ ചോദ്യത്തിന് "സ്കൂളിന്റെ നടത്തിപ്പ് കമ്മിറ്റിക്കായിരിക്കും. പാര്‍ടി തീരുമാനിക്കുന്ന കമ്മിറ്റിക്ക്'' എന്ന് കെ പി ഹംസയുടെ മറുപടി. അതിനോട് വിയോജിച്ച് മാനേജര്‍ താന്‍ തന്നെയാവണമെന്ന് കുട്ടിശ്ശങ്കരമേനോന്‍. "എന്നാല്‍ സ്കൂള്‍ ഉയര്‍ത്തലും ഉണ്ടാവില്ല. ആരാണ് മാനേജര്‍ എന്നൊക്കെ പാര്‍ടി തീരുമാനിക്കും.'' എംഎല്‍എയും കെ പിയും ഒന്നിച്ചിങ്ങനെ പറഞ്ഞു. അതിന് വഴങ്ങുകയല്ലാതെ മേനോനും ഹാജിക്കും വേറെ വഴിയുണ്ടായിരുന്നില്ലെന്ന് ആ സംഭവം ഒര്‍മിച്ചെടുത്ത് സഖാവ് കേശവന്‍ പറയുന്നു. ഹാജിക്ക് പത്തേക്കര്‍ നിലം പോയത് കൊലക്കേസില്‍നിന്ന് രക്ഷപ്പെടാനാണെന്ന് പറയാം. എന്നാല്‍ കുട്ടിശ്ശങ്കരമേനോന്‍ എന്ന അന്നാട്ടിലെ ഏറ്റവും വലിയ ജന്മിക്ക് കെ പി ഹംസ പറഞ്ഞതുകേട്ട് സ്കളും അതിന്റെ മാനേജര്‍ സ്ഥാനവും കൈവെടിയേണ്ട ഗതികേടെന്താണ്? ഹാജിസ്കൂളിന് സ്ഥലം വിട്ടുനല്‍കിയതിലും സംശയങ്ങളും ചോദ്യങ്ങളുമുണ്ട്. ഒന്നാമത് മാണിക്യം കൊലക്കേസുമായി ബന്ധപ്പെട്ട ഒരു പൊലീസ് രേഖയിലും ഹാജിപ്രതിസ്ഥാനത്ത് വരുന്നില്ല. നോവലിന്റെ വിവരണമനുസരിച്ച് ഹാജി മാണിക്യത്തെ കൊന്നിട്ടില്ലെന്ന് മാത്രമല്ല, കൊല്ലാന്‍ വിചാരിച്ചിട്ടുപോലുമില്ല. "ഓളെ ഒന്നു മിണ്ടാതാക്കൂ'' എന്ന് മാത്രമാണ് അയാള്‍ ശിങ്കിടിയായ വേലായുധനോട് പറഞ്ഞത്. ആ വാക്ക് പൊലിപ്പിച്ച് "മിണ്ടരുത്'' എന്ന് അവളോട് പറഞ്ഞ് അയാള്‍ കഴുത്തില്‍ കൈ മുറുക്കിയപ്പോള്‍ അവള്‍ മരിച്ചുപോവുകയായിരുന്നു. വേലായുധനെ രക്ഷിക്കാന്‍ വേണ്ടി ഹാജി പത്തേക്കര്‍ ദാനംചെയ്തു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഒരു വഴിയുമില്ല. ഹാജി മോഹിച്ച പെണ്ണാണ് മാണിക്യം. എന്നാല്‍ അവളെ ബലമായി പ്രാപിച്ചത്, കടിച്ചുകീറിയത്, അയാളുടെ മകനായ ഖാലിദാണ്. മഹസ്സറിലും മെഡിക്കല്‍ റിപ്പോര്‍ടിലും മാനഭംഗത്തിനു ശേഷമാണ് കൊല നടന്നത് എന്നതിന് തെളിവുണ്ട്. അപ്പോള്‍ വേലായുധന്റെ കൂട്ടുപ്രതിയായി ഖാലിദും ഉണ്ടാവും. എന്നാല്‍ ഖാലിദിനെ രക്ഷിക്കാന്‍ വലിയ തിടുക്കവും തത്രപ്പാടും അഹമ്മദ്ഹാജിക്ക് ഉണ്ടാവുമോ? ഖാലിദ് തന്റെ മകനേയല്ലെന്നാണ് ഹാജിയുടെ ഉത്തമ വിശ്വാസം. "എന്തായാലും ഒരു മകനുള്ള വാത്സല്യമൊന്നും ഹാജി അവന് കൊടുത്തിരുന്നില്ല. അവനെ കണ്‍വെട്ടത്ത് കാണുന്നതുതന്നെ ഇഷ്ടമുണ്ടായിരുന്നില്ല ഹാജിക്ക് '' എന്ന് രാജീവന്‍ എഴുതുന്നു. അവനെ ശിക്ഷിച്ചാലോ, ഇനി 'കഴുവേറ്റി'യാല്‍ത്തന്നെയോ 'ഒരു ശല്യം തീര്‍ന്നു' എന്നേ അയാള്‍ വിചാരിക്കാന്‍ ഇടയുള്ളൂ. അപ്പോള്‍ പിന്നെ ഹാജിയെന്തിനാണ് സ്കൂളിന് പത്തേക്ര നിലം വിട്ടുകൊടുക്കുന്നത്? കെ പി ഹംസ പറയുമ്പോലെ "ഒരു നല്ല കാര്യത്തിന്'' വേണ്ടിയാണോ? ജീവിതത്തില്‍ ഒരു നല്ല കാര്യവും ചെയ്യാത്ത ഹാജി ഈ 'നല്ലകാര്യം', നല്ല കാര്യം ചെയ്യാനുള്ള അതി തീവ്രമായ അന്തഃപ്രേരണകൊണ്ട് ചെയ്തു എന്നാണോ വിചാരിക്കേണ്ടത്?
മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജിയെക്കുറിച്ച്, ടിപി രാജീവനെ പ്രതിനിധീകരിക്കുന്ന നോവലിലെ 'നറേറ്റര്‍' നേരിട്ട് പറഞ്ഞതും വ്യത്യസ്ത കഥാപാത്രങ്ങളുടെ വിവരണങ്ങളും കൂട്ടിവെച്ചാല്‍ കിട്ടുന്ന ധാരണകളും അയാളുടെ ചെയ്തികളും തമ്മില്‍, സ്കൂളിന് സ്ഥലം ' ഇഷ്ടദാനം' ചെയ്തതിലുള്ളപോലെ, ഒട്ടും പൊരുത്തം കാണുന്നില്ല. "പാലേരിയില്‍ മാത്രമല്ല പലയിട''ങ്ങളിലും സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അതൊന്നും അവരുടെ വീടുകളിലേക്ക് ചെന്നിട്ടല്ല. ഹാജി വിചാരിച്ചാല്‍ പെണ്ണുങ്ങള്‍ അങ്ങോട്ട് ചെല്ലും. ഇല്ലെങ്കില്‍ വരുത്തും. അതാണ് അഹമ്മദ് ഹാജി'' എന്ന് കെ പി ഹംസ, നോവലിന്റെ ഇതിവൃത്തഘടനയില്‍ നിര്‍ണായകമായ ഹാജിയുടെ പരസ്ത്രീബന്ധങ്ങളെക്കുറിച്ച് പറയുന്നു. ആഖ്യാതാവും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ട്. എന്നാല്‍ പുസ്തകത്തിന്റെ വായനക്കാര്‍ക്ക് ഹാജിയെപ്പറ്റി തീര്‍ത്തും ഭിന്നമായ പ്രതീതിയാണ് ഉണ്ടാവുന്നത്. മോഹിച്ച സ്ത്രീകളെ അയാള്‍ കീഴ്പ്പെടുത്തുന്നതിന് പകരം സ്ത്രീകള്‍അയാളെ തോല്‍പ്പിക്കുകയും നാണം കെടുത്തുകയുമാണ് ചെയ്യുന്നത്. ഹാജിക്ക് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. അതില്‍ രണ്ടാമത്തവളായ പരമസുന്ദരിയായ കുല്‍സുവിനെ " ഹാജ്യാര്‍ക്ക് ഒന്ന് തൊടാന്‍പോലും കഴിയുന്നില്ല'' എന്നും "ഭേദ്യം ചെയ്തിട്ടും മന്ത്രം ചെയ്തിട്ടും ഓള് സമ്മിക്കുന്നില്ല'' എന്നും 'അടുക്കളക്കാരി പാറു' വെളിപ്പെടുത്തുന്നുണ്ട്. "എത്ര ശ്രമിച്ചിട്ടും ഹാജിയുടെ കൂടെ ഒരു കുടുംബജീവിതം തുടങ്ങാന്‍ കുല്‍സു തയാറായില്ലെന്ന്'' മറ്റൊരിടത്തും കാണുന്നു. മൂന്നു ഭാര്യമാരില്‍ മുരിക്കന്‍കുന്നത്തെ വീടരായി ആളുകള്‍ കണ്ടിരുന്ന, ബഹുമാനിച്ചിരുന്ന പാത്തുമ്മയും 'കൂടിയപുള്ളി'യാണ്. അവള്‍ പെറ്റ ഖാലിദ് തന്റെ മകനല്ലെന്ന് ഹാജി വിശ്വസിക്കുകയും വിളിച്ചുപറയുകയും ചെയ്യുന്നു. അത് ശരിയായിരിക്കുമെന്ന് വായനക്കാര്‍ക്ക് തോന്നുംവിധമാണ് പാത്തുമ്മയുടെ നടപടികള്‍. വീരപരാക്രമിയായ ഹാജിയുടെ കണ്ണുവെട്ടിച്ച് അവള്‍ വ്യഭിചരിക്കുക മാത്രമല്ല അഭിസരിക്കുകയും ചെയ്യുന്നുണ്ട്! ഹാജി 'സ്വകാര്യസ്വത്താ'യി വെച്ചനുഭവിക്കുന്ന ചീരുവിന്റെ കിടപ്പറയിലും പലരും, അയാളുടെ മകനായ ഖാലിദ്പോലും കയറിയിറങ്ങുന്നുണ്ട്. "ഹാജി വിചാരിച്ചാല്‍ പെണ്ണുങ്ങള്‍ അങ്ങോട്ട് ചെല്ലും. ഇല്ലെങ്കില്‍ വരുത്തും'' എന്ന് കെ പി ഹംസ പറഞ്ഞത്, മാണിക്യത്തിന്റെ കാര്യത്തിലും ഒട്ടും ശരിയാവുന്നില്ല. അവളെ കിട്ടാന്‍ അയാള്‍ എന്തൊക്കെ ചെയ്തു! ഒന്നും ഫലം കണ്ടില്ല. പൊക്കനെക്കൊണ്ട് മാണിക്യത്തെ കല്യാണം കഴിപ്പിച്ചതുതന്നെ ഹാജിയുടെ ആഗ്രഹപൂരണത്തിനാണ്. എന്നാല്‍ അവള്‍ വഴങ്ങുന്നില്ല. താന്‍ കടന്നുപിടിക്കുമ്പോള്‍ ഓടിപ്പോകാന്‍ ശ്രമിക്കുന്നു. ഒച്ചവെക്കുന്നു. കടന്നുപിടിക്കുമ്പോള്‍ ഒച്ചവെച്ചാലും ആരും ഓടിവരാതിരിക്കാന്‍വേണ്ടി, നാട്ടുകാരെ മുഴുവന്‍ ആ സ്ഥലത്തുനിന്ന് അകറ്റാന്‍ എസ് കെ പള്ളിപ്പുറത്തിന്റെ നാടകംവരെ അയാള്‍ ബുക്ക്ചെയ്യുന്നുണ്ട്. എല്ലാം ഭദ്രമാക്കി ഒടുവില്‍ ആര്‍ത്തിയോടെ ചെല്ലുമ്പോഴേക്കും കസ്തൂരി മാമ്പഴം കാക്കകൊത്തിപ്പോയിരുന്നു.
'57 മാര്‍ച്ച് മുപ്പതിനാണ് മാണിക്യം കൊല്ലപ്പെടുന്നത്. അതിന്റെ രണ്ടാംദിവസം ചേര്‍ന്ന പാര്‍ടി യോഗത്തില്‍ത്തന്നെ കേശവന്‍ "ഇത്രയും നാളത്തെ അന്വേഷണത്തില്‍ എടത്തേത്തൊടി കുഞ്ഞിക്കണ്ണനൊഴിച്ച് ഒരു സമ്പന്നനെയും പൊലീസ് ചോദ്യം ചെയ്യുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടി''ല്ലെന്നും "പാര്‍ടി മൌനം തുടരരുത്'' എന്നും പറയുന്നു. എന്നാല്‍ കൊല നടന്ന് നാല്‍പ്പത്തെട്ട് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പൊലീസിന്റെ അനാസ്ഥയെ പറ്റിയോ പാര്‍ടിയുടെ നിസ്സംഗതയെക്കുറിച്ചോ പരാതിപ്പെടാനുള്ള സമയമായിട്ടില്ല. കഥയുടെയും കഥാപാത്രങ്ങളുടെയും മുന്നില്‍ കടന്ന് കമ്യൂണിസ്റ്റുകാരെ കുറ്റപ്പെടുത്താനുള്ള രാജീവന്റെ ധൃതിയും ക്ഷമയില്ലായ്മയുമാണ് ഇവിടെ മറനീക്കുന്നത.് സമയം പാകമാകുംമുമ്പ് 'മുട്ടപൊട്ടി'ക്കാനുള്ള ഈ ബദ്ധപ്പാട് നോവലിനെ അപൂര്‍ണവും അംഗവികലവും ആക്കിയിരിക്കുന്നു.
ആഖ്യാനത്തിലുടനീളം നോവലിസ്റ്റിന്റെ രാഷ്ട്രീയമായ ആഗ്രഹങ്ങളും മുന്‍വിധികളും ഇപെട്ട് കഥയെ ഒടിയ്ക്കുകയും വളയ്ക്കുകയും മടക്കുകയും ഒക്കെ ചെയ്തതുകൊണ്ട്, നോവല്‍ പൊരുത്തക്കേടുകളുടെ ഒരു കൂമ്പാരമായി തീര്‍ന്നിരിക്കുന്നു. ഇ എം എസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഏകദേശം ഒരാഴ്ച മുമ്പാണ് കൊല നടക്കുന്നത്. അതുകൊണ്ട് തന്നെ കൊലക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ക്ക് പാര്‍ടിയുടെ സഹായമില്ലാതെതന്നെ പൊലീസിനെ സ്വാധീനിച്ചാല്‍ സാധിക്കാവുന്നതേയുള്ളൂ. അഹമ്മദ്ഹാജിക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യലും, കേസില്‍നിന്ന് ഊരിപ്പോരലും, പൊലീസുകാരുമായി 'വേണ്ട'രീതിയില്‍ ബന്ധപ്പെടലുമെല്ലാം നല്ല വശമുണ്ടെന്ന് നോവലില്‍ തന്നെ സൂചനകളുണ്ട്. അപ്പോള്‍ ഏത് നിലയ്ക്ക് നോക്കിയാലും രാജീവന്റെ ഈ കമ്യൂണിസ്റ്റ് വിരുദ്ധ കുറ്റപത്രത്തില്‍ സാമാന്യയുക്തിക്ക് നിരക്കുന്ന വാദങ്ങളോ വസ്തുതകളോ തെളിവുകളോ ഒന്നുംതന്നെ ഇല്ല.
"പാര്‍ടിക്ക് വേണ്ടിയല്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല. എന്റെ സ്വകാര്യ ജീവിതംപോലും പാര്‍ടി വളര്‍ത്താനുള്ളതായിരുന്നു'' എന്ന് കെ പി ഹംസ അവകാശപ്പെടുന്നുണ്ട്. "ശരിയായിരുന്നു അത്'' എന്ന് 'നറേറ്റര്‍' സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അയാള്‍ ആദ്യമായാണ് കെ പി സംഹയെ കാണുന്നത്. അപ്പോള്‍ പിന്നെ കെ പി ഹംസ സ്വന്തം രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സ്വയം പറയുന്ന കാര്യങ്ങള്‍ വായനക്കാര്‍ക്ക് ബോധ്യപ്പെടുത്താന്‍വേണ്ടി സാക്ഷ്യപ്പെടുത്താന്‍ നമ്മുടെ 'നറേറ്റര്‍'ക്ക് പരഹൃദയജ്ഞാനമുണ്ടോ? പാലേരിയില്‍ പാര്‍ടി കെട്ടിപ്പടുക്കാന്‍ നിയുക്തനായ ഹംസ ഏതെങ്കിലും ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതായോ, ആരെയെങ്കിലും സംഘടിപ്പിക്കുന്നതായോ, ആരുടെയെങ്കിലും പ്രക്ഷോഭസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതായോ കാണുന്നില്ല. അയാള്‍ ചെയ്യുന്ന ഏക പ്രവര്‍ത്തനം പാര്‍ടി മീറ്റിങ്ങുകളില്‍ പങ്കെടുക്കലാണ്. അവിടെ നടക്കുന്ന ചര്‍ച്ചകളില്‍ അയാള്‍ ഇടപെടുന്നുണ്ട്. അപ്പോഴൊക്കെ അഹമ്മദ് ഹാജിക്കും കുട്ടിശങ്കരമേനോനും എതിരായി പാര്‍ടിയുടെ ഭാഗത്തുനിന്ന് ഒരുവിധ നീക്കവും വരാതിരിക്കാനുള്ള ഹംസയുടെ കരുതലും ജാഗ്രതയും മാത്രമാണ് പ്രകടമാവുന്നത്. പിന്നെ കേശവനെ അയാള്‍ സ്വവര്‍ഗഭോഗത്തിന് പ്രേരിപ്പിക്കുന്നു. ഹാജിയുടെ വീടരായ പാത്തുമ്മയെപ്പോലുള്ള പെണ്ണുങ്ങളുമായി അതിരുവിട്ട ലൈംഗികബന്ധം പുലര്‍ത്തുന്നു. തന്നെ സന്തോഷിപ്പിക്കുന്ന സ്ത്രീകളുടെ ഏതാവശ്യവും നേടിക്കൊടുക്കാന്‍ പാര്‍ടിയിലുള്ള തന്റെ പദവിയും സ്വാധീനവും ഉപയോഗിക്കുന്നു. ഇങ്ങനെയൊക്കെയാണ് അയാള്‍ പാലേരിയില്‍ 'പാര്‍ടി കെട്ടിപ്പടു'ക്കുന്നത്!
'57 ഏപ്രില്‍ അഞ്ചിന് മുഖ്യമന്ത്രിയായി ഇ എം എസ് സത്യപ്രതിജ്ഞ ചെയ്യുന്ന സന്ദര്‍ഭം കേരള കമ്യൂണിസത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ ഒരു മുഹൂര്‍ത്തമാണ്. എന്നാല്‍ കെ പിഹംസ എന്ന കമ്യൂണിസ്റ്റുകാരന്‍ അന്ന് തിരുവനന്തപുരത്തെത്തുന്നത് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാനായിരുന്നില്ല. പാത്തുമ്മയുടെ ആവശ്യപ്രകാരം ഖാലിദിനെ രക്ഷിക്കാന്‍ രാസ പരിശോധനാ റിപ്പോര്‍ട് തിരുത്തിക്കാനായിരുന്നു. പാത്തുമ്മ പറഞ്ഞത് മുഴുവന്‍ "കെ പി ഹംസ മൂളിക്കേട്ടു.... ഞാന്‍ നോക്കിക്കൊള്ളാം. നമ്മുടെ സര്‍ക്കാര്‍ ഒന്നുവരട്ടെ. അതുവരെ നിങ്ങള്‍ സമാധാനമായിരിക്കൂ.'' "തിരുവനന്തപുരത്ത് ചെന്ന് കെ പി ഹംസ അതിനുള്ള വഴികണ്ടെത്തി. അഹമ്മദ് ഹാജിയോടെന്നതിനേക്കാള്‍ പാത്തുമ്മയോടുള്ള അടുപ്പമായിരുന്നു കെ പി ഹംസയെക്കൊണ്ടത് ചെയ്യിച്ചത്. മുരിക്കന്‍കുന്നത്ത് എപ്പോഴും ചെല്ലാനും, ഏതകംവരെ പോകാനുമുള്ള സ്വാതന്ത്യ്രമുള്ളയാളായിരുന്നല്ലോ കെ പി ഹംസ എന്ന് നോവലിസ്റ്റ് എഴുതുന്നു. താന്‍ പാര്‍ടിക്കുവേണ്ടിയാണ് മാണിക്യകൊലക്കേസില്‍ ഇടപെട്ടതെന്നും, ഹാജിയില്‍നിന്ന് സ്കൂളിന് പത്തേക്കര്‍ സ്ഥലം സംഘടിപ്പിച്ചതെന്നും ഉള്ള ഹംസയുടെ വാദങ്ങളും അത് ശരിവെക്കുന്ന നോവലിസ്റ്റിന്റെ നിലപാടും തെറ്റാണെന്ന് തെളിയുന്നു. ഒരു കൊടുംകുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കാന്‍ ഹംസയെ പ്രേരിപ്പിച്ചത് പാര്‍ടിക്കൂറല്ല, പാത്തുമ്മയോടുള്ള ആസക്തിയാണെന്ന് നോവലിസ്റ്റ് സ്വയം സമ്മതിച്ചിരിക്കുന്നു. അതോടെ കെ പി ഹംസയെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ പ്രതീകമായും പ്രതിനിധാനമായും ചിത്രീകരിച്ചത് വെറുതെയായി. അയാളുടെ ലീലാവിലാസങ്ങളെ പാര്‍ടി കെട്ടിപ്പടുക്കലായി വര്‍ണിച്ചതും പാഴ് ശ്രമമായി. രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങള്‍ക്ക്പകരം മാണിക്യത്തെപ്പോലുള്ളവരുടെ ശവക്കൂനകള്‍കൊണ്ട് കമ്യൂണിസ്റ്റ്ഭൂതകാലം നിര്‍മിച്ചെടുക്കാനുള്ള ടി പി രാജീവന്റെ കഠിനാധ്വാനം മുഴുവന്‍ കഷ്ടം! വ്യര്‍ഥമായി.
"നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്ത് വിതച്ച'' മറ്റൊരാളായ സഖാവ് കേശവനും ഒട്ടും മോശമല്ല. കെ പി ഹംസയുടെ സ്വവര്‍ഗകാമത്തിന്റെ ഇരമാത്രമല്ല അയാള്‍. പാത്തുമ്മയും ഹംസയും തമ്മിലുള്ള അവിഹിത ബന്ധത്തിന് സാക്ഷിയാണയാള്‍. ഹംസ, ഏപ്രില്‍ അഞ്ചിന് തലസ്ഥാനത്ത് ചെന്നത് ഇ എം എസ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനല്ല, മാണിക്യം കൊലക്കേസ് അട്ടിമറിക്കാനാണെന്നും കേശവനറിയാമായിരുന്നു. എന്നാല്‍ പാര്‍ടിക്കമ്മിറ്റികളില്‍ എന്തിനേയും നിശിതമായി വിമര്‍ശിക്കുന്ന, ചോദ്യം ചെയ്യുന്ന അയാള്‍, ഹംസ നടത്തിയ കൊടുംവഞ്ചനയെപ്പറ്റി മൌനം ഭജിക്കുന്നു. ഹംസയോട് നേരിട്ടും അയാള്‍ അലോസരമുണ്ടാക്കുന്ന ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യുന്നില്ല. അപ്പോള്‍ ഹംസയുടെ ചെയ്തികള്‍ പോലെ കേശവന്റെ മൌനവും കുറ്റകരമാണ്. എന്നാലിങ്ങനെ അരനൂറ്റാണ്ടോളം കാലം ഉള്ളില്‍ സൂക്ഷിച്ച പരമ രഹസ്യങ്ങള്‍ പാലേരിയില്‍ മാണിക്യത്തെക്കുറിച്ച് പുസ്തകമെഴുതാന്‍ കുളിച്ചുണ്ട് താമസിക്കുന്ന ഒരപരിചിതനോട് തുറന്നുപറയാന്‍ കേശവന്റെ പ്രേരണയെന്താണ്? ഈ ചോദ്യത്തിനും നോവലില്‍ ഉത്തരമില്ല. കേശവന്‍ മുതല്‍ ഭ്രാന്തനായ ആയേടത്ത് കുമാരന്‍ വരെയുള്ള ചില കഥാപാത്രങ്ങള്‍ അതുവരെ ആരോടും പറയാത്ത, പറയാനാവാത്ത മാണിക്യം കൊലയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഈ 'നറേറ്ററോ'ട് ഏറ്റുപറയാന്‍ വേണ്ടിമാത്രം ജീവിക്കുംപോലെ... നോവലിന്റെ അരങ്ങില്‍ വന്ന് പോകുംപോലെ...
ഇങ്ങനെ കമ്യൂണിസത്തിന്റെ ചരിത്രവും കറുത്ത ചായംമുക്കി വരയ്ക്കാനുള്ള വ്യഗ്രതയില്‍ കാര്യകാരണങ്ങളുടെ 'കൊളുത്തും കുറ്റിയും' എവിടെയും ഇണക്കിയെടുക്കാന്‍ ഈ നോവലിസ്റ്റിന് കഴിയുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റ് വിരോധംപോലെ മുസ്ളിംവിരോധവും സ്ത്രീവിരുദ്ധതയുമെല്ലാം പ്രകടിപ്പിക്കുന്ന അധീശവ്യവഹാരങ്ങളുടെ പ്രരൂപഘടനകളുമായി തന്റെ കഥയെ സംയോജിപ്പിക്കുന്നതില്‍ രാജീവന്‍ നന്നായി വിജയിച്ചിരിക്കുന്നു. അഹമ്മദ്ഹാജി, മുതുവന അഹമ്മദ്, ഖാലിദ്, കെ പി ഹംസ തുടങ്ങിയ എല്ലാ മുസ്ളിം കഥാപാത്രങ്ങളും കൊലപാതകം, ബലാല്‍സംഗം, വഞ്ചന, ചതി ഇത്യാദി കുറ്റകൃത്യങ്ങള്‍ ഒരു ചിത്തചാഞ്ചല്യവും കൂടാതെ ചെയ്തുകൂട്ടുന്നവരാണ്.
പാലേരിയിലെ മാണിക്യവും ചീരുവും പാത്തുമ്മയും രാധാമണിയും കുഞ്ഞിപ്പെണ്ണും എല്ലാം വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. വ്യഭിചാരിണികളും അഭിസാരികമാരുമാണ്. "നല്ല വാക്കുകള്‍ പറഞ്ഞ് കൈയും കലാശവും കാണിച്ച് സ്ത്രീകളെ ആകര്‍ഷിച്ചുകൊണ്ടുവരും. അവര്‍ക്ക് വേണ്ടതെല്ലാം കൊടുക്കും. തുണിയഴിപ്പിച്ച് അവരെ തലങ്ങും വിലങ്ങും നടത്തിക്കും'' എന്ന് നോവലില്‍ ഒരിടത്ത് എഴുതിയിരിക്കുന്നു. ഇങ്ങനെ 'കൈയും കലാശവും' കാട്ടിയാല്‍ ആരുടെ കൂടെയും പോവുകയും 'വേണ്ടതെല്ലാം കൊടുത്താല്‍' 'തുണി അഴിക്കുക'യും ചെയ്യുന്നവരാണ് ഇപ്പുസ്തകത്തിലെ പെണ്ണുങ്ങള്‍. 'മന്മഥ കഥാഗന്ധം' അറിയാത്തവളെന്ന് നോവലിസ്റ്റ് സാക്ഷ്യപ്പെടുത്തുന്ന മാണിക്യംപോലും കലികയറുമ്പോള്‍ "എനിക്കറിയാം എല്ലാ നായിന്റെ മക്കളെയും പൊല്യാടിച്ചികളെയും... ഞാമ്പിര്യാച്ചത് ആ തലമുറ്യേന്റെ മോന്‍ വയസ്സാനാകുംന്നാണ്. അപ്പോ അതാ ആ നായിന്റെ മോന്‍... ഓലക്ക് വേണ്ടത് ന്റെ ഇന്ദ്രമാച്ച്യല്ലേ. ഓലൊക്കെ അമ്മേന്റേം പെങ്ങടേം ഇന്ദ്രമാച്ചി നോക്കട്ടെ'' എന്നെല്ലാം പറഞ്ഞ് സ്വന്തം 'വിശ്വരൂപം' കാട്ടുന്നുണ്ട്.
ധര്‍മദത്തന്‍ നമ്പൂതിരി, അധികാരി കൃഷ്ണക്കുറുപ്പ്, കോല്‍ക്കാരന്‍ ഗോപാലന്‍ നായര്‍, "നായര്‍ സമുദായത്തിലെ ഉയര്‍ന്ന വിഭാഗത്തില്‍ പെട്ടവര്‍ എന്ന നിലയക്ക്'' തമ്മില്‍ പ്രത്യേകിച്ചടുപ്പമുള്ള എസ് ഐ അടിയോടി, ഹെഡ്കോണ്‍സ്റ്റബിള്‍ നാരായണന്‍കിടാവ്, തലയാരി ചാത്തുനായര്‍, ഡോ. കെ ആര്‍ എന്‍ മേനോന്‍ തുടങ്ങിയ സവര്‍ണസമുദായാംഗങ്ങളൊക്കെ ഗുണവാന്മാരും വീര്യവാന്മാരും മനുഷ്യപ്പറ്റുള്ളവരും സത്യസന്ധരും ആണ്. മറിച്ച് തീയന്മാരും, മുസ്ളിങ്ങളും, സ്ത്രീകളും, കമ്യൂണിസ്റ്റുകാരും, ദുര്‍വൃത്തരും ദുഷ്ടന്മാരും മനുഷ്യഗുണമൊന്നും സ്പര്‍ശിക്കാത്തവരും ആണ്.
"നീ എന്തിനാണ് സ്ഥാനത്തും അസ്ഥാനത്തും ആ വാക്ക് ഇങ്ങനെ ആവര്‍ത്തിക്കുന്നത്്? സരയൂ ചോദിച്ചു. ഏത് വാക്ക്? ഞാന്‍ ചോദിച്ചു. ശുക്ളം. അവള്‍ പറഞ്ഞു. അത് വസ്തുതയല്ലെ? അതിനു പകരം ഞാന്‍ പനിനീര്‍ എന്ന് പറഞ്ഞിട്ട് കര്യമില്ലല്ലോ? ഞാന്‍ ചോദിച്ചു.'' 'നറേറ്ററും' സഖിയും തമ്മിലുള്ള ഈ സംഭാഷണത്തിന്റെ വെളിച്ചത്തില്‍ നോവലിന്റെ രചനയെ വിചാരണചെയ്യാവുന്നതാണ്. 'ശുക്ള'ത്തിനു പകരം 'പനിനീര്‍' എന്ന് പറയാന്‍ സത്യസന്ധനായ ഒരെഴുത്തുകാരന് ആവുകയില്ല. തന്റെ സത്യസന്ധതയിലും നീതിബോധത്തിലും ഊറ്റം കൊള്ളുന്ന ടി പി രാജീവന്‍ ഒരു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ 'രക്ത'ത്തിന്റെയും 'കണ്ണീരി'ന്റെയും സ്ഥാനത്ത് 'ശുക്ള'വും 'ആര്‍ത്തവരക്ത'വും പകരം വെച്ചിരിക്കുന്നു. പാലേരി മാണിക്യത്തെ പലരും ചേര്‍ന്ന് കടിച്ചുകീറിയപോലെ, സമരതീക്ഷ്ണമായ ഒരു കാലഘട്ടത്തിന്റെ ഓര്‍മകളെ, ഈ കഥാകൃത്ത് മാനഭംഗം ചെയ്തിരിക്കുന്നു. കടുത്ത കമ്യൂണിസ്റ്റ് വിരോധംതന്നെ നയിച്ചെത്തിച്ചത് ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെ തന്നെയും എതിര്‍ചേരിയിലാണെന്ന് ടി പി രാജീവന്‍ എന്തുകൊണ്ടോ തിരിച്ചറിയുന്നില്ല.
*
ഏം.എം.നാരായണന്‍ കടപ്പാട്: ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
4 comments:
'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം' എന്ന തന്റെ നോവലിന്റെ മുഖവുരയില്‍ "ഞാന്‍ ജനിച്ചുവളര്‍ന്ന പാലേരിയില്‍ മാണിക്യം എന്നൊരു സ്ത്രീ കൊല്ലപ്പെട്ടു എന്നതൊഴിച്ചാല്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റു കാര്യങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ല'' എന്ന് ടി പി രാജീവന്‍ ഏറ്റു പറയുന്നുണ്ട്. അപ്പോള്‍ "ഇത് കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ ഒരു ചരിത്ര രേഖ''യാണെന്ന പുസ്തകത്തിന്റെ പുറംചട്ടയിലെ പ്രസാധകക്കുറിപ്പ് പൊളി പറയുകയാണ്. യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കെട്ടുകഥയെ 'ചരിത്രരേഖ' എന്ന് വിളിക്കുന്നത് കടന്നകൈയല്ലേ?
രതിയും കൊലയും ലൈംഗികതയും അക്രമവും ഒക്കെയാണ് പുസ്തകത്തിന്റെ പ്രമേയമെന്ന് സൂചിപ്പിക്കുന്ന 'പാലേരി മാണിക്യ'വും 'പാതിരാക്കൊല'യും ചേരുന്ന ശീര്‍ഷകത്തില്‍ സാധനം വിറ്റുപോകുമെന്നുറപ്പാക്കുന്ന വിപണിതന്ത്രമുണ്ട്. പുസ്തകം മുഴുവന്‍ വായിച്ചുതീരുമ്പോഴാകട്ടെ, നോവലെഴുത്തിനേക്കാള്‍ പരസ്യകലയും പ്രചാരവേലയുമാണ് തനിക്ക് വഴങ്ങുന്നതെന്ന് രാജീവന്‍ തെളിയിച്ചിരിക്കുന്നു.
മാറ്റം ആഗ്രഹിച്ചു..പക്ഷെ മാറിയത് പാര്‍ടിയും സഖാക്കളുമാണ്....( ശ്രീനിവാസന്‍ )........സസ്നേഹം
ചുരുക്കത്തില്‍ പാലേരി മാണിക്യം എന്ന "ബൃഹാദാഖ്യാനം" ഇത്രയും 'ബഹുസ്വരത' വഹിക്കുന്നുണ്ടല്ലേ. സി പി എമ്മുകാരന് സി പി എം വായനയ്ക്ക് ഇത്രയും കോപ്പുനല്കുന്ന ഈ പുത്തകം ഒന്നു നോക്കണമല്ലോ. ഇങ്ങനെ വിവിധ വായനകള്‍ക്ക് സ്(കോപ്പ്) നല്കുന്ന കൃതികളൊണു കേമമെന്നാണല്ലോ നമ്മുടെ പഴയ സോവിയറ്റ് ചിന്തകന്‍ പറഞ്ഞത്. അതവിടെ ഇരിക്കട്ടെ.
എല്ലാ അസത്യങ്ങളും നാരായണന്‍ ഉരച്ചുനോക്കുന്ന ആ കല്ലുണ്ടല്ലോ, ആരെയും ഉദ്ധരിക്കാതെ, ഒരു പുസ്തകവും പരാമര്‍ശിക്കാതെ. പാര്‍ട്ടി ഭക്തന്റെ ബോധത്തിലെ ആ സത്യം, "ചരിത്രത്തിലെയും ജനമനസ്സിലെയും" ആ സത്യം. അതിനത്രയ്ക്കു വിശ്വാസ്യതയൊന്നുമില്ല, ശ്രീമാന്‍ നാരായണന്‍. സി ആര്‍ നീലകണ്ഠന്‍ ജനങ്ങളെ പ്രകോപ്പിച്ച് അവരുമായി ഉന്തും തള്ളും നടത്തി അതിന്നിടെ വീണ് പരിക്കേറ്റു എന്നു പറയുന്ന ആ പാലേരി സത്യമുണ്ടല്ലോ, അതിന്റെ പൂര്‍വ്വികരും സമകാലികരുമൊക്കെ പടയ്ക്കുന്ന സത്യങ്ങള്‍ ഉള്ളിലേ ചെലവാവൂ. പുറത്ത് ഇല്ല. പ്രശ്നമാക്കേണ്ട, പാര്‍ട്ടിവക പരിപാടികളില്‍ മാത്രം പോയി പ്രസംഗിച്ചാല്‍ മതി.
പുറത്തു പ്രസംഗിച്ചാ എന്തോ ചെയ്യും, എന്തു ചെയ്തു കോ(കു)പ്പേ,താനാരാ മയിസ്ട്രേട്ടാ. ജാള്യം ഒരിയിട്ടാ തീരില്ല.
Post a Comment