
ദീര്‍ഘകാലത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍നിന്ന് ലഭിച്ച പരിചയസമ്പത്ത് ഇളംമുറക്കാരുമായി പങ്കുവയ്‌ക്കുന്നതില്‍ വര്‍ക്കല പരാജയപ്പെട്ടു എന്ന പരിഭവം കേരളത്തില്‍നിന്നുള്ള നവാഗത എം പിമാര്‍ക്കുണ്ടായിരുന്നു. അണ്ണാ എന്ന സ്നേഹത്തോടെയുള്ള വിളിയുമായി ചുറ്റും കൂടിയിരുന്ന ചെറുപ്പക്കാര്‍ക്ക് അദ്ദേഹം ഒന്നും നല്‍കിയില്ല. പക്ഷേ മികവാര്‍ന്ന പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരുടെയും അധ്യാപകനായി മാറി. നിരീക്ഷകര്‍ക്ക് തുറന്നുവച്ച പാഠപുസ്‌തകമായിരുന്നു അദ്ദേഹം. ഫ്ളോറില്‍ വിക്ഷോഭം; ചെയറില്‍ നിഷ്‌പക്ഷത-അതായിരുന്നു വര്‍ക്കല. സ്പീക്കറെ വകവയ്ക്കാതെ സ്ഥാനത്തും അസ്ഥാനത്തും എന്തുംപറയുന്ന വര്‍ക്കല ചെയറിലിരിക്കുമ്പോള്‍ കണിശക്കാരനായ ഹെഡ്‌മാസ്റ്ററായി മാറുന്നത് പലര്‍ക്കും അത്ര സുഖകരമായിരുന്നില്ല. എന്തും പറയാന്‍ താനുണ്ടല്ലോ എന്ന ഭാവത്തിലായിരുന്നു വര്‍ക്കല. എന്തും പറയാന്‍ മറ്റാരെയുംകാള്‍ ത്രാണി അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നത് മറ്റൊരു കാര്യം.
പാര്‍ലമെന്റിനോടുള്ള അനാദരവും പാര്‍ലമെന്റിനെ മറികടക്കുന്നതിനുള്ള പരിശ്രമവും വര്‍ക്കല തരിമ്പും വകവച്ചുകൊടുത്തിരുന്നില്ല. ഓര്‍ഡിനന്‍സ് തുടങ്ങിയ കുറുക്കുവഴികളിലൂടെ പാര്‍ലമെന്റിനെ മറികടക്കാനുള്ള ശ്രമം എക്സിക്യൂട്ടീവിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ആദ്യം എതിര്‍ക്കുന്നത് വര്‍ക്കലായിരുന്നു. ലോൿസഭയുടെ പ്രവിലേജ് കമ്മിറ്റിയില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവോടെയാണ് വര്‍ക്കല ആ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചത്. തലയില്ലാക്കോഴികള്‍ എന്ന കമന്റിലൂടെ കുടുക്കിലായ അംബാസഡര്‍ റോണന്‍ സെന്നിനെ ആക്ഷേപവിമുക്തനാക്കുന്നതിനുള്ള തീരുമാനത്തോട് വൈമനസ്യത്തോടെയാണ് വര്‍ക്കല യോജിച്ചത്. പാര്‍ലമെന്റിന്റെ അവകാശങ്ങളും അധികാരങ്ങളും ക്രോഡീകരിക്കണമെന്ന നിലപാട് മറ്റൊരു സന്ദര്‍ഭത്തില്‍ ഞാന്‍ സ്വീകരിച്ചപ്പോള്‍ ക്രോഡീകരണം പാര്‍ലമെന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുമെന്ന നിലപാടാണ് വര്‍ക്കല സ്വീകരിച്ചത്.
ചൂടാകുന്ന വര്‍ക്കലയെ തണുപ്പിക്കുന്നതിനുള്ള ഒറ്റമൂലി സഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അറിയാമായിരുന്നു. രാധാകൃഷ്‌ണന്‍ജി എന്ന് ഉത്തരേന്ത്യന്‍ ശൈലിയില്‍ ഒന്ന് നീട്ടി വിളിച്ചാല്‍ വര്‍ക്കല സംപ്രീതനാകും. തന്ത്രപ്രാധാന്യമുള്ള ഈ വിളി പലപ്പോഴും സ്നേഹത്തിന്റെ വിളിയായിരുന്നു. മരിച്ചുപോയ അംഗങ്ങളുടെ പേരില്‍ ലോൿസഭയില്‍ റഫറന്‍സ് നടക്കുമ്പോള്‍ സിറ്റിങ് എംപിമാരെപ്പോലും ചിലപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരും. എന്നാല്‍ 1998 മുതല്‍ 2009 വരെ ലോൿസഭാംഗമായിരുന്ന വര്‍ക്കലയെ അറിയാത്തവരായി ആരുമുണ്ടാവില്ല.
പാര്‍ലമെന്റിലെ അജന്‍ഡ മൊത്തം പഠിച്ച് വരുന്നയാളായിരുന്നു വര്‍ക്കല. അതോടൊപ്പം സഭയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം മുഴുവന്‍ സമയവും ഉണ്ടാകുമായിരുന്നു. സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്നതിനുള്ള അവസരം നോക്കിയാണ് അദ്ദേഹം അങ്ങനെ ഇരിക്കുന്നതെന്ന് ഞങ്ങള്‍ തമാശയായി പറയുമായിരുന്നു. ആ ചെയറിലിരുന്ന് സഭാനടപടികള്‍ നിയന്ത്രിക്കുമ്പോള്‍ വര്‍ക്കല ഏറെ സന്തോഷിച്ചിരുന്നു.
കൂട്ടത്തിലൊരാളാകാന്‍ വര്‍ക്കലയെ കിട്ടുമായിരുന്നില്ല. ഒറ്റയാനായി നടക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. തിരുവനന്തപുരത്തെ ബഞ്ചായാലും തിരുവനന്തപുരത്തേക്കുള്ള വിമാനമായാലും ഒറ്റക്ക് പൊരുതാനായിരുന്നു അദ്ദേഹത്തിന്റെ താല്‍പ്പര്യം. പന്ന്യന്‍ രവീന്ദ്രനെപ്പോലും കൂട്ടാതെയുള്ള പോരാട്ടമായിരുന്നു അത്. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയുടെ മുന്നില്‍ ഒരു ദിവസം വര്‍ക്കല ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോള്‍ കാര്യമെന്തെന്നുപോലും തിരക്കാതെ പന്ന്യനും ഓടിക്കിതച്ചെത്തുകയായിരുന്നു. ഡല്‍ഹിയില്‍നിന്ന് കൊച്ചിവഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വര്‍ക്കല നടത്തിയ കുത്തിയിരിപ്പ് സമരം പ്രസിദ്ധമാണ്. എയര്‍ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമുള്ള റൂട്ടില്‍ പുത്തന്‍ വിമാനം ലഭിച്ചത് ആ സമരത്തിന്റെ ഫലമായാണ്. സ്ഥാനവും ഔചിത്യവും നോക്കാതെ തന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അവസരം കണ്ടെത്തിയിരുന്ന വര്‍ക്കല ലോബിയില്‍ മന്ത്രിമാരെ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ പലതും നേടിയെടുക്കുന്നതും കാണാമായിരുന്നു.
പ്രായത്തിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള മുന്നേറ്റമാണ് വര്‍ക്കല നടത്തിയത്. എവിടെനിന്നും കിട്ടാവുന്നത്ര പരിഗണന അദ്ദേഹം സ്വന്തമാക്കി. പ്രായത്തിന്റേതായ അവശത അദ്ദേഹം ഒരിക്കലും പ്രകടപ്പിച്ചിരുന്നില്ല. ഡല്‍ഹിയിലെ തണുപ്പിലും അദ്ദേഹം സവാരി മുടക്കിയിരുന്നില്ല. ജന്‍പഥില്‍ നിന്നിറങ്ങി രാജേന്ദ്ര പ്രസാദ് റോഡിലൂടെയുള്ള നടപ്പിനിടയില്‍ അദ്ദേഹം പലപ്പോഴും എന്റെ വീട്ടില്‍ കയറി ക്ഷേമം അന്വേഷിക്കുമായിരുന്നു. അങ്ങനെയൊരു നടപ്പിനിടയിലാണല്ലോ മരണകാരണമായ അപകടം അദ്ദേഹത്തിന് സംഭവിച്ചത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്ന അത്രയും സമയം സഭയിലിരിക്കുന്നതിന് പുറമെ എല്ലാ കമ്മിറ്റികളിലും മുടങ്ങാതെ പങ്കെടുക്കുന്നതിലും അദ്ദേഹം നിര്‍ബന്ധബുദ്ധി കാണിച്ചിരുന്നു.
നിയമനിര്‍മാണം വര്‍ക്കലയ്ക്ക് ഹരമായിരുന്നു. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാനുള്ള നിയമം പാസാക്കാന്‍ നിയമസഭ സമ്മേളിച്ചപ്പോള്‍ പുലരുംവരെ അധ്യക്ഷസ്ഥാനത്തിരുന്ന് ചര്‍ച്ച നിയന്ത്രിച്ചയാളാണ് വര്‍ക്കല. ബെഞ്ചിലായാലും ചെയറിലായാലും അദ്ദേഹം ഉറങ്ങാതെയിരുന്നു. പാര്‍ലമെന്റിനെ കബളിപ്പിച്ച് കാര്യം കാണുന്ന പ്രവണത എക്സിക്യൂട്ടീവിനുള്ളപ്പോള്‍ ഈ ജാഗ്രത അനിവാര്യമാകുന്നു. കാവല്‍ക്കാരന്റെ ജാഗ്രതയാണത്.
****
സെബാസ്റ്റ്യന്‍ പോള്‍, കടപ്പാട് : ദേശാഭിമാനി വാരിക
2 comments:
ഗൃഹപാഠം നന്നായി ചെയ്‌തുവരുന്ന വിദ്യാര്‍ഥി ക്ളാസില്‍ സ്‌മാര്‍ട്ടാകുന്നതുപോലെയായിരുന്നു ലോൿസഭയില്‍ വര്‍ക്കല രാധാകൃഷ്‌ണന്റെ പ്രകടനം. വര്‍ക്കലയില്ലാതെ സഭയില്ല എന്ന് പറയാന്‍ കഴിയുംവിധം പാര്‍ലമെന്റിലെ സജീവസാന്നിധ്യമായിരുന്നു ചിറയിന്‍കീഴില്‍നിന്നുള്ള ഈ ലോൿസഭാംഗം. പാര്‍ലമെന്ററി നടപടിക്രമത്തിലുള്ള അഗാധമായ അവഗാഹവും നാലുവട്ടം നിയമസഭാംഗവും മൂന്നുവട്ടം ലോൿസഭാംഗവും ആയി പ്രവര്‍ത്തിച്ചതിന്റെ അനുഭവജ്ഞാനവും ഒത്തുചേര്‍ന്നാണ് വര്‍ക്കല ശ്രദ്ധേയനായത്.
ഡോ.സെബാസ്റ്റ്യൻ പോളിന്റെ അനുസ്+മരണം
വര്‍ക്കലക്ക് ഇങനെയൊരു അന്ത്യമുണ്ടായതില്‍ വിഷമിക്കുന്നു....
Post a Comment