Thursday, May 27, 2010

ഇത് പെണ്‍കരുത്തിന്റെ ഐശ്വര്യഗാഥ

"കഷ്ടകാലത്തിന് ഞങ്ങള്‍ക്കൊരു മെമ്പര്‍ സെക്രട്ടറിയുണ്ട്... സാര്‍''- തമിഴ് ചുവയുള്ള മലയാളത്തില്‍ ഇടുക്കി കാന്തല്ലൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സന്‍ ഡെയ്സി കഥ പറയുകയാണ്. പകുതിക്കു നിര്‍ത്തി ശ്വാസമെടുത്തപ്പോള്‍ നിറഞ്ഞ സദസ്സില്‍ കരഘോഷം. കുടുംബശ്രീ 12-ാം വാര്‍ഷികത്തോടനുബന്ധിച്ചു ചേര്‍ന്ന ഗ്രൂപ്പ് ചര്‍ച്ചയിലെ അനുഭവം ക്രോഡീകരിക്കുകയാണ് ഡെയ്‌സി. സംഘകൃഷിക്കു നല്‍കിയ അപേക്ഷയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച മെമ്പര്‍ സെക്രട്ടറിയെ മൂക്കുകൊണ്ട് 'ക്ഷ' വരപ്പിച്ചതാണ് കഥ. പത്ത് വ്യത്യസ്ത ഗ്രൂപ്പുകളിലായി 14 ജില്ലകളിലെ സിഡിഎസ് പ്രതിനിധികള്‍ പറഞ്ഞ വീരകഥകളും കണ്ണീരില്‍കുതിര്‍ന്ന എണ്ണിയാലൊടുങ്ങാത്ത അനുഭവസാക്ഷ്യവും പ്രതിനിധിസമ്മേളനവേദിയെ ത്രസിപ്പിച്ചു. അപേക്ഷയില്‍ ഒപ്പിടാതെ മുങ്ങിനടന്ന സെക്രട്ടറിയെ വളഞ്ഞു പിടിക്കാന്‍ സിഡിഎസ് തീരുമാനിച്ചതോടെ കാന്തല്ലൂരിലെ മെമ്പര്‍ സെക്രട്ടറി സ്‌ത്രീ കൂട്ടായ്‌മയുടെ കരുത്തറിഞ്ഞു. കൈക്കൂലി ഒപ്പിക്കാനായിരുന്നു സെക്രട്ടറിയുടെ മുങ്ങല്‍. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയുടെ തലേന്ന് രാത്രി സെക്രട്ടറിയെ പിടികൂടി. ഒപ്പിട്ടില്ലെങ്കില്‍ മുറിയില്‍ പൂട്ടിയിടുമെന്നായി സ്ത്രീസംഘം. അങ്ങനെയെങ്കില്‍ സ്ഥലം കാണണമെന്നായി സെക്രട്ടറി. രാത്രി ടോർച്ച് ലൈറ്റ് മിന്നിച്ച് സെക്രട്ടറിയെ സ്ഥലംകാണിച്ച് ബോധ്യപ്പെടുത്തി. ഗത്യന്തരമില്ലാതെ ഒപ്പിടാന്‍ ഇരുന്നപ്പോള്‍ രാത്രി പത്തര. ഒപ്പിന് കുറച്ചധികം നീളമുള്ളതിനാല്‍ ഇട്ടുതീര്‍ക്കാന്‍ സമയമെടുത്തെന്ന് ഡെയ്‌സി. എന്തായാലും പുലര്‍ച്ചെ ഒന്നരയോടെ പണിതീര്‍ത്തു. എഴുനൂറോളം ഏക്കറില്‍ കൃഷിയിറക്കി അവാര്‍ഡും കിട്ടിയെന്ന ഡെയ്‌സിയുടെ നിശ്വാസത്തിന് കരഘോഷം

അകമ്പടിയായി. സ്‌ത്രീ പദവി പഠന ഗ്രൂപ്പിലെ അനുഭവം പറഞ്ഞത് തൃശൂരിലെ സാവിത്രി സദാനന്ദന്‍. അരക്ഷിതമായിരുന്ന തന്റെ കുടുംബത്തെ കരപറ്റിക്കാനും സാമൂഹ്യപ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രാപ്‌തയാക്കിയതും കുടുംബശ്രീയാണെന്നു പറഞ്ഞപ്പോള്‍ തൊണ്ടയിടറി. മൂത്തേടം സിഡിഎസാണോ ഇങ്ങോട്ടു വരേണ്ട എന്നാണ് പ്രമുഖ ബാങ്കിന്റെ മാനേജര്‍ ആദ്യമൊക്കെ പറഞ്ഞത്. അനുഭവം അദ്ദേഹത്തെ തിരുത്തി. മാഡം വരണം, ഇരിക്കണം, എത്ര പണം വേണം എന്നാണ് ഇപ്പോഴത്തെ ചോദ്യമെന്ന് മൈക്രോ ഫിനാന്‍സ് വിജയകഥ നിരത്തി നടത്തറ പഞ്ചായത്ത് ചെയര്‍പേഴ്‌സൺ മേഴ്‌സി പറഞ്ഞു. മകളുടെ വിവാഹത്തിന് പണമില്ലാതെ കുടുംബനാഥന്‍ ആത്മഹത്യചെയ്‌തപ്പോള്‍ കുടുംബശ്രീ രണ്ടുലക്ഷം രൂപ സഹായമെത്തിച്ചതിന്റെ വിവരണം. ആലപ്പുഴ ഭരണിക്കാവ് ബാലസഭാംഗം ജിഷ്‌ണുവിലൂടെ 29 കുടുംബം താമസിക്കുന്ന കോളനിയിലേക്ക് വഴിയും വൈദ്യുതിയുംഎത്തിയതിന്റെ പാഠം ബാലസഭയുടെ പ്രതിനിധി റസീന അയവിറക്കി. വൃദ്ധയോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ ബാലസഭാംഗം പ്രതികരിച്ചതും കണ്യാര്‍കളി ബാലസഭയിലൂടെ പുനരുജ്ജീവിപ്പിച്ചതും ഡല്‍ഹിയില്‍ റിപ്പബ്ളിൿദിന പരേഡില്‍ കണ്യാര്‍കളി അവതരിപ്പിച്ചതും വിവരിച്ചു. ആശ്രയ, വീടുനിര്‍മാണം, തൊഴിലുറപ്പുപദ്ധതി എന്നിവയുടെ അനുഭവങ്ങളും പ്രതിനിധികള്‍ പങ്കുവച്ചു.

(എം എസ് അശോകന്‍)

കുടുംബശ്രീ സ്‌ത്രീശാക്തീകരണത്തിന്റെ അതുല്യ മാതൃക: വിദഗ്ധര്‍

സ്‌ത്രീ ശാക്തീകരണത്തിന്റെ ഉജ്വല മാതൃകയായ കുടുംബശ്രീയുടെ ഇന്നലെകള്‍ മനോഹരം; വരാനുള്ളത് മഹത്തരമാകുമെന്ന് വിദഗ്ധര്‍. കുടുംബശ്രീ ഏറ്റെടുത്ത പത്തു മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അനുഭവവിവരണം സശ്രദ്ധം കേട്ട വിദഗ്ധ പാനലിന്റേതാണ് വിലയിരുത്തല്‍. പരിസ്ഥിതിശാസ്‌ത്രജ്ഞന്‍ ആര്‍ വി ജി മേനോന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തക ലീലാ മേനോന്‍, കില ഡയറൿടര്‍ പ്രൊഫ. രമാകാന്തന്‍, വികസനശാസ്‌ത്രജ്ഞന്‍ ഡോ. കെ പി കണ്ണന്‍, മുന്‍ പൊതുവിദ്യാഭ്യാസ ഡയറൿടര്‍ ലിഡ ജേക്കബ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍. കുടുംബശ്രീ ഇല്ലായിരുന്നെങ്കില്‍ പഞ്ചായത്തുകള്‍ വിഷമിക്കുമായിരുന്നെന്ന് ഗ്രീന്‍ കേരള എക്സ്പ്രസിന്റെ വിധികര്‍ത്താവെന്ന നിലയില്‍ തോന്നിയതായി ആര്‍ വി ജി മേനോന്‍ പറഞ്ഞു. എല്ലാം കുടുംബശ്രീയെ ഏല്‍പ്പിച്ച് കയ്യൊഴിയാന്‍ പഞ്ചായത്തുകളെ അനുവദിക്കരുത്. അവയെ കൈകാര്യംചെയ്യുന്ന ശക്തിയായി മാറണം. പാട്ടക്കൃഷിക്ക് സംഘക്കൃഷി എന്നു പേരുമാറ്റിയെങ്കിലും പാട്ടവ്യവസ്ഥയുടെ ഒറ്റപ്പെട്ട അനുഭവം ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കാന്‍ വ്യക്തമായ വ്യവസ്ഥയ്ക്ക് രൂപംനല്‍കണമെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു.

കുടുംബശ്രീ അംഗങ്ങളുടെ തൊഴില്‍വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടാകണമെന്ന് ഡോ. കെ പി കണ്ണന്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പില്‍ ശരാശരി തൊഴില്‍ദിനം 35ല്‍ നിന്ന് നൂറായി ഉയര്‍ത്തണം. മറ്റു പദ്ധതികളുമായി സംയോജിപ്പിച്ചുള്ളവ ഏറ്റെടുക്കുക, വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. നഗരങ്ങളിലും കുടുംബശ്രീ ശക്തമായ സാന്നിധ്യമാകണമെന്ന് ലിഡ ജേക്കബ് പറഞ്ഞു. സ്‌ത്രീപ്രശ്നം തദ്ദേശസ്ഥാപനങ്ങളുടെ അജന്‍ഡയിലെ മുന്‍നിര വിഷയമാക്കണം. സ്‌ത്രീപദവിയും അവകാശങ്ങളും സംബന്ധിച്ച ബോധവല്‍ക്കരണം കാര്യക്ഷമമാകണമെന്നും അവര്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ഗാര്‍ഹികപീഡനവും സ്‌ത്രീപീഡനങ്ങളും ചെറുക്കാന്‍ കുടുംബശ്രീകള്‍ക്ക് ഇടപെടാനാകണമെന്ന് ലീലാ മേനോന്‍ പറഞ്ഞു. കുടുംബശ്രീയിലൂടെ സമൂഹത്തിന്റെ അടിത്തട്ടില്‍ ഉണ്ടാകുന്ന മാറ്റം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് പ്രൊഫ. രമാകാന്തന്‍ പറഞ്ഞു. രണ്ടുദിവസത്തെ ചര്‍ച്ചയില്‍ അത്ഭുതകരമായ കാര്യങ്ങളാണ് കേട്ടത്. അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവുമാണ് ഇതിന് അടിസ്ഥാനം. കുടുംബശ്രീയിലൂടെ കൈകാര്യശേഷിയുള്ള പുതിയ പ്രാദേശിക നേതൃത്വം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനമുണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.

നിര്‍മാണ കമ്പനി മാതൃകയിലുള്ള കുടുംബശ്രീകള്‍ക്ക് 25 ലക്ഷം

പ്രൊഡ്യൂസര്‍ കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകള്‍ക്ക് 25 ലക്ഷം രൂപവീതം അനുവദിക്കുമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കുടുംബശ്രീകള്‍ക്കാണ് തുക നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീയുടെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിഡിഎസ് പ്രതിനിധി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-വര്‍ഗ കുടുംബങ്ങളിലേക്കും ആദിവാസികളിലേക്കും ആശ്രയ പദ്ധതി വ്യാപിപ്പിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 40 ലക്ഷം രൂപ ചലഞ്ച് ഫണ്ട് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷാപദ്ധതി, ചികിത്സ, തൊഴില്‍ എന്നിവ ഏര്‍പ്പെടുത്തുന്നതിനായാണ് തുക. നവംബര്‍മുതല്‍ കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി സോഷ്യല്‍ ഓഡിറ്റിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീകള്‍വഴി നടത്തും. അധികാരവികേന്ദ്രീകരണത്തിന്റെ രൂപീകരണശക്തിയാകാനും വികസനപ്രക്രിയയില്‍ പങ്കാളികളാകാനും കുടുംബശ്രീകള്‍വഴി സ്‌ത്രീകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേരളത്തിന്റെ വികസനപ്രക്രിയയില്‍ സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത് കുടുംബശ്രീകളാണെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. സ്‌ത്രീകളുടെ അന്തസ്സും പൊതുസമൂഹത്തില്‍ അവരുടെ പദവിയും ഉയര്‍ത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപദ്ധതികളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പെന്‍ഷന്‍ 110 രൂപയില്‍നിന്ന് 300 രൂപയായി ഉയര്‍ത്തിയതും ആശ്വാസ് കിരൺ പദ്ധതിയുമെല്ലാം ഇതിന്റെ ഭാഗമാണ്. യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് താമസസൌകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ മൂന്നുലക്ഷം രൂപവരെ അനുവദിക്കും. മൂന്നു സെന്റ് സ്ഥലമെങ്കിലും ലഭ്യമാക്കിയാല്‍ ഈ തുക മറ്റു നിബന്ധനകളൊന്നുമില്ലാതെ കൈമാറാന്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു. പ്രൊഫ. പി കെ രവീന്ദ്രന്‍, ലിഡ ജേക്കബ് , പ്രൊഫ. എന്‍ രമാകാന്തന്‍, ലീലാ മേനോന്‍ എന്നിവര്‍ സംസാരിച്ചു. കുടംബശ്രീ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദ മുരളീധരന്‍ അധ്യക്ഷയായി.

കിണര്‍ കുഴിക്കാനും ഇനി പെണ്‍പട

മുപ്പതടി ആഴമുള്ള കിണറിലേക്ക് കയറില്‍ തൂങ്ങി രമണിയും ലക്ഷ്‌മിയും തങ്കമ്മയും ഓമനയും ഇറങ്ങുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത്ഭുതം തോന്നും. പേടിയും. എന്നാല്‍ ഇവര്‍ക്ക് തെല്ലും ഭയമില്ല. ഇവര്‍ പിക്കാസും തൂമ്പയുമേന്തി മണ്ണ്കുഴിക്കും. മണ്ണുവലിച്ചുകയറ്റാനും പെണ്‍പടതന്നെ. കുടിവെള്ളത്തിനായി കിണര്‍കുഴിക്കാന്‍ ആളെക്കിട്ടാതെ ഇനി വിഷമിക്കേണ്ട. എത്ര ആഴത്തിലുള്ള കിണര്‍ കുഴിക്കാനും ഈ പെണ്‍സംഘം തയ്യാറാണ്. ഇതിനകം നാലുകിണര്‍ ഇവര്‍ പൂര്‍ത്തിയാക്കി.

തൃക്കൂര്‍ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ നാല്‍പ്പതോളം സ്‌ത്രീകളാണ് കിണര്‍ കുഴിക്കാന്‍ രംഗത്തെത്തിയത്. തൃക്കൂര്‍ തെക്കൂട്ട് സതീശന്റെ ഭാര്യ ഓമന, വിയ്യത്ത് സുനിലിന്റെ ഭാര്യ ലക്ഷ്മി, കുഴിച്ചാമഠത്തില്‍ രമണി, പാണ്ടിപറമ്പില്‍ കൃഷ്ണന്റെ ഭാര്യ തങ്കമണി, പാണ്ടിപറമ്പില്‍ രമണി എന്നിവരാണ് കിണറ്റിലിറങ്ങിയത്. ശാന്ത, എല്‍സി, ഫിലോമിന, ഓമന, ഇന്ദിര, വസന്ത, ജോയ്സി, ഷീബ, വത്സല തുടങ്ങിയവര്‍ മണ്ണുവലിച്ചുകയറ്റാനും മറ്റും സഹായിക്കും. പഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതികാര്‍ഡുള്ള തൊഴിലാളികളായ ഇവര്‍ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള കിണറുകളാണ് കുഴിക്കുന്നത്. പഞ്ചായത്ത് ഫണ്ടുനല്‍കി കുഴിക്കുന്ന കിണറുകള്‍ കുറഞ്ഞ കൂലിനിരക്കിലാണ് ഇവര്‍ കുഴിക്കുന്നത്. എഡിഎസ് രതി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടുടീമുകളായാണ്് പ്രവൃത്തി ഏറ്റെടുക്കുന്നത്. ഇ എം എസ് ഭവന പദ്ധതിയുടെ വീടുകളുടെ തറകോരുന്നതും ഈ സംഘമാണ്. കൂടാതെ ചെറുകിട കര്‍ഷകനെ സഹായിക്കുന്നതിന് തെങ്ങിന്റെ ചുവട് കിളയ്ക്കുക തുടങ്ങിയ പണികളും ഇവര്‍ ചെയ്തുവരുന്നു.

*****

കടപ്പാട്: ദേശാഭിമാനി, കുടുംബശ്രീ വെബ് സൈറ്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്‌ത്രീ ശാക്തീകരണത്തിന്റെ ഉജ്വല മാതൃകയായ കുടുംബശ്രീയുടെ ഇന്നലെകള്‍ മനോഹരം; വരാനുള്ളത് മഹത്തരമാകുമെന്ന് വിദഗ്ധര്‍. കുടുംബശ്രീ ഏറ്റെടുത്ത പത്തു മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല അനുഭവവിവരണം സശ്രദ്ധം കേട്ട വിദഗ്ധ പാനലിന്റേതാണ് വിലയിരുത്തല്‍.