Tuesday, May 11, 2010

പ്രക്രിയകളും പ്രതിക്രിയകളും

ഒരു ചെറിയ പുസ്തകമാണ് പ്രൊഫ. വി സുകുമാരന്റെ 'മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രംനവ സിദ്ധാന്തങ്ങള്‍!' പതിനാലധ്യായങ്ങള്‍-പക്ഷേ എല്ലാംകൂടി എണ്‍പതു പുറം വരുന്നില്ല. ബ്രെഹ്ത്, ഗ്രാംഷി, ഫ്രെഡറിക് ജെയിംസണ്‍, റെയ്‌മണ്ട് വില്യംസ്, ഫ്രാങ്ക്ഫര്‍ട് ബുദ്ധിജീവികള്‍ (ഹോര്‍കൈമര്‍, അഡോര്‍നോ, വാള്‍ടര്‍ ബെഞ്ചമിന്‍, ഹെര്‍ബര്‍ട് മാര്‍ക്യൂസ്), ട്രോട്സ്‌കി, ഗയൊക് ല്യൂക്കാച്ച്, ലൂയി അള്‍ത്തൂസര്‍, ടെറി ഈഗിള്‍ടണ്‍, ല്യൂഷന്‍ ഗോൾഡ്‌മന്‍, ല്യോത്യാദ്, പിയെ മാഷ്റെ, മിഷേല്‍ ഫൂക്കോ, നീത്ഷേ, എഡ്വേഡ് സെയ്‌ദ്, ഗായത്രി ചക്രവര്‍ത്തി സ്പിവാക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ സൈദ്ധാന്തികരുടെ നിലപാടുകള്‍ പരിചയപ്പെടുത്തുക എന്നതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. മാര്‍ക്സിസ്റ്റുകാരല്ലാത്തവരുടെ നിലപാടുകളോട് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കാനാണ് നീത്ഷേ, ല്യോത്യാദ്, ഫൂക്കോ മുതലായവരെ ഇതില്‍ കൊണ്ടുവരുന്നത്. രണ്ടുവിധത്തിലുള്ള സിദ്ധാന്തപംക്തികളിലും പ്രൊഫ. സുകുമാരന് നല്ല പിടിയുണ്ട്. അദ്ദേഹം മലയാളത്തിലെ ചില എഴുത്തുകാരെ മുന്‍നിര്‍ത്തി നടത്തുന്ന ഒരു വിമര്‍ശനം നോക്കിയാലും ഇക്കാര്യം അറിയാന്‍ കഴിയും.

ഉത്തരാധുനികതയെപ്പറ്റിയുള്ള "മാര്‍ക്സിസം, പോസ്റ്റ് മോഡേണിസം'' എന്ന പതിമൂന്നാമധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: "കാലംചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരഘട്ടത്തില്‍ പൊങ്ങിവന്ന ഒരു പ്രതിഭാസമാണ് പോസ്റ്റ് മോഡേണിസം. നമ്മുടെ നാട്ടില്‍ അതിന്റെ നാവേറുപാടുന്ന പല പുള്ളുവന്മാര്‍ക്കും സംഗതിയെന്താണെന്ന് വലിയ നിശ്ചയമില്ല. അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന് പണ്ടാരോ പറഞ്ഞില്ലേ? അതുതന്നെ സ്ഥിതി.'' ഇതിന്റെ അര്‍ഥം താന്‍ ഈ കൂട്ടത്തിലല്ല എന്നാണല്ലോ. അത് ശരിയുമാണ്. അതിനാല്‍ വിശദമായ വിവരണത്തിനും അപഗ്രഥനത്തിനും സ്ഥലമെടുക്കാതിരിക്കുമ്പോഴും മര്‍മത്തില്‍ തൊടാനും സ്വാഭിപ്രയം, കേരളത്തിന്റെ സൈദ്ധാന്തിക സര്‍ഗാത്മകാന്തരീക്ഷംകൂടി മനസ്സില്‍ വച്ചുകൊണ്ട് തുറന്നുപറയാനും പ്രൊഫ. സുകുമാരന് കഴിയുന്നു.

ഈ പുസ്തകം അവതരിപ്പിക്കുന്ന പല സൈദ്ധാന്തികരും രവീന്ദ്രന്‍ എഡിറ്റ് ചെയ്ത 'കലാവിമര്‍ശം മാര്‍ക്സിസ്റ്റ് മാനദണ്ഡ'ത്തില്‍ (1983) വന്നിട്ടുണ്ട്. ഈ സമാഹാരത്തില്‍ പി ഗോവിന്ദപ്പിള്ളയെഴുതിയ നീണ്ട പഠനം എടുത്തുപറയണം. പി ജിയുടെ 'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്‌ത്രം: ഉത്ഭവവും വളര്‍ച്ചയും' എന്ന പുസ്തകത്തിലും ഇവരില്‍ മിക്കവരെയും സന്ധിക്കാം. സച്ചിദാനന്ദനും ടി കെ രാമചന്ദ്രനും പി പി രവീന്ദ്രനും സി ബി സുധാകരനും മറ്റും എഴുതിയ പല പഠനലേഖനങ്ങളിലും ഇവര്‍ വന്നിട്ടുണ്ട്. ചിലരെപ്പറ്റി - ബ്രെഹ്ത്, ഗ്രാംഷി, അല്‍തൂസര്‍, ഫുക്കോ, നീത്ഷെ - ഒറ്റയൊറ്റ പുസ്തകങ്ങള്‍ തന്നെ വന്നിരിക്കുന്നു. എങ്കിലും ഇങ്ങനെയൊരു പുസ്തകം പ്രസക്തമാണ്. എന്തെന്നാല്‍, മാര്‍ക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് ആഗോളതലത്തില്‍ത്തന്നെ സംശയമുണ്ടാക്കാന്‍ മാത്രമല്ല, മാര്‍ക്സിസം പരാജയപ്പെട്ടുവെന്ന് തിട്ടമായി പറയാനും പുതുമുതലാളിത്തം തിടുക്കം കാട്ടുന്ന സന്ദര്‍ഭമാണിത്.

സംസ്കാരത്തിന്റെ മണ്ഡലത്തെ കേവല വിനോദത്തിന്റെയും പ്രച്ഛന്ന വാണിജ്യത്തിന്റെയും ഇടമായി പുനര്‍നിര്‍വചിച്ച് അതിന്റെ വിമോചനമൂല്യത്തെ ദുര്‍ബലപ്പെടുത്താനും തുടര്‍ച്ചയായ ശ്രമം നടക്കുന്നു- വലിയൊരളവില്‍ ഈ ശ്രമം വിജയിക്കുന്നുമുണ്ട്. മാര്‍ക്സിസത്തെ പ്രയോഗത്തില്‍നിന്നകറ്റി ശുദ്ധപണ്ഡിതന്മാര്‍ക്ക് സാഹ്ളാദം ഇടപെടാവുന്ന 'മറ്റൊരു' (another) ദര്‍ശന പദ്ധതി മാത്രമായി - മാര്‍ക്സോളജി (Marxology)യായി - കാണിക്കാനുള്ള ശ്രമവും മുറയ്ക്ക് നടക്കുന്നു. വര്‍ഗസമരം തീക്ഷ്ണമാവുകയും ചൂഷണത്തിന്റെ സൂക്ഷ്മ-സ്ഥൂല പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്യുന്ന കാര്യം മാത്രം മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ പുതിയ വഴികളെപ്പറ്റി ഒരു പുസ്തകം കൂടിയുണ്ടാവുന്നതിനെ സ്വാഗതം ചെയ്യാതെ തരമില്ല.

മാര്‍ക്സിസം ഒരു തുറന്ന ആശയപദ്ധതിയാണെന്ന സമീപനമാണ് ഈ പുസ്തകം സാമാന്യമായി മുന്നോട്ടുവയ്ക്കുന്നത്. പ്രായോഗികമായ വര്‍ഗസമരം, വൈരുധ്യാത്മക ഭൌതികവാദം, ചരിത്രപരത എന്നിവയിലുള്ള വിശ്വാസമാണ് ലോകമെങ്ങുമുള്ള മാര്‍ക്സിയന്‍ ദാര്‍ശനികരെ ഒന്നിപ്പിക്കുന്നത്. അതിനപ്പുറം താന്താങ്ങളുടെ ദേശ-കാലസ്ഥിതികളോട് പ്രതികരിച്ചുകൊണ്ട്, അല്ലെങ്കില്‍ ദേശകാലങ്ങളെ തങ്ങള്‍ മനസ്സിലാക്കുന്നതിന്റെ സ്വഭാവമനുസരിച്ച് വിമോചനത്തിന്റെ സ്വപ്നം മുന്‍നിര്‍ത്തി വിവരണ- വിശദീകരണ- വിശകലന യത്നങ്ങളില്‍ മുഴുകുകയാണ് അവര്‍ എന്നാണ് ഈ പുസ്തകത്തിലൂടെ വായനക്കാര്‍ അറിയുന്നത്. ഇത്തരം പുസ്തകങ്ങള്‍, ഇപ്പറഞ്ഞ പലമയുടെ സാന്നിധ്യത്തെ സാവേശം അംഗീകരിച്ചുകൊണ്ട് ഈ സിദ്ധാന്തങ്ങള്‍ പൊതുവായി പങ്കുവയ്ക്കുന്ന രാഷ്‌ട്രീയത്തെ വിളംബരം ചെയ്യുകയാണ്.

മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം ഒരു നിലയിലും ഒരു ന്യൂനീകരണ നീക്കമല്ല -അത് ചലനാത്മകമാണ് എന്ന് യുക്തിപൂര്‍വം വെളിവാക്കാന്‍ ഈ പുസ്തകത്തിന് കഴിയുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളം ഇങ്ങനെയൊരു സമാഹാരത്തിന്റെ പ്രാധാന്യം ഇതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചചെയ്യേണ്ടത്. റിലയിസത്തെ ശുദ്ധവര്‍ഗ മാതൃകകളുടെ പോര്‍ക്കളമായി സങ്കല്‍പ്പിക്കുകവഴി, സാഹിത്യപ്രകാശനത്തിന്റെ മറ്റ് സാധ്യതകളില്‍നിന്ന് മുഖം തിരിക്കുക മാത്രമല്ല, റിയലിസത്തിന്റെതന്നെ ഉയര്‍ന്ന രൂപങ്ങളില്‍ ശ്രദ്ധപതിപ്പിക്കാതിരിക്കുകയും ചെയ്തു എന്നൊരു അവസ്ഥ, ആരുടെയും ബോധപൂര്‍വമായ പ്രവര്‍ത്തനം കൊണ്ടല്ലെങ്കിലും, ഇവിടെ ഉണ്ടായിപ്പോയിട്ടുണ്ട്. നമ്മുടെ നാട്ടുവഴക്കങ്ങളിലും ക്ളാസിക്കല്‍ പാരമ്പര്യത്തിലും പൊതുവായുള്ള റിയലിസ്റ്റേതര ആഖ്യാനത്തുറകള്‍ കാലോചിതമല്ലെന്ന ധാരണ ഇങ്ങനെ ഇവിടെ പരക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്റെ ഇതു സംബന്ധിച്ച ഔദ്യോഗിക നിലപാടിനെ ഒറ്റ ശരിയായി കണ്ട്, സ്വീകരിച്ചതില്‍നിന്നുണ്ടായ തെറ്റാണിത്.

റിയാലിറ്റിയെ അവതരിപ്പിക്കുന്നതെന്തും റിയലിസമായി കാണണമെന്ന കേസരി എ ബാലകൃഷ്ണപിള്ളയുടെ തിളങ്ങുന്ന പ്രസ്താവം ഇവിടെ വിലമതിക്കപ്പെട്ടില്ല. 'രാഷ്‌ട്രീയാധുനികത' എന്ന് സച്ചിദാനന്ദന്‍ പേരിടുന്ന നവയാനങ്ങളെയെല്ലാം ഏതാണ്ട് സംശയത്തോടെയാണ് വീക്ഷിച്ചത്. അതിനാല്‍ റിയലിസ്റ്റേതര സോഷ്യലിസ്റ്റ് കലയുടെ പല മഹാരൂപങ്ങളെയും ബ്രെഹ്തിനെ, പികാസോയെ...-കേരളത്തിലവതരിപ്പിച്ചത് മാര്‍ക്സിസ്റ്റുകാരല്ല, ആശയവാദാധുനികതയുടെ ആശാന്മാരാണ് എന്ന ദുരന്തം സംഭവിച്ചു. ഇത് വായനയുടെ അനുഭവത്തിലും സ്വാധീനം ചെലുത്തി. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പ്രാഥമിക രൂപങ്ങളില്‍ മാത്രമാണ് ഏറെ വായനക്കാരും പരിചയം നേടിയത്. ആഖ്യാനത്തിന്റെ മറ്റു സാധ്യതകള്‍ അവതരിപ്പിക്കപ്പെട്ടാല്‍ അത് ദുരൂഹമാവുന്നു എന്ന പരാതി ഉയരുന്നത് പതിവായി. അങ്ങനെ നിരാശ ബാധിച്ച പലരും ഒന്നുകില്‍ വായനയില്‍നിന്ന് പതുക്കെപ്പതുക്കെ പിന്‍വാങ്ങി-അല്ലെങ്കില്‍ ഈ തക്കം മുതലാക്കാന്‍ തങ്ങളെ തേടിയെത്തിയ ജനപ്രിയ പൈങ്കിളികള്‍ക്ക് കൂടൊരുക്കി. പുതിയ കലയുടെ ആവേശകരമായ പലമയില്‍നിന്ന് വലിയൊരു വിഭാഗം വായനക്കാര്‍ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു. സാഹിത്യാനുഭവം വഴി വികസിക്കേണ്ട ലോകബോധത്തിന്റെയും സമരബോധത്തിന്റെയും വളര്‍ച്ച തടസ്സം നേരിട്ടു. സമൂഹത്തിന്റെ പൊതുമാധ്യമമായി, സാക്ഷരതയുടെ വര്‍ധനവിനൊത്ത്, സാഹിത്യം മാറണമെന്ന നവോത്ഥാനവേളയിലെ വലിയ സ്വപ്നം വിണ്ടുകീറി; സാഹിത്യം ഫിസിക്സും കെമിസ്ട്രിയുംപോലെ ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനയിടമാവുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇതിലുള്ള ക്രിയാത്മകമായ പ്രതിഷേധമാണ് പ്രൊഫ. സുകുമാരന്റെ പുസ്തകത്തിന്റെ ആധാരശ്രുതി.

"റിയലിസം വര്‍ഗപരമായ താല്‍പ്പര്യങ്ങളെയും അനുഭവങ്ങളെയും അതിശയിക്കുന്നുവെന്ന് എംഗല്‍സ് വാദിച്ചു'' എന്ന് അല്‍ത്തൂസറെക്കുറിച്ചുള്ള അധ്യായത്തില്‍ വായിക്കാം. വെട്ടിച്ചുരുക്കലിനെതിരായ സമരമാണ് കല എന്ന, യഥാര്‍ഥ വൈരുധ്യങ്ങളുടെ നാടകീയ പാഠമാണത് എന്ന, സമീപനത്തിന്റെ പ്രചാരണം ഇത്തരം സന്ദര്‍ഭങ്ങള്‍ വിന്യസിക്കുന്നതിലൂടെ ഈ പുസ്തകത്തില്‍ ഫലപ്രദമായി നടക്കുന്നുണ്ട്. "... ചില ആശയങ്ങള്‍, മൂല്യങ്ങള്‍, വികാരങ്ങള്‍ (എന്നിവ) സാഹിത്യത്തില്‍ കൂടി മാത്രമേ നമുക്ക് ലഭ്യമാകൂ'' എന്ന ഈഗിള്‍ടണിന്റെ സുപ്രധാനമായ വാക്യം ഇതില്‍ ഉദ്ധരിക്കുന്നുമുണ്ട്. സാഹിത്യത്തെ വര്‍ഗസമരത്തില്‍ രണ്ടാം നിരയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെയെന്നപോലെ യാന്ത്രികമായ പ്രതിഫലനസിദ്ധാന്തത്തിനുമെതിരെയുള്ള ചുവടുവയ്പ്പായി ഇതിനെ കാണണം.

പ്രൊഫ. സുകുമാരന്റെ പുസ്തകം സാകല്യേന മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രതീതി സംവാദത്തിന്റേതാണ്. മാര്‍ക്സിയന്‍ സൈദ്ധാന്തികര്‍ ആദരണീയരായിത്തീരുന്നത്, അവര്‍ പല കാര്യങ്ങളിലും സ്വാഭിപ്രായങ്ങളുടെ കരുത്ത് തെളിയിച്ചതുകൊണ്ടാണെന്ന് ഇവിടെ സൂചിപ്പിക്കുന്നുണ്ട്. ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല, ഇടമുറിയാത്ത അന്വേഷണങ്ങളുടെ ഊര്‍ജത്തിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. മുന്‍വിധികളില്ലാത്ത, ധൈഷണിക സ്വാതന്ത്ര്യത്തിന്റേതായ ഈ സമീപനം പ്രൊഫ. സുകുമാരനും സഗൌരവം കൈയേല്‍ക്കുന്നുണ്ട്. "പോസ്റ്റ് മോഡേണിസത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ മാര്‍ദവം കൂടിപ്പോയില്ലേ എന്ന സംശയത്തിന് തീര്‍ച്ചയായും അടിസ്ഥാനമുണ്ട്'' (ഫ്രെഡറിക് ജെയിംസണിനെപ്പറ്റി), "അദ്ദേഹത്തിന്റെ വാദങ്ങളില്‍ ചിലത് വിവാദപരവും വിമര്‍ശനം ക്ഷണിച്ചുവരുത്തുന്നതുമാണെങ്കിലും ഈ ജര്‍മന്‍ചിന്തകന്റെ ബുദ്ധിപരമായ സത്യസന്ധത, പ്രത്യയശാസ്‌ത്ര പ്രതിബദ്ധത, ചോദ്യം ചെയ്യപ്പെടുന്നില്ല'' (വാള്‍ടര്‍ ബെഞ്ചമിനെപ്പറ്റി), "ഒരു റിവിഷണിസ്റ്റ് മാര്‍ക്സിസമാണ് ഈ സൈദ്ധാന്തികന്‍ പ്രത്യയശാസ്ത്രപരമായ ആലോചനകളിലൂടെ അവതരിപ്പിക്കുന്നത് എന്ന വിമര്‍ശനം അടിസ്ഥാനരഹിതമല്ല'' (അല്‍ത്തൂസറിനെപ്പറ്റി) തുടങ്ങിയ 'കമന്‍ഡുകള്‍' ഇതിന്റെ സൂചനകളാണ്. വിമര്‍ശനരഹിതമായി ഒന്നിനെയും അംഗീകരിക്കരുത് എന്ന, വൈരുധ്യാത്മകതയുടെ സംസ്‌ക്കാരത്തിന്റെ നിര്‍വഹണമാണ് ഇത്തരം വിയോജനവാക്യങ്ങളില്‍ തെളിയുന്നത്.

ഇന്ത്യയില്‍നിന്നുള്ള ആരും ഈ പുസ്തകത്തില്‍ വന്നിട്ടില്ല. ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനെക്കുറിച്ച് പറയുന്നുണ്ട്- അവര്‍ കൊല്‍ക്കത്തക്കാരിയാണെങ്കിലും മഹാശ്വേതാദേവിയുടെ ചെറുകഥയെപ്പറ്റി എഴുതിയിട്ടുണ്ടെങ്കിലും വിദേശത്താണ് താമസം. കമ്യൂണിസ്റ്റ് കക്ഷികള്‍ ഇന്ന് ഭരണത്തിലുള്ള ചൈന, ക്യൂബ, വിയത്‌നാം എന്നിവിടങ്ങളില്‍ നിന്നും മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തിന്റെ തെഴുപ്പുകള്‍ ഉണ്ടാകുന്നതായി ഗ്രന്ഥകാരന് നിരീക്ഷിക്കാനാവുന്നില്ല. ഇത് വ്യക്തിപരമായ പരിമിതികൊണ്ടാണെന്ന് പറയാന്‍ പറ്റില്ല. അമേരിക്ക, ഇംഗ്ളണ്ട് തുടങ്ങിയ മുതലാളിത്തരാജ്യങ്ങളില്‍നിന്ന് വരുന്നയളവില്‍ സൌന്ദര്യശാസ്‌ത്ര ചര്‍ച്ചകള്‍ ഇന്നാടുകളില്‍ നടക്കുന്നില്ലേ? ഭരണകൂടത്തിന്റെ സ്വഭാവം ഇതിന് കാരണമാണോ? ഇത്തരം ചോദ്യങ്ങള്‍ ഈ പുസ്തകം സ്വയമറിയാതെ ഉണര്‍ത്തുന്നുണ്ട്. ഒപ്പം ഇ എം എസ്സിന്റെയും മറ്റും സാഹിത്യസംഭാവനകളെ സൂക്ഷ്‌മവിശകലനം ചെയ്‌ത് അതില്‍ ഈ പുസ്‌തകത്തില്‍ പറയുന്നവരുടെ നിലവാരത്തിലും ഗൌരവത്തിലും ഉള്ള മൌലിക പ്രാധാന്യമുള്ള കാര്യങ്ങള്‍ -ജാതീയതയുടെ മാധ്യസ്ഥ്യമുള്ള ഒരു നാട്ടിലെ സാഹിത്യത്തെക്കുറിച്ചുള്ള ഭൌതികവാദ വിചാരങ്ങള്‍പോലുള്ളവ - ഇല്ലേ എന്ന അന്വേഷണം നടക്കാത്തതിന്റെ സങ്കടവും ഈ പുസ്തകം ചില വായനക്കാരിലെങ്കിലും ഉണ്ടാക്കുന്നുണ്ട്.

ടോം ബോട്ടോ മോറിന്റെ പ്രശസ്തമായ നിഘണ്ടുവില്‍- A Dictionary of Marxist Thought 'ഹിന്ദുയിസം' എന്ന ശീര്‍ഷകം വിശദീകരിക്കപ്പെടുമ്പോള്‍ കേരളമടക്കമുള്ള തെക്കേയിന്ത്യ ബ്രാഹ്മിണിസത്തെ സ്വീകരിച്ചതിന്റെ വ്യത്യസ്ത രീതിയെക്കുറിച്ച് ഇ എം എസ് പറയുന്നത് ചുരുക്കിച്ചേര്‍ക്കുന്നുണ്ട്. (വി ജി കിയര്‍നെനാണ് ഈ കുറിപ്പെഴുതിയത്) 'This region adopted Brahmanism, but preserved various features of its own old social practices, and unlike northern India, was moving during the middle ages towards a feudal species of private ownership of the land. In the course of this transition an extensive polemical literature was thrown up in support of the dominant class and its religious ideology; one objective was the eliminaiotn of Budhism ' എന്നാണീ കുറിപ്പ്. ഭൂബന്ധങ്ങളുടെ ചരിത്രത്തെ സാഹിത്യവായനക്കായും മറിച്ചും പ്രയോജനപ്പെടുത്തുകയും അങ്ങനെ സാഹിത്യാപഗ്രഥനത്തിന് ഇരട്ടയുദ്ധയോഗം സാധ്യമാക്കുകയും അതുവഴി സാഹിത്യഭാവുകത്വത്തെയെന്നപോലെ പരമ്പരാഗതമായ ആധിപത്യരൂപങ്ങള്‍ക്കെതിരെയുള്ള വര്‍ഗസമരത്തെയും ത്വരിപ്പിക്കുകയും ചെയ്ത പാരായണങ്ങളായി ഇ എം എസ്സിന്റെ കണ്ടെത്തലുകളെ അവതരിപ്പിച്ചുകൂടെ? ഗുണനിലവാരത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് പണ്ഡിതന്മാരുടെ തന്നെ സങ്കല്‍പ്പം മെച്ചപ്പെടേണ്ടതുണ്ടെന്നുറപ്പാണ്. ഇ എം എസ്സിനെപ്പോലെയൊരാള്‍ക്കായി പ്രൊഫ. സുകുമാരന്റേതുപോലുള്ള ഒരു പുസ്തകത്തില്‍ ഒരാഖ്യാനം സാധ്യമാക്കാനാവാത്തത് സര്‍വകലാശാലാ വൃത്തങ്ങളിലെ വരേണ്യതയെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ യാഥാര്‍ഥ്യത്തിന് കീഴ്പ്പെടുത്തിക്കാണാനുള്ള സന്നദ്ധതക്കുറവുകൊണ്ടാകാം എന്നും തോന്നുന്നു.

മറ്റൊരു കാര്യം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഈ പുസ്തകം ഒരു പ്രവേശകം എന്ന നിലയിലാണ് തയാര്‍ ചെയ്തിരിക്കുന്നത്. വിശാലമായ വായനയിലേക്ക് പ്രചോദിപ്പിക്കുന്ന ഒരു പുസ്തകം ലളിതമായിരിക്കണമെന്ന് പ്രൊഫ. സുകുമാരന് നന്നായറിയാം. അതേ സമയം അത് ബാലിശമായ സരളതയാവരുതുതാനും. രണ്ടും നേടാന്‍ നല്ല സന്തുലനശേഷി വേണം. അത് ഗ്രന്ഥകാരനുണ്ട്. ഇംഗ്ളീഷ് പുസ്തകങ്ങളില്‍ കാണുന്ന വാക്യങ്ങളെയപ്പടി, മലയാളത്തിന്റെ മട്ടുനോക്കാതെ, ബലം പിടിച്ച് വിവര്‍ത്തനം ചെയ്യുന്നതിലെ വൈരസ്യം ഒഴിവാക്കിയിരിക്കുന്നു. പകരം അവ സ്വാംശീകരിച്ച് സ്വന്തം നിലയില്‍ അവതരിപ്പിക്കാനാണ് ശ്രമം. അതുകാരണം ഈ പുസ്തകം വായനക്കാരോട് പെട്ടെന്നടുക്കും.

ഇത് ഒരു വിജ്ഞാനകോശം കൂടിയാണ്. ഓരോ അധ്യായത്തിലും നിരവധി എഴുത്തുകാരെക്കുറിച്ച് പറയുന്നുണ്ട്. ഓരോരുത്തരുടെയും പേര് ആദ്യം വരുമ്പോള്‍ത്തന്നെ വലയങ്ങള്‍ക്കുള്ളില്‍ ചെറിയൊരു പരിചയക്കുറിപ്പ് നല്‍കിയിരിക്കുന്നു. ഇംഗ്ളീഷ് പദങ്ങള്‍ അങ്ങനെത്തന്നെ നല്‍കുന്നരീതിയാണ് പൊതുവേ സ്വീകരിച്ചിരിക്കുന്നത്. വേണ്ടപ്പോള്‍ അവയ്ക്ക് കഴിവതും കണിശമായ, തെറ്റിദ്ധാരണ പരത്താത്ത തര്‍ജമയും നല്‍കുന്നുണ്ട്. അനൌപചാരികമാണ്, നാടന്‍മട്ടിലുള്ളതാണ്, പ്രകടനപരമല്ലാത്തതാണ് എഴുത്ത്. ഫെമിനിസത്തെക്കുറിച്ചുള്ള അധ്യായം തുടങ്ങുന്നതിങ്ങനെ: "ആദിസമൂഹങ്ങളില്‍ അമ്മവാഴ്ചയായിരുന്നു. ഇക്കാര്യം എംഗല്‍സ് വിശദമായി വ്യാഖ്യാനിച്ചിട്ടുണ്ട്. പിന്നീട് തറവാടിന്റെ താക്കോല്‍ക്കൂട്ടം കാളിയമ്മയുടെ കൈയില്‍നിന്നും കോന്തുണ്ണ്യാര് സൂത്രത്തില്‍ കരസ്ഥമാക്കുകയാണുണ്ടായത്.'' പണ്ഡിതന്റെ സഹൃദയത്വത്തിന് നല്ല തെളിവ്. ഒരു വിമര്‍ശനമുള്ളത് സ്വാധീനം എന്നയര്‍ഥത്തില്‍ ആഘാതം ന്ന് പറയുന്നതിലാണ്. ചിലേടത്തൊക്കെ ഇങ്ങനെയുണ്ട്- "ല്യൂക്കാച്ചിന്റെ ആഘാതം അതിശക്തമായിരുന്നു'' എന്നൊക്കെ.

****

ഇ പി രാജഗോപാലന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു ചെറിയ പുസ്തകമാണ് പ്രൊഫ. വി സുകുമാരന്റെ 'മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രംനവ സിദ്ധാന്തങ്ങള്‍!' പതിനാലധ്യായങ്ങള്‍-പക്ഷേ എല്ലാംകൂടി എണ്‍പതു പുറം വരുന്നില്ല. ബ്രെഹ്ത്, ഗ്രാംഷി, ഫ്രെഡറിക് ജെയിംസണ്‍, റെയ്‌മണ്ട് വില്യംസ്, ഫ്രാങ്ക്ഫര്‍ട് ബുദ്ധിജീവികള്‍ (ഹോര്‍കൈമര്‍, അഡോര്‍നോ, വാള്‍ടര്‍ ബെഞ്ചമിന്‍, ഹെര്‍ബര്‍ട് മാര്‍ക്യൂസ്), ട്രോട്സ്‌കി, ഗയൊക് ല്യൂക്കാച്ച്, ലൂയി അള്‍ത്തൂസര്‍, ടെറി ഈഗിള്‍ടണ്‍, ല്യൂഷന്‍ ഗോള്‍ഡ്‌മന്‍, ല്യോത്യാദ്, പിയെ മാഷ്റെ, മിഷേല്‍ ഫൂക്കോ, നീത്ഷേ, എഡ്വേഡ് സെയ്‌ദ്, ഗായത്രി ചക്രവര്‍ത്തി സ്പിവാക് തുടങ്ങിയ മാര്‍ക്സിസ്റ്റുകാരും അല്ലാത്തവരുമായ സൈദ്ധാന്തികരുടെ നിലപാടുകള്‍ പരിചയപ്പെടുത്തുക എന്നതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.