ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മലയാളമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇഎംഎസ്. വാര്‍ത്തയുടെ മുഖ്യഉറവിടം മാത്രമല്ല, മാധ്യമപ്രവര്‍ത്തകനും മാധ്യമവിമര്‍ശകനുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപൂര്‍വകാലത്തെ ആദര്‍ശപ്രോജ്വല മാധ്യമസരണിയിലെ പത്രാധിപര്‍, സ്വാതന്ത്ര്യാനന്തരകാലത്തെ മാധ്യമ വാണിജ്യവത്കരണത്തില്‍ നിന്ന് വ്യത്യസ്ത സരണി തുറന്ന ബദല്‍ മാധ്യമ പ്രവര്‍ത്തകന്‍, മുഖ്യധാരാ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിനെതിരെ പ്രതിരോധം തീര്‍ത്ത രാഷ്ട്രീയ നേതാവ്, ബഹുജനങ്ങളുടെ മാധ്യമ സാക്ഷരതയ്ക്കു വേണ്ടി നിരന്തരം തൂലിക ചലിപ്പിച്ച വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം ഇഎംഎസിനെ വിലയിരുത്താം.
1920കളുടെ അവസാനം ഉണ്ണി നമ്പൂതിരിയിലൂടെയാണ് ഇഎംഎസ് പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പറയാം. സാമൂഹ്യപരിഷ്കരണത്തില്‍ നിന്ന് ദേശീയപ്രസ്ഥാനത്തിലേക്കും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും ഇഎംഎസ് വളര്‍ന്നു. പൊതുപ്രവര്‍ത്തനത്തിന്റെ ഈ രണ്ടാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1935ല്‍ ഷൊര്‍ണൂരില്‍ നിന്നും 1938ല്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ച "പ്രഭാതം'' വാരിക. കോണ്‍ഗ്രസ് സോഷ്യലിസത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക് ഇഎംഎസിന്റെ തലമുറ നീങ്ങി. ഇഎംഎസിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഈ മൂന്നാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1942ല്‍ ആദ്യം വാരികയായും പിന്നീട് ദിനപത്രമായും കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ദേശാഭിമാനി.
സ്വദേശാഭിമാനിയില്‍ നിന്ന് കേസരിയിലേക്ക്
മലയാളമാധ്യമപ്രവര്‍ത്തനത്തിന്റെ ആചാര്യസ്ഥാനം സ്വദേശാഭിമാനി രാമകൃഷ്ണപിളളയ്ക്കാണ്. അദ്ദേഹത്തിന്റെ പാതയിലൂടെയാണ് കേസരി ബാലകൃഷ്ണപിളളയും ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. "ആധുനികകേരളത്തില്‍ ഉയര്‍ന്നുവന്ന നിര്‍ഭയരായ ബുദ്ധിജീവികളുടെ ശൃംഖലയില്‍ പ്രധാനപ്പെട്ട രണ്ടുകണ്ണികളാണ് സ്വദേശാഭിമാനിയും കേസരിയും'' എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത് (പത്രപ്രവര്‍ത്തകനും ചിന്തകനുമായ കേസരി - ഇഎംഎസ് സമ്പൂർണ കൃതികള്‍, വാല്യം 86, പേജ് 234 മുതല്‍ 239 വരെ). അധികാരിവര്‍ഗത്തെ നിര്‍ഭയം തുറന്നുകാണിച്ചതിന് സ്വദേശാഭിമാനിക്ക് നല്‍കേണ്ടിവന്ന വില വളരെ കനത്തതായിരുന്നു: നാടുകടത്തപ്പെട്ടു. കേസരിക്ക് ഈ ദുര്‍ഗതി വന്നില്ലെങ്കിലും ഗവണ്മെന്റ് എടുത്ത നടപടികള്‍ മൂലം "പ്രബോധകന്‍'' നിര്‍ത്തേണ്ടി വന്നു. തുടര്‍ന്നാരംഭിച്ച "കേസരി'' ഭരണകര്‍ത്താക്കളുടെ എതിര്‍പ്പും സാമ്പത്തികപ്രയാസവും മൂലം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. സ്വദേശാഭിമാനിയുടെ മരണശേഷം ഒരു പതിറ്റാണ്ടു കഴിഞ്ഞാണ് "കേസരി''യുടെ രംഗപ്രവേശം. ഈ രണ്ടുപത്രാധിപന്മാരുടെയും മാധ്യമപ്രവര്‍ത്തനം ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരുന്നുവെങ്കിലും അവരുടെ പത്രത്തിന്റെ പേരിനൊപ്പമാണ് അവരെ നാം ഇന്നും ഓര്‍ക്കുന്നത്.
സംഘര്‍ഷഭരിതമായ മാധ്യമജീവിതത്തിനിടയിലും മാര്‍ക്സിനെയും മാര്‍ക്സിസ്റ്റ് ആശയങ്ങളെയും പരിചയപ്പെടുകയും അവരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തവരാണ് സ്വദേശാഭിമാനിയും കേസരിയും. മാര്‍ക്സിന്റെ ലഘുജീവചരിത്രം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് സ്വദേശാഭിമാനിയാണ്. കേസരിയാകട്ടെ, മാര്‍ക്സിസമടക്കം ആഗോളരംഗത്തുളള പുരോഗമന വിപ്ളവസിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുടെ ചരിത്രവും മലയാളികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ തയ്യാറായി. "1930കളുടെ ആദ്യകാലത്ത് തിരുവിതാംകൂറിലടക്കം കേരളത്തില്‍ രൂപംകൊണ്ടിരുന്ന ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഗുണകാംക്ഷിയും ആചാര്യനുമായി'' കേസരി ശോഭിച്ചു. ഇപ്രകാരം കേസരിയുടെ പ്രോത്സാഹനവും ഉപദേശവും നേടി അവയുടെകൂടി അടിസ്ഥാനത്തില്‍ പുതിയൊരു പ്രസ്ഥാനം കേരളത്തില്‍ കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച തലമുറയുടെ പ്രതിനിധിയായിട്ടാണ് ഒരു ലേഖനത്തില്‍ ഇഎംഎസ് സ്വയം വിശേഷിപ്പിച്ചത് (കേസരി ബാലകൃഷ്ണപിളളയും കേരളത്തിലെ വര്‍ഗസമരവും - ഇ എം എസ് സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 86, പേജ് 240 മുതല്‍ 244 വരെ). എന്നാല്‍ ഈ പ്രസ്ഥാനത്തോട് ഐക്യപ്പെടുന്നതിന് കേസരി ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സമരം വ്യക്തിപരമായിരുന്നു. കേസരി നിര്‍ത്തിവെയ്ക്കേണ്ടി വന്നതിന് ശേഷം അദ്ദേഹം പൂര്‍ണമായും അരാഷ്ട്രീയമായ ഗവേഷണനിരൂപണങ്ങളില്‍ മുഴുകി. വളര്‍ന്നുവന്ന സംഘടിതസോഷ്യലിസ്റ്റ് ചിന്താഗതിയോട് പലപ്പോഴും അദ്ദേഹം ഏറ്റുമുട്ടുകയും ചെയ്തു. അങ്ങനെയാണ് ഇഎംഎസ് അദ്ദേഹത്തെ പണ്ഢിതമൂഢന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇടയായത്.
ലബ്ധപ്രതിഷ്ഠനായ കേസരിയോടും അതുപോലുളള ബുദ്ധിജീവികളോടും സൌന്ദര്യശാസ്ത്ര സംബന്ധിയായി മാത്രമല്ല, ചരിത്രം, സാമ്പത്തികം, രാഷ്ട്രീയം, ദര്‍ശനം എന്നീ തുറകളിലെല്ലാം ഏറ്റുമുട്ടിക്കൊണ്ടാണ് കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും വളര്‍ന്നത്. ഇതിന് പാര്‍ട്ടിയെ പ്രാപ്തമാക്കിയതില്‍ സുപ്രധാനമായ പങ്ക് ഇടതുപക്ഷപത്രങ്ങള്‍ക്കുണ്ട്. "പ്രഭാത''ത്തിന്റെയും "ദേശാഭിമാനി''യുടെയും പത്രാധിപസ്ഥാനം ഇഎംഎസിനായിരുന്നു.
പ്രഭാതത്തില്‍ നിന്ന് ദേശാഭിമാനിയിലേക്ക്
1935-ലാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായി പ്രഭാതം എന്ന വാരിക ഷൊര്‍ണൂരില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്. ആലപ്പുഴയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുഖപത്രമായ തൊഴിലാളിയും മറ്റുചില ഒറ്റപ്പെട്ട ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നെങ്കിലും അവ ചെലുത്തിയതിനെക്കാള്‍ സ്ഥായിയും ആഴത്തിലുമുളള പ്രത്യാഘാതം പ്രഭാതം സൃഷ്ടിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംഘാടകനും പ്രക്ഷോഭകനുമായിരുന്നു പ്രഭാതം. ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞപ്പോള്‍ ചൊവ്വര പരമേശ്വരന്റെ കവിത അച്ചടിച്ചതിനെച്ചൊല്ലി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇടഞ്ഞതിനെ തുടര്‍ന്ന് പ്രഭാതത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെയ്ക്കേണ്ടിവന്നു. സര്‍ക്കാര്‍ കെട്ടിവെയ്ക്കാന്‍ പറഞ്ഞ തുക വാരികയ്ക്ക് താങ്ങാനാവുമായിരുന്നില്ല. എന്നാല്‍ 1937ല്‍ മദിരാശി പ്രവിശ്യയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വന്നതോടെ ഈ നിരോധനം പിന്‍വലിക്കപ്പെട്ടു. 1938 ആദ്യം മുതല്‍ 1939 ഒക്ടോബര്‍ വരെ കോഴിക്കോട് നിന്ന് പ്രഭാതം വീണ്ടും പുറത്തിറങ്ങി. യുദ്ധം ആരംഭിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു. പ്രഭാതവും മുടങ്ങി.
1938 - 39 കാലത്ത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഘടകം രൂപം കൊണ്ടുകഴിഞ്ഞിരുന്നു. രണ്ടാം പ്രഭാതം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുഖപത്രമായിരുന്നു. പ്രഭാതത്തിന്റെ സംഭാവനകളെ ഇഎംഎസ് ഇപ്രകാരമാണ് സംഗ്രഹിക്കുന്നത്.
ഒന്ന്, "ട്രേഡ് യൂണിയന്‍ - കര്‍ഷക - വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളുടെ വേലിയേറ്റത്തിന് നടുക്കുവെച്ചാണ് പ്രഭാതം ഉദയം ചെയ്തത്... പ്രബുദ്ധരായ അധ്വാനിക്കുന്ന ജനങ്ങള്‍ സ്വയംസംഘടിക്കുന്നതും പ്രക്ഷോഭം നടത്തുന്നതും എങ്ങനെയാണെന്നതിനെക്കുറിച്ച് പത്രപംക്തികള്‍ വ്യക്തമായ രൂപം നല്‍കി''.
രണ്ട്, "കേരളത്തിലെ മലബാര്‍ മേഖലയില്‍ നിന്നാണ് പ്രഭാതം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതെങ്കിലും കൊച്ചിയിലെയും തിരുവിതാംകൂറിലെയും വിദ്യാര്‍ത്ഥി - യുവജന - ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുമായി മാത്രമല്ല, വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായും അതിന് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു... ഈ രണ്ടുനാട്ടുരാജ്യങ്ങളിലും ഉശിരന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നതിന് ഇത് സഹായിച്ചു''.
മൂന്ന്, "സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് പ്രചാരം കൊടുക്കുന്നതില്‍ പ്രഭാതം വലിയ പങ്കുവഹിച്ചു''.
നാല്, "കേരളത്തില്‍ മാത്രമല്ല, രാജ്യത്തങ്ങോളമിങ്ങോളം അലയടിച്ച പുതിയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രശ്നങ്ങളുടെ നേര്‍ക്ക് പ്രഭാതത്തിന് ശ്രദ്ധതിരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല... ഉശിരന്‍ ദേശീയതയുടെ ആധാരമായി മാത്രമല്ല, വര്‍ഗസമരത്തിന്റെ സന്ദേശം അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലും സാമൂഹികവും സാംസ്ക്കാരികവുമായ ആധുനികവത്കരണത്തിന്റെ സന്ദേശം ബുദ്ധിജീവികളിലുമെത്തിക്കുന്ന മാധ്യമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രഭാതം തെളിയിച്ചു'' (പ്രഭാതം - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 92, പേജ് 38 മുതല്‍ 41 വരെ).
രണ്ടാംലോക മഹായുദ്ധത്തോടുളള പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിധേയമായി. ഈ സാഹചര്യം ഉപയോഗപ്പെടുത്തി 1942ല്‍ ദേശാഭിമാനി വാരികയായി ആരംഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തതുവഴി ദേശീയപ്രസ്ഥാനത്തെ കമ്യൂണിസ്റ്റുകാര്‍ വഞ്ചിച്ചു എന്ന ആരോപണത്തോടുളള പ്രതികരണം കൂടിയായിരുന്നു ദേശാഭിമാനി എന്ന പേര്. 1946ല്‍ ദേശാഭിമാനി വാരിക പത്രമായി. 1948ല്‍ പത്രം നിര്‍ത്തിവെച്ചു. ഒഴുക്കിനെതിരെ നീന്തുന്നതിന് പുതിയ പ്രസിദ്ധീകരണം പാര്‍ട്ടിക്ക് ഏറ്റവും സഹായകരമായി. "പത്രത്തില്‍ ഉള്‍ക്കൊളളിക്കേണ്ട വിവരങ്ങള്‍ ശേഖരിക്കുക, കിട്ടുന്ന വിവരങ്ങള്‍ അടുക്കായും ക്രമീകൃതമായും ശരിപ്പെടുത്തി പത്രം പുറത്തിറക്കുക, പുറത്തിറങ്ങുന്ന മുറയ്ക്ക് അത് എത്തേണ്ടിടത്ത് എത്തിക്കുക, അത് ചെന്നെത്തുന്ന ഓരോ സ്ഥലത്തും ഡസന്‍കണക്കിന് ആളുകളുളള വായനാഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക - ഇതെല്ലാം സംഘടിതമായി ചെയ്യുന്ന ഒരു സംഘടനാശൃംഖല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതായി നിലവില്‍ വന്നു. ലെനിന്റെ ഭാഷയില്‍ പാര്‍ട്ടിയുടെ പ്രചരണമാധ്യമം മാത്രമല്ല, സംഘാടകന്‍ കൂടിയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമെന്ന നിലയ്ക്ക് പത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങി''. (കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 77, പേജ് 212)
മാതൃഭൂമി, മനോരമ, കേരളകൌമുദി
ഇടതുപക്ഷനിലപാട് ഉയര്‍ത്തിപ്പിടിച്ച പ്രഭാതമോ ദേശാഭിമാനിയോ മുഖ്യധാരാ മാധ്യമങ്ങളായിരുന്നില്ല. ആ സ്ഥാനം മാതൃഭൂമിയ്ക്കും മനോരമയ്ക്കും ദീപികയ്ക്കും കേരളകൌമുദിയ്ക്കും മറ്റുമായിരുന്നു. പക്ഷേ അന്നും ഇന്നും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. അന്ന് പത്രപ്രവര്‍ത്തനം കേവലമായ ലാഭേച്ഛയോടെ ആയിരുന്നില്ല. ചില സാമൂഹ്യ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിക്കൂടിയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടാണ് മാതൃഭൂമി രൂപം കൊണ്ടത്. കേരളകൌമുദി, ദീപിക പോലുളളവ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ഉണ്ടായത്.
ഇപ്പോഴത്തെ മലയാള പത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് ദീപികയാണ്. ദീപികയുടെ മുന്നോടിയായ നസ്രാണി ദീപിക 1887ല്‍ തുടങ്ങി. 1911ല്‍ സി വി കുഞ്ഞുരാമന്‍ ആരംഭിച്ച കേരളകൌമുദി ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ ജിഹ്വയായിരുന്നു.
1888ല്‍ മലയാളമനോരമ ആരംഭിച്ചു. "മലയാളത്ത് സ്വദേശികളുടെ വകയായി ഒരു നല്ല അച്ചടിശാലയും തിരുവിതാംകോട്ട് ജാതിമതാദി പക്ഷപാതം കൂടാതെയുളള വര്‍ത്തമാനപത്രവും കൂട്ടുകച്ചവടയോഗങ്ങളില്‍ മുതല്‍മുടക്കി ആദായമുണ്ടാക്കുന്ന സംവിധാനവും നടത്തിക്കാണിപ്പാനായി ഈ കമ്പനി കൂട്ടിയിട്ടുളളതും കമ്പനി ആക്ടിന്‍ പ്രകാരം ഓഹരിക്കാരുടെ ബാധ്യത ക്ളിപ്തപ്പെടുത്തി മുറയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുളളതുമാകുന്നു'' എന്നാണ് പത്രത്തെക്കുറിച്ച് സ്ഥാപകനായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തന്നെ വ്യക്തമാക്കിയിട്ടുളളത്. നിക്ഷേപം ക്ഷണിച്ചു കൊണ്ട് പത്രത്തില്‍ വന്ന പരസ്യമാണിത്. എന്നാല്‍, മലയാള സാഹിത്യ പോഷണം, സ്റ്റേറ്റ് കോണ്‍ഗ്രസ് രാഷ്ട്രീയം, നിവര്‍ത്തന പ്രക്ഷോഭം, തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയായി മനോരമയ്ക്ക് സജീവമായ ബന്ധമുണ്ടായിരുന്നു.
മാതൃഭൂമി ആരംഭിച്ചത് 1923ലാണ്. ദേശീയ പ്രക്ഷോഭകാരികളുടെ മുഖപത്രമായാണ് പത്രത്തിന്റെ തുടക്കം. സ്വാതന്ത്ര്യസമര സേനാനിയായ കെ പി കേശവമേനോന്‍ ആണ് ആദ്യ പത്രാധിപര്‍. ഒരുലക്ഷം രൂപ മൂലധനത്തില്‍ അഞ്ചുരൂപയുടെ 20000 ഓഹരികള്‍ വിറ്റാണ് മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പതിനയ്യായിരം രൂപ മാത്രമേ പിരിക്കാനായുളളൂ. ഇങ്ങനെ എളിയ തുടക്കമായിരുന്നു മാതൃഭൂമിയുടേത്. തുടക്കത്തില്‍ മാതൃഭൂമി നഷ്ടത്തിലായിരുന്നു. കോണ്‍ഗ്രസ് ഫണ്ടില്‍ നിന്ന് പണം നല്‍കി മാതൃഭൂമി അടച്ചുപോകാതെ നോക്കേണ്ടിവന്ന ചരിത്രം പോലുമുണ്ട്.
ആദ്യകാലത്തെ മലയാള പത്രപ്രവര്‍ത്തനത്തില്‍ പല ധാരകളും ഉണ്ടായിരുന്നു. നാട്ടു രാജാക്കന്മാര്‍ക്കും ബ്രിട്ടീഷ് രാജിനും ജയജയ പാടിയ പത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം പത്രങ്ങളും വളരുന്ന ദേശീയപ്രസ്ഥാനത്തിന്റെയും സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളുടെയും പക്ഷത്തായിരുന്നു. ഈ അര്‍ത്ഥത്തില്‍ ഒരു വിശാല ദേശീയമുന്നണിയുടെ ഭാഗമായിരുന്നു ഈ മാധ്യമങ്ങള്‍. മാതൃഭൂമി വലതുപക്ഷ കോണ്‍ഗ്രസിന്റെ സ്വാധീനത്തിലായിരുന്നുവെങ്കിലും ഇടതുപക്ഷ നേതാക്കള്‍ക്കും ഇടംനല്‍കിയിരുന്നു. കെപിസിസി തന്നെ രണ്ടുവട്ടം ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടതുപക്ഷ കെപിസിസിയെ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പിരിച്ചുവിട്ടതോടെ ഈ നിലയില്‍ മാറ്റം വന്നു. ജനകീയ യുദ്ധകാലത്ത് അകല്‍ച്ച വര്‍ദ്ധിച്ചു. എങ്കിലും കൃഷ്ണപിളള, എകെജി, ഇഎംഎസ് എന്നിവരെ മാറ്റിനിര്‍ത്തി കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. മലബാറിലെങ്കിലും ഇതായിരുന്നു നില.
കമ്യൂണിസ്റ്റ് പത്രം - സംഘാടനവും ശൈലിയും
സ്വദേശാഭിമാനി രാമകൃഷ്ണപിളള മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ ആചാര്യനാകുന്നത് സ്വദേശാഭിമാനി പത്രം നടത്തിയതുകൊണ്ട് മാത്രമല്ല. അദ്ദേഹമെഴുതിയ "വൃത്താന്തപത്രപ്രവര്‍ത്തനം'' മലയാളത്തിലെ പ്രഥമ മാധ്യമപാഠപുസ്തകം കൂടി ആയതുകൊണ്ടാണ്. എന്നാല്‍ പത്രപ്രവര്‍ത്തനശൈലി സനാതനമായിട്ടുളള ഒന്നല്ല. സാങ്കേതികവിദ്യ, സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങള്‍, ഉദ്ദേശലക്ഷ്യങ്ങള്‍ തുടങ്ങിയവയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പത്രപ്രവര്‍ത്തനശൈലിയിലും മാറ്റങ്ങള്‍ ഉണ്ടായേ തീരൂ. ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പത്രപ്രവര്‍ത്തകര്‍ മലയാള മാധ്യമപ്രവര്‍ത്തനത്തിന് തനതായ സംഭാവനകള്‍നല്‍കിയിട്ടുണ്ട്.
പ്രഭാതത്തിന്റെ കാലത്തും ദേശാഭിമാനിയുടെ ആദ്യവര്‍ഷങ്ങളിലും ആവേശപ്രചോദിതമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാത്രമാണ് പത്രത്തെ കണ്ടിരുന്നത്. ഇത്തരമൊരു സമീപനത്തിന്റെ പരിമിതി വളരെ വ്യക്തമായിരുന്നു. "പാര്‍ട്ടി മെമ്പര്‍മാര്‍ക്ക് സാഹിത്യവിതരണത്തില്‍ ആദ്യകാലത്തുണ്ടായിരുന്ന ആവേശവും ഉത്സാഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ സാഹിത്യവിതരണത്തിന്റെ വ്യാപാരപരമായ ചിട്ടയും നിയമവും പാലിക്കണമെന്ന'' നിലപാടായിരുന്നു ഇഎംഎസിനുണ്ടായിരുന്നത് (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ - ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 5, പേജ് 354). സ്ഥിരമായി പ്രവര്‍ത്തിക്കുന്ന പത്രാധിപസമിതി, അവരുടെ കീഴില്‍ റിപ്പോര്‍ട്ടിംഗ് മാത്രം തൊഴിലായുളള പത്രപ്രവര്‍ത്തകര്‍ ഒരുവശത്തും തങ്ങളുടെ അനുഭവങ്ങള്‍ റിപ്പോര്‍ട്ടും കുറിപ്പുകളുമാക്കി പത്രത്തിന് നല്‍കുന്ന നേതാക്കന്മാര്‍ മറുവശത്തുമുളള ഒരു പുതിയ പ്രവര്‍ത്തനരീതിയാണ് ദേശാഭിമാനിക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.
പ്രഭാതമായാലും ദേശാഭിമാനിയായാലും ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് സ്ഥാപിച്ചതും നടത്തിയതും. സിലോണ്‍, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളില്‍ പോലും എകെജി പര്യടനം നടത്തിയാണ് പ്രഭാതത്തിനുളള പണം സമാഹരിച്ചത്. ദേശാഭിമാനി ആരംഭിക്കുന്നതിന് ഇഎംഎസ് തന്റെ സ്വത്ത് സംഭാവന നല്‍കിയത് പ്രസിദ്ധമാണ്. എന്നാല്‍ ഇതിനെക്കാളേറെ പ്രധാനം ബഹുജനങ്ങള്‍ നല്‍കിയ സംഭാവനകളായിരുന്നു. ഇതിന് തുടക്കം കുറിച്ചത് പി കൃഷ്ണപിളളയായിരുന്നു. 1942ല്‍ ആലപ്പുഴയിലേക്ക് പോയ കൃഷ്ണപിളള തൊഴിലാളികളില്‍ നിന്ന് പത്രഫണ്ട് പിരിക്കുന്നതിന് പ്രചരണം തുടങ്ങി. ആലപ്പുഴയില്‍ നിന്ന് കൃഷ്ണപിള്ള മറ്റോരോ വ്യവസായ കേന്ദ്രങ്ങളിലേക്കും പിന്നീട് ഗ്രാമപ്രദേശങ്ങളിലേക്കും നീങ്ങിയെന്ന് ഇഎംഎസ് അനുസ്മരിക്കുന്നു. ഈ കാമ്പയിന്റെ ഭാഗമായിട്ടാണ് വടക്കേമലബാറിലെ വൃദ്ധയായ കര്‍ഷകവിധവ അവരുടെ ഏകസ്വത്തായ പശുവിനെ പാര്‍ട്ടിക്ക് ദാനം ചെയ്തത്. കേന്ദ്രക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വന്ന ഈ സംഭവത്തിന് ദേശവ്യാപകമായ പ്രചരണം ലഭിച്ചു.
പത്രം ഒരു കമ്യൂണിസ്റ്റ് ഗസറ്റായാല്‍ പോര. നാട്ടുകാരുടെ ജീവിതവും അഭിപ്രായഗതികളും പ്രതിഫലിപ്പിക്കുന്ന പത്രമാകണം എന്ന നിലപാടാണ്, കേരളത്തിലെ പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ നിര്‍വചിച്ചുകൊണ്ട് ഇഎംഎസ് മുന്നോട്ടുവെച്ച സമീപനം. അദ്ദേഹത്തിന്റെ വാക്കുകളില്‍ "കേരളത്തിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടതുപോലെ പ്രതിഫലിപ്പിക്കുന്ന പത്രമായിട്ടുണ്ട് ദേശാഭിമാനി എന്ന് പറയാന്‍ വയ്യ. പട്ടിണിയെയും പകര്‍ച്ചവ്യാധിയെയും മറ്റും സ്പര്‍ശിക്കുന്ന ചുരുക്കം ചില റിപ്പോര്‍ട്ടുകള്‍ ദേശാഭിമാനിയില്‍ വരാറുണ്ടെന്നുളളത് ശരി തന്നെ. പക്ഷേ, കേരളത്തിലെ കുടുംബങ്ങള്‍ക്കുളളില്‍ നടക്കുന്നതെന്ത്, പട്ടാളത്തിലും അസമിലും പോയ നാലഞ്ചുലക്ഷം മലയാളികളുടെ കുടുംബങ്ങള്‍ ഇന്നെന്തു ചെയ്യുന്നു, റേഷന്‍ മുഴുവന്‍ വാങ്ങാന്‍ കഴിവില്ലാത്ത കുടുംബങ്ങള്‍ എങ്ങനെ ജീവിക്കുന്നു, ഫാക്ടറികളിലും സ്കൂളുകളിലും എസ്‌റ്റേറ്റുകളിലും മറ്റും നടക്കുന്നതെന്ത് മുതലായ സംഗതികളൊന്നും ദേശാഭിമാനി വായിച്ചാല്‍ കാണുകയില്ല. കമ്യൂണിസ്റ്റുകാര്‍ എന്തു പറയുന്നുവെന്നല്ലാതെ നാട്ടുകാര്‍ എന്തു പറയുന്നു, അവര്‍ എന്തുവിചാരിക്കുന്നു എന്ന് കാണാന്‍ ദേശാഭിമാനി പ്രയോജനപ്പെടുന്നില്ല... നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാന്‍ നമ്മെപ്പോലെ മറ്റൊരു പത്രമില്ല. എന്നിരുന്നാലും നാം ആ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നില്ല. നാട്ടുകാരുമായി ഇടപഴകി അവരുടെ നിത്യജീവിതത്തില്‍ പങ്കുകൊണ്ട് അവരുടെ സജീവപ്രശ്നങ്ങളുമായി ഏറ്റുമുട്ടുന്ന എത്രയോ പ്രവര്‍ത്തകന്മാര്‍ നമുക്കുണ്ട്. അവരെല്ലാം ദിവസേനെ കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ചുരുങ്ങിയ തോതിലൊന്ന് പ്രതിഫലിപ്പിക്കുകമാത്രം ചെയ്താല്‍ കേരളത്തിലെ മറ്റൊരുപത്രത്തിനും കഴിയാത്തത്ര കേരളീയജീവിതത്തിന്റെ കണ്ണാടിയാകാന്‍ ദേശാഭിമാനിക്ക് കഴിയും'' (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ -ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍ - വാല്യം 5, പേജ് 354, 356).
ഉളളടക്കത്തില്‍ മാത്രമല്ല, ശൈലിയിലും മാറ്റം വേണ്ടതുണ്ടെന്ന് ഇഎംഎസ് നിര്‍ദ്ദേശിച്ചു. "എന്തുകാര്യവും പാര്‍ട്ടിക്കു മാത്രമായുളള ഭാഷയില്‍ പറയുകയെന്ന പതിവ് മാറ്റി സംഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും ലളിതമായി നേരെയങ്ങ് പറയുന്ന ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ടുണ്ട്'' (കേരള പാര്‍ട്ടിയുടെ ഇന്നത്തെ കടമകള്‍ - വാല്യം 5, പേജ് 354). ഈ ശൈലി മുന്നോട്ടുകൊണ്ടുപോകണം എന്നതായിരുന്നു ഇഎംഎസിന്റെ പക്ഷം.
"പത്രത്തില്‍ ഉപയോഗിക്കുന്ന ഭാഷാശൈലി മുതലായവയെക്കുറിച്ചും ഒരുവാക്ക്. ഒരു വ്യാഴവട്ടത്തിലധികം കാലമായി നിരന്തരം നടന്നുപോന്ന പ്രവര്‍ത്തനം പാര്‍ട്ടിയെ സാധാരണ ജനങ്ങളുമായി വളരെയേറെ അടുപ്പിച്ചിരുന്നു. തൊഴിലാളികളും കൃഷിക്കാരും മറ്റു പാവപ്പെട്ടവരും വന്‍തോതില്‍ പാര്‍ടിയുടെ അണികളിലേക്ക് കടന്നുവന്നിരുന്നു. പത്രത്തില്‍ ഉപയോഗിച്ച ഭാഷയിലും അത് പ്രതിഫലിക്കാന്‍ തുടങ്ങി. ഗ്രാമ്യം എന്ന പേരില്‍ അടുത്തകാലം വരെ വര്‍ജിച്ചിരുന്ന ഒട്ടേറെ മലയാളപദങ്ങള്‍ ഉപയോഗത്തില്‍ വരുത്താന്‍ ബോധപൂര്‍വമായിത്തന്നെ ദേശാഭിമാനി പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. അഭ്യസ്തവിദ്യരായ എഴുത്തുകാരുടെ പാണ്ഡിത്യം പകടിപ്പിക്കാനല്ല, സാധാരണക്കാര്‍ക്ക് ഗ്രഹിക്കത്തക്കവിധത്തില്‍ ലളിതമായി എഴുതാനാണ്, തൊഴിലാളിവര്‍ഗത്തിന്റെ പത്രം ശ്രദ്ധിക്കേണ്ടതെന്ന് ദേശാഭിമാനി പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ ബോധ്യമുണ്ടായിരുന്നു.
ഇതിനുമുമ്പ് ചിലപ്പോള്‍ ഈ ലേഖകന്‍ ചൂണ്ടിക്കാണിച്ചതുപോലെ, അനുകരണീയമായ ആ മാതൃകയില്‍ നിന്ന് തിരിച്ചുപോയി പത്രത്തെ അഭ്യസ്തവിദ്യരുടെ കുത്തകയാക്കുന്ന പ്രക്രിയയില്‍ മറ്റു മലയാള പത്രങ്ങളെയെന്നപോലെ ദേശാഭിമാനി അടക്കമുളള പാര്‍ട്ടിപത്രങ്ങളും പിന്നീടുളള കാലത്ത് പങ്കാളിയായിട്ടില്ലേ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു''(ദേശാഭിമാനി- ഇ എം എസ് സമ്പൂര്‍ണ്ണ കൃതിള്‍- വാല്യം 77, പേജ് 213, 214).
കമ്യൂണിസ്റ്റ് വിരോധവും മുഖ്യധാരാമാധ്യമങ്ങളും
മാതൃഭൂമിയോ മനോരമയോ ഒരുകാലത്തും കമ്യൂണിസ്റ്റ് അനുകൂലനിലപാട് സ്വീകരിച്ചില്ലെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന പരിഗണന ഇടതുപക്ഷത്തിന് നല്‍കിവന്നിരുന്നു എന്ന് പറഞ്ഞുവല്ലോ. എന്നാല്‍ സ്വാതന്ത്ര്യസമ്പാദനത്തോടെ മുഖ്യരാഷ്ട്രീയസമരം കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷവും തമ്മിലായിത്തീര്‍ന്നു. ഇത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും പ്രതിഫലിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തിയുടെ വളര്‍ച്ച പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് എത്തിയതോടെ മുഖ്യധാരാ മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരോധം ഉച്ചസ്ഥായിയിലെത്തി.
വിമോചനസമര മാസങ്ങളില്‍ കൊടുമ്പിരിക്കൊണ്ട കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണം മലയാളിയുടെ സാമുഹ്യമനസ്സില്‍ ഒരു മസ്തിഷ്ക പ്രക്ഷാളനം തന്നെ നടത്തുന്നതിന് പര്യാപ്തമായിരിന്നു. വിമോചനസമരാഭാസത്തിന് അനുകൂലമായ പൊതുസമ്മതി സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിച്ചത് പത്രങ്ങളായിരുന്നു. കേരളത്തിലെ 30 പത്രങ്ങളില്‍ 26 എണ്ണവും കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് ധേബറിന്റെ ഒരു പ്രധാന അവകാശവാദം. വേറിട്ടുനിന്ന ബാക്കി നാല് പത്രങ്ങള്‍ കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ളവയായിരുന്നു. 1957-ല്‍ 19 പത്രങ്ങള്‍ക്ക് രണ്ടര ലക്ഷം കോപ്പി പ്രചാരമാണുണ്ടായിരുന്നത്. 1959 ആകുമ്പോഴേക്ക് ഇത് 30 പത്രങ്ങളും ഏതാണ്ട് ആറു ലക്ഷം പ്രചാരവുമായി വര്‍ധിച്ചു. പത്രപ്രചാരണത്തില്‍ വന്ന ഈ എടുത്തു ചാട്ടം കമ്യൂണിസ്റ്റ് ഭരണാരോഹണവും നടപ്പിലാക്കിയ പരിഷ്കാരങ്ങളും അവയ്ക്കെതിരായ പ്രക്ഷോഭവുമെല്ലാം ജനങ്ങളില്‍ സൃഷ്ടിച്ച വാര്‍ത്താതല്പരത സംബന്ധിച്ച ചൂണ്ടുപലകയാണ്. മനോരമ അടിമുടി കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മാതൃഭൂമിയാകട്ടെ കമ്യൂണിസ്റ്റ് ഭരണത്തെ കൂടുതല്‍ സഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്. വിദ്യാഭ്യാസബില്‍ വിരുദ്ധ പ്രക്ഷോഭം, കാര്‍ഷികനിയമത്തോടുള്ള എതിര്‍പ്പ് തുടങ്ങിയ കാര്യങ്ങളിലെന്ന പോലെ പ്രത്യക്ഷസമരത്തോടും നെഹ്റുവും മലബാറിലെ കോണ്‍ഗ്രസ് നേതൃത്വവുമെടുത്തുവന്ന സമീപനത്തോടായിരുന്നു മാതൃഭൂമിക്ക് കൂടുതല്‍ യോജിപ്പ്. എന്നാല്‍ പ്രത്യക്ഷ സമരത്തിന് ഇന്ദിരാഗാന്ധിയുടെ പച്ചക്കൊടി കിട്ടിയതോടെ മാതൃഭൂമി വേഗത്തില്‍ നിലപാട് തിരുത്തി. വിമോചനസമരം തുടങ്ങിയതോടെ മലബാറിലെ സമരത്തിന്റെ ജിഹ്വയായിട്ടു തന്നെ അത് മാറി.
ബാക്കിയുള്ള ഏതാണ്ട് എല്ലാ പത്രങ്ങളും ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെയോ പാര്‍ട്ടിയുടെയോ മുഖപത്രങ്ങളായിരുന്നു. ദീപിക പത്രം പൊതുവെ സിറിയന്‍ കത്തോലിക്കരുടെ വക്താവായിരുന്നു. ലത്തീന്‍ കത്തോലിക്കാ സഭയുടെ കേരളാ ടൈംസ്, തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരള ജനത, ആര്‍ എസ് പിയുടെ മുഖപത്രമായിരുന്ന കൌമുദി, കെ കാര്‍ത്തികേയന്റെ പത്രാധിപത്യത്തിലുള്ള പൊതുജനം, കെ ജി ശങ്കര്‍ ആരംഭിച്ച മലയാളരാജ്യം തങ്ങള്‍കുഞ്ഞ് മുസലിയാര്‍ ആരംഭിച്ച പ്രഭാതം, ആര്‍ ശങ്കര്‍ ആരംഭിച്ച ദിനമണി, എ വി ജോര്‍ജ് നടത്തിയ കേരളഭൂഷണം, എന്‍എസ്എസിന്റെ മുഖപത്രമായ ദേശബന്ധു, കരുണാകരന്‍ നമ്പ്യാര്‍ പത്രാധിപരായിട്ടുള്ള എക്സ്പ്രസ്, ഫാ. വടക്കന്റെ തൊഴിലാളി, മുസ്ളിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക, സുകുമാര്‍ അഴീക്കോടിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന ദിനപ്രഭ എന്നിങ്ങനെയുളള പത്രങ്ങളെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടായിരുന്നു സ്വീകരിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രങ്ങളായ ജനയുഗത്തിനും ദേശാഭിമാനിക്കും പുറമെ തൃശൂരില്‍ നിന്നുള്ള മുണ്ടശേരിയുടെ നവജീവനും കമ്യൂണിസ്റ്റ് അനുഭാവം പുലര്‍ത്തി. കേരളകൌമുദിക്കും താരതമ്യേനെ സര്‍ക്കാരിനോട് അനൂകൂലമനോഭാവമായിരുന്നു. ഈഴവ സമുദായത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ വലിയ ബഹുജനപിന്തുണയില്‍ നിന്ന് മാറി നില്‍ക്കുന്നതിന് കേരളകൌമുദിക്ക് കഴിയുമായിരുന്നില്ല. സംവരണം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ ശക്തമായി എതിര്‍ത്തെങ്കിലും വിമോചനസമരത്തില്‍ പങ്കാളികളാകാന്‍ കേരളകൌമുദി വിസമ്മതിച്ചു. സര്‍ക്കുലേഷനില്‍ അന്ന് മൂന്നാം സ്ഥാനത്ത് കേരളകൌമുദി ആയിരുന്നു.
തികഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെ പത്രങ്ങള്‍ നടത്തിയ വിഷലിപ്തമായ പ്രചരണം സര്‍ക്കാരും മാധ്യമങ്ങളും തമ്മിലുളള ബന്ധം വഷളാക്കി. 1959 മെയ് രണ്ടിന് തിരുവനന്തപുരത്തു ചേര്‍ന്ന അഖിലേന്ത്യാ പത്രാധിപ സംഘടനയുടെ സമ്മേളനത്തില്‍ ആ സംഘര്‍ഷം പ്രതിഫലിച്ചു. സമ്മേളനത്തിന് സ്വാഗതം പറഞ്ഞ കെ എം ചെറിയാന്‍ 'കേരളത്തിലെ പത്രങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധത്തില്‍ അല്‍പം മുറുക്കമുണ്ട് ' എന്ന് തുറന്നു പ്രസ്താവിച്ചു. ഇതിനോട് പ്രതികരിച്ചു കൊണ്ട് "ഒരുവിഭാഗം പത്രക്കാര്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കുവാന്‍ തയ്യാറല്ല... ഈ ഗവണ്‍മെന്റിനെ നിഷ്കാസനം ചെയ്യാന്‍ ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പത്രമിവിടെയില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഉദാഹരണമായി കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് അക്രമത്തിന്റെ ഭാഷയല്ലാതെ മറ്റൊന്നും മനസ്സിലാവില്ല എന്ന് ഒരു പത്രം പച്ചയായി മുഖപ്രസംഗം എഴുതിയിരിക്കുന്നു... ഒരു പത്രപ്രവര്‍ത്തന കോഡുണ്ട്. ഈ കോഡില്‍ ഒരു വകുപ്പുണ്ട്. വസ്തുതകള്‍ വളച്ചൊടിക്കരുത്. പക്ഷേ കേരളത്തിലെ പത്രങ്ങളില്‍ 25 ശതമാനമെങ്കിലും ആ കോഡ് സ്വീകരിച്ച് ഉറച്ചു നില്‍ക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്... വസ്തുതകള്‍ വളച്ചൊടിക്കുക മാത്രമല്ല വസ്തുതകള്‍ ഉല്പാദിപ്പിക്കുകയാണ് നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്നു കാണാം.... അത് പത്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ അത് തിരുത്തണമെന്നുണ്ട്. ഇവിടെ ഞാനൊരു ഉദാഹരണം പറയാം. ധനകാര്യമന്ത്രിയുടെ ശേഷക്കാരിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു എന്നൊരു പത്രം ഒരു വാര്‍ത്ത പ്രസിദ്ധപ്പെടുത്തി. അവരുടെ പേരും വയസുമെല്ലാം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിന് അത്തരത്തില്‍ പേരും വയസുമുളള ഒരു അനന്തിരവള്‍ തനിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ധനകാര്യമന്ത്രി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയ പത്രത്തിന്റെ ഏറ്റവും പ്രാഥമികമായ ഒരു കടമയായിരുന്നു, ഈ തെറ്റ് അംഗീകരിച്ച് തിരുത്തുക എന്നത്. എന്നാല്‍ ധനകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷവും ചില പത്രങ്ങള്‍ ഈ തെറ്റായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി എന്ന് വിചാരിക്കുക. അവര്‍ക്ക് നല്‍കാന്‍ തെളിവൊന്നുമില്ല. എങ്കിലും അവര്‍ കളളക്കഥ ആവര്‍ത്തിക്കും. ... ധര്‍മ്മപ്രമാണങ്ങള്‍ നിര്‍ബന്ധമാക്കുന്ന പ്രശ്നം പൂര്‍ണമായും പത്രാധിപന്മാര്‍ക്കു തന്നെ വിട്ടുകൊടുക്കണമെന്നുള്ളതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. എന്നാല്‍ പത്രാധിപന്മാര്‍ അത് ചെയ്തില്ലെങ്കിലോ? എന്താണ് പിന്നീട് ചെയ്യേണ്ടത്?'' എന്ന് പത്രാധിപസമ്മേളനത്തില്‍ ഇ എം എസ് തുറന്നടിച്ചു.
കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഈ കാലത്തെ ഇഎംഎസ് ഇപ്രകാരമാണ് നിരീക്ഷിച്ചത്: "മുപ്പതില്‍പ്പരം വരുന്ന ഭാഷാപത്രങ്ങളില്‍ ഭൂരിപക്ഷവും മന്ത്രിസഭയെ മൊത്തത്തിലും അതുപോലെതന്നെ മന്ത്രിമാരെ വ്യക്തിപരമായും അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടി വസ്തുതകള്‍ വളച്ചൊടിക്കുകയും നുണകള്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുക എന്ന നയത്തിലേയ്ക്ക് നീങ്ങി. 'കൈയില്‍ വരുന്ന ഓരോ അവസരവും ഓരോ പ്രത്യേക പ്രശ്നവും അവരെ ചെളിവാരിയെറിയാന്‍ ഉപയോഗിക്കുക; അവസരങ്ങളും പ്രശ്നങ്ങളുമൊന്നും കിട്ടുന്നില്ലെങ്കില്‍ അവ സൃഷ്ടിക്കുക' - കമ്മ്യൂണിസ്റ്റ് വിരുദ്ധപത്രങ്ങളുടെയും പ്രക്ഷോഭകരുടെയും കേന്ദ്രലക്ഷ്യം ഇതായി തീര്‍ന്നു''.
സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനും മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഏറ്റവും വഷളായ ഒരു മലയാള ശൈലി തന്നെ വിമോചനസമരകാലത്ത് പത്രങ്ങള്‍ വാര്‍ത്തെടുത്തു. നിയമമന്ത്രിയായ കൃഷ്ണയ്യര്‍ക്ക് ശക്തമായി ഇതിനെതിരെ പ്രതികരിക്കേണ്ടി വന്നു: "മനുഷ്യന്മാരെ കല്പിച്ചുകൂട്ടി അപകീര്‍ത്തിപ്പെടുത്തുന്നവര്‍, അവരെത്ര വലിയ ആളായാലും ശരി, കോടതികളുടെ മുമ്പാകെ ഉത്തരം പറയേണ്ടി വരും. അതു പറയിപ്പിക്കുക തന്നെ ചെയ്യും. പത്രസ്വാതന്ത്ര്യത്തിന്റെ പതാകാവാഹകന്മാരായി ഇവിടെ അഭിനയിക്കുന്നവര്‍ പത്രമുടമകളെ ഇക്കാര്യം അറിയിക്കുന്നത് നന്ന്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നത് അഭിമാനകരമായ ഒരു ജോലി അല്ല. നിയമത്തേയും നീതിന്യായാസനങ്ങളെയും നാവു കൊണ്ടുമാത്രം സേവിച്ച് മന്ത്രിമാരെപ്പറ്റി സഭ്യേതരങ്ങളും അപമാനകരങ്ങളും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ നടത്തുന്നവര്‍ നിയമത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെടുമെന്ന് വ്യാമോഹിക്കേണ്ടതില്ല''.
വി ആര്‍ കൃഷ്ണയ്യര്‍ ദിനമണി, പൊതുജനം, മലയാള മനോരമ എന്നീ പത്രങ്ങള്‍ക്കെതിരായും എം എന്‍ ഗോവിന്ദന്‍ നായര്‍ കേരളഭൂഷണത്തിനെതിരായും ടി വി തോമസ് എക്സ്പ്രസിനെതിരായും മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തു. ദീപിക പത്രാധിപര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസും ചാര്‍ജ് ചെയ്തു.
മാധ്യമങ്ങളെ വിമോചനസമരക്കാര്‍ സമര്‍ത്ഥമായി ദുരുപയോഗം ചെയ്തു. പൊതുജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയും നിര്‍വീര്യരാക്കുകയും ചെയ്തുകൊണ്ട് പത്രങ്ങളടക്കമുള്ള ആശയപ്രചരണോപകരണങ്ങളുടെ ഉടമസ്ഥരുടെയും മതമടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നവരുടെയും സ്ഥാപിതതാല്‍പര്യങ്ങള്‍ക്ക് സമൂഹത്തില്‍ പത്രങ്ങള്‍ മേല്‍ക്കൈ സൃഷ്ടിച്ചു.
1957-ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിന് അന്തര്‍ദ്ദേശീയ വാര്‍ത്താ പ്രാധാന്യമുണ്ടായിരുന്നു. 'കേരളത്തിലെ സംഭവ വികാസങ്ങളുടെ അന്തര്‍ദേശീയ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ 57-59 കാലത്തെ ന്യൂയോര്‍ക്ക് ടൈംസിലെ 'കേരളത്തിലെ ചുവപ്പന്‍മാരെ' കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മതി.
1957 ഓഗസ്റ്റ് 25-ന് ലണ്ടന്‍ ഒബ്സര്‍വറിന്റെ വാര്‍ത്താ ലേഖകന്‍ വില്യം ക്ളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് തുടങ്ങിയത് ഇപ്രകാരമായിരുന്നു, 'സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു എന്നതിനാലാണ് കേരളം പുറംലോകത്തിന് പ്രധാനപ്പെട്ടതായിത്തീരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഇത് പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ്. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണമില്ലാത്ത ഏക സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയില്‍ ഏതാണ്ട് ഒറ്റ അച്ചില്‍ വാര്‍ത്ത ഇന്ത്യന്‍ ഭരണ സംവിധാനത്തിന് ഏക പ്രായോഗിക ബദല്‍ സംവിധാനം ഇതായിരിക്കും. അങ്ങനെ കേരളത്തിലെ ഭരണം വിജയിപ്പിക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഔദ്യോഗിക പ്രതിപക്ഷം എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യശസ്സ് ഉയരും.' ഇന്ത്യ ഇടത്തോട്ട് നീങ്ങുന്നതിന്റെ സൂചനയാണോ കേരളം എന്ന ആകാംക്ഷയായിരുന്നു പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായിരുന്നത്.
*
ഡോ. ടി എം തോമസ് ഐസക് കടപ്പാട്: ചിന്ത മേയ് ദിന പതിപ്പ്
മാധ്യമരംഗം ഇ എം എസിന് ശേഷം
Subscribe to:
Post Comments (Atom)
9 comments:
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മലയാളമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇഎംഎസ്. വാര്‍ത്തയുടെ മുഖ്യഉറവിടം മാത്രമല്ല, മാധ്യമപ്രവര്‍ത്തകനും മാധ്യമവിമര്‍ശകനുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപൂര്‍വകാലത്തെ ആദര്‍ശപ്രോജ്വല മാധ്യമസരണിയിലെ പത്രാധിപര്‍, സ്വാതന്ത്ര്യാനന്തരകാലത്തെ മാധ്യമ വാണിജ്യവത്കരണത്തില്‍ നിന്ന് വ്യത്യസ്ത സരണി തുറന്ന ബദല്‍ മാധ്യമ പ്രവര്‍ത്തകന്‍, മുഖ്യധാരാ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധത്തിനെതിരെ പ്രതിരോധം തീര്‍ത്ത രാഷ്ട്രീയ നേതാവ്, ബഹുജനങ്ങളുടെ മാധ്യമ സാക്ഷരതയ്ക്കു വേണ്ടി നിരന്തരം തൂലിക ചലിപ്പിച്ച വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം ഇഎംഎസിനെ വിലയിരുത്താം.
1920കളുടെ അവസാനം ഉണ്ണി നമ്പൂതിരിയിലൂടെയാണ് ഇഎംഎസ് പൊതുപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പറയാം. സാമൂഹ്യപരിഷ്കരണത്തില്‍ നിന്ന് ദേശീയപ്രസ്ഥാനത്തിലേക്കും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും ഇഎംഎസ് വളര്‍ന്നു. പൊതുപ്രവര്‍ത്തനത്തിന്റെ ഈ രണ്ടാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1935ല്‍ ഷൊര്‍ണൂരില്‍ നിന്നും 1938ല്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ച "പ്രഭാതം'' വാരിക. കോണ്‍ഗ്രസ് സോഷ്യലിസത്തില്‍ നിന്ന് കമ്മ്യൂണിസത്തിലേക്ക് ഇഎംഎസിന്റെ തലമുറ നീങ്ങി. ഇഎംഎസിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഈ മൂന്നാംഘട്ടത്തിന്റെ ജിഹ്വയായിരുന്നു 1942ല്‍ ആദ്യം വാരികയായും പിന്നീട് ദിനപത്രമായും കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ദേശാഭിമാനി.
തോമസ് ഐസക് പറയുംപോലെ കേസരിയെ പണ്ഢിതമൂഢന്‍ എന്ന് വിശേഷിപ്പിക്കുക മാത്രമല്ല ഇ എം എസ് ചെയ്തത്, പുലഭ്യം വിളിക്കുകയും തെറിയില്‍ കുളിപ്പിക്കുകയുമാണ്.
"സര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനും മന്ത്രിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഏറ്റവും വഷളായ ഒരു മലയാള ശൈലി തന്നെ വിമോചനസമരകാലത്ത് പത്രങ്ങള്‍ വാര്‍ത്തെടുത്തു."
എതിരാളികള്‍ക്കെതിരെ വ്യക്തിപരമായി നെറികെട്ട ആക്രമണം അഴിച്ചുവിടുന്നതില്‍ മുമ്പനായിരുന്ന ഇ എം എസ്. കേസരി ബാലകൃഷ്ണപിള്ളക്കെതിരെ അദ്ദേഹം നടത്തിയ ലൈംഗിക അരാജകത്വത്തിന്റെ പ്രണേതാവ് എന്ന ആരോപണം മാത്രം മതി ഇതു തെളിയിക്കാന്‍. അത് ഇ എം എസ് തുടങ്ങിയത് 1949ല്‍. ആ തെറിവിളി ലേഖനം ഞാന്‍ ഇവിടെ കൊടുത്തിട്ടുണ്ട്.
ഇ എം എസ് എന്ന പണ്ഡിത ആഭാസന്‍
"വി ആര്‍ കൃഷ്ണയ്യര്‍ ദിനമണി, പൊതുജനം, മലയാള മനോരമ എന്നീ പത്രങ്ങള്‍ക്കെതിരായും എം എന്‍ ഗോവിന്ദന്‍ നായര്‍ കേരളഭൂഷണത്തിനെതിരായും ടി വി തോമസ് എക്സ്പ്രസിനെതിരായും മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തു. ദീപിക പത്രാധിപര്‍ക്കെതിരെ സര്‍ക്കാര്‍ ക്രിമിനല്‍ കേസും ചാര്‍ജ് ചെയ്തു."
എം എന്‍ ഗോവിന്ദനായര്‍ക്കും ടി വി തോമസിനും എതിരെ ഇ എം എസ് പറഞ്ഞ തെറി സമ്പൂര്‍ണ്ണകൃതികളില്‍ സഞ്ചയിച്ചിട്ടുണ്ടാവുമല്ലോ?
കാലിക്കൊസെന്റ്രിക്ക് സ്കാന്‍ ചെയ്തിട്ട ഭാഗത്ത് കേസരി ബാലകൃഷ്ണപിള്ളയുടെ ഗുണവും ദോഷവും ഇ.എം.എസ്. പറയുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളെയൊക്കെ തെറി, തെറിവിളി എന്ന് വിശേഷിപ്പിക്കുന്നത് താന്‍ എഴുതിയതില്‍ ഒരു പുണ്ണാക്കുമില്ലെന്ന് കാലിക്കോക്ക് തന്നെ അറിയുന്നതിനാല്‍. ഇ.എം.എസ്സിനെ തെറിവിളിക്കാന്‍ മാത്രം ഒരു ബ്ലോഗ് തുടങ്ങിയ ആള്‍ തന്നെ ഇങ്ങിനെ പറയുമ്പോള്‍ അത് കൂടുതല്‍ പരിഹാസ്യമാവുന്നു.
കേസരിയെ ലൈംഗിക അരാജകത്വത്തിന്റെ പ്രണേതാവ് എന്നു വിളിച്ചത് വളരെ മാന്യമായിപ്പോയി. കേസരിക്ക് ലൈംഗിക വിപ്ലവത്തിലാണ് താത്പര്യമെന്നു കണ്ട് പോളും മുണ്ടശ്ശേരിയും കൂടെക്കൂടിയിരിക്കുകയാണ് എന്നു പറയുന്നത് വളരെ മാന്യമായിപ്പോയി. ഇത്രയും നെറികെട്ട രീതികള്‍ പ്രയോഗിക്കുന്ന ഒരു പാര്‍ട്ടിയും നേതാക്കന്മാരുമാണ് പത്രക്കാര്‍ (എടോ ഗോപാലകൃഷ്ണാ)തങ്ങള്‍ക്കെതിരെ വഷളായ ശൈലി ഉപയോഗിക്കുന്നതിനെപ്പറ്റി പരാതിപ്പെടുന്നത്!
ഇ എം എസ് അര്‍ഹിക്കുന്നത് ഇ എം എസ്സിനു ഞാന്‍ നല്കുന്നു. ഇത്ര നിന്ദ്യമായ personal attacks എഴുത്തിലും പ്രസംഗത്തിലും നടത്തിയ ഒരു ദേഹം കൂടുതല്‍ മെച്ചമായതൊന്നും അര്‍ഹിക്കുന്നില്ല.
ആ ലേഖനം മുഴുവനയി വായിക്കുകയും കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ പ്രശ്നം തീരും. അവിടെ നിന്നും ഇവിടെനിന്നും ഓരോന്ന് എടുത്ത് ചാമ്പിയിട്ട് വ്യാഖ്യാനം ചമക്കുന്നതില്‍ കാര്യമില്ല.
വിഷയത്തില്‍ നിന്ന് മാറുന്നതില്‍ ക്ഷമ. വ്യക്തികളുടെ മേല്‍ സമൂഹത്തിന്റേയും ഗവണ്മെന്റിന്റേയും നിയന്ത്രണങ്ങള്‍ക്കെതിരായ ചിന്താഗതിയാണ് അരാജകവാദം.ലൈംഗികതയിലും അത് ആവശ്യമില്ല എന്ന് അഭിപ്രയമുള്ളവരുണ്ട്.ലൈംഗിക അരാജകത്വം എന്ന വാക്ക് “തെറിയില്‍ കുളിപ്പിക്കലാ“ണ് എന്ന് പറയുന്നത് ഈ ആശയം മനസ്സിലാക്കാത്തതുകൊണ്ടാണ്.
ഇന്നു കിട്ടിയ ആശയത്തെ 60 കൊല്ലം പിന്നിലേക്ക് സോദ്ദേശ്യം പ്രക്ഷേപിക്കുന്നത് മിടുക്കല്ല, മിടുക്കുകേടാണ്. തന്റെ ശൈലി ശരിയായില്ലെന്നു ഇ എം എസ് തന്നെ പിന്നീട് പറയാന്‍ നിര്‍ബന്ധിതനായിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ് ദശകങ്ങള്‍ക്കുശേഷം വയസ്സുകാലത്ത് മേരി റോയിയെ തെറിവിളിക്കാന്‍ അങ്ങോര്‍ക്ക് ഉളുപ്പുണ്ടായില്ലെന്നതും ഓര്‍ക്കണം.
ഇ എം എസ് അര്‍ഹിക്കുന്നത് ഇ എം എസ്സിനു ഞാന്‍ നല്കുന്നു
ഇയാള്‍ ആരുവ്വേ!
”വയസ്സുകാലത്ത് മേരി റോയിയെ തെറിവിളിക്കാന്‍ ”
ആ തെറിയൊന്നു കേള്‍ക്കാന്‍ കൊതിയാവുന്നു കാലിക്കോ..
Post a Comment