Tuesday, May 25, 2010

ലോക കപ്പ് ഫുട്ബോള്‍ - വിവാദങ്ങളിലൂടെ; ദുരന്ത സ്മൃതികളിലൂടെ

കടിഞ്ഞാണില്ലാത്ത മനോരഥങ്ങളിലൂടെ നാം യാത്ര തുടങ്ങുകയായി. മോഹങ്ങളും മോഹഭംഗങ്ങളും പേറി ഫുട്ബോളിന്റെ മാസ്മരികതയില്‍ ലോകം അലിഞ്ഞുചേരുകയാണ്. ചരിത്രവും അതിലെ തെറ്റുകളും തിരുത്തലുകളും പ്രതികാരങ്ങളും യുദ്ധങ്ങളും സംഗീതവും നൃത്തവും പ്രണയവും വീരാരാധനയുമെല്ലാം ഇടകലരുന്ന ചലനാത്മക പ്രതിഭാസമായ ഫുട്ബോള്‍ എന്ന കായികവിനോദം എവിടെ തുടങ്ങി; എങ്ങനെ വളര്‍ന്നു.

ഈ കളിയുടെ പ്രാകൃത രൂപങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരത്തില്‍ പ്രചാരത്തിലിരുന്നു. ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയില്‍ 'സുചു' എന്നപേരില്‍ ഫുട്ബോളിനോട് സാദൃശ്യമുള്ള ഒരു കളി ഉണ്ടായിരുന്നു. റോമന്‍ യുഗത്തില്‍ ഈ കളിയുടെ പ്രാക്തന രൂപങ്ങള്‍ നിലനിന്നിരുന്നു. വലിയ ഒരു പന്ത് ഉപയോഗിച്ച് കളിച്ച 'എപ്പിസ്ക്കുറോസ്' എന്ന കളിയിലേക്ക് ഗ്രീക്ക് ചരിത്രവും വെളിച്ചം വീശുന്നു. ഇറ്റലിയില്‍ 'കാല്‍ചിയോ' എന്ന പന്തുകളിയെപ്പറ്റിയും രേഖയുണ്ട്. അങ്ങനെ ചരിത്രത്തിന്റെ താളുകള്‍ പിന്നോട്ടുമറിക്കുമ്പോള്‍ ഫുട്ബോള്‍ എന്ന കളിയുടെ പിറവിയെപ്പറ്റി എത്രയെത്ര ഹൃദയഹാരിയായ കഥകള്‍.

ഏതായാലും വിചിത്രമായ ഒരു വിനോദം. ഏതോ വസ്തു കാലുകൊണ്ടു തട്ടിത്തെറിപ്പിച്ചു കളിച്ചിരുന്ന ഒരാളില്‍നിന്നാവാം തുടക്കം. എതിരിടാന്‍, അയാളെ തടഞ്ഞ് അത് കൈക്കലാക്കാന്‍ മറ്റൊരാളെത്തുന്നു. പിന്നെ ഒന്നിലേറെപ്പേര്‍. അത് ഉഗ്രമായ പോരാട്ടമായി മാറുന്നു. ഏകീകൃത നിയമങ്ങളുമായി ഫുട്ബോള്‍ കളി സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ കടന്നുവന്നിട്ട് കേവലം 140 വര്‍ഷമേ ആകുന്നുള്ളുവെങ്കിലും മൂവായിരത്തിലേറെ വര്‍ഷങ്ങളുടെ നിരന്തരമായ പരിവര്‍ത്തനങ്ങളുടെയും തേരോട്ടങ്ങളുടെയും കഥകളാണ് ഈ രംഗത്തെ ഗവേഷകര്‍ക്ക് നമ്മോടു പറയാനുള്ളത്. അതുകൊണ്ടുതന്നെ മാനവരാശിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പുരോഗതിയുടെയും ചരിത്രത്തോടൊപ്പം കാലപ്പഴക്കമുള്ള കായിക വിനോദമെന്ന നിലയില്‍ ഫുട്ബോളും ആഗോള സഞ്ചാരത്തിലാണ്.

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദമായ ഫുട്ബോളിന്റെ വളര്‍ച്ച എത്ര തീവ്രം; എത്ര വേഗം. അഭിമാനം, ആദരവ്, പ്രശസ്തി - വ്യക്തിക്കും കുടുംബത്തിനും ഗോത്രത്തിനും രാഷ്ട്രത്തിനും ഒരു വികാരമായുള്ള അതിന്റെ വളര്‍ച്ചക്ക് രൂപങ്ങളില്ല, ഭാവങ്ങളേയുള്ളു.

ഫുട്ബോള്‍ ലോകകപ്പിനെപോലെ ലോകത്തിന്റെ ആശയും ആവേശവും പ്രതിഫലിപ്പിക്കുന്ന മറ്റൊരു കായികമേളയില്ല. എങ്ങനെയായിരുന്നു ലോകകപ്പിന്റെ തുടക്കം. 1863ല്‍ ഇംഗ്ളണ്ടില്‍ ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്എ) പിറക്കുന്നു. 1904ല്‍ ലോകഫുട്ബോള്‍ പരമാധികാര സമിതിയായ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ (ഫിഫ) നിലവില്‍വന്നു. 1928ല്‍ ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസില്‍ ഫ്രഞ്ച് ഫുട്ബോള്‍ സമിതി സെക്രട്ടറിയായി ഹെന്റി ഡിലേനി, ലോകകപ്പ് എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ പങ്കെടുത്ത രാജ്യങ്ങളില്‍ ആറിലൊന്നും അതിനെ എതിര്‍ത്തു. എന്നാല്‍ 1929ല്‍ ബാഴ്സലോണയില്‍ കൂടിയ ഫിഫ യോഗം ലോക ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായം രചിക്കുകയായിരുന്നു. തൊട്ടടുത്തവര്‍ഷം 1930ല്‍ പ്രഥമ ലോകകപ്പ് ഫുട്ബോള്‍ യാഥാര്‍ഥ്യമായി. 1920 മുതല്‍ 1954 വരെ ഫിഫയുടെ അധ്യക്ഷപദവി അലങ്കരിച്ച ഫ്രഞ്ചുകാരന്‍ യുള്‍റിമെ, ഹെന്റി ഡിലേനി, പോളണ്ടിലെ ഹീഷ്മെന്‍ എന്നിവരെല്ലാം ലോകകപ്പ് എന്ന ആശയത്തിന് മുഖ്യസംഭാവന നല്‍കിയവരാണ്.

വിരോധാഭാസമെന്നു പറയാം, ലോകകപ്പിനെ എതിര്‍ത്ത സ്വീഡനായിരുന്നു ആദ്യമേളക്ക് വിരുന്നൊരുക്കാന്‍ രംഗത്തെത്തിയ അഞ്ചു രാജ്യങ്ങളിലൊന്ന്. പക്ഷേ, കുറിവീണത് ഉറുഗ്വായ്ക്കായിരുന്നു. യുള്‍റിമെയുടെ പേരില്‍ ജേതാക്കള്‍ക്കുള്ള കപ്പ് സമ്മാനിക്കാന്‍ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ തയ്യാറായി. എന്നാല്‍ ആ ട്രോഫിക്ക് യുള്‍റിമെ കപ്പ് എന്ന് നാമകരണം ചെയ്യാന്‍ 1950ലെ നാലാം ലോകകപ്പ് വരെ കാത്തിരിക്കേണ്ടിവന്നു.

ഫ്രഞ്ച് ശില്‍പി ആബേല്‍ ലാഫ്ളറാണ് യുള്‍റിമെ കപ്പ് രൂപകല്‍പന ചെയ്തത്. 35 സെന്റിമീറ്റര്‍ ഉയരമുള്ള സ്വര്‍ണം പൂശിയ ട്രോഫിക്ക് 3.8 കിലോഗ്രാം ഭാരമുണ്ട്. 1970ല്‍ മെക്സിക്കോയില്‍വെച്ച് മൂന്നാമതും ബ്രസീല്‍ ചാമ്പ്യന്മാരായതോടെ കപ്പ് അവര്‍ക്ക് സ്വന്തമായി. യുള്‍റിമെ കപ്പിന്റെ പിന്‍ഗാമിയായി 1974ല്‍ നിലവില്‍വന്ന ഫിഫകപ്പിന് അഞ്ച് കിലോഗ്രാം തൂക്കവും 36 സെ. മീ. ഉയരവുമുണ്ട്. സ്വര്‍ണത്തിലുള്ള ഈ ട്രോഫി ഇറ്റാലിയന്‍ ശില്‍പി ഗസാനിഗയാണ് നിര്‍മിച്ചത്. ജയിക്കുന്ന രാജ്യത്തിന് അടുത്ത ടൂര്‍ണമെന്റുവരെ ട്രോഫി സൂക്ഷിക്കാം. യഥാര്‍ഥ കപ്പിന്റെ മാതൃകയാണ് ജേതാക്കള്‍ക്ക് സ്വന്തമായി കിട്ടുക.

ലോകകപ്പിന്റെ എട്ട് പതിറ്റാണ്ടത്തെ 18 കിരീടപോരാട്ടങ്ങളില്‍ കപ്പില്‍ മുത്തമിട്ടത് വെറും ഏഴു രാജ്യങ്ങള്‍. ഫൈനല്‍ കളിച്ചതോ പത്തും. അതിരുകളില്ലാത്തതാണ് ഫുട്ബോളിന്റെ ലോകം. ഇത്രയധികം ജനപ്രീതിയാര്‍ജിച്ച മറ്റൊരു കളിയില്ലതാനും. എന്നിട്ടും ലോകകിരീടം വിരലിലെണ്ണാവുന്ന രാജ്യങ്ങളെ ചുറ്റിപ്പറ്റിനില്‍ക്കുന്നത് കൌതുകകരമായ സവിശേഷതയാണ്. എന്നാലോ തീര്‍ത്താല്‍ തീരാത്ത വീറുംവാശിയുമായാണ് ഓരോ ലോകകപ്പും കടന്നുവരുന്നത്.

ലോകമെങ്ങും ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ടീം ബ്രസീലാണ്. അഞ്ചുതവണ കിരീടമണിഞ്ഞ ബ്രസീലിനു (1958, '62, '70, '94, 2002) പിന്നില്‍ ഇറ്റലി നാലുതവണയും (1934, '38, '82, 2006) ജര്‍മനി മൂന്നുവട്ടവും (1954, '74, '90) ഉറുഗ്വായ്യും (1930, '50) അര്‍ജന്റീനയും (1978, '86) രണ്ടുതവണ വീതവും ഫുട്ബോളിന്റെ പരമപീഠമേറി. ഫുട്ബോളിന്റെ തറവാട്ടുകാരായ ഇംഗ്ളണ്ട് 1966ലും ഫ്രാന്‍സ് 1998ലും ഓരോ വിജയമാഘോഷിച്ചു.

അതേസമയം ബ്രസീലിന്റെ സ്വപ്നടീമെന്നപോലെ ലോകകപ്പ് നേടാന്‍ സര്‍വ യോഗ്യതയുമുണ്ടായിട്ടും നിര്‍ഭാഗ്യംകൊണ്ട് അതു കൈവിട്ടുപോയ ഫെരങ്ക് പുഷ്കാസിന്റെ ഹംഗറിയും (1938, '54) യോഹാന്‍ ക്രൈഫിന്റെ നെതര്‍ലന്‍ഡ്സും (1974, '78) ചരിത്രത്തിന്റെ ദുരന്തങ്ങളാണ്. രണ്ടുതവണ ചെക്കോസ്ളോവാക്യയും (1934, '62) മറ്റൊരിക്കല്‍ സ്വീഡനും (1958) അവസാന കടമ്പയില്‍ വീണുപോയി.

1930ല്‍ ഉറുഗ്വായ്യില്‍ ആതിഥേയര്‍ കപ്പു നേടുന്നതു കണ്ടുകൊണ്ടാണ് ലോകകപ്പിന്റെ തുടക്കം. ഉറുഗ്വായ് അക്കാലത്ത് ഫുട്ബോളിലെ എണ്ണപ്പെട്ട ശക്തികളില്‍ ഒന്നായിരുന്നു. യൂറോപ്പില്‍ നിന്നുള്ള പല ടീമുകളും തെക്കെ അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്ര ദുഷ്കരമാണെന്നു പറഞ്ഞ് വിട്ടുനിന്നപ്പോള്‍ ടൂര്‍ണമെന്റിനെത്തിയത് 13 ടീമുകള്‍. റുമാനിയായും ഫ്രാന്‍സും ബല്‍ജിയവുമായിരുന്നു വിദേശ ടീമുകള്‍. 1928ലെ ഒളിമ്പിക് ഫുട്ബോളിന്റെ ആവര്‍ത്തനമായ ഫൈനലില്‍ അര്‍ജന്റീനയെ 4-2നു കീഴടക്കി ഉറുഗ്വായ് ലോകകപ്പിന്റെ പ്രഥമാവകാശികളായി. ലോകകപ്പില്‍ ആദ്യ ഗോളടിക്കുന്നത് ഫ്രാന്‍സിന്റെ ലൂഷ്യന്‍ ലോറങ് ആണ്. ആദ്യമത്സരത്തില്‍ മെക്സിക്കോയുടെ സഞ്ചിയിലാണ് ലോറങിന്റെ ആ ചരിത്രഗോള്‍ പതിച്ചത്. ഒടുവില്‍ ആതിഥേയ ക്യാപ്റ്റന്‍ നസാസി യൂള്‍റിമെയില്‍നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങുമ്പോള്‍ ബ്യൂനസ് അയറീസില്‍ കടുത്ത ഇച്ഛാഭംഗത്തിലായ അര്‍ജന്റീനയുടെ ആരാധകര്‍ അവിടെ ഉറുഗ്വായ് സ്ഥാനപതി മന്ദിരത്തിനുനേരെ കല്ലേറു നടത്തുകയായിരുന്നു.

രണ്ടാം ലോകയുദ്ധം ഒരു വ്യാഴവട്ടക്കാലത്തെ ഇടവേള സൃഷ്ടിക്കും മുമ്പ് 1934ലും 1938ലും സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ ഇറ്റലി ലോകത്തിന്റെ നെറുകയിലെത്തി. ലോകകപ്പ് ഇറ്റലി നേടിയിരിക്കണമെന്ന മുസ്സോളിനിയുടെ കല്‍പന കോച്ച് വിറ്റോറിയോ പോസ്സോ നിറവേറ്റിക്കൊടുത്തു. ഫുട്ബോളിന്റെ ജനകീയത സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുവാന്‍ രാഷ്ട്രനേതാക്കള്‍ ഉപയോഗിക്കുന്ന വര്‍ത്തമാനകാല പ്രവണതയുടെ ആരംഭവും റോമില്‍ തന്നെ. എന്നാല്‍ യൂറോപ്യന്‍ വമ്പന്മാരുടെ ബഹിഷ്കരണത്തിന് ഉറുഗ്വായ് മാപ്പുകൊടുത്തില്ല. ഇറ്റലിയിലെ രണ്ടാം ലോകകപ്പ് ചാമ്പ്യന്മാരില്ലാതെ അരങ്ങേറി. ഫ്രാന്‍സിലെ മൂന്നാം ലോകകപ്പിനും ഉറുഗ്വായ് ടീമിനെ അയച്ചില്ല. 34-ല്‍ ചാമ്പ്യന്മാരായത് ഇറ്റലിയാണെങ്കിലും ബഹുമതി മുഴുവന്‍ അര്‍ജന്റീനക്കു നല്‍കണം. ഇറ്റാലിയന്‍ പാസ്പോര്‍ട്ടുള്ള അര്‍ജന്റീനക്കാരായിരുന്നു ടീമിന്റെ കരുത്തും ആവേശവും. കഴിഞ്ഞ നൂറ്റാണ്ടിലെ ഐതിഹാസിക ഗോളിമാരായ ചെക്കോസ്ളോവാക്യയുടെ പ്ളാനിക്കയും ഓസ്ട്രിയയയുടെ പ്ളാസ്റ്ററും ഇറ്റലിയുടെ കോംബിയും സ്പെയിനിന്റെ സമോറയും ഇറ്റലിയില്‍ അണിനിരന്നപ്പോള്‍ ഇത് ഗോള്‍കീപ്പര്‍മാരുടെ ലോകകപ്പ് എന്ന വിശേഷണവും നേടി. ഫൈനലിന്റെ വിധികുറിച്ച ഏയ്ഞ്ചലൊ ഷിയാവിയോയുടെ എക്സ്ട്രാടൈമിലെ ഗോളിന് ചെക്കോസ്ളോവാക്യയെ 2-1നു കീഴടക്കിയായിരുന്നു ഇറ്റലി രണ്ടാം ലോകകപ്പിനു കര്‍ട്ടനിട്ടത്.

യൂറോപ്പിനു മീതെ യുദ്ധത്തിന്റെ കരിനിഴല്‍ വീണപ്പോഴാണ് 1938ല്‍ ഫ്രാന്‍സില്‍ മൂന്നാം ലോകകപ്പ് നടന്നത്. ഏഷ്യയില്‍നിന്നുള്ള ആദ്യടീമായ ഡച്ച് ഈസ്റ്റിന്‍ഡീസ്, (ഇപ്പോഴത്തെ സുരിനാം) ക്യൂബ എന്നിവ മാറ്റുരയ്ക്കാനെത്തി. അര്‍ജന്റീന പിന്മാറി. ഇംഗ്ളണ്ടിനെ പങ്കെടുപ്പിക്കാനുള്ള ഫിഫയുടെ ശ്രമം വീണ്ടും പരാജയപ്പെട്ടു. ആകെ 15 ടീമുകള്‍. എന്നാല്‍ ഫ്രാന്‍സിന്റെ മണ്ണ് ഗോളുകള്‍ക്ക് അനായാസം വഴങ്ങി. സെന്റര്‍ ഫോര്‍വേഡുകളായ ഇറ്റലിയുടെ പിയോള, ബ്രസീലിന്റെ ലിയോനിഡസ് ഡാസില്‍വ, ഹംഗറിയുടെ ജോര്‍ജ് സരോസി, സ്വിറ്റ്സര്‍ലന്‍ഡിന്റെ ബിക്കല്‍, ഫ്രാന്‍സിന്റെ നിക്കൊളസ് തുടങ്ങിയ ഗോളടിക്കാരുടെ ഉത്സവമായിരുന്നു ഈ ടൂര്‍ണമെന്റ്. ഫൈനലില്‍ ഹംഗറിയെ അനായാസം കീഴടക്കി മുസ്സോളിനിയുടെ ഇറ്റലി (4-2) ലോകമേധാവിത്വം ആവര്‍ത്തിച്ചു. ഇതോടെ വിറ്റോറിയോ പോസ്സോയും പെപ്പിനോ മീസയും തുടര്‍ച്ചയായി രണ്ടാമതും ലോകകപ്പ് ഉയര്‍ത്തുന്ന കോച്ചും ക്യാപ്റ്റനും എന്ന ബഹുമതിക്കര്‍ഹരായി.

ചരിത്രം കണ്ട എക്കാലത്തെയും ആവേശകരമായ കലാശക്കളി 1950ലേതായിരുന്നു. ബ്രസീലുകാര്‍ക്ക് ഫുട്ബോള്‍ ആത്മാവിന്റെ ഭാഷയാണ്. മഹായുദ്ധത്തിന്റെ വറുതിയില്‍ ചോരാത്ത പോരാട്ടവീര്യവുമായി ബ്രസീല്‍ ആതിഥ്യമരുളിയപ്പോള്‍ ആരും മറ്റൊരു ജേതാവിനെ കണക്കുകൂട്ടിയിരുന്നില്ല. പക്ഷേ, മാറക്കന സ്റ്റേഡിയത്തില്‍ ഉറുഗ്വായ് മഞ്ഞപ്പടയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ വിജയരഥമോടിച്ചു. ഫൈനല്‍ റൌണ്ട് ലീഗില്‍ സ്വന്തം മണ്ണിലെ അവസാന കളിയില്‍ ഒരു പോയിന്റ് നേടിയാല്‍ ബ്രസീല്‍ ചാമ്പ്യന്മാരാവുമായിരുന്നു. അഡമിര്‍, സീസിന്യോ, ജയര്‍ കൂട്ടുകെട്ടിന്റെ ഒത്താശയോടെ ഫ്രായിക്ക ബ്രസീലിനെ മുന്നിലെത്തിച്ചു. 20 മിനിറ്റിനകം ക്യാപ്റ്റന്‍ വരേലയുടെ പിന്തുണയോടെ ഷിയോഫിനോ ഉറുഗ്വായ്ക്ക് സമനില വരുത്തി. തുടര്‍ന്ന് ഘിഗ്ഗിയയുടെ മനോഹരമായ വിജയഗോള്‍ (2-1). ലോക ഫുട്ബോളില്‍ ഉറുഗ്വായ്ക്ക് കിരീടത്തിന്റെ രണ്ടാമൂഴം. സ്റ്റാന്‍ലി മാത്യൂസ്, ടോംഫിന്നി, ആല്‍ഫ്റാംസി തുടങ്ങിയ മഹാരഥന്മാരുടെ ഇംഗ്ളണ്ടിനെ, ഫുട്ബോളില്‍ അന്ന് അശുക്കളായിരുന്ന അമേരിക്ക അട്ടിമറിച്ചത് (1-0) ലോകകപ്പിലെ ചരിത്രരേഖയായി.

'മാന്ത്രിക മാഗ്യാറുകള്‍' എന്ന വിശേഷണവുമായെത്തിയ ഫെരങ്ക് പുഷ്കാസിന്റെ ഹംഗറിക്കായിരുന്നു 1954 പ്രതീക്ഷ കല്‍പിച്ചത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഗതി നിര്‍ണയിച്ച സ്വിറ്റ്സര്‍ലന്‍ഡിലെ ഈ ടൂര്‍ണമെന്റില്‍ ജര്‍മനി ജേതാക്കളാവുമെന്ന് പ്രതീക്ഷിച്ചവര്‍ ചുരുക്കം. ഗ്രൂപ്പ് മത്സരത്തില്‍ 8-3ന് പശ്ചിമ ജര്‍മനിയെ തരിപ്പണമാക്കിയ ഹംഗറി ലോകം കീഴടക്കുമെന്ന പ്രവചനവും കാറ്റില്‍ പറന്നു. ഫൈനലില്‍ ജര്‍മനി വെന്നിക്കൊടി പാറിച്ചു. സ്കോര്‍ പശ്ചിമ ജര്‍മനി -3 ഹംഗറി -2. ഹംഗറിയും ബ്രസീലും തമ്മില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ യുദ്ധമായിരുന്നു. 'ബേണിലെ യുദ്ധം' എന്നറിയപ്പെടുന്ന ഈ മത്സരം ഇംഗ്ളീഷ് റഫറി ആര്‍തര്‍ എല്ലിസ് നിയന്ത്രിച്ചത് രണ്ട് ബ്രസീലുകാരെയും ഒരു ഹംഗറിക്കാരെയും പുറത്താക്കിയാണ്. 4-2ന് ഹംഗറി ജയിച്ചശേഷം ഡ്രസ്സിങ്റൂമിലും അടിയുടെ പൂരമായിരുന്നു.

1958ലാണ് ഫുട്ബോളിലെ രജതനക്ഷത്രം മണ്ണിലിറങ്ങിയത്. പൂര്‍ണ പ്രഭചൊരിഞ്ഞ ബ്രസീലിന്റെ സാംബ മാജിക്കായിരുന്നു സ്വീഡനില്‍ കണ്ടത്. ബ്രസീല്‍ ഇവിടെ ആദ്യമായി ലോകകപ്പ് നേടിയെന്നു മാത്രമല്ല ഫുട്ബോള്‍ പ്രേമികള്‍ ഒരു താരോദയത്തിനും സാക്ഷ്യംവഹിച്ചു - പതിനേഴുകാരനായ പെലെ ലോകത്തിനു കറുത്ത മുത്തായി. കൌമാരക്കാരനായ പെലെയുടെ മാസ്മരിക പ്രകടനത്തിനു സ്വീഡന്‍ വേദിയായെങ്കിലും ടോപ്സ്കോററായത് ഫ്രാന്‍സിന്റെ ജസ്റ്റ്ഫൊണ്ടെയ്നാണ് - 13 ഗോള്‍. സെമിയില്‍ മൂന്നും ഫൈനലില്‍ രണ്ടും ഉള്‍പ്പെടെ പെലെ അഞ്ച് ഗോള്‍ നേടി. സ്വീഡനെ തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അത് തീര്‍ത്തും അര്‍ഹതപ്പെട്ട വിജയമായി. ബ്രസീല്‍-5 സ്വീഡന്‍-2. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യക്കും പങ്കെടുക്കാമായിരുന്നു. എന്നാല്‍ നഗ്നപാദരായി കളിക്കുന്നത് ഫിഫ വിലക്കിയതിനാല്‍ ഇന്ത്യ പിന്മാറി. ലോകകപ്പില്‍ കളിക്കാനുള്ള അവസരം ഒരുപക്ഷേ എന്നെന്നേക്കുമായി ഇന്ത്യ കൈവിട്ടു.

പെലെയുടെ അഭാവത്തിലും വശ്യവും ചടുലവുമായ ഫുട്ബോള്‍ കാഴ്ചവെച്ച ബ്രസീലിന് 1962ല്‍ ചിലിയുടെ ലാറ്റിന്‍ തട്ടകത്തില്‍ കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞു. പകരക്കാരനായ അമരില്‍ഡൊ പെലെയുടെ വിടവറിയിച്ചില്ല. തകര്‍പ്പന്‍ ഫോമിലായിരുന്ന ഗാരിഞ്ച പക്ഷേ, സെമിയില്‍ ചുവപ്പുകാര്‍ഡ് കണ്ടു. എന്നാല്‍ ബ്രസീലിന്റെ സമ്മര്‍ദത്തിന് ഫിഫ വഴങ്ങിയപ്പോള്‍ ചെക്കോസ്ളോവാക്യക്കെതിരായ ഫൈനലില്‍ ഗാരിഞ്ചക്ക് കളിക്കാനായി. മൂന്ന് കളികള്‍, പ്രത്യേകിച്ച് ഇറ്റലിയും ചെക്കോസ്ളോവാക്യയും തമ്മിലുള്ളത് കയ്യാങ്കളിയായിരുന്നു. യൂഗോസ്ളാവ്യാക്കാരും ചെക്കുകാരും പെലെയെ നിര്‍ദയം ചവിട്ടിവീഴ്ത്തി. ആതിഥേയരായ ചിലി സെമിവരെ എത്തിയെങ്കിലും ഭാഗ്യംതുണച്ചില്ല. ചിലിയെ തോല്‍പിച്ച ബ്രസീല്‍ ഫൈനലില്‍ ചെക്കോസ്ളോവാക്യയെ 3-2നു മറികടന്ന് ലോകകപ്പ് നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമായി.

എല്ലാംകൊണ്ടും വിവാദമുയര്‍ത്തിയ ലോകകപ്പായിരുന്നു 1966ല്‍ നടന്നത്. ഇംഗ്ളണ്ടില്‍ ബ്രസീലിന്റെ തകര്‍ച്ച, ഏഷ്യന്‍ രാഷ്ട്രമായ ഉത്തരകൊറിയയുടെ മുന്നേറ്റം, ലാറ്റിനമേരിക്കന്‍ വീര്യത്തിനുമേല്‍ യൂറോപ്യന്‍ ശൈലിയുടെ വിജയം എന്നിവയായിരുന്നു ഈ ലോകകപ്പിന്റെ സവിശേഷത. ചരിത്രത്തിലെ ഏറ്റവും വിവാദമായ ഗോള്‍ ഈ ഫൈനലിലായിരുന്നു. എക്സ്ട്രാടൈമില്‍ ഇംഗ്ളണ്ടിന്റെ അലന്‍ബോള്‍ വലതുവിങ്ങില്‍നിന്നു നല്‍കിയ ക്രോസ് ജഫ്ഹേഴ്സ്റ്റ് ജര്‍മന്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടത് ക്രോസ്ബാറില്‍ തട്ടിത്തെറിച്ച് ഗോള്‍ലൈന്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ മടങ്ങി. പന്ത് വലയിലേക്ക് തള്ളിയിടുന്നതിനുപകരം ഗോള്‍ ആഘോഷിക്കുകയാണ് റോജര്‍ ഹണ്ട് ചെയ്തത്. ആശയക്കുഴപ്പത്തിനിടയില്‍ സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ റഫറി ഗോട്ട്ഫ്രൈഡ് ഡയന്‍സ്റ്റും സോവിയറ്റ് ലൈന്‍മാന്‍ തൌഫിഖ് ബക്രമോവും ഗോളിനു വിസിലൂതി. ഇന്നും ജര്‍മനി ആ ഗോള്‍ അംഗീകരിച്ചിട്ടില്ല. എന്തായാലും വിവാദ ഗോളിനു പ്രായശ്ചിത്തമായി പിന്നീട് ഹേഴ്സ്റ്റ് ലോകകപ്പ് ഫൈനലിലെ ആദ്യ ഹാട്രിക്ക് തികച്ച ഗോള്‍, എക്കാലത്തെയും മികച്ച ഗോള്‍ പട്ടികയില്‍ ഏഴാംസ്ഥാനം നേടി. എന്നാല്‍ ഈ ടൂര്‍ണമെന്റിലെ ഹീറോ ഒമ്പത് ഗോള്‍ നേടിയ പോര്‍ച്ചുഗലിന്റെ യുസേബിയോ ആയിരുന്നു. ഫൈനലില്‍ ഇംഗ്ളണ്ട്-4 പശ്ചിമ ജര്‍മനി-2.

മെക്സിക്കോയിലായിരുന്നു 1970ലെ ലോകകപ്പ്. തകര്‍ന്നടിഞ്ഞെന്നു കരുതി എല്ലാവരും എഴുതിത്തള്ളിയ ഒരു ടീമിന്റെ തിരിച്ചുവരവ് ഇവിടെകണ്ടു - ബ്രസീല്‍. അട്ടിമറികളുടെ പരമ്പരയില്‍ നിലവിലെ രണ്ടാംസ്ഥാനക്കാരായ പശ്ചിമജര്‍മനിയെ 4-3നു കീഴടക്കി ഇറ്റലി ഫൈനലിലെത്തി. എന്നാല്‍ ബ്രസീലിന്റെ കരുത്തിനും പാരമ്പര്യത്തിനും പരിചയസമ്പന്നതക്കും മുന്നില്‍ ഇറ്റലി തലകുനിക്കേണ്ടിവന്നു (4-2). നാലുവര്‍ഷം മുമ്പ് ഇംഗ്ളണ്ടില്‍വെച്ച് പോര്‍ച്ചുഗല്‍ കളിക്കാര്‍ തന്നെ ചവിട്ടിയിടുന്നതിന്റെ വീഡിയോദൃശ്യം കണ്ട് ഇനി ലോകകപ്പിനില്ലെന്നു പ്രഖ്യാപിച്ച പെലെ മനം മാറ്റിയത് ഈ ടൂര്‍ണമെന്റിനെ ഏറ്റവും മനോഹരമാക്കി. അതേപോലെ ഗ്വാദലജാറയില്‍ പെലെയുടെ ഹെഡര്‍ രക്ഷിക്കാന്‍ ഇംഗ്ളണ്ട് ഗോളി ഗോര്‍ഡര്‍ ബാങ്കസ് മുഴുനീളം ചാടിയത് ചരിത്രത്തിലെ ഏറ്റവും മനോഹരമായ സേവുമായി.

യുള്‍റിമെ കപ്പിന്റെ അനുജത്തിയായ ഫിഫ കപ്പിനായുള്ള ആദ്യ ലോകകപ്പ് അരങ്ങേറിയത് 1974ല്‍ പശ്ചിമജര്‍മനിയിലാണ്. അവിടെ വന്‍ശക്തിയായി കുതിച്ചുകയറിയ യോഹാന്‍ ക്രൈഫിന്റെ ഡച്ചുപട ഫൈനലില്‍ കൈസര്‍ ഫ്രാന്‍സ് ബെക്കന്‍ബവറിന്റെ ജര്‍മനിയോടു തോറ്റു (2-1). വിജയഗോള്‍ നേടിയതാകട്ടെ ബോംബര്‍ യേര്‍ഡ് മുള്ളറും. യുദ്ധത്തിന്റെ കയ്പറിഞ്ഞ ഡച്ചുകാര്‍ ജര്‍മന്‍കാരെ തോല്‍പിക്കുന്നതിനേക്കാള്‍ നാണംകെടുത്തി വിടാന്‍ ശ്രമിച്ചതാണ് ഈ ദുരന്തത്തിനു കാരണമെന്ന് പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

1978ലെ ലോകകപ്പ് അര്‍ജന്റീനയില്‍ നടത്തുന്നതിനെതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധമുയര്‍ന്നു. സൈനികഭരണത്തിന്‍ കീഴിലായിരുന്നു അന്ന് അര്‍ജന്റീന. ഇവിടെയും വെല്ലുവിളികള്‍ മറികടന്ന് കലാശക്കളത്തിലെത്താന്‍ ഡച്ചുകാര്‍ക്കു കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഏറ്റവും മികച്ച തന്ത്രങ്ങളുടെ കെട്ടഴിച്ച ദാനിയേല്‍ പാസറെല്ലെയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്റീന നീളന്‍ മുടിക്കാരന്‍ മരിയ കെംപസിന്റെ രണ്ടെണ്ണമുള്‍പ്പെടെ 3-2നു നെതര്‍ലന്‍ഡ്സിനെ കീഴടക്കി ആദ്യമായി ലോകമേധാവിത്വത്തെ പുല്‍കി.

1982 പോളോ റോസ്സിയുടേതായിരുന്നു. സ്പെയിനില്‍ നടന്ന ഈ ലോകകപ്പിന് ഫൈനല്‍ റൌണ്ടില്‍ ആദ്യമായി 24 ടീമുകളെത്തി. അതുവരെ 16 ടീമുകളാണ് ഏറ്റുമുട്ടിയിരുന്നത്. സീക്കോ, സോക്രട്ടീസ്, ഫല്‍ക്കാവൊ തുടങ്ങി പ്രശസ്തര്‍ പലരും ടീമിലുണ്ടായിട്ടും ചരിത്രത്താളുകളില്‍ കുറിച്ചിട്ട ഇറ്റലിക്കാരന്‍ പോളോറോസിയുടെ മൂന്ന് ഗോളുകള്‍ക്കു മുന്നില്‍ ബ്രസീല്‍ അടിയറവു പറഞ്ഞു. പന്തയ വിവാദത്തില്‍ കുടുങ്ങി '80ല്‍ മൂന്നുവര്‍ഷത്തെ വിലക്കുകിട്ടിയ റോസി ഇളവു ലഭിച്ചതുകൊണ്ടാണ് ഇറ്റലിക്കുവേണ്ടി ലോകകപ്പിനിറങ്ങിയത്. ഫൈനലില്‍ പശ്ചിമജര്‍മനിയായിരുന്നു ഇറ്റലിയുടെ എതിരാളികള്‍. റോസ്സി, ടാര്‍ഡെലി, അല്‍ട്ടൊബെല്ലി എന്നിവരുടെ ഉജ്വല പ്രകടനത്തിലൂടെ ഇറ്റലി 44 വര്‍ഷത്തിനുശേഷം ലോക ഫുട്ബോളിന്റെ പറുദീസയില്‍ തിരിച്ചെത്തി. സ്കോര്‍: ഇറ്റലി-3 പശ്ചിമജര്‍മനി-2.

പെലെ യുഗത്തിനുശേഷവും ലോകകപ്പ് ചരിത്രത്തില്‍ ഇന്ദ്രജാലക്കാരുണ്ടായി. ബക്കന്‍ബവറും യോഹാന്‍ ക്രൈഫും അവരില്‍ ആദ്യനിരക്കാര്‍. എന്നാല്‍ പെലെയുടെ യഥാര്‍ഥ പിന്‍ഗാമിയായത് കളിക്കളത്തിലെ വില്ലനും വീരനുമായ ദ്യേഗോ മാറഡോണയാണ്. 1986ല്‍ മെക്സിക്കോയില്‍ നടന്നത്, എല്ലാ അര്‍ഥത്തിലും മാറഡോണയുടെ ലോകകപ്പായിരുന്നു. മാറഡോണയുടെ രൂപത്തില്‍ വീണ്ടുമൊരു സൂര്യനുദിച്ചപ്പോള്‍ അര്‍ജന്റീന ഒരിക്കല്‍കൂടി ലോകകപ്പ് കരസ്ഥമാക്കി. ഫൈനലില്‍ പശ്ചിമജര്‍മനിയെയാണ് അവര്‍ തോല്‍പിച്ചത് (3-2). ഇംഗ്ളണ്ടിനെതിരായ ക്വാര്‍ട്ടറില്‍ 'ദൈവത്തിന്റെ കൈ'കൊണ്ട് ഗോള്‍ നേടിയ മാറഡോണ നാല് മിനിറ്റിനകം അതിനു പ്രായശ്ചിത്തം ചെയ്തു. എക്കാലത്തെയും മികച്ച മറ്റൊരു ഗോളിലൂടെ. ബല്‍ജിയത്തിനെതിരെയും മാറഡോണ സൌന്ദര്യം ചാലിച്ച ഗോള്‍ നേടി. ഫ്രാന്‍സും ബ്രസീലും തമ്മിലുള്ള ക്വാര്‍ട്ടര്‍ കണ്ണീരോടെയാണ് പലരും കണ്ടത്. കളത്തിലിറങ്ങിയ ഉടനെ സീക്കോ എടുത്ത പെനല്‍റ്റി പാഴായത് ബ്രസീലിന്റെ ചരമക്കുറിപ്പെഴുതി.

ഏറ്റവും വിരസമായ ഫൈനലായിരുന്നു '90ലെ ജര്‍മനി-അര്‍ജന്റീന പോരാട്ടം. അര്‍ജന്റീനയുടെ ആവേശമായ ക്ളോഡിയോ കനീജയക്ക് സെമിയില്‍ നിസാരമായ ഹാന്‍ഡ്ബോളിന് കിട്ടിയ രണ്ടാമത്തെ കാര്‍ഡിന്റെ പേരില്‍ പുറത്തിരിക്കേണ്ടിവന്നു. പരുക്കന്‍ അടവുകളും അമിത പ്രതിരോധവും ഇരുപക്ഷവും പുറത്തെടുത്തപ്പോള്‍ അവസാന മിനിറ്റില്‍ ലഭിച്ച സംശയാസ്പദമായ പെനല്‍റ്റിയിലൂടെയാണ് ജര്‍മനി ജയിച്ചത് (1-0). കാമറൂണിന്റെ കുതിച്ചുകയറ്റമായിരുന്നു ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത. ആദ്യമത്സരത്തില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഞെട്ടിച്ചു മുന്നേറിയ റോജര്‍ മില്ലയുടെ കാമറൂണ്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ഖ്യാതി നേടി.

'86ലെ ഹീറോയും '90ല്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ എത്തിച്ചതിന്റെ പ്രചോദനവുമായ മാറഡോണ ഉത്തേജകകുതിപ്പ് നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടത് '94ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പിലെ കറുത്ത അധ്യായമായി. ഇറ്റലിയും ബ്രസീലുമായി നടന്ന ഫൈനലിന്റെ വിധിയെഴുതിയത് ഷൂട്ടൌട്ടിലാണ്. ടൈബ്രേക്കില്‍ ബ്രസീല്‍ 3-2നു മുന്നിലെത്തിയപ്പോള്‍ ഇറ്റലിക്ക് നിര്‍ണായകമായിരുന്ന അടുത്ത കിക്കില്‍ റോബര്‍ട്ടോ ബാജിയോയുടെ കാലുകള്‍ക്ക് പിഴച്ചു. അങ്ങനെ എല്ലാ ലോകകപ്പിലും പങ്കെടുത്ത ഏകടീമായ ബ്രസീലിന്റെ നാലാം കിരീടവിജയവും പൂര്‍ത്തിയായി (3-2). ലോകകപ്പില്‍ ആദ്യമായി 32 ടീമുകള്‍ ഫൈനല്‍ റൌണ്ടില്‍ മത്സരിച്ചതും ഇവിടെയാണ്.

1998ല്‍ ഫ്രാന്‍സിനെതിരായ ഫൈനലിനു മുമ്പ് അപസ്മാരം വന്ന റൊണാള്‍ഡോയെ കളിപ്പിക്കാന്‍ ബ്രസീല്‍ കോച്ച് നിര്‍ബന്ധിതനായത് എന്തുകൊണ്ടാണ്. സ്പോണ്‍സര്‍മാര്‍ നിര്‍ബന്ധം ചെലുത്തിയതുകൊണ്ടാണെന്നുവരെ ആരോപണമുയര്‍ന്നു. ഫൈനലില്‍ അവസാന 20 മിനിറ്റ് 10 പേരുമായി പൊരുതേണ്ടിവന്നെങ്കിലും സിനദിന്‍ സിദാന്റെ രണ്ടെണ്ണമുള്‍പ്പെടെ 3-0ന് ബ്രസീലിന്റെ ചിറകരിഞ്ഞ് ഫ്രാന്‍സിന് ലോകഫുട്ബോളില്‍ ആദ്യസാക്ഷാല്‍കാരമായി.

ഇതാ, ബ്രസീല്‍ വീണ്ടും ലോകഫുട്ബോളിന്റെ ഉത്തുംഗശൃംഖത്തില്‍. ജപ്പാന്‍-ദക്ഷിണകൊറിയ സംയുക്ത സംരംഭമായി 2002ല്‍ ഏഷ്യാ വന്‍കരയില്‍ ആദ്യമായി അരങ്ങേറിയ ലോകകപ്പില്‍ ബ്രസീല്‍ അഞ്ചാമത്തെ വിജയം നേടി. പതിറ്റാണ്ടുകളായി ലോകം കാത്തിരുന്ന ജര്‍മനി-ബ്രസീല്‍ സ്വപ്നഫൈനലായിരുന്നു ജൂണ്‍ 30ന് യോക്കഹാമയില്‍ യാഥാര്‍ഥ്യമായത്. ഒടുവില്‍ ജര്‍മനിയുടെ നെറ്റില്‍ എണ്ണം പറഞ്ഞ രണ്ടുഗോള്‍ അടിച്ചുകയറ്റിയ റൊണാള്‍ഡോ ആ ഷോയിലെ വീരനായകനും ലോകകപ്പിലെ മുന്തിയ ഗോള്‍ വേട്ടക്കാരനുമായി.

2006ല്‍ ജര്‍മനിയില്‍ നടന്ന 18-ാമത് ലോകകപ്പില്‍ ഇറ്റലി വീരചരിതമെഴുതി. പെലെക്കും മാറഡോണക്കും ശേഷം ലോകംകണ്ട മഹാമാന്ത്രികനായ സിനദിന്‍ സിദാന്‍ നേതൃത്വം നല്‍കിയ രണ്ടാം ഫ്രഞ്ച് വിപ്ളവത്തെ അതിജീവിച്ച് ഫുട്ബോളിന്റെ ചരിത്രഭൂമിയിലേക്ക് വീണ്ടും സ്വര്‍ണക്കപ്പ് എത്തിച്ച കോച്ച് മാഴ്സലൊ ലിപ്പിക്കും ഫാബിയോ കന്നവാരൊയുടെ ഇറ്റാലിയന്‍ ടീമിനും ഇതോടെ ചിരപ്രതിഷ്ഠയായി. അതിജീവനത്തിന്റെ സര്‍വ ആയുധശാലകളും തുറക്കപ്പെട്ട ഫൈനലിനു തീര്‍പ്പാക്കിയ ഷൂട്ടൌട്ടില്‍ ഫ്രാന്‍സിനെ 5-3നാണ് ഇറ്റലി തട്ടിമാറ്റിയത്. എന്നാല്‍ തന്റെ അഭിശപ്തമായ ഒരു നിമിഷത്തില്‍ ഇറ്റലിയുടെ മാര്‍ക്കൊ മറ്റെറാസിയുടെ നെഞ്ചില്‍ ഊക്കോടെ തലകൊണ്ടിടിച്ച് സിദാന്‍ ചുവപ്പുകാര്‍ഡിന്റെ വഴിയില്‍ പുറത്തേക്കുപോയത് ഈ ലോകകപ്പിന്റെ ദുരന്ത സ്മൃതിയായി.

ഇതാ 19-ാമത് ലോകകപ്പിലേക്ക് ദക്ഷിണാഫ്രിക്ക ഉണരുകയാണ്. ജീവിതത്തിന്റെ നേര്‍പതിപ്പാണ് ഫുട്ബോള്‍. ജീവിതത്തിലുള്ളതെല്ലാം ഈ കളിയിലുണ്ട്. ജീവിതത്തിലെ വിജയങ്ങളുടെയും പരാജയങ്ങളുടെയും കഥ തന്നെയാണ് ഫുട്ബോളിലും ഇതള്‍വിരിയുന്നത്. ദക്ഷിണാഫ്രിക്ക 2010ഉം അനശ്വരമായ ഈ ജീവിതസത്യം വിളംബരം ചെയ്യും.

II

ഉത്തരകൊറിയന്‍ വീരഗാഥയില്‍നിന്ന്......

നാലരപതിറ്റാണ്ടിനുമുമ്പ് അറിറാംങ്ങ് നാടോടിപ്പാട്ടുകളുടെയും ജിങ്സംങിന്റെയുംചോംഗു പെരുമ്പറകളുടെയും നാടായ ഉത്തരകൊറിയയില്‍ നിന്ന് ഒരു സംഘം ഉയരംകുറഞ്ഞ കളിക്കാര്‍ നാട്യങ്ങളൊന്നുമില്ലാതെ ഇംഗ്ളണ്ടിലേക്കു പറന്നു - ലോകകപ്പ് ഫുട്ബോളില്‍ അരങ്ങേറാന്‍. മല്ലന്‍മാരുടെ ലോകകപ്പ് എന്നറിയപ്പെടുന്ന 1966ലെ മേളയില്‍ ഏഷ്യയുടെ കൊച്ചുകൊറിയക്ക് പ്രതീക്ഷയൊന്നുമില്ലായിരുന്നു. അവരെ ആരും അത്ര ഗൌരവമായി കണക്കിലെടുത്തതുമില്ല. കൊറിയന്‍ യുദ്ധത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനുമുമ്പ് ഉത്തരകൊറിയക്കാര്‍ക്ക് ഫുട്ബോള്‍ കളിക്കാനുള്ള ത്രാണിയോ?

പക്ഷേ, ഉത്തര കാറിയക്കാര്‍ ചരിത്രം തിരുത്തുകതന്നെ ചെയ്തു. അവരുടെ ആ അരങ്ങേറ്റം ഏഷ്യക്കാര്‍ക്കൊരു പുതിയ സ്വപ്നം നല്‍കി. കോടിക്കണക്കിനുഫുട്ബോള്‍ പ്രേമികളുള്ള മഹാഭൂഖണ്ഡമായ ഏഷ്യയുടെ കനവുകള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ നിറം നല്‍കികൊണ്ട് ദഷിണകൊറിയ 2002ല്‍ സെമിഫൈനല്‍വരെ എത്തി. ഇപ്പോഴിതാ 1966നുശേഷം ആദ്യമായി ഉത്തരകൊറിയയും ഏതാണ്ട് സ്ഥിരസാന്നിധ്യമായ ദക്ഷിണകൊറിയയും ലോകകപ്പ് ഫുട്ബോളില്‍ ഏഷ്യയുടെ ഈ അതിവിശാലതയെ പ്രതിനിധീകരിക്കാന്‍ ദഷിണാഫ്രിക്കയില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു.

38 ഡിഗ്രി അക്ഷാംശത്തിലുള്ള വിദൂരഭൂപ്രദേശമായ ഉത്തരകൊറിയയില്‍നിന്ന് യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ടീമുകളോടേറ്റുമുട്ടാന്‍ അന്ന് ഇംഗ്ളണ്ടിലെത്തിയത് വെറും അഞ്ചടി അഞ്ചിഞ്ചുയരക്കാരായ കുറെ കുട്ടികളായിരുന്നു. എന്നാല്‍ അവര്‍ അന്നു പ്രകടിപ്പിച്ച വീറും വാശിയും ലോകഫുട്ബോള്‍ ഭൂപടത്തില്‍ ഏഷ്യക്ക് മാന്യമായ സ്ഥാനം ആദ്യമായി നേടിക്കൊടുത്തത് ഇംഗ്ളണ്ടിലെ ടൂര്‍ണമെന്റിന്റെ ത്രസിപ്പിക്കുന്ന ഏടായി.

1954ല്‍ സ്വിറ്റ്സര്‍ലണ്ടില്‍ അരങ്ങേറിയ തെക്കന്‍ കൊറിയക്കാരെപോലെ ദുര്‍ബലരാണീ വടക്കന്‍മാരുമെന്ന് എല്ലാവരും വിധിയെഴുതി. ആദ്യ കളിയില്‍ സോവിയറ്റ് യൂണിയനോട് 3-0ന് തോറ്റപ്പോള്‍ അവരാ അനുമാനം ശരിവെക്കുകയായിരുന്നു. എന്നാല്‍ അടുത്തദിവസം അവരുടെ മട്ടുമാറി. നിലവിലുള്ള മൂന്നാംസ്ഥാനക്കാരായ ചിലയില്‍ നിന്ന് അവര്‍ ഒരു പോയിന്റ് തട്ടിയെടുത്തു. ആറു ദിവസത്തിനുശേഷം നിരപരാധികളുടെ കശാപ്പിന് ദൃക്സാക്ഷികളാവാന്‍ എവര്‍ട്ടന്‍ സ്റ്റേഡിയത്തില്‍ എത്തിയ കാണികള്‍ക്ക് തെറ്റുപറ്റിയെന്നു മനസ്സിലാക്കുവാന്‍ അധികനിമിഷങ്ങള്‍ വേണ്ടിവന്നില്ല. ലോകകപ്പിലെ വന്‍ അട്ടിമറികളിലൊന്ന് അന്നു സംഭവിച്ചു. ഫുട്ബോളിലെ വിശുദ്ധഭൂമിയില്‍ നിന്നെത്തിയ മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ കൊറിയയുടെ ചുണക്കുട്ടികള്‍ നിസ്തേജരാക്കി. പാര്‍ക് ഡ്യൂക്ഇക് ആണ് ഗോള്‍ നേടിയത്. സമനിലക്കായി പൊരുതിയ ഇറ്റലിക്ക് കൊറിയന്‍ പ്രതിരോധം ഒരു പഴുതും നല്‍കിയില്ല. നാട്ടില്‍ തിരിച്ചെത്തിയ ഇറ്റാലിയന്‍ താരങ്ങളെ ചീമുട്ടയും പഴകിയ തക്കാളിയും വലിച്ചെറിഞ്ഞാണ് ജനം സ്വീകരിച്ചത്.

കൊറിയക്കാരുടെ കാലുകളില്‍ അത്ഭുതങ്ങള്‍ അവസാനിച്ചിരുന്നില്ല. ഇംഗ്ളണ്ടിലെ കാണികള്‍ അവരെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ 23 മിനിറ്റിനകം സാക്ഷാല്‍ യൂസേബിയോയുടെ പോര്‍ച്ചുഗലിന് അവര്‍ മൂന്ന് ഗോളടിച്ചു. ആദ്യം വലതുവിങ്ങിലൂടെയുള്ള പാക്സ്യൂങ്യിനിന്റെ കുതിപ്പും കൊള്ളിയാന്‍ കണക്കെയുള്ള വിലങ്ങന്‍ അടിയും. സ്കോര്‍ബോര്‍ഡ് മിന്നി. വടക്കന്‍ കൊറിയ - 1 പോര്‍ച്ചുഗല്‍ - 0. ഈ ഞെട്ടലില്‍ നിന്ന് ഉണരുന്നതിനുമുമ്പേ യാങ് സുങ്കൂക്കും ലീഡോങ്വോണും ഒന്നിനുപിറകെ ഒന്നായി രണ്ട് ഗോളുകള്‍ കൂടി യൂറോപ്പിലെ കിടയറ്റ ഗോളിയായ ഹൊസ്സെ പെരേര കാത്ത വലയിലേക്ക് അടിച്ചുകയറ്റി. (3-0).

ഫുട്ബോള്‍ ലോകം സ്തബ്ധരായിനിന്ന അപൂര്‍വ നിമിഷങ്ങള്‍. പ്രത്യാക്രമണങ്ങളെ ഗോളി ലിചാന്‍ മ്യൂങും പ്രതിരോധക്കാരായ ഷിന്‍യുങ് ക്യൂ, ഹാജുങ്വോണ്‍ എന്നിവരും ശക്തിയായി ചെറുത്തുനിന്നെങ്കിലും ഭാഗ്യം പോര്‍ച്ചുഗലിനൊപ്പമായിരുന്നു. യൂസേബിയോ എന്ന ഫുട്ബോള്‍ ഐന്ദ്രജാലികന്റെ രൂപത്തില്‍. പകുതി സമയത്തിനുമുമ്പ് രണ്ട് ഗോള്‍ മടക്കിയ കരിമ്പുലി എന്ന ചെല്ലപ്പേരുള്ള യൂസേബിയോയുടെ പടയോട്ടം രണ്ട് പെനല്‍റ്റികളടക്കം നാല് ഗോള്‍ നേടിയിട്ടേ അവസാനിച്ചുള്ളു. അഞ്ചാമത്തെ ഗോള്‍ ഹൊസ്സെ അഗസ്തോയുടെ കാലില്‍ നിന്നുമെത്തി.

മൂന്നിനെതിരെ അഞ്ച് ഗോളിനു തോറ്റെങ്കിലും തലയുയര്‍ത്തിപ്പിടിച്ച് സ്റ്റേഡിയംവിട്ട, ഇംഗ്ളണ്ട് ലോകകപ്പിന്റെ വിസ്മയവും രോമാഞ്ചവുമായ വടക്കന്‍കൊറിയയുടെ ചിത്രം ആര്‍ക്ക് മറക്കാനാവും.

അങ്ങനെ ഓരോ ലോകകപ്പും അട്ടിമറികള്‍ക്കായി കാതോര്‍ക്കുന്നുണ്ട്. നാല്വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന അധിനിവേശങ്ങള്‍ ചരിത്രത്തെ തലകുത്തിപ്പിടിച്ചു വായിക്കാനുപകരിക്കും. ദക്ഷിണാഫ്രിക്ക ലോകകപ്പും ഇതില്‍ നിന്നു വേറിട്ടു നില്‍ക്കാനിടയില്ല. വന്‍മരങ്ങളെ കടപുഴക്കിയാണ് ലോകകപ്പ് പാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ വിശ്വഫുട്ബോളിന് അത്തരത്തില്‍ ആദ്യത്തെ ഞെട്ടല്‍ സമ്മാനിച്ചത്, 1950ല്‍ ഇംഗ്ളീഷുകാരന്റെ സ്വപ്നങ്ങളില്‍ ആദ്യം അധിനിവേശം നടത്തിയ അമേരിക്കയാണെന്നറിയുക. ബ്രസീലില്‍ അരങ്ങേറിയ ലോകകപ്പില്‍ ഇംഗ്ളണ്ടിനെ ഞെട്ടിച്ചതാകട്ടെ അമേരിക്കയുടെ അമേച്വര്‍ ടീമും. ബെലോഹോറിസോന്തയിലേക്ക് യാത്രചെയ്ത ഇംഗ്ളണ്ട് യുഎസുമായുള്ള മത്സരം ഒരു പരിശീലനക്കളി മാത്രമായി കണക്കിലെടുത്തു. ടോംഫിന്നി, വില്‍ഫ്മാനിയോണ്‍, ബില്ലിറൈറ്റ്, ആല്‍ഫ്റാംസി, സ്റ്റാന്‍ മോര്‍ട്ടന്‍സണ്‍ തുടങ്ങിയ ഒന്നാംകിടക്കാരെ അണിനിരത്തിയ ഇംഗ്ളണ്ടിനെതിരെ അമേരിക്കക്ക് ഉയര്‍ത്തിക്കാട്ടാനുണ്ടായിരുന്നത് ഒരേയൊരു പ്രൊഫഷണല്‍ താരമായിരുന്നു. എന്നിട്ടും ഒന്നാം പകുതി അവസാനിക്കാന്‍ എട്ടുമിനിട്ടുമാത്രമുള്ളപ്പോള്‍ നീഗ്രോവംശജനായ ഗേറ്റ്ജെന്‍സിന്റെ ഗോളില്‍ ഇംഗ്ളണ്ടിനു കാലിടറി. കിരീട പ്രതീക്ഷയുമായെത്തിയ ഇംഗ്ളണ്ട് ഈ ഒരൊറ്റ തോല്‍വിയുടെ അപമാനഭാരവും പേറി ടൂര്‍ണമെന്റില്‍ നിന്നുപുറത്തായി.

'മാജിക് മാഗ്യാറുകള്‍' ഒരിക്കലും തോല്‍ക്കില്ലെന്ന് ഒരു കാലത്ത് യൂറോപ്പ് വിശ്വസിച്ചിരുന്നു. അക്കാലത്തൊരിക്കല്‍ ഫെരങ്ക്് പുഷ്കാസിന്റെ ഹംഗേറിയന്‍ പട, വെംബ്ളിയില്‍ നാട്ടുകാരുടെ ഇംഗ്ളണ്ടിനെ തൂത്തെറിഞ്ഞത് 6-3നായിരുന്നു. 1954ല്‍ സ്വിറ്റ്സര്‍ലണ്ടിലെ ലോകകപ്പില്‍ ഹംഗറി അടിച്ചുകൂടിയത് 17 ഗോള്‍. ലോകകപ്പിന്റെ ആദ്യഘട്ടത്തില്‍ മാഗ്യാറുകളുടെ ഗോള്‍ മഴയില്‍ പശ്ചിമജര്‍മനിയും മുങ്ങിപ്പോയി (8-3). കിരീടം ഇവര്‍ക്കുതന്നെയെന്ന് ലോകം കണക്കുകൂട്ടി. എന്നാല്‍ വിധിമറിച്ചായിരുന്നു. പ്രാഥമികറൌണ്ടില്‍ ഹംഗറിക്കുമുമ്പില്‍ തകര്‍ന്നുപോയ ജര്‍മനി കലാശപോരാട്ടത്തില്‍ രൂപംമാറി. ആദ്യ എട്ടുമിനിറ്റില്‍ രണ്ട് ഗോളിനു പിന്നിട്ടു നിന്നതിനുശേഷം ജര്‍മനി കൊടുങ്കാറ്റുപോലെ മടങ്ങിവന്നു. ബേണ്‍സ്റ്റേഡിയത്തില്‍ പുഷ്കാസിന്റെ സംഘം ഭൂതാവിഷ്ടരെപോലെ വിളറിപ്പോയി. അവസാനവിസിലിനുമുമ്പ് ഹെല്‍മുത്റാന്‍ തന്റെ രണ്ടാമത്തെ ഗോളിലൂടെ ഹംഗറിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റുമ്പോള്‍ ഫുട്ബോള്‍ ലോകം അന്നേവരെ കണ്ട ഏറ്റവും വലിയ അട്ടിമറി പൂര്‍ത്തിയായി. പശ്ചിമജര്‍മനി - 3, ഹംഗറി - 2.

ഇറ്റാലിയ '90ല്‍ മിലാനില്‍ ഉല്‍ഘാടനമത്സരത്തില്‍ കാമറൂണിനെതിരെ ഇറങ്ങുമ്പോള്‍ ദ്യേഗോമാറഡോണയുടെ അര്‍ജന്റീന ചാമ്പ്യന്‍മാരായിരുന്നു. തിരിച്ചുകയറുമ്പോള്‍ അര്‍ജന്റീനയുടെ പോസ്റ്റില്‍ മടക്കാത്ത ഒരു ഗോള്‍ മിച്ചം കിടന്നിരുന്നു. കോക്കനട്ട് കിക്കേഴ്സ് എന്ന് പാശ്ചാത്യര്‍ പരിഹാസപൂര്‍വം വിളിച്ചിരുന്ന കാമറൂണിലെ സിംഹങ്ങള്‍ ഗര്‍ജിച്ചപ്പോള്‍ നിലവിലെ ജേതാക്കള്‍ക്ക് അടിതെറ്റി. ലോകചാമ്പ്യന്‍മാരെ മുക്കാന്‍ കാമറൂണിന് ഒരു മുഴുവന്‍ ടീമിന്റെ ആവശ്യമില്ലായിരുന്നു. ലോകകപ്പിന്റെ വേദിയില്‍ ആദ്യമായി കളിക്കുന്നതിന്റെ അഭിമാനത്തോടൊപ്പം സംഭ്രാന്തിക്കും അടിപ്പെട്ട കാമറൂണികള്‍ പരുക്കന്‍ അടവുകള്‍ നിര്‍ലോഭം പുറത്തെടുത്ത് ഒന്‍പത് പേരിലേക്ക് ചുരുങ്ങി. എന്നിട്ടും 67-ാം മിനിറ്റില്‍ റോജര്‍മില്ലയുടെ പാസില്‍ ഒമാംബിയക്ക് ഒറ്റക്ക് അര്‍ജന്റീനയുടെ പ്രതിരോധം പിടിച്ചു കുലുക്കി നേടിയ മനോഹര ഗോളിന്റെ മികവില്‍ കാമറൂണ്‍ 14-ാമത് ലോകകപ്പിലെ വീരനായകന്‍മാരായി.

2002ല്‍ ദക്ഷിണകൊറിയയും ജപ്പാനും സംയുക്താതിഥേയരായ ലോകകപ്പില്‍ ആന്‍ ജങ് ഹ്വാനിന്റെ ബൂട്ടില്‍ നിന്നു പറന്ന ഗോളിന് ലോകകപ്പിനോളം വിലയുണ്ടായിരുന്നു. ആ ഗോള്‍ഡന്‍ ടോള്‍ ചെന്നുവീണത് ഇറ്റലിയുടെ അതിപ്രശസ്തനായ ഗിയന്‍ലൂഗി ബഫണ്‍ കാവല്‍നിന്ന വലയിലായിരുന്നല്ലോ. പതിനേഴാം ലോകകപ്പിന്റെ മുഖമുദ്രയായ 'ചാമ്പ്യന്‍മാരുടെ കഥകഴിക്കല്‍' പ്രക്രിയയിലെ വീരകേസരികളാവുകയെന്ന നിയോഗമായിരുന്നു ദക്ഷിണകൊറിയക്ക്. ക്രിസ്റ്റ്യന്‍ വിയേറിയുടെ ഗോളിന് അവസാന വിസിലിന് രണ്ട് മിനിറ്റ് മാത്രം ശേഷിക്കുമ്പോള്‍വരെ മുന്നിട്ടുനില്‍ക്കുകയായിരുന്ന ഇറ്റലി ക്വാര്‍ട്ടറില്‍ എത്തിയെന്നുതന്നെ കരുതി. എന്നാല്‍ ഇവിടെയും പ്രവചനം തെറ്റി. കി ഹ്യോങ്സോള്‍ നിനച്ചിരിക്കാത്ത ഗോളിലൂടെ കൊറിയക്ക് സമനില നേടിക്കൊടുത്തു (1-1). മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ ഇറ്റലിക്കായി ഏത് നിമിഷവും ടോട്ടിയും ദെല്‍പിയ്റൊയും ഗോളടിക്കുമെന്നു തന്നെ കരുതി. അപ്പോഴാണ് 116-ാമത്തെ മിനിറ്റില്‍ ആന്‍ ജങ്ഹ്വാന്‍ ഈ മേളയിലെ രണ്ടാമത്തെ ഗോള്‍ഡന്‍ ഗോളിലൂടെ ഇറ്റലിയുടെ കഥകഴിച്ചത്. ഇക്വഡോറുകാരന്‍ റഫറിയുടെ സംഭാവനയായിരുന്നു ഈ ഗോളൊന്നും തങ്ങളെ മനപൂര്‍വം പുറത്താക്കാനുള്ള ഒത്തുകളിയിലൂടെയാണ് കൊറിയക്കാര്‍ രണ്ട് ഗോളും നേടിയതെന്നും ഇറ്റലിക്കാര്‍ മാന്യതയില്ലാതെ ആരോപണം ഉന്നയിച്ചു. മാസങ്ങളോളം അവരുടെ ദേശീയ മാധ്യമങ്ങളിലെ പ്രധാനവിഷയവും ലോകകപ്പിന്റെ സഹആതിഥേയരായ ദക്ഷിണകൊറിയയെ ചെളിവാരിയെറിയുന്നതായിരുന്നു. എന്നാല്‍ കൊറിയക്കാര്‍ ആഘോഷിച്ചതുപോലെ ലോകകപ്പില്‍ ഇതുപോലൊരു സന്ദര്‍ഭമുണ്ടായിട്ടില്ല. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു ഡച്ചുകാരന്‍ ഗസ്ഹിഡിന്‍ക് പരിശീലിപ്പിച്ച കൊറിയന്‍ ടീമിന്റെ പ്രകടനം. കളത്തില്‍ കരുത്തുംകഴിവും ഫുട്ബോള്‍ നൈപുണിയും കെട്ടഴിച്ച ദക്ഷിണകൊറിയക്കാരുടെ പ്രകടനത്തെ ചുരുക്കിക്കാണാനാവില്ല.

1994ലെ യുഎസ്എ ലോകകപ്പില്‍ ന്യൂയോര്‍ക്കില്‍ നടന്ന ക്വാര്‍ട്ടറില്‍ ചാമ്പ്യന്‍മാരായ ജര്‍മനിക്കായിരുന്നു മുന്‍തൂക്കം. ക്ളിന്‍സ്മാനും വോളറും മത്തേവൂസും ഉള്‍പ്പെട്ട സുവര്‍ണനിര. ബള്‍ഗേറിയയെ ആരും ഗൌനിച്ചില്ലെന്നുതന്നെ പറയാം. മാത്തേവൂസിന്റെ പെനല്‍റ്റിയില്‍ മുന്നിലെത്തിയ ജര്‍മനിയെ യുഎസ്എ ലോകകപ്പിന്റെ സ്റ്റാര്‍ ആയ ഹ്രിസ്റ്റോ സ്റ്റോയിക്കോവിച്ച് തിരിച്ചുപിടിച്ചു (1-1). മൂന്നു മിനിറ്റിനുശേഷം യോര്‍ദാന്‍ ലെച്ച്കോവിന്റെ മുഴുനീളന്‍ ഹെഡറില്‍ ജര്‍മനിയുടെ കഥകഴിക്കുന്നത് ആരാധകര്‍ അവിശ്വസനീയതയോടെ കണ്ടിരുന്നു. ലോകകപ്പിലെ ഹൃദയഹാരിയായ മറ്റൊരു അട്ടിമറി കൂടി.

2002 ലോകകപ്പില്‍ നിലവിലെ ജോതക്കളായി കളത്തിലറിങ്ങിയ ഫ്രാന്‍സിന് ഏറ്റവും പരിചയസമ്പന്നരുടെ നിരയായിരുന്നു. എന്നാല്‍ ഉല്‍ഘാടനമത്സരത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള നവാഗതരായ സെനഗലിന്റെ കൈകളില്‍ വീണുടഞ്ഞ അവര്‍ക്ക് ഒരിക്കലും ഉണരാനായില്ല. 2002 മേയ് 31 ഫ്രഞ്ചുകാരന്റെ ഓര്‍മയില്‍പോലും നടുക്കമുണ്ടാകുന്ന ദിവസമാണ്. 42 വര്‍ഷം മുമ്പ് തങ്ങളുടെ കോളനിയായിരുന്ന സെനഗലിനെ യജമാനന്‍മാരുടെ മട്ടില്‍ ലാഘവത്തോടെ കണ്ട ട്രൈകളര്‍ ടീം പരിക്കേറ്റ സിനദിന്‍ സിദാനെ കൂടാതെയാണ് രംഗത്തെത്തിയതെങ്കിലും 1998ല്‍ ലോകകപ്പും രണ്ടായിരത്തില്‍ യൂറോകപ്പും നേടിയ ടീമിലെ പ്രമുഖന്‍മാരെയെല്ലാം അണിനിരത്തിയിരുന്നു. സോളിലെ സാംങ് ആം വേള്‍ഡ്കപ്പ് സ്റ്റേഡിയത്തില്‍ 'ഫ്രഞ്ച് വാട്ടര്‍ലൂ' ആസ്വദിക്കാന്‍ 62563 കളി ഭ്രാന്തന്‍മാരാണ് അലറിവിളിച്ച് കാത്തിരുന്നത്. ഒടുവില്‍ കളി കാര്യമായി. പാപ്പദിയൂഫും അല്‍ഹാജിദിയൂഫും ഫദീഗയും കൂടി പരസ്പരം പന്ത് കൈമാറി ആദ്യാവസാനം ഫ്രഞ്ച് കോട്ടയില്‍ ആഞ്ഞടിക്കുകയും വിള്ളലുകള്‍ കണ്ടെത്തുകയും ചെയ്തു. 30-ാം മിനിറ്റില്‍ പാപ്പ ബൌബ ദിയൂഫ് പ്രഗല്‍ഭനായ ഫാബിയന്‍ ബാര്‍ത്തേസിന്റെ നെറ്റില്‍ പന്തടിച്ചുകയറ്റി. പാപ്പ ഏഷ്യന്‍ വന്‍കരയിലെ ആദ്യ ഫുട്ബോള്‍ മാമാങ്കത്തിലെ ആദ്യ ഗോളിനുടമയായി. അവിശ്വസനീയമായ അനുഭവമായിരുന്നു പ്രഥമദിനത്തില്‍ മത്സരം കാണാനെത്തിയവരെ എതിരേറ്റത്. ഫ്രാന്‍സ് തോറ്റു 0-1.

ദക്ഷിണാഫ്രിക്കയിലും അധിനിവേശങ്ങളുണ്ടാകാം. സെനഗലിന്റെയും കൊറിയകളുടെയും കാമറൂണിന്റെയും പുതിയ അവതാരങ്ങള്‍ ഉണ്ടാകാം. വന്‍മരങ്ങള്‍വെട്ടി മാറ്റപ്പെട്ടെന്നുവരാം. പക്ഷേ, കരുത്തര്‍ക്ക് കാലിടറുന്നതാണ് ലോകകപ്പിന്റെ നീതി.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക

2010 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കടിഞ്ഞാണില്ലാത്ത മനോരഥങ്ങളിലൂടെ നാം യാത്ര തുടങ്ങുകയായി. മോഹങ്ങളും മോഹഭംഗങ്ങളും പേറി ഫുട്ബോളിന്റെ മാസ്മരികതയില്‍ ലോകം അലിഞ്ഞുചേരുകയാണ്. ചരിത്രവും അതിലെ തെറ്റുകളും തിരുത്തലുകളും പ്രതികാരങ്ങളും യുദ്ധങ്ങളും സംഗീതവും നൃത്തവും പ്രണയവും വീരാരാധനയുമെല്ലാം ഇടകലരുന്ന ചലനാത്മക പ്രതിഭാസമായ ഫുട്ബോള്‍ എന്ന കായികവിനോദം എവിടെ തുടങ്ങി; എങ്ങനെ വളര്‍ന്നു.

ഈ കളിയുടെ പ്രാകൃത രൂപങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പലതരത്തില്‍ പ്രചാരത്തിലിരുന്നു. ഏകദേശം 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയില്‍ 'സുചു' എന്നപേരില്‍ ഫുട്ബോളിനോട് സാദൃശ്യമുള്ള ഒരു കളി ഉണ്ടായിരുന്നു. റോമന്‍ യുഗത്തില്‍ ഈ കളിയുടെ പ്രാക്തന രൂപങ്ങള്‍ നിലനിന്നിരുന്നു. വലിയ ഒരു പന്ത് ഉപയോഗിച്ച് കളിച്ച 'എപ്പിസ്ക്കുറോസ്' എന്ന കളിയിലേക്ക് ഗ്രീക്ക് ചരിത്രവും വെളിച്ചം വീശുന്നു. ഇറ്റലിയില്‍ 'കാല്‍ചിയോ' എന്ന പന്തുകളിയെപ്പറ്റിയും രേഖയുണ്ട്. അങ്ങനെ ചരിത്രത്തിന്റെ താളുകള്‍ പിന്നോട്ടുമറിക്കുമ്പോള്‍ ഫുട്ബോള്‍ എന്ന കളിയുടെ പിറവിയെപ്പറ്റി എത്രയെത്ര ഹൃദയഹാരിയായ കഥകള്‍.

അഭിലാഷങ്ങള്‍ said...

<<"ദക്ഷിണാഫ്രിക്കയിലും അധിനിവേശങ്ങളുണ്ടാകാം. സെനഗലിന്റെയും കൊറിയകളുടെയും കാമറൂണിന്റെയും പുതിയ അവതാരങ്ങള്‍ ഉണ്ടാകാം..">>
അതിന് സെനഗല്‍ ഉണ്ടോ ഈ വേള്‍ഡ് കപ്പില്‍? ഈ ലിസ്റ്റില്‍ നോക്കീട്ടോന്നും കാണുന്നില്ല..!!

:)

Devadas V.M. said...

nice one.. and a good recollection :)

മൂര്‍ത്തി said...

അട്ടിമറിക്കാരും ജയന്റ് കില്ലേഴ്ഷും ഇത്തവണയും ഉണ്ടാകും എന്നല്ലെ അതിനര്‍ത്ഥം അഭിലാഷങ്ങളേ?