Thursday, May 6, 2010

കേതന്‍ ദേശായിമാരും പ്രൊഫഷണല്‍ വിദ്യാഭ്യാസവും

ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന് ഉന്നതവിദ്യാഭ്യാസരംഗത്തെ ഗുണനിലവാരത്തകര്‍ച്ചയാണ്. ഗുണനിലവാരപരിശോധനയ്ക്ക് എന്‍എഎസി, എന്‍ബിഎ തുടങ്ങിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഏജന്‍സികള്‍ അപര്യാപ്തമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് സ്വകാര്യമേഖലയ്ക്ക് ഈ അക്രഡിറ്റേഷന്‍ ജോലി നല്‍കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പുപാര്‍ലമെന്റ് സമ്മേളനത്തില്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഏകോപനത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അതിനുവേണ്ട സാമ്പത്തികസഹായമുള്‍പ്പെടെയുള്ള ഭൌതികസൌകര്യങ്ങള്‍ ഒരുക്കുന്നതിനുമായി രൂപീകരിച്ച സ്റാറ്റ്യൂട്ടറി ബോഡിയാണ് യുജിസി. യുസിജിയെക്കൂടാതെ എഐസിടിഇ, എംസിഐ, എന്‍സിടിഇ തുടങ്ങിയ 13 കൌണ്‍സിലാണ് നമ്മുടെ രാജ്യത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍, എഡ്യൂക്കേഷന്‍, മാനേജ്മെന്റ് തുടങ്ങിയ ഫാക്കല്‍റ്റികളുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം മുതല്‍ ബിരുദം നല്‍കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. വിവിധകാലഘട്ടങ്ങളിലായി രൂപീകരിക്കപ്പെട്ട ഇത്തരം കൌണ്‍സിലുകളുടെ പ്രവര്‍ത്തനം എന്നും വിവാദങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

രണ്ടുവര്‍ഷംമുമ്പ് ഈ ലേഖകന്‍ എകെജിസിടിയുടെ ജനറല്‍സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ 'വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന വിദ്യാഭ്യാസകൌസിലുകള്‍' എന്ന പേരില്‍ ഒരു ലേഖനം എഴുതുകയും കേരളം സന്ദര്‍ശിച്ച യുജിസി ടീമിനുമുന്നില്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ രംഗത്ത് നടമാടുന്ന അപചയങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കേരള-കോഴിക്കോട് സര്‍വകലാശാലകള്‍ സാമാന്യം ഭേദമായി നേരിട്ടു നടത്തിവന്നിരുന്ന ബിഎഡ് സെന്ററുകള്‍ അടച്ചുപൂട്ടാനും പെട്ടിക്കടയുടെ സൌകര്യംപോലുമില്ലാത്ത സ്വാശ്രയ ബിഎഡ് കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുമുള്ള എന്‍സിടിഇ ടീമിന്റെ തീരുമാനം ഉദാഹരിച്ചുകൊണ്ടായിരുന്നു അത്. യൂണിവേഴ്സിറ്റി നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് സര്‍ക്കാരിന്റെ എന്‍ഒസിക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ കൌണ്‍സിലുകള്‍ വഴി 'സമ്പാദിക്കുന്ന' അംഗീകാരത്തിനുമുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാനേ നമ്മുടെ യൂണിവേഴ്സിറ്റികള്‍ക്കും സംസ്ഥാനസര്‍ക്കാരുകള്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. ഇത്തരം 'സമ്പാദ്യ'ക്കാരുടെ മുന്നില്‍ സര്‍വവിധസൌകര്യങ്ങളും ഒരുക്കി നിയമവിധേയമായി സ്വാശ്രയസ്ഥാപനം നടത്തിവരുന്നവര്‍പോലും പലപ്പോഴും അപഹസിതരാകാറുണ്ട് എന്ന വസ്തുത വിസ്മരിക്കുന്നില്ല.

ഈ ലേഖനത്തിനാധാരം പഞ്ചാബിലെ ഒരു സ്വകാര്യമെഡിക്കല്‍കോളേജിന് അംഗീകാരം നല്‍കുന്നതിന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. കേതന്‍ ദേശായിയെയും മൂന്ന് കൂട്ടാളികളെയും ഏപ്രില്‍ 23 ന് സിബിഐ അറസ്റ്റുചെയ്തുവെന്ന വാര്‍ത്തയാണ്. മുമ്പും ഇദ്ദേഹത്തെ അഴിമതിക്കേസില്‍ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. അന്ന് ലക്ഷങ്ങളുടെ പേരിലായിരുന്നെങ്കില്‍ ഇന്ന് കോടികളുടെ പേരിലാണെന്ന വ്യത്യാസം മാത്രം.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ എഐസിടിഇയെ സംബന്ധിച്ച് വന്ന ലക്ഷങ്ങളുടെ കോഴവാര്‍ത്ത മറക്കാറായിട്ടില്ല. അതാകട്ടെ ആന്ധ്രയില്‍ ഒരു എന്‍ജിനിയറിങ്കോളേജ് തുടങ്ങാന്‍ എഐസിടിഇ മെമ്പര്‍ സെക്രട്ടറിയും കൂട്ടാളിയും ചേര്‍ന്ന് അഡ്വാന്‍സായി അഞ്ചുലക്ഷം രൂപ (ആകെ 20 ലക്ഷം) കൈപ്പറ്റുമ്പോഴായിരുന്നു സിബിഐയുടെ കെണിയില്‍പെട്ടത്. കേസന്വേഷണം എത്തിപ്പെട്ടത് അന്നത്തെ എഐസിടിഇ ചെയര്‍മാനിലേക്കായിരുന്നു. രാജിവച്ചു പുറത്തുപോകാന്‍ ബഹുമാനപ്പെട്ട മന്ത്രി കപില്‍ സിബല്‍ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെവന്നപ്പോള്‍ ചെയര്‍മാനെ മന്ത്രി ഇടപെട്ട് പറഞ്ഞയക്കേണ്ടിവന്നു. കേരളത്തിലെ ഒരു സ്വാശ്രയ എന്‍ജിനിയറിങ്കോളേജിന്റെ അംഗീകാരത്തിനായി 19 ലക്ഷം രൂപ കോഴ നല്‍കിയത് കഴിഞ്ഞവര്‍ഷം സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംസ്ഥാനത്തെ നിരവധി എന്‍ജിനിയറിങ് കോളേജുകള്‍ ഇപ്പോള്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍മാത്രം മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്കെതിരെ സിബിഐ കേസെടുത്തുകഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ഠണ്ടന്‍ കമ്മിറ്റി, കല്‍പ്പിതസര്‍വകലാശാലകളെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുകൊണ്ടുവന്നത്. മിനിമം സൌകര്യംപോലുമില്ലാത്ത 44 കല്‍പ്പിതസര്‍വകലാശാലകള്‍ ഉടനടി അടച്ചുപൂട്ടണമെന്ന കമ്മിറ്റിനിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും കോടതിവഴി ആയുസ്സ് നീട്ടിവാങ്ങാന്‍ മാനേജ്മെന്റുകള്‍ക്ക് കഴിഞ്ഞു. കല്‍പ്പിതസര്‍വകലാശാലകള്‍ അനുവദിക്കുന്നതിനുള്ള കര്‍ശനനിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ത്തത് കഴിഞ്ഞ എന്‍ഡിഎ ഭരണകാലത്തായിരുന്നു. DE NAVO CATEGORY എന്ന പേരില്‍ പുതുതായി രംഗപ്രവേശം ചെയ്തവര്‍ക്കൊക്കെ കല്‍പ്പിതസര്‍വകലാശാലാപദവി നല്‍കുകയായിരുന്നു. ഫലമോ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ എഴുപതോളം കൊച്ചുപള്ളിക്കൂടങ്ങള്‍ 'കല്‍പ്പിതസര്‍വകലാശാലകളായി' മാറി. അവയില്‍തന്നെ കൂടുതലും വിദ്യാവിഹീനരായ ഫാമിലിട്രസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നവയാണ്. മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാംനിവാസ് മിര്‍ധ, അണ്ണാ യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സലര്‍ ഇ ബാലഗുരുസ്വാമി തുടങ്ങിയ പ്രമുഖര്‍ റഗുലേറ്ററി ബോഡികളിലെ അഴിമതികളെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട് (ഹിന്ദു 21-10-2008)

ഇന്ത്യയില്‍ മെഡിക്കല്‍, എന്‍ജിനിയറിങ്, മാനേജ്മെന്റ് മേഖലകളില്‍ ഏറ്റവും കൂടുതല്‍ സ്വാശ്രയ-പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുള്ളത് തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ്. എന്‍ജിനിയറിങ് കോളേജുകള്‍ മാത്രം തമിഴ്നാട് (420), ആന്ധ്ര (523), മഹാരാഷ്ട്ര (227), കര്‍ണാടകം (154), കേരളം (97) എന്നിങ്ങനെയാണ്. ഏറ്റവും കൂടുതല്‍ ബിഎഡ് കോളേജുകളുള്ളത് ഉത്തര്‍പ്രദേശ് (200), കര്‍ണാടകം (185), കേരളം (102) എന്നിവിടങ്ങളിലാണ്. സ്വാശ്രയകോളേജുകള്‍ മഹാഭൂരിപക്ഷവും നടത്തുന്നത് രാഷ്ട്രീയപ്രമാണികളോ അവരെ വിലയ്ക്കുവാങ്ങാന്‍ കഴിവുള്ള ശക്തികളോ ആണ്. അതുകൊണ്ടുതന്നെ ഇക്കൂട്ടരെ തളയ്ക്കാന്‍ ഒരു ശക്തിക്കും ആവില്ല. വേലിതന്നെ വിളവുതിന്നുമ്പോള്‍ പാവം ജനം ആരോട് വിലപിക്കാനാണ്. പല കാര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന നമ്മുടെ രാജ്യം അഴിമതിയിലും വളരെ മുന്നിലാണ്. അഴിമതിരഹിതരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 2007ല്‍ 72-ാമത്തേതായിരുന്നെങ്കില്‍ 2008ല്‍ 85-ാം സ്ഥാനത്തേക്ക് അധഃപതിക്കുകയുണ്ടായി. ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Political and Economical Risk Consultancy' എന്ന സ്ഥാപനം നടത്തിയ പഠനം സൂചിപ്പിക്കുന്നത് ഏഷ്യയിലെ ഏറ്റവും മോശം ബ്യൂറോക്രസി ഇന്ത്യയിലാണെന്നാണ്.

പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാനും നിലവിലുള്ള അംഗീകാരം തുടര്‍ന്നു നല്‍കണമോ എന്നു വിലയിരുത്താനും സീറ്റുകള്‍ നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും എന്നുവേണ്ടാ എന്തിനും ഏതിനും ഇത്തരം കൌണ്‍സിലുകളുടെ അംഗീകാരം കിട്ടിയേ തീരൂ. യോഗ്യരായ അധ്യാപകരും മെച്ചപ്പെട്ട ഭൌതികസൌകര്യങ്ങളുമുള്ള നമ്മുടെ സര്‍ക്കാര്‍-സഹകരണ മെഡിക്കല്‍കോളേജുകളെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ഇക്കൂട്ടര്‍ക്ക് മിനിമം സൌകര്യങ്ങളോ യോഗ്യരായ അധ്യാപകരോ ഇല്ലാത്ത സ്വകാര്യസ്വാശ്രയകോളേജുകള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നല്‍കുന്നതിനുപോലും ബുദ്ധിമുട്ടില്ല. കേതന്‍ദേശായിമാരെ കാണേണ്ടതുപോലെ കാണണമെന്നുമാത്രം.

തമിഴ്നാട്ടിലെ ദിണ്ഡുക്കല്‍ ജില്ലയിലെ പളനി ആണ്ടവന്‍ കോളേജധികൃതര്‍ 'നാക്' അക്രഡിറ്റേഷനുവേണ്ടി peer team ന് നല്‍കിയ 'സല്‍ക്കാരം' രാജ്യത്താകെ ജനരോഷം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, വിദ്യാഭ്യാസമേഖലയില്‍ അഴിമതിക്ക് നേതൃത്വം നല്‍കുന്ന കേതന്‍ ദേശായിമാരെ പിടിച്ചുകെട്ടാന്‍ ആരും മുന്നോട്ടുവരുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. യുജിസിയും 13 കൌണ്‍സിലും പിരിച്ചുവിട്ട് ഏകജാലകസംവിധാനം (Independent Regulatory Authority of Higher Education ) വേണമെന്ന് ദേശീയ വിജ്ഞാനകമീഷന്‍ ആവശ്യപ്പെടുകയുണ്ടായി. പ്രൊഫ. യശ്പാല്‍ കമ്മിറ്റിയാകട്ടെ National Commission for Higher Education and Research എന്ന പേരില്‍ ഏകജാലകസംവിധാനം നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ പരിഗണിക്കുന്ന പേര് രണ്ടാമത്തേതാണ്. ഏതായാലും ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുക എന്നതായിരിക്കും ഫലം. ഇത്തരം സമിതികളുടെ പരമാധികാരി ചെയര്‍മാനാണ്. ചെയര്‍മാന്മാരില്‍ പലരും കേതന്‍ദേശായിമാരാകുന്നത് ഈ രംഗത്ത് അഴിമതി വളരാനേ സഹായിക്കൂ.

അക്കാദമിക് പണ്ഡിതന്മാരെകൂടാതെ ഇത്തരം സമിതികളില്‍ പാര്‍ലമെന്റില്‍ അംഗത്വമുള്ള രാഷ്ട്രീയപാര്‍ടികളുടെയെങ്കിലും പ്രതിനിധികള്‍ ഉണ്ടാകുന്നത് (വിദ്യാഭ്യാസമുള്ള എംപിമാരോ അക്കാദമിക് പണ്ഡിതരോ ആരോ ആകട്ടെ) ഒരു പരിധിവരെ നല്ലതാണ്. രാഷ്ട്രീയപാര്‍ടികളില്‍ സംശുദ്ധിയുള്ളവര്‍ ഉണ്ടാകാതിരിക്കില്ല. ഇത്തരം കേതന്‍ദേശായിമാരുള്ളപ്പോള്‍ സ്വാശ്രയമാനേജ്മെന്റുകള്‍ എങ്ങനെ ഫീസ് വര്‍ധന ആവശ്യപ്പെടാതിരിക്കും. എന്തായാലും ഇക്കാര്യത്തില്‍, ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന സ്വാശ്രയമാനേജ്മെന്റ് അസോസിയേഷന്റെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

*
ഡോ. ജെ പ്രസാദ് കടപ്പാട്: ദേശാഭിമാനി

പ്രസക്തമായ മറ്റൊരു പോസ്റ്റ്
അഴിമതിയുടെ കൂടാരം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ എഐസിടിഇയെ സംബന്ധിച്ച് വന്ന ലക്ഷങ്ങളുടെ കോഴവാര്‍ത്ത മറക്കാറായിട്ടില്ല. അതാകട്ടെ ആന്ധ്രയില്‍ ഒരു എന്‍ജിനിയറിങ്കോളേജ് തുടങ്ങാന്‍ എഐസിടിഇ മെമ്പര്‍ സെക്രട്ടറിയും കൂട്ടാളിയും ചേര്‍ന്ന് അഡ്വാന്‍സായി അഞ്ചുലക്ഷം രൂപ (ആകെ 20 ലക്ഷം) കൈപ്പറ്റുമ്പോഴായിരുന്നു സിബിഐയുടെ കെണിയില്‍പെട്ടത്. കേസന്വേഷണം എത്തിപ്പെട്ടത് അന്നത്തെ എഐസിടിഇ ചെയര്‍മാനിലേക്കായിരുന്നു. രാജിവച്ചു പുറത്തുപോകാന്‍ ബഹുമാനപ്പെട്ട മന്ത്രി കപില്‍ സിബല്‍ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെവന്നപ്പോള്‍ ചെയര്‍മാനെ മന്ത്രി ഇടപെട്ട് പറഞ്ഞയക്കേണ്ടിവന്നു. കേരളത്തിലെ ഒരു സ്വാശ്രയ എന്‍ജിനിയറിങ്കോളേജിന്റെ അംഗീകാരത്തിനായി 19 ലക്ഷം രൂപ കോഴ നല്‍കിയത് കഴിഞ്ഞവര്‍ഷം സിബിഐ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംസ്ഥാനത്തെ നിരവധി എന്‍ജിനിയറിങ് കോളേജുകള്‍ ഇപ്പോള്‍ സിബിഐയുടെ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍മാത്രം മൂന്ന് സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ക്കെതിരെ സിബിഐ കേസെടുത്തുകഴിഞ്ഞു.