Thursday, May 27, 2010

സ്വകാര്യവല്‍ക്കരണത്തിനെതിരെ ഖനിത്തൊഴിലാളികളുടെ പണിമുടക്ക്

കോള്‍ ഇന്ത്യയ്ക്ക് "നവരത്ന'' പദവി ലഭിക്കണമെങ്കില്‍ അതിന്റെ ഓഹരിയില്‍ 10 ശതമാനം സ്വകാര്യമേഖലയ്ക്ക് വില്‍ക്കണം എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ബന്ധത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങുമുള്ള കല്‍ക്കരി ഖനിത്തൊഴിലാളികള്‍ പണിമുടക്കിയത് ഐതിഹാസികമായ സംഭവമാണ്.

ഇന്ത്യന്‍ നാഷണല്‍ മൈന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി), ആള്‍ ഇന്ത്യാ കോള്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു), ഇന്ത്യന്‍ മൈന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി), ഹിന്ദ് ഖദന്‍ മസ്ദൂര്‍ സംഘ് (എച്ച്എംഎസ്), അഖില്‍ ഭാരതീയ ഖദന്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) എന്നീ അഞ്ച് അംഗീകൃത സംഘടനകളുടെ പ്രതിനിധികള്‍ മാര്‍ച്ച് 27ന് റാഞ്ചിയില്‍ യോഗം ചേര്‍ന്നാണ് മെയ് 5, 6, 7 തീയതികളില്‍ രാജ്യവ്യാപകമായി ഖനിത്തൊഴിലാളി പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. കരാര്‍വല്‍ക്കരണം, ഔട്ട്സോഴ്സിങ്, സ്വകാര്യ മുതലാളിമാര്‍ക്ക് ഖനനം അനുവദിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളും അവര്‍ പണിമുടക്കില്‍ ഉന്നയിച്ചിരുന്നു.

പണിമുടക്കിന്റെ മുന്നോടിയായി രാജ്യവ്യാപകമായി സംയുക്തമായ പ്രചരണം സംഘടിപ്പിക്കപ്പെട്ടു. കേന്ദ്ര കല്‍ക്കരി ഖനി വകുപ്പ് മന്ത്രി ഏപ്രില്‍ 9ന് യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചുവെങ്കിലും, ആ ചര്‍ച്ച കൊണ്ട് ഫലമൊന്നുമുണ്ടായില്ല. ഖനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ഒരു ബില്ല് കേന്ദ്ര ഗവണ്‍മെന്റ് ഒരു പതിറ്റാണ്ടുമുമ്പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഭീഷണിയെ തുടര്‍ന്ന് അത് നിയമമാക്കുകയുണ്ടായില്ല. എങ്കിലും പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം ഗവണ്‍മെന്റ് നടപ്പാക്കിക്കൊണ്ടിരുന്നു. 700 ലക്ഷത്തിലധികം ടണ്‍ കല്‍ക്കരി ശേഖരമുള്ള 200ല്‍പരം കല്‍ക്കരി ഖനികള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് ഖനനത്തിന് സര്‍ക്കാര്‍ ഏല്‍പിച്ചു കൊടുത്തു. ഈ ഖനിയുടമകള്‍ തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലിയേ നല്‍കുന്നുള്ളൂ; ഒരു തൊഴില്‍ നിയമവും പാലിക്കുന്നുമില്ല. അത്തരം ഖനികളില്‍ പല അപകടങ്ങളും സംഭവിക്കുകയുണ്ടായി. എന്നാല്‍ അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതുകൊണ്ട് സ്വകാര്യ മുതലാളിമാര്‍ക്ക് ഖനനത്തിന് ഏല്‍പിച്ചു കൊടുത്ത നടപടി റദ്ദാക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

ഏപ്രില്‍ 10ന് കേന്ദ്ര മന്ത്രി മറ്റൊരു യോഗം വിളിച്ചു ചേര്‍ത്തുവെങ്കിലും സ്വകാര്യവല്‍ക്കരണ നീക്കത്തില്‍ നിന്ന് പിറകോട്ടു പോകാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കല്‍ക്കരി ഖനികള്‍ ഖനനത്തിന് സ്വകാര്യ വ്യക്തികളെ ഏല്‍പിക്കുമ്പോള്‍ അതിനുള്ള അവകാശം ലേലം ചെയ്തു വില്‍ക്കാം എന്ന് അദ്ദേഹം സമ്മതിച്ചു. അങ്ങനെ ചെയ്താല്‍ ഗവണ്‍മെന്റിന് കൂടുതല്‍ വരുമാനമുണ്ടാകുമല്ലോ. എന്നാല്‍ ഓഹരി വില്‍പ്പനയില്‍നിന്ന് പിറകോട്ടു പോകാന്‍ അപ്പോഴും അദ്ദേഹം തയ്യാറായിരുന്നില്ല. യൂണിയനുകള്‍ മുന്നോട്ടുവെച്ച ചില നിസ്സാര ആവശ്യങ്ങള്‍ പരിഗണിക്കാമെന്നേ അദ്ദേഹം പ്രസ്താവിച്ചുള്ളൂ. പ്രധാന ആവശ്യത്തിന്റെ കാര്യത്തില്‍ ഗവണ്‍മെന്റില്‍നിന്ന് യാതൊരു ഉറപ്പും കിട്ടിയില്ലെങ്കില്‍പ്പോലും, പണിമുടക്കില്‍നിന്ന് പിന്മാറാന്‍ ഐഎന്‍ടിയുസിയും ബിഎംഎസ്സും എഐടിയുസിയും ആ യോഗത്തില്‍ സമ്മതിച്ചത് ആശ്ചര്യകരമാണ്.

അതെന്തായാലും മാര്‍ച്ച് 27ന് റാഞ്ചിയില്‍വെച്ച് ചേര്‍ന്ന യോഗത്തില്‍ അഞ്ച് യൂണിയനുകള്‍ സംയുക്തമായി കൈക്കൊണ്ടിരുന്ന തീരുമാനമനുസരിച്ച് ഏപ്രില്‍ 19ന് സിഐടിയുവും എച്ച്എംഎസ്സും പണിമുടക്ക് നോട്ടീസ് നല്‍കി. ഈ യൂണിയനുകള്‍ പണിമുടക്കിന്റെ പ്രചരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവര്‍ക്ക് തൊഴിലാളികളില്‍നിന്ന് വ്യാപകമായ പിന്തുണയും ലഭിച്ചു. യൂണിയനുകള്‍ ഉന്നയിച്ച പ്രധാന ആവശ്യത്തിന്റെ കാര്യത്തില്‍ യാതൊരു നേട്ടവും കൈവരിക്കാന്‍ ആവാതെ, പണിമുടക്കില്‍നിന്ന് മൂന്ന് യൂണിയനുകള്‍ പിന്‍വലിഞ്ഞത് കല്‍ക്കരി ഖനിത്തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ അസംതൃപ്തി സൃഷ്ടിച്ചു. സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം മുന്നോട്ടുകൊണ്ടു പോകാന്‍ തൊഴിലാളികളോട് സിഐടിയു അഭ്യര്‍ത്ഥിച്ചു. ആള്‍ ഇന്ത്യാ കോള്‍ വര്‍ക്കേഴ്സ് ഫെഡറേഷന്റെ (സിഐടിയു) ജനറല്‍ സെക്രട്ടറി ജിബന്‍ റോയ് കല്‍ക്കരി ഖനികള്‍ സന്ദര്‍ശിച്ച്, പണിമുടക്കില്‍ ഒന്നിച്ചുനില്‍ക്കാന്‍ തൊഴിലാളികളെ ആഹ്വാനം ചെയ്തു.

കേന്ദ്ര ഗവണ്‍മെന്റ് ഏപ്രില്‍ 30ന് വീണ്ടും യൂണിയനുകളുടെ യോഗം വിളിച്ചു ചേര്‍ത്തു. കേന്ദ്ര ധനകാര്യ മന്ത്രിയുടെ ആഭിമുഖ്യത്തിലായിരുന്നു ചര്‍ച്ച. എന്നാല്‍ ആ യോഗത്തിലും ഗവണ്‍മെന്റ് തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ഒരു ശതമാനം ഓഹരി വേണമെങ്കില്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന നിര്‍ദ്ദേശം കോള്‍ ഇന്ത്യാ ചെയര്‍മാന്‍ പാര്‍ഥ ഭട്ടാചാര്യ മുന്നോട്ടുവയ്ക്കുകയുണ്ടായി. സ്വകാര്യവല്‍ക്കരണം തൊഴിലാളികളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനുവേണ്ടിയുള്ള കൈക്കൂലിയാണ് അതെന്ന് പ്രസ്താവിച്ചുകൊണ്ട് സിഐടിയു അത് നിരസിച്ചു.

മൂന്ന് യൂണിയനുകള്‍ പണിമുടക്കില്‍നിന്ന് പിന്മാറിയ സാഹചര്യത്തില്‍, എല്ലാ യൂണിയനുകളും സംയുക്തമായി മറ്റൊരു തീയതിയില്‍ പണിമുടക്കിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍ തൊഴിലാളി ഐക്യത്തിനുവേണ്ടി മെയ് 5, 6, 7 തീയതികളിലെ പണിമുടക്ക് മാറ്റിവെയ്ക്കാമെന്ന് സിഐടിയു പ്രസ്താവിച്ചു. എന്നാല്‍ അത് അവര്‍ അംഗീകരിച്ചില്ല.

അതുകൊണ്ട് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ സിഐടിയു തീരുമാനിച്ചു. എന്നാല്‍ പണിമുടക്ക് മെയ് 5ന് ഒരൊറ്റ ദിവസമാക്കി ചുരുക്കുന്നതിനും തീരുമാനിച്ചു. നിരവധി പ്രാദേശിക യൂണിയനുകള്‍ സിഐടിയുവിന് പിന്തുണ നല്‍കി മുന്നോട്ടു വന്നു.

സിഐടിയു പണിമുടക്കില്‍നിന്ന് പിന്മാറിയെന്ന കള്ളപ്രചരണവുമായി മെയ് 4ന് കോള്‍ ഇന്ത്യാ മാനേജ്മെന്റ് മുന്നോട്ടു വന്നുവെങ്കിലും അതുകൊണ്ട് അവര്‍ ഉദ്ദേശിച്ച ഫലമൊന്നുമുണ്ടായില്ല. അവരുടെ അത്തരം തറവേലകളെക്കുറിച്ച് തൊഴിലാളികള്‍ക്ക് മുമ്പേ തന്നെ അനുഭവങ്ങളുണ്ടായിരുന്നു. പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട പോലെത്തന്നെ നടന്നു. പലയിടങ്ങളിലും സിഐടിയുവില്‍പെടാത്ത തൊഴിലാളികള്‍ പണിമുടക്കിനെ പരസ്യമായി എതിര്‍ക്കുകയുണ്ടായില്ല. ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്സില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ബിസിസിഎല്ലില്‍ 70 ശതമാനത്തിലധികം തൊഴിലാളികള്‍ പണിമുടക്കി. ബിസിസിഎല്ലിന്റെ ആസ്ഥാനത്തെ പണിമുടക്ക് സാരമായി ബാധിച്ചു. ചില ട്രേഡ് യൂണിയന്‍ നേതാക്കള്‍ പണിമുടക്കിനെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും തൊഴിലാളികള്‍ അവരെ കൂവി ഓടിച്ചു. ഐഐഎസ്സിഒയ്ക്കു കീഴിലുള്ള ഖനികളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സില്‍ 60 ശതമാനം തൊഴിലാളികള്‍ പണിമുടക്കി. അവിടെ ചിലയിടങ്ങളില്‍ അത് പൂര്‍ണം തന്നെയായിരുന്നു. കല്‍ക്കരി കയറ്റി വിടുന്നതും ഏറെക്കുറെ സ്തംഭിച്ചു. സിഎംപിഡിഐഎല്ലിലെ തൊഴിലാളികളും പണിമുടക്കില്‍ വ്യാപകമായി പങ്കു ചേരുകയുണ്ടായി. മഹാവാടി കോള്‍ ഫീല്‍ഡിലെ തൊഴിലാളികളില്‍ മൂന്നില്‍ രണ്ടു ഭാഗവും കരാറുകാരുടെ കീഴില്‍ ജോലി ചെയ്യുന്നവരാണ്. അവരില്‍ ഭൂരിഭാഗവും മെയ് 5ന് പണിമുടക്കി.

തെക്കു കിഴക്കന്‍ മേഖലയില്‍ പണിമുടക്ക് വലിയ വിജയമായിരുന്നു. ഈ മേഖലയാകെ എടുത്താല്‍ 50 ശതമാനം തൊഴിലാളികള്‍ പണിമുടക്കി.

കൊല്‍ക്കത്തയിലെ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ആസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സുകാര്‍ പണിമുടക്കിനെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. അവിടെ എല്ലാ ഖനി ഓഫീസുകളിലും സമരം വിജയമായിരുന്നു. വടക്കു കിഴക്കന്‍ മേഖലയിലെ ഖനികളിലും സമരം വമ്പിച്ച വിജയമായിരുന്നു. വടക്കന്‍ മേഖലയിലെ നോര്‍ത്തേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡില്‍ സമരം ഭാഗികമായിരുന്നു.

യുപിഎ സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നീക്കത്തിനെതിരായി ഭൂരിപക്ഷം തൊഴിലാളികളും നില കൊള്ളുന്നുവെന്നാണ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണിമുടക്കിന് ലഭിച്ച പിന്തുണ വ്യക്തമാക്കുന്നത്.

ഒരു ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്താല്‍ എട്ടു ദിവസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് പല ഖനികളിലെയും മാനേജ്മെന്റ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ആ ഭീഷണിക്കു മുന്നില്‍ തൊഴിലാളികള്‍ മുട്ടുമടക്കിയില്ല.

*
എം കെ പന്ഥെ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കോള്‍ ഇന്ത്യയ്ക്ക് "നവരത്ന'' പദവി ലഭിക്കണമെങ്കില്‍ അതിന്റെ ഓഹരിയില്‍ 10 ശതമാനം സ്വകാര്യമേഖലയ്ക്ക് വില്‍ക്കണം എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ബന്ധത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെങ്ങുമുള്ള കല്‍ക്കരി ഖനിത്തൊഴിലാളികള്‍ പണിമുടക്കിയത് ഐതിഹാസികമായ സംഭവമാണ്.

ഇന്ത്യന്‍ നാഷണല്‍ മൈന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി), ആള്‍ ഇന്ത്യാ കോള്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു), ഇന്ത്യന്‍ മൈന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി), ഹിന്ദ് ഖദന്‍ മസ്ദൂര്‍ സംഘ് (എച്ച്എംഎസ്), അഖില്‍ ഭാരതീയ ഖദന്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) എന്നീ അഞ്ച് അംഗീകൃത സംഘടനകളുടെ പ്രതിനിധികള്‍ മാര്‍ച്ച് 27ന് റാഞ്ചിയില്‍ യോഗം ചേര്‍ന്നാണ് മെയ് 5, 6, 7 തീയതികളില്‍ രാജ്യവ്യാപകമായി ഖനിത്തൊഴിലാളി പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. കരാര്‍വല്‍ക്കരണം, ഔട്ട്സോഴ്സിങ്, സ്വകാര്യ മുതലാളിമാര്‍ക്ക് ഖനനം അനുവദിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളും അവര്‍ പണിമുടക്കില്‍ ഉന്നയിച്ചിരുന്നു.