Friday, May 14, 2010

അഴിമതിയുടെ കൂടാരം

രാജ്യത്തെ മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെന്‍ട്രല്‍ ജയിലില്‍ കിടന്നാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്! അഴിമതി നടത്തിയതിനു അദ്ദേഹത്തെ കൈയോടെ പിടികൂടിയത് സിബിഐയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മെഡിക്കല്‍ കൌണ്‍സില്‍ എന്നു പറഞ്ഞാല്‍ അതു കേത്തന്‍ ദേശായിയാണ്. 2500 കോടി രൂപയുടെ അവിഹിത സമ്പാദ്യം സിബിഐ കണ്ടെത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍നിന്നുള്ള ഈ സര്‍ജന്‍ സമീപകാലത്ത് ലോക മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേത്തന്‍ ദേശായിയുടെ അറസ്റ്റ് ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ യശസ്സിനു മങ്ങലേല്‍പ്പിച്ചു.

ആദ്യമായല്ല ദേശായി അഴിമതിക്കു പിടികൂടപ്പെടുന്നത്. 2000ല്‍ ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അനധികൃതമായി സൂക്ഷിച്ചിരുന്ന 63 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ഉള്‍പ്പെടെ പലതും കണ്ടെത്തി. ആദായ നികുതി വകുപ്പിന്റെ അഹമ്മദാബാദിലെ ഡെപ്യൂട്ടി കമീഷണര്‍ ദേശായിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ദേശായിയെ മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷസ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇത്രയും അപകടകാരിയായ ഒരാളെ ഇതുപോലുള്ള സ്ഥാനത്തു തുടരാന്‍ അനുവദിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കണമെന്നും പറഞ്ഞു. മെഡിക്കല്‍ രംഗത്തെ ഈ ഉന്നതസമിതി അഴിമതിയുടെ കൂടാരമായി മാറിയിരിക്കുന്നു എന്നും കോടതി വ്യക്തമാക്കി. ദേശായിക്കെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിനു സിബിഐക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെയോ ഏതെങ്കിലും ഏജന്‍സിയുടെയോ നിര്‍ദേശങ്ങള്‍ സിബിഐയുടെ അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനാണ് മെഡിക്കല്‍ കൌണ്‍സിലിനൊപ്പം കേന്ദ്രസര്‍ക്കാരും ശ്രമിച്ചത്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയമായ ഒരാളെ സംബന്ധിച്ച് ഒരു അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍, അനുകൂലമായ വിധി ഉടന്‍ ലഭിക്കാത്തതുകൊണ്ട് ദേശായിക്ക് അധ്യക്ഷസ്ഥാനം രാജിവെയ്ക്കേണ്ടിവന്നു. അഡ്മിനിസ്്ട്രേറ്ററെ നിയമിക്കണമെന്നാണ് കോടതി പറഞ്ഞതെങ്കിലും അതിനെതിരെ വൈസ് പ്രസിഡന്റായിരുന്ന കേശവന്‍കുട്ടിനായര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി അനുകൂല വിധി നേടി ആക്ടിങ് പ്രസിഡന്റായി. ഏഴുകൊല്ലമാണ് അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നത്. തീര്‍ത്തും അസാധാരണമാണ് ഒരു വ്യക്തി ആക്ടിങ് പ്രസിഡന്റായി ഏഴുവര്‍ഷം തുടര്‍ച്ചയായി ഇതുപോലൊരു ഉന്നത സ്ഥാനത്തു തുടരുക എന്നത്. പിന്നീട് കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തി ദേശായി തന്നെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ചെത്തി.

സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ കൂണുപോലെ മുളച്ചുപൊന്തിയതോടെയാണ് മെഡിക്കല്‍ കൌണ്‍സില്‍ അഴിമതിയുടെ കൂടാരമായി അധഃപതിച്ചത്. സര്‍ക്കാര്‍ കോളേജുകളും സഹകരണ കോളേജുകളും അംഗീകാരത്തിനായി അപേക്ഷിച്ചാല്‍ കര്‍ശന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. എന്നാല്‍, സ്വകാര്യകോളേജുകളാണെങ്കില്‍ കാര്യങ്ങള്‍ അതിവേഗത്തില്‍ നീങ്ങും. പരിശോധനക്ക് വരുന്ന സംഘത്തിനു പഞ്ചനക്ഷത്ര സൌകര്യങ്ങളാണ് നല്‍കുന്നത്. ദിവസക്കൂലിക്ക് രോഗികളെ സംഘടിപ്പിച്ചു നല്‍കുന്ന ഏജന്‍സികളുണ്ട്. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇതുപോലെ സംഘടിപ്പിച്ചു നല്‍കും. കോടികളാണ് അംഗീകാരത്തിനായി ചിലവഴിക്കുന്നത്. മാനേജ്മെന്റുകള്‍ക്ക് പണം നല്‍കാന്‍ ബുദ്ധിമുട്ടില്ല. കാരണം വിദ്യാര്‍ഥികളുടെ കൈയില്‍നിന്നും തലവരി വാങ്ങിതന്നെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അംഗീകാരം നല്‍കേണ്ട മെഡിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗവേണിങ് കൌണ്‍സില്‍ അംഗങ്ങളായ സ്ഥാപനങ്ങളുമുണ്ട്. ഒരാള്‍ യുജിസിയുടെ പ്രതിനിധിയും മറ്റേയാള്‍ മെഡിക്കല്‍ കൌണ്‍സിലിന്റെയും.

സ്വകാര്യമെഡിക്കല്‍കോളേജുകള്‍ വ്യാപകമായതും അവയുടെ നിലവാരത്തില്‍ വെള്ളം ചേര്‍ത്തതും ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. പണം മുടക്കി പഠിക്കുന്നവര്‍ അതു തിരിച്ചുകിട്ടുന്നതിനു എന്തുചെയ്യുന്നതിനും മടിക്കില്ല. മെഡിക്കല്‍ പ്രൊഫഷന്റെ ധാര്‍മികത കാത്തുസൂക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി കൂടിയാണ് മെഡിക്കല്‍ കൌണ്‍സില്‍. മോന്തായം തന്നെ വളഞ്ഞാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സമാനമായ സ്ഥിതി തന്നെയാണ് ദന്തല്‍ കൌണ്‍സിലിനുമുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ കച്ചവടവല്‍ക്കരണപ്രക്രിയക്ക് ചൂട്ടുപിടിക്കുന്നവയായി അധഃപതിച്ചിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. എന്നാല്‍, നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകത്തത് അഴിമതിയില്‍ ഉന്നതങ്ങളിലുള്ളവരുടെ പങ്കാണ് കാണിക്കുന്നത്. ഹൈക്കോടതി ജഡ്ജി കൂടി ഉള്‍ക്കൊള്ളുന്ന അന്വേഷണസമിതിയെ നിയമിക്കാന്‍ അധികാരമുള്ള കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അതിനു തയ്യാറായിട്ടില്ല. എല്ലാ മേഖലകളില്‍നിന്നും ഇതിനായുള്ള ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാരിന്റെ സമീപനം അനുകൂലമല്ല. ആരെയോ രക്ഷപ്പെടുത്തുന്നതിനു മന്ത്രാലയം ശ്രമിക്കുന്നു.

നിലവിലുള്ള നിയമം കാലോചിതമാക്കുന്നതിനും ശരിയായ ദിശയിലുള്ള ശ്രമം നടക്കുന്നില്ല. ഇടക്കാലത്ത് കൊണ്ടുവന്ന ബില്‍ എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരിലേക്ക് ചുരുക്കുന്നതിനും ജനാധിപത്യസ്വഭാവത്തെ തകര്‍ക്കുന്നതിനും ഉദ്ദേശിച്ചതായിരുന്നു. ഇനിയും സര്‍ക്കാര്‍ ഉയര്‍ന്നു ശ്രമിച്ചില്ലെങ്കില്‍ അതിഗുരുതരമായ അവസ്ഥയിലേക്ക് രാജ്യം പോകും. ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത രൂപത്തിലേക്ക് ആരോഗ്യമേഖല മാറിയിരിക്കുന്നു. ലാഭം മാത്രമാണ് മിക്കവാറും സ്ഥാപനങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനു സഹായകരമായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്. മന്ത്രിതലത്തിലെ അഴിമതിയുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുന്ന സര്‍ക്കാര്‍ ഇത്തരം അഴിമതികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി വാരിക

പ്രസക്തമായ മറ്റൊരു പോസ്റ്റ്
കേതന്‍ ദേശായിമാരും പ്രൊഫഷണല്‍ വിദ്യാഭ്യാസവും

4 comments:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തെ മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സെന്‍ട്രല്‍ ജയിലില്‍ കിടന്നാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്! അഴിമതി നടത്തിയതിനു അദ്ദേഹത്തെ കൈയോടെ പിടികൂടിയത് സിബിഐയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മെഡിക്കല്‍ കൌണ്‍സില്‍ എന്നു പറഞ്ഞാല്‍ അതു കേത്തന്‍ ദേശായിയാണ്. 2500 കോടി രൂപയുടെ അവിഹിത സമ്പാദ്യം സിബിഐ കണ്ടെത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍നിന്നുള്ള ഈ സര്‍ജന്‍ സമീപകാലത്ത് ലോക മെഡിക്കല്‍ കൌണ്‍സിലിന്റെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കേത്തന്‍ ദേശായിയുടെ അറസ്റ്റ് ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ യശസ്സിനു മങ്ങലേല്‍പ്പിച്ചു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ വർക്കേഴ്സ് ഫോറം,
മെഡിക്കൽ കൌൺസിൽ അല്ല “മേടിക്കൽ “ കൌൺസിൽ ആണ് ഹ ഹ ഹ :))

മൂര്‍ത്തി said...

നര്‍മ്മം നിറഞ്ഞവന്‍ പണിക്കരേട്ടന്‍..:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യയ്യൊ മൂര്‍ത്തി,

ഈ "Ethical Practice" "Medical Profession" എന്നൊക്കെ കേട്ടിട്ടില്ലെ ഓരോരുത്തര്‍ ഓരോന്നൊക്കെ എത്തിക്കലായി “എത്തിക്കുന്നു” അതു ഞങ്ങള്‍ അങ്ങു പ്രൊ ഫഷനലായി “മേഡിക്കുന്നു“ അത്രേ ഉള്ളു ഹ ഹ ഹ :)