Wednesday, May 5, 2010

സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളിവര്‍ഗ പോരാട്ടങ്ങളും

യൂറോപ്പില്‍ തൊഴിലാളിവര്‍ഗം സംഘടിക്കാനും സമരംചെയ്യാനും തുടങ്ങിയ നാളുകളില്‍, കമ്യൂണിസം എന്ന ആശയം ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയ ആ കാലത്ത് യൂറോപ്പിനെ 'കമ്യൂണിസം എന്ന ഭൂതം' പിടികൂടിയിരിക്കുന്നു എന്ന അങ്കലാപ്പോടെ സര്‍വ പിന്തിരിപ്പന്‍ ശക്തികളും ഒത്തുചേര്‍ന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് കാള്‍മാര്‍ക്സും ഫ്രെഡറിക് എംഗത്സും 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എഴുതി തുടങ്ങിയത്. മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ വിജയത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും സോഷ്യലിസ്റ്റ് ചേരിയെയും ഉന്മൂലനം ചെയ്യുന്നതിനായി ആഗോളമുതലാളിത്തം അതിന്റെ ആവനാഴിയിലെ സര്‍വ ആയുധങ്ങളും പ്രയോഗിച്ചു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ നടപടികളെടുത്തതിനൊപ്പം തന്നെ ക്ഷേമപദ്ധതികളിലൂടെ തൊഴിലാളികളില്‍ രോഷത്തിന്റെ കനലുകള്‍ ആളിപ്പടരാതെ കെടുത്താനും മുതലാളിത്തം നീക്കം നടത്തി. അതിലവര്‍ക്ക് വിജയംവരിക്കാനും കഴിഞ്ഞു.

1980കളുടെ ഒടുവില്‍ ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയും തുടര്‍ന്ന്സോവിയറ്റ് യൂണിയന്‍തന്നെ തകരുകയും സോഷ്യലിസ്റ്റ് ചേരി ശിഥിലമാവുകയും ചെയ്തതോടെ ഫ്രാന്‍സിസ് ഫുക്കുയാമയെപ്പോലുള്ള മുതലാളിത്തത്തിന്റെ സൈദ്ധാന്തികര്‍ 'ചരിത്രത്തിന്റെ അന്ത്യ'മായാണ് അതിനെ വിശേഷിപ്പിച്ചത്; മുതലാളിത്തത്തിന് ബദലില്ലെന്നും മുതലാളിത്തമാണ് ലോകത്തിന്റെ ഒടുവിലത്തെയും എക്കാലത്തെയും സാമ്പത്തിക വ്യവസ്ഥിതിയെന്നും അവര്‍ വിധിയെഴുതി. അങ്ങനെ 1990കള്‍ 'ആഹ്ളാദത്തിന്റെ ദശക'മായി ആഘോഷിക്കപ്പെട്ടു. സോഷ്യലിസത്തിനേറ്റ തിരിച്ചടിയോടെ മുതലാളിത്തം ക്ഷേമപദ്ധതികള്‍ കൈവെടിയുകയും അതിന്റെ നഗ്നമായ ആക്രമണസ്വഭാവം പ്രകടിപ്പിക്കുകയുംചെയ്തു. എന്നാല്‍, ഈ നവലിബറല്‍ ആഘോഷങ്ങള്‍ അല്‍പായുസ്സുകളാണെന്ന് തെളിയിക്കപ്പെടാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല.

21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെ അന്ത്യം എത്തുന്നതിനുമുമ്പ് മുതലാളിത്ത ലോകത്തെയാകെ പിടിച്ചുകുലുക്കിയ സാമ്പത്തികത്തകര്‍ച്ച മുതലാളിത്തത്തിന്റെ വക്താക്കളെയാകെ അങ്കലാപ്പില്‍ അകപ്പെടുത്തുകയാണുണ്ടായത്. സ്വകാര്യവല്‍ക്കരണത്തെക്കുറിച്ച് വേദമന്ത്രംപോലെ ഉരുവിട്ടുകൊണ്ടിരുന്നവര്‍തന്നെ തകര്‍ന്ന ധനകാര്യ സ്ഥാപനങ്ങളെ പൊതുപണം ചെലവഴിച്ച് കരകയറ്റുന്നതും പരിമിതമായ ദേശസാല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നതും നാം കണ്ടു.

ഇപ്പോള്‍ തകര്‍ച്ചയില്‍നിന്ന് കരകയറുകയാണെന്ന മുതലാളിത്തപ്രചാരകരുടെ വായ്ത്താരികള്‍തന്നെ മറ്റൊരു കെട്ടുകഥയാണ്. സാധാരണക്കാരന്റെ പണം ഉപയോഗിച്ച് സര്‍ക്കാരുകള്‍ തകര്‍ന്ന ധനകാര്യ സ്ഥാപനങ്ങളെ കരകയറ്റിയതോടെ ഓഹരി വിപണിയില്‍ ഉണ്ടായ ഉയര്‍പ്പിനെയാണ് തകര്‍ച്ചയില്‍ നിന്നുള്ള കരകയറ്റമായി വിശേഷിപ്പിക്കുന്നത്. സാധാരണക്കാരന്റെ പോക്കറ്റടിച്ച് കോടീശ്വരന്മാരുടെ കീശവീര്‍പ്പിക്കുന്ന വിദ്യയാണ്് മുതലാളിത്ത സര്‍ക്കാരുകള്‍ ധനകാര്യ തകര്‍ച്ചയെ നേരിടാനെന്ന പേരില്‍ നടപ്പാക്കിയത്. എന്നാല്‍, ഈ തകര്‍ച്ചയുടെ പ്രത്യാഘാതമെന്ന നിലയില്‍ നഷ്ടപ്പെട്ട തൊഴില്‍ അവസരങ്ങള്‍ വീണ്ടെടുക്കപ്പെട്ടില്ല എന്നുമാത്രമല്ല തൊഴില്‍ നഷ്ടപ്പെടല്‍ ഇപ്പോഴും തുടരുന്നുമുണ്ട്. അമേരിക്കയില്‍ 2008 സെപ്റ്റംബര്‍ മുതല്‍ 2009 ഡിസംബര്‍വരെ 68 ലക്ഷം തൊഴിലുകളാണ് ഇല്ലാതായത്. ഇപ്പോള്‍ അവിടെ തൊഴിലില്ലായ്മ ഏകദേശം 10ശതമാനത്തിനടുത്താണ്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഈ കണക്കുതന്നെ യഥാര്‍ഥസ്ഥിതി മറച്ചുപിടിക്കുന്നതുമാണ്. മാത്രമല്ല, വേതനം വെട്ടിക്കുറയ്ക്കലും ക്ഷേമപദ്ധതികള്‍ കൈവെടിയലുമെല്ലാം അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളില്‍ പ്രതിസന്ധിയുടെ മറവില്‍ ഇപ്പോഴും നടപ്പാക്കപ്പെടുന്നു. അങ്ങനെ ഒരുവശത്ത് പൊതുപണം മുതലാളിമാര്‍ക്ക് നല്‍കുന്നതോടൊപ്പംതന്നെ സാധാരണ ജനങ്ങളെ വേലയും കൂലിയും ഇല്ലാതെ ദുരിതത്തിലേക്ക് തള്ളിവീഴ്ത്തുകയുമാണ്.

ഇതിനെതിരായ ചെറുത്തുനില്‍പ്പുകളുടെ വാര്‍ത്തകളാണ് പല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും പുറത്തുവരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തമസ്കരിക്കുന്നതിനാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സദാ ശ്രമിക്കുന്നത്. സാധാരണ വംശീയമായ കലാപങ്ങളെയും അരാജകവാദികളും മറ്റും നടത്തുന്ന പ്രകടനങ്ങളെയും വന്‍ പ്രാധാന്യംനല്‍കി പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍, ഇപ്പോള്‍ തൊഴിലാളിവര്‍ഗം ചെങ്കൊടിയുടെ കീഴില്‍ നടത്തുന്ന സംഘടിതമായ പോരാട്ടങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നതായാണ് കാണുന്നത്.

ഏറ്റവും സംഘടിതവും ആസൂത്രിതവുമായ തൊഴിലാളിവര്‍ഗ പോരാട്ടം അടുത്ത കാലത്തായി നടന്നത് ഗ്രീസിലാണ്. 2010ല്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഒരു മാസത്തിനുള്ളില്‍ നാല് പൊതുപണിമുടക്കുകളാണ് അവിടെ നടന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 24, മാര്‍ച്ച് 5, മാര്‍ച്ച് 11. ഈ പണിമുടക്കുകള്‍ക്ക് ആധാരമായ ഗ്രീക് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശകലനങ്ങളും വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍തന്നെ പണിമുടക്കുകളെക്കുറിച്ച് സാന്ദര്‍ഭികമായ പരാമര്‍ശം നടത്തിയതുപോലും വിരളമായിട്ടായിരുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിയും അതിന്റെ പ്രതിഫലനം ഗ്രീക്ക് സമ്പത്തിക മേഖലയില്‍ ബാധിച്ചതുമായിരുന്നു ഗ്രീസിലെ തൊഴിലാളിവര്‍ഗ പ്രക്ഷോഭത്തിന് ഇടവരുത്തിയത്. ഈ ദശകത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീന ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും അതിനുമുമ്പ് പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളെയും ബാധിച്ചതിന് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ് ഗ്രീസിനെയും പിടികൂടിയത്. ഗ്രീസിന്റെ കടപ്പത്രങ്ങളില്‍ 70 ശതമാനവും വിദേശരാജ്യങ്ങളും വിദേശ ധനകാര്യ സ്ഥാപനങ്ങളുമാണ് വാങ്ങിയിരുന്നത്. ഏകദേശം 30,000 കോടി ഡോളറിന്റെ വിദേശകടമായിരുന്നു ഗ്രീസിനുണ്ടായിരുന്നത്. നിത്യനിദാന ചെലവുകള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കടംവാങ്ങിയിരുന്ന ഗ്രീസിന് വേണ്ട ഒത്താശ നല്‍കിയിരുന്നതും ഗ്രീസിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതി മുടിവെക്കാന്‍ സഹായിച്ചതും ഗോള്‍ഡ്മാന്‍ സാച്ചസ് എന്ന അമേരിക്കന്‍ നിക്ഷേപകബാങ്കായിരുന്നു. വിമാനത്താവളങ്ങളും ഹൈവേകളും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ പൊതു ആസ്തികള്‍പോലും പണയപ്പെടുത്തിയാണ് ഏറെക്കുറെ ഒരു പതിറ്റാണ്ടുകാലമായി ഈ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ വായ്പ എടുത്തിരുന്നത്. എന്നാല്‍, ബാലന്‍സ്ഷീറ്റില്‍ രാജ്യത്തിന്റെ യഥാര്‍ഥ കടബാധ്യത പ്രതിഫലിപ്പിച്ചതുമില്ല. ഗ്രീസിന്റെ കണക്കില്‍ വായ്പകളായല്ല വിറ്റുവരവായാണ് ഇതെല്ലാം രേഖപ്പെടുത്തപ്പെട്ടത്. അങ്ങനെയാണ് കടബാധ്യത മൂടിവെക്കാന്‍ സാധിച്ചത്.

അതേസമയം ഗ്രീസിലെ തൊഴിലില്ലായ്മ പൊതുവില്‍ 11 ശതമാനത്തിലേറെയാവുകയും ചെറുപ്പക്കാരില്‍ 29 ശതമാനത്തിനും തൊഴില്‍ ലഭിക്കാതാവകുയും ചെയ്തിരുന്നു. നാണയപ്പെരുപ്പവും വിലക്കയറ്റവും അഞ്ചുശതമാനത്തിലധികമാവുകയും ചെയ്തു. ഇങ്ങനെ സ്ഫോടനാത്മകമായ ഒരന്തരീക്ഷത്തിലാണ് 2008 ഡിസംബറില്‍ ഒരു ചെറുപ്പക്കാരന്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുപണിമുടക്കുകളും ഗ്രീസിനെയാകെ പിടിച്ചുലച്ചത്.

പത്തുവര്‍ഷത്തിലേറെയായി ഗ്രീസില്‍ അധികാരത്തിലിരുന്ന ന്യൂഡെമോക്രസി പാര്‍ടി എന്ന വലതുകക്ഷിയുടെ സര്‍ക്കാര്‍ 2009 ഒക്ടോബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍നിന്ന് പുറന്തള്ളപ്പെടുകയും പസോക് എന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി അധികാരത്തിലെത്തുകയും ചെയ്തത്. ഇതിനെ തുടര്‍ന്നാണ് മുന്‍ യാഥാസ്ഥിതിക സര്‍ക്കാരിന്റെ നയങ്ങള്‍പാടെ കൈവെടിയാനോ യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും തിട്ടൂരങ്ങള്‍ മറികടക്കാനോ തയ്യാറാകാതിരുന്ന ജോര്‍ജ് പപ്പാന്ദ്രുവിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാരിന് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനായില്ല എന്നുമാത്രമല്ല യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങി കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുകയാണുണ്ടായത്. 2009 ഡിസംബറില്‍ ആരോഗ്യ രക്ഷ പദ്ധതികള്‍ വെട്ടിക്കറുച്ചുകൊണ്ടാണ് ജനവിരുദ്ധ നടപടികള്‍ക്ക് തുടക്കംകുറിച്ചത്.

സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറുന്നതിന് ഗ്രീസിന് വായ്പ അനുവദിക്കണമെന്നുണ്ടെങ്കില്‍ ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരണമെന്ന ജര്‍മ്മനിയുടെയും യൂറോപ്യന്‍ യൂണിയനിലെ മറ്റ് പ്രമുഖ രാജ്യങ്ങളുടെയും ഐഎംഎഫിന്റെയും നിര്‍ദേശം ശിരസ്സാവഹിച്ച് പപ്പാന്ദ്രു സര്‍ക്കാര്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനും ക്ഷേമപദ്ധതികളും സര്‍ക്കാര്‍ ചെലവഴിക്കലും കുറയ്ക്കാനും സാധാരണ ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനുമാണ് തുനിഞ്ഞത്. ഗ്രീക് കമ്യൂണിസ്റ്റ് പാര്‍ടി ഈ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായി ശക്തമായ പ്രചാരണപരിപാടികള്‍ നടത്തി. ന്യൂ ഡെമോക്രസിയുടെയും പസോക്കിന്റെയും നയങ്ങള്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍തന്നെയാണെന്നും രണ്ടുകൂട്ടര്‍ക്കും സമ്പന്ന പക്ഷപാതിത്വമാണുള്ളതെന്നും കമ്യൂണിസ്റ്റ് പാര്‍ടി ചൂണ്ടിക്കാട്ടി. 2004ല്‍ 3600 കോടി യൂറോ ആയിരുന്ന ഗ്രീസിലെ കോര്‍പറേറ്റുകളുടെ ആസ്തി 2009 ആയപ്പോള്‍ 13600 കോടി യൂറോ ആയി വര്‍ധിച്ചതും ഇതേകാലഘട്ടത്തില്‍ തൊഴിലാളികളുടെ യഥാര്‍ഥ വേതനം ഇടിഞ്ഞതും ചൂണ്ടിക്കാട്ടി ഗ്രീസിനെ കടബാധ്യതയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും യഥാര്‍ഥ കാരണം കോര്‍പറേറ്റുകളെ ഇങ്ങനെ സമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിച്ചതാണെന്നും അതുകൊണ്ട് അതിനു പരിഹാരം കാണാന്‍ അവരില്‍നിന്നുതന്നെ അധികതുക ഈടാക്കണമെന്നും പാര്‍ടി വാദിച്ചു. സര്‍ക്കാര്‍ നടപടികളില്‍ രോഷാകുലരായ തൊഴിലാളിവര്‍ഗം കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആഹ്വാനം ചെവിക്കൊണ്ട് സമരരംഗത്ത് അണിനിരക്കുന്നതാണ് ഗ്രീസിലെ പണിമുടക്ക് പരമ്പരകളുടെ സവിശേഷത. ഭരണവര്‍ഗത്തിനുവേണ്ടി ഇനിയും കൂടുതല്‍ ദുരിതം അനുഭവിക്കാന്‍ തങ്ങളില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ഗ്രീസിലെ തൊഴിലാളി വര്‍ഗം ഈ പണിമുടക്കുകളിലൂടെ നടത്തിയിരിക്കുന്നത്.

എല്ലാപേര്‍ക്കും സ്ഥിരംതൊഴില്‍, ജോലിസമയം ഒരുദിവസം 7മണിക്കൂര്‍, ആഴ്ച്ചയില്‍ 5 പ്രവൃത്തിദിനം, മിനിമം ശമ്പളം 1400 യൂറോ, റിട്ടയര്‍മെന്റ് പ്രായം സ്ത്രീകള്‍ക്ക് 55ഉം പുരുഷന്മാര്‍ക്ക് 60ഉം ആയി നിജപ്പെടുത്തല്‍ (ആപത്കരമായ ജോലികളില്‍ ഇത് 50ഉം 55ഉം ആയിരിക്കണം); തൊഴിലില്ലാത്ത എല്ലാപേര്‍ക്കും തൊഴില്‍ ലഭിക്കുന്നതുവരെ മുന്നുപാധികളില്ലാതെ 1120 യൂറോ തൊഴിലില്ലായ്മ വേതനം, എല്ലാപേര്‍ക്കും പൂര്‍ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കല്‍, വേതനവും പെന്‍ഷനും വെട്ടിക്കുറയ്ക്കാതിരിക്കല്‍, കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും നല്‍കുന്ന ഇളവുകള്‍ റദ്ദ്ചെയ്യലും അവര്‍ക്കുമേല്‍ അധികനികുതി ചുമത്തലും ഇവയാണ് തൊഴിലാളികള്‍ പണിമുടക്കുകള്‍ക്ക് കാരണമായി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.

ഓള്‍ വര്‍ക്കേഴ്സ് മിലിറ്റന്റ് ഫ്രണ്ട് എന്ന ട്രേഡ് യുണിയനുകളുടെ സമരസമിതിയാണ് പണിമുടക്കിന് നേതൃത്വംനല്‍കുന്നത്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും അസംഘടിതമേഖലയിലെയും തൊഴിലാളികളുടെ സംഘടനകള്‍ ഈ സമരസമിതിയില്‍ അണിനിരന്നിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സമരസമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അതിനനുകൂലമായി കമ്യൂണിസ്റ്റ് പാര്‍ടിയും ദേശവ്യാപകമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പണിമുടക്ക് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തില്‍ ആതെന്‍സിലെ സ്റ്റോക്ക് എക്സ്ചേഞ്ച് മന്ദിരത്തിന് ഉപരോധം ഏര്‍പ്പെടുത്തുകയുമുണ്ടായി.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, തുറമുഖങ്ങളിലെ തൊഴിലാളികള്‍, വിമാനത്താവളങ്ങളിലെ ജീവനക്കാര്‍, ഫാക്ടറി തൊഴിലാളികള്‍, റെയില്‍വ-ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍ ഇങ്ങനെ ഗ്രീസിലെ സമസ്ത മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കുകളില്‍ അണിനിരന്നു. അക്ഷരാര്‍ഥത്തില്‍ ഈ പണിമുടക്കുകള്‍ ഗ്രീസിനെ നിശ്ചലമാക്കുകയാണുണ്ടായത്. പണിമുടക്കിയ തൊഴിലാളികള്‍ രാജ്യത്തുടനീളം പ്രകടനങ്ങളും പിക്കറ്റിങ്ങുകളും നടത്തി. സമരസമിതിയില്‍ ചേര്‍ന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള യൂണിയനുകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ മാത്രമല്ല, വലതുപക്ഷ ട്രേഡ് യൂണിയനുകളില്‍ അണിനിരന്നവരും ഭരണകക്ഷിയായ പസോക്കിനെ പിന്തുണയ്ക്കുന്നവരുമെല്ലാം പണിമുടക്കുകളില്‍ അണിനിരന്നു. പസോക്കിനുള്ളില്‍തന്നെ ഇത് രൂക്ഷമായ അഭിപ്രായ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. കടുത്ത വ്യവസ്ഥകള്‍ക്ക് വിധേയമായി 4500 കോടി യൂറോയുടെ വായ്പ വാങ്ങുന്നത് അഞ്ചില്‍ ഒരാള്‍വീതം ദാരിദ്യ്രരേഖയ്ക്ക് താഴെകഴിയുന്ന ഗ്രീസിനെ കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെടുത്തും എന്ന അഭിപ്രായം ശക്തിപ്പെട്ടുവരികയുമാണ്. ഗ്രീസിനെ രക്ഷിക്കാന്‍ മുണ്ടുമുറുക്കി ഉടുക്കണമെന്നും തൊഴിലാളികള്‍ 'ദേശാഭിമാനം' പ്രകടിപ്പിക്കണമെന്നുമുള്ള ഭരണാധികാരികളുടെയും കുത്തക മാധ്യമങ്ങളുടെയും അഭ്യര്‍ഥനകളൊന്നും അവരെ അനുകൂലിച്ചിരുന്ന സാധാരണക്കാരായ ആളുകള്‍പോലും ഇപ്പോള്‍ ചെവിക്കൊള്ളാന്‍ തയ്യാറാകുന്നില്ല. 'എന്റെ ശമ്പളവും എന്റെ അമ്മയുടെ 300 യൂറോ പെന്‍ഷനും ത്യജിച്ചുകൊണ്ടാണോ ഈ രാജ്യത്തെ രക്ഷിക്കാന്‍?'' എന്നാണ് പണിമുടക്കിയ ഒരു ജീവനക്കാരന്‍ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാല്‍, കൂടുതല്‍ കടുത്ത നടപടികള്‍ ഇനിയുമുണ്ടാകും എന്ന നിലപാടിലാണ് ഗ്രീക്ക് ധനമന്ത്രി ജോര്‍ജ് പപ്പാ കോണ്‍സ്റ്റാന്റിനോ. അതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളിവര്‍ഗവും.

വിദ്യാര്‍ഥികള്‍ സമരത്തിനനുകൂലമായി സജീവമായി രംഗത്തുണ്ടായിരുന്നു. ചെറുകിട വ്യാപാരികളും ബിസിനസുകാരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടത്തിയിരുന്നു. കര്‍ഷകരുടെ ദേശീയപാത ഉപരോധവും ഇതിനൊപ്പംതന്നെ നടന്നിരുന്നു.

ഗ്രീസില്‍ മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളിലാകെ തൊഴിലാളിവര്‍ഗത്തിനുനേരെയുള്ള കടന്നാക്രമണങ്ങളും അതിനെതിരായ ചെറുത്തുനില്‍പ്പുകളും തുടരുകയാണ്. പോര്‍ച്ചുഗലില്‍ ജോസ് സോക്രട്ടീസിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ബജറ്റ് കമ്മി 9.3 ശതമാനത്തില്‍നിന്ന് 2013 ആകുമ്പോള്‍ മൂന്ന് ശതമാനമായി കുറയ്ക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനും ക്ഷേമപദ്ധതികള്‍ കൈവെടിയാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും നടപടികള്‍ സ്വീകരിക്കുന്നു. അതിനെതിരെ മാര്‍ച്ച് 4ന് നടന്ന പണിമുടക്കിലും പ്രതിഷേധ പ്രകടനത്തിലും അഞ്ച് ലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. സ്പെയിനിലും ജോസ് ലൂയി സപ്പാറ്റെറൊയുടെ സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാര്‍ ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തുന്നതിനും റിട്ടയര്‍മെന്റ്പ്രായം രണ്ടുവര്‍ഷം വര്‍ധിപ്പിക്കുന്നതിനും നടപടിയെടുത്തതിന് എതിരെ ഫെബ്രുവരി 23ന് നടത്തിയ പണിമുടക്കില്‍ രണ്ടുലക്ഷത്തിലധികം തൊഴിലാളികളാണ് അണിനിരന്ന്. ഫെബ്രുവരി രണ്ടാംവാരത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലാകെ വിവിധവിഭാഗം വ്യോമയാന ജീവനക്കാരുടെ പണിമുടക്ക് നടന്നു. ജര്‍മനിയില്‍ ലുഫ്താന്‍സയിലെ പൈലറ്റുമാരാണ് പണിമുടക്കിയത്. ഫ്രാന്‍സില്‍ എയര്‍ട്രാഫിക് കണ്‍ട്രോളിംഗ് ജീവനക്കാര്‍ പണിമുടക്കി. ഫ്രഞ്ച് ഓയില്‍ നിഫൈനറികളിലെ തൊഴിലാളികളുടെ പണിമുടക്കും സമ്പൂര്‍ണമായിരുന്നു. ചെക്റിപ്പബ്ളിക്കില്‍ മാര്‍ച്ച് 4ന് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും മാറ്റിവെയ്ക്കപ്പെടുകയുണ്ടായി. ബ്രിട്ടീഷ് എയര്‍വേയ്സിലെ ക്യാബിന്‍ ക്രൂ തൊഴിലാളികള്‍ പണിമുടക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.

കിര്‍ഗിസ്ഥാനില്‍ നിറവിപ്ളവത്തിലൂടെ അധികാരത്തിലെത്തിയ ബകിയേവിന് അധികാരംവിട്ട് വിദേശത്തേക്ക് ഒളിച്ചോടേണ്ടതായിവന്നതും ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ഉണ്ടായ പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി സ്വീകരിച്ച ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍മൂലമാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും കുടിവെള്ളത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിപ്പിച്ചതിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചതിനും എതിരായ ജനകീയ പ്രക്ഷോഭമാണ് ബകിയേവിന്റെ കസേര തെറിപ്പിച്ചത്.

2008 സെപ്റ്റംബറില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനവിരുദ്ധ നടപടികളെല്ലാം വമ്പിച്ച പ്രതിഷേധത്തിനും പലയിടത്തും രാഷ്ട്രീയ പ്രതിസന്ധിക്കും ഇടയാക്കിയിരുന്നു. 2009 ജനുവരിയില്‍ ഐസ്ലന്റില്‍ നടന്ന ഭരണമാറ്റമാണ് അതില്‍ ആദ്യത്തേതെങ്കില്‍ കിര്‍ഗിസ്ഥാനില്‍ സംഭവിച്ചത് അവസാനത്തേതായി ഒടുങ്ങാനും ഇടയില്ല. ഫ്രാന്‍സില്‍ 2009 ആദ്യംനടന്ന പ്രതിഷേധ പണിമുടക്കുകളിലും പ്രകടനങ്ങളിലും 30 ലക്ഷത്തിലധികം തൊഴിലാളികളും ജീവനക്കാരുമാണ് അണിനിരന്നത്. പാകിസ്ഥനിലും കസാഖിസ്ഥാനിലും ദക്ഷിണകൊറിയയിലും ലാറ്റ്വിയയിലും ലിത്വാനിയയിലും ഹങ്കറിയിലും ബള്‍ഗേറിയയിലുമെല്ലാം സാമ്പത്തിക നടപടികള്‍ക്കെതിരെ പണിമുടക്കുകയുംപ്രതിഷേധ പ്രകടനങ്ങളും ഈ കാലഘട്ടത്തില്‍ നടന്നു. റഷ്യയിലാകട്ടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും മറ്റ് ഇടതുപക്ഷ സംഘടനകളുടെയും നേതൃത്വത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടന്ന റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്. അമേരിക്കയിലും പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് 2008 ഒടുവില്‍ അരങ്ങേറിയത്. അതിന്റെ പ്രതിഫലനം 2008 നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബരാക് ഒബാമ വിജയിച്ചതിലും കാണാം.

ആഗോള മുതലാളിത്ത പ്രതിസന്ധിയുടെ ഭാരം തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനും പൊതുപണം ചെലവഴിച്ച് ധനകാര്യ കുത്തകകളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനും ബൂര്‍ഷ്വാഭരണാധികാരികള്‍ ശ്രമിക്കുമ്പോള്‍ അതിനെ പണിമുടക്കിലൂടെയും പ്രതിഷേധ പ്രകടനങ്ങളിലൂടെയും ചെറുക്കാന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന നീക്കങ്ങളാണ് ലോകമാകെ കാണാനാവുന്നത്. പലപ്പോഴും അത് രാഷ്ട്രീയ പ്രതിസന്ധിയോളം എത്തുന്നുമുണ്ട്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കയില്‍ 2008 സെപ്റ്റംബര്‍ മുതല്‍ 2009 ഡിസംബര്‍വരെ 68 ലക്ഷം തൊഴിലുകളാണ് ഇല്ലാതായത്. ഇപ്പോള്‍ അവിടെ തൊഴിലില്ലായ്മ ഏകദേശം 10ശതമാനത്തിനടുത്താണ്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഈ കണക്കുതന്നെ യഥാര്‍ഥസ്ഥിതി മറച്ചുപിടിക്കുന്നതുമാണ്. മാത്രമല്ല, വേതനം വെട്ടിക്കുറയ്ക്കലും ക്ഷേമപദ്ധതികള്‍ കൈവെടിയലുമെല്ലാം അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളില്‍ പ്രതിസന്ധിയുടെ മറവില്‍ ഇപ്പോഴും നടപ്പാക്കപ്പെടുന്നു. അങ്ങനെ ഒരുവശത്ത് പൊതുപണം മുതലാളിമാര്‍ക്ക് നല്‍കുന്നതോടൊപ്പംതന്നെ സാധാരണ ജനങ്ങളെ വേലയും കൂലിയും ഇല്ലാതെ ദുരിതത്തിലേക്ക് തള്ളിവീഴ്ത്തുകയുമാണ്.

ഇതിനെതിരായ ചെറുത്തുനില്‍പ്പുകളുടെ വാര്‍ത്തകളാണ് പല യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും പുറത്തുവരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തമസ്കരിക്കുന്നതിനാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ സദാ ശ്രമിക്കുന്നത്. സാധാരണ വംശീയമായ കലാപങ്ങളെയും അരാജകവാദികളും മറ്റും നടത്തുന്ന പ്രകടനങ്ങളെയും വന്‍ പ്രാധാന്യംനല്‍കി പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍, ഇപ്പോള്‍ തൊഴിലാളിവര്‍ഗം ചെങ്കൊടിയുടെ കീഴില്‍ നടത്തുന്ന സംഘടിതമായ പോരാട്ടങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നതായാണ് കാണുന്നത്.