ഗാനഗന്ധര്‍വ്വനെന്ന് പുകള്‍പെറ്റ യേശുദാസിന്റെ സംഗീതത്തെ മഹത്തായ സംഗീതമെന്നു വാഴ്ത്തുകയും, അദ്ദേഹത്തിന്റെ സപ്തതി ആഘോഷിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? യേശുദാസിനെ വിമര്‍ശിച്ച് 1984ല്‍ എഴുതിയ ലേഖനം മാന്യവും ഉചിതവുമായില്ലെന്ന് ഏറ്റുപറഞ്ഞ് 'മാതൃഭൂമി' വാരിക (2010 മാര്‍ച്ച് 1420)യില്‍ കഥാകൃത്തായ സക്കറിയ എഴുതിയ മാപ്പപേക്ഷയാണ് ഈ ചോദ്യമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. പഴയ ലേഖനത്തില്‍ യേശുദാസിനെ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് സക്കറിയ സമ്മതിക്കുന്നു. എന്നാല്‍ 25 വര്‍ഷത്തിനുശേഷം എഴുതിയ പുതിയ ലേഖനത്തിലും അദ്ദേഹത്തിന് യേശുദാസിനെ വിലയിരുത്താന്‍ കഴിയുന്നില്ല. ഉപാധികളില്ലാത്ത സ്തുതിപറച്ചിലിന്റെ അത്യാവേശത്തില്‍ മാന്യത കൈവിടുന്നില്ലെങ്കിലും, സക്കറിയയ്ക്ക് മതികെട്ടുപോകുന്നു. വസ്തുനിഷ്ഠത അദ്ദേഹത്തിന് നഷ്ടപ്പെടുന്നു.
സപ്തതിയിലെത്തിയെങ്കിലും, ഒരു പരമ്പരാഗത വൃദ്ധനാകാന്‍ വിസമ്മതിക്കുന്നതിലാണ് യേശുദാസിന്റെ നിസ്തുലത സക്കറിയ കണ്ടെത്തുന്നത്. എന്നാല്‍, ചിലരെ പുകഴ്ത്തണമെങ്കില്‍ മറ്റു ചിലരെ ഇകഴ്ത്തണമെന്ന ധാരണയുള്ളതുകൊണ്ടാവാം, സക്കറിയ യേശുദാസിനേയും എഴുത്തുകാരായ ബുദ്ധിജീവികളേയും താരതമ്യം ചെയ്യുന്നു. വാര്‍ദ്ധക്യത്തില്‍ എഴുത്തുകാരായ ബുദ്ധിജീവികള്‍ ‘ശാരീരിക പരാജിതത്വത്തിലേക്കും ആന്തരിക പിന്നോക്കാവസ്ഥയിലേക്കും’ അധഃപതിക്കുന്നുവെന്നും, അവര്‍ ‘ആള്‍ദൈവങ്ങളുടെയും, ആരാധനാലയങ്ങളുടെയും തമസിലേക്ക്’ കൂപ്പുകുത്തുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാല്‍ കാലത്തിനു കീഴടങ്ങാതെ സ്വന്തം നിസ്തുല വാര്‍ദ്ധക്യം യേശുദാസ് പരിരക്ഷിക്കുന്നുവെന്ന് സക്കറിയ സൂചിപ്പിക്കുന്നു.
വാര്‍ദ്ധക്യം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ മാനസിക പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടുകൂടി പരിഗണിക്കാതെയാണ് സക്കറിയ യേശുദാസിന്റെ അവസ്ഥയ്ക്ക് അസാധാരണത്വം ചാര്‍ത്തിക്കൊടുക്കുന്നത്. വാസ്തവത്തില്‍ കാലത്തിനു കീഴടങ്ങാതെ, ശരീരത്തിനു വാര്‍ദ്ധക്യം ബാധിച്ചാലും മാനസിക യുവത്വം നിലനിര്‍ത്തുന്ന എത്രയോ പേരുണ്ട്. യേശുദാസിന്റെ വാര്‍ദ്ധക്യകാല മനോഭാവത്തില്‍ അസാധാരണമായ ഒന്നുമില്ലെന്നതാണ് സത്യം. ചെറുപ്പം മുതല്‍ മരണത്തെ ഭയക്കാന്‍ പഠിപ്പിക്കപ്പെടുന്നവരാണ് നാം. ജനാധിപത്യരഹിതമായ കുടുംബാന്തരീക്ഷത്തിലെ രക്ഷിതാക്കളുടെ അധികാരസ്ഥത ശിശുക്കളെ അതിവേഗം വൃദ്ധരാകാന്‍ പരിശീലിപ്പിക്കുന്നു. യുവത്വം തുളുമ്പുന്ന ശരീരത്തില്‍ വൃദ്ധമനസ്സുമായാണ് പല ചെറുപ്പക്കാരും ജീവിക്കുന്നത്. ശാരീരിക വാര്‍ദ്ധക്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജൈവപരമായ അസ്തിത്വത്തിന്റെ അന്ത്യം ആസന്നമാണെന്ന തോന്നല്‍ ശക്തമാകുമ്പോള്‍, ആ അവസ്ഥയെ സമചിത്തതയോടെ സ്വീകരിക്കാന്‍ പലര്‍ക്കും കഴിയാറില്ല. അപ്പോള്‍, നിരീശ്വരവാദം പ്രസംഗിച്ചുനടന്നവര്‍ തീര്‍ത്ഥാടകരായിത്തീരുകയും, ഭൌതികവാദികള്‍ കാഷായ വേഷധാരികളായി ആത്മീയം പറയുകയും, ഈശ്വരവിശ്വാസികളായിരുന്നവര്‍ കൂടുതല്‍ തീവ്രമായ മതാത്മകതയിലെത്തുകയും ചെയ്യുന്നു. എഴുത്തുകാരായ ബുദ്ധിജീവികള്‍ മാത്രമല്ല, എഴുത്തുകാരല്ലാത്ത ബുദ്ധിജീവികളും, രാഷ്ട്രീയക്കാരും മരണഭയത്തിന് ഇരകളാകാറുണ്ട്. അതിനാല്‍ യേശുദാസിനെ വാഴ്ത്തുന്നതിന് വാര്‍ദ്ധക്യകാലത്ത് ഭക്തന്മാരായിത്തീരുന്ന എഴുത്തുകാരായ ബുദ്ധിജീവികളെ മാത്രം ഇകഴ്ത്തേണ്ടതില്ല.
എന്നാല്‍, എന്താണ് മാനസികവും ബൌദ്ധികവുമായ യുവത്വത്തിന്റെ ലക്ഷണമെന്ന് സക്കറിയ സൂചിപ്പിക്കുന്നില്ല. യേശുദാസിന്റെ നിലപാടിനെയാണ് അദ്ദേഹം അടിസ്ഥാന മാനദണ്ഡമായി കണക്കാക്കുന്നതെന്ന് തോന്നുന്നു. എന്നാല്‍ അത് പൂര്‍ണ്ണമായി സ്വീകരിക്കാനാവുകയില്ല. തലനരയ്ക്കുന്നതും, തൊലി ചുളുങ്ങുന്നതുമല്ല, വാര്‍ദ്ധക്യത്തിന്റെ ലക്ഷണമെന്ന് തിരിച്ചറിഞ്ഞ്, എക്കാലവും പുരോഗമനാശയങ്ങളുടെ നിത്യയുവത്വം മനസ്സിലേറ്റി വിപ്ളവകരമായി ജീവിച്ചവര്‍ക്ക് യേശുദാസിന്റെ ചില നിലപാടുകള്‍ അത്ര ശ്രേഷ്ഠമായി തോന്നാനിടയില്ല. ജീവിത യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച് ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അറിവ് നേടി, ചിരപരിവര്‍ത്തന സ്വഭാവിയായ പ്രപഞ്ചത്തിന്റെയും, പ്രകൃതിയുടെയും ചലനനിയമങ്ങള്‍ മനസ്സിലാക്കി, കൂടുതല്‍ മെച്ചപ്പെട്ട ഒരു സാമൂഹ്യഘടനയുടെ സൃഷ്ടിക്കായി ബോധപൂര്‍വ്വം കര്‍മ്മനിരതമാകുന്ന മാനസികാവസ്ഥയാണ് അവര്‍ക്ക് വാര്‍ദ്ധക്യരാഹിത്യത്തിന്റെ ലക്ഷണം. ഈ അര്‍ത്ഥത്തില്‍ പല യുവാക്കളും അകാല വാര്‍ദ്ധക്യം ബാധിച്ചവരാണ്. ആള്‍ ദൈവങ്ങളുടെ ആലിംഗന ചുംബനാദികള്‍ ഏറ്റുവാങ്ങാനും, പുരോഹിത വേഷധാരികളുടെ പാദശുശ്രൂഷ നടത്താനും, ദൈവപ്രഘോഷണത്തിന് കോട്ടും ടൈയും കെട്ടിപ്പോകാനും, മതരാഷ്ട്രനിര്‍മ്മിതിക്കായി ജിഹാദികളാകാനും തയ്യാറാകുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ വാര്‍ദ്ധക്യരോഗബാധിതരായേ കണക്കാക്കാനാകൂ. അവരുടെ ആസന്ന മരണചിന്താശതകങ്ങളും, മരണാനന്തര ജീവിതഭീതികളും മിഥ്യാധാരണ മാത്രമാണ്. ഈ അര്‍ത്ഥത്തില്‍ യേശുദാസ് അദ്ദേത്തിന്റെ ബൌദ്ധിക യുവത്വം നിലനിര്‍ത്തുന്നുവെന്ന് പറയാനാവില്ല. വിശ്വാസത്തിന്റേയും, അതുമായി ബന്ധപ്പെട്ട ആരാധനാലയങ്ങളുടേയും മതില്‍കെട്ടുകളില്‍നിന്നും ചുറ്റമ്പലങ്ങളില്‍നിന്നും സ്വന്തം ഗായകസിദ്ധിയെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. എഴുത്തുകാരായ ബുദ്ധിജീവികള്‍ ആരാധനാലയങ്ങളിലേക്ക് വാര്‍ധ്യക്യത്തില്‍ കൂപ്പുകുത്തുകയാണെങ്കില്‍, യേശുദാസ് ഒരിക്കലും അവിടെനിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം.
എന്നാല്‍ യേശുദാസ് മറ്റുവിശ്വാസികളില്‍നിന്നും വ്യത്യസ്തനാണ്. സഹജീവികള്‍ക്ക് സ്വഭക്തിയില്‍ സ്ഥാനം നല്‍കുന്നതുമൂലം ഗാന്ധിജി, ശ്രീനാരായണഗുരു, രമണ മഹര്‍ഷി, ദക്ഷിണാമൂര്‍ത്തി എന്നിവരുടെ മഹത്വത്തില്‍ അദ്ദേഹം പങ്കാളിയാകുന്നുവെന്ന സക്കറിയയുടെ നിരീക്ഷണത്തില്‍ സത്യത്തിന്റെ അംശമുണ്ട്. ഉദാരമായ സൌമനസ്യത്തിനപ്പുറം സര്‍ഗാത്മകമായ സഹിഷ്ണുതയോടെയാണ് അന്യ ആരാധനാരീതികളെ ഈ മഹാത്മാക്കള്‍ സ്വാംശീകരിച്ചിട്ടുള്ളത്. ബഹുവിധ മതവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ആത്മനിഷ്ഠവിശ്വാസത്തിന്റെ ദുഃശ്ശാഠ്യങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞ് അവയോട് രാഷ്ട്രീയമായി പ്രതികരിക്കുകയായിരുന്നു ഗാന്ധിജി ചെയ്തത്. ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ മതാതീത മാനവികതയുടെ സൃഷ്ടിക്കായി ആത്മവേദനയോടെ, ഗാന്ധിജി നടത്തിയ പ്രാര്‍ത്ഥനയായിരുന്നു "ഈശ്വര്‍ അള്ളാ തേരേനാം, സബ്കോ സന്മതി ദേ ഭഗവാന്‍'' എന്നത്. മതപരമായ വൈരത്തിനും ജാതീയമായ ഉച്ചനീചത്വത്തിനുമെതിരെ ശ്രീനാരായണഗുരു നടത്തിയ പോരാട്ടത്തില്‍ സവിശേഷമായ രാഷ്ട്രീയമുണ്ടായിരുന്നു. നാസ്തികനെ വരെ ശിഷ്യനായി സ്വീകരിച്ച ഗുരുവിന്റെ മതേതര സമീപനം സ്വാംശീകരിച്ചുകൊണ്ടാണ് യേശുദാസ് കേരളീയ സാമൂഹ്യ- സാംസ്കാരിക പരിസരത്തോട് പ്രതികരിച്ചിട്ടുള്ളത്.
"ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണി''തെന്ന ഗുരുവാക്യത്തിലെ രാഷ്ട്രീയം സ്വന്തം കലയുടേയും, ജീവിതത്തിന്റേയും സാരമായി ആലപിക്കുന്നിടത്താണ് യേശുദാസിന്റെ മഹത്വം. ശ്രീനാരായണഗുരുവിന്റെ ദര്‍ശനത്തെ അദ്ദേഹം സ്വവിശ്വാസത്തിന്റെ ആത്മാംശമാക്കി. അന്യമതങ്ങളുടെ ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ധാരാളം ഗായകരുണ്ട്. യേശുദാസിന്റെ മഹത്വം സര്‍വ്വമതങ്ങളുടെയും ഭക്തിഗാനങ്ങള്‍ ആലപിച്ചുവെന്നതല്ല, സ്വവിശ്വാസത്തില്‍ സര്‍വ്വവിശ്വാസങ്ങളേയും ഉള്‍ചേര്‍ത്തുവെന്നതാണ്. ഗാനാലാപനത്തിന്റെ സാങ്കേതികത്തികവിലൂടെ നേടിയെടുക്കുന്ന ശ്രേഷ്ഠതയല്ലിത്; സ്വന്തംജീവിതത്തില്‍ ഗായകന്‍ അനുഷ്ഠിക്കുന്ന മൂല്യാധിഷ്ഠിതചര്യകളുടെ ഫലമാണിത്. ആത്മനിഷ്ഠ നിലപാടുകളില്‍ വിശ്വസിച്ചുകൊണ്ട് സ്വദൈവവും സ്വമതസാരവും മാത്രമാണ് മോക്ഷദായകം എന്നു വിശ്വസിച്ച് കൊല്ലാനും ചാകാനും തയ്യാറുള്ളവരുള്ള സമൂഹത്തില്‍ യേശുദാസിന്റെ നിലപാടിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. ജനിച്ചുവളര്‍ന്ന മതസാഹചര്യങ്ങള്‍ ഉല്പാദിപ്പിച്ച മാനസിക സങ്കുചിതത്വത്തില്‍നിന്നും മോചനം പ്രാപിക്കുകയും, ഇതര വിശ്വാസങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ പരസ്യമായി മനസ്സ് അര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ യേശുദാസ് പ്രസരിപ്പിക്കുന്നത് അന്യമതസ്വീകാരത്തിന്റെ രാഷ്ട്രീയ സന്ദേശമാണ്. ഈ രാഷ്ട്രീയസന്ദേശം യേശുദാസിനെ ഗായകരിലെ രാഷ്ട്രീയക്കാരനാക്കുകയും,മലയാളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചാവകാശിയാക്കുകയും ചെയ്യുന്നു.
യേശുദാസിനെ വസ്തുനിഷ്ഠമായി വിലയിരുത്താതെ പുകഴ്ത്തലിന്റെ പരകോടിയിലെത്തിച്ച് സക്കറിയ അദ്ദേഹത്തെ വിഗ്രഹവത്കരിക്കുന്നു. സ്വന്തം വിഗ്രഹപദവിയെ ആത്മലാളനയോ, മിഥ്യാബോധമോ ഇല്ലാത്ത കണ്ണുകള്‍ കൊണ്ട് കാണാന്‍ യേശുദാസിന് കഴിയുന്നുവെന്ന് സക്കറിയ എഴുതുമ്പോള്‍ വിഗ്രഹവത്കരണം പൂര്‍ത്തിയാകുന്നു. ഭാവഗായകനാണ് യേശുദാസ്. ഭഗവാനല്ല. ഭാവവ്യത്യാസങ്ങളുണ്ടാകാത്തതാണ് വിഗ്രഹം. സ്നേഹിക്കാനറിയുന്ന മലയാളിയുടെ മനസ്സില്‍ സ്ഥിരസ്ഥാനം യേശുദാസിന് ലഭിച്ചിട്ടുണ്ട്. കുറ്റങ്ങളും കുറവുകളുമില്ലാത്ത ഒരു ആരാധനാവിഗ്രഹമായി യേശുദാസ് മാറരുത്. സംഗീതലോകത്തിലെ ഒരു ആള്‍ദൈവമാക്കി യേശുദാസിനെ മാറ്റാനാണ് സക്കറിയ ശ്രമിക്കുന്നതെന്ന് തോന്നുന്നു. പാടുകയും പ്രസംഗിക്കുകയും സാമൂഹികപ്രശ്നങ്ങളോട് പ്രതികരിക്കുകയും സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന യേശുദാസിനെയാണ് മലയാളിക്ക് വേണ്ടത്. യേശുദാസിനെ വിഗ്രഹമോ ദൈവമോ ആയി മലയാളിക്കുവേണ്ടാ. ഗായകനായിമാത്രം മതി. മനുഷ്യകഥാനുഗായകനായി. ഉദാത്തമായ മതേതരഭാവം മനുഷ്യരിലുല്പാദിപ്പിക്കുന്ന മഹാഗായകനായി മാത്രം.
വര്‍ത്തമാനകാല ആഗോള-ദേശീയ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ യേശുദാസിന്റെ മതാതീത മാനവിക നിലപാടിന് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍, അതില്‍ അന്തര്‍ലീനമായ രാഷ്ട്രീയത്തെ വികസിപ്പിച്ച് തേജസാര്‍ന്ന മതനിരപേക്ഷതയിലേക്ക് ഉയര്‍ത്താന്‍ യേശുദാസ് തയ്യാറാകുന്നില്ല. ഇത് യേശുദാസിന്റെ നിലപാടിന്റെ പരിമിതിയാണ്. എന്നാല്‍, ഈ പരിമിതിയെ സക്കറിയ വാഴ്ത്തുകയാണ് ചെയ്യുന്നത്: ‘കേരള രാഷ്ട്രീയത്തിന്റെ നിക്ഷിപ്തതാത്പര്യങ്ങളുടെ പരിലാളനകളില്‍ നിന്ന് തന്റെ സ്വാതന്ത്ര്യത്തിന്റെ അകലം പരിപാലിക്കാനും അദ്ദേഹത്തിന് കഴിയുന്നു. എന്താണിതിന്റെ അര്‍ത്ഥം? കേരളത്തിലെ രാഷ്ട്രീയം മൊത്തത്തില്‍ നിക്ഷിപ്തമാണെന്നല്ലേ? കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എല്ലാം ഒരേപോലെ നിക്ഷിപ്തതാല്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നുവെന്നാണോ? ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയം ശക്തിപ്രാപിക്കുന്ന സന്ദര്‍ഭത്തില്‍, അതിനെതിരായി രൂപം കൊള്ളുന്ന രാഷ്ട്രീയം - യേശുദാസിന്റേതുള്‍പ്പെടെ - നിക്ഷിപ്തമാണോ? രാഷ്ട്രീയപാര്‍ട്ടികളുടെ പ്രീണനങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന ലളിതമായ അര്‍ത്ഥം മാത്രമല്ല സക്കറിയായുടെ വാക്കുകള്‍ക്കുള്ളത്. അരാഷ്ട്രീയതയുടെ ന്യായീകരണം കൂടിയാണ് അദ്ദേഹം നടത്തുന്നത്. കേരളരാഷ്ട്രീയത്തിന്റെ നിക്ഷിപ്തതയില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ അകലം പാലിക്കാന്‍ യേശുദാസിന് കഴിയുന്നുവെന്ന് സക്കറിയ നിരീക്ഷിക്കുമ്പോള്‍ ‘സ്വാതന്ത്ര്യ’ത്തെ രാഷ്ട്രീയബാഹ്യമായ ഒരു പരികല്പനയായാണ് സക്കറിയ കാണുന്നത്. ജാതി മത രാഷ്ട്രീയം ഉയര്‍ത്തുന്ന വിഭാഗീയതകളുടെ ഭീഷണികളെ ആത്മനിഷ്ഠ അരാഷ്ട്രീയമന്ത്രം ഭജിച്ച് നേരിടാന്‍ ആര്‍ക്കാണ് സാധിക്കുക. ജാതിമത രാഷ്ട്രീയത്തിനെതിരെ സമാനചിന്താഗതിക്കാരുമായി സംഘം ചേര്‍ന്നുകൊണ്ടുമാത്രമേ, മതേതര മനസ്സുള്ള ഏതൊരു വ്യക്തിക്കും സ്വാതന്ത്ര്യം സംരക്ഷിക്കാനാകുകയുള്ളു. ശുദ്ധസ്വാതന്ത്ര്യം അരാജകവും നിഷ്ക്രിയവും വന്ധ്യവുമാണ്. യേശുദാസിന്റെ ‘സ്വാതന്ത്ര്യം അരാഷ്ട്രീയമാണെങ്കില്‍ അത് അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ പരിമിതിയാണ്. എന്നാല്‍ മതാതീത മനവികതയുടെ നിക്ഷിപ്തരാഷ്ട്രീയത്തെ ശക്തമാക്കുന്ന രാഷ്ട്രീയസ്വാതന്ത്ര്യം യേശുദാസ് വിനിയോഗിക്കുന്നുവെന്ന് വിശ്വസിക്കാനാണ് പൊതുവേ കേരളീയര്‍ക്കിഷ്ടം. എന്നാല്‍, സ്വന്തം അരാഷ്ട്രീയ നിലപാടിന്റെ ന്യായീകരണത്തിനായി സക്കറിയ യേശുദാസിനെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അനായാസം ആത്മനിഷ്ഠ നിലപാടിലേക്കെടുത്തു ചാടാതെ, വസ്തുനിഷ്ഠതയുടെ ദാര്‍ഢ്യമുള്ള അറിവ് കേരളരാഷ്ട്രീയത്തെ സംബന്ധിച്ച് സക്കറിയ ഇനിയും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. നിക്ഷിപ്തരാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും കേരളത്തിലുണ്ട്. അതോടൊപ്പം ജാതിരഹിതവും മതനിരപേക്ഷവുമായ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇവിടെയുണ്ട്. സാമൂഹികമായ ധാര്‍മ്മികബോധത്തോടെ തെരഞ്ഞെടുപ്പു നടത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്. പുരോഗമനരാഷ്ട്രീയ ശക്തികളെ കണ്ടറിയാനും വിമര്‍ശനപരമായ സര്‍ഗാത്മകതയോടുകൂടി അവയെ ശക്തിപ്പെടുത്താനും മതാതീതമാനവികതയ്ക്ക് മൂല്യം കല്പിക്കുന്ന ഏവര്‍ക്കും രാഷ്ട്രീയമായ ഉത്തരവാദിത്വമുണ്ട്. യേശുദാസിനും സക്കറിയയ്ക്കും ഇത് ബാധകമാണ്.
സ്വപരിഗണനകളുടെ പരിധിക്കു വെളിയില്‍ രാഷ്ട്രീയത്തെ നിര്‍ത്താനുള്ള സക്കറിയയുടെ യത്നം മറനീക്കി പുറത്തുവരുന്നത് അദ്ദേഹത്തിന്റെ മാപ്പപേക്ഷയുടെ അവസാനഭാഗത്താണ്. അദ്ദേഹം എഴുതുന്നു: 'നവോത്ഥാനത്തെ പില്ക്കാലരാഷ്ട്രീയവും മാധ്യമസംസ്കാരവും അവയുത്പാദിപ്പിച്ച ജാതി-മത-പ്രത്യയശാസ്ത്രജഡിലതകളും ചേര്‍ന്ന് നാമാവശേഷമാക്കി‘. ഇവിടെ സാമാന്യവത്കരണത്തിലൂടെ സത്യത്തെ തമസ്കരിക്കാനാണ് സക്കറിയ ശ്രമിക്കുന്നത്. നവോത്ഥാനത്തിന്റെ സൃഷ്ടിയായ മതേതരചിന്തകളെ കേരളത്തില്‍ നശിപ്പിച്ചതാരാണെന്ന് എല്ലാ സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായി അറിയാമെന്നിരിക്കെ, സാഹിത്യകാരനായ സക്കറിയ അത് മനസ്സിലാക്കിയില്ലെന്ന് വരുമോ? കുപ്രസിദ്ധമായ വിമോചനസമരവും, അതിന് നേതൃത്വം നല്‍കിയ രാഷ്ട്രീയപാര്‍ട്ടികളും ശക്തികളും കൂടിയാണ് ജാതി-മതഭൂതങ്ങളെ കുടത്തില്‍ നിന്നും തുറന്നു വിട്ടത്. കോണ്‍ഗ്രസും മുസ്ളീംലീഗും എന്‍എസ്എസും ക്രിസ്ത്യന്‍ പൌരോഹിത്യവും, വലതുപക്ഷമാധ്യമങ്ങളും കൂടി അമേരിക്കന്‍ മുതലാളിത്തത്തിന്റെ സഹായത്തോടെ ഇ.എം.എസ് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ നടത്തിയ പ്രതിവിപ്ളവമാണ് നവോത്ഥാന മൂല്യങ്ങളെ നാമാവശേഷമാക്കിയത്. ഇവയെല്ലാം ചരിത്രവസ്തുതകളായിരിക്കെ, വിശദാംശങ്ങളെ ഒഴിവാക്കി സാമാന്യവത്കരണത്തില്‍ തല പൂഴ്ത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയത്തേയും പ്രതിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാനാണ്. എല്ലാരാഷ്ട്രീയവും ഒരുപോലെ മോശമാണെന്ന് പറഞ്ഞ് അരാഷ്ട്രീയതയെ പുണരാനുള്ള ശ്രമമാണിതിന്റെ പിന്നില്‍. ഇവിടെ ഇരയെ പ്രതിയാക്കുന്ന വേട്ടക്കാരന്റെ വക്കീലായി സക്കറിയ സ്വയം അവതരിക്കുകയാണ് ചെയ്യുന്നത്.
ബുദ്ധിജീവി നാട്യത്തോടെ പൊതുരാഷ്ട്രീയത്തെ കുറ്റപ്പെടുത്താനും അകന്നുനില്‍ക്കാനും എളുപ്പമാണ്. അനായാസമായി അരാഷ്ട്രീയ നിലപാടുകളില്‍ എത്തിച്ചേരാനാകും. ബുദ്ധിജീവികള്‍ക്കായി റഡിമെയ്ഡ് ഉത്തമരാഷ്ട്രീയം ഒരുക്കിവെച്ചു കാത്തിരിക്കാന്‍ ബാധ്യതപ്പെട്ടവരാരും സമൂഹത്തിലില്ല. രാഷ്ട്രീയം എല്ലാവരുടേയുമാണ്. രാഷ്ട്രീയത്തിന്റെ കളത്തില്‍ കാഴ്ചക്കാരില്ല; കൂട്ടുകളിക്കാരേയുള്ളു. ഏറിയോ കുറഞ്ഞോ അളവില്‍, അരാഷ്ട്രീയക്കാരുള്‍പ്പെടെ എല്ലാവരും രാഷ്ട്രീയപ്രക്രിയയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും, മറ്റുള്ളവര്‍ ത്യാഗമനുഷ്ഠിച്ചുകൊള്ളണമെന്നും ആവശ്യപ്പെടാന്‍ ഒരു മനുഷ്യനും അവകാശമില്ല. ഉത്തമരാഷ്ട്രീയം അനുഷ്ഠിക്കല്‍ ഓരോരുത്തരുടേയും സാമൂഹ്യധര്‍മ്മമാണ്. രാഷ്ട്രീയപ്രക്രിയകളില്‍ പങ്കെടുത്തുകൊണ്ടുമാത്രമേ, രാഷ്ട്രീയപ്രസ്ഥാനങ്ങളെ ഗുണപരമായി മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളു. ബുദ്ധിപരമായ ഔന്നിത്യഭാവത്തോടെ സമൂഹത്തിലെ രാഷ്ട്രീയപ്രക്രിയയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നത് കാപട്യം നിറഞ്ഞ അഹന്തയുടെ ഫലമാണ്. അകന്നുമാറുകയും അരാഷ്ട്രീയതയെ പ്രണയിക്കുകയും ചെയ്യുന്നത് അധാര്‍മ്മികമായ ആത്മവഞ്ചനയാണ്. ഒരിക്കലും താന്‍ ഒരു കമ്മറ്റിയില്‍ നിന്നും രാജിവെക്കുകയില്ലെന്നും, രാജിവെച്ചാല്‍ തന്നേക്കാള്‍ മോശക്കാരായ ആരെങ്കിലും അവിടെ വരുമെന്നും പറഞ്ഞ ബര്‍ണാര്‍ഡ് ഷായുടെ നിലപാടാണ് ഇവിടെ അനുകരണീയം. രാഷ്ട്രീയത്തെ പുച്ഛത്തോടെ നോക്കിക്കണ്ട് ആത്മനിഷ്ഠതയോടെ അരാഷ്ട്രീയ കേമത്തത്തില്‍ അഭിരമിക്കുന്നത് ബൌദ്ധികമായ ആത്മരതിയാണെന്ന് സക്കറിയ മനസിലാക്കണം.
നവോത്ഥാനപാരമ്പര്യത്തിന്റെ നാശത്തിന് മാധ്യമസംസ്കാരത്തെ കുറ്റപ്പെടുത്തുമ്പോഴും സക്കറിയ അശാസ്ത്രീയമായ സാമാന്യവത്കരണം നടത്തുന്നു. വസ്തുതകളുടെ വിശദാംശങ്ങളിലേക്കുകടന്ന് തൂമ്പായെ തൂമ്പായെന്ന് വിളിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ദേശീയ ബൂര്‍ഷ്വാസിയുടെ ഉടമസ്ഥതയിലായിരുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ ആദര്‍ശാധിഷ്ഠിതമായ മാധ്യമ പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. ദേശസ്നേഹം, മതേതരത്വം, സാമ്രാജ്യത്വവിരുദ്ധത തുടങ്ങിയ രാഷ്ട്രീയമൂല്യങ്ങള്‍ അവ പ്രചരിപ്പിച്ചു. എന്നാല്‍ സാമ്രാജ്യത്വത്തിനെതിരായി ഒരുമിച്ചു പോരാടിയ ഇന്ത്യന്‍ ജനതയുടെ താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ബൂര്‍ഷ്വാഭരണനേതൃത്വവും ബഹുജനങ്ങളും തമ്മിലുണ്ടായ വര്‍ഗപരമായ വേര്‍പിരിയലില്‍ ബൂര്‍ഷ്വാ ഉടമസ്ഥതയിലായിരുന്ന മാധ്യമങ്ങള്‍ ആദര്‍ശങ്ങള്‍ ഉപേക്ഷിക്കുകയും ബൂര്‍ഷ്വാസിയുടെ ഉപകരണമായിത്തീരുകയും ചെയ്തു. അധികാരവും സമ്പത്തും കൈവശം വെയ്ക്കാന്‍ ബൂര്‍ഷ്വാസിയെ സഹായിക്കുന്നതിന്റെ ചരിത്രമാണ് സ്വാതന്ത്യ്രാനന്തരമുള്ള ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റേത്. മാധ്യമങ്ങള്‍ കച്ചവടലാക്കോടു കൂടി പ്രവര്‍ത്തിക്കുകയും, പ്രത്യയശാസ്ത്രപരമായി ജനസാമാന്യത്തെ കീഴ്പ്പെടുത്തുന്നതിന് ജാതിമതശക്തികള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അവര്‍ വലതുപക്ഷ ആശയങ്ങളുടെ വക്താക്കളാകുകയും, ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ക്കെതിരെ പ്രചരണം നടത്തുകയും ചെയ്യുന്നു. അസത്യം പ്രചരിപ്പിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയും വിവാദങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വസ്തുതയും സക്കറിയ കാണുന്നില്ല.
*
ഡോ. കെ.പി.കൃഷ്ണന്‍കുട്ടി കടപ്പാട്: ചിന്ത വാരിക
Subscribe to:
Post Comments (Atom)
2 comments:
ഗാനഗന്ധര്‍വ്വനെന്ന് പുകള്‍പെറ്റ യേശുദാസിന്റെ സംഗീതത്തെ മഹത്തായ സംഗീതമെന്നു വാഴ്ത്തുകയും, അദ്ദേഹത്തിന്റെ സപ്തതി ആഘോഷിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്? യേശുദാസിനെ വിമര്‍ശിച്ച് 1984ല്‍ എഴുതിയ ലേഖനം മാന്യവും ഉചിതവുമായില്ലെന്ന് ഏറ്റുപറഞ്ഞ് 'മാതൃഭൂമി' വാരിക (2010 മാര്‍ച്ച് 1420)യില്‍ കഥാകൃത്തായ സക്കറിയ എഴുതിയ മാപ്പപേക്ഷയാണ് ഈ ചോദ്യമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. പഴയ ലേഖനത്തില്‍ യേശുദാസിനെ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് സക്കറിയ സമ്മതിക്കുന്നു. എന്നാല്‍ 25 വര്‍ഷത്തിനുശേഷം എഴുതിയ പുതിയ ലേഖനത്തിലും അദ്ദേഹത്തിന് യേശുദാസിനെ വിലയിരുത്താന്‍ കഴിയുന്നില്ല. ഉപാധികളില്ലാത്ത സ്തുതിപറച്ചിലിന്റെ അത്യാവേശത്തില്‍ മാന്യത കൈവിടുന്നില്ലെങ്കിലും, സക്കറിയയ്ക്ക് മതികെട്ടുപോകുന്നു. വസ്തുനിഷ്ഠത അദ്ദേഹത്തിന് നഷ്ടപ്പെടുന്നു.
യേശുദാസ് പൊതു രംഗത്തേക്കു വരാന്‍ ശ്രമിക്കുന്നു എന്നാണു അദ്ദേഹത്തിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ ശ്രധിച്ചാല്‍ മനസ്സിലാകുന്നത്, രാജ്യ സഭാ എം പിയൊ മറ്റോ, ആരോഗ്യ വകുപ്പില്‍ ചില പധതികള്‍ അദ്ദേഹം കൊണ്ടു വരാന്‍ ശ്രമിക്കുന്നതായും സര്‍ക്കാര്‍ അതിനു വേണ്ട പരിഗണന നല്‍കുന്നില്ലെന്നും അദ്ദേഹത്തിണ്റ്റെ അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും മനസ്സിലാകുന്നു ഇതു പൊളിറ്റികല്‍ അജണ്ട ആണോ എന്നും അറിയില്ല യേശുദാസ് പൊതു വേദിയില്‍ എങ്കിലും പാട്ട് നിര്‍ത്തണം സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലു മിനിട്ട് പാട്ട് നൂറു തവണ ടേക്കെടുത്ത് കൂട്ടി ഒട്ടിച്ചു പാടി ഹിറ്റാക്കാം പക്ഷെ പഴയ പാട്ടുകള്‍ ഗന്ധര്‍വ സംഗീതം എന്നും മറ്റും പേരില്‍ നശിപ്പിക്കുന്നതിനു അതു പാടിയ യേശുദാസിനും അവകാശമില്ല , അതാണിവിടെ നടക്കുന്നത് , ആ പാട്ടുകള്‍ കമ്പോസ് ചെയ്തവറ്‍ മണ്‍ മറഞ്ഞു താളമിട്ട തബലിസ്റ്റ് മുതല്‍ എല്ലാവറ്‍ക്കും അവകാശപ്പെട്ടതാണു പഴയ ഒരു ഗാനം ഇവിടെ ഈ ഗന്ധറ്‍വ സംഗീതം സന്ധ്യ എന്നൊക്കെ പറയുന്നത് പണം ഉണ്ടാക്കാനുള്ള പരിപാടി അല്ലേ ഇത്റയും സമ്പാദിച്ച് കൂട്ടിയിട്ടും യേശുദാസോ അദ്ദേഹത്തെ പിന്നില്‍ നിന്നും നിയന്ത്റിക്കുന്നവരോ എന്തിനാണു പിന്നെയും പണം ഇങ്ങിനെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഇവിടെ ഒരു വിഗ്രഹവും പരിശുധമായി ഇല്ല സക്കറിയ പണ്ട് പറഞ്ഞ ആ അഭിപ്റയത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണു വേണ്ടത് സ്വരത്തില്‍ വെള്ളി വീണ ലതാ മങ്കേഷ്കറ്‍ രംഗം വിടണമെന്നു പറഞ്ഞ യേശുദാസിനു ശ്വാസം എടുക്കാതെ രണ്ടു വരി പാടാന്‍ കഴിയുന്നില്ല എന്തിനു അപ്പോള്‍ പഴയ പാട്ടുകളെ നശിപ്പിക്കാന്‍ സ്വന്തം പേരു ബ്റാന്‍ഡ് ആയി നല്‍കുന്നു?
Post a Comment