Thursday, May 13, 2010

സി കേശവനും കോഴഞ്ചേരി പ്രസംഗവും

കേരളചരിത്രത്തെ വഴിതിരിച്ചുവിട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികദിനമായിരുന്നു മെയ്11. ആധുനിക കേരളത്തെ രൂപപ്പെടുത്തിയെടുക്കാന്‍ അര്‍പ്പണബോധത്തോടെയും ത്യാഗപൂര്‍ണമായും പ്രവര്‍ത്തിച്ച നേതാക്കളുടെ നിരയിലാണ് തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ സ്ഥാനം. വരുംകാല കേരളം ഏതുവിധത്തിലാകണമെന്ന് ചിന്തിക്കണമെങ്കില്‍ പോയകാല കേരളം എങ്ങനെയായിരുന്നു എന്ന് നാം അറിയണം.

ആ ബോധത്തിന്റെ പശ്ചാത്തലത്തിലാണ് എഴുപത്തഞ്ചാമാണ്ടിലും സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന് പ്രസക്തിയും സാംഗത്യവും ഏറുന്നത്. സമഗ്രാധികാരത്തിലൂടെ തിരുവിതാംകൂറിനെ സര്‍ സി പി രാമസ്വാമി അയ്യര്‍ അടക്കിഭരിച്ച ഘട്ടത്തില്‍ 'സര്‍ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല' എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടിയ പ്രസംഗമാണ് 1935 മെയ് 11ന് സി കേശവന്‍ നടത്തിയത്. തൊട്ടുപിന്നാലെയുണ്ടാവുക അറസ്‌റ്റും തുറുങ്കിലടയ്ക്കലുമൊക്കെയാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സി കേശവന്‍ അന്ന് ആ പ്രസംഗം നടത്തിയത്. തുടര്‍ന്ന് അറസ്‌റ്റും ജീവപര്യന്തം ജയില്‍ശിക്ഷയും ഒക്കെ അദ്ദേഹത്തിനു നേര്‍ക്കെത്തി.

ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്കും മറ്റും മനുഷ്യോചിതമായി ജീവിക്കാനുള്ള സാമൂഹ്യാവസ്ഥ സൃഷ്ടിച്ചെടുക്കുക എന്ന ഉല്‍ക്കൃഷ്ട ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നു ആ പ്രസംഗം. അധികാരികള്‍ ശിക്ഷിച്ചെങ്കിലും കാലവും ചരിത്രവും ശരിവച്ചത് ആ പ്രസംഗത്തെയാണ് എന്ന സത്യത്തെ മെയ് 11 നമ്മുടെ സ്‌മൃതിപഥത്തിലേക്ക് കൊണ്ടുവരുന്നു.

നമ്മുടെ നാടിന്റെ സാമൂഹ്യ രാഷ്ട്രീയ വികസന പ്രക്രിയക്ക് പുരോഗമനാത്മകമായ കുതിപ്പ് പകര്‍ന്നതിലൂടെ ചരിത്രപ്രധാനമായ സംഭവവികാസമായി അടയാളപ്പെടുത്തപ്പെട്ട പ്രസംഗങ്ങള്‍ നമുക്ക് അപൂര്‍വമായേ ഉള്ളൂ. അത്യപൂര്‍വമായ അത്തരം പ്രസംഗങ്ങളുടെ ഒന്നാം നിരയില്‍ തലയെടുപ്പോടെ നില്‍ക്കുന്നു സി കേശവന്റെ കോഴഞ്ചേരി പ്രസംഗം. ആ പ്രസംഗം നമ്മുടെ സാമുദായിക നവോത്ഥാന പ്രക്രിയയെ, രാഷ്‌ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളെ സാമൂഹ്യ തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ഒക്കെ പുതിയ ഊര്‍ജം പകര്‍ന്ന് മുന്നോട്ടു കൊണ്ടുപോയി. തിരുവിതാംകൂര്‍ ജനതയാകെ ഭയാശങ്കകളോടെ നോക്കിക്കണ്ടിരുന്ന സര്‍ സി പിയുടെ കിതാരവാഴ്‌ചയെ നേര്‍ക്കുനേര്‍നിന്ന് പരസ്യമായി വെല്ലുവിളിച്ചതിലെ ധൈര്യംകൊണ്ട് ശ്രദ്ധേയമായ പ്രസംഗമായിരുന്നു അത്.

അതേസമയം, ആ പ്രസംഗം, സമൂഹത്തിലെ അധഃസ്ഥിതരെന്ന് മുദ്രയടിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ വിളംബരം ചെയ്യുന്നതും അത് നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്‌ചയില്ല എന്ന് പ്രഖ്യാപിക്കുന്നതും കൂടിയായിരുന്നു. അതുകൊണ്ടു തന്നെയാണ് ടി എം വര്‍ഗീസ്, നാല്‍പ്പത് ലക്ഷത്തോളം തിരുവിതാംകൂറുകാരുടെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് സി കേശവനെ വിശേഷിപ്പിച്ചത്.

വസ്‌തുകരം വോട്ടവകാശത്തിന് മാനദണ്ഡമാക്കിയ 1932ലെ പരിഷ്‌ക്കാര വിളംബരത്തിനുശേഷവും ഭൂമി കൈവശമുണ്ടായിരുന്ന ക്രിസ്‌ത്യാനിക്കും ഈഴവനും മുസ്ളിമിനും വോട്ടവകാശം ലഭിച്ചിരുന്നില്ല. കാരണം അവര്‍ കരം ഒടുക്കേണ്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതിലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോഴഞ്ചേരി പ്രസംഗം.

നിവേദനങ്ങളും പ്രാര്‍ഥനകളും അഭ്യര്‍ഥനകളുമായി കഴിഞ്ഞുകൂടിയിരുന്ന സമുദായങ്ങളെ പ്രത്യക്ഷ സമരങ്ങളുടെ പരമ്പരയിലേക്ക് നയിക്കാന്‍ ആ പ്രസംഗം ഉപയുക്തമായി.

വളരെ സൂക്‌ഷമമായി പരിശോധിച്ചാല്‍ ശ്രീനാരായണഗുരുവിന്റെമുതല്‍ കാള്‍മാര്‍ക്സിന്റെവരെ സന്ദേശം സി കേശവനെ പ്രചോദിപ്പിച്ചിരുന്നതായി കാണാം. ഫ്രഞ്ച് വിപ്ളവംമുതല്‍ ഒക്ടോബര്‍ വിപ്ളവംവരെ അദ്ദേഹത്തെ ആവേശഭരിതനാക്കിയിരുന്നുവെന്നുകാണാം. അയര്‍ലന്‍ഡിലെ സ്വാതന്ത്ര്യസമരം മുതല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരംവരെ അദ്ദേഹത്തെ ആശയപരമായി ഊര്‍ജസ്വലനാക്കിയിരുന്നുവെന്നുകാണാം.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എല്ലാ നല്ലതിനുവേണ്ടിയും തുറന്നുവച്ച ജാലകങ്ങളോടുകൂടിയ മനസ്സിന്റെ ഉടമയായിരുന്നു സി കേശവന്‍. അതിന്റെയാകെ അനുരണനങ്ങള്‍ കോഴഞ്ചേരി പ്രസംഗത്തില്‍ നമുക്ക് കണ്ടെത്താനാവും. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച ഈ നാടിനെ നാമിന്നുകാണുന്ന ആധുനിക കേരളമാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച സംഭവവികാസങ്ങളും വ്യക്തികളുമുണ്ട്. ആ സംഭവങ്ങളുടെ നിരയിലാണ് കോഴഞ്ചേരി പ്രസംഗത്തിന്റെ സ്ഥാനം.

അത്തരം മഹത്വ്യക്തികളുടെ നിരയിലാണ് സി കേശവന്റെ സ്ഥാനം. പിറക്കാന്‍പോകുന്ന ഐക്യകേരളം സവര്‍ണരുടെ മേല്‍ക്കോയ്‌മയിലുള്ളതാവരുതെന്നും സാമുദായികമായ ഉച്ചനീചത്വങ്ങളില്ലാത്ത ഒന്നാവണമെന്നുമുള്ള ചിന്തയുടെ തീപ്പൊരികള്‍ ആ പ്രസംഗത്തിലുണ്ട്. ഈഴവ-മുസ്ളിം-ക്രൈസ്‌തവ ഐക്യനിര സാമുദായികമായ വിവേചനത്തിനെതിരായി ശബ്‌ദമുയര്‍ത്താനാണെന്നും, അത് നായര്‍ക്കെതിരായുള്ളതല്ല എന്നുമുള്ള സമുദായ സൌഹാര്‍ദത്തിന്റെ തിളക്കം കോഴഞ്ചേരി പ്രസംഗത്തിന്റെ വരികള്‍ക്കിടയിലുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ ചില കൂട്ടരെ സര്‍ക്കാര്‍ നിയമനങ്ങളില്‍നിന്നു നീക്കിനിര്‍ത്തുമ്പോള്‍ അതിന് ന്യായീകരണമായി അധികൃതര്‍ പറഞ്ഞിരുന്ന 'കാര്യക്ഷമതാവാദ'ത്തിന്റെ കള്ളിപൊളിക്കുന്ന മൂര്‍ച്ചയുള്ള വാദമുഖങ്ങള്‍ ആ പ്രസംഗത്തിലുണ്ട്.

പ്രായപൂര്‍ത്തിവോട്ടവകാശം നടപ്പാക്കാതെ വസ്‌തുകരത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടവകാശം നിലനിര്‍ത്തിയാല്‍ ഉത്തരവാദിത്തഭരണം സാര്‍ഥകമാവില്ല എന്ന ബോധത്തിന്റെ വെളിച്ചം ആ പ്രസംഗത്തിലുണ്ട്. ജാതിജീര്‍ണതയെ കൂടുതല്‍ വഷളാക്കുന്നതരത്തിലുള്ള പുന്നശ്ശേരി നമ്പിയുടെ ചണ്ഡാളശാസ്‌ത്രവാദത്തിനെതിരായ പ്രതിഷേധത്തിന്റെ കനലുകള്‍ ആ പ്രസംഗത്തിലുണ്ട്.

രാജാവിന് നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുന്നതിലെ നിരര്‍ഥകത വെളിവാക്കുന്ന യുക്തികളും വൈസ്രോയിക്ക് നിവേദനം നല്‍കുന്നതിലെ അപാകതകളെക്കുറിച്ചുള്ള വാദത്തെ ഖണ്ഡിക്കുന്ന ചിന്തകളും ആ പ്രസംഗത്തിലുണ്ട്. ചുരുക്കത്തില്‍ സാമുദായിക വിവേചനങ്ങള്‍ ഭരണതലത്തിലെ അതിന്റെ നീതിരഹിതമായ പ്രതിഫലനങ്ങള്‍, സര്‍ സിപിയുടെ സവര്‍ണപക്ഷപാതിത്വത്തിനെതിരായ പ്രത്യക്ഷപ്രതിഷേധം ഈഴവ-ക്രൈസ്തവ-മുസ്ളിം ജനവിഭാഗങ്ങള്‍ക്ക് എല്ലാ സാമൂഹ്യരംഗങ്ങളിലും ലഭിക്കേണ്ട പരിഗണനയുടെ ആവശ്യകത, പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയും ഉത്തരവാദഭരണത്തിന്റെയും മേന്മ തുടങ്ങിയവയൊക്കെ ആ പ്രസംഗത്തിലുടനീളം മുഴങ്ങിനില്‍ക്കുന്നുണ്ട്.

രാജാധികാരത്തെ ജനാധികാരംകൊണ്ടു പകരംവയ്ക്കുന്നതിനുള്ള സമരകാഹളത്തിന്റെ വിളംബരമായിരുന്നു സി കേശവന്റെ കോഴഞ്ചേരി പ്രസംഗം എന്നര്‍ഥം.

ഒരു പ്രത്യേക സമുദായത്തിന് പ്രത്യേകമായ പരിഗണന നല്‍കാന്‍ അവരുടെ പേരില്‍ ഒരു സൈന്യം രൂപവല്‍ക്കരിച്ചതിനും ഈഴവ-ക്രൈസ്തവ-മുസ്ളിം സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗംപോലും നിഷേധിച്ചതിനുമൊക്കെ എതിരായ പ്രതിഷേധത്തിന്റെ മുഴക്കമുണ്ടായിരുന്നു കോഴഞ്ചേരി പ്രസംഗത്തിന്. പ്രായപൂര്‍ത്തി വോട്ടവകാശത്തിനും ഉത്തരവാദഭരണത്തിനുംവേണ്ടിയുള്ള മുറവിളിയുടെ ഇരമ്പം കോഴഞ്ചേരി പ്രസംഗത്തില്‍ നിറഞ്ഞു.

പ്രവേശനത്തില്‍ ജാതിവേര്‍തിരിവില്ലാത്ത വിദ്യാലയങ്ങള്‍, സാമുദായിക വിവേചനമില്ലാത്ത സര്‍ക്കാര്‍ നിയമനങ്ങള്‍, സമത്വദര്‍ശനത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പൌരസ്വാതന്ത്ര്യങ്ങള്‍ എന്നിവയ്ക്കുവേണ്ടിയുള്ള ആവശ്യങ്ങള്‍ ആ പ്രസംഗത്തെ രാഷ്ട്രീയമായ ഉള്ളടക്കത്തോടുകൂടിയതാക്കി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് ഒരു കാര്യം ബോധ്യപ്പെടും. സര്‍ സി പിയോ സര്‍ ഹബീബുള്ളയോ പുന്നശ്ശേരി നമ്പിയോ വരച്ചവരയിലൂടെയല്ല, മറിച്ച് അവരുടെ നിലപാടുകളെയാകെ വെല്ലുവിളിക്കാന്‍ ധീരത കാട്ടിയ സി കേശവന്‍ വരച്ച വരകളിലൂടെയാണ് കേരളം പിന്നീട് മുന്നേറിയത് എന്നതാണ് ആ കാര്യം.

ഒരു സന്ധ്യയിലാണ് സി കേശവന്‍ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത്. 'അന്ധകാരമയമായ' ഈ സമയത്ത് എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. അത് അന്നത്തെ സന്ധ്യയെ മാത്രമല്ല, ആ കാലത്തെയാകെ സൂചിപ്പിക്കുന്ന വാക്കായിരുന്നു. രാജഭരണത്തിന്റെ സ്വേച്ഛാധികാരപ്രവണതയുടെ അന്ധകാരം, ജാതീയമായ ഉച്ചനീചത്വത്തിന്റെ അന്ധകാരം, മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുന്ന ജീര്‍ണസാമൂഹ്യസ്ഥിതിയുടെ അന്ധകാരം. ഒറ്റ വാക്കുകൊണ്ട് താന്‍ ജീവിക്കുന്ന കാലത്തിന്റെ സവിശേഷമായ പൊതുചിത്രം വരച്ചുകാട്ടുകയായിരുന്നു സി കേശവന്‍ കോഴഞ്ചേരി പ്രസംഗത്തില്‍ ചെയ്തത്.

സൌമ്യമായി തുടങ്ങിയ ആ പ്രസംഗം കത്തിജ്വലിച്ച് സമാപിച്ചത് സര്‍ സി പിയെ 'ജന്തു' എന്നുവിളിച്ചുകൊണ്ടാണ്. ആ ജന്തുവിനെ നമുക്ക് ആവശ്യമില്ല എന്ന് സി കേശവന്‍ പ്രഖ്യാപിച്ചു. ഈ വിദ്വാന്‍ ഇവിടെ വന്നതില്‍പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര് പുറത്തുവന്നത് എന്നും ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണംപിടിക്കുകയില്ല എന്നും സി കേശവന്‍ ധീരമായി പ്രഖ്യാപിച്ചു. പില്‍ക്കാലത്ത് വെട്ടേറ്റ് സര്‍ സി പി രാജ്യംവിടുകയും ആ വഴിതന്നെ നാട് രക്ഷപ്പെടുകയും ചെയ്തപ്പോള്‍ സി കേശവന്റെ വാക്കുകള്‍ ദീര്‍ഘദര്‍ശിത്വമുള്ളതെന്നു തെളിയുകകൂടിയായിരുന്നു.

തന്റെ ചോറ്റുപട്ടാളത്തെക്കൊണ്ട് നാടാകെ വിറപ്പിച്ച സി പി വാണിരുന്നകാലത്ത് സി പിയെ ജന്തു എന്നുവിളിക്കാന്‍ അത്യപൂര്‍വമായ ധൈര്യം വേണം. ധൈര്യംമാത്രം പോരാ; സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയുംകുറിച്ചുള്ള ഉയര്‍ന്ന രാഷ്‌ട്രീയബോധവും വേണം. ആ രാഷ്‌ട്രീയബോധം സി കേശവനില്‍ അങ്കുരിപ്പിച്ചത് സാര്‍വദേശീയതലത്തില്‍ അന്ന് ഉണ്ടായിവന്ന രാഷ്‌ട്രീയമാറ്റങ്ങളാണ് എന്നുകാണാന്‍ വിഷമമില്ല. 1917ലെ ഒക്ടോബര്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിലൂടെ അന്താരാഷ്‌ട്രരംഗത്ത് പ്രചരിച്ചുനിന്ന സമത്വത്തിന്റെയും സമാധാനത്തിന്റെയും രാഷ്‌ട്രീയസന്ദേശങ്ങള്‍ സി കേശവനില്‍ പുത്തന്‍രാഷ്‌ട്രീയബോധത്തിന്റെ ഉണര്‍വുപകര്‍ന്നിട്ടുണ്ടാവുമെന്ന് തീര്‍ച്ച. അല്ലെങ്കില്‍, മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം കാള്‍മാര്‍ക്സിനെ 'ഭഗവാന്‍ മാര്‍ക്സ്' എന്നു വിശേഷിപ്പിക്കുമായിരുന്നില്ലല്ലോ.

വക്കം പ്രസംഗത്തിലാണ് സി കേശവന്‍ ഭഗവാന്‍ കാള്‍മാര്‍ക്സ് എന്നുപറഞ്ഞത്. ചേര്‍ത്തലയിലെ ജന്മിമാരുടെ കുടിയിറക്കിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. "ഈ പരിതസ്ഥിതിയില്‍ ഭഗവാന്‍ കാറല്‍മാര്‍ക്സിന്റെ സന്ദേശംമാത്രമേ തൊഴിലാളികള്‍ക്ക് ആശയുടെ നേരിയ ഒരു കതിരുനല്‍കിയുള്ളൂ. തൊഴിലാളികളേ, സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കാല്‍ച്ചങ്ങലകള്‍ മാത്രമേ നഷ്ടപ്പെടുവാനുള്ളൂ. ജയിച്ചാല്‍ ലോകം മുഴുവന്‍. ആ സന്ദേശം അവരെ ആവേശഭരിതരാക്കി; ആവേശംകൊള്ളിച്ചു. അതില്‍ യാതൊരു അപകടവുമില്ല.'' ഇതായിരുന്നു സി കേശവന്റെ അന്നത്തെ വാക്കുകള്‍.

ചേര്‍ത്തലയിലെ തൊഴിലാളികളെക്കുറിച്ച് താന്‍ അഭിമാനംകൊള്ളുന്നുവെന്നുപറഞ്ഞ സി കേശവന്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് അന്ന് പ്രസംഗം ഉപസംഹരിച്ചത്.

കോഴഞ്ചേരി പ്രസംഗത്തിന്റെ 75-ആം വാര്‍ഷികം ആ പ്രസംഗം കേരളത്തെ രാഷ്‌ട്രീയ നവോത്ഥാനത്തിലേക്ക് വേഗത്തിലാനയിക്കുന്നതിൽ എത്ര വലിയ പങ്ക് വഹിച്ചുവെന്ന കാര്യം പഠിച്ചുകൊണ്ടുവേണം നാം ആഘോഷിക്കേണ്ടത്.


****

എം എ ബേബി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളചരിത്രത്തെ വഴിതിരിച്ചുവിട്ട കോഴഞ്ചേരി പ്രസംഗത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികദിനമായിരുന്നു മെയ്11. ആധുനിക കേരളത്തെ രൂപപ്പെടുത്തിയെടുക്കാന്‍ അര്‍പ്പണബോധത്തോടെയും ത്യാഗപൂര്‍ണമായും പ്രവര്‍ത്തിച്ച നേതാക്കളുടെ നിരയിലാണ് തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ സ്ഥാനം. വരുംകാല കേരളം ഏതുവിധത്തിലാകണമെന്ന് ചിന്തിക്കണമെങ്കില്‍ പോയകാല കേരളം എങ്ങനെയായിരുന്നു എന്ന് നാം അറിയണം.

എം എ ബേബി എഴുതുന്നു.

Anonymous said...

അന്നു സീ പിയെ ജന്തു എന്നു വിളിച്ചപ്പോള്‍ കേശവന്‍ രക്ഷപെട്ടു
ഇന്നു പിണറായിയെ ജന്തു എന്നു വിളിക്കാന്‍ ആരെങ്കിലും ധൈര്യം കാട്ടിയാല്‍ ജീവന്‍ കാണുമോ?

സീ പിയും അചുതമേനോനും കൊണ്ടുവന്നതല്ലാതെ വേറെ എന്താണു കേരളത്തില്‍ ഉള്ളത്‌ ?

വിഴിഞ്ഞം തുറമുഖം വികസിപ്പിച്ചു അമേരിക്കന്‍ സഹകരണത്തോടെ ഒരു സ്വതന്ത്റാ തിരുവിതാംകൂറ്‍ സീ പിയുടെ പധതി ആയിരുന്നു കാഷ്മീറ്‍ പോലെ ആറ്‍ട്ടിക്കിള്‍ മുന്നൂറ്റി എഴുപതിണ്റ്റെ സംരക്ഷയും ടാക്സ്‌ ഫ്റീയും ഒക്കെ നമുക്കും കിട്ടുമായിരുന്നു

സീ പി അന്നു വ്ഭാവന കണ്ട വിഴിഞ്ഞം പോറ്‍ട്ട്‌ ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു സീ പീ പോയതോടെ കേരളം രക്ഷപെട്ടു എന്നു പറയാന്‍ കഴിയുമോ?