Monday, May 3, 2010

ഗവണ്‍മെന്റിന്റെ തിരിച്ചുവരവും മടക്കയാത്രയും

"ഗവണ്‍മെന്റുകളുടെ വലുപ്പവും അധികാരങ്ങളും വര്‍ദ്ധിക്കുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള പ്രവണതയാണിത്. തീര്‍ച്ചയായും ഇതിനെതിരെ അസംതൃപ്തിയും വളരുകയാണ് '' ലണ്ടനില്‍ നിന്നിറങ്ങുന്ന ദി ഇക്കണോമിസ്‌റ്റ് വാരികയുടെ അഭിപ്രായമാണിത്.

2010 ജനുവരിയില്‍ അമേരിക്കയിലെ മാസാച്ചുസെറ്റ്സ് നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നു. പരേതനായ ടെഡ് കെന്നഡിയുടെ സീറ്റ്. ടെഡ് കെന്നഡി ഡൊമോക്രാറ്റ് പാര്‍ട്ടിക്കാരനായിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോള്‍ സീറ്റ് റിപ്പബ്ളിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു. സ്‌കോട്ട് ബ്രൌണ്‍ ആണ് ജയിച്ചത്. ഈ തോല്‍വി ഡെമോക്രാറ്റുകളുടേതു മാത്രമല്ല, ഒബാമയുടേതാണെന്നാണ് ഇക്കണോമിസ്‌റ്റ് ചൂണ്ടിക്കാണിക്കുന്നത്. കാരണം, ഒബാമയുടെ കീഴില്‍ 'സ്‌റ്റേറ്റ് ' അധികാരം വളരുകയായിരുന്നു. വര്‍ദ്ധിപ്പിക്കുകയായിരുന്നു. മസാച്ചുസെറ്റ്സ് ഒരു ഇടതുപക്ഷ സീറ്റായാണ് എണ്ണപ്പെടുന്നത്. എന്നിട്ടുപോലും ഡെമോക്രാറ്റുകള്‍ തോറ്റു. ഇത് ഗവണ്‍മെന്റിന്റെ തോല്‍വിയാണത്രെ.

ഗവണ്‍മെന്റിന്റെ പ്രത്യാഗമനം അഥവാ, വലിയ ഗവണ്‍മെന്റിന്റെ തിരിച്ചുവരവ് അമേരിക്കയില്‍ തീവ്രമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്. റിപ്പബ്ളിക്കന്‍ പാര്‍ട്ടി വ്യാപകമായി 'സര്‍ക്കാര്‍വിരുദ്ധ ചായ സല്‍ക്കാര പ്രതിഷേധം' സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ബാനറുകളിലെ വാചകമിതാണ് :

"സ്വതന്ത്രരായി ജനിക്കുന്നു;
നികുതി ചുമത്തി കൊല്ലുന്നു''

10% നികുതിപോലും വമ്പിച്ച പ്രതിഷേധം നേരിടുകയാണ്. ഒരു മുദ്രാവാക്യം ശ്രദ്ധിക്കുക.

"പത്തുശതമാനം ദൈവത്തിനു മാത്രമേ ആവശ്യമുള്ളു'' .

ഒബാമ വളരെ സൂക്ഷിച്ചാണ് പ്രതികരിക്കുന്നത്. എവിടെയും തൊടാതെ മറുപടി പറയാനുള്ള ഒബാമയുടെ സാമര്‍ത്ഥ്യം ഒന്നു വേറെതന്നെയാണ്.

"സര്‍ക്കാര്‍ വളരെ ചെറുതോ വലുതോ എന്നുള്ളതല്ല നമ്മുടെ പ്രശ്നം'' അദ്ദേഹം പറയുന്നു. "സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നോ എന്നുള്ളതാണ് ''.

കമ്മി കുതിച്ചുയരുകയാണ്. ചിലവു കുറയ്ക്കാനാവുന്നില്ല. സ്വകാര്യ കമ്പനികള്‍ അറച്ചുനില്‍ക്കുന്നു. വ്യക്തികള്‍ പണമിറക്കുന്നില്ല. ഗവണ്‍മെന്റ് പണം ചിലവിട്ടേ ഒക്കൂ. ഗവണ്‍മെന്റിന്റെ വലുപ്പത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല.

ഭരണകൂടത്തിന്റെ പ്രസക്തി

ആഗോള സാമ്പത്തിക പ്രതിസന്ധി ഗവണ്‍മെന്റുകളുടെ ശാക്തീകരണത്തിനിടയാക്കി. ഗവണ്‍മെന്റുകള്‍ തല്‍ക്ഷണം ഒത്തുകൂടി. പ്രതികരിച്ചു. പണമിറക്കി. പ്രത്യയശാസ്‌ത്രം പാതിവഴിയിലുപേക്ഷിച്ചു. ഫിസ്‌ക്കല്‍ റസ്പോണ്‍സിലിബിലിറ്റി മറന്നു. കാരണമുണ്ട്. കാര്യം നടക്കണം. ചോദനം ഉറപ്പിക്കണം. സ്വകാര്യമേഖലയെ ആശ്രയിച്ചുനില്‍ക്കാനാവില്ല.
അപ്പോള്‍ കാര്യം കാണാന്‍ ഗവണ്‍മെന്റ്. അതു കഴിഞ്ഞാല്‍ സ്വകാര്യമേഖല.

2009-ലെ സര്‍ക്കാര്‍ activism അഭൂതപൂര്‍വ്വമായിരുന്നു. "ചരിത്രത്തിലേക്കു വെച്ച് ഏറ്റവും ഭീമാകാരം. ഏറ്റവും വേഗമേറിയത്. ഏറ്റവും ആഴമേറിയത്'' - ഇക്കണോമിസ്റ്റ് നിരീക്ഷണം.

ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് മിഷേല്‍ ബാഷ്ലറ്റ് 2009 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയിരുന്നു. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറഞ്ഞു.

"സാമ്പത്തിക പ്രതിസന്ധി ഭരണകൂടത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു, സാമൂഹ്യ സംരക്ഷണത്തിന്റേയും''

ഭരണകൂടത്തിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യമാണ് ആഗോളതലത്തില്‍ നാം കാണുന്നത്.

ഒഴിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍

ഇന്ത്യയിലോ?

ഇവിടെ മന്‍മോഹന്‍ സിങ്ങ് മന്ത്രിസഭ enabling government ന്റെ ആരാധകരായി മാറുകയാണ്.

2010-11 വര്‍ഷത്തേക്കുള്ള യൂണിയന്‍ ബജറ്റിന്റെ ഖണ്ഡിക 12 ഇപ്രകാരമാണ് :

'എനേബ്ലിംഗ് ഗവണ്‍മെന്റ് പൌരന്മാര്‍ക്ക് ആവശ്യമുള്ളതെന്തും നേരിട്ടെത്തിച്ചു കൊടുക്കുന്നില്ല. പകരം അത് അനുകൂല വാതായനം സൃഷ്ടിക്കുന്നു. ഈ അന്തരീക്ഷത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് വ്യക്തികളുടെ സംരഭകത്വത്തിനും സൃഷ്ടിപരതക്കും തഴച്ചുവളരാന്‍ കഴിയും. സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമൂഹത്തിലെ നിര്‍ഭാഗ്യവാന്മാര്‍ക്ക് പിന്തുണയും സേവനവും നല്‍കുന്നതില്‍ മാത്രമായിരിക്കും'' .

ഒരു ബിസിനസ് പത്രത്തിന് ഈ നിര്‍വ്വചനം ഏറെ ഇഷ്ടപ്പെട്ടു. പത്രത്തിന്റെ എഡിറ്റോറിയലിലെ ഒരു പ്രശംസാവാചകം ഇതാ :

"സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പങ്കാളിത്തത്തിന്റെ ഇപ്രകാരമൊരു വിശ്വാസപ്രമാണം ഇത്ര സൂക്ഷ്മമായി ഇതിനു മുമ്പൊരിക്കലും പ്രസ്താവിക്കപ്പെട്ടിട്ടില്ല''

സര്‍ക്കാര്‍ ഇതര പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം കല്പിക്കുന്നതും, സര്‍ക്കാര്‍ സ്വമേധയാ ഒഴിഞ്ഞുനില്‍ക്കുന്നതുമായ ഒരു ശൈലി. സമ്പദ്ഘടനയുടെ മുഖ്യചാലകശക്തി മേലില്‍ സര്‍ക്കാര്‍ ആയിരിക്കുകയില്ല. ഇതാണ് പ്രണബിന്റെ നൂതന ആശയം. ആഗോളവല്‍ക്കരണത്തിന്റെ രണ്ടു ദശകങ്ങള്‍ക്കുശേഷം ഇതിലെന്താണിത്ര പുതുമയെന്ന ചോദ്യം ഉയരാം.
സഹസ്രാബ്‌ദത്തിന്റെ രണ്ടാം ദശകത്തില്‍ ഒന്നാം ദശകത്തെക്കാള്‍ കൂടുതല്‍ സുസ്ഥിരമായ, കൂടുതല്‍ ഉള്‍ക്കൊള്ളുന്ന (ഇൻ‌ക്ലൂസീവ്) വളര്‍ച്ച.

കേള്‍ക്കാന്‍ ഇമ്പമുള്ള പ്രയോഗങ്ങള്
‍.
ധനമന്ത്രിയെ പ്രശംസിച്ച്, തലോടി, പത്രം ചെന്നു നില്‍ക്കുന്നതിവിടെയാണ് :

"പൊതുവിതരണ സമ്പ്രദായത്തിനു പകരം, റേഷന്‍ കാര്‍ഡുടമകളുടെ അക്കൌണ്ടിലേക്കു വേണ്ടത്ര പണം അടയ്ക്കുക. അവര്‍ തുറന്ന വിപണികളില്‍ പോയി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങട്ടെ''.

റേഷന്‍ കാര്‍ഡുടമകളെ ആലിംഗനം ചെയ്തു ഞെരുക്കി, അസ്ഥിയൊടിക്കുകയാണ്. സ്നേഹിച്ചു കൊല്ലുകയാണ്.

പരിഹാരം ഉള്ളില്‍ നിന്നോ ?

2008 ഡിസംബറിനു ശേഷം യു.പി.എ. സര്‍ക്കാര്‍ മാന്ദ്യം അകറ്റാനായി മൂന്നു തവണ ഉത്തേജക പാക്കേജുകള്‍ കുത്തിവെച്ചു. രണ്ടു ഘട്ടങ്ങളിലായി എക്സൈസ് തീരുവ 14 ല്‍ നിന്ന് 8% ആയി കുറച്ചു. സേവനനികുതി 12 ല്‍ നിന്ന് 10% ആയി കുറച്ചു. പദ്ധതി ചിലവ് വര്‍ദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി കേന്ദ്രസര്‍ക്കാരിന്റെ ധനകമ്മി കുത്തനെ ഉയര്‍ന്ന് 2010 ല്‍ ജി.ഡി.പി.യുടെ 6.8% ത്തിലെത്തി.

ഇനിയിപ്പോള്‍ സര്‍ക്കാരിന് മടക്കയാത്രയാവാം. അതാണ് പ്രണബ് മുഖര്‍ജിയുടെ സന്ദേശം. സക്രിയ ഗവണ്‍മെന്റില്‍ നിന്നും നിഷ്‌ക്രിയ ഗവണ്‍മെന്റിലേക്കുള്ള മടക്കം. ഇനി 'കണ്‍ട്രോള്‍ രാജ് ' വേണ്ട. സംഭവിച്ചതൊക്കെ സംഭവിച്ചു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി (സി.ഐ.ഐ.)യുടെ മുന്‍ നേതാവ് തരുണ്‍ദാസ് ബജറ്റിനു മുമ്പേ ധനമന്ത്രിയെ ഉപദേശിച്ചിരുന്നു :

"ബിസിനസ് സമൂഹം അല്പമൊക്കെ അതിക്രമം കാണിച്ചു. ശരിയാണ്. നൂറില്പരം കോടി ജനതയില്‍ ഭൂരിപക്ഷവും ദരിദ്രരാണ്. ഈ സാഹചര്യത്തില്‍ സമ്പന്നര്‍ സമ്പത്ത് വാരിക്കൂട്ടി. ഇതു സ്വാര്‍ത്ഥതയായിരുന്നു. പക്ഷെ, ഇതിനു പരിഹാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കുള്ള മടങ്ങിപ്പോക്കല്ല. പരിഹാരം ഉള്ളില്‍ നിന്നു വരണം''

ഇതു തന്നെയാണ് പ്രണബ് മുഖര്‍ജിയും മറ്റു വാക്കുകളില്‍ ആവര്‍ത്തിച്ചത്.

പാപികളുടെ പറുദീസ

പക്ഷേ, ഗവണ്‍മെന്റ് പിന്‍വലിയുന്ന സാഹചര്യം അറിയേണ്ടേ?

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അരുണ്‍കുമാറിന്റെ ഒരു പുതിയ പുസ്തകമുണ്ട്. പേര് 'ഇന്ത്യയുടെ കറുത്ത സമ്പദ്ഘടന' (The Black Economy of India).

ഇന്ത്യന്‍ സമ്പദ്ഘടനയുടെ വലുപ്പം ഏകദേശം 61,64,000 കോടിരൂപയാണ്. സെന്‍ട്രല്‍ സ്റാറ്റിസ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കാണിത്. ഇന്ത്യയിലെ കറുത്ത സമ്പദ്ഘടനയുടെ വലുപ്പം ഇതിന്റെ പകുതിയോളം വരും. 30,00,000 കോടി. കള്ളനോട്ട്, കള്ളക്കടത്ത്, അനധികൃതചൂതാട്ടം, കൈക്കൂലി, കോഴ, മയക്കുമരുന്നുവ്യാപാരം, ഇവയെല്ലാം ചേര്‍ന്ന ഒരു പാപസമ്പദ്ഘടന സമാന്തരമായി നിലനില്‍ക്കുകയാണ്. ഇത്രയും കള്ളപ്പണം വരുമാനമായി വെളിപ്പെടുത്തിയാല്‍ അതില്‍ നിന്ന് 7,50,000 കോടിരൂപ നികുതി പിരിക്കാം. 2009-10 ല്‍ പിരിച്ച നികുതി കേവലം 6,41,000 കോടിരൂപയാണ്. എത്ര ഉദാരമായി കണക്കെടുത്താലും 25,00,000 കോടിരൂപയുടെ കള്ളപ്പണം വിഹരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന് പ്രൊഫ. അരുണ്‍കുമാര്‍ രേഖപ്പെടുത്തുന്നു.

നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷന്‍ മുന്‍പ്രൊഫസര്‍ കമല്‍ നാരായണ്‍ കാബ്രയുടെ അഭിപ്രായത്തില്‍ സാമ്പത്തിക ഉദാരവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ വരുമാനം ഒളിച്ചുവെക്കുന്നതിന് ഏറെ സഹായകമായി. എന്നാല്‍ അതുകൊണ്ടവസാനിക്കുന്നില്ല. നികുതി സ്വര്‍ഗ്ഗങ്ങളില്‍ നിക്ഷേപിച്ച ഈ കള്ളപ്പണമത്രയും ഇപ്പോള്‍ ഹവാലാ ചാനലുകളിലൂടെ തിരിച്ചൊഴുകി വരികയാണ്. കമ്പ്യൂട്ടറൈസേഷനും പാന്‍കാര്‍ഡുമൊന്നും അവരെ തടയുകയില്ല.

ഇതാണവസ്ഥ. ഈ അവസ്ഥയിലാണ്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി എനേബ്ലിംഗ് ഗവണ്‍മെന്റിന് സ്‌തുതി പാടുന്നത്.
സമ്പദ്ഘടനയുടെ ഇരുണ്ട ഭാഗമാണിത്. സമര്‍ത്ഥമായ നികുതിവെട്ടിപ്പിന്റെ ഉത്തമ മാതൃകകള്‍. അവരെ തടസ്സപ്പെടുത്താന്‍ ധനമന്ത്രിയുടെ കൈകളില്‍ ആയുധമില്ല. അദ്ദേഹം തീര്‍ത്തും നിരായുധീകരിക്കപ്പെട്ടിരിക്കുന്നു. അപ്പോഴും ഗവണ്‍മെന്റിന്റെ വലുപ്പത്തെക്കുറിച്ച് ദുഃഖിക്കുന്നു. ഖേദിക്കുന്നു. അധികാരം വെച്ചൊഴിയുന്നതിനെ സൈദ്ധാന്തികമായി ന്യായീകരിക്കുന്നു. അധികാരമുണ്ടെന്ന് അവകാശപ്പെട്ടിരുന്നപ്പോള്‍ പോലും പരാജയപ്പെട്ടിടത്ത അധികാരം വീണ്ടും കൈയ്യൊഴിഞ്ഞാലോ? വലുപ്പം വീണ്ടും വെട്ടിച്ചുരുക്കിയാലോ? അപ്പോള്‍ പ്രണാബ് മുഖര്‍ജിയുടെ എനേബ്ലിംഗ് ഗവണ്‍മെന്റിന്റെ ഗതിയെന്താവും?

*****

കെ.വി. ജോര്‍ജ്ജ്, കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അരുണ്‍കുമാറിന്റെ ഒരു പുതിയ പുസ്തകമുണ്ട്. പേര് 'ഇന്ത്യയുടെ കറുത്ത സമ്പദ്ഘടന' (The Black Economy of India).

ഇന്ത്യന്‍ സമ്പദ്ഘടനയുടെ വലുപ്പം ഏകദേശം 61,64,000 കോടിരൂപയാണ്. സെന്‍ട്രല്‍ സ്റാറ്റിസ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കാണിത്. ഇന്ത്യയിലെ കറുത്ത സമ്പദ്ഘടനയുടെ വലുപ്പം ഇതിന്റെ പകുതിയോളം വരും. 30,00,000 കോടി. കള്ളനോട്ട്, കള്ളക്കടത്ത്, അനധികൃതചൂതാട്ടം, കൈക്കൂലി, കോഴ, മയക്കുമരുന്നുവ്യാപാരം, ഇവയെല്ലാം ചേര്‍ന്ന ഒരു പാപസമ്പദ്ഘടന സമാന്തരമായി നിലനില്‍ക്കുകയാണ്. ഇത്രയും കള്ളപ്പണം വരുമാനമായി വെളിപ്പെടുത്തിയാല്‍ അതില്‍ നിന്ന് 7,50,000 കോടിരൂപ നികുതി പിരിക്കാം. 2009-10 ല്‍ പിരിച്ച നികുതി കേവലം 6,41,000 കോടിരൂപയാണ്. എത്ര ഉദാരമായി കണക്കെടുത്താലും 25,00,000 കോടിരൂപയുടെ കള്ളപ്പണം വിഹരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന് പ്രൊഫ. അരുണ്‍കുമാര്‍ രേഖപ്പെടുത്തുന്നു.